ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, January 28, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം എന്തിന്? എങ്ങനെ?


2018ജനുവരി മാസം വിദ്യാലയങ്ങളെല്ലാം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുളള
പ്രവര്‍ത്തനപദ്ധതികളെക്കുറിച്ചുളള ആലോചനയിലായിരുന്നു. വിദ്യാലയങ്ങളും അധ്യാപകരും തമ്മില്‍ വലിയതോതിലുളള കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു. സജീവമായ നവമാധ്യമചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇതിനുമുമ്പ് ഇത്രവിപുലമായ ആലോചന നടന്നിട്ടുണ്ടോ എന്നു സംശയമാണ്. സൂക്ഷ്മതല ആസൂത്രണത്തിന്റെ രീതിശാസ്ത്രം ഓരോ വിദ്യാലയവും വികസിപ്പിക്കുകയായിരുന്നു.
ആസൂത്രണരീതി തിരിച്ചിടുന്നു
ഇതുവരെ മുകളില്‍ നിന്നും നിര്‍ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു ശീലിച്ചവയാണ് ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും. ഇനിയും താഴെതലത്തില്‍ അവരവര്‍ ആസൂത്രണം ചെയ്യുന്നവ നടപ്പിലാക്കാന്‍ പോവുകയാണ്. ഒരു സ്വച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് യന്ത്രങ്ങളെക്കുറിച്ച് ആലോചിക്കുക. ആ സ്വിച്ച് പ്രവര്‍ത്തനക്ഷമമല്ലാതാകുന്നതോടെ എല്ലാ യാന്ത്രങ്ങളും ഒറ്റയടിക്ക് നില്‍ക്കും. നിശ്ചലമാകും. അതേ സമയം ഓരോ യന്ത്രത്തിനും ഓരോ സ്വിച്ചാണെങ്കിലോ? ഒരു കേന്ദ്രത്തിലെ മരവിപ്പ് ബാധിക്കില്ല. കേന്ദ്രീകൃതരീതി മുകളിലേക്ക് നോക്കിയിരിക്കുന്നവരെ സൃഷ്ടിക്കും. പറയുന്നത് മാത്രം ചെയ്യുക എന്ന ശീലം പോഷിപ്പിക്കും. ഓരോ വിദ്യാലയത്തിന്റെയും സര്‍ഗാത്മകതയെ മാനിക്കില്ല. അതിനെല്ലാം പരിഹാരമാവുകയാണ്. ഇനി നിലവാരമുയര്‍ത്താനുളള പരിപാടികള്‍ എപ്പോള്‍ ആരംഭിക്കണം എന്നതിന് ഉത്തരവും പ്രതീക്ഷിച്ചിരിക്കേണ്ട കാര്യമില്ല. അക്കാദമികസ്വാതന്ത്ര്യം സര്‍ഗാത്മകാന്വേഷണത്തിനുളള മുന്നുപാധിയാണ്.
പരസ്പരപൂരകത്വം
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ബി ആര്‍ സികള്‍ക്കും ഡയറ്റുകള്‍ക്കും സംസ്ഥാനതല ഏജന്‍സികള്‍ക്കും പുതിയ ഉത്തരവാദിത്വം നല്‍കുന്നുണ്ട്. അതില്‍ പ്രധാനം സ്കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലുളളത് നടപ്പിലാക്കാന്‍ സാവകാശം കൊടുക്കാത്ത വിധം പരിപാടികള്‍ നിര്‍ദേശിക്കാതിരിക്കലാണ്. മറ്റൊന്ന് പരിധിയില്‍ വരുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ വിശകലനം ചെയ്ത് അതനുസരിച്ച് ബി ആര്‍ സി , ഡയറ്റ് പ്ലാനുകള്‍ രൂപപ്പെടുത്തുക എന്നതാണ്. അക്കാദമിക രംഗത്ത് പരസ്പരപൂരകത്വം ഉണ്ടാവണം . വിദ്യാലയങ്ങളെ പ്രവര്‍ത്തനപരിപാടികളുടെ സ്വീകര്‍ത്താക്കളായി മാത്രം കാണരുത്. അവര്‍ ഉല്പാദകരും മാതൃകസൃഷ്ടിക്കുന്നവരുമാണ്. അത്തരം പ്രവര്‍ത്തനസംസ്കാരത്തെ എങ്ങനെ ഫെസിലിറ്റേറ്റ് ചെയ്യാമെന്നതാകാണം അക്കാദമിക സ്ഥാപനങ്ങളുടെ അജണ്ട. എസ് എസ് എ പോലുളള സംവിധാനങ്ങളും പുതിയസാഹചര്യത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ ആരംഭിക്കാനിനി വൈകിക്കൂടാ.
അക്കാദമികമാസ്ററര്‍ പ്ലാന്‍ സമര്‍പ്പണം
ഫെബ്രുവരി ഒന്നിനാണ് സമര്‍പ്പണം. സാമൂഹികചര്‍ച്ചയ്കായി സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുളളത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഈ സമര്‍പ്പണച്ചടങ്ങ് ഗംഭീരമാക്കിയാല്‍ അത് സമൂഹത്തിലാകെ ചര്‍ച്ചാവിഷയമാകും. പൊതുവിദ്യാലയങ്ങളുടെ അക്കാദമിക ജാഗ്രത പൊതുസമൂഹത്തിനു കൂടുതല്‍ ബോധ്യപ്പെടും. വരും വര്‍ഷങ്ങളില്‍ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ കുട്ടികള്‍ പ്രവേശിക്കപ്പെടണം. ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന് അതാവശ്യമാണ്. ഒപ്പം ഉയര്‍ന്ന നിലവാരത്തിനായുളള തീവ്രശ്രമങ്ങളില്‍ സമൂഹത്തിന്റെ പിന്തുണയും പ്രോത്സാഹനവും വലിയതോതില്‍ വേണ്ടതുണ്ട്.
ആരുടെ മുമ്പാകെ സമര്‍പ്പിക്കണം?
വിദ്യാലയ വികസനസമിതി, പി ടി എ, പൂര്‍വവിദ്യാര്‍ഥികള്‍ ,തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പൂര്‍വാധ്യാപകര്‍, പ്രാദേശിക വിദ്യാഭ്യാസ വിചക്ഷണര്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ തല്പരരായ നാട്ടുകാര്‍ തുടങ്ങിയവരുടെ മുമ്പാകെയാണ് അവതരിപ്പിക്കേണ്ടത്.
ഇത്രയും വിഭാഗങ്ങളെ പങ്കെടുപ്പിക്കണമെങ്കില്‍ വിദ്യാലയത്തില്‍ മുന്നൊരുക്കം നടക്കേണ്ടതുണ്ട്
ക്ഷണിക്കേണ്ടവരുടെ ലിസ്റ്റു തയ്യാറാക്കണം
എങ്ങനെ ക്ഷണിക്കുമെന്നു തീരുമാനിക്കണം
ക്ഷണിക്കാന്‍ ചുമതലപ്പെടുത്തണം
എപ്പോള്‍ ക്ഷണിക്കുമെന്നും തീരുമാനിക്കണം.
സമര്‍പ്പണവേദി എവിടെയായിരിക്കണം?
എന്റെ വ്യക്തിപരമായ അഭിപ്രായം അത് സ്കൂളിനു പുറത്തുളള ഒരു വേദിയായിരിക്കണമെന്നാണ്. വിദ്യാലയത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കൂടിയാണല്ലോ സമര്‍പ്പണം. എന്നും വിദ്യാലയത്തില്‍ വരുന്നവര്‍ മാത്രം കേട്ടാല്‍ പോരല്ലോ. വലിയബഹളങ്ങളൊന്നുമില്ലാത്ത തുറസ്സായ വേദികള്‍ കിട്ടുമെങ്കില്‍ അതാണ് ഉപിതം. ഉച്ചഭാഷിണി വേണ്ടിവരും. മറ്റു വേദികള്‍ കിട്ടുന്നില്ലെങ്കില്‍ വിദ്യാലയം തന്നെ ഉപയോഗിക്കേണ്ടി വന്നേക്കാം.
സമര്‍പ്പണരീതി എപ്രകാരമാകണം?
പൊതുവേദിയില്‍ വെച്ച് ഇങ്ങനെ നടക്കാന്‍ സാധ്യതയുണ്ട്- അക്കാദമിക മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണയോഗത്തിന്റെ ഉദ്ഘാടനം, ആശംസ, പ്രഥമാധ്യാപിക സമൂഹത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിക്ക് അക്കാദമിക പ്ലാന്‍ കൈമാറല്‍ , അക്കാദമിക പ്ലാനിന്റെ പ്രസക്തിയെക്കുറിച്ച് ഒരാളുടെ വിശദീകരണം. ഇങ്ങനെ സാമ്പ്രദായിക രീതിയില്‍ ആലോചിക്കുന്നതിനു പകരം വ്യത്യസ്ത സാധ്യതകള്‍ ആലോചിക്കണം.
എന്തെല്ലാം സാധ്യതകള്‍?
 • അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ ഊന്നല്‍ മേഖലകളും ലക്ഷ്യങ്ങളും പ്രധാന പ്രവര്‍ത്തനങ്ങളും അടങ്ങിയ സംക്ഷിപ്തം എല്ലാവര്‍ക്കും വിതരണം ചെയ്യല്‍ ( നൂറുകണക്കിനാളുകള്‍ക്ക് ഒരേ സമയം സമര്‍പ്പണം)
 • വിദ്യാലയം ലക്ഷ്യമിടുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഐ സി ടി സാധ്യത ഉപയോഗിച്ച് അവതരിപ്പിക്കല്‍ ( തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീകാത്മകമായി ഏറ്റുവാങ്ങല്‍- കര്‍ഷകത്തൊഴിലാളികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, വനിതാക്കൂട്ടായ്മകള്‍, ജനപ്രതിനിധികള്‍.....സമൂഹത്തില്‍ അഭിപ്രായരൂപീകരണത്തെ സഹായിക്കുന്ന എല്ലാവരെയും ക്ഷണിക്കാം.)
 • മുന്‍കൂട്ടി ചുമതലപ്പെടുത്തിയ പ്രാദേശിക വിദഗ്ധര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ നിര്‍ദിഷ്ട മേഖല പരിചയപ്പെടുത്തി പ്രതികരിക്കല്‍
 • തീര്‍ച്ചയായും കുട്ടികളും അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ചില ഇനങ്ങള്‍ സമൂഹത്തിനു മുമ്പാകെ പരിചയപ്പെടുത്തണം. തങ്ങളുടെ വിദ്യാഭ്യാസം ഭാവിയില്‍ എങ്ങനെയായിരിക്കും ഈ വിദ്യാലയത്തില്‍ എന്നു രേഖയെ ആധാരമാക്കി കുഞ്ഞുവാക്യങ്ങളില്‍ അവതരിപ്പിക്കുന്നത് അക്കാദമിക മികവിന്റെ ലക്ഷണം കൂടിയാണ്. പൊതുചര്‍ച്ചകളിലും വേദികളിലും നിസങ്കോചം ആശയവിനിമയം നടത്തുന്ന കുട്ടികള്‍ ചര്‍ച്ചാഗ്രൂപ്പിനെ ഉത്തേജിപ്പിക്കും
 • വിശിഷ്ടാതിഥികളെല്ലാം അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ചുമതലപ്പെടുത്തിയ ഓര ഇനം പിരിചയപ്പെടുത്തല്‍
 • പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് അക്കാദമിക മാസ്ററര്‍ പ്ലാനിലെ ഉളളടക്കം പോസ്റ്ററുകളിലായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കല്‍
 • അന്താരാഷ്ട്ര നിലവാരത്തിലേക്കുളള അക്കാദമിക പ്രവര്‍ത്തനസാധ്യതകളെക്കുറിച്ച് വിശദമാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിക്കല്‍
 • ................................................................
അക്കാദമിക മാസ്ററര്‍ പ്ലാനിനെക്കുറിച്ച് പൊതുസമൂഹത്തിന്റെ അഭിപ്രായം തേടല്‍ പ്രക്രിയകൂടിയാണിത്. അവരെങ്ങനെ അഭിപ്രായം പറയും?
വിദ്യാഭ്യാസ ഗ്രാമസഭസംഘടിപ്പിച്ച് സമര്‍പ്പണം നടത്താനാണ് ബാലഗ്രാമിലെ പ്രഥമാധ്യാപകനായ അഗസ്റ്റിന്‍ തീരുമാനിച്ചിട്ടുളളതെന്നു പറഞ്ഞു. ഗ്രാമസഭാഗ്രൂപ്പ് ചര്‍ച്ച പോലെ വിവിധ മേഖല തിരിച്ച് ചര്‍ച്ചയാകാം. മുന്‍‌കൂട്ടി നിശ്ചയിച്ച ഇനത്തില്‍ ചുമതലപ്പെടുത്തിയവരുടെ പൊതു ചര്‍ച്ചയാകാം. ചര്‍‌ച്ചാക്കുറിപ്പ് നല്‍കിയുളള പ്രതികരണശേഖരണവും ആകാം
ചര്‍ച്ചയില്‍ വരേണ്ട കാര്യങ്ങള്‍
 1. നിര്‍ദേശിച്ച പ്രവര്‍ത്തനം നിലവാരമുയര്‍ത്താന്‍ പര്യാപ്തമാണോ? സാധ്യതകള്‍
 2. മുന്‍ഗണനയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ?
 3. കൂട്ടിച്ചേര്‍ക്കേണ്ടതായി എനിക്ക് നിര്‍ദേശിക്കാനുളളത്?
 4. ഒഴിവാക്കണമെന്നു്, ഭേദഗതി വരുത്തണമെന്നു തോന്നുന്നവ?
 5. നിര്‍വഹണതലം ശക്തമാക്കാനായി എന്തു ചെയ്യാനാകും?
 6. ഞാനുള്‍പ്പെടുന്ന സമൂഹത്തിന് എങ്ങനെ സഹായിക്കാനാകും?
ചര്‍ച്ച എപ്പോഴും പോസിറ്റീവാകണം. ഇത് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോട് പറയണം. ക്രിയാത്മക നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്
യോഗത്തില്‍ പങ്കെടുക്കുന്നവരുടെ ദൗത്യം തീരുന്നില്ല. അക്കാദമിക മാസ്റ്റര്‌‍ പ്ലാനിന്റെ പ്രസക്തി, ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍, അതുവഴിയുണ്ടാകാന്‍ പോകുന്ന ഉയര്‍ന്ന നിലവാരം എന്നിവ സംബന്ധിച്ച് കിട്ടുന്ന അവസരങ്ങളിലെല്ലാം പരമാവധി ആളുകളുമായി ആശയവിനിമയം നടത്താന്‍ അവര്‍ തയ്യാറാണം.
തദ്ദേശസ്വയംഭരണസ്ഥാപനത്തിന് അക്കാദമിക മാസ്റ്റര്‍ പ്ലാനിനെ ആസ്പദമാക്കി ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കാം. വിവിധ വിദ്യാലയങ്ങളിലെ ഉയര്‍ത്തിക്കാട്ടാവുന്ന പ്രവര്‍ത്തനപരിപാടികള്‍ പങ്കിടുന്നതിനുളള വേദി സൃഷ്ടിക്കാം. പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുളള സജീവമായ ചര്‍ച്ചയുടെ അന്തരീക്ഷം സമൂഹത്തില്‍ നിലനിറുത്തണം
പ്രചരണം
 • പ്രധാനകവലകളില്‍ കൈയെഴുത്ത് പോസ്റ്റര്‍ ആകാം.
 • ഇപ്പോള്‍ പത്തോ പതിനഞ്ചോ എ ത്രി സൈസിലുളള പോസ്റ്റര്‍ പ്രിന്റെടുക്കാന്‍ വലിയ ചെലവില്ല. അത് പ്രാദേശിക കേന്ദ്രങ്ങളില്‍ ഒട്ടിക്കാം
 • അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം വാര്‍ത്ത മാധ്യമങ്ങളില്‍ നല്‍കാം.
 • അധ്യാപകസംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രചരണപരിപാടികള്‍ ഏറ്റെടുക്കണം.
 • സ്കൂള്‍ വാട്സ് ആപ്പ്, ഫേസ് ബുക്ക് കൂട്ടായ്മകളില്‍ പോസ്റ്റിടാം
 • ക്ഷണിക്കല്‍ തന്നെ പ്രചരണമാണല്ലോ
എന്തായാലും ആരും അറിയാത്ത രീതിയില്‍ ഈ ചരിത്രസംഭവത്തെ കാണരുത്.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍‌ പ്രയോഗപഥത്തിലേക്ക്
തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് ഉത്തരവ് വന്നില്ലല്ലോ? വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞില്ലല്ലോ? എന്നൊന്നും കാത്തിരിക്കരുതേ? ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാരണുളള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കണം. ഏറ്റവും വേഗത്തില്‍ സാക്ഷാത്കരിക്കാവുന്നവയാണ് തെരഞ്ഞെടുക്കേണ്ടത്. ശാസ്ത്രലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം അല്ലെങ്കില്‍ ഇ പോര്‍ട്ട്ഫോളിയോ ആരംഭിക്കല്‍, ടാലന്റ നിര്‍ണയം എന്നിങ്ങനെ എന്തുമാകാം. ഓരോ മാസവും ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണകലണ്ടര്‍ തയ്യാറാക്കുകയും വേണം. എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഉടന്‍ ആരംഭിക്കുക എന്ന് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണ വേദിയില്‍ വെച്ച് പ്രഖ്യാപിക്കുന്നത് ഇത് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയാണ് എന്ന ധാരണ പകരാന്‍ സഹായിക്കും.
ഓരോ പ്രവര്‍ത്തനവും ആരംഭിച്ചാല്‍ അതിന് ചുമതലക്കാരുണ്ടാകണം. അവര്‍ അതിന്റെ പൂര്‍ത്തീകരണം വരെ യുളള സൂക്ഷ്മപ്രവര്‍ത്തനങ്ങളിലോരൊന്നും എപ്പോള്‍ എങ്ങനെ ഏതു ഗുണനിലവാരത്തില്‍ നടത്തണമെന്ന് ആസൂത്രണം ചെയ്യണം. എല്ലാ കാര്യങ്ങളും പ്രഥമാധ്യാപിക തീരുമാനിക്കട്ടെ എന്നു വിചാരിക്കരുത്. ഹയര്‍ സെക്കണ്ടറി വരെയുളള വിദ്യാലയങ്ങളില്‍ വിഷയാടിസ്ഥാന അക്കാദമിക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സാധ്യത ആലോചിക്കണം. പരീക്ഷ വരുന്നു അതിനാല്‍ അടുത്ത വര്‍ഷം മതി പ്രവര്‍ത്തനങ്ങള്‍ എന്നു തീരുമാനിക്കേണ്ടതില്ല. ചിലത് ആരംഭിക്കാം. അവധിക്കാലത്തും പ്രവര്‍ത്തനങ്ങളാകാം. അതത് വിദ്യാലയമാണ് തീരുമാനിക്കേണ്ടത്.
വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്
അയവില്ലാത്ത നിര്‍ദേശങ്ങളും അധികഭാരമുളവാക്കുന്ന വിവരശേഖരഫോറങ്ങളും നല്‍കരുത്. പട്ടാളച്ചിട്ടയും അക്കാദമികച്ചിട്ടയും രണ്ടാണ്. ഓരോ മാസവും വിദ്യാലയങ്ങള്‍ ആരംഭിച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനമുണ്ടാക്കണം. അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ മികച്ച നിര്‍വഹണാനുഭവങ്ങള്‍ പങ്കിടാനും ഈ സംവിധാനത്തിലൂടെ കഴിയണം. ഹൈടെക് മോണിറ്ററിംഗ് തന്നെ. അതിലൂടെ ആശയങ്ങളുടെ പങ്കിടല്‍ കൂടി നടക്കുമല്ലോ.
പ്രഥമാധ്യാപകയോഗങ്ങളില്‍ മുഖ്യ അജണ്ടയാകണം മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള അക്കാദമികാനുഭവങ്ങളുടെ പങ്കിടല്‍. മുന്‍കൂട്ടി ചുമതലപ്പെടുത്തി ഇത് നടത്താം. ഐ സി ടി ഉപയോഗിച്ചുളള അവതരണങ്ങള്‍ ഡോക്യുമെന്റേഷന്‍ കൂടിയാണ്. അവയില്‍ നിന്നും തെരഞ്ഞെടുത്തത് ജില്ലാ സംസ്ഥാനയോഗങ്ങളില്‍ അവതരിപ്പിക്കാം.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പുതുക്കല്‍
തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഇനിയും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം. നിര്‍വഹണാനുഭവങ്ങളുടെയും ഇതര വിദ്യാലയങ്ങളില്‍ നിന്നും ലഭിച്ച വിജയാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാകണം അത്. അന്വേഷണങ്ങളുടെ സംസ്കാരം പുതിയ ആശയങ്ങള്‍ നല്‍കും. അനുബന്ധമെന്നവണ്ണം അവ ഉള്‍പ്പെടുത്താം.
മുന്നൊരുക്കം
ഇനി അധിക ദിവസമില്ല എന്നറിയാം
അടുത്ത ദിവസം എസ് ആര്‍ജി കൂടണം. രണ്ടുദിവസം കൊണ്ട് സാധ്യമാക്കാവുന്ന ഉയര്‍ന്ന സംഘാടനരീതി ആലോചിക്കണം. ചുമതലകള്‍ നിശ്ചയിക്കണം
നേരത്തെ ആലോചന നടത്തിയ ധാരാളം വിദ്യാലയങ്ങളുണ്ട്. ഇനിയും ആലോചന നടത്താനായി സമയം കിട്ടാത്ത വിദ്യാലയങ്ങളുമുണ്ട്. ഇനിയുളള സമയത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു തീരുമാനിക്കൂ.
വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാനുളള ഒരു രേഖയല്ല അക്കാദമിക മാസ്റ്റര്‍ പ്ലാന്‍.
കേരളത്തിലെ ഓരോ വിദ്യാലയവും അക്കാദമികസമര്‍പ്പണചിന്തയോടെ പൊതുവിദ്യാഭ്യാസത്തെ അതത് പ്രദേശത്ത് ശക്തിപ്പെടുത്തുന്നതിനുളള കര്‍മപരിപാടികളുടെ ചൈതന്യരേഖയാണത്. അത് പ്രയോഗത്തിലേക്ക് ഏറ്റെടുക്കലാണ് സമര്‍പ്പണം.
Wednesday, January 24, 2018

ചിത്രകലാവിദ്യാഭ്യാസത്തിന് ഇങ്ങനെയും സാധ്യത


വളരെ ലളിതമായാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. ഒരു മെഗാസന്ദര്‍ഭത്തെ ലക്ഷ്യമിട്ട് എല്ലാ കുട്ടികളേയും ചിത്രകലാവിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഗവ ഹയര്‍സെക്കണ്ടറി സ്കൂള്‍ കല്ലില്‍
മേതലയിലാണ് വര്‍ണോത്സവം ചിത്രപ്രദര്‍ശനം നടന്നത്.
ഓണപ്പരീക്ഷയ്ക് മുമ്പായി കുട്ടികള്‍ക്ക് അറിയിപ്പ് ലഭിച്ചു വിദ്യാലയത്തില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു.
 1. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവയാകണം ചിത്രങ്ങള്‍
 2. പാഠഭാഗത്തിലുളള ചിത്രം അതേ പോലെ വരയ്കാന്‍ പാടില്ല
 3. ഡിസംബര്‍ പതിനഞ്ചുവരെ സമയം ലഭിക്കും
 4. പെന്‍സില്‍, ഓയില്‍ പെയിന്റ്, വാട്ടര്‍ കളര്‍‌, ഫേബ്രിക് കളര്‍, പോസ്ററര്‍ കളര്‍, ക്രയോണ്‍സ്, അക്രലിക് തുടങ്ങിയ ഏതു മാധ്യമവും ഉപയോഗിക്കാം
 5. എല്‍ പി തലം മുതലുളള കുട്ടികള്‍ക്ക് പങ്കെടുക്കാം.
 6. ഓരോന്നും ഉപയോഗിക്കാന്‍ താല്പര്യമുളള കുട്ടികളുടെ ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ ഉപയോഗരീതിയില്‍ പരിശീലനം നല്‍കും.
 7. മൗണ്ട് ചെയ്യുന്ന രീതി ബ്ലാക്ക് പേപ്പര്‍ ഫ്രെയിമിംഗ് , കട്ട് ചെയ്യുന്ന രീതി , ഒട്ടിക്കല്‍ തുടങ്ങിയവയില്‍ പരിശീലനം
 8. എ ഫോര്‍, എ ത്രി പേപ്പറിലാണ് വരയ്കേണ്ടത്
കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു
ലഭിച്ചവയില്‍ നിന്നും പ്രദര്‍ശനയോഗ്യമായ മുന്നൂറ്റിയമ്പത് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു
ജനുവരി ഒന്നിന് വര്‍ണോത്സവം എന്ന പേരില്‍ ചിത്രപ്രദര്‍ശനം വിദ്യാലയത്തില്‍ നടന്നു.
കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവയുടെ സംസ്ഥാനതല പുരസ്കാരങ്ങള്‍ നേടിയ ശ്രീ രാജേന്ദ്രനാണ് കലാവിദ്യാഭ്യാസത്തിന്റെ വേറിട്ട വിദ്യാലയാനുഭവം സൃഷ്ടിച്ചത്. അദ്ദേഹം എസ് എസ് എയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനത്തിനെക്കുറിച്ചുളള എന്റെ വിലയിരുത്തല്‍
 1. ചിത്രകലാവിദ്യാഭ്യാസം വിവിധ വിഷയപഠനവുമായി ബന്ധിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. ചിത്രീകരിക്കണമെങ്കില്‍ കുട്ടികള്‍ ആ പാഠം സ്വാംശീകരിക്കണം. അത് പഠനത്തെ ബലപ്പെടുത്തും
 2. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ആസ്വദിക്കുമ്പോഴും വിവിധ വിഷയങ്ങള്‍ കടന്നു വരും. പാഠസന്ദര്‍ഭങ്ങള്‍ ഓര്‍മയില്‍ വരും
 3. ചിത്രരചനയുടെ സാങ്കേതിക കാര്യങ്ങള്‍ നിശ്ചിത കാലയളവിനുളളില്‍ പകരാനായി
 4. ആരൊക്കെയാണ് ഈ രംഗത്തെ പ്രതിഭകള്‍ എന്നു കണ്ടെത്താനായി
 5. ചിത്രകല വിദ്യാലയത്തിന്റെ മുഖ്യ അജണ്ടയായി മാറി
 6. കുട്ടികളില്‍ താല്പര്യം വര്‍ധിച്ചു
 7. ചിത്രപ്രദര്‍ശന രീതി പരിചയപ്പെടുത്തി
പുതിയസാധ്യതകള്‍ തുറന്നിടുകയാണ് കലാധ്യാപകര്‍. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ പ്രായോഗികമായ ഇത്തരം രീതികള്‍ കൂടി ആലോചിക്കണം.
എസ് എസ് എയിലെ കലാധ്യാപകര്‍ ഒത്തിരി പ്രതീക്ഷ നല്‍കുന്നു

Friday, January 19, 2018

ഉയര്‍ന്ന പഠനനിലവാരവുമായി കേരളം. NCERT REPORT

"കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വര്‍ത്തമാനം പറയേണ്ടത് ചാരുകസേരയില്‍ കിടന്നല്ല. ക്ലാസ് മുറികളിലെ സജീവത നേരിട്ട് മനസിലാക്കിയാകണം" എന്നൊരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. പഠനനിലവാരത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടത് അക്കാദമിക പഠനങ്ങളുടെ അടിസ്ഥാനത്തിലാകണം. ഊഹങ്ങളും മുന്‍വിധികളുമല്ല. ശാസ്ത്രീയമായ വിവരങ്ങളാണ് പ്രധാനം.വസ്തുനിഷ്ഠമായി പറയുക എന്നതും അറിവിന്റെ അളവുകോലാണ്.
അക്കാദമിക നിലവാരം പഠനവിധേയമാക്കുന്നതിന് ചില അംഗീകൃതരീതികളുണ്ട്.
പഠനം നടത്തുന്ന ഏജന്‍സി, പഠന രീതി ( സാമ്പളിംഗ്, ചോദ്യാവലിയുടെ ഗുണത, വിവരശേഖരിക്കുന്നവരുടെ വൈദഗ്ധ്യം തുടങ്ങിയവ ) എന്നിവയെല്ലാം പരിശോധിച്ചാണ് അക്കാദമിക പഠനങ്ങളെ വിലയിരുത്തുക.
ദേശീയ തലത്തില്‍ എന്‍ സി ഇ ആര്‍ ടി മൂന്നു വര്‍ഷം വീതമുളള ഇടവേളകളില്‍ അക്കാദമിക പഠനം നടത്താറുണ്ട്. സംസ്ഥാനങ്ങളിലെ നിലവാരം താരതമ്യം ചെയ്യുകയായിരുന്നു ഇതുവരെയുളള ലക്ഷ്യം
ഇത്തവണ അതില്‍ മാറ്റം വരുത്തി.
 • ജില്ലകളുടെയും വിദ്യാലയങ്ങളുടെയും വിവരങ്ങളാണ് അവര്‍ നല്‍കുന്നത്. കാരണം പ്രാദേശികമായി ഇടപെടുന്നതിന് പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് സഹായകം അതാണം. 
 • മറ്റൊരു സവിശേഷത പഠനനേട്ടങ്ങളെ അടിസ്ഥാനമാക്കിയുളള വിശകലന രീതിയാണ്. ഏതെല്ലാം പഠനനേട്ടങ്ങളിലാണ് ഓരോ ജില്ലയും മുന്നില്‍ നില്‍ക്കുന്നത് ഏതെല്ലാം പഠനനേട്ടങ്ങളിലാണ്  പിന്നില്‍ നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് കാര്‌‍ഡില്‍ സൂചിപ്പിക്കുന്നു. പഠന വിടവ് കണ്ടെത്തി തുടര്‍ പ്രവര്‍ത്തനാസൂത്രണത്തിന് ഇത് വഴിയൊരുക്കും. 
 • പട്ടിക ജാതി, പട്ടിക വര്‍ഗം തുടങ്ങിയ സാമൂഹിക വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുളള വിശകലനരീതി തുടരുന്നുണ്ട്. അക്കാദമിക തുല്യത ഊന്നിയുളള പ്രവര്‍ത്തനങ്ങളുടെ അനിവാര്യത ശ്രദ്ധയില്‍ പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം
കേരളത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലയളവിലാണ് ഈ പഠനം നടന്നിട്ടുളളത്. ഒരു വര്‍ഷം കൊണ്ട് എന്ത് സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നതു പരിശോധിക്കാന്‍ വിമര്‍ശകര്‍ക്കും പൊതുവിദ്യാലയങ്ങളുടെ അഭ്യുദയകാംക്ഷികള്‍‌ക്കും അവസരമൊരുക്കും.
മൂന്ന് അഞ്ച് ക്ലാസുകളിലെ വിവരങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്. 
ഇപ്പോള്‍ 2014 ലെ നിലയേക്കാള്‍ വര്‍ധനവുണ്ട്. അതായത് ഉയര്‍ന്ന നിലയില്‍ സ്ഥിരത പ്രതിഫലിപ്പിക്കുന്നു. രണ്ടു കാലത്ത് രണ്ടു വ്യത്യസ്ത സാമ്പിളുപയോഗിച്ച് നടത്തിയ പഠനത്തില്‍  ഉയര്‍ന്ന നിലവാരമെങ്കില്‍ നമ്മുടെ പഠനരീതിക്ക് ശക്തമായ നിലവാര അടിത്തറയുണ്ടെന്നു മനസിലാക്കാം.
2012,2015 എന്നീ വര്‍ഷങ്ങളിലെ പഠനനിലവാരത്തില്‍ അഞ്ചാം ക്ലാസില്‌‍ ഭാഷയില്‍ മികച്ച നിലവാരമായിരുന്നു. ശരാശരി സ്കോര്‍ ആണ് അന്ന് എന്‍ സി ഇ ആര്‍ ടി പങ്കിട്ടത്. ശതമാനത്തിലാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിലുളത്. ഇത്തവണ 68% ആണ്.  വിവിധ ക്ലാസുകളില്‍ ഉയര്‍ന്ന സ്കോര്‍ ലഭിച്ചവരുടെ വിവരം കൂടി പരിശോധിച്ചാലേ കൃത്യമായ ഗുണനിലവാരചിത്രം ലഭിക്കൂ
മുപ്പത് ശതമാനത്തില്‍ താഴെയുളളവര്‍ വളരെക്കുറവ്. എന്നാല്‍ അമ്പത് ശതമാനത്തിനു മുകളിലാണ് ബഹുഭൂരിപക്ഷവും

മലയാളം
ഉയർന്ന നിലയിലുള്ളവർ -അമ്പത് ശതമാനത്തിനു മുകളിൽ സ്കോർ നേടിയവർ.  (ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത് 75% നു മുകളിൽ സ്കോർ നേടിയവരുടെ ശതമാനം.)
 • ക്ലാസ് മൂന്ന്             88% (49% )
 • ക്ലാസ് അഞ്ച്           83% (46%)
ഗണിതം           
 • ക്ലാസ് 3                 85%   (50 %  )
 • ക്ലാസ് 5                 72%   (36%)
പരിസര പ0നം
 • ക്ലാസ് 3                   93% (59%)
 • ക്ലാസ് 5                   88% (39%
 എട്ടാം ക്ലാസ് നിലവാരത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ എഴുതിയത് ചുവടെ നല്‍കുന്നു.
"While Class 8 students in Thiruvananthapuram recorded a pass percentage of 56.37 in mathematics, boys secured a higher pass mark — 58.18 — while girls secured 53.99 in the subject. Bengaluru North came in third with 35.19%, followed by Hyderabad and Chennai (33.48% and 31.19%, respectively)."
എട്ട്.    മലയാളം 75% (30%) നിലവാരവും ഉയര്‍ന്നത് തന്നെ. ഭാഷപഠിക്കാത്ത കുട്ടികളാണ് വിദ്യാലയങ്ങളില്‍ എന്ന് സ്കൂളിന്റെ പടി കഴിഞ്ഞ പത്തിരുപതുവര്‍ഷമായി കയറാത്ത ചിലര്‍ ആക്ഷേപിക്കുന്നതിനുളള മറുപടിയാണ് മൂന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഉയര്‍ന്ന ഭാഷാപഠനനിലവാരം
ഇത്തവണത്തെ നാസ് ദേശീയതലത്തില്‍ തയ്യാറാക്കിയ പഠനനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അവിടെ എട്ടാം ക്ലാസിലേക്ക് നിശ്ചയിച്ചിരിക്കുന്ന  പല പഠനനേട്ടങ്ങളും ഇവിടെ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയുടെ ഉളളടക്കത്തിലാണ് വ്യത്യാസം കൂടുതലും. അതിനാല്‍ത്തന്നെ ഈ വിഷയങ്ങളുടെ നിലവാരം എട്ടാം ക്ലാസില്‍ ഗണിതത്തേക്കാള്‍ താഴെയാണ്.( വരും വര്‍ഷം പഠനനേട്ടങ്ങള്‍ പുതുക്കി നിശ്ചയിക്കുവാന്‍ കേരളം തയ്യാറാക്കേണ്ടതുണ്ട്.
സര്‍വേ എങ്ങനെ സ്വാധീനിക്കും?
ഓരോ ജില്ലയുടെയും ഓരോ വിഷയത്തിലും ഓരോ പഠനനേട്ടത്തിലുമുളള നിലവാരം എന്‍ സി ഇ ആര്‍ ടി തയ്യാറാക്കിയിട്ടുണ്ട്. ഏതേത് പഠനട്ടങ്ങളിലാണ് ഇനിയും മുന്നേറേണ്ടത് എന്ന് സൂചിപ്പിച്ചിട്ടുണ്ട്.  എല്ലാ കുട്ടികള്‍ക്കും അത് ഉറപ്പാക്കാനുളള സാമഗ്രികള്‍, പഠനതന്ത്രങ്ങള്‍, അധ്യാപകപരിശീലന രീതി എന്നിവ അതത് ജില്ലകളും സംസ്ഥാനവും വികസിപ്പിക്കണം. എന്‍ സി ഇ ആര്‍ ടി യുടെ നേതൃത്വത്തില്‍ വിഭവപിന്തുണ നല്‍കുന്നതിനും ആലോചന നടക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് ഇത് ഉപകാരപ്രദമാണ്. നിര്‍ദിഷ്ടക്ലാസുകളിലെ പഠനനേട്ടങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പാക്കുന്നതിന് സഹായകമായ ആസൂത്രണം നടത്തുന്നതിന് ദിശാബോധം ലഭിക്കും.
ഒരു ഉദാഹരണം പരിശോധിക്കാം. വയനാട് ജില്ലയുടെ അഞ്ചാം ക്ലാസിലെ നാസ് റിപ്പോര്‍ട്ടാണ് ചുവടെ. ഏതെല്ലാം പഠനനേട്ടങ്ങളാണ് പരിഗണിച്ചതെന്നും ഓരോന്നിലും വയനാടിന്റെ പ്രകടനം എങ്ങനെയെന്നും വ്യക്തമാണ്. ഇത്ര സൂക്ഷ്മമായി ജില്ലതിരിച്ച് മുന്‍ റിപ്പോര്‍ട്ടുകളില്‍ എന്‍ സി ഇ ആര്‍ ടി വിശകലനം നടത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പരിമിതി ഉണ്ടായിരുന്നു. 
 ഏതൊക്കെ പഠനനേട്ടങ്ങളിലാണ് പിന്നാക്കാവസ്ഥ എന്ന് ക്രോഡീകരിച്ചു നല്‍കിയിരിക്കുന്നു.ഗണിതത്തിന്റെ പ്രക്രിയാശേഷികളുമായി ബന്ധപ്പെട്ടവയാണ് അതില്‍ പലതും.അമ്പതുശതമാനത്തിലധികം കുട്ടികള്‍ നേട്ടം കൈവരിച്ചവയാണെങ്കിലും എല്ലാവര്‍ക്കും നേട്ടം എന്ന ലക്ഷ്യത്തോടെ ഇടപെടണം എന്നാണ് എന്‍ സി ഇ ആറ്‍ ടിയുടെ നിര്‍ദേശം. അത് സ്വാഗതം ചെയ്യപ്പെടണം
ഒന്നാം ടേം മുതല്‍ കേരളത്തിലെ അധ്യാപകര്‍ ക്ലസ്റ്റര്‍ പരിശീലനങ്ങളില്‍ ഇത്തരം ഫലവിശകലനം നടത്തുന്ന രീതി പരിചയപ്പെടുന്നുണ്ട്. പല അധ്യാപകരും അത് പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. അതിനാ‍ത്തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ഓരോ ടേം പരീക്ഷാസന്ദര്‍ഭവും അക്കാദമികപഠനസന്ദര്‍ഭം കൂടിയാണ്. അത് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.
എല്ലാ വര്‍ഷവും എന്‍ സി ഇ ആറ്‍ ടി പഠനം നടത്തുമെന്നാണ് അറിയുന്നത്. എല്ലാ വിദ്യാലയങ്ങളെയും ഉള്‍ക്കൊളളുന്ന സെന്‍സസ് രീതിയായിരിക്കും അടുത്തതെന്നു സൂചന. അങ്ങനെയെങ്കില്‍ ഓരോ വിദ്യാലയത്തിന്റെയും പഞ്ചായത്തിന്റെയും നിലവാരം പരസ്യരേഖയായി മാറും. കേരളത്തിലെ വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ വിശ്വാസ്യത നേടിയെടുക്കുന്നതിനുളള ആധികാരികതെളിവുകള്‍ നല്‍കാനുളള സാധ്യതയാണ് തെളിയുന്നത്. പ്രതിബദ്ധതയുളള അധ്യാപകരെ സംബന്ധിച്ചിടത്തോളം അല്ലെങ്കില്‍ മികച്ച വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദം പകരും.  എന്നാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സാമൂഹിക പ്രസക്തി മനസില്‍ തട്ടാത്ത ഒരു ന്യൂനപക്ഷം പേര്‍ക്ക് അവരുടെ സ്വതസിദ്ധമായ അലസതയുടെ ആമത്തോടില്‍ നിന്നും മോചിതരാകാന്‍ വിസമ്മതിക്കും.ചില അധ്യാപകസംഘടനകളെ കൂട്ടു പിടിക്കാന്‍ ശ്രമിക്കും. പക്ഷേ അവര്‍ക്കും കാലത്തിന്റെ വിളിക്ക് കാത് നല്‍കാതിരിക്കാനാകില്ല.

 പൊതുവിദ്യാലയങ്ങളിലേക്ക് ഒന്നര ലക്ഷത്തോളം കുട്ടികള്‍ വന്നു ചേര്‍ന്ന ഈ വ്ര്‍ഷത്തില്‍ത്തന്നെ അക്കാദമിക നിലവാരപഠനത്തില്‍ മികച്ച പ്രകടനം നടത്തുന്നതിന് വിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞത് രക്ഷിതാക്കളെയും സമൂഹത്തെയും സംതൃപ്തിപ്പെടുത്തും. എന്നാല്‍ ദേശീയനിലവാരത്തിനും മുകളിലാണ് എന്നതല്ല ലക്ഷ്യം . അന്തര്‍ദേശീയ നിലവാരമാണ്. മികച്ച വിദ്യാഭ്യാസത്തിന്റെ കേരളീയമാതൃക അത് അസാധ്യമല്ല.

Friday, January 12, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രതിമാസനിര്‍വഹണ കലണ്ടര്‍, ചില ചിന്തകള്‍

അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പ്രത്യേക ഘടന നിര്‍ബന്ധിക്കാത്തതു കാരണം വൈവിധ്യമുളള രീതികള്‍ പലോടത്തും വികസിച്ചുവന്നിട്ടുണ്ട്. ജി യു പി എസ് കരിച്ചേരി ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപദ്ധതിക്ക് ആമുഖം എഴുതിയത് നോക്കുക.

ഇതപോലെ വിഷയാടിസ്ഥാനത്തില്‍ അവസ്ഥാവിശകലനം നടത്തി പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കുന്നത് നല്ലതാകുമെന്നാണ് എന്റെ നിരീക്ഷണം. ഓരോ വിഷയത്തിനും (മേഖലയിലും) എവിടെ നില്‍ക്കുന്നു? എന്ന ചോദ്യത്തിനുത്തരവും ഇവിടെ നിന്നാണല്ലോ തുടക്കം എന്ന് ഭാവിയില്‍ തിരിച്ചറിയുന്നതിനുളള അടയാളവുമായി ഇത്തരം വിശകലനരീതി മാറും
ഹ്രസ്വകാല, മധ്യകാല, ദീര്‍ഥകാല പദ്ധതികള്‍ സാമ്പത്തികം, നിര്‍വഹണകാലം എന്നിവ പരിഗണിച്ച് യാന്ത്രികമായി പട്ടികാ രൂപത്തിലെഴുതിയ ഒത്തിരി പ്ലാനുകള്‍ എനിക്ക് അയച്ചുതന്നു. പലതിന്റെയും ശീര്‍ഷകം മാത്രം. വിശദാംശങ്ങള്‍ എങ്ങുമില്ല. അവ ഒന്നും വിനിമയം ചെയ്യില്ല. ഇത്തരം പട്ടികവത്കരണത്തിനു മുമ്പ് വിശദാംശങ്ങള്‍ എഴുതണം.
പ്രവർത്തന പദ്ധതി ആദ്യം തയ്യാറാക്കണം
അതിനു ശേഷം  നിർവഹണ കലണ്ടറും
പട്ടികതന്നെ വേണമോ എന്നാലോചിക്കണം
ഒരു വിദ്യാലയത്തിലെ പ്രഥമാധ്യാപകന്  എസ് ആര്‍ ജിക്ക് ആസൂത്രണത്തിനും നിര്‍വഹണത്തിനും സഹായകമാകണം. എന്റെ അഭിപ്രായം പ്രതിമാസ അല്ലെങ്കില്‍ ദ്വിമാസ പ്രവര്ത്തനങ്ങളായി എഴുതുന്നതാണ് നല്ലതെന്നാണ്. വരുന്ന മൂന്നോ നാലോ മാസം ഏറ്റെടുക്കേണ്ടവ , എല്ലാ മാസവും ആവര്‍ത്തിക്കുന്നവ എന്നിങ്ങനെ തരം തിരിച്ച് നിര്‍വഹണ പദ്ധതി തയ്യാറാക്കണം. അതിന്റെ വിശദാംശങ്ങള്‍ ചുമതലപ്പെടുത്തുന്ന അധ്യാപിക, എസ് ആര്‍ ജി അതത് മാസത്തിനു തൊട്ടുമുമ്പ് തയ്യാറാക്കിയാല്‍ പോരെ? വര്‍ഷം മുഴുവനും മുന്നില്‍ കണ്ട് എഴുതുന്നത് നന്നാകുമെങ്കിലും പ്രായോഗികത പരിഗണിച്ച് നിര്‍വഹണത്തിന്റെ ട്രൈ ഔട്ട് കാലയളവ് എന്ന രീതിയില്‍ ആദ്യമാസങ്ങളെ കണ്ട് ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തുടരാസൂത്രണം സാധ്യമാണല്ലോ. 
പ്രതിമാസ പ്രവര്‍ത്തനപദ്ധതി( അക്കാദമികം) 2018-19
2018-19 ലേക്കുളള പ്രതിമാസപ്രവര്‍ത്തനപദ്ധതിയില്‍( അക്കാദമികം) രണ്ടു തരം പ്രവര്‍ത്തനങ്ങളാണുളളത്.  
 1. എല്ലാ മാസവും ആവര്‍ത്തിക്കുന്നവയും 
 2. ഓരോ മാസവും നടക്കേണ്ടവയും.  
ഇതു രണ്ടും കൂടി പരിഗണിച്ച് പ്രതിമാസ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുക. ഏതു തീയതികളില്‍ നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം എന്ന രീതിയിലുളള ആസൂത്രണം പിന്നീടുണ്ടാകണം. വിശദാംശങ്ങളിലേക്ക് പോകാം
) ആവര്‍ത്തനസ്വഭാവമുളള പ്രവര്‍ത്തനങ്ങള്‍
(2018 ജൂണ്‍ -2019 മാര്‍ച്ച് വരെ കാലയളവില്‍ എല്ലാ മാസവും/രണ്ടു മാസത്തിലൊരിക്കല്‍ നടത്തേണ്ടത്. ഇവ പ്രതമിമാസ ആസൂത്രണത്തില്‍ പരിഗണിക്കണം. )
എസ് എം സി, ക്ലാസ് പി ടി എ എന്നിവയും അക്കാദമിക പിന്തുണയും
 1. എസ് എം സി യോഗങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ വീതം (ഏപ്രില്‍, ജൂണ്‍,ആഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍, ഫെബ്രുവരി)- അക്കാദമിക പുരോഗതി ചര്‍ച്ച.
 2. ഓരോ എസ് എം സി യോഗം തീരുമ്പോഴും ആ എസ് എം സിയോഗ നടത്തിപ്പിനെക്കുറിച്ച് വിലയിരുത്തി മെച്ചപ്പെടാനുളള മേഖലകള്‍ കണ്ടെത്തല്‍
 3. ക്ലാസ് പത്രത്തിന്റെ കോപ്പി ക്ലാസ് പി ടി എ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്‍കല്‍ ( കുട്ടി നേടേണ്ട കഴിവുകള്‍, ക്ലാസ് വിശേഷങ്ങള്‍, ക്ലാസിലെ നേട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കണം)
 4. ക്ലാസ് പി ടി എ പ്രസിഡന്റുമാരുടെ അവലോകന ആസൂത്രണ യോഗം സംഘടിപ്പിക്കല്‍
 5. എസ് എം സിക്ക് ക്ലാസ് പി ടി എ സംബന്ധിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കല്‍ ( രണ്ടു മാസം കൂടുമ്പോള്‍). എസ് എം സി യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തല്‍
 6. ക്ലാസ് പി ടി എയില്‍ ക്ലാസ് മികവുകളുടെ സിഡി തയ്യാറാക്കി പ്രദര്‍ശിപ്പിക്കലും ചര്‍ച്ചയും
 7. മിനിറ്റ്സ് തയ്യാറാക്കാനുളള അവസരം രക്ഷിതാക്കള്‍ക്ക് നല്‍കല്‍
 8. യോഗനടപടികളില്‍ കുട്ടികള്‍ക്ക് അവസരം നല്‍കല്‍
 9. ക്ലാസ് പി ടി എ എല്ലാ മാസവും വരാത്ത കുട്ടികളുടെ വിവരം അജണ്ടയാക്കി ചര്‍ച്ച ചെയ്യല്‍
അക്കാദമികമേന്മയുളള അസംബ്ലി
 1. അസംബ്ലിയില്‍ പത്രവാര്‍ത്തകള്‍ എല്ലാവര്‍ക്കും മനസിലാകും വിധം ലളിതവത്കരിച്ച് അവതരിപ്പിക്കല്‍
 2. കുട്ടികളെ അസംബ്ലി നടത്തുന്നതിന് കുട്ടികളെ തയ്യാറാക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കല്‍
 3. വിശേഷദിനങ്ങളില്‍ പ്രാദേശിക വിദഗ്ദ്ധരുടെ പങ്കാളിത്തം അസംബ്ലിയില്‍ ഉറപ്പാക്കല്‍
 4. മെച്ചപ്പെട്ട അസംബ്ലി നടത്തുന്ന ഗ്രൂപ്പിന് അംഗീകാരം, മറ്റുള്ളവര്‍ക്ക് പ്രചോദനം
 5. ഇംഗ്ലീഷ് അസംബ്ലി.
 6. ഒരോ അസംബ്ലിയിലും ഓരോ കുട്ടിയെ വീതം അംഗീകരിക്കല്‍ ( ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകളും നന്മകളും ഉയര്‍ത്തിക്കാട്ടി പ്രചോദിപ്പിക്കല്‍)
ദിനാചരണവും പഠനനേട്ടവും
 1. ഓരോ ക്ലാസിലും ദിനാചരണവുമായി ബന്ധപ്പെടുത്തി അതാത് ക്ലാസ് നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തല്‍
 2. ടീച്ചിംഗ് മാന്വലില്‍ ഉള്‍പ്പെടുത്തി ദിനാചരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍
 3. ഓരോ ദിനാചരണവും എസ് ആര്‍ ജിയില്‍ ആസൂത്രണവും അവലോകനവും നടത്തി കൂടുതല്‍ മെച്ചപ്പടുത്താനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തല്‍
 4. ആസൂത്രണം ചെയ്തതിനനുസരിച്ച് ദിനാചരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് പ്രഥമാധ്യാപികയുടെ മോണിറ്ററിംഗ്. അതിന് സഹായകമായ തരത്തില്‍ എച്ച് എം ആസൂത്രണ ഡയറി തയ്യാറാക്കുക
 5. ക്ലാസ് പി ടി എ അംഗങ്ങളെ ദിനാചരണങ്ങളുമായി ബന്ധിപ്പിക്കല്‍
 6. എല്ലാ ടേമിലും ഒരു ദിനാചരണമെങ്കിലും സമൂഹത്തില്‍ നടത്തല്‍
ടാലന്റ് ലാബ്
 1. എല്ലാ മാസവും ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സൂചകങ്ങള്‍ വെച്ച് പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്ത മാസത്തെ ആസൂത്രണവും
 2. മാസത്തിലൊരിക്കല്‍ എല്ലാ ക്ലാസുകാരും ഉള്‍പ്പെടുന്ന പൊതുസാഹിത്യസമാജം.
 3. അസംബ്ലി, ദിനാചരണങ്ങള്‍, ബാലസഭ എന്നിവയെ കലാപരമായ ശേഷീ വികാസത്തിനുളള അവസരമാക്കി മാറ്റല്‍ ( വൈവിധ്യമുളള ഇനങ്ങള്‍ ഉള്‍പ്പെടുത്തല്‍)
 4. അസംബ്ലിയില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഒരുക്കല്‍
 5. വൈജ്ഞാനിക മേഖലയെപ്പോലെ സഹവൈജ്ഞാനിക മേഖലക്കും ഊന്നല്‍ നല്‍കണം. കുട്ടികളുടെ ആ മേഖലയിലെ കഴിവുകളെ അംഗീകരിക്കണം
പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍
 1. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കഴിവുകള്‍ക്ക് പൊതു അംഗീകാരം നല്‍കല്‍, ക്ലാസ് റൂം പ്രവര്‍ത്തനത്തില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കല്‍
 2. പഠനപ്രവര്‍ത്തനം അനുരൂപീകരിക്കല്‍ (ടി എം ല്‍ ഉള്‍പ്പെടുത്തി )
വായന
 1. ഇന്നത്തെ പുസ്തകം ( സ്കൂളിലെ ഡിസ്പ്ലേ ബോര്‍ഡില്‍ ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് )
 2. ക്ലാസില്‍ അധ്യാപകര്‍ നടത്തുന്ന പുസ്തക പരിചയം
 3. അസംബ്ലിയില്‍ ഞാന്‍ വായിച്ച പുസ്തകം
 4. വായനച്ചാര്‍ട്ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക(കുട്ടിയുടെ പേര്, വായിച്ച പുസ്തകങ്ങള്‍
 5. പിറന്നാള്‍ പുസ്തകം പദ്ധതി നടപ്പിലാക്കല്‍( അധ്യാപകരുടെ, കുട്ടികളുടെ, രക്ഷിതാക്കളുടെ...) അതിനായി പിറന്നാള്‍ ചാര്‍ട്ട് ക്ലാസില്‍ പ്രദര്‍ശിപ്പിക്കുക (കുട്ടിയുടെ പേര്, പിറന്നാള്‍, സമ്മാനമായി നല്‍കിയ പുസ്തകം
 6. കുട്ടികളുടെ പത്രം പ്രസിദ്ധീകരിക്കുക(ദിവസവും /ആഴ്ചയില്‍ ഒന്ന് )
ശാസ്ത്രബോധ വികാസം
 1. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ പാഠ്യപദ്ധതിയനുസരിച്ച് നടക്കേണ്ട പരീക്ഷണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കല്‍. എല്ലാ പരീക്ഷണങ്ങളും സ്കൂളില്‍ നടത്തല്‍.
ിരന്തര വിലയിരുത്തല്‍
 1. ഓരോ ക്ലാസിലും ഓരോ യൂണിറ്റിലും കുട്ടി നേടേണ്ട ആശയങ്ങള്‍,ശേഷികള്‍ (പഠന നേട്ടം) എന്നിവ മുന്‍കൂട്ടി അധ്യാപിക തയ്യാറാക്കി രക്ഷിതാക്കളെ അറിയിക്കണം(ക്ലാസ് പി ടി എയില്‍). അത് നേടാനുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍, രക്ഷിതാവ് എങ്ങനെ കുട്ടിയെ സഹായിക്കണം എന്നും പറയണം
 2. ടീച്ചിംഗ് മാന്വലില്‍ നിരന്തര വിലയിരുത്തല്‍ സാധ്യതകള്‍ രേഖപ്പെടുത്തണം
 3. പ്രതികരണപ്പേജിലെ രേഖപ്പെടുത്തലിന്റെ തുടര്‍ച്ചയായി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം
 4. ഓരോ യൂണിറ്റ് പൂര്‍ത്തിയാകുമ്പോഴും യൂണിറ്റ് ടെസ്റ്റ് നടത്തി ക്ലാസ് പി ടി എയില്‍ പഠനനില, പഠനപുരേഗതി എന്നിവ രക്ഷിതാവിനെ അറിയിക്കണം
 5. നിരന്തര വിലയിരുത്തല്‍ ഫലങ്ങള്‍ എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യണം.
അക്കാദമിക മോണിറ്ററിംഗ്
 1. പ്രഥമാധ്യാപിക സൂചകങ്ങള്‍ വെച്ച് അധ്യാപകരുടെ ക്ലാസുകള്‍ മോണിട്ടര്‍ ചെയ്ത്, മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം
പരിഹാരപ്രവര്‍ത്തനങ്ങള്‍
 1. പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വര്‍ക്ക് ഷീറ്റുകളുടെ സാധ്യത പ്രയോജനപ്പെടുത്തണം
 2. നിരന്തര വിലയിരുത്തല്‍, ഇടപെടല്‍ മേഖല നിശ്ചയിക്കല്‍, പരിഹാരപ്രവര്‍ത്തനങ്ങള്‍, ഉണ്ടായ മെച്ചം എന്നിവ ക്ലസ്റ്റര്‍ യോഗങ്ങളിലും പ്രഥമാധ്യാപക പരിശീലനങ്ങളിലും പങ്കുവെക്കണം
പൊര്‍ട്ട് ഫോളിയോ
 1. നോട്ട് ബുക്ക് / ഫോര്‍ട്ട് ഫോളിയോ കുട്ടിയുടെ വളര്‍ച്ചയെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തുകയും സമഗ്രമാക്കുകയും ചെയ്യണം. മികച്ചവക്ക് അംഗീകാരം നല്‍കണം
 2. എല്ലാ കുട്ടികളുടേയും നോട്ട് ബുക്ക് / പോര്‍ട്ട് ഫോളിയോ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ക്ലാസ് പി ടി എയില്‍ പ്രദര്‍ശിപ്പിക്കണം
  (ഇത് കൂട്ടിച്ചേര്‍ക്കാം , കുറയ്കാം. അതത് വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാകണം തയ്യാറാക്കേണ്ടത്)
ബി ) പ്രതിമാസ പ്രവര്‍ത്തന പദ്ധതി 2018-19
(ഓരോ മാസവും നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് ഇവിടെ നല്‍കുന്നത്. ഓരോ മാസവും മുന്‍ ലിസ്റ്റിലുളള ആവര്‍ത്തനസ്വഭാവമുളള പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ത്താണ് നടപ്പിലാക്കേണ്ടത്)

2018 ഫെബ്രുവരി, മാര്‍ച്ച്
 1. സര്‍ഗോത്സവം- കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ വിവിധ വാര്‍ഡുകല്‍‌ കേന്ദ്രീകരിച്ചു നടക്കുന്ന സര്‍ഗോത്സവങ്ങളില്‍ പങ്കിടല്‍.
 2. വാര്‍‍ഷിക പരീക്ഷാ ഫലവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ വരും വര്‍ഷത്തേക്കുളള പ്രവര്‍ത്തനപദ്ധതി മെച്ചപ്പെടുത്തല്‍
 3. വിദ്യാലയത്തെക്കുറിച്ച് സമൂഹം ഗൗരവത്തോടെ ചിന്തിക്കുന്നതിനുളള അവസരമൊരുക്കും വിധം വിവധസ്ഥാപനങ്ങളേയും വ്യക്തികളേയും സര്‍ഗോത്സവുമായി ബന്ധിപ്പിക്കല്‍
ഏപ്രില്‍, മെയ്
വായന
 1. നിലവില്‍ സ്കൂളില്‍ ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക (ഉപസമിതി)
 2. പുസ്തകങ്ങളെ തിരിക്കുക ( ക്ലാസ് നിലവാരം ,കുട്ടികളുടെ എണ്ണം എന്നിവ പരിഗണിച്ച്) തിരിക്കല്‍ (ഉപസമിതി)
 3. ഒന്ന് രണ്ട് ക്ലാസുകള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ഉറപ്പാക്കല്‍ ( എസ് എം സി)
 4. ഇംഗ്ലീഷ് ചിത്രകഥാ പുസ്തകങ്ങളും വായനാസാമഗ്രികളും സംഘടിപ്പിക്കല്‍ ( എസ് എം സി)
 5. ഇനിയും സ്കൂളില്‍ ആവശ്യമായ പുസ്തകങ്ങളുടെ കാറ്റലോഗ് തയ്യാറാക്കുക(ഉപസമിതി)
 6. ജൂണ്‍ മാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം
പഠനോപകരണങ്ങള്‍
 1. അവധിക്കാല പഠനോപകരണ നിര്‍മാണ ശില്പശാല
ഹൈടെെക്ക് വിദ്യാഭ്യാസം
 1. അധ്യാപകര്‍ക്ക്അവധിക്കാല ഐ ടി ശില്പശാല
 2. ഐ ടി വിഭവശേഖരണം.
ദിനാചരണങ്ങള്‍
 1. അക്കാദമിക വര്‍ഷത്തെ വിശേഷദിനങ്ങളുടെ ചാര്‍ട്ട് തയ്യാറാക്കല്‍. ( സാഹിത്യം, ചരിത്രപരവും ദേശീയവും ,ശാസ്ത്രം,ആഘോഷങ്ങള്‍,സാമൂഹികം ) മാസത്തില്‍ പരമാവധി ഒന്നു വീതം
 2. ഓരോ ദിനാചരണവുമായി വ്യത്യസ്ത വിഷയങ്ങള്‍ എങ്ങനെയെല്ലാം ബന്ധിപ്പിക്കാനാകും എന്നു തീരുമാനിക്കലും പ്രവര്‍ത്തന രൂപീകരണവും
 3. ദിനാചരണത്തോടനുബന്ധിച്ച് സ്കൂളില്‍ പൊതുവായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ എന്ന് നിശ്ചയിക്കല്‍
 4. ഓരോ ദിനാചരണത്തിനും നേതൃത്വം നല്‍കുന്നതിന് ചുമതലാവിഭജനം നടത്തല്‍ (അധ്യാപകര്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍)


ജൂണ്‍
 1. പ്രവേശനോത്സവദിന ക്ലാസ് പി ടി എ. അച്ചടിച്ച പഠനനേട്ടങ്ങളും പ്രതീക്ഷിത ഉല്പന്നങ്ങളുടെ വിവരവുമടങ്ങിയ കുറിപ്പ് രക്ഷിതാക്കള്‍ക്ക് നല്‍കല്‍
 2. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ക്ലാസ് ഗണിത ലാബുകള്‍ സ്ഥാപിക്കല്‍
 3. വിദ്യാലയപുരോഗതിയില്‍ താല്പര്യമുളളവരുടെ സാന്നിധ്യവും പുസ്തകസംഭാവനയും. പ്രവേശനോത്സവത്തില്‍ ക്ലാസ് ലൈബ്രറികളുടെ ഉദ്ഘാടനം
 4. ഓരോ ക്ലാസ് അധ്യാപികയും ഒരു വര്‍ഷം തന്റെ കുട്ടി വായിക്കേണ്ട പുസ്തകങ്ങള്‍ തീരുമാനിച്ച് ലിസ്റ്റ് തയ്യാറാക്കല്‍. ഈ ലിസ്റ്റ് രക്ഷിതാക്കള്‍ക്ക് നല്‍കല്‍. ക്ലാസ് പി ടി എയില്‍ ആ ക്ലാസിന് ആവശ്യമായ പുസ്തക സമാഹരണരീതി നിശ്ചയിക്കല്‍
 5. ക്ലാസ് ലൈബ്രറി , ഫലപ്രദമായി വിനിയോഗിക്കല്‍, ഇടവേള സമയ വായന പരിപോഷിപ്പിക്കല്‍.
 6. കുട്ടികള്‍ക്ക് തുടര്‍ച്ചയായി പുസ്തകവിതരണം അധ്യാപകര്‍ ഉറപ്പാക്കല്‍. വായിച്ച പുസ്തകത്തെക്കുറിച്ച് ക്ലാസില്‍, അസംബ്ലിയില്‍, ക്ലാസ് പി ടി എയില്‍, ബാലസഭയില്‍ അവതരിപ്പിക്കുന്നതിന് അവസരം
 7. വായനക്കുറിപ്പ്, പുസ്തകക്വിസ്, ദിനാചരണ വായനക്കുറിപ്പ്, പുസ്തക റിവ്യൂ, വായിച്ച പുസ്തകത്തെ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കല്‍, അധ്യാപികയുടെ പുസ്തക പരിചയം എന്നിവ നിരന്തരം ഓരോ ക്ലാസിലും നടത്തണം
ക്ലാസ് പി ടി എ
 1. ക്ലാസ് പി ടി എയുടെ ഉളളടക്കം, രീതി എന്നിവ സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കി എസ് എം സിയുടെ അംഗീകാരം തേടല്‍
 2. ക്ലാസ് പി ടി എയ്ക്ക് ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കല്‍
 3. പ്രദേശത്ത് വിവിധമേഖലകളില്‍ കഴിവുളളവരും വിദ്യാലയത്തിനു പ്രയോജനപ്പെടുത്താവുന്നതുമായ അളുകളുടെ ലിസ്റ്റ് തയ്യാറാക്കല്‍, അവരുമായി ആശയവിനിമയം നടത്തി സഹകരണം തേടല്‍
അസംബ്ലി
 1. അസംബ്ലി പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ വികസിപ്പിക്കല്‍ ( നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇനങ്ങള്‍, സവിശേഷ ഇനങ്ങള്‍ ഉദാ- പുസ്തകറിവ്യൂ,പുസ്തകം പരിചയപ്പെടുത്തല്‍, ക്ലാസിലെ വേറിട്ട പ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കല്‍, ഉല്‍പ്പന്നങ്ങളുടെ പ്രകാശനം, കുട്ടികളുടെ മികവുകള്‍ക്ക് അംഗീകാരം പരീക്ഷണം, പത്രക്വിസ്, ക്ലാസ് പത്ര പ്രകാശനം, ചിന്താവിഷയം തുടങ്ങി ഓരോ അസംബ്ലിയിലും വൈവിധ്യമുളള ഓരോ ഇനം വീതം നിശ്ചയിക്കല്‍, നിര്‍ദിഷ്ട ക്ലാസുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്പെഷ്യല്‍ അസംബ്ലി, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്താവുന്ന ഇനങ്ങള്‍ എന്നിവയെല്ലാം മാര്‍ഗരേഖയില്‍ വ്യക്തമാക്കണം.. എസ് എം സി,വാര്‍ഡ് മെമ്പര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരെ എപ്പോഴെല്ലാം പങ്കെടുപ്പിക്കുമെന്നും സൂചിപ്പിക്കണം. അസംബ്ലി പ്രവര്‍ത്തനം നിരന്തര വിലയിരുത്തലിന്റെ പരിധിയില്‍ വരുന്ന വിധം അതത് ക്ലാസധ്യാപകര്‍ ശ്രദ്ധിക്കണം)
 2. അസംബ്ലി ഗ്രൂപ്പ് രൂപീകരണം (ഒരു ക്ലാസിലെ വിവിധ നിലവാരത്തിലുള്ള കുട്ടികളുടെ / ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ്)
ാലന്റ് ലാബ്
 1. എതെല്ലാെ മേഖലകളിലാണ് കുട്ടികള്‍ക്ക് കഴിവുകള്‍ എന്നു കണ്ടെത്തല്‍
 2. വിവിധ ക്ലബ്ബുകള്‍, ടാലന്റ് ഗ്രൂപ്പുകള്‍ രീപീകരിക്കല്‍. (എല്ലാ കുട്ടികളും ഏതെങ്കിലും ഒന്നില്‍ അംഗമാകും വിധം)
 3. പ്രാദേശിക വിദഗ്ദ്ധരുടെ സേവനം കൂടി പരിഗണിച്ച് പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കല്‍
 4. ടാലന്റ് ലാബ് പ്രവര്‍ത്തനോദ്ഘാടനം
 5. സാഹിത്യസമാജം പ്രവര്‍ത്തന പദ്ധതി രൂപീകരിക്കല്‍.( എന്തെല്ലാം ഇനങ്ങള്‍ ഉള്‍പ്പെടുത്താം, പാഠഭാഗവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവര്‍ത്തനങ്ങളുടെ ആവിഷ്കാരവേദിയാക്കാം, മേളകളുമായി ബന്ധപ്പെടുത്താവുന്ന ഏതെല്ലാം ഇനങ്ങളുടെ പരിശീലനവേദിയാക്കാം എന്നിവ പരിഗണിച്ച്)
 6. സാഹിത്യസമാജനടത്തിപ്പ് സംബന്ധിച്ച അവസരങ്ങള്‍ മാറി മാറി എല്ലാവര്‍ക്കും ലഭിക്കത്തക്ക വിധം ചുമതലാ വിഭജനം നടത്തല്‍ ( സ്വാഗതം, അധ്യക്ഷത,ഉദ്ഘാടനപ്രസംഗം, കൃതജ്‍ഞത, മിനിറ്റ്സ് തയ്യാറാക്കല്‍)
 7. കലാ കായിക പ്രവൃത്തിപരിചയ പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ലിസ്റ്റ് ചെയ്യല്‍
 8. വിവിധ ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനു കഴിവുളള പ്രാദേശിക വിദഗ്ധരുടെ ലിസറ്റ് തയ്യാറാക്കി സേവനം അഭ്യര്‍ഥിക്കല്‍
അക്കാദമിക അവലോകനം
 1. എസ് ആര്‍ ജിയില്‍ മാസാന്ത്യ അക്കാദമിക അവലോകനം
 2. എസ് എം സിയില്‍ അവതരിപ്പിക്കുന്നതിനായി എസ് ആര്‍ ജി കൂടി ക്ലാസ് പി ടി എ, അക്കാദമിക നിലവാരം എന്നിവ സമബന്ധിച്ച് സ്ഥിതിവിരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ മാസാന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കല്‍
പോര്‍ട്ട് ഫോളിയോ, നിരന്തര വിലയിരുത്തല്‍
 1. ഓരോ ക്ലാസിലെയും ജൂണ്‍മാസ പോര്‍ട്ട് ഫോളിയോയില്‍ വരേണ്ട ഉല്പന്നങ്ങളെക്കുറിച്ച് എസ് ആര്‍ ജിയില്‍ കൃത്യതപ്പെടുത്തല്‍
 2. നോട്ട് ബുക്ക് / ഫോര്‍ട്ട് ഫോളിയോ കുട്ടിയുടെ വളര്‍ച്ചയെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ ചിട്ടപ്പെടുത്തുകയും സമഗ്രമാക്കുകയും ചെയ്യണം. മികച്ചവക്ക് അംഗീകാരം നല്‍കണം
 3. എല്ലാ കുട്ടികളുടേയും നോട്ട് ബുക്ക് / പോര്‍ട്ട് ഫോളിയോ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ക്ലാസ് പി ടി എയില്‍ പ്രദര്‍ശിപ്പിക്കണം
പ്രത്യേകപരിഗണന
 1. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ കേസ് ഹിസ്റ്ററി ഓരോ ക്ലാസ് ടീച്ചറും തയ്യാറാക്കല്‍
 2. അവരുടെ പുരോഗതി പോലും രക്ഷിതാക്കളുമായി പങ്കിടാന്‍ സഹായകായ രേഖ വികസിപ്പിക്കല്‍
 3. റിസോഴ്സ് അധ്യാപകരുടെ സേവനം ലഭ്യമാക്കല്‍
 4. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍, പരിശീലനങ്ങള്‍ എന്നിവയില്‍ പങ്കെടുപ്പിക്കന്നതുള്ള ക്രമീകരണം, ഗ്രാന്റുകള്‍ യഥാസമയം ശേഖരിച്ച് വിതരണം എന്നിവ ഉറപ്പാക്കണം
  അനുരൂപീകരണം ട്രൈ ഔട്ട് 
ജൈവവൈവിധ്യ ഉദ്യാനം
 1. ജൈവവൈവിധ്യ ഉദ്യാനം വിപുലീകരിക്കല്‍
 2. പരിസ്ഥിതി പരീക്ഷണശാല – പ്രവര്‍ത്തനാരംഭം
 3. കുട്ടികള്‍ക്ക് പരിസ്ഥിതി ഡയറി നല്‍കല്‍
അടിസ്ഥാനശേഷി ഉറപ്പാക്കല്‍
 1. അടിസ്ഥാനശേഷി ഉറപ്പാക്കുന്നതിനായി പ്രീടെസ്റ്റ് , വിശകലനം
 2. മലയാളത്തിളക്കം, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് പദ്ധതികള്‍ സ്കൂള്‍ തലത്തില്‍ ഏറ്റെടുക്കല്‍
്രാദേശിക പഠനയാത്രകള്‍
 1. ഫീല്‍ഡ് ട്രിപ്പ്, പഠനയാത്ര എന്നിവക്കുള്ള പാഠ്യപദ്ധതിയിലെ സാധ്യതകള്‍ ലിസ്റ്റ് ചെയ്യണം. ഇതിന്റ അടിസ്ഥാനത്തില്‍ പ്രാദേശിക സാധ്യതകള്‍ അന്വേഷിക്കണം (സ്കൂളിന്റെ സമീപമുള്ള കൃഷിഭവന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, പോസ്റ്റ് ഓഫീസ്, ബാങ്ക്, കൃഷിസ്ഥലം, കുളം, പുഴ, നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം, കര്‍ഷകര്‍, സാഹിത്യകാരന്മാര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍.......)
ാസ്ത്രലാബ്
36. പരീക്ഷണങ്ങള്‍ നടത്താന്‍ ഇനിയും വേണ്ട സാമഗ്രികളുടെ ലിസ്റ്റ് തയ്യാറാക്കല്‍, സമാഹരിക്കല്‍
37.
ഇത്രയും പ്രവര്‍ത്തനങ്ങള്‍ സാധിക്കുമോ എന്നാലോചിച്ച് ചിലത് അടുത്ത മാസത്തേക്ക് മാറ്റാം. പക്ഷേ മുന്‍ഗണന പ്രധാനമാണ്. വിദ്യാലയത്തിന്റെ മേഖലാടിസ്ഥാനത്തിലുളള ലക്ഷ്യങ്ങളും മുഖ്യമാണ്. ദൈനംദിന പഠനപ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ പൂര്‍വാധികം ശക്തമായി നടത്തുകയും വേണം. മറ്റു പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് യാഥാര്‍ഥ്യബോധമുളള പ്രതിമാസ നിര്‍വഹണ കലണ്ടര്‍ തയ്യാറാക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഓരോന്നിന്റെയും തീയതിയടക്കം വിശദാംശങ്ങളിലേക്ക് പോകേണ്ടി വരാം. അത് അപ്പോഴാലോചിച്ചാല്‍ പോരെ?
നിങ്ങള്‍ എന്തു പറയുന്നു? ആദ്യം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍, അതിനു ശേഷം പ്രതിമാസ നിര്‍വഹണ പദ്ധതി എന്നായാലോ?