ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 30, 2019

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയപാതയിലോ?

 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക മികവാണ് വിദ്യാലയ മികവ് എന്ന സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. നിലവാരം ഉയര്‍ത്തുന്നതിന് അത് ലക്ഷ്യമിടുന്നുആ ലക്ഷ്യം സാക്ഷാത്കരിക്കുന്നുണ്ടോ? മുകളില്‍ നല്‍കിയിരിക്കുന്നത് പത്താം ക്ലാസ് പരീക്ഷാറിസല്‍റ്റ് വിശകലനം ചെയ്തതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവണത പുരോഗമന സ്വഭാവം പ്രതിഫലിപ്പിക്കുന്നു. ഏതെങ്കിലും വിഷയത്തിന് ഡി പ്ലസ് വാങ്ങിയ കുട്ടികളുടെ ശതമാനത്തില്‍ കുറവുണ്ടായി.ഇത് പ്രതീക്ഷ നല്‍കുന്നു. മാത്രമല്ല എ പ്ലസ് ഏതെങ്കിലും വിഷയത്തില്‍ വാങ്ങുന്നവരുടെ ശതമാനം വര്‍ധിക്കുകയും ചെയ്തു. എല്ലാത്തിനും എ പ്ലസ് വാങ്ങിയവരുടെ ശതമാനവും വര്‍ധിച്ചു. ഗുണനിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണുന്നുണ്ട്. അതിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഊര്‍ജം പകരുന്നു
പത്താം ക്ലാസിനെ കേന്ദ്രീകരിച്ചുളള വിശകലനം മാത്രം പോര. താഴെയുളള ക്ലാസുകളില്‍ നിലവാരം ഉയരുന്നുണ്ടോ എന്നും പരിശോധിക്കണം. അതിന് ഇപ്പോള്‍ ലഭ്യമായ പൊതു വിവരം എല്‍ എസ് എസ് ,യു എസ് എസ് പരീക്ഷകളാണ്.
 
കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പരീക്ഷക്കിരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് കാണാം. ഒന്നാം ടേം പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങിയവര്‍ക്കേ ഈ പരീക്ഷ എഴുതാനാകൂ. അങ്ങനെ അര്‍ഹത നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് ശ്രദ്ധേയമാണ്. എല്‍ എസ് എസ്,യു എസ് എസ് പരീക്ഷകളില്‍ വിജയിച്ചവരുടെ എണ്ണവും വര്ധിച്ചിരിക്കുന്നു. എല്‍ എസ് എസ് നേടിയവരുടെ ശതമാനം  9ല്‍ നിന്നും  14 ആയി വര്‍ധിച്ചു. യു എസ് എസ് നേടിയവരുടെ ശതമാനം7.5ല്‍ നിന്ന് 12 ആയി ഉയര്‍ന്നു  അതായത് എല്‍ പി തലത്തിലും യു പി തലത്തിലും ഹൈസ്കൂള്‍ തലത്തിലും നിലവാരവര്‍ധനവിന്റെ പ്രവണതയാണ്  മുകളിലെ രണ്ടു പട്ടികകളില്‍ നിന്നും ദൃശ്യമാകുന്നത്.

 മറ്റൊരു പഠനറിപ്പോര്‍ട്ടും ലഭ്യമാണ്.നാസിന്റേതാണ്. അതില്‍ മൂന്ന് , അഞ്ച് ക്ലാസുകളില്‍ ദേശീയശരാശരിക്ക് മുകളിലാണ് കേരളം. എട്ടാം ക്ലാസിലും മെച്ചപ്പെട്ട നിലയിലാണ്.


നീതി ആയോഗിന്റെ വിശകലനറിപ്പോര്‍ട്ടാണ് മുന്നിലുളള മറ്റൊരു രേഖ. പഠനനേട്ടങ്ങളുടെ കാര്യത്തില്‍ 85%സ്കോര്‍, വിദ്യാലയ പ്രാപ്യതയുടെ കാര്യത്തില്‍ 97.5%വുംഭൗതികസൗകര്യങ്ങളുടെ കാര്യത്തില്‍ 82% വും അവസരതുല്യതയുടെ കാര്യത്തില്‍ 94%വും ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് 70%വും സ്കോര്‍ നേടി. മൊത്തം മേഖലകള്‍ പരിഗണിച്ചാല്‍ 82.6%. ഇന്ത്യയിലെ ഒന്നാം സംസ്ഥാനമായി കേരളം മാറി. അതിനുളള പുരസ്കാരവും കേരളസര്‍ക്കാരിനു ലഭിച്ചു. ഇതു സൂചിപ്പിക്കുന്നത് നാം അക്കാദമികമായും മറ്റു ഗുണതാസൂചകങ്ങളിലും  മുന്നേറ്റത്തിന്റെ പാതയിലാണെന്നാണ്.

ഓരോ പരിപാടി നടപ്പിലാക്കുമ്പോഴും അതെത്രമാത്രം ഫലപ്രദമായി എന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. പരിപാടി നടത്തിത്തീര്‍ക്കുകയല്ല അതിന്റെ ഫലപ്രാപ്തി പരിശോധിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുക എന്ന സമീപനം സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ മലയാളത്തിളക്കം, ഗണിത വിജയം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്

മറ്റൊരു പ്രധാന ഇടപെടലായിരുന്നു പ്രീസ്കൂള്‍ രംഗത്ത് നടപ്പിലാക്കിയത്. ക്ലസ്റ്ററധിഷ്ഠിത പ്രീസ്കൂള് സംവിധാനം കൊണ്ടുവരുന്നതിനും തെരഞ്ഞെടുത്ത പ്രീസ്കൂളുകളില്‍ അവസ്ഥാപഠനം നടത്തി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ആക്ടിവിറ്റി കോര്‍ണറുകള്‍ ക്രമീകരിക്കുന്നതിനും വേണ്ട ഇടപെടലുണ്ടായി. ഈ പരിപാടി നടപ്പിലാക്കിയ 42.5% വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ കൂടി.
കുട്ടികളുടെ വര്‍ധനവിനെ ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിശോധിക്കുന്ന പട്ടികയാണ് ചുവടെയുളളത്
എഴുപതുകളുടെ അവസാനം മുതല്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയിരുന്നു. ഡിവിഷന്‍ഫോള്‍, പ്രൊട്ടക്ഷന്‍ എന്നീ പദാവലികള്‍ അക്കാലത്താണ് ചര്‍ച്ചാ വിഷയമാകുന്നത്. തൊണ്ണൂറു മുതലുളള പ്രവണതയാണ് ചുവടെയുളളത്.

ഗ്രാഫില്‍ നിന്നും വളരെക്കാലത്തിനു ശേഷം പുരോഗതിയുണ്ടായതായി കാണാം.

ജനനനിരക്കുമായി ചേര്‍ത്തുളള വിശകലനം പ്രസക്തമാണ്. നിശ്ചിത വര്‍ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഒന്നാം ക്ലാസില്‍ പ്രവേശിക്കപ്പെടും എന്ന സങ്കല്പപ്രകാരമുളള വിശകലനമാണ്. ഏറ്റവും ശ്രദ്ധേയമായ സംഗതി ആകെ കുട്ടികളില്‍ പകുതിയോടടുത്ത് കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലല്ലെന്നതാണ്.2010-11ല്‍ 53.30% കുട്ടികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയിരുന്നു. അത് കുറ്ഞ്ഞു കുറഞ്ഞ് 45.34%വരെയെത്തി. കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുവിദ്യാലയങ്ങളിലേക്ക് വരുന്നവരുടെ ശതമാനം വര്‍ധിക്കുകയാണ് എന്ന് പട്ടികയില്‍ നിന്നും മനസിലാക്കാം. അതേസമയം ജനനനിരക്കിലെ വ്യതിയാനവും കാണണം. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മുന്‍ വര്‍ഷേതിന്റെയത്രയും കുട്ടികള്‍ എത്തിയിട്ടില്ല. അതിന് ഒരു കാരണം ജനനനരിക്കാണ്. അതായത് അഞ്ചു ലക്ഷത്തി മുപ്പത്തിനാലായിരത്തില്‍ നിന്നും അഞ്ചുലക്ഷത്തി പതിനാറായിരത്തേലേക്കുളള കുറവ്. 18445 ന്റെ കുറവ് .പ്രവേശനത്തില്‍ 3246ന്റെ കുറവ് മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കാണാനാകും.പക്ഷേ ശതമാനക്കണക്ക് നോക്കിയാല്‍ പ്രാതിനിധ്യത്തില്‍ 1.15ന്റെ വര്‍ധനവുണ്ട്


2015-16, 2016-17എന്നീ വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികളുടെ എണ്ണം യഥാക്രമം 496,292,  496,292 എന്നിങ്ങനെയാണ്. അതായത് വരും വര്‍ഷങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനനിരക്കില്‍ കുറവ് പ്രവണത ഉണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തിലെ ജനനനിരക്ക് ആയിരത്തിന് 14.8 എന്ന രീതിയിലാണ്.   പത്തനംതിട്ട ജില്ലയിലും ആലപ്പുഴയിലെ ചെങ്ങന്നൂരുമാണ് ജനനനിരക്ക് ഏറ്റവും കുറവുളള പ്രദേശങ്ങള്‍
തിരുവല്ല -           10.63  / 1,000
മല്ലപ്പള്ളി -           10.69 / 1,000
കോഴഞ്ചേരി -      10.86 / 1,000
ചെങ്ങന്നൂര്‍ -        10.93 / 1,000
അടൂര്‍ -              11.09/ 1,000
ഈ പ്രദേശങ്ങളിലെ  വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വളരെക്കുറവാണ്. എങ്കിലും പത്തനംതിട്ട ജില്ലയിലും മാറ്റം പ്രകടമാണ്. കുട്ടികള്‍ ചെറിയതോതിലാണെങ്കിലും വിദ്യാലയങ്ങളില്‍ കൂടുന്നുണ്ട്. പത്തനംതിട്ടയിലെചില വിദ്യാലയങ്ങള്‍ അക്കാദമിക ചലനമില്ലാതെ സാമൂഹികശ്രദ്ധ നേടാതെ തുടരുകയാണ്. ആ അക്കാദമിക നിശ്ചലതയെ ഭേദിക്കാതെ അവര്‍ക്ക് മുന്നേറാനാകില്ല. പത്തനംതിട്ടയുടെ വിവരങ്ങളാണ് ചുവടെയുളള പട്ടികയില്‍വരും വര്‍ഷത്തെ മുന്നില്‍ക്കണ്ട് വളരെ ശക്തിയായി പ്രവര്ത്തിച്ചാല്‍ മാത്രമേ കൂടുതല്‍ കുട്ടികളെ പൊതുധാരയിലെത്തിക്കാന് കഴിയൂ. നാല്പത്തെട്ടു ശതമാനത്തോളം കുട്ടികള്‍ പുറത്തുണ്ട്. അവരെ ആകര്‍ഷിക്കണം. സമൂഹമനസില്‍ പൊതുവിദ്യാലയ നിലവാരം പതിയണം.
അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുളളത്
 • കേരളം സമ്പൂര്‍ണ ഹൈടെക്ക് വിദ്യാഭ്യാസ സംസ്ഥാനമായി മാറുന്നു.
 • ഇരുന്നൂറ് സാധ്യായ ദിനങ്ങള്‍ ഉറപ്പാക്കാനുളള കര്‍മപരിപാടി
 • ഒഴിവുളള അധ്യാപക തസ്തികകള്‍ നികത്തുന്നതിനെടുത്ത നടപടികള്‍
 • സമയബന്ധിതമായ പാഠപുസ്തക വിതരണം
 • തനത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന  വിദ്യാലയങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്
 • അക്കാദമിക മികവിനുളള വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍
 • കുട്ടികളുടെ എണ്ണം കുറവുളള വിദ്യാലയങ്ങലെ കേന്ദ്രീകരിച്ചുളള സവിശേഷ പ്രവര്‍ത്തനങ്ങള്‍
 • ഡിജിറ്റര്‍ പോര്‍ട്ട്ഫോളിയോ അടക്കമുളള കാര്യങ്ങള്‍
 • ഭൗതികസൗകര്യം ഉയര്‍ത്തുന്നതിനുളള നടപടികള്‍
 • നിലവാരം മെച്ചപ്പെടുത്തുകയും അത് സമൂഹവുമായി പങ്കിടുകയും ചെയ്യുന്നതിനുളള നടപടികള്‍
 •  
ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിവിധങ്ങളായ പരിപാടികള്‍ രൂപപ്പെടുത്തണം
ചില നിര്‍ദേശങ്ങള്

 • സമൂഹപിന്തുണാതലം വര്‍ധിപ്പിക്കല്‍ ( തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ പിന്തുണയും സാന്നിധ്യവും )
 • ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സ്കൂള്‍ തലത്തിലും സമിതികള്‍ ചേര്‍ന്ന് കര്‍മപദ്ധതികള്‍
 • ജില്ലാതലത്തില്‍ വിപുലമായ ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷന്‍
 • അക്കാദമിക കമ്മറ്റി രൂപീകരിക്കല്‍
 • ജില്ലയിലെ ഏത് വിദ്യാഭ്യാസ ഏജന്‍സി നടത്തന്ന എല്ലാ പരിപാടികളും മുഖ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകണം
 • ഓരോ ഉപജില്ലയും കര്‍മപദ്ധതി തയ്യാറാക്കണം
 • ഈ വിദ്യാലയങ്ങളില്‍ വെച്ച് പരിപാടികള്‍ ( ജില്ലാ, ഉപജില്ലാതലപരിപാടികള്‍) സംഘടിപ്പിക്കണം
 • ഈ വിദ്യാലയങ്ങളുടെ ക്ലസ്റ്റര്‍ രൂപീകരിച്ച് അവിടുത്തെ കുട്ടികള്‍ക്ക് വിദഗ്ധ പിന്തുണ ലഭ്യമാക്കണം
 • ഇംഗ്ലീഷ് നിലവാരമുയര്‍ത്താന്‍ സവിശേഷ പദ്ധതി
 • ഓരോ ഉപജില്ലയിലും ആറുമാസം ദൈര്‍ഘ്യമുളള പരിശീലനം കുട്ടികള്‍ക്ക് ഒഴിവു ദിനങ്ങളില്‍
 • വിദഗ്ധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സേവനം ലഭ്യമാക്കല്‍
 • എല്ലാ വിദ്യാലയങ്ങളും ലക്ഷ്യനിര്‍ണയം നടത്തല്‍( അവസ്ഥാപഠനം)
 • വിദ്യാലയകേന്ദ്രിത പരിപാടികള്‍ ആവിഷ്കരിക്കല്‍
 • ഓരോ മാസവും ഡോക്യുമെന്റേഷന്‍
 • അക്കാദമിക കമ്മറ്റിയുടെ നേതൃത്വത്തില്‍ ശില്പശാല നടത്തി പ്രവര്‍ത്തനമാര്‍ഗരേഖ തയ്യാറാക്കണം
 • അത് അച്ചടിച്ച് എല്ലാ വിദ്യാലയങ്ങള്‍ക്കും ലഭ്യമാക്കണം.
 • സമ്പൂര്‍ണ ഹൈടെക്ക് പ്രഖ്യാപനം-ഹൈടെക്ക് പ്രദര്‍ശനക്ലാസുകള്‍
 • മൂന്നു മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിശദാംശങ്ങളോടെ രൂപപ്പെടുത്തണം
 • അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രവര്‍ത്തനനിര്‍വഹണ പൂര്‍ത്തീകരണം
 • ഒന്നാം ടേം റിസല്‍റ്റ് വിശകലനം ചെയ്ത് കൂടുതല്‍ ഉയര്‍ന്ന നിലവാരം ലക്ഷ്യമിട്ട് പിന്തുണ
 • അധ്യാപകരുടെ മെന്ററിംഗ് -തനത് രീതികള്‍ വികസിപ്പിക്കല്‍

രേഖകള്‍ക്ക്  കടപ്പാട്
1. 2019 july വിദ്യാരംഗം ലേഖനം - K.Vimalan
2. ഡോ സി രാമകൃഷ്ണന്റെ അവതരണക്കുറിപ്പ്

Sunday, July 28, 2019

സായാഹ്ന ക്ലാസ് പി ടി എയും ക്ലാസ് പിടി എ പ്രതിനിധിസഭയും


27/7/2019ന് ഞാന്‍ കലവൂര്‍ ഹൈസ്കൂളിലായിരുന്നു

അവിടുത്തെ വിശേഷങ്ങള്‍ എസ് എം സി ചെയര്‍മാന്‍ നേരത്തെ പങ്കിട്ടിരുന്നു
അതില്‍ എനിക്ക് ഏറ്റവും സവിശേഷം എന്നു തോന്നിയത് സായാഹ്ന ക്ലാസ് പി ടി എ ആണ്
കലവൂര്‍ സ്കൂള്‍ തീരദേശനിവാസികളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയമാണ്. തൊഴിലാളികളാണ് അധികവും. രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകണംകുട്ടികളുടെ പഠനകാര്യത്തില്‍ ശ്രദ്ധിക്കുകയും വേണം. ക്ലാസ് പി ടി എ ഉച്ചയ്ക് ശേഷമായിരിക്കും. അതില്‍ പങ്കെടുക്കണമെങ്കില്‍ അന്ന് ജോലിക്ക് പോകാതിരിക്കണം.
സ്കൂളില്‍ 28 ഡിവിഷനുണ്ട്. ആയിരത്തോളം രക്ഷിതാക്കളും. അവരില്‍ പകുതിപ്പേര്‍ ക്ലാസ് പി ടി എ കാരണം ജോലിക്ക് പോകുന്നില്ല എന്നു കരുതുക. ശരാശരി 750രൂപ കൂലി ഇനത്തില്‍ നിശ്ചയിച്ചാല്‍ പോലും 375000 രൂപയുടെ നഷ്ടം എല്ലാവര്‍ക്കമായി സംഭവിക്കുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ദിവസത്തെ വേതനം വലുതാണ്. രക്ഷിതാക്കള്‍ പറഞ്ഞു. ടീച്ചര്‍മാരേ ക്ലാസ് പിടി എ വൈകിട്ടാക്കാമെങ്കില്‍ ഞങ്ങളെല്ലാം വരാം.
അധ്യാപകര്‍ അത് സമ്മതിച്ചു

അങ്ങനെ കേരളത്തില്‍ ആദ്യമായി ഒരു വിദ്യാലയം സായാഹ്ന ക്ലാസ് പിടി എ എന്ന ആശയം യാഥാര്‍ഥ്യമാക്കി. 28ഡിവിഷനുകളിലും അത് നടന്നു
അവര്‍ പറയുന്നതിങ്ങനെ
2019 - 20 വിദ്യാഭ്യാസ വർഷത്തെ സ്കൂൾ പ്രവർത്തനം മികവുറ്റതാക്കാൻ മെയ് മാസത്തിലാണ് ക്ലാസ് PTA കൾ സ്കൂൾ സമയം കഴിഞ്ഞ് 4 മണി മുതൽ കൂടാം എന്ന് തീരുമാനിക്കുന്നത്.
സർക്കാർ സ്കൂളല്ലേ എങ്ങനെയും ആവാം എന്ന വിട്ടുകൊടുക്കൽ പരിപാടി ഇനി സാധ്യമല്ല. പഠനവും സ്വഭാവഗുണതയും, സ്കൂളിനും വീടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന തരത്തിൽ ഓരോ കുട്ടിയിലും വികാസം പ്രാപിക്കേണ്ടതുണ്ട്.
കുട്ടി വിധിപോലെ വളർന്നാൽ പോര, പഠിക്കാൻ വരുന്ന കുട്ടിയുടെ താല്പര്യങ്ങളും രീതികളും അവളിൽ / അവനിൽ ആത്മവിശ്വാസത്തോടെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം. ക്ലാസ് PTA യുടെ പ്രധാന അജണ്ട ഇതായിരുന്നു.

ജൂൺ അവസാനം തുടങ്ങി ജൂലൈ രണ്ടാം വാരം വരെ ഓരോ ദിവസവും രണ്ട് ക്ലാസ് PTA കൾ വീതം 4 മണി മുതൽ തന്നെ നടത്തി പൂർത്തിയാക്കി. പലപ്പോഴും 6:30 വരെയൊക്കെ നീണ്ടു പോയ ക്ലാസ് PTA കൾ ഉണ്ടായി.
1.ഓരോ ക്ലാസിലും പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കഴിഞ്ഞതും അടുത്ത ടേമിലേയും പാഠ ഭാഗങ്ങളെക്കുറിച്ച് വിശദമായി രക്ഷിതാക്കളുമായി സംസാരിക്കുവാനുള്ള സമയം ലഭിച്ചു.
2. ജോലിയൊക്കെ ഒതുക്കി എത്തുന്ന രക്ഷകർത്താവ്, സമയപരിമിധിയില്ലാതെ കുട്ടിയുടെ പാഠ്യ പഠ്യേതര വിഷയങ്ങൾ ടീച്ചറുമായി പങ്കുവെയ്ക്കുന്നു.
3. ഓരോ കൂട്ടിക്കും വ്യക്തിഗത പരിഗണന ലഭിക്കുന്നതോടെ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ മെച്ചമുണ്ടാകുന്നു.
4. വരാതിരിക്കുന്ന രക്ഷകർത്താക്കളെ കൃത്യമായി അടുത്ത ക്ലാസ് PTA യിൽ എത്തി
ക്കുന്നതിനും വീടുകൾ സന്ദർശിക്കുന്നതിനും തീരുമാനമുണ്ടാകുന്നു.
5. ഓരോ ക്ലാസിനും ക്ലാസ് PTA യുടെ നിർവ്വാഹക സമിതിയായും അക്കാദമിക സപ്പോർട്ട് ഗ്രൂപ്പായും പ്രവർത്തിക്കാൻ കഴിയുന്ന 10 അംഗങ്ങളെ തെരഞ്ഞെടുത്തു.
6. 10 അംഗ ക്ലാസ് PTA സമിതിക്കായുള്ള (ആകെ 280 പേർ) ശില്പശാല ജൂലൈ അവസാനം നടത്തുവാൻ തീരുമാനിച്ചു.
7. പുതിയൊരു ദിശാബോധം രക്ഷിതാക്കളിലും കുട്ടികളിലും സൃഷ്ടിച്ചു കൊണ്ടാണ് ക്ലാസ് പി.ടി.എ കൾ പിരിഞ്ഞത്.
അധ്യാപകര്‍ ആറര വരെ സ്കൂളില്‍ ഉണ്ടായിരുന്നു. ചിലര്‍ ഏഴുമണിവരെ. എല്ലാവരും അവരുടെ ക്ലാസ് പി ടി എ തീരും വരെ രക്ഷിതാക്കള്‍ക്കൊപ്പം.
സാധാരണ ഒരു ക്ലാസില്‍ ക്ലാസ് പി ടി എ നടക്കുമ്പോള്‍ മറ്റു ക്ലാസുകളില്‍ വിഷയപഠനമായിരിക്കും. അതിനാല്‍ എല്ലാ അധ്യാപകര്‍ക്കും ക്ലാസ് പി ടി എയില്‍ വന്ന് അഭിപ്രായം പങ്കിടാന്‍ കഴിയാതെ വരുമായിരുന്നു. അതിനൊരു പരിഹാരം കണ്ടെത്താനായതില്‍ അധ്യാപകര്‍ സന്തുഷ്ടരാണ്. ക്ലാസ് പി ടി എയിലെ പങ്കാളിത്തം വര്‍ധിച്ചു എന്നതാണ് മറ്റൊരു സംഗതി.
പ്രഥമാധ്യാപികയ്കും എസ് എം സി ചെയര്‍മാനും എല്ലാ ക്ലാസ് പി ടി എയിലും നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാനും ഏറെ സഹായകമായി
കഴിഞ്ഞ ദിവസം സ്കൂളില്‍ കൂടിയ അധ്യാപക ശില്പശാലയില്‍ ഇവര്‍ രണ്ടു പേരും ഓരോ ക്ലാസ് പി ടി എയുടെയും മികവുകള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി
280പേരുടെ ക്ലാസ് പി ടി എ പ്രതിനിധി സഭ
ആയിരത്തോളം രക്ഷിതാക്കളുളള വിദ്യാലയത്തില്‍ മുപ്പതില്‍ താഴെ അംഗങ്ങളുളള രക്ഷാകര്‍തൃസമതി എക്സിക്യൂട്ടീവിനും എസ് എം എസിക്കും പരിമിതിയുണ്ട്. ഓരോ ക്ലാസിനെക്കുറിച്ചും പറയാനാളില്ല. കൂടുതല്‍പേരുടെ പങ്കാളിത്തം ഉണ്ടാവുകയാണെങ്കില്‍ അത് വിദ്യാലയമികവിന് ഏറെ സഹായകമാകും. അത്തരം ആലോചനയാണ് ഓരോ ഡിവിഷനില്‍ നിന്നും പത്തുപേരടങ്ങുന്ന ക്ലാസ് പി ടി എ പ്രതിനിധി സഭ രൂപീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

ശനിയാഴ്ച ക്ലാസ് പി ടി എ പ്രതിനിധി സഭയുടെ ശില്പശാലയായിരുന്നു. ഞാന്‍ ചില സാധ്യതകള്‍ അവരുടെ മുമ്പാകെ അവതരിപ്പിച്ചു
അതിനു ശേഷം ഡിവിഷനടിസ്ഥാനത്തില്‍ അവരും അധ്യാപകരും ഒത്തിരുന്നു
ക്ലാസ് തല പ്രവര്‍ത്തനപദ്ധതി തയ്യാറാക്കി.
ഇതോടൊപ്പം സ്കൂള്‍ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയുടെ സൂചന ചുവടെ
 • ലിറ്റില്‍ കൈറ്റ്സിന്റെ നേതൃത്വത്തില്‍ ഓരോ ഡിവിഷനിലേയും പ്രതിമാസമികവ് ഡോക്യുമെന്റേഷന്‍
 • ക്ലാസ് തല പുരസ്കാരങ്ങള്‍ പ്രതിമാസം
 • ഓരോ മാസവും കുട്ടികള്‍ തയ്യാറാക്കുന്ന ക്ലാസ് തല നന്മ റിപ്പോര്‍ട്ട്
 • ക്ലാസ് തല ദിനാചരണങ്ങള്‍
 • ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് (അതത് ദിവസത്തെ മികവ് പങ്കിടാന്‍)
 • സവിശേഷ കഴിവുകാര്‍ക്ക് പ്രത്യേക പരിശീലനം ( അടുത്തമാസം ആരംഭിക്കും)
 • ഗുണതാനിര്‍ണയവും ഗ്രേഡ് പുരോഗതി ഗ്രാഫും ( ഒന്നാം ടേം മുതല്‍)
 • മികച്ച ക്ലാസ് പി ടി എയ്ക് പുരസ്കാരം
 • ക്ലാസ് പാര്‍ലമെന്റ് വിദ്യാലയ മികവിന് . ( കുട്ടികളുടെ അഭിപ്രായം മാനിക്കല്‍, തീരുമാനങ്ങളെല്ലാം അവരുടെ കൂടിയാക്കല്‍, നിര്‍വഹണത്തില്‍ പങ്കാളിത്തം, വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവസരം, പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സഹപാഠിക്കൊരു കൈത്താങ്ങ്. പഠനച്ചിട്ടയ്ക് നിയമാവലി, ക്ലാസ് നിയമങ്ങള്‍ തയ്യാറാക്കല്‍, ക്ലബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, എല്ലാവര്‍ക്കും അവസരം ഉറപ്പാക്കല്‍ എന്നിങ്ങനെ ക്ലാസ് പാര്‍ലമെന്റിന് പ്രവര്‍ത്തനമേഖലകള്‍. പൊതുവായി എന്തുവേണമെന്നു പറയുന്നില്ല. അതത് ക്ലാസുകളില്‍ നിന്നും രൂപപ്പെട്ട് വികസിച്ചു വരട്ടെ. അന്താരാഷ്ട്ര ജനാധിപത്യദിനത്തില്‍ സവിശേഷ പരിപാടി. ക്ലാസ് ജനാധിപത്യത്തിന് പുതുമാതൃക)
 • വ്യക്തിഗത മാസ്റ്റര്‍ പ്ലാന്‍ ( ഓരോ കുട്ടിക്കും. കഴിഞ്ഞ വര്‍ഷം സുധ ടീച്ചര്‍ തയ്യാറാക്കിയത് ഈ വര്‍ഷം എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കുന്നു)
 • കുടുംബ വിദ്യാഭ്യാസ പദ്ധതി ( ഒരു ക്ലാസിലെ രക്ഷിതാക്കള്‍ ട്രൈ ഔട്ട് ചെയ്തത് ക്ലാസ് പി ടി എ പ്രിതിനിധി സഭാംഗങ്ങള്‍ വ്യാപിപ്പിക്കും. അടുത്ത ക്ലാസ് പി ടി എയില്‍ മുഴുവന്‍ കുടുംബങ്ങളിലേക്ക്.

അധ്യാപകര്‍ ആവേശത്തിലാണ്
രക്ഷിതാക്കളും
വിദ്യാലയത്തില്‍ ഈ വര്‍ഷം മൂന്നു ഡിവിഷന്‍ കൂടി
ഒരു രക്ഷിതാവ് പറഞ്ഞത് പണ്ട് കലവൂര് സ്കൂള്‍ എന്നു കേട്ടാല്‍ നെറ്റി ചുളിയുമായിരുന്നു. ഇപ്പോള്‍ എന്റെ കുട്ടി ഇവിടെ പഠിക്കുന്നു എന്നു പറയാന്‍ അഭിമാനമാണ്
ഒരമ്മ പറയുന്നു ക്ലാസ് വാടസ് ആപ്പ് ഗംഭീരപരിപാടിയാണ്. എല്ലാ ദിവസവും ഏഴുമണിയാകുമ്പേഴേക്കും ടീച്ചറുടെ മസേജ് വരും. അതിനായി കാത്തിരിക്കുകയാണ് മിക്കപ്പോഴും.Friday, July 26, 2019

"ഓരോ ക്ലാസും മികവിലേക്ക്, ഓരോ കുട്ടിയും മികവിലേക്ക് " വന്മുകം മാതൃക

 "ഓരോ ക്ലാസും മികവിലേക്ക്, ഓരോ കുട്ടിയും മികവിലേക്ക് "ഇതാണ് ഈ അധ്യയന വർഷത്തെ  വന്മുകം
എളമ്പലിലാട് എം എൽ പി സ്കൂളിന്റെ മികവ് പദ്ധതി.
എന്തെല്ലാം പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് അവർ ഉദ്ദേശിക്കുന്നത്? എന്തിനെല്ലാം  തുടക്കമായി ?
1. ഓരോ ടീച്ചറിനും SRG നോട്ട് ബുക്ക് (എന്റെ SRG നോട്ട് )
സാധാരണയായി SRG കൂടുമ്പോഴാണ് അജണ്ട അറിയുക. അതിനാൽത്തന്നെ തത്സമയം തോന്നുന്നവയാണ് തീരുമാനങ്ങൾ. വേണ്ടത്ര മുന്നൊരുക്കത്തോടെ എല്ലാവർക്കും ചിന്തിക്കാൻ അവസരം നൽകി SRG സംഘടിപ്പിച്ചാലോ? SRG ശക്തമാവുകയാണ് അക്കാദമിക മികവുയുത്താൻ ആദ്യം വേണ്ടതെന്ന് ഈ വിദ്യാലയം കരുതുന്നു.
എല്ലാ വെള്ളിയാഴ്ചയും SRG . എല്ലാ ചൊവ്വാഴ്ചയും Teachrs watsap Group വഴി അജണ്ട നൽകും. ഈ അജണ്ടയെ അടിസ്ഥാനമാക്കി ഓരോ ടീച്ചറുo തന്റെ കൈയിലുള്ള 'എന്റെSRG നോട്ടിൽ ' ആസൂത്രണരേഖപ്പെടുത്തലുകൾ നടത്തി യോഗത്തിൽ അജണ്ട യോട് പ്രതികരിക്കും. അവതരിപ്പിച്ച കാര്യങ്ങൾ പൊതു SRGമിനുട്ട്സിൽ രേഖപ്പെടുത്തും. തീരുമാനങ്ങളും
സ്കൂളിലെ 5 അധ്യാപകർക്കും എന്റെ SRG നോട്ട് ഉണ്ട്.
 ഈ പ്രവർത്തനത്തിലൂടെ ഓരോ ടീച്ചറും SRG യോഗത്തെ ഗൗരവത്തിലെടുക്കുന്നതിനും, ചിട്ടയായ രീതിയിൽ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും സാധിക്കുന്നുണ്ട്.
 മേലടി BRC യുടെ മികച്ച SRG മിനുട്സ് ആയി  ഞങ്ങളുടെ മിനുട്സ് തെരഞ്ഞെടുത്തിട്ടുണ്ട്.
പി.കെ.അബ്ദുറഹ്മാനാണ് കൺവീനർ. 
 2. ഓരോ ടീച്ചറിനും മാസാന്ത പ്രവർത്തന കലണ്ടർ.
 ഓരോ ക്ലാസ് ടീച്ചറും അവരുടെ 'എന്റെSRG നോട്ടിൽ' അടുത്ത മാസം തങ്ങളുടെ ക്ലാസിൽ നടത്തുന്ന പ്രവർത്തനങ്ങൾ തിയ്യതി ക്രമം അനുസരിച്ച് തയ്യാറാക്കി SRG യോഗത്തിൽ അവതരിപ്പിക്കുന്നു.
     ക്ലാസിലെ പ0ന പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ഇവയെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിരിക്കും.
     ഓരോരുത്തരുടെയും ഈ കലണ്ടർ അടിസ്ഥാനമാക്കി ഓരോ ആഴ്ചയും SRG യോഗം ചേർന്ന് മികവുകൾ- പോരായ്മകൾ 
ഇവ ചർച്ച നടത്തി വരുന്നു.
      ഓരോ ടീച്ചറും ചിട്ടയായ രീതിയിൽ സ്ഥിരമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സമയബന്ധിതമായി ക്ലാസ് റൂമിൽ പൂർത്തീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, ഇല്ലെങ്കിൽ ആവശ്യമായ പിന്തുണാ സഹായങ്ങൾ SRG യോഗത്തിന് നൽകാനും  കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം.
      ഓരോ ക്ലാസും ഓരോ കുട്ടിയും മികവിലേക്ക് എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ഈ പ്രവർത്തനം ഏറെ സഹായകമാകുന്നു.
    ഓരോ മാസാവസാനവും ചേരുന്ന SRG യോഗത്തിലാണ് അടുത്ത മാസത്തെ പ്രവർത്തന കലണ്ടർ ഓരോ ടീച്ചറും അവതരിപ്പിക്കുന്നത്.
3  ' ഹോം ലൈബ്രറിയിൽ നിന്ന് പുസ്തക പ്രസാധനത്തിലേക്ക്...
കഴിഞ്ഞ അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ സ്ഥാപിച്ച് കൊണ്ട് സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി ഈ വിദ്യാലയം മാറിയിരുന്നു;
    ഇതിന്റെ തുടർച്ചായി ഈ അധ്യയന വർഷം സ്കൂളിലെ  ഓരോ കുട്ടിയും സ്വന്തം സ്വതന്ത്ര സാഹിത്യ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്ന പുസ്തകങ്ങൾ ജനുവരി മാസം പുറത്തിറക്കും.
    പ്രത്യേക പ്രൊജക്ട് തയ്യാറാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
       ഈ വർഷം പുതിയതായി ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.
4. സഹവര്‍ത്തിത മോണിറ്ററിംഗ്
H.M. ന്റെ ക്ലാസ് മോണിറ്ററിംഗിന് പകരം SRG തീരുമാന പ്രകാരം വിവിധ ക്ലാസുകളിലെ അധ്യാപകർ പരസ്പരം മാറി ക്ലാസ് മോണിറ്ററിംഗ് നടത്തി കണ്ടെത്തലുകൾ SRG യിൽ അവതരിപ്പിക്കുന്നു.
5. CPTA വാട്സപ്പ് ഗ്രൂപ്പ്
SRG മെയ് മാസം തീരുമാനിച്ച 'Daily Documentation' എന്ന പദ്ധതി അനുസരിച്ച് ഓരോ ക്ലാസ് ടീച്ചറും CPTA watSap ഗ്രൂപ്പ് രൂപീകരിച്ച് ഓരോ ദിവസവും ക്ലാസിൽ നടക്കുന്ന ഒരു പ്രവർത്തനമെങ്കിലും ആ ഗ്രൂപ്പിൽ അതാത് ദിവസം രാത്രിയോട് കൂടി Post ചെയ്യണം.
   ഗ്രൂപ്പ് പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടോ, ക്ലാസ് ടീച്ചർ Daily Document ചെയ്യുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ H.M,SRG കൺവീനർ എന്നിവരെ എല്ലാ ഗ്രൂപ്പിലും ഉൾപ്പെടുത്തി.
     SRG യോഗത്തിൽ ഇവയുടെ വിലയിരുത്തലും നടക്കുന്നു.
6. ഓരോ ക്ലാസിലും മുഖ്യമന്ത്രിയും മന്ത്രിമാരും 
ഓരോ ക്ലാസ്സിലും തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയെയും, മന്ത്രിമാരെയും തെരഞ്ഞെടുത്തു.
      സ്കൂൾ പ്രധാനമന്ത്രിയെ ഇലക്ട്രോണിക് വോട്ടിoഗ് മെഷീന്റെ സഹായത്തോടെ യഥാർത്ത തെരഞ്ഞെടുപ്പ് മാതൃകയിൽ നടന്നു.
7. എല്ലാ മാസവും പുസ്തക പരിശോധന*
SRG നിശ്ചയിച്ച സൂചകങ്ങൾ ഉപയോഗിച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അധ്യാപകർ ക്ലാസുകൾ മാറി പുസ്തക പരിശോധന നടത്തി വരുന്നു.
     കണ്ടെത്തിയ മികവുകൾ/പോരായ്മകൾ എന്നിവ കണ്ടെത്തി SRG യിൽ അവതരിപ്പിക്കും, കണ്ടെത്തിയ പോരായ്മകൾ അടങ്ങിയ സ്ലിപ്പ് ക്ലാസ് ടീച്ചർക്ക് കൈമാറി പോരായ്മകൾ പരിഹരിക്കാനുള്ള നിർദ്ദേശം നൽകും.
8. എല്ലാ ക്ലാസിലും നോളജ് ഹണ്ട്;
     എല്ലാ ദിവസവും വൈകുന്നേരം ഒരു പൊതു വിജ്ഞാന ചോദ്യം നൽകുകയും അടുത്ത ദിവസം പ്രത്യേക ബോക്സിൽ ഉത്തരം നിക്ഷേപിച്ച് പരിശോധന നടത്തി വിജയികൾക്ക് സ്റ്റാർ നൽകി വരുന്നു.
9.  ദിനാചരണങ്ങൾ ക്ലാസ് തലത്തിൽ..
സ്കൂൾ തലത്തിൽ നടത്തി വരുന്ന  പൊതുദിനാചരണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഓരോ ക്ലാസിലും ദിനാചരണങ്ങൾ നടത്തി വരുന്നു. ദിനാചരണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഓരോ അധ്യാപകരും മാസാന്ത പ്രവർത്തന കലണ്ടറിൽഉൾപ്പെടുത്തുന്നു. 
 10. സ്കൂളിലെ ചടങ്ങുകളെല്ലാം കുട്ടികളുടെ നിയന്ത്രണത്തിൽ* 
   സ്കൂളിൽ നടക്കുന്ന മിക്ക ചടങ്ങുകൾക്കും സ്വാഗതം, അദ്ധ്യക്ഷൻ,  ആശംസ, നന്ദി, എന്നിവയിലധികവും 3,4 ക്ലാസുകളിലെ കുട്ടികളാണ് ചെയ്യുന്നത്.
   'ക്ലാസ് പി.ടി.എ.യോഗങ്ങളെല്ലാം അതാത് ക്ലാസുകളിലെ മുഖ്യ മന്ത്രിമാരുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്.
11. ക്ലാസ് തല തനത് പ്രവർത്തനങ്ങൾ.
-----------    ------     -----  -----
ഓരോ ക്ലാസിലും വ്യത്യസ്ഥ തരത്തിലുള്ള തനത് പ്രവർത്തനങ്ങൾ ക്ലാസ് തല പ്രവർത്തന കലണ്ടറിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. ഫലപ്രദമായി ഇവ നടക്കുന്നുണ്ടോ എന്ന് SRG യോഗം ഓരോ ആഴ്ചയും വിലയിരുത്തുന്നു,   

Tuesday, July 23, 2019

ദിനാചരണങ്ങളിലെ വിദ്യാർഥി പക്ഷ സമീപനം

ചാന്ദ്രയാൻ വിക്ഷേപണത്തെക്കുറിച്ച് സ്കൂളിലെ നാൽപ്പതിനു മുകളിൽ (സയൻസ് ക്ലബ്ബ് അംഗങ്ങളായ ) വിദ്യാർഥികൾ മൾട്ടി മീഡിയ സംവിധാനങ്ങൾ ഉപയോഗിച്ച് ക്ലാസെടുത്തുചാന്ദ്രയാന്റെ അപ്പോജിയെക്കുറിച്ചും പെരിജിയെക്കുറിച്ചും ആറാം ക്ലാസിലെ അനന്യ എത്ര സ്മാർട്ടായാണ്  ക്ലാസെടുത്തത്! സ്ക്കൂളിലെ നാൽപ്പതോളം ക്ലാസ് മുറികളിൽ ക്ലാസെടുത്ത ഓരോ ടീമിന്റെയും പ്രകടനം ഒന്നിനൊന്ന് മെച്ചമായിരുന്നു.

ദിനാചരണങ്ങൾ അധ്യാപക കേന്ദ്രിത പരിപാടിയായി മാറുന്നുണ്ടോ? അധ്യാപകർ തയ്യാറാക്കിയ ക്വിസ് പരിപാടി, അധ്യാപകർ ഒരുക്കുന്ന പ്രദർശനം, അധ്യാപകർ നയിക്കുന്ന ക്ലാസുകൾ.. കുട്ടികൾ സ്വീകർത്താക്കളായി മാത്രം മാറുന്നു.
സ്വയം പOന ശേഷി വികസിപ്പിക്കൽ, ആശയ വിനിമയ നൈപുണി പോഷിപ്പിക്കൽ, പൊതു സദസുകളെ അഭിസംബോധന ചെയ്യാനുള്ള കഴിവ് വളർത്തൽ എന്നിവ ലക്ഷ്യമാക്കി കുട്ടികളുടെ പക്ഷത്ത് നിന്ന് കാര്യങ്ങളെ സമീപിച്ചാലോ?
കേരളത്തിലെ ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് വേറിട്ട പ്രവർത്തനങ്ങൾ നടത്തി ആയിരക്കണക്കിന് അധ്യാപകർക്ക് വിഭവ പിന്തുണ നൽകി മാതൃകാ പ്രവർത്തനം നടത്തുന്ന ഇല്യാസ് മാഷ്  സഹപ്രവർത്തകരോടൊപ്പം ഇവിടെ ദിനാചരണ പരിപാടികൾ കുട്ടികൾക്ക് മുഖ്യസ്ഥാനം ലഭിക്കു വിധം രൂപകൽപന ചെയ്യുകയായിരുന്നു
 അഭിമാനമായ ചന്ദ്രയാൻ-2 ന്റെ വിക്ഷേപണം വ്യത്യസ്തമായ പരിപാടികളോടെയാണ് മഞ്ചേരി ഗവ:ബോയ്സ് ഹൈസ്ക്കൂളിലെ ശാസ്ത്ര ക്ലബ്ബും സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്സും ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി മഞ്ചേരി പുതിയ ബസ്റ്റാന്റിൽ ശാസ്ത്ര ക്ലബ്ബ്, SPC എന്നിവയിൽ  അംഗങ്ങളായ  ജിത്ത്, മേധ, ഹരിപ്രിയ, നമിത എന്നീ വിദ്യാർഥികൾ  ചാന്ദ്രയാൻ-2 ദൗത്യത്തെക്കുറിച്ച് പൊതുജനങ്ങൾക്കായി മൾട്ടിമീഡിയ സംവിധാനമുപയോഗിച്ച് ക്ലാസെടുക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. ഇതോടൊപ്പം സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ  രണ്ടംഗ ടീമുകളായി സ്ക്കൂളിലെ മുഴുവൻ ക്ലാസുകളിലും ചാന്ദ്രയാനെക്കുറിച്ച് മൾട്ടിമീഡിയ സംവിധാനങ്ങളുപയോഗിച്ച്  ക്ലാസെടുക്കുകയും വിക്ഷേപണത്തിന്റെ ലൈവ് വീഡിയോ,  പ്രൊജക്റ്റർ ഉപയോഗിച്ച് പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിനായി സയൻസ് ക്ലബ്ബിലെ 40 വിദ്യാർഥികൾ  ഒരാഴ്ച മുമ്പ് തന്നെ വിദഗ്ധരുമായി കൂടിയിരിക്കുയും രീതികൾ വികസിപ്പിക്കുകയും ചെയ്തിരുന്നു. സയൻസ് ക്ലബ്ബ് തയ്യാറാക്കിയ പ്രസന്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്. സ്ക്കൂൾ സയൻസ് ക്ലബ്ബംഗങ്ങൾ സമീപത്തുള്ള വേട്ടേക്കോട് GUPS, സഭാ ഹാൾ GMLPS എന്നീ  വിദ്യാലയങ്ങളിലേക്കും കടന്നു ചെല്ലുകയും അവിടെയും ചാന്ദ്രയാനെക്കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഇവർ സമീപത്തെ മറ്റു ചില വിദ്യാലയങ്ങളിലും ക്ലാസെടുക്കും.  ചാന്ദ്രയാൻ, മറ്റു ബഹിരാകാശ ദൗത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നൂറോളം പാനലുകളുടെ പ്രദർശനവും സ്ക്കൂളിലും ബസ്റ്റാന്റിലും  നടന്നു. ആരും ധൈര്യപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്യുവത്തിനടുത്ത് വാഹനമിറക്കാൻ ധൈര്യം കാണിച്ച ISRO യെ പ്രശംസിച്ചു കൊണ്ട് എസ്.പി.സി അംഗങ്ങൾ, സയൻസ് ക്ലബ്ബ് അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഒരു വലിയ ക്യാൻവാസിൽ സന്ദേശങ്ങളെഴുതി ഒപ്പിട്ട് അത് വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലേക്ക് അയച്ചു കൊടുത്തു. സ്ക്കൂളിനെയും നാടിനെയും മുഴുവൻ ചലിപ്പിച്ച ഒരു ആഘോഷമാണ് ചാന്ദ്രയാൻ-2 വിക്ഷേപണവുമായി ബന്ധപ്പെട്ട് സ്ക്കൂൾ നടത്തിയത്.
*ആധികാരിക സന്ദർഭം പ്രയോജനപ്പെടുത്തി കുട്ടികൾ ശാസ്ത്ര പ്രചാരക സംഘമായി മാറി.
*കുട്ടികളുടെ മികവ് സമൂഹത്തിന് ബോധ്യപ്പെടാൻ അവസരമൊരുക്കി
*കുട്ടികളിൽ ആത്മവിശ്വാസം വളർത്തി
*പൊതു സമൂഹത്തിനുള്ള ശാസ്ത്രാത്രാവബോധ കാമ്പെയിനായി മാറ്റി
*ശാസ്ത്ര പOനത്തിൽ സമൂഹബന്ധിത സാധ്യത കണ്ടെത്താൻ ശ്രമിച്ചു
*ഹൈടെക് രീതികളിൽ കുട്ടികളുടെ കൈയടക്കം ബോധ്യപ്പെടുത്താനായി
*വിദ്യാലയത്തെ വിഭവകേന്ദ്രമാക്കി സമീപത്തുള്ള വിദ്യാലയങ്ങൾക്ക് പിന്തുണ നൽകി.
വിദ്യാലയത്തിന് അഭിവാദ്യങ്ങൾ

Sunday, July 21, 2019

ക്യൂ ആ കോഡില്‍ ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ ( ശുഹൈബടീച്ചറുടെ രണ്ടാം ക്ലാസ്)


അവരുണ്ട്  ക്യൂ ആ കോഡില്‍ 
കുട്ടികള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ആധികാരികരേഖകളാകണം. എപ്പോള്‍ വേണമെങ്കിലും അവ പരിശോധിക്കാന്‍ കഴിയണം. അതിനായി ഓരോ ചടങ്ങും വീഡിയോയില്‍   ശുഹൈബ ടീച്ചര്‍ പകര്‍ത്തിവെക്കുന്നു. അതിന്റെ  മൂല്യനിര്‍ണയവും നടത്തുന്നു. ഡിജിറ്റല്‍  പോര്‍ട്ട് പോളിയോ ആക്കിയിട്ടുണ്ട്. കുട്ടികളുടെ നോട്ട് ബുക്കുകള്‍ ,പ്രവര്‍ത്തങ്ങള്‍ ക്യുആര്‍  ആപ്പുമായി ബന്ധിപ്പിച്ച് ഫയല്‍ ആക്കി സൂക്ഷിച്ചുവെക്കുന്നത് മറ്റൊരു പ്രവര്‍ത്തനമാണ്. ഇതുമൂലം ഓരോ രക്ഷിതാവിനും തങ്ങളുടെ സ്മാട്ട് ഫോണിലൂടെ കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളെ എപ്പോഴും നിരീക്ഷിക്കാനാവുന്നു. ഓരോആഴ്ചയിലും കുട്ടികളുടെ ക്ലാസ്‌റൂം പ്രവര്‍ത്തനമികവുക ള്‍ രക്ഷിതാക്കളി ല്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. സ്മാര്‍ട്ട് ഫോണും ഇന്റെര്‍ നെറ്റും ഗെയിം കളിക്കാനും വാട്‌സാപ്പി ല്‍  മെസേജയക്കാനും മാത്രമായല്ല ഉപയോഗിക്കേണ്ടതെന്ന സന്ദേശം രക്ഷിതാക്ക ള്‍ ക്കും വിദ്യാര്‍ഥികള്‍ ക്കും ഒരുപോലെ ഈ പ്രവ ര്‍ത്തനത്തിലൂടെ ന ല്‍ കാനും സാധിക്കുന്നു.

രക്ഷിതാക്കളുടെ യോഗം

രക്ഷിതാക്കളുടെ യോഗം ക്ലാസിലാണ് ചേരാറുള്ളത്. യോഗത്തിനു മുന്നോടിയായി അജണ്ട തീരുമാനിക്കും. അവ തയ്യാറാക്കി ഓരോകുട്ടിയുടെയും രക്ഷിതാക്കളുടെ പേരെഴുതി  നോട്ടീസ് കൊടുത്തയച്ചു. അതുകൊണ്ടുതന്നെ യോഗത്തിനെത്തുന്ന രക്ഷിതാക്കള്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനും പരിഹാരം നിര്‍ദേശിക്കാനും കൂടി സന്നദ്ധരായാണ് എത്തുക. അതിലുപരി കുട്ടിക്കുവേണ്ടി രക്ഷിതാക്കളും പഠിക്കേണ്ടിവരുന്നു. അവരുടെ പഠനത്തിലെ പോരായ്മ പരിഹരിക്കുന്നതിനുകൂടി ഈ യോഗം കാരണമായി തീരുന്നുണ്ട്.
 കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ, രക്ഷിതാക്കളും അധ്യാപകരും കുട്ടികളും അറിഞ്ഞും അറിയിച്ചും പ്രശ്‌നങ്ങളെ ലഘൂകരിക്കാനും സാധിക്കുന്നു. അതിലുപരി പിരിമുറുക്കങ്ങളില്ലാതെ കുട്ടികള്‍ ക്ക് പഠനത്തെ സമീപിക്കാന്‍ സാധിക്കുന്ന അന്തരീക്ഷമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അതൊരു ചെറിയൊരുകാര്യമല്ലല്ലോ.
രക്ഷിതാക്കള്‍  കുട്ടികളുടെ മികവുകളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങളും കൊടുത്തയക്കുന്ന നോട്ടിസില്‍ കുറിക്കണം.   ഇത് പുതിയ പ്രതീക്ഷ നല്കുന്നു. അവര്‍ക്കുകൂടി മെച്ചപ്പെടാനും ഉപകരിക്കുന്നു. തുടര്‍ന്നും രക്ഷിതാക്കളുടെ കൂട്ടായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്.

തുടരുന്നു ഈ യാത്ര

ഇനിയും ഒന്‍പത് മാസങ്ങള്‍. തുടങ്ങിയിട്ടേയുള്ളൂ. തുടക്കമായ പല പ്രവര്‍ത്തനങ്ങളും ഇനിയും തുടരും. പുതിയവ വന്നുചേരും. അവയും മികച്ച രീതിയില്‍  നടപ്പാക്കും. അതിനിടെ ടാലന്‍ ലാബിന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്
രണ്ടാം ക്ലാസിലെ വിശേഷങ്ങളറിയാന്‍ വിദ്യാഭ്യാസമന്ത്രി താല്പര്യം പ്രകടിപ്പിച്ചതും ശുബൈഹടീച്ചറെ വിളിപ്പിച്ചതും വിശേഷങ്ങള്‍ അറിഞ്ഞ് അഭിനന്ദിച്ചതും ടീച്ചര്‍ക്കുുളള അംഗീകാരമമാണ്. ഓരോ ക്ലാസും വൈവിധ്യമുളള അഖ്കാദമിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിയട്ടെ.

Thursday, July 18, 2019

രണ്ടാം ക്ലാസില്‍ വായനയുടെ വാതിലുകള്‍ തുറന്ന ദിനം


ശുഹൈബടീച്ചറുടെ രണ്ടാം ക്ലാസ് ( രണ്ടാം ഭാഗം)
ജൂണ്‍ 17 മുതല്‍ 22വരെ
  അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം
ശുഹൈബടീച്ചര്‍ കരുതുന്നത് വായന കുഞ്ഞുമനസ്സുകളെ പ്രചോദിപ്പിക്കും. യുവത്വത്തില്‍  പോഷണമാകും. വാര്‍ധക്യത്തില്‍ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും. എന്നാണ് വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത വീടുപോലെയാണ് എന്നുമുണ്ട് മഹത്വാക്യം. മൂല്യമുള്ള വായനയിലൂടെയേ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനാകൂ. അവര്‍ക്ക്  മികച്ച വിദ്യാഭ്യാസം നല്കുന്നതി ന്റെ തുടക്കമെന്ന നിലയിലാണ് വിദ്യാലയത്തില്‍ സ്‌കൂ ള്‍ ലൈബ്രറികള്‍  ടീച്ചര്‍ സ്ഥാപിച്ചത്
      അമ്മ വായന.. കുഞ്ഞു വായന.. കുടുംബ വായന.. കുടുംബപുസ്തകം എന്നിങ്ങനെ വായനയെ പരിപോഷിപ്പിക്കാന്‍ ചില പദ്ധതിക ള്‍ ക്ക് ക്ലാസില്‍ തുടങ്ങി. മികച്ച പ്രതികരണങ്ങളാണ് കുട്ടികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഇതിന് ലഭിച്ചത്.  
ദേവന പത്രവായന നിര്‍വഹിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.  
മൊഴിമാറ്റത്തിനു പ്രേരകം വെയില്‍ത്തുളളി
ഒന്നാം ക്ലാസിലുള്ള ഇംഗ്ലീഷ് പാഠഭാഗത്തിലെ കഥക ള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി എഴുതി പിന്നീട് വായന കാര്‍ഡ് നിര്‍മിച്ചു. ഇതിന് പ്രചോദനമായത് വെയില് തുള്ളികള്‍ എന്ന കൂട്ടായ്മയിലെ ഷമീന ടീച്ചര്‍ ആയിരുന്നു
വായനാ കാര്‍ഡിലെ കയ്യൊപ്പ്
കഥകളിലൂടെയെ കുഞ്ഞു മനസുകള്‍ കവരാനാകൂ കുട്ടികള്‍ക്ക് കഥയുടെ തുടക്കവും ഒടുക്കവും ഊഹിച്ചു പറയാന്‍ ഉതകുന്ന തരത്തില്‍  ഉള്ള ചെറിയ ചെറിയ ചിത്ര കാര്‍ഡുകള്‍ നിര്‍മിച്ചു നല്കി
ഈ വായന കാര്‍ഡ് ഓരോ കുട്ടിക്കും കൈമാറി. ഒന്നാം ക്ലാസിലെ വായന പരിപോഷിപ്പിക്കാന് കുട്ടിക ള്‍ ക്ക് ഉപഹാരമായി ഓരോ വായന കാര്‍ഡും ക്ലാസ് ലീഡ ര്‍  ഒന്നാം ക്ലാസ് അധ്യാപകര്‍ ക്ക് കൈ മാറി
ഓരോകുട്ടിയും  ഒഴിവുസമയത്ത് രണ്ട് കാര്‍ഡ് വായിക്കണം. വായിച്ച കാര്‍ഡ് സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കേള്‍ കകുന്ന തരത്തില്‍ ഉച്ചത്തില്‍ മൈക്കിലൂടെയും വായിച്ചു. ഓരോ കുട്ടിയും വീട്ടിലേക്ക് വായനാകാര്‍ഡുമായി പോയി. അവരത് വായിച്ചു എന്ന് ഉറപ്പാക്കാന്‍ രക്ഷിതാക്കളുടെ സാക്ഷ്യപത്രമായി കാര്‍ഡിന് ചുവടെ അവ ര്‍ ഒപ്പും ചാര്‍ത്തി. ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്. അങ്ങനെ ക്ലാസിലെ വായനയും വീട്ടിലെ വായനയും നടക്കുന്നുണ്ട്.
വായനാവസന്തമായി  ഹോംലൈബ്രറി


  ഇതൊരു ചെറിയ കാര്യമല്ല. മഹത്തായ കാര്യംതന്നെയാണ്. ഒരു സമൂഹത്തെ വായനാശീലമുള്ളവരാക്കി മാറ്റുക. കുട്ടികള്‍ തന്നെ അവരവരുടെ വീടുകളില്‍ ലൈബ്രറി ഒരുക്കി. റിബണ്‍, ബലൂണ്‍ എന്നിവ കെട്ടി അലങ്കരിച്ചു. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിഡിയോയും ഫോട്ടോയും ക്ലാസ്തല വാട്ട്‌സ് ഗ്രൂപ്പില്‍ ഇടുന്നു. പുസ്‌കത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ ഇട്ട് രേഖപ്പെടുത്തി. ഒരോ ദിവസവും ക്ലാസില്‍ പഠിച്ച അക്ഷരങ്ങള്‍ അവര്‍ ലൈബ്രറിയിലെ പുസ്തകത്തില്‍ നിന്ന് എടുത്തെഴുതും. ക്ലാസിലെ മരത്തില്‍ എഴുതി തൂക്കും.കൂടാതെ ക്ലാസ് ടീച്ചര്‍ വീടുകള്‍ സന്ദര്‍ശിച്ചു പുസ്തക കിറ്റ് നല്‍കി വരുന്നു.
(തുടരും)