ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, May 26, 2016

കുട്ടികള്‍ അധ്യാപകനെ വിലയിരുത്തിയപ്പോള്‍


ഞാന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് എന്നെ വിലയിരുത്താന്‍ അവസരം നല്‍കാറുണ്ട്. അവര്‍ക്ക് സ്വതന്ത്രമായി എന്തും എഴുതാം. മുന്‍വര്‍ഷം പഠിതാക്കള്‍ നടത്തുന്ന വിലയിരുത്തല്‍ കുറിപ്പുകള്‍ പരിഗണിച്ചു കൂടുതല്‍ മെച്ചപ്പെടുത്തിയ പഠനാനുഭവങ്ങളാണ് അടുത്ത വര്‍ഷത്തെ കുട്ടികള്‍ക്ക് നല്‍കുക. എന്റെ അധ്യാപനത്തെ വിലയിരുത്താന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്നതിലൂടെ വിലയിരുത്തലിനെക്കുറിച്ച് പുതിയ ധാരണ പകരാനും കഴിയുന്നുണ്ട്. പരിമിതികള്‍ മനസിലാക്കാന്‍ ഇതാണ് സ്വീകരിക്കാവുന്ന രീതികളിലൊന്ന്.
ഡി എഡ് കോഴ്സ്
സെമസ്റ്റര്‍ -മൂന്ന് 2015-16
വിഷയം-വിദ്യാഭ്യാസത്തിന്റെ ചരിത്രപരവും സാമൂഹികവും ദാര്‍ശനികവുമായ അടിത്തറ
ഞാനൊരുക്കിയ ക്ലാസനുഭവങ്ങളെക്കുറിച്ച് കുട്ടികള്‍ വിലയിരുത്തുന്നതിന് പരിഗണിച്ച കാര്യങ്ങളും പ്രതികരണങ്ങളും ചുവടെ-
  1. 1.നമ്മുടെ ക്ലാസിനെ പ്രതിനിധീകരിക്കാവുന്ന ഒരു ചിത്രം വരയ്കുക
    വരച്ച ചിത്രങ്ങളിവയാണ്
    1. കമ്പ്യൂട്ടറും കുട്ടികളും അധ്യാപകനും
    2. പൂവ്
    3. തുറന്ന പുസ്തകത്തിനു മീതേ പറക്കുന്ന പക്ഷികള്‍
    4. തുറന്ന പുസ്തകത്തിനു മീതേ സൂര്യന്‍
    5. തുറന്ന പുസ്തകം
    6. മഴ
    7. പൂക്കളും മഴവില്ലും
    8. കത്തുന്ന നിലവിളക്ക്
    9. ഉദയസൂര്യന്‍
    2.നമ്മുടെ ക്ലാസിനെക്കുറിച്ച് മനസില്‍ തങ്ങി നില്‍ക്കുന്ന അഞ്ചു കാര്യങ്ങള്‍ എഴുതുക( മെച്ചങ്ങളും പരിമിതികളും)
    1. തുടക്കം മുതല്‍ അവസാനം വരെ എന്തെങ്കിലും പുതുമ ഉണ്ടായിരുന്നു
    2. സന്തോഷം, ഉന്മേഷം അടങ്ങിയ ക്ലാസ്
    3. കുട്ടികളോടും കാണിക്കുന്ന ക്ഷമയും സ്നേഹവും പ്രശംസനീയം
    4. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം ഉണ്ടാക്കിത്തരുന്ന ക്ലാസ്
    5. ഐ ടി സാധ്യതകള്‍ എത്രത്തോളം പഠനത്തില്‍ ഫലപ്രദമാണെന്നു കാണിച്ചു തന്ന ക്ലാസ്. അതിനാല്‍ ക്ലാസ് രസകരമായിരുന്നു
    6. കുട്ടികളെ മനസിലാക്കുന്ന അധ്യാപകന്‍
    7. സൗഹൃദപരമായ അധ്യാപനം
    8. ഓര്‍മയില്‍ എന്നും തങ്ങി നില്‍ക്കുന്ന മാര്‍ഗോപദേശങ്ങള്‍
    9. അനുഭവങ്ങളിലൂടെ തന്നെത്തന്നെ തിരിച്ചറിഞ്ഞുളള പഠനം
    10. ഏതുതരം പഠനശേഷി ഉളളവര്‍ക്കും മനസിലാകുന്ന തരത്തിലുളള പഠനം
    11. എന്തിനെയും വിമര്‍ശനാത്മകമായി കാണാന്‍ പറഞ്ഞത് ഒരു പുതിയ അനുഭവമായിരുന്നു
    12. മറ്റുളളവരില്‍ നിന്നും വ്യത്യസ്തമായ പഠിപ്പിക്കല്‍
    13. ആര്‍ക്കും മാതൃകയാക്കാവുന്ന നല്ല അധ്യാപനരീതി
    14. മുഷിപ്പിക്കാതെയുളള പഠനം
    15. ജീവിതവുമായി ബന്ധിപ്പിച്ചുളള പഠനം
    16. മനസില്‍ തങ്ങിനില്‍ക്കുന്ന രീതിയിലുളള പഠനം
    17. മഴ പെയ്യുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. അതുപോലെയാണ് സാര്‍ പഠിപ്പിക്കുന്നതും
    18. ഒരേ കാര്യം തന്നെ പലരീതിയില്‍ പറഞ്ഞുതരും
    19. സൗഹൃദപരമായ രീതി
    20. മനസിലാകാത്ത കാര്യങ്ങള്‍ ചോദിച്ചാല്‍ നല്ല രീതിയില്‍ പറഞ്ഞുതരും
    21. ഒരു ക്ലാസില്‍ ഇരുന്നാല്‍തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാം
    22. വിദ്യാഭ്യാസം എങ്ങനെയാകണമെന്നു മനസിലായി
    23. സിനിമയും പഠനത്തില്‍ ഉള്‍പ്പെടുത്താമെന്നു മനസിലായി
    24. കുട്ടികളെ പഠിപ്പിക്കേണ്ട രീതി തിരിച്ചറിഞ്ഞു
    25. കൃത്യനിഷ്ഠത

    26. എല്ലാവര്‍ക്കും തുല്യപങ്കാളിത്തം
    27. എന്തു സംശയവും ചോദിക്കാനുളള സ്വാതന്ത്യം ഉണ്ടായിരുന്നു
    28. കണ്ടു മനസിലാക്കിയതുകൊണ്ട് ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ കഴിയും
    29. ഇത്രയും പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയ ക്ലാസുകള്‍ ജീവിതത്തിലിതുവരെ ലഭിച്ചിട്ടില്ല
    30. പുതിയ പഠനാനുഭവങ്ങള്‍ ലഭിച്ചു
    31. പഠിച്ച കാര്യങ്ങളെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കുമെന്ന ആത്മവിശ്വാസമുണ്ട്
      (പരിമിതികള്‍ ആരും കുറിച്ചില്ല. )
    3. ഈ ക്ലാസിനെക്കുറിച്ച് എന്താവും പത്തു വര്‍ഷം കഴിഞ്ഞ് ഒരു സുഹൃത്തിനോട് പറയുക. (രണ്ടു കാര്യം എഴുതുക)
    1. ഇനിയും കിട്ടാത്തതും ഞങ്ങള്‍ കുറച്ചുപേര്‍ക്കുമാത്രം കിട്ടിയതുമാണ് ഈ ക്ലാസ് ദിനങ്ങള്‍
    2. ഒരു അധ്യാപകനും ഇതുവരെ ഇങ്ങനെ പഠിപ്പിച്ചിട്ടില്ല
    3. ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കേണ്ട ഓര്‍ക്കാനിഷ്ടപ്പെടുന്ന ദിനങ്ങള്‍
    4. നമ്മെ തിരിച്ചറിഞ്ഞ്, നാമാരാണെന്നു നമ്മളെ തിരിച്ചറിയിക്കുന്ന അധ്യാപകന്റെ കീഴിലുളള പഠനം ഇന്നും ഞാന്‍ വളരെ സ്നേഹത്തോടെ ഓര്‍ക്കുന്നു
    5. സാര്‍ എന്തിനെക്കുറിച്ചും പറയുന്നതിനു മുമ്പായി കുട്ടികളുടെ അഭിപ്രായം തേടും. അത് നല്ല ഒരു രീതിയാണ്
    6. ഇങ്ങനെ പഠിക്കുന്നതും ക്രിയാത്മകമായി വിലയിരുത്തുന്നതും വേറെ എവിടെയും കണ്ടിട്ടില്ല
    7. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ദിനങ്ങള്‍
    8. നല്ല ഒരു അധ്യാപകന്‍
    9. ഇനിയും ഇതുപോലെ ക്ലാസ് കിട്ടുമോ എന്നറിയില്ല
    10. സാര്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍ക്കുന്നു
    11. കലാധരന്‍ സാറിന്റെ ക്ലാസില്‍ ഇരിക്കണമെന്ന് ഇപ്പോഴും തോന്നുന്നു
    12. എങ്ങനെ കുട്ടികളെ പഠിപ്പിക്കണം എന്നതിനുത്തരം
    13. എല്ലാവര്‍ക്കും പങ്കാളിത്തമുളള ക്ലാസ്
    14. സുഹൃത്തേ, അവിടെ പഠിക്കാത്തതിന്റെ കുറവുകള്‍ അവിടെച്ചെന്നാലേ പരിഹരിക്കാനാകൂ
    15. അന്നത്തെ ക്ലാസ് എനിക്കിന്നും പ്രയോജനപ്പെടുന്നു
    16. ഈ ക്ലാസുകള്‍ തനിക്ക് ലഭിച്ചിരുന്നെങ്കില്‍ അത് പ്രയോജനപ്പെടുമായിരുന്നു
    17. അനുഭവങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും പഠിച്ച ക്ലാസായിരുന്നു
    18. ഒരു അധ്യാപിക എങ്ങനെയാകണമെന്നു മനസിലാക്കുന്നതിനുളള പ്രചോദനം
    4. ഈ ക്ലാസുകളെങ്ങനെ നിങ്ങളുടെ അധ്യാപനത്തെ സ്വാധീനിക്കും?
    (മൂന്നു കാര്യം)
    1. സര്‍ എങ്ങനെയാണോ ഞങ്ങളെ പഠിപ്പിക്കാനും പഠിക്കാന്‍ പ്രേരിപ്പിക്കാനും ശ്രമിച്ചത് അതേ പോലെ ഞങ്ങള്‍ കുട്ടികളെ പുതുമ നിറഞ്ഞ കൗതുകമുളള വര്‍ണങ്ങള്‍ നിറഞ്ഞ പഠനരംഗം ഉണ്ടാക്കിക്കൊടുക്കും
    2. സാറിനെപ്പോലെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യും
    3. കളി രീതിയില്‍ പഠിപ്പിക്കും
    4. സാറ്‍ ഞങ്ങളോടിടപെട്ടതുപോലെ ഞങ്ങള്‍ കുട്ടികളുമായി ഇടപഴകും
    5. കുട്ടികളെ മനസിലാക്കി പഠിപ്പിക്കും
    6. എന്റെ ക്ലാസുകള്‍ കുട്ടികള്‍ക്ക് പിന്നീടും പ്രയോജനപ്പെടുന്നതായിരിക്കും
    7. കുട്ടികളെ വിമര്‍ശനാത്മകമായ രീതിയില്‍ എന്തിനെയും സമീപിക്കാന്‍ പ്രേരിപ്പിക്കും
    8. എല്ലാം പ്രവര്‍ത്തനത്തിലൂടെയുളള പഠനമായിരിക്കും
    9. ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കി പഠിപ്പിക്കും
    10. സാര്‍ പഠിപ്പിക്കുന്ന രീതിയില്‍ പഠിപ്പിക്കണം എന്നാണ് ആഗ്രഹം
    11. കുട്ടികളോട് സൗഹൃദത്തോടെ പെരുമാറും
    12. എല്ലാ കുട്ടികളേയും ഒരുപോലെ പരിഗണിക്കും
    13. പരിചയപ്പെടുത്തിയ ഓരോ സ്കൂളിന്റെയും പഠനരീതി പ്രയോജനപ്പെടുത്തി മുന്നോട്ടുപോകും
    14. കുട്ടിയെ അറിഞ്ഞുപ്രവര്‍ത്തിക്കും
    15. അധ്യാപകന്റെ സ്ഥാനം പഠിപ്പിക്കലല്ല, സഹായിക്കലാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും
    16. കുട്ടികളെ പരിഗണിക്കും
    17. പ്രോത്സാഹനം നല്‍കും
    18. കുട്ടികളുമായുളള ബന്ധം
    19. നന്നായി ക്ലാസ് മാനേജ് ചെയ്യും
    20. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കും.അവരെ പുസ്തകങ്ങളില്‍ തളച്ചിടില്ല
    21. ഒന്നും കുട്ടികളുടെ മേലേ അടിച്ചേല്‍പ്പിക്കില്ല
    എന്റെ അധ്യാപന പരീക്ഷണങ്ങളെക്കുറിച്ചുളള ഒരു തിരിഞ്ഞു നോട്ടം സംതൃപ്തി ഏറെ. സിദ്ധാന്തവും പ്രയോഗവും സമന്വയിപ്പിക്കാനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ്.
    2014-15 വര്‍ഷത്തെ കുട്ടികളുടെ വിലയിരുത്തല്‍ . സുമിയും ഷിഫാനയും ബിന്ദുവിജയനും സ്റ്റെഫിയും ഐശ്വര്യയും ആര്യയും അര്‍ച്ചനയും അഞ്ജു കൃഷ്ണയും മിനിയും രാജലക്ഷ്മിയും എല്ലാം എന്നെ വിലയിരുത്തി. അതിങ്ങനെ.
  1. സര്‍ നന്നായിത്തന്നെ ക്ലാസുകള്‍ എടുത്തു.പാഠഭാഗത്തിലെ വലിയ ആശയങ്ങള്‍ ചുരുക്കി ഞങ്ങള്‍ക്കു മനസിലാകുന്ന രീതിയില്‍ ഉദാഹരണസഹിതം പറഞ്ഞുതന്നു. സര്‍ പഠിപ്പിച്ച അധ്യാപനരീതി ഇതുവരെയും മറ്റൊരധ്യാപകരും എന്റെ ജീവിതത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.പലവിധത്തിലുളള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നല്‍കി. സാറില്‍ നിന്നും ഒരു അധ്യാപകന്‍/ അധ്യാപിക എങ്ങനെ പഠിപ്പിക്കണം അതു രീതിയില്‍ പ്രവര്‍ത്തിക്കണം എന്നു മനസിലാക്കാന്‍ സാധിച്ചു.
  2. സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. ഞങ്ങളെ എന്തെല്ലാമോ ആയിത്തീരുവാന്‍ സാര്‍ ശ്രമിക്കുന്നുണ്ട്.സാറിന്റെ സെമിനാര്‍ രീതികളും മറ്റും എനിക്ക് വളരെ ഇഷ്ടമാണ്.
  3. സാറിന്റെ ഞങ്ങളോടുളള ആത്മാര്‍ഥത എനിക്ക് വളരെ ഇഷ്ടമാണ്. സാറിനെ ഞങ്ങള്‍ക്കു ലഭിച്ചത് വലിയൊരു അനുഗ്രഹമാണ്. എനിക്ക് സാറിനെ ഒരുപാടിഷ്ടമാണ്. സാര്‍ ഒരുപാട് ക്ഷമ എന്നോടു കാണിച്ചിട്ടുണ്ട്.
  4. സാറിന്റെ ഓരോ ക്ലാസും വളരെ നന്നായിരുന്നു. ഒത്തിരികാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു
  5. പ്രവര്‍ത്തനാധിഷ്ടിത പഠനമായിരുന്നു. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു
  6. വ്യത്യസ്ത രീതികള്‍ പഠനത്തി്ല്‍ ഉപയോഗിച്ചത് പുതുമയായിരുന്നു
  7. എല്ലാവരേയും പങ്കാളികളാക്കുവാനുളള ശ്രമം ഉണ്ടായി
  8. പ്രതിബദ്ധതയുണ്ട്
  9. എല്‍ സി ഡി പ്രദര്‍ശനം നടത്തിയത് നല്ലതാണ്. കണ്ടും കേട്ടും മനസിലാക്കാന്‍ സാധിക്കുന്നു 
  10. മറ്റുളളവരെ അപേക്ഷിച്ച് സര്‍ ഞങ്ങള്‍ക്കു നല്‍കുന്ന വര്‍ക്കില്‍ പൂര്‍ണമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.ആ സപ്പോര്‍ട്ട് ഞങ്ങള്‍ക്ക് പൂര്‍ണമായ വിജയത്തിലെത്താം എന്ന വിശ്വാസം നല്‍കുന്നു. ഇത് നിലനിറുത്തണം .ഞങ്ങളെ സ്വയം വിലയിരുത്താന്‍ നല്‍കുന്നത് നല്ല പ്രവര്‍ത്തനമാണ്. അടുത്ത വര്‍ഷത്തെ കുട്ടികള്‍ക്കും ഇത് നല്‍കണം.
  11. വ്യത്യസ്തരീതി അവലംബിച്ച് പഠനം നടത്തുന്നത് നല്ലതുതന്നെ. ഞാന്‍ ഒരു അധ്യാപിക ആയാല്‍ ഇതേ പോലെ വ്യത്യസ്തരീതിയില്‍ പഠനപ്രവര്‍ത്തനം നല്‍കും
  12. കുട്ടികള്‍ക്ക് ആസ്വാദ്യകമായ രീതിയില്‍ വ്യത്യസ്ത പഠനപ്രവര്‍ത്തനങ്ങളിലൂടെ പഠിപ്പിക്കുന്നത് നല്ലതുതന്നെ .പഠിപ്പിക്കാനുളള സാറിന്റെ കൃത്യനിഷ്ഠ പുലര്‍ത്തിക്കൊണ്ടുപോവുക
  13. ഇതേ പ്രവര്‍ത്തനം തന്നെ അടുത്തവര്‍ഷത്തെ കുട്ടികള്‍ക്കും നല്‍കിയാല്‍ മതിയാകും.
  14. മറ്റ് അധ്യാപകരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ബോധനരീതിയാണ് സാര്‍ അവലംബിച്ചിരുന്നത് (2).മറ്റുളളവരില്‍ നിന്നും സാറിനെ വ്യത്യസ്തനാക്കുന്ന മറ്റൊന്ന് ക്ലാസില്‍ ഏതെങ്കിലും പ്രവര്‍ത്തനം നടക്കുമ്പോള്‍ ഒന്നോ രണ്ടോ കുട്ടികള്‍ വരാതിരിക്കുകയാമെങ്കില്‍ അവര്‍ക്കുവേണ്ടി ആ പ്രവര്‍ത്തനം മാറ്റി വെക്കുകയും അവരുളളപ്പോള്‍ നടത്തുകയും ചെയ്യുന്നത്.
  15. സാറിന്റെ ക്ലാസില്‍ നിന്നുംഎങ്ങനെയായിരിക്കണം ക്ലാസ് സജ്ജീകരണം, വ്യത്യസ്ത ബോധനരീതി എന്നിവ മനസിലാക്കാന്‍ സാധിച്ചു. എല്ലാവരേയും ഒരു പോലെ കാണുകയും പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.പറയത്തക്ക പോരായ്മകള്‍ എനിക്ക് സാറിന്റെ ക്ലാസില്‍ നിന്നും കണ്ടെത്താന്‍ കഴിയുന്നില്ല, എല്ലാം നല്ല ക്ലാസുകളായിരുന്നു.
  16. ശരിക്കും സാറിന്റെ ക്ലാസുകള്‍ വളരെ നല്ലതായിരുന്നു. ഇതുവരെ ഞാന്‍ പഠിച്ചു വന്നതില്‍ മറ്റ് അധ്യാപകര്‍ ഉപയോഗിക്കാത്ത പഠനരീതികളാണ് സാര്‍ ഉപയോഗിച്ചത്. അത് അധ്യാപകരാകാന്‍ പോകുന്ന ഞങ്ങള്‍ ഓരോരുത്തര്‍ക്കും വളരെ പ്രയോജനപ്രദമായി. സാര്‍ വളരെയധികം വര്‍ക് ചെയ്തിട്ടുണ്ട്. അതിനു നന്ദി പറയുകയാണ്. സാര്‍ വര്‍ക് ചെയ്തതിന്റെ ഒരംശം പോലും ഞാന്‍ വര്‍ക് ചെയ്തിട്ടില്ല.
  17. വളരെ നല്ല ക്ലാസായിരുന്നു സാറിന്റേത് .ഈ അധ്യാപനരീതിയില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. സാറിന്റെയത്ര ക്ഷമയോ സ്നേഹമോ മറ്റധ്യാപകര്‍ക്കും വേണം.സര്‍ ഞങ്ങളെ വളരെയധികം മനസിലാക്കിയാണ് പഠിപ്പിക്കുന്നത്. മൂന്നാാം സെമസ്റ്ററിലാണ് സാറിനെ ഞങ്ങള്‍ക്കു കിട്ടുന്നത്. സാറിന്റെ ക്ലാസില്‍ കൂടുതലായി ഇരിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. അതില്‍ വിഷമമുണ്ട്. ഇത്തരത്തില്‍ ‍ഞങ്ങളെ സ്നേഹിച്ചപോലെ ,പഠിപ്പിച്ച പോലെ പഠിപ്പിക്കണം.
  18. ഇത്തരമൊരു പഠനരീതി എനിക്ക് ആദ്യമായാണ് ലഭിക്കുന്നത്.വളരെ നല്ല രീതിയില്‍ ഞങ്ങള്‍ പഠിച്ചു.കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പഠിക്കാനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്ന രീതികളും സാറിന്റെ ക്ലാസിലൂടെ മനസിലാക്കാന്‍ സാധിച്ചു.
  19. സാറിന്റെ പഠനപ്രവര്‍ത്തനങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്. മറ്റുളളവര്‍ക്ക് മതൃകയാക്കാന്‍ പറ്റിയ ഒരു അധ്യാപകനാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.എല്ലാ കുട്ടികളേയും ഒരുപോലെ കാണാന്‍ സാറിനു കഴിയുന്നുണ്ട്. അത് അഭിനന്ദനീയമാണ്.ചില കാര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
  20. ഓരോ പാഠത്തിനും സാര്‍ സ്വീകരിച്ച പഠനരീതി വളരെ നല്ലതാണ്. ഈ രീതി തുടരുന്നതാണ് നല്ലത്.എല്ലാ രീതിയിലും കുട്ടികളെ അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് ഉപയോഗപ്പെടുത്താം.
  21. സാറിന്റെ ആത്മാര്‍ഥത എനിക്ക് ഇഷ്ടമായി. പഠിതാവിനെ പഠനപ്രവര്‍ത്തനത്തില്‍ ഒപ്പം നിന്നു സഹായിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു. ഐ സി റ്റി ഉപയോഗിച്ചുളള പഠനം, ലളിതവും വ്യത്യസ്തവുമാര്‍ന്ന ഭാഷാ പ്രയോഗം,ആനുകാലിക പ്രസക്തവും സാമൂഹികപ്രശ്നങ്ങളേയും ബന്ധിപ്പിച്ചുളള പഠനം, ക്ഷമ -പറയാതെ വയ്യ.ജനാധിപത്യപരമായപെരുമാറ്റം, പഠനത്തില്‍ സാമ്പത്തികമായി സഹായിക്കല്‍, മൊത്തത്തില്‍ സാര്‍ കൊളളാം. പഠനത്തില്‍ ഒപ്പം നിന്നു സഹായിക്കും.
  22. ഒരു പാട് കാര്യങ്ങള്‍ എനിക്ക് സാറില്‍ നിന്നും ലഭിച്ചു.നന്ദി. മാതൃകയാക്കാന്‍ പറ്റുന്ന ഡയറ്റ് അധ്യാപകന്‍.
  23. സാര്‍ ഞങ്ങളെ പഠിപ്പിക്കുന്നതില്‍ വ്യക്തതയുണ്ട്. എന്നാല്‍ അവ്യക്തതയുമുണ്ട്.
  24. ഞങ്ങളോടു കാണിച്ച അത്രയും ക്ഷമ ഇനി പഠിപ്പിക്കുന്നവരോടും കാണിക്കണം
എന്റെ ശിഷ്യക്കൂട്ടം എഴുതിയ ഈ കുറിപ്പുകളാണ് എന്റെ അധ്യാപനജീവിതത്തിന്റെ ആകെത്തുക.
സ്നേഹിതരായ കുട്ടികള്‍. അവര്‍ എന്നും എനിക്ക് പുതിയ ഉത്തരവാദിത്വങ്ങള്‍ തന്നു. എന്നെ പ്രചോദിപ്പിച്ചു.
സ്വാതന്ത്ര്യം, ജനാധിപത്യം, സൗഹൃദം എന്നിവ സമന്വയിപ്പിച്ച് മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു അതിനാല്‍ അവിസ്മരണീയാനുഭവം തന്നെയായിരുന്നു അവരോടൊത്തുളള പഠനജീവിതം. അവരോടൊപ്പം ഞാനും പഠിക്കുകയായിരുന്നു. അധ്യാപനതന്ത്രത്തിന്റെ പുതിയ പാഠങ്ങള്‍. വര്‍ഷാവസാനക്ലാസ് പരീക്ഷയിലെ അവസാന ചോദ്യം അധ്യാപകനെ വിലയിരുത്താനുളളതാക്കിയതും ഈ പഠനത്തിന്റെ ഭാഗമായിരുന്നു.


Saturday, May 14, 2016

മാരാരിക്കുളം സ്കൂളിലെ നിറക്കൂട്ട്


സ്കൂൾച്ചുമരുകള്‍ അക്കാദമികമായി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി പഠന പ്രാധാന്യമുള്ള വർണ്ണ ചിത്രങ്ങൾ വരച്ചു ചേർക്കുന്നതിന്റെ ആദ്യഘട്ടത്തിന് 29. 04 16 രാവിലെ 10 മണിക്ക്‌ തുടക്കം കുറിക്കുകയാണ്.
നാട്ടിലെ മുഴുവൻ പേർക്കും പങ്കെടുക്കാവുന്ന ഒരു ജനകീയ ഉത്സവമാക്കി ഈ പരിപാടിയെ മാറ്റാനാണ് തീരുമാനിച്ചുട്ടുള്ളത്.
വിദഗ്ധരായ കലാകാരൻ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
അക്കാദമിക രംഗത്തെ മികവിന്റെ ബലത്തിൽ കേരളത്തിനാകെ മാതൃകയായി മലയാളം മീഡിയത്തിൽ പുതിയ കുട്ടികളുടെ അഡ്മിഷൻ അഞ്ചിൽ നിന്ന് നൂറിൽ എത്തി നില്ക്കുന്ന നമ്മുടെ സ്കൂളിന്റെ പുറം മോടി കൂടി മാറ്റാൻ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം ആവേശകരമാക്കാൻ, നിങ്ങളുടെ പിന്തുണയുടെ നിറം കൂടി അതിൽ പകർന്നു നല്കുവാൻ പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുന്ന എല്ലാ സഹൃദയരെയും ഈ വർണോത്സവത്തി ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.....ഫേസ്ബുക്കിലെ അറിയിപ്പ്. കൂടാതെ ജനങ്ങളുടെ പ്രചാരണപോസ്റററുകള്‍. കുടുംബശ്രീ പതിച്ച പോസ്റ്ററാണ് ചുവടെ കാണുന്നത്.
എപ്രില്‍ ഇരുപത്തിയൊമ്പതിനു രാവില തന്നെ ജനങ്ങള്‍ അവരുടെ പ്രീതി പിടിച്ചു പറ്റിയ പ്രീതിക്കുളങ്ങര സ്കൂളിലേക്ക് 
അവിടെ പുതിയ അധ്യായത്തിനു നിറം നല്‍കുകയാണ്
ആബാലവൃദ്ധം ജനങ്ങളും എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായ പ്രയോഗമാകുന്നതിതുപോലെയുളള സന്ദര്‍ഭങ്ങളിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വായനശാലാ പ്രവര്‍ത്തകര്‍, മുത്തശ്ശിമാര്‍, കുഞ്ഞുങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ർ, ബാല കൈരളി പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ...ജീവിതത്തിന്റെ നാനാതുറകളിലുളളവര്‍.
അവര്‍ പെയിന്റും ബ്രഷും കൈയിലെടുത്തു. ആദ്യമായിട്ടാണ്. ചീത്തയാകുമോ? സണ്ണി കിടാരക്കുഴി ( തിരുവനന്തപുരം) നിറക്കൂട്ട് നല്‍കാന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ആഹാ ഇത്രയേയുളളോ? അല്പം തൂവിപ്പോയാല്‍, ഒലിച്ചിറങ്ങിയാല്‍ പേടിക്കേണ്ട. എങ്കില്‍ ഒരു കൈ നോക്കാം.
പ്രിയപ്പെട്ട MLA യുടെ ആശയമായിരുന്നു ജനകീയ ചിത്രരചന. അത് പ്രതീക്ഷിച്ചതിലധികം
  ആവേശകരമായ അനുഭവമായി .അതിന്റെ ചിത്രങ്ങളാണ് ചുവടെ . അന്നേ ദിവസം പങ്കുചേരാനാകാത്തവര്‍ ഈ ചിത്രാനുഭവത്തിലൂടെ പ്രീതിക്കുളങ്ങര സ്കൂളിന്റെ ജനകീയചിത്രരചനയെ സ്വാംശീകരിക്കുക.
ശ്രീ സണ്ണി കിടാരക്കുഴി നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഉദ്ഘാടകരായി . സ്കൂള്‍ ജീവിതത്തിന്റെ ആദ്യപാഠം വിദ്യാലയചരിത്രത്തില്‍ ഇടം പിടിക്കുന്ന നിറക്കൂട്ടിന്റെ ഉദ്ഘാടനത്തോടെയാകുന്ന അവിസ്മരണീയ അനുഭവം കിട്ടിയ ഭാഗ്യശാലികളായ കുട്ടികള്‍.
ഒന്നാം ക്ലാസ്സിലെ ആദ്യ കുട്ടി... രാഖി....
ഒന്നാം ക്ലാസ്സിലെ 97 മത്തെ കുട്ടി.. അഞ്ജന
 മറ്റു ക്ലാസുകളിലെ കുട്ടികള്‍
അല്പം ചുവപ്പു കൂടി  ..
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് KT മാത്യു ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞാണെത്തിയ അദ്ദേഹം പൂവിന് നിറം നല്‍കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ മോടിക്കൂട്ടാന്‍ ഇടപെടുന്നത് നോക്കൂ. പങ്കാളിത്തത്തിന്റെ വേറിട്ട നിമിഷങ്ങള്‍
ഇങ്ങനെയല്ലേയമ്മേ.. അമ്മയുടെ ഒക്കത്തിരുന്നൊരു വര്‍ണവര. നാളെ ഈ വിദ്യാലയത്തില്‍ പഠിക്കേണ്ടവരും അവരുടേതായ മനോവര്‍ണം ചേര്‍ത്തു
 മുത്തശ്ശിമാര്‍ സംഘമായാണ് വന്നത്. വിട്ടുകൊടുത്തില്ല. മതിയാവോളം വരച്ചു. പേരക്കിടാങ്ങള്‍ക്കുവേണ്ടിയുളള അനുഗ്രഹത്തിന്റെ നിറക്കൂട്ട്. വാനരില്‍ നിന്നും നരനിലേക്കുളള പരിണാമപാഠങ്ങള്‍ ചിത്രച്ചുമരില്‍
 ഓ ഈ പൂമ്പാറ്റ് ഇപ്പോ ശരിക്കും പറക്കുമേ.. സഹാധ്യാപികയുടെ കമന്റ് 
ഷൈനിട്ടീച്ചര്‍ക്ക് ശലഭോദ്യാനം വേണം. അതിനാല്‍ ആ ഭാഗത്ത് പൂക്കളും ചിത്രശലഭങ്ങളും മതി. 
 റീജടീച്ചര്‍ കുട്ടികള്‍ക്ക് ബ്രഷ് നല്‍കുന്നില്ല. ഇപ്പോള്‍ തരാം ഇപ്പോള്‍ തരാം എന്നു പറഞ്ഞ് വരയോടു് വര. കൊളളാമല്ലോ ഈ ടീച്ചര്‍. കുട്ടി ടീച്ചറുടെ ചിത്രവരകമ്പത്തില്‍ അതിശയിച്ചിരിപ്പാണ്
മികവിന്റെ പരീക്ഷണങ്ങൾക്ക് കരുത്തുറ്റ പിന്തുണ..... പ്രീയപ്പെട്ട MLA ചിത്രരചനയിൽ.

ഇത് ഫേസ്ബുക്കിലിടാം. കൂട്ടുകാരിയുടെ വരച്ചാര്‍ത്ത് മൊബൈലില്‍ പകര്‍ത്തുന്നു
പൊരിവെയിലത്തും  യുവജനങ്ങളുടെ പിന്തുണ.
 ഒരു നീലക്കമ്പക്കാരന്‍ അനയെ നീലത്തില്‍ കുളിപ്പിക്കുന്നു

നാടിനൊപ്പം........... നാട്ടുകാരനായി... ഡോ. റെജു IAS
 മോളേ അച്ഛനീപ്പടം ഒന്നെടുത്തോട്ടെ. അമ്മയെ കാണിക്കാം. മക്കളോടൊത്ത് ഒരു ധന്യനിമിഷം ശ്രീ സുരേഷ് ബാബുവാണ് വരയന്‍കുതിരയ്ക് ജീവന്‍ നല്‍കുന്നത്. അടുത്തു നില്‍ക്കുന്ന വരയന്‍കുതിരയ്ക് അദ്ദേഹത്തോടെന്തോ പറയാനുണ്ട്. ശ്രദ്ധിക്കുന്നില്ല. തൊഴി ഉറപ്പ്.
  ഈ സ്കൂളില്‍ നിന്നും ടീ സി വാങ്ങി ഹൈസ്കൂളില്‍ ചേര്‍ന്നെന്നും വെച്ച് ഈ സ്കൂള്‍ എന്റേതല്ലാതാകുമോ? പൂര്‍വവിദ്യാര്‍ഥികളുടെ വക സംഭാവന
കണ്ണുവെക്കരുതേ, കണ്ണൊന്നു വരച്ചോട്ടെ
 
 കുടുംബശ്രീ പ്രവര്‍ത്തകര്‍


 അമ്മയൊന്നു മാറി നിന്നേ ഒരു കുഴപ്പോം വരില്ല. ഞങ്ങള്‍ വരച്ചോളാം.
 പഞ്ചായത്ത് പ്രസിഡണ്ട്‌.... ശ്രീമതി ഇന്ദിര തിലകൻ



 
 
 
എസ് എം സി ചെയര്‍മാന്‍ ശ്രീ മോഹന്‍ദാസ്
എം എല്‍ എ യുടെ മടിയില്‍ ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ഒന്നാമതായി പ്രവേശനം നേടിയ രാഖിയും 97 ാമതായി പ്രവേശനം നേടിയ അഞ്ജനയും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും രണ്ടാം ക്ലാസിലേക്ക് എത്തിയ കുട്ടിയും .
"നാട്ടു നിറ ക്കൂട്ട് " നാട് ഏറ്റെടുത്തു. ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുളളൂ. ജനകീയ കൂട്ടായ്മയുടെ കരുത്തോടെ ഈ വിദ്യാലയം മുന്നേറും 
അതിനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
വരൂ
പങ്കാളിയാകൂ
അനുബന്ധം.
മാരാരിക്കുളമാണ് മറുപടി. പൊതുവിദ്യാലയസംരക്ഷണത്തിനുളള പ്രായോഗിക മാതൃക അന്വേഷിക്കുകയാണ് മാരാരിക്കുളം ടി എം എല്‍ പി എസ്. എന്താ കൂടുന്നോ? ആശയങ്ങളും അനുഭവങ്ങളുമായി വരാം.
ഈ സ്കൂളില്‍ മെയ് 20,21,22 തീയതികളില്‍ വേനലവധിക്കാലത്തെ രണ്ടാം അധ്യാപകശില്പശാല. 
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധ്യാപകര്‍ പങ്കെടുക്കും. 
ശില്പശാലയുടെ ഉന്നം.1. പ്രക്രിയാധിഷ്ഠിചമായ ആസൂത്രണക്കുറിപ്പും അതില്‍ ഉള്‍ച്ചേരുന്ന ഐ ടി അധിഷ്ടിത ക്ലാസുകള്‍ക്കാവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കലും. ഇംഗ്ലീഷ്, മലയാളം, പരിസരപഠനം, ഗണിതം എന്നിവയ്ത് . 
2. രക്ഷിതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം നല്‍കുന്നതിനുളള പഠനനേട്ട വ്യാഖ്യാനം തയ്യാറാക്കും. ഈ സംരംഭത്തില്‍ ക്രിയാത്മകമായി പങ്കാളികളാകാനാഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയാണ് ശില്പശാലാ സമയം.
പൂര്‍ണസമയം പങ്കെടുക്കാനാഗ്രമുളളവര്‍ക്ക് പ്രതികരിക്കാം. tpkala@gmail.com എന്ന വിലാസത്തിലോ 9605101209 എന്ന നമ്പരിലോ രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടാം.

Tuesday, May 10, 2016

പൂച്ചയെക്കുറിച്ച് കുറച്ചെഴുതാനുണ്ട്.

പൂച്ചയുടെ ചിത്രത്തിനു നിറം കൊടുക്കാനുണ്ടായിരുന്നു. ഒന്നാം ക്ലാസിലെ ഒരു കുരുന്ന് ഇങ്ങനെയാണ് നിറം നല്‍കിയത്. തെറ്റാണോ? മാവേലിക്കരയിലെ ഗീതടീച്ചര്‍ പറഞ്ഞ അനുഭവം ഓര്‍മവരുന്നു. ആനയ്ക് നിറം നല്‍കാന്‍ പറഞ്ഞു. ഒരു കുട്ടി ആനയ്ക് ചോപ്പ് നിറം നല്‍കി. എന്തോ ടീച്ചറുടെ മനസിലത് രുചിച്ചില്ല. തിരുത്തിക്കണം. കുട്ടിയെ വളിച്ചു. എന്താ മോനേ ആനയെ കണ്ടിട്ടില്ലേ? എന്തിനാ ചുവപ്പ് നിറം കൊടുത്തത്. അത് ടീച്ചറേ അത് കൊലക്കൊമ്പനാ...
ആ ഉത്തരം ടീച്ചറെ തിരുത്തി. കുട്ടികളുടെ ചിന്തകളും ഭാവനകളും മനസിലാക്കണം. അവരുടെ യുക്തി തേടണം. ഏതായാലും മാരാരിക്കുളത്തെ ഷൈനി ടീച്ചര്‍ ഇത്തരം ചിത്രങ്ങള്‍ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നു. സത്യത്തില്‍ ഈ പൂച്ച ഏതു കഥകളിക്ക് പച്ചയിട്ടതാ എന്നു ഞാനിപ്പോള്‍ ആലോചിക്കുന്നു. ഒരു കഥയ്ക് സാധ്യതയും മനസില്‍ തെളിയുന്നു. കണ്ണിന് മഞ്ഞ നിറം . അതും ശ്രദ്ധിക്കേണ്ടതാണ്. ഒന്നാം ക്ലാസിലനുഭവിച്ചു വികസിക്കുന്ന കൗതുകസ്വാതന്ത്ര്യം നാം ഏതു ക്ലാസില്‍ വെച്ചാണ് കശക്കിക്കളയുന്നത്?

ഞാന്‍ കണ്ട പൂച്ചയെക്കുറിച്ചാണ് എഴുത്ത്. കുട്ടികള്‍ക്ക് ഏഴുതാന്‍ അവസരമില്ലെന്ന് കണ്ടുപിടിത്തം നടത്തി എസ് എസ് എയും മറ്റും ലക്ഷങ്ങള്‍മുടക്കി വര്‍ക് ഷീറ്റ് തയ്യാറാക്കുന്നുണ്ട്. ഇനിയെങ്കിലും ഇത്തരം രചനാസന്ദര്‍ഭങ്ങളെക്കുറിച്ച് ആലോചിക്കുന്നതാവും നന്ന്. അമ്പാടിയുടെ പൂച്ച എങ്ങനെ?മീശ, ചെവി, വാല് എല്ലാമില്ലേ? മുഖത്തിന് മനുഷ്യപ്പറ്റും. ചക്കിയെക്കുറിച്ചാണ് അമ്പാടി കുറിച്ചത്.
 ചിഞ്ചുവെന്നാണ് ഈ പൂച്ചയുടെ പേര്. പാലു കുടിക്കും ചോര്‍ തിന്നും മീന്‍ തിന്നും . മരത്തില്‍ കയറും.... ആരാ പറഞ്ഞത് ഒന്നാം ക്ലാസിലെ കുട്ടികള്‍ ടീച്ചറെഴുതുന്നത് പകര്‍ത്തുകയാണ് വേണ്ടതെന്ന്? ഞാന്‍ കണ്ടിട്ടുണ്ട് ഇതൊക്കെ . അതാ എഴുതിയത്.
 അഭിനവ് പൂച്ച മ്യാവൂ മ്യാവൂു കരയും എന്നു കൂടി എഴുതി. കണ്ട പൂച്ചയല്ലെ കേട്ട ശബ്ദപ്പൂച്ചയും എഴുത്തില്‍ പരിഗണിക്കണ്ടേ?
 സൂര്യകാന്തി പൂച്ചയ്ക് കുപ്പായം നല്‍കി. പിന്നെ സൂര്യകാന്തീന്നെഴുതുമ്പോ ഇംഗ്ലീഷിലൂടെ ആയിക്കോട്ടെ. കുഴപ്പമില്ലല്ലോ? അമ്മു പൂച്ചയുടെ കണ്ണുകള്‍ രാത്രി നല്ല തിളക്കമാണ്. രാക്കാഴ്ചയിലേക്കാണ് സൂര്യകാന്തി വിടര്‍ന്നത്. പൂച്ച പാല്‍ കുടിക്കും എന്നതിനു പകരം അവള്‍ പാല്‍ കുടിക്കും എന്നല്ലേ എഴുതേണ്ടത്. എപ്പോഴും പൂച്ച പൂച്ച എന്ന് ആവര്‍ത്തിക്കുന്നതെനിക്കിഷ്ടമല്ല എന്ന് ആ എഴുത്ത് സൂചിപ്പിക്കുന്നു. അമ്പാടി എഴുതിയതുപോലെയല്ല എന്റെ പൂച്ചയ്ത് നീണ്ട വാലാ. വാല്‍ ഒണ്ട് എന്നെഴുതാനാ തുടങ്ങിയത് നാട്ടിലങ്ങനല്ലേ പറേണത്. പക്ഷേ എഴുതുമ്പോ ഉണ്ട് എന്നു തന്നെ എഴുതണം. അതാ ഞാന്‍ ശരിയാക്കി എഴുതിയത്.
 ഗൗരികൃഷ്ണ പൂച്ചയെ മൂന്നു തവണ വരച്ചു നോക്കി. അങ്ങോട്ടു ശരിയാകുന്നില്ല. എഴുതുമ്പോള്‍ വരി നേരെ വരുന്നില്ല. എങ്കില്‍ വരച്ചെഴുതിക്കളയാം.
 പൂജയുടെ പൂച്ചയെ നോക്കൂ. നല്ല രസം. പ്രധാനകാര്യങ്ങളെല്ലാം എഴുതിയിട്ടുണ്ട്.

  ഈ രചനകളില്‍ ഏര്‍പ്പെട്ട കുട്ടികളുടെ ചിന്തകള്‍ എന്തെല്ലാമാണ്?
പൂച്ചയെക്കുറിച്ചാണ് എഴുതേണ്ടത്.
എല്ലാവരും വെളള നിറമാണ് ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു.
 ഓരോരുത്തരും അവരവരുടെ ക്രമത്തില്‍ എഴുതി. വ്യത്യസ്തമായ അനുഭവങ്ങളിലേക്ക് പോയിട്ടുണ്ട്.
ചിലര്‍ ഉണ്ടായിരുന്നു എന്നും ചിലര്‍ ഉണ്ട് എന്നും എഴുതിയിട്ടുണ്ട്. കണ്ട പൂച്ചയെക്കുറിച്ചാണ് രണ്ടും ശരിയുമാണ്. ചില പ്രശ്നങ്ങളുണ്ട്. വാക്കുകളുടെ അകലം സംബന്ധിച്ചതാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്. ക്ലാസ് എഡിറ്റിംഗ് നടത്തിയാല്‍ രചനാപരമായ മറ്റു പ്രശ്നങ്ങള്‍ കുട്ടികള്‍ തന്നെ കണ്ടെത്തും. കാരണം ഒത്തിരി ശരികളാണ് ഇതിലെല്ലാം.  ഒന്നാം ക്ലാസിലെ ആദ്യ മാസം മുതല്‍ വാക്യങ്ങളിലൂടെ ആശയപ്രകാശനത്തിന് അവസരം നല്‍കണം. അനുഭവങ്ങളെ രചനാപാഠങ്ങളാക്കണം. ഓരോ രചനയും സശ്രദ്ധം വായിച്ചുനോക്കണം. പിന്തുണാമേഖലകള്‍ കണ്ടെത്തണം. ടീച്ചര്‍ വേര്‍ഷന്‍ എല്ലാ കുട്ടികളുടേയും ഓരോരോ വാക്യങ്ങള്‍ ഏടുത്തും ആവാം. പൂച്ചയുടെ നടത്തവും ഉറക്കവും മുട്ടിയുരുമ്മിയുളള സ്നേഹപ്രകടനവും കണ്ണടച്ചുളള പാലുകുടിയും ഒക്കെ എഴുതിച്ചേര്‍ക്കാം.ടീച്ചര്‍ പടം വരയ്കുമ്പോഴും കുട്ടിത്തം വേണം.
മാരാരിക്കുളം ടി എം എല്‍ പി എസിലെ ഒന്നാം ക്ലാസുകാര്‍ ഇങ്ങനെ എഴുതിയാണ് വളര്‍ന്നത്.
പാഠപുസ്തകത്തിന്‍റെ തടവറയിലേക്ക് അവരെ ഷൈനിടീച്ചര്‍ തളച്ചിട്ടില്ല.  അതിനാലാണ് കുട്ടികള്‍ തിളങ്ങിയത്.
(തുടരും)
........................................

മാരാരിക്കുളത്തെ മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ക്ലിക് ചെയ്യുക