ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 29, 2011

പക്ഷികള്‍ക്ക് കുളിപ്പാത്രമൊരുക്കി കുട്ടികള്‍പക്ഷികള്‍ക്ക് കുളിപ്പാത്രമൊരുക്കി വ്യത്യസ്തമായ പക്ഷിനിരീക്ഷണ ദിനാചരണം നടത്തുകയാണ് മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ .
 • പക്ഷികളുടെ കൗതുകകരമായ ജീവിതത്തെ അടുത്തറിയാനും അവയെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുമാണ് പരിപാടി തുടങ്ങിയത്.

 • ഇക്കോ ക്ലബിന്റെ നേതൃത്വത്തിലാണ് വെള്ളംനിറച്ച പാത്രങ്ങള്‍ മരത്തിന് മുകളില്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ പക്ഷികള്‍ക്ക് വിരുന്നൊരുക്കിയത്.
 • സ്‌കൂള്‍മുറ്റത്തെ ബൊഗിരി, പാല, മഴമരം, ചെമ്പരത്തി എന്നീ ചെടികളിലാണ് പച്ചനിറത്തിലുള്ള പാത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പ്രധാനാധ്യാപകന്‍ ഡി. മഹാലിംഗേശ്വര രാജ് നേതൃത്വം നല്‍കുന്നു .അഭിനന്ദങ്ങള്‍ 

----------------------------
 

Sunday, November 27, 2011

ശാസ്ത്രത്തിന്റെ പ്രക്രിയ

ഞാന്‍ ഒരിക്കല്‍ ഹരിപ്പാട് ബി ആര്‍ സിയുടെ പരിധിയിലുള്ള ഒരു എല്‍ പി സ്കൂളില്‍ പോയി. അടുത്തുള്ള കാവിലേക്കു കുട്ടികളെ നിരീക്ഷണത്തിനു കൊണ്ട് പോയിരിക്കുകയാണ്. 
അവര്‍ തിരകെ വന്നു .
കണ്ട കാഴ്ചകള്‍ എഴുതിയിട്ടുണ്ട് ?
നിരീക്ഷണം സമഗ്രമല്ല .
മറ്റൊരിക്കല്‍ വടകരയില്‍ ഒരധ്യാപിക പരാതിപ്പെട്ടത് അവര്‍ നടത്തിയ നിരീക്ഷണം അവരുടെതല്ലാത്ത കാരണത്താല്‍ പാളിപ്പോയെന്ന്. 
ഒരു ഐസ് കട്ട കുട്ടികള്‍ കാണ്‍കെ സ്റ്റീല്‍ പാത്രത്തില്‍ വെച്ച്. നിരീക്ഷിക്കാന്‍ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോള്‍ നിരീക്ഷണ വിവരം പങ്കിടാന്‍ ആവശ്യപ്പെട്ടു.എല്ലാവരും ഐസ് ഉരുകി എന്ന് മാത്രം എഴുതി വെച്ചു . സ്റ്റീല്‍ പത്രത്തിന്റെ പുറത്ത് ജലകണങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കുട്ടികള്‍ കണ്ടില്ലത്രെ ! ഞാന്‍ അത്ഭുതപ്പെട്ടു. ഈ ടീച്ചര്‍ പരീക്ഷണത്തിനു മുമ്പും ശേഷവും സ്റ്റീല്‍ പാത്രം തൊട്ടു നോക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. താപ വ്യതിയാനം ഒരു പ്രധാന ഘടകം ആണ് ഈ നിരീക്ഷണത്തില്‍ .എന്നിട്ടും ! അതിന്റെ ഫലമോ ? ടീച്ചര്‍ ചൂണ്ടിക്കാട്ടി.
"സ്റ്റീല്‍ പാത്രത്തിനു പുറം ഭാഗം നോക്കൂ. വെള്ളത്തുള്ളികള്‍. ഇതെവിടുന്നു വന്നു ? പാത്രം ചോരുന്നുണ്ടോ ? ഇല്ലല്ലോ .അപ്പോള്‍ അന്തരീക്ഷത്തില്‍ ജലാംശം ഉണ്ടെന്നു മനസ്സിലായല്ലോ ! "
എങ്ങനെയുണ്ട്? കാര്യ കാരണ ബന്ധം വിശകലനം ചെയ്തു കുട്ടികള്‍ സ്വയം  എത്തിച്ചേരേണ്ട ഒരു നിഗമനം യുക്തി രഹിതമായി അധ്യാപിക അവതരിപ്പിക്കുന്നു. ഐസ് കട്ട എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് കുട്ടികള്‍ ആലോചിക്കുന്നില്ല . ഇതിനു മുമ്പ് വെള്ളത്തുള്ളികള്‍ ഇതു അവസ്ഥയില്‍ ആയിരുന്നിരിക്കാം എന്നും ചിന്തിക്കാന്‍ അനുവദിച്ചില്ല.
എല്‍ പി ക്ലാസിലും യു പി ക്ലാസിലും നിരീക്ഷണം കാണല്‍കുറിപ്പുകള്‍  ആയി പോകുന്നു.
നിരീക്ഷണാവശ്യം   ഒരു പഠനപ്രശ്നത്തില്‍ നിന്നും ഉരുത്തിരിഞ്ഞോ എന്നത് പ്രധാനം. നിരീക്ഷണത്തെ കുറിച്ച് കുട്ടികള്‍ക്കുള്ള ധാരണ അനുഭവം അത് ദുര്‍ബലം  . 
ചുവടെ ചേര്‍ത്തിട്ടുള്ള ഗ്രാഫിക് ഓര്‍ഗനൈസര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാലോ ? നിരീക്ഷണത്തിന്റെ സ്വഭാവം മാറും.
രുചിച്ചു നോക്കുന്നതിന്റെ മുന്‍കരുതല്‍ ആലോചിക്കാം .എന്ത് കൊണ്ടാണ് നമ്മുടെ മുന്നൊരുക്കങ്ങള്‍ പാളി പോകുന്നത്.

 ആറാം ക്ലാസില്‍ വെറ്റിലയുടെ കോശങ്ങള്‍ നിരീക്ഷിക്കാന്‍ ഒരു പ്രവര്‍ത്തനം ഉണ്ട് .കുട്ടികളുടെ നിരീക്ഷണ പാടവം സ്വയം ബോധ്യപ്പെട്ടിട്ടു മതി പുതിയ നിരീക്ഷണം എന്ന് കരുതിയ അധ്യാപിക ഓരോ മെഴുകുതിരി ഓരോ ഗ്രൂപ്പിനും നല്‍കി .
കത്തുന്ന മെഴുകു തിരി നിരീക്ഷിക്കല്‍ . നേരത്തെ സൂചിപ്പിച്ച പോലെ പരിമിതമായ കാര്യങ്ങള്‍ മാത്രം അവര്‍ കണ്ടെത്തി.

മെഴുതിരിയുടെ ജ്വാലയ്ക്ക് എത്ര നിറങ്ങള്‍ ?
എത്ര ഉയരത്തില്‍ ആണ് ജ്വാല ?
എത്ര അകലം വരെ ചൂട് ലഭിക്കും?
കത്തിയപ്പോള്‍ ഗന്ധം അനുഭവപ്പെട്ടോ? 
ഇത്തരം ചോദ്യങ്ങള്‍ അധ്യാപിക ഉന്നയിച്ചു. ഒന്നിനും ഉത്തരം അവര്‍ കുറിച്ചിരുന്നില്ല.
വീണ്ടും നിരീക്ഷണം .സസൂക്ഷമം. ആദ്യ തവണ പത്തില്‍ താഴെ മാത്രം കാര്യങ്ങള്‍ എഴുതിയ അതെ കുട്ടികള്‍ ഇരുപതില്‍ ഏറെ  കാര്യങ്ങള്‍ കണ്ടെത്തി.!അപ്പോള്‍ കുട്ടികളുടെ കഴിവ് കേടല്ല അധ്യാപികയുടെ കഴിവ് പ്രയോജനപ്പെടുത്താത്തതാണ് പലപ്പോഴും കുട്ടികളെ പിന്നില്‍ ആക്കുന്നത് . വെറ്റില നിരീക്ഷണം വന്‍ വിജയമായി .
 ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ ഉപയോഗിക്കാം .ഗ്രൂപ്പ് അവതരണം നടക്കുമ്പോള്‍ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഉപയോഗിച്ച ഒരു ഗ്രാഫിക് ഓര്‍ഗനൈസര്‍ നോക്കൂ (മറ്റു രാജ്യത്ത് നിന്നുമുള്ളത് )

ഇനിയും ഇത് മെച്ചപ്പെടുത്താന്‍ കഴിയും. ഇവിടെ സൂചിപ്പിക്കുന്നത് വിവരങ്ങള്‍ ശാസ്ത്രീയമായി രേഖപ്പെടുത്താനുള്ള അനുഭവം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതാണ്. ? ചിട്ടയോടെ എഴുതിയില്ലെങ്കില്‍ അപഗ്രഥനം തടസപ്പെടും. നിഗമനം പാളും. 
വിവര ശേഖരണം ആസൂത്രണം ചെയ്യുമ്പോഴും ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ആകാം. അതിനൊരു ഉദാഹരണം ഇതാ.
 
 ശാസ്ത്രത്തിന്റെ    പ്രക്രിയ വിശദമാക്കുന്ന  ഒരു  ഗ്രാഫിക്  ഓര്‍ഗനൈസര്‍ ചുവടെ നല്‍കിയിരിക്കുന്നു.
സങ്കീര്‍ണമായ കാര്യങ്ങളും വേഗത്തില്‍ എളുപ്പം വ്യക്തമാക്കാന്‍   ഈ ചിത്രീകരണ രീതി- ഗ്രാഫിക് ഒര്‍ഗനൈസേഴ്സ്- കൊണ്ട് സാധ്യമാണ് എന്ന് മനസ്സിലായല്ലോ .
കുട്ടികള്‍ക്ക്  മാത്രമല്ല അധ്യാപക പരിശീലനത്തിലും ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് ഉപയോഗിക്കാം

1ശാസ്ത്രാധ്യാപകാര്‍ക്ക് ഈ ചാര്‍ട്ട് സ്വന്തം പ്രവര്‍ത്തനങ്ങളെ പ്രക്രിയാപരമായി വിലയിരുത്തുന്നതിന് സഹായകം.ഇത് പാലിച്ചു ഒരു ടീച്ചിംഗ് നോട്ടു    എങ്ങനെ എഴുതും  എന്ന് പരിശോധിച്ച് നോക്കൂ .
2.റിസോഴ്സ് പെഴ്സന്സിനും ഉപയോഗിക്കാം.ഇതില്‍ കൂട്ടിചെര്‍ക്കാലോ ഒഴിവാക്കാലോ ആവശ്യമുണ്ടോ? കുട്ടികളുടെ നിലവാരത്തിലേക്ക് എങ്ങനെ ഇതിനെ പുനര്‍ രചിക്കാം? അറിവ് നിര്‍മാണത്തിന്റെ ഏതെങ്കിലും ഘടകം വിട്ടു പോയോ? നമ്മുടെ ക്ലാസില്‍ ഒന്നാമത്തെ സ്റ്റെപ് ഇത് തന്നെയാണോ ?
3.ക്ലാസില്‍ കുട്ടികളുടെ  പ്രവര്‍ത്തനം കൂട്ടായി വിലയിരുത്തുംപോഴും   ഈ ഗ്രാഫിക്  ഓര്‍ഗനൈസര്‍ ഗുണം ചെയ്യും 


4.കരിക്കുലം  വിലയിരുത്താനും ഈ രീതി സഹായകം. ഉദാഹരണം ഉയര്‍ന്ന ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങള്‍ ഈ പ്രക്രിയയ്ക്ക് വഴങ്ങുന്നുണ്ടോ ?
ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് സൂചിപ്പിക്കുന്ന ഗ്രാഫിക് ഓര്‍ഗനൈസര്‍ കാണുക. കൂട്ടിചേര്‍ക്കലുകള്‍ ആകാം

ചൂണ്ടുവിരല്‍ ഗ്രാഫിക് ഒര്‍ഗനൈസേഴ്സ് മുമ്പും പരിചയപ്പെടുത്തിയിട്ടുണ്ട് അവ വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ക്ലിക്ക് ചെയ്യുക

Friday, November 25, 2011

വര്‍ക്കല ബി ആര്‍ സി - എങ്ങനെയാണ് തല ഉയര്ത്തിനില്‍ക്കുന്നത് ?


ഒരു ബി ആര്‍ സി എങ്ങനെയാണ് അക്കാദമിക കാര്യങ്ങളില്‍ തല ഉയര്ത്തിനില്‍ക്കുന്നത് ? അത് അറിയണം എങ്കില്‍ വര്‍ക്കല ബി ആര്‍ സി യുടെ സൈറ്റില്‍ പോയാല്‍  മതി.

അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും വഴിക്കാട്ടുന്ന വിഭവങ്ങള്‍ കൊണ്ട് സമ്പന്നം
അധ്യാപന കുറിപ്പുകള്‍ ഉണ്ട്
വിദ്യാലയ വിശേഷങ്ങള്‍ ഉണ്ട് പ്രധാന പ്രവര്‍ത്തനങ്ങളും അറിയിപ്പുകളും ഉണ്ട്   
ഇത് പോലെ എല്ലാ ബി ആര്‍ സി കളും DIET കളും വിഭവങ്ങള്‍ പങ്കിട്ടിരുന്നുവെങ്കില്‍ നമ്മുടെ ക്ലസ്റര്‍ പരിശീലനങ്ങള്‍ക്കു പുതിയ മാനം ലഭിക്കുമായിരുന്നു.
വര്‍ക്കല ബി ആര്‍ സിയുടെ പ്രവര്‍ത്തകരെ ചൂണ്ടു വിരല്‍ അഭിനന്ദിക്കുന്നു 
കേരളത്തിലെ അധ്യാപകരെ വര്‍ക്കലയിലെ ഈ ഇ റിസോഴ്സ് സെന്റര്‍ സന്തോഷത്തോടെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ബി ആര്‍ സി യുടെ Lesson Plans പ്രയോജനപ്പെടുമെങ്കില്‍ ഉപയോഗിക്കാം .അതിനായി അവ കോപ്പി ചെയ്തു നല്‍കുന്നു.


CAMPUS_Biodiversity register.pdf
View Download
campus biodiversity register  148k v. 1 Jul 3, 2010 10:20 AM ssa brc varkala
 UP MATHEMATICS
Resource Package Maths.pdf
View Download
Std-5,6,7 ( June)   243k v. 5 Jun 23, 2010 8:10 AM ssa brc varkala
 UP SCIENCE
std 6 science pdf.pdf
View Download
std 6 science unit 5 tryoutTM  605k v. 2 Sep 17, 2010 11:06 AM ssa brc varkala
Teaching manual STD 5 SCIENCE UNIT 6.pdf
View Download
std 5 sciince unit6  92k v. 2 Nov 18, 2010 2:47 AM ssa brc varkala
UNIT PLAN (UNIT 2-GS) STD V.pdf
View Download


 LP ENGLISH
LESON PLAN ENGLISH-STD 3.pdf
View Download
UNIT 4 - A GIFT  104k v. 7 Jun 23, 2010 7:00 AM ssa brc varkala
LESSON PLAN ENGLISH STD - 2.pdf
View Download
UNIT 2  111k v. 6 Jun 23, 2010 7:00 AM ssa brc varkala
 LP EVS
LESSON PLAN EVS STD - 2.pdf
View Download
UNIT-4 KOMBAN RAJAVAYI  100k v. 6 Jun 23, 2010 7:03 AM ssa brc varkala
 UP MALAYALAM
LESSON PLAN MALAYALAM - STD VI.pdf
View Download
NAMMUDE POOMARANGAL  84k v. 6 Jun 23, 2010 7:02 AM ssa brc varkala
UNIT PLAN STD 7 MALAYALAM.pdf
View Download
HARITHAABHAKAL   593k v. 7 Jun 23, 2010 7:02 AM ssa brc varkala
 UP MATHEMATICS
UNIT PLAN STD 5,6,7 MATHS.pdf
View Download
SAMKHYAKALKKULLIL(V). KACHAVADA KANAKKU(VI). NYUNA SAMKHYAKAL(VII). PYTHAGORAS THEORY(VII)  53k v. 9 Jun 23, 2010 7:02 AM ssa brc varkala
UP MATHS STD 5.pdf
View Download
UP MATHS PACKAGE - VACATION TRAINING 2010  174k v. 6 Jun 23, 2010 7:02 AM ssa brc varkala
 UP SCIENCE
LESSON PLAN SCIENCE STD - 7.pdf
View Download
UNIT-2 NAAM SAMRAKSHIKKENDA JALAM  93k v. 6 Jun 23, 2010 7:01 AM ssa brc varkala
LESSON PLAN STD 6 (SCIENCE).pdf
View Download
UNIT-10 ROOPAM MARUNNA OORJAM  61k v. 7 Jun 23, 2010 7:01 AM ssa brc varkala
STD 7 SCIENCE TM.pdf
View Download
UNIT-9 PAATHRANGALUDE SASTHRAM  40k v. 7 Jun 23, 2010 7:01 AM ssa brc varkala
 UP SOCIAL SCIENCE
LESSON PLAN SOCIAL SCIENCE 5,6,7.pdf
View Download
NADUYARTHUM KAIKAL (V). IVIDE JEEVIKKUNNAVAR (VI). INDIA UNARUNNU (VII)  99k v. 8 Jun 23, 2010 7:02 AM ssa brc varkala
Std VI-SOCIAL SCIENCE.pdf
View Download
UNIT-10 AAROGYAM POORNAMAAKAAN  38k v. 7 Jun 23, 2010 7:02 AM ssa brc varkala
Std VI-S SCIENCE.pdf
View Download
38k v. 6 Jun 23, 2010 7:02 AM ssa brc varkala
Std V-SOCIAL SCIENCE.pdf
View Download
UNIT-7 ADUKKALAYIL NINNU AAKASHATHEYKKU  42k v. 7 Jun 23, 2010 7:02 AM ssa brc varkala
മറ്റു ചില വിശേഷങ്ങള്‍ കൂടി നോക്കാം

Recent site activity

Nov 10, 2011 7:12 PM ssa brc varkala edited Announcements
Oct 26, 2011 9:55 AM ssa brc varkala edited Announcements
Oct 26, 2011 9:35 AM ssa brc varkala edited Announcements
ബി ആര്‍ സിയുടെ പരിധിയ്ലുള്ള സ്കൂളുകളിലെ വാര്‍ത്തകള്‍ക്കും ഇടം

school-level-programmes


നിങ്ങളുടെ അഭിപ്രായങ്ങള്‍ അവരെ അറിയിക്കുമല്ലോ


വര്‍ക്കല ബി ആര്‍ സി


Friday, November 18, 2011

തീരദേശം വിജയതീരം

 ഫാദര്‍ സേവ്യര്‍ കുടിയാംശേരി സ്കൂളുകളോട് പറഞ്ഞു:-

"വെളിച്ചത്തിലേക്ക് പ്രവേശിക്കുകയാണ് നാം .

വെളിച്ചത്തിലായിരിക്കാനും വെളിച്ചമേകാനും വേണ്ടി യുദ്ധ ഭൂമിയിലെ പടയാളികളെ പോലെ നാം പോരാടുകയാണ് .

അന്ധകാരത്തിനും അടിമത്തത്തിനും അസത്യത്തിനും മരണത്തിനുമെതിരെ. ജീവിച്ചിരിക്കുന്നിടത്തോളം കാലം ദൈവമക്കളുടെ തലയെടുപ്പോടെ ജീവിക്കാന്‍   ചരിത്രത്തിന്റെ  പുറംപോക്കിലേക്ക് വലിചെറിയപ്പെടാന്‍ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടം. 

വിജയിച്ചേ മതിയാകൂ 

ഉറക്കമില്ലാത്ത രാവുകള്‍ നമ്മുക്ക് അവകാശപ്പെട്ടതായിരിക്കാം.

ലക്‌ഷ്യം സാധിക്കുന്നത് വരെ നമ്മുക്ക് വിശ്രമമില്ല ..."

ആലപ്പുഴയിലെ ബി ആര്‍ സി ട്രെയിനര്‍ ശ്രീ നോബിളാണ് എന്നോട് ഫാദറിന്റെ  കാര്യം പറഞ്ഞത്.കേട്ടപ്പോള്‍ എനിക്ക് ഫാദറിനെ കാണാന്‍ ആഗ്രഹം.നോബിള്‍ ഇക്കാര്യം അച്ചനെ അറിയിച്ചു. അദ്ദേഹം എന്നെ കാണാന്‍ വരാമെന്ന് ! അതിനു മുമ്പേ  ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി.

ആ കൂടിക്കാഴ്ച എന്നും ഓര്‍മയില്‍ ഉണ്ടാകും. അത്രയ്ക്ക് ആവേശകരം.

ഫാദര്‍ പറഞ്ഞു :-

ഞങ്ങളുടെ രൂപതയിലെ സ്കൂളുകളില്‍  തീരപ്രദേശത്തുള്ള പാവങ്ങളുടെ മക്കളാണ് പഠിക്കുന്നത്. കുട്ടികള്‍ക്ക് ഭൂരിപക്ഷത്തിനും ഒരു വക അറിയില്ല.

റിസള്‍ട്ട് മോശം

ഞാന്‍ അധ്യാപകരെ വിളിച്ചു കൂട്ടി. അവരോടു പറഞ്ഞു നമ്മള്‍ക്ക് ഈ സ്കൂളുകള്‍ പൂട്ടാം. നിങ്ങളുടെ ജോലി , അത് സഭ വഴിയുണ്ടാക്കും. കുട്ടികള്‍ എവിടെ എങ്കിലും പോയി പഠിച്ചു രക്ഷപെടട്ടെ. സഭയുടെ സ്കൂളില്‍ പഠിച്ചു അവരുടെ ഗതി ഇല്ലാതായി എന്ന് പേര് ദോഷം കിട്ടില്ലല്ലോ.. "

നിശബ്ദതയുടെ വലിയൊരു മുറുക്കം അപ്പോള്‍ ഉണ്ടായി . ഫാദറിന്റെ വാക്കുകളോട് പ്രതികരിക്കാതിരിക്കുന്നത് എങ്ങനെ?

അങ്ങനെ അഞ്ചു വര്ഷം കൊണ്ട് ആലപ്പുഴ രൂപതയുടെ കീഴിലുള്ള സ്കൂളുകളെ നിലവാരമുള്ള സ്കൂളുകള്‍ ആക്കി മാറ്റുന്നതിനുള്ള കര്‍മപരിപാടി രൂപപ്പെട്ടു.

പഞ്ചവത്സര പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഫാദര്‍ സേവ്യര്‍ കുടിയാംശ്ശേരി നടത്തിയ പ്രസംഗത്തില്‍ നിന്ന്..

"ആലപ്പുഴ രൂപമാറ്റത്തിന്റെ പാതയിലാണ്.

ഞങ്ങളെ മറ്റാരും മാറ്റാതിരിക്കാന്‍ ഞങ്ങള്‍ സ്വയം മാറുകയാണ്. ഞങ്ങളുടെ പുറത്ത് കൂടി മറ്റാരും കടന്നു പോകാതിരിക്കാന്‍ ഞങ്ങള്‍ മാറ്റത്തിന്റെ വഴികള്‍ തേടുന്നു.

ഞങ്ങള്‍ നേരെ നില്‍ക്കാന്‍ ശ്രമിക്കുകയാണ്. 

ഏതു  കൊടുംകാറ്റിനെയും  അതി ജീവിക്കാന്‍ പാകത്തില്‍ ഞങ്ങള്‍

വേരുകള്‍ ആഴത്തിലേക്ക് കടത്തി വിടുന്നു. 

ഇതൊരു സമര പ്രഖ്യാപനവേദിയാണ് .

സര്‍ക്കാരിനോടോ മറ്റാര്‍ക്കെങ്കിലുമോ എതിരായിട്ടുള്ള സമരമല്ല .ഇത് ഞങ്ങളോട് തന്നെയുള്ള സമരമാണ്.

ഞങ്ങള്‍ ഞങ്ങളെ തന്നെ തിരിച്ചറിയുന്നു.

ഞങ്ങള്‍ ഒരു തൊഴിലില്‍ എര്പെട്ടിരിക്കുകയല്ല. 

ഞങ്ങള്‍ ദൈവത്തിന്റെ വാക്കുകള്‍ സംവഹിക്കുകയാണ്. 

വാക്ക് അഗ്നിയാണ്. അക്ഷരം അഗ്നിയാണ്. 

ബൈബിളില്‍ യെശയ്യ പ്രവാചകനെ വിളിക്കുന്നിടത്തു ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഒരു മാലാഖ ഒരു കൊടില്‍ കൊണ്ട് ഒരു തീക്കനല്‍ എടുത്തു പ്രവാചകന്റെ നാവു കീറി നിക്ഷേപിക്കുന്ന മനോഹരമായ ഒരു രംഗമുണ്ട്. 

ഞങ്ങളുടെ നാവില്‍ അക്ഷരം അഗ്നിയായി തിളയ്ക്കുന്നു. 

അത് വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കണം. 

ഞങ്ങള്‍ക്കിനി ഉറക്കമില്ലാത്ത രാത്രികളാണ്.

"വ്യര്‍ത്ഥ മാസങ്ങളെനിക്കവകാശമായിത്തന്നു

കഷ്ടരാത്രികളെനിക്കോഹരിയായിത്തന്നു   "

എന്ന് ജോബിന്റെ പുസ്തകത്തില്‍ നിന്നെടുത്തു ബാലചന്ദ്രന്‍ ചുള്ളിക്കാട് പാടിയത് ഞങ്ങളോര്‍ക്കുന്നു.  

ഉറക്കമില്ലാത്ത രാത്രികളും കഷ്ടപ്പാടുകളും ഞങ്ങളുടെ ഓഹരിയായി എല്ക്കുന്നു 

ഞങ്ങള്‍ ഇനി ഒന്‍പതു മണിക്കേ സ്കൂളില്‍ എത്തും .വൈകി മാത്രമേ തിരികെ പോകുകയുള്ളൂ..

ഞങ്ങള്‍ തല കുനിക്കില്ല

.നട്ടെല്ല് വളയ്ക്കില്ല... "

പിന്നീടുള്ള വര്‍ഷങ്ങളില്‍ സംഭവിച്ചത്  അത്ഭുതകരമായ ഉണര്‍വിന്റെ തിരകള്‍ .സ്കൂളുകളുടെ കൂട്ടായ്മ വളര്‍ന്നു വന്നു.നിലവാരം ഉയര്‍ന്നു.ഓരോ സ്കൂളിനും അഭിമാനിക്കത്തക്ക ഒട്ടേറെ കാര്യങ്ങള്‍

ഫാദര്‍ ഒരു സംഭവം പറഞ്ഞു,

രൂപതയിലെ  പ്രഥമാധ്യാപകരെ കൂട്ടി ഒരു ടൂര്‍ നടത്തി. ആദ്യം മുഹമ്മ സ്കൂളില്‍ ചെന്ന്. അതിന്റെ പടി കയറുന്നതിനു മുമ്പ് എല്ലാവരോടു പറഞ്ഞു.ഇതൊരു സാധാരണ സ്കൂളാണ്. നമ്മുടെ സ്കൂളുകളുടെ അത്രയും വരില്ല. എങ്കിലും എന്തെങ്കിലും പഠിക്കാന്‍ കാണും. സ്കൂളില്‍ കയറി എല്ലാം കണ്ടു മടങ്ങുമ്പോള്‍ ഫാദര്‍ ചോദിച്ചു എങ്ങനെയുണ്ട് ഈ സ്കൂള്‍? അവര്‍ പറഞ്ഞു -നമ്മുടെ സ്കൂളുകള്‍ ഇതുപോലെ ആകാന്‍ കഠിനമായി പരിശ്രമിക്കണം ഫാദര്‍ .

(അങ്ങനെ നല്ല സ്കൂളുകളിലേക്ക് പഠനയാത്ര സംഘടിപ്പിച്ച മാനേജ്മെന്റിനെ മാതൃകയാക്കുമോ മറ്റു മാനേജ്മെന്റുകള്‍ ?)

കഴിഞ്ഞ വര്‍ഷം രൂപത സ്വന്തം 'മികവു 'നടത്തി

ഞാന്‍ അതില്‍ പങ്കെടുത്തു .സ്കൂളുകളുടെ അവതരണങ്ങള്‍ കേട്ടു. ഉജ്വലം.സ്കൂളുകളുടെ അക്കാദമിക താല്പര്യം പ്രോത്സാഹിപ്പിക്കുന്ന സംരംഭം .

ശാസ്ത്രമേളയ്ക്ക്   പുതിയ മാനം നല്‍കാനും അവര്‍ക്ക് കഴിഞ്ഞു. കേരളത്തിലെ പ്രധാന ശാസ്ത്ര സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ . ഇടയില്‍ സ്കൂളുകളുടെയും. ശാസ്ത്ര സ്ഥാപനങ്ങള്‍ വിവരിക്കുന്നു.കുട്ടി ശാസ്ത്രഞ്ജരും വിവരിക്കുന്നു. തീരാ ദേശത്തിനു അറിവിന്റെ അനുഭവം .ഒപ്പം കുട്ടികള്‍ക്ക് കഴിവിന്റെ പ്രകാശം .എല്ലാവര്ക്കും കൂടുതല്‍ ശാത്ര വിജ്ഞാനം .

ഇത് പോലെ പറയാന്‍ ഒത്തിരി കാര്യങ്ങള്‍ .

സ്കൂളുകള്‍ നന്നാക്കാന്‍ കഴിയും പരാതിയും പരിഭവവും അല്ല ഇടപെടല്‍ ആണ് 

ഇപ്പോള്‍ കുറുക്കു വഴികള്‍ ആലോചിക്കുന്നവരോട് ഈ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

അനുബന്ധമായി രണ്ടു വാര്‍ത്തകള്‍ കൂടി

കുഞ്ഞുങ്ങളെല്ലാം കവികളായി; കവിതകള്‍ പുസ്തകമായി

അമ്പലപ്പുഴ: ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും ഒരേസമയം കവിതകളെഴുതി. സുഖവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ അവരുടെ വരികള്‍ ഞൊടിയിടയ്ക്കുള്ളില്‍ പുസ്തകമായി. പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലാണ് കുരുന്നുകവികളെയും കവയിത്രികളെയും സൃഷ്ടിച്ച് ശിശുദിനാഘോഷത്തിന് കാവ്യഭംഗി പകര്‍ന്നത്.
'കാവ്യബാല്യം'

കുട്ടികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതിനായി സ്‌കൂളിലെ മലയാളഭാഷ വിഭാഗം ആവിഷ്‌കരിച്ച് ഒരുവര്‍ഷംകൊണ്ട് നടപ്പാകുന്ന 'കാവ്യബാല്യം' പദ്ധതിയുടെ ഭാഗമായിരുന്നു കവിതയെഴുത്ത്. 

 • കുട്ടികളില്‍ കവിതാരചന, 
 • കവിതാസ്വാദനം, 
 • കവിതാലാപനം എന്നിവ പ്രോത്സാഹിപ്പിക്കലാണ് കാവ്യബാല്യം പരിപാടി ലക്ഷ്യമിടുന്നത്. 
 • ജൂണിലാരംഭിച്ച പരിപാടി കവി കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. 
 • ഒക്ടോബര്‍ 21ന് 12 കവികള്‍ സ്‌കൂളിലെത്തി കുട്ടികളുമായി സംവദിച്ചു. കവിതയുടെ ലോകത്തേക്ക് കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്തു
ശിശുദിനമായ തിങ്കളാഴ്ച രാവിലെ രണ്ടും മൂന്നും പീരിയഡുകളിലായിട്ടായിരുന്നു സ്‌കൂളിലെ 1100 കുട്ടികള്‍ ക്ലാസ്മുറികളിലിരുന്ന് കവിതയെഴുതിയത്. രണ്ടുവരിയെങ്കിലും കുത്തിക്കുറിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ നിര്‍ദേശം നല്കി. എല്ലാവരും ഇതനുസരിച്ചു. കവിതയെഴുതാന്‍ ഒരേപോലെയുള്ള പേപ്പറുകളും കുട്ടികള്‍ക്ക് നല്കി. മുഴുവന്‍ കുട്ടികളും കവിതയെഴുത്തില്‍ പങ്കാളികളായി. രണ്ടുവരിമുതല്‍ മുതിര്‍ന്ന കവികളോട് കിടപിടിക്കുന്ന കവിതകള്‍വരെ കുട്ടികളെഴുതി.
കവിതയെഴുതിയ കടലാസുകള്‍ ശേഖരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുമണിക്കൂറിനുള്ളില്‍ അത് പുസ്തകമാക്കി. പുസ്തകത്തിന്റെ പുറംചട്ടയുംമറ്റും കുട്ടികള്‍തന്നെയൊരുക്കി. വൈകാതെ പ്രകാശനച്ചടങ്ങും നടന്നു.


ജി.സുധാകരന്‍ എം.എല്‍.എ. കുട്ടികളുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു. മഹാകാവ്യങ്ങളുടെ വിദ്യാലയം എന്നാണ് അദ്ദേഹം സ്‌കൂളിനെ വിശേഷിപ്പിച്ചത്. ലോകത്തിലെതന്നെ ആദ്യസംഭവമാകും ഇതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേറ്റുവാങ്ങിയ കവി കാവാലം ബാലചന്ദ്രന്‍ പുസ്തകത്തിലെ രണ്ട് കവിതയെടുത്ത് താളമിട്ടുപാടി കുട്ടികളെ ആവേശംകൊള്ളിച്ചു. ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, അധ്യാപകരായ എ.ജെ. സെലിന്‍, സെബാസ്റ്റ്യന്‍ കാര്‍ഡോസ്, എ.എസ്.മേരി കെ.ജെ.യേശുദാസ്, മേരി ഡൊറീന്‍, കെ.എ. കുഞ്ഞുമോള്‍, ബിനോയ് മാര്‍ഗീസ് തുടങ്ങിവയര്‍ പങ്കെടുത്തു.

തീരദേശത്തെ  മറ്റൊരു  പ്രവര്‍ത്തനം  നോക്കൂ 


കുഞ്ഞുമനസുകള്‍ നീന്തിത്തുടിച്ചു മീന്‍ കുഞ്ഞുങ്ങളെപ്പോല്‍

തുറവൂര്‍ : മനംനിറയെ കാണാനും മീനുകളുടെ ഭംഗിയില്‍ ലയിക്കാനും മത്സ്യകൃഷിയിലൂടെ സമ്പാദനത്തിനും ശ്രമിക്കുകയാണ് ഈ കുരുന്നുകള്‍ . അന്ധകാരനഴി ബിബിഎംഎല്‍പി സ്കൂളിലെ കുട്ടികളാണ് മത്സ്യകൃഷിയില്‍ പുതിയ വിജയഗാഥ രചിക്കാന്‍ ശ്രമിക്കുന്നത്. 
 • ബാലശാസ്ത്രകോണ്‍ഗ്രസിന്റെ മുന്നൊരുക്കമായി ആലപ്പുഴ രൂപത സ്കൂളുകളില്‍ 11, 12 തീയതികളിലായി അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ശാസ്ത്രകോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രോജക്ടിന്റെ തുടര്‍പ്രവര്‍ത്തനമായാണ് കുരുന്നുകളുടെ മത്സ്യകൃഷി. 
 • "കരയിലെ വിഭവങ്ങള്‍ - ഐശ്വര്യപൂര്‍ണമായ ഭാവിക്കായി കരുതലോടെ ഉപയോഗിക്കാം, കാത്തുസൂക്ഷിക്കാം" എന്നതാണ് വിഷയം. 
 • രണ്ടരമാസത്തെ പ്രോജക്ട് പ്രവര്‍ത്തനത്തിന്റെ ഭാഗമായി മത്സ്യകര്‍ഷകര്‍ , ഫാമുകള്‍ , ഹാച്ചറികള്‍ , മത്സ്യബന്ധനതുറമുഖം, തൊഴിലാളികള്‍ എന്നിവ സന്ദര്‍ശിച്ച് വിവരം ശേഖരിച്ച് മത്സ്യഅറിവുകള്‍ പങ്കുവയ്ക്കുന്ന 12 പുസ്തകങ്ങള്‍ പഠനവിഷയമാക്കി.
 • തുടര്‍പ്രവര്‍ത്തനത്തിനായി സ്കൂള്‍ സമീപത്തെ കുളം വൃത്തിയാക്കി പട്ടണക്കാട് പഞ്ചായത്തിന്റെ മത്സ്യകേരളം പദ്ധതിയുമായി സഹകരിച്ച് മത്സ്യകുഞ്ഞുങ്ങളെ കണ്ടെത്തി. രോഹു, കട്ല, മൃഗാള്‍ , കണമ്പ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കുന്നതുള്‍പ്പെടെയുള്ള സംരക്ഷണചുമതല പ്രോജക്ട് ലീഡര്‍ അശ്വിന്‍ ആന്‍ഡ്രൂസിനും സച്ചുജോസഫ്, ത്രേസ്യാമ്മ ഇഗ്നേഷ്യസ്, ഷാന്‍ട്രിയ ഷിജി, അക്ഷയ ഷിബു എന്നീ ടീമംഗങ്ങള്‍ക്കാണ്. ശാസ്ത്രാധ്യാപിക എല്‍സാമോള്‍ എസ്ടി പ്രോജക്ട് ഗൈഡായി പ്രവര്‍ത്തിക്കുന്നു.

Sunday, November 13, 2011

ഇത് കവികള്‍ പഠിക്കുന്ന വിദ്യാലയം

കാലത്തിന്റെ കൂട്ടില്‍  നിന്നും
പറന്നെത്തിയ തത്ത
വിധി നിരത്തിയ 
ചീട്ടുകളിലോന്നു കൊത്തിപ്പറിച്ചിട്ടു
പറന്നകലുംപോള്‍
രക്തം പുരണ്ട ഒരു തൂവല്‍
നിലത്തേക്കു വീണു
ആറാം ക്ലാസ് എ   ഡിവിഷനില്‍ പഠിക്കുന്ന കിഷോര്‍ എഴുതിയ ഈ കവിത വെറുതെ വായിച്ചു പോകാനാവുമോ? ഉള്ളു മുറിയ്ക്കുന്ന വാക്കുകള്‍ . ഒതുക്കമുള്ള എഴുത്ത്. ഒരു വാക്ക് പോലും അധികമായിട്ടില്ല.
കാലത്തിന്റെ കൂട്, കൊത്തിപ്പറിച്ചിടുക, നിലത്തേക്കു വീണ രക്തം പുരണ്ട തൂവല്‍ ,വിധി നിരത്തിയ ചീട്ടു ഓരോ വാക്കും തൂക്കം ഏറെയുള്ളത്. 
പാലക്കാട് ജില്ലയിലെ കാവിശേരിയില്‍ ഒരു വിദ്യാലയം  , അല്ല കാവ്യാലയം ഉണ്ട്  .എച് എ യു പി സ്കൂള്‍ അക്കര. അവിടെ ധാരാളം കവികള്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല
ദുഖത്തില്‍ മുങ്ങിയ ഒരു മനസ്സില്‍ നിന്നും
ഞാന്‍ സ്നേഹത്തിന്റെ ഒരു പേജു മറിച്ചു നോക്കി
ആ പേജുകളില്‍ ഞാന്‍ കണ്ടത് 
ചിറകടിച്ചുയരുന്ന പക്ഷിക്കുഞ്ഞുങ്ങളെ ആണ്
അമ്മക്കിളി നോക്കാതെ,
എന്നെപ്പോലെ അനാഥര്‍
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ  
-സ്വാലിഹ ബി -ആറ് എ 
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ ഒരു കവിത ഇല്ലേ.?
പി എസ .ആഷിഫ എഴുതുന്നു:-
കാറ്റത്ത് പറക്കുന്ന 
കരിഞ്ഞുണങ്ങിയ ഇലയെ കാണുമ്പോള്‍  
ക്ഷീണിച്ചു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനെ പോലെ.
മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുമ്പോള്‍ 
അതിനു അടക്കാന്‍ പറ്റാത്ത സങ്കടമുണ്ടാകും.
ആ നിമിഷം
മരത്തിനോട് വിട പറയുകയാണ്‌
കറുത്തത് കൊണ്ടാകാം 
കാറ്റ് അതിനെ മരത്തില്‍ നിന്നും 
കൂട്ടുകാരില്‍ നിന്നും 
അകറ്റിയത്.
മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവര്‍ സ്കൂളില്‍ ഒത്തു കൂടും .
ഒരു സ്കൂളില്‍ നൂറു കുഞ്ഞു എഴുത്തുകാര്‍ ..
ശനിയാഴ്ച സാഹിത്യ ശില്പശാലയാണ്  .
അപൂര്‍വ്വം വിദ്യാലയങ്ങളില്‍ മാത്രമുള്ള അനുഭവം. 
എല്ലാ മാസവും മുടങ്ങാതെ ഇത് നടത്താന്‍ കൂട്ടിനു മാഷന്മാരുണ്ട്. വിനോദന്‍ മാഷ്‌ കുട്ടികള്‍ക്കൊപ്പം .
ശനിയാഴ്ചയിലെ കാര്യ പരിപാടി ഏകദേശം ഇങ്ങനെ
ആദ്യം കവിതകള്‍ പരിചയപ്പെടല്‍ . 
മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ കവിതകളിലൂടെ കുട്ടികളുടെ സഞ്ചാരം. 
പഴയ കാലവും പുതിയ കാലവും കവിതകളുടെ ഹൃദയം  തുറക്കും.വായന.ചൊല്ലല്‍ , ചര്‍ച്ച ,കാവ്യാനുഭവത്തിന്റെ   ആഴം കൂട്ടുന്ന വിശകലനം .
മാഷും അവരില്‍ ഒരാളായി പങ്കാളിയാകും. 
കാവ്യ ഭാഷയുടെ സവിശേഷതലങ്ങള്‍ തേടിയുള്ള അവരുടെ പ്രയാണം . മുങ്ങാം കുഴിയിട്ട് മുത്തുകളുമായി   പൊങ്ങി വരുമ്പോഴുള്ള ആഹ്ലാദം.
കവിതകള്‍ പരിചയപ്പെട്ട അനുഭവം കഴിഞ്ഞാല്‍  രചന തുടങ്ങുകയായി . നിശബ്ദമായ കുഞ്ഞു മനസ്സുകളില്‍ അപ്പോള്‍ വാക്കുകള്‍ ചേക്കേറും .
എഴുതിയത് അവതരിപ്പിക്കണം .അവതരണം ചര്‍ച്ചയിലേക്ക് വഴി തുറക്കും.
കറുത്ത കുട്ടി 
കണ്ണ് നീരണിഞ്ഞു 
ലോകം നനഞ്ഞു
ജോഷ്നയുടെ കവിത -മൂന്നു വരിയെ ഉള്ളൂ. മഴ എന്നാണു പേര് .ചര്‍ച്ചയില്‍ പങ്കെടുത്തു കുട്ടികള്‍ പറയുന്നു ഇത് കറുത്ത എല്ലാ കുട്ടികളുടെയും സങ്കടം ആവാഹിച്ച കവിതയാണെന്ന്  .പിന്നെ കറുപ്പിനെ വിശകലനം ചെയ്യുന്നു. ലോകം നനയുക- പ്രത്യക്ഷാര്‍ഥം വിട്ടു ഉയരത്തില്‍ പറക്കുന്ന കവിത 
അടുത്ത കവിത അവതരിപ്പിക്കാന്‍ മുര്സല്‍ ഷാജഹാന്‍ മുന്നോട്ട് വരുന്നു
അമ്മ എന്ന  കവിത ഇങ്ങനെ .
ഉരുകിത്തീരുന്ന 
ഒരു മെഴുകു തിരി പോലെ 
അണയുവോളം ഉരുകും

ഓരോ ശില്പശാല കഴിയുമ്പോഴും നല്ല കുറെ രചനകള്‍ ഉണ്ടാകും . അവ ഇന്‍ലാന്റ്  മാസികയില് പ്രകാശിപ്പിക്കും.
കവിതാ സമാഹാരവും സ്കൂള്‍പ്രസിദ്ധീകരിക്കുന്നു 
കഴിഞ്ഞ മാസം അവരുടെ രണ്ടാമത്തെ പുസ്തകം -പുതിയ ആകാശങ്ങള്‍ -പുറത്തിറങ്ങി.
ഇനിയും പുസ്തകങ്ങള്‍ മുളച്ചു വരും
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ . അതില്‍ പത്ത് ശതമാനം പേരാണ് എഴുത്തിന്റെ കൂട്ടുകാര്‍
ഏതു സ്കൂളിലും    പ്രോത്സാഹനം ആവശ്യമുള്ള അവസരം കൂടുതല്‍ നല്‍കേണ്ട പത്ത് ശതമാനം കുട്ടികള്‍ കാണാതിരിക്കില്ല.
വിദ്യാലയ സംസ്കാരം മാറ്റി എടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കുമ്പോള്‍ ആ സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടും 
ഈ ശിശുദിനത്തിലെങ്കിലും സ്കൂളിന്റെ സര്‍ഗാത്മക സൌന്ദര്യം കണ്ടെത്താനുള്ള അന്വേഷനത്ത്തിനു തുടക്കം കുറിച്ച് കൂടെ? ഈ കുറിപ്പ് അതിനു നിമിത്തമാകട്ടെ .

പ്രിയപ്പെട്ടവരേ ,
അക്കര സ്കൂളിലെ കുട്ടികള്‍ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്
അവരുടെ പ്രവര്‍ത്തനത്തെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നു എഴുതുമല്ലോ..
 
 
  
 


 

Saturday, November 5, 2011

അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍

അശ്ലീല സി ഡിയും ആത്മഹത്യയും 

കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ നാം എങ്ങനെ പെരുമാറും? ഉടന്‍ നമ്മിലെ സര്‍വാധികാരി സടകുടഞ്ഞു  എഴുന്നേല്‍ക്കും. കഠിനമായ തിരുത്തല്‍ പ്രക്രിയ ആരംഭിക്കും. ശത്രു പക്ഷത്ത് നിറുത്തിയാണ് വിചാരണ. അതാണോ വേനട്ത്? 
കുട്ടികളല്ല ആരായാലും തെറ്റ് സംഭവിക്കും. ഈ സത്യം   മനസ്സിലാക്കണം. കുട്ടിയുടെ പക്ഷത്ത് നിന്ന് കൂടി കാര്യങ്ങളെ കാണണം .അധ്യാപകര്‍ എന്നു മുതല്‍ സ്വയം മാറാന്‍ ശ്രമിക്കും.?
ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കട്ടെ 
.....സ്കൂളിലെ ഒരു കൂട്ടുകാരന് നീലച്ചിത്രത്തിന്റെ സിഡി നല്‍കിയതിനാണ് സുബിനെ പുറത്താക്കാന്‍ പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന്‍ തീരുമാനിച്ചത്.  കൂട്ടുകാരന്റെ രക്ഷിതാക്കളാണ് വെള്ളിയാഴ്ച സിഡി സ്കൂളില്‍ എത്തിച്ചത്. തുടര്‍ന്ന് അധ്യാപകരുടെ ചോദ്യംചെയ്യലില്‍ തന്നെ സുബിന്‍ മാനസികമായി ഏറെ തളര്‍ന്നിരുന്നു. തനിക്ക് സിഡി തന്നത് വീടിനടുത്തുള്ള മറ്റൊരു കുട്ടിയാണെന്നും ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും സുബിന്‍ ഉറപ്പുനല്‍കി. എന്നാല്‍ ടി സി നല്‍കാന്‍ തന്നെയായിരുന്നു പ്രിന്‍സിപ്പലിന്റെ തീരുമാനം. വൈകിട്ട് സ്കൂളിലെത്തണമെന്ന് ക്ലാസ് ടീച്ചര്‍ രജനി സുബിന്റെ പിതാവിനെ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് മുന്നിലിട്ടും പ്രിന്‍സിപ്പലും ചില അധ്യാപകരും കുട്ടിയെ ഏറെ പരിഹസിച്ചു. നീലച്ചിത്രം ടിവിയിലിട്ട് അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുക്കട്ടെടായെന്ന് ഭീഷണിയുടെ സ്വരത്തില്‍ പ്രിന്‍സിപ്പല്‍ ചോദിച്ചു. അപമാനഭാരംകൊണ്ട് തലതാഴ്ത്തി കരഞ്ഞ് "വേണ്ട സര്‍" എന്ന് കേണപേക്ഷിച്ചു. വൈകിട്ട് ഓഫീസ് അടച്ചതിനാല്‍ ഇന്ന് ടിസി തരാന്‍ പറ്റില്ല നാളെ രാവിലെയെത്തി ടിസി കൈപ്പറ്റണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇത്തവണ മാപ്പാക്കണമെന്ന രക്ഷിതാക്കളുടെ അപേക്ഷ പ്രിന്‍സിപ്പല്‍ അവഗണിച്ചു. അന്നുരാത്രി സുബിനെയും കൂട്ടി മാതാപിതാക്കള്‍ സിഡി കൈമാറിയ കുട്ടിയുടെ വീട്ടിലെത്തി മാപ്പുപറയുകയും ചെയ്തു. പിറ്റേന്ന് രാവിലെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ വീണ്ടും പ്രിന്‍സിപ്പലിനെ കണ്ട് മാപ്പിരന്നു. എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. ഇന്ന് തനിക്ക് ഉച്ചയ്ക്കുള്ള ട്രെയിനില്‍ പോവാനുണ്ടെന്നും അടുത്തദിവസം വന്നാല്‍ ടിസി തരാമെന്നും പറഞ്ഞ് ഇവരെ മടക്കിയയക്കുകയായിരുന്നു. സ്കൂളിന്റെ ഗേറ്റ് കടക്കുമ്പോഴാണ് സുബിന്‍ വീട്ടില്‍ തൂങ്ങിമരിച്ച വിവരം രക്ഷിതാക്കളെ തേടിയെത്തിയത്...

തൊണ്ടയാട് കുന്നുമ്മല്‍ത്തറയില്‍ സുരേഷ്ബാബുവിന്റെയും ബബിതയുടെയും മകനാണ് സുബിന്‍ . സംഭവത്തെക്കുറിച്ച് സുരേഷ് ബാബു പറയുന്നതിങ്ങനെ: "വെള്ളിയാഴ്ച വൈകിട്ട് കണ്ണന്റെ ക്ലാസ് ടീച്ചര്‍ രജനിയാണ് ഉടനെ സ്കൂളിലെത്തണമെന്ന് ആവശ്യപ്പെട്ടത്. താന്‍ കക്കോടി പടിഞ്ഞാറ്റിന്‍മുറിയിലായിരുന്നു. മകന് എന്തോ അപകടം പറ്റി എന്നുകരുതി ഉടന്‍ സ്കൂളിലെത്താന്‍ ഭാര്യയോട് വിളിച്ചുപറഞ്ഞു. എന്നാല്‍ ബബിതയെത്തുന്നതിന് മുമ്പുതന്നെ താന്‍ സ്കൂളിലെത്തിയിരുന്നു. ഓഫീസ് വരാന്തയിലെ കസേരയില്‍ വിയര്‍ത്തു തളര്‍ന്നു മകനെ കണ്ടപ്പോള്‍ പനിയാണെന്നുകരുതി. കണ്ണന് പനിക്കുന്നുണ്ടോ എന്നുചോദിച്ചപ്പോള്‍ "അവന് വേറെ പനിയാണെന്നായിരുന്നു" ടീച്ചറുടെ മറുപടി. മകനെയും കൂട്ടി പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ചെല്ലാന്‍ ടീച്ചര്‍ പറഞ്ഞു. "മകന് നീലച്ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന പണിയാണിവിടെ, അത് കാണിച്ചുകൊടുക്കട്ടേടാ" എന്ന് മോനോട് ചോദിച്ചു. അവന്‍ കരഞ്ഞുയാചിച്ച് വേണ്ടസര്‍ എന്നുപറഞ്ഞു. 2500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. അവിടെ ഇവനെ പോലുള്ള കുട്ടികള്‍ പറ്റില്ലെന്നും ടിസി വാങ്ങിപ്പോവണമെന്നും പറഞ്ഞു". ആ സമയം മുതല്‍ മകന്‍ ഏറെ ദുഃഖിതനായിരുന്നു 
അമ്മ ബബിതയ്ക്കിപ്പോള്‍ കണ്ണുനീരില്ലാതായി. "കണ്ണന്റെ സ്കൂള്‍ ഡയറി ആര്‍ക്കും നോക്കാം. അവനെക്കുറിച്ചൊരു പരാതിയും ഇതുവരെയില്ല. ഒക്ടോബര്‍ 28ന്റെ തിയ്യതിയില്‍ മാത്രമാണ് ചുവന്ന മഷിയില്‍ ടീച്ചര്‍ എഴുതിയത്. "രക്ഷിതാവ് ശനിയാഴ്ച സ്കൂളില്‍ ഹാജരാവണമെന്ന്". പിന്നെയെന്തിനാണ് വെള്ളിയാഴ്ച വൈകിട്ട് തന്നെ എന്നെയും സുരേഷേട്ടനെയും സ്കൂളിലേക്ക് വിളിപ്പിച്ച് ഞങ്ങളുടെ മുന്നിലിട്ട് മകനെ ആക്ഷേപിച്ചത്. അധ്യാപകര്‍ ചോദ്യംചെയ്തപ്പോള്‍ അവന്‍ പറഞ്ഞതെല്ലാം ഞങ്ങളുടെ മുന്നില്‍ ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഉള്ളിലൊതുക്കി മോന്‍ കരയുകയായിരുന്നു. മറ്റൊരു കുട്ടി കൊടുക്കാന്‍ പറഞ്ഞേല്‍പ്പിച്ച സിഡി ആ കുട്ടിക്ക് കൈമാറുകയാണ് മോന്‍ ചെയ്തത്. അന്ന് രാത്രിതന്നെ മോനെയും കൂട്ടി ഞങ്ങള്‍ ബന്ധപ്പെട്ട കുട്ടിയുടെ വീട്ടില്‍ പോയി മാപ്പ് പറഞ്ഞു. ആ കുട്ടിയുടെ അമ്മ സുബിനെ ആശ്വസിപ്പിച്ചു. രാത്രി ഒമ്പതോടെയാണ് അന്ന് വീട്ടിലെത്തിയത്. കണ്ണന്‍ ഒന്നും കഴിച്ചിരുന്നില്ല. നിര്‍ബന്ധത്തിന് വഴങ്ങി ഒരുഗ്ലാസ് വെള്ളം മാത്രം കുടിച്ചു. മോന്റെ വിഷമം കണ്ട് സുരേട്ടന്‍ കണ്ണനൊപ്പമാണ് കിടന്നത്. രാവിലെ എഴുന്നേറ്റിട്ടും ഒന്നും കഴിച്ചില്ല. ഞങ്ങള്‍ സ്കൂളില്‍ നിന്ന് വരുമ്പോഴേക്കും ഭക്ഷണമൊക്കെ കഴിക്കണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. 
അടുക്കളയും കക്കൂസും അതിന് മുകളില്‍ ഒരു കിടപ്പുമുറിയും മാത്രമാണ് വീട്ടിലുള്ളത്. സ്ഥലമില്ലാത്തതിനാല്‍ ട്രെയിനിലെ ബര്‍ത്ത് പോലെയാണ് കട്ടില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവിടെയാണ് സുബിനും 7-ാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ശ്രീലക്ഷ്മിയും ഒന്നാംക്ലാസില്‍ പഠിക്കുന്ന സൂര്യദേവുമെല്ലാം പഠിക്കുന്നതും ഉറങ്ങുന്നതും.മകന്‍ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ അധ്യാപകര്‍ക്ക് വീടു കാണിച്ചു കൊടുത്തുകൊണ്ട് സുരേട്ടന്‍ പറഞ്ഞു: "ഈ വീട്ടില്‍ എവിടെയാണ് സര്‍ കണ്ണന് കളവുകാണിക്കാനുള്ള സ്വകാര്യത". ഞങ്ങളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ അന്നവര്‍ തയ്യാറായില്ല. മകന് ടിസി കൊടുക്കാനായിരുന്നു താല്പര്യം. അപമാനം താങ്ങാനാവാതെയാണ് മോന്‍ ഈ കടുംകൈ ചെയ്തത്..
ഈ വാര്‍ത്ത ഒരു ചെവിയില്‍ കൂടി കേട്ട് മറ്റൊരു ചെവിയില് കൂടി കളയാനുള്ളതല്ല . അധ്യാപകരുടെ ക്രൂരതകള്‍ സമബന്ധിച്ച പതിനാറു വാര്‍ത്തകള്‍ ചുവടെ നല്‍കുന്നുണ്ട് . പുറത്തറിയാത്ത വാര്‍ത്തകള്‍ എത്രയോ ഉണ്ടാകും?
സുബുന്റെ സ്കൂളിലെ ഒരു അധ്യാപിക ആയിരുന്നു നിങ്ങള്‍ എങ്കില്‍ ഈ പ്രശനം എങ്ങനെ പരിഹരിക്കുമായിരുന്നു? ഇങ്ങനെ ആണോ..

 • ആദ്യം സ്കൂളില്‍ വെച്ച് സ്വന്തം മക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ എന്ന് അധ്യാപകര്‍ ആലോചിക്കണം.
 • കുട്ടികളെ അറിയല്‍ .കുട്ട്യേ സ്നേഹത്തോടെ  വിളിച്ചു വരുത്തി മനസ്സ് തുറക്കാന്‍ അവസരം നല്‍കണം . അങ്ങനെ വിശദാംശങ്ങള്‍ മനസ്സിലാക്കണം
 • അശ്ലീല സി ഡി കൈവശം വെക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണെന്ന്  കുട്ടിയെ ബോധ്യപ്പെടുത്തണം 
 • അത്തരം  ഒരു കുറ്റം ചെയ്യാനിടയായ സാഹചര്യം ,താല്പര്യം ഇവ പരിശോധിക്കണം
 • ചെയ്ത തെറ്റ് കുട്ടി തിരിച്ചറിയുന്നുവോ ? കുട്ടി ആ തെറ്റ് ശിക്ഷാര്‍ഹമാണെന്ന്    കരുതുന്നുണ്ടോ? തെറ്റ് തിരുത്താന്‍  കുട്ടിക്ക് എന്ത് നിര്‍ദേശം ആണുള്ളത് .? അത് ആരായണം.
 • മറ്റൊരു കുട്ടി ആണ് ഇങ്ങനെ ചെയ്തത് എങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് കുട്ടിയോട് തന്നെ ചോദിക്കാം .
 • രക്ഷിതാക്കളെ അറിയിക്കണം .പക്ഷെ കുട്ടിയെ വേദനിപ്പിക്കാതെ തിരുത്തല്‍ പ്രക്രിയ നടക്കണം എന്ന മുന്‍കരുതലോടെ. 
 • ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കേണ്ട ഭാഷ പ്രധാനം.
 • സ്കൂളുകളിലെ ജനാധിപത്യ വേദികള്‍ ശക്തമാണെങ്കില്‍ അവരുടെ അഭിപ്രായം തേടാം. പക്ഷെ കുട്ടിയുടെ പേര് വെളിവാക്കാതെ  പ്രവണതയാണ്  വിശകലനം ചെയ്യേണ്ടത്
സര്‍വശിക്ഷാ അഭിയാന്‍ ഹെല്പ് ഡസ്കുകള്‍ ആരംഭിച്ചപ്പോള്‍ കൌന്സലിംഗ് സംബന്ധിച്ച  ചില അടിസ്ഥാന ധാരണകള്‍ അധ്യാപകര്‍ക്ക് പകരുകയുണ്ടായി. അതൊക്കെ അവര്‍ അവഗണിക്കുന്നു.
മലപ്പുറത്ത് നിന്നും ഇന്നൊരു നല്ല വാര്‍ത്തയുണ്ട് അത് ഇങ്ങനെ 
മനസ്സറിഞ്ഞ് "ഹെല്‍പ്പ് ഡെസ്ക്"

താനൂര്‍ : മാനസിക സമ്മര്‍ദങ്ങളില്ലാതെ ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ . പഠനരംഗത്തോ ചുറ്റുപാടിലോ വീട്ടിലോ എവിടെയും വിദ്യാര്‍ഥിക്ക് പ്രശ്നമുണ്ടായാലും പരിഹാരവുമായെത്തുന്നത് വിദ്യാര്‍ഥികള്‍തന്നെ. സംസാരത്തിലൂടെ പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികളെ കണ്ടെത്തും. ക്ലാസില്‍ പരിഹരിക്കാവുന്നവ ആണെങ്കില്‍ അവിടെവച്ചുതന്നെ തീര്‍ക്കും. ഇല്ലെങ്കില്‍ അധ്യാപക സമിതിക്ക് മുമ്പില്‍വയ്ക്കും. അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ "ഫ്രന്‍ഡ്സ് സര്‍ക്കിള്‍" ആണ് ഇപ്പോള്‍ "ഹെല്‍പ്പ് ഡെസ്ക്" ആയി പ്രതിസന്ധികളില്‍ വിദ്യാര്‍ഥികള്‍ക്ക് കരുത്താവുന്നത്. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് "ഹെല്‍പ്പ് ഡെസ്ക്" ആരംഭിച്ചത്. 
 • വിദ്യാര്‍ഥികള്‍ നേരിടുന്ന വൈകാരികവും സാമൂഹ്യവുമായ പ്രശ്നങ്ങളെയും പഠനപ്രതിസന്ധികളെയും കണ്ടെത്തി പരിഹാരങ്ങള്‍ നിര്‍ദേശിക്കും. കേരള മഹിളാ സമഖ്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
 • അധ്യാപക സമിതിയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും വിദ്യാര്‍ഥികള്‍തന്നെയാണ് പദ്ധതിയുടെ പ്രയോക്താക്കള്‍ . 
 • പ്രശ്നങ്ങള്‍ മനസ്സിലാക്കി, തരംതിരിച്ച്, കാരണം കണ്ടെത്തി, പരിഹാരം കാണുന്നതുവരെ കൃത്യമായ ചട്ടക്കൂടിലൂടെയാണ് പ്രവര്‍ത്തനം.
 • രഹസ്യസ്വഭാവം പുലര്‍ത്തേണ്ട സാഹചര്യത്തില്‍ കൃത്യമായി അത് പാലിക്കുംവിധമാണ് ഇതിന്റെ ഘടന. ഓരോ ക്ലാസുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് പ്രത്യേക പരിശീലനം വഴിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
 • കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന ശാരീരിക-വൈകാരിക മാറ്റങ്ങള്‍ , രക്ഷിതാക്കളുടെയും അധ്യാപകരുടെയും അമിത പ്രതീക്ഷകള്‍ , ചുറ്റുപാടുകളില്‍നിന്നും നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ , ഇവ വിദ്യാര്‍ഥികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ ശില്‍പ്പശാലകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അറിവ് ലഭിക്കും. ഇത്തരത്തില്‍ "എന്റെ കുട്ടികളും ഞാനും" എന്ന പേരില്‍ കഴിഞ്ഞദിവസം ശില്‍പ്പശാല നടത്തി.
സുബിന്റെ സ്കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് വിധേയരാകണം.
ഇത് പോലെ ഉള്ള എല്ലാ അധ്യാപകരും.
ഈ വര്‍ഷത്തെ മറ്റു ചില ശീര്‍ഷകങ്ങള്‍ വാര്‍ത്തകള്‍ ...
1. അധ്യാപിക അടിച്ചപ്പോള്‍ ചൂരല്‍ കണ്ണില്‍ക്കൊണ്ടു; വിദ്യാര്‍ഥി ആസ്‌പത്രിയില്‍
29 Jun 201

2.സംഭാവന നല്‍കിയില്ല; കുട്ടികളെ പുറത്താക്കി

3. മോഷണക്കുറ്റം ആരോപിച്ച് അധ്യാപിക വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു
 25 Jun 2011കൊല്ലം: സഹപാഠിയുടെ 10 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
പൈസ താന്‍ എടുത്തില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും അധ്യാപിക ചൂരല്‍കൊണ്ട് കാലില്‍ പൊതിരെ തല്ലിയതായി കുട്ടി പറഞ്ഞു. കാലിലെ പാടുകള്‍ കണ്ട് അമ്മ ഷീജ, വര്‍ഷയുമായി വൈകിട്ടുതന്നെ സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. പണം എടുത്തെന്നാരോപിച്ച് അധ്യാപിക ദിവസം മുഴുവന്‍ ക്ലാസ്സില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയതായും വര്‍ഷ പറഞ്ഞു.

 

4. ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ മര്‍ദിച്ചതായി പരാതി
 23-Jun-2011
പുല്‍പ്പള്ളി: ആദിവാസി വിദ്യാര്‍ഥിയെ ഹെഡ്മാസ്റ്റര്‍ തല്ലിച്ചതച്ചതായി പരാതി. കാപ്പിസെറ്റ് ഗവ. ഹൈസ്കൂള്‍ നാലാംതരം വിദ്യാര്‍ഥി മിഥുന്‍(10)നാണ് ഹെഡ്മാസ്റ്റുടെ അടിയേറ്റ പരിക്കുകളോടെ പുല്‍പ്പള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിച്ചത്. തുപ്ര പണിയകോളനിയിലെ വേലായുധന്റെയും അമ്മിണിയുടെയും മകനാണ് മിഥുന്‍ . ക്ലാസില്‍ സംസാരിച്ചതിന് ഹെഡ്മാസ്റ്റര്‍ മിഥുനെ വടികൊണ്ട് ശരീരമാസകലം തല്ലിയെന്നും മൂക്കിനടികൊണ്ട് കഠിനമായ വേദനയുണ്ടെന്നുമാണ് പരാതി
5.അമരവിള സംഭവം: അധ്യാപകന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധം


തിരുവനന്തപുരം: അധ്യാപകന്റെ അടിയേറ്റ് അമരവിള എല്‍.എം.എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ആസ്​പത്രിയിലായ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 'മധുരം ബാല്യ'ത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കൈയൊടിഞ്ഞ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ ഇരട്ടി മര്‍ദനം

നെയ്യാറ്റിന്‍കര: സ്‌കൂളില്‍ വീണ് കൈയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിക്ക് മൂന്നാംപക്കം അധ്യാപകന്റെ വക ഇരട്ടി മര്‍ദനം. അടിയേറ്റ് അവശനായ വിദ്യാര്‍ഥി ജില്ലാ ആസ്​പത്രിയില്‍ ചികിത്സയിലാണ്.


6. സ്‌കൂള്‍ ബസ്സില്‍ കയറ്റിയില്ല; ക്ലാസ് കഴിഞ്ഞ കുട്ടികള്‍ പെരുവഴിയിലായി10 Jun 2011
നടപടി ബസ്ഫീസ് അടയ്ക്കാത്തതിന്റെപേരില്‍
കൊല്ലം:ബസ് ഫീസ് അടയ്ക്കാത്തതിന്റെപേരില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസ്സില്‍ വീട്ടില്‍ എത്തിച്ചില്ലെന്ന് ആക്ഷേപം. വീട്ടുകാരെ അറിയിക്കാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ വൈകിട്ട് പെരുവഴിയിലാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മാതാപിതാക്കളില്‍ ചിലര്‍ കുട്ടികളുടെ ടി.സി.വാങ്ങാന്‍ അപേക്ഷ നല്‍കി. മുഖത്തലയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലാണ് സംഭവം.
7. വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതി കെട്ടിത്തൂക്കിയെന്ന് പരാതി
 02 Jun 2011
കടുത്തുരുത്തി: പ്രവേശോത്സവത്തോടനുബന്ധിച്ച് ഒന്നാംക്ലാസ്സില്‍ ചേരാനെത്തിയ വിദ്യാര്‍ഥികളുടെ കഴുത്തില്‍ ജാതിപ്പേര്‍ എഴുതിച്ചേര്‍ത്ത കാര്‍ഡ് അണിയിച്ച് അധ്യാപകര്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുപ്പിച്ചതായി പരാതി. മുട്ടുചിറ സെന്‍റ് ആഗ്‌നസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേരാനെത്തിയ 82 കുട്ടികളുടെ കഴുത്തിലാണ് ജാതിപ്പേര്‍ രേഖപ്പെടുത്തിയ കാര്‍ഡ് അണിയിച്ചത്.
8. സ്‌കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ചതിന് നഷ്ടപരിഹാരം 4,90,000 രൂപ
15 Jul 2011


തിരുവനന്തപുരം: ഏഴര വയസ്സുകാരനായബാലന്‍ പാമ്പുകടിയേറ്റ് മരിച്ച കേസ്സില്‍ അനാസ്ഥ കാട്ടിയ സ്‌കൂള്‍ അധികൃതര്‍ 4,90,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ അംഗം എം.വി. വിശ്വനാഥന്‍, എം.കെ. അബ്ദുള്ളസോന എന്നിവര ടങ്ങുന്ന ബഞ്ചിന്‍േറതാണ് ഉത്തരവ്. വയനാട് മാനന്തവാടി ക്രൈസ്റ്റ്കിങ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി സന്ദീപിന് സ്‌കൂളില്‍ കളിക്കവേയാണ് പാമ്പുകടിയേറ്റത്.
പാമ്പു കടിച്ച കുട്ടിയെ ഒരു കിലോമീറ്റര്‍ അകലെയുള്ള ഡോക്ടറുടെ അടുത്തേക്ക് നടത്തിക്കൊണ്ടു പോയതായും സ്‌കൂള്‍ ബസ്സ് ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. ഇത് സ്‌കൂള്‍ അധികൃതരുടെ സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.
9.മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റില്ല
Posted on: 13-Jul-2011 06:11 AM
തിരു: മീശയുള്ള വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്നു പുറത്താക്കുന്നു. നഗരത്തിലെ പ്രമുഖ വിദ്യാലയമായ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്.
10.കേട്ടെഴുത്ത് തെറ്റിച്ചതിന് യു.കെ.ജി. വിദ്യാര്‍ഥിയെ മര്‍ദിച്ചു
Posted on: 02 Jul 2011
കാഞ്ഞങ്ങാട്: അധ്യാപികയുടെ മര്‍ദനമേറ്റ യു.കെ.ജി. വിദ്യാര്‍ഥിയെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കുഴി വടക്കേമുറി ജോസഫിന്റെ മകന്‍ ജോബി(4)നാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ എ ണ്ണപ്പാറ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ലീനക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.  
11.സ്‌കൂളില്‍ മര്‍ദ്ദനമേറ്റ് എട്ടാംക്ലാസുകാരന്‍ ചികിത്സതേടി
 29 Jun 2011
ചേലക്കര:പ്രധാനാധ്യാപകന്റെ ചൂരല്‍പ്രയോഗത്തില്‍ പരിക്കേറ്റ എട്ടാംക്ലാസുകാരന്‍ ആസ്​പത്രിയില്‍ ചികിത്സതേടി. ചേലക്കര ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസുകാരനും തോന്നൂര്‍ക്കര വടക്കേപ്പാട്ട് ഉണ്ണികൃഷ്ണന്റെ മകനുമായ വിപിന്‍ (13) ആണ് ചൊവ്വാഴ്ച വൈകീട്ടോടെ ചികിത്സതേടിയത്.

12. മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍   കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍  ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.


13.അധ്യാപകന്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചു കൊഴിച്ചു;പണം നല്‍കി ഒത്തുതീര്‍ത്തു


തൃക്കരിപ്പൂര്‍ : വാക്യങ്ങളുടെ അവസാനം ഫുള്‍ സ്റ്റോപ്പിടാത്തതിന് അധ്യാപകന്‍ വിദ്യാര്‍ഥിയുടെ കരണത്തടിച്ച് പല്ലുകൊഴിച്ചു. സംഭവം വിവാദമായതോടെ 20,000 രൂപ നല്‍കി ഒത്തുതീര്‍ത്തു. വിദ്യാര്‍ഥിയുടെ ബന്ധുക്കള്‍ ആദ്യം ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ 20,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. പടന്നയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ബയോളജി അധ്യാപകന്റെ അടിയേറ്റ് ഒമ്പതാം ക്ലാസുകാരന്റെ മുന്‍വശത്തെ പല്ല് കൊഴിഞ്ഞത്
14.എല്‍.കെ.ജി.വിദ്യാര്‍ഥിയെ അടിച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസ്


ആലത്തൂര്‍: നാലരവയസ്സുള്ള എല്‍.കെ.ജി.വിദ്യാര്‍ഥിയെ തല്ലിയതിന് അധ്യാപികയ്‌ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തു. ചുണ്ടക്കാട് പട്ടത്താഴത്ത്‌വീട്ടില്‍ ഷാജിയുടെ മകന്‍ മിഥുനിനാണ് അടികൊണ്ടത്
15. വിദ്യാര്‍ഥിയെ അടിച്ചതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്


ഒറ്റപ്പാലം: നഗരത്തിലെ അണ്‍ എയിഡഡ് ഇംഗ്ലീഷ്മീഡിയം സ്‌കൂളില്‍ പ്രധാനാധ്യാപിക വിദ്യാര്‍ഥിയെ അടിച്ച് പരിക്കേല്പിച്ചതായി പരാതി. ഒറ്റപ്പാലം ആര്‍.എസ്. റോഡില്‍ മലയത്തുംകുഴിയില്‍ മുജീബ്‌റഹ്മാന്റെ മകന്‍ എം.കെ. ജാഷിഫിനാണ് (11) ചൂരല്‍കൊണ്ട് കാലിനും കൈക്കും അടിയേറ്റ് ഒറ്റപ്പാലം താലൂക്കാസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പ്രധാനാധ്യാപിക പങ്കജത്തിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

16. കുട്ടികള്‍ക്കു നേരെ ആക്രമണം: വിചാരണ നാളെ

 02-Oct-2011
തലശേരി: ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഫയല്‍ചെയ്ത കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എന്‍ തുളസീഭായ് മുമ്പാകെ തിങ്കളാഴ്ച  തുടങ്ങും. കണ്ണൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് പ്രതി. കുട്ടികള്‍ ഒഴിവുപിരീയഡില്‍ പാരഡി ഗാനം പാടി എന്നതിന് മൂന്നാം ക്ലാസിലെ വിദ്യാര്‍ഥികളെ മുട്ടുകാലില്‍ നടത്തുകയും നിലംനക്കിക്കുകയും ചെയ്തെന്നാണ് കേസ്

മൈലാഞ്ചിയിട്ടതിന് അധ്യാപിക ആറാം ക്ലാസുകാരിയുടെ കൈ അടിച്ചുപൊട്ടിച്ചു
12-Nov-2011 
അമ്പലപ്പുഴ: മൈലാഞ്ചിയിട്ട് ക്ലാസിലെത്തിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപിക അടിച്ചുപൊട്ടിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പറവൂര്‍ നമ്പക്കാവെളി റാഫി-ഷെമി ദമ്പതികളുടെ മകള്‍ റാഫിയത്ത് അദബിയക്കാണ് മര്‍ദനമേറ്റത്. നീര്‍ക്കുന്നം അല്‍ -ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ റാഫിയത്ത് പെരുന്നാള്‍ദിനത്തില്‍ കൈയില്‍ മൈലാഞ്ചിയിട്ടിരുന്നു. ഇത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. എന്തിനാണ് മൈലാഞ്ചിയിട്ടതെന്നും ആര് പറഞ്ഞിട്ടാണ് ഇതെന്നും അധ്യാപിക ചോദിച്ചു. പെരുന്നാളിന് ഉമ്മയാണ് മൈലാഞ്ചിയിട്ടു തന്നതെന്ന് കുട്ടി പറഞ്ഞു. മൈലാഞ്ചിയിട്ടുകൊണ്ട് ക്ലാസില്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് അധ്യാപിക കുട്ടിയുടെ ഇടതുകൈയില്‍ ചൂരല്‍ വടി കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. 
................................................... 
എല്ലാ വിഭാഗത്തിലും പെട്ട സ്കൂളുകള്‍ ഉണ്ട് .
കച്ചവട വിദ്യാലയങ്ങള്‍ ഇക്കാര്യത്തില്‍ മുന്നിലാണ് .
നമ്മള്‍ക്ക് കുട്ടികള്‍ ആണ് പ്രശ്നം
അവര്‍ മനുഷ്യരാണ്
അവര്‍ക്കും അവകാശങ്ങള്‍ ഉണ്ട്
ശിശുദിന മാസത്തില്‍ , കുട്ടികളുടെ അവകാശം ചര്‍ച്ച ചെയ്യുന്ന വര്‍ഷത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായി എന്നത് ഖേദകരം തന്നെ.
നിങ്ങളുടെ പ്രതികരണം എങ്ങനെ?
സ്കൂളിനെ നല്ല വഴിക്ക് നയിച്ച അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ .പങ്കിടുമോ?
ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ കഴിയും?