ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, December 28, 2014

കരുത്തും രുചിയുമുളള പഠനാനുഭവങ്ങള്‍

ആമുഖം
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍

ആലപ്പുഴയില്‍ നിന്നും ചേര്‍ത്തലയ്ക് പോകുമ്പോള്‍ വളവനാട് കവലയില്‍ വലതുവശത്തായ് ഒരു ചെറിയ എല്‍ പി സ്കൂളുണ്ട്. കുട്ടികള്‍ ധാരാളം
ഞാന്‍ ആ സ്കൂളില്‍ പ്രതീക്ഷകളോടെയാണ് എത്തിയത്. എല്ലാ വിദ്യാലയങ്ങളിലും അങ്ങനെ തന്നെ. സ്കൂളിലെത്തിയാല്‍ എനിക്ക് എല്ലാ ക്ലാസുകളുടേയും വരാന്തയിലൂടെ ചുറ്റി സന്ദര്‍ശനമുണ്ട്. ചില അടയാളങ്ങള്‍ നമ്മെ ക്ലാസിലേക്ക് ക്ഷണിക്കും. അത്തരം അടയാളങ്ങള്‍ തീരെ നിസാരമായിരിക്കാം മറ്റുളളവര്‍ക്ക്.
പി ജെ എല്‍ പി സ്കൂളിലെ ജയശ്രീടീച്ചറുടെ ക്ലാസിലെ ചുമരില്‍ ഒരു വലിയ ഇന്‍ലാന്റ്. അതില്‍ കത്തെഴുതിയിരിക്കുന്നു. എനിക്ക് ആ ക്ലാസിലേക്ക് കയറാന്‍ ഈ കത്ത് നിമിത്തമായി.
ഞാന്‍ ടീച്ചറോടു ചോദിച്ചു. ടീച്ചറേ ഈ കത്തെന്തിനാ എഴുതിയത്?
ടീച്ചര്‍ പറഞ്ഞു


"ആര്‍ദ്രയുടെ കത്തിനെക്കുറിച്ച് പാഠമുണ്ട്. പക്ഷേ ഈ കുട്ടികളാരും ഇന്‍ലാന്റ് കണ്ടിട്ടില്ല. ക്ലാസില്‍ സാങ്കല്പിക കത്തെഴുതിയ അനുഭവമല്ലാതെ വീട്ടിലാരും കത്തെഴുതുന്നതു കുട്ടികള്‍ കണ്ടിട്ടുപോലുമില്ല ( കാലം മാറിയിരിക്കുന്നു. ഫോണ്‍ വന്നപ്പോള്‍ കത്തെഴുത്ത് മാഞ്ഞു) തപാല്‍ വകുപ്പിന്റെ സേവനത്തെക്കുറിച്ച് നല്ല ധാരണയുമില്ല.കത്തെഴുതുമ്പോഴാകട്ടെ രണ്ടോ മൂന്നോ വാക്യങ്ങള്‍ കഴിഞ്ഞാല്‍ കുട്ടികള്‍ തുടരാന്‍ പ്രയാസപ്പെടുന്നു. ആത്മാംശമില്ല.

ഞാന്‍ എന്റെ പഴയകത്തുകളില്‍ ചിലത് അവരെ വായിച്ചുകേള്‍പ്പിച്ചു. സ്വന്തം അനുഭവങ്ങളുടെ രേഖപ്പെടുത്തലുകള്‍ അവര്‍ പരിചയപ്പെട്ടു. കത്തെഴുത്തിലെ അനുഭവപരിമിതിക്ക്  പരിഹാരമായി ഇന്‍ലാന്റ് വാങ്ങി അധ്യാപികയ്ക് കത്തെഴുതാന്‍ എല്ലാ കുട്ടികളും തീരുമാനിച്ചു. അവരെല്ലാം എനിക്ക് വീട്ടിലേക്ക് കത്തെഴുതി. നല്ല ഒന്നാന്തരം കത്ത്. ഞാനവര്‍ക്കെല്ലാം മറുപടിയും അയച്ചു
പോസ്റ്റുമാനും അത്ഭുതമായി. എന്നും ടീച്ചര്‍ക്ക് കത്ത് വരുന്നല്ലോ എന്നു പറഞ്ഞു.
കുട്ടികള്‍ക്ക് അവരുടെ ജീവിതത്തിലെ ആദ്യത്തെ കത്ത് എന്റെ വകയാണ്.അവരെഴുതിയതും എനിക്കാണ്. “
കത്തെഴുതാന്‍ പഠിക്കേണ്ടതിങ്ങനെ തന്നെയാണ്. ആധികാരികാനുഭവ പഠനം എന്നു വിളിക്കാം.
ഞാന്‍ കുട്ടികളുടെ കത്തുകള്‍ വായിച്ചു . എന്തെല്ലാം സ്വകാര്യങ്ങള്‍. വീട്ടുകാര്‍ ടീച്ചറെക്കുറിച്ച് പറയുന്നത്.ടീച്ചറുടെ പഠിപ്പിക്കലിനെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്, സ്വന്തം വീട്ടിലെ വിശേഷങ്ങളെപ്പറ്റി.. ഇരുപുറവും നിറച്ചെഴുതിയിരിക്കുന്നു.മനസില്‍ നിന്നുളള ഒഴുക്ക് പ്രകടം. എഴുത്തിന്റെ ത്രില്‍. അധ്യാപനസാധ്യതകളുടെ വാതില്‍ തുറന്നിടണം അധ്യാപകര്‍

വരണ്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ക്ലാസിനെ മോചിപ്പിക്കുക ,കുട്ടികളേയും"എന്നൊരു മുദ്രാവാക്യം എല്ലാ വിദ്യാലയങ്ങളുടേയും സ്റ്റാഫ് റൂമില്‍ വേണമെന്നു തോന്നുന്നു.
ടീച്ചറേ ഇതുപോലെ വേറെ എന്തെങ്കിലും ? 
എനിക്കുറപ്പുണ്ട് സര്‍ഗാത്മകാധ്യാപനത്തിന്റെ വെളിച്ചം പ്രിസത്തിലെന്ന പോലെ ക്ലാസുകളില്‍ വര്‍ണരാജി സൃഷ്ടിക്കും
. അതിനാലാണ് ചികഞ്ഞുളള ഈ ചോദ്യം

Friday, December 19, 2014

മുറ്റത്ത് വിമാനമുളള പളളിക്കൂടം


ഞാന്‍ സ്കൂളിന്റെ മതിലിനിപ്പുറം റോഡില്‍ വണ്ടി നിറുത്തി ഇറങ്ങി.റോഡില്‍ നിന്നുളള കാഴ്ചയാണിത്. ഒരു വിമാനം വിദ്യാലയമുറ്റത്ത്.
 സ്കൂള്‍ കെട്ടിടം പൊതുവിദ്യാലയത്തിന്റെ പ്രൗഡി പ്രതിഫലിപ്പിക്കുന്നു.പ്രത്യേകവികസനാനുമതി പ്രകാരം രണ്ടുകോടി രൂപ മുടക്കി ശ്രീ തോമസ് ഐസക് എം എല്‍ എ പണികഴിപ്പിച്ചതാണിത് പെരുനേരുമംഗലം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ഈ കെട്ടിടം.


എവിടെയാണ് ഓഫീസ് ? ദാ അവിടെ വിശ്വസിക്കാനായില്ല
ഒരു വീടിന്റെ കെട്ടും മട്ടും. വിദ്യാലയം കുട്ടികളുടെ വീടാണല്ലോ

രണ്ടാം നിലയില്‍ നിന്നും താഴേക്ക് നോക്കി. മേല്‍ക്കൂരക്കാഴ്ചയും തെറ്റില്ല.  
പഠനമൂല്യമുളള മേല്‍ക്കൂരപ്പുറം.
അതാ അവിടെ ആ വിമാനത്തില്‍ നിന്നും യാത്രികര്‍ ഇറങ്ങുന്നു!
എനിക്ക് കൗതുകം കൂടി.ഞാന്‍ അങ്ങോട്ടടുത്തു

Tuesday, December 16, 2014

എസ്‍ ആര്‍ ജി, അക്കാദമിക പിന്തുണാരീതി, നന്മയുടെ കണ്ണട


ആ വിദ്യാലയത്തില്‍ ചെന്നു. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നവെന്നാണ് പ്രഥമാധ്യാപിക പറയുന്നത്. ഞാന്‍ പല പ്രഥമാധ്യാപകരോടും ചോദിക്കുമ്പോള്‍ ഇത്തരം മതിപ്പ് പ്രതികരണം കിട്ടുന്നു. അത് സന്തോഷകരമാണ്. പക്ഷേ ക്ലാസിലേക്ക് കയറുമ്പോള്‍ ആ സന്തോഷം പലപ്പോഴും മങ്ങുന്നു.

(അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കിട്ടിയ അനുഭവവും അറിവും വെച്ചുളള സ്വയം വിലയിരുത്തലാണത്. ) അധ്യാപകരുമായി ചര്‍ച്ച ചെയ്യുകയും എസ് ആര്‍ ജി മിനിറ്റ്സ് വിശകലനം നടത്തുകയും ചെയ്തു. എസ് ആര്‍ജിയില്‍ ഒരു അക്കാദമിക പ്രശ്നം പോലും വേണ്ടവിധം അപഗ്രഥിക്കുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്തിട്ടില്ല.ഒഴുക്കന്‍ മട്ടിലുളള എഴുത്ത്.( അവരും പറയുന്നു എസ് ആര്‍ ജി നന്നായി നടത്തുന്നുവെന്ന്)

2.

എന്റെ സന്ദര്‍ശനം വിദ്യാലയങ്ങളിലെ പ്രശ്നങ്ങള്‍ കണ്ടെത്താനല്ല. ഉപദേശങ്ങള്‍ നല്‍കാനുമല്ല. വിദ്യാലയം നേരിടുന്ന അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാനുളള ആശയപരവും പ്രായോഗികവുമായ സഹായം അധ്യാപകര്‍ക്ക് നല്‍കാനാണ്. പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെടണമെങ്കില്‍ അനുഭവം വേണം. അതു നല്‍കണം.
ഒ എസ് എസ് അഥവാ അക്കാദമിക പിന്തുണ നല്‍കുക എന്നാല്‍ ഉപദേശിക്കുക എന്നല്ല.ഇതാ ഒരുനുഭവം

Tuesday, December 9, 2014

അധ്യാപകര്‍ക്കും ക്രിസ്തുമസ് പരീക്ഷയാകാം


നാം ഓരോ ടേമിലും കുട്ടികളെ വിലയിരുത്തുന്നു.  
പരീക്ഷ നിലവാരം ഉയര്‍ത്തുമെന്നാണ് ഒരു വിശ്വാസം.

പരീക്ഷ നിലാവരത്തെ സംബന്ധിച്ച ചിലസൂചനകളേ നല്‍കൂ.
വിദ്യാലയത്തിന്റെയോ വിദ്യാര്‍ഥിയുടേയോ സമഗ്രമായ കഴിവുകളെ അതു പ്രതിഫലിപ്പിക്കില്ല.

പരീക്ഷയ്ക്കു ശേഷം നടക്കേണ്ട വിശകലനവും തുടര്‍ പ്രവര്‍ത്തനങ്ങളും പ്രധാനമാണ്.

പല വിദ്യാലയങ്ങളും അക്കാര്യത്തില്‍ പിന്നാക്കമാണ്. നിലവാരത്തിലെത്താത്തത് കുട്ടിയുടെ കുറ്റമാണ് എന്ന മുന്‍വിധിയോടെ കുട്ടിയെ വീണ്ടും പഠിപ്പിക്കുക മാത്രമാണ് പലപ്പോഴും ഇടപടല്‍ രീതി.

അധ്യാപകര്‍ക്കും വിദ്യാലയനേതൃത്വത്തിനും എന്തെങ്കിലും തിരുത്തലുകളോ മെച്ചപ്പെടുത്തലുകളോ ആവശ്യമാണെന്നു തോന്നാറില്ല.

ആത്മവിശകലനവും വിമര്‍ശനവും നടത്താത്തവര്‍ എന്ന ലേബലാണോ നാം അഗ്രഹിക്കുന്നത്?

ഇത്തവണ നമ്മുക്ക് നമ്മെ വിലയിരുത്താം. നമ്മുടെ വിദ്യാലയം എവിടെ നില്‍ക്കുന്നു? ഇതാ വിലയിരുത്തല്‍ രേഖ. മനസാക്ഷിയെകൊണ്ടാണ് പൂരിപ്പിക്കേണ്ടത്. പൂരിപ്പിക്കുന്ന ഏതു കാര്യത്തിനും വിദ്യാലയത്തില്‍ തെളിവുകള്‍ കാണണം.സ്വയം പൂരിപ്പിച്ചതിനു ശേഷം കോപ്പി എടുത്ത് സഹാധ്യാപകര്‍ക്കും നല്‍കൂ. .വിവരങ്ങള്‍ ക്രോഡീകരിച്ച് എസ് ആര്‍ജിയില്‍ അവതരിപ്പിക്കൂ.


വിദ്യാലയമികവ് സ്വയംവിലയിരുത്തല്‍ രേഖ


വിദ്യാലയത്തിന്റെ പേര് .............................................................

വളരെ മികച്ചത്(A), മികച്ചത്(B), ശരാശരി(C), ശരാശരിയില്‍ താഴെ(D), വളരെ മെച്ചപ്പെടാനുണ്ട് (E) എന്നിങ്ങനെ അഞ്ചു ഗ്രേഡുകളില്‍ പ്രസക്തമായവ രേഖപ്പെടുത്തണം.

Sunday, December 7, 2014

നാലാം ക്ലാസില്‍ നിത്യവും പത്രപ്രകാശനം


കോഴിക്കോട് നിന്നും ശ്രീ ബാബുജോസഫ് വിളിച്ചു
സ്കൂള്‍ വിശേഷം പറയാന്‍
ഞാന്‍ ഉത്സാഹത്തിലായി
അദ്ദേഹം പറഞ്ഞു എന്റെ നാലാം ക്ലാസില്‍ എല്ലാ ദിവസവും കുട്ടികള്‍ പത്രം തയ്യാറാക്കുന്നു.
എനിക്ക് അതു കാണാന്‍ കൊതിയായി
ഉടന്‍ തന്നെ ഫേസ്ബുക്കിലൂടെ അത് ലഭിച്ചു
നാലു പത്രം കിട്ടി.
എങ്ങനെയാണ് ഈ പ്രക്രിയ ഞാന്‍ ആരാഞ്ഞു
  • ഗ്രൂപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
  • ഓരോ ദിവസവും ചമുതലപ്പെട്ട ഗ്രൂപ്പ് ഉച്ചയ്ക് കൂടും
  • മാഷ് എ ഫോര്‍ ഷീറ്റുകള്‍ രണ്ടെണ്ണം നല്‍കും.
  • അവര്‍ അതു ചേര്‍ത്തൊട്ടിക്കും
  • പിന്നെ ആലോചിക്കും? എന്തെല്ലാമാണ് ഇന്നത്തെ സ്കൂള്‍/ ക്ലാസ് വിശേഷങ്ങള്‍?
  • ലിസ്റ്റ് ചെയ്യും
  • തലക്കെട്ട് എങ്ങനെ വേണം?
  • ധാരണയാക്കും
  • പിന്നെ അംഗങ്ങള്‍ ഓരോരുത്തരും വാര്‍ത്ത എഴുതും
  • അവ പത്രത്തിലേക്ക് മാറ്റിയെഴുതും
  • രണ്ടു മണിക്ക് പത്രപ്രകാശനം
  • ഓരോ ആഴ്ചയിലെയും പത്രം ആസംബ്ലിയില്‍ ആദരിക്കപ്പെടും
ജി എല്‍ പി എസ് കുമാരനല്ലൂരിലെ നാലാം ക്ലാസ് അധ്യാപകന്‍ ഈ വര്‍ഷത്തെ നൂറിലേറെ ക്ലാസ് പത്രങ്ങളുമായി നമ്മെ അതിശയിപ്പിക്കുന്നു

Thursday, November 27, 2014

ഒരുമയുടെ തിരുമധുരവുമായി വിദ്യാലയങ്ങളെ നയിക്കുന്ന അത്ഭുതം ഇതാ അരയി സ്കൂളിലും


ഇത് അരയി - വിദ്യാഭ്യാസ ഭൂപടത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഗ്രാമം ഇന്ന് കാസര്‍കോട് ജില്ലയുടെ ശ്രദ്ധാകേന്ദ്രമാണ്. മറ്റൊന്നും കൊണ്ടല്ല വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഒരു ഗ്രാമം തന്റെ ആത്മാവ് തിരിച്ചെടുക്കുമ്പോള്‍ അതിലെ ജീവിക്കുന്ന ഇതിഹാസമായി ഒരു നാടും പൊതു വിദ്യാലയവും.

അരയി ഒരുമയുടെ തിരുമധുരം പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് മീഡിയങ്ങളുടെയും കേന്ദ്രീയ വിദ്യാലയങ്ങളുടേയും നീരാളിപ്പിടുത്തത്തിനിടയില്‍ നഷ്ടപ്പെട്ടുപോയ സ്വത്വത്തെ വീണ്ടെടുക്കാന്‍ അരയി ഗവ.യു.പി.സ്‌കൂള്‍ നടത്തുന്ന ഐതിഹാസികമായ പ്രതിരോധത്തിന്റെ മകുടോദാഹരണമായി സൗഹൃദത്തിന്റെ സ്‌നേഹത്തുരുത്തായി ഒരുക്കിയ ഓണസദ്യ,

സങ്കുചിത താല്‍പര്യത്തിന്റെ നിലപാടില്‍ നിന്ന് പരസ്പരം പോരടിക്കുന്ന പുതിയ തലമുറയെ പാരമ്പര്യ തികവിന്റെ നന്മയിലേക്ക് തിരിച്ചുകൊണ്ടു വരുവാനും ഒരു പൊതു വിദ്യാലയത്തെ എങ്ങനെ നാടിന്റെ സാംസ്‌ക്കാരിക ചരിത്രത്തില്‍ പ്രതിഷ്ഠിക്കാമെന്നുളള ഉജ്ജ്വലമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അരയിലെ ഓണസദ്യ. പാരമ്പര്യത്തിന്റെ തികവും സംഘാടനത്തിന്റെ മികവും ഒത്തൊരുമിച്ച ഓണസദ്യയും ആയിരത്തി അഞ്ഞൂറിലേറെ പേര്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി.ആരാണ് അരയി സ്കൂളിന്റെ സാരഥി.?
ഒറ്റ വര്‍ഷം മതി ഈ പ്രഥമാധ്യാപകന്.
ഈ പ്രഥമാധ്യാപകന്‍ വ്യത്യസ്തനാണ്. അദ്ദേഹം ഒരു വര്‍ഷം ഒരു വിദ്യാലയത്തില്‍ എന്ന ശീലക്കാരനാണ് . ഒറ്റ വര്‍ഷം കൊണ്ട് ആ വിദ്യാലയത്തെ സമൂഹത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കും. വിദ്യാലയം ഉയരത്തിലെത്തും.അതിന്റെ തന്ത്രം ജനകീയതയാണ്.സര്‍ഗാത്മക ചിന്തയാണ്. പ്രതിബദ്ധതയാണ്. കൊടക്കാട് നാരായണന്‍ എന്ന അത്ഭുതം. അദ്ദേഹം തെളിയിക്കുന്നു ഏതൊരു വിദ്യാലയത്തേയും ഒരു വര്‍ഷം കൊണ്ട് മികച്ചതാക്കാം. കൂട്ടക്കനിയും മുഴക്കോമും ബാരയും കാഞ്ഞിരപ്പൊയിലും എല്ലാം ഉദാഹരണം 
ഇപ്പോള്‍ ഇതാ അരയി യു പി സ്കൂള്‍ ..

നഴ്സറി ക്ലാസില്‍ കളിചിരികളുടെ മാമ്പഴക്കാലം, അയല്‍പക്കവായന ,മാതൃകാ അംഗന്‍വാടികള്‍ ,ഇന്റര്‍ നാഷണല്‍ പ്രീ-പ്രൈമറി സ്കൂള്‍, അറിവുത്സവം മികവുത്സവം, ഗണിതവും ഇംഗ്ലീഷും എല്ലാവര്‍ക്കും, എന്റെ ക്ലാസ്മുറി എന്റെ കൊച്ചുവീട് ,ചുമര്‍ കവിത ചുമര്‍ കഥ ചുമര്‍ ഗണിതം ഭാഷാഭിത്തി ,എല്ലാവര്‍ക്കും ഡയറി ,കാര്‍പ്പറ്റ് വിരിച്ച ക്ലാസ്മുറി, ടോയിലറ്റ് അറ്റാച്ച്ഡ് ക്ലാസ്റൂം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍ ,പഠനോദ്യാനം, മള്‍ട്ടിമീഡിയ ക്ലസ് റൂം, സ്കൂള്‍ പോസ്റ്റ് ഓഫിസ് ,സ്കൂള്‍ ബാങ്കിംഗ്, സ്റ്റുഡന്റ് പോലീസ് സ്റ്റേഷന്‍, കുട്ടികളുടെ പ്രൊഫൈല്‍/പോര്‍ട്ട്ഫോളിയോ, നീന്തല്‍ കുളം ,അക്വേറിയം, പച്ചക്കറിത്തോട്ടം, ഓരോ കുട്ടിക്കും ലാപ്ടോപ്പ്, സ്കൂള്‍ തിയേറ്റര്‍ ,ഫിലിം ക്ലബ്ബ്, ആര്‍ട്ട് ഗാലറി, സ്പോട്സ് അക്കാദമി, ഔഷധോദ്യാനം ,അറിവുത്സവ കേന്ദ്രങ്ങള്‍...സാഹിത്യ മ്യൂസിയം ,ഗണിത ലാബ് ,ശാസ്ത്ര സാങ്കേതിക മ്യൂസിയം, അരയി വാണി ,അരയി വിഷന്‍ ചാനല്‍, ഹിസ്റ്ററി പാര്‍ക്ക് ,അധ്യാപക ശാക്തീകരണം അതെ ഒത്തിരി സ്വപ്നങ്ങള്‍ ഒറ്റ വര്‍ഷം കൊണ്ടു സാക്ഷാത്കരിക്കാനുളള പ്രവര്‍ത്തനത്തിലാണ് കൊടക്കാട് നാരായണന്‍. ഇതാ അവ യാഥാര്‍ഥ്യമാകുന്നതിന്റെ ചില തെളിവുകള്‍..

Sunday, November 23, 2014

എല്‍ പി സ്കൂളില്‍ എല്ലാ അധ്യാപകര്‍ക്കും ലാപ് ടോപ്പ്. എല്ലാ ക്ലാസിലും ഐ ടി അധിഷ്ഠിത പഠനം -

പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കാകെ മാതൃകയാണ് ഈ സ്കൂളിലെ അധ്യാപകര്‍.
എഴുനൂറുകുട്ടികള്‍ പഠിക്കുന്ന എല്‍ പി സ്കൂള്‍ കേരളത്തില്‍ അപൂര്‍വമാണ്.
ആ നിലയിലേക്ക് ഉയര്‍ത്താനായത് ഇത്തരം സമര്‍പ്പണമനോഭാവമാണ്.
കുട്ടികള്‍ക്കുവേണ്ടി പൊതുവിദ്യാഭ്യാസശാക്തികരണത്തിനുവേണ്ടി തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ തയ്യാറാവുക.
അപ്പോള്‍ സമൂഹം അത് തിരിച്ചറിയും.
ഇതാ ആത്മാര്‍ഥതയുളള അധ്യാപകരിവിടെ ഉണ്ട് എന്ന് പറയും
പ്രചരിപ്പിക്കും.
സമൂഹം കുട്ടികളെ വിടും.
മറ്റത്തില്‍ഭാഗം സ്കൂളിലെ അധ്യാപകര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍!

Tuesday, November 18, 2014

ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു

ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ ഡയറി എഴുതുന്നു. അത് ലോകവുമായി പങ്കുവെക്കുന്നു. ഈ ഡയറി അക്കാദമിക മോണിറ്ററിംഗിന്റേതാണ്. വിദ്യാലയത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാലയങ്ങളിലെ കരുത്ത് അറിയിക്കുകയാണ്. ഒപ്പം അധ്യാപകരെ അംഗീകരിക്കലുമാണ്. ചൂണ്ടുവിരല്‍ മുന്‍പൊരിക്കല്‍ മുത്ത് എന്ന അദ്ദേഹത്തിന്റെ ബ്ലോഗിനെ പരിചയപ്പെടുത്തിയിരുന്നു.വീണ്ടും മുത്തിലൂടെ കടന്നു പോകാം. ദിനാചരണങ്ങള്‍ക്ക് എല്ലാ വിദ്യാലയങ്ങള്‍ക്കും ആശയപിന്തുണ നല്‍കിയും വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ വായിച്ചു പ്രോത്സാഹിപ്പിച്ചും കുട്ടികളുടെ കൂട്ടുകാരനാകാന്‍ ശ്രമിക്കുന്ന ശ്രീ ഹൃഷികേശ് ഒരു മാതൃക വികസിപ്പിക്കുകയാണ്.

എ ഇ ഒ യുടെ ഡയറി വായിക്കൂ..

അഭിനന്ദനങ്ങള്‍ ....  കൂട്ടുകാരുടെ കത്തുകളും അവയിലൂടെ ലോഭമില്ലാതെ ചൊരിയുന്ന സ്നേഹപ്രകടനങ്ങളുമാണ് ഒരു അക്കാദമിക ലീഡറായി മാറാന്‍ എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നത് . മുത്തിലൂടെ കൈമാറ്റപ്പെടുന്ന അറിവിന്‍റെ വെട്ടങ്ങള്‍ എങ്ങനെ കൂട്ടുകാരില്‍ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ കത്തുകള്‍ ..... പക്ഷെ പലപ്പോഴും ഈ കത്തുകള്‍ക്കെല്ലാം മറുപടിയെഴുതുക ദുഷ്കരം തന്നെ ..... മംഗള്‍യാന്‍ പരിപാടിയുമായി ബന്ധപ്പെട്ട് മുത്തില്‍ പ്രസിദ്ധീകരിച്ച പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാര്‍ ഏറ്റെടുത്തതിന്റെ ചില പ്രതിഫലനങ്ങള്‍ എന്നെത്തന്നെ അതിശയിപ്പിക്കുന്നതായിരുന്നു ...... അവയില്‍ മികച്ചവയെ കുറിച്ചുള്ള ചില കുറിപ്പുകള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......

Friday, November 14, 2014

ഫേസ്ബുക്കും വിദ്യാഭ്യാസ സാധ്യതകളും

രക്ഷിതാക്കളുടെ മൊബൈലില്‍ സന്ദേശം :Nale 2 manikku klas PTA

അവര്‍ ഫേസ് ബുക്ക് തുറന്നപ്പോഴോ സ്വകാര്യമെസേജായി അറിയിപ്പ്

നാളെ രണ്ടാം ബുധനാഴ്ചയാണന്നറിയാമല്ലോ.  
ഉച്ചയ്ക് അഞ്ചാം ക്ലാസിലെ രക്ഷിതാക്കള്‍ ഒത്തുകൂടുന്നു
ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍
കഴിഞ്ഞ മാസത്തെ പഠനപുരോഗതി ( ഭാഷ, ഗണിതം)
കുട്ടികളുടെ നോട്ടുബുക്ക് വിലയിരുത്തല്‍
വീട്ടിലെ പഠനാന്തരീക്ഷം -ക്ലാസ് ,ചര്‍ച്ച
വ്യക്തിഗത പിന്തുണാമേഖലകള്‍
ക്ലാസിലെ പ്രദര്‍ശനസാമഗ്രികള്‍ നിരീക്ഷിക്കല്‍
എല്ലാവര്‍ക്കും അറിയിപ്പു കൊടുത്തിട്ടുണ്ട്
വേറെ എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടോ?
രക്ഷിതാക്കള്‍ക്ക് ഐ ടി പരിശീലനം- സൗകര്യപ്രദമായ തീയതി എന്നാണ്?




ഇതുപോലെ രക്ഷിതാക്കളുമായി വിദ്യാലയം നിരന്തരം ബന്ധപ്പെടുന്നതിനു സഹായകമായ അന്തരീക്ഷം സംജാതമായിരിക്കുകയാണ്. 
ഏറ്റവും കൂടുതല്‍ ടെലിസാന്ദ്രതയുളള സംസ്ഥാനമാണ് കേരളം . അഖിലേന്ത്യാ ടെലിസാന്ദ്രത 73 % ആയിരിക്കുമ്പോള്‍ കേരളത്തിലേത് 96% ആണ്. ഡല്‍ഹിയും തമിഴ്നാടുമാണ് തൊട്ടു പിന്നില്‍. (നിശ്ചിത പ്രദേശത്തെ നൂറുപേര്‍ക്ക് എത്ര ടെലിഫോണ്‍ എന്നതാണ് ടെലിസാന്ദ്രത കൊണ്ടര്‍ഥമാക്കുന്നത്).

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ട്.
ശ്രീ രാജന്‍ ആനന്ദന്‍ ( ഗൂഗില്‍ ഇന്ത്യുടെ മാനേജിംഗ് ഡയറക്ടര്‍) പറയുന്നത് ഈ വര്‍ഷം തന്നെ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടുമെന്നാണ്. 2018 ആകുമ്പോഴേക്കും 500 മില്ല്യന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇന്ത്യയിലുണ്ടാകും. ഓരോ മാസവും അഞ്ചു മില്യന്‍ എന്ന കണക്കിനാണത്രേ ഉപയോക്താക്കളുടെ വര്‍ധന!
ഇന്റര്‍നെറ്റ് ബന്ധമുളള കുടുംബങ്ങളുടെ കാര്യത്തിലും കേരളം ഇതരസംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. (അവലംബം  National Sample Survey Organisation (NSSO) report)
വിവരവിനിമയസാങ്കേതികവിദ്യയുടെ ഈ അനുകൂലസാഹചര്യം വിദ്യാഭ്യാസമേഖലയില്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നുളള ആലോചന നടക്കേണ്ടതുണ്ട്. 
അന്വേഷണങ്ങള്‍ മേലേ തലത്തില്‍ നിന്നും വേണമെന്നില്ല. 
താഴേതലത്തില്‍ നിന്നും വികസിപ്പിച്ച് വ്യാപിപ്പിക്കാം.
സസ്യജാലങ്ങള്‍ വിത്തുവിതരണം നടത്തുന്ന രീതിയില്‍ അതു വ്യാപകമാകും.
ഈ ലക്കത്തില്‍ ഫേസ് ബുക്കിന്റെ 45 വിദ്യാഭ്യാസ സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്.

Monday, November 10, 2014

മൊബൈല്‍ ക്ലാസിലുപയോഗിക്കാത്തതിനു ശിക്ഷ വേണ്ടേ ?


Ngee Ann Secondary school ല്‍ അധ്യാപിക ക്ലാസെടുക്കുന്നു. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എന്തോ ചെയ്യുന്നു ( ചിത്രങ്ങള്‍ നോക്കുക ). നിങ്ങളാണ് ആ ക്ലാസിലെ അധ്യാപിക എന്നു കരുതുക. എന്തായിരിക്കും ക്ലാസില്‍ സംഭവിക്കുക?

കുട്ടി കുറ്റവാളിയാകും.

അസംബ്ലിയില്‍ വെച്ച് പരിഹസിക്കപ്പെടും

വീട്ടുകാരെ ഓഫീസിലേക്കു വിളിക്കും

ഒരു റിംഗ് ടോണില്‍ തകരുന്നതാണോ നമ്മുടെ വിദ്യാലയത്തിലെ അച്ചടക്കവും പഠനസംസ്കാരവും?

ഈ സ്കൂള്‍ സിങ്കപ്പൂരിലാണ്. അവിടെ ക്ലാസ് റൂമില്‍ മൊബൈല്‍ഫോണ്‍ അനുവദനീയമാണ്. വിദ്യാലയങ്ങളില്‍ കുട്ടികളോ അധ്യാപകരോ മൊബൈലുപയോഗിക്കരുതെന്ന് ഇവിടുത്തെ പോലെ വിലക്കില്ല.
  • പഠനത്തെ കാര്യക്ഷമമാക്കാന്‍ ലാപ് ടോപ്പും മൊബൈലും ക്ലാസില്‍ കൊണ്ടുവരാം.
  • അതുപയോഗിച്ച് നെറ്റില്‍ വിവരങ്ങള്‍ അന്വേഷിക്കാം.
  • പ്രോജക്ടുകള്‍ ചെയ്യാം.
  • ഗ്രൂപ്പുകള്‍ തമ്മില്‍ പങ്കിടാം.
  • ലോകം ക്ലാസില്‍ നിറഞ്ഞു നില്‍ക്കും.
സിംഗപ്പൂര്‍ വിദ്യാഭ്യാസഗുണനിലവാരത്തില്‍ ഏറ്റവും മുന്തിയസ്ഥാനത്താണെന്നോര്‍ക്കുക.

വളരെ യാഥാസ്ഥിതികമായ മനസാണോ കേരളത്തിന്റേത്? എന്തും ദുരുപയോഗം ചെയ്യുമെന്ന ആധി.സദുദ്ദേശ്യത്തോടെ ഉപയോഗിക്കാനുളള സാധ്യതകളേറെയുളളപ്പോഴും നിഷേധാത്മകചിന്തയുടെ ഗുരുക്കളാണ് വിദ്യാഭ്യാസസംവിധാനത്തിലാകെ എന്നു തോന്നുന്നു.
ത്രീ ജി, ഫോര്‍ ജി സ്മാര്‍ട്ട് ഫോണുകള്‍ എല്ലാവിധ സൗകര്യങ്ങളും ഒന്നിച്ച് പോക്കറ്റില്‍ തരികയാണ്. ഡസ്ക് ടോപ്പോ ലാപ് ടോപ്പോ ഇന്റര്‍നെറ്റ് കേബിളോ വീഡിയോ ക്യാമോ ക്യാമറയോ ഒന്നും വേറേ വേറെ കരുതേണ്ടതില്ല. എല്ലാം മൊബൈല്‍ ചെയ്യും. വിദ്യാഭ്യാസത്തില്‍ നവസാങ്കേതിക വിദ്യ തടസ്സം കൂടാതെ പ്രയോജനപ്പെടുത്താന്‍ അനുവാദത്തിനായി നമ്മുടെ അധ്യാപകരെന്നാണ് സമരം ചെയ്യുക? വിദ്യാര്‍ഥികളെന്നാണ് നിവേദനം നല്‍കുക? ചില വിദ്യാലയങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട് കാസര്‍ഗോഡ് ജില്ലയിലെ അരയി യു പി സ്കൂളുകാരുടെ ഇടപെടലിന്റെ പത്രവാര്‍ത്തയാണ് ചുവടെ കാണുന്നത്.
മൊബൈല്‍ ഫോണ്‍ ക്ലാസില്‍ എന്തിനെല്ലാം ഉപയോഗിക്കാം?

Friday, November 7, 2014

കാസര്‍ഗോഡ് ജില്ലയില്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ് -മാതൃക സൃഷ്ടിച്ച് ഡയറ്റ്.


വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്
പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്കൊത്തുയരുന്നില്ല.  
ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ വഴിപാട് സ്വഭാവത്തിലുളളതോ ധനലക്ഷ്യം പൂര്‍ത്തീകരിക്കുക മാത്രം അജണ്ടയാക്കിയുളളതോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്ഓരോ വര്‍ഷവും ജില്ലയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍
ആത്മപരിശോധന നടത്താന്‍  പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍.
ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു.
  • ജില്ലയിലെ ജനപ്രതിനിധികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം ആവേശം നല്‍കാന്‍ ഡയററിനു കഴിഞ്ഞു.
  • പിന്തുണ ആര്‍ജിക്കാനായി
    • ഔദ്യോഗിക ജനകീയ കൂട്ടായ്മ വളര്‍ത്താനായി. 
  • അവരുടെ മനസില്‍ ഇടം ഉറപ്പിക്കുകയും ചെയ്തു.
  • ടോട്ടല്‍ കവറേജുളള മൂന്നു പ്രവര്‍ത്തനങ്ങളാണവിടെ നടക്കുന്നത്.
    • എല്ലാ വിദ്യാലയങ്ങള്‍ക്കും ബ്ലോഗ്,
    • എല്ലാ ഹൈസ്കൂളുകള്‍ക്കും സ്റ്റെപ്,
    • എല്ലാ പ്രൈമറി വിദ്യാലയങ്ങള്‍ക്കും സാക്ഷരം.
    • കൂടാതെ വിഭവസിഡികള്‍ ഐ ടി @ സ്കൂളിന്റെ കൂടി സഹായത്തോടെ നല്‍കല്‍

Wednesday, November 5, 2014

സമൂഹത്തിലേക്ക് വിദ്യാലയം.


ചിങ്ങം ഒന്ന്
ഞായറാഴ്ച
എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകര്‍ വീട്ടില്‍.
മാവേലിക്കര തെക്കേക്കര എല്‍ പി സ്കൂള്‍ അന്ന് പി ടി എ മീറ്റിംഗ് വെച്ചിരിക്കുകയാണ്
വിദ്യാലയത്തിലല്ല രക്ഷിതാക്കള്‍ താമസിക്കുന്ന പ്രദേശത്ത്.
പഞ്ചായത്ത് മെമ്പറുടെ വീടിന്റെ പരിസരം വ‍ൃത്തിയാക്കിയിട്ടിരിക്കുന്നു
നാല്പതിലേറെ കസേരകള്‍ .തറവിരിപ്പുമമുണ്ട്
മെമ്പറുടെ വീടിന്റെ പൂമുഖത്തൊരുക്കിയ ലളിതമായ ഒരു പ്രദര്‍ശനം കടന്നു വേണം യോഗസ്ഥലത്തേക്കു പോകുവാന്‍.
ആ പ്രദര്‍ശനാമകട്ടെ വിദ്യാലയത്തിന്റെ മികവുകളാണ്
ക്ലാസ് തിരിച്ച് മനോഹരമായി ക്രമീകരിച്ചിട്ടുണ്ട്.
അവിടെ ചെറിയ ആള്‍ക്കൂട്ടമുണ്ട്
സമൂഹത്തിലേക്ക് വിദ്യാലയം രക്ഷിതാക്കളിലേക്ക് വിദ്യാലയം.

Sunday, November 2, 2014

വായനാകേന്ദ്രങ്ങളുമായി ഇതാ ഈ വിദ്യാലയം നാടിനെ നയിക്കുന്നു..


നവംബര്‍ ഒന്ന്
മുണ്ടക്കയം സി എം എസ് എല്‍ പി സ്കൂളില്‍ അവര്‍ ഒത്തു കൂടി
അറുപതോളം പേര്‍.
അവരില്‍ രക്ഷിതാക്കളുണ്ട്
അധ്യാപകരുണ്ട്
വിദ്യാഭ്യാസ പ്രവര്‍ത്തകരുണ്ട്
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയാണത്.
മുണ്ടക്കയം, പാറത്തോട്, കൊക്കയാര്‍, പെരുവന്താനം, കോരുത്തോട് പഞ്ചായത്തുകളിലെ ഇരുപത്തിയഞ്ച് വായനാകേന്ദ്രങ്ങളുടെ നടത്തിപ്പുകാരാണവര്‍
സ്കൂളാണ് കേന്ദ്രബിന്ദു. വിദ്യാലയത്തിന്റെ തനത് പരിപാടിയാണ് പ്രാദേശികവായനാകേന്ദ്രം
കഴിഞ്ഞ മെയ് മാസത്തിലാണ് ആദ്യ വായനാകേന്ദ്രം ആരംഭിക്കുന്നത്

  • അമ്പതു വിദ്യാര്‍ഥികളുളള ഒരു പ്രദേശമാണ് തെരഞ്ഞെടുത്തത്
  • അവിടെ സൗകര്യപ്രദമായ ഒരു വീടു കണ്ടെത്തണം.
  • പുസ്തകം സൂക്ഷിക്കാനും വിതരണം ചെയ്യാനും
  • അമ്പതു പുസ്തകങ്ങള്‍ ആ കേന്ദ്രത്തില്‍ നല്‍കും
  • വീട്ടുടമ പുസ്തകങ്ങളുടെ ചുമതല ഏല്‍ക്കണം ആ വീട്ടിലെ കുട്ടിക്കാണ് വിതരണച്ചുമതല
  • ഒരു വര്‍ഷം കൊണ്ട് മുന്നൂറ് മുന്നൂറ്റമ്പത് പുസ്തകങ്ങള്‍ ഓരോ കുട്ടിയും വായിക്കുക എന്നതാണ് ലക്ഷ്യം.
  • പുസ്തകങ്ങള്‍ സ്പോണ്‍സറിംഗിലൂടെയാണ് സമാഹരിക്കുന്നത്.

Sunday, October 26, 2014

ദൈവദൂതനെപ്പോലെ ഒരധ്യാപകന്‍


(Oct 12/2014 ന് അരുണ്‍ പി. ഗോപി മാധ്യമം ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പാണിത് )

‘‘ഇരുളിലാണ്ടവര്‍ക്ക് മുമ്പില്‍ ദൈവം പലരൂപത്തില്‍ പ്രത്യക്ഷപ്പെടില്ലേ,  
എന്‍െറ മക്കളുടെ ദൈവമായി ആ ചെറുപ്പക്കാരന്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിവന്നു.’’ 
(ആത്മകഥ: വി പോസ്റ്റീവ് - ടി.കെ. രമ)

കൊട്ടിയൂരിലെ ടി.കെ. രമയെ ഓര്‍മയില്ലേ; ഒരുപക്ഷെ, അവരെക്കാള്‍ നിങ്ങള്‍ക്കു പരിചിതം അക്ഷരയെയും അനന്ദുവിനെയും ആയിരിക്കും. എയ്ഡ്സ് എന്ന രോഗത്തിന്‍െറ പേരില്‍ പുരോഗമന കേരളം ഭ്രഷ്ട് കല്‍പിച്ച രണ്ടു മക്കളുടെ ഹതഭാഗ്യയായ അമ്മയാണ് രമ. അതുവരെ അജ്ഞാതമായി മാത്രം കേട്ടിരുന്ന എയ്ഡ്സ് എന്ന നാലക്ഷരത്തിന്‍െറ ഭീതിയില്‍ സമൂഹം ഇവരെ ഒറ്റുകാരായി ചിത്രീകരിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കിലത്തെിയ ഈ അമ്മ പറക്കമുറ്റാത്ത തന്‍െറ കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു. ഒരിക്കലും തളരാത്ത ആ മനസ്ഥൈര്യം നഷ്ടപ്പെട്ടത് രോഗത്തിന്‍െറ പേരില്‍ അക്ഷരക്കും അനന്ദുവിനും വിദ്യാഭ്യാസം നിഷേധിച്ചപ്പോഴായിരുന്നു. പഠിക്കാനുള്ള തന്‍െറ പൊന്നോമനകളുടെ അവകാശം നിഷേധിച്ചതാകട്ടെ മറ്റ് കുട്ടികളുടെ മാതാപിതാക്കളും.

എച്ച്..വി ബാധിതര്‍ എന്ന മുദ്രകുത്തി അക്ഷര ദാഹം നിഷേധിച്ച അക്ഷരക്കും അനന്ദുവിനുമായി ഒരുപാട് ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിരുന്ന കാലം. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ രൂപപ്പെട്ട സമരമുഖത്തിന് നേതൃത്വം നല്‍കികൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്തും സയന്‍സ് വിഷന്‍ പ്രവര്‍ത്തകരും കടന്നുവന്നു. ഒടുവില്‍ അന്നത്തെ മുഖ്യമന്ത്രിയായ എ.കെ. ആന്‍റണി ഇടപെട്ട് പൊതുവിദ്യാലയത്തില്‍ പഠിക്കാനുള്ള അവകാശം ഈ കുരുന്നുകള്‍ക്ക് നല്‍കുകയായിരുന്നു. പക്ഷേ, പ്രശ്നമവസാനിച്ചില്ല. എച്ച്..വി ബാധിതരായ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ വിടില്ളെന്ന് മറ്റ് രക്ഷിതാക്കളും തീരുമാനമെടുക്കുന്നു. അവസാനം ഒരൊത്തുതീര്‍പ്പ്. അക്ഷരെയെയും അനന്ദുവിനെയും പഠിപ്പിക്കാനായി പ്രത്യേകമായൊരു ക്ളാസ്റൂം ഒരുക്കുക. സാംസ്കാരിക കേരളം ലജ്ജിച്ച നടപടിയായിരുന്നു അത്. 14 വയസ് വരെ നിര്‍ബന്ധിതവും സാര്‍വത്രികവുമായി വിദ്യാഭ്യാസമെന്നത് മൗലികാവകാശമായുള്ള ഒരു രാഷ്ട്രത്തിലായിരുന്നു രോഗത്തിന്‍െറ പേരില്‍ ഈ വിവേചനം.

Wednesday, October 22, 2014

ആ വിദ്യാലയത്തില്‍ സര്‍ഗഭാവനയുടെ നിറച്ചാര്‍ത്തുണ്ട്.



കലയ്ക്കോട് Govt.യു.പി.എസ്സ് ലേക്ക്
ഏവര്‍ക്കും സ്വാഗതം.
10.10.2014 രാവിലെ 10 മണിയ്ക്ക്
നമ്മുടെ കുട്ടികളുടെ ഭാവനയില്‍ വിരിഞ്ഞ ചായകൂട്ടുകളുടെ പ്രദര്‍ശനം.

ഈ അറിയിപ്പ് നാട്ടില്‍ ചര്‍ച്ചാവിഷയമായി

കുട്ടികള്‍ രക്ഷിതാക്കളോടു പറഞ്ഞു
രക്ഷിതാക്കള്‍ സ്കൂളിലേക്ക് രാവിലെ തന്നെ പുറപ്പെട്ടു.
ചെന്നപ്പോഴോ നിറയെ ചിത്രങ്ങള്‍!
ഒന്നും രണ്ടുമല്ല നൂറുകണക്കിന് !
ഒരു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും ചിത്രമെഴുത്തുകാരാക്കാന്‍ കഴിയുക എന്ന അപൂര്‍വാനുഭവത്തിനാണ് സ്കൂള്‍ സാക്ഷ്യം വഹിച്ചത്

കൊട്ടാരക്കര ഡയറ്റില്‍ വെച്ചാണ് ഞാന്‍ കലയ്ക്കോട് Govt.യു.പി.എസിലെ ശ്രീ അജിലാലിനെ കാണുന്നത്. കൈയ്യില്‍ നിറയെ കുട്ടികളുടെ വര്‍ണക്കൂട്ടുകള്‍.
അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രധാന വിവരങ്ങള്‍ വായിക്കൂ
"കുട്ടികളെ കലാപരമായി എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം അതിനെന്താണ് വഴി?
എല്ലാ കുട്ടികളിലും സര്‍ഗഭാവനയും കഴിവുകളുമുണ്ട് അതെങ്ങനെ പുറത്തേക്കുകൊണ്ടുവരാമെന്നാണ് ഞാനാലോചിച്ചത്
വിഷയവുമായി ബന്ധിപ്പിച്ചാണ് ആലോചിച്ചത്
ഉദാഹരണത്തിന് ഒന്നാം ക്ലാസില്‍ മഴയെക്കുറിച്ച് ഒരു പാഠമുണ്ട്? ഞാന്‍ അവരുമായിമഴയെക്കുറിച്ച് ചര്‍ച്ച ചെയ്തു. എന്താണ് മഴ? എങ്ങനെയാണ് മഴ?അതിനുളള അനുഭവം അവര്‍ക്കു കൊടുക്കുന്നു. കുട്ടികളില്‍ നിന്നും അവരുടെ അനുഭവമാണ് സൃഷ്ടികളായി വരേണ്ടത്. എങ്കിലേ അതിനര്‍ഥമുളളൂ. അതിനാല്‍ ഞാന്‍ അവരുമായി മഴയെക്കുറിച്ച് സംസാരിച്ചു പുറത്തുമഴപെയ്യുന്നതു കാണാനും മഴ നനയാനും അവസരം ഒരുക്കി.അതില്‍തന്നെ ചെളിയില്‍ ചവിട്ടി നടക്കാനും അനുഭവങ്ങളെല്ലാം ക്ലാസില്‍ വന്ന് അഭിനയിച്ചു കാണിക്കാനും പറഞ്ഞു.കുട്ടികളുടെ അഭിനയം കഴിഞ്ഞാല്‍ ഞാന്‍ എന്റെ ഭാവനയില്‍ നിന്ന് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നു. ചില കുട്ടികള്‍ വരയ്കും ചിലര്‍ പാടും ചിലര്‍ നൃത്തം വെക്കും ഇതൊന്നും ചെയ്യാത്തവരുമുണ്ടാകും. അവര്‍ക്ക് കൈത്താങ്ങ് നല്‍കണം. അവരെ ഒപ്പം നിറുത്തണം. അവര്‍ക്കും സന്തോഷമുണ്ടാക്കുന്ന വളരെ മനോഹരമായ അനുഭവം ക്ലാസിലൊരുക്കി.

Wednesday, October 15, 2014

പഞ്ചായത്തുകളും സമൂഹവും വിദ്യാലയത്തിലിടപെടുന്നതിനെ ഭയക്കുന്നവര്‍ തെറ്റു തിരുത്തണം


പ്രാദേശിക ഭരണകൂടങ്ങളെ വിദ്യാലയപ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ കടുത്ത പ്രതിഷേധമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ അധ്യാപകസംഘടനകളും ഒരു വിഭാഗം മാനേജ്മെന്റുകളും ഉയര്‍ത്തിയത്. ഇപ്പോള്‍ എല്ലാവരേയും ഇടപെടുവിക്കാനാണ് തീരുമാനം.ഉത്തരവിറങ്ങി.
ഫോക്കസ്
എസ് എസ് എ നടത്തുന്ന ഫോക്കസ് പരിപാടിയ്ക് തദ്ദേശഭരണത്തിലെ പ്രതിനിധികളെ വേണം.
സ്കൂളിന്റെ നിലനില്‍പ് പ്രതിസന്ധിയിലാവുകയും ആയിരക്കണക്കിന് അധ്യാപകര്‍ ബാങ്കിലാവുകയും ചെയ്ത സവിശേഷ സാഹചര്യത്തിലെങ്കിലും പ്രാദേശികഭരണകൂടത്തേയും സമൂഹത്തെയും പങ്കാളികളാക്കി സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍ ശ്രമിക്കുന്നതിനെ സ്വാഗതം ചെയ്യണം.
ആലപ്പുഴയിലെ ഒരു വിദ്യാലയവികസന പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും സഹായവും വാഗ്ദാനം ചെയ്തു. വിദ്യാലയയത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്
ഇതുവരെ എന്തുകൊണ്ട് ഈ പിന്തുണസംഘത്തെ പ്രയോജനപ്പെടുത്തിയില്ല?
  • സമൂഹത്തിന്റെ നന്മയാണ് വിദ്യാലയം. 
  • വിദ്യാലയത്തില്‍ നിന്നും സുതാര്യതയുടെ തുറന്ന സമീപനത്തിന്റെ സൗഹാര്‍ദ്ദത്തിന്റെ നന്മയുടെ പാഠങ്ങളാണുണ്ടാവേണ്ടത്. 
  • വിദ്വേഷത്തിന്റേതല്ല. ജനങ്ങള്‍ ഭരിക്കാന്‍ നിയോഗിച്ചവരെ ശത്രുക്കളായി കാണരുത്. 
  • അവര്‍ നല്ല സംഘാടകരും നാടിന്റെ നേതാക്കളുമാണ് എന്ന ഓര്‍മ വേണമായിരുന്നു
  •  
അവകാശനിയമവും പുതിയ ഉത്തരവും
വിദ്യാഭ്യാസ അവകാശനിയമത്തില്‍ തദ്ദേശ സര്‍ക്കാരുകളുടെ അധികാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഓരോ സംസ്ഥാനസര്‍ക്കാരും അതനുസരിച്ച് ഉത്തരവിറക്കണം. ഇതു സംബന്ധിച്ച് കേന്ദ്രമാനവ വിഭവമന്ത്രാലയം 21.05.2013, 31.01,2014 എന്നീ തീയതികളില്‍ രണ്ടു കത്തുകള്‍ സംസ്ഥാനസര്‍ക്കാരിന് അയച്ചു. കേരളസര്‍ക്കാരിന് അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയം ഭരസ്ഥാപനങ്ങള്‍ക്ക് ചുമതല നല്‍കി ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം ഇതാണ്.
G.O(P)No.192/2014/GEdn (RTE Act - Notifying local authorities and preparation of activity mapping for local authorities )
പ്രധാനകാര്യങ്ങള്‍ താ..  ( ബ്രാക്കറ്റിലുളളത് എന്റെ വിശകലന ചിന്ത) 

Saturday, October 11, 2014

എൽ . പി സ്കൂൾ കുട്ടികളുമായി ഇംഗ്ലീഷിൽ എം എല്‍ എയുടെ സംവാദം

എം എല്‍ എ യുടെ അടുത്ത് കലവൂര്‍ ടാഗോര്‍മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളിധിക‍ൃതര്‍ എത്തി. 
ആവശ്യമിതാണ് ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ അങ്ങയുമായി ഇംഗ്ലീഷില്‍ അഭിമുഖം നടത്താനാഗ്രഹിക്കുന്നു.
കുട്ടികളുടെ നിലവാരം പൊതുസമൂഹം അറിയാനാണ് ഈ പരിപാടി.
കുട്ടികളുടെ കഴിവും ആത്മവിശ്വാസവും പ്രകടമാക്കപ്പട്ട ആ ചടങ്ങില്‍ പങ്കെടുത്ത ഡോ. തൊമസ് ഐസക്, എം എല്‍ എ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി
"ഈ സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പുതിയ അഡ്മിഷൻ വെറും 5 കുട്ടികൾ വീതം ആയിരുന്നു. കലവൂർ വൈ. എം എ വായനശാല പ്രവർത്തകർ സ്കൂളിന് ഒരു പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയിരിക്കുന്നു . ആദ്യ തീരുമാനം എന്താണെന്നോ? പ്രധാനപ്പെട്ട പ്രവര്ത്തകരുടെ എല്ലാം കുട്ടികളെ ഈ അണ്‍ ഇക്കണോമിക് സ്കൂളിൽ ചേർക്കുവാൻ തീരുമാനിച്ചു . തങ്ങളുടെ മക്കൾ അടക്കം ഉള്ള കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം എങ്ങിനെ നല്കാം എന്നുള്ളതാണ് ലക്ഷ്യം .

Saturday, October 4, 2014

രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം


എം വി രാജന്‍ മാഷ് ഹൈസ്കൂളില്‍ അഞ്ഞൂറ്റി നാല്പത് കുട്ടികളെ രസതന്ത്രം പഠിപ്പിക്കുന്നു.  
ഏറെ പ്രയാസമെന്നു പലരും കരുതുന്ന വിഷയം ഏറ്റവും നന്നായി കുട്ടികള്‍ മനസിലാക്കി പഠിക്കുന്നു.  
രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം എന്നാണ് വട്ടേനാട് ഹൈസ്കൂളിലെ രാജന്‍മാഷ് വിശ്വസിക്കുന്നത്. പാഠപുസ്തകം ആധാരമാക്കിയാല്‍ അത് രസതന്ത്രത്തെ അറുമുഷിപ്പല്‍ വിഷയമാക്കുമെന്നു അദ്ദേഹം കരുതുന്നു. ഓരോ പാഠത്തിലൂടെയും നേടേണ്ട കഴിവുകള്‍ എന്താണെന്നു കൃത്യമായി ധാരണയുളള അധ്യാപകര്‍ക്ക് സ്വന്തം രീതി വികസിപ്പിച്ചെടുക്കാനാകും.  
പഠനപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞുളള റഫറന്‍സിനുളള ഉപാധിയാക്കി പാഠപുസ്തകത്തെ പരിഗണിച്ചാല്‍ മതി. ( പാഠപുസ്തക ഭാഷ, അവതരണരീതി ഇതൊന്നും സാധാരണകുട്ടികളെ കണ്ടുകൊണ്ടല്ലെന്ന് അനുഭവം)
നിരന്തര വിലയിരുത്തല്‍ രീതി
വിലയിരുത്തലില്‍ വ്യത്യസ്തമായ സമീപനം, ജനാധിപത്യപരം. എന്താണെന്നു നോക്കുക
ഓരോ ആഴ്ചയിലെയും പിരീയഡുകള്‍ കഴിഞ്ഞാല്‍ ഉച്ചനേരം അതത് ക്ലാസുകളിലെ കുട്ടികള്‍ കൂട്ടങ്ങളാകും. ഓരോ ഗ്രൂപ്പിനും ഓരോ ലീഡര്‍. രാജന്‍മാഷ് പഠിപ്പിച്ച കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്രത്തോളം മനസിലായി എന്നു വിലയിരുത്തലാണ് നടക്കുക. ചിലത് പരസ്പരം വിശദീകരിക്കുന്നതിലൂടെ വ്യക്തമാകും. മനസിലാകാത്ത ആശയങ്ങള്‍, മനസിലാകാത്ത കുട്ടികള്‍ ഇവ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ലീഡര്‍മാര്‍ അധ്യാപകന് കൈമാറും. പൊതുവായി മനസിലാകാത്തവ ഉണ്ടെങ്കില്‍ പുതിയ പ്രവര്‍ത്തനം നല്‍കി അതു പരിഹരിക്കും. മനസിലാകാത്ത കുട്ടികളെ പ്രത്യേകം വിളിച്ച് അവരുമായി ഒന്നിച്ച് ചിന്തിക്കല്‍ നടത്തി അവരെ ആ തടസ്സങ്ങള്‍ മറികടക്കാന്‍ സഹായിക്കും.
യൂണിറ്റ് പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധനയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്.