ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, January 28, 2014

ഇവിടെ ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങള്‍ക്ക് പാവകള്‍ പഠനോപകരണങ്ങള്‍

 .............................................................................................................................................................................................ലക്കം 504
(കാനത്തൂര്‍ യു പി എസ് വേറിട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 
അക്കാദമികരംഗത്തെ ആ ഇടപെടലുകള്‍ ആവേശകരമാണ്. 
ഉള്‍ക്കാഴ്ചയുളള പ്രവര്‍ത്തനങ്ങള്‍.  
കാനത്തൂര്‍ പെരുമകള്‍ ചൂണ്ടുവിരല്‍ പങ്കിടുന്നു)
 "രാവിലെ ഒന്നാം ക്ലാസിലേക്കു ചെന്നപ്പോള്‍ ശാന്ത ടീച്ചറും കുട്ടികളും കടലാസുപാവകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലായിരുന്നു.കുട്ടികള്‍ നിര്‍മ്മിച്ച പാവകള്‍ കാണാന്‍ എനിക്കു ധൃതിയായി.എന്റെ ക്ലാസു കഴിഞ്ഞ് വീണ്ടും ഒന്നാം ക്ലാസിലേക്കു ചെന്നു.മനോഹരമായ കടലാസുപാവകളെയും ഉയര്‍ത്തിപ്പിടിച്ച് കുട്ടികള്‍ നില്‍ക്കുന്നു.
"മാഷെ ഞങ്ങളുടെ പാവകളെ കണ്ടോ?”
അവര്‍ അഭിമാനത്തോടെ പാവകളെ പരിചയപ്പെടുത്തി.
"ഇവരുടെ പേരെന്താ?” ഞാന്‍ ചോദിച്ചു.
"ദേവികപ്പാവ...ഉണ്ണിപ്പാവ...ചക്കരപ്പാവ..”
കുട്ടികള്‍ വിളിച്ചു പറയാന്‍ തുടങ്ങി.
അവര്‍ പാവകളെയെല്ലാം നിലത്തു കിടത്തി.ഓരോ പാവക്കുഞ്ഞിന്റെയും അരികിലായി അച്ഛന്‍പാവയും അമ്മപ്പാവയും അനുജത്തിപ്പാവകളും ഒക്കെ കിടന്നു.ടീച്ചര്‍ പാവകളെ ഉപയോഗപ്പെടുത്തി ഗണിത പ്രവര്‍ത്തനത്തിലേക്കു കടന്നു.പാവകളെ ബിഗ് സ്ക്രീനില്‍ വരികളിലും നിരകളിലും നിശ്ചിത എണ്ണം വരുന്ന രീതിയില്‍ ക്രമീകരിക്കാന്‍ കഴിയുമോ എന്നു കുട്ടികളോടു ചോദിച്ചു.അവര്‍ ആ വെല്ലുവിളി ഏറ്റെടുത്തു........
താന്‍ നിര്‍മ്മിച്ച പാവകളുമായി കുട്ടികള്‍ ഇതിനകം തന്നെ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു.അതിനെ പേരിട്ടു വിളിക്കുന്നതോടെ അതു പൂര്‍ണ്ണമായി.
 അതേ പാവകളെ തന്നെയാണ് ടീച്ചര്‍ ഗണിതപ്രവര്‍ത്തിനായി ഉപയോഗിച്ചത്.പാവകള്‍ ഒരേ സമയം ഒരു മൂര്‍ത്ത വസ്തുവും കുട്ടിയെ ഗണിത ചിന്തയിലേക്കു നയിക്കാനുള്ള ഒരു സ്റ്റിമുലിയുമാകുന്നു.
പാവനിര്‍മ്മാണം ആഖ്യാനവുമായി ബന്ധപ്പെട്ട ഒരു സന്ദര്‍ഭം ആവശ്യപ്പെടുന്ന സമയത്താണ് ടീച്ചര്‍ ചെയ്തത്.ഗണിത പ്രവര്‍ത്തനത്തിനായി പുതിയ സന്ദര്‍ഭങ്ങളുണ്ടാക്കി പിറ്റേ ദിവസം ഈ പാവകളെ ടീച്ചര്‍ വീണ്ടും ഉപയോഗിച്ചു. 
തറയില്‍ പാവകളുടെ വീടുകള്‍ വരച്ചു. 
കുട്ടികളെ നാലുഗ്രൂപ്പുകളാക്കി. 
ഓരോ വീടിന്റെയുംകാവല്‍ക്കാരായി കുട്ടികളെയിരുത്തി.  
വീടുകളില്‍ വ്യത്യസ്ത എണ്ണം പാവകളെ വെച്ചു. (ആകെയുള്ള ഇരുപതു പാവകള്‍.) ഓരോ വീട്ടിലെയും പാവകളുടെ എണ്ണം തുല്യമാക്കണം. 
പാവകളുടെ എണ്ണം മാറ്റിമാറ്റി കളി ആവര്‍ത്തിച്ചു. 
കുട്ടികള്‍ ആസ്വദിച്ചു കളിച്ചു.ഒപ്പം അവരുടെ ചിന്ത ഉണര്‍ന്നു.തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
-*കൊച്ചുകട്ടികളില്‍ സംഖ്യാബോധം രൂപീകരിക്കാന്‍ മഞ്ചാടിയും കമ്പുകെട്ടുകളും എന്ന പരമ്പരാഗതചിന്തയില്‍ നിന്നും നാം മാറേണ്ടതുണ്ട്. 
-*പാഠഭാഗവുമായി ബന്ധപ്പെട്ട ആഖ്യാന സന്ദര്‍ഭത്തില്‍ നിര്‍മ്മിക്കുന്ന വസ്തുവായിരിക്കണം ഗണിതത്തിന് ഉപയോഗപ്പെടുത്തേണ്ടത്.ഇങ്ങനെ ഉപയോഗിക്കുന്ന വസ്തുക്കളായിരിക്കും കുട്ടികളെ കൂടുതല്‍ പ്രചോദിപ്പിക്കുക.അത് കുട്ടികളെ സംബന്ധിച്ചിടത്തോളം അര്‍ത്ഥപൂര്‍ണ്ണമായിരിക്കും."
.....................................................................

Thursday, January 23, 2014

ഉച്ചവായന

 രണ്ടു വിദ്യാലയങ്ങളില്‍ ഉച്ചവായന കണ്ടു
പുന്നപ്ര സി വൈ എം എ സര്‍ക്കാര്‍ യു പി സ്കൂളിലെ എസ് ആര്‍ ജി കണ്‍വീനര്‍ ഉച്ചവായനയെക്കുറിച്ച് വിവരിച്ചതിങ്ങനെ-
 • കുട്ടികളുടെ വായനാനിലവാരം ഉയര്‍ത്തുന്നതിനുളള പദ്ധതിയാണ്. 
 • എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നരയ്ക്ക് അതത് ക്ലാസില്‍ കൂടും.
 • പത്രവായനയാണ് ആദ്യ ഇനം
 • നാലുപേരുടെ സംഘം
 • പത്രത്താളുകള്‍ വീതിച്ചെടുക്കും
 • ഓരോരുത്തരായി വായിക്കും
 • കുട്ടികളുടെ എല്ലാവരുടേയും വീട്ടില്‍ പത്രം ഇല്ല
 • അഥവാ വരുത്തുന്നുണ്ടെങ്കില്‍ തന്നെ എല്ലാവരും വായിക്കണമെന്നുമില്ല.
 • ഉച്ചനേരത്ത് ക്ലാസില്‍ പഠിപ്പിച്ചതിന്റെ തുടര്‍പ്രവര്‍ത്തനവും (ലേഖനവും എഴുത്തും ) നടത്തും
 • ക്ലാസധ്യാപികയുടെ സഹായവും മേല്‍നോട്ടവും
കായം കുളം ഠൗണ്‍ യു പി എസാണ് രണ്ടാമത്തെ സ്കൂള്‍
 • അവിടെ എല്ലാ കുട്ടികളും വരാന്തയില്‍ ഒത്തു കൂടും
 • ക്ലാസ് ലീഡര്‍മാരുണ്ട്
 • പരസ്പരപഠനത്തിനുളള സമയം കൂടിയാണ്
 • ഇഷ്ടമുളളതു വായിക്കാം.
 • വരയ്ക്കാം
 • എഴുതാം
 • ചര്‍ച്ച ചെയ്യാം
രണ്ടു വിദ്യാലയത്തിലും നടക്കുന്ന പ്രവര്‍ത്തനത്തെ ഇനിയും മെച്ചപ്പെടുത്താമെന്നു തോന്നുന്നു.
കഥാപുസ്തകവായന ( സി വൈ എം എ ജി യു പി എസ്) അഞ്ചു പേരുടെ ഗ്രൂപ്പുകളാണ്. ഒരാള്‍ കഥ വായിക്കുന്നത് മറ്റുളളവര്‍ കേള്‍ക്കുന്നു. മറ്റുളളവര്‍ കേള്‍വിക്കാരാണ്. ഇതു എല്ലാവര്‍ക്കും വായനാപങ്കാളിത്തം നല്‍കും വിധമാക്കി മാറ്റാം. മാറി മാറി വായിക്കാം. രണ്ടു പേരടങ്ങുന്ന വായനാടീം ആക്കാം. 

 • കായംകുളം തേവലപ്പുറം സ്കൂളിലെ പ്രഥമാധ്യാപികയായ ശ്രീലതടീച്ചര്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം അവിടെയും ഉച്ചവായനയുണ്ട്. 1.20ന് വായനക്കൂട്ടം .പത്രവായനയുണ്ട്. പുസ്തകവായനയുണ്ട്.അത് ലൈബ്രറി പുസ്തകങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനാണ്. വായനാശീലം വര്‍ധിപ്പിക്കാന്‍.എല്ലാവരും വായനാക്കുറിപ്പുകള്‍ തയ്യാറാക്കണം.അടുത്ത ദിവസത്തെ അസംബ്ലിയില്‍ വായനാക്കുറിപ്പുകളുടെ അവതരണം ഉണ്ട് (അവിടെ പോകാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.ആ ടീച്ചര്‍ ക്ഷണിച്ചു."മോണിറ്ററിംഗ് ടീ ഞങ്ങളുടെ വിദ്യാലയത്തിലെത്തണം.")
  ഈ വിദ്യാലയങ്ങള്‍ക്കെല്ലാം കുറേ കൂടി ആഴത്തിലേക്കു പോകാന്‍ കഴിയും.ആസൂത്രണത്തില്‍ ശ്രദ്ധിച്ചാല്‍ മതി. ആഴ്ചതോറുമുളള ലക്ഷ്യങ്ങള്‍ തീരുമാനിക്കണം.
 • വായിച്ചത് വിശകലനത്തിനു വിധേയമാക്കണം. കേവലം ആശയം മനസിലാക്കലില്‍ മാത്രമായി പരിമിതപ്പെടരുത്. പുസ്തകചര്‍ച്ച, വായനാക്കുറിപ്പ് എന്നിവനിര്‍ദ്ദേശിക്കണം. വായനാക്കുറിപ്പ് മെച്ചപ്പെടുത്തണം.മികച്ചവ വിദ്യാലയം ഫയലില്‍ സൂക്ഷിക്കണം.
 • വായനാനുഭവങ്ങള്‍ പങ്കിടാന്‍ അവസരം നല്‍കണം
 • ആഴത്തിലുളള വായനയിലേക്കു നയിക്കണം.അങ്ങനെ ചെയ്യണമെങ്കില്‍ അധ്യാപിക വായനാസാമഗ്രിയില്‍ കൂടി കടന്നു പോയിരിക്കണം
 • ഭാഷാപ്രത്യേകതകള്‍, നിലപാടുകള്‍, മൂല്യങ്ങള്‍, കഥാപാത്ര സ്വഭാവം, തന്നെ സ്വാധീനിച്ച കാര്യം എന്നിങ്ങനെ വായനാവേളയില്‍ കുട്ടി പരിഗണിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കണം
വായനയുടെ രീതി മെച്ചപ്പെടുത്താം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതമാക്കാം
ഒരു ദിവസം ലൈബ്രറി പുസ്തകങ്ങളുടെ വായനയാകാം. അതിന്റെ പങ്കുവെക്കലും കുറിപ്പവതരണവും നടത്താം
വായനയിലും എഴുത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള പിന്തുണാവായന നടത്താം
ലേഖനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വായനാക്കുറിപ്പിന്റെ മെച്ചപ്പെടുത്തല്‍ സഹപാഠികളുടെ സഹായത്തോടെ ചെയ്യാം
ഓരോ ദിവസത്തേക്കും അജണ്ട നിശ്ചയിക്കുന്നത് നല്ലത്.
സര്‍ഗാത്മക രചനകളുടെ അവതരണങ്ങള്‍ക്കും അവസരം നല്‍കാം.
ഈ ഫേര്‍മാറ്റില്‍ ആലോചിക്കാവുന്നതാണ്
 • ലക്ഷ്യം- ( ഓരോ ക്ലാസിനെയും കണ്ട് നിര്‍വചിക്കണം)
 • പ്രവര്‍ത്തനങ്ങള്‍ ( എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍, രീതി, സഹായം ,മോണിറ്ററിംഗ് ഇവ ആലോചിക്കണം)
 • നേട്ടവും തെളിവും( അനതു കഴിവുകള്‍ കുട്ടികള്‍ നേടുന്നു എന്നു വിലയിരുത്തണം. അതിനുളള തെളിവുകളും)
സ്കൂള്‍ പാര്‍ലമെന്റിന്റെ അഭിപ്രായം കൂടി ആരായുന്നത് നല്ലതാണ്.ചുവടെ നല്‍കിയവ കൂടി വായിക്കുന്നതു നന്ന്. (ശീര്‍ഷകത്തില്‍ ക്ലിക് ചെയ്യൂ)

1) നിത്യവും ഉച്ചനേരം സാംസ്കാരിക പരിപാടി

2) വായനയുടെ പച്ച.

 

 

Friday, January 17, 2014

ശാസ്ത്രാധ്യാപിക ജന്തുക്കളുമായി ക്ലാസിലെത്തി

 ....................................................................................................................................................ലക്കം 502
അഞ്ചാം ക്ലാസിലെ അധ്യാപിക ജന്തുക്കളുമായി ക്ലാസിലെത്തി. 
ജീവികളെ ആഹാരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാനുളള പ്രവര്‍ത്തനം ഉണ്ട്. 
സസ്യാഹാരം കഴിക്കുന്നവയുടെ ശരീരപ്രത്യേകതകള്‍ , മാംസാഹാരം കഴിക്കുന്നവയുടെ പ്രത്യേകതകള്‍ തുടങ്ങിയവ നിരീക്ഷിക്കാനാണ് ആടുമാടുകളെ രംഗത്തിറക്കിയത്.
പല പഠനശൈലിയുളള കുട്ടികളുണ്ട്.
പ്രത്യേകപരിഗണന അര്‍ഹിക്കുന്നവരും
എല്ലാവര്‍ക്കും താല്പര്യത്തോടെ പഠനപ്രവര്‍ത്തനത്തില്‍ മുഴുകി.
കായംകുളം ഠൗണ്‍ യു പി എസിലെ ശ്രീലേഖടീച്ചറാണ് എല്ലാ ഗ്രൂപ്പിനും ജന്തുരൂപങ്ങള്‍ നല്‍കി വ്യത്യസ്തമായ പഠനാനുഭവം ഒരുക്കിയത്.
പല വിദ്യാലയങ്ങളിലും ഇത്തരം പഠനോപകരണങ്ങള്‍ ഉണ്ടാകും. അവയൊക്കെ ഒന്നാം ക്ലാസുകാര്‍ക്കുളള കളിപ്പാട്ടങ്ങളായി മാത്രം കാണുന്നവര്‍ക്ക് നാം കണ്ട ഈ ക്ലാസ് പാഠമകണം
ചെറുതെങ്കിലും പഠനമൂല്യം കൂടുതലുളള ഇടപെടലാണ് ആ ക്ലാസില്‍ കണ്ടത്. 
മാംസഭുക്കുകള്‍ക്ക്  കൊമ്പുണ്ടോ കുളമ്പുണ്ടോ എന്നെല്ലാം കുട്ടികള്‍ നോക്കുന്നു.വര്‍ഗീകരിക്കുന്നു. താരതമ്യം ചെയ്യുന്നു. പട്ടിക തയ്യാറാക്കുന്നു. ശരീരപ്രത്യേകതകള്‍ ആഹാരസമ്പാദനത്തിന് എങ്ങനെ സഹായമായിരിക്കുന്നു എന്നു കണ്ടെത്തുന്നു. 
 • വ്യത്യസ്തമായ അനുഭവം മനസില്‍ മുദ്ര വീഴ്ത്തും. 
 • കുട്ടി അതു മറക്കില്ല.
 • പഠനം മറക്കാനുളളതല്ല.
 • അനുഭവതീവ്രതയുളള  പഠനാനുഭവമാണോ ഞാന്‍ ഒരുക്കുന്നതെന്ന് ഓരോ അധ്യാപികയും ആലോചിക്കണം
കായംകുളം ഠൗണ്‍ യു പി സ്കൂളില്‍ 2006 വര്‍ഷം ഒന്നാം ക്ലാസില്‍ പത്തു കുട്ടികള്‍ മാത്രം
ഓരോ വര്‍ഷവും കുട്ടികള്‍ കുറയുമെന്നാണ് സാമാന്യധാരണ
പുതിയ പ്രഥമാധ്യാപകന്‍ വന്നു.
ശശിസാറിന്റെ ഇടപെടല്‍ കാര്യങ്ങളുടെ ദിശ മാറ്റി.
2007 ല്‍ ഒന്നാം ക്ലാസില്‍ നാല്പതു കുട്ടികള്‍
ഇപ്പോള്‍ രണ്ടു ഡിവിഷനുണ്ട്
ഉളള വിഭവങ്ങള്‍ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നാലോചിക്കുന്ന ടീം അവിടെ ഉണ്ട്
അവര്‍ക്ക് ആശംസകള്‍ നേരാം. 

16/1/2014 ന് എസ് ആര്‍ജിയില്‍ ഞാനിരിക്കെ അവര്‍ ചില തീരുമാനങ്ങളെടുത്തു.
ഇന്ന് (18/01/14) കണ്ടപ്പോല്‍ അതു നടപ്പിലാക്കിയതിന്റെ തെളിവുകള്‍!
സന്നദ്ധതയുടെ വാഹനത്തില്‍ കയറിയാല്‍ മികവിലേക്കുളള വഴി തനിയേ തെളിഞ്ഞുവരും എന്നു സാരം. 

Monday, January 13, 2014

പ്രതികരണപ്പേജിലെ കുറിപ്പ് അധ്യാപകപ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു

...............................................................................................................ലക്കം 501
ധ്യാപകരുടെ പാഠാസൂത്രണക്കുറിപ്പുകള്‍ ( ടീച്ചിംഗ് മാന്വല്‍)കണ്ടിട്ടുണ്ടോ? പലരും അധ്യാപകസഹായി നോക്കി അതേപോലെ പകര്‍ത്തി വെക്കുകയാണ് ചെയ്യുന്നത്. തന്റെ ക്ലാസിലെ കുട്ടികളുടെ ജിവിതം, അനുഭവം, മുന്നറിവ്, നിലാവരം എന്നിവ പരിഗണിക്കാന്‍ തയ്യാറാകുമ്പോഴാണ് അധ്യാപനക്കുറിപ്പുകള്‍ വ്യത്യസ്തവും ക്ലാസില്‍ വേരോട്ടമുളളതുമാവുക.
ഇന്ന് ഞാന്‍ വിലയിരുത്തല്‍ പേജിനെക്കുറിച്ചാണ് സംസാരിക്കുന്നത്.
രണ്ടു വിരല്‍ വീതിയില്‍ ആണ് മിക്കവരും വലയിരുത്താന്‍ ഇടം നീക്കി വെക്കുന്നതെന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും?
-->
ഒരു അധ്യാപികയുടെ ടീച്ചിംഗ് മാന്വലിന്റെ പ്രതികരണപ്പേജില്‍ ഇങ്ങനെ
 • ആതിര പ്രവര്‍ത്തനം നന്നായി ചെയ്തു
 • ബ്ലസിമോള്‍ പ്രതികരിച്ചില്ല.കണക്കില്‍ പിന്നാക്കമാണ്.
 • ബിജു സ്വന്തമായി ചെയ്തില്ല.
 • ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കെടുത്തില്ല.
ഇങ്ങനെ എഴുതുന്നതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?
യാന്ത്രികമായി എഴുതേണ്ടി വരുന്നതു് എന്തു കൊണ്ട്?
പുനരുപയോഗ സാധ്യതയില്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത്?
ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമാണ്. 
ഒരു ക്ലാസിന്റെ ദൃശ്യങ്ങള്‍ നോക്കൂ.
രണ്ടാം ക്ലാസുകാരാണ് . എല്ലാവര്‍ക്കും എഴുത്തില്‍ തുല്യപങ്കാളിത്തം. ഒരു ആഖ്യാനസന്ദര്‍ഭത്തിലെ പ്രതികരണമാണ് കുറിക്കുന്നത്.ബോര്‍ഡ് നിര്‌‍മിച്ചപ്പോള്‍ അധ്യാപകകേന്ദ്രിതമായിരുന്നു. ഇവര്‍ക്കെഴുതാനുളള ഉയരം കണക്കിലെടുത്തില്ല. ബഞ്ച് ഇരിക്കാന്‍ മാത്രമുളളതല്ലല്ലോ?
രണ്ടാം ക്ലാസിലെ കുട്ടികള്‍ അവരുടെ ബുക്കില്‍‌ എഴുതിയ ശേഷമാണ് ബോര്‍‌ഡില്‍ എഴുതുന്നത്. ബുക്ക് കാണണ്ടേ? ഇതാ
കുട്ടികള്‍ ആവേശത്തോടെ എഴുതിയ ഈ ക്ലാസിലെ പ്രതികരണപ്പേജിങ്ങനെ

 അടുത്ത അധ്യയന സന്ദര്‍ഭത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തിരിച്ചറിവുകളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. എസ് ആര്‍ ജിയില്‍ ഇതവതരിപ്പിച്ചാല്‍ മറ്റുളളവര്‍ക്കും ഗുണപ്രദം.അധ്യയനമികവിന്റെ സാക്ഷ്യങ്ങള്‍ ആണ് ഇത്തരം പ്രതിദിനവിലയിരുത്തല്‍ക്കുറിപ്പുകള്‍
-->
പ്രതികരണപ്പേജ്
 • പ്രശ്നപരിഹരണത്തിന്റെ തെളിവുകളായി മാറണം
 • ഗവേഷകയായ അധ്യാപികയുടെ വിലപ്പെട്ട അനുഭങ്ങളുടെ രേഖയാകണം
 • എസ് ആര്‍ ജിയിലും മറ്റ് വേദികളിലും പങ്കിടാനാകുന്ന വ്യത്യസ്തമായ വിജയാനുഭവങ്ങള്‍
 • ഇന്നത്തെ അനുഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങളുടെ സൂചനകളാകാം ( എന്തു നിലവാരമായിരുന്നു ലക്ഷ്യമിട്ടത്? എന്താണ് ശരിക്കും സംഭവിച്ചത്? ഇതില്‍ നിന്നും ഞാന്‍ പഠിച്ചതെന്താണ്?ഇനി എന്റെ ലക്ഷ്യമെന്താണ്?
 • (ഇനിയും പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍.തന്റെ തിരിച്ചറിവുകള്‍)
 • എസ് ആര്‍ ജിയില്‍ തീരുമാനിച്ച ലക്ഷ്യത്തിന്റെ സ്വന്തം ക്ലാസിലെ ഫലപ്രാപ്തിയും അതു സാധ്യമാക്കിയ രീതിയും കുറിക്കാം
 • വിദ്യാര്‍ഥികള്‍ക്കു നല്‌കേണ്ട ഫീഡ് ബാക്ക് സംബന്ധിച്ച പ്രചോദനാത്മകമായ വാക്യങ്ങളാകാം
 • കുട്ടികളുടെ അതിശയിപ്പിക്കുന്ന രചനകളെക്കുറിച്ചാകാം.
 • ആസ്വാദ്യമെന്നു തോന്നിയ അധ്യയനാനുഭവം ആകാം.
 • എഴുത്തു രീതി- സര്‍ഗാത്മകമാകണം. ഗവേഷണാത്മകമാകണം.
നിങ്ങള്‍ക്ക് അധ്യാപിക എന്ന നിലയില്‍ ഒരു അനുഭവവും ലഭിക്കുന്നില്ലേ? മയില്‍പ്പീലികള്‍ പോലെ സൂക്ഷിച്ചുവെക്കാന്‍? എങ്കില്‍ ഹാ! നിങ്ങളുടെ ക്ലാസെത്ര വിരസമായിരിക്കും. 
ആസ്വാദ്യകരമായ അനുഭവം ഉളളവര്‍ അതു കുറിച്ചുവെക്കണം.  നാളെ മുതലാകാം. നല്ല ഒരു കുറിപ്പ് ഈ ആഴ്ചയില്‍ എഴുതുക. 
( അതെനിക്ക് അയച്ചു തരൂ tpkala@gmail.com)
വഴി വെട്ടുക.വഴികള്‍ അടഞ്ഞുപോകാതെ നോക്കുക.
ആശംസകള്‍.

Wednesday, January 8, 2014

ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും (ലക്കം 500 )


-->
പ്രിയ സുഹൃത്തേ,
ചൂണ്ടു വിരല്‍ 500 ലക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്.
ഒറ്റയ്ക്ക് ഇത്രയും പോസ്റ്റുകള്‍ തയ്യാറാക്കി നിങ്ങളുമായി പങ്കുവെച്ച് ഇവിടം വരെ എത്തിച്ചേര്‍ന്നപ്പോള്‍ പൊതുവിദ്യാഭ്യാസത്തിനുവേണ്ടി സോഷ്യല്‍ നെറ്റ് വര്‍ക്കിനെ ചെറിയതോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതിലുളള സംതൃപ്തിയുണ്ട്. 2010 മുതലുളള പോസറ്റുകളുടെ എണ്ണം ചുവടെ.
ബ്ലോഗ് പോസറ്റുകളുടെ എണ്ണം അടുത്തകാലത്തായി കുറഞ്ഞിരുന്നു. എസ് എസ് എ യില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അവസാനിച്ച ശേഷം ആറുമാസത്തോളം നിയനം വൈകിയതും ചെന്നു പെട്ട ഇടുക്കിയുടെ ഭൂമിശാസ്ത്രവും കൊല്ലത്തേക്കും തുടര്‍ന്ന ചെങ്ങന്നൂരിലേക്കുളള സ്ഥലംമാറ്റവും അക്കാദമികമേഖലകളില്‍ വളര്‍ന്നുവരുന്ന അനിശ്ചിതാവസ്ഥയും അതിനു കാരണമായിട്ടുണ്ട്. നിരാശയുടെ കവലയില്‍ പ്രജ്ഞയറ്റു നിന്നുകൂടാ എന്നു കവി പറഞ്ഞത് ‌‌ഞാന്‍ പ്രമാണമാക്കുന്നു. കൂടുതല്‍ ശക്തമായി ഈ ബ്ലോഗിനെ ഉപയോഗിക്കേണ്ടതുണ്ട് എന്നു മനസിലാക്കുന്നു.
അക്കാദമികമേഖലകളില്‍ വിദ്യാബ്ലോഗുകള്‍ ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പാലക്കാട് ഡയറ്റിന്റെ വെബ്സൈറ്റ് പോലെ ദിശാബോധം നല്‍കുന്ന വിഭവങ്ങള്‍ ലഭ്യമാക്കാന്‍ മറ്റു അക്കാദമിക സ്ഥാപനങ്ങളും വ്യക്തികളും തയ്യാറാകണം.
എല്ലാ ദിനവും ഈ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുണ്ട്. പല ജില്ലകളിലും ആളുകളെ പരിചയപ്പെടുമ്പോള്‍ ചൂണ്ടുവിരലിനെക്കുറിച്ച് അവര്‍ പറയും. ചൂണ്ടുവിരലിന്റെ സന്ദര്‍ശകസുഹൃത്തുക്കള്‍ക്ക് നന്ദി രേഖപ്പെടുത്തുകയാണ്.
തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സസ്നേഹം
കലാധരന്‍
അഞ്ഞൂറാം ലക്കം സ്പെഷ്യല്‍-
ഡയറ്റും എസ് എസ് എയും സംയുക്തഗവേഷണാത്മക ഇടപെടല്‍ സാധ്യതകളും

ഇന്ന് (9/1/14) തീരദേശത്തെ വിദ്യാലയങ്ങളിലെ ഗണിതാധ്യപകര്‍ക്കുളള പരിശീലനത്തിലായിരുന്നു. തീരദേശം എന്ന വാക്കു കേള്‍ക്കുമ്പോഴേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ചിത്രം മനസില്‍ വരും. അവിടുത്തെ കുട്ടികള്‍ പഠനത്തില്‍ പിന്നാക്കമാണത്രേ! പഠനപിന്നാക്കാവസ്ഥ ആരുടെ സൃഷ്ടിയാണ്? കുട്ടികളാണോ കാരണക്കാര്‍?
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ ഡയറ്റുകള്‍ നിരന്തരം ഗവേഷണാത്മകമായ ഇടപെടലുകളാണ് നടത്തേണ്ടത്.
 • ഫീല്‍ഡിലെ യഥാര്‍ഥ സ്ഥിതി മനസിലാക്കുക.
 • അതിനുളള കാരണങ്ങള്‍ കണ്ടെത്തല്‍.
 • പരിഹാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക.
 • അതു നടപ്പിലാക്കുക.
 • മോണിറ്റര്‍ ചെയ്യുക,
 • ഇടക്കാല വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക.
 • പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ മാറ്റം കണ്ടെത്തുക.
 • അനുഭവങ്ങള്‍ ഈ രംഗത്തുളളവരുമായി പങ്കുവെക്കുക.
 • കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുക
ഈ ദിശയിലുളള പ്രവര്‍ത്തനമാണ് ആലപ്പുഴ സര്‍വശിക്ഷാ അഭിയാനുമായി സഹകരിച്ച് ഡയറ്റ് ചെയ്തത്. അതില്‍ പങ്കാളിയാകാന്‍എനിക്ക് അവസരം ലഭിച്ചതില്‍ സന്താഷിക്കുന്നു.
ഗവേഷണപഠനത്തിന്റെ ലക്ഷ്യങ്ങള്‍ ഇവയായിരുന്നു
 1. ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങളിലെ പഠനനിലവാരം കണ്ടെത്തല്‍
 2. പഠനനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തല്‍
 3. ഗുണനിലവാരമുയര്‍ത്തുവാനുളള പ്രവര്‍ത്തനപാക്കേജ് വികസിപ്പിക്കല്‍
 4. പ്രവര്‍ത്തനപാക്കേജ് നടപ്പിലാക്കിയതുവഴിയുണ്ടായ നേട്ടങ്ങള്‍ കണ്ടെത്തല്‍
സാമ്പിള്‍
തീരദേശത്തെ നാല്പത്തിനാലു വിദ്യാലയങ്ങളെയാണ് സാമ്പിളായി പരിഗണിച്ചത്.
പഠനരീതി
 1. ആയിരത്തി എണ്ണൂറു വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്തു. 
 2. പതിനെട്ടു വിദ്യാലയങ്ങളിലെ ഗണിതത്തിന്റെയും ശാസ്ത്രത്തിന്റേയും ക്ലാസുകള്‍ നിരീക്ഷിച്ചു. 
 3. നൂറു വിദ്യാര്‍ഥികളമായി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. 
 4. നൂറു വിദ്യാര്‍ഥികളുടെ നോട്ടുബുക്കുകള്‍ വിശകലനം ചെയ്തു
 5. മൂപ്പത് അധ്യാപകരുമായി അഭിമുഖം നടത്തി.
 6. മുപ്പത് അധ്യാപകരുടെ ടീച്ചിംഗ് മാന്വല്‍ വിശകലനം ചെയ്തു
 7. പതിനെട്ടു വിദ്യാലയങ്ങളിലെ എസ് ആര്‍ ജി മിനിറ്റ്സ് പരിശോധിച്ചു
 8. ശാസ്ത്രലാബുകളുടെ അവസ്ഥാപഠനം നടത്തി
 9. ഗണിതലാബുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ചു
പഠനത്തിനു ഒന്നരമാസം വേണ്ടിവന്നു. ചില കണ്ടെത്തലുകള്‍ ചുവടെ-
 തീരദേശത്തെ കുട്ടികള്‍ ഇങ്ങനെയുളളവരാണ്
-->
 • ശിഥിലമായ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍
 • പഠനത്തില്‍ സഹായിക്കാന്‍ തക്ക പ്രാപ്തിയില്ലാത്ത രക്ഷിതാക്കളുടെ മക്കള്‍
 • വീട്ടില്‍ ശാന്തമായ പഠനാന്തരീക്ഷമില്ലാത്തവര്‍
 • ദുഖങ്ങളുടെ കൂടെപ്പിറപ്പുകള്‍ 
 • എഴുതാനും വായിക്കാനും അറിയില്ല 
 • കണക്കിന്റെ ക്രിയകള്‍ ചെയ്യാനറിയില്ല 
 • തുടര്‍ച്ചയായ് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല
കുട്ടികള്‍ ഇങ്ങനെ ആവശ്യപ്പെട്ടു
-->
 • അറിയാത്തത് പറഞ്ഞുതരണം
 • ബുദ്ധിമുട്ടുളള കാര്യങ്ങള്‍ ലളിതമാക്കിത്തരണം
 • വലിയ ആളാകാനുളള വഴി പറഞ്ഞു തരണം
 • കമ്പ്യൂട്ടര്‍ ഉപയോഗിച്ചു പഠിക്കണം
  പിന്നാക്കാവസ്ഥയ്ക്കു കാരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്
 • കുട്ടികള്‍ക്ക് അടിസ്ഥാന ഗണിത, ഭാഷാ ശേഷികള്‍ ഇല്ല
--> കുട്ടികളുടെ കുടുംബപ്രശ്നങ്ങള്‍

 • പിന്നാക്കക്കാരെ പരിഗണിച്ച് പ്രവര്‍ത്തനങ്ങളില്ലാത്ത അധ്യാപകസഹായി
 • പ്രവര്‍ത്തനാധിക്യം
 • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനം ലഭിക്കാത്തത്

 •  അധ്യാപകര്‍ ആവശ്യപ്പെട്ടത് 
  -->
  • പിന്നാക്കക്കാരെ പരിഗണിക്കുന്ന രീതി സംബന്ധിച്ച് പരിശീലനംലഭിക്കണം
  • ഗണിത ക്യാമ്പുകള്‍,ശാസ്ത്രോത്സവങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളില്‍ താല്പര്യം വളര്‍ത്തണം
  • ട്രൈ ഔട്ടുകള്‍ ചെയ്തു ബോധ്യപ്പെടാനവസരം ഉണ്ടാക്കണം
  • ആശയരൂപീകരണം ഉറപ്പാക്കാനുതകുന്ന പഠനസാമഗ്രികള്‍ വേണം
  • പഠനവസ്തുതകളുടെ പുനക്രമീകരണം നടത്തണം
  • കംമ്പ്യൂട്ടര്‍ ഉപയോഗിച്ചുളള പഠന സാധ്യത പരിചയപ്പെടുത്തണം
    പഠനപിന്നാക്കാവസ്ഥയ്ക് വേറെയും കാരണങ്ങള്‍ 
  പഠനത്തില്‍ നിന്നും മനസിലായ മറ്റു കാരണങ്ങള്‍ ഇവയാണ്
  •  എസ് ആര്‍ ജി യോഗങ്ങളില്‍ ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരിക്കല്‍പേലും ബഹുഭൂരിപക്ഷം വിദ്യാലയങ്ങളും അജണ്ടയാക്കി ചര്‍ച്ച ചെയ്തില്ല
  • എസ് ആര്‍ ജിയില്‍ പിന്നാക്കക്കാരെ പരിഗണിച്ചുളള പ്രവര്‍ത്തനം നടത്തണമെന്നു തീരുമാനിക്കുമെങ്കലും അതിന്റെ വിശദമായ ആസൂത്രണം ( എന്തു തരം പ്രവര്‍ത്തനം, എത്ര കാലയളവു കൊണ്ട് ആര് എപ്പോള്‍‌) നടത്താറില്ല ( പഴയസമീപനപ്രകാരം പഠിപ്പിക്കലാണ് പരിഹാരപ്രവര്‍ത്തനമായി ചില വിദ്യാലയങ്ങള്‍ ചെയ്യുന്നത്) .
  • എടുത്ത തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയോ എന്ന് അടുത്ത എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യാറില്ല
  • പിന്നാക്കക്കാരെ പരിഗണിച്ച് ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കാന്‍ അറിയാത്തവരാണ് അധ്യാപകരിലേറെയും.
  • ഗ്രൂപ്പ് പ്രവര്‍ത്തനം പിന്നാക്കക്കാര്‍ക്കു കൂടി മെച്ചപ്പെടാനുളള അവസരമാണെന്നു തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അധ്യാപകരുണ്ട്.
  • കുട്ടികളുടെ നോട്ട് ബുക്കുകള്‍ വിലയിരുത്തുകയോ അതു സമഗ്രമാക്കാനവരെ സഹായിക്കുകയോ ചെയ്യുന്നതില്‍ എല്ലാ അധ്യാപകരും ഒരേ പോലെ ശ്രദ്ധിക്കുന്നില്ല.
  • പാഠാവതരണം, പ്രക്രിയാഘട്ടങ്ങള്‍ പാലിക്കല്‍, നിരന്തരപിന്തുണ എന്നിവ സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നു. 
  അതായത് പഠനപിന്നാക്കാവസ്ഥ പരിഹരിക്കാന്‍  പല തലത്തിലും തരത്തിലുമുളള മെച്ചപ്പെടലുകള്‍ വേണ്ടിവരും.  കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ദിശയിലുളള പ്രവര്‍ത്തനാസൂത്രണവും നടത്തി.
  അതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 28 ന് ഈ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെ യോഗം നടത്തി.പഠനത്തിന്റെ കണ്ടെത്തലുകള്‍  പങ്കിട്ടു. ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി
  • ജനുവരി ആറു മുതല്‍ ഒമ്പതു വരെ തീയതികളില്‍ തീരദേശത്തെ ഏഴാം ക്ലാസില്‍ ഗണിതം ശാസ്ത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകര്‍ക്കും പരിശീലനം
  • കുട്ടികള്‍ക്ക് വേണ്ടി വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
  • വിദ്യാലയാധിഷ്ടിത പരിശീലനം ട്രൈ ഔട്ട് ചെയ്യും
  • പ്രതിമാസം രണ്ടു തവണയെങ്കിലും പിന്തുണാ സംഘം വിദ്യാലയങ്ങളിലെത്തും
  • എസ് ആര്‍ ജി അക്കാദമിക മികവെന്ന ലക്ഷ്യത്തിന് അനുപൂരകമായ വിധം ചിട്ടപ്പെടുത്തും
  • കുട്ടികളുടെ നോട്ട് ബുക്കുകള്‍ റഫറന്സിനുളളതു കൂടിയാണ് എന്ന കരുതലുണ്ടാകും
  • വിദ്യാലയങ്ങളുടെ തനത് പ്രവര്‍ത്തനങ്ങള്‍
  • ഗണിതക്യാമ്പുകള്‍
  • ശാസ്ത്രോത്സവങ്ങള്‍
  • ഐ ടി അധിഷ്ടിത അധ്യാപനത്തിനുളള പിന്തുണ
  • പഠനോപകരണനിര്‍മാണ ശില്പശാല
  •  അധ്യാപകര്‍ക്കുളള പിന്തുണാമെറ്റീരിയലുകള്‍
  • ഇത്തരം ഇടപെടലുകളുടെ ഫലം എത്രയെന്നു മനസിലാക്കാനുളള ഇടക്കാലവിലയിരുത്തലും അന്തിമ പഠനവും
  വിവധ ഡയറ്റുകള്‍ ഗവേഷണാത്മകമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്
  സര്‍വശിക്ഷാ അഭിയാനുമായി ചേര്‍ന്നുളള പ്രവര്‍ത്തനസാധ്യത പരിശോധിക്കുന്നുമുണ്ട്. 
  അവ അടുത്ത ലക്കങ്ങളില്‍ പരിചയപ്പെടുത്താമെന്നു കരുതുന്നു
  പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍ വായിച്ച നിങ്ങള്‍ക്കു സ്വന്തം ക്ലാസിനെ, വിഷയത്തെ വിദ്യാലയത്തെ കൂടി പരിശോധിക്കാം. ബാധകമെങ്കില്‍ മാറ്റത്തിനുളള ഇടപെടലുകള്‍ ആകാം   

  Wednesday, January 1, 2014

  “ഒളൈകള്‍”(ബാവലി സ്കൂള്‍ ബ്ലോഗ്)- പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദം
  ബാവലി സ്കൂളിലെ പ്രഥമാധ്യാപകന്‍ കവലയില്‍ നില്‍ക്കുന്നു. പ‌ഞ്ചായത്ത് ഓഫീസിലേക്കു പോകുവാനാണ്. അപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ചോദിച്ചു "മാഷെ, പുതിയ പോസ്റ്റ് ആയില്ലോ?”
  മാഷോട് പുതിയ പോസ്റ്റിനെപ്പറ്റി ചോദിച്ചാല്‍ സാധാരണ ഒരര്‍ഥം ഉണ്ട്.
  അതു സ്കൂളിലെ പോസ്റ്റാണ്.
  ബാവലി സ്കൂളിന് വേറൊരു അര്‍ഥവും ഉണ്ട്.
  അതും സ്കൂളിലെ പോസ്റ്റാണ്. സ്കൂള്‍ ബ്ലോഗിലെ പോസ്റ്റ്!
  ജനങ്ങള്‍ അവരുടെ മൊബൈലിലും കിട്ടുന്നിടത്തെ ഇന്റര്‍നെറ്റിലും ഒളൈകള്‍ നോക്കുന്നു എന്നത് വലിയ പ്രാധാന്യമുളള സംഗതിയാണ് ബാവലി പോലെ പിന്നാക്കപ്രദേശത്തെ സ്കൂളിന്.
  ഫാരിസ് എസ്.(മൂന്നാം ക്ളാസ്സ്) ഒളൈകള്‍എന്ന അവരുടെ ബ്ലാഗില്‍  ഇങ്ങനെ കുറിച്ചിട്ടപ്പോള്‍ അത് കരുത്തുറ്റ ഭാഷയുടെ നാമ്പുകളായി . വാഴയെക്കുറിച്ചുളള ഈ കുറിപ്പ് വായിക്കൂ.
  "ആഞ്ഞു വീശുന്ന കാററില്‍ ഭയത്തോടെയാണ് ഞാന്‍ നിന്നത്. വശങ്ങളിലേക്ക് എന്‍െറ കഴുത്തില്‍ നിന്നും കമ്പി കൊണ്ട് വലിച്ച് മണ്ണില്‍ കമ്പുകള്‍ തറച്ച് വലിച്ചു കെട്ടിയിട്ടുണ്ട്. ഒരു ദിവസം എന്തായാലും നടുവെട്ടി താഴെയിടും. അത്രയും ദിവസം തലയുയര്‍ത്തി
  നില്ക്കാമല്ലോ.
  ആദ്യമായി എനിക്ക് നല്ല പൊക്കം വെക്കാന്‍ തുടങ്ങി, കുറച്ചുദിവസങ്ങള്‍കഴിഞ്ഞപ്പോഴതാ ഒരു കൂമ്പു പുറത്തേക്ക് തല നീട്ടി. അതിന്റെ ഉടുപ്പുകള്‍ ഒരോന്നായി  താഴെ വീണു തുടങ്ങി. കുറുമ്പുകാരി കുട്ടികള്‍ അവ പെറുക്കി തോണിയായി തോട്ടിലൂടെ ഒഴുക്കുന്നത്
  ഞാന്‍ രസത്തോടെ നോക്കിനിന്നു. ദിവസങ്ങള്‍ പിന്നേയും കടന്നു പോയി.  ഇപ്പോള്‍ ഉടുപ്പുകള്‍പോയി ഒരു കുല പടലയായി പുറത്തു വന്നു,
  അതിന്‍െറ അററത്ത് മനോഹരമായ നിറത്തില്‍ ഒരു ചുണ്ടും. ഒരു ദിവസം രാമുവേട്ടനതാ ഞങ്ങളെ സന്ദര്ശിക്കാന്‍ വരുന്നു. ആ വരവ് കണ്ടാലറിയാം ഞങ്ങളില്‍ ചില മിനുക്ക് പണികള് നടത്താനാണെന്ന്. വന്നയുടന്‍ ചുററുമൊന്നു നോക്കി, പിന്നെ എന്‍െറ അടുത്ത് വന്ന് ചുണ്ട്ലൊരു തലോടല്. അവസാനം എന്‍െറ ചുണ്ടതാ രാമുവേട്ടെന്റ കയ്യില്‍. ഞാന് കരഞ്ഞത് മൂപ്പര് കണ്ടോ ആവോ.  പിറകേ വന്ന ജാനകി ചേച്ചിക്ക് സന്തോഷമായി.  അത്താഴത്തിന് ഉപ്പേരിക്കുളള വകയായല്ലോ.
  ചുണ്ടിന്‍െറ പുറം പൊളിക്കുന്നത് കണ്ട് ഉണ്ണിക്കുട്ടനും കൂട്ടുകാരും ഒാടി വന്നു.” അച്ചാ കളയല്ലേ അതിന്‍െറ അകത്തേ പൂവില് തേനുണ്ട്.”  എനിക്കു രസമാണ് തോന്നിയത്. എന്റെ ശരീരഭാഗത്തെ ഒന്നും ഇവര് വെറുതെ വിടുന്നില്ലല്ലോ.
  പിന്നേയും ദിവസങ്ങള്‍ കഴിഞ്ഞു. കായ്കള്‍ക്ക് വലുപ്പം വെച്ച് മൂത്തു. കായ്കള്‍ക്ക് ഇപ്പോള്‍ നല്ല പച്ച നിറം. ഒരു ദിവസം എന്റെ  നടുംപുറത്ത് ആരോ വെട്ടി. ഞാന്‍ ഉറക്കെ കരഞ്ഞുപോയി. നടുവൊടിഞ്ഞ് ഞാന്‍ വീണു. വീണു കിടന്ന എന്‍െറ കഴുത്തില്‍ നിന്നും രാമുവേട്ടന്‍ കുല വെട്ടി മാററി.  ജാനുവേട്ടത്തി ഓടി വന്ന് എന്റെ  ശരീരത്തിലെ പോളകള്‍ ഒരോന്നായി പൊളിക്കാന്‍ തുടങ്ങി.
  പിണ്ടി എടുത്ത് ഇടിച്ച് പിഴിഞ്ഞ് കുടിക്കണം. പ്രമേഹത്തിന് നല്ലതാ.  ശാന്തേട്ടത്തി വിളിച്ചു പറഞ്ഞു.കുനുകുനു അരിഞ്ഞ് നൂലു വലിച്ച് കളഞ്ഞ് ഉപ്പേരിയും വെക്കാം. നല്ല രുചിയാ… രാമുവേട്ടെന്റ മറുപടി.
  എനിക്ക് നല്ല വേദനയുണ്ടെങ്കിലും മനസ്സില്‍ സന്തോഷം തോന്നി. എന്നെക്കൊണ്ട് ഇനിയും ഇനിയും മനുഷ്യര്‍ക്ക് ഉപകാരമുണ്ടാകുമല്ലോ."

  ഈ അക്കാദമിക വര്‍ഷം ഈ വിദ്യാലയത്തില്‍ പോകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. അന്നത്തെ വിശേഷം ബ്ലോഗില്‍ എഴുതിയിരുന്നു.(വയനാട്ടിലെ വിദ്യാലയാധിഷ്ടിത അധ്യാപക ശാക്തീകരണാനുഭവം )
  കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പ്രചോദിപ്പിക്കാനും പഠനോത്സുകരാക്കാനും ബാവലി സ്കൂള്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു. അതിന്റെ പേരാണ് ഒളൈകള്‍”

  --> ബാവലി ഗവ യു പി സ്കൂള്‍ വെബ്ബ് ബ്ളോഗ് “ഒളൈകള്‍” പ്രശസ്ത ചലചിത്ര പിന്നണി ഗായകന്‍ ശ്രീ ഫ്രാങ്കോ ആണ് ഉദ്ഘാടനം ചെയ്തത്. ഉത്സവമായിരുന്നു അന്നു കുട്ടികള്‍ക്ക്. കാട്ടിലൂടെ അതിഥികളെ വരവേറ്റുകൊണ്ടു വന്നപ്പോള്‍ ആദിവാസിസ്നേഹത്തിന്റെ അതിരില്ലാത്ത മുഖങ്ങള്‍ അവര്‍ കണ്ടു.അപൂര്‍വമായ അനുഭവമായിരുന്നു അത്. നാടൊഴുകി എത്തി.തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒ ആര്‍ കേളു ,മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി അബ്ദുള്‍ അഷ്റഫ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഒളൈകള് കൈയെഴുത്ത് മാസിക യുവ കവി സാദിര് തലപ്പുഴ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ എന് സുശീല ബ്ളോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ അഷ്റഫ് , സ്ററാന്റിംങ്ങ് കമ്മിററി ചെയര്മാന് സിജിത്ത്, പഞ്ചായത്ത് അംഗങ്ങളായ സുകുമാരന്, ഹമീദലി ബി ആര് സി ട്രെയിനര് അബ്ദുളള , പി ടി എ പ്രസിഡണ്ട് അബ്ദുള് നാസര് , എസ് എം സി ചെയര്മാന് ഹാരിസ്, സ്കൂള് ലീഡര് അജ്മല് , ക്യുബിക്സ് ഇന്കുബേഷന് ഡയറക്ടര് മുനീര് എന്നിവര് കുട്ടികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.കുട്ടികള്‍ ബ്ലോഗ് പഠനത്തെളിവായി മാറ്റാനും തീരുമാനിച്ചു.
                  നെറ്റ് സെറ്റര്‍ സന്തോഷ് മാഷിന്റെ വശം ഉണ്ട്. ലാപ് ടോപ്പും. കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ വനാന്തരത്തിലേക്കു കയറും അവിടെ വിജ്ഞാനത്തിന്റെ പെരുമരങ്ങള്‍, കായ് കനികള്‍ ഔഷധപ്പച്ചകള്‍,തേന്‍പാട്ടുകള്‍,നിലാവിന്റെ ഊഞ്ഞാല്‍ വളളികള്‍.പൈതൃകത്തിന്റെ വേരുകള്‍,പ്രകൃതിയുടെ താരാട്ടുകള്‍ അവയുടെ ഇടയില്‍ നിന്ന് അവരുടെ സ്വന്തം ബ്ലോഗിനെയും കണ്ടെത്തും.അതില്‍ അവരുടെ കുഞ്ഞെഴുത്തുകള്‍. അവര്‍ ഒരിക്കലും സങ്കല്പിച്ചിരുന്നില്ല.ലോകത്തിനു മുന്നിലേക്ക് അവര്‍ സാക്ഷ്യങ്ങളുമായി വരുമെന്ന്..
  ബാവലി വിദ്യാലയത്തെ പരിചയപ്പെടുത്തുന്നത് അബ്ദുള്‍ വാഹിദ്.(ഏഴാം ക്ളാസ്സ്)
  ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് ഞാന്‍ താമസിക്കുന്നത്.നെല്‍പ്പാടങ്ങളും നിറയെ കാടുകളുമുളള ഗ്രാമമാണ് എന്റെ ബാവലി. നിറയെ അരുവികളും പുഴകളും ഉളള ബാവലി സ്ഥിതിചെയ്യുന്നത് കര്‍ണ്ണാടക അതിര്‍ത്തിയിലാണ്. കാടുകളില്‍ നിറയെ വന്യമ്യഗങ്ങളും പക്ഷികളും.എങ്ങും പച്ചപ്പ്
    കാടുകള്‍ക്കും കുന്നുകള്‍ക്കും പുഴകള്‍ക്കും ഇടയില്‍ ഒരു വിദ്യാലയം.
  ഗതാഗത സൗകര്യം കുറഞ്ഞ സ്ഥലമായിരുന്നു ഞങ്ങളുടെ ഗ്രാമം.. എന്നാലിപ്പോള്‍ അത്യാവശ്യം സൗകര്യങ്ങളുണ്ട്.. എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടില്ല. ഏററവും കൂടുതലാളുകളും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.അടസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവരാണിവര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് എല്ലാ ജനങ്ങളും. ശുദ്ധമായ കുടിവെളളം പോലും ഇല്ലാത്തവരാണ് ബാവലിക്കാര്‍.
  പുഴ വെളളമാണ് കുടിക്കാനെടുക്കുന്നത്ജാതി മത ചിന്തകളും പ്രാദേശിക തരംതിരിവുകളും കുറച്ചൊക്കെ ഇവിടെ നിലനില്‍ക്കുന്നു.
  എല്ലാവര്‍ക്കും വൈദ്യുതിയും വെളളവും ലഭ്യമാവണം എന്നാണ് എന്‍െറ ആഗ്രഹംവെളിച്ചവും വെളളവും ഇല്ലാത്ത അവസ്ഥ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നില്‍ല്ക്കുന്നു. ഗതാഗത സൗകര്യം ഇനിയും വേണം… മററു സ്ഥലങ്ങളുമായി ബന്ധപ്പെടാന്‍ വളരെ ബുദ്ധിമുട്ടാണ്.
  ഫോണ്‍ സൗകര്യം വളരെ പരിമിതം. ഒരു ഹൈസ്കൂള്‍ ഞങ്ങളുടെ എല്ലാവരുടേയും സ്വപ്നമാണ്.
  വന്യമ്യഗശല്യം വളരെ കൂടുതലാണ്.. ക്യഷി നാശം വളരെ കുൂടുതലാണ്.. രാത്രകാലങ്ങളില്‍ ആന തോട്ടത്തിലും വയലിലും ഇറങ്ങി ക്യഷി നശിപ്പിക്കുന്നു. ചിലപ്പോള്‍ ആളുകളേയും ആക്രമിക്കും. ഇതിനൊരു പരിഹാരം വേണം.
  ജാതി മത ചിന്തകളില്ലാത്ത സ്നേഹത്തോടെയും സഹകരണത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു ജനതയാണ് എന്റെ സ്വപ്നം………………………………………………………..
  എന്റെ  സ്വപ്നം യാഥാര്‍ഥ്യം ആകുമെന്ന പ്രതീക്ഷയോടെ………………………………….
       കുട്ടികളുടെ ഭാഷയും അധ്യാപകരുടെ ഭാഷയും രണ്ടാണ്. അതു പരിഹരിക്കാന്‍ പ്രാദേശികഭാഷയിലേക്കു തങ്ങളെ അനുരൂപീകരിക്കാന്‍ അധ്യാപകര്‍ സന്നദ്ധരായി. പ്രഥമാധ്യാപകന്‍ ബ്ലോഗിലെഴുതിയ പാട്ട് തന്നെ ഉദാഹരണം.അതു വായിക്കൂ.
  സൈനബന്‍കെ സൈക്കിളു സിക്തു
  പൈനഗദെ സൈക്കിളു നീല കളറു
  മിന്‍ച്ചതു കമ്പി..കെംപു സീററു
  ണിം…..ണിം……ണിം……..
  അവ ബെല്ല ഒട്ദുട്ട
  കൂട്ടുകാര്‍ ഒാടി വന്‍ദറു
  സൈനബ ഒാഗ്ദ..ദൂര…ദൂര……
  സൈക്കിളു ഒന്‍ദെ
  കളറു ഒാഗ്ട്തു
  യാര്‍ഗു സൈക്കിളു ബേഡ
  സൈക്കിളു ബേജാറു ബന്‍തു
  ഇല്ലി നില്‍ഗെ ബേഡ
  സൈക്കിളു മെല്ലെ ഓട്ദുത്തു

  സ്കൂള്‍ നിഘണ്ടു എന്നു കേട്ടാല്‍ എന്താണ് മനസിലേക്കുവരിക. ആദിവാസി പ്രദേശത്തെ സ്കൂള്‍ നിഘണന്ടു അധ്യാപകര്‍ക്കുളളത് .കുട്ടികളുടെ സംഭാഷത്തില്‍ നിന്നും പകര്‍ത്തിയെടുക്കുന്നവ.
  നമ്കെ ഇസ്കൂള്‍കെ ഒകെ ബേക്കു…………………………( എനിക്ക് സ്കൂളില്‍ പോകണം)
  നമ്കെ ഉൗരു ഒകെ ബേക്കു……………………………  ( എനിക്ക് വീട്ടില്‍ പോകണം )
  അവ്വെ ഗല്‍സക്കു  ഒാകനെ……………………………  ( അമ്മ പണിക്കു പോയി)
  അപ്പന്‍ക് എല്ലിയാ ഗല്‍സാ……………………………….( അച്ചന് എവിടെയാ പണി)
  നാന്‍ നാളെ സ്കൂള്‍ കെബറല്ലാ……………………………..( ഞാന്‍ നാളെ സ്കൂളില്‍ വരില്ല)
  നീ യെലിഗേ ഒക്കിദേ………………………………………  ( എവിടെ പോയിരുന്നു)
  ഔന കാര്‍കൊണ്ടു ബാ……………………………………( അവനെ കൂട്ടിക്കൊണ്ടു വാ)
  നമ്കെ ചായകുടി ബേക്കു …………………………………….( എനിക്ക് ചായ കുടിക്കണം)
  നമ്കെ ബുക്കു ബേക്കു…………………………………………( എനിക്ക് ബുക്ക് വേണം)
  നമ്കെ ഉച്ചയക്കു ബേക്കു……………………………………….(എനിക്ക് മൂത്രം ഒഴിക്കാന്‍ പോകണം)
  നാളന്തി ഇസ്കോള്‍ക്കെ പോകലെ…………………….           ( ഞാന്‍  ഇന്ന് സ്കൂളില്‍ പോകില്ല)
  നന്കെ ബട്ടെ ബേക്കു ………………………………………..(എനിക്ക് കഞ്ഞി വേണം‌)
  നന്കെ ഉൗട്ട ബേഡ………………………………………….( എനിക്ക് ചോറ് വേണ്ട)
  നന്കെ ഏലക്ക പോക ബേക്ക……………………………        ( എനിക്ക് കക്കൂസില്‍ പോണം)
  നാ ബര്‍ദില്ല ……………………………………………………   ( ഞാന്‍ എഴുതിയിട്ടല്ല)
  നാ ഒാതില്ല…………………………………………………………( ഞാന്‍ വായിച്ചിട്ടില്ല)
  അപ്പ ഗല്‍സക്കു ഒാകില്ല……………………………………………..( അച്ചന്‍ പണിക്ക് പോയില്ല)
  നിമ്മെ ഉൗരില് യാരല്ലാ അവുരെ……………………………….    .( നിന്റെ വീട്ടില്‍ ആരെല്ലാം ഉണ്ട്)
  നിമ്കെ ഗൊത്തായിത്ത……………………………………………  ( നിനക്ക് മനസ്സിലായോ)
  നിമ് ക്ളാസില് എഷ്ടു മക്കബോ………………………………….    (നിന്റെ ക്ളാസ്സില്‍ എത്ര കുട്ടികള്‍ ഉണ്ട്)
  ഇന്തു പേപ്പര്‍ ബന്തതിയാ…………………………………………….( ഇന്ന് പേപ്പര്‍ വന്നോ)


   പുതുവര്‍ഷദിനത്തില്‍ ഈ വിദ്യാലയത്തോടൊപ്പം മനസ് ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞതില്‍ എനിക്കു ആഹ്ലാദം ഏറെ. 
  ചൂണ്ടു വിരല്‍ ബ്ലോഗ്, 499 പോസ്റ്റുകള്‍ നിങ്ങളുമായി പങ്കിട്ടു കഴിഞ്ഞു.
  അടുത്തത് 500.
  ആഘോഷരഹിതമായി അത് ആഘോഷിക്കാം എന്നു പറയാനേ കഴിയുന്നുളളൂ.

  അനുബന്ധം
  പൊതുവിദ്യാലയങ്ങളുടെ മികവില്‍ പ്രത്യാശയുളളവരുടെ ഒരു കൂട്ടായ്മ ഈ മാസം സംഘടിപ്പിക്കണമെന്നു കരുതുന്നു.(ജനുവരി 25,26,പാലക്കാട് വെച്ച്) താല്പര്യമുളളവര്‍ tpkala@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.