ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, August 31, 2013

ഇടുക്കിയിലെ ട്രൈബല്‍ സ്കൂളിന്റെ പിടിഎ വെളിച്ചമാണ്


നിരവധി കാര്യങ്ങളില്‍ മാതൃക കാട്ടിയ പൂമാല സ്കൂള്‍ വീണ്ടും വെളിച്ചമാകുന്നു.പിന്നാക്ക മേഖലയിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‌‍ത്താനായി വൈവിധ്യമുളള എത്രയോ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏറ്റെടുത്തു.ഇതാ ഇപ്പോള്‍ ഓരോ കുട്ടിയുടെയും പഠനാന്തരീക്ഷം മെച്ചപ്പെടുത്തണമെന്ന ചിന്തയുടെ ഫലമായി സൗരോര്‍ജ പ്രകാശത്തില്‍ വീട്ടില്‍ പഠനത്തിന് സൗകര്യം ഒരുക്കി പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാതൃകയായി.

പൂമാലയിലെ ആദിവാസി മേഖലയിലെ കുട്ടികള്‍ക്ക് വീട്ടില്‍ വൈദ്യുതി വെളിച്ചം ഇല്ല. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലാണ് ഇവരുടെ വീട്ടില്‍ വെളിച്ചമെത്തിയത്.

ഈ വര്‍ഷാരംഭത്തില്‍ കൂടിയ പത്താംക്ലാസ്സിലെ കുട്ടികളുടെ പി.ടി.എ. യോഗത്തില്‍ മൂന്ന് കൂട്ടുകാര്‍ മണ്ണെണ്ണ വിളക്കില്‍ പഠിക്കുന്ന കാര്യം ചര്‍ച്ചചെയ്തിരുന്നു. ഓണ പ്പരീക്ഷയ്ക്കുമുന്‍പ് വെളിച്ചമെത്തിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. മൂന്ന് വീടുകളിലും സോളാര്‍ സ്ഥാപിക്കുന്നതിന് പതിനായിരത്തിലധികം രൂപ ചെലവ്‌വരും. തൊടുപുഴ എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം സഹായിക്കാന്‍ മുന്നോട്ടുവന്നു. മൂന്ന് വീടുകളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വെളിച്ചമെത്തിച്ചു. എബിനും വിബിന്‍ ബാബുവും ജിനിമോളും ഇനി വൈദ്യുതിവെളിച്ചത്തില്‍ പഠിക്കും. 
സോളാര്‍ എന്ന വാക്ക് അശ്ലീലമല്ലെന്ന് ഈ വിദ്യാലയം തെളിയിച്ചു

( കടപ്പാട് മാതൃഭൂമി)

Sunday, August 18, 2013

അവര്‍ പാഠ്യപദ്ധതി വിലയിരുത്തിയപ്പോള്‍

കോന്നിയില്‍ 27/07/2013 വിദ്യാഭ്യാസശില്പശാല നടന്നു. ലക്ഷ്യങ്ങള്‍ പുതിയപാഠ്യപദ്ധതി അനുഭവങ്ങള്‍ മുന്‍വിധി കൂടാതെ പങ്കിടുക .മികവുകള്‍ ശക്തിപ്പെടുത്തുക. പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നിവയായിരുന്നു.
മുപ്പതോളം അധ്യാപകരെ ക്ഷണിച്ചു. ഇരുപത്തിയെട്ടു പേര്‍ വന്നു.
അനുഭവം പങ്കിടലിങ്ങനെ . മികവുകളാണ് ആദ്യം പങ്കിട്ടത്.
  • പുതിയപാഠ്യപദ്ധതി വരുന്നതിനു മുമ്പുളള അധ്യാപികയാണ് വി ആര്‍ രാജലക്ഷ്മി. ( പ്രമാടം ഗവണ്മെന്റ് എല്‍ പി സ്കൂള്‍) രണ്ടാം ക്ലാസില്‍ പഠിപ്പിക്കുന്നു. പണ്ടത്തെ പഠനരീതി ടീച്ചര്‍ അനുസ്മരിച്ചു. പുസ്തകം മാത്രം പഠിപ്പിച്ചാല്‍ മതി.അധ്യാപിക വായിച്ച് വിശദീകരണം നല്‍കും, എന്നിട്ട് വായിപ്പിക്കും ഏറ്റുവായാനയും നടത്തും.ചോദ്യം എഴുതിക്കൊടുക്കും, അഭ്യാസം ചെയ്യിക്കും, ഉത്തരം പറഞ്ഞു കൊടുക്കും. ബോര്‍ഡില്‍ എഴുതിക്കൊടുക്കും.അവര്‍ പകര്‍ത്തിയെഴുതും. അതിനാല്‍ തെറ്റുകള്‍ കുറവ്. പാഠപുസ്തകത്തിനകത്തു നിന്നുളളവ പകര്‍ത്തിയെഴുതുന്ന ചോദ്യങ്ങളാണ് അഭ്യാസം. . ഇന്നാകട്ടെ സ്വയം വായിച്ചു കണ്ടെത്താന്‍ അവസരം,കുട്ടികള്‍ കൂടുതല്‍ എഴുതുന്നു. സ്വന്തം ആശയമാണ് എഴുതുന്നത്. കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം..സസ്യങ്ങളുടെ ധാരാളം സവിശേഷതകള്‍ കണ്ടെത്താന്‍ വര്‍ഷയ്ക്കും അരവിന്ദനും കഴിഞ്ഞു. പതിപ്പു നിര്‍മാണം രണ്ടാം ക്ലാസില്‍ പണ്ട് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല.
  • അതിരുങ്കല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളിലെ എം എസ് ദീപടീച്ചര്‍ നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത് . ടിച്ചറുടെ അഭിപ്രായം ഇങ്ങനെ- പുതിയ പാഠ്യപദ്ധതിയനുസരിച്ചുളള പഠനപ്രകാരം കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനു സാധിച്ചു. പ്രതികരണശേഷിയുളള കുട്ടികളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. വായനയില്‍ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു.ഇംഗ്ലീഷില്‍ സംഭാഷണം, റൈംസ് എന്നിവ കുട്ടികള്‍ക്ക വലിയതെറ്റില്ലാതെ എഴുതുന്നതിനും പൂരിപ്പിക്കുന്നതിനും കഴിയുന്നു.
  • പ്രഥമാധ്യാപിക ശോഭന.:- ഒന്നാം ക്ലാസില്‍ നൂറ്റിപ്പതിമൂന്നു കുട്ടികളും രണ്ടില്‍ നൂറ്റിപ്പതിനാലു കുട്ടികളും മൂന്നില്‍ എഴുപത്തിയാറു പേരും നാലില്‍ എഴുപത്തിരണ്ടുപേരും പഠിക്കുന്നു, കുട്ടികളില്‍ താല്പര്യം . സ്വയംപര്യാപ്തത നേടാന്‍ സഹായകം.യാതൊരുമടിയും പേടിയും കൂടാതെ ഇടപെടല്‍ നടത്തുന്നു. സംഭാഷണം,വിവരണം,കഥ,കവിതാസ്വാദനം എന്നിവ എല്‍പി വിഭാഗത്തില്‍ ഉറപ്പാക്കാന്‍ കഴിയുന്നു.കൂടുതല്‍ വായിക്കാനുളള അവസരം കിട്ടുന്നു.
  • എല്‍ഗ സോളമന്‍ കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ്..ക്ലാസ് ഒന്ന്. :-പൊതുവേ പ്രതികരണശേഷി കൂടി. ക്ലാസ് മുറിയില്‍ എത്താന്‍ താല്പര്യം. ഇംഗ്ലീഷ് പഠിക്കാന്‍ താല്പര്യം.
  • കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ് .പി സുജ. ക്ലാസില്‍ നാല്പത് കുട്ടികള്‍. ക്ലാസ് ഒന്ന്.:-കുട്ടികള്‍ അധ്യാപകരുമായി തുറന്നു സംസാരിക്കുന്നു.ഗ്രൂപ്പ് പ്രവര്‍ത്തനം മൂലം പരസ്പരസഹകരണം വര്‍ദ്ധിക്കുന്നു.
  • കലഞ്ഞൂര്‍ഗവണ്മെന്റ് എല്‍ പി എസ് .അമ്പിളി ഗോപാല്‍.ക്ലാസ് രണ്ട്. പത്തൊമ്പത് കുട്ടികള്‍.:-ആത്മവിശ്വാസം സ്വാതന്ത്ര്യം എന്നിവ വര്‍ദ്ധിച്ചിട്ടുണ്ട്.എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം .ഒന്നാം ക്ലാസില്‍ പോകാതെ രണ്ടാം ക്ലാസില്‍ വന്ന ഗംഗ എന്ന കുട്ടിക്കു പോലും നല്ല നിലയില്‍ ആശയവിനിമയം ചെയ്യാന്‍ കഴിയുന്നു.പഠനപ്രവര്‍ത്തനങ്ങളിലും തുടര്‍പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു.എല്ലാ വിഭാഗക്കാരെയും ഒരു പോലെ പരിഗണിക്കാന്‍ കഴിയുന്നുണ്ട്. അവനവന്റെ കാര്യം മാത്രം നോക്കുന്ന പ്രവണതയില്‍ നിന്ന് ഒരു സമൂഹിക ജീവിയായി മാറുന്ന കാഴ്ച ഓരോ പ്രവര്‍ത്തനം നടക്കുമ്പോഴും കാണാന്‍ കഴിയും.
  • ശാന്തമ്മ കെ.ഗവ എല്‍ പി എസ് വളളിക്കോട്. ക്ലാസ് രണ്ട്. പത്തു കുട്ടികള്‍. :-ഭാഷാ പഠനത്തില്‍ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. നല്ല പ്രതികരണശേഷിയുണ്ട്.വായനയില്‍ താല്പര്യം. വായനക്കുറിപ്പെഴുതുന്നു. ആത്മവിശ്വാസത്തോടെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു. കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സഹായകമായ പഠനരീതിയാണ്. ഇംഗ്ലീഷ് ചില യൂണിറ്റുകള്‍ കുട്ടികളുടെ നിലവാരത്തിനപ്പുറത്താണ്. ലേഖനത്തില്‍ പ്രശ്നങ്ങളുണ്ട്.
  • സജിജോണ്‍ നാലാം ക്ലാസധ്യാപിക ഗവ എല്‍ പി എസ് വെട്ടൂര്‍:- .കുട്ടികള്‍ക്കു വായനയോട് താല്പര്യം കൂടി.ഇംഗ്ലീഷിനോട് കൂടുതല്‍ ഇഷ്ടം.ചിന്താശേഷിയും അന്വേഷണതാല്പര്യംവു കൂടി.ഗണിതം ജിവിതവുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാന്‍ കഴിയുന്നു. പക്ഷെ സങ്കീര്‍ണം, സമയക്കുറവ് അനുഭവപ്പെടുന്നു.
  • ഗവണ്മെന്റ് എല്‍ പി എസ് നരിയാപുരത്തെ അധ്യാപികയാണ് സാലിജോഷ് രണ്ടാം ക്ലാസ്:-ഏഴു കുട്ടികള്‍.ആറെണ്ണവും നല്ല മിടുക്കര്‍.എഴുതാനും വായിക്കാനും അറിയും.സ്വന്തമായി കഥ എഴുതാനും സംഭാഷണങ്ങള്‍ എഴുതാനും ചില കുട്ടികള്‍ മികവു കാണിക്കുന്നു. കുറുവാലിയും കിന്നരിയും തമ്മിലുളള സംഭാഷണം മികച്ച നിലവാരത്തില്‍ ആരോമല്‍ എസ് എഴുതി.കറുമ്പിക്കാക്ക തളളിയിട്ടതും മറ്റും സ്വാഭാവികതയുളള ഒന്നാന്തരം സംഭാഷണം.എനിക്കു തോന്നുന്നത് പത്താം ക്ലാസിലെ കുട്ടികള്‍ പോലും ഇങ്ങനെ എഴുതില്ലെന്നാണ്.ഈ വര്‍ഷം വളരെ സംതൃപ്തയാണ്. കണക്ക് കൂട്ടും കുറയ്ക്കും .ഇംഗ്ലീഷ് വായിക്കാനും എഴുതാനും വളരെ താല്പര്യം.അപഗ്രഥനം വേണ്ട രീതിയില്‍ നടക്കുന്നില്ല. സംഖ്യാവ്യാഖ്യാനം ശരിയാകുന്നില്ല. ചിഹ്നങ്ങള്‍ വിട്ടുപോകുന്നു.
  • അനിതകുമാരി എസ് എന്‍ വി എല്‍ പി എസ് വകയാര്‍:- ഇംഗ്ലീഷിലുളള ആശയവിനിമയശേഷി വളരെ വര്‍ധിച്ചു.സര്‍ഗാത്മകതയ്ക്ക് അവസരം. സ്വയം വിലയിരുത്താനും മെച്ചപ്പെടാനും കഴിയുന്നു.തെറ്റു തിരുത്തലിനുളള എഡിറ്റിംഗ് നല്ലതാണ്.നല്ല ഇംഗ്ലീഷ് കേള്‍ക്കുന്നതിനുളള അവസരം കിട്ടണം.നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ കഴിവു നേടി. എണ്‍പത്തിയഞ്ചു മുതല്‍ പഠിപ്പിക്കുന്നു .അന്ന് നാലാം ക്ലാസില്‍ ഓറല്‍ മാത്രമായിരുന്നു.പേന കാണിച്ച് ഓണപ്പരീക്ഷക്ക് വാട്ടീസ് ദിസ് എന്നു ചോദിച്ചിരുന്ന അവസ്ഥ.. അതെല്ലാം മാറി. അവതരണശേഷി, ഭാഷാനൈപുണി, വളര്‍ന്നു. ഒരു കുട്ടി, അതിന് ഭാരക്കുറവ്, വീട്ടിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചു. സഹായിക്കുന്നു.പലരീതിയിലുളള കുട്ടികള്‍.നിലവാരം കുറവുളള കുട്ടികളെ പരിഗണിച്ച് പ്രത്യേകം ശ്രദ്ധ നല്‍കുന്നു. എഡിറ്റിംഗ് നടത്തുന്നു.
  • ഷീബ. പി.ജി.എസ്‍ എന്‍വിഎല്‍ പി എസ് വകയാര്‍:- ക്ലാസില്‍ ചെന്നാലാദ്യം ഇംഗ്ലീഷ് പഠിക്കണമെന്നാവശ്യപ്പെടുന്നു. അത്രയ്ക്കു താല്പര്യം. ഇംഗ്ലീഷിനോടുളള ഭയം കുറഞ്ഞു.
  • ഗവ എല്‍ പി സ്കൂള്‍ കൂടല്‍ .അധ്യാപിക കല :-കണക്കില്‍ എണ്‍പതു ശതമാനം കുട്ടികള്‍ക്കും രൂപയുമായി ബന്ധപ്പെട്ട പാഠത്തിലെ ശേഷികള്‍ നേടാനായി.സമയപരിമിതി.
  • എന്‍ കെ ലൈജു. ജി എല്‍ പി എസ് കൂടല്‍:- എന്റെ രണ്ടാം ക്ലാസില്‍ പതിനാലു കുട്ടികളുണ്ട്. അഞ്ചു കുട്ടികള്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്നു.അഴര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ടീച്ചേഴ്സ് വേര്‍ഷനേക്കാല്‍ മികച്ചതാണ്.പിന്നാക്കം നില്‍ക്കുന്ന കുട്ടികളുണ്ട്. അവരെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടിയും എഡിറ്റിംഗില്‍ കൂടിയും മെച്ചപ്പെടുത്തുന്നു.
  • പ്രമോദ് കുമാര്‍ യു പി വിഭാഗത്തിലെ സാമൂഹികശാസ്ത്രം അധ്യാപകനാണ്. അദ്ദേഹം പറയുന്നു:-പുതിയ പഠന രീതി കുട്ടിയുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നു.ആനുകാലിക വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നു , പത്രവായന. വായനാഗ്രൂപ്പ് , ക്ലാസില്‍ ചര്‍ച്ച, പാഠ്യവിഷയവുമായി ബന്ധപ്പെട്ടപത്രങ്ങളില്‍ വന്നവ പ്രയോജനപ്പെടുത്തുന്നു. സാമൂഹികവിഷയങ്ങളിലുളള പ്രതികരണങ്ങള്‍,പഠനസാമഗ്രികള്‍ കുട്ടികള്‍ തയ്യാറാക്കല്‍. ഭൂപടെ വ്യവസായങ്ങളള്‍ ഇന്ത്യയില്‍ .പത്തെണ്ണം. ഔട്ട് ലൈന്‍ മാപ്പ് ട്രേസിംഗ് ഷീറ്റില്‍ . സൂപ്പര്‍ ഇംപോസിംഗ്. വ്യാവസായികമായി മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങള്‍, പിന്നാക്കാവസ്ഥയുളളവ.പട്ടിക നിര്‍മാണം.മാതൃകാകൃഷിത്തോട്ടം നിര്‍മിച്ചു. മൂല്യബോധം വികസിപ്പിക്കാനാകുന്നു. മാനുഷികമൂല്യങ്ങള്‍ വളരുന്നു.ദരിദ്രരായ കുട്ടികള്‍. പ്രഭാതഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികള്‍.ക്ലാസ് ഗ്രൂപ്പ്.പ്രഭാതപ്പൊതി കൊണ്ടുവരികയും പങ്കിടുകയും ചെയ്ത. ദിവസം പതിന്ഞ‌്ചു കുട്ടികള്‍ക്കു വരെ. അഞ്ഞൂറു കുട്ടികളാണ് ആകെയുളളത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിശാലമാണ്.അതിനേറെ സഹായകമാണ് ഈ പാഠ്യപദ്ധതി. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ഇവയുണ്ട്.മലയാളം മീഡിയത്തിന്റെ അധ്യാപകസഹായിയാണ് ഉപയോഗിക്കുന്നത്.പാഠ്യപദ്ധതി നല്ലതാണ്. സമീപിക്കുന്ന രീതിയും മനോഭാവവുമാണ് പ്രശ്നം.
നിഗമനങ്ങള്‍
  1. ഓരോ പാഠ്യപദ്ധതി വരുമ്പോഴും പോരായ്മയുണ്ട്. ഇപ്പോഴത്തെ പാഠ്യപദ്ധതിക്കും പ്രശ്നങ്ങള്‍ ഉണ്ട്.പൂര്‍ണതയുളള പാഠ്പദ്ധതി ലോകത്തുണ്ടോ?
  2. പുതിയ പാഠ്യപദ്ധതിക്ക് മികവുകള്‍ ധാരാളം.അത് നിലനിറുത്തണം
  3. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഗവേഷണ സ്വഭാവത്തോടെയുളള ഇടപെടലുകള്‍ നടത്തണം.
  4. പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ ഇവയാണ്. (ചില പരിഹാര സാധ്യതകളും ബ്രാക്കറ്റില്‍ നല്‍കുന്നു)
  • ഭാഷ -ലേഖനത്തില്‍ തെറ്റുകള്‍ വരുന്നു .ചിഹ്നങ്ങള്‍
    വിട്ടുപോകുന്നു..കൂടുതല്‍ എഴുതുമ്പോള്‍ ഓരോ കുട്ടിയുടേയും തിരുത്താന്‍ കഴിയുന്നില്ല. തിരുത്താതെ പോകുന്നതും ശരിയല്ല. ലേഖന പ്രശ്നം പരിഹരിക്കാന്‍ ഒന്നാം ക്ലാസുമുതല്‍ അക്ഷരത്തില്‍ ഊന്നി പഠിപ്പിച്ച അധ്യാപിക അനുഭവം പറഞ്ഞു. വിദ്യാലയത്തിന്റെ തീരുമാനമായിരുന്നു. ഞാന്‍ നാലില്‍ നിന്നും ഒന്നാം ക്ലാസിലേക്കു പോയി, ഒരു വര്‍ഷം കഴിഞ്ഞ് ആ കുട്ടികള്‍ രണ്ടിലെത്തിയപ്പോള്‍ ഞാന്‍ കരഞ്ഞു പോയി, ഫലം നിരാശ. മറ്റൊരു സ്കൂളില്‍ എല്ലാ ക്ലാസിലും കഴിഞ്ഞ വര്‍ഷം അക്ഷമുറപ്പിക്കല്‍ പരിപാടി നടന്നു ( പദപ്പട്ടിക, ആവര്‍ത്തിച്ചെഴുതല്‍, പദനിര്‍മാണം, മുതലായവ )എന്നിട്ടും ഈ വര്‍ഷം പഴയ അവസ്ഥ !എന്താണ് സ്വീകരിക്കാവുന്ന പരിഹാരം? റിപ്പോര്‍ട്ടു ചെയ്തവരാരും ഗ്രൂപ്പ് എഡിറ്റിംഗ് പ്രക്രിയ നിര്‍ദ്ദേശിച്ച പോലെ നടത്തിയിരുന്നില്ല. (പ്രതികരണം-എഡിറ്റിംഗ് വെളളം ചേര്‍ക്കാതെ ഒരു മാസം പരീക്ഷിക്കുന്നതിനു തീരുമാനിക്കുക തെറ്റുകളെ തരംതിരിക്കുക. ഓരോ കുട്ടിയുടേയും പ്രശ്നം മനസിലാക്കി ലേഖനത്തിലെ പിന്തുണാ സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തുക. എഴുതാന്‍ പ്രയാസമുളള കുട്ടി ഉണ്ടെന്ന ധാരണയില്‍ ആസൂത്രണവും ഇടപടെലും നടത്തുക, വ്യക്തിഗത ശ്രദ്ധ. പ്രക്രിയക്കിടയിലെ പരിഹാരബോധനം.രണ്ടാം ക്ലാസിലെ കുട്ടി എഴുതിയ കത്താണ് മുകളില്‍ നല്‍കിയത്. ഒറ്റപ്പെട്ട അക്ഷരവും പദവും എഴുതിക്കാതെ വാക്യങ്ങള്‍ തന്നെ എഴുതിക്കുക. ബോര്‍ഡില്‍ കുട്ടികളുടെ എഴുത്ത് അനുവദിക്കുക. അവരുടെ പ്രശ്നം മനസിലാക്കി സമാന്തര രചന അധ്യാപിക ബോര്‍ഡില്‍ എഴുതി വിശകലനവിധേയമാക്കുക. ഇവ കൂടി വായിക്കുക   ശ്രേഷ്ഠ വിദ്യാലയം ശ്രേഷ്ഠ മലയാളം പദ്ധതി )
  • അക്ഷരങ്ങള്‍ക്ക് ഭംഗിയില്ല.രണ്ടുവര ബുക്കില്‍ എഴുതിയിക്കും.( പ്രതികരണം-ചിത്ര രചനാനുഭവം ക്ലാസില്‍ കുറവ്. ഏകാഗ്രതയോടെ എഴുതാനുളള ആന്തരിക സമ്മര്‍ദ്ദം കുട്ടിക്കില്ല.അക്ഷര വടിവിന് , വ്യക്തതയോടെ എഴുതുന്നതിന് പ്രതിദിന ക്ലാസ് പത്രം, ചുമര്‍മാസിക എന്നിവയുടെ സാധ്യത പരിശോധിച്ചുകൂടേ? നോട്ടീസ് തയ്യാറാക്കല്‍, പരസ്യം തയ്യാറാക്കല്‍, അറിയിപ്പെഴുതല്‍, ആശംസാകാര്‍ഡ്..  എന്നിവയില്‍ ആകര്‍ഷകവും ഭംഗിയും വ്യക്തതയും മാനദണ്ഡമാക്കിക്കൂടേ?ലേ ഔട്ട് , ലിപിവിന്യാസം എന്നിവയുടെ മനോഹാരിത കാണണം.  )
  • രക്ഷിതാക്കള്‍ക്ക് പകര്‍ത്തെഴുത്ത്, കേട്ടെഴുത്ത് ഇവ വേണമെന്ന നിര്‍ബന്ധം ഉളളതിനാല്‍ അവ കൂടി ചെയ്യിക്കുന്നു.( പ്രതികരണം- കവിതകള്‍ പകര്‍ത്തിയെഴുതട്ടെ. ഒറ്റ വര ബുക്കില്‍ മനോഹരമായി. എന്റെ മധുരമലയാളം ബുക്ക്. മനോഹരമായ പ്രയോഗങ്ങളും ചൊല്ലുകളും ശൈലികളും കഥാഭാഗങ്ങളും ഒക്കെയാകാമല്ലോ?അതെങ്ങനെ .കടുവയെ പിടിച്ച കിടുവ- ഇതിനെ ആസ്പദമാക്കി കഥ എഴുതാം.കഥകളുടെ പുനരാവിഷ്കാരം, ക്ലാസ് പ്രവര്‍ത്തന ‍ഡോക്യുമെന്റേഷന്‍ (ജനാധിപത്യവാദിയായ അധ്യാപകന്‍ ക്ലാസ് വിലയിരുത്താന്‍ .. വായിക്കുക) .കേട്ടെഴുതാനുളള കഴിവ് വളര്‍ത്തണം. തത്സമയക്കുറിപ്പെടുക്കാനും മിനിറ്റസ് തയ്യാറാക്കാനും അനുവദിക്കാം. പ്രസക്തമായവ മാത്രം എഴുതുന്നതിനുളള പരിശീലനം കിട്ടണം. ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുമ്പോഴും കുട്ടിക്ക് പ്രധാനപ്പെട്ടതും ഇഷ്ടപ്പെട്ടതും എഴുതാമല്ലോ. അതു ക്ലാസില്‍ പ്രോസസ് ചെയ്യാം.വാര്‍ത്തകള്‍ റേഡിയോ, ടി വി എന്നിവയില്‍ നിന്നും തത്സമയം കേട്ടെഴുതിയെടുത്ത് അടുത്ത ദിവസം ക്ലാസില്‍ അവതരിപ്പിക്കാമല്ലോ. യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്?)
  • കണ്ടെത്തിക്കൊണ്ടുവരാന്‍ പറയുന്നത് വീട്ടിലെ സാഹചര്യം കുറവുളളവര്‍ക്ക് കഴിയുന്നില്ല. മഴപ്പന്തല്‍.. രണ്ടുപേര്‍ ചെയ്തില്ല.( പ്രതികരണം- ചെയ്യാതെ വരാന്‍ സാധ്യതയുളളവ മുന്‍കൂട്ടിക്കാണണം. വിദ്യാലയത്തില്‍ പകല്‍ മഴയളക്കല്‍ നടത്താമായിരുന്നു. അളക്കാനുളള ശേഷി ഈ കുട്ടികള്‍ക്കും കിട്ടണം. മറ്റുളളവരുടെ ദത്തങ്ങള്‍ ദിനം പ്രതി ക്ലാസില്‍ അവതരിപ്പിച്ച് ഈ കുട്ടികളുടെ പട്ടികാനിര്‍മാണത്തിനു ഉപയോഗിക്കണം. വിവരങ്ങള്‍ ലഭ്യമായാല്‍ പട്ടിക സ്വയം അപഗ്രഥിക്കാനാകും. പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടം ചെയ്യാനായില്ലെങ്കില്‍ അതു മറികടക്കാനുളള ആലോചന നടത്തുകയാണ് വേണ്ടത്. ഗണിതത്തിലെ ഉദാഹരണം നോക്കൂ പാര്‍വതി അച്ഛന്റെ ഡയറി വായിച്ചതെന്തിന്?..(CEE -Par... )
  • മലയാളത്തില്‍ ആസ്വാദനക്കുറിപ്പ് തയ്യാറാക്കാന്‍ പ്രയാസം നേരിടുന്നു. ( കഴിഞ്ഞ എല്‍ എസ് എസ് അധ്യാപകര്‍ക്കുളള മാര്‍ഗരേഖ പരിശോധിക്കുക)
  • ഇംഗ്ലീഷ് -നിലവാരം കൂടുതല്‍. പാഠപുസ്തകപരിഷ്കാരം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചെയ്തതിനാലാകും. ( പാഠങ്ങള്‍ മാറ്റണം. അതുവരെ അനുരൂപീകരിക്കുക. )
  • ഒന്നാം ക്ലാസില്‍ ഇംഗ്ലീഷില്‍ ആഖ്യാനം പലപ്പോഴും വിരസമാകുന്നു. ( ആഖ്യാനം അവതരിപ്പിക്കാന്‍ പരിശീലനം ആവശ്യം.നല്‍കുന്ന ആഖ്യാനം ആസ്വാദ്യകരമായ അനുഭവമാകുന്നില്ലെങ്കില്‍ അത് കേവലം സംഭവവിവരണം മാത്രമാണ്.ആസ്വാദ്യകരമായ ആഖ്യാനം വികസിപ്പിക്കുക മാത്രമേ വഴിയുളളൂ. നല്ല ധാരണയുളളവര്‍ക്കേ നല്ല അധ്യാപകസഹായി തയ്യാറാക്കാനാകൂ.)
  • ഇംഗ്ലീഷില്‍ ആത്മഗതം എഴുതാനും പ്രയാസം. ആത്മഗതം എഴുതാന് നിര്‍ബന്ധിക്കേണ്ടതില്ല.മറ്റുളളവയ്ക്ക് അവസരം കൊടുക്കൂ.
  • ഗ്രാഫിക് റീഡിംഗ് നടത്തുന്നതു കൊണ്ട് കുറെ ഭാഗം കാണാതെ പഠിച്ച് വായിക്കുന്നു.(പ്രതികരണം-  ഗ്രാഫുകള്‍ വിശകലനം ചെയ്യാനവസരം കിട്ടണം.പുതിയ സന്ദര്‍ഭത്തില്‍ പ്രയോഗിക്കാനും കണ്ടെത്താനും തിരിച്ചറിയാനും അവസരം. ബിഗ് പിക്ചറില്‍ ചിത്രീകരിക്കാന്‍ അനുവദിക്കാം.രംഗത്തിന്റെ പടം വരക്കാം .അടിക്കുറിപ്പ് ,ശീര്‍ഷകം, സംഭാഷണം,ലേബല്‍ എന്നിവ പടത്തില്‍ ചേര്‍ക്കാനും അത് പരിചയപ്പെട്ട പ്രധാന ഗ്രാഫുകള്‍ പ്രയോജനപ്പെടുത്തുന്ന വിധമാവുകയും വേണം. പുനരനുഭവം.കുട്ടിയുടെ നിറയുന്ന ബുക്ക്  വിഭാവനം ചെയ്യണം.കുട്ടിയുടെ ഗ്രാഫെഴുത്തിനെ ശരിവരമൊഴിയിലാക്കുക.യൂണിറ്റ് കഴിയുമ്പോള്‍ കുട്ടിയുടെ ചിത്രകഥാ പുസ്തകമായി ബുക്ക് മാറണം. ചിത്രകഥയില്‍ ചിലപ്പോള്‍ ഒറ്റപ്പെട്ട വാക്കുകളും മുറിവാക്യങ്ങളും പൂര്‍ണവാക്യങ്ങളുമൊക്കെ തുടക്കത്തില്‍ അനുവദിക്കാം.ഈ സന്ദര്‍ഭം ഉണര്‍ത്തിയ ഓര്‍മകളും ചിന്തകളും ഉപയോഗിച്ച്  മൈന്‍ഡ് മാപ്പിംഗ് നടത്തിക്കാം.കുട്ടി ഭാഷയ്ക്കായി ആന്തരിക സമരത്തിലേര്‍പ്പെടുമ്പോള്‍ അധ്യാപികയ്ക്ക് സംഭാവനചെയ്യാം. ക്ലാസിലെ തെളിവുകളെ ചൂണ്ടിക്കാട്ടാം. ആശയഭൂപടം ക്ലാസില്‍ രൂപപ്പെടുത്താം. ഇതു കൂടി വായിക്കുക ആന്ധ്രപ്രദേശത്ത് നിന്നും പഠിക്കാനുണ്ട്  )
  • ഭാഷാ പഠനത്തില്‍ വായന ചിലര്‍ക്ക് കാണാപാഠ വായനയാകുന്നു .  
  • പരിസരപഠനം-പട്ടിക അപഗ്രഥനവും നിഗമനവും.നിഗമനത്തിലെത്തിച്ചേരാന്‍ കഴിയുന്നില്ല. (പ്രതികരണം-പൊതുവായി ഒരു അപഗ്രഥനപ്രക്രിയ നടക്കണം. എന്താണ് അപഗ്രനം എന്ന വാക്കു കൊണ്ട് രണ്ടാം ക്ലാസിലെയും മൂന്നിലേയു കുട്ടികള്‍ മനസിലാക്കുക? ഈ പട്ടികയില്‍ പലതരം ബന്ധങ്ങളുണ്ട്. ചില കാര്യങ്ങള്‍ നോക്കിയാല്‍ സമാനത കാണാം. പൊതുവായിട്ടുളളതെന്തെല്ലാമാണ്? സാമനതകളില്ലാത്തവ ഏതെല്ലാമാണ്? ഇങ്ങനെ പട്ടികയോടു ചോദിക്കാവുന്ന ചോദ്യങ്ങള്‍ പരിചയപ്പെടലും വികസിപ്പിക്കലും നടക്കണം. ഗ്രൂപ്പില്‍ പട്ടികാപഗ്രഥനം പങ്കിടുമ്പോഴും ഘട്ടം ഘട്ടമായി നിര്‍ദ്ദേശങ്ങള്‍ നല്‍കണം. എന്തൊക്കെ കാര്യങ്ങള്‍ ഈ പട്ടികയില്‍ നിന്നും നിങ്ങള്‍ മറ്റുളളവരോടു പറയും? അതു കണ്ടെത്തിയോ? എന്തെങ്കിലും പ്രത്യേകതകള്‍ കൂടൂതല്‍ കുറവ് ഒരേ പോലെയഉളളത് കണ്ടെത്താനായോ? എങ്കില്‍ അങ്ങനെയുളളവ എല്ലാവരും കണ്ടെത്തിയോ? വേറിട്ടു നില്‍ക്കുന്ന കാര്യങ്ങളുണ്ടോ? അതു കണ്ടെത്തിയവരു പങ്കിടൂ. ഇങ്ങനെ അപഗ്രഥനശേഷി ഗ്രൂപ്പില്‍ വികസിപ്പിക്കണം.)
  • കണക്ക്- തുടര്‍ച്ചയായി പാഠഭാഗങ്ങളില്‍ വരുന്നില്ല. പാഠപുസ്തകത്തില്‍ കുറെ പ്രവര്‍ത്തനങ്ങള്‍ കൂടി വേണം..(പ്രതികരണം-ഗണിതത്തിലാണ് ഈ നിര്‍ദ്ദേശം. സമയക്കുറവിനെക്കുറിച്ചും പരാതിയുളളവരാണ് .രണ്ടും കൂടി പൊരുത്തപ്പെടുത്തണം. നിലവില്‍ത്തന്നെ സാധ്യതയേറയുണ്ട് പ്രയോജനപ്പെടുത്തുമോ?( ഉദ്ഗ്രഥനക്ലാസിലെ ഗണിത വെച്ച് ഉദാഹണം നല്‍കാം.)
  • സംഖ്യാവ്യാഖ്യാനം ശരിയാകുന്നില്ല. ( എന്തു ചെയ്യാം?)
  • കുട്ടികള്‍ കുറവായതിനാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനം ചെയ്യാന്‍ പ്രയാസം. ( പ്രതികരണം-അഞ്ചില്‍ താഴെ മാത്രം കുട്ടികളഉളള ക്ലാസില്‍ മൂന്നു വീതം ടീച്ചറുള്‍പ്പടെ രണ്ടു ഗ്രൂപ്പ്.അതിനും കഴിയില്ലെങ്കില്‍ മശയ്ക് ചുറ്റും പഠനക്കൂട്ടം. അതിലൊന്ന് അധ്യാപിക. ഗ്രൂപ്പ് പങ്കിടലില്‍ അധ്യാപികയും കുട്ടിക്കൊപ്പം. മെച്ചപ്പെടുത്തിയെഴുതലിലടക്കം. കുട്ടികളുടെ എണ്ണക്കുറവ് അനുഗ്രഹമാക്കുക.)
  • പിന്നാക്കക്കാരെ വേണ്ടത്ര മുന്നോക്കമെത്തിക്കാന്‍ കഴിയുന്നില് (ക്ലാസിലെ പിന്നാക്ക പരിഗണന ആസൂത്രണക്കുറിപ്പ് എത്തിക്കാം)
  • ഓരോ പ്രവര്‍ത്തനത്തിനും കൂടുതല്‍ സമയം ആവശ്യമാണ് ( കൂടുതല്‍ സമയമെടുത്ത് പ്രാതിന്ധ്യസ്വഭാവത്തോടെ പ്രധാനശേഷികള്‍ മനസില്‍ വെച്ച് കുറച്ച് പ്രവര്‍ത്തനങ്ങള്‍ നന്നായി ചെയ്യുകസംതൃപ്തി അനുഭവിക്കുക നേട്ടം ആഘോഷിക്കുക..ബാക്കി സ്വയം പഠനപ്രവര്‍ത്തനമാക്കുക)
അവസാന പ്രതികരണങ്ങള്‍
എസ് എന്‍ വി എല്‍ പി എസ് വകയാര് - ഇംഗ്ലീഷ് പഠിപ്പിക്കുന്നു.ആത്മവിശ്വാസം വന്നു. നിരാശ ഒട്ടുമില്ല. തന്റേടത്തോടെ ക്ലാസെടുക്കാന്‍ കഴിയുന്നു. നറേഷന്‍ അവതരിപ്പിക്കുമ്പോള്‍ നല്ല പ്രതികരണം. താല്പര്യം. ഡി പി ഇ പി കാലം മുതല്‍ പഠിപ്പിച്ചു വരുന്നു. എസ് എസ് എ വന്നതില്‍ നല്ല മാറ്റം
ശോഭനടീച്ചര്‍ -നമ്മുടെ അധ്യാപകരില്‍ തന്നെയാണ് പ്രശ്നം. കഷ്ടപ്പെടാനുളള മനസില്ല. നമ്മുടേതായതെല്ലാം കഴിഞ്ഞ് പരിഹരിക്കാന്‍ മാത്രം ശ്രമം.
പുതിയ രീതിയോടുളള ചില അധ്യാപകരുടെ സമീപനം മാറണംഅധ്യാപക പരിശീലനത്തില്‍ പാകപ്പിഴകളുണ്ട്.
മറ്റൊരു അധ്യാപിക-  വീട്ടില്‍ ശ്രദ്ധകിട്ടാത്ത കുട്ടികളാണ് തൊണ്ണൂറ്റിയേഴു ശതമാനം പേരും. തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടു വരുന്നവര്‍ പരിമിതമായ എണ്ണം മാത്രം.പാഠഭാഗത്തോടൊപ്പെ അഭ്യാസം നല്‍കുന്നത് രക്ഷിതാക്കള്‍ക്ക് പാഠ്യപദ്ധതിയില്‍ പങ്കാളിത്തം നല്‍കാന്‍ സഹമായിക്കുംരക്ഷിതാക്കളില്‍ നിന്ന് പാഠ്യപദ്ധതി അകന്നു പോയത് വലിയൊരു പോരായ്മയാണ്.
  • ഇത് ജനകീയമായ വിലയിരുത്തലാണ്. ഇത്തരം വിലയിരുത്തല്‍ നടത്തി മുന്നോട്ടുളള ദിശ തീരുമാനിക്കാന്‍ കഴിവില്ലാതെ വരുമ്പോഴാണ് നാം തളളിപ്പറഞ്ഞ് ഒളിച്ചോടുക.
  •  നന്മ തേടുക തടസ്സങ്ങളെ ആശയവ്യക്തത കൊണ്ടു മറികടക്കുക. അതിനാകണം പാഠ്യപദ്ധതി ശില്പശാലകളും സെമിനാറുകളും നടത്തേണ്ടത്. ആ നിലക്ക് കോന്നി നല്ല തുടക്കമായിരുന്നു. ഇനിയും അവര്‍ കൂടും ഒക്ടോബറില്‍. 
  • ഇത്തരം മനസുതുറന്നുളള ശില്പശാലകള്‍ എനിക്കേറെ പ്രിയം. കാരണം വളരാനും പഠിക്കാനും അന്വേഷിക്കാനും അതു വാതില്‍ തുറന്നിടുന്നു.
അനുബന്ധം
ഇതാണ് ഇപ്പോഴും ഒരു വിഭാഗം അധ്യാപകര്‍ക്ക് പ്രിയം. ഓര്‍മയുണ്ടാകണം ഇത്തരം പ്രക്രിയ.
1
What is this?
This is a pencil
What is this ?
This is a pen 
2
അധ്യാപികയുടെ മാതൃകാവായന
ഏറ്റു വായന
ഏതാനും കുട്ടികളുടെ വായന
ചോദ്യങ്ങള്‍ക്കുത്തരം എഴുതുക
പാഠഭാഗം നാലു തവണ പകര്‍ത്തിയെഴുതുക
പാഠഭാഗത്തുളള അഭ്യാസ ചോദ്യങ്ങള്‍ക്കുത്തമെഴുതുക
3
ഓണം
ഓണം മലയാളികളുടെ ദേശീയ ഉത്സവമാണ്
കുടില്‍ തൊട്ടു കൊട്ടാരം വരെ ആബാലവൃദ്ധം ജനങ്ങളും ഓണം ആഘോഷിക്കുന്നു.
ചിങ്ങമാസത്തിലാണ് ഓണം കൊണ്ടാടുന്നത്.
പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ഓര്‍മയ്കായാണ് കേരളീയല്‍ ഓണം ആഘോ‍ഷിക്കുന്നത്
......................................
( ബോര്‍ഡില്‍ നിന്നും പകര്‍ത്തി രചനാബുക്കില്‍ അക്ഷരത്തെറ്റില്ലാതെ ഏഴുതുക)
4
......................
........................

Thursday, August 15, 2013

കുട്ടികള്‍ ഭാഷയെ സ്നേഹിക്കണം എന്നു പറഞ്ഞാല്‍ മാത്രം പോര...

കുട്ടികള്‍ ഭാഷയെ സ്നേഹിക്കണം എന്നു നാം പറയും. ഭാഷയുടെ സൗന്ദര്യാത്മക തലം അനുഭവിക്കുമ്പോള്‍ മാത്രമാണ് അവര്‍ ഭാഷയെ സ്നേഹിക്കുക. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അധ്യാപകര്‍   തങ്ങള്‍ നല്‍കുന്നത്  ഭാഷാവിരക്തിയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കാറില്ല
ബദല്‍പാഠങ്ങള്‍ ക്ലാസിലവതരിപ്പിക്കാന്‍ തയ്യാറാകാത്ത ഭീരുത്വവും ക്ലാസുകളിലുണ്ട്. നമ്മുടെ അധ്യാപകര്‍ പാഠപുസ്തകത്തിന്റെ അടിമകളായിപ്പോവുകയാണ്. അവര്‍ വേലിക്കെട്ടുകളെക്കുറിച്ചാണ് സംസാരിക്കുന്നത്
  • ആഴ്ചയിലെ പിരീഡുകളുടെ എണ്ണം
  • തീരേണ്ട പോഷന്‍
  • ചെയ്യേണ്ട അഭ്യാസങ്ങള്‍ ഇവയൊക്കെ എടുത്തിടും
  • സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്നില്ലെന്നു വ്യാകുലപ്പെടും
ഇത് ഒളിച്ചോടലാണ്. നല്ല രചനകള്‍ ക്ലാസില്‍ ഉപയോഗിച്ചാല്‍ അതിന്റെ തളളലില്‍ കുട്ടി തനിയെ പാഠപുസ്തകപാഠത്തെ പരിശോധിക്കില്ലേ? പാഠപുസ്തകപാഠത്തെ ഉപപാഠമാക്കുന്ന പ്രക്രിയയും ആലോചിക്കാം. പാഠപുസ്തകത്തിന്റെ പരിമിതി നാം തിരിച്ചറിയണം. പേജുകളുടെ എണ്ണം പാഠത്തിന്റെ എണ്ണം ഇവ നിശ്ചയിക്കുന്നത് സാധ്യായദിനങ്ങളാണ്. സാധ്യമായദിനങ്ങളല്ല. ഒരു വിഭാഗം വിദഗ്ധര്‍ പ്രാതിനിധ്യസ്വഭാവത്തോടെ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന അനുപാതം ദീക്ഷിച്ച് പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ നല്ല പാഠങ്ങള്‍ പലതും ഔട്ടാകും.
  • ഭാഷാമാധുര്യത്തിനു വേലിക്കെട്ടിയാലതു പൊളിക്കണം
  • വേലിപൊളിക്കാനാണ് ഭാഷ എന്നും നിലനില്‍ക്കുന്നതും.
ഇത്രയും ആലോചിക്കാന്‍ കാരണം നാലാം ക്ലാസിലെ ഒരു പാഠം വായിച്ചതാണ്. പാഠത്തിന്റെ പേരു ഹൃദയത്തിന്റെ പൂന്തോപ്പ്. തുടക്കഖണ്ഡിക തന്നെ തരിശാണ്. ഇതു കുട്ടികളില്‍ പ്രവര്‍ത്തിക്കുമോ എന്നു സംശയം. പന്തികേടുളള ഈ രചന പാഠപുസ്തകരചയിതാക്കളുടെ വകയാണെന്നു തോന്നുന്നു. (ഒരു പാഠം പഞ്ചവത്സരപദ്ധതിപോലയാണ്. ആയുസത്രയേയുളളൂ. ഭാരമുളളതെങ്കില്‍ അത്രയും കാലം ചുമന്നു നടന്നേപറ്റൂ. നല്ലതാണെങ്കിലോ ആറാം വര്‍ഷത്തേക്കനുവാദവുമില്ല. കുട്ടികളില്‍ സര്‍വേ നടത്തി അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട പാഠങ്ങള്‍ നിലനിറുത്തിയാലെന്താ കുഴപ്പമെന്നു ഞാനാലോചിച്ചിട്ടുണ്ട്.)പാഠപുസ്തകത്തില്‍ അച്ചടിച്ചിരിക്കുന്ന കഥയുടെ തരിശിടങ്ങളെ ഹരിതാഭമാക്കി അവതരിപ്പിച്ചാലല്ലേ കുട്ടി ഭാഷയില്‍ മുഴുകൂ. ഈ രചനയിലിടപെടാനാകില്ലേ? ആദ്യം പാഠരാംഭം പരിചയപ്പെടാം 
അണ്ണാന്‍കുഞ്ഞും കരിയിലക്കിളികളും ചങ്ങാതിമാരാണ്. കൂട്ടുകൂടി നിടക്കുന്നതിനിടയില്‍ കിട്ടുന്ന ധാന്യമണികളാണ് അവരുടെ ആഹാരം. ഒരു ദിവസം ഏറെ കാത്തിരുന്നിട്ടും കരിയിലക്കിളികള്‍ വന്നില്ല. വിശപ്പും സങ്കടവും സഹിക്കാനാകാതെ കുഞ്ഞനണ്ണാന്‍ അടുത്തുളള വനത്തിലേക്കു നടന്നു തുടങ്ങി. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുത്തച്ഛന്‍മാവിനോട് അവന്‍ ചോദിച്ചു" മുത്തച്ഛാ. മുത്തച്ഛന്റെ തണലില്‍ ഞാന്‍ അല്പനേരം ഇരുന്നോട്ടേ?"
              ഒത്തിരി വിടവ് അനുഭവപ്പെടുന്നില്ലേ? ചങ്ങാത്തത്തിന്റെ തീവ്രത വ്യക്തമാക്കാത്തത്, കഥാപാത്രങ്ങളുടെ മനോചിത്രം രൂപപ്പെടാത്ത അവസ്ഥ, വനത്തിലേക്കുതന്നെ പോകാനുളള കാരണം. ഭാവനയുടെ ലോകത്തേക്ക് ആനയിക്കാനുളള വാതിലടവ്.. ഇത്തരം തുടക്കം നാം പുനരാവിഷ്കരിക്കണം. എങ്കിലേ കുട്ടികള്‍ ഭാഷയെ സ്നേഹിക്കൂ.. ആദ്യഭാഗം ഇങ്ങനെയായാലോ?

ഞാന്‍ വികസിപ്പിച്ചതു് (വായിച്ചു /പറഞ്ഞു കേള്‍പ്പിച്ചാസ്വദിപ്പിക്കാനുളളത് )
ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്ന ഒരു മരത്തിലായിരുന്നു ആ അണ്ണാന്‍കുഞ്ഞു വളര്‍ന്നത്ചെറിയകണ്ണുകളായിരുന്നു അതിന്. മിനുങ്ങുന്ന രോമങ്ങള്‍. പുറത്തെ ചാരക്കറുപ്പിനുളളില്‍ തിളങ്ങുന്ന മൂന്നു വരകള്‍.ആരോ സ്വര്‍ണനിറമുളള ചായത്തില്‍ മുക്കിയ വിരലുകള്‍ കൊണ്ടു തലോടിയപോലെയുളള വരകള്‍‌.മനോഹരമായ പൂവാല്. പൂവാലനണ്ണാറക്കണ്ണനെന്നല്ലേ പേര്. ഒതുക്കമുളള ശരീരം. ആര്‍ക്കും ഇഷ്ടമാകും.അത്രയ്ക്കു കൊതിപ്പിക്കുന്ന ചന്തം.കരിയിലക്കിളികളാണ് കൂട്ട്. ഒന്നും രണ്ടുമല്ല, പത്തു കളികള്‍. കരിയിലനിറമുളള കിളികള്‍. അവ എന്നും രാവിലെ വരും.കരിയിലകള്‍ ചിക്കിമറിക്കും. ഇലകള്‍ക്കടിയിലെ ചെറുകീടങ്ങളും വിത്തുകളുമൊക്കെ ചെറിയ ചുണ്ടുകള്‍ കൊണ്ട് കൊത്തിപ്പെറുക്കും.അപ്പോള്‍ അണ്ണാന്‍ കുഞ്ഞും മരക്കൊമ്പിന്‍ തുഞ്ചത്തു നിന്നും ഊര്‍ന്നിറങ്ങി വരും. കൂട്ടുകാര്‍ കണ്ടുമുട്ടുന്ന ആ കാഴ്ച കാണേണ്ടതു തന്നെ. കിളികളുടെ സന്തോഷാരവം . അണ്ണാന്‍ കുഞ്ഞും ചില്‍ചില്ലെന്നു മറുപടി പറയും.പിന്നെ ഒന്നിച്ചാണ് ഭക്ഷണം. ഇടയ്കിടെ അണ്ണാന്‍ കുഞ്ഞ് മരത്തില്‍ കയറും.ചുറ്റുപാടും നോക്കും. വല്ല കീരിയോ പാമ്പോ വരുന്നുണ്ടോ എന്നറിയാനാണ്. അപകടമുണ്ടെന്നു കണ്ടാല്‍  പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും, അതു കേള്‍ക്കേണ്ട തമസം കിളികല്‍ ചിലച്ചു പറന്നുയരും.
ഒരു ദിവസം.നേരമറെ വെളുത്തിട്ടും പൂക്കള്‍ വിരിഞ്ഞാടിയിട്ടും സൂര്യന്‍ കുന്നിന്റെ മേലേ ഒരാള്‍ പൊക്കത്തിലുയര്‍നിട്ടും അവര്‍ വന്നില്ല.അവരെവിടെപ്പോയി? വല്ലാതെ വിശക്കുന്നു. പൊക്കമുളള മരത്തിന്റെ ഉയരമുളള കൊമ്പിന്റെ തുഞ്ചത്തു കയറി നാലുപാടും നോക്കി. പച്ചക്കിളികള്‍, കറുത്തകിളികള്‍, പുളളിക്കിളികള്‍.. ചാരനിറമുളള കിളികളെ മാത്രം കാണുന്നില്ല.അവരെവിടെപ്പോയി? ചില്‍ ചില്‍ നീട്ടി വിളിച്ചു നോക്കി. ആരും വിളികേട്ടില്ല. ആരും പറന്നടുത്തേക്കു വന്നില്ല.വിശപ്പ് കത്തിക്കാളുന്നു.ദുരെ പൂത്തുലഞ്ഞു നില്‍ക്കുന്ന മനോഹരവനം. ആ മധുവനത്തില്‍ പോകുന്ന കാര്യം കിളികള്‍ പറഞ്ഞത് ഓര്‍മയില്‍ വന്നു. അങ്ങോട്ടു പോയാലോ? അണ്ണാന്‍ കുഞ്ഞ് അങ്ങോട്ടു പുറപ്പെട്ടു. ഒരു മരത്തുഞ്ചത്തുനിന്നും അടുത്ത മരത്തിന്റെ ചില്ലയിലേക്ക് ഒരഭ്യാസിയെപ്പോലെ ചാടിയും മരക്കൊമ്പുകളിലൂടെ അതിവേഗം ഓടിയും ചിലപ്പോള്‍ നടന്നുമൊക്കെയാണ് യാത്ര. ഒടുവില്‍ വലിയൊരു മരത്തിന്റെ ചുവട്ടിലെത്തി. ഹമ്മൊ എന്തൊരു മരം! എന്താ ഉയരം! ശരിക്കും ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മാമരം .പടര്‍ന്നു പന്തലിച്ച് നിറയെ ഇലകളുമായി നില്‍ക്കുകയാണ് മുതുമുത്തച്ഛന്‍ മരം. ഇതൊരു മാവാണല്ലോ!? ..വല്ലാത്ത ക്ഷീണം. അല്പം വിശ്രമിക്കണമെന്നു തോന്നി. മുത്തച്ഛനോടു അനുവാദം വാങ്ങണോ? അണ്ണാന്‍ മുത്തച്ഛനോടു ചോദിച്ചു. "മുത്തച്ഛാ,    മുത്തച്ഛാ ഞാനിവിടെ ഈ തണലത്ത് ഇത്തിരി നേരം കിടന്നോട്ടെ?”
(ഇതിലും നന്നായി ഈ ശ്രാവ്യപാഠം നിങ്ങള്‍ക്കു തയ്യാറാക്കാന്‍ കഴിയും. അധ്യാപിക മനസുവെക്കണം. പാഠത്തിലെ ആശയമല്ല ഭാഷാനുഭവമാണ് പ്രധാനം. 
കഥാ പാഠം വായിക്കാന്‍ പ്രവചനസാധ്യതയുളളിടം വരെ പറയുന്നത് നന്നാകും. ആ പറച്ചില്‍ ഭാവം ഉള്‍ക്കൊണ്ടും ശരീരഭാഷ പ്രയോജനപ്പെടുത്തിയും ആയാലോ ..! പ്രവചനസാധ്യതയുളളിടം വരെ എത്തിക്കാന്‍ വേണ്ടി ഇത്രയും കൂടി പറയാം )
" ഓ അതിനെന്താ "മുത്തച്ഛന്‍ സമ്മതിച്ചു. അണ്ണാന്‍ കുഞ്ഞു വാലു ചുരുട്ടി കൈകാലുകള്‍ ഒതുക്കി ചുരുണ്ടുകൂടി കിടന്നു. വല്ലാത്ത ക്ഷീണം. നല്ല തണലും. കുഞ്ഞിക്കണ്ണുകള്‍ അടഞ്ഞുപോയി.
ടപ്.. !ശബ്ദം കേട്ട് അണ്ണാന്‍ കുഞ്ഞ് ഞെട്ടിയുണര്‍ന്നു.
അടുത്തെന്തോ വീണതാണ്. നല്ല മണം വരുന്നു. അതാ കിടക്കുന്നു. മഞ്ഞ നിറമുളള മുഴുത്ത ഒരു പഴുത്ത മാങ്ങ!” മുത്തച്ഛാ മുത്തച്ഛാ ഞാനീ മാങ്ങ തിന്നോട്ടെ?”
"ഓ അതിനെന്താ "മുത്തച്ഛന്‍ സമ്മതിച്ചു.
അണ്ണാന്‍ കുഞ്ഞിന്റെ പെരുമാറ്റം മുത്തച്ഛന് ഇഷ്ടമായി
മുത്തച്ഛന്‍ പറഞ്ഞു കുഞ്ഞേ നിനക്ക് ഞാനോരു രഹസ്യം കാട്ടിത്തരാം. ഒരു വാക്കു തരണം. മറ്റാരോടും പറയരുത്. കാണുന്നതൊന്നും ആഗ്രഹിക്കരുത് എടുക്കരുത്. അണ്ണാന്‍ സമ്മതിച്ചു. മാവിന്റെ ഉളളിലെ രഹസ്യഅറയുടെ വാതില്‍ തുറന്നു .അതിലൂടെഅണ്ണാന്‍ കുഞ്ഞ് അകത്തു കയറി. അകത്ത് എന്താ കാഴ്ച. മനോഹരമായ പൂങ്കാവനം.. മധുരക്കനികള്‍..വിടര്‍ന്നു വിലസുന്ന സൗഗന്ധികപുഷ്പങ്ങള്‍..കുഞ്ഞരുവി..നിധികള്‍..കൊതിപ്പിക്കുന്ന കാഴ്ചകള്‍..
അണ്ണാന്‍ കുഞ്ഞ് പുറത്തിറങ്ങി. അതിന്റെ സത്യസന്ധതയില്‍ സന്തോഷം തോന്നിയ മുത്തച്ഛന്‍ ഒരു സമ്മാനം കൊടുത്തു. സമ്മാനവുമായി അണ്ണാന്‍ കുഞ്ഞ് യാത്ര തുടര്‍ന്നു.
ചെന്നു പെട്ടത് ഒരു ചെന്നായയുടെ മുന്നില്‍!
ചുവന്ന നാവുളള, കൂര്‍ത്ത പല്ലുകളുളള,കത്തുന്ന കണ്ണുകളുളള, ക്രൂരനായ ചെന്നായ മുരണ്ടു.
അണ്ണാന്‍ കുഞ്ഞ് പേടിച്ചു
പിന്നെ എന്താണ് സംഭവിച്ചിരിക്കുക?
കുട്ടികള്‍ പ്രവചനങ്ങള്‍ എഴുതുന്നു പങ്കുവെക്കുന്നു. പ്രവചനവുമായി ഒത്തു നോക്കാനായി വായിക്കുന്നു. .

പാഠങ്ങളെ ആസ്വാദ്യാനുഭവമാക്കാം.
  • പത്തരമാറ്റുളള ഭാഷാനുഭവം എന്നതിനാവണം ലക്ഷ്യം
  • ഓരോ കുട്ടിയും ഭാഷയുടെ അനിര്‍വചനീയമായ സൗന്ദര്യത്തിലേക്ക് ആഴ്ന്നിറങ്ങണമെന്നു കരുതണം
  • അതിനുസഹായകമായ പാഠഭാഗങ്ങളും (പാഠപുസ്തകത്തിലില്ലാത്തവ പുസ്തകങ്ങളും തെരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്കു നല്‍കുണം.
  • പാരായണത്തിന്റെ ബഹുമാനങ്ങളെ ക്ലാസിലേക്കു ക്ഷണിച്ചുകൊണ്ടുവരണം
  •  പാഠത്തില്‍ നിന്നും പുതുപാഠങ്ങളും മറ്റാരും കാണാത്ത കാര്യങ്ങളും താനും കണ്ടെത്തിയാതായി കുട്ടിയുടേതു പോലെ ആവേശം കൊളളുകയും വേണം.
  •  കുട്ടികളുടെ മുമ്പാകെ അവതരിപ്പിക്കുന്ന ചോദ്യങ്ങളാണ് മറ്റൊരു പരിഗണന പാഠത്തിന്റെ ആത്മാവിലേക്കു പൂട്ടുതുറന്നു കയറാനുളള താക്കോല്‍ച്ചോദ്യങ്ങളാണവതുറക്കേണ്ടത് കുട്ടികളാണ്അവര്‍ തനിയെ തുറക്കാത്ത രഹസ്യ അറകളവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രമേ താക്കോല്‍ച്ചോദ്യങ്ങള്‍ ഉന്നയിക്കാവൂ..

Monday, August 12, 2013

വയനാട്ടിലെ വിദ്യാലയാധിഷ്ടിത അധ്യാപക ശാക്തീകരണാനുഭവം


1.ആമുഖം
തൃശൂരില്‍ നടന്ന വിദ്യാഭ്യാസസംഗമത്തില്‍ വെച്ച് ഞാന്‍ ബീമാപ്പള്ളി യു പി സ്കൂള്‍ സ്വയം സന്നദ്ധ അധ്യാപകശാക്തീകരണ പരിപാടി ആരംഭിച്ച വിവരം സൂചിപ്പിച്ചു. അതു ശ്രദ്ധിച്ച മാനന്തവാടിയിലെ ബാവലി സ്കൂളിലെ പ്രഥമാധ്യാപകനും ശാസ്ത്രസാഹിത്യപരിഷത് പ്രവര്‍ത്തകനുമായ സന്തോഷ് അടുത്താഴ്ച ബീമാപ്പള്ളി സ്കൂള്‍ സന്ദര്‍ശിച്ചു. സന്തോഷ് എന്നെ അദ്ദേഹത്തിന്റെ വിദ്യാലയത്തിലേക്കു ക്ഷണിച്ചു. രണ്ടു ദിവസത്തെ വിദ്യാലയാധിഷ്ടിത അധ്യാപകശാക്തീകരണം. ഞാന്‍ സമ്മതിച്ചു. രാത്രി ഒരു മണിക്ക് മാനന്തവാടിയില്‍ ചെല്ലുമ്പോള്‍ സന്തോഷ് കാത്തു നിന്നിരുന്നു.
2.വിദ്യാലയത്തെ പരിചയപ്പെടാം.
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയുടെ പരിധിയില്‍പ്പെടുന്നതും കര്‍ണാടകയിലെ ബൈരക്കുപ്പയോടു ചേര്‍ന്നു കിടക്കുന്നതുമായ ബാവലിയിലെ ഗവ യു പി സ്കൂളില്‍ മുന്നു വിഭാഗത്തില്‍ പെട്ട കുട്ടികളാണ്. ഗൗഡ വിഭാഗം. ഇവരുടെ മാതൃഭാഷ കന്നഡയണ്. പ്രദേശികഭേദവും ഉണ്ട്. ഒന്നാം ക്ലാസില്‍ ഇവര്‍ക്കുളള പാഠാവലി മലയാളത്തില്‍. അതാകട്ടെ ഈ കുട്ടികള്‍ക്ക് മനസിലാക്കിയെടുക്കാന്‍ പ്രയാസം. അധ്യാപികയ്ക് അവരുടെ ഭാഷ അറിയുകയുമില്ല. രണ്ടാമത്തെ വിഭാഗം കുട്ടികള്‍ അടിയ വിഭാഗക്കാരാണ്.ഇവരാണ് വിദ്യാലയത്തിലെ പകുതിയോളം പേര്‍ .മൂന്നാമത്തെ കൂട്ടര്‍ മലപ്പുറം, കുടക് എന്നിവിടങ്ങളില്‍ നിന്നും വന്ന മുസ്ലീംങ്ങളാണ്. മലപ്പുറം പ്രദാശികഭാഷയുടെ ഉച്ചാരണസ്വാധീനം ക്ലാസിലുണ്ട്.മൂന്നു സാംസ്കാരിക പാരമ്പര്യം
ഗൗഡവിഭാഗക്കാര്‍ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നല്‍കുന്നില്ല. കുട്ടി വീട്ടിലിരിക്കുന്നത് അവര്‍ക്ക പ്രശ്നമല്ല. കാലി മേയ്ക്കാന്‍ പോകുന്നത് കൂടുതല്‍ പ്രത്യക്ഷഗുണമുളളത് എന്നാണവരുടെ ധാരണ. പെണ്‍കുട്ടികളെ ചെറുപ്പത്തിലേ വിവാഹം ചെയ്തയക്കും.അവരുടെ പഠനവും പലപ്പോഴും ഏഴിനപ്പുറമില്ല. ലക്ഷ്യം കുറവായതിനാല്‍ കുട്ടികള്‍ക്കും പഠിച്ചുയരണം എന്ന മനോഭാവം കുറവ്.നൂറ്ററുപത് കുട്ടികള്‍ ഹാജര്‍ ബുക്കിലുണ്ട്..
3. കൂടിച്ചേരല്‍
രണ്ടു ദിവസത്തെ കൂടിച്ചേരലാണ്. അവധിക്കൂട്ടം. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും. എല്ലാ അധ്യപകരും രണ്ടു ദിവസവും പങ്കെടുത്തു. പി ടി എ പ്രസിഡന്റ് നാസര്‍, പിടി എ അംഗം രാജീവ് എന്നിവരും.
4. എന്താണ് അവിടെ നടന്നത്രാവിലെ പത്തരയ്ക് എല്ലാവരും എത്തിആമുഖമായി പ്രഥമാധ്യാപകന്‍ സന്തോഷ് സാറിങ്ങനെ സൂചിപ്പിച്ചു.

  • കുട്ടികള്‍ക്ക് അടിസ്ഥാന ധാരണകള്‍ ഉണ്ടാകണംകുട്ടികളെ ആ നിലയിലേക്കുയര്‍ത്തിയെടുക്കാന്‍ കഴിയുന്നില്ല.
  • നമ്മുടെ സ്വന്തം തീരുമാനമാണ് അവധിദിനമാണെങ്കിലും വേണ്ടില്ല കുട്ടികളുടെ പഠനകാര്യം ചര്‍‌ച്ച ചെയ്യാന്‍ ഒത്തു കൂടണമെന്ന്.
  • പ്രതിബദ്ധതയുളള അധ്യാപകരാണ് .അവരും മാറ്റം ആഗ്രഹിക്കുന്നു.
  • എസ് എം സിയും പഞ്ചായത്തും എല്ലാവിധ പിന്തുണയും നല്‍കാന്‍ തയ്യാര്‍.
തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ചര്‍ച്ചകള്‍വിശകലനങ്ങള്‍ഉദാഹരണങ്ങള്‍ എന്നിവയിലൂടെ വ്യക്തതവരുത്തല്‍.
5. പരിചയപ്പെടലിനോടൊപ്പം ഈ ശില്പശാലയില്‍ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഓരോരുത്തരും പങ്കിട്ടു. അതപ്പോള്‍ത്തന്നെ ഞാന്‍ ടൈപ്പ് ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയായിരുന്നു. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അധ്യാപകര്‍ അവരുടെ ആവശ്യങ്ങള്‍ പറയുകയാണ്. അപ്പോള്‍ കേള്‍ക്കുന്നവയോടു പ്രതികരിക്കണം.അവരെ തൃപ്തിപ്പെടുത്തണം. എന്റെ അനുഭവസമ്പത്തു മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ ഞാനും തീരുമാനിച്ചു.
ശില്പശാലയില്‍ ചര്‍ച്ച ചെയ്തു വ്യക്തതനേടേണ്ട കാര്യങ്ങള്‍
( അധ്യാപകര്‍ പറഞ്ഞത്)
പ്രശ്നങ്ങള്‍ക്കുളള പരിഹാരം -നടത്തിയപ്രവര്‍ത്തനങ്ങളും ആലോചിച്ച കാര്യങ്ങളും
കുട്ടികള്‍ക്ക് അടിസ്ഥാന ഗണിതധാരണകള്‍ ഉണ്ടാകണം. ഗണിതം അടിസ്ഥാന ശേഷികള്‍ ധാരണാതലം ചര്‍ച്ച ചെയ്തു. പ്രവര്‍ത്തനങ്ങളിലൂടെ ബോധ്യപ്പെടുത്തി.
  1. ഒരേ ക്രിയ ഭിന്ന രീതികളില്‍ ചെയ്യാന്‍ പരിശീലിക്കല്‍ (ഗുണനം, ഹരണം, സങ്കലനം, വ്യവകലനം)
  2. ഗണിതത്തിന്റെ ദൃശ്യവത്കരണം ( ഗുണനപ്പട്ടിക, സ്ഥാനവിലയനുസരിച്ചുളള ക്രിയ, പ്രശ്നവിശകലനം.ആശയരൂപീകരണത്തിലും)
  3. ഓരോന്നിന്റെയും പിന്നിലുളള ആശയം എല്ലാ കുട്ടികളും രൂപീകരിക്കും വിധം പ്രവര്‍ത്തനാസൂത്രണം നടത്തല്‍
  4. തെറ്റുകളെ ക്ഷണിക്കലും അവയെ പഠനപ്രശ്നമാക്കലും ( പ്രായോഗികാനുഭവത്തിലൂടെ ഈ രീതി ബോധ്യപ്പെടുത്തി)
  5. പരസ്പര പരിശോധന നടത്തിക്കല്‍ ക്ലാസില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം(അതിന്റെ സന്ദര്‍ഭം, രിതി, റിപ്പോര്‍ട്ടിംഗ്, തിരുത്തല്‍ പ്രക്രിയ)
  6. ഉത്തരങ്ങളും വഴിയും വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഗണിതവിചാരണ നടത്താന്‍ കുട്ടികളെ പ്രാപ്തരാക്കല്‍. (ഒരാള്‍ വിശദീകരിക്കല്‍ മറ്റുളളവരുടെ വിചാരണ) ചോദ്യങ്ങളെങ്ങനെ ഉന്നയിക്കും?
  7. കുട്ടികളുടെ ജീവിതാനുഭവവുമായും താല്പര്യമേഖലകളുമായും ബന്ധിപ്പിക്കല്‍ ( കാട്, കൃഷി, കളി, കാലിമേയ്ക്കല്‍, നിര്‍മാണം..)
  8. പഠിപ്പിക്കുന്നത് ശരിക്കും പഠിക്കുന്ന വിധം തന്നെയാക്കിയെടുക്കല്‍‌ (ജാഗ്രതാധ്യാപനസൂക്ഷമത)
  9. ആശയങ്ങളെ കുട്ടികളുടെ പക്ഷത്തുനിന്നും നിര്‍വചിക്കല്‍.പല ഗണിതാശയങ്ങളും സംജ്ഞകളും വ്യാഖ്യാനിക്കാന്‍ പ്രയാസം ഉളളതായി അധ്യാപകര്‍ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
  10. പാഠപുസ്തകത്തിന്റെ അടിമയാകാതിരിക്കല്‍, താല്പര്യഗണിതം യാഥാര്‍ഥ്യമാക്കല്‍. പുറംപ്രവര്‍ത്തനത്തിനും നേടേണ്ട ശേഷിക്കും പരിഗണന.
  11. ഗണിതത്തില്‍ അധ്യാപിക തോല്ക്കില്ല എന്നു തീരുമാനിക്കല്‍.
  12. പഠനോപകരണം കണ്ടെത്തല്‍ ( വിദ്യാലയത്തില്‍ ലിസ്റ്റ് തയ്യാറാക്കണം. രൂപീകരിക്കേണ്ട ആശയങ്ങള്‍ എഴുതി വേണം ലിസ്റ്റ് തയ്യാറാക്കേണ്ടത്) നിര്‍മിക്കല്‍ ശില്പശാല. കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തം.ശില്പശാല ഈ മാസം തന്നെ നടത്താന്‍ തീരുമാനിച്ചു.
എഴുതാനും വായിക്കാനും എല്ലാ കുട്ടികള്‍ക്കും കഴിയണം
  1. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ഒരേ സമയം ഇടപെടല്‍ . മൂന്നു മാസത്തേ പാക്കേജ്. പല രീതികള്‍ പ്രയോഗിക്കും.
  2. ക്ലാസ് പ്രക്രിയ മെച്ചപ്പെടുത്തുന്ന വിധം പരിചയപ്പെടുത്തി,
  3. പുസ്തകത്തിനു പുറത്തുളള പ്രവര്‍ത്തനം എങ്ങനെ ഭാഷാശേഷീ വീകാസത്തിനു പ്രയോജനപ്പെടുത്താം..
  4. പാന്നാക്കം നില്‍ക്കുന്നവര്‍ എങ്ങനെ സ്വന്തം പാഠം വികസിപ്പിക്കും അത് വായനയ്ക്കും എഴുത്തിനുമുളള അവസരവും ഗ്രൂപ്പിലേക്കുളള അര്‍ഹതനേടലുമാക്കി മാറ്റും.
  5. നാട്ടറിവ് ( നാട്ടുപാട്ട്, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആഘേഷവിശേഷം.) പങ്കാളിത്ത പാഠങ്ങളാക്കല്‍
  6. അനുഭവം തീവ്രമാക്കുക വിവരണത്തിനു മുമ്പ്.(വാചികവിവരണകലയില്‍ നിന്നും ലേഖനത്തിലേക്ക് )
  7. എഡിറ്റിംഗ്
  8. പിന്തുണാ വായന എങ്ങനെ?
  9. ആസ്വാദ്യവായന എങ്ങനെ പിന്നാക്കക്കാരെ വായനപഠിപ്പിക്കുന്ന സന്ദര്‍ഭം കൂടിയാക്കും
  10. എന്നിഷ്ടം നിന്നിഷ്ടം
  11. വായനയില്‍ നിന്നും ആവിഷ്കാരത്തിലേക്ക്. നാടകത്തിലെ സ്വന്തം റോളും സംഭാഷണ വായനയും അവതരണവും.
  12. വായനയുടെ പല തലങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തണം. ആശയവും ഘടനയും മനസിലാക്കുന്ന വായന, അപഗ്രഥനാത്മക വായന, വിമര്‍ശനാത്മകവായന.
  13. ഒന്നാം ക്ലാസില്‍ അക്ഷരം വെച്ചുളള യാന്ത്രിക പ്രവര്‍ത്തനങ്ങള്‍ വേണ്ട. മഴ എന്ന പദം കിട്ടിക്കഴിഞ്ഞാല്‍ മ ചേര്‍ത്തുളള പത്തു വാക്കുകള്‍ പരിചയപ്പെടുത്തുന്ന രീതി ഒഴിവാക്കണം.

  • ഭാവനയെ പരിഗണിക്കണം
  • വ്യക്ത്യാനുഭവമാക്കി മാറ്റണം
  • അവരുടെ പാഠനിര്‍മിതി പ്രധാനം.
  • അവരുടെ ചിന്തയില്‍ നിന്നും രൂപപ്പെടണം
"മഴ വരുന്നു. കാറ്റു വരുന്നു.
അമ്മു പൂമരത്തിന് ചോട്ടിലേക്കോടി.
കാറ്റു വന്നു. പിന്നെന്താ സംഭവിച്ചത്?
പൂമരം ആടി. പൂമഴ പെയ്തു. മഴ മഴ.. പൂമഴ... ഹായ് ഹായ് !” ഈ ചെറിയ പാഠം ആഖ്യാനത്തിനുളളില്‍ വരണം. പൂമരത്തില്‍ കാറ്റടിച്ചപ്പോള്‍ എന്തു സംഭവിച്ചു എന്ന ചോദ്യത്തിനുളള പ്രതികരണമായി പൂമഴ ചെയ്യും. അത് കുട്ടികള്‍ ആവിഷ്കരിക്കട്ടെ. അനുഭവിക്കട്ടെ.തലേന്നേ നിര്‍ദ്ദേശം കൊടുത്താല്‍ കുട്ടികള്‍ പൂക്കളുമായി വരും. ശരിക്കും പൂമഴ ക്ലാസിലൊരുക്കാം. അവരുടെ പാഠമാക്കട്ടെ .പൂമഴരംഗം ചിത്രീകരിക്കട്ടെ.അടിക്കുറിപ്പെഴുതട്ടെ . വായിക്കട്ടെ .(ദിശ എന്ന പിന്തുണാ സാമഗ്രി ദിശ തെറ്റിക്കുന്നുണ്ടോ? എന്നു      സംശയിക്കേണ്ടിയിരിക്കുന്നു)
ആത്മവിശ്വാസക്കുറവുളള കുട്ടികളുണ്ട്.ആത്മവിശ്വാസക്കുറവിവനുളള കാരണങ്ങള്‍ പരിശോധിച്ചു.വായിക്കാനറിയില്ല. എഴുതാനറിയില്ല. ഹോം വര്‍ക്ക് ചെയ്യാനാകുന്നില്ല.ആരുടേയും സഹായം കിട്ടുന്നില്ല . നിരന്തരം പരാജയാനുഭവം.കഴിവ് പ്രയോജനപ്പെടുത്തുന്നില്ല. അനുഭവങ്ങളെ പ്രയോജനപ്പെടുത്തുന്നില്ല.അസംബ്ലിമുതല് തുടങ്ങാന്‍ തീരുമാനം. അവസരങ്ങളുടെ ദിവസങ്ങള്‍
  1. അസംബ്ലിയിലെ അംഗീകാരവും പങ്കാളിത്തവും. ഒരേ ദിവസം പത്ത് അസംബ്ലിക്കൂട്ടങ്ങള്‍. പരമാവധി പങ്കാളിത്തം. അസംബ്ലിയും ഗണിതക്കൂട്ടവും. ( എണ്ണം, രൂപം, ) അധ്യാപകരുടെ ഉപദേശം നിറുത്തല്‍. പ്രചോദനാനുഭവം കൂട്ടല്‍. ഇന്നത്തെ വൈശിഷ്ട്യം പരിപാടി. വൈവിധ്യവും പുതുമയും.
  2. കലാപരിപാടി. അസംബ്ലിയിലും ഉച്ചക്കൂട്ടങ്ങളിലും ഊരിലും. ക്ലാസധ്യാപകര്‍ മാറി മാറി പോകണം. എന്തെല്ലാം ഇനങ്ങള്‍ തീരുമാനിക്കണം. പരമാവധി വൈവിധ്യം. പങ്കാളിത്തം മാറി മാറി വരണം.
  3. കളിവുകളുടെ പ്രോത്സാഹനം ഉദാഹരണം.ചിത്രമെഴുത്തുകളരി,മാനന്തവാടിയില്‍ ചിത്രപ്രദര്‍ശനം,
  4. വായനാക്കുറിപ്പ് എച് എം പിരശോധിക്കല്‍, വിലയിരുത്തല്‍ക്കുറിപ്പെഴുതല്‍ നാട്ടുകാരുടെ ആമുഖമെഴുത്ത്, പ്രകാശനം ലൈബ്രറി കൗണ്‍സിലുമായി സഹകരിക്കല്‍
  5. ആവിഷ്കാരം. തിയേറ്റര്‍ ടെക്നിക്.
  6. കുട്ടികളുടെ കഴിവു പരിഗണിച്ചുളള പ്രതിഭാക്തൂട്ടങ്ങള്‍ രൂപീകരിക്കല്‍ പ്രോത്സാഹിപ്പിക്കല്‍
  7. കുട്ടികളെ വിദഗ്ധരായി കാണല്‍
  8. അവരുടെ അറിവിനെ പാഠമാക്കല്‍
  9. ..........
വായിക്കാന്‍ വീട്ടില്‍ നിന്നും സഹായം കിട്ടണം. എന്താണ് വായന? വായനയുടെ തലങ്ങള്‍. രക്ഷിതാവ് എന്തു ചെയ്യണം. പത്രക്കട്ടിംഗ്. കഥാപുസ്തകം.
ഇംഗ്ലീഷ് ഒന്നാം ക്ലാസില്‍ തുടങ്ങുന്നു. അതിനും തീരെ പിന്നാക്കംഇംഗ്ലീഷ് പഠനം.( പ്രത്യേകം പരിശീലനം അധ്യാപകര്‍ക്ക് ആവശ്യം. കുട്ടികളെ വെച്ച് ക്ലാസെടുക്കുന്ന ക്യാമ്പ് രീതിയിലുളള പ്രവര്‍ത്തനങ്ങള്‍)
കുട്ടികള്‍ കന്നഡ ഭാഷക്കാരാണ്. ക്ലാസില്‍ പ്രശ്നംഒന്നാം ക്ലാസിലെ പുസ്തകം അനുരൂപീകരിക്കല്‍ ആഗസ്റ്റ് മാസം നടക്കണം. അധ്യാപകരെ പരീശീലിപ്പിക്കണം.സമാന്തര പഠമസാമഗ്രികള്‍ വികസിപ്പിക്കാം. ബഹുഭാഷാ നിഘണ്ടു വികസിപ്പിക്കണം. അധ്യാപകര്‍ കുട്ടികളുടെ ഭാഷ പഠിക്കണം
ആശയവ്യക്തതയോടെ കാര്യങ്ങള്‍ പറയുന്നില്ല. ഉദാ -ഹോം വര്‍ക്ക് ചെയ്യാത്തതിനു വിശദീകരണം തരുന്നില്ല. അര മണിക്കൂറ്‍ വീട്ടില്‍ മിനിമം. കിട്ടണം.ഹോം വര്‍ക്ക് സമീപനം മാറണം. കുട്ടി പ്രവര്‍ത്തനം ഏറ്റെടുക്കാത്ത അധ്യയനരീതി പുനപ്പരിശോധിക്കാവുന്നതാണ്.

 ഹിന്ദിയില്‍ പിന്നാക്കാവസ്ഥഇത് കുട്ടികളുടെ വീട്ടുഭാഷയുടെ പ്രശ്നമല്ല. അക്ഷരം പഠിപ്പിക്കലാണ് ചെറിയ ക്ലാസിലും നടത്തിയത്. എന്നിട്ടും പുരോഗതി ഇല്ല. ഇപ്പോള്‍ ഉപയോഗിക്കുന്ന വര്‍ക് ഷീറ്റ് സമീപനവിരുദ്ധം. വലിയ ഇടപെടല്‍ വേണ്ടിവരും. പിന്നീട് ചര്‍ച്ച ചെയ്യണം.
ക്ലാസ് പി ടി എ ഇരുപത്തിരണ്ടില്‍ ആറേഴു പേരേ വരികയുളളൂ.ഒപ്പിടാന്‍ വരുന്നവര്‍ഊരു സന്ദര്‍ശനം, നിരന്തരസമ്പര്‍ക്കത്തിലൂടെ വിദ്യാലയവുമായി അടുപ്പിക്കല്‍. അറ്റ്ച്ച്മെന്റ് പ്രോഗ്രാമുകള്‍ നടത്തണം
മഴ(യ),പസ.. പ്രശ്നം.,മലപ്പുറം കുടക് പ്രദേശത്തു നിന്നും വരുന്നവര്‍.വാര്‍ത്താവായന,ആസ്വാദ്യവായന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍.
ഗ്രൂപ്പ് പ്രവര്ത്തനം പരാജയം. അറിയുന്ന കുട്ടികളുടെ കോപ്പിയടിക്കുന്നു.ഇതിനു പരിഹാരം ചോദിച്ചപ്പോള്‍ ബി ആര്‍ സിക്കാര്‌ മറുപടി പറഞ്ഞില്ല. എല്ലാ അധ്യാപകരുടേയും പ്രശ്നം.അധ്യാപികയ്ക് പ്രക്രിയാപരമായ ധാരണയില്ലാത്തത് ബി ആറ്‍ സി പരിശീലകരുടെ അവ്യക്തത, ക്ലാസെടുത്തു ബോധ്യുപ്പെടുത്താത്ത് എല്ലാം കാരണമാണ്.
ഗ്രൂപ്പ് പ്രക്രിയാ ഘട്ടങ്ങള്‍ ധാരണ മെച്ചപ്പെടുത്താന്‍ ഉദാഹരണം നല്‍കി. അധ്യാപിക ഘട്ടംഘട്ടമായി നല്‍കേണ്ട നിര്‍ദ്ദേശവും പിന്നാക്കക്കാരുടെ പരിഗണനയും പഠനവും ഉറപ്പാക്കലും എങ്ങനെ ഗ്രൂപ്പില്‍ നടത്തണമെന്നു വിശദമാക്കി.
നോട്ടു ബുക്കില്‍ എന്തെങ്കിലും കാണണം. പുസ്തകം വെച്ചു തീരുമാനിക്കല്‍ .മുണ്ടക്കയം വെല്‍ ഫെയര്‍ സ്കൂള്‍ അനുഭവം പങ്കിട്ടു.ആസൂത്രണം നടത്തുമ്പോള്‍ത്തന്നെ കുട്ടിയുടെ നോട്ട് ബുക്കിലെന്തെല്ലാം വരണം എന്നു തീരുമാനിക്കണം.ടീച്ചിംഗ് മാന്വലില്‍ത്തന്നെ സൂചിപ്പിക്കണം. നോട്ടു ബുക്കിന്റെ പദവി ഉയര്‍ത്തല്‍. നിറം, ചിത്രം, ലേ ഔട്ട് തുടങ്ങിയവയിലൂടെ നോട്ട് ബുക്ക് ആകര്‍ഷകവും പ്രധാനപ്പെട്ടതുമായ രേഖയാക്കണം.( ഒന്നാം ക്ലാസില്‍ കുട്ടികളുടെ ബുക്കിലൊന്നുമില്ലേ എന്ന രേഖ ചര്‍ച്ചയ്ക്ക് നല്‍കാനായി പ്രഥമാധ്യാപകനെ ഏല്‍പ്പിച്ചു)
നിരീക്ഷ‍ണശേഷിയുണ്ട് ആശയങ്ങള്‍ രേഖപ്പെടുത്താനറിയുന്നില്ല.പ്രക്രിയാപരമായ ഇടപെടല്‍. ( സിമുലേഷന്‍..).ബോര്‍ഡില്‍ ചിന്തയുടെ രേഖകള്‍, ഗ്രൂപ്പില്‍ പങ്കുവെക്കലും രേഖപ്പെടുത്തലിലെ തിരുത്തലുകളും..പൊതു ചര്‍ച്ചയിലെയും ക്രോഡീകരണതിത്തിലേയും പിന്തുണ.അപഗ്രഥനം സ്വയം നടത്താനുളള അവസരം.
കുട്ടികള്‍ സ്ഥിരമായി വരുന്നില്ല.എസ് എം സി, നിയമപാലകരുടെ സേവനം, ബാലവേല നിരോധനം, ബോധവത്കരണം, നിരന്തരസമ്പര്‍ക്കം, വിദ്യാലയം ഊരിലേക്ക്, കഴിവുകള്‍ കാണല്‍, പ്രാദേശിക രക്ഷാകര്‍തൃ സൗഹൃദസമിതികള്‍ ( പൂമാല മോഡല്‍) ഊരുകലാമേള. വിശ്വാസത്തിലെടുക്കല്‍. ബൈക്ക് വീട്ടിലേക്ക്.സൈക്കില്‍ യാത്രാക്കൂട്ടങ്ങള്‍.വിദ്യാലയത്തില്‍ എന്നും പുതുമയുളളതും ആകര്‍ഷിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തില്‍, സ്നേഹാധ്യാപനം...
കായിക പരിശീലനം (തൊണ്ടിക്കുഴ മോഡല്‍)
ക്ലാസ് ഡോക്യുമെന്റേഷന്‍ (ഇഞ്ചിയാനി മോഡല്‍)
വരവ് പോക്കു കൂട്ടങ്ങള്‍ (തൊണ്ടിക്കുഴ മോഡല്‍)
വായന പച്ച മോഡല്‍)
സിനിമ ഒരു പാഠം ബാവലി മോഡല്‍ വികസിപ്പിക്കണം)
ഭിന്നനിലവാരക്കാരായ കുട്ടികളെ പരിഗണിക്കുന്നതെങ്ങനെ
  1. ഭാഷയില്‍ സെവന്‍ അപ് ആക്ടിവിറ്റി നല്കി.വിവരണം .ആശയപരം, ഭാഷാപരം. ( വാക്യഭംഗി.ആശയക്രമീകരണം, വിശേഷണം ചേര്‍ക്കല്‍ ).പ്രധാനചോദ്യങ്ങള്‍ ഉന്നയിക്കല്‍ -എന്ത്? എന്തിന് ?എങ്ങനെ? എവിടെ? മറ്റെന്തെല്ലാം കാര്യങ്ങള്‍?
  2. ഫീഡ് ബാക്ക് ഗ്രൂപ്പ് പ്രവര്‍ത്തനത്തിനു മുമ്പ് നല്‍കുന്നതിന്റെ സാധ്യത ഒടുക്കത്തെ ഉറവയെ അടിസ്ഥാനമാക്കിയുളള ചിത്രങ്ങള്‍ നല്‍കി ബോധ്യപ്പെടുത്തി. ചിത്രക്രമീകരണം.വ്യാഖ്യാനം. സെവന്‍ അപ് ആക്ടിവിറ്റിയുടെ അടിസ്ഥാനത്തില്‍ ചിത്രങ്ങളെ ആസ്പദമാക്കി അവയെ കോര്‍ത്തിണക്കി പരമാവധി കാര്യങ്ങള്‍ ശക്തമായഭാഷയില്‍ തീവ്രമായ അവസ്ഥ ബോധ്യപ്പെടും വിധം കഥയായോ സംഭവവിരണമായോ എഴുതല്‍. രണ്ടാം ചിത്രത്തെ എങ്ങനെ ആവിഷ്കരിച്ചു.അധ്യാപകയുടെ ഫീഡ് ബാക്ക്. ഗ്രൂപ്പില്‍ പങ്കിടല്‍. മെച്ചപ്പെടുത്തല്‍. പല നിലവാരക്കാരെ പരിഗണിച്ചുളള നിര്‍ദ്ദേശങ്ങളും സഹായവും നല്‍കുന്ന രീതി പരിചയപ്പെടുത്തല്‍.
  3. ഗണിതത്തിന്റെ ഉദാഹരണത്തിലും ഭിന്ന നിലവാര പരിഗണന എങ്ങനെ എന്നു വിശയകലനം ചെയ്തു.
6. പ്രശ്നങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അധ്യാപകരാരും തങ്ങളുടെ അധ്യയനപ്രക്രിയയില്‍ എന്തെങ്കിലും പ്രശ്നമുളളതായി ചൂണ്ടിക്കാട്ടിയില്ല. തന്നിലേക്കു നോക്കണം. അതിനായിരുന്നു ഞാനവര്‍ക്കാദ്യ അവസരം നല്‍കിയത്. അവര്‍ അവരെത്തന്നെ നോക്കുകയാണെന്നറിയാതെ ആ പ്രക്രിയ നിര്‍വഹിച്ചു.പഠനം, ആശയരൂപീകരണം. എന്നിവയെക്കുറിച്ച് പ്രസംഗിച്ചില്ല. അനുഭവിപ്പിച്ചു.
7. ഞങ്ങള്‍ ഗൗഡവിഭാഗത്തില്‍പെട്ട കുട്ടികളുടെ ഭവനസന്ദര്‍ശനവും ഈ ശില്പശാലയുടെ ഭാഗമായി നടത്തി.
8. കുട്ടികളുടെ കഴിവുകള്‍ അധ്യാപകര്‍ രേഖപ്പെടുത്തി.അഞ്ചാം ക്ലാസിലെ കുട്ടികളെക്കുറിച്ചുളള വിവരങ്ങള്‍ നോക്കൂ. സത്യത്തില്‍ പല കുട്ടികളുടേയും കഴിവുകള്‍ പ്രോത്സാഹനവും അവസരവും കിട്ടാതെ നശിച്ചുപോകുന്നില്ലേ
  • കഴിവുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തരം തിരിക്കണം
  • അവരെ പ്രോത്സാഹിപ്പിക്കണം
  • അവരുടെ കഴിവ് പഠനപ്രവര്‍ത്തനത്തില്‍ റിസോഴ്സാക്കണം .
  • പ്രാദേശിക അറിവ് ,വിദഗ്ധരെക്കുറിച്ചും വൈദഗ്ധ്യത്തെക്കുറിച്ചുമളള ധാരണതിരുത്തല്‍ ..ഇവയൊക്കെ ആലോചനയില്‍ വന്നു. ചില തീരുമാനങ്ങള്‍ എടുക്കാനായി.
  • ( ഓരോ കുട്ടിയുടേയും കഴിവു പരിശോധിക്കൂ . നിങ്ങളുടെ നിര്‍ദ്ദേശം ഈ വിദ്യാലയത്തിനു പ്രയോജനപ്പെട്ടേക്കും)
  • അഭി എന്‍നീന്തും, മീന്‍ പിടിക്കും, ക്രിക്കറ്റ് കളിക്കും,
    പക്ഷിയെ പിടിക്കാന്‍ വിദഗ്ധന്‍, ഗോട്ടികളി ഇഷ്ടം.ഒരു പോലീസാകാനാണ് ആഗ്രഹം
    അജ്മല്‍ പി എച്ഏല്പിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യും. എഴുത്തിലും വായനയിലും മികവുണ്ട്. സ്കൂള്‍ നിയമങ്ങള്‍ പാലിക്കുന്നു. പുസ്തകം,ബാഗ് വൃത്തിയായി സൂക്ഷിക്കും പാട്ടുപാടാനും കഥപറയാനും മിമക്രി മോണോ ആക്ട് തുടങ്ങിയവ അവതരിപ്പിക്കാനും ഇഷ്ടം. സ്പോര്‍ട്സ് ഇനങ്ങളില്‍ താല്പര്യം. ക്രിക്കറ്റ് താരമാകണം
    അഞ്ജു എംനീന്താനറിയാം. നൃത്തം ചെയ്യാനിഷ്ടം. കൃഷിയില്‍ താല്പര്യം .പാട്ടുപാടും .വീട്ടുജോലികള്‍ ചെയ്യാനറിയാം
    അഖില്‍ രാജ് ടിഷട്ടില്‍ കളിക്കാനിഷ്ടമാണ്. നീന്താനറിയാം. ചിത്രം വരയ്ക്കും
    അഖില്‍ എസ് ചിത്രം വരയ്ക്കും, നീന്താനറിയാം, മീന്‍ പിടിക്കാനിഷ്ടം, ഗോട്ടികളിക്കും
    ആതില ജാസ്മിന്‍നന്നായി സംസാരിക്കും. ഏതു കാര്യത്തെക്കുറിച്ചായാലും വിമര്‍ശനമോ പരാതികളോ സംശയങ്ങളോ ഉന്നയിക്കും. ചെയ്യാനേല്പിക്കുന്ന കാര്യങ്ങള് കൃത്യമായി ചെയ്യും. തെറ്റു വന്നാല്‍ തുറന്ന് സമ്മതിക്കാന്‍ മടിയില്ല. വിദ്യാലയ നിയമങ്ങള്‍ പാലിക്കും.എഴുത്തിലും വായനയിലും മികവുണ്ട്. കളിക്കാനിഷ്ടം. നിന്തും. വീട്ടു ജോലികള്‍ ഇഷ്ടം, പൂന്തോട്ട നിര്‍മാണം, നൃത്തം, ചിത്രം വര തുടങ്ങിയവയില്‍ താല്പര്യം. ടീച്ചറാകണം
    ജയലക്ഷ്മി ബിചിത്രം വരയ്ക്കും നൃത്തം ചെയ്യാനിഷ്ടം, ആടിനെ മേയ്കാനിറിയാം. വീട്ടു ജോലികളിഷ്ടം.
    ഹരി എംമീന്‍ പിടിക്കാനറിയാം. നീന്താനറിയാം, എല്ലാ ദിവസവും ക്ലാസില്‍ വരാന്‍ ശ്രമിക്കും
    കണ്ണന്‍ ബി നീന്താനറിയാം, മീന്‍ പിടിക്കും
    ഖലീല്‍ ഇബ്രാഹീംഒരു പാട് സംസാരിക്കുന്ന കുട്ടി.ഏല്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യും. നേതൃത്വം ഏറ്റെടുക്കും.എഴുത്തും വായനയും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ടെങ്കിലും ശരാശരി നിലവാരം. പാട്ടുപാടും. മീന്‍ പിടിക്കും. നീന്തും. ഉസ്താദാകാനിഷ്ടം.
    മഹേഷ് എം എംനീന്തും, മീന്‍ പിടിക്കും, ആട് മേയ്ക്കും പാട്ടുപാടും ചിത്രം വരയ്ക്കും ബൈക്കോടിക്കണം എന്നതാണ് ആഗ്രഹം
    മീര എസ്മീന്‍ പിടിക്കും, നൃത്തം ചെയ്യാനിഷ്ടം, വീട്ടു ജോലികള് ഇഷ്ടം. പാട്ടുപാടും, കളിക്കാനിഷ്ടം. ടീച്ചറാകാനാഗ്രഹം
    മുഹമ്മദി സിനാന്‍എല്ലാ കാര്യങ്ങളും ഏറ്റെടുക്കാന്‍ താല്പര്യം ആത്മവിശ്വാസം ഉണ്ട്. എല്ലാ കാര്യങ്ങളിലും നല്ല രീതിയില്‍ ഇടപെടും. എഴുത്തിലും വായനയിലും ഗണിതത്തിലും മികവുണ്ട്. നന്നായി സംസാരിക്കും. പാട്ടു പാടും, മീന്‍ പിടിക്കും, സ്പോര്‍ട്സ് ഇനങ്ങളില്‍ താല്പര്യം. പോലീസാകണം.
    മുഹമ്മദ് സ്വാലിഹ്ആത്മവിശ്വാസക്കുറവ് കൊണ്ടു മുന്നോട്ടുവരാന്‍ മടി. എഴുത്തിലും വായനയിലും മികവിലല്പം പിന്നിലാണെങ്കിലും ഗണിതത്തില്‍ മുന്നില്‍.സംസാരിക്കാനിഷ്ടം. ഓടാനും ചാടാനും ക്രിക്കറ്റ്കളിക്കാനും നീന്താനും ഇഷ്ടം. ക്രിക്കറ്റ് താരമാകണം
    മുനീര്‍നീന്താനറിയാം. ചിത്രം വരയ്ക്കും , മീനിനെ പിടിക്കും വളളിച്ചാട്ടം, ലൂഡോ, ചെസ്, ക്രിക്കറ്റ്, ഫുഡ്ബോള്‍,ഷട്ടില്‍ തുടങ്ങിയവ കളിക്കും. ജീപ്പ് ഡ്രൈവറാകാനാണ് ഇഷ്ടം
    മുര്‍ഷിദ ശാന്ത പ്രകൃതി.ഏല്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്യും . വായന,എഴുത്ത് ,ഗണിത പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നല്ല മികവ്. ചിത്രം വരയ്കാനിഷ്ടം, നൃത്തം ചെയ്യാനും പാട്ടുപാടാനും . പൂന്തോട്ടമുണ്ടാക്കാനിഷ്ടം
    വീട്ടു ജോലി ചെയ്യാറുണ്ട്. ടീച്ചറാകാനാണ് ഇഷ്ടം
    നസ്രിയ മീന്‍ പിടിക്കും, ചാടിക്കളിക്കും, വീടു വ‍ത്തിയാക്കും
    നിഷാന്ത് ജെഊഞ്ഞാലാടാന്‍ മീന്‍ പിടിക്കാന്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടം. ക്രിക്കറ്റ് താരമാകണം
    സൗഭാഗ്യനീന്താനറിയാം, കളിക്കും ചിത്രം വരയ്ക്കും
    സൂധിജപാട്ടു പാടും നീന്തും ആടിനെ മേയ്ക്കും.
    സൂബീഷ്ക്രിക്കറ്റ് ,ഫുഡ്ബോള്‍ മീനിനെ പിടിക്കല്‍ സൈക്കിളോടിക്കല്‍. ഫുഡ്ബോള്‍ താരമാകണം.
    ശ്രീജിത് ട്രില്ലറോടിക്കാനറിയാം. പാട്ടു പാടും കഥ പറയും കഥയെഴുതു. ക്രിക്കറ്റ് . ഡ്രൈവറാകണം
    ഷീജ ചിത്രം വരയ്ക്കും നൃത്തം ചെയ്യും പാട്ടുപാടും വീട്ടുജോലി ചെയ്യും
    ധനുഷപാട്ടുപാടും നീന്തും വീട്ടു ജോലി




  • ഈ അക്കാദമിക സംരംഭത്തില്‍ പങ്കെടുത്തവര്‍
    വിലയിരുത്തിയതിങ്ങനെ
    .
    • അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ടു ചിന്തിക്കാന്‍ അവസരം ഉണ്ടായി (ഷാജി തോമസ്).
    • വ്യത്യസ്ത നിലവാരത്തിലുളള വിദ്യാര്‍ഥികളെ ഒരു പ്രവര്‍ത്തനത്തില്‍ ഏതു വിധത്തില്‍ പങ്കാളികളാക്കാമെന്നതിനെക്കുറിച്ച് നബതനമായ ചില ആശയങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു.( മുഹമ്മദ് ഷറീഫ്).
    • വ്യത്യസ്ത കഴിവുകളുളള ഞങ്ങളുടെ കുട്ടികളെ മുന്നോട്ടു കൊണ്ടു വരുവാന്‍ കഴിയുന്ന തരത്തിലുളള ഒരു പഠനാന്തരീക്ഷം ഞങ്ങളുടെ സ്കൂളില്‍ ഒരുക്കാന്‍ ഈ ക്ലാസു കൊണ്ടു കഴിയും എന്നാണ് എന്റെ വിശ്വാസം ( ബീന).
    • ദൈനം ദിന ജീവിതവുമായി പഠനത്തെ ബന്ധപ്പെടുത്തുന്നത് കുട്ടിളില്‍ ആശയരൂപീകരണം എളുപ്പമാക്കും എന്നു മനസിലായി. ലളിതവും രസകരവുമായിരുന്നു ഉദാഹരണങ്ങള്‍ ( അനുപമ)
    • എല്ലാ കാര്യങ്ങളും വ്യത്യസ്തമായി ചിന്തിക്കണമെന്നും ഒരു പാതയിലൂടെ മാത്രം സഞ്ചരിച്ചാല്‍ നല്ല ഫലം കിട്ടില്ലെന്നും തിരിച്ചറിവുണ്ടായി. മറ്റു വിദ്യാലയങ്ങളിലെ പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും പങ്കിട്ടത് ആത്മവിശ്വാസം നല്‍കി. ഒരു പുതിയ ഊര്‍ജം ഈ ശില്പശാല വഴി ലഭിച്ചിട്ടുണ്ട് ( സജിത). 
    • ക്ലാസ് മുറിയില്‍ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന സംശയങ്ങള്‍ക്ക് ഉദാഹരണസഹിതം പരിഹാരമാര്‍ഗങ്ങള്‍ പറഞ്ഞുതന്നു. രണ്ടു ദിവസങ്ങളിലായി നിരവധി പുതിയ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു (ജോണ്‍സി).
    • ഓരോ കുട്ടിയും അനന്തസാധ്യതകള്‍ ഉളള വ്യക്തിയാണ്. ഒരു കഴിവുമില്ലാത്ത ഒരു കുട്ടിപോലുമില്ല.അവരുടെ കഴിവുകള്‍ ഉപയോഗിച്ച് പഠനപ്രവര്‍ത്തനങ്ങളുടെ പുതിയ തലങ്ങള്‍ കണ്ടെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിട്ടുണ്ട് (ഹെഡ്മാസ്റ്റര്‍ സന്തോഷ്).
  • പി ടി എ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ പറഞ്ഞത് വിദ്യാലയത്തിലെ പ്രഥമാധ്യാപകരെ ആശ്രയിച്ചാണ് വിദ്യാലയത്തിന്റെ പുരോഗതി എന്നാണ്. ഒരിക്കല്‍ അനാദായകരമായ അവസ്ഥയുണ്ടായിരുന്നു. ഇബ്രാഹീം മാഷ് വലിയ സംഭാവന ചെയ്ത ആളാണ് .മോഹനന്‍ മാഷ് നല്ല മാഷായിരുന്നു അവരെപ്പോലെയുളള പ്രഥമാധ്യാപകര്‍ മാറി. താല്പര്യം മാറി. കുട്ടികള്‍ അജണ്ടയല്ലാതായി. ശങ്കരന്‍മാഷ് വന്നു വീണ്ടും പഠിപ്പിക്കുന്നതില്‍ താല്പര്യം വന്നു.ചിലര്‍ക്ക് ഭാതികസാഹചര്യം വര്‍ദ്ധിപ്പിക്കുന്നതിനായിരുന്നു ഊന്നല്‍ പഠനത്തില്‍ താല്പര്യം ഇല്ലാതായി.ഇപ്പോള്‍ സന്തോഷ് സാറ് വന്നു. വീണ്ടു പഠനത്തില്‍ താല്പര്യമായി....
  • ഈ വര്‍ഷം മാറ്റത്തിന്റെ വര്‍ഷമാകട്ടെ എന്നാശിക്കാം.

  • എനിക്കു വിദ്യാലയാധിഷ്ടിത അധ്യാപകശാക്തീകരണം ഇഷ്ടമായി. ഈ അനുഭവം എന്നെ വളര്‍ത്തി. വിദ്യാലയത്തിലേക്കു പൊകുന്നതിനു മുമ്പ് ഹോം വര്‍ക്ക് ചെയ്തിരുന്നു. അതിനിയും കൂട്ടണമെന്നും തിരിച്ചറിഞ്ഞു. ഒരാള്‍ കൂടി കൂട്ടിനുണ്ടാകുന്നത് ഒന്നാം ദിവസത്തെ വിലയിരുത്താനും അതനുസരിച്ച് ആസൂത്രണം നടത്താനും സഹായകമാകും എന്നു തോന്നുന്നു.

വിദ്യാലയാധിഷ്ടിത ശാക്തീകരണത്തിന്റെ ഒരു സാധ്യതയാണിവടെ കണ്ടത്. ഇതിനെക്കുറിച്ച് ആലോചന നടക്കണം.