ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 31, 2010

യാത്ര (വര്‍ണന എന്ന് വിളിക്കരുതേ)വൈകിട്ട് ഏഴു മുപ്പതാകാന്‍ കാത്തിരുന്നു. സൂചിത്തലപ്പിന്റെ കൃത്യതയിന്‍ ദീപങ്ങള്‍ പിന്‍വാങ്ങി.
ആകാശം അപൂര്‍വ ദൃശ്യാനുഭവത്തിനു വേദിയായി.
നചികേതസ് കണ്ട അതെ അഭൌമ കാഴ്ചകള്‍.
എട്ടു ദിക്കും പൊട്ടുന്ന ഇടിമുഴക്കം .
അഗ്നിപര്‍വതത്തിന്റെ സംഹാര തീവ്ര ഭീകരത.
തിരമാല കുതിപ്പുകള്‍.
അട്ടഹസിക്കുന്ന രക്ഷോരൂപങ്ങള്‍
ഗഗനചാരികളുടെ വരവായി.
ആകാശത്ത് വിശ്വമോഹിനിയുടെ വശ്യ നടനം.
മായികവര്‍ണങ്ങള്‍ കൊണ്ട് ആകാശത്തെ വെള്ളത്തിരയില്‍ ചലച്ചിത്ര പ്രദര്‍ശനം.
സങ്കല്പമല്ല. യാഥാര്‍ത്ഥ്യം .
സാങ്കേതിക വിദ്യയുടെ ചേരുവ കൊണ്ട് ചേതോഹര കാഴ്ചകള്‍.
താമര ഇതള്‍വിടര്‍ത്തി ചിറകു കുടഞ്ഞ്‌ ഹംസമായി മാറുന്നു!
വര്‍ണരാജി പുണര്‍ന്ന മത്സ്യങ്ങള്‍ നീന്തി തുടിച്ചു ആകാശത്തെ പൂങ്കാവനമാക്കുന്നു!
മാനം നിറഞ്ഞാടുന്ന മയൂരം .ചിത്രപതംഗങ്ങള്‍.
കുട്ടിക്കൊമ്പന്മാര്‍ തുള്ളിക്കുലുങ്ങി എത്തി വട്ടം ചുറ്റി മാനത്തുയര്‍ന്നു കരി മേഘങ്ങളായി തീരുന്നു.!
നചികേതസ് യമപുരിയില്‍ എത്തിയ പുരാണമാണ് പ്രമേയം. നചികേതസ്സിനെ ലോക സൌന്ദര്യങ്ങള്‍ കൊണ്ട് പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ആ അനുഭവം അതെ തീവ്രതയോടെ ആവിഷ്കരിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
സത്- ചിത് -ആനന്ദ ജല ക്കാഴ്ച എന്നാണു പേര്.
നൂറ്റി മുപ്പതടി വീതിയിലും അറുപതടി ഉയരത്തിലും ജലം കൊണ്ട് തിരശീല തീര്ത്തതിലാണ് പ്രദര്‍ശനം.
ബഹു വര്‍ണ ലേസര്‍ രശ്മികളുടെ വിന്യാസം .
നാലായിരം വാട്ടര്‍ നോസിലുകളും നൂട്ടിപ്പതിനെട്ടു പമ്പുകളും രണ്ടായിരം ലൈറ്റുകളും പന്ത്രണ്ടു അഗ്നി ചീറ്റുന്ന ഉറവകളും ഉപയോഗിച്ചാണ് ഈ അത്ഭുതക്കാഴ്ച ഒരുക്കുന്നത്.
വെള്ളം,വെളിച്ചം,ലേസര്‍ രെശ്മികള്‍,ശബ്ദം , ആനിമേഷന്‍, വീഡിയോ ,പിന്നെ ഒറിജിനല്‍ അഭിനേതാക്കളും.
പാറക്കൂട്ടങ്ങളും ജലാശയവും പശ്ചാത്തലം.
വിടര്‍ന്ന കണ്ണുകളോടെ ഓരോ നിമിഷവും നിങ്ങളെ പിടിച്ചിരുത്തും.
ആകാശത്ത് എഴുതി കാണിക്കാനും ആകും .തെളിഞ്ഞ അക്ഷരങ്ങള്‍ വായിക്കാനും കഴിയും.
നാല്പത്തഞ്ച് മിനിട്ട് നേരം ഞാനും അവിടുണ്ടായിരുന്നു. ഗുജറാത്തിലെ അക്ഷര്‍ധാമില്‍ .

ചോദ്യം :
യാത്ര
 • വിവരണമാണോ വര്‍ണനയാണോ ഇത് അതോ അനുഭവക്കുറിപ്പോ?
 • ഇതില്‍ ഏതു വാക്കും വാക്യവുമാണ് നിങ്ങള്‍ എഡിറ്റ്‌ ചെയ്യുക?
 • ഇതിന്‍ രചന പ്രക്രിയ ?


Sunday, August 29, 2010

വര്‍ക്ക് ഷീറ്റുകള്‍ വ്യാപകമാകുന്നു.
തിരുവനത പുരം ശിശു വിഹാര്‍ സ്കൂളില്‍ ഞങ്ങള്‍ ചെല്ലുപോള്‍ രണ്ടാം ക്ലാസില്‍ ടീച്ചര്‍ കുട്ടികളുടെ പതിപ്പുകള്‍ വിലയിരുത്തുകയായിരുന്നു. അവധിക്കാല പരിശീലനത്തില്‍ കിട്ടിയ ഏതെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്ന് ചോദിച്ചപ്പോള്‍ ടീച്ചര്‍ ഒരു
ഫയല്‍ കൊണ്ട് വന്നു. അതില്‍ വര്‍ക്ക്ഷീറ്റുകള്‍. ടീച്ചര്‍ ഉണ്ടാക്കിയത്. സ്വന്തം നിര്‍മിതി. ഓരോ വര്‍ക്ക് ഷീറ്റും ആവശ്യത്തിനു കോപ്പി എടുത്തു കുട്ടികള്‍ക്ക് കൊടുത്തു. ആഖ്യാനവുമായ് ബന്ധിപ്പിച്ചു അവതരിപ്പിച്ചു .കുട്ടികള്‍ അത് നന്നായി പ്രയോജനപ്പെടുത്തി.ഗണിതത്തിനും ഭാഷയ്ക്കും ഉള്ളവയുണ്ട്. മറ്റു ജില്ലകളിലും ടീച്ചര്‍മാര്‍ ഈ സാധ്യത ഉപയോഗിക്കുന്നതായി ക്ലാസുകളിലെ ഉത്പന്നങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ചില ജില്ലകളില്‍ എസ് എസ് എ ആദ്യ യൂനിട്ടുകള്‍ക്കുള്ളത് അച്ചടിച്ചു നല്‍കി ടീച്ചര്‍മാരെ സഹായിച്ചിട്ടുണ്ട്.
 • കുട്ടികള്‍ക്ക് ഉദ്ദേശിക്കുന്ന ശേഷി ഉറപ്പായും കിട്ടണം.
 • ആശയപരമായ വിടവ് നികത്തണം.
 • അനുഭവ നൈരന്തര്യം പാലിക്കണം.
ഇതിനു മാത്രമല്ല വര്‍ക്ക് ഷീറ്റുകള്‍ .പോര്‍ട്ട്‌ ഫോളിയോ വിലയിരുത്തല്‍ നടത്താനും ക്ലാസ് പി ടി യില്‍ പങ്കു വെക്കാനും വഴങ്ങും.
ഒന്നും രണ്ടും ക്ലാസുകളില്‍ ഒതുങ്ങുന്നില്ല ഈ സാധ്യത. ഗണിതത്തില്‍ യു പി വിഭാഗത്തില്‍ പത്തനംതിട്ട ജില്ല വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിച്ച് തുടങ്ങി. ശില്പശാല നടത്തി വര്‍ക്ക് ഷീറ്റുകള്‍ രൂപീകരിക്കാം. (കഴിഞ്ഞ വര്ഷം കാസര്‍ കോട് ജില്ല എല്ലാ സ്കൂളുകള്‍ക്കും വര്‍ക്ക് ഷീറ്റുകള്‍ നല്‍കി (ഓരോ കുട്ടിക്കും )മാതൃക കാട്ടിയതാണ്. സാധ്യത തിരിച്ചറിഞ്ഞതാണ്.)

Saturday, August 28, 2010

ക്ലാസുകളില്‍ അരങ്ങുണരുന്നു.
( പരിഷ്കരിച്ച കുറിപ്പ് )

ചിത്രത്തില്‍ മുഖം മൂടിയുണ്ടെങ്കിലും ചിത്രങ്ങള്‍ക്ക് മുഖം മൂടിയില്ല. മുഖം മൂടി വെച്ചപ്പോള്‍ അപര വ്യക്തിത്വം സ്വീകരിച്ചു കഥ പാത്രങ്ങളായ് താദാത്മ്യം പ്രാപിച്ച അധ്യാപകര്‍ അനുഭവിച്ചറിഞ്ഞത് ആവിഷ്കാരങ്ങള്‍ ഭാഷ പഠനത്തിനു പുതു മാനം നല്‍കുമെന്നാണ്.
ആ തിരിച്ചറിവുള്ളവരുടെ ക്ലാസില്‍ കുട്ടികള്‍ പാഠങ്ങള്‍ ഏറ്റെടുക്കുന്നു. സാധ്യതകള്‍ അധ്യാപകര്‍ പ്രയോജനപ്പെടുത്തും.

ആവിഷ്കാരങ്ങള്‍ എന്ന് പറഞ്ഞാല്‍ പാവ നാടകം, മുഖം മൂടി വച്ചും അല്ലാതെയുമുള്ള നാടകം ഇവ മാത്രമല്ല. സംഗീത ശില്പവും റോള്‍ പ്ലേയും കൊരിയോഗ്രഫിയും ഒക്കെ വരും. ചിത്രകഥയും കാര്‍ടൂണും ആവിഷ്കാരങ്ങള്‍ തന്നെ. എല്ലാ സാധ്യതയും ഉപയോഗിക്കണം.
ഇത് മൂലം :
 • ഒന്നിലധികം ശേഷികളുടെ വികാസം
 • ആവിഷ്കരിക്കുക എന്നത് ലക്ഷ്യമാകുംപോള്‍ കുട്ടികള്‍ പ്രചോദിതരാകും.പഠനം ഏറ്റെടുക്കും.
 • അവതരണത്തിന്റെ മുന്നൊരുക്കം ഒത്തിരി കൊടുക്കല്‍ വാങ്ങല്‍ സന്ദര്‍ഭമാണ്. പരസ്പര സഹായപഠനം നടക്കും.
 • ഒരു സദസ്സ് ഉണ്ടാവുക എന്നത് പഠനത്തിന്റെ ഉത്തരവാദിത്വ ബോധം വര്‍ധിപ്പിക്കും.
 • സ്വയം മെച്ചപ്പെടാനുള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടാകും.
 • പഠന താല്പര്യം വര്‍ധിക്കും.
 • ആസ്വാദനം അനുഭവങ്ങളുടെ പങ്കിടല്‍ ഇവ പഠനത്തെ കൂടുതല്‍ ആഴമുള്ളതാക്കും
 • രചനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉദ്ദേശ പൂര്‍ണമാകും.
 • ആശയ വിനിമയ ശേഷി കൂടും
 • വ്യത്യസ്ത ആവിഷ്കാര രീതികളില്‍ കഴിവുണ്ടാകും.
പ്രാവ് പുലരയില്‍ പുരപ്പുറത്ത് വന്നിരിക്കും . കൊത്തിത്തിന്നാന്‍ അരിമണികള്‍ പ്രതീക്ഷിച്ചാണ് വരവ്. എല്ലാം കൂടി ഒന്നിച്ചു ഇറങ്ങില്ല. ആദ്യം ഒന്ന് പറന്നിറങ്ങും .പറ്റിയോ പൂച്ചയോ മട്ടുപദ്രവങ്ങലോ ഉണ്ടോ എന്നറിയണ്ടേ. ഇല്ലാന്ന് ഉറപ്പായാല്‍ മറ്റുള്ളവയും ഇറങ്ങുകയായി. പെങ്ങിന്‍ കൂട്ടം കടലില്‍ ഇറങ്ങുന്നതിലും ഈ സമാനത കാണാം. ആരെങ്കിലും മുന്നിട്ടിറങ്ങാന്‍ ഉണ്ടാകണം. എങ്കില്‍ മറ്റുള്ളവര്‍ വന്നോളും. ഇപ്പോള്‍ മുന്നില്‍ ടീച്ചര്‍മാര്‍ .പ്രയോഗിച്ചു ബോധ്യപ്പെട്ടവര്‍. ഇനി മടിക്കേണ്ട . നമ്മള്‍ക്കും തുടങ്ങാം

. കുട്ടികളുമായി പാഠം തുടങ്ങുമ്പോള്‍ തന്നെ കാര്യം പറയുക. അവര്‍ ബാക്കി നോക്കിക്കോളും.
( എന്ന് വെച്ച് മേയ്യനക്കാതെ ഇരിക്കരുതേ. ഓരോ ഘട്ടവും പ്രധാനം .ഇടപെടണം.പരിശീലനത്തില്‍ ചര്‍ച്ച ചെയ്തത് കൈയ്യില്‍ ഇല്ലേ ? അതൊന്നു നോക്കൂ. )

ചിത്രങ്ങള്‍: പാലക്കാട്, കാസര്‍ കോട് ,തിരുവനന്തപുരം ജില്ലകള്‍ എടപ്പാള്‍ ബിന്‍ ആര്‍ സി മൂക്കുതല സ്കൂള്‍.

Friday, August 27, 2010

ഞങ്ങളാണ് പ്രഥമ അധ്യാപകര്‍

"ബോര്‍ഡിലെ രേഖപ്പെടുത്തല്‍ കൂടുതല്‍ വേണം.
കുട്ടികളുടെ നിലവാരം മനസ്സിലാക്കി വേണ്ട സഹായം തക്ക സമയത്ത് നല്‍കിയത് നന്നായി.
പരസ്പരം വിലയിരുത്തുന്നതിന് അവസരം ഒരുക്കിയത് ഉചിതമായി.
"
ഹെഡ് മാസ്റ്റര്‍

തിരുവനന്തപുരം നോര്‍ത്ത് യു ആര്‍ സിയിലെ പ്രഥമ അധ്യാപകര്‍ അക്കാദമിക വിലയിരുത്തലിനു ഒരു പൊതു രീതി ആഗ്രഹിച്ചു .പൊതു വിദ്യാലങ്ങളെ മെച്ചപ്പെടുത്താനൊരു സംരംഭം. സ്വന്തം ചുമതല കൂടുതല്‍ നന്നായി ചെയ്യാനൊരു ചുവട്‌ . പഠന പ്രക്രിയയിലെ ഏറ്റവും പ്രധാന കാര്യങ്ങള്‍ പരിഗണിച്ചുള്ള നിരീക്ഷണ ഡയറി തയ്യാറാക്കാന്‍ യു ആര്‍ സി ശില്പശാല നടത്തി.ശില്പശാലയില്‍ പങ്കെടുത്തതും പ്രഥമ അധ്യാപകര്‍.
ജൂണ്‍ ആദ്യം ഡയറിയുടെ കോപ്പി യു ആര്‍ സി എല്ലാ സ്കൂളിനും നല്‍കി .ആ ചടങ്ങില്‍ ഞാനും പങ്കെടുത്തിരുന്നു. ഒരു മാസം കഴിഞ്ഞു ഇതിന്റെ ഉപയോഗ പുരോഗതി അറിയിക്കാമെന്ന് ഹരി (ബി പി ഒ)അപ്പോള്‍ പറഞ്ഞു. ഇപ്പോള്‍ഹരി സന്തുഷ്ടന്‍ .വിവിധ വിദ്യാലങ്ങളില്‍ നിന്നും ഡയറിയുടെ ഫോട്ടോ കോപ്പികള്‍ എനിക്കയച്ചു തന്നിരിക്കുന്നു....അക്കാദമിക ധാരണയോടെ പ്രഥമ അധ്യാപകര്‍ സഹ പ്രവര്‍ത്തകരുടെ ക്ലാസ് നിരീക്ഷിച്ചു വിശകലന കുറിപ്പ് തയ്യാറാക്കിയതിന്റെ തെളിവുകള്‍.
ഇടപെടല്‍ അനുബന്ധ മാറ്റങ്ങളും വരുത്തും.
 1. എസ് ആര്‍ ജി ആഴമുള്ളതാകും
 2. എച് എം യോഗങ്ങള്‍ അക്കാദമിക അവലോകന യോഗാങ്ങളാകും.
 3. വിദ്യാലയത്തില്‍ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കുന്നത് കൂടുതല്‍ മെച്ചപ്പെടും.
 4. പരിശീലനവും അധ്യയനവും തമ്മില്‍ പൊരുത്തം ഉണ്ടാകും
 5. എല്ലാ അധ്യാപകര്‍ക്കും എച് എമിന്റെ അക്കാദമിക പിന്തുണ ലഭിക്കും.
 6. ക്ലാസ് മികവുകള്‍ക്ക് അംഗീകാരം പ്രോത്സാഹനം

മൂന്ന് ഭാഗങ്ങള്‍ ഉള്ള ഡയറിയുടെ ഉള്ളടക്കം ഇതാണ്
ടീച്ചിംഗ് മാന്വലില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്
 • പരിശീലനത്ത്തില്‍ ലഭിച്ച ധാരണ ആസൂത്രണത്തില്‍
 • പ്രക്രിയാബന്ധിതമാണോ
 • രൂപപ്പെടേണ്ട ഉത്പന്നങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ
 • നിരന്തര വിലയിരുത്തല്‍ സാധ്യത
 • പ്രതികരണ പേജ്
ക്ലാസ് നിരീക്ഷണത്തില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത്
 • ഉദ്ദേശിക്കുന്ന ആശയം
 • അവതരിപ്പിച്ച പ്രശ്നം
 • അറിവ് നിര്‍മാണ ഘട്ടങ്ങള്‍
 • പഠന സാമഗ്രികള്‍
 • വ്യക്തിഗത/ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍
 • പ്രത്യേക പരിഗണന.
 • നിരന്തര വിലയിരുത്തല്‍
നല്‍കിയ നിര്‍ദേശം/ കണ്ട മികവു/ വരുത്തേണ്ട തിരുത്തല്‍/ എസ ആര്‍ ജിയിലേക്ക്

ഈ ഡയറി ഇനിയും മെച്ചപ്പെടുത്താന്‍ ഉണ്ടെന്നു അവര്‍ക്കറിയാം.അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നന്നാക്കാനാണ് അന്ന് തീരുമാനിച്ചതും.അതും ഇവിടെ നടക്കും.
ഹരിക്കും പ്രഥമ അധ്യാപകര്‍ക്കും അഭിമാനിക്കാം.
പൊതു വിദ്യാലയങ്ങളെ മുമ്പില്‍ നടത്താന്‍ പ്രഥമ അധ്യാപകരുടെ അക്കാദമിക കൂട്ടായ്മയ്ക്ക് കഴിയും.
എന്താ നിങ്ങളുടെ നാട്ടിലെ പ്രഥമ അധ്യാപകരും ഈ വഴിക്കല്ലേ? ഒന്ന് ശ്രമിച്ചൂടെ ?

Thursday, August 26, 2010

.അനുസരണം ഇല്ലാത്ത രക്ഷിതാക്കള്‍
മഹാരാഷ്ട്ര: അശോക്‌ പവ്വാരിന്റെ രണ്ടു മക്കള്‍ വിശ്വ ജ്വോതി വിദ്യാലത്ത്തില്‍ ആണ് പഠിക്കുന്നത്(?). ഒന്നാം ക്ലാസിലും എട്ടാം ക്ലാസിലും. മിനിഞ്ഞാന് സ്കൂള്‍ അധികാരികള്‍ പിതാവിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ തപാല്‍ മാര്‍ഗം വീട്ടിലെത്തിച്ചു കൊടുത്തു- രണ്ടു കുട്ടികളുടെയും ടി സി. ഇനി പുസ്തകോം തൂക്കി പഠിക്കാനായി ആ പടികടക്കരുതെന്നു.ഇത് പോലെ പല രക്ഷിതാക്കളെയും പോസ്റ്റുമാന്‍ തേടിച്ച്ചെല്ലുകയാണ്. ഇന്നലെ മുംബൈ മുഖ്യ പത്രങ്ങളുടെ പ്രധാന വാര്‍ത്ത .
കാര്യം നിസ്സാരം. സ്കൂള്‍ നാല്പതു ശതമാനം ഫീസ്‌ കൂട്ടി. ആയിരത്തി ഇരുനൂറു രൂപയില്‍ നിന്നും ആയിരത്തി എഴുനൂറു രൂപയിലേക്ക്. അശോക പവ്വാര്‍ ഓരോ മാസവും ഇനി മൂവായിരത്തി നാനൂറു രൂപാ വീതം നല്‍കിയാല്‍ മതി. നൂറ്റി എഴുപത്തഞ്ചു രക്ഷിതാക്കള്‍ പ്രതിഷേധിച്ചു, അനുസരണയില്ലാത്ത രക്ഷിതാക്കള്‍ പാഠം പഠിക്കട്ടെ.സ്കൂള്‍ വളരെ ഉദാരമായ സമീപനം സ്വീകരിച്ചു.ടി സി വീട്ടില്‍ എത്തിച്ചു കൊടുക്കും. പോരെ
 • ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു .ഇനി പുറത്താക്കപ്പെട്ട മക്കളെ ഏതു സ്കൂളാണ് ഏറ്റുവാങ്ങുക?
 • വിദ്യാഭ്യാസ അവകാശ ബില്ലിന്റെ സാഹചര്യത്തിലാണ് ഈ പുറത്താക്കല്‍.
 • മഹാരാഷ്ട്ര സര്‍ക്കാര്‍ പി ടി എ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു ചൂടാറും മുമ്പാണ് നടപടി.
 • മറ്റൊരു സ്കൂളിലെ അധിശ്രീ ഗോപാല കൃഷ്ണന്‍ കോടതി കയറി ഇറങ്ങുന്നതിന്റെ വാര്‍ത്തയും ഇന്നലെ വന്നു. ആ കുട്ടിയുടെ അമ്മയ്ക്ക് അനുസരണം കുറവാണത്രേ.
ചൂണ്ടു വിരല്‍ ചോദിക്കുന്നു.
 • അച്ചടക്കം ഇല്ലാത്ത മാതാപിതാക്കള്‍ മക്കളെ അച്ചടക്കമുള്ള സ്കൂളില്‍ ചേര്‍ത്താല്‍ എന്താണ് ഫലം?
 • കച്ചവട വിദ്യാലയത്തില്‍ നീതി സ്റ്റോര്‍ പ്രതീക്ഷിക്കാമോ?
 • ഇത്തരം വിദ്യാലയങ്ങളെ പന പോലെ വളര്‍ത്തിയാല്‍ പ്രതിഫലം മധുരിക്കുമെന്നു കരുതിയോ?
 • അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് വെച്ച് കുട്ടികളെ ബന്ദികളാക്കി വില പേശുന്ന സംസ്കാരം പുതിയകച്ചവട തന്ത്രം.
 • നാളെ ഇത് കേരളത്തിലേക്കും വരില്ലെന്ന് ആര് കണ്ടു?(അതോ വന്നോ).താഴെ കൊടുത്തിരിക്കുന്നപത്രവാര്‍ത്ത നോക്കുക. പ്രതിശീര്‍ഷ വരുമാനം- മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലാണ് കേരളം. അതായത് കാശ് കൊടുക്കാന്‍ (സ്കൂളിനു പിടിച്ചു വാങ്ങാനും) പറ്റിയ കീശകള്‍ ഇവിടെയും സുലഭം
ഒ ...നമ്മള്‍ എന്തിനാ ഇതിലൊക്കെ ഇടപെടുന്നെ. പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താനുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാട് അനുസരിക്കത്തോരല്ലേ . അനുസരണയില്ലാത്ത രക്ഷിതാക്കള്‍ പാഠം പഠിക്കട്ടെ. നമ്മള്‍ക്ക് പൊതു വിദ്യാലയങ്ങളുടെ കാര്യം നോക്കാം.
എങ്കിലും കുട്ടികള്‍ വഴിയില്‍... അവര്‍ ഇങ്ങു പോരട്ടെ. ഇല്ലേ ?

Wednesday, August 25, 2010

പൊതുവിദ്യാലങ്ങള്‍ക്ക് മഴവില്‍ കുപ്പായം.
.


നിറയെ നിറങ്ങളുള്ള ലോകം. ഒരു നിറത്തിന് തന്നെ നൂറായിരം ഭാവങ്ങള്‍. ചുറ്റുമുള്ള ഇല ചാര്‍ത്ത് തന്നെ നോക്കൂ .എത്ര പച്ചകള്‍. വര്‍ണങ്ങള്‍ പ്രകൃതിയുടെ അനുഗ്രഹം. കത്ത്തിപ്പടരുന്നവ, ഉന്മേഷം പകരുന്നവ, കുളിര് ആവാഹിച്ചവ, ശാന്തിയുടെ ദൂതുള്ളവ, ഏതു പ്രായക്കാരന് മഴവില്ലില്‍ ഉടക്കത്ത്തത്. മനസ്സിന്റെ സഹജമായ അടുപ്പം വര്‍ണങ്ങലോടു. എന്നിട്ടും കുഞ്ഞുങ്ങള്‍ പഠിക്കാന്‍ എത്തുന്ന സ്കൂളുകള്‍ എന്ത് കൊണ്ടാണ് നിറങ്ങള്‍ക്ക് അഡ്മിഷന്‍ കൊടുക്കാന്‍ മടിച്ചത്.എന്റെ കുട്ടിക്കാലത്ത് വെള്ളയും നീലയും കുട്ടികളുടെ യൂണിഫോം. സ്കൂളിനു കറുപ്പും വെളുപ്പും യൂണിഫോം. പിന്നെ മങ്ങിയ മഞ്ഞയും ആയി.
ഇപ്പോള്‍ കുട്ടികളുടെ പക്ഷത്ത് നിന്നും നോക്കാന്‍ തുടങ്ങി. കുട്ടിത്തം മാനിക്കാന്‍ ശ്രമം. സ്കൂളുകളില്‍ വസന്ത വര്‍ണങ്ങള്‍.
വിരല്‍ ചൂണ്ടുന്നത്
ഒന്ന്) പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കാം.
രണ്ട്) ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും
മൂന്നു) ഏറ്റവും മികച്ച സൌകര്യങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സാധ്യമാണ്.
നാല് ) പഞ്ചായത്തും പി ടി എ യും അധ്യാപകരും തീരുമാനിച്ചാല്‍ മാറ്റം വരും.
തിരുവനന്തപുരം മണക്കാട് സ്കൂള്‍, കാസര്‍കോടുള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഇവ മാറിയതിന്റെ ചിത്രമാണ് മുകളില്‍.(ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ വലുപ്പത്തില്‍ കാണാം )
ഒരു മുന്‍കരുതല്‍ വേണം. കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്‍ടുകളും വളരുന്ന പഠനോപകരണങ്ങളും പ്രദര്‍ശന ബോര്‍ഡും ക്ലാസ് ലൈബ്രറിയും ക്രമീകരിക്കാന്‍ ഇടം കൂടി ഉണ്ടാവണം.സര്‍വോപരി പുതിയ രീതിയിലുള്ള പഠനവും കൂടിയായാല്‍ സ്വപ്നവിദ്യാലയങ്ങള്‍ ധാരാളം ഉണ്ടാകും .അതും നമ്മള്‍ക്ക് സാധ്യമാക്കണം .ആ വഴി മികവിന്റെ വഴിയാണ്.Tuesday, August 24, 2010

സ്കൂള്‍ ദിനങ്ങള്‍.ബ്ലോഗ്‌ സ്പോട്ട്.കോം"അമ്മു അച്ചന് വെള്ളം കൊണ്ടു കൊടുക്കാന്‍ ഓടുന്നതിനിടെ വാതില്‍ പടിയില്‍ തട്ടി വീണു. മുറിയില്‍ മുഴുവനും വെള്ളമായി. അമ്മ തുടക്കാന്‍ തണിയുമായി വന്നു. അപ്പേഴേക്കും കയ്യില്‍ കിട്ടിയ ഒരു തുണി കൊണ്ട് അമ്മു തുടക്കാന്‍ തുടങ്ങിയിരുന്നു. " പോളിസ്റ്റര്‍ തുണി കോണ്ടാണോ മോളേ വെള്ളം തുടയ്ക്കുന്നത്. ശരിക്ക് വെള്ളം പോകണമെങ്കില്‍ ഈ കോട്ടന്‍ തുണി കൊണ്ട് തുടക്കൂ....." അമ്മ പറഞ്ഞു. "അങ്ങനെയോന്നുമില്ലമ്മേ.... ഇതായാലും മതി.... "അമ്മുവിന്റെ മറുപടി.

ആരു പഞ്ഞതാണ് ശരി?


കുട്ടികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.

ഏതാണ് ശരി എന്ന് എങ്ങനെ കണ്ടെത്താം ഒരു വഴി പറയാമോ... എന്തൊക്കെ സാധനങ്ങള്‍ ‍വേണം

കുട്ടികള്‍ ആലോചനതുടങ്ങി..... ചര്‍ച്ചയ്കൊടുവില്‍ തീരുമാനമായി.

രണ്ട് ഗ്ലാസില്‍ ഒരേ അളവില്‍ വെള്ള മെടുക്കുക. ഒരേ വലിപ്പമുള്ള പോളിസ്റ്റര്‍ തുണിയും കോട്ടന്‍ തുണിയുമെടുത്ത് അതില്‍ മുക്കിവയ്ക്കുക. കുറച്ച് സമയത്തിന്ശേഷം അവ എടുത്തു മാറ്റുക. ഗ്ലാസ്ല്‍ ശേഷിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കുക.


പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ വള്ളം വലിച്ചെടുക്കുക. അനുകൂലിക്കുന്നവര്‍ ആരോക്കെ?

സ്നേഹ മാത്രം അനുകൂലിച്ചു...( ചിത്രം ഒന്ന്)
കൊട്ടാന്‍
തുണിക്കനുകൂലമായിരുന്നു മറ്റെല്ലാവരും.... (ചിത്രം രണ്ട്)

എങ്കിലിനി പരീക്ഷണമാകാം
കോട്ടന്‍ തുണി കൂടുതല്‍ വള്ളം വലച്ചെടുത്തു. അമ്മുവിനോട് അമ്മ പറഞ്ഞത് ശരിയാണ് കുട്ടികള്‍ പറഞ്ഞു. ഒപ്പം പോളിസ്റ്ററിനെ അനുകൂലിച്ച സ്നേഹയുടെ നേരേ തിരഞ്ഞ് മറ്റുള്ളവര്‍ എന്തോക്കെയോ ഗോഷ്ടികള്‍ കാണിച്ചു. കുട്ടികളല്ലേ .....അവരുടെ തമാശകള്‍.... അത് കണ്ടില്ലന്ന് വച്ചു....


ഒരു തുടര്‍പ്രവര്‍ത്തനം കൂടി... പക്ഷികളുടെ തൂവല്‍ അവയുടെ വസ്ത്രം ആണല്ലോ.... ആ വസ്ത്രം വെള്ളത്തോട് എങ്ങനെ പ്രതികരിക്കും.
" ( നിധിന്റെ ബ്ലോഗില്‍ നിന്ന് )
സ്കൂള്‍ ദിനങ്ങള്‍.
ഇത് ഒരു സാധാരണ ബ്ലോഗ്‌ അല്ല.
ദീപനാളം പോലെ ഒന്ന്.
നിഥിന്‍
പങ്കിടുന്ന ഓര്‍മ്മകള്.

കുട്ടികളെ തല്ലിയാണങ്കിലും പഠിപ്പിക്കണം എന്ന വാശിക്കാരനായ അധ്യാപകന്‍ എന്നതില്‍ നിന്ന് കുട്ടികളെ സ്നേഹിച്ച് അവരോട് കൂട്ടുകൂടി അവരുടെ കുസൃതികളില്‍ അവരോടൊപ്പം ചേര്‍ന്ന് പഠനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകനിലേക്ക് സ്വയം മാറിയ പിതാവിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നോന്‍.
ക്ലാസനുഭവങ്ങള്‍ നിഥിന്‍ ഒപ്പിയെടുക്കുന്നു.
ഓര്‍മയുടെ ആല്‍ബം.
സാധ്യതകള്‍ തുറന്നിടുന്നു. ആവേശം പകരുന്നു.
 • ഒരു മൊബൈല്‍ഫോണ്‍ ക്യാമറ എങ്ങനെ അധ്യാപകര്‍ ഉപയോഗിക്കണം എന്നതിന്റെ വഴിയും നിഥിന്‍ കാട്ടിത്തരുന്നു. ഉദാഹരണത്തിന്. മിക്രോസ്കൊപ്പിലൂടെ നോക്കുന്ന കുട്ടികള്‍ കണ്ട കാഴ്ച നിങ്ങള്‍ക്ക് ഇപ്പോള്‍ കാണണമോ . നിധിന്റെ ബ്ലോഗില്‍, അന്ന് ക്ലാസില്‍ വെച്ച് ചിത്രീകരിച്ച അതിന്റെ വീഡിയോ ഉണ്ട്.
 • മുകളില്‍ നല്‍കിയ പരീക്ഷണ ദൃശ്യങ്ങളും മൊബൈല്‍ ചിത്രങ്ങള്‍ തന്നെ.
 • അനുഭവത്തിന്റെ ചൂട് ഒട്ടും നഷ്ടപ്പെടാത്ത അവതരണം.
 • ഉള്‍ക്കാഴ്ച പ്രതിഫലിക്കുന്ന പ്രവര്‍ത്തനങ്ങള്‍.
 • ആ ബ്ലോഗ്‌ സന്ദര്‍ശിക്കണം ,പോര അതുപോലെ ക്ലാസനുഭവങ്ങള്‍ ഒരുക്കണം, കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കണം
 • എല്ലാം ഡോക്യുമെന്റ്റ് ചെയ്യുന്നതിനും പങ്കിടുന്നതിനും സമയവും കണ്ടെത്തണം .അത് വഴിയോരുക്കലാണ്.


Sunday, August 22, 2010

പച്ചക്കുതിരപ്പുറത്ത് ഒരു സവാരി

പച്ചക്കുതിരപ്പുറത്ത് ഒരു സവാരി
ഒരു പുല്ത്തുംപിന്‍ നിനവില്‍ നിന്നൊരു കുതിപ്പ്
വലിയൊരു ഇലയുടെ മടിത്തട്ടില്‍
ചെറു കമ്പനത്തോടു വീണിരുപ്പ് .
ചിറകടിയുടെ ലോലതയിലൂടെ ഹ്രസ്വ ദൂരം.

മുമ്പില്‍ ഒരു കുഞ്ഞിക്കൈ
ഇളം പുല്ലുകളുടെ സൌമ്യതയില്‍ നിന്ന്
മറുപടിയില്ലാതൊരു മന്ദഹാസം പോലെ
പൊത്തി എടുത്തപ്പോള്‍
അകപ്പെട്ടത് എന്റെ പച്ചക്കുതിപ്പ്.

(ഓണം സ്പെഷ്യല്‍ ചൂണ്ടു വിരലിനും )

നാട്ടു പൂക്കള്‍ തേടിപ്പോയ കുട്ടികള്‍.

ഓണക്കാലം ജൈവ വൈവിധ്യസമൃദ്ധിയുടെ ഓര്‍മക്കാലം കൂടിയാണ്. ആരുമറിയാതെ അപ്രത്യക്ഷരാകുന്ന പൂക്കള്‍. അവരെ ആദരിക്കാനും കണ്ടെടുക്കാനും കുട്ടികള്‍ കാടും മേടും കയറി ഇറങ്ങി. ഒരു പ്രദര്‍ശനം. (കൃഷ്ണകിരീടം കണ്ടപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തു. ഇപ്പോള്‍ ആ ചെടി ഇവിടില്ല. റബര്‍ ആക്രമിച്ചു .) ജൈവ വൈവിധ്യ വര്‍ഷത്തെ നമ്മുടെ സാംസ്കാരിക സന്ദര്‍ഭങ്ങള്മായി കൂട്ടിയിണക്കിയ എടപ്പാള്‍ സര്‍ക്കാര്‍ യു പി സ്കൂള്‍ നല്ല ഒരു ചുവടാണ് വെച്ചത്‌ ഈ വാര്‍ത്ത പങ്കിട്ട വിദ്യാലയ വിശേഷങ്ങള്‍ക്കും (എടപ്പാള്‍ ബി ആര്‍ സി യുടെ ബ്ലോഗ്‌) നന്മകള്‍ നേരാം.( ഇരുപത്തഞ്ചു ലക്കം ചൂണ്ടു വിരല്‍ പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടു പൂക്കളുടെ ഈ വാര്‍ത്ത നല്‍കാന്‍ കഴിഞ്ഞതും നല്ലത് എന്ന് കരുതുന്നു)

Saturday, August 21, 2010


അറിവിന്റെ ഓണമുള്ള സ്കൂള്‍.


"വീടുകളില്‍ ഞങ്ങളുടെ സര്‍വേക്ക് ഗുണമുണ്ടായി.കിണറിന്റെ സൈഡില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ സര്‍വേ നടത്തിയപ്പോള്‍ അവര്‍ അതൊഴുക്കി കളഞ്ഞു. കിണറിനു വല ഇല്ലായിരുന്നു. വലയിട്ടു. കിണറിന്റെ അടുത്ത് കാട് ഉണ്ടായിരുന്നു.അത് പറിച്ചു കളഞ്ഞു. മറ്റൊരു വീട്ടില്‍ താഴെപ്പറയുന്ന മാറ്റങ്ങളുണ്ടായി. .."വിദ്യാ മോളുടെ കുറിപ്പില്‍ നിന്ന്.

അശ്വതി ഇങ്ങനെ എഴുതി.".ഞങ്ങള്‍ സര്‍വേ നടത്തി. ഞാന്‍ അഞ്ചു വീട്ടില്‍ പോയി. കുറച്ചു വീട്ടിലെ കിണര്‍ മലിനമായിരുന്നു. ഞാന്‍ അവരോട് പറഞ്ഞു. വലയിടണം. ഭിത്തി കെട്ടണം, പാത്രം അടുത്തു വെച്ച് കഴുകരുത്‌ , കിണറിനടുത്ത്‌ തുണി അലക്കരുത്, മൃഗങ്ങളെ കുളിപ്പിക്കരുത്, കിണറിനടുത്ത്‌ നിന്ന് കുളിക്കരുത്,എല്ലാ വര്‍ഷവും കിണര്‍ തേകണം, കാടുകള്‍ പറിക്കണം. ഇത്രയും പറഞ്ഞപ്പോള്‍ അവര്‍ അത് അനുസരിച്ചു.പാത്രം കഴുകുന്നതും തുണി അലക്കുന്നതും ഒക്കെ മാറ്റിയാണ് ചെയ്യുന്നത്.ഇതാണ് സര്‍വേക്ക് ശേഷം വന്ന മാറ്റങ്ങള്‍."
തൊട്ടിയും കയറും നിലത്തു വീഴാതിരിക്കാന്‍ അവര്‍ അത് തൂക്കിയിട്ട കാര്യമാണ് ആശ്വിന്കുമാര്‍.പി പറയുന്നത്.ചാണകക്കുഴി മാറ്റിയ വീടും ഉണ്ട്.
ക്ലാസ്സിലെ ഓരോരുത്തര്‍ക്കും ഇതുപോലെ വിവരിക്കാനുണ്ട്. നാലാം ക്ലാസുകാരുടെ ഒരു കൊച്ചു സര്‍വേ .നാട്ടില്‍ ചെറിയ അവബോധം വളര്‍ത്തി.കൊച്ചു മാറ്റവും . ഇത് പഠനപ്രവര്ത്തനത്തിന്റെ ഭാഗം. എന്നാല്‍ ഒരു ശുചിത്വ കാംപൈന്‍.( തെളിമ എന്ന പുസ്തകം മുന്നോട്ടു വെച്ച ആശയങ്ങളുടെ സാക്ഷാത്കാരം.) ഇവിടെ കുട്ടികള്‍ വേറെയും പരീക്ഷണങ്ങള്‍ ചെയ്യുന്നു. ഓരോരുത്തരും ചെയ്യണം എന്നാലല്ലേ അത് അവരുടെ സ്വന്തം പരീക്ഷണമാകൂ.. ചെയ്തതിന്റെ വിശേഷങ്ങളും കണ്ടെത്തലും പറയുമ്പോള്‍ അത്യുല്സ്താഹം.ചിത്രം നോക്കൂ. ( ഇവരല്ലേ ലിറ്റില്‍ സയന്റിസ്റ്റുകള്‍.)
മുണ്ടക്കയം ട്രൈബല്‍ സ്കൂളില്‍ പഠിക്കുന്നത് സാധാരണക്കാരുടെ മക്കള്‍. മുപ്പത്തിയെട്ടു ശതമാനം സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍. ബാക്കിയുള്ളവരും സാമ്പത്തികമായി ഇടത്തരവും അതിനു താഴെയും.ഇവിടുത്തെ ടീച്ചര്‍മാര്‍ എല്ലാ പ്രവര്‍ത്തനവും കുട്ടികളെ കൊണ്ട് ചെയ്യിക്കുന്നു. സ്കൂളിനു വലിയ പത്രാസ്സില്ല. പരസ്യമില്ല.പൊടിപ്പും തൊങ്ങലുമില്ല.വണ്ടിയും സമാന്തര ഇംഗ്ലീഷ് മീഡിയവും ആണ് പുതിയ അടയാളമെങ്കില്‍ അതുമില്ല. ഒന്നുണ്ട് .ഓരോ കുട്ടിയേയും പരിഗണിക്കുന്ന വലിയ മനസ്സ്. (ഇന്നലെ സൂചിപ്പിച്ച അതേ സ്കൂള്‍ തന്നെ.) ഓരോ കുട്ടിക്കും പോര്‍ട്ട്‌ ഫോളിയോ ഫയല്‍. ഓരോ യൂണിറ്റിനും പൊതു ഫയല്‍ .അതില്‍ എല്ലാമുണ്ട്. അദ്ധ്യയനത്തിന്റെ അടയാളങ്ങള്‍.പഠനത്തിന്റെ സംസാരിക്കുന്ന തെളിവുകള്‍. അതെ , അറിവിന്റെ ഓണം ഈ സ്കൂളിലുണ്ട് എന്നും .

Friday, August 20, 2010

.വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം
ക്കളെപ്പോലെ ക്ലാസിലെ എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, അവരുടെ കഴിവുയര്‍താന്‍ സ്വയം സമര്‍പ്പിക്കുന്ന നിരവധി അധ്യാപകര്‍ ഉണ്ട്. അവരില്‍ ഓരോരുത്തരെയും കണ്ടു മുട്ടുന്നതാണ് ധന്യമുഹൂര്‍ത്തം .
ഞാനും പത്തനംതിട്ട ബി ആര്‍ സിയിലെ ഷിജുരാജും കൂടി കോട്ടയം ജില്ലയിലെ മുണ്ടക്കയം ട്രൈബല്‍ എല്‍ പി സ്കൂളില്‍ കഴിഞ്ഞ ദിവസം പോയി..
അവിടെ മൂന്നാം ക്ലാസിലെ ടീച്ചറാണ് അന്നമ്മ സാമുവേല്‍- വിശുദ്ധ അധ്യാപനത്തിന്റെ ഉദാഹരണം.
ടീച്ചര്‍ എന്നും അഖിലിനു ഓരോ പുസ്തകം കൊടുക്കും.അവന്‍ അത് വീട്ടില്‍ കൊണ്ടുപോകും. വീട്ടുകാര്‍ അവനു അത് വായിച്ചു കേള്‍പ്പിക്കും. പിറ്റേ ദിവസം മനം നിറയെ പ്രകാശവുമായി സന്തോഷത്തോടെ അവന്‍ എത്തും. കേട്ട കഥ ടീച്ചറോട് പറയും.
സൂര്യന്‍ ഒളിച്ചിരുന്നതും. പശു വിളിച്ചിട്ട് പുറത്ത് വരാഞ്ഞതും ഒടുവില്‍ കൊക്കര കോ കേട്ടപ്പോള്‍ അതെന്തേ എന്നു അറിയാന്‍ എത്തി നോക്കിയതും പൂവന്‍ കോഴിക്ക് സമ്മാനം കൊടുത്തതും ... അവന്റെ ഭാഷയില്‍ ടീച്ചര്‍ അവന്റെ ബുക്കില്‍ അതെല്ലാം എഴുതിക്കൊടുക്കും.കഥ മാത്രമല്ല ക്ലാസില്‍ കേട്ടതും പഠിച്ചതുമെല്ലാം അവന്‍ ടീച്ചറോട് പങ്കിടും. ആ വാമൊഴികള്‍ ഒട്ടും ചോര്‍ച്ചയില്ലാതെ ടീച്ചര്‍ വരമൊഴിയാക്കും. ബുക്കുകള്‍ നിറയാറായി ..അഖിലിന്റെ ബുക്കില്‍ മറ്റു കുട്ടികളുടെ ബുക്കിലുള്ളതെല്ലാം ഉണ്ട്.ഒറ്റ വ്യത്യാസം മാത്രം കൈപ്പട ടീച്ചര്‍ വക.അവനു കൈ വഴങ്ങില്ല. പിന്നെ വായിക്കാനും പ്രയാസം. എന്നാലെന്താ അവനു ഈ ടീച്ചര്‍ ഉണ്ടല്ലോ അവന്റെ മനസ്സ് മനസ്സില്‍ ചേര്‍ത്ത ടീച്ചര്‍.. പ്രത്യേക പരിഗണന നല്‍കാന്‍ ടീച്ചര്‍ ഏപ്പോഴും ശ്രദ്ധിക്കുന്നു. കൂട്ടുകാരും അവനെ ഒപ്പം കൊണ്ട് പോകാന്‍ ശ്രമിക്കും.. എല്ലാ പ്രവര്‍ത്തനത്തിലും അവനു പങ്കാളിത്തം. നേട്ടം. സന്തോഷം.
അനുരൂപീകരനത്തിന്റെ മികച്ച മാതൃകയാണ് ടീച്ചര്‍ ഒരുക്കുന്നത് .എല്ലാ കുട്ടികള്‍ക്കും കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അധ്യാപിക .

Thursday, August 19, 2010

വായനയുടെ ലളിത പാഠങ്ങള്‍


ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ക്ക് വായിക്കാന്‍ സ്കൂളില്‍ പുസ്തകങ്ങള്‍ കുറവ്.
ഉള്ളതാകട്ടെ പലതും അവര്‍ക്ക് പറ്റിയതുമല്ല.കുഞ്ഞുങ്ങള്‍... അവരുടെ വായന... അതോര്‍ക്കുമ്പോള്‍ എന്തെങ്കിലും ചെയ്യണ മെന്ന ശക്തമായ തോന്നല്‍ നിറയ്ക്കുന്ന അസ്വസ്ഥത. അവധിക്കാല പരിശീലനത്തില്‍ വായനയുടെ തലങ്ങളും സാധ്യതകളും പരിചയപ്പെടുകയും കൂടിയായപ്പോള്‍ ഒരു ബദല്‍ കണ്ടെത്താന്‍ തീരുമാനിച്ചു. തീവ്രമാണ് ആഗ്രഹമെങ്കില്‍ അത് ലക്‌ഷ്യം കാണുക തന്നെ ചെയ്യും. കുട്ടികള്‍ക്ക് ഇണങ്ങുന്ന കഥകളും കവിതകളും തേടിപ്പിടിച്ചും സ്വന്തമായി രൂപീകരിച്ചും മുന്നേറി.അവ ഡി ടി പി ചെയ്തു. ചിലതൊക്കെ വെട്ടി ഒട്ടിച്ചു ഫോട്ടോ കോപ്പി എടുത്തു. അവിടുന്നും ഇവിടുന്നും ചിത്രങ്ങള്‍ സംഘടിപ്പിച്ചും വരച്ചു ചേര്‍ത്തും നിറം നല്‍കിയും മിഴിവുറ്റതാക്കി.അങ്ങനെ മുപ്പത്തി ഒന്‍പതു വായന കാര്‍ഡുകള്‍ തയ്യാറാക്കി. അപ്പോള്‍ ഉണ്ടായ ആനന്ദം ആവേശമാക്കി. പുതിയ പ്രശ്നം.. വായനാ കാര്‍ഡുകള്‍ കൈ മാറി മാറി പെട്ടന്ന് മുഷിഞ്ഞു പോകുമോ.പ്ലാസ്ടിക്കു കൊണ്ടൊരു കുപ്പായം ഇട്ടു ഓരോന്നിനും.( സെല്ലോ ടേപ്പ് ഒട്ടിച്ചാല്‍ കുറേകൂടി നന്നാകുമായിരുന്നു.)
രണ്ടാം ക്ലാസില്‍ അവ കുട്ടികളെ വായനയിലേക്ക് പ്രചോദിപ്പിച്ചു അവരുടെ മനസ്സിലും അഡ്മിഷന്‍ തേടിക്കഴിഞ്ഞു. ആര്‍ക്കുംസ്വീകരിക്കാവുന്ന ലളിതമായ ചെലവു കുറഞ്ഞ എന്നാല്‍ ഗംഭീരമായ ഒരു മാതൃക . ഇതും നമ്മുടെ ഗോപാലകൃഷ്ണന്‍ മാഷുടെ ക്ലാസ് വിശേഷം. ( മുന്‍ ബ്ലോഗ്‌ വാര്‍ത്ത ഒന്നുകൂടി വായിച്ചു നോക്കുക. )

Wednesday, August 18, 2010

ചൈതന്യമുള്ള ക്ലാസ് ചുമരുകള്‍


ക്ലാസ് മുറി എന്നത് വെളുത്ത ചുമരുകള്‍ തരിശിട്ട നഗ്നമായ പശ്ചാത്തലമാണോ . അല്ല എന്നാണു കുട്ടികള്‍ തെളിയിക്കുന്നത്. ചുമര്‍ മാസികകളും പതിപ്പുകളും നിരീക്ഷണ കുറിപ്പുകളും ഒക്കെ ഒട്ടിക്കാനും തൂക്കാനും തുടങ്ങിയതോടെ ചുമരുകള്‍ ജീവനുള്ളതായി.അവ കുട്ടികളുടെ ശ്രദ്ധ ഏറ്റുവാങ്ങി. ഇപ്പോള്‍ അധ്യാപകര്‍ ചുമരുകളുടെ സാധ്യത കണ്ടെത്തുകയാണ്. നാല് ചുമരും കുട്ടികള്‍ക്ക് വേണ്ടി ലെ ഔട്ട് ചെയ്തു ആകര്‍ഷകവും മൂല്യവര്‍ധിതവും ആക്കി മാറ്റുന്നു. കുട്ടികളുടെ ഉല്പന്നങ്ങളും ടീച്ചറുടെ കുറിപ്പുകളും റിസോഴ്സ് റഫറന്‍സ് സാമഗ്രികളും ചിത്രങ്ങളും പട്ടികകളും ഗ്രാഫിക് പ്രതിനിധീകരണങ്ങളും ബിഗ്‌ പിക്ചര്‍ പോലുള്ള പഠനോപകരണങ്ങളും ടീച്ചര്‍ വേര്ഷനും പതിക്കാന്‍ ചുമരുകള്‍ ഉപയോഗിക്കപ്പെടുന്നു. ഈ ആശയം നടപ്പില്‍ വരുത്തിയ മാഷാണ് ശ്രി ഗോപാലകൃഷ്ണന്‍.ഫറോക്ക് ഉപജില്ലയിലെ കടലുണ്ടി ശ്രീദേവി സ്മാരക യു പി സ്കൂളിലെ രണ്ടാം ക്ലാസ്സിന്റെ ചൈതന്യം നോക്കൂ. സ്കൂള്‍ ഗ്രാന്റും ടീച്ചര്‍ ഗ്രാന്റും പ്രതിബദ്ധമായ ഒരു മനസ്സും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഈ പാത സ്വീകരിക്കാം.(വാര്‍ത്ത നല്‍കിയത് ശ്രി അബ്ദുറഹ്മാന്‍, DIET ,കോഴിക്കോട് )

Tuesday, August 17, 2010

സ്പ്രേ പെയിന്റ് നിങ്ങളുടെ വിദ്യാലയത്തിനും ആവശ്യമുണ്ട്


വിദ്യാലയത്തില്‍ ഒത്തിരി ഒത്തിരി ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക. അതൊക്കെ കുട്ടികള്‍ക്കും സ്കൂളിനും പ്രയോജന പ്രദമാവുക . കുട്ടികളുടെ പഠന താല്പര്യം വര്‍ധിപ്പിക്കുക സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക പുതുമയുടെ ദിനങ്ങള്‍ സമ്മാനിക്കുക. സ്കൂളില്‍ ഉന്മേഷം. ചൈതന്യമുള്ള ക്ലാസ്സുകള്‍. ഇതൊക്കെ ആരാണ് ആഗ്രഹിക്കാത്തത്?
ഇന്ന് ഒരു കൊച്ചു കാര്യം. സ്പ്രേ പെയിന്റ് കിട്ടും.പല നിറം. നൂറ്റന്പതു രൂപ അല്ലങ്കില്‍ ഇരുനൂറ്. ഒരു ടിന്നിന് അത്രമാത്രം. അത് വാങ്ങുക. എന്നിട്ടോ ക്ലാസ് ചുവരുകള്‍ പഠനസാധ്യത നിറഞ്ഞതാക്കുക. ആവശ്യമുള്ള രൂപങ്ങള്‍ ചാര്‍ട്ടില്‍ വെട്ടി സ്റ്റെന്‍സില്‍ ഉണ്ടാക്കുക .അത് ചുമരില്‍ ചേര്‍ത്ത് വച്ചിട്ട് ആ രൂപവിടവിലേക്ക് പൈന്റു സ്പ്രേ ചെയ്യുക. ചാര്‍ട് മാറ്റുക.ഹായ്. ആ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ . ഇതാ ഈ ചിത്രം നോക്ക്, മുറിയുടെ ബീമില്‍ ചന്ദ്രന്റെ വിവിധ ഭാവങ്ങള്‍ .രാവിന്‍ ഇരുള്‍ നീലിമയില്‍.. ചെതോഹരമായ് പെയിന്റ് ചെയ്തിരിക്കുന്നു.
ഇഷ്ടമുള്ള ജീവികള്‍,ഗണിതരൂപങ്ങള്‍,ഭൂപടങ്ങള്‍, സന്ദേശങ്ങള്‍..എഴുതാനും വരയ്ക്കാനും ഇനി ഈ സാധ്യത കൂടി ഉപയോഗിച്ചോളൂ. "ബാല " നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നോര്‍ക്ക് ഒരു ആശയ പിന്തുണ. (സംസാരിക്കുന്ന ഈ ചിത്രങ്ങള്‍ കൂടുതല്‍ പറയും)

Monday, August 16, 2010

.മുഖം മാറുന്ന ബി ആര്‍ സികള്‍

അധ്യാപകര്‍ക്ക് മാതൃകാപരമായ അനുഭവങ്ങള്‍ ഒരുക്കുന്ന സ്ഥാപനമാണ്‌ ബി ആര്‍ സി കള്‍. സ്കൂളിന്റെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടാന്‍ ഒട്ടേറെ ഇടപെടലുകള്‍ നടക്കുമ്പോള്‍ ബി ആര്‍ സികള്‍ അത് കണ്ടറിഞ്ഞു പ്രവര്ത്തിക്കണ്ടേ? പഠനോപകരനങ്ങളുടെ പുതിയ സാധ്യത പരിചയപ്പെടുത്താനും ആകര്‍ഷകമായി അവ പ്രദര്‍ശിപ്പിക്കാനും എങ്ങനെയൊക്കെ കഴിയുമെന്ന് അന്വേഷിക്കുകയാണ് കുറെ ബി ആര്‍ സി കള്‍. ചുമരുകള്‍ പോലും പാഴാക്കാതെ പ്രയോജനപ്പെടുത്താമെന്നാണ് ഈ ബി ആര്‍ സിക്കാര്‍ പറയുന്നത്. പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ പറഞ്ഞു തുടങ്ങി ഇതുപോലെ തങ്ങളുടെ സ്കൂളും മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് പ്രചോദനം നല്‍കാന്‍ മറ്റു ബി ആര്‍ സി കളും ശ്രമിക്കട്ടെ.( ചിത്രങ്ങള്‍ നല്‍കിയത് കണിയാപുരം, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ ബി ആര്‍ സികള്‍ )

Sunday, August 15, 2010

.കൊച്ചു പഠനോപകരണങ്ങള്‍

കൊച്ചു കൊച്ചു പഠനോപകരണങ്ങള്‍


നാം അല്പം കണ്ണ് തുറന്നു നോക്കിയാല്‍ ഒത്തിരി ചെറിയ ചെറിയ വസ്തുക്കള്‍ ഉപകാരപ്രദമാണ് എന്ന് കണ്ടെത്താന്‍ കഴിയും.
നോക്കൂ, ഒരേ വലുപ്പമുള്ള കുറെ അടപ്പുകള്‍ ചേര്‍ത്ത് വെച്ച് ഒട്ടിച്ചപ്പോള്‍ സംഖ്യാ ബോധം, സംഖ്യാ വ്യാഖ്യാനം ,സങ്കലനം ഇവയ്കൊക്കെ പറ്റിയ ഉഗ്രന്‍ പഠനോപകരണം .
നടുവിലുള്ള അടപ്പില്‍ മഞ്ചാടിയോ കുന്നിക്കുരുവോ മറ്റു ചെറിയ വസ്തുക്കളോ ഇട്ടു സംഖ്യ വിശകലന പ്രശ്നങ്ങള്‍ സാധന സംയുക്തമായി പരിഹരിക്കാന്‍ കുട്ടിക്കാവും. ചെറിയ ക്ലാസ്സില്‍ ഇത്തരം പഠനോപകരണങ്ങള്‍ കൂട്ടായിനിര്‍മിക്കണം. അമ്മമാരെയും വിളിക്കണം ശില്പശാലയിലേക്ക്. അപ്പോള്‍ വീട്ടിലും വിദ്യാലയത്തിലും പഠനോപകരണ കിറ്റ്‌ കുട്ടിക്ക് സ്വന്തമായി ലഭിക്കും.( മഹേഷ്‌ ആണ് വാര്‍ത്ത തന്നത്)

സ്വാതന്ത്ര്യവും കുട്ടികളുടെ അവകാശവും.

 • ഒരു ബോര്‍ഡ് സ്കൂളില്‍ പ്രദര്‍ശിപ്പിക്കുക എന്നതിനര്‍ത്ഥം സ്കൂളിന്റെ മനസ്സ് സുതാര്യമാക്കുക എന്നാണ്.
 • കുട്ടികളെ ജനാധിപത്യം പഠിപ്പിക്കുന്ന വിനയ വിശാല ഹൃദയമുള്ള എല്ലാ സ്കൂളുകള്‍ക്കും ഇത്തരംബോര്‍ഡുകള്‍ ആവാം.
 • ആഗസ്റ്റ്‌ പതിനഞ്ചിന് കുട്ടികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാം.

aug-15

Saturday, August 14, 2010

തങ്കയം സ്കൂളിലെ നിരന്തര വിലയിരുത്തല്‍.തങ്കമോ തങ്കയമോ ഏതായാലും പേര് ശിശു സൌഹൃദ വിദ്യാലയം. പുറത്ത് ബോര്‍ഡ് ഉണ്ട്. "ഇവിടെ കുട്ടികളും അധ്യാപകരും സുഹൃത്തുക്കള്‍. ഒരു വിവേചനവും ഇല്ല ". അടുത്ത് അറിഞ്ഞപ്പോള്‍ ശരിയാണ് വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു വ്യത്ത്യാസവുമില്ല . ഒത്തിരി പറയാനുണ്ട് ഈ സ്കൂളിനെ കുറിച്ച്.ഇപ്പോള്‍ ഒരു കാര്യം മാത്രം പറയാം.
ഇവിടെ നിരന്തര വിലയിരുത്തലില്‍ മാതൃക വികസിപ്പിച്ചിരിക്കുന്നു. ടീച്ചിംഗ് നോട്ടില്‍ ഒരു ചെറു കോളം കൂടി. അത് വിലയിരുത്തല്‍ സൂചകങ്ങള്‍ എഴുതാന്‍. കൃത്യമായി ഇവ ഓര്‍ത്തിരിക്കാന്‍ പ്രയാസമുള്ളതിനാല്‍ ആണ് പ്രക്രിയാപേജില്‍ പുതിയ കോളം വരച്ചു കുറിക്കുന്നത്. ഉചിതമായ സമയം വിലയിരുത്തല്‍ നടത്താന്‍ ഈ കുറിപ്പുകള്‍ സഹായകം. വിലയിരുത്തല്‍ പേജു ഫുള്‍ പേജു തന്നെ.( ചില അധ്യാപകര്‍ നടപ്പ് പാത പോലെ മൂന്നു വിരല്‍ വീതിയില്‍ ഒഴിച്ചിടുന്ന ചടങ്ങ് കോളം അല്ല.) അപ്പപ്പോള്‍ വിലയിരുത്തല്‍. പിന്നെ ഓരോ കുട്ടിക്കും ഓരോ വിഷയത്തിനും പേജുണ്ട് .അതില്‍ പ്രധാന മേഖല തിരിച്ചു കുറിപ്പുകള്‍. ഓരോ കുട്ടിയുടെയും ഓരോ മാസത്തെയും വളര്‍ച്ച വ്യക്തമാക്കുന്ന ചെക്ക് ലിസ്റ്റ്. തീര്‍ന്നില്ല ഓരോ കുട്ടിയുടെയും പഠനതെളിവുകള്‍ സൂക്ഷിക്കുന്ന പോര്‍ട്ട്‌ ഫോളിയോ ഫയലുകള്‍. സ്കൂള്‍ കാസര്‍കോട് ജില്ലയില്‍ . ഓരോ സ്കൂളിനും കുട്ടികളുടെ പഠന മികവു കണ്ടെത്തി അവരെ മുന്നോട്ട് നയിക്കാന്‍ ഇത്തരം മാതൃകകള്‍ ദിശാബോധം നല്‍കും.

Thursday, August 12, 2010

പഠനത്തിന്റെ തെളിവുകള്‍ നിറയുന്ന ബാഗുകള്‍

gi
കുട്ടികള്‍ ക്ലാസ്സില്‍ ചിലവഴിക്കുന്ന ഓരോ ദിവസവും അവശേഷിപ്പിക്കുന്ന ഒട്ടേറെ നേട്ടങ്ങളെ നിങ്ങള്‍ സൂക്ഷിച്ചു വെക്കാരുണ്ടോ . ചെറിയ ചെറിയ നിറങ്ങള്‍ അവയുടെ പൊലിമ അത് സൂക്ഷിക്കുന്നു എന്നറിയുമ്പോഴുള്ള ആഹ്ലാദം. അംഗീകാരത്തിന്റെ തിളക്കം വിരിയുന്ന കണ്ണുകള്‍. കുട്ടികളെ സ്നേഹിക്കുന്ന മാതാപിതാക്കള്‍ അവരുടെ മക്കളുടെ വളര്‍ച്ചയുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നപോലെ ക്ലാസ്സിലെ കുട്ടികളുടെ വളര്‍ച്ചയുടെ നേര്‍ ചിത്രങ്ങള്‍ നമ്മള്‍ക്ക് കരുതി വെക്കാം. എങ്ങനെ സൂക്ഷിക്കും എന്നാണോ. അതിനു ലളിതമായ മാര്‍ഗങ്ങള്‍ അന്വേഷിച്ചു തുടങ്ങിയ അധ്യാപകര്‍ സൃഷ്ടിച്ച ചില സാധ്യതകള്‍ ഇതാ. കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്ന ഫയലുകള്‍ , തുണിയില്‍ തുന്നിയെടുത്ത പോര്ട്ടുഫോളിയോ ബാഗുകള്‍ ഇവയൊക്കെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. (ചിത്രങ്ങള്‍-നല്‍കിയത് കണിയാപുരം ബി ആര്‍ സി, ചങ്ങനാശ്ശേരി ബി ആര്‍ സി പുത്തൂര്‍ യു പി എസ് പാലക്കാട്, ചെറുവത്തൂര്‍ ചിറ്റാരിക്കല്‍, കിനാനൂര്‍ , കയ്യൂര്‍ ചീമേനി പ്രദേശങ്ങളിലെ സ്കൂളുകള്‍,വര്‍ക്കല ജി എല്‍ പി എസ് ശ്രീനിവാസപുരം )

Wednesday, August 11, 2010

ഹായ്. മാധുര്യമുള്ള ഇംഗ്ലീഷ് ക്ലാസുകള്‍..


ഗീത ടീച്ചര്‍ കഥ പറയുന്നത് (ആഖ്യാനം അവതരിപ്പിക്കുന്നത്‌)മലയാളത്തിലായാലും ഇംഗ്ലീഷിലായാലും അതൊരു അപൂര്‍വ അനുഭവമാണ്. ടീച്ചറും കുട്ടികളും ആ കഥയില്‍ ലയിച്ചു പോകും. ആ ഭാവം ആ അവതരണം ഒന്നാം ക്ലാസിന്റെ വസന്തം.
ഭാഷാ പഠനത്തിന്റെ പുതിയസമീപനത്തില്‍ ടീച്ചര്‍ വെള്ളം ചേര്‍ക്കാറില്ല. ഉറച്ച വിശ്വാസം. കുട്ടികളുടെ കഴിവിലും പഠന രീതിയിലും.
അതുകൊണ്ടാണല്ലോ സ്കൂള്‍ തുറന്നപ്പോള്‍ രക്ഷിതാക്കള്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചില്ലെങ്കില്‍ ടി സി വാങ്ങി പ്പോകുമെന്നു ഭീഷണി മുഴക്കിയിട്ടും പതറാതെ അവരോടു മൂന്നു മാസത്തെ സാവകാശം ചോദിച്ചത്.
ടീച്ചര്‍മാരുടെ വാക്കിനു പൊന്നു വിലയല്ലേ. ജൂണ്‍ജൂലൈ.... ആഗസ്റ്റ്‌ ...മൂന്നുമാസം കഴിഞ്ഞപ്പോള്‍ മറക്കാതെ ക്ലാസ് പി ടി എ വിളിച്ചു. അവരുടെ മുമ്പാകെ ക്ലാസ് എടുത്തു കാണിച്ചു. കുട്ടികള്‍ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുകയും വായിക്കുകയും ചെയ്യുന്നത് അമ്മമാര്‍ കണ്ടു മനസ്സ് കുളിര്‍ത്തു.
ഇരുപത്തിമൂന്ന് കുട്ടികളുടെയും അമ്മമാര്‍ക്ക് ആനന്ദിക്കാം. ഗീതടീച്ചറിന്റെ ഒന്നാം ക്ലാസിലാണ് എന്റെ കുട്ടി പഠിക്കുന്നതെന്നതില്‍ അഭിമാനിക്കാം.
അക്ഷര രാജന്റെ അമ്മ ഇങ്ങനെ പറഞ്ഞു." ഇംഗ്ലീഷ് മീഡിയം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇവിടുത്തെ പഠനത്തില്‍ എല്ലാം ഉണ്ട്. ഇത് മറ്റു രക്ഷിതാക്കളും മനസ്സിലാക്കണം.."

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ബി ആര്‍ സി യുടെ ലാബ് സ്കൂളാണ് ആലപ്ര സര്‍ക്കാര്‍ വിദ്യാലയം. അവിടെയാണ് ഗീത ടീച്ചര്‍ .
ബി ആര്‍ സി യുടെ പിന്തുണയും ടീച്ചറിന് കരുത്തു പകരുന്നു. മിനിടീച്ചറുടെ സഹായവും.
ഇടയ്കിടെ ടീം ടീച്ചിംഗ് അവിടെ നടക്കും. ഗവേഷണ സ്വഭാവമുള്ള അധ്യയനം അവിടെ ഏറ്റെടുത്തിരിക്കുന്നു. മറ്റു സ്കൂളിലേക്കുമത് വ്യാപിക്കട്ടെ.

Tuesday, August 10, 2010

ക്ലാസ്പത്രങ്ങളുടെ കാലം വരവായി.


അച്ചടിച്ച പത്രങ്ങള്‍ സ്കൂളില്‍ നിന്നും എല്ലാ മാസവും അല്ല എല്ലാ ദിവസവും .. അതും കുറഞ്ഞ ചിലവില്‍ മറ്റാരെയും ആശ്രയിക്കാതെ.എന്താ വിശ്വാസം വരുന്നില്ലേ. സ്കൂളില്‍ കമ്പ്യൂട്ടര്‍ ഉണ്ടോ സന്നദ്ധതയുള്ള ഒരു മനസ്സുണ്ടോ താല്പര്യമുള്ള ഒരു ടീച്ചര്‍ ഉണ്ടോ പഠനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എങ്കില്‍ എളുപ്പമായി. നമ്മള്‍ക്ക് ഒരു പത്രം പ്രസിദ്ധീകരിക്കാം. ഒറ്റ കോപ്പി മതി. ഇത്തിരി വലുപ്പത്തില്‍ പ്രിന്റ്‌ എടുത്തു ചുമരില്‍ ഒട്ടിച്ചാല്‍ എല്ലാവര്‍ക്കും വായിക്കാം. ഓ എങ്ങനെ എന്നറിയാന്‍ തിടുക്കമായോ .പാലക്കാട്ട് ബി ആര്‍ സിയിലെ ഹരിസെന്തില്‍ മിനിട്ടിനുള്ളില്‍ മിനിട്സ് എന്നൊരു പത്രം ഇറക്കി. സംഗതി നിസ്സാരം. കംപ്യുട്ടര്‍ തുറക്കുക.ആള്‍ പ്രോഗ്രാം ...മൈക്രോസോഫ്ട്‌ ഓഫിസ്... പബ്ലിഷേര്‍ ക്ലിക്ക് ചെയ്യുക .പല പ്രസിദ്ധീകരണ ഓപ്ഷനുകള്‍. അതില്‍ ന്യുസ് ലെറ്റര്‍ ക്ലിക്ക് ചെയ്‌താല്‍ പത്രത്തിന്റെ പലതരം ലേ ഔട്ട് .ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക .ക്ലിക്ക് ചെയ്യൂ. അത് വലുപ്പത്തില്‍ വരും. ഇംഗ്ലീഷില്‍ ഉള്ളതൊക്കെ ഓരോന്നായി കട്ട് ചെയ്തു മാറ്റുക. പേജ് മേക്കറില്‍ മുന്‍കൂട്ടി ടൈപ് ചെയ്തുവച്ച വാര്‍ത്തകള്‍ കോളങ്ങളില്‍ പേസ്റ്റ് ചെയ്യൂ. ഫോട്ടോകളും ചേര്‍ക്കാം. പത്രം റെഡി. ജെ പി ജി ഓപ്ഷനില്‍ സേവ് ചെയ്തോളു. പിന്നെ ഇഷ്ടമുള്ള സൈസില്‍ പ്രിന്റ്‌ ചെയ്തു പ്രസിദ്ധീകരിക്കാന്‍ ഒരു ഡി ടി പി സെന്ററിന്റെ സഹായം കൂടി തേടുക. വളരെ വളരെ നിസ്സാരം . ഞാന്‍ തന്നെ സാക്ഷ്യം. ചിത്രത്തില്‍ കാണുന്ന പത്രം ഉണ്ടാക്കാം എന്ന പത്രം ഞാന്‍ രൂപകല്‍പന ചെയ്തു നോക്കിയതാ . എങ്ങനെയുണ്ട് ? പത്രത്തിലെ ഫോട്ടോ ചെറുവത്തൂരിലെ സ്കൂളുകള്‍ തയ്യാറാക്കിയ പത്രം വായിക്കുന്ന കുട്ടികളുടെതും .
ചുമര്‍ മാസിക നിര്‍മിക്കാനും പറ്റുമേ. ആവിഷ്കാരത്തിന്റെ പുതിയ പുതിയ വഴികളിലൂടെ സ്കൂള്‍ സഞ്ചരിക്കാന്‍ പിന്തുണ.

Monday, August 9, 2010

യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ തെരുവോര പരിപാടി.മുദ്രാവാക്യങ്ങളുടെ പതിവ് ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ട കവല കാതു കൂര്‍പിച്ചു. ഇംഗ്ലീഷിലാണ് , കുട്ടികളാണ്, പ്ലക്കാര്‍ഡുകളും ഇംഗ്ലീഷില്‍ , എന്താ കാര്യം?
കുട്ടികള്‍ക്ക് കൂസലില്ല. അവര്‍ തെരുവില്‍ യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ പ്രഭാഷണവും നടത്തി. ഇംഗ്ലീഷില്‍ കൊറിയോഗ്രാഫി, ചിത്ര പ്രദര്‍ശനം ഇതൊക്കെ അരങ്ങേറി. കണ്ടു നില്‍ക്കുന്നവര്‍ക്കും പണി കൊടുക്കാന്‍ കുട്ടികള്‍ മറന്നില്ല. എല്ലാവര്‍ക്കും വെള്ള കടലാസ് നല്‍കി. ഇംഗ്ലീഷില്‍ നിര്‍ദേശവും. പറഞ്ഞപോലെ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും സടാക്കോ കൊക്കിനെ കിട്ടി. അതില്‍ കുട്ടികളും നാട്ടുകാരും അധ്യാപകരും ഇംഗ്ലീഷില്‍ സന്ദേശങ്ങള്‍ എഴുതി ചില്ലകളില്‍ പിടിപ്പിച്ചു. പിന്നെ ഇംഗ്ലീഷിലുള്ള ക്വിസ്, നാട്ടുകാരോട് തന്നെ.
പൊതുസമൂഹത്തെ സാക്ഷി നിര്‍ത്തി ലോക സമാധനത്തിന്‍ പാഠങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഇംഗ്ലീഷിലുള്ള കഴിവിന്റെ പ്രകാശനം കൂടിയായി. അവനവഞ്ചേരിയിലെ ഗവ എച് എസ് പ്രൈമറി വിഭാഗം ക്ലാസുകളിലെ കുട്ടികളാണ് ദിനാചരണത്തിന് തെരുവോര ഭാഷ്യം നല്‍കിയത്. ഈ സാധ്യത ഇനിയും തുടരും. ആറ്റിങ്ങല്‍ ഉപ ജില്ലയിലെ ഇംഗ്ലീഷ് കോര്‍ ഗ്രൂപ്പ് ആണ് തനിമയാര്‍ന്ന പരിപാടിയുമായി ശ്രദ്ധ ആകര്‍ഷിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം ഇംഗ്ലീഷ് ആവിഷ്കാരങ്ങള്‍ ഉണ്ടാകും. അതിന്റെ ട്രൈ ഔട്ട് കൂടിയായിരുന്നു നടന്നത്.( വാര്‍ത്തയും ചിത്രങ്ങളും എത്തിച്ചത് വൃന്ദ ടീച്ചര്‍- ആറ്റിങ്ങല്‍ ബി ആര്‍ സി. നന്ദി)

Sunday, August 8, 2010

ആഗസ്റ്റ്‌ പറയുന്നു..

" മക്കളെ... അമ്മയ്ക്ക് പറയാനുള്ളത് അമ്മയ്ക്ക് വേണ്ടി കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കണം . അത് ഒരു തീവ്രമായ വൈകാരികമായ അനുഭവമാകും അവെര്‍ക്കെന്ന പോലെ എനിക്കും നിങ്ങള്‍ക്കും......"
സ്വാതന്ത്ര്യ ദിനത്തെ ഈ വര്‍ഷം സ്കൂള്‍എങ്ങനെയാണ് ഭാരതത്തിന്റെ സ്നേഹോജ്വലമായ നിമിഷങ്ങളാക്കി മാറ്റുക ?
മൂന്നു വര്‍ഷം മുമ്പ് കൂട്ടക്കനി സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനം അനുഭവിക്കാന്‍ അവസരം കിട്ടിയതോര്‍മയില്‍ ഇപ്പോഴും.
അന്നാണ് അവിടെ എല്ലാ കുട്ടികളും ഖദര്‍ യൂണിഫോമായി ധരിക്കാന്‍ തീരുമാനിച്ചത്, നടപ്പാക്കിയത്.
തൂവെള്ള ഖദര്‍ ധരിച്ച കുട്ടികളുടെ ആവേശം തുടിക്കുന്ന റാലി. എല്ലാ കുട്ടികളിലും മൂവര്‍ണം നിറഞ്ഞു നിന്നു. പെണ്‍കുട്ടികളുടെ വളകള്‍, റിബ്ബണ്‍ ,ഹെയര്‍ ബാന്‍ഡ്... ആണ്‍കുട്ടികളുടെ തൊപ്പി, ബാഡ്ജ് .. കൂടാതെ സര്‍വ സ്ഥലവും മൂവര്‍ണമാക്കി . മൂവര്‍ണത്തില്‍ പക്ഷികള്‍ ,തോരണങ്ങള്‍,...ഇങ്ങനെ ..മൂവര്‍ണത്തെ അവര്‍ മനസ്സില്‍ ഉറപ്പിച്ചത് മറ്റാരും പറഞ്ഞിട്ടല്ല .അവര്‍ സ്വാതന്ത്ര്യ ചരിത്രം അന്ന് ആവിഷ്കരിക്കുക
കൂടി ചെയ്തു. സ്വാതന്ത്ര്യച്ചരിത്ര തിരുവാതിരയും ഒപ്പനയും ഡോക്ക്യു ഡ്രാമയും ..അതിനു വേണ്ടി ചരിത്ര പുസ്തകങ്ങള്‍ വായിച്ചു.മുഹൂര്‍ത്തങ്ങള്‍ നിശ്ചയിച്ചു. ഓരോരുത്തരുടെയും ചുമതലകള്‍ തീരുമാനിച്ചു.ഇന്ത്യ ഒരു വികാരമായി അവരുടെ മനസ്സിലേക്ക് പടര്‍ന്നു.. ഒരു ഗ്രാമം മുഴുവന്‍ ആ സ്കൂളിലേക്ക് ഒഴുകിയെത്തി . അവിസ്മരണീയം. ഇതിനൊക്കെ പിന്നില്‍ കൊടക്കാട് നാരായണന്‍ മാഷും.
ആഗസ്റ്റ്‌ പിറന്നപ്പോള്‍ ഞാന്‍ കടയില്‍ അന്വേഷിച്ചു. കുട്ടികള്‍ക്കുള്ള മൂവര്‍ണക്കൊടിയും ബാഡ്ജും റിബ്ബണും ബലൂണും വളയുമൊക്കെ വന്നിട്ടുണ്ടോ?.. ഉണ്ട്. ഇനി സ്കൂളുകള്‍ ആ ദിനത്തിനായി കുട്ടികളെ തയ്യാറാക്കിയാല്‍ മതി.
നിങ്ങളുടെ സ്കൂള്‍ ഭാരതത്തിന്റെ എല്ലാ പ്രതീക്ഷകളെയും ഉള്‍ക്കൊണ്ടു നാടിനെ വിളിക്കണം. ഒപ്പം കൂടാന്‍ വിളിക്കുമോ.?
ഞായര്‍ അവധി ദിനമല്ലല്ലോ നമ്മള്‍ക്ക്.

മാറ്റം പ്രകടം.


കാസര്‍കോട് നാലിലാം കണ്ടം സ്കൂളിലെ നാലാം ക്ലാസിലെ എല്ലാ കുട്ടികളുടെയും ബുക്ക് കാണാന്‍ ഭാഗ്യമുണ്ടായി. നാം എന്താണോ ആഗ്രഹിക്കുന്നത് അത് സാക്ഷാത്കരിച്ചു മുന്നേറുന്നു. ഭാഷയിലെ വളര്‍ച്ച ഓരോ കുട്ടിയുടെയും എഴുത്തില്‍ തിളങ്ങുന്നു. സ്വന്തം ഭാഷയിലാണ് രചനകള്‍. വ്യക്തിഗത പ്രവര്‍ത്തനത്തിനു ശേഷം ഗ്രൂപ്പ് വര്‍ക്കിലേക്ക് ഒരു പടവ് കയറ്റമാണ്. ആ ചെറു കൂട്ടായ്മ ഒത്തിരി തിരിച്ചറിവുകള്‍ നല്‍കും. ഉടന്‍ ഓരോരുത്തരും നിര്‍ദേശം കൂടാതെ സ്വന്തം എഴുത്തിനെ വിശകലനം ചെയ്യും. മെച്ചപ്പെടുത്തും. ഗ്രൂപുകളുടെ അവതരണവും ടീച്ചറുടെ രചനയും ചര്‍ച്ചയും കഴിയുമ്പോള്‍ എല്ലാവരും ഒരു പടി കൂടി കയറിയിരിക്കും. അത് അവര്‍ക്ക് നല്‍കുന്ന വെളിച്ചം സ്വന്തം രചനയെ മിനുക്കി എടുക്കുന്നതിനു പ്രേരകം . ഓരോ ക്ലാസ്സിലും കാണെ കാണെ കുട്ടികള്‍ വളരുന്നു ഭാഷയില്‍
. ( ചിത്രത്തില്‍ മൂന്ന് പടവുകളും വ്യക്തം .)
പ്രകടമായ മാറ്റം എല്ലാവരിലും ഉണ്ടാക്കുക ,ഒരു കുട്ടി പോലും പിന്നിലാവില്ലെന്നു ഉറപ്പു വരുത്തുക, എല്ലാവരെയും നേട്ടത്തിന്‍ ഉടമകളാക്കുക..എന്നൊക്കെ പറയുന്നത് പാഴ്വാക്കല്ലെന്നു ഒത്തിരി ടീച്ചര്‍മാര്‍ കര്‍മം കൊണ്ട് തെളിയിക്കുന്നു. അവരാണ് വര്ത്തമാനകാലത്തിനു അര്‍ഥം നല്‍കുന്നത്.

പത്താം പാഠം കഴിയുന്നു.


ചൂണ്ടുവിരല്‍ സന്ദര്‍ശിച്ച എല്ലാ വിദ്യാഭ്യാസ പ്രവര്‍ ത്തകര്‍ക്കും നന്ദി. കൂടുതല്‍ സ്കൂള്‍ വിശേഷങ്ങളിലേക്ക് കൂടുതല്‍ ലക്ഷ്യബോധത്തോടെ പുതിയ പാഠങ്ങള്‍..
അനുഭവങ്ങള്‍ എത്തിച്ചു നല്‍കാന്‍ മടിക്കേണ്ട. വിരല്‍ ചൂണ്ടാനും.

Saturday, August 7, 2010

പാലക്കാട് ജില്ലയിലെ കുട്ടികള്‍ നേട്ടത്തിന്റ നെറുകയിലേക്ക്.
പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷ് അനായാസം ഉപയോഗിക്കാന്‍ കഴിവ് നേടുക എന്നത് അപ്രാപ്യ മായ സംഗതി അല്ല. പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ഇപ്പോള്‍ പറയാന്‍ കഴിയും ഞങ്ങളുടെ കുട്ടികള്‍ ഇംഗ്ലീഷ് ഭാഷയില്‍ മുന്നേറുകയാണെന്ന് . അതിന്റെ വിളംബരമായിരുന്നു ആഗസ്റ്റ്‌ ഏഴിന് വെള്ളനേഴി ഗവ എല്‍ പി എസില്‍ നടന്നത്. റേസ് എന്ന പേരില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന സവിശേഷ പരിപാടിയുടെ ഉദ്ഘാടനത്തിലാണ് കുട്ടികള്‍ അവര്‍ ആര്‍ജിച്ച കഴിവുകള്‍ പരസ്യമായി പ്രകടിപ്പിച്ചത് . അദ്ധ്യയനത്തിന്റെ അനുഭവം പങ്കു വെക്കാന്‍ ടീച്ചര്‍മാര്‍ക്ക് നൂറു നാവ് .ഓരോ പഞ്ചായത്തിലും പ്രാദേശിക റിസോഴ്സ് പെഴ്സന്‍സ് അവരവരുടെ ക്ലാസ്സുകളില്‍ നടത്തിയ ട്രൈ ഔട്ട് ക്ലാസ്സുകള്‍ പുതിയ രീതി പ്രായോഗികവും ഫലപ്രദവും ആണെന്ന് സ്വയം ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും സഹായകവുമായി. തെളിവുകളുമായാണ് അധ്യാപകര്‍ എത്തിയത്. ശരിക്കും ശരിയായ പ്രക്രിയ നടത്തിയതിന്റെ വിളവെടുപ്പ്. അത് ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആവേശവും പ്രതീക്ഷയും നല്‍കി. രക്ഷിതാക്കള്‍ക്കും മറക്കാനാവാത്ത അനുഭവം. ഇനി എല്ലാ വിദ്യാലങ്ങളിലെക്കും റേസ്‌ വ്യാപിക്കുകയാണ്. മറ്റു ജില്ലകളിലും സമാനമായ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അവ ചിട്ടയായി നടത്താന്‍ നമ്മള്‍ക്ക് പിന്തുണ നല്‍കാം.

Friday, August 6, 2010

ഈ വിദ്യാലയത്തില്‍ ബാല
കോഴിക്കോട് ഫറോക്കില്‍ ഒരു സ്കൂള്‍ ഉണ്ട്. കെട്ടിടം മുഴുവന്‍ പഠനോപകരണം(ബാല-ബില്‍ടിംഗ് ആസ് എ ലേണിംഗ് എഇട് . ). ഗണിതവത്കരിച്ചു മാതൃക കാട്ടി. അവധിക്കാല പരിശീലനത്തില്‍ കേട്ടത് നടപ്പാക്കാന്‍ ഹെഡ് മാസ്റര്‍ തന്നെ മുന്‍കൈ എടുത്തു. കതകു പാളികളും ചുമരും പടികളും ഗണിതമയം.എന്റെ ഉയരം എത്രയുണ്ട്? ഞാന്‍ വളര്‍ന്നോ എന്നൊക്കെ അറിയാന്‍ ചുമരില്‍ പല ഇടങ്ങളില്‍ മീറ്റര്‍ അടയാളപ്പെടുത്തിയിരിക്കുന്നു പാറ്റെനും രൂപങ്ങളും ഭിന്നങ്ങളും . ഇനി തൂണുകള്‍ക്കു ഗണിതക്കുപ്പയം നല്‍കാനുള്ള ആലോചനയിലാണ് സ്കൂള്‍.
അല്ലെങ്കിലും ഈ സ്കൂള്‍ കുട്ടികളുടെ പ്രിയപ്പെട്ട വീടാണല്ലോ. ഓരോ ക്ലാസിന്റെയും പേര് അത് വിളിച്ചോതും .മുല്ല, തത്ത, കാവേരി എന്നൊക്കെ.. കുട്ടികള്‍ പറയും ഞങ്ങള്‍ തത്തക്ക്ലാസ്സിലാണ് പഠിക്കുന്നത്!ഞങ്ങള്‍ മുല്ലക്ലാസ്സില്‍....
അമ്മമാര്‍ എന്നുമെത്തും ടീച്ചര്‍മാരെ സഹായിക്കാന്‍. അവര്‍ക്കറിയാം ഇവിടുത്തെ ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ളവരാണെന്ന്. കാലിക്കറ്റ് ഓര്‍ഫനേജ് എല്‍ പി സ്കൂള്‍ ഒരു സ്നേഹ വിദ്യാലയം. പുതിയ സാധ്യതകളുടെ അന്വേഷണ ശാല.