ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, May 30, 2020

നിളയും വിസ്മയയും വരയ്കുന്ന ജീവിതം

നിളയുടെയും വിസ്മയയുടെയും ഡയറിത്താളുകളാണ്. കുറേയുണ്ട്. അതില്‍ നിന്നും ചിലതുമാത്രമാണ് പങ്കിടുന്നത്
 • ഓര്‍മകളുടെ തിളക്കം
 • ഭാഷയുടെ സംക്ഷിപ്തത
 • ചിത്രങ്ങളുടെ കുട്ടിത്തവും വിനിമയ ക്ഷമതയും
 • ആശയപ്രകാശനത്തിന്റെ സൂക്ഷ്മചിന്ത
 • കുഞ്ഞുചിന്തകളും വീക്ഷണങ്ങളും
സചിത്ര ഡയറി എന്നത് ഒരു നല്ല ഭാഷാനുഭവമാണ്. അത് കൗതുകം മാത്രമല്ല, എഴുത്തിന്റെ സര്‍ഗാത്മകതയും ആത്മാംശത്തിന്റെ മാധുര്യവും വാക്കുകളുടെ കരുതലോടെയുളള പ്രയോഗവും എല്ലാമാണ്. കുറച്ചെഴുതി കൂടുതല്‍ പറയാനുളള ശ്രമം രണ്ടു പേരും കാണിക്കുന്നു. കറുപ്പും വെളുപ്പുമാണ് ചിത്രങ്ങള്‍ക്ക്.
നമമുടെ ക്ലാസുകള്‍ ഭൂപടം, ജ്യാമതീയ രൂപങ്ങള്‍, ശാസ്ത്രപുസ്തകം നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ എന്നിവ മാത്രം വരയ്കുന്നതിനുളളതാണോ? ഡ്രോയിംഗ് പീരീഡുകളിലെ ചിത്രരചനയ്കുമപ്പുറം ഭാഷാസാംസ്കാരികാവിഷ്കാരം എന്ന നിലയില്‍ ചിത്രങ്ങളെ കാണാറുണ്ടോ? കാര്‍ട്ടൂണ്‍ ഡയറി എഴുതാനായി നല്‍കിയ പ്രവര്‍ത്തനത്തിന് കുട്ടികളില്‍ നിന്നും മികച്ച പ്രതികരണമാണ് കിട്ടിയത്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. എത്ര ഗൗരവത്തോടെയും താല്പര്യത്തോടെയുമാണ് അവര്‍ ഏറ്റെടുത്തത്. ഇന്ന് നിളയ്കും വിസ്മയയ്കുമൊപ്പം
ശനിയാഴ്ച് നല്ല ദിവസമായിരുന്നു. എന്തേ നല്ല ദിവസം? അന്നല്ലേ നിള കൊതിപ്പിക്കുന്ന പൂച്ചയെ കണ്ടത്. പാലുകുടിച്ചു വീര്‍ത്ത ആ പൂച്ച നമ്മളെത്തന്നെ നോക്കുന്നുണ്ടല്ലോ.
ഉപ്പിലിട്ട നെല്ലിക്കയുടെ ഭരണി നിള തുറന്നുവെച്ചതെന്തിനാകും?ഉപ്പും എരിവും ഹാ പറയാന്‍ വയ്യ എന്നു നിള പറഞ്ഞാല്‍ പിന്നെ വായില്‍ വെളളമൂറാതിരിക്കുമോ? ഇതാണ് കരുത്തുറ്റ ഭാഷ
നിളയുടെ പിറന്നാള്‍കുറിപ്പില്‍ അവള്‍ ആ ചിത്രം വരച്ചില്ലായിരുന്നെങ്കില്‍ അച്ഛന്‍ സങ്കടപ്പെട്ടുപോയേനെ. മുട്ടറ്റമുളള പുുകുപ്പായത്തിലെ ഒരു പിറന്നാള്‍ചിത്രത്തിന് ഫോട്ടോയേക്കാള്‍ മധുരം.
വിസ്മയയും ഓര്‍ക്കുകയാണ് . തന്റെ ഡയറിത്താളിലേക്കുളള തന്നെ വിസ്മയിപ്പിച്ച ദിനങ്ങള്‍.ആദ്യത്തെ കലോത്സവവേദി കഥാകഥനം കൊണ്ടാ പൊടി പൊടിച്ചത്. അതും രണ്ടാം ക്ലാസില്‍, പിന്നെ പിന്നെ അതൊക്കെ പതിവ് ആഘോഷങ്ങളായി എന്നു പറയുമ്പോള്‍ അതിലൊരു ചെടിപ്പ്. പിന്നെ ഒന്നാം ക്ലാസില്‍ വെച്ച കഥാകഥനത്തിന് സ്റ്റേജില്‍ കയറി കരഞ്ഞുകൊണ്ടിറങ്ങിപ്പോന്നതാണേ. അത് വേറൊരു ഡയറിക്കുറിപ്പിലാക്കാം.
രണ്ടായിരത്തി പതിനഞ്ചിലെ രംഗമാണ് കാണുന്നത്. കുട്ടികള്‍ മേശപ്പുറത്ത് കൈ വെച്ച രീതി നോക്കൂ. മൂന്നു സ്റ്റൈല്‍. നാലാം ക്ലാസുവരെ ഒന്നിച്ചു പഠിച്ചു വന്നവരെ അഞ്ചില്‍ വെച്ച് വേര്‍തിരിച്ചു ഡിവിഷനുണ്ടാക്കിയത് എങ്ങനെ മറക്കും. വിസ്മയയും ദേവികയും ഐഫയും ഒന്നിച്ച് ഒരേ ബഞ്ചിലായി. വേര്‍പിരിയാത്ത ചങ്ങാത്തം
മീനിനുമുണ്ടാകില്ലേ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാര്യങ്ങള്‍? നിളയുടെ ചോദ്യമാണ്. മീന്‍ അവളെ വിളിക്കാറുമുണ്ട്.
പുതിയ വീ‍ിനു മുന്നില്‍ ചേച്ചിയും അനുജത്തിയും. ബോധിച്ചോ ബോധി?
സ്കൂളില്‍ ഒരു ക്ലാസ് സദ്യ. ഓരോരുത്തരും വിഭവങ്ങള്‍ കൊണ്ടുവരണം. പക്ഷേ തലേന്ന് അമ്മയ്ക് അസുഖമായി. വിജശ്രീ ടീച്ചറാണ് എല്ലാം പരിഹരിച്ചത്. വിസ്മയയുടെ മുഖഭാവം നോക്കൂ
നാലാം ക്ലാസിലെ കണ്ണുകെട്ടി കലമടി മത്സരരംഗം സ്വയം കണ്ണടച്ച് പകര്‍ത്തിയപ്പോള്‍.
സംസ്കൃതം സാറിന്റെ ഒരു ചിത്രം താടിയും മീശയും നീളന്‍ജുബ്ബായും പിന്നെ പോപ്പിന്‍സും
മൂന്നു വയസുളളപ്പോള്‍ ആണ് വേറിട്ട ചിത്രരചനാരീതി നോക്കുന്നത്. അതാകട്ടെ കസേരയില്‍ ടൂത്ത് പേസ്റ്റുകൊണ്ടും. അച്ഛന്‍ കസേരയില്‍ ഇരിക്കാനായി വന്നു. അമ്മ തടഞ്ഞില്ലായിരുന്നെങ്കില്‍..ഓര്‍മകളുടെ കൊളാഷില്‍ എന്തെല്ലാം?
നീളത്തില്‍ വളരാനായി മുടി മുറിക്കുന്നതിന്റെ കാര്യാ. മുടി മുറിച്ച ശേഷം കണ്ണാടിയല്ലേ കഥ പറയുക. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമെല്ലാം പ്രിയമാണല്ലോ കണ്ണാടി. എഴുതാത്തതിനേക്കാള്‍ കൂടുതല്‍ വരയിലുണ്ട്. കണ്ണാടിക്കു മുമ്പിലെയും കണ്ണാടിയിലേയും ചിത്രബോധവും കാണണേ.
ട്രോഫി വാങ്ങികൈയില്‍ പിടിച്ചപ്പോള്‍ എല്ലാവരും ചിരിക്കുകയും കൈകൊട്ടുകയും ചെയ്തു. അതെങ്ങനെ മറക്കും?സചിത്രക്കുറിപ്പാണഴക്.
മിണ്ടിലില്ലേതും ഞങ്ങള്‍ പരസ്പരം ഇഷ്ടമാണ്. അതാണ് നിള വെളിവാക്കിയ രഹസ്യം. ഗൗതമിയെ തത്തേന്നു വളിക്കുമ്പോള്‍ ഒരു സ്നേഹം ഉറവപൊട്ടുന്നില്ലേ?
ഐഫയാണ് ആദ്യചെങ്ങാതി. കണ്ടിട്ടു നാളേറെയായി.യു കെ ജിയിലെ കുട്ടിക്കസേരയില്‍ നിന്നൊരു ഓര്‍മക്ലിക്ക്.
ആ വാഹനവും കേള്‍വിക്കാരും മതി കാര്യം പറഞ്ഞുതരാന്‍. അവിടെ എഴുത്ത് ആവശ്യമില്ല. എഴുതാതിരിക്കുന്നതാണ് എഴുത്ത്. ഒകെ .
എനിക്കേറെ ഇഷ്ടപ്പെട്ട ഡയറിത്താളുകളിലൊന്നാണിത്. മാനത്തെന്തേ നീലനിറം? ചാഞ്ഞു കിടക്കുന്ന കപ്പിനു താളെ ജല തരംഗം, സാന്ദ്രതക്കുപ്പി, പത്രവാര്‍ത്തയിലെ ഫോട്ടോ. ആ വാര്‍ത്തയുടെ ചരിഞ്ഞ വിന്യാസം. ശാസ്ത്രമേളയിലെ വിജയത്തിന്റെ കുറിപ്പ് . കുറഞ്ഞ വാക്കുകളാല്‍ സമൃദ്ധമായ ആശയവിനിമയം.

2009 June 1
പുതിയ വര്‍ഷം കുട്ടികളുടെ സചിത്ര ഡയറികള്‍ക്കും ഒരിടം കൊടുക്കാം
എന്നും എഴുതേണ്ടതല്ല
പക്ഷേ അതൊരു സര്‍ഗാത്മകാവിഷ്കാരമാണ്
അവര്‍ അവരിലെ ഭാഷാത്തനിമ കണ്ടെത്തുന്ന പ്രവര്‍ത്തനമായി മാറണം
അധ്യാപികയ്കുമാകാം.

Friday, May 29, 2020

പാട്ടും കഥയും ഗണിതവും റീഷ്മടീച്ചറും


ഒരു പ്രൈമറി സ്കൂള്‍ അധ്യാപിക കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ പാട്ട് .അപ്പുവിൻ്റെ കണക്ക് എന്നാണ് ശീര്‍ഷകം.
പാട്ട് ഞാന്‍ ആസ്വദിച്ചു. കാരണം അതില്‍ ഗണിതകുസൃതിയുണ്ട്.
ഗുണനവസ്തുതയാണ് പരമാര്‍ശവിഷയം. കുട്ടിക്ക് ആ ധാരണയുണ്ടെങ്കില്‍ ഈ പാട്ട് ആസ്വദിക്കും. ചില പാട്ടുകള്‍ ഗണിതക്ലാസില്‍ പാടണം. അത് ഗണിതാശയരൂപീകരണത്തിനാകണമെന്നില്ല. ഗണിതധാരണയുടെ ആസ്വാദനപ്രയോഗം അനുഭവിക്കാനാണ്
പാട്ട് വായിക്കൂ.
അപ്പുവിൻ്റെ കണക്ക്
അമ്മിണിച്ചേട്ടത്തിയന്നൊരു നാൾ
അപ്പമൊരഞ്ചാറ് ചുട്ടുവച്ചു.
അപ്പുവും അമ്മുവും ഓടിയെത്തി
അപ്പത്തിനായിട്ടടിപിടിയായ്!
" അപ്പമെനിക്കഞ്ച് വേണ" മെന്ന്
അപ്പു ചൊന്നതമ്മൂം ഏറ്റു പാടി.
" അപ്പമതഞ്ചാറേ ചുട്ടതുള്ളൂ
അതിന്നഞ്ച് എങ്ങനൊരാൾക്കു നൽകും?"
അടിപിടി കൂടുന്ന പിള്ളേരോടായ്
അമ്മിണിച്ചേട്ടത്തിയാരാഞ്ഞപ്പോൾ
" അഞ്ചാറു മുപ്പതാണെന്നറിയാം
അയ്യഞ്ചു ഞങ്ങൾക്കു തന്നാലെന്താ?
അയ്യഞ്ചിരുപത്തിയഞ്ചും പോയാൽ
അഞ്ചപ്പം പിന്നെയും ബാക്കിയില്ലേ
അമ്മയതങ്ങടെടുത്തോളൂ!! "
അപ്പൂൻ്റെ ഗണിതപരിജ്ഞാനത്തിൽ
അമ്മിണിച്ചേട്ടത്തിയന്ധാളിച്ചു!

(രചന-കാവിൽപ്പാട്)
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൂച്ചകള്‍ അപ്പം പങ്കുവെച്ചത്. കുരങ്ങന്‍ വന്നു വീതിച്ചത്. അന്നതിന്റെ ഭിന്നസംഖ്യാബോധമില്ലായിരുന്നു. വീട്ടിലെയും ചങ്ങാതികളുടെയും പങ്കുവെക്കല്‍ മാത്രം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീണ്ടും ആ കഥ ടീച്ചര്‍ തന്നു. പക്ഷേ കഥ കണക്കിലേക്ക് കയറി.എല്ലാവരും ബുക്കില്‍ ഒത്ത ഒരു വട്ടം വരയ്കണം. അതാണ് അപ്പം. തുല്യമായി മുറിക്കണം. തുല്യമല്ലാതെ മുറിക്കുന്നവരെല്ലാം കുരങ്ങുകളാകും. പാത്രം വെച്ചും വളവെച്ചുമെല്ലാമാണ് വട്ടം വരച്ചത്. തുല്യമായി മുറിച്ചവരാര്? ടീച്ചര്‍ ചോദിച്ചു. ബഷീര്‍ എഴുന്നേറ്റുു. എങ്ങനെ പറ്റിച്ചു.?
ടീച്ചറേ ഞാന്‍ ആകാശത്തിനുനേരെ പിടിച്ച് വക്കുകള്‍ ചേര്‍ത്തു മടക്കി. പകുതിയാക്കി.  അതുകേട്ട് എല്ലാവരും അതേ പോലെ ചെയ്തു പരിശോധിച്ചു. കുരങ്ങുകളുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ഒരു ഊഹം വെച്ച് സ്കെയില്‍ ഉപയോഗിച്ചു വരച്ചതാ. പക്ഷേ ഒരു ഭാഗം ചെറുത്. ഭാഗം തുല്യമാകുന്നതിലേക്ക് നയിച്ച ആ കഥയെ ഞാനെങ്ങനെ മറക്കും? സ്വയം കുരങ്ങുപട്ടം വാങ്ങിയതല്ലേ.
ഇവിടെ കഥയെ ഗണിതാനുഭവമാക്കാനാണ് ടീച്ചര്‍ ശ്രമിച്ചത്. ഇത്തരം ടീച്ചറുമാരു പഠിപ്പിച്ചതിനാലാകണം വഴിവിട്ട ചിന്തകള്‍.
വര്‍ഷത്തെ രണ്ടു തുല്യഭാഗങ്ങളാക്കാമെങ്കിലും അവ ജീവിതാര്‍ഥത്തില്‍ തുല്യമല്ലെന്നുമറിയാം. ആദ്യ ആറുമാസവും രണ്ടാം പകുതിയും തമ്മിലെന്താ വ്യത്യാസം. എങ്കിലും ഗണിതം അവ രണ്ടു തുല്യഭാഗങ്ങളാണെന്നു പറയും. ഓര്‍ത്താല്‍ രസകരമാണ്. കാര്യങ്ങള്‍. പറമ്പിന്റെ നാലിലൊന്നു ഭാഗം ചീരകൃഷി, നാലിലൊന്നു ഭാഗം മുളക്  ,നാലിലൊന്നുഭാഗം വെണ്ട, ബാക്കി ഭാഗം വെറുതെയിട്ടു. ചിത്രീകരിക്കാമോ എന്നാണ് ചോദ്യം. ഏതു പറമ്പിലാണ് ഇങ്ങനെ കൃത്യമായി കൃഷി ചെയ്യുന്നത് എന്ന ചോദ്യം പോലെയാണ് നാം കൊടുക്കുന്ന പ്രായോഗിക പ്രശ്നങ്ങള്‍.

ഭാഗം രണ്ട്.

സ്ഥാനവിലസംബന്ധിച്ച ധാരണയിലേക്ക് കുട്ടികളെ നയിക്കണം. അഞ്ചാം ക്ലാസ് കുട്ടികളിലാണ് റീഷ്മടീച്ചറുടെ ട്രൈ ഔട്ട്. സ്കൂളില്‍ പഠിപ്പിക്കേണ്ടതെല്ലാം പഠിപ്പിക്കലല്ല ലക്ഷ്യം. അടിസ്ഥാനധാരണകളിലേക്ക് നയിക്കല്‍, ഗണിതതാല്‍പര്യം വളര്‍ത്തല്‍, ഗണിതത്തെ വ്യത്യസ്ത രീതിയില്‍ സമീപിക്കാനാകുമോ എന്നു പരിശോധിക്കല്‍, ഗണിതപഠനത്തിന് സാധ്യമായ എല്ലാ മനുഷ്യവ്യവഹാരങ്ങളെയും ജീവിതത്തെയും പ്രയോജനപ്പെടുത്തല്‍ എന്നിവയൊക്കെ മനസില്‍ വെച്ചാണ് ട്രൈ ഔട്ട്.
ഇത്തവണ മാനവികതയുടെ സന്ദേശമായിരുന്നു ഗണിതാനുഭവപ്രവേശക പ്രവര്‍ത്തനം. ചുവടെ നല്‍കിയ മാനവഗീതം ഈണം നല്‍കുക എന്നതായിരുന്നു ആദ്യ പ്രവര്‍ത്തനം. (മനസില്‍ ആസ്വാദനത്തിന്റെ ചെറുകണികയില്ലാത്ത പരിശുദ്ധഗണിതവാദികള്‍ക്ക് ഈ പാത അന്യമാണ്. കണക്കുക്ലാസുകള്‍ തമാശയും പാട്ടും കഥയുമൊന്നും പൂക്കാത്ത താഴ്വാരത്താണ് അവര്‍.  )
അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിതത്തില്‍
നമ്മളൊറ്റയല്ല ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല (2)
 (അമ്മയും നന്മയും........)
മണവും നിറവും വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ്  (2)
ഒഴുകു നാടുകള്‍ വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ് (2)
(അമ്മയും നന്മയും........)
ഒരു വായു നമ്മള്‍ ശ്വസിക്കുന്നു
ഒരു വെള്ളം നമ്മള്‍ കുടിക്കുന്നു (2)
ഒരു ലോകത്തില്‍ നമ്മള്‍ ജീവിക്കുന്നു
ഒരുപോല്‍ ജനിച്ചു മരിക്കുന്നു (2)
(അമ്മയും നന്മയും........)
ഒറ്റയായൊന്നുമില്ല ഒന്നുമില്ല
ഒന്നുമറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ (2)
ഒറ്റക്കു വന്നു പിറക്കുന്നുവെങ്കിലും
മര്‍ത്യര്‍ നാമെല്ലാരുമൊന്നാണ്
ജീവികള്‍ നാമെല്ലാം ഒന്നാണ് (2)
                                                                          (അമ്മയും നന്മയും........)
ജീവിത പൂവിന്‍ സുഗന്ധമല്ലോ
സ്‌നേഹം ആ ഗന്ധമാവുക നാം
സുഗന്ധമായ് നാദമായ് ഈ ലോകമാകെ
സുന്ദരമാക്കുവാന്‍ പാടുക നാം
ഈ പാട്ടും ഗണിതവും തമ്മിലെന്തു ബന്ധം? ആരാണ് നമ്മള്‍? ഞാനും എന്റെ വീട്ടുകാരും മാത്രമോ? അതോ കൂട്ടുകാരും പെടുമോ? നാട്ടുകാരോ? അതെ വലിയ ഒരു ചിന്ത ടീച്ചര്‍ ഉയര്‍ത്തുകയായിരുന്നു.
ഞാനും എൻ്റെ ലോകവും
നമ്മൾ ഒറ്റക്കല്ല എന്നു പാട്ടിൽ പറയുന്നത് കേട്ടില്ലേ?
നാം ഒത്തിരി പേരുണ്ട് എങ്കിലും നാം ഒന്നാണ് അല്ലെ?
ഈ പാട്ടിൽ പറഞ്ഞ കാര്യങ്ങൾ ചേർത്തുവെച്ചു നമുക്കു ഒരു പട്ടിക ഉണ്ടാക്കി നോക്കാം. എങ്ങനെ ഉണ്ടാക്കും?
 ആദ്യം  നമുക്കു ഈ ചോദ്യങ്ങളുടെ എല്ലാം ഉത്തരം കണ്ടെത്തി നോക്കാം
1.എൻ്റെ വീട്ടിലെ അംഗങ്ങളുടെ എണ്ണം
2.എൻ്റെ ക്ലാസ്സിലെ കുട്ടികളുടെ എണ്ണം
3.എൻ്റെ പള്ളിക്കൂടത്തിലെ ആകെ കുട്ടികളുടെ എണ്ണം
4.എൻ്റെ വാർഡിലെ ജനങ്ങളുടെ എണ്ണം
5.എൻ്റെ പഞ്ചായത്തിലെ ജനസംഖ്യ
6.എൻ്റെ ജില്ലയിലെ ജനസംഖ്യ
7.എൻ്റെ സംസ്ഥാനത്തെ ജനസംഖ്യ
8.എൻ്റെ രാജ്യത്തെ ജനസംഖ്യ
9.എൻ്റെ ലോകത്തെ ജനസംഖ്യ ️
ഉത്തരങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
1.ഉത്തരങ്ങൾ ചെറിയ കളങ്ങൾ വരച്ചു അതിൽ എഴുതണം
2.രണ്ടക്ക സംഖ്യ ആണെങ്കിൽ രണ്ട് കളം
3.ഏറ്റവും വലത്തു ഉള്ളത് ഒറ്റയുടെ സ്ഥാനം
4.ഓരോ ഉത്തരങ്ങൾക്കു കളം വരയ്കുമ്പോൾ ഒറ്റയുടെ സ്ഥാനം നേരെ നേരെ താഴോട്ടു വരണം
5.ഒരു കളത്തിൽ ഒരു സംഖ്യയെ എഴുതാവൂ
ചോദ്യങ്ങൾ ഇനിയും നിങ്ങൾ കണ്ടെത്തി നോക്കണം
ഉത്തരം എഴുതുമ്പോൾ നിർദേശങ്ങൾ ശ്രദ്ധിക്കണം
ഉത്തരങ്ങൾ ഏഴുതി ഫോട്ടോ എടുത്തു ടീച്ചർക്കു അയച്ചു
കുട്ടികള്‍ വീട്ടുകാരുമായി ചേര്‍ന്ന് മാനവഗീതം പാടി. അതിന്റെ വീഡിയോ അയച്ചു
ജനസംഖ്യ തേടിപ്പിടിച്ച് കണ്ടെത്തി. ഒറ്റ , പത്ത്, നൂറ് എന്നിങ്ങനെ സ്ഥാനം പരിഗണിച്ച് സംഖ്യകളെ വിന്യസിച്ചു. ജനസംഖ്യ സംബന്ധിച്ച് പലരുടെയും സംഖ്യ പൊരുത്തപ്പെടുന്നില്ല. പങ്കുവെക്കലിലൂടെ അതിലിടപെട്ട് പരിഹരിച്ചു. കുട്ടികളെക്കണ്ട് ഫോണില്‍ വായിപ്പിച്ചു.
അവസാനം ചോദ്യം സ്ഥാനവില അനുസരിച്ച് സംഖ്യ എഴുതാനും വായിക്കാനും പഠിച്ചോ എന്നതായിരുന്നില്ല. മറിച്ച് മര്‍ത്ത്യര്‍ നാമെല്ലാരും എന്നു പറഞ്ഞാലാരൊക്കെ എന്നതായിരുന്നു.
Tuesday, May 26, 2020

വീഡിയോ പാഠങ്ങള്‍- ചില സാധ്യതകള്‍

കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ പഠനരീതിയുടെ വിവിധ സാധ്യതകള്‍ ട്രൈ ഔട്ട് ചെയ്തത്. അങ്ങനെയാണ് ഞാന്‍ വീഡിയോ പാഠത്തിലേക്ക് എത്തുന്നത്. അവ അധ്യാപക്കൂട്ടം പങ്കിട്ടു. ( കേരളത്തിലെ സര്‍ഗധനരായ അധ്യാപകര്‍ വികസിപ്പിച്ച ഒട്ടേറെ പഠനവിഭവങ്ങളുളള ബ്ലോഗാണ് അധ്യാപകക്കൂട്ടത്തിന്റേത്. ആ ടീമിന്റെ കൂടെ ചെറുതായ രീതിയില്‍ പ്രവര്‍ത്തിക്കാനായത് അക്കാദമിക പ്രവര്‍ത്തകനെന്ന നിലയില്‍ സന്തോഷദായകമാണ്.അതിലുളള എല്ലാ വീഡിയോ പാഠങ്ങളും അധ്യാപകരുടേതാണ്. ഇനിയും മെച്ചപ്പെടാനുണ്ടാകും. നിര്‍ദേശങ്ങള്‍ നല്‍കുക) ഞാന്‍ വികസിപ്പിച്ച വീഡിയോ അപ് ലോഡ് ചെയ്തത് അധ്യാപക്കൂട്ടമാണ് . അവ ഇവിടെ നല്‍കുന്നു

1.
അധ്യാപകക്കൂട്ടം വീഡിയോ പാഠം
കാവ്യ ചര്‍ച്ച : ഡോ.ടി.പി.കലാധരന്‍ മാഷ് 

വിവിധ ജില്ലകളിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തന സാധ്യത പരിശോധിക്കുന്നു. ക്ലാസ്സ്‌ മുറിക്കുള്ളിലും പ്രയോഗികമാക്കാവുന്ന രീതി. കാവ്യാസ്വാദനത്തിന്‍റെ  വഴി നടത്തം. കണ്ടെത്തല്‍ പഠനത്തിന്‍റെ വെളിച്ചം.എന്‍റെ ആസ്വാദന പുസ്തകവും എന്ന ആശയവും അവതരിപ്പിക്കുന്നു. ആസ്വാദനക്കുറിപ്പിനു പ്രത്യേക ഘടന ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ പ്രവര്‍ത്തനം ഉന്നയിക്കുന്നു. ലളിതമായ കവിതകളിലൂടെ കാവ്യ വിശകലന ചിന്താരീതി കുട്ടികളില്‍ വികസിപ്പിക്കണം. തുടര്‍ന്ന് പല മാനങ്ങളുള്ള കവിതകള്‍. 
കാവ്യാനുഭൂതിക്കാവണം ഊന്നല്‍.
വരണ്ട അഭ്യാസങ്ങൾക്കാവരു
തെന്ന് ഈ പ്രവര്‍ത്തനം ഓര്‍മിപ്പിക്കുന്നു.

  2
Video     ( മഞ്ഞ മഞ്ഞപ്പൂവ്, പാട്ടില്‍ നിന്നും ചിത്രകഥാനിര്‍മാണം)
ഇന്ന് കുട്ടികളോട് സംവദിക്കയാണ്...
പാട്ട് പാടുന്നു..
പാടിക്കുന്നു ..
ഒപ്പം ചിത്രകഥ വരപ്പിക്കുന്നു...
വീഡിയോ പാഠം  കുഞ്ഞുങ്ങളുടെ ലോകത്തേക്ക് അനായാസം കടന്ന് ചെല്ലുകയാണ്. അവരത് ഏറ്റെടുത്തു
സ്കൂൾ ഗ്രൂപ്പുകളിൽ പങ്കിടാം...
ഈ വിഡിയോ പാഠത്തെ അടിസ്ഥാനമാക്കി ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ നിര്‍മിച്ച ചിത്രകഥകള്‍ ചൂണ്ടുവിരല്‍ ബ്ലോഗിലുണ്ട്. (https://learningpointnew.blogspot.com/2020/04/blog-post_29.html)
ഇംഗ്ലീഷിലും കുട്ടികള്‍ ചിത്രകഥ എഴുതി ( വായിക്കാം-https://learningpointnew.blogspot.com/2020/04/gwups.html)
വീഡിയോ പാഠം (https://youtu.be/k6BvVQilU-s )
ഇവിടെയും കിട്ടും (https://www.facebook.com/58/videos/1144808835860511/)
3
Video      ( അമ്മിണികുമ്മിണി, കഥയെ നാടകമാക്കല്‍)
കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും കേട്ട് രസിക്കാൻ ഒരു കുഞ്ഞിക്കഥയാണ്  ഇന്വിടെ പങ്കിടുന്നത്. കഥ കേട്ട കുട്ടികള്‍ അത് നാടകമാക്കി, സിനിമയാക്കി, പാവനാടകമാക്കി, റേഡിയോ നാടകമാക്കി.അതിന്റെ വിവരങ്ങള്‍ ചൂണ്ടു വിരലിലെ ഈ പോസ്ററിലുണ്ട്. (https://learningpointnew.blogspot.com/2020/05/blog-post.html)

4
Video      ( ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന് ആശംസാപ്രസംഗം)
പ്രിയപ്പെട്ട കുട്ടികളേ
 ഈ ഉദ്ഘാടന പ്രസംഗം കേട്ടല്ലോ?
ഈ ചടങ്ങിൽ നിങ്ങൾ ആശംസാ പ്രസംഗം നടത്തണം
ഒരു ചെറു പ്രസംഗം തയ്യാറാക്കാമോ?
പുതിയ വീഡിയോ പഠന പ്രവർത്തനം കൂടിയാണ്.
പ്രസംഗം തയ്യാറാക്കാൻ പറയുമ്പോൾഅധ്യാപകർ ഒരിക്കലും ക്ലാസിൽ പ്രസംഗിക്കാറില്ല
സ്വാഭാവികമായ തുടർച്ചയുമാകുന്നില്ല.
അത് പരിഹരിക്കാൻ ഒരിടപെടൽ.
പ്രസംഗം വലിയ ഒരു സംഭവമാണെന്ന തോന്നലുണ്ടാക്കാതെ ആസ്വാദ്യ അനുഭവമാക്കാനുള്ള ശ്രമം.
വീഡിയോ പാഠം (https://youtu.be/RL-LhLFYnWc)
ഒരു രചനയിൽ കുട്ടികൾ സർഗാത്മകമായി ഇടപെടണം
അതിന് ഒത്തിരി മാർഗങ്ങളുണ്ട്.
കുട്ടി തനിക്ക് വഴങ്ങുന്ന രീതിയിൽ ആവിഷ്കരിക്കട്ടെ.
അതിനാൽ ഇവിടെ കഥാനുഭവത്തിനു ശേഷം
ചെറു ലേഖനം (കൊച്ചു കുട്ടികൾ കുറിപ്പ് എഴുതിയാലും മതി)
ആസ്വാദനക്കുറിപ്പ് (അതിന് പ്രത്യേക ഘടന വേണ്ട. കുട്ടി സ്വന്തം രീതി വികസിപ്പിക്കട്ടെ)
പുസ്തകാവലോകനം
മറ്റു സർഗാത്മകാവിഷ്കാരങ്ങൾ (നാടകം/കവിത / കഥാപ്രസംഗം / ......)  നടത്തട്ടെ
ലേഖനവും ആസ്വാദനക്കുറിപ്പുമൊക്കെ ശക്തിപ്പെടുത്താൻ ശൈലികളും ചൊല്ലുകളും കവിതകളും വർത്തമാനകാല ലോക സംഭവങ്ങളും മറ്റു വായനാനുഭവങ്ങളും ഒക്കെ ചേർക്കാം
ഒന്നു ശ്രമിച്ചു നോക്കട്ടെ കുട്ടികള്‍.
വീഡിയോ പാഠം https://youtu.be/B_f1ibb_uw8

കാർടൂൺ ഡയറി എന്ത്?എങ്ങനെ?
ഇതാണ് ഇന്നത്തെ വീഡിയോ ക്ലാസ്സിൽ  പരിചയപ്പെടുത്തുന്നത്.
ഒപ്പം സിനിമാ ഗാനങ്ങൾ എങ്ങനെ ഓൺലൈൻ ക്ലാസ്സുകളിൽ ഉപയോഗിക്കാം എന്ന ചിന്തക്കും വഴി തുറക്കുന്നു.
എല്ലാവരും വീഡിയോ കാണുമല്ലോ.
ഇന്ന് മുതൽ തന്നെ കാർട്ടൂൺ ഡയറി എഴുതിത്തുടങ്ങണേ..
നിങ്ങളുടെ കാർടൂൺ ഡയറികൾ നിങ്ങളുടെ അധ്യാപകർക്ക് അയച്ച് കൊടുക്കുക. അധ്യാപകർ
അവയിൽ തെരഞ്ഞെടുത്തവ കലാധരൻ മാഷുമായ് പങ്ക് വെക്കാനും ശ്രമിക്കണേ..
കുഞ്ഞുങ്ങൾക്ക് മാത്രമല്ല അധ്യാപകർക്കും ഇത് ഏറ്റെടുക്കാം.
വീഡിയോ പാഠം (https://youtu.be/SSh8405V-R4)

7
ചോദ്യക്കുട്ടികളുടെ ക്ലാസ്സ് മുറികൾ
പ്രിയപ്പെട്ട അധ്യാപകരെ
നമ്മുടെ ക്ലാസ് മുറികളിൽ കുട്ടികളുടെ ചോദ്യങ്ങൾ വിലമതിക്കപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടോ?
മികച്ച ചോദ്യങ്ങൾ ഉന്നയിക്കാൻ എല്ലാകുട്ടികൾക്കും അവസരം ഉണ്ടോ?
കേരളീയവും അന്തർദേശീയവുമായ രണ്ടു കെയ്സുകൾ അവതരിപ്പിച്ചു കൊണ്ട്
വിദ്യാർഥികളെ അന്വേഷകരാക്കി മാറ്റുന്ന പ്രക്രിയയിൽ അവരുടെ ചോദ്യങ്ങൾക്കുള്ള പ്രാധാന്യം അവതരിപ്പിക്കുകയാണ്
ഇതു കാണുന്ന നിങ്ങൾ സ്വന്തം ക്ലാസിൽ ഈ ആശയം പ്രാവർത്തികമാക്കാൻ ശ്രമിക്കുമോ?
എന്താണ് അതിനായി നിങ്ങൾ സ്വീകരിക്കുന്ന തന്ത്രം? ഒന്നാം യൂണിറ്റിനെ ആസ്പദമാക്കി ചിന്തിച്ചാലോ
നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിട്ടാൽ അത് ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.
ഈ വീഡിയോ പ്രസക്തമാണെന്ന് തോന്നുന്നുവെങ്കിൽ സഹപ്രവർത്തകർക്ക് പങ്കിടാം
എസ് ആർ ജയിൽ ചർച്ചയും ചെയ്യാം


8
കുഞ്ഞുമലയാളം
1.ഓൺലൈൻ പഠന രീതിയുടെ ഒരു പ്രായോഗികമാതൃക ഉദാഹരണസഹിതം       വ്യക്തമാക്കുകയാണ്.

2. കുട്ടി, രക്ഷിതാവ്, അധ്യാപകർ എന്നിവരുടെ റോളുകളും സൂചിപ്പിക്കുന്നുണ്ട്.

3. ചെറിയ ക്ലാസുകളിലെ വായന, ലേഖനം, ആശയ പ്രകാശനം ,ഭാവന എന്നിവയും ചർച്ച ചെയ്യുന്നു ഈ വീഡിയോ പാഠം.

4. ഇതിന് അധ്യാപക ശാക്തീകരണ ദൗത്യമാണുള്ളത്.

5. രക്ഷിതാക്കൾക്കും പ്രയോജനപ്പെടും.

6. നിർവഹണ സംവിധാനങ്ങൾക്കും പരിഗണിക്കാം.

 *(കുഞ്ഞുമലയാളത്തിന്‍റെ ഒരു ഓണ്‍ലൈന്‍ പഠന സാധ്യത പങ്ക് വെക്കുന്നു.)* 🔽

(കുഞ്ഞുമലയാളത്തിന്‍റെ ഒരു ഓണ്‍ലൈന്‍ പഠന സാധ്യത .)


9

മണാശേരി മാതൃക


ഒന്നാം ക്ലാസ്സ് കുട്ടികളുടെ സൃഷ്ടികള്‍ ചേര്‍ത്ത് പുസ്തകം ഇറക്കിയ മണാാശേരി സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയാണ്
10
കാവ്യാനുഭവം ക്ലാസ്സ് മുറിയിലും ഓൺലൈനിലും
കുട്ടികളുടെ സർഗാത്മക ചൈതന്യത്തെ ഉണർത്താത്ത ഭാഷാ ക്ലാസുകൾക്ക് വിട പറയാം.
നമ്മളുടെ പാട്ട്
പങ്കാളിത്ത കാവ്യരചനയുടെ അനുഭവമാതൃക
വിവിധ ജില്ലകളിലെ അധ്യാപകർ പങ്കെടുക്കുന്നു. വിസ്മയത്തോടെയാണ് അവർ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞത്.
കാവ്യഭംഗിയുള്ള വരികൾ
പ്രാദേശിക കാവ്യപാഠങ്ങൾ ഇങ്ങനെയും രൂപപ്പെടുത്താം.
അധ്യാപക ശാക്തികരണത്തിൻ്റെ വേറിട്ട മാതൃക.
കാവ്യാസ്വാദന ചർച്ചയിലേക്ക് നാമ്പുനീട്ടുന്ന പoന തന്ത്രം
നിങ്ങൾക്കും പങ്കെടുക്കാം
നാടിൻ്റെ പാട്ടുണ്ടാക്കാം..
നമ്മളുടെ പാട്ട്..
ഒന്നാം ക്ലാസുകാരൻ ആദർശ് റാമും പങ്കാളിയായ കാവ്യപാഠം.🔽 11.
 ഒരു കഥ എങ്ങനെ വായിച്ചവതരിപ്പിക്കണം. ആസ്വാദ്യവായനയുടെ ഒരു രീതി. നിറങ്ങളോ മടങ്ങി വരൂ എന്ന കഥയുടെ അവതരണവീഡിയോ
https://www.facebook.com//videos/1143635859311142/

12
കഥാനുഭവം  ക്ലാസില്‍. കേരളത്തിലെ അധ്യാപകര്‍ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍. കഥാചര്‍ച്ച ഒരു പഠനതന്ത്രം എന്ന നിലയില്‍
 https://www.facebook.com/sindhu.pa.58/videos/1172393773102017/

Monday, May 25, 2020

കൊവിഡും ഗണിതപഠനവും ( റീഷ്മടീച്ചറുടെ ഗണിതാ്ന്വേഷണങ്ങള്‍)


കൊവിഡുമായി ബന്ധപ്പെട്ട് ഗണിതപഠനസന്ദര്‍ഭങ്ങള്‍ കണ്ടെത്തുന്നതിന്റെ ഒരു പ്രവര്‍ത്തനം കഴിഞ്ഞ പോസ്റ്റില്‍ ചൂണ്ടുവിരല്‍ പങ്കിട്ടു. റീഷ്മ ടീച്ചര്‍
ശരീരഗണിതത്തിലാണ് സെന്റി മീറ്റര്‍, മില്ലിമീറ്റര്‍ അളവുകള്‍ തുടങ്ങിയത്. പിന്നീട് അത് കിലോമീറ്റര്‍ ധാരണയിലേക്ക് പോയി. റൂട്ട് മാപ്പ് തയ്യാറാക്കല്‍. വീണ്ടും ചെറിയ അളവിലേക്ക് വന്നു. അതാണ് മാസ്ക് നിര്‍മാണം. വീണ്ടും കൂടിയ ദൂരത്തിലേക്ക് പോയി. ഇവിടെ ക്രിയാശേഷി പരിഗണിക്കുന്നില്ല. ദൂരരാശിയെ മതിക്കലാണ്. അതിഥി തൊഴിലാളികളെ മടക്കി അയക്കുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമിയില്‍ വന്ന ഒരു ഗ്രാഫിക് വാര്‍ത്തയാണ് ടീച്ചറെ ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. അത്തരം ആലോചനകള്‍ ഗണിതാധ്യാപകര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കണം. ജ്ഞാനനിര്‍മിതി വാദം എല്ലാം പരിപൂര്‍ണമായെന്നോ ഇനിയും ഒന്നും കണ്ടെത്തേണ്ടതില്ലെന്നോ വിശ്വസിക്കുന്ന പഠനസിദ്ധാന്തമല്ല. നിരന്തരാന്വേഷണമാണ് അതിന്റെ ഉള്‍ക്കാമ്പ്. അത്തരം അക്കാദമികഅന്വേഷണങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ ഉണ്ട്. അവരില്‍ ചിലര്‍ സൈദ്ധാന്തിക ചാരുകസേരയില്‍ വിശ്രമിക്കട്ടെ. ചിലരാകട്ടെ മറ്റുളളവര്‍ കണ്ടെത്തിയാല്‍ ചെയ്തുകൊടുക്കപ്പെടും എന്ന വിഭാഗക്കാരാണ്. ഇവരെല്ലാം വൈകിയാണെങ്കിലും അന്വേഷണപാതയിലെത്തും. പക്ഷേ അനിവാര്യസമയത്തായിരിക്കണമെന്നില്ല. ശുഭാപ്തിവിശ്വാസം കൈവിടേണ്ടതില്ല.
കൊവിഡ് കാലം മുഴുവന്‍ കുട്ടികളുമായി പലവിധത്തില്‍ ഓണ്‍ലൈന്‍ പഠനരീതികള്‍ പരീക്ഷിക്കുകയായിരുന്നു റീഷ്മ ടീച്ചര്‍. കുട്ടികള്‍ക്കു മുന്നിലില്ലെങ്കിലും അവരെ നിരന്തരം വിളിക്കുകയും അവരുടെ വിളികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്നു.ദിശാഗതി നിര്‍ണയത്തിന്റെ ശരിമാതൃകയിലാണ് ടീച്ചര്‍ക്ക് താല്പര്യം. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനക്കുട്ടികളുടെ അഭിമാന രേഖ തയ്യാറാക്കുകയാണ്. ആ കുട്ടികളാകട്ടെ പലപ്രദേശങ്ങളിലുളളവരുമാണ്. ആരെയും ബോധ്യപ്പെടുത്താനല്ല. ഓരോ പ്രവര്‍ത്തനവും സ്വയം വിലയിരുത്തി പോകണമെന്ന ആഗ്രഹമാണത്.
പ്രവർത്തനം
മാസ്ക്  നിർമിക്കാം
കൂട്ടുകാരെ
വിഡിയോയിൽ എന്താ കാണുന്നത്?
ഹിബ ഉണ്ടാക്കിയ ആക്ടിവിറ്റി ബുക്ക്‌ ഇഷ്ടം ആയോ എല്ലാവർക്കും
നമുക്കും ച്യ്തുനോക്കാം അതിലെ ഒരു പ്രവർത്തനം -മാസ്ക് നിർമാണം
നിങ്ങളും ഉണ്ടാക്കി നോക്കൂ
ആ വീഡിയോയിൽ ഉള്ളത് പോലെ ഒരു ചിത്രവും അതിലേക്കു ഒരു മാസ്കും.
നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.അളവുകൾ എല്ലാം സെന്റിമീറ്ററിൽ എടുക്കണം 
2.വീതിയും നീളവും എല്ലാം എഴുതി വക്കണം 
3.മാസ്കിനു മടക്കുകളും ചരടും എല്ലാം ചിത്രത്തിലേതു പോലെ വേണം 
4.ചിത്രത്തിൽ ചെവിയിൽ മാസ്ക്  ചേർത്തു വച്ചതു പോലെ തന്നെ ആയിരിക്കണം നിങ്ങളും വരക്കേണ്ടത്. നല്ല ഒരു സന്ദേശവും ചിത്രത്തിന് താഴെ നൽകണം. ചിത്രവും മാസ്കും, അതുപോലെ അളവുകൾ എഴുതിയതും ഫോട്ടോ എടുത്തു ടീച്ചേർക്കു അയച്ചു തരണം

നിർദേശങ്ങൾ
 • ആദ്യ  പടി പേപ്പർ മുറിക്കലാണ്.
 • മുതിര്‍ന്നവര്‍ക്ക് 9 cm നീളത്തിലും 7 cm വീതിയിലും,
 • കുട്ടികള്‍ക്ക് 7 cm നീളത്തിലും അഞ്ച് cm വീതിയിലും വേണം പേപ്പർ  മുറിക്കാന്‍.
 • മുതിര്‍ന്നവരുടെ മാസ്‌ക് കെട്ടുന്നതിനു നാല് ചരടുകള്‍ മുറിച്ചെടുക്കുക.
 • പേപ്പറിൽ  നിന്ന് 1.5 X 5  ഇഞ്ച് അളവില്‍ രണ്ടു കഷ്ണവും 1.5 X 40 ഇഞ്ച് അളവില്‍ രണ്ടു കഷ്ണവും എടുക്കുക. ( മുതിര്‍ന്നവരുടെ സഹായത്തോടെ, അറിയില്ലെങ്കില്‍ ഇഞ്ചിനെ സെന്റിമീറ്ററാക്കാം. സ്കെയിലില്‍ ആ അളവുകള്‍ ഉണ്ട് )
 • മുറിച്ച പേപ്പർ  എടുത്ത് അവയുടെ രണ്ടറ്റങ്ങളിലും  ചരട്  ഒരോന്നായി തയ്ച്ചു ( ഒട്ടിച്ച് ) പിടിപ്പിക്കണം.
 • ശേഷം 1.5 cm വീതമുള്ള, താഴേക്കുനില്‍ക്കുന്ന മൂന്ന് മടക്കുകള്‍ തയ്ക്കുക.
 • മടക്കുകള്‍ തുന്നിച്ചേര്‍ത്ത പേപ്പറിന്റെ  മറുവശത്തും ആവര്‍ത്തിക്കുക.
 • മടക്കുകള്‍ തയ്ച്ച പേപ്പറിന്റെ  വലിപ്പം സെന്റിമീറ്ററിൽ മാത്രം രേഖപ്പെടുത്തിയാൽ മതി
   


പ്രവര്‍ത്തനം
ഭൂപടവായനയും  ഗണിതവും"
തൊഴിൽ തേടി എത്തിയ അതിഥി തൊഴിലാളികളെ കുറിച്ച് ഉള്ള മാപ്പ്‌ ആണ്‌

മക്കൾ എല്ലാം ശ്രദ്ധയോടു നോക്കുക
ഏതു സംസ്ഥാനത്തിലേക്കു ആണ്‌ അവർ വന്നത് അറിയാമോ?
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു്
മക്കൾ എല്ലാം ആ മാപ്പ്‌ നോക്കി താഴെയുള്ള ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തി എഴുതി  നോക്കൂ
1.
അതിഥി തൊളിലാളികൾ ജോലി തേടി വന്ന സംസ്ഥാനം ഏതാണ്.
2.
അതിഥി തൊഴിലാളികളുടെ മാതൃസംസ്ഥാനങ്ങള്‍ ഏതൊക്കെ ആണ്‌ .
3.
ഓരോ സംസ്ഥാനക്കാരും സഞ്ചരിക്കുന്ന ദൂരം എത്രയാണ്? ( ഊഹിക്കൂ)
4.
എറണാകുളത്തു നിന്നാണ് അവർ അവരുടെ നാട്ടിലേക്കു തിരിച്ചു പോയത് എങ്കിൽ ഓരോ ഓരോ സംസഥാനങ്ങളിലേക്കും എത്രദൂരം കാണും. ഊഹിച്ചു നോക്കി എഴുതി വക്കു ഉത്തരം
5.
കേരളത്തിന്റെ തലസ്ഥാനം അറിയാമോ ?
6.
അതുപോലെ അതിഥി തൊളിലാളികളുടെ എല്ലാം സംസ്ഥാനതലസ്ഥാനം കണ്ടെത്തി നോക്കൂ.
രക്ഷിതാക്കളോടു ചോദിച്ചുു  ഗൂഗിൾ മാപ്പ്‌ നോക്കിയും എഴുതരുത്
നിങ്ങളുടെ ഊഹം ആണ്‌ എഴുതേണ്ടത്
നിങ്ങൾ കണ്ടെത്തിയ ഉത്തരങ്ങൾ ടീച്ചർക്ക് അയച്ചു തരുകയും വേണം
തുടർന്ന് ചർച്ചകൾ നടത്തി നമുക്കു ശരിയായ ഉത്തരവും എഴുതാം
രണ്ടു കുട്ടികളുടെ പ്രതികരണങ്ങള്‍ നോക്കുക
കര്‍ണാടകം -539,485 കി മി
ഉത്തരപ്രദേശ്-2230, 1586 കി മി
ബീഹാര്‍-2529,1531 കി മി
ആസാം-3459,1842 കി മി
ഝാര്‍ഖണ്ട്-1922,838 കി മി
ബംഗാള്‍-2050,1015 കി മി
ഒഡീഷ-1430,629 കി മി
തമിഴ് നാട്-682,200 കി മി
ഒന്നാമത്തെ കുട്ടി മറ്റു സ്രോതസുകള്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടി ഭൂപടം നോക്കി ഊഹിക്കുകയാണ് ചെയ്തത്. തമിഴ് നാട്ടിലേക്കുളള ദൂരത്തിന്റെ ഇരട്ടി വരാനിടയുണ്ട് എന്ന ആലോചനയാണ് കര്‍ണാടകത്തിന് അത്രയും കി മി നല്‍കിയതിന്റെ യുക്തി. ഭൂപടത്തിലെ വരയുടെ ദൈര്‍ഘ്യം വെച്ചുളള കണക്കുകൂട്ടലാണ്. ശരി ഉത്തരം മറ്റുളളവരില്‍ നിന്നും കണ്ടെത്താന്‍ ശ്രമിച്ച കുട്ടിയേക്കാള്‍ മികച്ച കുട്ടി രണ്ടാമത്തെ ആളാണ്.  ആസാമിന് ഏറ്റവും കൂടുതല്‍ദൂരം നല്‍കുകയും ചെയ്തു.


(തുടരും)


Sunday, May 24, 2020

കൊവിഡ് റൂട്ടുമാപ്പും ഗണിതവും ( റീഷ്മടീച്ചറുടെ ഗണിതാന്വേഷണങ്ങള്‍- അഞ്ച്)


ഗണിതത്തെ സാമൂഹികജീവിതവുമായി ബന്ധപ്പെടുത്തുകയാണ് റീഷ്മടീച്ചര്‍. നാട്ടിലെ ഒരു സംഭവം അത് പ്രളയമാകട്ടെ ഉത്സവമാകട്ടെ അതുമായി പഠിപ്പിക്കുന്ന വിഷയത്തെ ബന്ധിപ്പിക്കുക എന്നത് പ്രധാനമാണ്. അറിവും സമൂഹവും തമ്മിലുളള ജൈവബന്ധം മനസിലാക്കാനത്  സഹായകമാണ്. ജീവിതത്തില്‍ അവശ്യം വേണ്ട പ്രവര്‍ത്തനനൈപുണിയാണ് സ്ഥലപരമായ ധാരണയോടെ സഞ്ചരിക്കുക എന്നത്. ദൂരം, സമയം, സ്ഥലബന്ധങ്ങള്‍ എന്നിവ കുട്ടിയുടെ നിത്യാനുഭവവുമായി ബന്ധിപ്പിക്കാമെങ്കിലും പാഠപുസ്തകം എല്ലാവര്‍ക്കും വേണ്ടി തയ്യാറാക്കുന്നതും മാസാമാസം കൂട്ടിച്ചേര്‍ക്കാന്‍ പരിമിതിയുളളതുമായതിനാല്‍ ഇക്കാര്യം അഭിസംബോധന ചെയ്യുന്നില്ല. അതത് അധ്യാപകര്‍ അങ്ങനെ ചെയ്യണമെന്നാണ് സങ്കല്പം. 
റീഷ്മടീച്ചറുടെ കുറിപ്പിലേക്ക് പോകാം.
പതിനാലാം ദിവസംപ്രവർത്തനമായിരുന്നു റൂട്ട് മാപ്പ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അതു പ്രമേയമാക്കി മൂന്നു പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തത്
ലക്ഷ്യങ്ങള്‍
 1. വര്‍ത്തമാനകാല സംഭവങ്ങളുമായി ഗണിതത്തെ ബന്ധിപ്പിക്കുക
 2. കൊവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട ധാരണകളെ ശക്തിപ്പെടുത്തുക
 3. പ്രാദേശികസ്ഥലപരധാരണകളും ഭുപടധാരണകളും ഗണിതധാരണയാക്കുക
 4. കിലോ മീറ്റര്‍ എന്ന ആശയത്തിനെ സ്വന്തം ജീവിതചുറ്റുപാടുമായി ബന്ധിപ്പിച്ച് മനസിലാക്കാന്‍ അവസരമൊരുക്കുക
പ്രവര്‍ത്തനനിര്‍ദേശങ്ങള്‍
കൂട്ടുകാരേ  
 
ചിത്രം ഒന്നു ശ്രദ്ധിക്കു മലപ്പുറം ജില്ലയിലെ മംഗലം  പഞ്ചായത്തിലെ ഗോപിചേട്ടന്റെ സഞ്ചാരപാത ( റൂട്ട് മാപ്പ്‌ ) ആണ്‌ അത്. പൂര്‍ണമായില്ല.
എന്താണ് ഈ റൂട്ട് മാപ്പ്‌ ? ഒരാള്‍ സഞ്ചരിച്ച വഴിയെല്ലാം സൂചിപ്പിക്കുന്നതാണത്. നമ്മള്‍ ഭൂപടത്തില്‍ത്തന്നെ അത് ചെയ്യുന്നു. ആ സംഭവം പറയാം.
ടീച്ചറുടെ വീടിനു അടുത്തുള്ള ഗോപിച്ചേട്ടന് കൊറോണ വന്നു
ഗോപിച്ചേട്ടൻ അസുഖം അറിയാതെ ചന്തയിലും KSEB ഓഫീസിലും ബാങ്കിലും ആശുപത്രിയിലും എല്ലാം പോയി
വീടിന്റെ  തെക്ക് ഭാഗത്തുള്ള  വീട്ടിൽ പാൽ  വാങ്ങാൻ  പോയി പാൽ വാങ്ങി  നടന്നു വരുബോൾ അടുത്തുള്ള  മൂന്നു  വീടുകളിലും കയറി ഗോപിച്ചേട്ടന് തൊട്ടടുത്ത ദിവസം ആണ്‌ കൊറോണ സ്ഥിരീകരിച്ചത്
കൊറോണ ഉണ്ടന്നു സ്ഥിരീകരിച്ചപ്പോൾ ടീച്ചർ ഒന്നു വരച്ചു നോക്കി ഗോപിച്ചേട്ടന്റെ റൂട്ട് മാപ്പ്‌
നിങ്ങളുടെ പഞ്ചായത്തിലായിരുന്നു ഗോപിച്ചേട്ടന്‍ എന്നു സങ്കല്പിച്ച് നിങ്ങൾ ഒന്നു വരച്ചു നോക്കൂ
റൂട്ട് മാപ്പ്‌ നിങ്ങൾ ചെയേണ്ടത്..
1.ആദ്യം നിങ്ങളുടെ  പഞ്ചായത്തിന്റെ ഭൂപടം വരയ്ക്കണം 
2.ഭൂപടത്തിൽ ദിക്കുകൾ മുകളിൽ മാർക്ക്‌ ചെയ്യണം
3.നിങ്ങളുടെ പഞ്ചായത്തിലെ പരിചിതമായ സ്ഥലത്ത് ഒരു വീട്  അടയാളപെടുത്തണം ( അതാണ് ഗോപിച്ചേട്ടന്റെ വീട്)
4.സമ്പർക്ക സ്ഥലങ്ങൾ ഓരോന്നും അടയാളപ്പെടുത്തണം 
5.പേര് സൂചിപ്പിക്കണം അടയാളപ്പെടുത്തുമ്പോൾ പോയ സ്ഥലങ്ങളുടെ പേരെഴുതണം
6.ഗോപിച്ചേട്ടന്റെ വീടിന്റെ തെക്കും വടക്കും ഉള്ള വീടുകൾ   അടയാളപെടുത്താം.
7.വീടിനു അടുത്തുള്ള മൂന്നു വീടുകളും അടയാളപെടുത്താം.  
8.ഓരോ സ്ഥലങ്ങളിലേക്കും ഉള്ള റോഡ് അടയാളപെടുത്തണം
9.സഞ്ചാരദൂരം കിലോമീറ്ററിൽ അടയാളപ്പെടുത്തണം
(പോയ സ്ഥലങ്ങളിലേക്ക് ഗോപിച്ചേട്ടന്റെ വീട്ടിൽ നിന്നും ഉള്ള ദൂരം)
10.നിങ്ങളുടെ പഞ്ചായത്തിലെ ഏതൊക്കെ സ്ഥലങ്ങൾ എവിടെയൊക്കെ പോയി എന്നൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ രേഖപെടുത്താം (ദൂരം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ രക്ഷിതാക്കളോടു ചോദിച്ചു എഴുതാം)
റൂട്ട് മാപ്പ്‌ തയ്യാറാക്കി ഫോട്ടോ എടുത്തു അയച്ചു തരണം
കുട്ടികള്‍ അയച്ചുകൊടുത്തത്.


അനുബന്ധം

“Why should the people who work hard and earn more money foot most of the tax bill?”
“People at the bottom need their dollars more than those at the top.”
These are snippets of a political debate that many would expect to read in The Washington Post. They wouldn’t expect to hear these ideas in a high school math class. Yet these are the types of ideas I regularly hear in my classroom. Sure, my students solve equations and graph curves like all students, but they also apply the math we’re studying in real-world activities that are open-ended, complex, and collaborative in order to get them excited about the possibilities of using math. One way they do this is through math debates—passionate arguments about the data sets they analyze and the mathematical models they create
Forrest Hinton, June 7, 2019,(Tapping Into the News to Teach Math)
 രണ്ട്
Students find math more meaningful and relevant when they can use their math skills to better understand and analyze current events.

Friday, May 22, 2020

അടുക്കളഗണിതവും ആഭരണഗണിതവും ( റീഷ്മടീച്ഛറുടെ ഗണിതാന്വേഷണങ്ങള്‍- നാല്)

എന്തുകൊണ്ട് ഗണിതപഠനം ലോകത്തെല്ലായിടത്തും കുട്ടികള്‍ക്ക് പ്രയാസമുളളതായി അനുഭവപ്പെടുന്നു. കാച്ചിക്കുറുക്കിയ ഭാഷയിലെഴുതിയ ഗണിതതത്വങ്ങള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതില്‍ അത്ഭുതമില്ല. ഈ തത്വങ്ങള്‍ കേവലമായ സംഖ്യകളെക്കുരിച്ചും അമൂര്‍ത്തമായ രൂപങ്ങളെക്കുറിച്ചും ആണെന്നുളളത് ഈ അകലം കൂട്ടുന്നു. ഇത്തരം സൂക്ഷ്മതത്വങ്ങളിലേക്ക് നയിച്ച അന്വേഷണങ്ങളും അവയ്ക് കാരണമായ ഭൗതികസൗകര്യങ്ങളും പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ല
( കേരള പാഠ്യപദ്ധതി ചട്ടക്കൂട് )
കുട്ടികള്‍ ഗണിതത്തെ വര്‍ത്തമാനം പറയാനും ആശയവിനിമയം നടത്താനും ചര്‍ച്ച ചെയ്യാനും ഒന്നിച്ച് പണിയെടുക്കാനുമുളള ഒരു വിഷയമായി കാണുന്ന അവസ്ഥ വരണം
( ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്)
വഴിവിളക്ക് എന്ന അധ്യാപക ഗ്രൂപ്പിന്റെ ലക്ഷ്യം തന്നെ പുതിയ അധ്യാപനതന്ത്രങ്ങൾ വികസിപ്പിക്കുക അതിൽ ഗവേഷണം നടത്തുക എന്നത് തന്നെ ആണ്‌. തന്റെ ക്ലാസ് മുറിയിൽ നിലവിൽ നൽകാറുള്ള പ്രവർത്തനങ്ങളിൽ എങ്ങനെ എന്തു ശിശുകേന്ദ്രീകൃതനൂതനത്വം എന്നത് തന്നെയാണ്‌ ലക്ഷ്യം.
യു പി ഗണിതം ഗ്രൂപ്പിൽ നൽകിയ ഓരോ പ്രവർത്തനങ്ങളും പാഠപുസ്തകം പരിഗണിച്ചല്ല  . പാഠപുസ്തകത്തിലെ പഠനനേട്ടങ്ങൾ തന്നെ ആയിരുന്നു പരിഗണന. കുട്ടിക്കു വെല്ലുവിളി ആകുന്ന തരത്തിൽ, കുട്ടി സ്വയം ഏറ്റടുക്കുന്ന തരത്തിൽ പുതിയ പഠനാതന്ത്രങ്ങൾ കണ്ടെത്തുക അതാണ്‌ നൂതനത്വം. ഈ ട്രൈഔട്ടിലൂടെ ലഭിക്കുന്ന പുതിയ കണ്ടെത്തലുകൾ, അതിൽ നിന്നും ലഭിച്ച തിരിച്ചറികൾ ഇനി  ക്ലാസ്സ്‌ മുറികളിലും പ്രതിഫലിക്കുകയും വേണം അത്തരം മാതൃകകൾ ആയി മാറണം.
1.എല്ലാ വിഷയത്തിലും ഗണിതം ഉണ്ടെന്ന കാര്യം പ്രതിഫലിക്കണം
2.കുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കി കുട്ടിയിൽ ജിജ്ഞാസ ഉണർത്തുന്ന ചോദ്യങ്ങൾ നൽകണം
3.ജീവിതത്തിലെ ഗണിതങ്ങൾ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം
4.പ്രകൃതിയിലെ ഗണിതങ്ങൾ സ്വയം മനസിലാക്കണം
5.കണക്കു കൂട്ടലുകളും തെറ്റലുകളും സ്വയം കണ്ടെത്തി തിരുത്താൻ ശ്രമിച്ചു മുന്നോട്ട്.
ഇത്തരത്തിൽ ഉള്ള വേറിട്ട ചിന്തകളിലൂടെ ഉള്ള പ്രവർത്തനപ്രക്രിയകൾക്ക് പ്രാധാന്യം നൽകിയാണ്‌ ഓരോ പ്രവർത്തനവും ആസൂത്രണം ചെയ്തു നൽകിയത്.
റീഷ്മ ടീച്ചര്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കുറിപ്പ് തയ്യാറാക്കും. മാത്രമല്ല ഓണ്‍ലൈനാണെങ്കിലും അഭിമാനരേഖ തയ്യാറാക്കാനും തുടങ്ങിയിട്ടുണ്ട്. ടീച്ചറുടെ വിലയിരുത്തല്‍ കുറിപ്പുകളിലൂടെ കടന്നു പോകാം.
യു പി ഗണിതം ട്രൈഔട്ട് ഇന്നു നാലാം ദിവസം ആയി. ഓരോ ദിവസവും ആശയങ്ങളിൽ എങ്ങനെ വ്യത്യസ്തത കണ്ടെത്താം എന്നുള്ള രീതിയിലൂടെ ആണ്‌ ഓരോ ദിവസവും മുന്നോട്ടു പോകുന്നത്... സാധരണ ക്ലാസ്സ്‌റൂം പ്രവർത്തനങ്ങളിൽ ഇതുപോലെ നൂതന ആശയങ്ങൾ ചേർക്കാം എന്ന വലിയ തിരിച്ചറിവ്  ലഭിച്ചു ഈ ക്ലാസ്സിലൂടെ..
  ആദ്യദിനം പരിചയപ്പെടലും അടിസ്ഥാനശേഷികളിൽ ഊന്നിയ കുറച്ചു പ്രവർത്തനവും പ്രീടെസ്റ്റ് പോലെ നൽകുകയുമുണ്ടായി.
രണ്ടു കുട്ടികൾ വളരെ ചെറിയ രീതിയിൽ ഒന്ന് മാറി ചയ്തു എങ്കിലും പിന്നീട് ശരിയായി.
ബാക്കി എല്ലാവരും ഭംഗി ആയി ആ പ്രവർത്തനം പൂർത്തിയാക്കി.
രണ്ടാം ദിവസം ചിത്രരചന-പാട്ട് മത്സരം-സംഭാഷണം =ഗണിതം ഈ രീതിയിൽ ആണ്‌ പ്രവർത്തനം നൽകിയത്.ഗണിതരൂപങ്ങളെ കുറിച്ചും അവയുടെ വിവിധ സാധ്യതകളും അതുപോലെ അവയുടെ പ്രത്യകതകളും എന്തെല്ലാം എങ്ങനെ എല്ലാം എന്ന ധാരണ കുട്ടികളിൽ എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.വീടും പരിസരവും നിരീക്ഷിക്കുകയും ഗണിത രൂപങ്ങൾ കണ്ടെത്തുകയും അവ തമ്മിൽ ഉള്ള സംഭാഷണവും എഴുതുക ഉണ്ടായി. ഒരു പുതിയ അനുഭവം ആയിരുന്നു മക്കൾക്കു അതു. കുറേ കുഞ്ഞുങ്ങൾ എന്നെ വിളിച്ചു സംശയം ചോദിച്ചു സംഭാഷണം എങ്ങനെ എന്നു. ചതുരവും വൃത്തവും തമ്മിലുള്ള സംഭാഷണം മനോഹരമായി എഴുതുകയും ചെയ്തു.
മൂന്നാം ദിവസം നൽകിയ പ്രവർത്തനം ചിത്രം-അളവ് -ഗണിതവിവരണം-എണ്ണത്തിന്റെ ഭാഗം = ഗണിതം ഈ രീതിയിൽ ആയിരുന്നു.യാത്ര വിവരണം പോലെ എങനെ ഗണിതവിവരണം എന്നതും വ്യത്യസ്ഥത നൽകി. കുട്ടികൾ ഗണിതവിവരണം തയാറാക്കി. തുടർന്നു വീണ്ടും ചിത്രത്തിൽ നിന്നും പുതിയ മറ്റൊരു സാധ്യത കണ്ടെത്തി പറയുകയുണ്ടായി. എണ്ണകളുടെ ഭാഗം. ആ ആശയത്തിൽ നിന്നും ഭിന്നസംഖ്യ എന്നതിലേക്ക് ആയി. എന്താണ് ഭിന്നസംഖ്യ എന്നു പറയാൻ സാധിക്കുക ഉണ്ടായി. ഭാഗങ്ങളുടെ ഭാഗവും എന്തെന്ന് കണ്ടെത്തി ചെയ്യുകയുണ്ടായി..
കൊവിഡ് കാലമാണ് . പുറത്തേക്കുളള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. വീടിന്റെ സാഹചര്യങ്ങളാണ് പരമാവധി പ്രയോജനപ്പെടുത്തേണ്ടത്. വീടിനെ പഠനോപകരണമാക്കുക (HOUSE AS A LEARNING AID) എന്ന സമീപനമാണ് ഓണ്‍ലൈന്‍ രീതിയില്‍ കൂടുതല്‍ ഫലപ്രദം. വീട്ടുസാധനങ്ങളെല്ലാം പഠനോപകണാകട്ടെ. കൊവിഡ് സാഹചര്യത്തെ റീഷ്മടീച്ചര്‍ പലവിധത്തില്‍ ഗണിതപഠനത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആ അന്വേണാത്മക ചിന്തയാണ് മാനിക്കപ്പെടേണ്ടത്. അന്വേഷണാത്മക മനസുളളവര്‍ അവരുടെ ചിന്തയെ ഉപ്പിലിട്ടു വെക്കുകയല്ല ചെയ്യുക. കൗതുകരമായ ചോദ്യനിര്‍മാണത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. അവരുടെ കാഴ്ചാകൗതുകമായ ആനയുടെ ഭാരമെത്രയാണെന്നുളള ചോദ്യമാണ് ഉയര്‍ത്തിയത്. കുട്ടികളില്‍ ചിലര്‍ കണ്ടെത്തി പങ്കിട്ടു എന്നതാണ് ആഹ്ലാദകരം.ആ ചെറിയ ചെറിയ ഗണിത പ്രവര്‍ത്തനങ്ങളിലൂടെ കടന്നു പോകാം.
പ്രവർത്തനം
അടുക്കള ഗണിതം
കൂട്ടുകാരെ ചിത്രത്തിൽ നോക്കൂ
ആരൊക്കെയാണ് അറിയാമോ
ആനച്ചേട്ടനും മുയലച്ചനും
ആനക്ക് എത്രകിലോ ഭാരം കാണും?  മുയലിനോ? ഊഹിച്ചു പറയൂ. ഉത്തരം പിന്നെ പരിശോധിക്കാം.
ഇത്തരത്തിൽ ഭാരവുമായി ബന്ധപ്പെട്ടുള്ള പത്തു ഗണിതച്ചോദ്യങ്ങൾ മക്കളുണ്ടാക്ക്. വീട്ടില്‍  ചോദിച്ചുനോക്കുൂ
എങ്ങനെയുള്ള ചോദ്യങ്ങൾ ആയിരിക്കണം?
പുതുമയുള്ള വ്യത്യസ്തമായ 10  ചോദ്യങ്ങൾ
രക്ഷിതാക്കളേ ചോദ്യങ്ങൾ അവർ സ്വന്തമായി എഴുതട്ടെ
എന്നിട്ടു ടീച്ചേർക്കു അയച്ചു തരണം.
മക്കളെ ഇനി നമുക്കു അടുക്കളയിലേക്കു പോയി നോക്കിയാലോ?
 എന്താ ഈ "അടുക്കള ഗണിതം"
നമുക്കൊന്നു നോക്കാം എങ്ങനെ ആണ്‌ എന്നു്.
അടുക്കളയിൽ പോയി ഒരു കിലോ തൂക്കം വരുന്ന ഏതെങ്കിലും ഒരു സാധനം എടുക്കുക(ചെറുപയർ, കടല... )
അടുക്കളയിലെ ഇതുപോലെ ഉള്ള പത്തു സാധനങ്ങൾ ചേർത്തു നമുക്കു ഭാരം ഒന്ന് ക്രമീകരിച്ചു നോക്കാം
എങ്ങനെ ക്രമീകരിക്കും?
*മാതൃക നോക്കു*
 50g, 100g, 200g,....... 1000g(1kg), 5kg, 10kg.
അങ്ങനെ അങ്ങനെ ചെറുതിൽ നിന്നും വലുതിലേക്കു ക്രമീകരിക്കൂ.
ക്രമീകരിക്കുബോൾ ഭാരം കൂടെ  എഴുതണം ഓരോന്നിന്റെയും കൂടെ മറക്കരുത് ഭാരം ക്രമീകരിച്ചു വെച്ചു ഒരു ഫോട്ടോ എടുത്തു ടീച്ചർക്കു  അയക്കുകയും വേണം
കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കൂ. സ്കൂളില്‍ പോലും ഓരോ കുട്ടിക്കും ഇങ്ങനെ പഠനോപകണങ്ങള്‍ ലഭിക്കുമോ എന്നു സംശയമാണ്. വീട്ടിലെ ആളുകളുടെ സഹായവും കുട്ടിക്ക് കിട്ടുന്നുണ്ട്. എങ്കിലും ഭാരധാരണയിലേക്ക് ( ക്രിയാപരമായി ഭാരക്കണക്ക് ചെയ്യുന്ന കുട്ടികളുണ്ട്.ഏകദേശഭാരം മതിക്കാന്‍ പറഞ്ഞാല്‍ അറിയില്ല. പ്രായോഗികഭാരധാരണയല്ലത് ) കടക്കാന്‍ സമൃദ്ധമാണത്
 

 ആനയുടെ ഭാരം കുട്ടി ഊഹിച്ചതുകണ്ടോ? ശരിയായ ഭാരവുമായി വലിയ  അന്തരമുണ്ട്. എങ്കിലും ഗണിതചിന്ത നടന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് താരതമ്യഭാരക്കണക്ക്.
പ്രവര്‍ത്തനം
ആഭരണഗണിതം
വീട്ടില്‍ ആഭരണം ധരിക്കുന്നവരുണ്ടോ?
വീട്ടില്‍ ഓരോരുത്തരും ധരിക്കുന്ന  ആഭരണത്തിന്റെ അളവ് ഊഹിച്ചെഴുതൂ.
എന്നിട്ട് മുതിര്‍ന്നവരോട് ചോദിച്ച് ശരിയായ അളവ് കണ്ടെത്തുൂ. കൈയിലെടുത്ത് ഭാരം കണക്കാക്കൂ. ആഭരണത്തിന്റെ ഇന്നത്തെ കമ്പോളവിലയെത്ര? പത്രം നോക്കിയോ മുതിര്‍ന്നവരോട് ചോദിച്ചോ വിലനിലവാരം അറിഞ്‍ഞ് കണക്കുകൂട്ടി കണ്ടെത്തൂ. എന്നിട്ട് ആഭരണത്തിന്റെ ചിത്രം വരച്ച് ( ഏതെങ്കിലും ഒന്ന് മതി) അതിന്റെ ഭാരവും വിലയും എഴുതി ടീച്ചര്‍ക്ക് അയക്കൂ.
പ്രവര്‍ത്തനം
ത്രാസ് നിര്‍മിക്കാം
നമ്മുക്ക് ഒരു ത്രാസ് നിര്‍മിക്കാം.
ഒരേ വലുപ്പമുളള കുപ്പി ഉയരത്തില്‍ മുറിച്ചോ അല്ലെങ്കില്‍ വീട്ടിലെ ടിന്നുകളോ മറ്റു അനുയോജ്യമായോ സാധനങ്ങളോ ഉപയോഗിച്ച് ത്രാസ് നിര്‍മിച്ച് പടമെടുത്ത് അയക്കണേ? ഒരു ഭാഗത്ത് ഒരു കിലോ സാധനം വെച്ച് മറുഭാഗത്ത് മൂന്നോ നാലോ സാധനങ്ങല്‍ വെച്ച് തുലനം ചെയ്തു നോക്കുക. ഇഷ്ടമുളള അളവ് കിട്ടിന്‍ ഏതൊക്കെ രീതിയില്‍ ക്രമീകരിക്കേണ്ടി വരും?

 
 
പ്രവർത്തനം
ഭാരം നിത്യജീവിതത്തിൽ
ഭാരം പലരീതികളിൽ നമ്മൾ കണ്ടെത്തി . ഇനി നമുക്കു ഭാരത്തെക്കുറിച്ച് ഒന്ന് എഴുതി നോക്കാം. എന്താ എഴുതുക?
1."ഭാരം നിത്യ ജീവിത്തിൽ" എന്ന  വിഷയത്തെ കുറിച്ച് കുറിപ്പ് തയാറാക്കാം.
2  അടുത്തതായി ഭാരവുമായി ബന്ധപ്പെട്ട പ്രയോഗങ്ങൾ എഴുതാം
ഉദാ :ഭാരം വലിച്ചു തളർന്നു , ജീവിതം മുഴുവൻ കഴുതയെ പോലെ ഞാൻ ഭാരം വലിക്കുന്നു
3. ഭാരത്തെ കുറിച്ച് ,കഥ എഴുതാം
ഉദാ :കഴുതയുടെ കഥ ചിത്രത്തെ അടിസ്ഥാനമാക്കി.
നിങ്ങൾക്കു ഇഷ്ടമുള്ള ഏതെങ്കിലും തിരഞ്ഞെടുത്തു  ഭാരത്തെ കുറിച്ച് ഏഴുതി നോക്കൂ
ഫോട്ടോ എടുത്തു ടീച്ചർക്ക്‌ അയക്കണേ.
ജീവിതത്തിലെ എല്ലാ തലങ്ങളെയും ഗണിതപരമായി സമീപിക്കാനുളള ടീച്ചറുടെ നീക്കം ഗണിതത്തെ വേറിട്ട രീതിയില്‍ നോക്കിക്കാണാന്‍ കുട്ടികളെ പ്രേരിപ്പിക്കും
(തുടരും)