ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, May 30, 2021

ചെറിയ ക്ലാസ്സിലെ എഴുത്തും വായനയും

 കുഞ്ഞുങ്ങളെ എഴുത്തും വായനയും പഠിപ്പിക്കുന്നത് സംബന്ധിച്ച് പല സമീപനങ്ങളുണ്ട്.

എൻ്റെ ധാരണകൾ ഉദാഹരണ സഹിതം പങ്കിടുകയാണ്.
1. മൂന്നു തരം പാഠങ്ങൾ ഉണ്ടാകും
a ) ശ്രാവ്യപാഠം .ഇത് ടീച്ചർ ഭാവാത്മകമായി പറഞ്ഞ് അവതരിപ്പിക്കുന്നതാണ്.
b) ദൃശ്യപാഠം .ഇത് ടീച്ചർ/അമ്മ കുട്ടിയുമായുള്ള സംവദിക്കലിലൂടെ രൂപം കൊള്ളുന്നതാണ്
c) എഴുത്തു പാഠം.ഇത് കുട്ടി തൻ്റെ ആശയം പ്രകാശിപ്പിക്കാനായി എഴുതുന്നതാണ്. പിന്നീട് വായനാ പാഠമായും മാറും

2 ആദ്യത്തെ ശ്രാവ്യ പാഠം കഴിഞ്ഞാൽ കുട്ടിയുടെ മനസിൽ ഒട്ടിച്ചേരുന്ന ചില വാക്കുകൾ ഉണ്ടാകും. കേട്ട എല്ലാവരും മറ്റാരോടു പറഞ്ഞാലും ഒഴിവാക്കാനാകാത്തവ. ഇതിനെ നങ്കൂര പദങ്ങൾ എന്നു പറയും. ഈ നങ്കൂര പദങ്ങൾ ചേർന്ന വാക്യങ്ങൾ വരത്തക്കവിധമാകും ദൃശ്യ പാഠങ്ങൾ രൂപീകരിക്കുക

3. കട്ടിയുടെ ആവിഷ്കാരത്തിനായാണ് എഴുത്ത്. അതൊരു സർഗാത്മക പ്രവർത്തനമാണ്. (പ്രബലനം, അക്ഷരമുറപ്പിക്കൽ, ചിഹ്നമുറപ്പിക്കൽ തുടങ്ങിയ പദാവലികളുടെ യാന്ത്രിക ലേഖനത്തിനുള്ള ഇരയല്ല കുട്ടി)

4. ആവിഷ്കാരത്തിൻ്റെ ഭാഗമായ എഴുത്തിൽ ടീച്ചറും /അമ്മയും പങ്കാളിയാണ്. അതായത് കുട്ടിക്ക് വരയ്ക്കാൻ നിർദ്ദേശിച്ചാൽ പോര ടീച്ചറും / അമ്മയും വരയ്ക്കണം. കുട്ടി എഴുതാനാഗ്രഹിക്കുന്ന കാര്യം മറ്റൊരു പേപ്പറിൽ പറഞ്ഞെഴുതിക്കാണിക്കുകയും അത് നോക്കി എഴുതാൻ അനുവദിക്കുകയും വേണം

5. ആഖ്യാനം എന്നാൽ മൂന്നു കിമി നീളമുള്ള പാOമാണെന്ന ധാരണ തിരുത്തണം. ആസ്വാദന പൂർണത പ്രധാനമാണ്. 
 അത് ചെറിയ കഥയും ആകാം.
ഒന്നിലധികം ദിവസത്തേക്ക് നീളുന്നുവെങ്കിൽ ഓരോ ഭാഗത്തിനും പൂർണാനുഭവ പ്രതീതി ഉണ്ടാകണം

6. ഏതെങ്കിലും ക്രമം പാലിച്ച് അക്ഷരങ്ങൾ നൽകുന്നില്ല (1960 മുതലുള്ള ഒന്നാം ക്ലാസിലെ പാo പുസ്തകങ്ങൾ പരിശോധിച്ചാൽ പല ക്രമമാണെന്ന് കാണാൻ കഴിയും. പാo പുസ്തക രചയിതാക്കളുടെ സാമാന്യയുക്തി എന്നതിനപ്പുറം ഗവേഷണ പിന്തുണയില്ല)

7. നങ്കൂര പദങ്ങളിലെ അക്ഷരങ്ങളുടെ പുനരനുഭവം ഉണ്ടാകും.

ഇനി ഉദാഹരണം നോക്കുക
 ഈ വീഡിയോ ശ്രാവ്യ പാഠമാണ്

ഘട്ടം 1
ശ്രാവ്യപാഠം അവതരണം
" ഒരു പട്ടം ആകാശത്തു കൂടി പറക്കുകയായിരുന്നു. അത് താഴേക്ക് നോക്കി. എന്തെല്ലാം കാഴ്ചകൾ! ചന്ത, ബസ്, കാറ്, വീട്.. പാടം..
അങ്ങനെ ഉയർന്നും താണും പട്ടം പറന്നു.
വഴിയേ ഒരാൾ വന്നു? ആരാ? ഒരു പട്ടി. ആരെ കണ്ടാലും കുരച്ചു ചാടുന്ന പട്ടി. എന്തു കണ്ടാലും കടിച്ചു കീറുന്ന പട്ടി. എപ്പോഴും കുരയ്ക്കുന്ന പട്ടി.
പട്ടി മേലേക്ക് നോക്കി.
പൊങ്ങീം താണും പറക്കുന്നത്
പട്ടമാണോ കിളിയാണോ?
പട്ടിക്ക് ദേഷ്യം വന്നു.
പട്ടി കുരച്ചു
ഭൗ ഭൗ
പട്ടം ഞെട്ടി
ചരട് പൊട്ടി
പട്ടം തലകുത്തി തല കുത്തി താഴേക്ക് വീണു
അത് തന്നെ കൊത്താനാണോ വരുന്നത്? പട്ടി പേടിച്ചു .ഒറ്റ ഓട്ടം. വാലും ചുരുട്ടി ഓടി. മോങ്ങിക്കൊണ്ട് ഓടി
പട്ടം പട്ടീടെ മേലെ വീണു
കാലിൽ ചരടു കുരുങ്ങി.
പട്ടി ഉരുണ്ടു പിരണ്ടു
കൈയും കാലും വാലും തലേം എല്ലാം ചരടിൽ കുരുങ്ങി.
ആരെ കണ്ടാലും കുരച്ചു ചാടുന്ന പട്ടി. എന്തു കണ്ടാലും കടിച്ചു കീറുന്ന പട്ടി. എപ്പോഴും കുരയ്ക്കുന്ന പട്ടി.
കുരുക്കു മുറുകി മോങ്ങി.
( ഭാവം ,ശബ്ദ വ്യതിയാനം എന്നിവയോടെ അവതരിപ്പിക്കണം. ഓൺലൈൻ പ0ന കാലത്ത് വീഡിയോയിലാക്കി നൽകുക കുട്ടി  ആഗ്രഹിച്ചാൽ കേൾക്കട്ടെ പല തവണ.

ഇനി ഘട്ടം 2
കുട്ടിയുമായുള്ള സംവദിക്കലിലൂടെ ദൃശ്യപാഠം രൂപപ്പെടുത്തൽ.
(ഇതിനായി ചോദിക്കേണ്ട ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കണം. ഓൺ ലൈൻ രീതി എങ്കിൽ അമ്മമാർക്ക് നൽകണം. )
എ 4 സൈസ് പേപ്പർ കരുതണം
വരയിട്ടതാണെങ്കിൽ നന്ന്.
ക്രയോൺസ്, പെൻസിൽ ഇവയും വേണം.
ചോദ്യങ്ങൾ നങ്കൂര പദങ്ങളെ മാനിച്ചാവണം
പട്ടം, പട്ടി ഇവയാണ് ഈ കഥയിലെ നങ്കൂര പദങ്ങൾ.
ചോദ്യങ്ങൾക്കുള്ള പ്രതികരണങ്ങൾ എല്ലാ കുട്ടികളിൽ നിന്നും സമാനമാവുന്നതാണ് നന്ന്. ചോദ്യങ്ങളും പ്രതീക്ഷിത പ്രതികരണങ്ങളും ആ പ്രതികരണത്തെ വികസിപ്പിച്ചുള്ള ലഘു വാക്യങ്ങളും ചുവടെ
ആകാശത്ത് എന്തായിരുന്നു?( പട്ടം)
പട്ടം എന്തു ചെയ്യുകയായിരുന്നു?
(പറന്നു - പട്ടം പറന്നു )

ആരാണ് കണ്ടത്? (പട്ടി - പട്ടി കണ്ടു )
പട്ടി അപ്പോൾ എന്തു ചെയ്തു? (കുരച്ചു - പട്ടി കുരച്ചു)
പട്ടി കുരച്ചപ്പോൾ പട്ടത്തിന് എന്തു തോന്നി?
(പേടി / ഞെട്ടി-പട്ടം പേടിച്ചു / പട്ടം ഞെട്ടി)
ചരടിനെന്തു സംഭവിച്ചു?
(പൊട്ടി - ചരട് പൊട്ടി)
പിന്നെന്തുണ്ടായി
( പട്ടം വീണു)
പട്ടി എന്തു ചെയ്തു?
( ഓടി - പട്ടി ഓടി, ഒറ്റ ഓട്ടം)


പട്ടം

പട്ടം പറന്നു 
പട്ടി കണ്ടു 
പട്ടി കുരച്ചു
പട്ടം പേടിച്ചു 
പട്ടം ഞെട്ടി
ചരട് പൊട്ടി
പട്ടം വീണു
പട്ടി ഓടി

ഇതാണ് കുട്ടിക്ക് മുമ്പാകെയുള്ളത്.
ടീച്ചർ / അമ്മ സാവധാനം പറഞ്ഞ്
 വടിവിൽ എഴുതിയതാണ്.

പാoത്തെ ഒന്നു വിശകലനം ചെയ്യാം
a ) ലഘു വാക്യങ്ങൾ ( നാമവും ക്രിയയും മാത്രം)
b) നങ്കൂര പദങ്ങൾ വിവിധ വാക്യങ്ങളിർ സ്വാഭാവികതയോടെ ആവർത്തിക്കുന്നുണ്ട് ( പട്ടം, പട്ടി)
c) നങ്കൂര പദങ്ങളിലെ അക്ഷരങ്ങൾ പല ചേരുവയിലുണ്ട്. പല ചേരുവ പ്രധാനമാണ്.
പ (പട്ടി, പട്ടം, പറന്നു) ,പേ (പേടിച്ചു ), പൊ (പൊട്ടി) 
ട്ടം( പട്ടം, ഓട്ടം) ട്ടി ( ഞെട്ടി, പൊട്ടി)
കൂടാതെ Sയും ട്ടയും ഉണ്ട്.
പട്ടം, പട്ടി എന്നീ പദങ്ങൾ പരിചയപ്പെടുകയും എഴുത്തുരൂപം കാണുകയും ചെയ്യുമ്പോൾ കുട്ടിയുടെ ഉള്ളിൻ ചില അബോധ ചിന്തകൾ നടക്കുന്നുണ്ടാവും. ഈ രണ്ടു വാക്കുകളുടെയും സാമ്യവും വ്യത്യാസവും. ക്രമേണ കുട്ടി സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരും. അതാണ് രൂപപ്പെടുന്ന അക്ഷര, ചിഹ്ന ബോധം

ഘട്ടം മൂന്ന്
പട്ടം വീഴുന്നതും പട്ടി ഓടുന്നതുമായ രംഗത്തിൻ്റെ പടം 
ബുക്കിൽ / എ 4 പേപ്പറിൽ
വരയ്ക്കാമോ? അറിയാവുന്ന പോലെ വരച്ചാൽ മതി.
വരച്ചതിന് നിറം നൽകാമോ?

ഘട്ടം നാല്
ചിത്രത്തിൻ്റെ താഴെ അതിലെ കാര്യം എഴുതാം
സംഭവം പറയിക്കൽ .അതനുസരിച്ച് മറ്റൊരു പേപ്പറിൽ എഴുതിക്കാണിക്കുന്നത് ( ഓരോ വാക്യം വീതം) കുട്ടി നോക്കി എഴുതുന്നു
പട്ടം വീണു
പട്ടി ഓടി
എഴുതിയത് ചൂണ്ടി വായിക്കുന്നു.

ഘട്ടം 5
കുട്ടി എഴുതിയ വാക്യങ്ങളിലെ നങ്കൂര പദങ്ങൾ ദൃശ്യപാഠത്തിലെ വാക്യങ്ങളിൽ നിന്നും കണ്ടെത്തൽ.
പട്ടം എന്ന് എവിടെയെല്ലാം?
പട്ടി എന്ന് എവിടെയെല്ലാം

ഘട്ടം 5
കഥ ഭാവാത്മകമായി അവതരിപ്പിക്കൽ


7 കാര്യങ്ങൾ ആദ്യം അവതരിപ്പിച്ചതിനു ശേഷമാണ് ഉദാഹരണത്തിലേക്ക് പോയത്.
ഏഴാമത്തെ കാര്യം പുനരനുഭവം ഉണ്ടാകണമെന്നതാണ്. അതേ ആഴിയിൽ ഈ കഥാപാത്രങ്ങൾ ഉൾപ്പെടുന്ന പുതിയ കഥയാകാം. ഇതിലെ അക്ഷരങ്ങൾക്ക് പരിഗണന ലഭിക്കുന്ന നങ്കൂര പദങ്ങൾ ഉണ്ടാകണം.


8 അമ്മമാർ തയ്യാറാക്കുന്ന വായനാ സാമഗ്രികൾ കുട്ടി പരിചയപ്പെടൽ

9 താൽപര്യമുള്ള കുട്ടികൾക്ക് ചിത്രം വരച്ച് ഇഷ്ടമുള്ള കാര്യം എഴുതാനുള്ള സ്വതന്ത്രാവസരം
(ലഘു വാക്യങ്ങളാണ് നന്ന്)

10. കഥ/ ആഖ്യാനം കുട്ടിയുടെ സാംസ്കാരിക പരിസരവുമായി ബന്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശികമായി പ്രചാരത്തിലുള്ള വാക്കുകളും മൊഴിയഴകും ഭൂതല സവിശേഷതകളും ജീവിതവും )

11. ഓരോ ടീച്ചർക്കും പാo ങ്ങൾ സൃഷ്ടിക്കാം

12. ഓരോ കുട്ടിയുടെയും ആവശ്യമറിഞ്ഞ് വ്യക്തിഗത പാഠങ്ങളും വേണം

13. ഇതൊക്കെ ട്രൈ ഔട്ട് ചെയ്തു നോക്കണം. പരമ്പരാഗത രീതിയുടെയും അധ്യാപക സഹായിയുടെയും തടവുകാരാകരുത്. 

( പ്രതികരണങ്ങളാണ് പ്രധാനം)

14. ഇനിയും നൂതനമായ രീതികൾ കണ്ടെത്താനുണ്ട്. അതിനുള്ള അന്വേഷണമാണ് നടക്കേണ്ടത്.പരിപൂർണമായ ഉത്തരം കണ്ടെത്തിക്കഴിഞ്ഞു എന്ന ചിന്ത ഈ കുറിപ്പിനുമില്ല

15. സ്വതന്ത്ര വായനക്കാരും സ്വതന്ത്ര രചയിതാക്കളുമായി ആദ്യം മുതൽ കുട്ടികൾക്ക് പദവി നൽകാൻ കഴിയണം.


Wednesday, May 26, 2021

ഓൺ ലൈൻ പഠനവും ക്ലാസ് ബോഗുകളും

ഒരു വർഷം കൂടി ഓൺലൈൻ പoനരീതി പിന്തുടരാൻ നാം നിർബന്ധിതരാവുകയാണ്.


ഈ രംഗത്ത് നടത്തിയ ചില പ0നങ്ങൾ സൂചിപ്പിക്കുന്നത് 42% ത്തോളം കുട്ടികൾ തുടർച്ചയായി ക്ലാസുകൾ കാണുന്നില്ല എന്നാണ്. വിക്ടേഴ്സ് ക്ലാസുകളുടെ ആശയ വിനിമയ രീതിയും ഭാഷയും ആശയരൂപീകരണത്തിന് ചില വിഷയങ്ങളിൽ പര്യാപ്തമാകാത്തത്, മടുപ്പ്, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കവർ ചെയ്യൽ, അധ്യാപകർ കൂടുതൽ പ്രവർത്തനം നൽകൽ, മോണിറ്ററിംഗ് നടക്കാത്തത് തുടങ്ങിയവയും പ്രശ്നങ്ങളാണ്.
പ്രായോഗികമായ രീതി അന്വേഷിക്കേണ്ട വണ്.
വാട്സാപ്പിലൂടെ പ0ന വിഭവങ്ങൾ നൽകുന്നതിൻ്റെ പ്രശ്നങ്ങൾ
1. തുടർച്ച പാലിക്കാൻ കഴിയുന്നില്ല. ഒരു പോസ്റ്റ് അധ്യാപിക ഇട്ടാൽ തൊട്ടടുത്തതായി കുട്ടി പോസ്റ്റ് ചെയ്യുന്നത് മൂന്ന് ദിവസം മുമ്പുള്ള ഒന്നിൻ്റെ പ്രതികരണമാകാം. മറ്റു കുട്ടികൾ വേറെയും പ്രതികരണങ്ങൾ ഇടും.വൈകി എത്തുന്നവർ കാണുന്നത് പരസ്പര ബന്ധമില്ലായ്മയാണ്.
2. ഓരോ പോസ്റ്റും എത്ര പേർ ശരിക്കും വായിച്ചു എന്നറിയാൻ കഴിയില്ല
3. ഫോട്ടോ, വീഡിയോ, പി ഡി എഫ് ഫയലുകൾ എന്നിവ ഫോണിൻ്റെ സംഭരണ ശേഷി കവിഞ്ഞു പോകും. രക്ഷിതാക്കൾ ഇത് ഡിലീറ്റ് ചെയ്യാൻ നിർബന്ധിതരാകും. കുട്ടിക്ക് റഫറൻസിന് സാധ്യമല്ലാതെ വരും.
4. എന്താണ് അധ്യാപിക നൽകിയതെന്ന് മോണിറ്റർ ചെയ്യുന്നതിന് പ്രഥമാധ്യാപക സൗഹൃദപരമല്ല
5. ഒന്നോ രണ്ടോ ആഴ്ചക്കു ശേഷം റഫർ ചെയ്യാൻ പ്രയാസം

ക്ലാസ് ബ്ലോഗുകൾ ഒരു സാധ്യത
1. ക്ലാസടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ബ്ലോഗിൽ ആ ക്ലാസിലെ / ഡിവിഷനിലെ എല്ലാ വിഷയങ്ങളും ഉൾപ്പെടും.
2. ഓരോ ദിവസവും എത്ര വിഷയം ഏതെല്ലാം സമയത്ത് എന്ന് മുൻകൂട്ടി തയ്യാറാക്കി കുട്ടികളെ അറിയിക്കണം
3.ലേബൽ വിഷയങ്ങളുടെ പേരിലാകണം. ഉദാഹരണം ഭൗതികശാസ്ത്രമെന്ന ലേബലിൽ ക്ലിക്ക് ചെയ്താൽ അതുവരെ ആ വിഷയത്തിൽ പങ്കിട്ട പോസ്റ്റുകൾ ഒന്നിനു താഴെ ഒന്നായി ലഭിക്കും. ഇത് തുടർച്ച അനുഭവപ്പെടുത്തും.

4. നിർദ്ദിഷ്ട പോസ്റ്റിനോടുള്ള പ്രതികരണങ്ങൾ അവിടെത്തന്നെ ലഭിക്കും. സംശയങ്ങൾ, ആവശ്യങ്ങൾ, അവ്യക്തതകൾ, നിരീക്ഷണങ്ങൾ എന്നിവ കുട്ടിക്ക് പങ്കിടാം. അധ്യാപികയുടെ പ്രതികരണവും അവിടെ ച്ചേർക്കാം
5. വീഡിയോയുടെ ലിങ്ക് ചേർക്കാനാകും. അതിനാൽ വിക്ടേഴ്സ് ചാനലിലേക്ക്, യുട്യൂബ് വിഭവങ്ങളിലേക്ക് കുട്ടികൾക്ക് ബ്ലോഗിൽ നിന്ന് എപ്പോൾ വേണമെങ്കിലും പ്രവേശിക്കാം.
6. വിക്ടേഴ്സ് ക്ലാസിന് മുമ്പ് ശേഷം എന്ന രീതിയിൽ പോസ്റ്റിൻ്റെ ഉള്ളടക്കം ക്രമീകരിക്കാനാകും (കൈറ്റ് മുൻകൂട്ടി ഉള്ളടക്ക വിശദാംശങ്ങൾ അധ്യാപകരെ അറിയിക്കാൻ സന്നദ്ധമാകണം )
7. ഒരു പ്രവർത്തന പാക്കേജിന് ഇടയിലാകണം വിക്ടേഴ്സ് ക്ലാസിൻ്റെ സ്ഥാനം. ആ പാക്കേജ് അധ്യാപകർക്ക് കൂട്ടായി തയ്യാറാക്കാൻ സ്വാതന്ത്ര്യം നൽകിയാൽ മതി.
8. ആമുഖം, പഠന പ്രശ്നാനാവതരണം, മുന്നനുഭവ ബന്ധിത പ്രവർത്തനം, വിക്ടേഴ്സ് ചാനൽ, വായനസാമഗ്രി ,തുടർ പ്രവർത്തനം എന്നത് ഒരു സാധ്യതയാണ്. അധ്യാപികയുടെ ലളിതവും വ്യക്തവുമായ നിർദ്ദേശങ്ങൾ ഉണ്ടാക്കണം.
9. വർക് ഷീറ്റുകൾ / ചിത്രങ്ങൾ/വീഡിയോ/വായനാ സാമഗ്രികൾ എന്നിവ ബ്ലോഗ് പോസ്റ്റിൻ്റെ ഭാഗമായാൽ കുട്ടിയുടെ ഫോണിലെ മെമ്മറി കാർഡ് നിറയുകയില്ല, അധ്യാപിക നൽകിയത് എന്തെന്ന് വകുപ്പിനും പ്രഥമാധ്യാപികയ്ക്കും മനസിലാക്കാനും കഴിയും.
10. നിർദ്ദിഷ്ട പാഠം അവതരിപ്പിക്കുമ്പോൾ മുന്നറിവില്ലാത്തവരെ മുന്നിൽ കണ്ട് സാങ്കേതികപദങ്ങൾ ,ആശയങ്ങൾ എന്നിവ ലിങ്ക് ചേർത്തു നൽകാം. അത് കണ്ട് ബോധ്യപ്പെട്ട് പ്രവർത്തനം കുട്ടിക്ക് എറ്റെടുക്കാം
11. കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി അധിക വായനാ സാമഗ്രിയിലേക്ക് ലിങ്ക് നൽകാം
12. പാo പുസ്തകത്തിൻ്റെ പ്രസക്ത ഭാഗം മാത്രം സ്ക്രീൻ ഷോട്ട്/ ഫോട്ടോ എടുത്ത് പോസ്റ്റിൽ ചേർക്കാം.പ്രവർത്തന നിർദേശങ്ങൾ നൽകാം
13. അതത് ക്ലാസിലെ അധ്യാപകരെടുക്കുന്ന ക്ലാസുകൾ മൊബൈലിൽ റിക്കാർഡു ചെയ്ത് യു ട്യൂബിൽ അപ് ലോഡ് ചെയ്തോ ദൈർഘ്യം കുറവെങ്കിൽ നേരിട്ട് ബ്ലോഗിൽ സന്നിവേശിപ്പിച്ചോ പങ്കിടാം.
14. ഓരോ പോസ്റ്റിൻ്റെയും ലിങ്ക് മാത്രം കുട്ടികൾക്ക് വാട്സാപ്പിലൂടെ അയച്ചാൽ മതിയാവും .
15. രക്ഷാകർതൃവിദ്യാഭ്യാസത്തിനുള്ള പോസ്റ്റുകളും പ്രതിവാരം വേണം. അതിൻ്റെ ലിങ്ക് രക്ഷിതാക്കൾക്ക് അയച്ചു കൊടുത്താൽ മതി
16. ഗോത്രഭാഷ, പ്രാദേശിക ഭാഷാഭേദം, സാംസ്കാരിക സവിശേഷതകൾ എന്നിവ ഉൾച്ചേർക്കാൻ ഈ വാകേന്ദ്രീകരണ രീതി സഹായിക്കും
17. വാട്സാപ്പ് കുട്ടികൾക്ക് തങ്ങളുടെ പo നോൽപ്പന്നങ്ങൾ പങ്കിടാനായി ഉപയോഗിക്കാം. അധ്യാപിക അത് വിശകലനം ചെയ്യണം, ഫീഡ്ബാക്ക് ബ്ലോഗ് പോസ്റ്റിലെ കമൻ്റായി നൽകണം
18. ഒരു പോസ്റ്റിട്ടാൽ കുട്ടികൾക്ക് പ്രതികരണമിടാൻ രണ്ടു ദിവസം വരെ അനുവദിക്കണം. അതിനു ശേഷം പ്രതികരിക്കാത്ത കുട്ടികളെ നേരിൽ വിളിച്ച് സഹായം നൽകണം
19. കമൻ്റ് ബോക്സിലെ പ്രതികരണങ്ങൾ ഹാജരായി പരിഗണിക്കണം.
20. കണ്ടു, മനസിലായി തുടങ്ങിയ പ്രതികരണമല്ല പ്രതീക്ഷിക്കേണ്ടത്. കുട്ടിയുടെ ചിന്തയുടെ പ്രതിഫലനം വേണം
21. ആഴ്ചയിലൊരിക്കൽ കുട്ടികളുടെ സർഗാത്മകസൃഷ്ടികൾ, വായനക്കുറിപ്പുകൾ, മറ്റ് ആവിഷ്കാരങ്ങൾ എന്നിവ ബ്ലോഗിൽ പങ്കിടാൻ അവസരം കൊടുക്കാം. ഇതിൻ്റെ ലിങ്ക് നവ മാധ്യമങ്ങളിൽ കൊടുക്കാം
22. ബ്ലോഗ് പോസ്റ്റ് തയ്യാറാക്കുമ്പോൾ ലഘു വാക്യങ്ങളും ലളിത ഭാഷയും നിർബന്ധം
ബുള്ളറ്റിൻ ഇട്ടുള്ള അവതരണവും നന്ന്. ഫോണ്ടിൻ്റെ സൈസ്, പശ്ചാത്തല നിറം എന്നിവയും പ്രധാനം.ദൃശ്വസൗന്ദര്യ ബോധം പ്രതിഫലിക്കണം.
23. ഭിന്നശേഷി കുട്ടികൾക്കായുള്ള അനുരൂപീകരണ പാഠം പ്രത്യേക പോസ്റ്റാക്കണം
24. ഇങ്ങനെ ക്ലാസ് ബ്ലോഗ് നടക്കണമെങ്കിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ
a ) ബ്ലോഗ് നിർമിക്കാനും ഉപയോഗിക്കാനും അധ്യാപകർ പഠിക്കൽ
b) കമൻറ് എഴുതാൻ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജാക്കൽ
c) ബ്ലോഗിനെ കുട്ടികൾക്ക് പരിചയപ്പെടുത്തൽ
d) വിവാദപരമായ / പ്രസക്തമല്ലാത്ത പ്രതികരണങ്ങൾ പൊതു സമൂഹത്തിൽ നിന്നുണ്ടായാൽ അത് ഡിലീറ്റ് ചെയ്യാനുള്ള ക്രമീകരണം
f ) എല്ലാ കുട്ടികൾക്കും നെറ്റ് ലഭ്യതയും റീചാർജ് സംവിധാനവും ഉണ്ടെന്ന് ഉറപ്പാക്കൽ
g) എസ് ആർ ജി തീരുമാനമാക്കൽ.
h) സജീവത, പ്രാപ്യത, ആകർഷകത്വം, അവതരണ ശൈലി, അക്കാദമിക ഈക്കാഴ്ച,  വിനിമയ ക്ഷമത, പൊതുതാൽപര്യ സംരക്ഷണം എന്നിവ പരിഗണിക്കുന്ന വിദ്യാലയ മനസ്.