ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, November 28, 2020

വയലാര്‍ക്കവിതകളുമായി മുമ്പേ പറക്കുന്ന പക്ഷികള്‍

ഒരു അനുഭവക്കുറിപ്പില്‍ തുടങ്ങാം
 "വയലാർ സ്മൃതിയുത്സവം - കുട്ടികളുടെ പ്രകടനം, അധ്യാപകരുടെ പ്രതികരണം, ഉദ്ഘാടനം, മറ്റ് പ്രഭാഷണങ്ങൾ - എന്തെന്തു വൈവിധ്യ വിഭാഗങ്ങൾ ! ഒടുവിൽ ചക്രവർത്തിനിയുടെ ആട്ടാവിഷ്കാരം. വള്ളത്തോൾ കവിതയിലെ ഒരു സന്ദർഭം ഓർമ വരുന്നു. ഉസ്മാൻ ഹുമയൂണിന്റെ മുന്നിലെത്തിച്ച സുന്ദരിയെ കണ്ടപ്പോൾ ,തെല്ലഴിഞ്ഞുള്ള കാർ കൂന്തലോ , വാർ കുനുചില്ലി യോ ,ചില്ലൊളി പൂങ്കവിളോ , ഏതേതു നോക്കണം - എന്നു സംശയിച്ചില്ലേ ചക്രവർത്തി . നമ്മുടെ സർഗോത്സവ വിഭവങ്ങളിലും  ഈയുള്ളവന്റെ മനസ്സ് ഈ വിധ ചിന്തയിലായി. മഹാ വിസ്മയം ഈയുത്സവം എന്നല്ലാതെ എന്തു പറയാൻ? സംഘാടകർക്കും സഹകാരികൾക്കും ഒരുപാടു പൂച്ചെണ്ടുകൾ"
എന്താണ് വയലാര്‍ ഒക്ടോബര്‍?

 • പാട്ടും കവിതയും പാട്ടുവരയും  കവിതാവിശകലനവും ഒക്കെയായി വയലാറിനൊപ്പം മൂന്നു ദിനം.  അത് തന്നെ.
 • കുട്ടികള്‍ക്ക് ഇഷ്ടമുളള ഇനം പാഠം. വയലാറിന്റെ ഏതു കവിതയും ഗാനവും പാഠമായി  പരിഗണിക്കാം എന്നതായിരുന്നു ഒന്നാമത്തെ നിര്‍ദേശം.
 • രണ്ടാമത്തേത് ഇഷ്ടമുളള രീതി സ്വീകരിക്കാം എന്നതാണ്
 • ആലാപനമാകാം, കവിതാവിശകലനമാകാം, പാട്ടുവരയാകാം ( കവിതയെ ചിത്രീകരിക്കല്‍)
 • അങ്ങനെ ആവിഷ്കരിക്കുന്നവ വീഡിയോയാക്കി ഗ്രൂപ്പില്‍ പങ്കിടണം.
 • സ്കൂള്‍തല മത്സരം   ഒക്ടോബര്‍ പത്തൊമ്പതിനകം
 • മധുരം സൗമ്യം ദീപ്തത്തില്‍  ഒക്ടോബര്‍ ഇരുപത്  മുതല്‍ ഇരുപത്താറ്  വരെ

ഗ്രൂപ്പംഗങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങള്‍
സ്മൃതിയുത്സവത്തിൻ്റെ ഭാഗമായി ഗ്രൂപ്പിൽ അവതരിപ്പിക്കുന്ന  ഗാനങ്ങളും കാവ്യഭാഷണവും പാട്ടുവരയുമായി ബന്ധപ്പെട്ട  ആസ്വാദനങ്ങളും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും അപ്പപ്പോൾത്തന്നെ ഗ്രൂപ്പിലിടാവുന്നതാണ്. അത്തരം കമൻ്റുകൾ മൂല്യനിർണയത്തെ ബാധിക്കില്ല. വിധികർത്താക്കൾ ഈ ഗ്രൂപ്പിലില്ല. അവർക്ക് ഇനങ്ങൾ അയച്ചുകൊടുക്കാനുള്ള മറ്റൊരു സംവിധാനമൊരുക്കിയിട്ടുണ്ട്. ആയതിനാൽ ഈ കുട്ടികൾ മലയാളത്തിൻ്റെ അഭിമാനം എന്ന മനസ്സോടെ പിശുക്കില്ലാതെ നമ്മുടെ മക്കളെ ഉയർത്താൻ അംഗങ്ങൾ മുന്നോട്ടു വരണം
അക്കാദമിക മൂല്യം
കുട്ടികള്‍ക്ക് ഒരു പ്രമേയം, സന്ദര്‍ഭവുമായി ബന്ധപ്പെട്ട് ഇഷ്ടമുളള പാഠം തെരഞ്ഞെടുക്കാനാകുന്നു ( ആ തെരഞ്ഞെടുപ്പിനായി വായന നടന്നിട്ടുണ്ടാകാം)
ഒരു വിദ്യാലയത്തിലെ കുട്ടികള്‍ പല കാവ്യപാഠങ്ങള്‍ തെരഞ്ഞെടുക്കുന്നതിലൂടെ വൈവിധ്യമുളള കാവ്യാനുഭവം ലഭിക്കുന്നു
എങ്ങനെ ആവിഷ്കരിക്കണമെന്നു തീരുമാനിക്കാനുളള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കി. അത് വിദ്യാര്‍ഥികേന്ദ്രിതസമീപനത്തിന്റെ ഉയരനിലയാണ്.
ആവിഷ്കാരങ്ങള്‍ വീഡിയോ രൂപത്തിലാക്കിയതുവഴി ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ സ്വാഭാവികമായി രൂപപ്പെട്ടു

 • കാവ്യവിശകലനങ്ങളാണ് ഏറ്റെടുത്തതില്‍ ആഴമുളള പ്രവര്‍ത്തനം. കവിയെയും കവിതകളെയും നന്നായി സ്വാംശീകരിക്കാനുളള വാതില്‍ തുറക്കലായി അത്.
 • ഭാഷാപഠനത്തില്‍ പാഠപുസ്തകേതരമായ സാധ്യതകള്‍ കുട്ടികള്‍ അതീവസന്തോഷത്തോടെ ഏറ്റെടുക്കുമെന്നു വ്യക്തമായി.
 • അതത് സ്കൂള്‍ ഗ്രൂപ്പില്‍ അധ്യാപകരും സഹപാഠികളും പ്രതികരണങ്ങള്‍ ഇട്ടു. അത് നല്ല ഫീഡ് ബാക്കായി. പൊതു ഗ്രൂപ്പില്‍ ഒരു ജില്ലയിലെ മുഴുവന്‍ അധ്യാപകരും കുട്ടികളുടെ പ്രകടനത്തോട് പ്രതികരിച്ചു. പോസിറ്റീവ് ഫീഡ്ബാക്കിന്റെ വൈവിധ്യം ബോധ്യപ്പെടുത്തുന്നവ. ഇങ്ങനെ ഗുണാത്മകക്കുറിപ്പുകള്‍ എഴുതാന്‍ അധ്യാപകര്‍ കൊവിഡോനന്തരകാലത്തും ശ്രമിച്ചിരുന്നെങ്കില്‍ .

ചിലത് നോക്കാം
    • അഞ്ജനയുടെ അശ്വമേധം മുതൽ ഉറന്നോഴുകിയ വാക്ക് പ്രവാഹം വിസ്മയകരം.
    •  ആലിലയുടെ ഗൃഹതുരത്തായുണർത്തുന്ന സുന്ദരഗാനം അതീവ ഹൃദ്യം..
    •  . വയലാർ വന്നെൻ്റെ മനസ്സിൽ തൊട്ടു;സൗഹൃദത്തിന് വലിയ വില കല്പിക്കുന്ന ബാബു മാസ്റ്ററുടെ വാക്കുകളിലൂടെത്തന്നെ.
    • ആലിലയുടെ അനർഗള നിർഗളമായ ഗാനത്തിന് നൈസർഗിക സൗന്ദര്യം.ഈ കുട്ടി മലയാളക്കരയുടെയും മലയാളത്തിൻ്റെയും അഭിമാനമായി മാറും. ആലില ഭാഗ്യവതിയാകട്ടെ
    • അഞ്ജന ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.മലയാളത്തിൻ്റെ മനോഹാരിതയെ മുഴുവൻ വാമൊഴിയിലൊതുക്കാൻ കഴിയുന്ന ഒരു പുതിയ കലാവിഷ്കാരത്തിന് ലളിതമായി മധുരം സൗമ്യം ദീപ്തത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. കാവ്യഭാഷണം.5 മിനുട്ടു കൊണ്ട് ഒരു കവിയെ ,അദ്ദേഹത്തിൻ്റെ കാവ്യപ്രപഞ്ചത്തെ വചനതല്ലജത്തിൽ കൈയൊതുക്കത്തോടെ ചേർത്തുവെച്ച് അവതരിപ്പിക്കുന്നതിലൂടെ ഭാഷകനിലും ശ്രോതാവിലും വലിയ ഭാഷാപരമായ വർത്തന വ്യതിയാനങ്ങളാണുണ്ടാവുക.അഞ്ജന മികച്ച രീതിയിൽ അതു നിർവഹിച്ചിരിക്കുന്നു. കരോക്കെയ്ക്ക് മുൻ മാതൃകകളുണ്ട്. എന്നാൽ കാവ്യഭാഷണത്തിന് അതില്ല.അഞ്ജനയുടേത് മറ്റു സ്കൂൾ ഗ്രൂപ്പുകളിലേക്ക് മാതൃകയായി ഇതിനകം പോകാനും സാധ്യതയുണ്ട്. അതിനാൽ അളഗപ്പനഗറിലെ കൈലാസനാഥനെ എന്ന പോലെ അഞ്ജനയ്ക്ക് ഒരു സമ്മാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുൻപേ പറന്ന പക്ഷി എന്ന നിലയിൽ.
    • നമ്മുടെ കുട്ടികളുടെ കലാ വാസനകളെ എല്ലാവരും നന്നായി പ്രോത്‌സാഹിപ്പിക്കണേ........
    • സത്യം പറഞ്ഞാൽ വിസ്മയിച്ചിരിക്കയാണ്... വയലാറിന്റെ ഇന്ദ്രാജജാലം ഈ തലമുറയ്ക്ക് എത്ര അനായാസമായി വഴങ്ങുന്നു... പിഴച്ച കാലമെന്നും വഴി തെറ്റുന്നു കുട്ടികൾ എന്നും പ്രാകുന്നവർ നാണിക്കേണ്ടി വരും... ഒര് ആലിലയെയും അഞ്ജനയെയും അമൽജിത്തിനെയുമൊക്കെ അറിയുമ്പോൾ... ഇവിടെ പുളകിത ഗത്രരാകാത്തവർ വിരളം.. ഇനിയും കാണാനിരിക്കുന്നതേയുള്ളു.. നമുക്ക് ആഹ്ലാദിക്കാം.
    • മക്കളെല്ലാം നന്നായി പാടുന്നു വയലാർ പുതു തലമുറയ്ക്കും അപ്രാപ്യനല്ല എന്ന് തെളിയിച്ചു കൊണ്ട്
    •  ആലാപനത്തിലും പ്രഭാഷണത്തിലും ചിത്രാവിഷ്കാരത്തിലുമൊക്കെ നമ്മുടെ പുതു തലമുറ, ഹം കി സീസേകം നഹീ - എന്നു പ്രഖ്യാപിക്കുന്ന പ്രകടനമാണ് കാണാൻ കഴിയുന്നത്. ആലില, അമൽ ജിത് , അഞ്ജന എന്നിവരൊക്കെ ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഈ അകാര നാമികരെയെല്ലാം അനുമോദിക്കുന്നു. ഇനി വരുന്നവർക്കായും പൂച്ചെണ്ടുകൾ കരുതി വെച്ചിട്ടുണ്ട്
    •  കായാമ്പൂ, പാരിജാതം, ആലിപ്പഴം, ചന്ദ്രകളഭം ഇത്യാദി വസ്തുക്കളും സങ്കല്പങ്ങളും അവയുടെ മണവും ഗുണവുമൊക്കെ അറിയാവുന്നവർ വന്നൊന്ന് പറഞ്ഞാൽ അതും കേരളീയതയുടെ കാർണിവലോ ബിനാലോയെ ഒക്കെയായി മാറും.കഴിയുന്നവർ ചെയ്യുമല്ലോ. അത്തരം പാട്ടുകളെ തെരഞ്ഞെടുത്തവർക്ക് നന്ദി.അമൽജിത്തിനും വിവേകോദയത്തിനും അഭിനന്ദനങ്ങൾ.
    • ചാരുതയാർന്ന ചിത്രം. മറ്റം സ്കൂളിലെ ഈ ചിത്ര പ്രതിഭക്ക് അഭിവാദ്യങ്ങൾ..
    • ചൊടികളിൽ നിന്ന് പൊഴിയുന്നത് ആലിപ്പഴം അല്ല സ്വര രാഗ ഗംഗാ പ്രവാഹം തന്നെ...
    • മേധ ചൊന്നതും ചൊല്ലിയതും  അശ്വ മേധം. ഹെയർ സ്റ്റൈലിലുമുണ്ട് തുല്യനീതി; ആൺ പെൺ സമത്വം.മലയാളത്തിൻ്റെ മേധാ പട്കറാകട്ടെ
    • കൊടകരയുടെ മേധ
    • വിജയദശമിയുടെ തിരക്കിലായിരുന്നു.. എല്ലാം കേട്ടു. അകം കുളിർപ്പിച്ചു. അഭിനന്ദനങ്ങൾക്ക് അതീതമായ ഹൃദയപുഷ്പങ്ങൾ തരുന്നു മക്കളെ നിങ്ങൾക്ക്. എന്റെ വ്യക്തിഗത ഗ്രൂപ്പുകളിലേക്കും സൗഹൃദ കൂട്ടയ്മകളിലേക്കും വിനിമയം ചെയ്തപ്പോൾ കിട്ടിയ പ്രശംസാ പ്രവാഹം അമ്പരപ്പിക്കുന്നത്. കുട്ടികളെ നിങ്ങളിലൂടെ ഞങ്ങൾ ബഹുമാനിതരാകുന്നു... നിങ്ങളെ പഠിപ്പിക്കുന്നതിലൂടെ ഞങ്ങളും ഉയരുന്നു.
    • വളരെ നിഷ്കളങ്കമായ ആലാപനം... ജാസ്മിന്റെ ശബ്ദം കേട്ട് ആലുവാപ്പുഴയിലെ കുഞ്ഞോളങ്ങൾ ഒന്നു കൂടി കുളിരണിഞ്ഞു കാണും...️
    • പഞ്ചതന്ത്രം കഥയിലേക്ക് മാലാഖമാരേയും ശോശന്ന പുഷ്പങ്ങളേയും ഉൾച്ചേർക്കാൻ വയലാ റിനല്ലാതെ മറ്റാർക്കാണ് ധൈര്യമുണ്ടാവുക? കുട്ടി നന്നായി പാടീട്ടോ.
    •  വയലാറിൻ്റെ വരികളോട് അക്ഷരാർഥത്തിൽ നീതി പുലർത്തിയിരിക്കുന്നത് നമ്മുടെ കുട്ടികളാണ്. സന്ധ്യയും ചന്ത പിരിയുന്ന മുഹൂർത്തും വരദ വരയിലൂടെ കൃത്യമായി ആവിഷ്ക്കരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
    • എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച  കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
    • ഒരിക്കലും കേട്ടു മതിവരാനാവാത്ത പാട്ട് .  വിൺവാകയിലാണ് ഈ പാട്ട് ചിറകനക്കുന്നത്. ആകാശത്താണോ വയലാറിൻ്റെ ആധാരം രജിസ്റ്റർ ചെയ്തതെന്ന് സംശയം. മോൾ ഭംഗിയായി പാടി
    • ഈ കുട്ടികളൊക്കെ മലയാളവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ വരും നാളുകളിൽ മലയാളത്തിൻ്റെ ശക്തി എത്ര വലുതായിരിക്കുമെന്ന് ഊഹിച്ചിട്ടുണ്ടോ?
    • ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങളൊന്നും കിട്ടാതെ വളർന്നു വന്ന നമ്മൾ തന്നെ ഇങ്ങനെയുണ്ട്. അപ്പോൾപ്പിന്നെ ഇവരുടെ കാര്യം പറയേണ്ടതില്ല
    • സന്ധ്യ മയങ്ങുന്നു......ഗ്രാമ ചന്ത പിരിയുന്നത്...... ചിത്രകാരി മതിമോഹനമാക്കി.....
    • എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച  കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
    • നമ്മുടെ കുട്ടികൾ ഒന്നിനൊന്ന് മെച്ചമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നതിൽ അഭിമാനം, സന്തോഷം.
    • എത്ര പ്രതിഭകളാണ് വേണ്ട വിധം ആവിഷ്ക്കരണ സാഹചര്യങ്ങളില്ലാതെ ഒളിമങ്ങിക്കിടക്കുന്നത്. ഇവരെ കൃത്യമായ വഴികളിലേക്ക് നയിക്കാൻ, അതിന് ചുക്കാൻ പിടിക്കാൻ നേതൃഗുണമുള്ള ഗുരുക്കന്മാർ മുന്നിട്ടിറങ്ങിയപ്പോൾ അണ പൊട്ടിയൊഴുകുന്ന സർഗ്ഗ പ്രവാഹം. സർഗ്ഗസംഗീത കാവ്യ കാരനുള്ള യഥാർത്ഥ വാഗർച്ചന.
    • .ഒരിക്കലും കേട്ടു മതിവരാനാവാത്ത പാട്ട് .  വിൺവാകയിലാണ് ഈ പാട്ട് ചിറകനക്കുന്നത്. ആകാശത്താണോ വയലാറിൻ്റെ ആധാരം രജിസ്റ്റർ ചെയ്തതെന്ന് സംശയം. മോൾ ഭംഗിയായി പാടി
    •  വര വയലാർ ഗാനത്തിന്റെ കുറെ സൂക്ഷ്മ പരാമർശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ചിത്രരചന ഈ കുട്ടിക്ക് നന്നായി വഴങ്ങും. അനുമോദനങ്ങൾ.. അനുഗ്രഹങ്ങൾ!
    •  ഹൃദയ സ്പർശിയായി പാടി. ഈ ഗാനത്തിലാണല്ലോ ഷേയ്ക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലുള്ള came, Saw, conqured മലയാളമായി വന്നത്.
    • വിരഹഗാനങ്ങളുടെ പ്രഥമഗണനീയയായ "സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ " എന്ന പാട്ടിൻ്റെ സുന്ദരാസ്വാദനവുമായി ബീയാർ പ്രസാദ്
    • സിനിമാഗാനത്തിൻ്റെ സംസ്കാരപഠനവും സൗന്ദര്യ വിചാരവും ബീയാർ പ്രസാദിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  കുട്ടികൾക്കിത് പരിചയപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആസ്വാദനവിധ മറിയാൻ അതുപകരിക്കും.
ഓരോ ദിനവും ഓരോ അതുല്യാനുഭവം
അവതരണങ്ങള്‍ ഓരോ ദിവസത്തേക്കുമായി വിന്യസിച്ചിരുന്നു. അതില്‍ ഉദ്ഘാടനവും വിശകലനവുമുണ്ട്. അധ്യാപകരോ മറ്റു പ്രശസ്തവ്യക്തികളോ  ആണ് നിര്‍വഹണം. അതും കാവ്യോത്സവത്തിന് തിളക്കമേറ്റുന്നതായി. ഉളളടക്കവും അവതരണവും കുട്ടികള്‍ക്കും സഹാധ്യപകര്‍ക്കും പഠനാനുഭവം ഒരുക്കി.
 വയലാർ രാമവർമ സ്മൃതിയുത്സവം 2020 വയലാറൊക്ടോബർ
ഒന്നാം ദിനം 

ഉദ്ഘാടനം-ശ്രീ.ബാബു.കെ.എഫ് (പ്രിൻസിപ്പാൾ, സെൻ്റ് തോമസ് കോളെജ് ,എച്ച്.എസ്.എസ്., തൃശ്ശൂർ)
കാവ്യഭാഷണം - അഞ്ജന പി.എസ് (കാർത്തിക തിരുനാൾGHSS മണക്കാട് )
അവലോകനം -ശ്രീമതി. ചിത്ര.ഒ.ആർ (അധ്യാപിക, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, പാലിശ്ശേരി.)
പ്രതികരണം നോക്കുക
ബാബു മാഷേ, അർത്ഥഗംഭീരമായ പ്രഭാഷണം. വയലാറിലെ കവിയെയും ഗാന രചയിതാവിനെയും മനുഷ്യ സ്നേഹിയെയും സാംസ്കാരിക പ്രതിഭയെയും സ്പർശിക്കുന്ന വാക്കുകൾ. ഒടുവിൽ വയലാറിൻ്റെ കവിതയും. ഉചിതമായി
അവലോകനം,ധ്യാന ലീനം. മൃദു മന്ത്രണം കണക്കെയുള്ള നിരൂപണം,
ആത്മാർത്ഥതാജന്യം.അഭിനന്ദനങ്ങൾ
ഇന്നത്തെ അവലോകനം . ചിത്രടീച്ചർ.ഒരു ചാനൽ ജഡ്ജ്  പോലെ.സർഗാത്മകം.

രണ്ടാം ദിനം
ഉദ്ഘാടനം -ശ്രീമതി.പത്മജ.ടി.എസ് ( അധ്യാപിക, വിവേകോദയം ബോയ്സ് എച്ച്.എസ് എസ്,തൃശ്ശൂർ)
അതിനോടുളള പ്രതികരണം നോക്കൂ
 ശ്രുതിശുദ്ധമായ കവിത പോലെ ഒഴുകിയെത്തിയ പദ്മജ ടീച്ചറുടെ ഉത്ഘാടന പ്രസംഗം രണ്ടാം ദിനത്തെ ധന്യമാക്കിയിരിക്കുന്നു. പുതിയ താരോദയം എല്ലാ മേഖലകളിലും നിറയട്ടെ. പ്രാർത്ഥനാ നിരതമായ ഭാവുകങ്ങൾ
വിട്ടുപോയോ എന്തെങ്കിലും?
പ്രവര്‍ത്തനത്തിനിടയ്ക് അത്തരം ആലോചനകളും നടന്നു. അത് വിലമതിക്കേണ്ടതാണ്. വരും തവണത്തേക്കുളള ചിന്തചൂണ്ടലാണത്.

 വയലാറൊക്ടോബർ ഉത്സവത്തിൽ നമ്മൾ വിട്ടുപോയ ഒന്നുണ്ട്.
ചലച്ചിത്ര ഗാനങ്ങളുടെ പണിപ്പുര, രചനയുടെ പണിപ്പുര,സംഗീത സംവിധാനത്തിൻ്റെ പണിപ്പുര,ആലാപനത്തിൻ്റെ പണിപ്പുര, ആസ്വാദനത്തിൻ്റെ പണിപ്പുര,മൂല്യ വിചാരത്തിൻ്റെ പണിപ്പുര.
ഇതിൽ പലതും പരോക്ഷമായി കടന്നു വരുന്നുണ്ടെങ്കിലും നമ്മൾ കുട്ടികളെ ഗാനരചനയുടെ ലോകത്തിലേക്കും ആകർഷിക്കണമായിരുന്നു.എന്തായാലും ബിയാർ പ്രസാദിൻ്റെ ഒരു ഗാനം മാത്രം സ്കൂൾ തല ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്താൽ ഒരു വെടിയ്ക്ക് കുറെയേറെ പക്ഷികൾ വീഴും.
വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്ത സുരേഷ് മാഷ്ക്ക് നന്ദി.
സമാപനസമ്മേളനം
 സമാപന സമ്മേളനത്തിൽ ചക്രവർത്തിനി ഗാനത്തിൻ്റെ കഥകളിയാവിഷ്കാരം മധുരം സൗമ്യം ദീപ്തം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത് കഥകളി ചിട്ടപ്പെടുത്തിയ കലാമണ്ഡലം ഗണേശൻ തന്നെ. ശ്രീനാരായണഗുരുവിൻ്റെ ജീവിതം കഥകളിയാക്കി അവതരിപ്പിച്ച കലാമണ്ഡലം ഗണേശൻ. ചെമ്പരത്തി എന്ന സിനിമക്കായി വയലാർ രചിച്ച  ചക്രവർത്തിനി എന്ന അനശ്വരഗാനം കഥകളിയാക്കി നമ്മുടെ സ്മൃതിയുൽസവത്തിൽ അവതരിപ്പിക്കുന്നു.
കാര്യപരിപാടി

 • പ്രാർഥന
 • സ്വാഗതം : ശ്രീ എൻ.ഹരീന്ദ്രൻ
 • അധ്യക്ഷത : ഡോ.ആർ.സുരേഷ്
 • ഉദ്ഘാടനം: ശ്രീ.വയലാർ ശരത്ചന്ദ്രവർമ (പ്രസംഗം കേള്‍ക്കാം )
 • മുഖ്യാതിഥി: ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി (https://www.youtube.com/watch?v=erVyVr-vVMU)
 • മുഖ്യ പ്രഭാഷണം: ഡോ. ടി.പി. കലാധരൻ (https://www.youtube.com/watch?v=f8J9hHeRzIQ)
 • പുതൂർ ഉണ്ണിക്കൃഷ്ണൻ സ്മാരകപുരസ്കാരം
 • വിധി നിർണയവും വിലയിരുത്തലും: ശ്രീ.പി.കെ സണ്ണി (സംഗീതസംവിധായകൻ)
 • സമ്മാനദാനം: ശ്രീ.ഷാജു പുതൂർ
 • മറുപടി പ്രസംഗം:
 • ചക്കാലയ്ക്കൽ രാധസ്മാരക പുരസ്കാരം
 • സമ്മാനദാനം: ശ്രീമതി .പത്മജ .ടി.എസ്
 • മറുപടി പ്രസംഗം:
 • സാജു മാത്യു സ്മാരക പുരസ്കാരം
 • വിധി നിർണയവും വിലയിരുത്തലും: ശ്രീ.റെജി കവളങ്ങാടൻ (കവി, അധ്യാപകൻ)
 • സമ്മാനദാനം: ശ്രീ. സ്റ്റൈജു.പി.ജെ
 • മറുപടി പ്രസംഗം:
 • രാജാ രവിവർമ പുരസ്കാരം
 • വിധി നിർണയവും വിലയിരുത്തലും സമ്മാനദാനവും: ശ്രീ.വി.എസ്.ഗിരീശൻ (ചിത്രകാരൻ )
 • ആശംസ: ശ്രീമതി.ധനം. പി
 • അവലോകനം: ശ്രീമതി.ജിഷ.പി.
 • ഗാനാർച്ചന:
 • ശ്രീമതി.ബിജി.വി.വി
 • ശ്രീ.സന്തോഷ്.സി.കെ
 • ശ്രീമതി. സീന.സി.ജെ
 • ശ്രീമതി. ജീജ മനോജ്
 • ശ്രീമതി. ജയശ്രീ.കെ.എ
 • നാട്യകലയുടെ കഥകളി-ചക്രവർത്തിനി
 • ആമുഖഭാഷണം: കലാമണ്ഡലം ഗണേശൻ
 • അരങ്ങിൽ:
 • ശ്രീ.വാരനാട് സനൽകുമാർ
 • ശ്രീമതി. മാളവിക.ബി.
 • നമ്പൂതിരി.
 • ഉപസംഹാരവും നന്ദിയും: ശ്രീ.ദേവദാസ്.കെ.ആർ.


മുമ്പേ പറക്കുന്ന പക്ഷികള്‍ (അധ്യാപകരുടെ വിലയിരുത്തലുകള്‍)
    • അഹോഭാഗ്യമഹോഭാഗ്യം!! സംശയമില്ല..  കാരണവൻമാരുടെ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ പുണ്യം ചെയ്തവരാണ്. ഇത് നമുക്കെല്ലാം ഒരു സുവർണ്ണാവസരം തന്നെയാണ്!
    • ഒരു നാടൻ പാട്ടിന്റെ പല്ലവി യിൽ എത്ര സുന്ദരമായാണ് വയലാർ ഒരു ദുരന്ത ജീവിതം  ഉൾ ച്ചേർത്തത് ! അന്ന് ഇതൊക്കെ പുതിയ അന്വേഷണവും ആ വിഷ്കാരവുമായിരുന്നു. ഇന്ന് വളരെ പേരൊന്നും ഈ വഴി ഉപയോഗപ്പെടുത്തുന്നില്ല. പുതിയ തലമുറ ഇതറിഞ്ഞ് ഉണരണം.
    • ഇരവിൽ മുഴുവൻ കരഞ്ഞലഞ്ഞ ആ കണ്ണുകൾ മനോമുകുരത്തിൽ നൊമ്പരം ചാർത്തിത്തെളിഞ്ഞ് നിൽക്കുന്നു... ഭാവോജ്വലം!!️
    • എല്ലാ കുട്ടികളും അനുപമമായ ആവിഷ്കാരങ്ങളാണ് നമുക്ക് മുന്നിൽ കാഴ്ചവെയ്ക്കുന്നത്. ഉൽസവക്കാഴ്ച  കണ്ട് നടക്കുകയാണ് നാമെല്ലാം. അതിനിടയിൽ ഒരു ഇമോജി യിലൂടെയോ ചെറിയൊരു അഭിപ്രായപ്രകടനത്തിലൂടെയോ ഈ കുട്ടിപ്രതിഭകളെ അഭിനന്ദിക്കേണ്ടത് മിനിമം കാവ്യനീതിയല്ലേ.,,,,,, ഈ കുഞ്ഞുങ്ങളല്ലേ നമ്മളെ നിലനിർത്തുന്ന അടിസ്ഥാന ശക്തി. നമ്മൾ നൂറ്റിനാൽപ്പതോളം അംഗങ്ങളില്ലേ. എല്ലാരും മേൽ ചൊന്ന വിധം പ്രവർത്തിക്കണമെന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു
    • വലയാർ ഒഴുകുകയായിരുന്നു അനർഗ്ഗളമായി പല ഭാവത്തിൽ പല രൂപത്തിൽ ഇതൊരനുഭവമാണ് അനുഭൂതിയും
    • കുട്ടികളുടെ പങ്കാളിത്തവും പ്രതിഭയും കണ്ടമ്പരന്നു പോയ, ആനന്ദിച്ച ദിനങ്ങളായിരുന്നു ഇതുവരെ ..! എല്ലാം ഒന്നിനൊന്നു മികച്ചതാവുമ്പോൾ എങ്ങനെ തെരഞ്ഞെടുക്കും എന്നും തോന്നിപ്പോയി ..
    • ഇപ്പൊ ഈ സമ്മാനക്കുട്ടികളെ കണ്ടപ്പോള് , കേട്ടപ്പോൾ അർഹിക്കുന്നവരിൽ തന്നെ അതെത്തിയല്ലോ എന്നാണ് ആനന്ദം !
    • വയലാർ ഉത്സവം വെറുമൊരു ആഘോഷമല്ലായിരുന്നു , കുട്ടികൾക്കും നമുക്കും ..!!
    • പ്രസംഗങ്ങൾ ലൈവ് ആയി കേൾക്കാൻപറ്റിയില്ല ...എല്ലാം കേൾക്കട്ടെ ,,
    • ഇതിനൊപ്പം നടന്ന സുമനസ്സുകൾ , എത്രപറഞ്ഞാലും തീരാത്ത സ്നേഹം
    •  ഒക്ടോബർ മാസം കലോത്സവങ്ങളുടെ മാസം കൂടിയാണ്. കലോത്സവത്തിന്റെ ഓർമ്മ എന്നെഴുതുമ്പോൾ വിരലും മനസും ഒന്നിച്ചിടറുന്നുണ്ട്. എങ്കിലും പറയാതെ വയ്യല്ലോ.. ആ ഓർമ്മകളെ ഒരു പരിധി വരെയെങ്കിലും തിരികെക്കൊണ്ടുവന്നു തന്നു വയലാ റൊക്ടോബർ .. കുട്ടികളുടെ സർഗ്ഗശേഷികളെ തിരിച്ചറിയാൻ, അവരെ പ്രോൽസാഹിപ്പിക്കാൻ മധുരം സൗമ്യം ദീപ്തം പോലെ മറ്റെന്തുണ്ട് ! വിജയികൾക്കും പങ്കെടുത്ത് പ്രതിഭ തെളിയിച്ചവർക്കും  ആശംസകൾ നേരുന്നു.
    • അവതരണത്തിന്റെ ഔചിത്യവും സമഗ്രതയും ഏറെ മികവാർന്നതായി. നമ്മുടെ കുട്ടികളും അവരുടെ കൂട്ടുകാരായ  അധ്യാപകരും മുമ്പേ പറക്കുന്ന പക്ഷികൾ തന്നെയാണ് , അല്ലേ മാഷേ ? congrats !


Thursday, November 5, 2020

മേലെയാണ് മേലടി

 നവംബര്‍ ഒന്നിന് മേലടി ഉപജില്ലയിലെ ആഹ്ലാദപ്രദമായ ഒരു അക്കാദമിക പ്രവര്‍ത്തനത്തില്‍ ഞാന്‍ പങ്കാളിയായി. കൊവിഡ് കാലത്ത് ഉപജില്ലയിലെ എഴുപത്തഞ്ച് വിദ്യാലയങ്ങളെയും സജീവ അക്കാദമിക പ്രവര്‍ത്തനത്തില്‍ വ്യാപൃതരാക്കി മുന്നേറുന്ന വലിയ ഒരു സംരംഭമാണ് മേലടിയില്‍ നടക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാവുന്ന മാതൃക. വൈകിട്ട് എഴുമണിക്കായിരുന്നു യോഗം. കൃത്യസമയത്തുതന്നെ നൂറ്റമ്പത് അധ്യാപകര്‍ ഹാജര്‍. ആരും പ്രോഗ്രാം തീരും വരെ കൊഴിഞ്ഞുപോയില്ല. ഇത് അവരുടെ താല്പര്യത്തിന്റെ സൂചകമായി ഞാന്‍ വിലമതിക്കുന്നു. ഉപജില്ലാ ഓഫീസറുടെ നേതൃത്വം അക്കാദമിക ഉള്‍ക്കാഴ്ചയോടെയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. അദ്ദേഹവുമായി പല തവണ ഞാന്‍ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ അത് പ്രകടമായി. തീര്‍ച്ചയായും മേലെയാണ് മേലടി.

അക്കാദമികതലം

വാട്സാപ്പ് ഗ്രൂപ്പുകള്‍

ക്ലാസ് വിഷയഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലേക്ക് അഞ്ച് ഗ്രൂപ്പുകളും യു പി വിഭാഗത്തില്‍ വിഷയഗ്രൂപ്പുകളും

എന്താണ് ഈ ഗ്രൂപ്പുകളുടെ ചുമതലകള്‍?

പഠനവിഭവങ്ങളുടെ സ്ക്രിപ്റ്റ് തയ്യാറാക്കി ടെക്നിക്കല്‍ കമ്മറ്റിക്ക് സമര്‍പ്പിക്കുക

അധ്യാപകശാക്തീകരണത്തിനുളള പദ്ധതികള്‍ തയ്യാറാക്കുക

വിദഗ്ധരുമായി ആശയവിനിമയം നടത്തുക

അക്കാദമികപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുളള പഠനപരിപാടികള്‍ സംഘടിപ്പിക്കുക ( സെമിനാര്‍, സംവാദം, ഓണ്‍ലൈന്‍ ശില്പുശാല, ചര്‍ച്ച)

എന്തെല്ലാം പഠനവിഭവങ്ങളാണ് തയ്യാറാക്കേണ്ടത്?

 • വര്‍ക് ഷീറ്റുകള്‍

 • ഇ ലേണിംഗ് മെറ്റീരിയലുകള്‍

 • ദിനാചരണ മാര്‍ഗരേഖ

 • കല, കായിക, പ്രവൃത്തിപരിചയ പരിശീലനവീഡിയോകള്‍

 • ക്ലബ് മാര്‍ഗരേഖ

 • വിദഗ്ധരുടെ ക്ലാസുകള്‍ ഡോക്യുമെന്റ് ചെയ്തത്.

അധ്യാപകശാക്തീകരണത്തിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍?

 • ഉപജില്ലാ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ ( ഉപജില്ലയിലെ എല്ലാ അധ്യാപകരുടെയും ഓരോ വീഡിയോ ക്ലാസ് റിക്കാര്‍ഡ് ചെയ്യും)

 • വിഷയാധിഷ്ഠിത ലൈബ്രറി

 • സ്കൂള്‍ റേഡിയോ

 • ജൈവവൈവിധ്യ ഉദ്യാനം ശക്തിപ്പെടുത്തല്‍

 • എഡിബിള്‍ ഗാര്‍ഡനിംഗ്

 • പഞ്ചായത്തില്‍ ഒരു ഗണിത പാര്‍ക്ക്

അധ്യാപകശാക്തീകരണത്തിന്റെ ഭാഗമായി ഇതുവരെ?

 • എല്ലാവര്‍ക്കും മൊബൈല്‍ ആപ്പ് പരിശീലനം നല്‍കി

 • ഉപജില്ലാതലത്തില്‍ വിദഗ്ധ ക്ലാസുകള്‍

 • വിവിധ സോഫ്റ്റ് വെയറുകള്‍ അധ്യാപകരെ പരിചയപ്പെടുത്തല്‍

 • വിദ്യാലയങ്ങളിലും വീഡിയോ എഡിറ്റിംഗ് സ്റ്റുഡിയോ സാധ്യത പരിശോധിക്കല്‍

 • പ്രീപ്രൈമറിീക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കല്‍

 • കടങ്കഥകളുടെ ദൃശ്യാവിഷ്കാരം

 • ഓണ്‍ലൈന്‍ കായിക പരിശീലനം

 • വിദ്യാലയ ലാബുകള്‍ ശക്തിപ്പെടുത്തല്‍

 • കൃഷിപ്രോത്സാഹനഅക്കാദമിക പ്രോജക്ട്

വണ്‍ സ്കൂള്‍ പ്രൊജക്ട്

ഓരോ തനിമയുളള പദ്ധതി ഓരോ വിദ്യാലയത്തിനും ( അതിന്റെ ക്രോഡീകരിച്ച രേഖ ഞാന്‍ പ്രകാശനം ചെയ്തു). വൈവിധ്യമുളളതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ പ്രവര്‍ത്തനങ്ങളാണ്.

വിദ്യാര്‍ഥികേന്ദ്രിത പ്രവര്‍ത്തനങ്ങള്‍

 • ഓണ്‍ലൈന്‍ ബാലസഭ

 • ക്യാമ്പുകള്‍

 • ടാലന്റ് ലാബ്

 • പഠനമികവുകള്‍ പങ്കുവെക്കാന്‍ അവസരം ഒരുക്കല്‍

 • കുട്ടികളുടെ മാനസീകോല്ലാസത്തിന് യു ട്യൂബ് ചാനല്‍ വഴി പ്രത്യേക പരിപാടികള്‍.

 • സഞ്ചാരി. എന്നെ ഏറെ ആകർഷിച്ച അക്കാദമികപ്രവർത്തനം. വിദഗ്ദ്ധരെത്തേടി പുതിയ സാധ്യത തേടി സഞ്ചാരം.  അക്കാദമിക സർഗാത്മകസഞ്ചാരികളുടെ സാന്നിധ്യം. വീഡിയോ കണ്ടു നോക്കൂ. കാവ്യാനുഭവം നൃത്താ നുഭവം ഇവ ലയിച്ച് ചേരുന്നതു കാണാം .( എഡിറ്റ് ചെയ്ത വീഡിയോ ആണ്. യഥാര്‍ഥ വീഡിയോ പതിനഞ്ച് മിനിറ്ര് വരും)

രക്ഷിതാക്കള്‍ക്കും സമൂഹത്തിനും വേറെയും പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.

എന്നെ ഞാനാക്കിയ വിദ്യാലയം, നാടറിയാന്‍ നാടിനെ അറിയാന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുമുണ്ട്.

ആരാണ് നേതൃത്വം?

 • ഉപജില്ലാതല സംഘാടകസമിതി

 • ഉപജില്ലാ മോണിറ്ററിംഗ് സമിതി

 • അക്കാദമിക കൗണ്‍സില്‍

 • പഞ്ചായത്ത് തലസമിതി

 • സ്കൂള്‍തലസമിതി

പദ്ധതി രൂപീകരണപ്രക്രിയ എങ്ങനെ?

 • സംഘടനാപ്രതിനിധികളുടെ യോഗത്തില്‍ അംഗീകാരവും പിന്തുണയും നേടി

 • പ്രഥമാധ്യാപകയോഗത്തില്‍ കൂടുതല്‍ വ്യക്തതനേടി

 • ക്ലാസ് വിഷയ ഗ്രൂപ്പുകളുടെ യോഗം

 • സ്റ്റീയറിംഗ് കമ്മറ്റി

 • പി ഇ സി കണ്‍വീനര്‍മാരുടെ യോഗം

 • പി ടി എ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍

 • മാനേജര്‍മാരുടെ ഓണ്‍ലൈന്‍ മീറ്റിംഗ്

 • പഞ്ചായത്ത് തല പ്രവര്‍ത്തനം

 • സ്കൂള്‍ തല പ്രവര്‍ത്തനം

 • പ്രഥമാധ്യാപക അവലോകന ആസൂത്രണയോഗം

മുപ്പത്തിരണ്ട് പ്രവര്‍ത്തനങ്ങളാണ് ഉപജില്ലാ തലത്തില് നടപ്പിലാക്കുക. എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയുംസര്‍ഗാത്മകതയും എടുത്തു പറയേണ്ടതുണ്ട്. അവര്‍ തയ്യാറാക്കിയ പ്രോജക്ടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അത് നിരന്തരം മെച്ചപ്പെടുത്തുമെന്ന് ഉപജില്ലാ ഓഫീസര്‍. ഒരു ഉപജില്ലയിലെ അധ്യാപകരെ ആകെ സജീവമായി തനത് അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ ലയിപ്പിക്കാനുളള ശ്രമാണ് മേലടിയില്‍ നടക്കുന്നത്. കൊവിഡ് കാലത്ത് ചെയ്യാവുന്ന പ്രായോഗിക മാതൃകകളിലൊന്ന്. ബി ആര്‍ സിയുടെയും ഡയറ്റിന്റെയും പ്രാദേശിക അക്കാദമിക വിദഗ്ധരുടെയും പിന്തുണയോടാണ് പ്രവര്‍ത്തനങ്ങള്‍.അക്കാദമിക കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍ ഡയറ്റ് പ്രതിനിധിയും കണ്‍വീനര്‍ ബി ആര്‍ സി പ്രതിനിധിയുമാണ്. പ്രഥമാധ്യാപകഫോറത്തിനും നിര്‍ണായക റോള്‍ ഉണ്ട്.


Tuesday, November 3, 2020

വീട്ടിലൊരു പരീക്ഷണശാല

കോവിഡ്‌ കാലത്ത് ഓൺലൈൻ 


 കത്രിക, സെലോ ടാപ്‌, പശ, വീട്ടിലെ മറ്റു പാഴ്‌വസ്‌തുക്കൾ തുടങ്ങിയവ ചേർത്ത്‌ ഓരോ കുട്ടിയുടെയും വീട്ടിലൊരു ലാബുണ്ടാക്കിയാലോ?

ഹോം ലാബ്

കോഴിക്കോട്‌ ഡയറ്റാണ്‌ ചെലവുകുറഞ്ഞ‌ ഹോംലാബ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌.  ചില ഡയറ്റുകൾ സർഗാത്മകമായി ഇടപെടും. പുതിയ മാതൃകകൾ സൃഷ്ടിക്കും. അവിടെ ഡയറ്റ് ഫാക്കൽറ്റിയംഗങ്ങൾ അക്കാദമിക ഭ്രാന്ത് പിടിച്ചവരാകും. വിദ്യാഭ്യാസ രംഗത്ത് ഇനിയുമേറെ ചെയ്യാനുണ്ടല്ലോ എന്ന അസ്വസ്ഥത അവരെ കർമനിരതരാക്കും ചില ഡയറ്റു കളാ
കട്ടെ മുകളിൽ നിന്നും നിർദ്ദേശിക്കുന്നവ മാത്രം നടപ്പിലാക്കും

ഹോം ലാബ് ആദ്യഘട്ടമായി വട്ടോളി

സംസ്‌‌കൃതം ഹൈസ്‌കൂളിലാണ് നടപ്പിലാക്കിയത്..

 1,667 വിദ്യാർഥികളുടെ വീടുകളിൽ ലഘു പരീക്ഷണശാലകൾ ഒരുക്കി.  

കോഴിക്കോട് ഡയറ്റിന്റെ  നീഡം -സ്കൂളിനൊപ്പം പരിപാടിയുടെ ഭാഗമായാണ് പദ്ധതി. 

എന്തിന്?

ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നൂതനസമീപനം, അറിവുകൾ നിർമ്മിക്കുന്നതിനോടൊപ്പം അവ നേടുന്നതിനായി കടന്നുപോകുന്ന പ്രക്രിയാരീതിക്ക് കൂടി തുല്യ പ്രാധാന്യം നൽകുന്നുണ്ട്. 
ശാസ്ത്രം എന്നത് പ്രവർത്തനം ആകുന്നതുകൊണ്ടു തന്നെ ശാസ്ത്രപഠനത്തിൽ നിരീക്ഷണ പരീക്ഷണങ്ങൾക്കുള്ള പങ്ക് വ്യക്തം.. പ്രക്രിയാശേഷികളുടെ വികാസം, ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, ശാസ്ത്രതാല്പര്യം, ശാസ്ത്രീയ മനോഭാവം എന്നിവ വികസിക്കുന്നതിൽ നിരീക്ഷണ പരീക്ഷണ പ്രവർത്തനങ്ങളിൽ ഊന്നിയ ശാസ്ത്രപഠനത്തിന്  കുട്ടിക്ക് അവസരം ലഭിക്കണം
മാറിയ ഓൺലൈൻ പഠന സാഹചര്യത്തിൽ ശാസ്ത്രം അനുഭവവേദ്യമായി അഭ്യസിക്കുന്നതിൽ കുട്ടി കാര്യമായ പ്രയാസം നേരിടുന്നുണ്ട്. ഇത് മറികടക്കാൻ വീട്ടിലൊരു പരീക്ഷണശാല സഹായകമാണ്.
ശാസ്ത്രപഠനത്തിന്റെ ഭാഗമായി ശാസ്ത്രപുസ്തകത്തിൽ പ്രതിപാദിച്ചവയും അനുബന്ധിതവും സാധ്യവുമായ പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം കുട്ടിക്ക് ഒരുക്കിക്കൊടുക്കാനാണ് ഈ പദ്ധതി.. 
എങ്ങനെ?

ലാബ് ഉപകരണങ്ങൾക്ക് ബദലായി ചുറ്റുപാടുകളിൽ നിന്നും ലഭ്യമാകുന്ന ചെലവ് കുറഞ്ഞ/ചെലവില്ലാത്ത സാമഗ്രികൾ പ്രയോജനപ്പെടുത്തി വീട്ടിൽ ലാബ് ഒരുക്കണം. ഇതിലേക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ക്ലാസടിസ്ഥാനത്തിൽ ലഭ്യമാക്കും.
ശാസ്ത്രപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തും. 
സർഗാത്മക പഠനാനുഭവങ്ങൾ, വ്യക്തിഗത ശാസ്ത്രപഠനം,  പ്രക്രിയ ശേഷികളുടെ വികാസം –-ഇതിനെല്ലാം കുട്ടിപ്പരീക്ഷണശാലകളിലൂടെ കഴിയും. 
പൂർണമായും സീറോ ബജറ്റ് ലാബുകളാണ് വിദ്യാർഥികൾ ഒരുക്കിയത്‌. 
വീട്ടിൽ കിട്ടുന്ന ഉപകരണങ്ങളും ജൈവരാസപദാർഥങ്ങളും പാഴ്‌വസ്തുക്കളെന്നു കരുതി ഉപേക്ഷിക്കുന്നവയും  ഉപയോഗിച്ച് വിദ്യാർഥികളൊരുക്കിയ കുട്ടിപ്പരീക്ഷണശാലകളുടെയും ലഘു  പരീക്ഷണങ്ങളുടെയും വീഡിയോ ഉദ്ഘാടന യോഗത്തിൽ പ്രദർശിപ്പിച്ചു. നാരങ്ങ, പുളി, സോപ്പ്, ഗ്ലാസുകൾ, ഐസ് ക്രീം ബോളുകൾ, വയറുകൾ, ബാറ്ററികൾ, കുപ്പികൾ, കണ്ണാടികൾ എന്നിവ മിക്ക കുട്ടിപ്പരീക്ഷണശാലകളിലുമുണ്ടായിരുന്നു. 


ശാസ്ത്രാധ്യാപകർക്ക് ഇതുമായി ബന്ധപ്പെട്ട വിനിമയധാരണകൾ വികസിപ്പിക്കും

വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും ശാസ്ത്രബോധവും ശാസ്ത്രാഭിനിവേശവും വളർത്താൻ ഇതുവഴി കഴിയുമെന്ന് ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജനും വട്ടോളി സംസ്കൃതം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വി രാമകൃഷ്ണനും പറയുന്നു 

കോഴിക്കോട് ഡയറ്റിൻ്റെ ആശയം സാക്ഷാത്കരിച്ച വട്ടോളി സംസ്കൃതം ഹൈസ്കൂളിന് അഭിനന്ദനങ്ങൾ
വീട്ടു പരീക്ഷണശാല ഒരുക്കിയ ഓരോ കുട്ടിയെയും അഭിനന്ദിക്കുന്നു കൊവി ഡാനന്തതര കാലത്തും തുടരാവുന്ന മാതൃക.

അനുബന്ധം
യു.പി സയൻസ് കിറ്റ് പ്രമേയാടിസ്ഥാനത്തിൽ

പ്രകാശം
 
കണ്ണാടി കഷണങ്ങൾ
വൺവേ മിറർ
എൽഇഡി സ്ട്രിപ്പ്  
ബാറ്ററി
വയർ ക്ലിപ്പ് 
 മോട്ടോർ
മെഴുകുതിരി
വർണ്ണപമ്പരം സ്റ്റിക്കർ
പഴയ സിഡി
 ഉരച്ച കണ്ണാടി
ടോഫി ബോക്സുകൾ
ചന്ദനത്തിരി
കാർഡ് ബോർഡ്
അലൂമിനിയം ചാനൽ കഷണങ്ങൾ
പ്രൊട്രാക്ടർ മാതൃക 
ഫ്ലെക്സിബിൾ മിറർ

താപം

ഷട്ടിൽ കോക്ക് കുറ്റി
ഇൻജെക്ഷൻ ബോട്ടിൽ 
ഗ്ലൂക്കോസ് ബോട്ടിൽ
ചില്ലു കുപ്പി
ലൂക്കോസ് വയർ 
ഒഴിഞ്ഞ റീ ഫില്ലർ 
മഷി
ബലൂണ്
ചെമ്പുകമ്പി
തെർമോകോൾ ബോക്സ്
എൽഇഡി സ്ട്രിപ്പ് അലൂമിനിയം സ്ട്രിപ്പ് കോപ്പർ വയർ
ബാറ്ററി 

മർദ്ദം

സ്കെയിൽ 
സിറിഞ്ചുകൾ വലുത് ചെറുത്
ബലൂൺ, വാട്ടർ ബലൂൺ
പ്ലാസ്റ്റിക് ബോട്ടിലുകൾ
ഐസ്ക്രീം ബോള്
തെർമോകോൾ ബോള്
മേസൺ പൈപ്പ്
ഹാർപിക് ബോട്ടിൽ
പ്ലാസ്റ്റിക് ബോട്ടിൽ
ഗ്ലൗസ്
പിവിസി പൈപ്പ് 
ഫണൽ
Yട്യൂബ്
ഗോലി

വൈദ്യുതി

കോപ്പർ വയർ
ബാറ്ററി
സ്വിച്ച്
ഫ്യൂസ്
കാർബൺ
മരം
കോപ്പർ
അലൂമിനിയം
ഗ്ലാസ് പീസ്
കാർബോർഡ് കഷ്ണം
ടോർച്ച് ബൾബ് ഹോൾഡർ
ബസർ 
എൽഇഡി സ്ട്രിപ്പ്
ആണി
മൊട്ടുസൂചി
*കാന്തം*
റിംഗ് കാന്തം ,ബാർ കാന്തം, യു കാന്തം തുടങ്ങിയവ
സൂചി
തെർമോകോൾ
നൂല്

ആസിഡ്, ആൽക്കലി

മുട്ടത്തോട് ,കക്കത്തോട്,
ചാരം കലക്കിയ വെള്ളം
ചുണ്ണാമ്പു വെള്ളം
വിനാഗിരി
ചെമ്പരത്തി പേപ്പർ പതിമുഖം വെള്ളം
ചുണ്ണാമ്പ്
സോപ്പ്
അപ്പക്കാരം
അലക്കു കാരം
മാർബിൾ കഷണങ്ങൾ
ഡ്രോ പർ
ഗ്ലൂക്കോസ് ബോട്ടിൽ &
 വയർ
പ്ലാസ്റ്റിക് കുപ്പി മുറിച്ച് ഉണ്ടാക്കിയ പാത്രങ്ങൾ
വാവട്ടം കൂടിയ പ്ലാസ്റ്റിക് ബോട്ടിൽ , അടപ്പ് ., മേസൺ പൈപ്പ് , ഫണൽ
അയഡിൻ 
ലായനി
ഹൈഡ്രജൻ പെറോക്സൈഡ്
മണ്ണെണ്ണ
വെളിച്ചെണ്ണ
ഗ്ലിസറിൻ
പൊട്ടാസ്യം പെർമാംഗനേറ്റ്
ഉപ്പ്
പഞ്ചസാര

മറ്റുള്ളവ

റബ്ബർ ബാൻഡ്
അരിപ്പ
ചെറിയ ഗ്ലോബ്
സ്മൈലി ബോള്
ബോളുകൾ
കാർബോഡ് പെട്ടി
കറുത്ത ചായം
തോട്ടത്തിലെഉണങ്ങിയ മണ്ണ്
വയലിലെ ഉണങ്ങിയ മണ്ണ്
ഡ്രോപ്പ് ർ 
കത്രിക
 കത്തി
സെല്ലോ ടേപ്പ്
പശ 
ഫെവി ബോണ്ട് ഗം
ഡബിൾ സൈഡ് സ്റ്റിക്കർ
തുളയ്ക്കാൻ ഉള്ള ഉപകരണം 
സോൾഡറിങ് അയൺ
കോൺവെക്സ് ലെൻസ് കോൺകേവ് ലെൻസ്
കോൺവെക്സ് മിറർ കോൺകേവ് മിറർ

Physics Class 9 

സാമഗ്രികൾ:

വിവിധ വലുപ്പത്തിലുള്ള ഒഴിഞ്ഞ സുതാര്യ പ്ലാസ്റ്റിക് കുപ്പികൾ
ബക്കറ്റ്
ഗ്ലാസ് ടമ്പ്ലർ
ബ്ലേഡ്
ഉരുളൻ കല്ലുകൾ വെള്ളം
മണ്ണെണ്ണ റബ്ബർബാൻഡ് ഒഴിഞ്ഞ പേനകൾ
ഉപ്പ്
അലുമിനിയം ഫോയിൽ
ഒഴിഞ്ഞ പേസ്റ്റ് ട്യൂബ്
സിറിഞ്ചുകൾ ഡിഷ് വാഷ് കവർ
( പ്ലാസ്റ്റിക്ക് )
മൊട്ടുസൂചി
നാണയങ്ങൾ
സുതാര്യ പ്ലാസ്റ്റിക് കവറുകൾ
ഗ്ലാസ് ഷീറ്റ്
ഫില്ലർ
റീ ഫില്ലർ
തേൻ 
ടൈൽസ് ഉണങ്ങിയ ചെറു മൺകട്ടകൾ
കോട്ടൺ തുണി
ലോഹമൂടിയുള്ള ഗ്ലാസ് കുപ്പി ( മഷിക്കുപ്പി )
ഗ്രാഫ് പേപ്പർ
instrument box
ആണികൾ
മരക്കട്ട
വലിയ കുപ്പിമൂടി 
ഗോലികൾ  പുസ്തകത്തിന്റെ പുറംചട്ട
ഹാക്സോ ബ്ലേഡ്
തെർമോകോൾ
കട്ടർ
മണൽ
ഐസ്ക്രീം ബോളുകൾ
സ്പോഞ്ച്
ചുറ്റിക
ബലൂൺ
കട്ടിനൂൽ
പ്ലാസ്റ്റിക് വയറിങ് ചാനൽ /റീപ്പർ
കെട്ടുകമ്പി
ബാറ്ററികൾ
വയർ
3 v ടോർച്ച്
ബൾബ് & ഹോൾഡർ / ചെറിയ LED കൾ
സേഫ്റ്റി പിൻ
സ്ക്രൂ /ഏറ്റവും ചെറിയ നട്ട്
ബോൾട്ട്
സ്വിച്ച് ...


Std 8

സ്കെയിൽ , 
തീപ്പെട്ടി കൂടുകൾ, 
ഗോലികൾ , 
നാണയങ്ങൾ , 
നേർത്ത കമ്പി , 
നൂൽ , 
മരുന്നു കൊടുക്കുന്ന ഫില്ലർ , ഗ്രാഫ് പേപ്പർ , 
ഫുഡ് കളർ , 
ഗ്ലാസ് ടംബ്ലർ, 
ഉപ്പ് , 
മണ്ണെണ്ണ , 
തേൻ, 
മരക്കട്ട, 
ആണികൾ, 
വലിയ കുപ്പി മൂടി , 
ഒഴിഞ്ഞ പേനകൾ, 
കുമ്മായം / മൈദ തീപ്പെട്ടിയിൽ ചെറു കല്ലു നിറച്ചത് ( ഇഷ്ടികയ്ക്ക് പകരം ) , 
ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, ബലൂൺ , 
റബർ ബാൻഡ് ,
മൊട്ടുസൂചി (ഒരു പാക്ക് ) മണലിൽ നിന്ന് കടലാസിൽ പൊതിഞ്ഞ സ്പീക്കർ കാന്തം ഉപയോഗിച്ച് ശേഖരിച്ച ഇരുമ്പ് തരികൾ , 
വിവിധ കാന്തങ്ങൾ, 
മാഗ്നെറ്റിക് കോമ്പസ് , 
ഹാക്സോ ബ്ലേഡ് , 
ആണി , 
കവചിത ചെമ്പ്കമ്പി, 
ബാറ്ററി , 
സ്ട്രോ, 
അലൂമിനിയം ഫോയിൽ ,
എർത്ത് കമ്പി കഷണം, മിൽമനെയ് കുപ്പി , 
കണ്ണാടി, 
പുതിയ സ്റ്റീൽ സ്പൂൺ, 
പുതിയ സ്റ്റീൽ പ്ലേറ്റ്, 
ഐസ്ക്രീം ബോൾ , 
കെട്ടുകമ്പി , 
ചെറിയ തെർമോക്കോൾ മണികൾ , 
കമ്പിളി , 
pvc പൈപ്പ് കഷ്ണം ,...


Std 10 

മൾട്ടിമീറ്റർ , 
1 ഓം, 2.2 ഓം റസിസ്റ്ററുകൾ,  കേടായ അയൺ ബോക്സിൽ നിന്നോ മറ്റോ എടുത്ത നിക്രോം, ബാറ്ററി, 
കേടായ LED ബൾബ് , 
കവചിത ചെമ്പ് കമ്പി,  കാന്തസൂചി,  
വയർ , 
സ്പീക്കർ കാന്തം , 
ചെറു മോട്ടോർ , 
ബനിയൻ പെട്ടി / കാർഡ് ബോർഡ് കഷ്ണം , 
ചെറു ട്രാൻസ്ഫോമർ , 
സ്വിച്ച് , ചെറിയ LED കൾ , 
വയർ , 2 കണ്ണാടികൾ , 
ലെൻസ് , 
കണ്ണട , 
ഗ്ലാസ് ടംബ്ലർ,....


അടുത്ത പോസ്റ്റ്
മേലെയാണ് മേലടി

Saturday, October 31, 2020

എല്ലാവർക്കും ഉമ്മ


എല്ലാവര്‍ക്കും ഉമ്മ എന്ന തലക്കെട്ടിില്‍ ഒരു വിദ്യാഭ്യാസാനുഭവക്കുറിപ്പ് ഏറെ രസകരമാണ്. ഈ വാക്യം എന്റേതല്ല. ജീവന്റേതാണ്.ജീവന്‍ ഒന്നാം ക്ലാസിലെ കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പ്രീപ്രൈമറിയിലായിരുന്നു. ഈ വാക്യത്തിലേക്ക് വന്ന സംഭവം പറയാം

കണ്ണൂര്‍ ഡയറ്റിലെ രമേശന്‍ കടൂര്‍ കഴിഞ്ഞ ആഴ്ച എന്നെ വിളിക്കുന്നു. മാഷെ ഞങ്ങള്‍ പ്രീപ്രൈമറി വെബിനാര്‍ നടത്തുന്നു. ഉദ്ഘാടനം ചെയ്യാമോ? രമേശന്‍ ടി ടി സിക്ക് എന്റെ നാട്ടിലാണ് പഠിച്ചത്. അന്നുമുതലുളള ചങ്ങാത്തവും സ്വാതന്ത്ര്യവും. ഞാന്‍ പറഞ്ഞു. ഏയ് എനിക്ക് വെബിനാറിന്റെ ഉളളടക്കത്തിലാണ് താല്പര്യം. ഉദ്ഘാടനത്തിലല്ല. എനിക്ക് അതിനാല്‍ ചെറിയ ഒരു റോള്‍ മതി. എല്ലാവരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാനും അതിനോട് പ്രതികരിക്കാനും അവസരം തന്നാല്‍ മതി.

രമേശന്‍ സമ്മതിച്ചു.

ഉദ്ഘാടനം ഏതെങ്കിലും പ്രീസ്കൂള്‍ കുട്ടിയെക്കൊണ്ട് ചെയ്യിക്കാമോ?

എന്റെ ആ നിര്‍ദേശവും പരിഗണിക്കപ്പെട്ടു.

ഇന്നലെയായിരുന്നു വെബിനാര്‍

ജീവനാണ് ഉദ്ഘാടകന്‍.

അദ്ദേഹം നേരത്തെ ഗൂഗിള്‍ മീറ്റ് പ്ലാറ്റ്ഫോമില്‍ റെഡി.

ജീവന്റെ പിന്നിലെ ചുമര്‍ നിറയെ ചിത്രങ്ങളാണ് ജീവനുളള ചിത്രങ്ങള്‍, ജീവന്റെ ചിത്രങ്ങള്‍.

ഉദ്ഘാടനം ചിത്രം വരച്ചുകൊണ്ടാണ്.

ജീവന്‍ ചാര്‍ട്ടിനടുത്തേക്ക് പോയി

ചിത്രരചനയില്‍ മുഴുകി

ദേ ഈ ചിത്രമാണ് വരച്ചത്.

എന്നിട്ട് ഇങ്ങനെ എഴുതി എല്ലാവര്‍ക്കും ഉമ്മ.

തുടര്‍ന്ന് സ്വാഗതം പോലെയുളള ചില ചടങ്ങുകള്‍.

അതിനു ശേഷം പതിമൂന്ന് അവതരണങ്ങള്‍.

കണ്ണൂര്‍ ജില്ലയിലെ അറുപത്തേഴ് പ്രീസ്കൂള്‍ അധ്യാപകരുടെ അനുഭവങ്ങള്‍ ക്രോഡീകരിച്ച പതിമൂന്ന് പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്

ഓരോ അവതരണം കഴിയുമ്പോഴും രമേശന്‍ പറയും കലാധരന്‍മാഷ് ഫീഡ് ബാക്ക് നല്‍കുമേ...( എനിക്ക് പണിതരുന്നതാ)

ഒരു മണികഴിഞ്ഞു പത്തുമിനിറ്റും കടന്നു അവതരണങ്ങള്‍ തീര്‍ന്നപ്പോള്‍.

അപ്പോഴും പൂര്‍ണപങ്കാളിത്തമാണ് .സ്ക്രീനിലെ നമ്പര്‍ വായിച്ചാല്‍ അറിയാം.

ഞാന്‍ ഫീഡ് ബാക്ക് നല്‍കാന്‍ ക്ഷണിക്കപ്പെട്ടു.

എന്റെ മനസിലാണെങ്കില്‍ ജീവന്‍ വരച്ച ചിത്രമാണ്

ആ കോഴിക്കു‍ഞ്ഞ് ബലൂണുമായി എവിടെപ്പോവുകയായിരിക്കും? എന്തായിരിക്കും പിന്നെ സംഭവിച്ചിട്ടുണ്ടാവുക? ആലോചന അബോധമനസില്‍ നടക്കുന്നുണ്ടായിരുന്നു. ( അത്തരമൊരു കുഴപ്പം എനിക്കുണ്ട്. ആരെങ്കിലും വെല്ലുവിളിയുണര്‍ത്തുന്ന പ്രശ്നം ഉന്നയിച്ചാല്‍ അത് ഞാനറിയാതെ പ്രോസസ് ചെയ്ത് കുറെ കഴിയുമ്പോള്‍ തളികയിലാക്കി എന്റെ മുന്നില്‍ വെച്ചു തരുന്ന ഒരു മനസ് എനിക്ക് കൂട്ടിനുണ്ട്. പരിശീലനത്തില്‍ ഇത് വല്യ സഹായമാ.)

ഏതായാലും ഈ ചോദ്യങ്ങള്‍ ഞാന്‍ വെബിനാര്‍ പങ്കാളികളോട് ചോദിച്ചു.

ആ കോഴിക്കു‍ഞ്ഞ് ബലൂണുമായി എവിടെപ്പോവുകയായിരിക്കും?

എന്തായിരിക്കും പിന്നെ സംഭവിച്ചിട്ടുണ്ടാവുക?

ജീവന്‍ വരച്ച ചിത്രം ഒരു പഠനവിഭവമാക്കുന്നതെങ്ങനെ?

ചില പ്രതികരണങ്ങള്‍

ചിത്രവായന നടത്തും

ഇനി എന്ത് എന്നു ചോദിക്കും

നല്ല പ്രതികരണങ്ങള്‍

ഞാന്‍ പറഞ്ഞു എനിക്ക് ഇതൊരു കഥയായാണ് മനസില്‍ നിറയുന്നത്.

ജീവന്‍ പൂര്‍ണമാക്കാനായി തന്ന കഥ ഞാന്‍ പറയാം

അപ്പോള്‍ മനസിലൊഴുകി വന്ന കഥ നിങ്ങള്‍ കേട്ടില്ലല്ലോ. എന്നാ വായിച്ചോളൂ

ഒരു കോഴിക്കുഞ്ഞ്

ഒരു ദിവസം രാവിലെ നടക്കാനിറങ്ങി

മാസ്ക് വെക്കണോ? എയ് ഞാന്‍ മനുഷ്യക്കുഞ്ഞല്ലല്ലോ

അങ്ങനെ നടന്നു ചെന്നപ്പോള്‍ അതാ വഴിയില്‍

ഒരു ചുവപ്പും ഒരു നീലയും

കോഴിക്കുഞ്ഞ് രണ്ടും കൊത്തിയെടുത്തു

വീട്ടിലേക്ക് നടന്നു

അപ്പോള്‍ മൈന പറന്നു വന്നു

കോഴിക്കുഞ്ഞോ കോഴിക്കുഞ്ഞോ എനിക്കൊരു ബലൂണ്‍ തരുമോ?

കോഴിക്കുഞ്ഞ് മിണ്ടിയില്ല

മിണ്ടാന്‍ വാ തുറന്നാല്‍ കുറുക്കന് കാക്ക പാട്ടുപാടി കൊടുത്ത കഥപോലെയാകും

കോഴിക്കുഞ്ഞ് നടന്നു

നീല ബലൂണും ചുവന്ന ബലൂണും തല ഉയര്‍ത്തി ഗമയില്‍ കൂടെപ്പോയി.

അപ്പോ ഒരു ശബ്ദം പിറകില്‍.

കോഴിക്കുഞ്ഞ് തിരിഞ്ഞുനോക്കി

ഒരു പട്ടിക്കുട്ടി!

കോഴിക്കുഞ്ഞോ കോഴിക്കുഞ്ഞോ എനിക്കൊരു ബലൂണ്‍ തരുമോ?

കോഴിക്കുഞ്ഞ് മിണ്ടിയില്ല

മിണ്ടാന്‍ വാ തുറന്നാല്‍ കുറുക്കന് കാക്ക പാട്ടുപാടി കൊടുത്ത കഥപോലെയാകും.

കോഴിക്കുഞ്ഞ് നടന്നു

വീട്ടിലെത്തി. മുറ്റത്തു നിന്നു വിളിച്ചു. ഉണ്ണീമായേ ഉണ്ണീമായേ

ഉണ്ണിമായ വന്നു നോക്കിയപ്പോള്‍

രണ്ടു ബലൂണുകള്‍!

കൊഴിക്കുഞ്ഞ് തുളളിച്ചാടി

ബലൂണുകളും തുളളിച്ചാടി.

ഉണ്ണമായ ചെന്ന് ബലൂണ്‍ വാങ്ങി

അപ്പോള്‍ രണ്ടു പേരെത്തി.

ഉണ്ണിമായേ ഉണ്ണിമായേ എനിക്കൊരു ബലൂണ്‍ തരുമോ? മൈന ചോദിച്ചു

ഉണ്ണിമായേ ഉണ്ണിമായേ എനിക്കൊരു ബലൂണ്‍ തരുമോ? പട്ടിക്കുട്ടി ചോദിച്ചു

ഉണ്ണിമായക്ക് അവരുടെ മട്ടുംഭാവവും അത്ര ശരിയല്ലെന്നു തോന്നി

നിക്കണേ ഞാനിപ്പം വരാം

അവള്‍ ബലൂണുമായി അകത്തേക്ക് പോയി

ബലൂണില്‍ കണ്ണും മൂക്കും മീശേം വരച്ചു

പുറത്തുവന്നു മൈനക്ക് ബലൂണ്‍ നീട്ടി

മൈന നോക്കിയപ്പോള്‍ പൂച്ചബലൂണ്‍

മൈന പേടിച്ച് ബഹളം വെച്ച് പറന്നു

പട്ടിക്കുട്ടിക്ക് ബലൂണ്‍ നീട്ടി

പട്ടി നോക്കിയപ്പോള്‍ കടുവ ബലൂണ്‍

പട്ടി നിലവിളിച്ച് ഓടി.

ബഹളം കേട്ട് കോഴിക്കു‍ഞ്ഞിന്റെ അമ്മേം അച്ഛനും വന്നു.

എന്താ സംഭവം?

നടന്ന കാര്യമെല്ലാം കേട്ട് അവര്‍ ചിരിച്ചു

എന്നിട്ട് പറഞ്ഞു.

കോഴിക്കുഞ്ഞിനു് ഒരു ചക്കരയുമ്മ

ഉണ്ണിമായക്ക് ഒരു പഞ്ചാരയുമ്മ

അപ്പോള്‍ കോഴിക്കുഞ്ഞു പറഞ്ഞു എല്ലാവര്‍ക്കും ഉമ്മ

ഉണ്ണിമായയും പറഞ്ഞു എല്ലാവര്‍ക്കും ഉമ്മ

.

ടീച്ചര്‍മാരേ നിങ്ങള്‍ക്കും കിട്ടിയേ? ജീവന്‍ കഥയുടെ തുടക്കവും ഒടുക്കവുമാണ് ചിത്രക്കാര്‍ഡില്‍ ഉള്‍പ്പെടുത്തിയതെന്ന് ഇപ്പോ മനസിലായോ? എങ്ങനെ ചിത്രസംഭവങ്ങളെ പഠനവിഭവമാക്കാം എന്ന് നാം ആലോചിച്ചുകൊണ്ടിരിക്കണം. നിങ്ങള്‍ തയ്യാറാക്കിയ ചിത്രക്കാര്‍ഡുകള്‍ ഭാവനാത്മക ചിന്തയ്ക് സഹായകരമായിരുന്നോ? ഒന്നു പരിശോധിക്കണേ.

നിങ്ങളുടെ അവതരണങ്ങളെക്കുറിച്ചെല്ലാം പറയണമെങ്കില്‍ രണ്ടുമൂന്നു മണിക്കൂറെടുക്കും

എന്നാലും പറയാതിരിക്കാനുമാകില്ലല്ലോ

നീട്ടാതിരിക്കാനും ശ്രദ്ധിക്കാം .കുറുകാതിരിക്കാനും ശ്രമിക്കാം.

( അവരോട് പറഞ്ഞപോലെ ഇവിടെ എല്ലാം ഓര്‍മയില്‍ നിന്നും പകര്‍ത്താനാകില്ല. എങ്കിലും വായനക്കാരെ മാനിക്കണമല്ലോ)

1.മാനവികമായ ഇടപെടല്‍. കോവിഡ് കാലത്ത് ആശുപത്രിയിലായ രക്ഷിതാക്കള്‍. കുട്ടി വല്ലാതെ ഒറ്റപ്പെടാനിട വന്നു. അപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരെ വിളിച്ചു കുട്ടിക്ക് വൈകാരിക പിന്തുണയും സുരക്ഷിതത്വബോധവും ഉറപ്പാക്കുകയും കുഞ്ഞുമായി നിരന്തരം ബന്ധപ്പെട്ട് കഥയും പാട്ടുമൊക്കെ പങ്കിട്ട് മുഖം വാടാതെ നോക്കിയ പ്രീസ്കൂള്‍ അധ്യാപികയുടെ അനുഭവം അവതരിപ്പിച്ചിരുന്നു. ഇതുപോലെ നിരവധി മഹനീയമായ ഇടപെടല്‍ നടത്തിയിരിക്കുന്നു. അവ ക്രോഡീകരിക്കണം. ഡയറ്റ് അത് പ്രകാശിപ്പിക്കണം. അധ്യാപകമാനവികയുടെ തിളക്കം സൂക്ഷിക്കേണ്ടതുണ്ട്. വൈകാരിക വികാസം എന്നത് വികാസമേഖലയില്‍ പെടുന്ന ഒന്നാണ് . ഇത്തരം ഇടപെടലുകളും ആ വികാസമേഖലയ്ക് സഹായകവും തീമിനു പുറത്തുളള ജീവിതപ്രമേയവുമായി രക്തബന്ധമുളളതുമാണ്.

2. സര്‍ഗാത്മകമായിരുന്നു ഓരോ ദിവസവും. നിങ്ങള്‍ അവതരിപ്പിച്ചതില്‍ നിന്നും എനിക്ക് മനസിലായത് നിങ്ങള്‍ എഴുത്തുകാരായി, വരക്കാരായി, പുതിയ സങ്കേതങ്ങള്‍ പരീക്ഷിക്കുന്നവരായി. തെളിവുകള്‍ സഹിതമാണ് പങ്കിട്ടത്. വളരെ സര്‍ഗാത്മകമായി ഇടപെടാന്‍ കഴിയുന്ന നിങ്ങള്‍ എന്തിനാണ് വിക്ടേഴ്സ് ചാനലിലെ പ്രീസ്കൂള്‍ ക്ലാസുകളെ ആഗ്രഹിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. ആ ആഗ്രഹം നമ്മെ നിരാകരിക്കുന്നത്. അതിനേക്കാള്‍ വൈവിധ്യമുളളതും തനിമയുളളതും സാധ്യമാണെന്ന് നിങ്ങള്‍കാട്ടി തന്നല്ലോ? ആത്മാഭിമാനികളാകാന്‍ കഴിയുന്ന തരത്തില്‍ നിങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.

3. വീട്ടിലൊരു പഠനമുറി -ഇതു തുടക്കമാണ്. അറുപത്തേഴ് അധ്യാപകരും അവരുടെ കു‍ഞ്ഞുങ്ങളുടെ വീടുകളില്‍ പഠനമുറി ഒരുക്കി എന്നത് വലിയസംഭവമാണ്. ആ പഠനമുറിയുടെ വിശദാംശങ്ങള്‍ വേണ്ടവണ്ണം പങ്കിടാത്ത പിശുക്ക് എനിക്ക് നിരാശ ഉണ്ടാക്കിയിട്ടുണ്ട്. പിശുക്കേണ്ട കാര്യമല്ലല്ലോ ഇത്. എന്തായാലും എനിക്ക് പറയാനുളളത് വിദ്യാഭ്യാസത്തിന്റെ ആരംഭത്തില്‍ തന്നെ വീടിന്റെ പഠനാന്തരീക്ഷത്തെ മാറ്റിത്തീര്‍ക്കാന്‍ കൊവിഡ് നമ്മെ സഹായിച്ചിരിക്കുന്നു. അവസരങ്ങളെ സാധ്യതയാക്കണം. കൊവിഡിനു ശേഷവും തുടരണം. പഠമൂലകളും വീട്ടിലുണ്ടാകണം. അതിനുളള പണികള്‍ വേഗം തുടങ്ങണം. വീട്ടില്‍ കിട്ടുന്നവയും നിര്‍മിക്കാവുന്നവയും വെച്ച് ആരംഭിക്കണം. കുട്ടി വളരുമ്പോള്‍ പഠനമുറിയും വളരട്ടെ. കണ്ണൂര്‍ ജില്ലയില്‍ ഇതു വാര്‍ത്തയാകണം. എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്കും പഠനമുറി എന്ന ആശയം സമൂഹം ചര്‍ച്ച ചെയ്യട്ടെ.അതിന് നിങ്ങള്‍ നിമിത്തമാകണം.

4. രക്ഷിതാക്കള്‍ക്ക് ദൈനംദിന പ്രായോഗിക പരിശീലനം. അത് അചിന്ത്യമായ സംഭവമാണ് . അഞ്ചാറുമാസം രക്ഷിതാക്കളെ ദിനംപ്രതി പരിശീലിപ്പിക്കുക എന്നത്. ഓരോ ദിവസവും നിര്‍ദേശങ്ങള്‍. ഇതു ചെയ്യിക്കണം. അതു ചെയ്യിക്കണം. ഇങ്ങനെ ചെയ്യണം. ഇങ്ങനെ മാത്രമേ ചെയ്യാവൂ. കുട്ടിക്ക് വേണ്ടി രക്ഷിതാവ് പഠിക്കണം. പക്ഷേ കുട്ടി ചെയ്യേണ്ടത് കുട്ടി തന്നെ ചെയ്യണം. രക്ഷിതാക്കളറിയാതെ അവരെ ഓരോ ദിവസവും നിങ്ങള്‍ വളര്‍ത്തുകയായിരുന്നു. അവരാകട്ടെ ആസ്വദിച്ചു വളരുകയും. ജൈവരക്ഷാകര്‍തൃവിദ്യാഭ്യാസം എന്ന് വിളിക്കാനാകുന്ന ഒരു മാതൃകയാണിത്. രമേശന്‍ മാഷ് ഇത് രക്ഷാകര്‍തൃവിദ്യാഭ്യാസത്തിനുളള പാഠ്യപദ്ധതിയാക്കി മാറ്റണം. അതിന് വലിയ പണിയില്ല ക്രോഡീകരിച്ചാല്‍ മതി. പക്ഷേ അത് പ്രകാശിപ്പിക്കണം. ഇവരൊക്കെ കൂടും. ചില രക്ഷിതാക്കളെയും കൂട്ടണം. കൊവിഡ് തീര്‍ന്നാലും തുടരാവുന്ന രീതിയില്‍ കാണണം.

5. നവമാധ്യമങ്ങളുടെ വാതില്‍ തുറക്കല്‍. നിങ്ങള്‍ ജില്ലാ തലത്തില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിച്ചത് നല്ല കാര്യം തന്നെ. അത് നിങ്ങള്‍ കാണുകയും ലൈക് ചെയ്യുകയും കമന്റിടുകയും ചെയ്യുന്നു. പരസ്പരം അംഗീകരിക്കുന്നു. പ്രോത്സാഹിപ്പിക്കുന്നു. അതും നല്ല കാര്യം തന്നെ. പക്ഷേ അതു പോര. നിങ്ങള്‍ എത്ര പേര്‍ക്ക് ഷെയര്‍ ചെയ്തു? നിങ്ങളുടെ രക്ഷിതാക്കള്‍ എത്രപേര്‍ക്ക് ഷെയല്‍ ചെയ്തു .പുറത്തുളളവര്‍ അറിയണ്ടേ, കാണണ്ടേ, വിസ്മയിക്കണ്ടേ നമ്മുടെ ഇടപെടല്‍ത്തെളിവുകള്‍? സമൂഹവിദ്യാഭ്യാസത്തിനുളള സുവര്‍ണസന്ദര്‍ഭമായി നിങ്ങളുടെ ഫേസ്ബുക്ക് പേജിനെയും ബ്ലോഗിനെയും മാറ്റാനാകണം. അത് വൈകില്ല എന്ന പ്രതീക്ഷയാണെനിക്കുളളത്.

6. പരസ്പരം അറിയുന്നുണ്ട് രക്ഷിതാക്കള്‍. രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ മാത്രമല്ല മറ്റു കുട്ടികളുടെയും ഉല്പന്നങ്ങളും പ്രകടനങ്ങളും കാണുന്നു. മറ്റു രക്ഷിതാക്കളുടെ ഇടപെടല്‍ ജാഗ്രത മനസിലാക്കുന്നു. സ്വയം വിലയിരുത്തുന്നു. മെച്ചപ്പെടുന്നു. പരസ്പരപഠനത്തിന്റെ ഒരു തലം ഇതിലില്ലേ? എങ്ങനെ വരും വര്‍ഷങ്ങളില്‍ ഇത് തുടരാനാകും? സാധാരണ രീതിയില്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ പോലും രക്ഷിതാവിന് സ്വന്തം കുട്ടിയുടെ എല്ലാ പ്രകടനങ്ങളും പ്രതികരണങ്ങളും കാണാന്‍ കഴിയില്ലായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ശനി , ഞായര്‍ ദിവസങ്ങളില്‍ കൊവിഡാനന്തരകാലത്ത് ഇത്തരം അനുഭവങ്ങളുടെ തുടര്‍ച്ച സാധ്യമാണോ? മറ്റു രീതികള്‍? അതു നിങ്ങള്‍ ആലോചിക്കണം.

7. സാങ്കേതികവിദ്യാനൈപുണിയിലൊരു മുന്നേറ്റം. ആഗ്മെന്റ് റിയാലിറ്റി ആപ്പ് ഉപയോഗിച്ച് ദൃശ്യാനുഭവം ഒരുക്കല്‍, ഡ്രോ ഇറ്റ്, വീഡിയോ എഡിറ്റിംഗ് അപ്പ്, ഇമേജ് എഡിറ്റര്‍, പോസ്റ്റര്‍ ആര്‍ട്ട് തുടങ്ങി ഒട്ടേറെ അപ്പുകളും രീതികളും ഉപയോഗിക്കാന്‍ നിങ്ങള്‍ പഠിച്ചു. കേരളത്തിലെ ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുളള അധ്യാപകരെ കൈറ്റ് എട്ടും പത്തും ദിവസം പരിശീലിപ്പിച്ചിട്ടും പൂര്‍ണമായി കൈവരിക്കാനാകാത്ത സാങ്കേതികവിദ്യാനൈപുണികള്‍ ഓണ്‍ലൈനായി ഡയറ്റിലെ സന്തോഷിന്റെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ സ്വായത്തമാക്കിയതിന് വലിയ അഭിവാദ്യം. ഇനി ഇതിന്റെ ഒരു റിപ്പോര്‍‍ട്ട് വേണം. ആരോക്കെ പൂര്‍ണസജ്ജരായി. ഇനിയും പിന്തുണവേണ്ടവരാരെല്ലാം. ഏതെല്ലാം മേഖലകളില്‍? എന്തെല്ലാം വിഭവങ്ങള്‍ നിര്‍മിക്കപ്പെട്ടു? അവ തരംതിരിച്ച വിശകലനം ചെയ്യണം. പിന്നെ പ്രീസ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ സാങ്കേതികവിദ്യാപരിശീലനത്തിനുളള സിലബസും ( മോഡ്യൂള്‍ എന്നായാലും വേണ്ടില്ല) തയ്യാറാക്കണം. അത് കേരളത്തില്‍ പങ്കിടണം. നിങ്ങളുടെ പ്രീസ്കൂളിലെ കുഞ്ഞുങ്ങള്‍ ഭാഗ്യമുളളവര്‍ എന്നു പറയുന്നു. നേടിയ കഴിവിന്റെ പ്രകാശനം കൂടിയായി നിങ്ങളുടെ അവതരണങ്ങള്‍.

8. ആസൂത്രണം, നിരന്തര വിലയിരുത്തല്‍ എന്നിവയില്‍ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എങ്ങനെ ഓരോ പഠനനേട്ടവും പരിഗണിച്ച് ഓരോ കുട്ടിയെയും ക്ലാസിനെ പൊതുവായും വിലയിരുത്തി അനുയോജ്യമായ തുടരനുഭവം ഒരുക്കി നാം വളരും. മാതൃകസൃഷ്ടിക്കും? ഓരോരുത്തരും അത്തരം അന്വേഷണം ഏറ്റെടുക്കണം. നിരന്തരവിലയിരുത്തലില്‍ ഇടപെടുമ്പോള്‍ ആസൂത്രണത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. പൊളിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഒട്ടിച്ചുവെക്കുകയും അടര്‍ത്തിക്കളയുകയും ചെയ്യുന്ന കുറിപ്പുകളാകും നിങ്ങളുടെ ടീച്ചിംഗ് മാന്വല്‍. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അത് ആകാശത്ത് പറക്കാത്ത മനോഹരമായ പക്ഷിയാണ്.

9. രക്ഷിതാക്കളുടെ സര്‍ഗാത്മക ഇടപടലിനെ ആഘോഷിക്കണ്ടേ? മഴ എന്ന തീമുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ കവിത എഴുതി. കഥയുണ്ടാക്കി എന്നൊക്കെ പറയുമ്പോള്‍ എന്റെ മനസില്‍ വേണ്ടത്ര അംഗീകാരം കിട്ടാത്ത കുറേ രക്ഷിതാക്കളുടെ മുഖം തെളിയുന്നു. നിങ്ങള്‍ അവരുടെ രചനകള്‍ ക്രോഡികരിക്കൂ. രക്ഷിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കായി എഴുതിയവ പ്രസിദ്ധീകരിക്കൂ. ഒരു എഡിറ്റിംഗ് ശില്പശാല നടത്തൂ. എന്നിട്ട് അവയെ പഠനവിഭവമായി പ്രയോജനപ്പെടുത്തൂ. തീം ആസൂത്രണത്തില്‍ കണ്ണൂരിലെ രക്ഷിതാവിന്റെ ഒരു രചന വരികയാണ്. അങ്ങനെ അവരെ മാനിക്കാന്‍ എന്തേ മടി?

10. ഇ പോര്‍ട്ട് ഫോളിയോ വിളിക്കുന്നത് കേള്‍ക്കുന്നില്ലേ? ടീച്ചര്‍മാരേ എന്തിനാണ് ഇങ്ങനെ കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങള്‍ ഓരോരോ പെട്ടിയിലാക്കിയിട്ടിരിക്കുന്നത്? അതെങ്ങനെ പഠനപുരോഗതിയെ അടയാളപ്പെടുത്തും? ഏതെങ്കിലും രണ്ടോ മൂന്നോ പഠനനേട്ടമെടുത്ത് അതുമായി ബന്ധപ്പെട്ട് മൂന്നു സമയബിന്ദുക്കളിലെ കുട്ടികളുടെ പ്രകടനങ്ങള്‍ ക്രമീകരിച്ച് വളര്‍ച്ച അനാവരണം ചെയ്തുകൂടേ? അത്തരം ഒരു വീഡിയോ, പ്രസന്റേഷന്‍ തയ്യാറാക്കിയാലോ? ആഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലെ ? ഒരു ഉപജില്ലയിലുളളവര്‍ വ്യത്യസ്ത പഠനനേട്ടങ്ങള്‍ എടുക്കൂ. പ്രായോഗികമായി സാധ്യമാകുന്നത്ര കുറഞ്ഞ എണ്ണം വെച്ച് പോര്‍ട്ട് ഫോളിയോയെ പ്രോസസ് ചെയ്യൂ. മാതൃകസൃഷ്ടിക്കൂ. പുതിയ അര്‍ഥം നല്‍കൂ. എന്നിട്ട് അഭിമാനപൂര്‍വം രക്ഷിതാവുമായി പങ്കിടൂ. സമൂഹവുമായി പങ്കിടൂ. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും പങ്കിടൂ.

(ഇടയ്കിടെ അവരുടെ പ്രതികരണങ്ങളും ചേര്‍ത്തായിരുന്നു അവതരണം

കുറേ കാര്യങ്ങള്‍ ഇവിടെ എഴുതിയിട്ടില്ല. അത് അവരുടെ അവതരണം മെച്ചപ്പെടുത്തുന്നതിനുളളതായിരുന്നു. അതിലെ മികവ് പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അവതരണം കേള്‍ക്കാത്തവര്‍ക്ക് അത് പ്രസക്തമല്ലല്ലോ)

ആദരണീയരായ ബിജിന, ശോഭ, രാജേശ്വരി, പ്രീജ, റേഷ്മ, ലിസി, ജയശ്രീ, ശൈലജ, രഞ്ജിത, ശ്രീജ, സുഫൈറ, ബിന്ദു, ഷീന എന്നീ അധ്യാപികമാരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്

കൊവിഡ് കാലത്തെ പ്രീസ്കൂള്‍ ടീച്ചര്‍, കൊവിഡ് കാലത്തെ പ്രീസ്കൂള്‍ കുട്ടി, കൊവിഡ് കാലത്തെ പ്രീസ്കൂള്‍ രക്ഷിതാവ്, വികാസപരമായ വളര്‍ച്ചയും അനുഭവപ്രവര്‍ത്തനങ്ങളും, ഓണ്‍ലൈന്‍ അധ്യാപകപരിവര്‍ത്തനപരിപാടിയും പ്രീസ്കൂള്‍ അധ്യാപകരും, സങ്കേതങ്ങളുടെ പ്രയോഗവത്കരണം, ആസൂത്രണം പ്രയോഗം, നിരന്തരവിലയിരുത്തല്‍ അനുഭവം, സാങ്കേതികവിദ്യയുടെ ഉപയോഗവും സ്വയം വിലയിരുത്തലും. പ്രവര്‍ത്തനോല്പന്നങ്ങളും വിലയിരുത്തലും, രക്ഷിതാക്കളുടെ ഇടപെടലും വിലയിരുത്തലും, പ്രീസ്കൂളിലെ വായനാസാധ്യതകള്‍, എന്റെ സങ്കല്പത്തിലെ പ്രീസ്കൂള്‍ എന്നിവയായിരുന്ന പ്രബന്ധ പ്രമേയങ്ങള്‍

എൃന്തായാലും എനിക്ക് പഠിക്കാനും ആസ്വദിക്കാനും അവസരം കിട്ടി.

അതിന് കണ്ണൂരിലെ പ്രിയപ്പെട്ട അധ്യാപകരോടുളള കടപ്പാട് രേഖപ്പെടുത്തുന്നു

അതാ നോക്കൂ. ഒരു കോഴിക്കുഞ്ഞ് രണ്ടു ബലൂണുമായി വരുന്നല്ലോ? ഇത്തവണ പാട്ടുമായിട്ടാ വരവ്

ആ പാട്ടൊന്നു പാടാമോ?

കോഴിക്കുഞ്ഞേ നിന്റെ പാട്ടൊന്നു കേള്‍ക്കട്ടെ എന്ന് നാം ചോദിക്കാറില്ലേ ഇപ്പോ നിങ്ങടെ പാട്ടുകേള്‍ക്കട്ടെ. എഴുതി തയ്യാറാക്കി കമന്റായി പോസ്റ്റിയാലും മതിയേ..