ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label എറണാകുളം. Show all posts
Showing posts with label എറണാകുളം. Show all posts

Saturday, March 18, 2023

കണ്ടറിവിൻ്റ നിറവിൽ കിഴുമുറി ഗവ: എൽ പി സ്കൂൾ

നാട്ടു നാട്ടു പാട്ടിൻ്റെ ചുവടുവെയ്പ്പുകളുടെ ഘട്ടങ്ങൾ അറിയാം പക്ഷെ കുംഭാരരുടെ മൺപാത്ര നിർമാണത്തെക്കുറിച്ച് ഒന്നുമറിയില്ല.

എത്ര സൂക്ഷ്മതയോടെ തികവോടെ സർഗാത്മകമായി നിർമിക്കുന്നവയാണത്

കൊച്ചു കുട്ടികൾ പഠനയാത്രയുടെ ഭാഗമായി കളിമൺപാത്ര നിർമാണ സ്ഥലത്ത് എത്തി വിസ്മയപ്പെട്ടു

കാഴ്ച്ച എന്നാണ് കുട്ടികളുടെ പഠനയാത്രയുടെ പേര്

ഇത്തവണ എത്തിയത് കുട്ടികളാരും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്തിടത്തിലേക്കായിരുന്നു. പരമ്പരാഗതമായി മൺപാത്രങ്ങൾ ഉണ്ടാക്കുന്ന ലക്ഷ്മണൻ ചേട്ടന്റെ വീട്ടിൽ...

.ലക്ഷ്മണൻ ചേട്ടന്റെ അടുത്ത് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചപ്പോൾ സങ്കടത്തോടെ ഒരു കാര്യം പറഞ്ഞു.

മണ്ണ് തീർന്നിരിക്കുകയാണ്. സുഖമില്ലാത്തതിനാൽ എല്ലാം മുടങ്ങി കിടക്കുകയാണ്. പാലക്കാട് നിന്ന് മണ്ണ് കൊണ്ടുവരണം. ധാരാളം നടപടിങ്ങൾ ഉണ്ട് മണ്ണെടുക്കുവാനും അത് ഇവിടം വരെ എത്തിക്കുവാനും. അപ്പോൾ ഞങ്ങൾ പറഞ്ഞു മണ്ണ് ഞങ്ങൾ ഏർപ്പാടാക്കാം. അങ്ങനെ ബിന്ദു ടീച്ചറുടെ നിർദ്ദേശപ്രകാരം ഗോവിന്ദ് സർ മുവാറ്റുപുഴക്ക് അടുത്തുള്ള ഒരു പാത്ര നിർമ്മാണ സ്ഥലത്തു നിന്നും അല്പം കളിമണ്ണ് സംഘടിപ്പിച്ചു.


വീടിനോട് ചേർന്നുള്ള ചായ്പിൽ ആണ് പാത്ര നിർമ്മാണ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളെല്ലാവരും ഉള്ള സ്ഥലത്ത് ചുറ്റും കൂടി പാത്രം ഉണ്ടാക്കുന്ന ചക്രത്തിന്റെ നടുക്ക് അല്പം കുഴച്ച് പരുവപ്പെടുത്തിയ കളിമണ്ണ് വച്ചു. ഒരു ചെറിയ കോലെടുത്ത് അദ്ദേഹം ആ  ചക്രം നല്ല വേഗത്തിൽ കറക്കി. കുട്ടികളോട് സുരക്ഷിത അകലം പാലിക്കുവാൻ ആവശ്യപ്പെട്ടു. രണ്ട് കൈകൾ കൊണ്ട് മണ്ണിനെ ആകൃതിയിലാക്കിക്കൊണ്ടുവന്നു. അല്പ സമയം കഴിഞ്ഞപ്പോൾ കൈകൾക്കിടയിൽ നിന്നും പാത്രമായി  മണ്ണ് വിരിഞ്ഞ് വന്നപ്പോൾ കുട്ടികളുടെ അത്‌ഭുതം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എല്ലാവരും അത് കണ്ട് കയ്യടിച്ചു. അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു. ഫിനിഷിംഗ് ചെയ്യാൻ തുണി നനച്ച് പാത്രത്തിൽഇടക്കിടെ തലോടിക്കൊണ്ടിരിക്കുന്നുണ്ടായി. അതിനു ശേഷം അതെടുത്ത് വെയിലത്ത് ഉണക്കുവാൻ വയ്ക്കും. എന്നിട്ട്   അടുത്തുള്ള ചൂളയിൽ ഇട്ട് ചൂടാക്കി ബലപ്പെടുത്തി എടുക്കും. ചൂളയിൽ വിറക് ആണ് ഉപയോഗിക്കുന്നത് . എല്ലാം വിശദമായി കാണിച്ചു തന്നു. ലക്ഷ്മണൻ ചേട്ടന് 76 വയസ്സായി എന്റെ കാലത്തിനു ശേഷം ഇവിടെ ഇത് അവസാനിക്കുമെന്നുള്ള സങ്കടം പറഞ്ഞു. പുതിയ തലമുറയിലുള്ള ആരും ഇത്രേം കഷ്ടപ്പാട് ഏറ്റെടുത്ത് മുന്നിട്ട് വരാൻ തയ്യാറാക്കുന്നില്ലത്രേ. അങ്ങനെ അന്യം നിന്നു പോകാൻ ഒരുങ്ങുന്ന ഒരു കുലത്തൊഴിൽ കണ്ട് മനസ്സിലാക്കുവാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ കുട്ടികളൊന്നടങ്കം നന്ദി അറിയിച്ചു




എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് രാമമംഗലം അവിടുത്തെ കിഴുമുറി ഗവ: എൽ പി സ്കൂളിലെ കുട്ടികൾ ഈ വർഷം നടത്തിയ യാത്രകളിലൂടെ നമുക്കൊന്ന് എത്തി നോക്കാം

പോലീസ് സ്റ്റേഷനിലേക്ക്

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്  കുട്ടികളെ എല്ലാവരേയും പങ്കെടുപ്പിച്ചു കൊണ്ട് രാമമംഗലം പോലീസ് സ്റ്റേഷൻ സന്ദർശനം സംഘടിപ്പിച്ചു..


PTA പ്രസിഡന്റ്, SHO ഇൻസ്പെക്ടർ  ശ്രീ രാജേഷ് സാറിനെ മുൻകൂട്ടി കണ്ട് സന്ദർശനാനുവാദം നേടി. 


സ്കൂളിൽ തിരിച്ചെത്തിയതിനു ശേഷം എല്ലാവരും ഭക്ഷണം കഴിച്ചു. രണ്ട് മണിക്ക് ആയിരുന്നു പോലീസ് സ്റ്റേഷൻ സന്ദർശനം നിശ്ചയിച്ചിരുന്നത്. പ്രീ പ്രൈമറി മുതൽ നാല് വരെയുള്ള 44 കുട്ടികളാണ് ഉണ്ടായിരുന്നത്. PTA അംഗങ്ങളുടെ സ്വകാര്യവാഹനങ്ങളിൽ കുട്ടികളെ ചെറിയ ഗ്രൂപ്പ് ആയി തിരിച്ച് സ്റ്റേഷന്റെ അടുത്ത് എത്തിച്ചു. അവിടെ നിന്നും ഒരു ഘോഷയാത്ര ആയി സ്റ്റേഷനിലേക്ക് പ്രവേശിച്ചു. മധുരം നൽകി ഉദ്യോഗസ്ഥർ കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്കായി പായസവും അവർ ഒരുക്കിയിരുന്നു.


സ്റ്റേഷനിലെ ഭരണ സംവിധാനം, ലോക്ക് അപ്പ്, ആയുധങ്ങൾ, കൈ വിലങ്ങ്, ലത്തി വയർലസ് സംവിധാനം മുതലായവ അവിടുത്തെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി ഷിന്റോ മാഡം കുട്ടികൾക്ക് വിശദീകരിച്ചു. പോലീസിനെ കുട്ടികൾ കൂടുതൽ അടുത്തറിഞ്ഞു.


ഒന്നര മണിക്കൂറുകൾക്കു ശേഷം സന്ദർശനം ഏതാണ്ട് പൂർത്തിയാക്കി. കേരള പോലീസിലെ രാമമംഗലം സേനാംഗങ്ങൾക്കുള്ള സ്കൂളിന്റെ കൃതജ്ഞതാ പത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു R SHO ഇൻ ചാർജിന് കൈമാറി. HM നോടൊപ്പം കുട്ടികളൊന്നടങ്കം നന്ദി പറഞ്ഞു സ്കൂളിലേക്ക് യാത്ര തിരിച്ചു.


അടുത്ത യാത്ര സംഘടിപ്പിച്ചത് AEO ഓഫീസിൽ നിന്നുള പ്രത്യേക നിർദ്ദേശപ്രകാരം ആയിരുന്നു.


ഞങ്ങളതിന് 'കാഴ്ച്ച' - പ്രകൃതിയിലേക്കും പ്രൈതൃകങ്ങളിലേക്കും എത്തി നോട്ടം ... എന്ന് പേരിട്ടു. SRG കൂടി സാദ്ധ്യതകൾ പരിശോധിച്ചു. PTA എക്സിക്ക്യൂട്ടിവിൽ ചർച്ച ചെയ്തു. 


തപാലാപ്പീസ്, കിഴുമുറി കത്തീഡ്രൽ വലിയ പള്ളി, പരമ്പരാഗത മൺപാത്ര നിർമ്മാണ കേന്ദ്രം,  പഴക്കം ചെന്ന നമ്പൂതിരി തറവാട്, നെൽപ്പാടം എന്നിവ സന്ദർശിക്കുവാൻ തീരുമാനിച്ചു.


10-ാം വാർഡ് മെമ്പർ ശ്രീമതി ആലീസ് ജോർജ് കാഴ്ച്ച പൈതൃക യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. നടന്ന് ആയിരുന്നു യാത്ര ആരംഭിച്ചത്.

തപ്പാലാ ഫിസിൽ

ആദ്യം കാഴ്ച്ച എത്തിയത് തപാലാപ്പീസിൽ . കത്തയക്കുന്ന വിധമെല്ലാം പോസ്റ്റ് മാസ്റ്റർ നിനി മാഡം വിശദീകരിച്ചു. ഡേറ്റ് സ്റ്റാംപിങ്ങ് കുട്ടികളിൽ കൗതുകമുണർത്തി. എല്ലാവർക്കും സ്റ്റാമ്പ് അടിക്കുവാൻ അവസരം നൽകി. അവിടുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രസ്സിന് നേരത്തെ തന്നെ തയ്യാറാക്കിയ കത്ത് സ്റ്റാമ്പ് ഒട്ടിച്ച്  സ്കൂൾ ലീഡർ അയച്ചു. നന്ദി രേഖപ്പെടുത്തി അടുത്ത കാഴ്ചയിലേക്ക്


കിഴുമുറി വലിയ പള്ളിയിൽ എത്തിച്ചേർന്നു. അവിടേയും സ്വാഗതം, മധുരം! പള്ളി എല്ലാം കുട്ടികൾ ചുറ്റി നടന്ന് കണ്ടു. ഉച്ച ഭക്ഷണം സ്കൂളിൽ തയ്യാറാക്കിയത് പള്ളിയിൽ വച്ച് കഴിച്ചു. ഫീൽഡ് ടിപ്പ് നടന്ന് തന്നെ പോകണമെന്നും ഭക്ഷണം നിർബന്ധമായും പുറത്ത് വച്ച് തന്നെ കഴിക്കണമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സർ കർശ്ശന നിർദ്ദേശം നൽകിയിരുന്നു. പള്ളി മുറ്റത്ത് ഉള്ള വിശാലമായ സ്ഥലത്ത് കുട്ടികൾ വിവിധങ്ങളായ കളികളിൽ ഏർപ്പെട്ടു. കാഴ്ച്ചയുടെ സ്ഥലം മാറ്റത്തിന് നേരമായി


പറയും തൂണിയും

പിന്നീട് 200 വർഷം പഴക്കമുള്ള കുന്നപ്പിള്ളി മന ആണ് സന്ദർശ്ശിച്ചത്. നാലുകെട്ടും, നിലവറയും നെല്ല് അളക്കാൻ ഉപയോഗിക്കുന്ന വിവധ ഉപകരണങ്ങൾ പ്രറ, തൂണി ) എന്നിവയും കണ്ടു . കുട്ടികൾക്ക് അതൊരു നവ്യ അനുഭവം ആയി . അവിടെ 90 നോട് അടുത്ത് പ്രായമുള്ള മുത്തശ്ശി മനയുടെ ചരിത്രം കുട്ടികൾക്ക് വിവരിച്ചു കൊടുത്തു.




രണ്ടു തരം തൂണിയുണ്ട്
ചവിട്ടിമെതിച്ചിരുന്ന കാലത്ത് 3 തൂണി ഉടമസ്ഥനും ഒരു തൂണി പണിക്കാരനും ആയിരുന്നു

അവസാനമായി പൊതുവിതരണ കേന്ദവും സന്ദർശ്ശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ ചോദിച്ച് മനസ്സിലാക്കി. വിവിധ തരം കാർഡുകളെ പറ്റിയും അളവുതൂക്ക് സംവിധാനങ്ങളും ബയോമെട്രിക് സംവിധാനവും കുട്ടികൾ കണ്ടു മനസ്സിലാക്കി.

തുടർന്ന് കാഴ്ച സകൂളിൽ അവസാനിച്ചു.






Thursday, March 16, 2023

സമൂഹത്തെ പ0ന വിഭവമാക്കിയ പായിപ്ര GUPസ്കൂൾ



വിവിധ തരം സേവന സ്ഥാപനങ്ങൾ നാട്ടിലുണ്ട്. ജനതയുടെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന അഗ്നിശമന സേനാവിഭാഗത്തിൻ്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ എത്ര കുട്ടികൾക്ക്, അധ്യാപകർക്കറിയാം?

 ഓരോന്നും പരിചയപ്പെടുത്തുന്നത് ആ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ തന്നെയാണെങ്കിൽ പ0നാനുഭവം ഈടുറ്റതാകും പായിപ്ര വിദ്യാലയത്തിന് നേരിറവിൻ്റെ പാത അറിയാം

ഗവ യു പി സ്കൂൾ, പായിപ്ര, മൂവാറ്റുപുഴ

ഈ വർഷം സന്ദർശിച്ച ഇടങ്ങൾ

1. പോലീസ് സ്റ്റേഷൻ

2 ഫയർ സ്റ്റേഷൻ

3. എക്സൈസ് ഓഫീസ്

4. സ്നേഹവീട് - അശരണരായ അമ്മമാരെ താമസിക്കുന്നയിടം

4. മൂവാറ്റുപുഴയാർ ... സന്ദർശനം - പ്ലാസ്റ്റിക് ശുചീകരണം

5. പ്രകൃതി ക്യാമ്പ് : മൂന്നാർ രാജമല (2 day)

സംഘാടനം : വനം വകുപ്പ് .

ഫയർ സ്റ്റേഷനിൽ

രക്ഷാപ്രവർത്തനത്തിനും തീ കെടുത്തുന്നതിനും വ്യത്യസ്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തീ കെടുത്തുന്നതിനായി ഉപയോഗിക്കുന്ന വണ്ടിയിൽ ഹോസ് ബ്രാഞ്ച് പമ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു
മറ്റുള്ള ഉപകരണങ്ങൾ എല്ലാം എ ആർ ടി അഥവാ അഡ്വാൻസ് റെസ്ക്യൂ ടെൻഡർ എന്ന വാഹനത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്

രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ART (Advanced Resque Tendar) വണ്ടി( ഫയർ എഞ്ചിൻ) യിൽ നിന്ന് തന്നെ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഹോസുകൾ ഉൾപ്പെടെ സജീകരിച്ചിട്ടുണ്ട്.

സുരക്ഷാ ഉപകരണങ്ങളായ
1.ഹൈഡ്രോളിക് കട്ടർ : അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷിക്കാനായി ഉപയോഗിക്കുന്നു.
2. ലൈഫ് ജാക്കറ്റുകൾ
3. Scuba set - വെള്ളത്തിനടിയിൽ പോയവരെ രക്ഷിക്കാൻ
4. Breathing apparat - ആഴമുള്ള കിണറിൽ ശുദ്ധവായു ലഭിക്കാൻ
5. Aska light -ഇരുട്ടുള്ള സ്ഥലങ്ങളെ ഭേദിക്കുന്ന വെളിച്ചം ലഭിക്കുന്നു.
6. Blower exhost- പുക വലിച്ച് കളയാൻ
7. Dinkey - പുഴയിലൂടെ സഞ്ചരിക്കാൻ  ഉപയോഗിക്കുന്നു.





ഫയർ സ്റ്റേഷനിലെ സാഹസികതകൾ കണ്ടറിഞ്ഞ് കുട്ടികൾ
മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ കുട്ടികൾക്കായി ഒരുക്കിയ മോക്ക് ഡ്രിൽ ഏറെ ഗുണകരമായിരുന്നു. തീപിടുത്തമുണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകൾ വിശദീകരിക്കുന്നതിനൊപ്പം തന്നെ വെള്ളമൊഴിച്ച് ചീറ്റുന്നതും കുട്ടികൾക്ക് കാണിച്ചു കൊടുത്തു. കുട്ടികൾക്ക് ഫയർ സ്റ്റേഷനിലെ നിരവധി ഉപകരണങ്ങൾ പരിച റഷീദ് സാറിന്റെ ക്ലാസും ,


സ്നേഹ വീട്ടിലെ അശരണരായ അമ്മമാർക്കൊപ്പം ...

 അനാഥ അഗതികളെ താമസിപ്പിക്കുന്ന മൂവാറ്റുപുഴയിലെ സ്നേഹ വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. കുട്ടികളിൽ സാമൂഹിക അവബോധം, സ്നേഹം, കരുണ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തൊരമൊരു അനുഭവ പാഠം നൽകിയത്. ആരോരും തുണയില്ലാത്ത അൻപതോളം അമ്മമാർ ... അവരോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച്, വർത്തമാനം പറഞ്ഞ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അമ്മമാരുടെ മനസ് നിറച്ചു. അമ്മ വീടിന്റെ സാരഥിയായ ബിനീഷ് കുമാർ സ്നേഹ വീടിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഓരോ അമ്മമാരെയും ഞങ്ങൾക്ക് പരിചയപ്പെടുത്തി തരികയും ചെയ്തു. അമ്മമാരുടെ കലാപരിപാടികളും കേട്ട് , കേക്ക് മുറിച്ച് അവരോട് യാത്ര പറഞ്ഞപ്പോൾ പല അമ്മമാരുടെയും കണ്ഠമിടറിയത് കുട്ടികളിൽ സങ്കടം നിറച്ചു. എന്നിരുന്നാലും ഒരമ്മക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയായിരുന്നു കുട്ടികളുടെ മനസ് നിറയെ...


തോക്കിലെ കൗതുകങ്ങൾ തൊട്ടറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ
ഈ അടയാളങ്ങൾ കണ്ടാൽ പദവി തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുദ്ധോ?
പോലീസ് സ്റ്റേഷനിലേക്കുള്ള യാത്ര കുട്ടികൾക്ക് ഏറെ  കൗതുകകരമായി അനുഭവപ്പെട്ടു. പോലീസുകാർ വളരെ ഹൃദ്യമായി കുട്ടികളെ സ്വീകരിച്ചു. പുസ്തകത്തിൽ നിന്നും കേട്ടറിഞ്ഞ പൊതു സ്ഥാപനങ്ങളെ കുറിച്ചുള്ള അറിവുകൾ പോലീസ് സ്റ്റേഷനിൽ കുട്ടികൾക്ക് മികച്ച അനുഭവമായി മാറി. പോലീസ് സ്റ്റേഷന്റെ ചുമതലകൾ, പലതരം തോക്കുകളെ കുറിച്ചുള്ള വിവരണം , പോലീസുകാരുടെ ഉത്തരവാദിത്തങ്ങൾ, ജയിൽ സംവിധാനം, എന്നിവ എസ് ഐ വിശദീകരിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയും, അവ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോലീസ് സംവിധാനത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
പോലീസ് സ്റ്റേഷനിൽ
9 mm Rivolver
9 mm Pistol
.303 Rifle
7.62 Bolt action Rifle


കൂടാതെ child friendly Police station കാണുകയും അതിന്റെ പ്രവർത്തനങ്ങൾ വിശദമാക്കുകയും ചെയ്തു
മുളവടി, ചൂരൽ എന്നിവയ്ക്ക് പകരം ഇന്ന് ഫൈബർ ലാത്തികളാണ് ഉപയോഗിക്കുന്നത്. 85 cm നീളo, 350 gm ഭാരവും ഈ ലാത്തിക്കുണ്ട്. ലാത്തിച്ചാർജിന്റെ ആഘാതം കുറയ്ക്കാനാണ് ഫൈബറിലേക്ക് മാറിയത്. ഹെവി മൂവബിൾ ബാരിക്കേഡുകളും കുട്ടികൾ കണ്ടു.

എക്സൈസ് ഓഫീസിൽ കുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരം 

പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് മൂവാറ്റുപുഴ എക്സൈസ് റെയിഞ്ച് ഓഫീസിലാണ്. കുട്ടികളെ ഹൃദ്യമായി അവർ സ്വീകരിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലകൾ കുട്ടികളോട് വിശദീകരിച്ചു. ഓഫീസിൽ വിതരണത്തിനായുള്ള ലഘുലേഖകൾ, പോസ്റ്ററുകൾ , ആപ്ത വാക്യങ്ങൾ എന്നിവ കുട്ടികൾക്ക് കാണുവാൻ സാധിച്ചു. ഓഫീസ് മുറ്റത്ത് ലഹരി വിരുദ്ധ ഷൂട്ടൗട്ട് മത്സരം കുട്ടികൾക്കായി സംഘടിപ്പിച്ചു. സമൂഹത്തിൽ വളർന്ന് വരുന്ന ലഹരി ക്കെതിരെ ശബ്ദിക്കണം എന്ന സന്ദേശവും കുട്ടികളിൽ ഏറ്റെടുത്തു.

മൂവാറ്റുപുഴയാർ സന്ദർശനം :- 

പുഴയെ കുറിച്ചും പുഴ മലിനീകരണത്തെ കുറിച്ചും ക്ലാസ് മുറിയിൽ നിന്ന് കിട്ടിയ അറിവുകൾ നേരിൽ കാണുന്നതിനായി മൂവാറ്റുപുഴയിലെ  ത്രിവേണിസംഗമ തീരത്ത് കുട്ടികൾ ഒത്തുകൂടി . തൊടുപുഴയാറും കോതയാറും  കാളിയാറും  സംഗമിക്കുന്ന മൂവാറ്റുപുഴ

ത്രിവേണി സംഗമ തീരത്താണ് കുട്ടികൾ ഒത്തുകൂടിയത്.

പുഴയെ കണ്ടറിയുകയും കഴിഞ്ഞ 40 വർഷമായി മൂവാറ്റുപുഴയാറിൽ നിന്ന് മറുകരയിലേക്ക് വഞ്ചി തുഴയുന്ന ബേബി ചേട്ടനുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. പുഴയുടെ ചരിത്രം ബേബി ചേട്ടൻ കുട്ടികളുമായി പങ്കുവെച്ചു.ബേബി ചേട്ടനെ ആദരിക്കൽ 

പുഴവക്കിലെ പ്ലാസ്റ്റിക് ശുചീകരണം ,പുഴ സംരക്ഷണത്തിനായി കളിവഞ്ചിയൊഴുക്കൽ, 

പ്രതിജ്ഞയെടുക്കൽ എന്നിവയും സംഘടിപ്പിച്ചു.


Tuesday, March 14, 2023

സമൂഹത്തെ പഠന വിഭവമാക്കിയ കൈപ്പട്ടൂർ LPട

 🌴നാടറിയാൻ എൻ്റെ നാടിനെ അറിയാൻ🌴

കൊതിക്കല്ലിനെക്കുറിച്ചുള്ള ഈ അറിവ് നിങ്ങൾക്കുണ്ടായിരുന്നോ?


കൊ യും തി യും തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയിലേക്ക മാത്രമല്ല പഴയ നാട്ടുരാജ്യങ്ങളുടെയൊക്കെ വിവരങ്ങളിലേക്ക് അന്വേഷണത്തെ നയിക്കും.

ഓരോ പഠനയാത്രയ്ക്കു ശേഷവും ഇത്തരം പോസ്റ്റർ പാoങ്ങൾ കുട്ടികൾ തയ്യാറാക്കിയാലോ?

ഉള്ളടക്കവും രൂപകല്പനയും അവർ ചെയ്യട്ടെ.

പ്രാദേശികം പ0ന യാത്ര ഫലപ്രദമായി നടത്തിയ കൈപ്പട്ടൂർ സ്കൂൾ അഭിനന്ദനം അർഹിക്കുന്നു

നേരറിവുകൾ ശക്തം.

📚യാത്രാവിവരണം📚

 എറണാകുളം ജില്ലയിലെ  എട യ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എന്റെ വിദ്യാലയം. ഞങ്ങളുടെ സ്വന്തം നാടായ കൈപ്പട്ടൂരിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കണ്ടു മനസ്സിലാക്കുന്നതിനും  ഒരു പഠനയാത്ര നടത്താൻ തീരുമാനിച്ചു.

 ആദ്യം തന്നെ പഠനയാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ അധ്യാപകരെല്ലാം മീറ്റിംഗ് കൂടി തീരുമാനിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപികയായ നിജ ടീച്ചർ പഠനയാത്രയ്ക്ക് നിശ്ചയിച്ച സ്ഥലങ്ങൾ സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിച്ചു. ഒലിപ്പുറം പാതയോരം, ലൈബ്രറി, പോസ്റ്റ് ഓഫീസ്, റേഷൻകട, കൊച്ചി തിരുവിതാംകൂർ അതിർത്തി, സത്യസന്ധതയുടെ കട എന്നിവയായിരുന്നു പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ.

 യാത്രയ്ക്കുള്ള തീയതി നിശ്ചയിച്ചതിനുശേഷം രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങിച്ചു.

          07/01/23 ശനിയാഴ്ച രാവിലെ 9 30നാണ് ഞങ്ങൾ സ്കൂളിൽ നിന്നും പഠനയാത്ര പുറപ്പെട്ടത്.

 വാർഡ് മെമ്പർ ശ്രീമതി ബീനാരാജൻ ,പിടിഎ പ്രസിഡന്റ് ശ്രീ സതീഷ് എം ആർ എന്നിവരാണ് യാത്രയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തത്. 65 കുട്ടികളും, ഏഴ് അധ്യാപകരും ,വാർഡ് മെമ്പറും പിടിഎ പ്രസിഡന്റും അടങ്ങുന്ന ഒരു സംഘമായാണ് ഞങ്ങൾ യാത്രതിരിച്ചത്.

 ആദ്യമായി ഞങ്ങൾ പോയത് ഒലിപ്പുറം പാതയോരത്ത് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "നാടിനൊരു നൻമ മരം" പദ്ധതിയുടെ  ഭാഗമായി ഞങ്ങൾ നട്ട മരം കാണാനാണ്. മരങ്ങളൊക്കെ കുറച്ചു വലുതായി. റോഡിന്റെ ഇരുവശങ്ങളിലും പച്ച മെത്ത വിരിച്ചതുപോലെ വിശാലമായ നെൽപ്പാടങ്ങളാണ്. അവിടെ കൃഷി ചെയ്യുന്ന കുറച്ചു തൊഴിലാളികളെ കാണാൻ പറ്റി. രമ്യ ടീച്ചർ ഞങ്ങൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങളെ പറ്റി വിശദമായി പറഞ്ഞുതന്നു. കുറച്ചുസമയം അവിടെ ചിലവഴിച്ചിട്ട്  അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പുറപ്പെട്ടു.

 അടുത്തതായി ഞങ്ങൾ എത്തിയത് റേഷൻ കടയിലാണ്. ഞങ്ങളുടെ കൂട്ടുകാരി ദിനിയയുടെ മുത്തച്ഛൻ ആണ് ഞങ്ങൾക്ക് റേഷൻ കടയെപ്പറ്റി പറഞ്ഞുതന്നത്. അദ്ദേഹം ബയോമെട്രിക് സംവിധാനങ്ങളെ പറ്റിയും  ,അളവ് തൂക്ക ഉപകരണങ്ങളെ കുറിച്ചും,റേഷൻ കാർഡുകളെ പറ്റിയും ഞങ്ങൾക്ക് പറഞ്ഞു തന്നു.ഇനി റേഷൻ കാർഡ് ഉണ്ടെങ്കിൽ റേഷൻ കടയിൽ പോകാൻ എനിക്ക് ഒരു പേടിയുമില്ല.

 റേഷൻകടയുടെ അടുത്ത് തന്നെയായായിരുന്നു പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. റേഷൻ കടയിൽ നിന്ന് ഞങ്ങൾ നേരെ പോയത് അവിടേക്കാണ്. പോസ്റ്റ് മാസ്റ്റർ ശ്രീകല മാഡം ഞങ്ങൾക്ക് പോസ്റ്റ് ഓഫീസ് സേവനങ്ങളെക്കുറിച്ച് പറഞ്ഞു തന്നു. അവിടെ എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത് തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ത്രാസ് ആണ്.

 ഞങ്ങളുടെ അടുത്ത ലക്ഷ്യം വായനശാല സന്ദർശനം ആയിരുന്നു. ലൈബ്രററേറിയൻ ശ്രീ മോൾ  ചേച്ചി ഞങ്ങൾക്ക് മിഠായിയും നാരങ്ങാവെള്ളവും തന്നാണ് സ്വീകരിച്ചത്. അവിടെ ധാരാളം നോവലുകളും കുട്ടിക്കവിതകളും കഥകളും ഒക്കെ ഉണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു തവണ ലൈബ്രറി സന്ദർശിക്കുകയും ഉണ്ടായിട്ടുണ്ട്.

 അല്പസമയം വിശ്രമിച്ചതിനുശേഷം ഞങ്ങൾ കൊച്ചി തിരുവിതാംകൂർ അതിർത്തി സന്ദർശിക്കാൻ പോയി.

 നൂറ്റാണ്ടുകൾക്ക് മുൻപ് കൊച്ചിയും തിരുവിതാംകൂറും ഓരോ നാട്ടുരാജ്യങ്ങൾ ആയിരുന്നു. ഇന്ന് എറണാകുളവും കോട്ടയവും തമ്മിലുള്ള അതിർത്തിയായി  ഇത് മാറിയിരിക്കുന്നു. ധാരാളം ഇല്ലിചെടികൾ അവിടെ കാണുകയുണ്ടായി. അവിടെ രണ്ട് സ്ഥലങ്ങളിലായി രണ്ടു വലിയ കല്ല് കണ്ടു. കൊതിക്കല്ല് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്.

അതിന്റെ ഒരു വശത്ത് കോ എന്നും മറുവശത്ത് തി എന്നും എഴുതിയിരുന്നു.'കോ' കൊച്ചിയെയും 'തി' തിരുവിതാംകൂറിനെയും സൂചിപ്പിക്കുന്നു.

 ഇന്ന് അവിടെ ആരും ശ്രദ്ധിക്കാത്തതിനാൽ കാടുകയറി കിടക്കുകയായിരുന്നു. ഞങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ വൃത്തിയാക്കിയിരുന്നു.

 ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നോർക്കുമ്പോൾ തന്നെ സന്തോഷം തോന്നി. അതിനുശേഷം ഞങ്ങൾ പണ്ട് ഒരുപാട് താഴ്ചയിലുള്ള എന്നാൽ കാലക്രമേണ താഴ്ച കുറഞ്ഞ ഒരു കിടങ്ങ് സന്ദർശിച്ചു. അതിൽ ഞങ്ങൾ ഒന്നിറങ്ങി നോക്കി. ഇതിനു മുൻപ് ഇങ്ങനെയൊക്കെ ഉണ്ടായിരുന്നു എന്ന് ഞാൻ  അറിഞ്ഞിരുന്നില്ല. ശരിക്കും അത്ഭുതമായി തോന്നി.


 ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഞങ്ങൾക്ക് ലഘുഭക്ഷണം തന്നു. അത് കഴിച്ചു ഞങ്ങൾ അവിടെ കുറച്ചു നേരം വിശ്രമിച്ചു. അവിടെ നിന്നും ഞങ്ങൾ നേരെ ലളിത ടീച്ചറുടെ വീട്ടിലേക്കാണ് പോയത്.

 ടീച്ചറുടെ വീട്ടിൽ ഞങ്ങൾക്കായി  ഉച്ച ഭക്ഷണം  തയ്യാറാക്കിയിരുന്നു.


 അടുത്തതായി ഞങ്ങൾ പോയത് ഹോണസ്റ്റിഷോപ്പ് അഥവാ സത്യസന്ധതയുടെ കട കാണാനാണ്. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട് എന്താണെന്നോ?

 ഈ കടയിൽ കടക്കാരനില്ല. ആളുകൾ സാധനങ്ങൾ വാങ്ങിച്ചിട്ട് പൈസ നിക്ഷേപിച്ചിട്ട് പോകും. ഇതിന്റെ നടത്തിപ്പ് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ്. ഞാൻ അവിടെ നിന്ന് 10 രൂപയുടെ മിഠായി വാങ്ങി. തിരിച്ച് സ്കൂളിലേക്ക് പോന്നപ്പോൾ അങ്ങ് അകലെ ഒരു ഫാക്ടറിയിൽ നിന്നും പുക ഉയരുന്നത് കണ്ടു. അത് പത്രം നിർമ്മിക്കുന്ന ഫാക്ടറി ആണെന്ന് ഹരിദാസ് ചേട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു. അല്പസമയം അത് കണ്ടതിനു ശേഷം സ്കൂളിലേക്ക്  മടങ്ങി. ഏകദേശം  2:30- തോടുകൂടി ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി.  മനോഹരമായ കാഴ്ചകൾ കാണാനും ആസ്വദിക്കാനും അറിയാനും ഈ പഠനയാത്രയിലൂടെ സാധിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊച്ചി തിരുവിതാംകൂർ അതിർത്തി കാണാൻ പോയതാണ്.  നല്ല വിനോദപ്രദവും വിജ്ഞാനപ്രദവും  ആയ  ഒരു യാത്രയായിരുന്നു ഞങ്ങളുടേത്🥰🥰. ഞങ്ങളെ സ്വീകരിച്ച ഏവർക്കും നന്ദി.🙏🙏





നാടറിയാൻ.... നാടിനെ അറിയാൻ....... 

(FB കുറിപ്പ്)

🌱🌱🌱🌱🌱🌱

ക്ലാസ് മുറിക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന ഒരു ദിവസം .... 

അതിന്ന് ഇത്ര അനുഭവവേദ്യമാക്കി തന്നവരിൽ നന്ദി പറയേണ്ടവർ പലരുണ്ട് ......

  1. പഠനയാത്ര എങ്ങനെ ആയിരിക്കണം എന്ന് മാർഗ്ഗ നിർദ്ദേശം തന്ന പിറവം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ സാർ, 
  2. ആദ്യാവസാനം ഞങ്ങളോടൊപ്പം നടന്ന വാർഡ് മെമ്പർ ബീന ചേച്ചി,
  3.  PTAപ്രസിഡൻ്റ് സതീഷ് എം.ആർ, 
  4. മുൻ പി.റ്റി.എ പ്രസിഡൻ്റ് ജിനീഷ് ഗോപാലൻ.....
  5.  കുട്ടികൾക്ക്  ലഘു ഭക്ഷണവും, മിഠായിയും ,ബിസ്ക്കറ്റും ,വെള്ളവും ,പഴവും നൽകിയ ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ് മലനിരപ്പിൻ്റെ പ്രവർത്തകർ, 
  6. കൈപ്പട്ടൂർ ഗ്രാമീണ വായനശാല ,
  7. ബാബു ജോൺ ,
  8. ലളിത ടീച്ചർ,
  9. എം. റ്റി ഹരിദാസ് ......
  10. ,റേഷൻ കടയിലെ ബയോമെട്രിക്ക് സംവിധാനവും, അളവുതൂക്ക ഉപകരണങ്ങളും സേവനങ്ങളും വ്യക്തമായി വിവരിച്ച് തന്ന തമ്പി ചേട്ടൻ, 
  11. മൊബെയിൽ ഫോണിൻ്റെ വരവ് കൊണ്ട് നമ്മുടെ മക്കൾ അറിയാതെ പോകുന്ന പോസ്റ്റോഫീസിൻ്റെ സേവനങ്ങൾ മനസിലാക്കി തന്ന പോസ്റ്റ് മാസ്റ്റർ ശ്രീകല,  
  12. കൈപ്പട്ടൂർ ഗ്രാമീണ വായനശാലയിലെ പുസ്തകങ്ങളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തിയ ലൈബ്രറേറിയൻ ശ്രീമോൾ,  
  13. കൊച്ചി തിരുവിതാംകൂർ അതിർത്തിയിലെ കിടങ്ങും ,ഇല്ലി കോട്ടയും, കൊ- തി കല്ലും പരിചയപ്പെടുത്തി തന്ന ഹരിദാസ് ചേട്ടൻ, 
  14. സരിത, 
  15. കുഞ്ഞുമോൻ ചേട്ടൻ, 
  16. ഞങ്ങളുടെ  ശക്തിയായ പി.റ്റി.എ അംഗങ്ങൾ,
  17. സ്നേഹത്തോടെ ഞങ്ങളെ ഓരോയിടത്തും സ്വീകരിച്ച നാട്ടുകാർ... എല്ലാവർക്കും എൽ.പി എസ് കൈപ്പട്ടൂരിൻ്റെ  അകമഴിഞ്ഞ നന്ദി. മക്കളുടെ  കണ്ണുകളിൽ അത്ഭുതമായിരുന്നു... 

പുതിയ കാഴ്ചകൾ ,

പുതിയ അറിവുകൾ  ... 

ചിലരുടെ മുഖത്ത് അഭിമാനമായിരുന്നു ---- 

എൻ്റെ നാട് എന്ന അഭിമാനം..... നാടറിഞ്ഞ്  നാടിനെ അറിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഒരു ചോദ്യം കേട്ടു..... 

ടീച്ചർ ഇനി എന്നാ നമ്മൾ അടുത്ത യാത്ര പോകുന്നത്..

 ഇനിയും കൊണ്ടു പോകണം കുഞ്ഞുമക്കളെ  നമ്മുടെ നാടിൻ്റെ കാണാ കാഴ്ചകളിലേക്ക് - - - 

നമ്മുടെ മക്കൾ നമ്മുടെ നാടറിഞ്ഞ് വളരട്ടെ🙏 നാടറിയാൻ ....

 നാടിനെ അറിയാൻ  എൽ.പി.എസ് കൈപ്പട്ടൂർ

Friday, May 15, 2015

ഒന്നാം ക്ലാസിലെ മഞ്ജുടീച്ചറുടെ അന്വേഷണാത്മകാധ്യാപനം


( പെരുമ്പാവൂര്‍ വാഴക്കുളം സ്കൂളിലെ വിശേഷങ്ങളാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളായി പരിചയപ്പെടുത്തയത്, മിനി മാത്യുവിന്റെ കുറിപ്പുകള്‍ തുടരുന്നു. )

ഒന്നാം ക്ലാസ് അദ്ധ്യാപിക മഞ്ജുമോളെ  സാറിനും  ഈ ബ്ലോഗിലൂടെ പലര്‍ക്കും അറിയാം .കഴിഞ്ഞ വര്‍ഷം നടത്തിയ മികവുത്സവത്തിൽ കാണികൾ  ആവശ്യപ്പെടുന്ന  ഏതുപുസ്തകവും അതിലെ ഏതു ഭാഗവും വായിക്കാൻ  തയ്യാറായ  ഒന്നാം ക്ലാസിലെ കുട്ടികളുടെ അധ്യാപികയാണ്..  ടീച്ചര്‍ കാണിച്ച ധൈര്യം  ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമാണ് , തുടർന്ന്  കലാധരൻ  സർ ഞങ്ങളുടെ സ്കൂളിൽ വന്നതും കുട്ടികളുടെ ഉത്തര കടലാസുകൾ വിലയിരുത്തി  വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല എന്ന തലക്കെട്ടില്‍  ചൂണ്ടുവിരല്‍ ബ്ലോഗിൽ  പ്രസിദ്ധീകരിച്ചിരുന്നത ഓര്‍മിക്കുന്നുണ്ടാവുമല്ലോ .
എസ് എസ് എ കേരളയും ഡയറ്റുകളും നടത്തിയ പഠനത്തിന്റെ ഭാഗമായി  എറണാകുളം ഡയറ്റിൽ നിന്നും അന്വേഷകര്‍ സ്കൂളിൽ വന്നിരുന്നു , തത്സമയം കുട്ടികളെക്കൊണ്ട് ഒരു  വിഷയം നല്കി എഴുതിക്കുകയും   ലൈബ്രറിയിൽ  നിന്നും പുസ്തകങ്ങളെടുത്ത്  പിന്നാമ്പുറം , മുഖവുര  തുടങ്ങിയ  ശ്രദ്ധിക്കപ്പെടാത്ത  ഭാഗങ്ങൾ  വായിപ്പിക്കുകയും ഒക്കെ ചെയ്തു കേട്ടറിഞ്ഞ റിപ്പോര്ട്ട്   സത്യമാണെന്ന് തിരിച്ചറിഞ്ഞു.  എറണാകുളം ജില്ലയിൽ   ബെസ്റ്റ്  പ്രാക്ടീസസ്  ഇൻ  എലെമെന്ററി  സ്കൂൾസ് ഇൻ കേരള  എന്ന അംഗീകാരം ഞങ്ങള്‍ നേടി.. കൂടാതെ  ഈ  വർഷം വായനാവാരം  ക്ലാസ് തലത്തിൽ ടീച്ചർ  മാർക്ക്  വെല്ലുവിളിയായി  നല്കുകയും  അപ്രതീക്ഷിത സമ്മാനം  ഓഫർ  ചെയ്യുകയും  ചെയ്തിരുന്നു .സമാപനത്തോടനുബന്ധിച്  നടന്ന   സെമിനാറിൽ ബാലസാഹിത്യകാരൻ  ശ്ര വേണു വര്യത്തിന്റെ  നേതൃത്വത്തിലുള്ള  പാനൽ  തെരഞ്ഞെടുത്ത മികച്ച ക്ലാസ്സ്‌ ഒന്നാം ക്ലാസ് ആയിരുന്നു .ഇത്തരം അംഗീകാരങ്ങൾ മഞ്ജു എന്ന  ടീച്ചറിലെ ഗവേഷകയെ  ആളികത്തിക്കുകയായിരുന്നു .ഈ വർഷം എനിക്ക്  ആ ക്ലാസിലേക്ക് നോക്കെണ്ടാത ഇല്ലായിരുന്നു . എങ്കിലും  മഞ്ജുവിനു എപ്പോഴും ടെൻഷനാണ് . ഓരോ കുട്ടിയോടുമുള്ള ഉത്തരവാദിത്വം കൂടി , അതുതന്നെ കാരണം . എപ്പോഴും വന്നു സങ്കടപ്പെടും ..ടീച്ചറെ  സൈനുൽ ആബിത് , സുബിജിത് ഇവരൊന്നും വായിക്കില്ല ,ഞാനെന്താ ചെയ്ക , അഭിനന്ദും ഗൗതം സിവയും എന്തുപറഞ്ഞാലും കരച്ചില , എനിക്ക് പേടിയാകുന്നു എന്നൊക്കെ . ഞാൻ പറയും , "സാരമാക്കേണ്ട, തുടക്കമല്ലേ ആയുള്ളൂ , നമുക്ക് പരിശ്രമിച്ചു നോക്കാം .. വിജയിക്കും " . എനിക്കും ഒരാശങ്കയുണ്ടായിരുന്നു ..എങ്കിലും ഞാൻ കൂടുതൽ ഇടപെട്ടില്ല താങ്ങില്ലാതെ വരുമെങ്കിൽ അങ്ങനെ വളരുകയാണല്ലോ നല്ലത് . ഇനി മഞ്ജുവിന്റെ ആവലാതികളും കണ്ടെത്തലുകളും മഞ്ജുവിന്റെ വാക്കുകളിൽ 

Friday, May 8, 2015

കുട്ടികളോടുളള ഗുണാത്മക സമീപനം

പാഠ്യപദ്ധതിയോ , പാഠപുസ്തകമോ മാത്രമല്ല അക്കാദമിക വളര്‍ച്ചയെ  നിയന്ത്രിക്കുന്നത് ,അതിലേറെ കുട്ടികളോടുള്ള ഗുണാത്മക  സമീപനമാണ് .
80% കെയർ  .അതിനാൽ  കുട്ടികളോടുള്ള ഗുണാത്മക  സമീപനം
അധ്യാപക  പരിശീലനത്തിന്റെ ഭാഗമായി  ചര്‍ച്ച ചെയ്യപെടെണ്ടാതാണ് മേലധികാരികൾ  ,അല്ലെങ്കിൽ തുടർ പരിശീലനങ്ങളിൽ അദ്ധ്യാപകരുടെ സമീപനം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാകേണ്ടാതാണ് .
അദ്ധ്യാപകരുടെ കുട്ടികളോടുള്ള ഗുണാത്മക  സമീപനം  വർധിപ്പിക്കാനാണ്  ഞാൻ  ശ്രമിച്ചതെങ്കിലും പരോക്ഷമായി  കുട്ടികളുടെ  അക്കാദമിക  വളര്‍ച്ചയും  ഈ  പ്രവർത്തനത്തിലൂടെ നേടാൻ  കഴിഞ്ഞു  എന്നത്  ഏറെ  സന്തോഷകരമാണ്
ഈ  പ്രവർത്തനങ്ങളിലൂടെ കടന്നു പോകുമ്പോൾ അധ്യാപരിലുണ്ടാകുന്ന ആത്മവിശ്വാസം  ചർച്ചകളിൽ കാണുന്ന അവരുടെ സംതൃപ്തി ഇതെല്ലം എൻറെ  സർവിസിൽ എനിക്കു കിട്ടുന്ന അവാർഡുകൾ ആണ് .
ഒരു എച് എമിന്റെ തസ്തികയില്‍ ഇരുന്നാല്‍ അക്കാദമിക് തലം നഷ്ട്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു . പലരും പറഞ്ഞു അക്കാദമിക് തലം നിലനിര്‍ത്തിക്കൊണ്ട് തന്നെ തുടരാൻ മിനിക്ക് കഴിയും എന്ന്  .ഇപ്പോൾ എനിക്ക് തോന്നുന്നു  അവർ തന്ന ആത്മവിശ്വാസം എനിക്ക് പ്രയോജനപ്രദമായി എന്ന് .കാരണം 10 വർഷം എസ് എസ് എ യിൽ നിന്ന് പ്രവർത്തിച്ചതിൽ കൂടുതൽ എനീക്കിത് സന്തോഷം  തരുന്നു .                                      മിനി മാത്യു, പ്രഥമാധ്യാപിക , വാഴക്കുളം യു പി എസ് പെരുമ്പാവൂര്‍
മുന്‍ ലക്കത്തിന്റെ(സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ) തുടര്‍ച്ച .സഹാധ്യാപകരുടെ മികവുകളിലൂടെ മിനി വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്നു.

അനുഭവങ്ങള്‍- 1.
കാജലിന്റെ ഉപദ്രവം കാരണം പരാതി കേട്ടിരുന്ന കാലത്ത് ഞങ്ങൾ ഹോം വിസിറ്റിന്റെ ഭാഗമായി സിദ്ധാർത്ഥ് എന്ന കുട്ടിയുടെ വീട്ടില്‍ ചെന്നു. ഞാനവനോട് ചോദിച്ചു 'മോനെ കാജൽ നിങ്ങളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ടോ?" അവൻ പറഞ്ഞ മറുപടി ഇതായിരുന്നു " അതേയ് റ്റീച്ചറേ, കാജൽ  വയ്യാത്ത കുട്ടിയല്ലേ , അവനെന്തെങ്കിലും കുറുമ്പ് കാട്ടുമ്പോൾ ഞങ്ങൾ മാറിപ്പോകും . മറ്റേ (ക്സ് ) കുട്ടിയില്ലേ അവൻ ഈ വര്‍ഷം വന്നല്ലെയുള്ളൂ അവന് അറിയില്ലല്ലോ കാജലിനോട്‌ എങ്ങനെ വേണം എന്ന് , അവൻ തിരിച്ചെന്തെങ്കിലും പറയും . അത് കാരണം കാജലിന് അവനോട്  ദേഷ്യാ , അതാ പ്രശ്നം ഇവിടെ യഥാർഥത്തിൽ സിദ്ധാര്‍ഥ് ആരാണ്  ? ! എത്ര മാത്രം ലോകവീക്ഷണം! പക്വമായ സമീപനം. മുതിര്‍ന്നവരുടെ പക്വതയുളള നാലാം ക്ലാസുകാര്‍ യഥാര്‍ഥത്തില്‍ ചെറിയവരല്ല.
 ആരാണ് കാജല്‍?

Friday, May 1, 2015

സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ


 സർ , 
എസ് ആര്‍ ജി യിലൂടെ ഈ വര്‍ഷം ഞങ്ങൾ കൈവരിച്ച നേട്ടം ,എന്റെ 80% അധ്യാപകരും നല്ല
സഹരക്ഷിതാവ് ആയി മാറി എന്നതാണ് . എല്ലാ  വെള്ളിയാഴ്ചയും ആണ് യോഗം .അന്നെല്ലാവരും വൈകിയേ പോകൂ . പ്രശ്നക്കാരായ കുട്ടികളെക്കുറിച്ചുളള  പരാതികൾ ,പരിഭവങ്ങൾ  ഇവയൊന്നും പ്രശ്നമായി പറയാത്ത അല്ലെങ്കിൽ അവയെല്ലാം  സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയിലൂടെ പരിഹരിക്കുന്നവരാകണം എന്റെ സുഹൃത്തുകൾ .അതിനായി അവരെ ഒരുക്കുകയാണ് ചെയ്തത് . വളരെ നല്ല ഒരു റിസൾട്ട്‌ ആണ്  എനിക്ക് കിട്ടിയത് . എല്ലാവരും പ്രശ്നപരിഹരണത്തിനു കണ്ടെത്തിയ മാര്ഗത്തിന്റെ പൊതു ഘടകം സ്നേഹം , വാത്സല്യം , പ്രത്യേക പരിഗണന ഇവയാണ്  .  ആരോപണങ്ങൾ നേരിട്ടിരുന്ന എന്റെയും പ്രശ്നം പരിഹരിക്കപ്പെടുകയായിരുന്നു  ഈ തന്ത്രത്തിലൂടെ,...
മിനിമാത്യു പെരുമ്പാവൂര്‍

 (കഴിഞ്ഞ ലക്കം ചൂണ്ടുവിരലില്‍ എസ് ആര്‍ ജിയെക്കുറിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതു വായിച്ച മിനി എനിക്ക് മെയില്‍ അയച്ചു. അതാണിത്.എനിക്ക് മിനിയെ അറിയാം. എസ് എസ് എയില്‍ മിനി നന്നായി പ്രവര്‍ത്തിച്ചിരുന്നു. ആ ബി ആര്‍ സിയിലും പോയിട്ടുണ്ട്.
മിനിയുടെ വിദ്യാലയത്തിലും പോയിട്ടുണ്ട്. മിനി സ്കൂളില്‍ നടത്തിയ ഇടപെടലിന്റെ വിശദാംശം അയച്ചു തരാന്‍ അഭ്യര്‍ഥിച്ചു. അതാണി പരമ്പരയായി ചൂണ്ടുവിരല്‍ പ്രസിദ്ധീകരിക്കുന്നത്. 
മിനിയുടെ കുറിപ്പ് വായിക്കൂ.)
 
സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ വടക്കേ വാഴക്കുളം യു പി സ്കൂൾ, ശിശു സൌഹൃ സ്കൂൾ ആക്കുന്നതിനായി ഞാൻ നടത്തിയ ചില പ്രവർത്തനങ്ങളും അതെന്റെ അധ്യാപകരിലും ഉണ്ടാക്കിയ തിരിച്ചറിവുകളുമാ് ഇവിടെ പങ്കു വക്കുന്നത്

Tuesday, April 1, 2014

വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം ക്ലാസുകാര്‍ പതറിയില്ല



പെരുമ്പാവൂരിനടുത്തുളള വടക്കേ വാഴക്കുളം സര്‍ക്കാര്‍ യു പി സ്കൂള്‍.
എറണാകുളം ജില്ല.
അവിടെ ഒന്നാം ക്ലാസില്‍  വാര്‍ഷിക പരീക്ഷയില്‍ വിവരണവും കഥയും എഴുതാനുണ്ടായിരുന്നു.
ഒരു ചിത്രം നോക്കി വിവരണമെഴുതാനാണ ചോദ്യകര്‍ത്താവ് അവശ്യപ്പെട്ടത്.
ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തോടെ അത് ഏറ്റെടുത്തു.
അവര്‍ ക്ലാസില്‍ എഴുതി വന്ന രീതി അങ്ങനെയായിരുന്നല്ലോ (ക്ലാസില്‍ കണ്ട നാരങ്ങാവെള്ളം-ഗ്രൂപ്പ് കുറിപ്പ് അതിന്റെ തെളിവ്)
അവരൊക്കെ എഴുതിയത് ഞാന്‍ വായിച്ചു.
ഒന്നാം ക്ലാസുകാരാണ് എഴുതിയത്. അതിനാല്‍ വലിയ ശ്രദ്ധയും ബഹുമാനവും നല്‍കിയായിരുന്നു വായന.
...........................................................................

പണ്ടത്തെ ഒന്നാം ക്ലാസിലെ വാര്‍ഷികപ്പരീക്ഷ ഓര്‍മയുണ്ടോ?  
പറയില്‍ തുടങ്ങി ഭരണി വരെയുളള പത്തു വാക്കുകള്‍ കേട്ടെഴുത്തിടും  
.അല്ലെങ്കില്‍ "കോ.....' പൂരിപ്പിക്കാന്‍ തരും.  
തീര്‍ന്നു മലയാളപ്പരീക്ഷ. 
സ്ലേറ്റില്‍ പത്തില്‍ പത്തു മുതല്‍ കീഴോട്ട് മുട്ട വരെ .എല്ലാവര്‍ക്കും സന്തോഷം.  
മുട്ടയിട്ട അധ്യാപികയ്ക്കും മുട്ട കിട്ടിയ കുട്ടിക്കും വരെ സന്തോഷം !
പിന്നെ പിന്നെ പരിഷ്കാരം വന്ന് അക്ഷരം പഠിപ്പില്ലാതെയായി എന്ന ആക്ഷേപമായി..
ഡി പി ഇ പി കാലം വന്നതോടെ ആകെ തുലഞ്ഞില്ലേ?എന്നായി ചോദ്യം
ഇപ്പോഴെന്താ സ്ഥിതി? ഉഴപ്പുന്ന അധ്യാപകര്‍ പാഠ്യപദ്ധതിയെ കുറ്റം പറഞ്ഞ് പഠിപ്പിക്കാതെ മുട്ടയാശാന്മാരായി. ഗ്രേഡു ഇല്ലാത്ത മുട്ടകള്‍.ഇതാ ഈ വിദ്യാലയാനുഭവങ്ങള്‍ പാഠ്യസമീപനസംശയാലുക്കള്‍ക്ക് ഒന്നാം ക്ലാസ് മറുപടിയാണ്
........................................................................
ആദ്യം ഒന്നാം ക്ലാസിലെ പരീക്ഷാ ചോദ്യം നോക്കാം.പിന്നെ ഉത്തരം
'ഉണ്ണി പാടത്തു പോയതും ചന്തയില്‍പ്പോയതും വാ തോരാതെ പറയാന്‍ തുടങ്ങി.എന്തൊക്കെയാകും ഉണ്ണി പറഞ്ഞിട്ടുണ്ടാവുക?ഉണ്ണി അച്ഛനോടു പറഞ്ഞ വിശേഷങ്ങള്‍ എന്തൊക്കെയാകും?'
ഇതാണ് വിവരണസന്ദര്‍ഭം.
ആഖ്യാനസന്ദര്‍ഭം എല്ലാവരും രചനയില്‍ പരിഗണിച്ചിട്ടുണ്ട്


അഭിനവ് ചിത്രത്തിനെ ആസ്പദമാക്കി സംഭവ വിവരണമാണ് തയ്യാറാക്കിയത്. ആദ്യം എന്തു സംഭവിച്ചു. പിന്നീട് എന്തുണ്ടായി എന്ന മട്ടില്‍ എഴുതി. പച്ചക്കറിത്തോട്ടത്തില്‍ പോയി. പച്ചക്കറി പറിച്ചു.ചന്തയില്‍ പോയി. പച്ചക്കറി വിറ്റു.എലിപ്പെട്ടി വാങ്ങി.കളിപ്പാട്ടം വാങ്ങി . പയിസേം കൊടുത്തു എന്നിങ്ങനെ..
അജിസസിഹല്‍ സൂക്ഷ്മനിരീക്ഷണം നടത്തി വിവരിച്ചിട്ടുണ്ട്.

ചിത്രത്തിലെ തവളയേയും മലകളേയും തത്തേയും എല്ലാം പരമാര്‍ശിച്ചു
വാക്യഘടന ശരിയായി പാലിച്ചെഴുതാന്‍ കഴിഞ്ഞിരിക്കുന്നു.'പിന്നെ' എന്ന വാക്ക് പല തവണ ആവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ രണ്ടു പിന്നെ എഴുതിയപ്പോള്‍ തെറ്റു സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്നുളള "പിന്നെ"കളെല്ലാം ശരിയാണ്.പയ്സേയും കൊടുത്തു എന്നെഴുതുന്നത് തെറ്റാണോ? നല്ല വിവരണം.
മഹമ്മദ് റസല്‍ "പച്ചക്കറി അവര്‍ വിറ്റു. അവര്‍ക്കു നല്ല കാശു കിട്ടി.അതു കൊണ്ട് അവര്‍ എല്ലാം വാങ്ങിച്ചു. അന്നിട്ട് അവര്‍ വീട്ടിലോട്ട് വന്നു "എന്നെഴുതി
നാടന്‍ സംഭാണരീതിയിലാണ് എഴുത്ത്.
'നോക്കി നില്‍ക്കാന്‍ നല്ല രസമായിരുന്നു' എന്ന വാക്യം പ്രത്യേകം നാം ശ്രദ്ധിക്കേണ്ടതുണ്ട്
കാഴ്ചകള്‍ വിവരിക്കുമ്പോള്‍ അതു മനസിനെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഈ കൊച്ചു മിടുക്കന്‍ എഴുതിയത്.
മകന്‍ അച്ഛനോട് കാഴ്ച വിവരിക്കുമ്പോള്‍, മകന്റെ മനസില്‍ കയറി എഴുതുമ്പോള്‍ അങ്ങനെയല്ലേ എഴുതാനാകൂ.വീട്ടിലോട്ടു വന്നു. നല്ല കാശും കിട്ടി എന്നൊക്കെ എഴുതുന്ന ലാളിത്യം..
പ്രധാനകാര്യം പറഞ്ഞവരും കൂടുതല്‍ കാര്യങ്ങളെഴുതിയവരും ഉണ്ട്. ചോദ്യത്തില്‍ ചില ചിന്താസൂചനകള്‍ കൂടി നല്‍കിയിരുന്നെങ്കില്‍ എഴുത്തുദിശ കൂടുതല്‍ സമ്പന്നമാകുമായിരുന്നു

ഉദാഹരണത്തിന് ചിത്രം നോക്കൂ പാടത്ത് ആരെല്ലാം ഉണ്ട്? ഏതെല്ലാം ജീവികള്‍? അവരെല്ലാം എന്തിനാണ് അവിടെ വന്നത്? എന്താണവിടെ സംഭവിച്ചത്? പിന്നെയോ? എന്നിങ്ങനെ ചില ചിത്രവിശകലന ചോദ്യങ്ങള്‍ കൂടി ആവാമായിരുന്നു.കുട്ടികള്‍ എഴുതി കസറിയേനേ.

ഒന്നാം ക്ലാസുകാര്‍ അഡീഷണല്‍ ഷീറ്റു ചോദിച്ചു
അധ്യാപകരെ അമ്പരപ്പിച്ചു കൊണ്ട് രണ്ടു കുട്ടികള്‍ അഡീഷണല്‍ പേപ്പര്‍ വാങ്ങിയാണ് കഥ എഴുതി പൂര്‍ത്തിയാക്കിയത്
എസ് എസ് എയിലെ ചോദ്യകര്‍ത്താക്കള്‍ സെന്റിമീറ്റര്‍വെച്ചളന്നു കൊടുത്ത അരപ്പേജ് സ്ഥലം അവര്‍ക്കു തികയാതെ വന്നു. സര്‍ഗാത്മകതയ്ക്ക് പേപ്പറു തടസമായിക്കൂടാ. അധ്യാപികമാര്‍ പ്രോത്സാഹിപ്പിച്ചു. കഥ ഗംഭീരമായി അവസാനിപ്പിച്ചതു നോക്കുക


ഓരോരുത്തരും എഴുതിയത് വ്യത്യസ്തമായ രീതിയില്‍.അതിനര്‍ഥം അധ്യാപികമാര്‍ ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി വെച്ചതല്ല.
 
ചെറിയ തെറ്റുകള്‍ ഉണ്ട്. അത് സാരമുളളവയല്ല. വേഗത്തില്‍ എഴുതിയതുമൂലം സംഭവിച്ചതാണ് ചിലത്. മറ്റുളളവ പരിഹരിക്കാവുന്നതേയുളളൂ. ഇവര്‍ ഒന്നാം ക്ലാസില്‍ വെച്ച് സ്വതന്ത്ര രചന നടത്താന്‍ കഴിവു നേടി എന്നത് ചില്ലറ കാര്യമാണോ
വരും വര്‍ഷത്തെ പുതിയ പുസ്തകം കുട്ടികളുടെ ഇത്തരം കഴിവുകളെ പരിമിതപ്പെടുത്തുമോ എന്ന പേടി അധ്യാപകര്‍ക്കുണ്ട്.

ഞാന്‍ രക്ഷിതാക്കളുമായി സംസാരിച്ചു.എല്ലാവരും ഉണ്ട്.
പരീക്ഷക്കാലമായതു നന്നായി. ഉച്ചക്ക് മക്കളേയും കൂട്ടി മടങ്ങാമല്ലോ. ഉത്തരക്കടലാസുകള്‍ വായിച്ചു വിശകലനം ചെയ്തു കേള്‍പ്പിച്ചപ്പോള്‍ അവര്‍ക്കു സംതൃപ്തി.
അവധിക്കാലത്ത് വായിക്കാന്‍ പുസ്തകം വേണം. അതിനുളള പരിപാടി ആലോചിച്ചു. ക്ലാസുകള്‍ ചുറ്റിനടന്നു കണ്ടു. അപ്പോള്‍ ഒരു ബാനര്‍. മികവുത്സവം 2014.
ഈ സ്കൂളില്‍ മികവുത്സവം ഉണ്ടായിരുന്നു.

പ്രഥമാധ്യാപിക മിനി ഇങ്ങനെ പറഞ്ഞു
"സ്കൂള്‍ വിശേഷങ്ങളില്‍ ഏറ്റവും പ്രധാനം മികവുത്സവം 2014 ആണ് കുട്ടികളുടെ അക്കാദമിക തത്സമയ പ്രകടനങ്ങള്‍ സമൂഹം ഇന്നു ചര്‍ച്ചചെയ്യുന്നു.പിന്നെ എനിക്കു ചുറ്റുപാടുമുള്ള കുറേ വ്യക്തികള്‍ നല്ല സപ്പോര്‍ട്ട് തരുന്നുണ്ട് .കുട്ടികളുടെ വീടുകളില്‍ HOLIDAYS സന്ദര്‍ശിക്കുന്നതുകൊണ്ട്‌ നല്ല ഒരു പിന്തുണ പേരന്റ്സില്‍ നിന്നും കിട്ടുന്നു   TRAINER എന്ന നിലയില്‍ ആഗ്രഹിച്ച ,പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നതിന്റെ സന്തോഷം .പിന്നെ  കുറച്ചു .VEDIO ക്ലിപ്പിങ്ങ്സ് ബ്ലോഗില്‍ അപലോഡ് ചെയ്തിട്ടുണ്ട് .നിര്‍ദേശങ്ങള്‍ നല്കുമല്ലോ"
വടക്കെ വാഴക്കുളം ഗവ : യു .പി .സ്കൂളില്‍ നടത്തിയ മികവുത്സവ് 2014 - അക്കാദമിക പ്രദര്‍ശനാഘോഷം അക്ഷരാര്‍ഥത്തില്‍ ഒരു മികവുത്സവം തന്നെയായിരുന്നു . അതിന്റെ വിശദാംശങ്ങള്‍ വിദ്യാലയം ഇങ്ങനെ പങ്കിട്ടു


സ്കൂളിന്റെ അക്കാദമിക നിലവാരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുക
  • കുട്ടികള്‍ക്ക് അക്കാദമിക പ്രകടനത്തിന്നു അവസരം നല്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പി ക്കുക 
  • വിദ്യാഭ്യാസം കൊണ്ട്  ലക്ഷ്യമിടുന്ന സമഗ്ര വികസനം ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മികവുത്സവ് 2014 സംഘടിപ്പിച്ചത്. 
സംഘാടനം ഇങ്ങനെ
  • അഥിതികളെ ക്ഷണിക്കല്‍ ,സല്ക്കാരം,വേദി സംഘാടനം തുടങ്ങി 7 ഗ്രൂപുകളിലായി 50 കുട്ടികള്‍ ഒത്തരുമിച്ചാണ് ഈ പ്രോഗ്രാം നടത്തിയത്

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ ശ്രീ M.P.ദേവസി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് അദ്ദേഹത്തിനിഷ്ടമുള്ള ഓരോ പുസ്തകം നൽകി തത്സമയം വായന നടത്താനുള്ള വെല്ലുവിളി ഒന്നാം ക്ലാസുകാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു കൊണ്ടാണ്  ഉദ്ഘാടനം നിർവഹിച്ചത്.
  • ഒന്നാം ക്ലാസ്സുകാരെക്കൊണ്ട് തന്നെ വായിപ്പിച്ചാല്‍ മതിയോ 2-ലെ കുറുമ്പികള്‍ മുഖം വീര്‍പ്പിച്ചു .ഓടിവാ എന്നുകേട്ടതും 3 പെണ്‍ കുട്ടികള്‍ ഓടിവന്നു വേദിയില്‍ കയറി .അവര്‍ക്ക് മലയാളം പുസ്തകം കൊടുത്താല്‍ പോരാ  .ഒരു ടീച്ചര്‍ വേഗം പോയി കുറച്ചു ഇംഗ്ലീഷ് സ്റ്റോറി ബുക്സ് കൊണ്ടുവന്നു .പ്രഥമാധ്യാപിക യു പി ക്ലാസ്സിലെ കുട്ടികളില് നിന്നും അവരുടെ  ഇംഗ്ലീഷ് പുസ്തകവും വാങ്ങി
  • കൂട്ടത്തില്‍ 6ലെ ഇംഗ്ലീഷ് പുസ്തകത്തില നിന്നും ഒരുഭാഗം വായിക്കാന്‍  കാണികളില്‍ നിന്നും വന്ന കുടുംബ ശ്രീ പ്രവര്‍ത്തക സുമ ചേച്ചി ല്‍കി 
  • ഈ വര്‍ഷം നടത്തിയ വിവിധ ദിനാചരണങ്ങളുമായും  ക്ലാസ് റൂം പ്രവർത്തനങ്ങളുടെയും ഭാഗമായി തയ്യാറാക്കപ്പെട്ട 500 -ലേറെ കയ്യെഴുത്ത് മാസികകളുടെപ്രദര്‍ശനം നല്ല വായനക്കാരായ കാണികളുടെ പ്രശംസ പിടിച്ചുപറ്റി . 
  • 7-)o ക്ലാസ്സ്‌ വിദ്യാർഥിനി  ഇന്ദു ഈ വർഷം രചിച്ച 15 കവിതകൾ
    ഉൾപ്പെടുന്ന മിന്നാമിന്നി എന്നകവിതാസമാഹാരം മികവുൽസവ് 2014 ന്റെ ഭാഗമായി പ്രകാശനം ചെയ്തപ്പോൾ ,ഇന്ദു പാടിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഉറ്റ ചങ്ങാതി എന്ന കവിത ആലപിക്കുന്നതു കേട്ട ബാലസഹിത്യകാരൻ വേണു വാരിയത്ത് അവളിലെ കവയത്രിയെ മാത്രമല്ല ഗായികയേയും ഏറെ പുകഴ്ത്തി .( ഉറ്റ ചങ്ങാതിയെ സാക്ഷി നിറുത്തി ഇന്ദു എന്റെ മുമ്പാകെ കവിത ചൊല്ലുന്ന ചിത്രമാണിത്)പ്രാദേശിക ചാനെൽ "മെട്രോ"ഈ കുട്ടിക്കുമാത്രമായി 5 മിനിട്ടോളം പ്രക്ഷേപണം നടത്തിയത് അവൾക്കു ലഭിച്ച ഒരുഅവാർഡ് തന്നെയാണ് .
  • നാസ്നിൻ  പി എസ് എഴുതിയ 10 കഥാ സമാഹാരവും പ്രശംസനീയം തന്നെയായിരുന്നു. 
  • ശാസ്ത്ര പ്രദർശനം കാണികൾക്ക് പുതുമ നൽകി ,കൃത്രിമ അഗ്നിപർവതം ,ലേസർ അലാറം, ലിഫ്റ്റ്  തുടങ്ങിയവ. യു പി വിഭാഗം ഓരോ കുട്ടി ഓരോ പരീക്ഷണം ലക്ഷ്യമിട്ടിരുന്നെങ്കിലും സമയപരിമിതി അനുഭവപ്പെട്ടു
"അഭിമാനപൂർവം പറയട്ടെ കാണികളായി എത്തിയ ചിലർ പിന്നീട് എന്നെ വിളിച്ചു അവരുടെ എന്തു സഹായവും നല്കാമെന്നു പറഞ്ഞു .
മറ്റൊന്ന് സമൂഹം ചർച്ച ചെയ്യുന്നു .ഈ സർക്കാർ സ്കൂൾ വിചാരിച്ച പോലെ അല്ല .
എല്ലാറ്റിലുമുപരി നമ്മുടെ കുട്ടികൾ ബഹുമാനിക്കപ്പെടുന്നു .
അതല്ലേ നമ്മുടെ കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം !"അധ്യാപകര്‍ക്ക് ഈ വര്‍ഷം സംതൃപ്തിയുടേതാണ്. വരും വര്‍ഷവും അങ്ങനെ തന്നെയാകുമെന്ന് പ്രതീക്ഷിക്കാം.
ഒന്നാം ക്ലാസിലെ അമ്മമാരോടൊത്ത് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്യുന്നു