ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, May 31, 2011

അവധിക്കാല അധ്യാപക പരിശീലനത്തില്‍ ആവേശപൂര്‍വ്വം...

അനുഭവക്കുറിപ്പ്

-----------------------------------------------------------നാരായണന്‍ മാഷ്‌ ബേക്കല്‍

" അവധിക്കാല അധ്യാപക പരിശീലനത്തെ ഗൌരവത്തോടെ കാണുന്ന അധ്യാപകരുടെ എണ്ണം ഒട്ടും കുറവല്ല എന്ന് ഇവിടെ കാണുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.കാസര്‍ഗോഡ്‌ ജില്ലയില്‍ ബേക്കല്‍ ഉപജില്ലയിലെ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ അധ്യാപകര്‍ക്കുള്ള പരിശീലനം പുതിയകണ്ടം ഗവ.യു.പി.സ്കൂളില്‍ ആരംഭിച്ചപ്പോള്‍ എല്ലാ ക്ലാസ്സുകളിലും നല്ല പങ്കാളിത്തം.
വെറുതെ സമയം കളയാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല.എന്തായാലും പത്തു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്തെ പറ്റൂ. എങ്കില്‍പ്പിന്നെ ഇത്തിരി ഗൌരവത്തില്‍ത്തന്നെ ആയ്ക്കോട്ടെ എന്ന് അധികം പേരും കരുതി!
പതിവുപോലെ രണ്ടാം ക്ലാസ്സിലെ അധ്യാപകരുടെ കൂട്ടത്തില്‍ പ്രധാനാധ്യാപകര്‍ ഏറെ.
പുതിയ വര്‍ഷത്തേക്കുള്ള അഡ്മിഷന്‍,ടി.സി.കൊടുക്കല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുള്ള സമയത്ത് തന്നെ പരിശീലനം വെച്ചതില്‍ പലര്‍ക്കും പരിഭവം. പക്ഷെ, എന്തു ചെയ്യാന്‍!രണ്ടാം ക്ലാസ്സിലെ പിള്ളേരെ പഠിപ്പിക്കണമെങ്കില്‍
പരിശീലനത്തില്‍ പങ്കെടുക്കാതെ രക്ഷയില്ലല്ലോ!
സ്കൂളില്‍ ചേരാന്‍ വരുന്ന ഒരു കുട്ടി പോലും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തിക്കൊന്ടു തന്നെ പരമാവധി സമയം പരിശീലനത്തില്‍ സജീവമായി പങ്കെടുക്കാന്‍ പലരും ശ്രമിക്കുന്നു.പ്രധാനാധ്യാപകര്‍ സജീവമാകുമ്പോള്‍ സഹാധ്യാപകര്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയുമോ?അവരും സജീവം തന്നെ!ഫലമോ,രണ്ടാം ക്ലാസ്സിലെ പരിശീലനം ഒന്നാന്തരമായി മുന്നേറുന്നു!

മൊത്തം പത്തുദിവസത്തെ പരിശീലനമാണ് ഈ അവധിക്കാലത്ത് ഓരോ അധ്യാപകനും ലഭിക്കുക.എല്‍.പി.വിഭാഗത്തിലുള്ളവര്‍ക്ക്
മലയാളം,കണക്ക്,പരിസരപഠനം വിഷയങ്ങള്‍ക്കായി നാല് ദിവസവും ഇംഗ്ലീഷിനായി നാല് ദിവസവും നീക്കി വെച്ചിരിക്കുന്നു.ബാക്കി രണ്ടു ദിവസം ക്ലസ്ടര്‍ തലത്തില്‍ ഒരു സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചു കൂടിയിരുന്ന് ആസൂത്രണം നടത്തണം എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.സംസ്ഥാന തലത്തിലും,ജില്ലാ തലങ്ങളിലും നടത്തിയ പരിശീലനങ്ങളില്‍ പങ്കെടുത്ത ആര്‍.പി.മാരാണ് അധ്യാപക പരിശീലനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
രണ്ടാം ക്ലാസ്സുകാരുടെ പരിശീലനത്തിന് നേതൃത്വം നല്‍കാന്‍ ബി.ആര്‍.സി.ട്രെയിനര്‍മാര്‍ ആരും തന്നെ ഇത്തവണ ഞങ്ങളുടെ കേന്ദ്രത്തില്‍ ഉണ്ടായിരുന്നില്ല.മുന്‍ വര്‍ഷങ്ങളില്‍ ആര്‍.പി.ആയി തിളങ്ങിയ ദിലീപന്‍ മാഷിനായിരുന്നു ഇത്തവണ ഞങ്ങളെ നയിക്കാനുള്ള യോഗം.കൂടെ പ്രധാനാധ്യാപകനായ മാധവന്‍ മാഷും.രണ്ടു പേരും സ്ഥിരമായി രണ്ടാം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകരായതിനാല്‍ സിദ്ധാന്തങ്ങള്‍ പറഞ്ഞു തടി തപ്പാന്‍ എന്തായാലും കഴിയില്ല!അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സില്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ പറയുമ്പോള്‍ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക?(പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ഒരു ക്ലാസ്സിന്റെ പൂര്‍ണ ചുമതല കൂടി വഹിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും തൃപ്തികരമായ രീതിയില്‍ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രധാനാധ്യാപകാര്‍ക്ക് സമയം കിട്ടുന്നില്ല എന്നാ യാഥാര്‍ത്ഥ്യം അപ്പോഴും നിലനില്‍ക്കുന്നു.)അധ്യാപകര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമായ
ഒട്ടേറെ കാര്യങ്ങള്‍ പരിശീലനത്തിലൂടെ മുന്നോട്ടു വെക്കാന്‍ ആര്‍.പി.മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
രണ്ടാം ക്ലാസ്സിന്റെ അന്തരീക്ഷം ഒരുക്കിക്കൊണ്ട് പരിശീലനഹാള്‍ ക്രമീകരിക്കുന്നതില്‍ മാഷ്‌ പ്രത്യേകം ശ്രദ്ധിക്കുകയുണ്ടായി.

 • കുട്ടിത്തമുള്ള ബോര്‍ഡ്,
 • ബിഗ്‌ സ്ക്രീന്‍,
 • പുസ്തക പ്രദര്‍ശന ചുമര്,
 • ടി.വി.സ്ക്രീന്‍ എല്ലാം തങ്ങളുടെ ക്ലാസ്സിലും വേണം എന്ന ചിന്ത ഇത് കാണുന്ന ഏതൊരുഅധ്യാപികയ്ക്കും ഉണ്ടാകും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. ടി.വി.സ്ക്രീനില്‍ ക്കൂടി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എത്ര താല്‍പ്പര്യത്തോടെയാണ് അധ്യാപികമാര്‍ മുന്നോട്ടു വന്നത്! എന്നാല്‍പ്പിന്നെ കുട്ടികളില്‍ ഇത് എത്രമാത്രം താല്‍പ്പര്യം ഉണ്ടാക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
 • പാവനാടകങ്ങല്‍ക്കാവശ്യമായ പാവകള്‍ തയ്യാറാക്കാന്‍ തങ്ങള്‍ക്കറിയില്ല എന്നായിരുന്നു പലരുടെയും ധാരണ.എന്നാല്‍ വളരെ ലളിതമായി എങ്ങനെ പാവകള്‍ ഉണ്ടാക്കാമെന്നും,അവ ഉപയോഗിച്ച് എങ്ങനെ നാടകം കളിക്കാമെന്നും മാഷ്‌ പഠിപ്പിച്ചപ്പോള്‍ എല്ലാവര്ക്കും അത്ഭുതം!''ഇത്രയേ യുള്ളൂ...''ഇതായിരുന്നു പ്രതികരണം.എന്തായാലും ഇത്തവണ ഞങ്ങളുടെഎല്ലാം ക്ലാസ്സില്‍ പാവകളും,നാടകവും ഉണ്ടാകും,തീര്‍ച്ച.


പരിസരപഠനത്തിലെ പ്രക്രിയാശേഷികളായ നിരീക്ഷണം,വര്‍ഗീകരണം,നിഗമനം,ലഘു പരീക്ഷണം,ആശയവിനിമയം തുടങ്ങിയവ കുട്ടികളില്‍ എത്തിക്കാന്‍ ഒരു പഠനതന്ത്രം എന്നനിലയില്‍
ഫീല്‍ഡ് ട്രിപ്പിനുള്ള സാധ്യതകള്‍ എത്രത്തോളം എന്ന് മനസ്സിലാക്കാനായി പരിശീലനത്തിനിടയില്‍ ചെറിയൊരു ഫീല്‍ഡ് ട്രിപ്പും ഞങ്ങള്‍ നടത്തി."സ്കൂളിലെ ശുചിത്വം എത്രത്തോളം?''ഇതായിരുന്നു പ്രശ്നം.എല്ലാ ഘട്ടങ്ങളും പാലിച്ചുകൊന്ടു നടത്തിയ ട്രിപ്പും തുടര്‍ ചര്‍ച്ചകളും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കി.
ku
ലഘു പരീക്ഷണങ്ങള്‍ നടത്താന്‍ കുട്ടികളെ സഹായിക്കുന്നതിനായി സയന്‍സ് കോര്‍ണറുകളെ
എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സെഷനില്‍ ഏറെ താല്‍പ്പര്യത്തോടെയാണ് മുഴുവന്‍ അധ്യാപികമാരും പങ്കെടുത്തത്.ക്ലാസ്സിനെ വിവിധ ഗ്രൂപുകളായിത്തിരിച്ച്‌ ഓരോ ഗ്രൂപ്പിന് മുന്നിലും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ഓരോ പ്രശ്നം അവതരിപ്പിക്കുകയാണ് ആദ്യം ചെയ്തത്.
-ഏതു തരം മണ്ണിനാണ് ജലവാര്‍ച്ച കൂടുതല്‍?
-നിറയെ വെള്ളമുള്ള ഒരു ഗ്ലാസ്സില്‍ തൂവാതെ
എന്തെങ്കിലും ഇടാന്‍ കഴിയുമോ?
-ഏതു തരം മാവ് ഉണ്ടാക്കാനാണ് കൂടുതല്‍ ജലം വേണ്ടത്?
ഇത്തരത്തിലുള്ളവയായിരുന്നു ചോദ്യങ്ങള്‍.പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ഗ്രൂപ്പുകള്‍ ചര്‍ച്ച ചെയ്തു കണ്ടെത്തി.ആവശ്യമായ സാധനങ്ങള്‍ സയന്‍സ് കോര്‍ണറില്‍ നിന്ന് ശേഖരിച്ചു.എല്ലാവരുടെയും പങ്കാളിത്തത്തോടെ പരീക്ഷണം നടത്തി .കണ്ടെത്തിയ കാര്യങ്ങള്‍ രേഖപ്പെടുത്തി.അപഗ്രഥിച്ചു നിഗമനങ്ങള്‍ രൂപീകരിച്ചു.പരീക്ഷണം വിദഗ്ദ്ധരായ പാനല്‍ അംഗങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു.അവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തി കരമായിത്തന്നെ ഉത്തരം നല്‍കി.കൂടുതല്‍ മാര്‍ക്ക് നേടിയ ടീമിനെ "റിയാലിറ്റി ഷോയിലെ" വിജയികളായി പ്രഖ്യാപിച്ചു!എത്ര ഗൌരവത്തോടെ യാണ് അധ്യാപികമാര്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇതോടൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചുതരും.ഇതേ ആവേശം ക്ലാസ്സ് മുറികളിലും പ്രതിഫലിച്ചാല്‍ പരിസര പഠനത്തിലെ പ്രക്രിയാ ശേഷികള്‍ കൈവരിക്കുന്ന കാര്യത്തില്‍ രണ്ടാം തരത്തിലെ കുട്ടികള്‍ ഏറെ മുന്നേറും,തീര്‍ച്ച. അവധിക്കാല പരിശീലനത്തിലെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്...ഈ ഒത്തു ചേരല്‍ വെറുതെയാവില്ല..ഇതിന്റെ ഫലം ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും....


Monday, May 30, 2011

മാണിക്യകല്ലു സ്കൂളില്‍

സ്കൂള്‍ തുറക്കാന്‍ പോകുകയാണ്.സ്കൂളിനു സ്വപ്നങ്ങളുണ്ടോ
ഇല്ലെങ്കില്‍ ഈ സിനിമ കാണുക, സിനിമ എന്ന കലാ മാധ്യമത്തിന്റെ മികവുകള്‍ പലതും കണ്ടില്ലെന്നു വരും.
എങ്കിലും കാണണം.പൊതു സമൂഹം എങ്ങനെ സ്കൂളുകളെ നോക്കികാണുന്നു എന്നറിയാമല്ലോ.
മാണിക്യകല്ല് ഒരു സാധാരണ സിനിമ മാത്രമാണ് .
സിനിമ ഒറ്റ വാക്യത്തില്‍ ഇതാണ്-
തകര്‍ന്നു പോയ ഒരു സ്കൂള്‍ ഉയര്ത്തെഴുന്നേല്‍ക്കുന്നതിന്റെ ചിത്രം .
സ്കൂളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു....
പൊട്ടി പൊളിഞ്ഞ തറ, തൂക്കാത്ത വാരാത്ത വൃത്തിയില്ലാത്ത , നാല്‍ക്കാലിയും നായും കയറി ഇറങ്ങുന്ന ആരുടേയും മനസ്സില്‍ ഇടമില്ലാത്ത ഒരു പൊതു വിദ്യാലയം.
(അതെ ഇങ്ങനെയുള്ള സ്കൂളുകള്‍ ഇപ്പോഴും ഉണ്ടോ എന്ന് സംശയിക്കും. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു സ്കൂള്‍ ഇതുപോലെ ..യുവാക്കള്‍ പന്ത് കളിച്ചു തകര്‍ന്ന ഓടു മാറ്റിയിടാന്‍ മടിച്ചതിനാല്‍ നനഞ്ഞു കുതിര്‍ന്നു ചുമരും തറയും ദ്രവിച്ചിരിക്കുന്നു.ടീച്ചര്‍മാര്‍ക്ക് ഒരു ഭാവ ഭേദവുമില്ല..സ്കൂള്‍ കെട്ടിടം പൊളിഞ്ഞാല്‍ എന്താ? മേല്‍ക്കൂര മുഴുവന്‍ കാട് കയറി കിടക്കുന്നു...)
ആവശ്യത്തിനു പണം നല്‍കിയിട്ടും ചില സ്കൂളുകള്‍ ഇപ്പോഴും ഇങ്ങനെ ആയി പോകുന്നുണ്ടെങ്കില്‍ അവര്‍ ഈ സിനിമാ കാണണം.
ഈ സിനിമയില്‍ ഒരു സംഘടനാ നേതാവുണ്ട്.അയാളെ അവതരിപ്പിച്ചിരിക്കുന്നത് ബോധ പൂര്‍വമാണ്.
ക്ലാസില്‍ പഠിപ്പിക്കാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ ജാഥ നടത്തുന്ന നേതാവ്.
എല്ലാ
നേതാക്കന്മാരും ഇങ്ങനെ അല്ല എന്ന് നമ്മള്‍ക്കറിയാം.എങ്കിലും ഇവരും ഉണ്ട്.
എസ് എസ് എല്‍ സി വിജയ ശതമാനം കുറഞ്ഞ സ്കൂളുകളെ പറ്റി പഠിക്കാന്‍ നിയോഗിച്ച ടീമില്‍ ഞാനും ഉണ്ടായിരുന്നു.
മാവേലിക്കര സ്കൂളിലെ രക്ഷിതാക്കളുമായി സംസാരിച്ചപ്പോള്‍ അവര്‍ പങ്കു വെച്ച കാര്യം ഓര്മ വരുന്നു,
'സര്‍,ഈ സ്കൂളില്‍ എല്ലാ സംഘടനക്കാരുടെയും നേതാക്കള്‍ ഒരു കാലത്ത് ഉണ്ടായിരുന്നു.അവര്‍ ഒപ്പിട്ടിട്ട് സംഘടനാ പ്രവര്‍ത്തനത്തിനു പോകും.കുട്ടികള്‍ അനാഥമായി.അങ്ങനെ ഈ സ്കൂള്‍ തകര്‍ന്നു..'
നേതാക്കന്മാര്‍ നയിക്കെണ്ടാവരാന് സ്കൂളിനെ ജോലി എടുക്കുന്ന സ്ഥാപനത്തെ മറന്നുള്ള സംഘടനാ പ്രവര്‍ത്തനം സാമൂഹിക വിരുദ്ധമാണെന്ന് പറയാന്‍ കഴിയണം.

സ്കൂളിനെ കോമാളി വേഷം കെട്ടി ആണ് അവതരിപ്പിക്കുന്നത്‌ .അത് തെറ്റായിപ്പോയി.
ഒരു പക്ഷെ സിനിമയുടെ ആഖ്യാനത്തിന് ഒരു ദുരവസ്ഥ ആദ്യം വരച്ചു കാട്ടേണ്ടത്‌ കൊണ്ടാവാം.
എന്നാല്‍ ആ കാഴ്ചകള്‍ അസത്യമാണെന്ന് പറയാനും വയ്യ.
എനിക്ക് അറിയാവുന്ന ഒരു സംസ്ഥാന നേതാവിന് അധ്യാപനത്തിന് പുറമേ ബ്ലേഡ് കച്ചവടം ,മറ്റു സൈഡ്‌ ബിസിനസ് ഒക്കെ ഉണ്ട്.
ആ നേതാവ് ഇപ്പോഴും ഉണ്ട്.എന്ത് കൊണ്ടാണ് ഇത്തരം അപവാദങ്ങള്‍ .
ചോദ്യം ചെയ്യാന്‍ ഭയക്കുന്ന അണികള്‍ ഉള്ളതിനാലോ.

അക്കാദമിക ഉണര്‍വില്ലാത്ത്ത ഒരു വിദ്യാലയത്തില്‍ ആര് ആര്‍ക്കു ആവേശം പകരും അത് സ്വയം ജീര്‍ണിക്കുകയെ ഉള്ളൂ.
അപ്പോള്‍ എന്തിനു സ്കൂളില്‍ പോകണം എന്ന് ചിന്തിക്കും .
മരവിപ്പ് പടരും.
സ്കൂള്‍ ഉപ ജീവനത്തിനുള്ള ഒരു ഇടം മാത്രമായി ചുരുങ്ങും.
കുട്ടികള്‍ അവരുടെ പ്രകാശപൂര്‍ണവും തുടിക്കുന്നതുമായ സജീവ അന്വേഷണ തൃഷ്ണകള്‍ നശിച്ചു സമയം കൊല്ലി ജീവിതം സ്കൂളിനു സമ്മാനിക്കും .
പരസ്പരം പഴി പറഞ്ഞു എല്ലാവരും തോറ്റു കൊടുക്കും.എല്ലാവരും തോറ്റു കൊടുക്കും.തോറ്റു കൊടുക്കും

നായകനിലൂടെ സിനിമ പകരുന്ന സന്ദേശം ഇങ്ങനെ.
 • തോല്‍ക്കാന്‍ മനസ്സില്ല എന്ന് കരുതുന്നവരാണ് ചരിത്രം സൃഷ്ടിക്കുക.
 • അവര്‍ ജങ്ങളിലേക്കിറങ്ങി ചെല്ലും
 • കാരണങ്ങളും പരിഹാരവും ഉണ്ടെന്നു വിശ്വസിക്കും..
 • പ്രതിസന്ധികളില്‍ തളരില്ല
 • സ്നേഹത്തെ ആയുധമാക്കും.
 • സൌഹാര്‍ദം മുദ്രാവാക്യമാക്കും.
 • ലകഷ്യ ബോധം ഊര്‍ജമാക്കി മാറ്റും.
 • അസാധ്യമായി ഒന്നുമില്ലെന്ന സമീപനം സ്വീകരിക്കും
 • തന്നില്‍ വിശ്വാസം ,മാനവസത്ത ക്രിയാത്മകം എന്ന് തിരിച്ചറിയും.
 • സഹ പ്രവര്‍ത്തകര്‍ക്ക് പ്രവൃത്തി കൊണ്ട് പ്രചോദനം നല്‍കി കൊണ്ടിരിക്കും
 • അവര്‍ ലക്‌ഷ്യം നേടുക തന്നെ ചെയ്യും.
ഇതു പോലെ ഉയത്തെഴുന്നേറ്റസ്കൂളുകള്‍ ഉണ്ട്.
കോഴിക്കോട്ടെ ചന്ദ്രന്‍ മാഷ്‌ ഇപ്പ്പോള്‍ നമ്മോടൊപ്പമില്ല.
ആഴ്ചവട്ടം സ്കൂളിനെ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ എഴുതി ചേര്‍ത്ത മാഷ്‌.
ആ സ്കൂളില്‍ ഞാന്‍ പലവട്ടം പോയിട്ടുണ്ട്.
മാഷ്‌ ഒരു സംഘടനാ പ്രവര്‍ത്തകനായിരുന്നു. നല്ല നല്ല വിദ്യാലയ അനുഭവങ്ങള്‍ പഠിക്കാന്‍ സ്വന്തം ചെലവില്‍
തിരുവന്തപുരത്തേക്ക് സംഘടനയുടെ സബ്ജില്ലാ കമ്മറ്റി അംഗങ്ങളെയും കൊണ്ട് സ്കൂള്‍ സന്ദര്‍ശന യാത്ര നടത്തിയ മാഷ്‌ '' നിരവധി അക്കാദമിക ഇടപെടല്‍ നടത്തി.
അനാദായകരം എന്നു സമൂഹം മുദ്രകുത്തിയ സ്കൂളിനെ മുന്നില്‍ എത്തിച്ചു.
പുതിയ സ്കൂള്‍ വര്‍ഷം ചന്ദ്രന്‍ മാഷ്‌ പോലെയുള്ള അധ്യാപകര്‍ തെളിയിച്ച അക്കാദമിക സമര പാതയിലൂടെ മുന്നേറാന്‍ നമ്മോടു ആവശ്യപ്പെടുന്നു
അതിനു ഈ സിനിമ ഒരു നിമിത്തമാകട്ടെ
സിനിമയുടെ നന്മയുടെ വശം അതിനു മുന്‍പില്‍ മറ്റു വൈരുദ്ധ്യങ്ങള്‍ മറക്കാം..

Thursday, May 26, 2011

പ്രകാശമില്ലാത്ത ഒരു ലേഖനമാണോ ഇതു?

വായന -7
വായനയും വിശകലനവും പ്രതികരണവും.
മാതൃ ഭൂമിയില്‍ വന്ന ഒരു ലേഖനം വിശകലനത്തിനായി ചൂണ്ടു വിരല്‍ കൊടുക്കുകയാണ്.
.ശ്രി ടി എന്‍ പ്രകാശിന്‍റെ ലേഖനത്തില്‍ ഇടപെടുന്നത് പൊതു വിദ്യാഭ്യാസത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മുതിരുന്നവരുടെ ലക്‌ഷ്യം എന്തെന്ന് അന്വേഷിക്കാന്‍.
ലേഖനത്തില്‍ ബ്രാക്കറ്റിനുള്ളില്‍ കൊടുത്തിട്ടുള്ളത് ചൂണ്ടു വിരലിന്‍റെ പ്രതികരണം. ശീര്‍ഷകവുമായി നേര്‍ ബന്ധമില്ലാത്ത ലേഖന ഭാഗങ്ങളോട് പ്രതികരിക്കുന്നില്ല. ചര്‍ച്ചയ്ക്കായി ഉ ന്നയിക്കുന്ന ആശയങ്ങള്‍ക്ക് നമ്പര്‍ കൊടുത്തത് ചൂണ്ടു വിരല്‍.

'പ്രശ്‌നാധിഷ്ഠിതം' പോയി 'സമഗ്രവികസനം' വരുമ്പോള്‍
Posted on: 24 May 2011
ടി.എന്‍. പ്രകാശ്‌


സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് ആവര്‍ത്തിച്ചുവരുന്ന പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ സഹായിക്കുകയല്ല ചെയ്യുന്നത്. മറിച്ച് നട്ടുനനച്ച് വേരാഴ്ത്താന്‍ കാത്തുനില്‍ക്കുന്ന ഒരു ചെടിയെ എല്ലാ ദിവസവും രാവിലെ പിഴുത് വേരോടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ബാലിശ പ്രവൃത്തിപോലെ ആയിപ്പോകുന്നു അത്. ഇതുകാരണം പരീക്ഷണങ്ങള്‍ പലപ്പോഴും കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നുപടിവാതില്‍ക്കല്‍ വീണ്ടുമൊരു അധ്യയനവര്‍ഷമെത്തിയിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസമാകട്ടെ എല്ലാ കാലത്തും വിവാദം വിളയുന്ന ഭൂമിയുമാണ്. ഉന്നത വിദ്യാഭ്യാസരംഗത്താണ് താരതമ്യേന പൊട്ടലും ചീറ്റലും കുറവ്. എന്‍ട്രന്‍സും അതിനോടനുബന്ധിച്ചുള്ള മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനവും മറന്നുകൊണ്ടല്ല അങ്ങനെ പറയുന്നത്. കരിക്കുലത്തിന്റെയും സിലബസ്സിന്റെയും കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉരുത്തിരിയാറില്ല. എന്നാല്‍ പ്രൈമറി തൊട്ട് ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസം എല്ലാ അധ്യയന വര്‍ഷാരംഭത്തിലും വിവാദപൂരിതമാണ്. അവസാനിക്കുന്നതും അങ്ങനെ തന്നെ. ആവശ്യമില്ലാത്ത ചില പ്രശ്‌നങ്ങള്‍ കടന്നുവരികയോ ആരൊക്കെയൊ കടത്തിവിടുകയോ ആണ് ചെയ്യുന്നത്. ഇങ്ങനെ സംഭവിക്കുന്നത് യാദൃച്ഛികമാണോ അതോ ബോധപൂര്‍വമാണോ എന്നാണ് അന്വേഷണവിധേയമാക്കേണ്ടത്. തീര്‍ച്ചയായും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് വിദ്യാഭ്യാസചിന്തകള്‍ പരീക്ഷണശാലയില്‍ കയറിയിറങ്ങണം.
1) പരിപാകം വരാത്ത തീരുമാനങ്ങള്‍ എന്തെങ്കിലും നടപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. പാകപ്പിഴകള്‍ തിരുത്തണം.
(സൂചന- ലേഖകന്‍ പരിപാകം വരാത്ത തീരുമാനങ്ങള്‍ തിരുത്തിക്കാന്‍ ആണ് ലേഖനം എഴുതിയത്. വായനക്കാരുടെ മേല്‍ ലക്ഷ്യ ശുദ്ധി കയറ്റിവെക്കുന്ന രചനാ തന്ത്രം )

എന്നാല്‍, കുട്ടികളെ വെച്ചു പരീക്ഷണം നടത്തുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം. അസ്ഥാനത്തുള്ള പരീക്ഷണങ്ങള്‍ കുട്ടികളുടെ ഭാവിയെയാണ് കവര്‍ച്ച ചെയ്യുന്നത്. പരീക്ഷണം വേണ്ടെന്നല്ല, പരീക്ഷണവും ഗവേഷണവും എത്രയുമാകാം. പരീക്ഷണശാലയില്‍ത്തന്നെ അത് തീരണം. പുറത്തു വരുന്നത് പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിരിക്കണം
. 2)നിര്‍ഭാഗ്യത്തിന് ഇങ്ങനെയൊരവസ്ഥ അവകാശപ്പെടാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസത്തിന് സാധിക്കാറില്ല.
(വിശകലനം ,സൂചന- പൊതു വിദ്യാഭ്യാസം എന്നും അസ്ഥാനത്തുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന സംവിധാനം ആണെന്ന് പരോക്ഷമായി സ്ഥാപിക്കുകയാണ് ഇവിടെ.സന്ദേശം ഇങ്ങനെ-.രക്ഷിതാക്കള്‍ സൂക്ഷിക്കുക .ഇതാണ് നിങ്ങള്‍ കുട്ടിയെസ്കൂളില്‍ ചേര്‍ക്കുന്ന സമയം.വെറുതെ ഭാവി തുലയ്ക്കുന്നോ..ലേഖനം പൊതു വിദ്യാലയങ്ങല്‍ക്കെതിരായ നിലപാട് സ്വയം അനാവരണം ചെയ്യുന്നു.)

കഴിഞ്ഞ ആണ്ടിലെ ടെക്സ്റ്റ് ബുക്ക് വിതരണത്തിന്റെ കാര്യംമാത്രമെടുക്കാം. ആദ്യ വോളിയം ടെക്സ്റ്റ് ബുക്ക് വിതരണം നടത്തിയത് താരതമ്യേന വലിയ കുഴപ്പങ്ങളില്ലാതെയാണ്. ചില്ലറ കുഴപ്പങ്ങള്‍ക്ക് കാരണക്കാരായവരെ കണ്ടെത്തുകയും അതിന്റെ പരിഹാരക്രിയകള്‍ നടത്തുകയും ചെയ്ത സ്ഥിതിക്ക് ആ മാര്‍ഗം കുറേക്കൂടി ആസൂത്രിതമായി തുടരുകയേ വേണ്ടൂ. അപ്പോഴേക്കം ആവശ്യമില്ലാത്ത പരിഷ്‌കാരങ്ങള്‍ വരുത്തുകയായി. മുന്‍ വര്‍ഷങ്ങളിലും സംഭവിച്ചത് ഇതുതന്നെയാണ്. പുസ്തകവിതരണം ഏറ്റെടുത്ത എസ്.എസ്.എ. വരുത്തിയ പാകപ്പിഴകള്‍ പെരുപ്പിച്ചുകാട്ടി എസ്.എസ്.എ.യെ പുസ്തകവിതരണത്തില്‍നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തി. അതുകൊണ്ടുതന്നെ കഴിഞ്ഞ അധ്യയനവര്‍ഷം ആദ്യഘട്ട പാഠപുസ്തകവിതരണം പോസ്റ്റല്‍ വകുപ്പുമായി സംയോജിച്ചു നടത്തിയപ്പോള്‍ ചിലയിടങ്ങളിലെങ്കിലും വിതരണം അവതാളത്തിലായി.

ഏതാനും ഉദ്യോഗസ്ഥരുടെ തൊപ്പി താത്കാലികമായി തെറിച്ചു. സഹായം അഭ്യര്‍ഥിച്ചെങ്കിലും ഈ ഘട്ടത്തില്‍ എസ്.എസ്.എ. പുസ്തക വിതരണത്തില്‍ നിന്ന് മുഖം തിരിച്ചു നിന്നു. ഈ വര്‍ഷമിതാ പോസ്റ്റല്‍ വകുപ്പിനെയും മാറ്റിനിര്‍ത്തിയിരിക്കുന്നു. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ നേരിട്ട് രണ്ടു സ്വകാര്യ കൊറിയര്‍ ഏജന്‍സി വഴി പുസ്തകവിതരണം ആരംഭിച്ചിരിക്കുന്നു. പത്രവാര്‍ത്തകള്‍ വശ്വസിക്കാമെങ്കില്‍ പലയിടങ്ങളിലും പുസ്തകങ്ങള്‍ എത്തിയില്ലെന്നാണ് അറിയുന്നത്.
3 ) സ്‌കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെയും ജില്ലാതല പാഠപുസ്തക ഡിപ്പോകളെയും ദയാവധത്തിന്റെ ആനുകൂല്യംപോലും നല്‍കാതെ കൊല്ലാക്കൊല ചെയ്യുന്ന അനാവശ്യ പരിഷ്‌കാരങ്ങളൊക്കെ എന്തിനായിരുന്നു?
(വിശകലനം-
സൂചന-പുസ്തകങ്ങള്‍ ഒരിക്കലും സമയത്തിനു കിട്ടില്ല. സ്ഥിതി മാറ്റാന്‍ ശ്രമിക്കരുത്.പഴയ സംവിധാനങ്ങള്‍ തന്നെ പഴയ രീതിയില്‍ ചെയ്യണം.ഈ മാന്യ ദേഹം പറയാന്‍ മറന്ന കാര്യം വര്‍ഷങ്ങളായി പഴയ സംവിധാനത്തിന് സമയത്ത് പുസ്തകം കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ്,ലേഖകനോട് ചോദ്യം- എസ് എസ് എന്തിനാണ് പുസ്തക വിതരണം ഏറ്റെടുത്തത്? സ്‌കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളെയും ജില്ലാതല പാഠപുസ്തക ഡിപ്പോകളെയും അന്ന് എന്ത് ചെയ്തു? അവരുടെ കാര്യക്ഷമത ചരിത്രത്തില്‍ എങ്ങനെ രേഖപ്പെടുത്തി? ..അണ്‍ യി ദ് സ്കൂളുകള്‍ക്ക് പുസ്തകങ്ങള്‍ മറിച്ചു കൊടുത്തവരെ ലേഖകന്‍ പുകഴ്ത്ത്തുന്നോ?)

ആവര്‍ത്തിച്ചുവരുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ ഒരുവേള, വിദ്യാഭ്യാസവകുപ്പ് പ്രതീക്ഷിക്കുന്ന ഒരു പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ സഹായിക്കുകയല്ല ചെയ്യുന്നത്. മറിച്ച് നട്ടുനനച്ച്, വേരാഴ്ത്താന്‍ കാത്തുനില്‍ക്കുന്ന ഒരു ചെടിയെ എല്ലാ ദിവസവും രാവിലെ പിഴുതു വേരോടുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ബാലിശപ്രവൃത്തി പോലായിപ്പോകുന്നു ഇത്. വീഴ്ചയുടെ മൂലകാരണങ്ങള്‍ അറിയാതെ നടത്തുന്ന എല്ലാ പരീക്ഷണങ്ങളും കൂടുതല്‍ കുഴപ്പങ്ങളിലേക്ക് ചെന്നുവീഴുന്നതിന് ഇടയാക്കുന്നു. പാഠപുസ്തകവിതരണമല്ല, ഈ ലേഖനം ലക്ഷ്യമിട്ടത്. പുതിയ ബോധനരീതിയെക്കുറിച്ചാണ്. അതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനത്തെക്കുറിച്ചാണ്.
4 )കഴിഞ്ഞ വര്‍ഷം വരെ കൊട്ടിഗ്‌ഘോഷിച്ച് ചര്‍ച്ച ചെയ്ത പ്രശ്‌നാധിഷ്ഠിത ബോധനസമ്പ്രദായം (ഇഷ്യു ബെയ്‌സ്ഡ് കരിക്കുലം) വര്‍ഷം മുതല്‍ കുട്ടികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ കൊടുത്തു മാറ്റിമറിക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ, കുട്ടി പഠിക്കുന്ന എല്ലാ ആശയങ്ങളും ഏതെങ്കിലും ഒരു സാമൂഹികപ്രശ്‌നവുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കേണ്ടിയിരുന്നത്. അതിനായി എട്ട് പ്രശ്‌നങ്ങളും സംശയരഹിതമായി കണ്ടെത്തിയിരുന്നു. കേള്‍വിക്കുറവ് പഠിക്കുന്ന കുട്ടി പാര്‍ശ്വവത്കരിക്കപ്പെടുന്നവരോടുള്ള പരിഗണന തിരിച്ചറിയണം. ആവാസവ്യവസ്ഥയെ വിശകലനം ചെയ്യുമ്പോള്‍ വിശ്വമാനവന്‍ എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തണം. നെല്‍കൃഷിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കൃഷി ഒരു സംസ്‌കാരമായി കാണാത്ത അവസ്ഥയെക്കുറിച്ച് കുട്ടി ആകുലപ്പെടണം. ഇങ്ങനെ തൊട്ടതും പിടിച്ചതും കണ്ടതും കാണാത്തതും ഒക്കെ സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി കുട്ടി പഠിക്കണം. അങ്ങനെയങ്ങനെ ഒരു മാതൃകാ സാമൂഹിക ജീവിയായി അവന്‍/അവള്‍ മാറണം.

ഇക്കുറി ഈയൊരു കാഴ്ചപ്പാടിന് മാറ്റമുണ്ടായിരിക്കുന്നു.
(
വിശകലനം -പ്രശ്‌നാധിഷ്ഠിത ബോധനസമ്പ്രദായം (ഇഷ്യു ബെയ്‌സ്ഡ് കരിക്കുലം) വര്‍ഷം മുതല്‍ കുട്ടികളുടെ സമഗ്രവികസനത്തിന് ഊന്നല്‍ കൊടുത്തു മാറ്റിമറിക്കുകയാണ് എന്നു ഏതു പരിശീലനത്തില്‍ എവിടെ പറഞ്ഞു.?പ്രൈമറി തലത്തിലെ പരിശീലനത്തില്‍ അവസാന രണ്ട് ദിവസം സ്കൂള്‍ അടിസ്ഥാനത്തില്‍ ഉള്ള ആസൂത്രണം ഉണ്ട്.അതാണോ തെറ്റിദ്ധാരണയ്ക്കു ഇട നല്‍കിയത്.? അതോ പ്രവര്‍ത്തന പാക്കേജ് എന്ന രീതിയില്‍ കുറെ കൂടി സൂക്ഷ്മ തലത്ത്ലേക്ക് അറിവ് നിര്‍മാണ പ്രക്രിയയെ സമീപിക്കാന്‍ അവസരം നല്‍കിയതോ? കള്ളം പറയുന്ന ലേഖകന്‍ സൌകര്യ പൂര്‍വ്വം മറച്ചു വെക്കുന്ന കാര്യം കരിക്കുലം ,പാഠപുസ്തകം ഇവ പടുത്തുയര്‍ത്തിയ അടിസ്ഥാന ധാരണകളില്‍ കരിക്കുലം കമ്മറ്റി ഇതു വരെ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതാണ്. പരിശീലനത്തിലൂടെ അവ അട്ടിമറിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല.പരിശീലന മോഡ്യൂളില്‍ നിലയ്ക്കുള്ള വ്യതിയാനം കാണാനും ഇല്ല.)
5)എല്ലാ പഠന പ്രവര്‍ത്തനങ്ങളും ഏതെങ്കിലുമൊരു സാമൂഹിക പ്രശ്‌നവുമായി ബന്ധപ്പെടുത്താന്‍ പ്രയാസമുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു.
(
വിശകലനം- ആരു ആര് കണ്ടെത്തിയിരിക്കുന്നു എന്ന് പറയണം..മാത്രമല്ല എല്ലാ പഠന പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രശനങ്ങളെ ആധാരമാക്കുന്ന ,അവയുമായി പ്രത്യക്ഷമോ പരോക്ഷമോ ആയി ബന്ധമുള്ള പഠന പ്രശ്നങ്ങളുമായാണ് ബന്ധിപ്പിക്കേണ്ടത്‌ എന്ന സമീപനത്തിന് നിരക്കുന്നതല്ല പ്രകാശിന്റെ വ്യാഖ്യാനം.കുട്ടിയുടെ മുമ്പാകെ പഠന പ്രശ്നങ്ങളാണ് അവതരിപ്പിക്കേണ്ടത്..പാതി വെന്ത ധാരണയുമായി അദ്ദേഹം ഇടപെടുകയാണ്.പാട് പെടുകയാണ്...) .
6.അതിനാല്‍ കുട്ടിയുടെ സമഗ്ര വികസനമാണ് ഇനി ലക്ഷ്യമിടേണ്ടത്. അതിനുള്ള പരിശീലനങ്ങള്‍ റിസോഴ്‌സ് അധ്യാപകര്‍ക്ക് കൊടുത്തുകഴിഞ്ഞിരിക്കുന്നു. ഇനിയത് ബാക്കിയുള്ള അധ്യാപകരിലേക്കും കുട്ടികളിലേക്കും വ്യാപിപ്പിക്കുകയേ വേണ്ടൂ. പേരില്‍ മാത്രമേ കാര്യമായ മാറ്റമുള്ളൂ, സംഗതിയൊക്കെ കഴിഞ്ഞ വര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നാണ് പരിണതപ്രജ്ഞരായ അധ്യാപകര്‍ പറയുന്നത്. പേരിലെങ്കിലും ഇങ്ങനെയുള്ള 'ജാര്‍ഗണ്‍' തീര്‍ത്തില്ലെങ്കില്‍ ഉറക്കംവരാത്ത ചിലരെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ അണിയറയില്‍ ഉലാത്തുന്നുണ്ട് എന്നതല്ലേ സത്യം? (വിശകലനം-ജാമ്യം എടുക്കുന്നത് കണ്ടോ? പരിണതപ്രജ്ഞരായ അധ്യാപകര്‍ പറയുന്നത് സ്വീകാര്യമല്ല.)

കഴിഞ്ഞവര്‍ഷംവരെ കൊട്ടിഗ്‌ഘോഷിച്ചു നടപ്പാക്കിയ പ്രശ്‌നാധിഷ്ഠിതബോധന സമ്പ്രദായത്തിന് എന്ത് കുഴപ്പമാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ക്ലാസ്മുറികളില്‍ പ്രസ്തുത ബോധനരീതി നടപ്പാക്കാന്‍ കണ്ടമാനം വിയര്‍പ്പൊഴുക്കിയവരാണ് ഇവിടത്തെ അധ്യാപകര്‍
.7.) വൈഗോഷ്‌കിയുടെ പുരോഗമന വിദ്യാഭ്യാസ ചിന്തകളുടെ ആകെത്തുകയായ 'സോഷ്യല്‍ കണ്‍സ്ട്രക്റ്റിവിസവും' പൗലോഫ്രയറുടെ പ്രശ്‌നാധിഷ്ഠിത ബോധനരീതിയുമൊക്കെ ഉള്‍ക്കൊള്ളാന്‍ പരിശീലനക്കാലത്ത് പാവം അധ്യാപകര്‍ വല്ലാതെ പാടുപെട്ടിരുന്നു.
(വിശകലനം- പ്രകാശ് എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് പ്രശ്നാധിഷ്ടിത സമീപനത്തിനോ .. .പ്രശ്‌നാധിഷ്ഠിതബോധന സമ്പ്രദായത്തിന് എന്ത് കുഴപ്പമാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.എങ്കില്‍ അതു തുടരണ്ടേ?അതല്ലല്ലോ ലേഖനത്തിന്റെ ഊന്നല്‍. ).
സഹ അധ്യാപകരുടെ കാര്യമാത്ര പ്രസക്തമായ സംശയങ്ങള്‍ക്കു മുന്നില്‍ പരിശീലനം നല്കുന്ന അധ്യാപകര്‍ പലപ്പോഴും അപഹാസ്യരായി മാറി. മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതില്‍ പോലും വ്യക്തതയില്ലായ്മവന്നു.
എന്തിനധികം
, 8 )അധ്യാപക പരിശീലനംപോലും ഗണപതിക്കോവിലെ തേങ്ങയുടയ്ക്കല്‍പോലെയായി.
(വിശകലനം.- തെളിവില്ലാത്ത അഭിപ്രായങ്ങള്‍..അധ്യാപക പരിശീലനത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് ഗാന്ധി സര്‍വകലാശാല നടത്തിയ പഠനം എങ്കിലും വായിച്ചിരുന്നെങ്കില്‍..)

അവിടെയും പിണഞ്ഞത് സാവകാശമില്ലായ്മയാണ്. ഏതെങ്കിലും ഒരു സിദ്ധാന്തത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കുന്ന വിദ്യാഭ്യാസ നവീകരണത്തിന്റെ തൂണുകള്‍ ഉറച്ചോ എന്നു നോക്കാന്‍ ദിനംപ്രതി വെള്ളമൊഴിച്ച് സെറ്റാക്കുന്നതിനുപകരം, ഇളക്കിനോക്കി ഉറപ്പുവരുത്തുന്ന ഒരു പ്രവണത. ഖേദത്തോടുകൂടി പറയട്ടെ
,9.) എല്ലാ കാലത്തും ഈയൊരു പ്രവണത പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായിട്ടുണ്ട്
.(വിശകലനം- ഈ സാമാന്യ വത്കരണം പൊതു വിദ്യാഭ്യാസത്തെ ചെളി വാരി എറിയുന്നു.സ്ഥിരത ഇല്ലാത്ത പരീക്ഷനവേദി ആണ് എന്നു..)
വേവാന്‍ കാത്തുനില്‍ക്കാതെയല്ല, വെന്തുകഴിഞ്ഞാലും ആറാന്‍ കാത്തുനില്‍ക്കാതെ, ആശയങ്ങളെ വെട്ടിവിഴുങ്ങാന്‍ ശ്രമിച്ച് വായ പൊള്ളിക്കുന്ന ഇടപാട് വിദ്യാഭ്യാസമേഖലയില്‍ പലപ്പോഴും സംഭവിക്കുന്നു. ഇത് ആരുടെ കുറ്റമാണെന്ന് പറയാന്‍ കഴിയില്ല. ഒരുപക്ഷേ,
10)ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരും അതിലേറെ, കാര്യക്ഷമമായി നയിക്കാന്‍ കെല്പുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെ നടക്കുന്നു എന്നു വരുമ്പോഴാണ് കഠിനമായ ഇച്ഛാഭംഗമുണ്ടാകുന്നത്. (വിശകലനം-എത്ര കാര്യ ക്ഷമത ഉള്ള ഉദ്യോഗസ്തരുന്ടെങ്കിലും പൊതു വിദ്യാഭ്യാസം നന്നാകില്ല എന്ന സൂചനയാണ് ഒളിച്ചു കടത്തിവിടുന്നത്)
ഇനി സമഗ്ര വികസനത്തിലേക്ക് കടന്നുനോക്കാം. ഗുരുകുല സമ്പ്രദായത്തില്‍നിന്നും ഗാന്ധിജിയുടെ 'നയിംതാലിം' പോലുള്ള വിദ്യാഭ്യാസപദ്ധതിയില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇന്നത്തെ ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.
11,) അതാകട്ടെ, ലോകത്തിന് തന്നെ മാതൃകയാണ്
(വിശകലനം-ഇപ്പോള്‍ അദേഹം ഉയര്‍ത്തിപ്പിടിച്ച പ്രശ്നാധിഷ്ടിതം കളഞ്ഞു.അല്പം മുമ്പ് വരെ അതിന്റെ വക്താവായിരുന്നു. വൈരുധ്യമാണ് ലേഖനത്തിന്റെ പൊതു അജണ്ട വെളിവാക്കുന്നത്.ഏതോ പാതകം സംഭവിക്കാന്‍ പോകുന്നു എന്ന മട്ടില്‍ തുടങ്ങി അതു വിഴുങ്ങി വിഴുങ്ങി,,സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ആശയവ്യക്തത ഇല്ലാത്ത രീതിയില്‍ എഴുതുന്നതും ഒരു തന്ത്രമാണ്,പക്ഷെ അതു വേഗം പിടിക്കപ്പെടും.) ...
പലരാജ്യക്കാരും, ഇന്ത്യയെക്കാളേറെ അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്ത വിദ്യാഭ്യാസ പദ്ധതികൂടിയാണത്. ഗാന്ധിജിയുടെ യഥാര്‍ഥ അനുയായികളാകട്ടെ, പലവിധ പാഠഭേദങ്ങളുമായി ആ പദ്ധതി ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പാരീസ് ആസ്ഥാനമായി ഡേവിഡ് ഫരാരെ അധ്യക്ഷനായി രൂപംകൊണ്ട ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ റിപ്പോര്‍ട്ട് 'ലേണിങ് ടു ബി' പോലും ഇന്ത്യന്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു എന്നുവരുമ്പോള്‍ നമ്മുടെ വിദ്യാഭ്യാ സമ്പ്രദായത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് ബോധ്യപ്പെടേണ്ടതാണ്.

പക്ഷേ, കുഴപ്പം അവിടെയല്ല,
12) നമ്മുടെ വിദ്യാഭ്യാസം നാംതന്നെ നടപ്പില്‍ വരുത്തുമ്പോള്‍ ക്ലാസ് മുറികളില്‍ സംഭവിക്കുന്ന പ്രസരണ നഷ്ടം (ട്രാന്‍സ്മിഷന്‍ ലോസ്) അത്രയും ഭീകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച യാഥാസ്ഥിതിക സമൂഹം നമ്മുടേതാണെന്ന് നെഹ്രു പറഞ്ഞത് വെറുതെയല്ലല്ലോ.
( വിശകലനം പ്രകാശ് ഇപ്പോള്‍ പ്രസരണ നഷ്ടത്തെ പറ്റി പറയുന്നു.മുമ്പ് പരിശീലകരെ പഴിച്ചു ഇപ്പോള്‍ അവര്‍ക്കല്ല കുറ്റം അധ്യാപകര്‍ക്കാന്.തരം പോലെ ഓരോ പാരഗ്രാഫ് കഴിയുമ്പോഴേക്കും പാറ വെച്ച് മുന്നേറാന്‍ ശ്രമിക്കുന്നു.എല്ലാവരെയും പഴിച്ചു.ഇനി യോഗ്യന്‍ ഒരാള്‍ മാത്രം അതു പ്രകാശ് തന്നെ.)

എന്തുതന്നെയായാലും കഴിഞ്ഞ കുറേക്കാലമായി പ്രശ്‌നാധിഷ്ഠിത സമീപനത്തില്‍ അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. കുട്ടികളും അതാസ്വദിച്ചു.
13.) ഡി.പി..പി. അടക്കമുള്ള പലതും മൂക്കാതെ പഴുക്കാതെ വാടിക്കൊഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസസമൂഹം മുഴുവന്‍ പ്രശ്‌നാധിഷ്ഠിതവിദ്യാഭ്യാസത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചു.
(
വിശകലനം- വാടി കൊഴിഞ്ഞു എന്ന പ്രയോഗം ശ്രദ്ധിക്കുക.ഇവിടെ എല്ലാവര്‍ക്കും അറിയാം ആരാണ് പദ്ധതിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന്.എട്ടാം ക്ലാസിലേക്ക് തയ്യാറാക്കിയ പാഠപുസ്തകം പിന്‍ വലിച്ചതെന്നു.അതു തുരംന്നു പറയാന്‍ പ്രകാശ് മടിക്കുന്നു.ആരെയാണ് ഭയം.. പദ്ധതിയുടെ തുടര്‍ച്ചയും വളര്‍ച്ചയും ആണ് ഇപ്പോള്‍ ഉള്ളതെന്ന് ബോധന ശാസ്ത്രത്തില്‍ ധാരണ ഉള്ളവര്‍ക്ക് അറിയാം.അതും ലേഖകന്‍ മൂടി വെക്കുന്നു.)കുട്ടികള്‍ കാടുംമേടും താണ്ടി പൂവും പുഴുവും തിരിച്ചറിഞ്ഞ് പുഴയും കടലും കണ്ട് ആഹ്ലാദിച്ചുകൊണ്ടിരിക്കെ, ദഹിക്കാത്ത പുതിയൊരു ആശയവുമായി ഈ വര്‍ഷം അധ്യയനം ആരംഭിക്കുകയാണ്. ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞേക്കാം, പഴയതും പുതിയതും ഒന്നുതന്നെ; പേരിലൊരു മാറ്റം വരുത്തിയെന്നുമാത്രം. ലക്ഷ്യമിടുന്നകാര്യം ഗാന്ധിജി പറഞ്ഞതുതന്നെ-കുട്ടിയുടെ സമഗ്രവികസനം!

എങ്കിലും സ്‌നേഹപുരസ്സരം ചോദിക്കട്ടെ,14) പേരിലെങ്കിലും എന്തിനീ തുഗ്ലക് പരിഷ്‌കാരം!
(വിശകലനം-അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്ന തരം പരിഷ്കാരം ഇവിടെ സംഭവിച്ചില്ല.എന്നിട്ടും തുഗ്ലക്ക് പരിഷ്കാരങ്ങള്‍ പൊതു വിദ്യാഭ്യാസത്തില്‍ വരുന്നേ എന്ന ഭീതി ഉയര്‍ത്തുകയാണ്.പ്രിയ പ്രകാശ് കേരളത്തിലെ കുഞ്ഞുങ്ങള്‍ താങ്കളോട് എന്ത് തെറ്റാണ് ചെയ്തത്?)
-------
ഈ കുറിപ്പ് സ്നേഹിതരായ അധ്യാപകര്‍ക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുക്കുക.
----------
വിശകലനാതമക വായനയ്ക്ക് ഒരു ഉദാഹരണം എന്ന നിലയിലും ഈ കുറിപ്പിനെ കാണണം.ഓരോ രചനയും പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിക്കാനും വസ്തുതാപരമായ പരിശോധന നടത്താന് കുട്ടികള്‍ പരിശീലിക്കണം.
ഡോക്ടര്‍ മാര്‍ രോഗികളെ പരിശോധിക്കുന്ന പോലെ നിരീക്ഷണത്തിന്റെ മൂര്‍ച്ച കൂട്ടണം.
വിശകല ശേഷി
സഹജമാണ് .അതിജീവനത്ത്തിനു അനിവാര്യം.
അതു വായനയിലും നടക്കണം.
വിശകലനാതമക വായന വിമര്‍ശനാത്മക വായനയുടെ വഴി ഒരുക്കും.