ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പെണ്‍കുട്ടികളുടെ ശാക്തീകരണം. Show all posts
Showing posts with label പെണ്‍കുട്ടികളുടെ ശാക്തീകരണം. Show all posts

Monday, January 2, 2023

UDF ൻ്റെ കാലത്ത് ലിംഗസമത്വവും ലിംഗനീതിയുമാകാം LDF അത് പറയാൻ പാടില്ല!

"കേരളീയ സമൂഹത്തെ ലിംഗ രഹിത അരാജക സമൂഹമാക്കി മാറ്റാനുള്ള ഒളി അജണ്ടകളാണ് ജൻഡർ ജസ്റ്റിസ്, ജെൻഡർ ഇക്വാളിറ്റി, ജൻഡർ സ്പെക്ട്രം, ജൻഡർ ഓഡിറ്റിംഗ് എന്നീ പദങ്ങളിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ലിംഗ രഹിത സമൂഹം കുടുംബഘടനയെ തകർക്കും." പറയുന്നത് അധ്യാപകരുടെ പേരിലുള്ള ഒരു സംഘടനയാണ്. ബാക്കി കൂടി നോക്കാം

സർക്കാർ അവതരിപ്പിച്ച ചർച്ചാ ക്കുറിപ്പിൽ 8,16, 20, 69, 71, 79, 81 എന്നീപേജുകളിൽ ഇത്തരം പദാവലികൾ ഉണ്ട് എന്ന് വിമർശനമാണ് ഈ സംഘടന മുന്നോട്ട് വെക്കുന്നത്. സർക്കാർ  ലിബറൽ ലൈംഗികതയാണ് മുന്നോട്ടുവെക്കുന്നത് ' വിപണി കോർപ്പറേറ്റ് താൽപര്യങ്ങളാണ് ഈ നവ ലൈംഗികത വാദത്തിന് പിന്നിൽ എന്ന ആരോപണമുന്നയിക്കുന്നു രസകരമായ സംഗതി ഇവർ തന്നെ പറയുന്നു ജനറൽ ഇക്വാളിറ്റി ഓഡിറ്റിംഗ്, സെൻസിറ്റിവിറ്റി എന്നീ പദങ്ങളുടെ വിവക്ഷ എന്താണെന്ന്

വിശദീകരിക്കുന്നില്ല എന്ന് ! എന്തുകൊണ്ടാണ് വിശദീകരിക്കാത്തത് എന്ന് ചോദ്യമുണ്ട്. വിശദീകരിക്കപ്പെട്ടില്ല എങ്കിൽ തങ്ങൾക്ക് തോന്നും വിധം വിശദീകരിക്കാം എന്നാണോ ഈ സംഘടനയുടെ വിദ്യാഭ്യാസ ബോധം പറയുന്നത്? എങ്കിൽ അപകടകരമാണത്. കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് എന്ന സംഘടനയാണ് കാൽ നൂറ്റാണ്ടിൻ്റെ വിദ്യാഭ്യാസം വിലയിരുത്തപ്പെടാതെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതെങ്ങനെ എന്ന ലഘുലേഖയിൽ മേൽ സൂചിപ്പിച്ച വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.


ഡോ.എം.കെ. മുനീർ MLA, ഈ ലേഖകൻ കൂടി പങ്കെടുത്ത പാഠ്യപദ്ധതി ചർച്ചായോഗത്തിൽ പറഞ്ഞത് ഇപ്രകാരം.

"അമേരിക്കയിൽ ബോയ് ലവേഴ്‌സ് ഓർഗനൈസേഷൻ ഉണ്ട്. അത്തരം കാര്യങ്ങൾ ഇവിടേയും വന്നേക്കാം." (കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു.) കോഴിക്കോട് ഒക്ടോബർ 22 ന് നടത്തിയ സംവാദം)


2022 ഡിസംബർ 12ന് അബ്ദുറഹ്മാന്‍ രണ്ടത്താണി കണ്ണൂരിൽ പറഞ്ഞത് കൂടി വായിക്കാം:

"കൗമാരക്കാലത്ത് ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ്– എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവർഗരതിയും "



ലിംഗസമത്വം എന്ന വാക്ക് പറ്റില്ല ലിംഗനീതി എന്ന പദം ആകാമെന്ന് മറ്റൊരു വാദം.


പുതിയ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി തയ്യാറാക്കിയ ചര്‍ച്ചാക്കുറിപ്പിലെ ലിംഗസമത്വം, ലിംഗ പദവി, ലിംഗനീതി എന്നീ പദങ്ങളെ ആക്രമിക്കുന്നവര്‍ 2013 ൽ യു ഡി എഫ് സർക്കാർ പുറത്തിറക്കിയ  പാഠ്യപദ്ധതി നയരേഖ ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും. 


വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പറയുമ്പോൾ

ലിംഗനീതി പരിഗണിക്കണം എന്ന് വ്യക്തമായി പറയുന്നു.(പേജ് 7 )

അതേ പേജിൽത്തന്നെ സ്ത്രീ പുരുഷ സമത്വം എന്നത് ഉറപ്പു വരുത്തേണ്ട ആത്യന്തിക പ0ന നേട്ടമാണെന്ന് പറയുന്നു.

നിയമബോധം എന്ന ശീർഷകത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികളിൽ ധാരണയുളവാക്കണം എന്ന് പറയുന്നു. തുടർന്ന്

ലിംഗനീതി

 എന്ന ഭാഗത്ത് 'പാഠ്യപദ്ധതി ലിംഗ സമത്വവും ലിംഗ നീതിയും ഉറപ്പാക്കുന്നതാകണം. ആണ്‍-പെണ്‍ വിവേചനം. പാഠ്യപദ്ധതിയില്‍ കടന്നുവരാന്‍ പാടില്ല. പാഠപുസ്തകങ്ങളിലെ ചിത്രങ്ങളില്‍ പോലും ലിംഗനീതിയുടെ കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ട്چ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൂല്യങ്ങൾ, മനോഭാവങ്ങൾ, പ്രതിബദ്ധത എന്നിവ വളർത്തുന്നതിനുതകുന്ന മേഖലകൾ പറയുമ്പോൾ ആശയ മേഖലകളായി നിർദേശിക്കുന്നതിലൊന്ന് ലിംഗനീതിയാണ്.


ഭാഷാപOനം പൊതുവായ ലക്ഷ്യങ്ങൾ സൂചിപ്പിക്കുമ്പോഴും ലിംഗനീതി പരിപോഷിപ്പിക്കണം എന്നാണ് വ്യക്തമാക്കുന്നത്.

സാമൂഹിക ശാസ്ത്ര ഉദ്ദേശ്യങ്ങൾ അപ്പർ പ്രൈമറി തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച ആശയ രൂപീകരണം നടത്തൽ, ഹൈസ്കൂൾ തലത്തിൽ ലിംഗനീതി, സമത്വം എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കൽ, നിലപാട് സ്വീകരിച്ച് സാമൂഹിക രംഗത്ത് ഇടപെടാനുള്ള ശേഷി വികസിപ്പിക്കൽ, ഹയർ സെക്കണ്ടറിയിൽ ലിംഗ സമത്വം സംബന്ധിച്ച ഉയർന്ന ധാരണകൾ ആർജിക്കലും സമൂഹത്തിൽ ഇടപെടലും ആണ് വേണ്ടത് എന്ന് രേഖ.

ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന തലത്തില്‍ സാമ്പത്തീക സ്ഥിതി, ലിംഗം, ജാതി, മതം, പ്രദേശം എന്നിവ സംബന്ധിച്ച വിടവ് കുറക്കാനും സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള ഉപാധിയായി ശാസ്ത്രം അവത രിപ്പിക്കുന്നത് എന്ന് 2013ലെ നയരേഖയില്‍ പേജ് 57 ല്‍ കൊടുത്തിരിക്കുന്നു.


ഇനി എൽ ഡി എഫ് സർക്കാർ പുറത്തിറക്കിയ ചർച്ചാ രേഖയിലെ പ്രസക്തഭാഗങ്ങൾ നോക്കാം. ലൈംഗിക അരാജകത്വത്തിൻ്റെ ആശയങ്ങളാണോ അതിലുള്ളത്?


പേജ് നമ്പർ 18,

ഇനം 23 പാർശ്വവൽക്കരിക്കപ്പെടുന്നവരായ സ്ത്രീകൾ, പിന്നോക്കം നിൽക്കുന്നവർ എന്നിവരുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്നതും അവർക്ക് ഇടം നൽകുന്നതുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ രൂപീകരിക്കപ്പെടേണ്ടതുണ്ട്.

തുല്യതയും സമത്വവും ലക്ഷ്യം വെക്കുമ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്ന ജനറൽസെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവികത ബോധം കൊണ്ട് പുനർ നിർമ്മിക്കേണ്ടതുണ്ട്. ഇവിടെയാണ് പാഠ്യപദ്ധതിയുടെ ഊന്നൽ മേഖലകളിൽ പുനരാലോചന ആവശ്യമായി വരുന്നത്.

വിമർശന ചിന്തയും സർഗാത്മകതയും സ്കൂൾ വിദ്യാഭ്യാസകാലം മുതൽ തന്നെ കുട്ടികളുടെ ശീലങ്ങളായി വികസിക്കപ്പെടണം.


 പേജ് നമ്പർ 20 

 ഇനം 28 

ലിംഗ തുല്യത, ലിംഗ നീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിൻറെ പൊതുബോധം വിമർശനപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീധനധന കൊലപാതകങ്ങളും അക്രമങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലാതെ ആയിട്ടുണ്ട് .

ജനറൽ സ്പെക്ട്രത്തെ കുറിച്ചുള്ള ധാരണകളും വികസിക്കുന്നില്ല. ഒരു വ്യക്തിയുടെ വളർച്ചയുടെ

നിർണായക ഘട്ടത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്നത് സ്കൂൾ ക്യാമ്പസിൽ ആണ് .

ലിംഗനീതി, ലിംഗ തുല്യത സംബന്ധിച്ച കാര്യങ്ങളും ലിംഗാവബോധവും കുട്ടികളിൽ വളർത്താൻ നിലവിലെ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിലെ പരിമിതികൾ അഭിമുഖീകരിക്കേണ്ടതുണ്ട് .

ബോധന രീതികൾ, സ്കൂൾ ക്യാമ്പസ്, കളിസ്ഥലം എന്നിവ ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട് .

ഇതിന് സഹായകമായ രീതിശാസ്ത്രം എങ്ങനെ കഴിയും ?


പേജ് നമ്പർ 23 

ഇനം 3 

ജനാധിപത്യബോധം ,മതനിരപേക്ഷത, സാമൂഹ്യനീതി ,പരിസ്ഥിതി ബോധം, ശാസ്ത്രീയഅവബോധം ,ചരിത്രബോധം, സാംസ്കാരികത ലിംഗ നീതി, ബഹുസ്വരത എല്ലാവരെയും ഉൾക്കൊള്ളും ഉൾക്കൊള്ളൽ എന്നിവയെല്ലാം നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളാണ് 

അദ്ധ്യായം 16 

ലിംഗനിധിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം 

ഭരണഘടനയുടെ ആർട്ടിക്കിൾ 15 മതം, ജാതി, ലിംഗം, വർണം, വർഗ്ഗം, പ്രദേശം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കുന്നില്ല.

 ആർട്ടിക്കിൾ 14 എല്ലാ തരത്തിലുമുള്ള സമത്വം വിഭാവനം ചെയ്യുന്നു. ജൻഡർ അഥവാ ലിംഗഭേദം

 എന്നത് സാമൂഹിക നിർമ്മിതിയാണ് .

നീതിയിൽ അധിഷ്ഠിതമായ സാമൂഹിക സൃഷ്ടി സാധ്യമാകണമെങ്കിൽ എല്ലാത്തരത്തിലും ഉള്ള നീതിയുറപ്പാകാൻ ആകണം .

ഇതിൽ പ്രധാനമാണ് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം. ഈ നിലപാട് പാഠ്യപദ്ധതിയിലൂടെ എങ്ങനെ അഭീകരിക്കാം ?

വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റിനിർത്താൻ പാടില്ല.

 ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നത് ലോകത്തിൻറെ മുൻഗണനാ പട്ടികയിലുണ്ട് .

ഇന്നലെകളിൽ ആൺ, പെൺ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗനീതിയെക്കുറിച്ച് പറഞ്ഞതെങ്കിൽ, എല്ലാ ലിംഗവിഭാഗങ്ങളെയും  പരിഗണിച്ചാവണം  ഇനിയുള്ള വിദ്യാഭ്യാസം.

പ്രവർത്തന പങ്കാളിത്തം, വിദ്യാഭ്യാസത്തിൻറെ തുടർച്ച , തൊഴിൽ എന്നിവയെല്ലാം ഏറെയും കുറഞ്ഞും ലിംഗപരമായ അസമത്വം നിലനിൽക്കുന്നു.

ഇത് കണ്ടെത്തി പരിഹരിക്കുന്നതിന് സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാ ഘട്ടങ്ങളിലും എല്ലാ സന്ദർഭങ്ങളിലും കഴിയണം . സാമൂഹ്യവും സാംസ്കാരികവുമായ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന പാർശ്വവൽകൃത സമൂഹത്തെ കൂടി ഉൾക്കൊള്ളുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമായി മാറണം. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന കേരളീയ സമൂഹം പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വിവേചനങ്ങളും മറന്ന് ഒന്നായ നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട് .എന്നാൽ അത്തരം മനോഭാവം ഭിന്നിച്ചു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ് . സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കും മറ്റ് ലിംഗ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എതിരായുള്ള അതിക്രമങ്ങൾ, കൊലപാതകങ്ങൾ, പ്രണയ കൊലപാതകങ്ങൾ, ദുരഭിമാനക്കൊല, സദാചാര പോലീസ് തുടങ്ങിയ സാമൂഹിക തിന്മകൾ ആശങ്ക ഉണർത്തും വിധം വർധിച്ചു വരുന്നു. അതിനെ തരണം ചെയ്തു സമത്വബോധം വളർത്തിയെടുക്കാൻ പാഠ്യപദ്ധതിക്കാവണം.

അക്കാദമി രംഗത്ത് പെൺകുട്ടികൾ മുൻപന്തിയിൽ എത്തിയിട്ടുണ്ടെങ്കിലും തൊഴിൽമേഖലയിലും സമൂഹത്തിന്റെ മറ്റ് മേഖലകളിലും (രാഷ്ട്രീയം, സാംസ്കാരിക, സ്പോർട്സ്, തീരുമാനമെടുക്കുന്നിടങ്ങൾ ) അർഹമായ മുന്നേറ്റം സാധ്യമാകണമെങ്കിൽ ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണ്. ഇതെങ്ങനെ സാധിക്കും ?



പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികൾ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികൾ. കേരളം വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവർത്തിക്കപ്പെടുമ്പോൾ ലിംഗപരമായ നീതി ഉറപ്പാക്കണമെങ്കിൽ നമ്മുടെ പാഠ്യപദ്ധതിയിൽ നവീന മാറ്റങ്ങൾ ആവശ്യമാണ് .

വ്യക്തികളും സമൂഹവും ലിംഗവിവേചനരഹിതമായി പെരുമാറുമ്പോൾ കുട്ടികളുടെ ഫലപ്രദമായ വളർച്ചയ്ക്കും വികാസത്തിനും മാത്രമല്ല സമൂഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന് അത് കാരണമാകും .

ഇക്കാര്യത്തിലും നിർദ്ദേശങ്ങൾ ഉണ്ടാവണം 

കൂടാതെ താഴെ പറയുന്ന കാര്യങ്ങളും പരിഗണിച്ച് നിർദ്ദേശങ്ങൾ ഉണ്ടാവണം 

ഒന്ന് വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാതെ പഠനം, കളികൾ ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിന് വേണ്ടത്ര അവസരം ലഭിക്കേണ്ടതല്ലേ? അതിനെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം എന്താണ്?

രണ്ട് പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ, ഭാഷാപ്രയോഗം, ഉദാഹരണങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ, നിലനിൽക്കുന്ന സാമൂഹിക അവസ്ഥ അതുപോലെ തുടരുന്നതിന് സഹായകമായ തരത്തിലാണ് പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ ഉള്ളത് എന്ന വിമർശനം ഉണ്ട് ഈ അവസ്ഥയ്ക്ക് മാറ്റം വരേണ്ടതല്ലേ? മൂന്ന് വീട്ടുജോലികൾ കുടുംബാംഗങ്ങൾ പങ്കിട്ടെടുക്കേണ്ടതാണെന്ന് സന്ദേശം നൽകാൻ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം സമ്പ്രദായത്തിന് എത്രമാത്രം കഴിയുന്നുണ്ട്?

നാല് സ്കൂൾതലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾക്ക് പുലർത്തുന്നുണ്ടെങ്കിലും വളർന്നു വരുമ്പോൾ പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കും?

 5 തുല്യ അവസരം, അധികാര പങ്കാളിത്തം , പൊതു ഇടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ എന്നിവയിൽ ലിംഗ നീതിയിലധിഷ്ഠിതമായ വിദ്യാലയ പ്രവർത്തനങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം ?

നിർദ്ദേശങ്ങൾ ഉണ്ടാകണം 

6 പുസ്തകങ്ങൾ, കലാരൂപങ്ങൾ അച്ചടി -ദൃശ്യമാധ്യമങ്ങൾ , നവമാധ്യമങ്ങൾ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുത്തുന്ന നീതിയുക്തമല്ലാത്ത ഭാഷാപ്രയോഗങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? വളർന്നു വരുന്ന കുട്ടികൾക്ക് മാനവികതയിൽ  ഊന്നിയ ഭാഷ സ്വീകരിക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയണ്ടേ?

 7 വിദ്യാഭ്യാസ പുരോഗതി നേടിയിട്ടും സ്ത്രീധനം, പ്രണയ ക്കൊലപാതകം പോലുള്ള സാമൂഹ്യ തിൻമകൾ നിലനിൽക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയെ ആണോ സൂചിപ്പിക്കുന്നത് ? ആണെങ്കിൽ ഇത്തരം കാര്യങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെയാണ് പരിഗണിക്കേണ്ടത് ?

8 പുതിയ പാഠ്യപദ്ധതിയിൽ ലിംഗ നീതി, ലിംഗസമത്വം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ നിങ്ങൾക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ എന്തെല്ലാം?


വസ്തുതകൾ അതേ പോലെ മുകളിൽ കൊടുത്തിട്ടുണ്ട്. വിമർശകർക്ക് ലിംഗസമത്വം, ലിംഗനീതി എന്നൊക്കെ പറഞ്ഞാൽ ലൈംഗികതയാണ്. അതു തിരുത്താനുള്ള മാർഗം പഠിക്കുക എന്നതു തന്നെ. അനുബന്ധങ്ങൾ അതിന് സഹായകമാകും.


അനുബന്ധം

1️⃣

*ലിംഗ സമത്വം* ജെന്റർ തുല്യത (Gender Equality) എന്നും അറിയപ്പെടുന്നു. സ്ത്രീപുരുഷ-ട്രാൻസ്ജെന്ഡർ വിഭാഗങ്ങൾക്കും മറ്റ് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾക്കും (LGBT) തുല്യ പരിഗണന ഉറപ്പുവരുത്തുക (Equity), ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം (Gender based discrimination) കാണിക്കാതിരിക്കുക എന്നിവയാണു ലിംഗസമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് *ഐക്യരാഷ്ട്ര സഭയുടെ* *ലക്ഷ്യമാണ്* . 

ഒരു ലിംഗ വിഭാഗത്തിന്റെയും ശാരീരിക- മാനസിക പ്രത്യേകതകൾ അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ കാരണമാകരുത് എന്നാണ് ഉദ്ദേശിക്കുന്നത്.

2️⃣

 *ലിംഗനീതി* എന്ന പദം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതാണ്. വിവിധ ലിംഗ വിഭാഗങ്ങളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണമാണ് ലിംഗ സമത്വത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെയും ട്രാൻസ് ജൻഡറുകളുടേയും ഉന്നതിക്കായി നടപ്പിലാക്കുന്ന പദ്ധതികൾ ഇതിന്‌ ഉദാഹരണമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ തുടങ്ങിയ സമസ്ത മേഖലകളിലും എല്ലാ ലിംഗവിഭാഗങ്ങൾക്കും തുല്യത ഉറപ്പുവരുത്തുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്. ലിംഗ സമത്വവും, ലിംഗനീതിയുമൊക്കെ ഒരു _രാജ്യം അല്ലെങ്കിൽ പ്രദേശം കൈവരിച്ച വികസനത്തിന്റെ സൂചികയായും_ ഉപയോഗിക്കാറുണ്ട്. സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും സമൂഹത്തിൽ വേരോടിയ ലിംഗ അസമത്വത്തിന്റെയും (Gender Inequality) ലിംഗ വിവേചനത്തിന്റെയും ഉപോത്പന്നങ്ങൾ ആണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.


(അവലംബം വിക്കിപീഡിയ)


അനുബന്ധം 2

സമത്വം, ലിംഗനീതി, ലിംഗ നിക്ഷ്പക്ഷത…

കീര്‍ത്തി പ്രഭ 

(ആഗസ്റ്റ് 28, 2022)


ലിംഗ നിക്ഷ്പക്ഷത (ജന്‍ഡര്‍ ന്യൂട്രാലിറ്റി), ലിംഗ സമത്വം (ജന്‍ഡര്‍ ഇക്വാളിറ്റി), ലിംഗ നീതി (ജന്‍ഡര്‍ ഇക്യുറ്റി) ഈ മൂന്ന് വാക്കുകളും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇവ മൂന്നും തമ്മിലുള്ള വ്യത്യാസങ്ങളും എന്താണ് ഈ വാക്കുകളിലൂടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെ ഈ മൂന്ന് വാക്കുകളും തര്‍ക്ക വിഷയമായി നമുക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ട്രാന്‍സ്ജന്‍ഡറിനും എല്ലാ കാര്യങ്ങളിലും തുല്യത വേണം എന്ന് പറയുമ്പോള്‍ സംശയങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ്. ഈ തുല്യത അല്ലെങ്കില്‍ ലിംഗസമത്വം എന്ന വാക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.അവിടെയാണ് നമ്മളധികം ഉപയോഗിക്കാത്ത ലിംഗനീതി എന്ന വാക്കിന് പ്രസക്തിയുണ്ടാകുന്നത്. ചെറിയൊരു ഉദാഹരണത്തിലൂടെ ആ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസം വിവരിക്കാന്‍ ശ്രമിക്കട്ടെ.

നല്ല ഉയരമുള്ളതും ഇടത്തരം ഉയരമുള്ളതും തീരെ ഉയരമില്ലാത്തതും ആയ മൂന്ന് പേര്‍ക്ക് ഒരു മതിലിനു അപ്പുറത്തുള്ള ക്രിക്കറ്റ് കളി കാണണം. അതിനായി അവര്‍ക്ക് ഒരേ ഉയരമുള്ള മൂന്ന് ബെഞ്ചുകള്‍ നല്‍കുന്നു. കൂടുതല്‍ ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്ലാതെ തന്നെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നിട്ടും മതിലിനപ്പുറത്തെ ക്രിക്കറ്റ് കാണാന്‍ കഴിയും. പക്ഷെ ഉയരം തീരെ കുറഞ്ഞയാള്‍ക്ക് ബെഞ്ചില്‍ കയറി നിന്നാലും മതിലിനപ്പുറത്തെ കാഴ്ച കാണാന്‍ പറ്റില്ല. മൂന്ന് പേര്‍ക്കും ഒരേ ഉയരമുള്ള ബെഞ്ച് നല്‍കിക്കൊണ്ട് അവിടെ നമ്മള്‍ നടപ്പിലാക്കിയത് സമത്വമാണ്. പക്ഷെ ആ സമത്വം കൊണ്ട് മൂന്ന് പേര്‍ക്കും ഗുണമുണ്ടാവുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നേരെ മറിച്ച് ഉയരം കൂടുതലുള്ളയാള്‍ക്ക് ബെഞ്ച് കൊടുക്കാതെയും ഇടത്തരം ഉയരമുള്ളയാള്‍ക്ക് ബെഞ്ച് നല്‍കിയും ഉയരം തീരെ കുറഞ്ഞയാള്‍ക്ക് നേരത്തെ നല്‍കിയതിനേക്കാളും കൂടുതല്‍ ഉയരമുള്ള ബെഞ്ച് നല്‍കുകയും ചെയ്താല്‍ അവിടെ നീതി നടപ്പിലാകും. അത് സമത്വത്തിലേക്കുള്ള മാര്‍ഗവുമാകും. മനുഷ്യരെല്ലാം പല രീതികളില്‍ വ്യത്യസ്തരാണ്.

ഈ വ്യത്യാസങ്ങളുള്ളത് കൊണ്ട് എല്ലാവര്‍ക്കും ജീവിക്കാനും ജീവിതം ആസ്വദിക്കാനുമുള്ള അവകാശങ്ങളില്‍ വ്യത്യസ്തത ഉണ്ടാവാന്‍ പാടില്ല. അതിനു പറ്റുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് സമൂഹവും ഭരണകൂടവും എല്ലാം ശ്രമിക്കേണ്ടത്. ലിംഗനീതി നടപ്പിലായാല്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ കൈകടത്തി അവരെ നിയന്ത്രിക്കാനുള്ള അവസരങ്ങളും സാമൂഹിക അധികാരം ചിലരിലുണ്ടാക്കിയ ഭ്രമങ്ങളും മറ്റുള്ളവന്‍റെ ത്യാഗത്തെയും വേദനയെയും മഹത്വവല്‍ക്കരിച്ചു കൊണ്ടോ അല്ലാതെയോ ചൂഷണം ചെയ്ത് ജീവിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവികമായ വാസനകളും അധികാരം ഉണ്ടാക്കിത്തരുന്ന സവിശേഷമായ ചില പദവികളും മാത്രമേ നഷ്ടമാവുകയുള്ളു. ഒരു പൗരന്‍ എന്ന രീതിയിലുള്ള നിങ്ങളുടെ അവകാശങ്ങള്‍ക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. അതുകൊണ്ട് തന്നെ ലിംഗനീതിയെന്ന് കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാവേണ്ട ആവശ്യം തീരെയില്ല. കുട്ടികള്‍, വൃദ്ധജനങ്ങള്‍ ഭിന്നശേഷിക്കാര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ തുടങ്ങി പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട വര്‍ഗ്ഗങ്ങളെ കൂടി നമ്മുടെ സാമൂഹിക പുരോഗതിയുടെ ഭാഗമാക്കിയാല്‍ മാത്രമേ ഒരു സമൂഹത്തിന് വളര്‍ച്ചയുണ്ടാവുകയുള്ളൂ. ബഹുഭൂരിപക്ഷം ആളുകളും സാമൂഹിക പുരോഗതിയുടെ ഭാഗമാകാതെ ഇരിക്കുമ്പോള്‍ ഒരു സമൂഹം ഒരിക്കലും ആരോഗ്യത്തോടെ മുന്നോട്ട് നടക്കില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീകളെയും ഭിന്നലിംഗക്കാരെയും ദുര്‍ബലവിഭാഗങ്ങളെയും ഒക്കെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള പരിശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആണും പെണ്ണും മറ്റ് ലിംഗവിഭാഗങ്ങളും തമ്മില്‍ ശാരീരിക പ്രകൃതിയില്‍, പെരുമാറ്റ രീതിയില്‍, ശബ്ദത്തില്‍, വൈകാരികതകളില്‍, ലൈംഗികതയില്‍ അങ്ങനെ നിരവധി അസമത്വങ്ങള്‍ ഉണ്ട്. പിന്നെ എങ്ങനെയാണ് സമത്വം സാധ്യമാവുക? അതിന് ഒരേയൊരു ഉത്തരം മാത്രമേ ഉള്ളൂ. സ്ത്രീകളുടെയും പുരുഷډാരുടെയും മറ്റ് ലിംഗന്യൂനപക്ഷങ്ങളുടെയും ജീവശാസ്ത്ര പരമായും, വൈകാരികമായും ശാരീരികമായും ലൈംഗികമായും ഉള്ള വ്യത്യാസങ്ങള്‍ ഒരിക്കലും അവരുടെ സാമൂഹികമായ ഇടപെടലുകള്‍ക്കോ ഭരണഘടനാ പ്രകാരം ഒരു പൗരനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനോ തടസ്സമാവാന്‍ പാടില്ല. ലിംഗ വ്യത്യാസം കൊണ്ട് മാത്രം സാമൂഹികവിവേചനങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയില്‍ മാറ്റം വരണം എന്നതാണ് ഈ വാക്കുകളൊക്കെ ലക്ഷ്യമിടുന്നത്.

അതല്ലാതെ ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഉപകരണം അല്ല ലിംഗനീതി. ലിംഗനീതി നടപ്പാക്കുന്നതിലൂടെ നിലവില്‍ ആധിപത്യം ഉള്ള വിഭാഗത്തിന് ഒന്നും നഷ്ടപ്പെടുന്നില്ല, അവരുടെ പ്രിവിലേജ് അവിടെ തന്നെ നിലനിര്‍ത്തിക്കൊണ്ട് മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ആ പ്രിവിലേജ് ലഭ്യമാക്കുക എന്ന് മാത്രം. സമത്വം വേണമെങ്കില്‍ പിന്നെ പ്രത്യേകം ടോയ്ലറ്റ് എന്തിനാ, ബസില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം എന്തിനാ, അധികാര സ്ഥലങ്ങളിലും ചില ഉദ്യോഗങ്ങള്‍ക്കും ഒക്കെ സ്ത്രീകള്‍ക്ക് സംവരണം എന്തിനാ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക നിയമങ്ങള്‍ എന്തിനാ, ഭിന്നലിംഗക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക നിയമങ്ങള്‍ എന്തിനാ ഈ ചോദ്യങ്ങളൊക്കെ എന്താണ് ലിംഗസമത്വം എന്നും എന്താണ് ലിംഗനീതി എന്നും ലിംഗ നിക്ഷ്പക്ഷത എന്നും മനസിലാക്കിയാല്‍ ഇല്ലാതാവും. വിവിധ ലിംഗത്തില്‍ പെട്ടവര്‍ ഒരുപോലെ നടക്കുകയും ഒരുപോലെ പ്രവര്‍ത്തിക്കുകയും ഒരുപോലെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതല്ല ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് മനസിലാക്കിയാല്‍ തീരാവുന്ന തര്‍ക്കങ്ങളേ ഇവിടെയുള്ളൂ.

സ്ത്രീകള്‍ പുരുഷډാരെ പോലെ നടക്കുന്നതും പുരുഷډാര്‍ സ്ത്രീകളെ പോലെ നടക്കുന്നതും ആണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് കരുതുന്നവരാണ് അധികവും. ഒരു വ്യക്തിക്ക് ഭരണഘടന അനുവദിച്ചു കൊടുക്കുന്ന അവകാശങ്ങള്‍ അവരുടെ ലിംഗത്തിന്‍റെ പേരില്‍ ഒരു വ്യക്തിയോ സംഘടനയോ മതമോ മറ്റാരെങ്കിലുമോ നിഷേധിക്കുകയാണെങ്കില്‍ അതിനെതിരെ ശബ്ദിക്കുകയാണ് ന്യൂട്രാലിറ്റിയും സമത്വവും ലിംഗനീതിയും ചെയ്യുന്നത്.അതിലേക്കുള്ള മാര്‍ഗങ്ങള്‍ തന്നെയാണ് ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ പോലെയുള്ള ആശയങ്ങള്‍. അതുകൊണ്ട് തന്നെ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രത്തെ പിന്തുണയ്ക്കാന്‍ പുരുഷډാര്‍ സാരിയും ചുരിദാറും ധരിക്കേണ്ട കാര്യമില്ല. അവയൊന്നും ജന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമല്ല എന്ന് മനസിലാക്കിയാല്‍ മതി. വീടുകളും സ്കൂളുകളും തന്നെയാണ് ലിംഗ നീതിയുടെയും ലിംഗസമത്വത്തിന്‍റെയും ബാലപാഠങ്ങള്‍ തുടങ്ങാന്‍ ഏറ്റവും നല്ലത്. ശരീരം എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന പാന്‍റും ഷര്‍ട്ടുമൊക്കെ എല്ലാ ജന്‍ഡറിലുള്ളവര്‍ക്കും കംഫര്‍ട്ടബിള്‍ ആണെന്നതില്‍ തര്‍ക്കമൊന്നുമില്ല. വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണ് ഈ ആശയം എന്ന് മതങ്ങള്‍ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്.

സമൂഹം ഓരോ ജെന്‍ഡറുകള്‍ക്കും ചില ധര്‍മങ്ങളും കടമകളും വിലക്കുകളും കല്പിച്ചു കൊടുത്തിട്ടുണ്ട്. അസമത്വത്തിന്‍റെ ആരംഭം അവിടെ നിന്ന് തന്നെ ആവാം. സാമൂഹികമോ മതപരമോ ആയ ഇത്തരം അസമത്വങ്ങളെല്ലാം ചില സംസ്കാരങ്ങളുടെ ഭാഗമായി വളര്‍ന്നു വന്നതാണ്. അതുകൊണ്ട് തന്നെയാണ്. ലിംഗസമത്വം എന്ന ആശയം പലരുടെയും ശത്രു ആകുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരവകാശങ്ങള്‍ക്കും ഒക്കെ കല്പിച്ചു കൊടുക്കുന്ന വിലക്കുകള്‍ തന്നെയാണ് മതങ്ങളുടെയൊക്കെ അടിത്തറ. ലിംഗ വിവേചനം ഇല്ലാതെ എല്ലാ പൗരډാര്‍ക്കും ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി അഥവാ ലിംഗ നിക്ഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സമത്വം എന്ന ആശയം എന്താണെന്ന് ആദ്യം നമുക്ക് ബോധ്യപ്പെടണം. പരസ്പരം പോരാടിച്ചോ കലഹിച്ചോ മാത്രം നേടാവുന്ന ഒന്നല്ല അത്. അംഗീകരിക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ വളര്‍ന്നു വരേണ്ട ഒരു ജീവിത രീതിയാണത്.


Sunday, April 22, 2012

അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഇപ്പോഴും വേട്ടയാടപ്പെടുന്നു

ഈ ക്രൂരതയില്‍  പ്രതിഷേധിക്കുക
പ്രതികരിക്കുക 
ടൈംസ് ഓഫ് ഇന്ത്യയില്‍ ഏപ്രില്‍ പതിനേഴിന് വന്ന വാര്‍ത്ത ഞെട്ടിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കുണ്ടുസ്(KUNDUZ) പ്രദേശത്തുള്ള  സ്കൂളില്‍ പഠിക്കുന്ന 150 പെണ്‍ കുട്ടികള്‍ക്ക് തലവേദനയും ചര്ട്ടിയും . കാരണം അവര്‍ കുടിക്കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ! താലിബാനിസത്തിന്റെ കൈകള്‍ ഇപ്പോഴും ഇസ്ലാം ഭീകരത അഴിച്ചു വിടുകയാണ് 
നന്മയുടെ മതത്തെ ചില ദുഷ്ടശക്തികള്‍  ദുരുപയോഗം ചെയ്യുകയാണ്

മറ്റു മാധ്യമങ്ങളിലും പല വാര്‍ത്തകള്‍ വരുന്നുണ്ട്.   ബാമ്യാന്‍ , നാഹൂര്‍ മാളിസ്ടാന്‍ ,ഹസാര തുടങ്ങിയ പ്രദേശങ്ങളിലും ആക്രമണങ്ങള്‍ നടക്കുന്നു ആസിഡ് മുഖത്ത് എറിയുക .അപായപ്പെടുത്തുക എന്നിവ കൊണ്ട് പെണ്‍ കുട്ടികളെ പിന്തിരിപ്പിക്കാനാണ്‌ ശ്രമം.
സ്ത്രീകള്‍ വിദ്യാഭ്യാസം ചെയ്യേണ്ടതില്ല .വീട്ടിലെ വേലകള്‍ ചെയ്തു പുരുഷന് അടിമയായി കഴിഞ്ഞാല്‍ മതി.അതാണ്‌ ഇസ്ലാം അനുശാസിക്കുന്നത് എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നു 
അഫഗാനിസ്ഥാനിലെ വാര്‍ത്തകള്‍ ഒന്നും നമ്മുടെ പത്രങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല എന്താണ് കാരണം.? ഇത്തരം കാര്യങ്ങള്‍ നമ്മുടെ ചരിത്ര പാഠപുസ്തകം ഉള്‍ക്കൊള്ളുമോ ? എങ്കിലല്ലേ അതിനെ നിരാകരിക്കുന്ന മനോഭാവം വളരൂ .ഇതൊക്കെ ഉള്‍പ്പെടുത്താനും ആര്‍ക്കും ധൈര്യമില്ല 
'സഭയെ നോവിക്കും ഹിന്ദുവിനെ /ഇസ്ലാമിനെ നോവിക്കും' എന്നൊക്കെ മുന്‍ വിധി !
തിന്മകള്‍ എതിര്‍ക്കപ്പെടണം
"
But the way forward for girls is not easy—extremists in Afghanistan are doing their best to terrorize them out of going to school
In 2008 alone, there were 283 violent attacks on schools, resulting in 92 dead and 169 injured. Despite the obstacles and threats, Afghan girls are hungrier than ever for education. "Over 2.2 million girls are now in school," said Fazlul Haque, "and we expect a 20 percent increase in primary school enrollment for girls by 2013, with help from UNICEF education programs." 
-UNICEF
താലിബാന്‍ അധികാരം കയ്യടക്കിയ കാലത്ത്   (  1996   -    2001  )പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ചു  32% ആയിരുന്ന പെണ്‍ പങ്കാളിത്തം  6 .4% ആയി കുറഞ്ഞു 
ചില കണക്കുകള്‍ കൂടി നോക്കാം 
അഞ്ചാം ക്ലാസ് കഴിയുമ്പോള്‍ (11 വയസ് )കൊഴിഞ്ഞു പോക്ക് കൂടുന്നു. അല്ലെങ്കില്‍ പെണ്‍ കുട്ടി കൂടുതല്‍ പഠിക്കേണ്ട എന്നാ വിലക്ക് !

ഉയര്‍ന്ന വിദ്യാഭ്യാസം നിഷേടിക്കുംപോള്‍ പൊതു ഇടങ്ങളില്‍ ശ്ട്ര്രെ ഉണ്ടാകില്ല അറുപത്തി ഒന്‍പതു വനിതാ പാര്‍ലമെന്റ് അംഗങ്ങള്‍ ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇതല്ലേ സ്ഥിതി ! അധ്യാപികമാരെ കിട്ടുന്നത് എങ്ങനെ? അവര്‍ക്ക് എതിരെയും ആക്രമണം നടക്കുന്നു.

ഒന്നാമത്തെ ഒഴികെ മറ്റെല്ലാം ഭീകരവാദികളുടെ ഇടപെടല്‍ കൊണ്ട് വഷളായ കാരണങ്ങള്‍. അവള്‍ ഒരു ശരീരം മാത്രമാണ് എങ്കില്‍ നേരത്തെ കല്യാണം കഴിച്ചുകൂടെ? ഇങ്ങനെ വികലമായ ചിന്തകള്‍ ഒരു മതത്തിന്റെ പേരില്‍..!
ജനാധിപത്യ ബോധവും വിശ്വാസവും വിപരീത ധ്രുവങ്ങള്‍ ആണോ?


Thursday, December 29, 2011

വിവേചനത്തിന്റെ പാഠങ്ങള്‍ വിദ്യാലയങ്ങളില്‍ ..


( വിദ്യാഭ്യാസ നിലവാര പഠന റിപ്പോര്‍ട്ട് ചര്‍ച്ച -അഞ്ചാം ലക്കം ആണിത്.മുന്‍ ലക്കങ്ങള്‍ വായിക്കുമല്ലോ )
സമത്വം,  അവസര തുല്യത, തുല്യ നീതി, അവകാശം ഇവയൊക്കെ സ്കൂളില്‍ പഠിപ്പിക്കും .എന്നാല്‍ വിവേചനത്തിന്റെ പാഠങ്ങള്‍ അനുഭവതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. 
ആണ്‍ കുട്ടികളോടും പെണ്‍കുട്ടികളോടും ഒരേ പോലെ പെരുമാരുന്നുവെന്നു പറയാറുണ്ടെങ്കിലും വാര്‍പ്പ് മാതൃകകള്‍ തന്നെയാണ് ബോധ തലത്തില്‍ സൃഷ്ടിക്കുന്നത്.
വളരെ രസകരമായ ഒരു അനുഭവം ഉണ്ടായി. സ്ത്രീ ശാക്തീകരനത്തിനു വേണ്ടി വാ തോരാതെ സംസാരിക്കുന്ന  ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ കണ്ടുപിടിച്ച ഒരു കുറ്റം -ഒരു അധ്യാപിക മറ്റൊരു അധ്യാപകന്റെ ബൈക്കിന്റെ പിന്‍  സീറ്റില്‍ ഇരുന്നു യാത്ര ചെയ്തത്രേ!( പൊതു വേദിയില്‍ വാശിയോടെ മറ്റുള്ളവരെ ശാസിക്കല്‍. നന്നാക്കി എടുക്കല്‍ !സ്വകാര്യ സംഭാഷണത്തില്‍ ഇത്തരം വികല നിലപാടുകള്‍ ..)
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ ആത്മ വിമര്‍ശനം നടത്താന്‍ ,കുറച്ചു കൂടി തുറന്നു ചിന്തിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടല്ലേ ?
. രാത്രി എട്ടു മണി കഴിഞ്ഞു വീട്ടില്‍ ഒരു ദിവസം എത്തുന്ന  പെണ്‍കുട്ടിയെ കുറിച്ച് കഴിഞ്ഞ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു .റോള്‍ പ്ലേ ആയിരുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് രംഗം അവതരിപ്പിക്കാം. ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അപൂര്‍വ്വം പേര്‍ മാത്രമേ എന്താ "മോളെ താമസിച്ചത്? വണ്ടി കേടായോ?" എന്ന് സൌമ്യമായി ചോദിച്ചുള്ളൂ. മറ്റുള്ള എല്ലാവരും അവളെ പ്രതി സ്ഥാനത്ത് നിറുത്തി. "എന്താടീ താമസിച്ചേ?" എന്ന് ഉച്ചത്തില്‍ ഞെട്ടുന്ന സ്വരത്തില്‍ ഭീഷണിപ്പെടുത്തി അലറി. പിഴച്ചവള്‍ എന്ന ധ്വനിയില്‍  സംസാരിച്ചു . പുരോഗമന അധ്യാപക പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എടുത്ത നിലപാടുകള്‍ ഞെട്ടിപ്പിക്കുന്നത്‌ ആയിരുന്നു.  !
  • ഒരു മകള്‍ അവളോട്‌ സൌമ്യമായി കാരണം പോലും തിരക്കാതെ കോപിച്ചത് ശരിയോ?
  • എട്ടു മണി അസമയം ആണോ? ആരുടെ കുറ്റം കൊണ്ടാണ് ആ സമയം സുരക്ഷിത  സമയം അല്ലാതായത്? 
  • എല്ലാ ഭാരതീയരും സഹോദരീ സഹോദരരാനെന്നു നിത്യവും പ്രതിജ്ഞ ചൊല്ലി വളര്‍ന്ന തലമുറ എങ്ങനെ കേടു പിടിച്ചു. 
  • ഒരു പെണ്ണിന് കേരളത്തില്‍ എട്ടു മണി എങ്ങനെ അപവാദത്തിന്റെ അവസരം ആക്കി ?തുടങ്ങിയ ചോദ്യങ്ങളിലൂടെ ചര്‍ച്ച കൊണ്ടുപോകാനും സ്ത്രീ ശാക്തീകരണം അജണ്ട ആക്കാനും ആയിരുന്നു ഉദ്ദേശിച്ചത്.ചില ജില്ലകള്‍ ഈ റോള്‍ പ്ലേ ഒഴിവാക്കി.ആരെയാണ് ഇവരൊക്കെ ഭയക്കുന്നത്? അവരവരുടെ ഉള്ളിലെ യാഥാസ്ഥിതിക ബോധത്തെയോ ? ...
  • അധ്യാപക സംഘടനകള്‍ സ്കൂളിനുള്ളിലെ വിവേചനങ്ങള്‍ക്ക് എതിരെ എന്ന് മുതല്‍ കര്‍മ പരിപാടി തയ്യാറാക്കും.?  
നിഷ്കളങ്ക സൗഹൃദം ആണും പെണ്ണും തമ്മില്‍ സാധ്യമല്ലെന്ന് കരുതുന്ന ഒരു തലമുറ ഇവിടെ ഉണ്ട്. അവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന പാഠങ്ങള്‍ സമശീര്‍ഷതയുടെതല്ല .സംശയത്തിന്റെതാണ്. വിവേചനത്തിന്റെതാണ് .
ഇത്രയുംകാര്യങ്ങള്‍ ആമുഖമായി സൂചിപ്പിച്ചത് വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പറയുമ്പോള്‍ കുട്ടിയില്‍ രൂപപ്പെട്ട കാഴ്ചപ്പാടുകളും കണക്കിലെടുക്കണം എന്ന് പറയാനാണ്.
വിപ്രോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ചു.തീര്‍ച്ചയായും ചോദ്യങ്ങളില്‍ ഇവ കടന്നു വരുന്നത് കൂടുതല്‍ ആലോചനയ്ക്കു വഴി ഒരുക്കും.


ക്വാളിറ്റി എഡ്യൂക്കേഷന്‍ സര്‍വേയിലെ ചോദ്യങ്ങളിലേക്കു കടക്കാം.ആദ്യത്തെ ചോദ്യം നാലിലും  ആറിലും  എട്ടിലും പഠിക്കുന്ന കുട്ടികളോടാണ്   ചോദിച്ചത്, 
  • പെണ്‍ കുട്ടി വീട്ടിലിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന പതിനഞ്ചു ശതമാനം കുട്ടികള്‍ ഉണ്ട്.
  • ആണ്‍ കുട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്കണം എന്ന് കരുതുന്നവരും നല്ലൊരു ശതമാനം വരും.
  • നാല്പതു അമ്പത് ശതമാനം പേര്‍ ശരിയായ കാഴ്ച്ചപ്പാടില്ലാത്തവരാന്. ഇതൊരു  സാമൂഹിക ദുരന്തം ആയി മാറിയേക്കാം. പഠനം നടന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് എന്നത് കണ്ട് മറ്റു സ്കൂളുകളില്‍ എല്ലാം ശുഭം എന്ന് കരുതാമോ?
കുട്ടികളിലെ പുരുഷ മേധാവിത്വ ചിന്തയുടെ ഉദാഹരണമാണ് അടുത്ത ചോദ്യങ്ങളുടെ പ്രതികരണങ്ങളും.അവ നോക്കാം.ആണ്‍ കുട്ടികളും പെണ്‍ കുട്ടികളും ഒരേ പോലെ ചിന്തിക്കുന്നു. അങ്ങനെ ചിന്തിക്കാന്‍  അവരെ പഠിപ്പിച്ചത് ആരാണ്?


സമൂഹത്തിലെ അനുഭവങ്ങളും വീട്ടിലെ  അനുഭവങ്ങളും ചര്‍ച്ചകളും സ്കൂളിലെ ഉദാസീനതയും മാധ്യമങ്ങളിലെ പരിപാടികളും നല്‍കുന്ന പാഠങ്ങളിലൂടെ അബോധ പൂര്‍വ്വം രൂപപ്പെടുന്ന മാനസിക തലം ബോധ പൂര്‍വ്വം ഇടപെട്ടാലെ മാറൂ .
നിലവാരം സംബന്ധിച്ചുള്ള മറ്റൊരു കണക്കു നോക്കൂ


ഗണിതത്തിനും ശാസ്ത്രത്തിനും എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ പെണ്‍ കുട്ടികള്‍ പിന്നില്‍ .യുക്തി ചിന്ത, പ്രശ്ന പരിഹരണം, ശാസ്ത്രീയ അന്വേഷണ വാസന  , പുറം ലോകവുമായി സംവദിക്കാനുള്ള അവസരം ( കടകളില്‍, മാര്‍ക്കറ്റുകളില്‍ പോകാനും സൌഹൃദ ചര്‍ച്ചകളില്‍ പങ്കെടുക്കാനും പൊതു പരിപാടികളില്‍ ഇടം തേടാനും ഒക്കെ ആര്‍ക്കാണ് കൂടുതല്‍ അവസരം ) .ഇവയൊക്കെ പ്രായോഗിക പാഠങ്ങള്‍ ആകും .അത് കൊണ്ട് അവ ലഭിക്കുന്ന ആണ്‍ കുട്ടികള്‍ മുന്നിലെ എത്തും. 
ആലപ്പുഴ ഡയറ്റില്‍ ജോലി ചെയ്തപ്പോള്‍ ഒരു പഠനം നടത്തി . "പെണ്‍കുട്ടികളുടെ ശാക്തീകരണം സ്കൂളുകളില്‍" എന്നതായിരുന്നു വിഷയം
അന്ന് പെണ്‍കുട്ടികള്‍ ഞങ്ങളോട്  പറഞ്ഞത്... പുതിയ പഠന രീതിയില്‍ സര്‍വേയും മറ്റും ചെയ്യാനുണ്ട്. വീട്ടുകാര്‍ അനുവദിക്കുന്നില്ല. ലൈബ്രറിയില്‍ പോകണം .സമ്മതിക്കുന്നില്ല.അഭിമുഖം നടത്തണം. വിലക്കുന്നു. സ്കൂളില്‍ വെച്ച് എന്ത് വേണേലും ആയിക്കോ പുറത്ത്  ഇറങ്ങി പഠിക്കേണ്ട. ദേവാലയങ്ങളിലും കല്യാണ  സ്ഥലങ്ങളും മാത്രമായി പുറം ലോകം ചുരുങ്ങുന്നു എന്നും അവര്‍ പരാതിപ്പെട്ടു. സ്കൂളില്‍ നേതൃത്വം   ഇപ്പോഴും ആണ്‍ കുട്ടികള്‍ക്ക്. സൂക്ഷ്മതയോടെ നോക്കിയാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ .
പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ട് അതിനു എല്ലാവരും ഇടപെടണം.
എന്ത് ചെയ്യാന്‍ കഴിയും എന്ന് അഭിപ്രായം പങ്കുവെക്കുന്നത് നല്ലത്.
.
നമ്മുടെ പരീക്ഷകളിലെ  ചോദ്യങ്ങള്‍ കുട്ടികളുടെ കാഴ്ചപ്പാട് കൂടി വിലയിരുത്തുന്നത്  ആയാലെന്താ ?
 ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റുകള്‍ കൂടി വായിക്കുക 

പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)

പ്രഥമ അധ്യാപകന്റെ അറസ്റ്റും ദാവങ്കരയും.

ആങ്ങളമാരില്ലാത്ത സമൂഹം?

 






Wednesday, August 3, 2011

ആങ്ങളമാരില്ലാത്ത സമൂഹം?


ദേശാഭിമാനി മുഖ പ്രസംഗം ചൂണ്ടുവിരല്‍ സ്കൂളുകളില്‍  ചര്‍ച്ചയ്ക്കായി പങ്കിടുന്നു
ഹെല്പ് ഡസ്ക് പരിശീലനം നടക്കുന്ന ഈ വേളയില്‍ ഈ അഭ്പ്രായങ്ങള്‍ക്ക് പ്രസക്തി ഏറെയുണ്ട്


ദേശാഭിമാനി എന്താണ് പറയുന്നതെന്ന് നോക്കാം.

"സാംസ്കാരികമായി ബോധം നഷ്ടപ്പെട്ട ഒരു സമൂഹമാവുകയാണോ നാം എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് നിത്യേനയെന്നോണം കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഉണ്ടാകുന്നത്. കൊച്ചു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊലപ്പെടുത്തിയെന്നും ആത്മഹത്യചെയ്തെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ മിക്കവാറും എല്ലാ ദിവസവും വരുന്നു. ഇത്തരം ഒറ്റ സംഭവമുണ്ടായാല്‍പോലും ഞെട്ടിയുണരേണ്ട സമൂഹമനഃസാക്ഷി ഏതോ നിര്‍വികാരതയില്‍ ആഴ്ന്നാലെന്നവിധം മയങ്ങിക്കിടക്കുന്നു.
സ്കൂളിലേക്ക് രാവിലെ പോകുന്ന പെണ്‍കുട്ടി വൈകിട്ട് തിരിച്ചുവരുമോ എന്നുറപ്പില്ലാത്ത അവസ്ഥ കേരളത്തിലുണ്ടായിരിക്കുന്നു. പെണ്‍കുട്ടികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയിലും ആശങ്കയിലുമല്ലാതെ ഒരു ദിവസംപോലും അച്ഛനമ്മമാര്‍ക്ക് കഴിയാനാവില്ല എന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയേ മതിയാവൂ. കുഞ്ഞുങ്ങള്‍ ,വികൃതമായ മാനസികാവസ്ഥയുള്ളവര്‍ക്കും സമ്പന്നന്മാര്‍ക്കും ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണെന്ന സ്ഥിതി തുടര്‍ന്നുകൂടാ. ഇതിന്, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജാഗ്രതയുണ്ടാവേണ്ടതുണ്ട്.

വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ആങ്ങളമാരില്ലാത്തവരല്ല കേരളത്തിലെ പെണ്‍കുട്ടികള്‍ എന്നു തെളിയിച്ചുകൊടുക്കാനുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടണം. പെണ്‍കുട്ടികള്‍ക്കു ചുറ്റും കഴുകന്‍ കണ്ണുകളുമായി കറങ്ങുന്ന സംഘങ്ങളെ കണ്ടെത്താനും അവര്‍ക്ക് ഇരയാകുന്നവരെ രക്ഷിക്കാനും വിദ്യാര്‍ഥിസംഘടനകള്‍ക്ക് ഒരു പ്രത്യേക കണ്ണുവേണം.
വിദ്യാര്‍ഥിസംഘടനകള്‍മാത്രം വിചാരിച്ചാല്‍ അവസാനിക്കുന്ന പ്രശ്നമല്ല ഇത്. കമ്പോള സംസ്കാരത്തിന്റെ വ്യാപനത്തോടെ എല്ലാം ഉപഭോഗത്തിന് എന്ന അവസ്ഥ വന്നു. ആ അവസ്ഥയ്ക്ക് അറുതി കുറിച്ചുകൊണ്ടേ പ്രശ്നത്തെ നേരിടാനാവൂ. അവിടെയാണ് ഭരണാധികാരത്തിലുള്ളവര്‍ക്ക് പലതും ചെയ്യാന്‍ കഴിയുന്നത്. പുതിയ തലമുറയ്ക്കാവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ അവരെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള വല വിരിച്ചു കാത്തിരിക്കുകയാണ് കമ്പോളം. പുതുതലമുറയെ ആര്‍ഭാട ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തരം പരസ്യങ്ങള്‍ അവര്‍ പത്രങ്ങളിലും ടിവികളിലും തുടരെ നല്‍കിവരുന്നു. അത്തരം ഉല്‍പ്പന്നങ്ങളിലേക്ക് കൈയെത്താത്ത സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള കുട്ടികളില്‍ ഒരുതരം അപകര്‍ഷബോധം ജനിപ്പിക്കാനുള്ള കമ്പോളശ്രമങ്ങള്‍ നടക്കുന്നു. നേരായ വഴിയേ കിട്ടാത്ത പണം വളഞ്ഞവഴിയേ നേടിയായാലും ആര്‍ഭാടങ്ങള്‍ കുറയ്ക്കരുത് എന്ന മിഥ്യാഭിമാനബോധം കമ്പോളം കുഞ്ഞുങ്ങളുടെ മനസ്സില്‍ കുത്തിവയ്ക്കുന്നു. ഈ കമ്പോള സംസ്കാരത്തിന് അറുതിവരുത്തിക്കൊണ്ടല്ലാതെ പ്രശ്നത്തിന് കാതലായ പരിഹാരമുണ്ടാക്കാനാവുകയില്ല. പണക്കൊതിയില്‍ പരസ്പരം മത്സരിക്കുന്ന കുത്തകകളെ വളര്‍ത്തുന്ന മുതലാളിത്തത്തിന്റെ നേര്‍സൃഷ്ടിയാണ് മലീമസമാകുന്ന നമ്മുടെ സദാചാരരംഗംപോലും.
വിജ്ഞാനവിസ്ഫോടനത്തിന്റെ ഭാഗമായി വിവരസാങ്കേതികവിദ്യയില്‍ വന്ന മാറ്റത്തിനനുബന്ധമായി സമൂഹത്തില്‍ പ്രത്യേക ജാഗ്രത പുലരണമായിരുന്നു. പുരോഗമിക്കുന്ന ഏത് സമൂഹവും നിര്‍ബന്ധമായും പുലര്‍ത്തേണ്ട ജാഗ്രതയുടെ കാര്യത്തില്‍ നമുക്ക് വീഴ്ചപറ്റുന്നുണ്ടോ എന്ന് ചിന്തിക്കണം. ഇന്റര്‍നെറ്റും അതിലൂടെ കരഗതമാവുന്ന ശ്ലീലാശ്ലീലലോകങ്ങളും മൊബൈല്‍ഫോണും അതിലൂടെ ലഭ്യമാവുന്ന സൗകര്യാസൗകര്യങ്ങളുമൊക്കെ വേര്‍തിരിച്ചുകാണാനുള്ള ബോധം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. വിവരസാങ്കേതിക വിദ്യയുടെ മാസ്മരികലോകം നിയന്ത്രണരഹിതമായി തുറന്നിട്ടുകൊടുക്കുമ്പോള്‍ വിജ്ഞാനാര്‍ജവത്തിനുള്ള ആ ഉപാധികള്‍ അതിനുതന്നെയാണോ ഉപയോഗിക്കപ്പെടുന്നത് എന്ന് ഇടയ്ക്കിടെയെങ്കിലും അച്ഛനമ്മമാര്‍ നോക്കണം.

സ്കൂളുകള്‍ക്കടുത്ത് മയക്കുമരുന്ന്-നീലച്ചിത്ര വില്‍പ്പന നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ ആ പ്രദേശത്തുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍തന്നെ മുന്‍കൈ എടുക്കണം. വിദ്യാര്‍ഥി യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവയ്ക്കണം.
അച്ഛനമ്മമാര്‍ പ്രാര്‍ഥനകള്‍ക്കും ടിവി സീരിയല്‍ കാണലിനും ഒക്കെ സമയം കണ്ടെത്തുകയും കുട്ടികളോട് അവരുടെ കൊച്ചുസന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച് ഒന്നിച്ചിരിക്കാന്‍ സമയം കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിക്കൂടാ. അച്ഛനമ്മമാരോടു കുട്ടികള്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം വീടുകളില്‍ അനുവദിക്കണം. ആ റോള്‍ അപരിചിതരായി വരുന്ന പുറമെ നിന്നുള്ളവര്‍ക്ക് അനുവദിക്കപ്പെട്ടുകൂടാ.
ഓരോ വിദ്യാലയത്തിലും മാസത്തിലൊരിക്കലെങ്കിലും കൃത്യമായി കൗണ്‍സിലിങ്ങിനുള്ള സംവിധാനമുണ്ടാവണം. കുട്ടികളുടെ മനോവ്യാപാരങ്ങളും അതിന്റെ ഗതിവിഗതികളും അധ്യാപകരും അച്ഛനമ്മമാരും അറിയുന്ന അവസ്ഥ വേണം.
മനോവൈകൃതമുള്ള ഒറ്റപ്പെട്ട ഏതെങ്കിലുമൊരാളിന്റെ അരുതാത്ത തരത്തിലുള്ള ബന്ധം പ്രധാന്യപൂര്‍വം പത്രത്തില്‍ വായിക്കുമ്പോള്‍ , അത് സമൂഹത്തില്‍ നിലവിലുള്ള പൊതുരീതിയാണ് എന്ന് ദുര്‍ബലമാനസരായ ചിലരെങ്കിലും ധരിച്ചുവെന്നു വരാം. സഹോദരീ സഹോദരന്മാര്‍ തമ്മിലും അച്ഛനും മകളും തമ്മിലും ഒക്കെ സ്നേഹനിര്‍ഭരവും ആരോഗ്യകരവുമായ ദൃഢബന്ധം നിലനില്‍ക്കുന്ന സമൂഹമാണിത്. അവര്‍ക്കിടയില്‍പ്പോലും പരസ്പരം അവിശ്വാസവും അരക്ഷിതത്വബോധവും വളര്‍ത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത് ഉചിതമാണോ എന്നു മാധ്യമങ്ങള്‍ കൂട്ടായി ആലോചിക്കണം. ജീവിതം എന്നത് രസിക്കാനുള്ളതാണെന്നും സ്ത്രീശരീരം രസാസ്വാദനത്തിനുള്ള ഉപകരണമാണെന്നും ധരിപ്പിക്കുന്ന തരത്തിലുള്ള ടെലിവിഷന്‍ പരിപാടികള്‍ , മെഗാ ഷോകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ വൈകിയ വേളയിലെങ്കിലും പുനരാലോചന വേണം.

ശാസ്ത്ര-സാങ്കേതിക കാര്യങ്ങളിലെ അറിവിനൊപ്പം, കുഞ്ഞുങ്ങളുടെ മനസ്സിനെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള സാഹിത്യകൃതികള്‍ക്കും പ്രാധാന്യമുണ്ട് എന്നു തിരിച്ചറിഞ്ഞ് പാഠ്യപദ്ധതി ദേശീയതലത്തില്‍ത്തന്നെ പരിഷ്കരിക്കേണ്ടതുണ്ട്. മസ്തിഷ്കത്തെ മാത്രമല്ല മനസ്സിനെക്കൂടി സംബോധനചെയ്യുന്ന തരത്തിലാവണം പാഠ്യപദ്ധതി. ആണ്‍ -പെണ്‍ ബന്ധങ്ങള്‍ കേവലമായ ശരീരബന്ധങ്ങളല്ല, മാനസികബന്ധങ്ങള്‍തന്നെയാണെന്ന ബോധം കുട്ടികളില്‍ വളര്‍ത്താന്‍ കഴിയണം.

വിദ്യാലയങ്ങളുടെ സമീപപ്രദേശങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലുമൊക്കെ ഇടയ്ക്കൊക്കെയെങ്കിലും മഫ്തി പൊലീസിനെ നിയോഗിച്ചാല്‍ അവിടങ്ങളില്‍ കറങ്ങിനടക്കുന്ന പ്രാപ്പിടിയന്മാരെ പിടികൂടാന്‍ വിഷമമില്ല. അശ്ലീല സിഡി കച്ചവടംമുതല്‍ മയക്കുമരുന്നു കച്ചവടംവരെ നടക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വിഷമമില്ല. സമരമുഖങ്ങളില്‍ വിദ്യാര്‍ഥികളുടെ തല തല്ലിക്കീറുന്ന വീറിന്റെ നൂറിലൊരംശം പൊലീസ് ഇതിനൊക്കെയായി വിനിയോഗിക്കുമെങ്കില്‍ ഇതാവില്ല കേരളത്തിന്റെ സ്ഥിതി.
 നേരാങ്ങളമാരുള്ള പെങ്ങന്മാരാണ് കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പോകുന്ന പെണ്‍കുട്ടികള്‍ എന്ന് വികലമനസ്സുകളെ ബോധ്യപ്പെടുത്താന്‍ കേരളം, പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥിസംഘടനകള്‍ രംഗത്തിറങ്ങട്ടെ"
02-Aug-2011

പെണ്‍ കുട്ടികളുടെ  ശാക്തീകരനത്തിനായി ഓരോ സ്കൂളും എന്ത്  ചെയ്തു /ചെയ്യും എന്നതും പ്രധാനം. അത്തരം  അനുഭവങ്ങള്‍  ആശയങ്ങള്‍  പങ്കിടാമോ

Tuesday, April 5, 2011

പ്രഥമ അധ്യാപകന്റെ അറസ്റ്റും ദാവങ്കരയും.

ഒരു പ്രഥമ അദ്ധ്യാപകന്‍ അറസ്റ്റു ചെയ്യപ്പെട്ടു -മലപ്പുറം ജില്ലയില്‍.ഈ സംഭവം ഉന്നയിക്കുന്ന ചോദ്യങ്ങള്‍.നമ്മുടെ പെണ്‍ കുട്ടികള്‍ക്ക് ചോദ്യം ചെയ്യാനുള്ള കരുത്തു പകരാന്‍ വിദ്യാഭ്യാസം സഹായകമല്ലേ.?
ഇതാ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ കരുത്തിന്റെ വാര്‍ത്ത.അനീതിക്കെതിരെ സംഘടിച്ച പെണ്‍കുട്ടികള്‍.
വാര്‍ത്ത മാര്ച് മൂന്നിന് വന്നത്
കൊച്ചുരാധയെ സുരേഷിന് കൊടുക്കില്ല; വിവാഹം മുടക്കിയത് കുട്ടിപ്പട

ദാവങ്കര: വിവാഹം കുട്ടിക്കളിയല്ല . ഇത് ഹാരനഹള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളുടെ നിലപാടാണ്. കര്‍ണാടകയില്‍ പുത്തരിയല്ലാത്ത ബാല വിവാഹത്തിനെതിരെ സമൂഹം കണ്ണടയ്ക്കുമ്പോള്‍ സഹപാഠിയുടെ വിവാഹത്തിനെതിരെ സമരംചെയ്ത് അധികൃതരുടെ കണ്ണ് തുറപ്പിക്കുകയായിരുന്നു ചിങ്കട്ടേരി സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ കുട്ടികള്‍. സഹപാഠിയായ ആറാം ക്ലാസ്സുകാരി രാധയെ രക്ഷിതാക്കള്‍ കുട്ടിയുടെ അമ്മാവനായ സുരേഷിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സഹപാഠികള്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.

ക്ലാസ്സ് വിട്ടിറങ്ങി ഈ കുട്ടികള്‍ രാധയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പരിസരവാസികള്‍ കുട്ടികളെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. രാധയുടെ മാതാപിതാക്കളും വിവാഹത്തില്‍ ഉറച്ചുനിന്നു. വീരഭദ്രപ്പയും മജ്ജമ്മയും മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു . കുട്ടിത്തത്തില്‍ നിന്നും വൈവാഹിക ജീവിതത്തിലേക്ക് വലിച്ചെറിയാന്‍ രാധയെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച കുട്ടികള്‍ പിന്നീട് മാര്‍ച്ച് നടത്തിയത് പോലീസ് സ്റ്റേഷനിലേക്കാണ്. അതോടെ സംഭവത്തിന് ഗൗരവം വന്നു. പോലീസുകാര്‍ കുട്ടികളോടൊപ്പം രാധയുടെ വീട്ടിലെത്തി.


ബാലവിവാഹം കുറ്റകരമാണെന്നും പിന്‍മാറണമെന്നും പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ക്കും വഴിമുട്ടി. പഠനസൗകര്യങ്ങള്‍ക്കും മറ്റും കുട്ടികള്‍ നടത്തുന്ന സമരം കണ്ടവര്‍ക്ക് ഈ കുട്ടികള്‍ സമ്മാനിച്ചത് വിവാഹം കുട്ടിക്കളിയല്ലെന്ന സന്ദേശമാണ് പന്ത്രണ്ടുകാരിയായ രാധയെ വിവാഹം ചെയ്ത് കൊടുക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തിന് പിന്നില്‍ ഗ്രാമത്തില്‍ നിലനിന്ന അന്ധവിശ്വാസത്തിന്‍റ പിന്‍ബലവുമുണ്ടായിരുന്നു.


കുടുംബത്തിലെ മുതിര്‍ന്ന അംഗം മരിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ആഘോഷച്ചടങ്ങ് നടക്കണമെന്നാണ് ഈ ഗ്രാമത്തിലെ വിശ്വാസം. ഇതിന് കണ്ടെത്തിയ വഴിയായിരുന്നു രാധയുടെ വിവാഹം . മാസങ്ങള്‍ക്കുമുമ്പ് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിരുന്നു. വിവാഹകാര്യമറിഞ്ഞ വിഷമത്തിലായ രാധ സ്‌കൂളില്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞു. സഹപാഠികളുമൊത്തുള്ള സമരത്തിന് നേതൃത്വം നല്‍കിയതും രാധ തന്നെ. ബാലവിവാഹത്തിനെതിരെ വിജയകരമായ സമരം നടത്തിയ വിദ്യാര്‍ഥികളെ അഭിനന്ദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു
-------------------------------------------------------------
ചര്‍ച്ച ചെയ്യേണ്ടത്
ഒന്ന് )കേരളത്തിലെ വിദ്യാഭ്യാസം വിധേയ സംസ്കാരം ആണോ പഠിപ്പിക്കുന്നത്?

രണ്ട് ) അധ്യാപക സമൂഹം ആരുടെ പക്ഷത്താണ്?
മൂന്നു) ചോദ്യം ചെയ്യാനും സംഘടിക്കാനും കുട്ടികളെ എന്നാണു പഠിപ്പിക്കുക?
നാല്) ഈ പെണ്‍ കുട്ടികളുടെ വീട്ടില്‍ അവര്‍ക്ക് എല്ലാം തുറന്നു പറയാന്‍ കഴിയാതിരുന്നതെന്തു കൊണ്ട്? രക്ഷിതാക്കളുടെ ഇടയില്‍ അധ്യാപകര്‍ അനിവാര്യമായും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഇനിയും മറന്നു പോയോ.
അഞ്ചു) കുട്ടികള്‍ക്ക് മനസ്സ് തുറക്കാന്‍ അവസരം ഉണ്ടാവേണ്ടേ?
ആറ്‌) സമാന സംഭവങ്ങളില്‍ പെട്ട സമൂഹത്തിലെ ഉന്നതര്‍ക്കൊക്കെ സംരക്ഷണം.അവര്‍ക്ക് അവരുടെ രാഷ്ട്രീയം മതം ഇവ കാരണം അനുയായി വൃന്ദങ്ങള്‍ കീജെയ് വിളിക്കുന്നത്‌ കണ്ടാണോ മറ്റുള്ളവരും പെരുമാറുന്നത്.?
ഏഴു) വിമര്‍ശനാത്മക ബോധന രീതിയില്‍ വെള്ളം ചേര്‍ക്കുകയും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുന്ന സ്കൂളുകള്‍ സ്കൂളുകലാണോ?
ഏറ്റു) അധ്യാപക സംഘടനകള്‍ എവിടെ പൊയ്?

Friday, December 3, 2010

പെണ്‍ പക്ഷ വിദ്യാലയങ്ങള്‍ (ശിശുസഹൃദം-രണ്ട്)

ഈ അഫ്ഗാന്‍ ചിത്രം ഓര്‍മയില്‍ നിന്നും മായരുത്. ലോകത്തിലെ പെണ്‍ ജാതി അനുഭവിക്കുന്ന പലവിധ വിവേചനങ്ങളുടെ മുറിവുകള്‍ .ഇതൊന്നും സ്വ്വഭാവികമായി സംഭവിക്കുന്നതല്ല . ആരൊക്കെയോ പഠിപ്പിച്ചു വിട്ട പാഠങ്ങളുടെ ബാക്കി പത്രമാണ്‌.മതവും ജാതിയും ഭരണകൂടവും ഒക്കെ നിശബ്ദമാകുംപോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍.സമൂഹത്തിന്റെ നിര്‍മിതികളെ ക്ലാസ് റൂം അനുഭവങ്ങള്‍ കൊണ്ട് പോളിചെഴുതാനാകും അതാണ്‌ പരിവര്ത്തനോന്മുഖ വിദ്യാഭ്യാസം.
നമ്മുടെ പല സ്കൂളുകളും ശരിക്കും പിന്തിരിപ്പന്‍ ആശയങ്ങള്‍ അറിയാതെ അടിച്ചേല്‍പ്പിക്കുന്നുണ്ടോ ? ഒട്ടേറെ കാര്യങ്ങളില്‍ സംവാദം ആവശ്യമാണെന്ന് തോന്നുന്നു.
വിവേചനമാണോ സാഹോദര്യമാണോ പഠിപ്പിക്കുന്നത്.? ഒന്നാം ക്ലാസ് മുതല്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തേണ്ടതുണ്ടോ .വീട്ടില്‍ കുഞ്ഞുങ്ങളെ ഇങ്ങനെ വേര്‍തിരിച്ചാണോ പരിഗണിക്കുന്നത്..
പാലക്കാട് അകത്തേതറ യു പി സ്കൂള്‍ ഏഴാം ക്ലാസ് വരെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നു പഠിക്കുന്നു.ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളോ ഇതില്‍ അസ്വാഭാവികത കാണുന്നില്ല.മറ്റു പല സ്കൂളുകളിലും ഇത് സാധ്യമാകാത്തത് യാഥാസ്ഥിതിക മനസ്സുകള്‍ ഉള്ളതിനാലാവുമോ?ചില സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ശിക്ഷ അവരെ പെണ്‍ കുട്ടികള്‍ക്കൊപ്പം ഇരുത്തല്‍.! ഇവിടെ നാണം കെടുന്നത്‌ അധ്യാപകര്‍ തന്നെയാണ്.(ഒന്നാം ക്ലാസ് മുതല്‍ സാഹോദര്യം ഒന്നിച്ചിരുത്തിപഠിപ്പിച്ചു തുടങ്ങണം.ഒറ്റയടിക്ക് ശ്രമിച്ചാല്‍ ചിലപ്പോള്‍ നേര്‍ വിപരീത ഫലം ചെയ്തേക്കാം.)
ഞാന്‍ രണ്ടു ജില്ലകളിലെ ക്ലാസുകള്‍ കാണുവാനിടയായി.ഒന്നാം ക്ലാസിലെ ഒരു പാഠം അമ്മാവന്‍ വിരുന്നു വരുന്നു.വീട്ടില്‍ എന്തെല്ലാം ഒരുക്കങ്ങള്‍.?
ഒരു ക്ലാസില്‍ കണ്ടത് ഇങ്ങനെ:വീട്ടിലെ ജോലികള്‍ എല്ലാം ലിസ്റ്റ് ചെയ്തു.അതില്‍ എല്ലാവര്ക്കും ചെയ്യാവുന്നത് ഏവ എന്ന് കണ്ടെത്തി.(ഉദാഹരണം.പാത്രം കഴുകല്‍-അച്ഛനും അമ്മയ്ക്കും അനുക്കുട്ടിക്കും ചെയ്യാം.)
ഒടുവില്‍ ടീച്ചര്‍ ഒരു ചോദ്യം കൂടിഉന്നയിച്ചു" എല്ലാവര്ക്കും ഇവയൊക്കെ ചെയ്യാമെങ്കില്‍ എന്താ അമ്മ മാത്രം ഇതെല്ലാം ചെയ്യുന്നു.?"
അതിനു മറുപടി അപ്പോള്‍ പ്രതീക്ഷികുന്നില്ല.ചോദ്യമാണ് പ്രസക്തം.
കണ്ട അടുത്ത ക്ലാസില്‍ ഇതേ പാഠം ഇങ്ങനെ: ടീച്ചര്‍ ആരായുന്നു.".അമ്മാവന്‍ വരുന്നു.അമ്മ എന്തെല്ലാ ഒരുക്കങ്ങള്‍ നടത്തണം.അച്ഛന്‍ എന്തെല്ലാം ജോലികള്‍ ചെയ്യണം..".കൃത്യമായി തൊഴില്‍ വിഭജിക്കുകയാണ്.വിമര്‍ശനാത്മകമായ ഒരു ചോദ്യവുമില്ല.നിലവിലുള്ള സങ്കല്പങ്ങളെ അരക്കിട്ട് ഉറപ്പിക്കല്‍.നിര്‍ദോഷമെന്നു തോന്നാമെങ്കിലും അതങ്ങനെ അല്ല.
അധ്യയന കുറിപ്പുകള്‍ സ്ത്രീ പക്ഷ സമീപനം പുലര്‍ത്തുന്ന രീതിയല്‍ എന്ത് കൊണ്ടാകുന്നില്ല ?പുരോഗമന കേരളം ,അധ്യാപകര്‍ഇവരാരും ഇവയൊന്നും ഓര്‍ക്കുന്നില്ല.?!
ലിംഗ പദവീ വിവേചനം ഇല്ലാത്ത സ്കൂളുകളാണ് ശിശുസൌഹൃദ വിദ്യാലയങ്ങള്‍ എന്ന് യുണിസെഫ് പറയുന്നു.
  • ആണ്‍ പെണ്‍ അവസര തുല്യത എല്ലാ കാര്യങ്ങളിലും
  • സാമ്പ്രദായിക ലിംഗ പദവീ സങ്കല്പത്തെ (വാര്‍പ്പ് മാതൃക )നിരാകരിക്കുന്നത്.
  • പെണ്‍ സൌഹൃദപരമായ സൌകര്യങ്ങള്‍,കരിക്കുലം ,പാഠപുസ്തകം, പഠന്പ്രക്രിയ ,
  • ആണ്‍ പെണ്‍ സാമൂഹികവത്കരണം
  • വേദനിപ്പിക്കാത്ത അന്തരീക്ഷം
  • മറ്റുള്ളവരുടെ അവകാശത്തെ, അന്തസിനെ മാനിക്കുന്നത്
  • തുല്യത പ്രോത്സാഹിപ്പിക്കുന്നത്.
ചില സ്കൂളില്‍ ടീച്ചര്‍മാര്‍ പെണ്‍കുട്ടികളോട് പറയും നന്നായി പഠിച്ചില്ലെങ്കില്‍ നല്ല കല്യാണം കിട്ടില്ലെന്ന്.സ്നേഹത്തിന്റെ ഭാഷ-എന്നാലോ കല്യാണമാണ് വിദ്യാഭ്യാസ ലക്ഷ്യമെന്നു ഊന്നുകയും!.ആണ്‍ കുട്ടികളോട് പറയുന്നത് നന്നായി പഠിച്ചില്ലെങ്കില്‍ നല്ല ജോലി കിട്ടില്ലെന്നും . !
ക്ലാസ് തൂക്കാനും വാരാനും ആരെയാണ് നിയോഗിക്കുന്നത്?
  • തീരുമാനം എടുക്കാന്‍,വിമര്‍ശനാത്മകമായി പ്രതികരിക്കാന്‍.നേതൃത്വ ശേഷി വികസിപ്പിക്കാന്‍ബോധപൂര്‍വമായി എന്ത് അവസരങ്ങള്‍ ആണ് പെണ്‍കുട്ടികള്‍ക്ക് നാം ഒരുക്കുന്നത്.?
നിങ്ങളുടെ വിദ്യാലയം മികച്ചതാണെന്ന് പറയുമ്പോള്‍ ഇവ കൂടി പരിഗണിക്കണം.





ഈ ചിത്രവും ഓര്‍മയില്‍ നിന്നും മായരുത്.





---------------------------------------------------------------------------------
ഹെല്‍പ്പ് ഡസ്ക്
(പെണ്‍ കുട്ടികള്‍ക്ക് പിന്തുണയും ആത്മവിശ്വാസവും പരിഗണനയും നല്‍കുന്ന പദ്ധതി)

പന്തലായനി ബി.ആര്‍.സി തല ഹെല്‍പ്പ് ഡസ്ക് 2010 ഡിസം.2 ന് കെയിലാണ്ടി മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.ഷീജ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് .വി,കെ അധ്യക്ഷനായിരുന്നു.ബി.പി.ഒ ശ്രീ.സത്യന്‍ പുളിഞ്ഞോളി,ട്രെയ്നര്‍ ശ്രീ.ജോര്‍ജ്ജ്.കെ.ടി.,പി.ടി.എ പ്രസിഡന്‍റ് എന്നിവര്‍ സംസാരിച്ചു.
ഹെല്പ് ഡസ്ക് ബോക്സ് ഉദ്ഘാടനവും നടന്നു.
കുറുവിലങ്ങാട് സെന്‍ട്രല്‍ യു പി സ്കൂളിലെ 5 ,6 ,7ക്ലാസ്സുകളിലെ കുട്ടികള്‍,അധ്യാപകര്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ 200 ലധികം പേര്‍ സന്നിഹിതരായിരുന്നു