ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പഠനോത്സവം. Show all posts
Showing posts with label പഠനോത്സവം. Show all posts

Thursday, February 7, 2019

പഠനോത്സവം പ്രവേശനോത്സവമായി


2016-17ല്‍ അര്‍ച്ചനയ്കൊരു കൂട്ടുവേണം എന്ന വാര്‍ത്തയിലൂടെയാണ് സ്കൂള്‍ നാട്ടിലെ ചര്‍ച്ചാവിഷയമായത്. ഇപ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളാ‍ക്കാകെ മാതൃകയായി ആ സ്കൂള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. ചെറിയാക്കര ഗവ.എൽ പി സ്കൂളിലേക്ക് പ്രവേശനം നേടാൻ പഠനോത്സവ വേദിയിലേക്ക് എത്തിയത് 23 കുട്ടികൾ.13 പേർ ഒന്നാം തരത്തിലേക്കും 10 പേർ പ്രീ പ്രൈമറിയിലേക്കും. നിലവിൽ വിദ്യാലയത്തിൽ 13 കുട്ടികളാണ് ആകെയുള്ളത്. കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കിടയിൽ ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും വിദ്യാലയം വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇതോടെയാണ് പ്രവേശന നടപടികൾ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ തന്നെ 23 കുട്ടികൾ വിദ്യാലയത്തിലെത്തിയത്.ജനകീയ കൂട്ടായ്മയിൽ ഒരു പൊതു വിദ്യാലയം നടത്തുന്ന മുന്നേറ്റം ഫലം കാണുന്നതിന്റെ തെളിവാണിത്. മഹേഷ് വിശദാംശങ്ങള്‍ പങ്കുവെക്കുന്നു-
സമീപത്തെ ക്ലബ്ബായിരുന്നു പഠനോത്സവ വേദി.
  • ഇംഗ്ലീഷ് ഡയറി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് ഫോട്ടോ അടക്കം നാലാം ക്ലാസുകാരി ശ്രീനിക സുധീർ പ്രിന്റെടുത്ത് നൽകിയപ്പോൾ നാട്ടുകാരും രക്ഷിതാക്കളും കൈയടിച്ചു. പഠനത്തോടൊപ്പം ഇവിടെ മലയാളം, ഇംഗ്ലീഷ് ഡി.ടി.പി.യിലും കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.
  • കലണ്ടർനോക്കാതെ തീയതികൾ പറഞ്ഞും,
  • വായനക്കാർഡുകൾ മികവോടെ വായിച്ചും കുട്ടികൾ മികവു കാട്ടി.
  • സംഗീത ശിൽപം, നാടകം എന്നിവയും അരങ്ങേറി.
  • പ്രദേശത്തെ നാലാം തരം വരെയുള്ള കുട്ടികൾക്ക് ആകാശ മിഠായി പ്രവർത്തന പുസ്തകവും നൽകി.
  • പഠനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നാട്ടുകാർക്കും രക്ഷിതാക്കൾക്കും സമ്മാനങ്ങൾ ഒരുക്കിയിരുന്നു.
  • സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് സൗജന്യമായി ഇരുന്നൂറോളം സസ്യങ്ങൾ നൽകിയ ദിവാകരൻ കടിഞ്ഞിമൂലയെ ചടങ്ങിൽ കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള പൊന്നാടയണിയിച്ച് ആദരിച്ചു..
 
സംസ്ഥാനത്തുടനീളം പഠനോത്സവത്തെ ഹൃദയത്തിലേറ്റിയ വിദ്യാലയങ്ങളില്‍ നിന്നും ആവേശകരമായ വാര്‍ത്തകളാണ് ലഭിക്കുന്നത്.
കാസര്‍കോഡു നിന്നും മറ്റൊരു വാര്‍ത്ത
"ഈ കഥയൊന്ന് വായിച്ച് കേൾപ്പിക്ക് മോളേ, ''
നാലാം ക്ലാസിലെ കുട്ടിക്ക്  വായനാ മെറ്റീരിയൽ നൽകി രക്ഷിതാവിന്റെ ചാലഞ്ച് .കഥ മനോഹര മായി വായിച്ചു കേൾപ്പിച്ച തിനു ശേഷം  രക്ഷിതാവ് ശ്രദ്ധിച്ചോ എന്നറിയാൻ  തിരിച്ച് ചോദ്യങ്ങൾ ചോദിച്ച് നാലാം ക്ലാസു കാരിയും! എല്ലാ കുട്ടികളും ഇതേ രീതിയിൽ ഗംഭീരമായി വായിച്ചപ്പോൾ നിറഞ്ഞ കയ്യടിയോടെ പ്രോത്സാഹിപ്പിക്കുന്ന സദസ്യർ.. തന്റെ കുട്ടിയുടെ പഠന മികവിൽ ഓരോ രക്ഷിതാവിനും തികഞ്ഞ സംതൃപ്തി. അടുത്ത വർഷം എന്റെ കുട്ടിയെ ഇവിടെത്തന്നെ ചേർക്കണമെന്ന ആവശ്യവുമായി ഒരമ്മയെഴുന്നേറ്റപ്പോൾ അഡ്മിഷൻ ഫോറം വാങ്ങി അടുത്ത വർഷത്തേക്കുള്ള  പ്രവേശനമുറപ്പിക്കുന്ന രക്ഷിതാക്കൾ.
പഠനോത്സവം തീരുമ്പോഴേക്കും വിദ്യാല വികസന നിധിയിലേക്ക് സഹായവാഗ്ദാനം നൽകി മാതൃകയാകുന്ന
പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, സംഘടനകൾ ! മുക്കൂട് ഗവ: എൽ.പി. സ്കൂളിൽ വെച്ചു നടന്ന ബേക്കൽ ഉപജില്ലാതല പoനോത്സവമാണ് കൗതുകവും ആവേശവുമുണർത്തുന്ന അനുഭവങ്ങളുടെ വേദിയായി മാറിയത്.
            കുട്ടികളുടെ പഠന മികവ് രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും പൊതു വിദ്യാലയ മേന്മകൾ സാമൂഹ്യ മായി വിലയിരുത്തുന്നതിനും, വിദ്യാലയ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്ന തിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത  പഠനോത്സവം വ്യത്യസ്തമായൊരു അക്കാദമിക കൂട്ടായ്മയുടെ മാതൃകയായി  മാറി.
വിവിധ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയ അറിവുകൾ വായന, സംഭാഷണം, ഡയറി അവതരണം, ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരണം, കൂട്ടപ്പാട്ട്, നാടകം, സംഖ്യാ വ്യാഖ്യാനം, പ്രശ്ന പരിഹരണം തുടങ്ങി വ്യത്യസ്ത രീതിയിൽ അവർ വിനിമയം ചെയ്തപ്പോൾ  രക്ഷിതാക്കൾ കാഴ്ച്ചക്കാരാകാതെ സജീവ പങ്കാളികളായി. ആദ്യമായാണ് കുട്ടിയെയും സ്കൂളിനെയും പഠന രീതികളെയുമറിയാൻ തങ്ങൾക്ക് ഇത്രയും വിപുലവും ഫലപ്രദവുമായ അവസരം ലഭിച്ചതെന്ന് അവർ   പറഞ്ഞു. അതു കൊണ്ട് തന്നെ പഠനോത്സവം തങ്ങളുടേതാക്കി മാറ്റാൻ മത്സരിക്കുന്ന രക്ഷിതാക്കളെയാണ്  കാണാൻ കഴിഞ്ഞത്. സമീപ പ്രദേശങ്ങളിലെ മൂന്ന് അങ്കണവാടികളിലെയും സ്കൂളിലെ
പ്രീപ്രൈമറിയിലെയും കുട്ടികളുടെ കലാപരിപാടികളോടെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച പഠനോത്സവം വൈകുന്നേരം  അഞ്ചര വരെ നീണ്ടുനിന്നു.
- ഒയോളം നാരായണന്‍ ( പ്രഥമാധ്യാപകന്‍)
   3
രാജേഷ് വളളിക്കോടിന്റെ കുറിപ്പ്
ആരംഭിച്ച ഇടങ്ങളിലെല്ലാം പഠനോത്സവങ്ങൾ രക്ഷിതാക്കൾക്ക് പുതിയ അനുഭവങ്ങളാണ് പ്രദാനം ചെയ്തിട്ടുള്ളത്. പഠനോത്സവത്തിന്റ പത്തനംതിട്ട ജില്ലയിലെ ഉദ്ഘാടന വേദിയായ നന്നുവക്കാട്  എം എസ് എൽ പി സ്കൂളിൽ നടന്ന ഒരു ചെറിയ അവതരണം വിവരിക്കാം .

നാലാം ക്ലാസിലെ കുട്ടികളാണ് വേദിയിൽ ഉള്ളത്. കാഴ്ചക്കാരായി മറ്റു ക്ലാസിലെ കുട്ടികളും രക്ഷകർത്താക്കളും . നാലാം ക്ലാസിലെ കുട്ടികൾ ഇന്ത്യയുടെ ഔട്ട്ലൈൻ ഭൂപടം ഉയർത്തിക്കാണിക്കുന്നു. ഇതിനുശേഷം ഈ ഭൂപടത്തിൽ ത്രിപുര എവിടെയെന്ന് തിരിച്ചറിഞ്ഞ പറഞ്ഞുതരാമോ എന്ന ചോദ്യമുയർത്തി? രക്ഷിതാക്കളോടായിരുന്നു ചോദ്യം ഏതാണ്ട് പരിപൂർണമായ നിശബ്ദതയായിരുന്നു ആദ്യ കുറെ നേരം അതിനുശേഷം ഒരു അച്ഛൻ വന്നു ഭൂപടത്തിൽനിന്ന് തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്ന് ചൂണ്ടിക്കാണിച്ചു, തെറ്റായിരുന്നു ഉത്തരം. ചെറിയ തിരച്ചിലിന് ശേഷം അദ്ദേഹം ത്രിപുരയുടെ യഥാർത്ഥ സ്ഥാനം കണ്ടെത്തി. ത്രിപുര യെ കുറിച്ച് എന്തെല്ലാം വിവരങ്ങൾ നിങ്ങൾക്ക് അറിയാം എന്നതായി കുട്ടികളുടെ അടുത്ത ചോദ്യം .ഈ ചോദ്യത്തിന് വേണ്ടത്ര പ്രതികരണം രക്ഷകർത്താക്കളിൽ നിന്ന് ഉണ്ടായില്ല .മറ്റ് ക്ലാസിലെ കുട്ടികൾ ചില ഉത്തരങ്ങൾ പറയാൻ സന്നദ്ധരായിരുന്നു .പിന്നീട് രക്ഷകർത്താക്കൾക്ക് ചോദ്യം ചോദിക്കുവാൻ അവസരം ലഭിച്ചപ്പോൾ  ചോദിച്ച ഏതു സംസ്ഥാനവും നാലാം ക്ലാസിലെ കുട്ടികൾ ഇന്ത്യയുടെ ഭൂപടത്തിൽ കൃത്യമായി ചൂണ്ടിക്കാണിച്ചു . എന്ന് മാത്രമല്ല ഏതാണ്ട് നാലാം ക്ലാസിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട സംസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾക്കും ഉത്തരം പറയുവാൻ ഈ കുട്ടികൾക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. കുട്ടികളോട് ചോദിച്ചചില ചോദ്യങ്ങൾ രക്ഷകർത്താക്കളോട് തിരിച്ചുചോദിച്ചപ്പോൾ ബഹുഭൂരിപക്ഷത്തിനും ഉത്തരം മൗനമായിരുന്നു. എങ്കിലും ഈ തോൽവി തങ്ങൾക്ക് വരാൻപോകുന്ന വലിയ വിജയത്തിന്റെ അടയാളങ്ങളാണെന്ന തിരിച്ചറിവിൽ നിറഞ്ഞ ചിരിയായിരുന്നു രക്ഷിതാക്കളുടെ മുഖത്ത്!
 4.
ഷൊര്‍ണൂരില്‍ നിന്നും മനോഹരന്‍ എഴുതുന്നു.
ഒരു പൊതു വിദ്യാലയം ഏകമനസ്സോടെ - രക്ഷിതാക്കൾ, അധ്യാപിക മാർ, അധ്യാപകർ, കുട്ടികൾ, ജനപ്രതിനിധികൾ, പൊതു സമൂഹം - പ്രവർത്തിക്കുന്ന കാഴ്ചയാണ് പഠനോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേളയിൽ ഷൊർണൂർ യു.പി.സ്കൂളിൽ കണ്ടത്. കുട്ടികൾ അവതരിപ്പിച്ച പഠനപ്രവർത്തനങ്ങളിൽ വൈവിധ്യവും പുതുമയുമുണ്ടായിരുന്നു. എല്ലാ കുട്ടികൾക്കും പങ്കാളിത്തമുണ്ടായി.ഭിന്നശേഷിക്കാരിയായ ഒരു കുട്ടി പോലും ആകർഷകവും ആശയസമ്പുഷ്ടവുമായ ഒരു പരിപാടി അവതരിപ്പിച്ചു.എല്ലാ വിഷയങ്ങളുടെയും ഉള്ളടക്കം പരിഗണിച്ചിരുന്നു. മികവ് കാണിക്കുന്ന സാധാരണക്കാരിയായ - നല്ല വായനക്കാരിയായ - റംല എന്ന രക്ഷിതാവിനെയും പoന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യയെയും കലയെയും സർഗാത്മകമായി പരിപാടിയിൽ കൂട്ടിയിണക്കി .ഒഴിവു ദിവസത്തെ അധ്യയനദിവസത്തെക്കാൾ അർഥപൂർണമാക്കി.
റിപ്പബ്ലിക് ദിനത്തിൽ, ഭരണഘടന മുന്നോട്ടു വെക്കുന്ന മതേതരത്വം എന്ന ആശയത്തെ സാക്ഷാൽക്കരിക്കുന്ന പൊതു വിദ്യാലയത്തിന്റെ (മതേതര സമൂഹത്തിന്റെ വ്യവസ്ഥാപിത ആരാധനാലയങ്ങളാണ് പൊതുവിദ്യാലയങ്ങൾ - ഇവാൻ ഇലിയിച്ച്) ഈ നേട്ടം ഏറെ സന്തോഷം നൽകുന്നു.
ഹെഡ്മാസ്റ്ററും അധ്യാപകരും ദിവസങ്ങളായി ഉറക്കമൊഴിച്ച വിവരം വാർഡ് കൗൺസിലർ സൂചിപ്പിച്ചു.

ഇടയ്ക്കു പിണങ്ങണം നിദ്രയോട്
ഉറങ്ങുമ്പോൾ കിഴക്കും പടിഞ്ഞാറും
പൗർണമിയുദിക്കുവാൻ !

                   ഡോക്ടർ.കെ.സച്ചിദാനന്ദൻ
ഈ യുണർവാലുറക്കൊഴിക്കട്ടെ ഞാൻ
ജീവിതത്തിന്റെ രാവെളുപ്പോളവും.

                   വിഷ്ണുനാരായണൻ നമ്പൂതിരി

ഈ മാതൃകയെ നമുക്ക് നെഞ്ചേറ്റാം ----
ഒരു രക്ഷിതാവിൻ്റെ കുറിപ്പ്:
നമ്മുടെ വിദ്യാലയം
നമ്മുടെ മക്കൾ
നമ്മൾ.. അദ്ധ്യാപകർ, രക്ഷിതാക്കൾ, സുമനസ്സുകളുടെ ഒത്തുചേരൽ...... ഒറ്റ ലക്ഷ്യം
പൊതുവിദ്യാഭ്യാസത്തിന്റെ അന്തസത്ത വാനോളം ഉയർത്തുക. "പഠനോത്സവം " ജില്ലാതല ഉദ്ഘാടനം ഈ ലക്ഷ്യത്തിനെ വിജയത്തിൽ എത്തിക്കാൻ കഴിഞ്ഞു. നമ്മുടെ വിദ്യാർത്ഥികൾ നടത്തിയ പഠനപ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെ. അവരെ സജ്ജരാക്കിയ ഗുരുക്കളെ നന്ദിയോടെ ഓർക്കുന്നു.ഏറ്റവും വലിയ സവിശേഷത ഒരു കുഞ്ഞിനെ പോലും ഒഴിവാക്കിയില്ല എന്ന അപൂർവ മാതൃക. നമ്മുടെ സമീപപ്രദേശങ്ങളിൽ ആയിരങ്ങൾ ചെലവു ചെയ്തു നടത്തുന്ന പരിപാടികൾക്കൊപ്പം നിൽക്കുന്ന, അതിനേക്കാൾ മെച്ചപ്പെട്ട സൃഷ്ടികൾ നമ്മുടെ മക്കൾ നടത്തിയതിന് നാം സാക്ഷികളായി. ഇത് തുടർന്ന് പോകട്ടെ... ഈ വിദ്യാലയം ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന അനുഗ്രഹങ്ങൾ നമ്മുക്ക് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം. അവരുടെ മക്കളും ഇവിടെ പഠിക്കട്ടെ, അനുഗ്രഹിക്കപെടട്ടെ................
ഒരിക്കൽകൂടി എല്ലാവർക്കും അഭിനന്ദനങ്ങൾ.

                                                                        വിൻസെന്റ് ജോർജ്

Saturday, January 26, 2019

പഠനോത്സവത്തിന്റെ ആസൂത്രണാനുഭവങ്ങള്‍


വിദ്യാലയങ്ങള്‍ പഠനോത്സവാസൂത്രണത്തിലാണ്. ചിലേടത്ത് തുടങ്ങി. ചിലേടത്ത്
ആലോചനാഘട്ടത്തിലാണ്. ചിലരാകട്ടെ ആവേശത്തിലും. മറ്റു ചിലരാകട്ടെ അവ്യക്തതയിലും.
ചുണ്ടുവിളാകം സ്കൂളിലെ കുട്ടികള്‍ പഠനോത്സവ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രം നോക്കൂ. ഓരോ കുട്ടിയും പഠനോത്സവം ഏറ്റെടുത്തിരിക്കുകയാണ് അവിടെ.സഞ്ജുവും മാതാപിതാക്കളും ചേര്‍ന്ന് പാതയോരത്ത് ഒരു കുട സ്ഥാപിച്ച് അതിനു താഴെ പോസ്റ്ററും പതിച്ചു. പതിനഞ്ചിടത്ത് പോസ്റ്റര്‍ പതിക്കാന്‍ കുട്ടികള്‍തന്നെ തീരുമാനിച്ചു,.റിപ്പബ്ലിക് ദിനം പഠനോത്സവ പ്രചണപ്രവര്‍ത്തനോദ്ഘാടന ദിനം കൂടിയായി.
ആലപ്പുഴ ജില്ലയിലെ വിവിധ ബി ആര്‍ സികളിലും പഞ്ചായത്തുകളിലും പഠനോത്സവം എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെക്കുറിച്ചുളള അന്വേഷണം നടത്തി
കിട്ടിയ വിവരങ്ങള്‍ പങ്കിടുന്നത് പഠനോത്സവം ആസൂത്രണം ചെയ്യുന്നവര്‍ക്ക് സഹായകമാകും എന്നു കരുതുന്നു
പഠനോത്സവത്തിന് പഞ്ചായത്തുകളുടെ പിന്തുണ ആവശ്യമുണ്ടോ?
ആലപ്പുഴ ജില്ലയിലെ ഭുരിപക്ഷം പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും പി ഇ സി കൂടി. ഹരിപ്പാട് ബി ആര്‍ സി പരിധിയിലുളളവയുടെ വിശദാംങ്ങള്‍ നോക്കുക. പളളിപ്പാട്(19.01.19), വീയപുരം(17.01.19),ചെറുതന(18.01.19), ചിങ്ങോലി (17.01.19), കാര്‍ത്തികപ്പള്ളി(18.01.19), ചേപ്പാട് (19.01.19),ഹരിപ്പാട്(17.01.19) , മുതുകുളം (18.01.19) പഞ്ചായത്തുകളില്‍ പഠനോത്സവം അജണ്ടയായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കൂടി. പ്രധാനതീരുമാനങ്ങളിവയാണ്
  • ജനപ്രതിനിധികള്‍ മുഴുവന്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പഠനോത്സവങ്ങളില്‍ പങ്കെടുക്കും.
  • പഠനോത്സവത്തിനായുളള സ്കൂള്‍തല സംഘാടകസമിതി യോഗങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുക്കും,
  • എല്ലാ വിദ്യാലയങ്ങളിലും പഠനോത്സവം സ്കൂളിനു പുറത്തുളള വേദിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.
  • വിപുലമായ പ്രചരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു.
  • അക്കാദമികമായ കാര്യങ്ങളാകണം പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
  • പഞ്ചായത്ത് തല പഠനോത്സവം നടക്കുന്ന വിദ്യാലയങ്ങളും തീരുമാനിച്ചു. പളളിപ്പാട്(ജി യു പി എസ് വഴുതാനം ), വീയപുരം(ജി എച് എസ് എസ് വീയപുരം ),ചെറുതന(ജി എന്‍ യു പി എസ് ആയാപറമ്പ്), ചിങ്ങോലി (ജി യു പി എസ് കാര്‍ത്തികപ്പള്ളി), കാര്‍ത്തികപ്പള്ളി(എസ് എന്‍ ഡി പി എച് എസ് മഹാദേവിക്കാട്), ചേപ്പാട് (ജി എല്‍ പി എസ് കണിച്ചനല്ലൂര്‍ ),ഹരിപ്പാട്(ജി ജി എച് എസ് എസ് ഹരിപ്പാട്) , മുതുകുളം (കെ എ എം യു പി എസ് ആയാപറമ്പ്)
  • ഹരിപ്പാട് ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും എസ് ആര്‍ ജി കൂടി പഠനോത്സവം ആസൂത്രണം ചെയ്തിട്ടുണ്ട്.
പി ഇ സി യോഗം പഠനോത്സവത്തെ ജനകീയമാക്കും. പ്രാദേശിക സംഘാടനത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയുണ്ടാകും. അവര്‍ വിദ്യാലയങ്ങളിലെ അക്കാദമിക മികവുകള്‍ മനസിലാക്കുകയും ജനങ്ങളിലേക്ക് പകരുകയും ചെയ്യും. കേവലം ഉദ്ഘാടകരെന്ന നിലയില്‍ നിന്നും സംഘാടകരെന്ന നിലയിലേക്ക് മാറും. പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും
പഠനോത്സവങ്ങള്‍ സമൂഹത്തിലേക്ക്
ചേര്‍ത്തല ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിദ്യാഭ്യാസസസമിതി കൂടി. ഓരോ സ്കൂളും പഠനോത്സവം നടത്തേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. മണ്ണഞ്ചേരി പഞ്ചായത്തില്‍ ഗ്രന്ഥശാല, പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍,യു ഐ ടി സെന്റര്‍ , സ്കൂള്‍ മുറ്റം എന്നിവിടങ്ങളില്‍ പഠനോത്സവം നടക്കും, മാരാരിക്കുളം സൗത്തിലാകട്ടെ ബാലകൈരളി, ബ്ലോക്ക് ജംഗ്ഷന്‍,അങ്കണവാടികള്‍, സ്കൂള്‍ മുറ്റം എന്നിവിടങ്ങളിലും മുഹമ്മ പഞ്ചായത്തില്‍ ഒരുമ വായനശാല, പൊന്നാട് പ്രഭാത് വായനശാല, വിക്ടറി ക്ലാസ് ഗ്രൗണ്ട്, കായിക്കര അമ്പലം ഹാള്‍, തുരുത്തന്‍ കവല, അനന്തശയനേശ്വരക്ഷേത്രം ഹാള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പഠനോത്സവം നടക്കുക
  • പഠനോത്സവം വിദ്യാലയത്തിനുളളിലാണ് നടക്കുന്നതെങ്കില്‍ രക്ഷിതാക്കള്‍ മാത്രമേ കാണാനുണ്ടാകൂ.
  • നാട്ടിലെ ശ്രദ്ധേയമായ സ്ഥലത്താണെങ്കില്‍ കൂടുതല്‍ പേര്‍ ഈ സംഭവം അറിയും
    • കുട്ടികളുടെ നിലവാരം , പൊതുവിദ്യാലയങ്ങളിലെ പഠനമികവുകള്‍ ഒക്കെ നാട്ടില്‍ ചര്‍ച്ചയാകും
    • അണ്‍ എയ്ഡഡ് രക്ഷിതാക്കള്‍ പോലും തത്സമയ പ്രകടനങ്ങള്‍ക്ക് തങ്ങളുടെ കുട്ടിക്ക് കഴിവുണ്ടോ എന്നു പരിശോധിക്കും
    • പൊതുവിദ്യാലയങ്ങളിലെ നിലവാരത്തെ സംബന്ധിച്ച തിരിച്ചറിവ് അഡ്മിഷന്‍ കാമ്പെയിനാക്കി പഠനോത്സവത്തെ മാറ്റും
    • കുട്ടികള്‍ക്ക് പ്രാദേശിക സമൂഹത്തിന്റെ അംഗീകാരം ലഭിക്കും
    • പൊതുസദസ്സില്‍ നിസ്സങ്കോചം ആത്മവിശ്വാസത്തോടെ പരിപാടികള്‍ അവതരിപ്പിക്കാനുളള അവസരം കുട്ടികള്‍ക്കും ലഭിക്കും.
    • വിദ്യാലയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് പ്രാദേശിക പിന്തുണ ലഭിക്കുന്നതിനുളള അനുകൂലമനോഭാവ സൃഷ്ടിയും നടക്കും.
ഉപജില്ലാതല മോണിറ്ററിംഗ് രീതി എപ്രകാരമാകണം?
ഓരോ വിദ്യാലയത്തിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഉപജില്ലാതലത്തില്‍ ആലപ്പുഴയില്‍ ശേഖരിക്കുന്നുണ്ട്. സ്കൂള്‍തല സംഘാടകസമിതി എന്നാണ്? പഠനോത്സവം എന്നാണ് എന്നിവ ക്രോഡീകരിക്കുന്നുണ്ട്. ഉദാഹരണം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വിവരങ്ങള്‍ ചുവടെ
വിദ്യാലയം
സംഘാടകസമിതി യോഗം
പഠനോത്സവം നടത്തുന്ന തീയതി
തീരദേശ എല്‍ പി എസ് നീര്‍ക്കുന്നം
24.01.19
7.02.19
എച് ഐ എല്‍ പി എസ് നീര്‍ക്കുന്നം
23.01.19
6.02.19
എല്‍ പി എസ് കഞ്ഞിപ്പാടം
24.01.19
5.02.19
എസ് ഡി വി ജി യു പി എസ് നീര്‍ക്കുന്നം
24.01.19
5.02.19
എസ്‍ എന്‍ വി ടി ടി ഐ കക്കാഴം
22.01.19
6.02.19
ഓരോ വിദ്യാലയത്തിലെയും പഠനോത്സവ ഉളളടക്കം
തലവടി ബി ആര്‍ സിയില്‍ ഓരോ പഞ്ചായത്തിലെയും വിവിധ വിദ്യാലയങ്ങളിലെ പഠനോത്സവ ഉളളടക്കം ക്രോഡീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന തകഴി പഞ്ചായത്തില്‍ എല്‍ പി വിഭാഗത്തില്‍ കഥപറയല്‍, കവിതചൊല്ലല്‍, കവിപരിചയം, കൈയെഴുത്ത് മാസിക തയ്യാറാക്കി പ്രകാശിപ്പിക്കല്‍, മലയാളത്തിളക്കത്തില്‍ പങ്കെടുത്ത കുട്ടികളുടെ പുസ്തകവായന, നാടകം, വരികള്‍ കൂട്ടിച്ചേര്‍ക്കല്‍, തത്സമയസംഭാഷണം, , വായനക്കാര്‍ഡ് അവതരണം തുടങ്ങിയവ മലയാളത്തിലും റോള്‍ പ്ലേ, സ്കിറ്റ്, ഹു ആം ഐ, കഥപറയല്‍, വായനക്കാര്‍ഡുകള്‍ വായിക്കല്‍, സംഭാഷണം, തത്സമയനാടകം തുടങ്ങിയ ഇംഗ്ലീഷിലും ലഘുപരീക്ഷണങ്ങള്‍, ഔഷധസസ്യങ്ങള്‍ പരിചയപ്പെടുത്തല്‍, പ്രഥമശുശ്രൂഷ അവതരണം, ശാസ്ത്രബോധവത്കരണം തുടങ്ങിയവ ശാസ്ത്രത്തിലും പ്രായോഗികപ്രശ്നങ്ങള്‍, സ്ഥാനവില കണ്ടെത്തല്‍, സംഖ്യാകാര്‍ഡുകള്‍ ക്രമീകരിക്കല്‍,മാന്ത്രിക ചതുരനിര്‍മാണം തുടങ്ങിയവ ഗണിതത്തിലും നടക്കും. എല്ലാ പഞ്ചായത്തുകളിലെയും എല്‍ പി ,യു പി തലങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും ആസൂത്രണം ചെയ്തവയാണ് ഇങ്ങനെ ക്രോഡീകരിച്ചത്.
ആസ്വാദ്യവായന
  • ഇങ്ങനെ ക്രോഡീകരിക്കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ കൂടി മനസിലാക്കണം. വിദ്യാലയം ചിന്തിക്കേണ്ടത്
  • കുട്ടികള്‍ കാണാതെ പഠിച്ച് അവതരിപ്പിക്കുകയാണോ അതോ രക്ഷിതാക്കള്‍ക്ക് ഇനം നിര്‍ദേശിക്കാന്‍ അവസരമുണ്ടോ?
  • സംവാദാത്മകമായ രീതിയാണോ?
  • കുട്ടികളുടെ പങ്കാളിത്തമെങ്ങനെ?
  • ഓരോ ക്ലാസിന്റെയും പങ്കാളിത്തമെങ്ങനെ?
  • എല്ലാ ക്ലാസിലും സാമന വിഷയങ്ങളില്‍ വൈവിധ്യമുണ്ടോ?
  • ഈ അവതരണം പ്രചോദനാത്മകമാണോ?

ഉപജില്ലാ ഓഫീസറുടെ അറിയിപ്പ്
ഇന്നു വാട്സാപ്പില്‍ ഷെയര്‍ ചെയ്തു കിട്ടിയതാണ്.
പ്രത്യേക അറിയിപ്പ്‌ -
28.1 .19 തിങ്കളാഴ്ച 10.30 ന് പ്രഥമാധ്യാപക യോഗം .
എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം.
പഠനോത്സവം എന്നു നടത്തും, എന്തെല്ലാം തയാറെടുപ്പുകളായി, ഓരോ ക്ലാസിലെ ഓരോ കുട്ടിയും എന്തെല്ലാം പഠന മികവുകളാണ് അവ തരിപ്പിക്കുന്നത്, സ്വാഗതസംഘം എന്നു വിളിക്കും,ഏതെല്ലാം ജനപ്രതിനിധികളെ വിളിക്കും, എവിടെ വെച്ചാണ് നടത്തുന്നത്, ( കഴിയുമെങ്കിൽ പൊതു ഇടത്തു വെച്ചു നടത്തണം) അങ്ങനെ ചെയ്യാൻ പോകുന്ന എല്ലാ പ്രവർത്തനങ്ങളും എഴുതി തയാറാക്കി കൊണ്ടുവരണം. അവതരിപ്പിക്കണം.
ഡി .ഡി ഇ നിർദ്ദേശം നൽകിയതാണ്. ശനി, ഞായർ രണ്ടു ദിവസമുണ്ട്. അധ്യാപകരെ ശനി ഞായർ ദിവസങ്ങളിൽ കാണാൻ പറ്റുമെങ്കിൽ എല്ലാവരും കൂടി ചർച്ച ചെയ് ത് എഴുതുക അല്ലെങ്കിൽ ഫോണിൽ കൂടി സംസാരിച്ചു തീരുമാനിക്കുക. എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കണം.

പഠനോത്സവം ചിട്ടപ്പെടുത്തുന്നതിനും ആസൂത്രണാനുഭവങ്ങല്‍ പങ്കിടുന്നതിനും ഇത്തരം ഇടക്കാല യോഗങ്ങള്‍ നല്ലതാണ്. പത്ത് വിദ്യാലയങ്ങളിലെ പഠനോത്സവം കഴി‍ഞ്ഞാല്‍ അതിന്റെ അവലോകനം നടത്താനും ആലപ്പുഴ ജില്ലയിലെ ഓരോ ഉപജില്ലയും തീരുമാനിച്ചിട്ടുണ്ട്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയാണിത്. പഠനോത്സവാനന്തര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കാന്‍ ശില്പശാലകളും വിവിധ തലങ്ങളില്‍ നടക്കും.
ഓരോ ക്ലാസിലും എന്തു നടക്കുന്നു? ഒരു സ്കൂളിന്റെ ആസൂത്രണം
മൂഹമ്മ സി എം എസ് എല്‍ പി സ്കൂളിലെ പഠനോത്സവ ആസൂത്രണം എങ്ങനെയെന്നു നോക്കാം.
ജനുവരി പതിനെട്ടാം തീയതിയാണ് അവിടെ എസ് ആര്‍ ജി കൂടിയത്
എസ് ആര്‍ ജി തീരുമാനങ്ങള്‍ ഇവയാണ്
  • ഡിവിഷന്‍ അടിസ്ഥാനത്തില്‍ ക്ലാസ് തല പഠനോത്സവങ്ങള്‍ ആദ്യം സംഘടിപ്പിക്കണം
  • നമ്മുടെ വിദ്യാലയം മികവിന്റെ കേന്ദ്രമാണെന്നും പഠനത്തിനെത്തുന്ന കുട്ടികള്‍ അറിവ് നിര്‍മിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ധാരണ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനുതകുന്ന രീതിയില്‍ ഒരു അക്കാദമിക ഉത്സവാന്തരീക്ഷം ഓരോ ക്ലാസിലും ഒരുക്കണം
  • ഓരോ ടീച്ചറും പഠനോത്സവത്തിനായി ഒരുക്കങ്ങള്‍ നടത്തണം
  • രക്ഷിതാവിന് മുന്നില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യണം
  • ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം
  • ക്ലാസ് തലത്തില്‍ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കണം
  • ഓരോ വിഷയം തിരിച്ച് ക്ലാസില്‍ കോര്‍ണറുകള്‍ ഒരുക്കി ഉല്പന്ന പ്രദര്‍ശനം നടത്തണം
  • പ്രദര്‍ശിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് വിശദീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയണം
  • ഓരോ ക്ലാസിലെയും മികച്ച പ്രവര്‍ത്തനങ്ങളാണ് സ്കൂള്‍ തല പഠനോത്സവത്തില്‍ അവതരിപ്പിക്കേണ്ടത്.
  • മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍
    • രക്ഷിതാക്കളെയും ജനപ്രതിനിധികളെയും ക്ഷണിക്കുന്നതിനുളള കത്ത് ഇംഗ്ലീഷിലും മലയാളത്തിലും കുട്ടികള്‍ തയ്യാറാക്കണം
    • പോസ്റ്ററുകള്‍ തയ്യാറാക്കി പതിക്കണം
    • വാട്സ് ആപ്പ് ക്ലാസ് ഗ്രൂപ്പുകളിലൂടെ പ്രചരണം
    • ബാനറുകള്‍
    • വിളംബര റാലി ( സ്കൂള്‍ തല പഠനോത്സവം)
    • ഫ്ലാഷ് മോബ്
  • പഠനോത്സവ തീയതികള്‍
    • ഫെബ്രുവരി മാസം നാല്, അഞ്ച്, ആറ്,ഏഴ് തീയതികളില്‍ ക്ലാസ് തല പഠനോത്സവങ്ങളും ഒമ്പതാം തീയതി സ്കൂള്‍ തല പഠനോത്സവവും നടത്തണം
  • സ്കൂള്‍ തല പഠനോത്സവം
    • കുട്ടികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകള്‍ നല്‍കി സ്വീകരിക്കണം
    • ക്ലാസ് തല കോര്‍ണറുകളും എക്സിബിഷന്‍ കോര്‍ണറും വേണം
    • രക്ഷിതാക്കളെ പങ്കാളികളാക്കി ചെയ്യാവുന്ന ചില പ്രവര്‍ത്തനങ്ങളും വേണം (ഉദാ- വരയ്കാം സമ്മാനം വാങ്ങാം)
    • സ്കൂള്‍ ഈ വര്‍ഷം ഏറ്റെടുത്ത പത്ത് ഹരിതോത്സവങ്ങളുടെ അവതരണം കുട്ടികള്‍ നടത്തണം.
    • തുടര്‍ന്ന് ക്ലാസ് , വിഷയ പ്രാതിനിധ്യമുളള ഇനങ്ങള്‍
  • പഠനോത്സനത്തിനു ശേഷം ചേരുന്ന ആദ്യ എസ് ആര്‍ ജിയില്‍ പഠനോത്സവത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
ഓരോ ക്ലാസിലെയും വിഷയാടിസ്ഥാന മോഡ്യൂള്‍ എനിക്ക് തന്നു. ഒന്നാം ക്ലാസിലെ കുട്ടികള്‍ എന്താണ് അവതരിപ്പിക്കുക? ഞാന്‍ അതിവിടെ പങ്കിടാം. (ഉയര്‍ന്ന ക്ലാസുകളില്‍ ക്രമാനുഗതമായ വളര്‍ച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്)
മലയാളം
ഇംഗ്ലീഷ്
ഗണിതം
വായനാനുഭവം പങ്കിടല്‍
ക്ലാസ് വാടനാചാര്‍ട്ട് പ്രദര്‍ശിപ്പിക്കും ( കുട്ടിയുടെ പേര, വായിച്ച പുസ്തകങ്ങളുടെ പേര്)
രക്ഷിതാവ് ക്ഷണിക്കുന്ന കുട്ടി നിര്‍ദേശിക്കുന്ന പുസ്തകത്തെക്കുറിച്ചുളള വായനാനുഭവം പങ്കിടും
രക്ഷിതാക്കള്‍ വിലയിരുത്തണം
  • വായനാസാമഗ്രിയുടെ ഉളളടക്കം ബോധ്യപ്പെടും വിധമായിരുന്നോ അവതരണം
  • മറ്റൊരാള്‍ക്ക് വായിക്കാന്‍ പ്രചോദകമാകുന്ന വിധമാണോ അവതരണം
  • മറ്റു സവിശേഷതകള്‍
Pick and speak
പവങ്ങള്‍, പച്ചക്കറികള്‍, കളിപ്പാട്ടങ്ങള്‍, പൂക്കള്‍ തുടങ്ങിയ വസ്തുക്കളോ ചിത്രങ്ങളോ ക്ലാസില്‍ ക്രമീകരിക്കുന്നു
അതില്‍ നിന്നും ഒന്നെടുത്ത് രണ്ടോ മൂന്നോ മിനിറ്റ് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിക്കണം.
രക്ഷിതാക്കള്‍ക്ക് നിര്‍ദേശിക്കാം
സംഖ്യാമരം
99വരെയുളള സംഖ്യകളാണ് എഴുതേണ്ടത്.
ഒരു വൃക്ഷം ക്ലാസില്‍ ക്രമീകരിക്കും
കട്ടൗട്ടുകള്‍ (
ഇലകളും കായ്കളും) പെട്ടിയില്‍.
ആര്‍ക്കും സംഖ്യപറയാം
കുട്ടികള്‍ വന്ന് കട്ടൗട്ട് എടുത്ത് അതില്‍ സംഖ്യ എഴുതി വൃക്ഷത്തില്‍ ഫിറ്റ് ചെയ്യും
കഥ വളര്‍ത്തല്‍
പരിചിതമല്ലാത്ത അഞ്ച് കഥകളുടെ ആദ്യഭാഗം, പഠിച്ച കഥയിലെ സംഭാഷണത്തിന്റെ ആദ്യഭാഗം, ചെറിയ കവിതയുടെ ആദ്യഭാഗം കാര്‍ഡില്‍ എഴുതി പെട്ടികളില്‍ വെക്കുന്നു.‍‍‍
കുട്ടികളെല്ലാവരും ഇഷ്ടപ്പെട്ട പെട്ടിയില്‍ നിന്നും ഓരോ കാര്‍ഡ് എടുത്ത് ബാക്കി ഭാഗം അവതരിപ്പിക്കുന്നു
രക്ഷിതാക്കള്‍ വിലയിരുത്തുന്നു
Introducing parents
കുട്ടികള്‍ സഹപാഠികളുടെ രക്ഷിതാക്കളോട് ചോദിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നു
എന്നിട്ട് ആ രക്ഷിതാവിനെ ഇംഗ്ലീഷില്‍ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തുന്നു
ചങ്ങാതിയെ കണ്ടെത്തല്‍
15നും 20 നും ഇടയ്കുളള സംഖ്യാവ്യാഖ്യാനങ്ങള്‍ എഴുതിയ കാര്‍ഡുകള്‍.
രണ്ടു സംഖ്യകള്‍ എഴുതാന്‍ കഴിയുന്ന കാര്‍ഡുകള്‍.
രക്ഷിതാവ് കാര്‍ഡ് കുട്ടികള്‍ക്ക് നല്‍കുന്നു.
രക്ഷിതാവ് നിര്‍ദേശിക്കുന്ന സംഖ്യ നടുവിലെ കോളത്തില്‍ എഴുതണം. ആ സംഖ്യയുടെ വ്യാഖ്യാനവും എഴുതണം
ആവശ്യപ്പെടുന്ന പക്ഷം സംഖ്യുടെ മുമ്പും പിമ്പുമുളള സംഖ്യകളും എഴുതണം
എന്റെ അനുഭവം
വ്യത്യസ്ത അനുഭവങ്ങളുടെ നറുക്ക് തയ്യാറാക്കുന്നു,
രക്ഷിതാവ് നറുക്കെടുത്ത് ഇഷ്ടമുളള കുട്ടിയെ ക്ഷണിക്കുന്നു. കുട്ടി നറുക്കുമായി ബന്ധപ്പെട്ട അനുഭവ വിവരണം നടത്തുന്നു.
രക്ഷിതാവിന് വിശദീകരണം തേടാം. രക്ഷിതാവിനും അനുഭവ വിവരണം നടത്താം.
Picture picture
രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ ഇംഗ്ലീഷിലുളള നിര്‍ദേശം പാലിച്ച് ചിത്രം പൂര്‍ത്തീകരിക്കുന്നു
കച്ചവടക്കളി
ചെറിയ വിലയുളള സാധനങ്ങള്‍
രണ്ടെണ്ണം രക്ഷിതാവിന് എടുക്കാം. കുട്ടികള്‍ ബില്ല് നല്‍കും
കൊറിയോഗ്രാഫി
വീട്, പൂക്കള്‍, മരങ്ങള്‍ എന്നിവയുടെ കട്ടൗട്ട് ക്രമീകരിച്ചിരിക്കുന്നു
നിര്‍ദേശിക്കുന്ന കുട്ടികള്‍ വന്ന കോറിയോഗ്രാഫി അവതരിപ്പിക്കുന്നു





മുകളില്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങളുടെ സവിശേഷതകള്‍ എന്താണ്?
  • കാണാപ്പാഠം പഠിപ്പിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച കുട്ടി അവതരിപ്പിക്കുന്നില്ല
  • ഏതു കുട്ടി അവതരിപ്പിക്കണമെന്ന് രക്ഷിതാവിന് തീരുമാനിക്കാം
  • രക്ഷിതാവ് നിര്‍ദേശിക്കുന്നത് കുട്ടികള്‍ ചെയ്യും
  • ക്ലാസിലെ ഏതു കുട്ടിയെയും വിളിക്കാം ( ആത്മവിശ്വാസമുളള വിദ്യാലയം)
രണ്ടു ദിവസം വൈകിയാലും വേണ്ടില്ല
ഭംഗിയായി നടത്തണം.
എന്ന് തീരുമാനിക്കുക
ഈ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കൂ
ഓരോ കുട്ടിക്കും ഉയര്‍ന്ന നിലവാരം ഉറപ്പ് 
എന്ന് പ്രഖ്യാപിക്കാനാകണം.
പഠനോത്സവ വേദിയില്‍ വെച്ചു തന്നെ പുതിയ അഡ്മിഷനുളള അപേക്ഷാ സ്വീകരണവും ആലോചിക്കാവുന്നതാണ്.