ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 24, 2021

സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ :

കൊവിഡ് മൂലം ദീർഘകാലം അടഞ്ഞുകിടന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രർത്തിക്കുന്നതു സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സർക്കാരിൻ്റെ പരിഗണനയ്ക്കായി സമർപ്പിച്ച നിർദ്ദേശങ്ങളുടെ പൂർണ രൂപം ചുവടെ വായിക്കാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് പറയാനുള്ളത്

   

ആമുഖം

സ്കൂളുകളും കോളേജുകളും മറ്റും അടച്ചത് കുട്ടികള്‍ക്കും കുട്ടികളിലൂടെ മുതിര്‍ന്നവര്‍ക്കുമുള്ള വലിയ തോതിലുള്ള രോഗവ്യാപനം തടയാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് അനുഭവത്തിലൂടെ തന്നെ വ്യക്തമായിക്കഴിഞ്ഞു. അതിനാൽ വിദ്യാലയങ്ങള്‍ തുറക്കുന്നതുമൂലം കുട്ടികൾക്ക് സാരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയക്കേണ്ടതില്ല. മറിച്ച് വീട്ടിലുള്ള മുതിര്‍ന്നവരിലേക്ക് രോഗാണുവ്യാപനം നടന്ന് അത്യാഹിതങ്ങള്‍ ഉണ്ടാകുന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

എന്നാല്‍ ഇതിനകം 18 വയസ്സിന് മുകലിലുള്ള 90 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിക്കഴിഞ്ഞു. രോഗബാധിതരുടെ എണ്ണവും ആശുപത്രി പ്രവേശനനിരക്കും കുറഞ്ഞു വരികയാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദീർഘകാലം അടച്ചിട്ടതു മൂലം കുട്ടികളിലുണ്ടായ സാമൂഹിക-വികാസ - മാനസികാരോഗ്യ പ്രശ്നങ്ങൾ ഏറെയാണ്. അവ പരിഹരിക്കണമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിക്കുക തന്നെ വേണം. ആ നിലക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവില്‍ സ്വാഗതം ചെയ്യുന്നു. 

ചെറിയ കുട്ടികള്‍ക്കാണ് രോഗപ്രതിരോധശേഷി താരതമ്യേന കൂടുതല്‍. അതിനാല്‍ പ്രൈമറി ക്ലാസുകള്‍ തുറക്കാനുള്ള തീരുമാനത്തെ ഭയാങ്കയോടെ കാണേണ്ടതില്ല. എന്നാല്‍ കൊച്ചുകുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ മാതാപിതാക്കള്‍ സ്വാഭാവികമായും ഉത്കണ്ഠപ്പെടും. അവര്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുമോ എന്ന സംശയമാണ് അതിനു പിന്നില്‍. വേണ്ട രീതിയില്‍ മനസ്സിലാക്കി  കൊടുത്താല്‍ കൊച്ചുകുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ നന്നായി കാര്യങ്ങള്‍ ഏറ്റെടുക്കും എന്നതാണ് വസ്തുത. കോളേജ് വിദ്യാര്‍ഥികളും സാഹചര്യം മനസ്സിലാക്കി പെരുമാറും എന്നുതന്നെ പ്രതീക്ഷിക്കണം. എന്നാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായും ഫലപ്രദമായും നടക്കണം. ഇക്കാര്യം രക്ഷാകര്‍ത്താക്കളെയും പൊതുസമൂഹത്തെയും ശരിയാംവിധം ബോധ്യപ്പെടുത്തുകയും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച തീയതികള്‍ക്കുള്ളില്‍ ഇതൊക്കെ നടക്കണമെങ്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്കൂളുകളിലും കോളേജുകളിലും ഉള്ള ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളണം. ഇത്തരം കാര്യങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനുള്ള ഉത്കണ്ഠ രേഖപ്പെടുത്തുന്നതോടൊപ്പം ഏതാനും നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിക്കുന്നു.


 1. ആരോഗ്യസുരക്ഷാ നടപടികള്‍


പ്രോട്ടോക്കോള്‍

 • സ്കൂളിലേക്കും കോളേജിലേക്കും വരുമ്പോഴും സ്ഥാപനത്തില്‍ വെച്ചും തിരിച്ച് പോകുമ്പോഴും വീട്ടിലെത്തിക്കഴിഞ്ഞാലും ഹോസ്റ്റലില്‍ കഴിയുമ്പോഴും കാന്റീനിലും കുട്ടികള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ രൂപീകരിക്കുകയും പരസ്യപ്പെടുത്തുകയും വേണം

സാമഗ്രികള്‍ ഒരുക്കല്‍ 

 • കുട്ടികള്‍ നിശ്ചിത സ്പെസിഫിക്കേഷനുള്ളതും പ്രായത്തിന് അനുയോജ്യമായതുമായ  മാസ്കുകള്‍ യാത്രക്കിടയിലും വിദ്യാലയങ്ങളിലും ധരിക്കേണ്ടതുണ്ട്. ഓരോ കുട്ടിക്കും ഇരട്ട ലെയറുള്ള നാലഞ്ച് കോട്ടൺ മാസ്ക് വേണ്ടി വരും. ഒരു ദിവസം ഒരു മാസ്ക് എന്ന രീതി സ്വീകരിക്കാം. കഴുകി ഉപയോഗിക്കാവുന്നതായിരിക്കണം. കോളേജ്, ഉപജില്ല / ബി ആർ സി / പഞ്ചായത്ത് തലങ്ങളിൽ മാസ്ക് നിർമിച്ച് എത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. പഠിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസ്ക് എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിക്കാനാകും.

 • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കഴിഞ്ഞാല്‍ കൈകള്‍ സാനിറ്റൈസ് ചെയ്യണം. ഇത് ഇടവേളകളിലും വേണ്ടിവരും. ഇതിനുള്ള സോപ്പും വെള്ളവും മതിയായ എണ്ണം ടാപ്പും ഒരുക്കണം.


ഭൗതികാന്തരീക്ഷം വമെച്ചപ്പെടുത്തല്‍

 • ദീർഘകാലം അടഞ്ഞു കിടന്നതിനാൽ സ്കൂളുകളിലും കോളേജുകളിലും സമ്പൂർണമായ ശുചീകരണം നടത്തണം. 

 • കാറ്റും വെളിച്ചവും കടക്കത്തക്ക രീതിയിലുള്ള ക്രമീകരണം ഉണ്ടെന്ന് ഉറപ്പാക്കണം.

 • സാധ്യമാണെങ്കിൽ മരച്ചുവടുകളും തുറസ്സായ തണലിടങ്ങളും ക്ലാസ് നടത്തിപ്പിനായി ക്രമീകരിക്കാം.


പ്രവേശന നിയന്ത്രണം

 • ഓരോ കുട്ടിയെയും സംബന്ധിച്ചുമുള്ള വിവരങ്ങൾ കഴിവതും മുന്‍കൂട്ടി ശേഖരിക്കണം

കുട്ടിയുടെ ആരോഗ്യനില, നിലവിലുള്ള രോഗങ്ങൾ, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, രോഗാവസ്ഥ, വാക്സിനേഷന്‍ നില, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുണ്പ് വാക്സിനേഷന്‍ എടുത്തു എന്ന വിവരം, സ്കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന വാർഡ്, പ്രദേശം എന്നിവ ശേഖരിക്കുന്നത് തീരുമാനങ്ങൾ എടുക്കാൻ സഹായകമാകും.

 • ഗുരുതരമായ രോഗങ്ങൾ ഉള്ള കുട്ടികൾ തുടക്കത്തിൽ വരാതിരിക്കുകയാണ് നല്ലത്.

 • ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൂടുതൽ പരിചരണം ആവശ്യമുള്ളതിനാൽ പിന്നീട് പരിഗണിച്ചാൽ മതിയാകും.

 • വീടുകളിൽ ഗുരുതരമായ രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവരുണ്ടെങ്കിലും ആ വീടുകളിലെ വിദ്യാർഥികൾ സ്ഥാപനത്തിലേക്ക് വരുന്നത് സർക്കാർ നിർദേശിക്കുന്ന മാനദണ്ഡപ്രകാരമായിരിക്കണം.

 • കോവിഡ് ബാധിച്ച അവസ്ഥയിലുള്ള രക്ഷിതാക്കളുടെ മക്കൾ നിശ്ചിത സുരക്ഷാകാലം കഴിഞ്ഞതിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയാൽ മതിയാകും.

 • സ്കൂൾ / കോളജ് വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ കാര്യത്തിലും നിയന്ത്രണം വേണ്ടിവരും. നടന്നെത്താവുന്ന ദൂരത്തിലുള്ളവർക്കും സ്വന്തം നിലയിൽ രക്ഷിതാക്കൾക്ക് എത്തിക്കാൻ കഴിയുന്നവര്‍ക്കും ആദ്യ പരിഗണന നല്‍കാം.

 • എല്ലാ അധ്യാപക -അനധ്യാപക ജീവനക്കാരും വാഹനങ്ങളിലെ തൊഴിലാളികളും കാന്റിന്‍ ജീവനക്കാരും വാക്സിൻ എടുത്തവരാണെന്ന് ഉറപ്പു വരുത്തണം. ഗുരുതരമായ രോഗമുള്ളവരുടെ വിവരം ശേഖരിക്കുകയും ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം അവരുടെ പ്രവർത്തനം നിശ്ചയിക്കുകയും വേണം.കുട്ടികളുടെ വിവരം ശേഖരിക്കുന്നതു പോലെ ജീവനക്കാരുടെയും പാചകത്തൊഴിലാളികളടക്കമുള്ളവരുടെയും വിവരം ശേഖരിക്കേണ്ടതാണ്

 • കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോളേജ് കേന്ദ്രീകരിച്ചുതന്നെ വാക്സിന്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കാം.

 • എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിലെ അധ്യാപകർ /അനധ്യാപകർ / വിദ്യാർഥികൾ എന്നിവർക്ക് ലഭിച്ച വാക്സിൻ കണക്കുകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഗസ്റ്റ് ടീച്ചേഴ്സിനെ കൂടി വാക്സിൻ ഡ്രൈവിൽ ഉൾപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം 


പ്രവേശനക്രമം

 • കുട്ടികളുടെ എണ്ണം പല വിദ്യാലയങ്ങളിലും ഒരുപോലെയല്ല. നൂറിൽ താഴെ കുട്ടികളുള്ള സ്ഥാപനം മുതൽ ആയിരത്തിനു മുകളിൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ വരെയുണ്ട്. ഒരു ക്ലാസിൽ അനുവദനീയമായ എണ്ണം എത്രയെന്ന് പ്രഖ്യാപിച്ചാൽ അത് പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാൻ വിദ്യാലയങ്ങൾക്ക് അനുമതി നൽകണം.  

 • എല്ലാവരും എല്ലാ ദിവസവും വരാന്‍ പറ്റും വിധം കുട്ടികളുടെ എണ്ണം കുറവുള്ള സ്ഥാപനങ്ങളിൽ അതിനുള്ള അനുമതി നല്‍കാം.

 • അല്ലാത്ത സ്ഥലങ്ങളില്‍ കുട്ടികളെ ബാച്ചുകളാക്കി തിരിച്ച് ദിവസങ്ങള്‍ തീരുമാനിക്കണം. ഇടവിട്ട ദിവസങ്ങള്‍, ഷിഫ്റ്റ് രീതി എന്നിവയൊക്കെ ആവാം. കൊവിഡ് ബാധയുടെ സുരക്ഷാ കാലവുമായി ബന്ധപ്പെടുത്തിയും ക്രമം നിശ്ചയിക്കാവുന്നതാണ്. 

 • പ്രവൃത്തി മണിക്കൂറിൻ്റെ കാര്യത്തിലും തുടക്കത്തിൽ അയവുള്ള സമീപനം സ്വീകരിക്കാം.

 • ഷിഫ്റ്റ് രീതി സ്വീകരിക്കുന്നവർ ക്ലാസ് ശുചീകരണം ഓരോ തവണയും നടത്തണം

 • 14 ദിവസം തുടർച്ചയായി ഒരു സംഘം കുട്ടികൾ വരുന്ന രീതിയും പരിഗണിക്കാം. തുടർന്ന് അടുത്ത 14 ദിവസം അടുത്ത സംഘം. ഏതെങ്കിലും കാരണവശാൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായിൽ വീട്ടിൽ കഴിയുന്ന 14 ദിവസം കൊണ്ട് അതിൽ നിന്ന് സുഖം പ്രാപിക്കാനും വ്യാപനം തടയാനും കഴിയുമെന്നതാണ് ഇതിന്റെ മെച്ചം. 

 • ഒന്നിലധികം മാധ്യമങ്ങളിൽ ബോധനം നടത്തുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ പരിഗണന കൊടുക്കാത്ത അവസ്ഥ പാടില്ല.

 • പൊതുനിര്‍ദേശങ്ങള്‍ പാലിച്ച് ഉചിതമായ രീതി പരീക്ഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുവദിക്കാം.

 • കുട്ടി വീട്ടിലിരുന്നാണോ സ്ഥാപനത്തില്‍ വന്നാണോ പഠിക്കുന്നത് എന്ന കാര്യത്തില്‍ രക്ഷിതാവിന് തീരുമാനമെടുക്കാം.

 • ലാബ്, പ്രോജക്ട്  എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാം.


സാമൂഹ്യ അകലം പാലിക്കല്‍

 • ഒരു ക്ലാസിൽ മുറിയുടെ വലുപ്പം പരിഗണിച്ച് നിശ്ചിത സാമൂഹിക അകലം  (മുൻ, പിൻ, വശങ്ങളിലേക്ക് എത്ര മീറ്റർ അകലം) പാലിച്ച് എത്ര കുട്ടികൾ വരെയാകാം എന്ന് തീരുമാനിക്കണം. ഇങ്ങനെ ഓരോ ക്ലാസിലും എത്രയെന്ന് നിശ്ചയിച്ച് മൊത്തത്തില്‍ പ്രവേശിപ്പിക്കാവുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കണം.

 • സ്കൂള്‍, കോളേജ് വാഹനങ്ങളിലും സാമൂഹ്യ അകലം ഉറപ്പാക്കുകയും വായുപ്രവാഹം ഉറപ്പുവരുത്തുകയും വേണം. 

 • കുട്ടികൾ കൂട്ടം കൂടുന്ന സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കണം. അസംബ്ലി പോലുള്ള ചടങ്ങുകളും സമ്മേളനങ്ങളും ഈ ഘട്ടത്തില്‍ പാടില്ല. കോളേജുകളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം.

 • പോഷകാഹാരം ഉറപ്പു വരുത്തുന്നതിന് സഹായകമാണ് സ്കൂൾ ഉച്ചഭക്ഷണ പരിപാടി. സ്കൂളിൽ തന്നെ പല വിതരണസ്ഥാനങ്ങൾ നിശ്ചയിച്ച് വ്യത്യസ്ത സമയങ്ങളിലായി കുട്ടികൾ കൂട്ടം കൂടാത്ത വിധം വിതരണം ക്രമീകരിക്കണം.

 • കുടിവെള്ള വിതരണം, ശുചിമുറികൾ, മൂത്രപ്പുര എന്നിവയുടെ ഉപയോഗം എന്നിവയിൽ ആരോഗ്യ മനദണ്ഡങ്ങൾ പാലിക്കണം

 • ശീതീകരിച്ച മുറികളിലും ക്ലാസുകൾ നടത്തരുത്. 

 • കുട്ടികളുമായി ഇടപഴകുന്നവരാണ് അധ്യാപകർ. സഹപ്രവർത്തകരുമായി ഒന്നിച്ചുള്ള ഭക്ഷണം കഴിക്കൽ, ചർച്ച, മീറ്റിംഗ് എന്നിവയിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം

 • ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികൾക്ക് പ്രവേശനം  അനുവദിക്കാവുന്നതാണ്. ഇവർ വീടുകളിലേക്ക് പോകുന്നതിന്  മാനദണ്ഡങ്ങൾ നിശ്ചയിക്കണം. രോഗബാധയുണ്ടായാൽ അവരെ വീടുകളിലേക്ക് വിടാതെ ഹോസ്റ്റലുകളിൽ തന്നെ പരിചരിക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം.

 • ജലദോഷം, പനി, ഛർദി, വയറിളക്കം, വയറുവേദന, ചുണ്ടും വായും ചുവക്കൽ എന്നിവ കണ്ടാൽ ഭയപ്പെടാതെ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പ്രവർത്തിക്കണം.


മറ്റുള്ളവര്‍ക്കുള്ള നിയന്ത്രണം

 • കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.  വാക്സിനേഷൻ എടുത്തവരും ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികൾക്കു മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ.

 • ക്ലാസ് പി.ടി.എ യോഗങ്ങളും മറ്റും ഓൺലൈനായിത്തന്നെ തുടരണം.

 • കുട്ടികളെ കൊണ്ടാക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ക്രമീകരണം ഉണ്ടാക്കണം.


ബോധവത്കരണം

 • ആരോഗ്യസുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ അധ്യാപകര്‍, ഇതരജീവനക്കാര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ നല്‍കണം.

 • പഞ്ചായത്ത് തല മോണിറ്ററിംഗ് സമിതികൾ രൂപപ്പെടുത്തണം. 1. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ 


സ്കുളുകള്‍


കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. വിക്റ്റേഴ്സ് ചാനല്‍ വഴിയുള്ള ഡിജിറ്റല്‍ ക്ലാസും സായാഹ്നങ്ങളില്‍ അതത് അധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുമാണ് കുട്ടികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. ഉപകരണങ്ങളുടെ അഭാവം, റേഞ്ചിന്റെ കുറവ്, ഗാര്‍ഹിക പിന്തുണയിലെ ഏറ്റക്കുറച്ചില്‍, ഡിജിറ്റല്‍ രീതിയുടെ പരിമിതി തുടങ്ങിയവ മൂലം ഇതിന്റെ ഫലപ്രാപ്തിയില്‍ കുറവുകള്‍ ഉണ്ടായിട്ടുണ്ട്. സമൂഹത്തിലെ പിന്നാക്ക കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഏറെ നഷ്ടം സംഭവിച്ചിട്ടുള്ളത്. അതേസമയം, ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിതി താരതമ്യേന മെച്ചമായിരുന്നു താനും. അക്കാദമികമായ മുന്നൊരുക്കങ്ങള്‍ കൃത്യമാവണമെങ്കില്‍ കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് കുട്ടികള്‍ക്ക് നഷ്ടപ്പെട്ടതെന്ത് എന്നത് സംബന്ധിച്ച വ്യക്തമായ തിരിച്ചറിവ് ഉണ്ടാവണം. 


നഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

    സ്കൂള്‍ എന്നത് അറിവ് നേടാനുള്ള ഇടം മാത്രമല്ല. സ്കൂളിലെ കൂട്ടായ്മയും പരസ്പരമുള്ള ആശയക്കൈമാറ്റങ്ങളും പഠനാന്തരീക്ഷവും വിവിധ പ്രവര്‍ത്തനങ്ങളും ഒക്കെ ചേര്‍ന്നാണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഈ അനുഭവം നഷ്ടമാവുകയും വീട്ടിനകത്ത് തന്നെ മാസങ്ങളോളം കഴിയേണ്ടി വരികയും ചെയ്തപ്പോള്‍ കുട്ടികള്‍ക്ക് പല മേഖലകളിലും ഏറ്റക്കുറച്ചിലുകളോടെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കേരളത്തിലും ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ ഇക്കാര്യം ശരിവെക്കുന്നു.

 • എല്ലാവര്‍ക്കും തന്നെ ശാരീരിക വ്യായാമത്തില്‍ കുറവുണ്ടായി. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വന്നു. ദിനചര്യയുടെ താളം തെറ്റി. ആശയവിനിമയത്തിനുള്ള അവസരം കുറഞ്ഞു. പലരിലും വൈകാരിക പ്രകടനത്തില്‍ വ്യതിയാനമുണ്ടായി. ചിലര്‍ക്ക് ഭയവും അനിശ്ചിതത്വവും അനുഭവപ്പെട്ടു. എല്ലാവര്‍ക്കും തന്നെ സാമൂഹിക ശേഷികളില്‍ കുറവുണ്ടായി. ഡിജിറ്റല്‍ ഉപകരണങ്ങളുടെ വര്‍ധിച്ച ഉപയോഗം ശാരീരികവും ശീലപരവുമായ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കി.

 • ഓണ്‍ലൈന്‍ രീതിയിലുള്ള പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ നടന്നെങ്കിലും ആശയരൂപീകരണത്തില്‍ വലിയ കുറവുണ്ടായി. പഠനത്തില്‍ പ്രധാനമായ മുന്നറിവില്‍ നല്ല തോതിലുള്ള ചോര്‍ച്ച സംഭവിച്ചു. പഠിക്കുന്ന കാര്യങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കുന്നതില്‍ പലര്‍ക്കും പ്രയാസം നേരിട്ടു. പ്രായോഗികമായ പല അനുഭവങ്ങളും കിട്ടാത്ത നില ഉണ്ടായി.

 • വായന, സര്‍ഗാത്മകമായ ആവിഷ്കാരം, സംഘപ്രവര്‍ത്തനം എന്നിവയിലും പുതിയ സാഹചര്യം ഇടിവുണ്ടാക്കി. സ്കൂളില്‍ നിന്നും കിട്ടിയിരുന്ന കൂട്ടായ്മ, സ്നേഹം, അംഗീകാരം, പ്രോത്സാഹനം എന്നിവയും ഇല്ലാതായി. 

 • സ്കൂള്‍ അനുഭവം ഒരിക്കലും കിട്ടാത്തവരും അധ്യാപകരെ നേരില്‍ കാണാത്തവരും കൂട്ടത്തില്‍ ഉണ്ട്.


സ്കൂള്‍ തുറന്നാലും വളരെപ്പെട്ടെന്ന് പൂര്‍വസ്ഥിതിയിലേക്ക് എത്താനാവില്ല എന്ന് തീര്‍ച്ചയാണ്. ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടതായി വരും. ഇതുകൂടാതെ സ്കൂള്‍, ഓണ്‍ലൈന്‍ അനുഭവങ്ങളുടെ സങ്കരണം എന്നതും കുട്ടികളെയും അധ്യാപകരെയും സംബന്ധിച്ച് പുതിയ ഒന്നാണ്. ‘നോര്‍മല്‍’ ആയ ഒരു കാലത്തേക്കു വേണ്ടി തയ്യാറാക്കിയ കരിക്കുലത്തില്‍ പല മാറ്റങ്ങളും വരുത്തണം. പഠനം, പരീക്ഷ, ഗൃഹപാഠം, രക്ഷാകര്‍ത്തൃപിന്തുണ തുടങ്ങിയവയിലും ഒട്ടേറെ പുതുക്കലുകള്‍ ആവശ്യമായി വരും. ഓണ്‍ലൈന്‍ രീതികള്‍ ഉപയോഗിക്കുന്നതിന് ഉണ്ടായി വന്നിട്ടുള്ള പുതിയ സൗകര്യങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ അടച്ചിടല്‍ കാലത്ത് അക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള പരിചയവും ഒരു നേട്ടമായി കണ്ടുകൊണ്ടുള്ള പുനരാലോചനകളാണ് നടക്കേണ്ടത്.


പൊതുസമീപനം 

വ്യക്തിത്വവികാസത്തില്‍ ഉണ്ടായിട്ടുള്ള നഷ്ടങ്ങളും അക്കാദമിക കാര്യങ്ങളില്‍ ഉണ്ടായിട്ടുള്ള പോരായ്മകളും പരിഗണിച്ചു കൊണ്ടുള്ള ഒരു പൊതുസമീപനം രൂപപ്പെടുത്തി വേണം മുന്നോട്ടു പോകാന്‍. 

 • ആദ്യ ദിവസങ്ങള്‍ - മഞ്ഞുരുക്കല്‍ 

ഒന്നര വർഷത്തെ ഇടവേളക്കു ശേഷം സ്കൂൾ തുറക്കുകയാണ്. സാമൂഹികാകലം പാലിച്ചുള്ള വിപുലമായ പ്രവേശനോത്സവം സമൂഹം ഏറ്റെടുക്കണം. കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതിന് പ്രാധാന്യം നൽകണം. പ്രതിസന്ധിയെ അതിജീവിക്കുന്നതിൽ ശാസ്ത്രത്തിന്റെ സഹായത്തോടെ മനുഷ്യസമൂഹം കൈവരിച്ച നേട്ടത്തെ ഉൾക്കൊള്ളാനുള്ള അവസരം കൂടിയായി ഇത് മാറണം. 

പാട്ടുപാടിയും കഥകള്‍ പറഞ്ഞും ചിത്രങ്ങള്‍ വരച്ചും ഒന്നാം ദിവസം ആഹ്ലാദകരമാക്കണം. ഇതിനിടയില്‍ സ്കൂളില്‍ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും എന്തുകൊണ്ട് നാം അവ പാലിക്കണമെന്ന് ബോധ്യപ്പെടുത്തുകയും വേണം. കുട്ടികളുടെ ഭയാശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേണം. താനൊറ്റക്കല്ല സമൂഹം ഒപ്പമുണ്ട് എന്ന ധാരണ ഓരോ കുട്ടിയാലും രൂപപ്പെടുത്തണം

കുട്ടികൾക്ക് നഷ്ടപ്പെട്ടത് ചങ്ങാത്തമാണ്. നാലഞ്ചു കുട്ടികളെ ഉൾപ്പെടുത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ചങ്ങാത്തക്കുട്ടങ്ങൾ രൂപീകരിക്കണം. അവര്‍ തമ്മിലുള്ള ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കണം.


 • തുടര്‍ന്നുള്ള ഒരാഴ്ചക്കാലം - വികാസനഷ്ടങ്ങള്‍ നികത്തല്‍ 

    ശാരീരിക വ്യായാമം, വൈകാരിക സംതുലനം, സാമൂഹ്യ ഇടപെടല്‍, ആശയവിനിമയം, സര്‍ഗാത്മക പ്രകടനം, ആത്മവിശ്വാസം എന്നിവ ലക്ഷ്യമാക്കിയുള്ള സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വേണം ആദ്യത്തെ ഒരാഴ്ച പിന്നിടാന്‍. വായന പ്രോത്സാഹിപ്പിക്കാന്‍ വായനാ സാമഗ്രികള്‍ ലഭ്യമാക്കല്‍, പത്രവായന തിരിച്ചുപിടിക്കല്‍, കോവിഡ് സംബന്ധിച്ച ശാസ്ത്രീയമായ അറിവുകള്‍ രൂപപ്പെടുത്തല്‍ എന്നിവയ്ക്ക് ഈ ഘട്ടത്തില്‍ തുടക്കമിടാം. രക്ഷിതാക്കളുടെ സഹായത്തോടെ നടത്താവുന്ന ലഘുവായ നിരീക്ഷണങ്ങള്‍, നിര്‍മാണങ്ങള്‍, പരീക്ഷണങ്ങള്‍ എന്നിവ വഴി പഠനത്തോട് താത്പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇക്കാലത്ത് പോരായ്മകള്‍ എടുത്തു പറയാതെ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനായിരിക്കണം അധ്യാപകശ്രദ്ധ. ശീലങ്ങളിലും ജീവിതശൈലിയിലും വന്നിട്ടുള്ള ശൈഥില്യങ്ങള്‍ പരിഹരിക്കാനും ഇക്കാലത്ത് രക്ഷിതാക്കളുടെ പിന്തുണയോടെ ശ്രമിക്കാം.

 • തുടര്‍ന്നുള്ള ദിവസങ്ങള്‍

സിലബസിലെ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കാനുള്ള സമയം ഇനിയില്ല എന്നതിനാല്‍ ചില ഫോക്കസ് ഏരിയകള്‍ തെരഞ്ഞെടുത്ത് പഠിപ്പിക്കുകയാവും ഉചിതം. തുടര്‍പഠനത്തെ കാര്യമായി ബാധിക്കുന്ന ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കാം. ഒപ്പം മുന്നറിവുകളില്‍ വന്നിട്ടുള്ള ശോഷണം പരിഹരിക്കാനും ശ്രമിക്കാം. ഭാഷാവിഷയങ്ങളില്‍ പാഠപുസ്തകത്തെ അധികമായി ആശ്രയിക്കാതെ, ശേഷികളില്‍ ഊന്നിയുള്ള പഠനത്തിന് അവസരമൊരുക്കാം. പ്രായോഗിക പ്രവര്‍ത്തനങ്ങളും അകലം പാലിച്ചുള്ള സംഘപ്രവര്‍ത്തനങ്ങളും സ്കൂളിലും മറ്റുള്ളവ, ഓണ്‍ലൈന്‍ രീതിയില്‍ വീട്ടില്‍ വെച്ചും പഠിക്കുക എന്ന തരംതിരിവ് ഉണ്ടാക്കാം. വീട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രക്ഷാകര്‍ത്താവിന്റെ ഗുണാത്മക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ശ്രമിക്കാം.

 • വിലയിരുത്തല്‍

ഇത്തരത്തില്‍ അയവുള്ള ഒരു സമീപനവുമായി മുന്നോട്ടു പോകുന്നതില്‍ വിലയിരുത്തല്‍ പ്രക്രിയ ഒരുതരത്തിലും തടസ്സം സൃഷ്ടിക്കരുത്. വാര്‍ഷിക പരീക്ഷ, ടേം പരീക്ഷ എന്നിവ ഒഴിവാക്കുകയും തുടര്‍വിലയിരുത്തല്‍ ഫലപ്രദമാക്കുകയും ചെയ്യുന്നത് നന്നായിരിക്കും. തുടര്‍വിലയിരുത്തലിലൂടെ പഠനപിന്തുണ ആവശ്യമുള്ള മേഖല തിരിച്ചറിയാനും സഹായം ലഭ്യമാക്കാനും കഴിഞ്ഞാല്‍ അത് കുട്ടിയുടെ മുന്നോട്ടുപോക്കിനും ആത്മവിശ്വാസ വികസനത്തിനും സഹായകമാവും.

 • ഓണ്‍ലൈന്‍ പഠനം

സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ സ്കൂള്‍ തലത്തില്‍ കുട്ടികളുടെ എണ്ണം ക്രമീകരിക്കേണ്ടി വരും. ഒരു ക്ലാസില്‍ കുട്ടികള്‍ നന്നെ കുറവാണെങ്കില്‍ അത്തരം വിദ്യാലയങ്ങളില്‍ മുഴുവന്‍ കുട്ടികളും വരുന്നതില്‍ പ്രശ്നമില്ല. ക്വാറന്റയിന്‍ സാഹചര്യവും കുട്ടികളുടെ ഹാജരിനെ നിര്‍ണയിക്കും. ചിലപ്പോള്‍ ചില ക്ലാസുകള്‍ കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവെക്കേണ്ടതായും വരും. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടി കാണാമെന്നതിനാല്‍ വിക്റ്റേഴ്സ് ചാനല്‍ വഴി ദിവസേനയുള്ള സംപ്രേക്ഷണം തുടരാവുന്നതാണ്. സ്കൂളില്‍ അതത് ദിവസങ്ങളില്‍ വരാത്തവര്‍ക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ പിന്തുണയും കുറച്ചു കാലത്തേക്ക് അധ്യാപകര്‍ക്ക് തുടരേണ്ടിവരും. 

സ്കൂളിലെ ക്ലാസുകളിൽ ഒരുക്കുന്ന പഠനാനുഭവങ്ങൾ

സാങ്കേതിക  സംവിധാനങ്ങളുപയോഗിച്ച് സംപ്രേഷണം ചെയ്യുന്നതിന് ക്രമീകരണം ഉണ്ടാകണം. വിനിമയ രീതി അതനുസരിച്ച് പാകപ്പെടുത്തണം

സ്കൂളിലെത്താൻ പറ്റാത്തവർക്ക് വീട്ടിലിരുന്ന് കാണാം.

സഹപാഠികൾ, അധ്യാപകർ എന്നിവരുമായി സംവദിക്കാനും ഇത് അവസരമൊരുക്കും


മുന്നൊരുക്കങ്ങള്‍

    ഒട്ടേറെ മുന്നൊരുക്കം വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റും നേതൃത്വത്തില്‍ നടന്നാലേ ഇത്തരമൊരു പദ്ധതി സമയബന്ധിതമായും വിജയകരമായും നടപ്പിലാക്കാനാവൂ. അവ എന്തൊക്കെയെന്നു നോക്കാം.

 • പഠനം, വിലയിരുത്തല്‍, അധ്യാപക പിന്തുണ, വിദ്യാര്‍ഥി പിന്തുണ, ഉദ്യോഗസ്ഥ പിന്തുണ തുടങ്ങിയവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു സമീപനരേഖ തയ്യാറാക്കേണ്ടി വരും. ഇതില്‍ സിലബസിന്റെ അനുരൂപീകരണം, വികേന്ദ്രീകൃതമായി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കല്‍, പരിശീലനം, ഓഫ്‍ലൈന്‍ - ഓണ്‍‍ലൈന്‍ ക്രമീകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായ ആക്ഷന്‍പ്ലാനും തയ്യാറാക്കണം.

 • വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കുള്ള പരിശീലനങ്ങള്‍ സംഘടിപ്പിക്കണം.

 • അധ്യാപകരുടെ ചെറുകൂട്ടായ്മകള്‍ ക്ലാസ് - വിഷയ തലത്തില്‍ മുഖാമുഖമായി ചേര്‍ന്ന് ആദ്യത്തെ രണ്ട് ആഴ്ചത്തേക്കുള്ള പ്രവര്‍ത്തന പാക്കേജുകള്‍ തയ്യാറാക്കണം.

 • സ്കൂള്‍ പി. ടി. എ, സപ്പോര്‍ട്ട് ഗ്രൂപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളും പരിസരവും ശുചിയാക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും വേണം. ആദ്യദിവസത്തേക്ക് ക്ലാസും പരിസരവും അലങ്കരിക്കണം.

 • സ്കൂളിലേക്ക് വരാന്‍ മടിയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വീടുകളിലേക്ക് പൊതുപ്രവര്‍ത്തകര്‍ ചെന്ന് സ്കൂളില്‍ വരാന്‍ പ്രേരിപ്പിക്കണം. പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗൃഹസന്നര്‍ശനം നടത്തുന്നത് ഗുണം ചെയ്യും.

 • ആദ്യദിവസങ്ങളില്‍ സ്കൂള്‍ പി.ടി.എ.യുടെ പ്രതിനിധികളായി ഏതാനും രക്ഷിതാക്കള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉണ്ടാവുന്നത് നല്ലതാണ്.

 • ആദിവാസി - ഇതര പിന്നോക്ക മേഖലകളില്‍ നടന്നു വരുന്ന പഠനകേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണം. ഇവിടെയും പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

 • വളരെ ദൂരം യാത്രചെയ്ത് സ്കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യത്തിലും പ്രാദേശിക പഠനകേന്ദ്രങ്ങളുടെ സാധ്യത പരിശോധിക്കണം.

 • ട്രൈബല്‍ ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണം.

 • അക്കാദമിക കാര്യത്തില്‍ സന്ദര്‍ഭാനുസരണം പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം സ്കൂള്‍ എസ്.ആര്‍.ജി.ക്ക് നല്‍കുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമായിരിക്കും.

 • വിദ്യാഭ്യാസ ഓഫീസര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തുന്നതും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്യുന്നതും നല്ലതാണ്.

 • പുതിയ സാഹചര്യത്തില്‍ സ്കൂളിലും പ്രവര്‍ത്തനങ്ങളിലും വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന - ജില്ലാ - ഉപജില്ലാ തലങ്ങളില്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യുന്നത് കാര്യങ്ങള്‍ സുഗമമാക്കും.

 • അതുപോലെ തദ്ദേശ - ആരോഗ്യ - വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വിവിധ തലങ്ങളില്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. 

 • പഞ്ചായത്ത് തലത്തില്‍ പ്രഥമാധ്യാപകരുടെയും പി.ടി.എ. പ്രസിഡണ്ടുമാരുടെയും അധ്യാപക പ്രതിനിധികളുടെയും വിദ്യാഭ്യാസപ്രവര്‍ത്തകരുടെയും ആസൂത്രണ - വിലയിരുത്തല്‍ യോഗങ്ങള്‍ ചേരുന്നതിനും ക്രമീകരണമുണ്ടാകണം. സ്ഥാപനതലത്തിലും ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം.


കോളേജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും


ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കോളേജുകൾ ഒക്റ്റോബര്‍ നാലാം തീയതി മുതൽ തുറക്കുകയാണ്. ഇവിടെ ഒരുക്കത്തിന് രണ്ടാഴ്ച മാത്രമാണ് ഇനിയുള്ളത്. സ്കൂളുകള്‍ക്ക് നിര്‍ദേശിച്ച പല കാര്യങ്ങളും ഇവിടെ പ്രസക്തമാണെന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. യൂണിവേഴ്സിറ്റികളുമായും വിവിധ മാനേജ്മെന്റുകളുമായും അധ്യാപക - വിദ്യാര്‍ഥി സംഘടനകളുമായും ചര്‍ച്ച ചെയ്ത് പൊതുധാരണകള്‍ ഉടന്‍ രൂപപ്പെടുത്തണം. അക്കാദമിക് ബോഡികളും കൂടിച്ചേര്‍ന്ന് പ്രായോഗികത പരിഗണിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പരിശീലനം ആവശ്യമെങ്കില്‍ പൂര്‍ത്തീകരിക്കുകയും വേണം.

 • കോവിഡ് കാലത്ത് നഷ്ടപ്പെട്ട പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ  ബ്രിഡ്ജ് കോഴ്സുകൾ ആലോചിക്കണം. 

 • സമയലഭ്യത പരിഗണിച്ച് ഇവിടെ സിലബസ് പൂര്‍ത്തിയാക്കുന്നതിന് ഓണ്‍ലൈന്‍, ബ്ലെന്റഡ് സാധ്യതകള്‍ തുടര്‍ന്നും പ്രയോജനപ്പെടുത്തണം. 

 • സ്വയം പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ലൈബ്രറി, ഡിജിറ്റല്‍ പഠനസാമഗ്രികള്‍ എന്നിവ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുകയും വേണം. 

 • ടൈംടേബിളിൽ അയവ്  അനുവദിക്കണം. ഹാജര്‍ ഈ ഘട്ടത്തിൽ നിർബന്ധമാക്കരുത്.

 • ലാബ് വര്‍ക്ക്, പ്രോജക്ടുകൾ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുകയും കോളേജ് ദിവസങ്ങളില്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുകയും വേണം. 

 • വിലയിരുത്തല്‍ കുട്ടികളുടെ പ്രയാസങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉദാരമാക്കുകയും വഴക്കം അനുവദിക്കുകയും ചെയ്യണം. ഇന്റേണല്‍ അസസ്മെന്റ് സാഹചര്യം പരിഗണിച്ചുള്ള വഴക്കത്തോടെ നിര്‍വഹിക്കാന്‍ അനുമതി നല്‍കണം.

 • അധ്യാപകർക്ക് നൽകിയിട്ടുള്ള കോവിഡ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കണം 

 • കോളജുകളിലെ പഠനക്രമീകരണത്തിനായി  പ്രിൻസിപ്പാളിനും ഡിപ്പാര്‍ട്ട്‍മെന്റ് മേധാവികള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കണം.

 • കോവിഡ് സെന്ററുകൾ കോളേജിൽ നിന്ന് പൂർണമായും ഒഴിവാക്കണം.

 • കോവിഡ് സാഹചര്യം കാരണം പലേടത്തും ഗതാഗത സൗകര്യത്തിന് ബുദ്ധിമുട്ട് ഉണ്ട്. ഇത് പരിഹരിക്കാൻ ഗതാഗത വകുപ്പ് ബസ് കൃത്യമായി ഓടിക്കാൻ നിർദേശം നല്‍കണം. കെ.എസ്.ആര്‍.ടി.സി. ബസ് സൗകര്യം ആവശ്യമുള്ള ഇടങ്ങളില്‍ അതും പരിഗണിക്കണം. 

 • നിലവിൽ നിരവധി  കണ്ടെയിന്‍മെന്റ് സോണുകളിലൂടെ പല വാഹനങ്ങളില്‍ കയറിയാണ് ഒട്ടേറെ വിദ്യാർഥികൾ വരുന്നത്. അവർ കൂട്ടം കൂടാനുള്ള സാധ്യതയും അവരിലൂടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം കുട്ടികള്‍ കുറച്ചു ദിവസം ഓണ്‍ലൈന്‍ രീതിയില്‍ പഠനം തുടരുന്നത് പരിഗണിക്കാം. 

 • എല്ലാ ദിവസവും കോളേജിൽ വന്നു പോകുന്നവരെ കഴിവതും ഹോസ്റ്റലിൽ താമസിക്കാൻ പ്രോത്സാഹിപ്പിക്കണം. ഹോസ്റ്റല്‍ സൗകര്യം വര്‍ധിപ്പിക്കാനുള്ള സാധ്യത പ്രാദേശികമായി പരിശോധിക്കണം.

 • 25 പേരുള്ള ബാച്ചുകൾ ആയി നിലവിലെ ക്ലാസിലെ കുട്ടികളെ  തരംതിരിക്കാവുന്നതാണ്. പ്രാദേശിക സാഹചര്യവും മറ്റു പരിഗണിച്ച് മാറ്റങ്ങള്‍ വരുത്താന്‍ കഴിയണം.

 • ഹോസ്റ്റൽ സംവിധാനത്തിൽ ബയോ ബബിൾ ഏർപ്പെടുത്താവുന്ന സാധ്യത പരിഗണിക്കാംFriday, September 17, 2021

ആൻ്റി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ(ആൻറി ടീച്ചർമാരുടെ അനുഭവക്കുറിപ്പുകൾ പങ്കിടുന്നതിന് കാരണമുണ്ട്. രക്ഷിതാക്കളിൽ പലർക്കും ജിവിതത്തിരക്കിനിടയിൽ സ്വന്തം കുട്ടികളെ സഹായിക്കാനാകുന്നില്ല. കലവൂർ ഹൈസ്കൂളിൽ സന്നദ്ധരക്ഷിതാക്കൾ മറ്റു കുട്ടികളുടെ കൂടി പ0ന പ്രോത്സാഹകരായി ചുമതല വഹിക്കുന്നുണ്ടെന്ന് പിടിഎ പ്രസിഡൻ്റ് മോഹനദാസ് പറഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് കായംകുളത്തെ ഗായത്രി ടീച്ചർ മറ്റൊരു മാതൃക വികസിപ്പിച്ചത്.മുൻ ലക്കത്തിൽ ടീച്ചറുടെ കുറിപ്പാണ് പങ്കിട്ടത്. നേതൃത്വം വഹിച്ചവർ അനുഭവം പങ്കിടുന്നതാകും കൂടുതൽ തെളിച്ചം കിട്ടുക.അതിനാൽ മൂന്ന് ആൻ്റിമാരുടെ കുറിപ്പുകൾ ചൂണ്ടുവിരലിൽ പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റിംഗ്‌ ഇല്ലാതെ.)

1

"അങ്ങനെ ഒൻപതാം ക്ലാസിലെ കുട്ടികളെ അഞ്ച് ഗ്രൂപ്പുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോഡിനേറ്റേഴ്സ് ആയി ഓരോ അമ്മമാരേയും ചുമതലപ്പെടുത്തി. 

അതിൽ ഗ്രൂപ്പ് മൂന്ന് ഡ്രീം ലവേഴ്സ് ഗ്രൂപ്പിന്റെ അഡ്മിനാണ് ഞാൻ . പേര് സുമിയ.

ആഗസ്റ്റ് 31 തീയതി ഞങ്ങൾ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു. എന്റെ മകൻ അദിനാനുൾപ്പെടെ ഏഴ് മക്കളാണ് എന്നോടൊപ്പമുള്ളത്.  

 *ആദ്യം നിരാശ* 

31 തീയതി തന്നെ കുട്ടികളെ ഒന്നു പരിചയപ്പെടുക എന്ന ഉദ്ദേശത്തോടെ ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. 

ആ മീറ്റിന് ശേഷം എനിക്ക് ചെറിയൊരു നിരാശയുണ്ടായി. കാരണം മീറ്റിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുത്തെങ്കിലും  അവർക്ക് ഒരു പകപ്പും അങ്കലാപ്പും ഒക്കെയായിരുന്നു. അധികം സംസാരങ്ങളൊന്നും ഇല്ലായിരുന്നു. സെപ്തംബർ 1 തീയതി തന്നെ ഗ്രൂപ്പിന്റെ പ്രവർത്തനം ആരംഭിച്ചു. 

👉 പ്രവർത്തനങ്ങൾ എങ്ങനെ ? 

👉അവ എങ്ങിനെ പ്രാവർത്തികമാക്കും എന്നൊക്കെ ഉള്ള പകപ്പോടെയാണ് ആ ദിവസം തുടങ്ങിയത്. മുൻപിൽ ഒരുപാട് പ്രതിസന്ധികൾ ഉണ്ട് എങ്കിലും അതൊക്കെ തരണം ചെയ്ത് മുൻപോട്ടു പോകണം എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു. 

⭕സ്കൂളിൽ നിന്നുള്ള ലൈവ് ക്ലാസുകളിൽ ഉള്ള കുട്ടികളുടെ പങ്കാളിത്ത കുറവ് , 

⭕നോട്ട് ബുക്കുകൾ കംപ്ലീറ്റ് ചെയ്യാതിരിക്കുക ,

⭕ടീച്ചേഴ്സ് കൊടുക്കുന്ന വർക്കുകൾ പെന്റിങ് ആക്കുക , 

⭕വായനക്കുറവ് , 

⭕പരീക്ഷ നടത്തിപ്പിലെ പോരായ്മ ...ഇവയൊക്കെയായിരുന്നു  മുൻപിലുള്ള പ്രാധന പ്രശ്നങ്ങൾ. ആ പ്രശ്നങ്ങളെ മുൻനിർത്തി കുറച്ചു പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ നിർദ്ദേശിച്ചു. 

1. സ്കൂളിൽ നിന്നുള്ള ലൈവ് ക്ലാസുകൾ തുടങ്ങുന്നതിന് പത്ത് മിനിറ്റ് മുൻപ് തന്നെ കുട്ടികൾ പേനയും ബുക്കും ടെക്സ്റ്റും ഒക്കെയായി റെഡിയായിരിക്കുക. ക്ലാസ് തുടങ്ങുമ്പോൾ തന്നെ അറ്റന്റ് ചെയ്യുക. ദിവസവും അതോർമ്മിപ്പിക്കുന്നതിനായി ഗ്രൂപ്പിൽ രാവിലെ തന്നെ കോഡിനേറ്ററോ ലീഡേഴ്സോ മെസ്സേജ് ഇടും.

2. ഓരോ ക്ലാസിലും പങ്കെടുക്കാത്ത കുട്ടികളുടെ പേരുകൾ ഗ്രൂപ്പിൽ ലീഡേഴ്സ് എഴുതിയിടുക. കുട്ടിപങ്കെടുക്കാത്തതിന്റെ കാരണം ഗ്രൂപ്പിൽ തന്നെ രക്ഷകർത്താവ് വോയിസ് ഇടുകയോ കോഡിനേറ്ററിനെ വിളിച്ചറിയിക്കുകയോ ചെയ്യുക. (കാരണങ്ങളൊന്നും അറിയിക്കാത്തവരെ കോഡിനേറ്റർ അങ്ങോട്ട് വിളിച്ചു അന്വേഷിക്കാറും ഉണ്ട്.).

3. എല്ലാ ദിവസവും ഒരു മണിക്കൂർ അതാത് ദിവസത്തെ വിഷയങ്ങളിൽ ചർച്ചകളും തുടർ പ്രവർത്തനങ്ങളും നടത്തുക. 

4. ആഴ്ചയിൽ ഒരു ദിവസം ബുക്ക് ചെക്ക് ചെയ്യുക. 

5. പരീക്ഷകൾ ഗൂഗിൾ മീറ്റ് വഴി വീഡിയോ കാളിലൂടെ കോഡിനേറ്ററുടെ മേൽനോട്ടത്തിൽ നടത്തപ്പെടും. 

ഇത്രയുമാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങളായി  നിർദ്ദേശിച്ചത്.

 *കുട്ടി ലീഡേഴ്സ്* 

 ആദ്യത്തെ ഗൂഗിൾ മീറ്റിൽ തന്നെ രണ്ട് ലീഡേഴ്സിനെ തിരഞ്ഞെടുത്തിരുന്നു. എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്താൻ ലീഡേഴ്സിന് കഴിഞ്ഞു. 

 *നിരാശ മായുന്നു* 

തലേദിവസം എന്നിലുണ്ടാക്കിയ നിരാശ ഒന്നാം തീയതിയിലെ ഒരു മണിക്കൂർ പഠന ചർച്ചയോടെ ഇല്ലാതെയായി.

 👉എന്റെ മക്കൾ എല്ലാവരും തന്നെ എന്നോട് പെട്ടന്നടുത്തു. 

👉പഠന ചർച്ചയിൽ എല്ലാവരും പൂർണമായും ആവേശത്തോടെ പങ്കെടുത്തു. 

👉അവരുടെ സംശയങ്ങൾ തുറന്നു ചോദിച്ചും 

👉ആശയങ്ങൾ പങ്കുവെച്ചും വളരെ ആവേശകരമായി ആ ഒരു മണിക്കൂർ സമയം ഞങ്ങൾ ചിലവഴിച്ചു. അതെന്നിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. തുടർന്നുള്ള ദിവസങ്ങൾ പരീക്ഷയായിനാൽ ഒരു മണിക്കൂർ റിവിഷനുകൾ ആയിരിന്നു. ചർച്ചകൾക്ക് നെറ്റ് വില്ലനായപ്പോൾ എന്റെ മക്കൾ തന്നെ അതിനും പരിഹാരം കണ്ടെത്തി . 

കോൺഫറൻസ് കോളിലൂടെ ഞങ്ങളുടെ പ്രവർത്തനം മുന്നേറി. ഈ റിവിഷനുകൾ പരീക്ഷ എഴുതാൻ കുട്ടികൾക്ക് സഹായകമായി. പരീക്ഷ ഏറ്റവും വിജയകരമായി ഗൂഗിൾ മീറ്റിലൂടെ ഞങ്ങൾ പൂർത്തിയാക്കി. അതിൽ കോഡിനേറ്റേഴ്സ് മാത്രമല്ല എല്ലാ രക്ഷകർത്താക്കളും വഹിച്ച പങ്ക് വലുതാണ്.  ആത്മസംതൃപ്തി ഉണ്ട് ഒരുപാട്. എന്റെ മക്കൾക്ക് ഈ പരീക്ഷയിൽ മാർക്ക് ഇത്തിരി കുറഞ്ഞാലും ഒട്ടും വിഷമമില്ല , കാരണം അതവർ പഠിച്ചെഴുതി വാങ്ങിയ മാർക്കാണ് . ഇനിയുള്ള പരീക്ഷകളിൽ എന്റെ മക്കൾ ഇതിൽ കൂടുതൽ മാർക്ക് വാങ്ങി വിജയം നേടും എന്നുള്ളത് ഉറപ്പാണ് , കാരണം അവരോടൊപ്പം ഇപ്പോൾ ഞങ്ങളുണ്ട്. അവർക്ക് ഉയരങ്ങളിലേക്ക് പറക്കാൻ കൈതാങ്ങായി. 

👉ഈ പ്രവർത്തനത്തിന്റെ ഫലമായി മടിപിടിച്ചിരുന്ന  എന്റെ മക്കൾ ഏഴുപേരും ആക്റ്റീവ് ആയി. 

👉ലൈവ് ക്ലാസുകളിൽ അവരുടെ പൂർണ്ണ പങ്കാളിത്തം  ഉറപ്പു വരുത്തുന്നു. 

👉ഇപ്പോൾ അവരെ കുറിച്ച് ആശങ്കകളില്ല 

👉അവരുടെ പഠനത്തെ ക്കുറിച്ച് ആകുലതകളില്ല . 

😊മനസ്സ് നിറഞ്ഞ സന്തോഷമാണിപ്പോൾ 

😊എന്റെ മക്കൾ മനസ്സ് നിറഞ്ഞ് ആന്റീന്ന് വിളിക്കുമ്പോൾ അതിൽ നിറയെ സ്നേഹമാണ്. അവർക്കുവേണ്ടി സമയം ചിലവഴിക്കുമ്പോൾ ഒരു പ്രത്യേക ആത്മസംതൃപ്തിയാണ്. 

😊അതിലുപരി ഓരോ രക്ഷകർത്താവും തങ്ങളുടെ മക്കളിപ്പോൾ പഠനപ്രവർത്തനങ്ങളിൽ ഭയങ്കര ഉത്സാഹം പ്രകടിപ്പിക്കുന്നു,

 😊ആന്റി ചോദിക്കും പഠിക്കണം , എഴുതണം എന്നൊക്കെ  അതിയായ സന്തോഷത്തോടെ അവർ പറയുമ്പോൾ മനസ്സ് നിറയുന്നു. 

 നമുക്കറിയാം എല്ലാമഹാമാരികളേയും നമ്മൾ കേരളീയർ ഒറ്റക്കെട്ടായി നിന്നാണ് പൊരുതി തോൽപ്പിക്കുന്നത് . അതുപോലെ തന്നെ കോവിഡ് മഹാമാരിയിൽ  നമ്മുടെ മക്കളുടെ പഠനമേഖലയിൽ ഉണ്ടായ പ്രതിസന്ധികളേയും അധ്യാപകർ  , രക്ഷകർത്താക്കൾ , കുട്ടികൾ ഇങ്ങനെ ഒന്നുചേർന്ന് ഒറ്റക്കെട്ടായി നിന്ന് മറികടക്കും.

എല്ലാത്തിലുമപരി , ഞങ്ങളെ മനസ്സിലാക്കി , ഞങ്ങളെ ഒപ്പം നിർത്തി ഇങ്ങനൊരു സാഹസത്തിന് മുതിർന്ന ഗായത്രി ടീച്ചറിനോടും , മായടീച്ചറിനോടും മറ്റു ടീച്ചേഴ്സിനോടും പറഞ്ഞാൽ തീരാത്തത്ര നന്ദി ഹൃദയത്തിൽ നിന്ന് അറിയിക്കുന്നു..... ഹൃദയം നിറഞ്ഞ് അറിയിക്കുന്നു. 

......................സുമിയ"


2

"ഞാൻ ബിന്ദു, ഗ്രൂപ്പ്‌ 4 ന്റെ കോർഡിനേറ്റർ. ഞാനും ഗായത്രി ടീച്ചറും 7കുട്ടികളും അടങ്ങുന്ന 'മികവ് 'എന്ന ഗ്രൂപ്പ്‌ ആണ് ഞങ്ങളുടേത്‌. ആഗസ്ത് 31 മുതൽ ഞങ്ങൾ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു പേരുപോലെ തന്നെ മികവുറ്റതാക്കാൻ ആണ് എന്റെ യും മക്കളുടെയും ഇപ്പോഴത്തെ ശ്രമം. 

👉ആദ്യ ദിവസങ്ങളിൽ ഞങ്ങൾ സൗഹൃദ സംഭാഷണം നടത്തി . 

ചിലർ ഉൾവലിഞ്ഞു നിൽക്കുന്നതായി തോന്നി അതായിരുന്നു ഞാൻ നേരിട്ട ആദ്യത്തെ പ്രശ്നവും. 

👉അത് മാറാനായി ഞാൻ അവരെ പേരെടുത്തു വിളിച്ചു സംസാരിക്കുകയും പേർസണൽ ആയിവിളിച്ചു സംസാരിച്ചു ഒരു അടുപ്പം സ്ഥാപിച്ചെടുത്തു. ഇന്ന് അവർ  മുൻപിലാണ്.(സന്തോഷമുണ്ട് )

ഞങ്ങളുടെ പ്രവർത്തനങ്ങൾ ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് എങ്കിലും, 

👉എല്ലാദിവസവും ഞങ്ങൾ ഗൂഗിൾ മീറ്റോ കോൺഫറൻസ്കോളൊ നടത്തും അതിൽ പ്രധാനമായും 

👉പങ്കെടുക്കുന്ന എല്ലാവരെയുംകൊണ്ട് പുസ്തകം വായിപ്പിക്കും 

👉ആ ദിവസം നടന്ന ലൈവ്ക്ലാസ്സിലെ വിഷയത്തിന്റെ പാഠ ഭാഗങ്ങൾ അവർ പരസ്പരം ചർച്ച നടത്തും (എന്റെ അറിവ് വച്ച് ഞാനും അവരെ സഹായിക്കും). 

👉ഇത് അവർക്കു പാഠ ഭാഗങ്ങൾ കുറച്ചുകൂടി മനസിലാക്കാൻ സഹായിക്കും.

👉അതാതു ദിവസത്തെ ഹോം വർക്കുകൾ അന്ന് തന്നെ കാണിക്കണം എന്ന് പറഞ്ഞിട്ടുണ്ട്

 👉ഭൂരിഭാഗം പേരും അത് കൃത്യം ആയി ചെയ്യുന്നുണ്ട്. 

👉പുസ്തക വായനയുടെ കുറവ് ഒരു വലിയ പ്രശ്നം ആയി തോന്നിയിട്ടുണ്ട് അതിനാൽ 

👉രക്ഷകർത്താവിന്റ സാന്നിധ്യത്തിൽ മൂന്നുനാലു ആവർത്തിവായിച്ച് പേരെന്റ്സ് തന്നെ voice ഇടണം എന്ന് നിർദ്ദേശിച്ചു അത് കൃത്യമായി നടക്കുന്നു (പുസ്തകം വായിക്കാൻ മടിയുള്ള മക്കളിൽ വന്ന മാറ്റം പേരെന്റ്സ് തന്നെ സന്തോഷത്തോടെ അറിയിക്കാറുണ്ട്😊 )

2ലീഡേഴ്‌സ് ആയിരുന്നു ഗ്രൂപ്പിൽ 

👉എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിനിൽക്കുന്നവർക്ക് ഒരു മാറ്റത്തിനു വേണ്ടി 7പേർക്കും തുല്യ ഉത്തരവാദിത്തങ്ങളും ഓരോരോ പ്രവർത്തനങ്ങളും കൊടുത്തു 

👉അതിൽ ലൈവ് class തുടങ്ങുന്നതിനു മുൻപ് (7.50ന് ) ഗ്രൂപ്പിൽ അറിയിക്കുക, അബ്സെന്റ് അയാവരുടെ പേരുകൾ. പഠനചർച്ച നേതൃത്വം,ഹോംവർക്കുകൾ, ഏതൊക്കെ എന്നുള്ളത്.book ചെക്കിങ് അങ്ങനെ ഉള്ള പ്രവർത്തനങ്ങൾ ഓരോരുത്തർക്കും നൽകി അവർ അത് കൃത്യമായി ചെയ്യുന്നു.

ഈ പ്രാവശ്യം പരിക്ഷ കൃത്യമായി രക്ഷകർത്താവിന്റെ സാന്നിധ്യത്തിൽ നടന്നു ഒരു മണിക്കൂറിൽ എല്ലാവരും പരിക്ഷ എഴുതി. നിശ്ചിത സമയം പരിധിക്കുള്ളിൽ നിന്ന് തന്നെ അവർക്ക് എഴുതി തീർക്കാം എന്ന കോൺഫിഡൻസ് ഉണ്ടായി

അധ്യാപകരും ഒരുകൂട്ടം അമ്മമാരും കുട്ടികളും ചേർന്നുള്ള ഈ പ്രവർത്തനത്തിൽ ഇപ്പോഴും പിൻ തിരിഞ്ഞു നിൽക്കുന്നവർ ഇപ്പോഴും മുണ്ട്.അതിൽ കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ആയിരിക്കാം പലരും എങ്കിൽ നാളയുടെ വാഗ്ദാനംആയ നമ്മുടെ മക്കൾക്കായി അവരുടെ പഠനത്തിനായി ഒരു മണിക്കൂർ സമയം എങ്കിലും നമ്മൾ മാറ്റിവയ്ക്കണം വീട്ടുകാരുടെ പിന്തുണ ഇല്ലാതെ നമ്മൾ എത്ര ശ്രെമിച്ചാലും ഫലം കാണില്ല.കുട്ടികൾ കൃത്യം ആയി ക്ലാസുകൾ അറ്റന്റ് ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ അധ്യാപകരോട് ചോദിക്കാം  ദിവസങ്ങൾ ആയി ക്ലാസ്സിൽ കയറാത്ത കുട്ടികൾ ഉണ്ട് അവരുടെ വീടുകളിൽ ചെന്ന് കുട്ടിയോടൊപ്പം രക്ഷകർത്താവിന് ബോധവൽക്കരണം നടത്തുകയാണ് വേണ്ടത്.

😊ഈ ഒരു പ്രവർത്തനത്തിൽ ഞാൻ സന്തോഷവതി ആണ്.കാരണം എന്റെ മകനെ പോലെ 6മക്കളെ കൂടി കിട്ടി അവരുടെ പഠനം കാര്യങ്ങൾ കൂടി ശ്രെദ്ധിക്കാൻപറ്റുന്നുണ്ട് 

😊അവരുടെ ടീച്ചർ ആന്റി ആയതിൽ വളരെ സന്തോഷം. ഒറ്റപ്പെടലിന്റെ ഈ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന്റെ വിരസത മാറ്റാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചു ഇതിലൂടെ പഠനത്തോടൊപ്പം അവരുടെ സൗഹൃദവും ഊഷ്മളം ആകട്ടെ. എല്ലാവർക്കും നന്ദി"


 3

"ഗ്രൂപ്പ് 2 Aim ഗ്രൂപ്പിന്റെ കോർഡിനേറ്റർ ആണ് ഞാൻ. എന്റെ പേര്: ഹസീന, എന്റെ മകൻ ഉൾപ്പെടെ 6 കുട്ടികൾ ആണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ ഗായത്രി ടീച്ചറുടെ പോസ്റ്റിൽ വിശദമായി ഉള്ളതിനാൽ അത് ആവർത്തിക്കുന്നില്ല.

😊കുട്ടികൾക്കൊപ്പം അവരിലൊരാളായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. കഴിയുന്നത്ര ദിവസങ്ങളിലും ക്ലാസ് കാണാൻ ഞാൻ മോൻ്റെ കൂടിരിക്കാറുണ്ട്. അതിനാൽ തന്നെ കുട്ടികളുടെ മടിയും പ്രശ്നവും അറിയാൻ കഴിഞ്ഞിട്ടുണ്ട്. 

👉അധ്യാപകരോട് അവർ എത്ര പറഞ്ഞാലും സംസാരിക്കാൻ മടികാട്ടും .

അവരുടെ ചോദ്യങ്ങളോട് അറിയാമെങ്കിലും പ്രതികരിക്കാൻ കുട്ടികൾ തയാറാവില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.

എന്നാൽ ഞങ്ങളുടെ ഗ്രൂപ്പിൽ കുട്ടികൾ കുറേക്കൂടി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട് .

👉അവരുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചും കുട്ടികളെ കുറിച്ചും മനസിലാക്കാൻ എനിക്ക് കഴിഞ്ഞു. ഈ കോവിഡ് കാലത്ത് കുട്ടികൾ പഠനത്തിൽ പിന്നോട്ട് നിക്കുന്ന ഒരു അവസ്ഥ ആണ് കാണാൻ കഴിയുന്നത്. 

👉വായന  അവരിൽ നിന്ന് വിദൂരമായ ഒരു                                അവസ്ഥയിലായിരുന്നു. വായനയിലൂടെ കുട്ടികളെ പുസ്തകവുമായി അടുപ്പിക്കാൻ കഴിഞ്ഞു. ലൈവ് ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ഗ്രൂപ്പിൽ ചർച്ച ചെയുന്നത് കുട്ടികൾക്കു വളരെ പ്രയോജനം ചെയ്യുന്നതായി കാണാൻ കഴിഞ്ഞു. കുട്ടികൾ പുസ്തകം വായിക്കുന്നില്ല എന്നാണ്  രക്ഷാകർത്താകളുടെ പരാതി. ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് live ക്ലാസ്സിൽ സ്ഥിരമായി കയറാത്ത കുട്ടികളെക്കൊണ്ടാണ്. നെറ്റ് ഇല്ല, കയറാൻ പറ്റുന്നില്ല, ഫോൺ ചെയ്താൽ രക്ഷാകർത്താക്കൾ എടുക്കത്തില്ല ,ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ .കുട്ടികൾക്ക് ഒപ്പം രക്ഷാകർത്താക്കളും പുറകോട്ട് പോകുന്ന ഒരു അവസ്ഥ ആണ് കാണാൻ കഴിയുന്നത്. ഇതിനു പരിഹാരം എന്നാ നിലയിൽ ടീച്ചറും, കോർഡിനേറ്റർമാരും 'PTA ഭാരവാഹികളും, രക്ഷാകർത്താക്കളെയും കുട്ടികളെയും നേരിട്ട് കാണാൻ തീരുമാനിച്ചു. ഈ പ്രതിസദ്ധികൾ മറി കടക്കാൻ കഴിയും എന്ന് വിശ്വസിക്കുന്നു .

ഒപ്പം പിന്തുണ നൽകി നിൽക്കുന്ന ഹെഡ്മിസ്ട്രെസ്സിനോടും ക്ലാസ് ടീച്ചറിനോടും മറ്റ് അധ്യാപകരോടും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു.    ഹസീന "

4

                  ഞാൻ സിന്ധു ഗ്രൂപ്പ് ഒന്ന് 𝗜𝗡𝗧𝗘𝗟𝗟𝗜𝗚𝗘𝗡𝗧 𝗔𝗥𝗘𝗔 എന്ന ഗ്രൂപ്പിന്റെ കോഡിനേറ്റർ ആണ് ഞാൻ

 ഞാനും എന്റെ മകനും ഉൾപ്പെടെ ഏഴ് പേര് അടങ്ങുന്നതാണ് എന്റെ ഗ്രൂപ്പ് ആദ്യത്തെ മീറ്റിംഗ് തുടങ്ങാൻ ആയിട്ട് രക്ഷകർത്താക്കളെ ആണ് ഞാൻ വിളിച്ചത് നെറ്റ് തീർന്ന  കുഞ്ഞുങ്ങൾക്ക് അവരുടെ രക്ഷകർത്താക്കൾ ചാർജ് ചെയ്തു കൊടുക്കുകയും അവരോടൊപ്പം ആ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു ആദ്യം എനിക്ക് കിട്ടിയ സന്തോഷം അതായിരുന്നു രണ്ട് ലീഡേഴ്സ് തിരഞ്ഞെടുത്തു അവർ ക്ലാസ് തുടങ്ങുന്നതിനു പത്തുമിനിറ്റ് മുമ്പ് എല്ലാവരെയും വിളിച്ചു ഓർമിപ്പിക്കുകയും ക്ലാസിന് കയറാൻ പറ്റാത്തവർ രക്ഷകർത്താക്കളെ കൊണ്ട് വിവരമറിയിക്കുകയും ചെയ്യാറുണ്ട് പുസ്തകവായന നോട്ട്ബുക്ക് ചെക്ക് ചെയ്യുകയും അന്നു പഠിപ്പിക്കുന്ന ക്ലാസ്സുകളുടെ ചർച്ചയും എന്റെ ഗ്രൂപ്പിൽ നടക്കുന്നുണ്ട് എന്റെ കുട്ടികളെ വീട്ടിൽ പഠിപ്പിക്കാൻ അറിയാവുന്നവരും സഹായിക്കുന്നുണ്ട് വായിക്കാനറിയാത്ത വരെയും മടി ഉള്ളവരെയും  ഞങ്ങളും ടീച്ചറും ചേർന്ന് നല്ല കുട്ടികൾ ആക്കിയെടുക്കുക  

    എന്റെ മകന്റെ പഠനത്തിൽ വളരെ വിഷമിച്ച് ഇരുന്നപ്പോഴാണ് ഇങ്ങനെയൊരു ഗ്രൂപ്പ് തുടങ്ങുകയും എല്ലാത്തിനും ധൈര്യം പകർന്നു ഞങ്ങളോടൊപ്പം നിൽക്കുന്ന ഗായത്രി ടീച്ചറിന് മായ ടീച്ചറിനും മറ്റെല്ലാ ടീച്ചർമാർക്കും നന്ദി


ഇന്ന് (15-9 -2021)നടന്ന ഗ്രൂപ്പ് ലീഡേഴ്സായ കുട്ടികളുടേയും കോഡിനേറ്റേഴ്സിൻ്റെയും മീറ്റിംഗിലെ തീരുമാനങ്ങൾ.

                ഓരോ ഗ്രൂപ്പ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ ലീഡേഴ്സിന് വഹിക്കാവുന്ന പങ്കെന്ത് എന്നതായിരുന്നു പ്രധാനമായും ചർച്ചാ വിഷയം.ഓരോ ഗ്രൂപ്പിലും കുട്ടികൾ സ്വീകരിച്ച മാർഗങ്ങൾ പങ്കുവെച്ചു.ഇത്തരമൊരു പ്രവർത്തനം തങ്ങൾക്ക് എങ്ങനെ സഹായകമായെന്നും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും അവർ പങ്കുവെച്ചു.

പ്രധാന നിർദ്ദേശങ്ങൾ

1.സ്ഥിരം ലീഡർ സ്ഥാനം വേണ്ടാ. 2.ഓരോ ആഴ്ചയും ഗ്രൂപ്പിന് ഓരോ ലീഡർമാരെ തിരഞ്ഞെടുക്കണം

3 ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ചിലർ മൗനമായി ഇരിക്കുന്നു. അതൊഴിവാക്കാൻ ആഴ്ചയിൽ ഒരിക്കൽ ആൻ്റിമാർ ഗ്രൂപ്പ് തല സൗഹൃദ മീറ്റുകൾ സംഘടിപ്പിക്കണം

4പഠന ചർച്ചകളിൽ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പിക്കാൻ ഓരോ ദിവസവും ഓരോ കുട്ടികൾക്ക് വിഷയാവതരണം നൽകണം.

5. ക്ലാസിലും പ്രവർത്തനങ്ങളിലും കയറാത്ത കുട്ടികളെ ആൻ്റിമാരും ടീച്ചറും എങ്ങനേയും കയറ്റാൻ ശ്രമിക്കണം.

6. മാസത്തിൽ ഒരു ദിവസം ക്ലാസിലെ മുഴുവൻ കുട്ടികളും പങ്കെടുക്കുന്ന സൗഹൃദ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കണം. അതിൻ്റെ സംഘാടനം ഓരോ മാസവും ഓരോ ഗ്രൂപ്പിനും നൽകണം.

7. ആഴ്ചയിൽ ഒരുദിവസം സ്കൂൾ അസംബ്ലി മാതൃകയിൽ ക്ലാസ് അസംബ്ലി നടത്തണം.

8. ഗ്രൂപ്പ് തലപ0ന ചർച്ചകളിൽ സംശയ നിവാരണത്തിന് അതാത് വിഷയത്തിൽ അറിവുള്ള, തങ്ങളുടെ ബന്ധുക്കളേയും അധ്യാപകരേയും ഉൾപ്പെടുത്തണം.

Wednesday, September 15, 2021

ഗായത്രി ടീച്ചറും ആൻ്റി ടീച്ചർമാരും കൈകോർത്ത കഥ

 (പ്രാദേശിക രക്ഷാകർതൃ ഓൺലൈൻ കൂട്ടായ്മകളുടെ പ്രായോഗിക സാധ്യത കേരളത്തിനു മുമ്പാകെ അവതരിപ്പിക്കുകയാണ് ഗായത്രി ടീച്ചർ.കൊവിഡാനന്തര കാലത്തും അനുയോജ്യവത്കരിച്ച് തുടരാവുന്ന മാതൃക.)

 *ആശങ്കക്കടലിൽപ്പെട്ട രക്ഷിതാക്കൾ* 

കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ പഠന പ്രശ്നങ്ങളുടെ  സങ്കടപ്പെടലുകളിലായിരുന്നു രക്ഷാകർത്താക്കൾ.


 ⭕പഠിക്കുന്നുണ്ടന്നോ പുസ്തകം ഉണ്ടന്നോ വിദ്യാർത്ഥി ആണെന്നോ തന്നെ മറന്നുപോയ സ്വന്തം കുട്ടികളെക്കുറിച്ചുള്ള സങ്കടങ്ങളാണ്  ഓരോ രക്ഷിതാവിനും പറയാനുള്ളത്.

 ഉപദേശങ്ങളോട് തീവ്ര പ്രതികരണങ്ങളാണ് കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

 .⭕ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. 

പറഞ്ഞാൽ  വീടുവിട്ടു പോകുന്നത് വരെയെത്തുന്നു കാര്യങ്ങൾ .

👉എന്താ ചെയ്യുക ?എന്താണ് ഒരു പരിഹാരം? ഇങ്ങനെ നീളുന്നു പരാതികളും സങ്കടങ്ങളും .

സാധാരണ വിദ്യാഭ്യാസം നേടിയ സാധാരണക്കാരുടെ വിലയുള്ള മോഹങ്ങൾ ആണ് .അവയ്ക്ക് മുന്നിൽ അധ്യാപിക എന്ന നിലയ്ക്കും സാധ്യമായത് ചെയ്യാൻ ആഗ്രഹമുണ്ട് .പക്ഷേ എങ്ങനെ? അതിന് കൃത്യമായ ഒരു പരിഹാരം ഇല്ലായിരുന്നു. 

 *അസംതൃപ്തരുടെ വിമർശനങ്ങൾ* 

35 കുട്ടികളുള്ള ക്ലാസ് ആണ് എൻ്റേത്. പത്തു രക്ഷാകർത്താക്കൾ ആണ് പി ടി എ വിളിച്ചാൽ ഉണ്ടാവുക .പക്ഷേ ആ പത്ത് പേരും കൃത്യമായ അഭിപ്രായങ്ങൾ  കാഴ്ചവെക്കുന്ന വരായിരുന്നു . അവരിൽ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു .ഓരോ പാഠവും കഴിയുമ്പോൾ  പരീക്ഷ വേണമെന്ന് ആവശ്യം രക്ഷാകർത്താക്കൾ മുന്നോട്ടുവച്ചിരുന്നു. അങ്ങനെയെങ്കിലും പുസ്തകത്തിലേക്ക് ഒന്ന് എത്തി നോക്കട്ടെ എന്നതായിരുന്നു താല്പര്യം. രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ പരീക്ഷ എഴുതണം എന്ന് നിർദേശം നൽകി നടത്തിയ പരീക്ഷ  വിലയിരുത്തിയപ്പോൾ ഭൂരിഭാഗം പേപ്പറുകളും ഒരുപോലെ കണ്ടു .പരീക്ഷാ നടത്തണമെന്ന് എന്ന് വാദിച്ചവർ തന്നെ എന്നെ വിളിച്ച് രോഷത്തോടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, "ടീച്ചർ നിങ്ങൾ കോപ്പിയടിക്കാനുള്ള പരിശീലനമാണോ പരീക്ഷ എന്ന പേരിൽ ചെയ്തുകൊണ്ടിരിക്കുന്നത്?" പരീക്ഷാനന്തരം നടത്തിയ പി ടി എയിൽ ശക്തമായ പ്രതികരണങ്ങളാണ്  രക്ഷാകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായത്.ഈ സംവിധാനം പോരാ ഇങ്ങനെപോയാൽ അടുത്തവർഷം കുട്ടികൾ പഠനത്തിൽ നിന്നും പൂർണമായി പുറത്താകും. എന്ത് ചെയ്യും ?

 *പരിഹാരവുമായി അദിനാൻ്റെ ഉമ്മ* 

പഠനം  ഫലപ്രദമാക്കാൻ രക്ഷിതാക്കൾ നിർദ്ദേശിക്കുന്ന ഏത് ആശയവും സ്വീകരിക്കാം എന്ന് മാത്രം പറയാനേ അപ്പോഴും കഴിഞ്ഞുള്ളൂ .അത്തരം ആശയം ഉണ്ടെങ്കിൽ പങ്കുവെക്കണം  എന്ന് ആവശ്യപ്പെട്ടു .

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രക്ഷാകർത്താവിൻ്റ വിളിവന്നു. 

"ടീച്ചറേ, ടീച്ചർ നേരിടുന്ന പ്രയാസം ഞാൻ ആലോചിച്ചു ചിതറിക്കിടക്കുന്ന  35 പേരെ ഒരു ടീച്ചർക്ക് ഒരേ സമയം എങ്ങനാ ശ്രദ്ധിക്കാനാവുക? ആ കുട്ടികൾ സഹകരിക്കണ്ടേ? ഓരോ കുട്ടിയെയും ശ്രദ്ധിക്കാൻ ആളുണ്ടാകണം.  ടീച്ചർ ഒരു കാര്യം ചെയ്യാമോ കുറച്ചു കുട്ടികളെ  ചേർത്ത് ഓരോ കൂട്ടങ്ങൾ രൂപീകരിച്ച് അതിൻറെ ചുമതല താല്പര്യമുള്ള രക്ഷാകർത്താക്കളെ ഏൽപ്പിച്ചാൽ നന്നായിരിക്കും" പറയുന്നത് അദിനാൻ്റെ ഉമ്മ സുമിയ ആണ്. സന്തോഷവും അഭിമാനവും തോന്നി ഈ നിർദ്ദേശത്തിൽ .എച്ച് എമ്മിനെ കാര്യങ്ങൾ ബോധിപ്പിച്ചു. ശ്രമിച്ചുനോക്കൂ നല്ല ആശയം തന്നെ എന്ന പിന്തുണ കിട്ടി .

🏵️ഓഗസ്റ്റ് 30 ന്  പഠനകാര്യത്തിൽ ഇടപെടും എന്നുറപ്പുള്ള ഉള്ള ക്ലാസിലെ 11 രക്ഷാകർത്താക്കളെ തിരഞ്ഞെടുത്തു . 

🏵️വാട്സ്ആപ്പ് കൂട്ടം രൂപീകരിച്ചു .

🏵️പ്രസ്തുത വിഷയത്തിൽ നൂതനാശയങ്ങളും നിർദ്ദേശങ്ങളുമായി വൈകിട്ട് നാലുമണിക്ക് ഗൂഗിൾ മീറ്റ് വെച്ചു. 🏵️നിർദ്ദേശങ്ങൾ സാധ്യതകൾ പരിമിതികൾ വെല്ലുവിളികൾ പരിഹാരങ്ങൾ ഒക്കെ ചർച്ച ചെയ്യപ്പെട്ടു .

🏵️ഏഴ് കുട്ടികൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ രൂപീകരിച്ച് ഓരോ ഗ്രൂപ്പിലും ഒരു രക്ഷകർത്താവിനെ കോഡിനേറ്റർ ആയിനൽകി. 

🏵️ഇവർക്ക് ഗ്രൂപ്പിൻറെ ചുമതല ഒരു മാസത്തേക്ക് എന്ന് ഉറപ്പിച്ചു.

 *ആൻ്റിമാരുടെ തുടക്കം* 

🌈സെപ്റ്റംബർ ഒന്നിന് തന്നെ  അമ്മമാർ പ്രവർത്തിച്ചുതുടങ്ങി 🌈അഞ്ചു ഗ്രൂപ്പുകൾ  ഇൻറലിജൻ്റ് ഏരിയ, മികവ്, ഡ്രീം ലവേഴ്സ് ഡ്രീംസ് ,എയിം എന്നിങ്ങനെ രൂപീകരിക്കപ്പെട്ടു. 🌈ഇവയുടെ കോഡിനേറ്റർമാർ യഥാക്രമം സിന്ധു, ബിന്ദു, സുമിയ ,ജെസി  ഹസീന എന്നിവരായിരുന്നു .

😞ആദ്യ പ്രതികരണം നിരാശാജനകമായിരുന്നു. കോഡിനേറ്ററായ അമ്മയുടേത് മാത്രമായി ഭാഷണം, ഒച്ചയില്ല അനക്കമില്ല നിസംഗത ,നിശബ്ദത. 

😊പക്ഷേ എൻ്റെ അഞ്ച് അമ്മമാരും പതറിയില്ല.അവർ പുതുതന്ത്രങ്ങൾ മെനഞ്ഞു. 

🌈പലരും പല വഴികളാണ് തിരഞ്ഞെടുത്തത്.

👉ഒരു കൂട്ടർ ഗ്രൂപ്പിൽ നിന്നും ആക്ടീവായ കുട്ടികളെ കണ്ടെത്തി ചുമതലകൾ നൽകി.

അവർ കുട്ടുകാരെ പരസ്പരം വിളിച്ചപ്പോൾ കൂട്ടായ്മ ക്രിയാത്മകമായി. 

👉ചിലർ സ്വന്തം മക്കളെ തന്നെ വലവിരിച്ചു.

സ്കൂൾ ഗ്രൂപ്പിന് പുറത്തെ വ്യക്തിഗത സൗഹൃദ ഗ്രൂപ്പുകൾ കുട്ടികൾക്കിടയിൽ നിലനിന്നിരുന്നു. സാധ്യമാകുന്ന സൗഹൃദത്തിന് കൂടി വിലക്കേർപ്പെടുത്തണ്ട എന്ന് കരുതിയെങ്കിലും അവയെച്ചൊല്ലി പരാതികൾ രക്ഷാകർതൃ ഭാഗത്ത് നിന്ന് തന്നെ ശക്തമായപ്പോൾ അവ ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗഹൃദ വഴി അടഞ്ഞ് പോയ സമയത്ത് ഏഴ് പേരെങ്കിൽ ഏഴെന്ന് അവരും കരുതിയിരിക്കാം. എന്തായാലും കൂട്ടായ്മകൾ സജീവമായി. കുട്ടികൾ അവരെ ആൻറി എന്നു വിളിച്ചു സ്നേഹം കൂട്ടി. പുതിയൊരു ബന്ധതലം വികസിച്ചു.

 *കുട്ടികൾ സജീവമായി* 

സ്കൂളിൽ നിന്നുള്ള ലൈവ് ക്ലാസുകൾ റെക്കോഡഡ് ആയിരുന്നു. റെക്കോർഡിംഗ് ക്ലാസ് കാണുന്നുണ്ടന്ന പല്ലവിയിൽ ലൈവ് ക്ലാസുകളിലെ ഹാജർ നില പത്തിൽ താഴെയായിരുന്നു.

🏵️അമ്മക്കൂട്ടായ് മകൾ അവസ്ഥകളെ മാറ്റി. തക്കതായ കാരണം പറയാനുണ്ടങ്കിൽ മാത്രം റെക്കോർഡിംഗ് ക്ലാസുകൾ കാണാനും അല്ലാത്തപക്ഷം ലൈവ് ക്ലാസുകൾ തന്നെ കാണണമെന്ന നിർദ്ദേശം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും നൽകി. 

🏵️രാവിലെ 7.50 ന് അമ്മമാർ ഉപ ഗ്രൂപ്പുകളിൽ ക്ലാസ് ഓർമപ്പെടുത്തി സന്ദേശമയക്കും. 

🏵️ചുമതലപ്പെടുത്തിയ കുട്ടികൾ, കയറാത്ത കുട്ടികളെ വിളിച്ചറിയിച്ചു.

🏵️ക്ലാസ് കഴിയുമ്പോൾ ക്ലാസിൽ കയറാത്ത കുട്ടികളുടെ ഹാജർ കുട്ടികൾ അതാത് ഗ്രൂപ്പിൽ ഇടുന്നു. 

🏵️അവരെ കോഡിനേറ്ററും ഞാനും തുടരെ വിളിച്ചു. 

🏵️കയറിയില്ലങ്കിൽ വിളിവരുമെന്നോർത്ത് ഒരു മാതിരി പെട്ടവരൊക്കെ ക്ലാസിൽ കയറാൻ തുടങ്ങി. 

🏵️നിരന്തര വിളി വരുന്നതിൻ്റെ അസഹ്യതയാൽ രക്ഷാകർത്താവും ശ്രദ്ധാലുവായി തുടങ്ങി.

 *പരീക്ഷയിലെ കോപ്പിയടിയോടു വിട.* 

ടെസ്റ്റ് പേപ്പറുകൾ വിജയകരമായി ഞങ്ങൾ നടത്തി. മെയിൻ ഗ്രൂപ്പിൽ പരീക്ഷക്ക് പതിനഞ്ച് മിനിറ്റ് മുമ്പ് ചോദ്യങ്ങൾ ഇട്ടു.അതേസമയം ഉപ ഗ്രൂപ്പിൽ അമ്മമാർ ഗൂഗിൾ മീറ്റിൻ്റെ ലിങ്കിട്ടു. എഴുതിയടത്തോളം ചോദ്യങ്ങളുമായി കൃത്യം എട്ടിന് തന്നെ കുട്ടികൾ തങ്ങളുടെ ഗ്രൂപ്പിലെ ഗൂഗിൾ മീറ്റിൽ കയറി. വീഡിയോ ഓണാക്കി പിറകിൽ നിൽക്കുന്ന രക്ഷിതാവിനോട് കോഡിനേറ്റർ പ്രസ്തുത വിഷയത്തിൻ്റെ ബുക്കും പുസ്തകവുമായി  മുറി വിട്ട് പോകാനും കുട്ടിയുടെ  എഴുത്ത് തങ്ങൾ നിരീക്ഷിച്ചോളാം എന്നും നിർദ്ദേശം നൽകി.ഏറെപ്പേരും മുറിയിൽ തന്നെ തുടർന്നു എന്നത് ഞങ്ങൾക്ക് നൽകിയ പിന്തുണയുടെ ഭാഗമായി കണ്ടു. എഴുതാത്ത ചോദ്യങ്ങൾ കുട്ടികൾ സ്ക്രീൻ ഷെയർ ചെയ്തു. അധിക സമയം വേണമെന്ന് ബോധ്യപ്പെട്ടിടത്ത് അമ്മമാർ സമയം അനുവദിച്ചു. ഹൈസ്കൂൾ ക്ലാസിൽ പരീക്ഷയെ അഭിമുഖീകരിക്കാത്തവർ സംശയങ്ങൾ ചർച്ച ചെയ്ത് ചോദ്യ മാതൃകകൾ പരിചയപ്പെട്ടു. ഉത്തരപേപ്പറുകൾ അതാത് വിഷയ അധ്യാപകർക്ക് ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു.

 സിന്ധു സ്വന്തം വീട്ടിലേയും തൊഴിലിടത്തിലെയും ജോലികൾ അതിരാവിലെ ഒതുക്കി ഒമ്പതേമുക്കാലോടെ വീട്ടിലെത്തിയാണ് ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക് കാവലിരുന്നത് . ഹസീനയാകട്ടെ നെറ്റ് പ്രശ്നമുണ്ടന്ന് പറഞ്ഞ കുട്ടിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചാണ് പരീക്ഷക്ക് ഇരുത്തിയത്.പരീക്ഷ കഴിയുമ്പോൾ ഉത്തരക്കടലാസുമായി രക്ഷാകർത്താക്കൾ സ്കൂളിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.പരീക്ഷ കഴിഞ്ഞപ്പോൾ രക്ഷാകർത്താക്കൾ സംതൃപ്തിയോടെ പറഞ്ഞു.ഏറെ മാർക്കില്ലങ്കിലും എൻ്റെ കുഞ്ഞിന് കിട്ടിയത് അവൻ പഠിച്ചതിൻ്റെ മാർക്കാണ്. പഠിച്ചാലേ പരീക്ഷ എഴുതാനാകൂ എന്നത് കുട്ടിക്കും പാഠമായി.

 *പല സങ്കേതങ്ങൾ കുട്ടികൾ നിർദേശിക്കുന്നു* .

പരീക്ഷക്കായി അമ്മമാർ ഓരോ ഗ്രൂപ്പിലും ഒരു മണിക്കൂർ നീണ്ട റിവിഷൻ ക്ലാസുകൾ സംഘടിപ്പിച്ചു.

👉ഗൂഗിൾ മീറ്റ്, വീഡിയോ കോൾ, ഗ്രൂപ്പ് ശബ്ദ സന്ദേശങ്ങൾ കോൺഫറൻസ് കാളുകൾ എന്നിങ്ങനെ വിവിധ മാർഗങ്ങൾ പരീക്ഷിക്കപ്പെട്ടു.

പരിമിതികളെ മറികടക്കാൻ കുട്ടികൾ തന്നെയാണ് പുതിയ സാധ്യതകൾ അമ്മമാർക്ക് മുമ്പിൽ അവതരിപ്പിച്ചത്. സംശയങ്ങൾ ചർച്ചകളിലൂടെ കുട്ടികൾ തന്നെ പങ്ക് വെച്ചു. 

 *ആൻ്റിയിൽ നിന്ന് ആൻറി ടീച്ചറിലേക്ക്

തന്നാലറിയും വിധം അവരെ സഹായിക്കാൻ അമ്മമാരും കൂടി .പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള സുമിയ ഫിസിക്സ് ക്ലാസിൻ്റ സംശയങ്ങൾ പരിഹരിച്ചു. മകനൊപ്പമിരുന്ന് ക്ലാസുകൾ കേട്ടതിൻ്റെ മികവിലായിരുന്നു പങ്കാളിത്തം .അത്ഭുതവും അഭിമാനവും തോന്നി സുമിയയെ ഓർത്ത്. ക്ലാസുകളുടെ ഊർജം സുമിയയെ തുടർ പ0നത്തിന് വരെ തയാറാക്കിയിരിക്കുന്നു. പ0ന ചർച്ചകളിൽ കുട്ടികൾ അവരുടെ ചേച്ചിമാരേയും ചേട്ടൻമാരേയും അച്ഛമ്മമാരേയും, അധ്യാപകരെ തന്നെയും പങ്കാളികളാക്കി. കണ്ടെത്തിയ ഉത്തരങ്ങൾ അവർക്ക് അനുഭവങ്ങൾ കൂടിയായിരുന്നു.  

 *വിലയിരുത്തലും ചിട്ടപ്പെടുത്തലും* 

ഓരോ ഘട്ടവും കൃത്യമായി വിലയിരുത്തപ്പെട്ടു.ഓരോ കൂട്ടായ്മയിലും പരീക്ഷിച്ച് വിജയിച്ച മാതൃകകൾ ചേർത്ത് ഞങ്ങൾ ഗ്രൂപ്പുകൾക്ക് ഒരു പൊതു ക്രമം രൂപീകരിച്ചു. ക്ലാസുകൾ കാണുന്നതിൻ്റെ കൃത്യമായ അവലോകനവും, പാഠ പുസ്തക ചർച്ചകളും നടക്കുന്നുണ്ട് 

👉ഗ്രൂപ്പുകളിൽ, പുസ്തകവായനക്ക് പലമാർഗങ്ങളാണ് ഓരോ ഗ്രൂപ്പിലും ചിലർ വീഡിയോ കോളിൽ കുട്ടികളെക്കൊണ്ട് വായിപ്പിക്കുമ്പോൾ, ബിന്ദുവിൻ്റെ ഗ്രൂപ്പിൽ കുട്ടികൾ പുസ്തകം വായിച്ചു എന്ന രക്ഷാകർത്താവിൻ്റെ ശബ്ദ സന്ദേശം നൽകപ്പെടുന്നു, ജെസിയാകട്ടെ  വീഡിയോ കോളിൽ ഒരു മണിക്കൂർ സമയമെടുത്താണ് ഒരു കുട്ടിയെക്കൊണ്ട് വായിപ്പിച്ചത്. 

👉പ0ന പ്രവർത്തനങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുന്നു, 

👉നോട്ടുബുക്കുകളും വീഡിയോ ഓണാക്കി പരിശോധിക്കപ്പെടുന്നു. 

👉ദിനാചരണ പ്രവർത്തനങ്ങളുടെ സംഘാടനം കൂട്ടായ്മകൾ ഏറ്റെടുക്കേണ്ടതിനെക്കുറിച്ച് ചർച്ചയുണ്ട്. 👉ഗ്രൂപ്പ് ആക്ടിവിറ്റികൾ ശക്തിപ്പെടാൻ കുട്ടി ലീഡർമാരുടെ ഒരു ചർച്ചയും ഉടനേ തന്നെ നടത്തപ്പെടും. 🏵️ചുമതലാ വിഭജനം ഏഴു പേരിലേക്കും വിപുലപ്പെടുത്തും വിധം ക്രമീകരണങ്ങളും ആലോചിക്കുന്നു         

 *സന്തോഷ നിറവ്* 

നിറഞ്ഞ സന്തോഷത്തിലാണ് ഞങ്ങൾ.പഠനത്തിൽ മികവ് പുലർത്തിയിരുന്നവരിൽ കണ്ട അലസത അലിഞ്ഞ് പോകുന്നതും വീട്ടിനകത്തെ ഒറ്റപ്പെടൽ ക്ലാസ് മുറിയിലെ സൗഹൃദാന്തരീക്ഷത്തിലെന്ന പോലെ കുട്ടികൾ കുടഞ്ഞെറിയുന്നതും കണ്ടറിഞ്ഞു ഞങ്ങൾ. ഒന്നുമില്ലേലും ഒന്ന് സംസാരിക്കാനെങ്കിലും തയാറായി പലരും.പല ശബ്ദങ്ങളും ആദ്യമായി കേൾക്കുകയായിരുന്നു. കോഡിനേറ്ററായ അമ്മമാർ അവർക്ക് ആൻ്റിമാരായി. സ്വാതന്ത്ര്യത്തോടെ അവർ സംസാരിച്ചു തുടങ്ങി. മുഷിവ് തട്ടാത്ത ഭാവത്തിൽ ഉണർവോടെ വീഡിയോ ഓണാക്കാൻ സ്വയം ഉത്സാഹിക്കുന്നുണ്ട് കുഞ്ഞുങ്ങൾ. ഒറ്റയ്ക്കല്ലന്നും കൂട്ടരൊത്തു ണ്ടന്നതും അവർക്ക് ആശ്വാസമാകുന്നുണ്ട്. ഒത്തുകൂടാൻ ഇടമുണ്ടെന്ന പ്രതീക്ഷ അതിജീവനമാകുന്നുണ്ട്.

 *വീട്ടന്തരീക്ഷം മാറുന്നു*             

കുട്ടിയോടൊപ്പം പ0ന കാര്യത്തിൽ ഒപ്പം നിൽക്കേണ്ടതെങ്ങനെ എന്ന് രക്ഷിതാക്കളെ കാട്ടിക്കൊടുത്തു അമ്മമാർ .ഓൺലൈൻ ക്ലാസിന് അനുയോജ്യമായ ഗൃഹാന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താനായി .കുട്ടികളുടെ പ0ന ഇടങ്ങളിലേക്ക് ഒന്നെത്തി നോക്കാനും തന്നാലാവുന്ന സഹായം ചെയ്യാനും പ്രേരണയായി ഈ അമ്മ മാതൃകകൾ .വീട്ടുജോലിക്കും തൊഴിലിടങ്ങളിലെ അധ്വാനത്തിനും ശേഷം സ്വന്തം കുട്ടിയെക്കൂടാതെ മറ്റ് ആറ് പേരുടെ കൂടി ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഈ അമ്മമാരുടെ ഇച്ഛാശക്തിക്ക് മുമ്പിൽ മറ്റ് രക്ഷാകർത്താക്കളുടെ ഒഴിവുകഴിവുകൾ ആവിയായി. സ്വന്തം ഗൃഹാന്തരീക്ഷത്തിലേക്ക് കടന്നേറുന്ന അമ്മയും ഏഴ് കുട്ടികളും മറ്റ് രക്ഷാകർത്താക്കളെ കുറേക്കൂടി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുന്നുണ്ട്. ഓഫ് ലൈൻ കാലത്തും സാധാരണക്കാരൻ്റെ മക്കൾക്ക് സാധ്യമാക്കാവുന്ന പഠന പിന്തുണയെക്കുറിച്ചുള്ള ധാരണകൾക്കൊരിടമുണ്ട് ഈ പ്രവർത്തനത്തിൽ എന്ന് കരുതുന്നു

മുന്നോട്ടു തന്നെ

വെല്ലുവിളികൾ ഇല്ലന്നല്ല, അതിൽ പെട്ട് പിന്തിരിഞ്ഞില്ലന്നതും പുതു സാധ്യതകൾ തേടിയതിലുമാണ് നിറവത്രയും. വിളിച്ചാൽ മാത്രമേ ക്ലാസിന് കയറു എന്ന് ശഠിക്കുന്നവർ ഇപ്പോഴുമുണ്ട്. അവരെ മുഖാമുഖം കാണാൻ ഞങ്ങൾ പുറപ്പെടുകയാണ്. കുട്ടികൾക്ക് സൗഹൃദം പങ്കിടേണ്ടതുണ്ട്. അതിനായി ഗൃഹസന്ദർശനങ്ങൾ അനുവദിക്കണമെന്ന ആവശ്യം രക്ഷാകർത്താക്കൾ ഉയർത്തുന്നുണ്ട്. ഒരുമിച്ചിരുന്ന് വർത്തമാനം പറയുന്നതിൻ്റെ സുഖമറിയുന്നത് കുട്ടികൾ മാത്രമല്ല. മക്കളുടെ ഭാവിയേയും പെരുമാറ്റത്തേയും കുറിച്ചോർത്ത് ആകുലപ്പെട്ട അമ്മമാരും ഇന്ന് ചിരിത്തുമ്പത്താണ് .അക്ഷരാർത്ഥത്തിൽ ഞങ്ങൾ മക്കൾക്കൊപ്പമാണ്.

_ഗായത്രി ടീച്ചർ

സാധാരണക്കാരൻ്റെ മക്കൾ പഠിക്കുന്ന ഒരു സാധാരണ വിദ്യാലയം കോവിഡ് കാലത്തിൻ്റെ പ0ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ നടത്തുന്ന  ശ്രമമാണ് വിവരിച്ചത്.ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്തുള്ള കട്ടച്ചിറയിലാണ്  ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.