ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പാലക്കാട്. Show all posts
Showing posts with label പാലക്കാട്. Show all posts

Wednesday, March 15, 2023

ഒന്നാം ക്ലാസും കുഞ്ചൻ നമ്പ്യാരും മുഖ്യമന്ത്രിയും

 



ഒരു പോസ്റ്റാഫീസ് മഹാകവിയെ ആദരിച്ച രീതി . ലക്കിടിയിലെ കുട്ടികൾ അറിയണ്ടേ? പ്രാദേശികമായ പല അറിവുകളും മറച്ചു വെക്കാനാണോ പാഠപുസ്തകം? കുട്ടികൾ അന്വേഷകരാകട്ടെ.

എ.ജെ.ബി സ്ക്കൂൾ ലക്കിടി

ലക്കിടി പോസ്റ്റ്

പാലക്കാട് ജില്ല

ക്ലാസ് 1

പഠന ലക്ഷ്യം :- തപാൽ സംവിധാനം /കത്ത് എന്ന മാധ്യമം

സന്ദർഭം :- മലയാളം അവസാന പാഠഭാഗം - അമ്മയാനക്ക് കത്തെഴുതൽ

സന്ദർശിച്ച സ്ഥലം :- പോസ്റ്റ് ഓഫീസ് ലക്കിടി

അധികമാർക്കും അറിയാത്ത ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു. ലക്കിടി പോസ്റ്റോഫിന് മാത്രം സ്വന്തമായുള്ള ഒരു സ്റ്റാമ്പുണ്ട്.... മഹാകവി, തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായതിനാൽ തുള്ളൽ സീൽ സ്‌റ്റാമ്പ് കാണാനിടയായി...... ആ പ്രദേശത്തെ ആളുകൾ തന്നെ അറിയുന്നത് ഞങ്ങളുടെ സന്ദർശനത്തെ തുടർന്നുള്ള പ്രചരണത്തിലാണ്.

അനുഭവക്കുറിപ്പ്

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ എന്ന ഗ്രാമപഞ്ചായത്തിൽ തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെറിയ ഒരു സ്ഥലമാണ് ലക്കിടി . ഈ ലക്കിടിയിലെ റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എ ജെ ബി സ്കൂളാണ് എന്റെ വിദ്യാലയം. ഈ നാട്ടിലെ പൊതു സ്ഥാപനങ്ങളെ കുറിച് കുട്ടികൾക്ക് നേരിൽ കണ്ട് മനസിലാക്കുവാനായി ഞങ്ങൾ ഒരു കൊച്ചു യാത്ര നടത്തി.

ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ അവസാന പാഠഭാഗമായ "ജഗ്ഗു അമ്മയെ കാണുമോ " എന്നതിനെ അടിസ്ഥാനമാക്കി കത്ത് എന്ന ആശയം പഠിപ്പിക്കുന്ന സന്ദർഭം...

പാഠഭാഗം തുടങ്ങുന്നതിനു മുന്നേ തന്നെ തലേദിവസം അധ്യാപിക ഒരു ഇൻലൻഡ് കത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തിരുന്നു ..തുടർന്ന് പോസ്റ്റ് മാനേ നേരിൽകണ്ട് ഈ കത്തിനെ കുറിച്ചും ഇതുമായി സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്കായി കത്ത് എന്ന മാധ്യമവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു.....

പാഠഭാഗത്തിൽ കുട്ടിക്കൊമ്പന്റെ അമ്മയ്ക്കായി ഒരു കത്തെഴുതാൻ പറയുന്ന ഭാഗമുണ്ട്...അത് പരിചയപ്പെടുത്തുന്ന സമയത്താണ് നേരത്തെ തയ്യാറാക്കിയ കത്തുമായി പോസ്റ്റുമാൻ ശ്രീ.വിനോദ് സ്ക്കൂളിലേക്ക് വന്നത്... ( മാർച്ച് 1 - 2023 )

അദ്ദേഹത്തെ ഒന്നാം ക്ലാസിലെ കുട്ടികൾ സ്വീകരിച്ചു.


അദ്ദേഹം കത്ത് കുട്ടികൾക്ക് കൈമാറി ....

കുട്ടികളും പോസ്റ്റുമാനുമായി അഭിമുഖ സംഭാഷണം നടന്നു.

ഒന്നാം ക്ലാസുകാരിയായ നാജിയ ക്ലാസിനെ പ്രതിനിധീകരിച്ച് കത്ത് മൈക്കിൽ ഉച്ചത്തിൽ വായിച്ചു .....

കുട്ടികൾക്ക് വിവിധതരം കത്തുകളെ കുറിച്ചും (ഇൻലൻഡ് ലെറ്റർ, പോസ്റ്റ് കാർഡ്, കവർ ലെറ്റർ, സ്പീഡ് പോസ്റ്റ്, പാർസൽ സംവിധാനം) അവ പോസ്റ്റ് ചെയ്താൽ മേൽവിലാസക്കാർക്ക് എത്തിക്കുന്നത് വരെയുള്ള നടപടികളെ കുറിച്ചും ശ്രീ. വിനോദ് വിശദീകരിച്ചു.  

കുട്ടികൾ അദ്ദേഹത്തിന് നന്ദി അറിയിച്ചു. 

ശേഷം വീണ്ടും പാഠഭാഗത്തിലേക്ക് ....

കാണാതായ ആനക്കുട്ടിക്ക് വേണ്ടി ടെലിവിഷൻ വാർത്തകളും , കാൺമാനില്ല എന്ന പരസ്യവും പഠിക്കുന്ന ഘട്ടത്തിൽ 

വാർത്ത പരിചയപ്പെടാനായി ബഹു കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ വാർത്തകളും പത്ര കട്ടിംഗുകളും , കാണാതായ ആളുകളുടെ വാർത്തകളടങ്ങിയവയും കുട്ടികൾക്ക് വായിക്കാനായി നൽകി. 

കൂടാതെ പരസ്യങ്ങളെ കുറിച്ചറിയാൻ ജ്വല്ലറി, വസ്ത്രാലയ പരസ്യങ്ങളും കാണിച്ചു കൊടുത്തിരുന്നു. 

ശേഷം കുട്ടികളോട് നിങ്ങൾക്കറിയാവുന്ന ഒരാൾക്ക് ഒരു കത്തെഴുതണമെന്ന് ആവശ്യപ്പെട്ടു ......



ചർച്ചകളിലൂടെ ആർക്ക് കത്തെഴുതണമെന്നും എന്തൊക്കെയാണ് കത്തിൽ എഴുതേണ്ടതെന്നും കുട്ടികൾ ചർച്ച ചെയ്തു തീരുമാനിച്ചു..... അക്ഷരാർത്ഥത്തിൽ ഒന്നാം ക്ലാസ് അധ്യാപികയായ ഞാൻ ഞെട്ടിപ്പോയി !! ....

കാരണംഅവർ കത്തെഴുതാൻ തീരുമാനിച്ച വ്യക്തി കേരള മുഖ്യമന്ത്രി പിണറായി സാറായിരുന്നു .... !!

!അങ്ങനെ ഒരു പോസ്റ്റ് കാർഡിൽ നാജിയ കുട്ടികളുടെ പ്രതികരണങ്ങൾക്കനുസരിച്ച് കത്തെഴുതി. (ചെറിയ ചില ചെറിയ അക്ഷരത്തെറ്റുകൾ ഞാൻ തിരുത്തി നൽകി )

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി മാമന് ..... 

 മാമന് സുഖം തന്നെയല്ലേ .... ഞങ്ങൾ ടിവിയിലും പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് ... നേരിൽ കാണാൻ ആഗ്രഹവുമുണ്ട് ..." എന്ന് തുടങ്ങുന്ന കത്തിൽ മെയ് 24ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിന് മുൻകൂട്ടി ആശംസകൾ കൂടി അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്.....

എന്റെ കുട്ടികളുടെ ചിന്താമണ്ഡലത്തെ കുറിച്ച് എനിക്ക് വളരെയധികം അഭിമാനം തോന്നി .... 


തപാൽ സംവിധാനങ്ങളെ കുറിച്ച് പുതിയ തലമുറക്ക് അവഗാഹം കുറവാണ്. സമൂഹ മാധ്യമങ്ങളുടെ ആധിക്യവും മൊബെൽ ഫോൺ മറ്റു സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും മൂലം ഒരു കാലത്ത് ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന തപാൽ സംവിധാനം ഇന്ന് ഏറെക്കുറെ ശോചനീയാവസ്ഥയിലാണ് .... 


 ജീവന്റെ തുടിപ്പുള്ള അക്ഷരങ്ങൾക്കായി കാത്തിരുന്നിരുന്ന ഹൃദയങ്ങളെ ഇന്നത്തെ തലമുറക്ക് പരിചയമില്ല തന്നെ .... അതുകൊണ്ട് കൂടി നേരനുഭവം ലഭ്യമാക്കാൻ കത്ത് പോസ്റ്റ് ചെയ്യാൻ 1 മുതൽ 4 വരെയുള്ള ക്ലാസിലെ  കുട്ടികളും പോസ്‌റ്റ്‌ ഓഫീസിലേക്ക് പോകാമെന്നും തീരുമാനിച്ചു.


സ്കൂളിൽ നിന്ന് ഏകദേശം 400 മീറ്റർ മാത്രം അകലെയുള്ള ലക്കിടി പോസ്റ്റോഫീസിലേക്കാണ് ഞങ്ങളുടെ യാത്ര ....തലേ ദിവസം തന്നെ ഞങ്ങളുടെ പ്രധാനധ്യാപിക പോസ്റ്റ് ഓഫീസ് സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിയിരുന്നു.

മാർച്ച്  2 ന് ഉച്ചക്ക് ശേഷം 2.30 ന് ഞങ്ങൾ സ്ക്കൂളിൽ നിന്ന് പുറപ്പെട്ടു. എല്ലാ ക്ലാസുകളിലും പഠന പ്രവർത്തനത്തിന്റെ ഭാഗമായി പൊതു സ്ഥപനങ്ങളേ കുറിച്ച് കുട്ടികൾ പഠിക്കേണ്ടതായതിനാൽ 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികളും  അധ്യാപകരായ സാജിത, ഇന്ദു , കാർത്തിക, നിഷ, ഷെഹ് മി തസ്നി, കതീജ, ജുനൈദ, മിനി എന്നിവരും ഈ യാത്രയിലുണ്ടായിരുന്നു ... ശ്രദ്ധയോടെ വാഹനങ്ങൾ തടഞ്ഞ് കുട്ടികളെ റോഡ് മുറിച്ചു കടത്തി വരിയായി കാൽനടയായി നാടിനെ അറിഞ്ഞു കൊണ്ടു തന്നെ ഒരു യാത്ര. 2.50 ഓടെ ഞങ്ങൾ പോസ്റ്റോഫീസിലെത്തി. പോസ്റ്റ് ഓഫീസ് ഹെഡായ ഓമന മാഡവും , ജീവനക്കാരായ അനുശ്രീ, സുശീല , വിനോദ് എന്നിവരും ഞങ്ങളെ സ്വീകരിച്ചു. കത്തുകൾ, വിവിധതരം സ്റ്റാമ്പുകൾ എന്നിവ പരിചയപ്പെടുത്തി. സ്പീഡ് പോസ്റ്റുകളെ കുറിച്ചും വിശദീകരിച്ചു.... 3, 4 ക്ലാസിലെ  കുട്ടികൾ ചോദ്യാവലി തയ്യാറാക്കിയിരുന്നു .... അവർക്ക് വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ചു നൽകി

പത്രമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ഈ സന്ദർശനത്തെ കുറിച്ച് വാർത്തകൾ പ്രാധാന്യത്തോടെ വന്നു.


വളരെ ചെറിയ യാത്രയായിരുന്നെങ്കിലും പങ്കെടുത്ത കുട്ടികൾക്കും


സമൂഹത്തിനും ഇത് നൽകുന്ന സന്ദേശം വലുതാണ്..... പൊതു സ്ഥാപനങ്ങൾ ഓരോരുത്തരുടേയുമാണ് .... അതിന്റെ കാവൽക്കാരും ജനങ്ങളാണ് എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാവണം എന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്...





Monday, June 6, 2022

ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനും ഡയറിക്കുറിപ്പുകളും

ക്ലാസ്അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നവർക്ക് അമ്മനൂർ എ. എൽ . പി .സ്കൂളിലെ 1, 2 ക്ലാസുകളിലെ വ്യത്യസ്തമായ ഡയറിക്കുറിപ്പുകൾ നൽകുന്ന സന്ദേശ മെന്ത്?

1. കുട്ടികളെ സ്വതന്ത്ര രചയിതാക്കളാക്കുക

2. മികച്ച ഭാഷയിൽ ആശയങ്ങൾ, അനുഭവങ്ങൾ, വികാരവിചാരങ്ങൾ എന്നിവ ആവിഷ്കരിക്കാൻ പ്രാപ്തരാക്കുക

3. ചിത്രീകരണ സഹിതമുള്ള രചനാരീതിയിലൂടെ സർഗാത്മക വികാസത്തിന് അവസരമൊരുക്കുക

എന്നീ ലക്ഷ്യങ്ങൾക്ക് സഹായകമാണത്.

ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിലേക്ക്

മുകളിൽ സൂചിപ്പിച്ച മൂന്നു ലക്ഷ്യങ്ങൾ പ്രൈമറി തലത്തിലെ ഏതു ക്ലാസുകൾക്കും പരിഗണിക്കാവുന്നതാണ്. 

അങ്ങനെ തീരുമാനിച്ചാൽ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തണം. 

എന്തെല്ലാം ആയിരിക്കണം ആ പ്രവർത്തനങ്ങളുടെ സവിശേഷതകൾ?

1. കുട്ടികൾക്ക് ആസ്വാദ്യമായിരിക്കണം

2. തൻ്റെ രചനയിൽ അഭിമാനം തോന്നാൻ ഇടവരുത്തണം

3. ഇനിയും എങ്ങനെ മെച്ചപ്പെടുത്താം ആകർഷകമാക്കാം എന്ന ആന്തരിക സമ്മർദ്ദം ജനിപ്പിക്കുന്നതാകണം

4. അക്ഷരമുറപ്പിക്കൽ, പദങ്ങൾ നിർമ്മിക്കൽ തുടങ്ങിയ യന്ത്രിക രീതികളിൽ തളച്ചിടാത്തവയാകണം. എന്നാൽ തെറ്റുകൂടാതെ എഴുതാൻ പ്രേരിപ്പിക്കുന്നതുമാകണം

5. വൈവിധ്യമുള്ള രചനാനുഭവങ്ങളാകണം

6. പ്രായോഗികമായ വിജയനുഭവം പ്രധാനമാണ്. അത്തരം മാതൃകകൾ പിന്തുടരാം

ഇനി അമ്മന്നൂരിലെ രണ്ടാം ക്ലാസുകാരി സുദർശനയുടെ ഡയറികളിലേക്ക് പോകാം. മൂന്നു ദിവസത്തെ മാത്രം നോക്കാം

12.1.2022, 15, 02, 2022,6.03.2022 എന്നിവ വളർത്തു കോഴികളെ കുറിച്ചാണ്.

ഫെബ്രുവരി 15 നാണ് കോഴിപ്പേൻ കാരണം കൊഴിയെ കൊടുക്കുന്നത്. "ഓട്ടോ റിക്ഷ കണ്ടപ്പോഴേ " തുടങ്ങി ആശ്വാസമായത് വരെ ഒന്നു വായിച്ചു നോക്കൂ. അവളുടെ വൈകാരിക അവസ്ഥ എത്ര നിഷ്കളങ്കമായി ആവിഷ്കരിച്ചിരിക്കുന്നു. മാർച്ചിൽ എഴുതുന്നു "എനിക്കിവരേ ഉണ്ടായിരുന്നുള്ളു. ഇവരും ഇപ്പോൾ പോയി. കൊണ്ടു പോകുമ്പോൾ സേൻ്റിൽ എന്നോടു മൂളി " ആ മൂളൽ ഒരു വിടപറയലാണ്. കൂടുതൽ വിവരണങ്ങൾ ആവശ്യമില്ലാത്ത ഒതുക്കം. ഈ മികവുറ്റ ഭാഷ കുട്ടി നേടിയത് ഡയറി എഴുത്തിന് തുടർച്ചയായി ലദിച്ച പിന്തുണയിലൂടെയാണ്.



നാളെ വരെ വെള്ളം നിൽക്കണേ...

അപ്പോൾ ക്ലാസ് അക്കാദമിക മാസ്റ്റർ പ്ലാനിൽ ഒരു പ്രവർത്തനം ഉൾച്ചേർക്കുകയാണ്.

ഡയറി എഴുത്ത്

ഒറ്റവാക്കിൽ സൂചിപ്പിച്ചാൽ മതിയോ?

പോര

വിശദാംശങ്ങൾ വേണം

അതെങ്ങനെ?

1.ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് പ്രായോഗിക പരിശീലനം ( തലേ ദിവസത്തെ ഒരു സംഭവം സചിത്ര ഡയറിയാക്കൽ )

2. കുട്ടികളുമായി ചർച്ച. ഡയറിയിലെ വിഷയവൈവിധ്യം 

3. ഒരു കഥയിലെ കഥാപാത്രത്തിൻ്റെ സാങ്കൽപ്പിക ഡയറി എഴുതൽ, സഹായ രചന, വൈവിധ്യത്തിനുള്ള സാധ്യതകൾ 

4. ഡയറി ബുക്ക് വിതരണം

5. ഡയറി മൊബൈലിൽ സ്കാൻ ചെയ്യുന്നതെങ്ങനെ? രക്ഷിതാക്കൾക്ക് ഓൺലൈൻ നിർദ്ദേശം

6. ഡയറികൾ ഒരോ ദിവസവും ടീച്ചർക്ക് അയക്കാനുള്ള ക്രമീകരണം

7. ടീച്ചറുടെ ഗുണാത്മ ഫീഡ്ബാക്ക് സഹിതം തെരഞ്ഞെടുത്ത ഡയറികൾ നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൽ

8. രചനയിലെ  സഹായം, എഡറ്റിംഗ് രീതി എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക്

9. ഇടക്കാല വിലയിരുത്തൽ

10. കൂടുതൽ സഹായം ആവശ്യമുളളവരെ കണ്ടെത്തി പിന്തുണ നൽകൽ

11. തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം പ്രകാശിപ്പിക്കൽ.

ഇത്രയും കാര്യങ്ങൾ ഇല്ലാതെ ഡയറി എഴുത്ത് എങ്ങനെ ക്ലാസിൽ നടത്തും എന്ന് പറയാനാകില്ല. അവ്യക്തതയുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ ലക്ഷ്യം നേടില്ല.

അനുബന്ധങ്ങൾ വായിച്ച് സാധ്യത ബോധ്യപ്പെടൂ

അനുബന്ധം 1

ആദിത്യൻ്റ ഡയറി

http://learningpointnew.blogspot.com/2015/12/p-margin-bottom-0.html?m=1

അനുബന്ധം 2

കരിങ്കല്ലത്താണിയിലെ ഡയറികൾ

http://learningpointnew.blogspot.com/2022/01/blog-post.html?m=0

അനുബന്ധം 3

അമ്മന്നൂരിലെ ഡയറിയെഴുത്തിൻ്റെ പ്രക്രിയ

" കോവിഡ് മഹാമാരി വന്ന് നമ്മുടെ വിദ്യാലയങ്ങളെല്ലാം അടച്ചു പൂട്ടി കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം അവരുടേതായ കുഞ്ഞു ലോകത്തേക്ക് ജീവിതാനുഭവങ്ങൾ ചുരുങ്ങിപ്പോയപ്പോൾ ..... ഓൺലൈൻ ക്ലാസുകളും തുടർ പ്രവർത്തനങ്ങളുമൊക്കെയായി തുടരേണ്ടി വന്നപ്പോൾ ... പകർത്തിയെഴുത്തും ചിത്രം വരയും നിറംനൽകലും മാത്രമായപ്പോൾ .. ( ഓൺലൈൻ ക്ലാസുകൾ രസകരമാക്കാൻ എല്ലാ കുട്ടികളുടേയും വീടുകളിൽ ചെലവു കുറഞ്ഞ രീതിയിൽ ബ്ലാക്ക് ബോർഡ്  സെറ്റ് ചെയ്ത് ചോക്കുകൾ നൽകി, മനോഹരമായ വർക്ക് ഷീറ്റുകളും കുട്ടിക്കഥകളുടേയും പാട്ടുകളുടേയും വീഡിയോസ് തയ്യാറാക്കി നൽകി, സ്ക്രീൻ റെക്കോർഡർ ഉപയോഗിച്ച് വായന രസകരമാക്കി, ഓൺലൈൻ ദിനാചരണ പ്രവർത്തനങ്ങൾ ഭംഗിയായി digital  document ചെയ്തു, പ്രവർത്തനങ്ങളിൽ ആനന്ദം പകരാൻ ഓൺലൈൻ ട്രോഫികളും മറ്റും നൽകി, രക്ഷിതാക്കൾക്കായി പ്രത്യേക പരിപാടികൾ കണ്ടെത്തി നൽകി ...'..)

എന്നിട്ടും കുട്ടികൾ സ്വതന്ത്രരചനകളിൽ ഏറെ പിന്നാക്കം പോയതായി മനസിലായപ്പോൾ .... വ്യത്യസ്തമായ ഏതു പ്രവർത്തനമാണ് അവർക്കിനി കൊടുക്കാൻ കഴിയുക എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരാശയം മനസ്സിൽ വന്നത്.

 *ലക്ഷ്യം* 

       സ്വതന്ത്ര ചിന്തകൾക്കും രചനകൾക്കും സർഗാത്മക പ്രകടനങ്ങൾക്കും വ്യത്യസ്തമായ നിരവധി സന്ദർഭങ്ങളിലൂടെ ലേഖന പ്രവർത്തനങ്ങളിൽ മികവുറ്റവരാക്കാൻ പ്രാപ്തരാക്കുക

 ഘട്ടങ്ങൾ

🌹 വാചികമായ അനുഭവ വിവരണങ്ങൾക്ക് അവസരം നൽകി

🌹 വ്യത്യസ്ത വാചിക പ്രകടനങ്ങൾക്ക് പ്രോത്സാഹനം നൽകി

🌹വൈവിധ്യമേറിയ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവസരങ്ങൾ ഉണ്ടാകും വിധം പ്രചോദനം നൽകി

🌹 ആദ്യഘട്ടത്തിൽ അമ്മമാരുടെ സഹായത്തോടെ എഴുതിത്തുടങ്ങി.ക്രമേണ സ്വന്തം വാചകങ്ങളിലും എത്തി.

 വ്യത്യസ്തമായ ഡയറികൾ

  രാവിലെ എണീറ്റു, പല്ലുതേച്ചു, , ചായ കുടിച്ചു, കളിച്ചു, കുളിച്ചു, കിടന്നുറങ്ങി എന്ന പതിവു ശൈലിയിൽ നിന്നും മാറി അതത് ദിവസത്തെ സന്തോഷം / സങ്കടം / പരിസര നിരീക്ഷണത്തിനിടയിൽ കണ്ട രസകരമായ കാഴ്ചകൾ / കളികൾക്കിടയിലെ തർക്കങ്ങൾ / അടുക്കളയിൽ അമ്മയുടെ പാചക രീതികൾ / കഴിച്ചഭക്ഷണം/ യാത്രകൾക്കിടയിൽ കണ്ട വേറിട്ട കാഴ്ചകൾ..... എല്ലാം ഡയറിയിലിങ്ങനെ നിറഞ്ഞുനിന്നു. ചിത്രീകരണ സാധ്യത കൂടി പരിഗണിച്ചിരുന്നതിനാൽ വരയും നിറം കൊടുക്കലും എല്ലാം ഇഷ്ടത്തോടെ ഏറ്റെടുത്തു.

 *ഡയറിയെഴുത്ത് ഏറ്റെടുത്തവർ* 

     നിത്യവും നടക്കുന്ന ഓൺലൈൻ ക്ലാസ് തുടർപ്രവർത്തനങ്ങൾക്കു പുറമേ *അധിക പ്രവർത്തന* മായതിനാൽ ഒന്ന്, രണ്ട് ക്ലാസുകളിൽ നിന്നും സ്വയം സന്നദ്ധരായ കുട്ടികളെ ചേർത്ത് ലിറ്റിൽ സ്റ്റാർസ് എന്നൊരു ഗ്രൂപ്പ് തുടങ്ങി പ്രവർത്തനങ്ങൾ ചിട്ടയായി തുടർന്നു വന്നു. എല്ലാവരുടേയും സൗകര്യാർഥം രാത്രി 9 മണിക്കു ശേഷമാണ് രചനകൾ ഗ്രൂപ്പിലേക്കെത്തിയിരുന്നത്. അതിനു ശേഷം ഓരോ കുട്ടിയുടേയും ഡയറികൾ വായിച്ച് ഭംഗിയുള്ള സ്റ്റിക്കറുകളും പ്രോത്സാഹനങ്ങളും നൽകിക്കൊണ്ടിരുന്നു.കഴിഞ്ഞ ആഗസ്റ്റ് മുതൽ കൃത്യമായി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി വന്ന കുഞ്ഞു കൂട്ടുകാരും ഈ കൂട്ടത്തിലുണ്ട്.

 *ഗാർഹിക പശ്ചാത്തലം* 

       വ്യത്യസ്ത സാഹചര്യങ്ങളിൽ കഴിയുന്ന കുഞ്ഞു മക്കളുടെ അനുഭവങ്ങളും ഏറെ വ്യത്യസ്തമാണല്ലോ. കൃത്യമായ നിർദേശങ്ങളോടൊപ്പം ഓരോ കുട്ടിയേയും പരിഗണിച്ചു കൊണ്ടുള്ള വോയ്സ് മെസേജുകളും നൽകി ഗ്രൂപ്പിൽ സജീവമായതും രക്ഷിതാക്കൾ ആവേശത്തോടെ പിന്തുണയുമായി കൂടെ നിൽക്കാൻ സഹായകമായി. എഴുത്തിനോടും ഗ്രൂപ്പിനോടും കൂടുതൽ അടുക്കാൻ കുട്ടികൾ വായിച്ച് അയക്കുന്ന ഓഡിയോസ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി നൽകിയിരുന്നു.ഇത് വായനയോടുള്ള താത്പര്യം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 *വ്യത്യസ്തമായ കുറിപ്പുകൾ* 

      ആടിനെ നോക്കാൻ പോയത്, കണ്ണിമാങ്ങകൾ പെറുക്കാൻ പോയപ്പോൾ, അങ്ങാടിയിലെ വലിയ മരക്കൊമ്പുകളിൽ മാസ്കുകൾ തൂക്കിയിട്ടത് കണ്ടപ്പോൾ, തുടങ്ങിയ പല ചിന്തകളും ഡയറിയിലെ വരികളായി. സ്വന്തമായി നട്ട മല്ലികയിൽ പൂ വിരിഞ്ഞ സന്തോഷം, അതു പങ്കിടാനായി ഡയറിയിൽ വരച്ച മല്ലികപ്പൂ ,വിദ്യാലയത്തിലെ സൂര്യകാന്തിത്തോട്ടം, വിഷുവിന് പടക്കവും പൂത്തിരിയും കിട്ടാഞ്ഞതിന്റെ വേദന ,......... അങ്ങനെ ആകർഷകമായ ചിത്രങ്ങളും എഴുത്തുമൊക്കെയായി ഡയറിയിലെ പേജുകൾ മനോഹരമായി. 

 *ലക്ഷ്യം കൈവരിച്ചത്* 

         സ്വന്തം നിരീക്ഷണങ്ങൾ ഏറെ രസകരമാക്കാൻ കുട്ടികൾ ശ്രമിച്ചിട്ടുണ്ട്‌. ചിത്രീകരണ സാധ്യതയുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തിരുന്നതിനാൽ ഓരോ കുട്ടിയുടേയും ഡയറികൾ ഏറെ ആകർഷകമായി.ഓൺലൈനിലായതിനാൽ ഗ്രൂപ്പിലെ എല്ലാ രചനകളും അമ്മമാർ വായിച്ചിരുന്നു. (ഓൺലൈനായതിനാൽ പരിമിതികളും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലേഖന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്നവർക്കായി ഓഫ് ലൈൻ ക്ലാസുകളാരംഭിച്ചപ്പോൾ പ്രത്യേക മൊഡ്യൂൾ വെച്ച് അധിക സമയം കണ്ടെത്തി പ്രവർത്തന ങ്ങളിൽ മുഴുകിയെങ്കിലും വീണ്ടും സ്കൂൾ അടച്ചതിനാലും മറ്റും തുടരാൻ കഴിഞ്ഞിട്ടില്ലായിരുന്നു) അതിനാൽ തന്നെ ഏറെ ആവേശത്തോടെ അമ്മമാരുടെ നല്ല പിന്തുണ ലഭ്യമായി-

 *ചെറിയ കാര്യങ്ങളിൽ വലിയ* *സന്തോഷം കണ്ടെത്താനും കുഞ്ഞു* *മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങളെ* *എഴുതി പ്രകടിപ്പിക്കാനും കുട്ടികൾക്കു കഴിയുന്നു*



Wednesday, January 12, 2022

കരിങ്കല്ലത്താണിയിലെ സ്കൂൾ ഡയറികൾ "

ഒന്നിലെയും രണ്ടിലെയും കുട്ടികൾ എഴുതുമോ? 

അവർക്ക് അക്ഷരം അറിയുമോ?
അക്ഷരമാല പഠിച്ചോ?
എന്തെല്ലാം ഉത്ക്കണ്ഠകളാണ് സമൂഹത്തിന്.
ആ കരുതലുകളെ സദുദ്ദേശത്തോടെ കാണണം.
കുട്ടികൾ ചെറുപ്രായത്തിൽ എഴുതി പഠിക്കണം. എഴുത്തു പഠിക്കണം. എഴുത്തുകാരാകണം.

ആശയാവതരണ രീതിക്ക് പല കൈവഴികൾ ഉണ്ട്.അതിൽ ഒന്ന് ജൈവ രചനയെ പ്രോത്സാഹിപ്പിക്കുകയാണ്
പാഠപുസ്തകത്തിന് പുറത്ത് എഴുത്തു പാOങ്ങൾ കണ്ടെത്തുകയാണ്.
പ്രമേയ ദാരിദ്ര്യമില്ല എന്ന് തിരിച്ചറിയുന്ന കുട്ടികളിൽ വിശ്വാസമുള്ള ഭാഷാ സമീപനം സംബന്ധിച്ച ഉൾക്കാഴ്ചയുള്ള അധ്യാപകർക്ക് പുതുവഴി തെളിയിച്ചെടുക്കാനാകും
എഴുത്തിന് സർഗാത്മക ഭാവം കൂടിയുണ്ടെങ്കിൽ യുട്ടികൾ ഏറ്റെടുക്കും

പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണി സ്കൂളിലെ കുട്ടികൾ അവരുടെ കൊച്ചു കെച്ചനുഭവങ്ങൾ ഡയറി രൂപത്തിൽ എഴുതിക്കൊണ്ടേയിരിക്കുകയാണ്
ഒന്നാം ക്ലാസിലെ കുട്ടികൾക്കും എഴുതണം 
അമ്മമാർ അവരുടെ ആശയങ്ങൾക്ക് എഴുത്തുരൂപം നൽകാൻ സഹായിക്കും.ഈ സഹായ രചനാ തന്ത്രം ക്ലിക് ചെയ്തു. 

കൊവിഡ് കാലത്ത് പ0ന വിടവുണ്ടായി എന്ന് വിഷമിക്കേണ്ട കാര്യം ഈ സ്കൂളിന് ഉണ്ടായില്ല.അവർ എഴുതി എഴുതി യുറീക്കയിലും എഴുതി.
ചില രചനകൾ നോക്കാം


സ്കൂളിലെ ധന്യ ടീച്ചർ കുട്ടികളുടെ എഴുത്തിനെക്കുറിച്ച് വിശദീകരിക്കുന്നു
"കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്റെ പിന്നാലെ ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ നിശ്ചലമായപ്പോൾ അതിനെ ഓൺലൈൻ സംവിധാനം  ഉപയോഗിച്ച് എങ്ങനെ മറികടക്കാം എന്നാണ് ഞങ്ങളുടെ വിദ്യാലയം ആദ്യം ആലോചിക്കുന്നത് . ആ ചിന്തയിൽ നിന്നാണ് മുഴുവൻ രക്ഷിതാക്കളുടെയും നമ്പറുകൾ ഉൾപ്പെടുത്തി കുട്ടികൾക്കായി ഒരു വാട്ട്സാപ്പ് കൂട്ടായ്മ 'ബാല സംഗമം ' എന്ന പേരിൽ ആരംഭിക്കുന്നത് . ഈ പേരിൽ തന്നെ ഒരു ശിശു സൗഹൃദ മനസ്സ് ഞങ്ങൾ തുറന്നിടുകയായിരുന്നു .

അടച്ചിടലുകൾ കാര്യമായി ബാധിച്ചത് നമ്മുടെ കുഞ്ഞുങ്ങളെ ആണെങ്കിലും ഏറെക്കുറെ അതെ അവസ്ഥയിൽ  എത്തിയ  രക്ഷിതാക്കളും കുട്ടികളുടെ മനസ്സു തുറക്കാനുള്ള ഉദ്യമത്തിൽ ഞങ്ങൾക്ക് പൂർണ പിന്തുണ നൽകി . എഴുത്തും വായനയും മറക്കും മുന്നേ കുട്ടികളെ വായനയിലൂടെയും  എഴുത്തിലൂടെയും തുടർന്നും നടത്താനുള്ള പ്രവർത്തനങ്ങൾ അധ്യാപകർ ആസൂത്രണം ചെയ്ത് ഗ്രൂപ്പിൽ നൽകാൻ തുടങ്ങി.
സ്കൂൾ കാണാതെ ടീച്ചറെ കാണാതെ പുതിയ രീതിയിൽ പുതിയ കാര്യങ്ങൾ അഭ്യസിക്കുന്ന ത്രില്ല് ആയിരുന്നു കുട്ടികൾക്ക് . ക്ലാസ്സ് മുറികൾക്കു പകരം  വീടും മുറ്റവും തൊടിയും അവർക്ക് മുന്നിൽ അതു വരെ അനുഭവിക്കാത്ത കാഴ്ചകളും അനുഭവങ്ങളും ഒരുക്കിയപ്പോൾ അതിനെ കൂട്ടുകാർക്കും ടീച്ചർക്കും പരിചയപ്പെടുത്താനുള്ള അവരുടെ ആവേശത്തെ മുതലെടുത്തു കൊണ്ടാണ് ഡയറികൾ എഴുതാം എന്ന നിർദ്ദേശം ഞങ്ങൾ വയ്ക്കുന്നത് . കണ്ടതും കേട്ടതും പങ്കു വയ്ക്കുന്നതിന്റെ ആത്മ സംതൃപ്തി  മെല്ലെ അവരുടെ കുറിപ്പുകളിൽ അതി മനോഹരമായ അക്ഷര കാഴ്ചകളായി വിരിഞ്ഞു. കൂട്ടുകാരും അധ്യാപകരും തന്റെ  കൂടെ തന്നെ ഉണ്ട് എന്നു തോന്നുംവിധം  ഓരോ കുട്ടിയെയും നിരന്തരം  ഫോണിൽ വിളിച്ചും വീടുകൾ സന്ദർശിച്ചും ഞങ്ങൾ
അവർക്കൊപ്പം  ഇടവേളകളില്ലാതെ സഞ്ചരിച്ചു.
അങ്ങനെ ഇത്തരത്തിൽ വിദ്യാലയങ്ങളിൽ എത്തുമ്പോൾ മാത്രം പൂർണ്ണമാവുമായിരുന്ന അവരുടെ ദിവസങ്ങൾക്കു തുല്യമായി തന്നെ അടച്ചിടൽ കാലത്തെയും പരിവർത്തിപ്പിക്കാൻ ഞങ്ങൾക്കായി .അക്ഷരങ്ങളും കഥകളും പാട്ടുകളും കൂട്ട് ചേർന്നുള്ള കളികളും അവർക്ക് അന്യമാകുകയല്ല ഓൺലൈൻ തലത്തിൽ പുതിയ സാധ്യതകളിലേക്ക് അവരെ കൈ പിടിച്ചു നടത്താൻ ആകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു .സായാഹ്നങ്ങൾ കഥ പറഞ്ഞും
പാട്ടു പാടിയും ചിരിച്ചും കളിച്ചും ഗ്രൂപ്പിൽ കുട്ടികൾ
ഉത്സവം തീർത്തു .ആകുലതകൾ നിറഞ്ഞ വിളികൾ മെല്ലെ  നിന്നു .എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണമെന്ന രക്ഷിതാക്കളുടെ ആശങ്കകളും  താനെ കെട്ടടങ്ങി.

*ബാലസംഗമം *

സ്കൂളിലെ എല്ലാ കൂട്ടുകാർക്കും ഒരുമിച്ചിരിക്കാൻ
ഒരു വേദി എന്നതായിരുന്നു ഈ ഗ്രൂപ്പ് .ആദ്യം വാട്ട്സാപ് ഗ്രൂപ്പും പിന്നെ ഫേസ്ബുക്ക് പേജും
തുറന്നു .

ലക്ഷ്യങ്ങൾ.

*വിദ്യാലയത്തെ മുഴുവൻ പങ്കെടുപ്പിച്ചു കൊണ്ടുള്ള വ്യത്യസ്തവും ആകർഷകവുമായ പഠന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുക.
*എഴുതാനും വായിക്കാനും കൂടുതൽ അവസരങ്ങൾ ഒരുക്കുക.
*എല്ലാ കുട്ടികളുടെയും സർഗ്ഗത്മക കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം വിലയിരുത്താനും ഉള്ള അവസരം നൽകുക.
*അടച്ചിടലിനിടയിലും ദിനാചരണങ്ങൾ അടക്കമുള്ള വിദ്യാലയ അനുഭവങ്ങൾ ഒരു പരിധി വരെയെങ്കിലും കുട്ടികളിൽ എത്തിക്കുക.
* വിദ്യാർത്ഥികളാേട് മാനസീകൈക്യം പുലർത്തുക
* ഡയറിയിലൂടെ സർഗാത്മക ലേഖനത്തിന് അവസരം ഒരുക്കുക .

പ്രവർത്തനങ്ങൾ.

# വിവിധങ്ങളായ വായനാ സാമഗ്രികൾ കുട്ടികൾക്ക് ലഭ്യമാക്കുന്നു (കഥകൾ, കവിതകൾ, കുറിപ്പുകൾ )
#ചുറ്റുപാടും നടക്കുന്ന വാർത്തകൾ ശേഖരിക്കാനും അവതരിപ്പിക്കാനും ഉള്ള അവസരം ഒരുക്കുന്നു.
#പ്രകൃതി നിരീക്ഷണ പ്രവർത്തനങ്ങൾ നൽകുന്നു.
#അനുഭവങ്ങളെ ,കാഴ്ചകളെ കുറിപ്പുകളാക്കാൻ
പ്രേരിപ്പിക്കുന്നു
# വിജ്ഞാനോൽസവം പോലുള്ള പ്രവർത്തനങ്ങളിൽ രക്ഷിതാവിനൊപ്പം ഏർപ്പെടാനുള്ള അവസരം ഒരുക്കുന്നു..


ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ
പാഠപുസ്തകങ്ങൾ ഇല്ലാതെയും പഠനവും വായനയും ലേഖനവും   സാധ്യമാകും എന്ന ബോധ്യത്തിലേക്ക് നയിച്ചു.

വിദ്യാഭ്യാസത്തിൽ കോവിഡ് വരുത്തിയ തടസം ഒരു പരിധിയോളം ഞങ്ങൾ  അനുഗ്രഹമാക്കി തീർത്തു .  ശാരീരിക സാന്നിധ്യമുള്ള ക്ലാസുകളിൽ പങ്കെടുക്കുക, പരീക്ഷയെഴുതുക, മാർക്ക് നേടുക, മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുക എന്ന പതിവു രീതിയിൽ നിന്ന് ആനന്ദിച്ചു പഠിക്കുക എന്ന 
അവസ്ഥയിൽ കുട്ടികൾ എത്തി .

ഈ ഘട്ടത്തിലാണ് 
ബാലസംഗമത്തിന് കീഴിൽ 
എഴുത്തോല കൂട്ടം എന്നൊരു ഗ്രൂപ്പു കൂടി വരുന്നത്
എഴുത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിയാണ് ഇതു രൂപീകരിച്ചത്
എല്ലാവരുടെയും വീടുകളിലെത്തി പുതിയ ഡയറിയും പേനകളും വരച്ച്നിറം നൽകാൻ ചായക്കൂട്ടും നൽകി അവരെ കൈയിലെടുത്തു ..

എന്തെഴുതും ,എങ്ങനെ എഴുതും ,എങ്ങനെ വരയ്ക്കാം എന്ന് ശങ്കിച്ചു നിന്നവർക്കു മുന്നിൽ  കാസറഗോഡു ജില്ലയിലെ GLPS ഇരിയണ്ണിയിൽ പഠിക്കുന്ന  ജീവൻ എന്ന കൊച്ചു കൂട്ടുകാരന്റെ ഡയറികൾ  നിരന്തരം  അവതരിപ്പിക്കാൻ തുടങ്ങി . ഡയറി എന്ന വ്യവഹാര രൂപത്തിന്റെ സാധ്യതകൾ തേടി അവർ അലയാൻ തുടങ്ങിയത്
അവിടെ നിന്നാണ് .  ഡയറിയുടെ പരമ്പരാഗത  രീതിയിൽ നിന്നും വിഭിന്നമായ എഴുത്തുകൾ തുടർച്ചയായി പരിചയപ്പെട്ടതോടെ ധൈര്യമായി കുട്ടികൾ എഴുതാൻ തുടങ്ങി ..

ഗൃഹസന്ദർശനങ്ങൾ

എല്ലാ കുട്ടികളെയും എഴുതിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു . അക്ഷരങ്ങളും വാക്കുകളും ആദ്യമായി പഠിച്ചു തുടങ്ങിയ കുട്ടികൾ
എഴുതാനാകാതെ പ്രയാസപ്പെട്ടു നിന്നപ്പോൾ
വീടുകളിൽ എത്തി അമ്മമാരെ കണ്ട് എഴുതുമ്പോൾ കുട്ടികൾക്ക് നൽകേണ്ട പിന്തുണയെ കുറിച്ച് ബോധ്യപ്പെടുത്തി . ഒന്നിലെ കുട്ടികളുടെ മനസിലെ

ആശയങ്ങൾ വാക്കുകളും വരികളും ആക്കാൻ അമ്മമാർ സഹായിക്കുകയും  മെല്ലെ കുട്ടികൾ തന്നെ നേരിട്ട് എഴുതുന്ന തലത്തിലേക്ക് മാറുകയും ചെയ്തു . ഓരോ ഘട്ടത്തിലും അധ്യാപകർ വീട്ടിൽ എത്തി പ്രോത്സാഹനങ്ങൾ നൽകുക കൂടി ചെയ്തപ്പോൾ
എഴുത്ത് ആവേശമായി മാറി . മുതിർന്ന കൂട്ടുകാർ
എഴുതിയ ഡയറികൾ ഗ്രൂപ്പിൽ വായിക്കാൻ ലഭ്യമാക്കിയതും എഴുത്തിന്റെ വാതായനങ്ങൾ അവർക്കു തുറന്നു കിട്ടി .

ചിത്രങ്ങളുടെ ഭംഗി

എഴുത്തിനേക്കാൾ ചിത്രം വരയ്ക്കാനും നിറം നൽകാനും കുട്ടികൾ ഏറെ തത്പരരായതിനാൽ 
എഴുത്തിനൊപ്പം ചിത്രങ്ങൾ വരയ്ക്കാൻ നിർദ്ദേശം
നൽകി . അങ്ങനെ കാഴ്ച ഭംഗിയുള്ള ഡയറികൾ
വരാൻ തുടങ്ങി . ചിത്രങ്ങൾ മടുപ്പില്ലാത്ത എഴുത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു .

* ഉള്ളടക്കം *

തുടക്കത്തിൽ വളരെ കുറച്ചു പേർ മാത്രമായിരുന്നു എഴുത്തിൽ സജീവമായി വന്നത്. ചിലർ പരമ്പരാഗത രീതിയിൽ തന്നെ എഴുത്തു തുടർന്നു.
കൂടുതലായും മുതിർന്ന കുട്ടികളാണ് ആ രീതി വിടാൻ മടിച്ചു നിന്നത് . വ്യത്യസ്ഥമായ  ഡയറികൾ നിരന്തരം മറ്റ് കൂട്ടുകാര പരിചയപ്പെടുത്തിയതോടെ മെല്ലെ മെല്ലെ സ്കൂളിലെ മുഴുവൻ കുട്ടികളും ഡയറി എഴുതുകയും പരാമ്പരാഗത ശൈലി ഉപേക്ഷിക്കുകയും ചെയ്തു .
അനുഭവങ്ങൾ, കാഴ്ചകൾ, ഓർമ്മകൾ, ചിന്തകൾ എല്ലാം മനോഹരമായ ഡയറികളായി. 
ചില ദിവസങ്ങളിൽ ഡയറിക്ക് പകരം കൊച്ചു കവിതകൾ എഴുതുന്ന ശീലവും തുടങ്ങി. ബാലസംഗമത്തിൽ പങ്കു വയ്ക്കുന്ന കവിതകളുടെയും കഥകളുടെയും മറ്റും വായനാ കുറിപ്പായും ഡയറി പരിണമിച്ചു.

* എഴുത്തുകൂട്ടം യാത്രകൾ *

കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനിടയിലും രക്ഷിതാക്കളുടെ പിന്തുണയോടെ എഴുത്ത് സംഘത്തെ ഉൾപ്പെടുത്തി പ്രകൃതിയെ അറിയാൻ കൊച്ചു യാത്രകൾ സംഘടിപ്പിച്ചു. പുതിയ കാഴ്ചകൾ കൊണ്ട് മനസ്സ് നിറഞ്ഞപ്പോൾ  ഇന്നെന്തെഴുതും എന്നതിന് ഉത്തരവുമായി .

*പ്രോത്സാഹനങ്ങൾ *

കുഞ്ഞെഴുത്തുകൾ ബാലസംഗമം ഫേസ്ബുക് പേജിൽ സ്ഥിരമായി പങ്കു വയ്ക്കാറുള്ളത് ശ്രദ്ധയിൽ പെട്ടാണ് യുറീക്കാ പത്രധിപ സമിതി അംഗമായ  ശ്രീ: PM നാരായണൻ മാഷ് കുട്ടികളുടെ രചനകൾ യുറീക്കയിലേക്ക് ക്ഷണിക്കുന്നത്. 
റിയ- 4  ഷാസിയ - 2  ഫാത്തിമ സന - 3  ഹർഷ് - 2  തുടങ്ങി പല കൂട്ടുകാരുടെയും ഡയറിയും കവിതകളും വായന അനുഭവങ്ങളും  അങ്ങനെ യുറീക്കയിലൂടെ വെളിച്ചം കണ്ടു. എഴുത്ത് ചില്ലറ കാര്യമെന്ന് കരുതിയിരുന്ന രക്ഷിതാക്കളും ഇത്തരം 
പിന്തുണകൾ കണ്ട് കുട്ടികളുടെ എഴുത്തിനെയും
വായനയെയും ഗൗരവമായി എടുക്കാൻ തുടങ്ങിയതും അങ്ങനെയാണ് .
പാലക്കാട് ജില്ലയിലെ കുട്ടികളുടെ കവിതകൾ ഉൾപ്പെടുത്തി ' കവിത വീട് 'എന്ന പുസ്തകം നാരായണൻ മാഷിന്റെയും വിനോദൻ മാഷിന്റെ ശ്രമഫലമായി ഇറങ്ങിയപ്പോൾ ഈ വിദ്യാലയത്തിൽ നിന്ന് അഞ്ച് കുട്ടികളുടെ രചനകൾ അതിൽ ഇടം നേടിയിരുന്നു ..

* സമഗ്ര ശിക്ഷ കേരളം *

സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികളിൽ നിന്നും മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് ലൈബ്രറി പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമം
നടക്കുമ്പോൾ  ഈ സ്കൂളിലെ രണ്ടു കുട്ടികൾക്ക്  അതിൽ രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം ലഭിച്ചിരിക്കുന്നു എന്നതും ബാലസംഗമത്തിന്റെ
പ്രസക്തിയെ ഉയർത്തിപ്പിടിക്കുന്നു


*ഹോം ലൈബ്രറികൾ *

എഴുത്തിനൊപ്പം വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി ബാലസംഗമത്തിന്റെ
തുടക്കത്തിൽ തന്നെ ഹോം ലൈബ്രറി എന്ന ആശയം മുന്നോട്ടു വച്ചു . വീട്ടിലെ ചിതറിക്കിടന്ന പുസ്തകങ്ങൾ പെറുക്കി കൂട്ടി വായന സംസ്കാരത്തിനു തുടക്കം കുറിച്ചു . SSK പദ്ധതിയായ വായന വസന്തത്തിലൂടെ വീണ്ടും
പുസ്തകങ്ങൾ അവർക്കു ലഭ്യമാക്കി വായനയുടെ വഴിയിൽ കൂടുതൽ വെളിച്ചം വിതറി .

* നിലയ്ക്കാത്ത എഴുത്ത് *

ഇപ്പഴും ക്ലാസ്സിനകത്തിരുന്ന് പരമ്പരാഗതമായി പാഠപുസ്തകം മാത്രം നോക്കി എഴുത്തും വായനയും പഠിച്ചാൽ മതി എന്നു ശഠിക്കുന്ന കുറച്ചു രക്ഷിതാക്കൾ കൂടി ഉണ്ട്  ഇവിടെ.

ബാലസംഗമം  ഒരു പരീക്ഷണമായിരുന്നു.
എഴുത്തിന്റെ വായനയുടെ  സ്വതന്ത്ര ചിന്തയുടെ വഴിയെ കുട്ടികളെ കൈ പിടിച്ചു ന

ടത്തുകയാണ് .

സ്‌കൂൾ തുറന്നും, എഴുതാനും പഠിക്കാനും ഏറെയുണ്ടായിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഡയറി എഴുത്ത് അവർ നിർത്തുന്നില്ല.. അവർ എഴുതിക്കൊണ്ടേ ഇരിക്കുന്നു..കാഴ്ചകളും ചിന്തകളും അക്ഷരങ്ങളും ചിത്രങ്ങളുമാവുന്നു..

ഞങ്ങൾ വായിക്കാനും എഴുതാനും അവസരങ്ങൾ ഒരുക്കി പ്രോത്സാഹനം നൽകി അവരുടെ കൂടെ നിൽക്കുന്നു.. "
വർക് ഷീറ്റും പദചക്രം പൂരിപ്പിക്കലും യാന്ത്രികമായ അഭ്യാസങ്ങൾ ചെയ്യിക്കലും ഒക്കെയായി ഭാഷാ പ0നം വിരസമാകുന്ന അവസ്ഥയുണ്ടോ?
എഴുത്തിൽ സ്വയം മെച്ചപ്പെടുന്ന സ്വതന്ത്രരചയിതാക്കൾ ആയി കുട്ടികൾ മാറുന്നുണ്ടോ? അവരുടെ രചനകൾ നിത്യവും പൊതുമണ്ഡലത്തിൽ ലഭ്യമാക്കി അംഗീകാരം നൽകുന്നുണ്ടോ?
ഇല്ലെങ്കിൽ
നിങ്ങൾ സ്വയം തിരുത്താൻ സമയമായിരിക്കുന്നു












Tuesday, April 19, 2016

അധ്യാപനക്കുറിപ്പിലെ അക്കാദമിക ജ്യോതിസ്


അലനല്ലൂര്‍ കൃഷ്മപുരം എ എല്‍ പി സ്കൂളിലെ പി ജ്യോതി ടീച്ചറെ ഞാന്‍ ആദരിക്കുന്നതിനു ചില കാരണങ്ങളുണ്ട്
ഒന്നാമതായി ടീച്ചര്‍ കുട്ടികളെ സ്നേഹിക്കുന്നു എന്നതു തന്നെ .അധ്യാപകര്‍ കുട്ടികളളെ സ്നേഹിക്കുന്നതിനുളള തെളിവാണ് അവരുടെ ധ്യാപനക്കുറിപ്പുകളെന്നു ഞാന്‍ പറയും. ദേ സംശയമുണ്ടെങ്കില്‍ ചുവടെ നല്‍കിയിട്ടുളള അധ്യാപനക്കുറിപ്പുകള്‍ പരിശോധിക്കൂ.
രണ്ടാമത്തെ കാരണം അവര്‍ അധ്യാപനം ആസ്വദിക്കുന്നതാണ്. ടീച്ചിംഗ് നോട്ടിനെ സര്‍ഗാത്മകമായി സമീപിക്കുന്നു. സ്വന്തമായ കഥകളും കവിതകളും ചേര്‍ത്ത് ആഘോഷിക്കുന്നു

Thursday, September 27, 2012

മാലിന്യം പൊന്നാക്കും, ഫിലോമിന ടീച്ചര്‍


 Mar 2012

പാലക്കാട്: വഞ്ചിപ്പാട്ടിന്റെ ഈണം മൂളി മഷിപ്പേനയും തുണിസഞ്ചികളുമായെത്തുന്ന കൊച്ച് മിടുക്കികള്‍ . സ്‌കൂള്‍മുറ്റത്ത് പറന്നുനടക്കുന്ന കടലാസ്‌കഷ്ണങ്ങള്‍ക്ക് പിറകെ പൂമ്പാറ്റകളെപ്പോലെ അവര്‍ പറന്നെത്തും. ഓരോകടലാസും പെറുക്കി ശേഖരിച്ചുവെക്കും. എന്തിനാണിതെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ മാലിന്യം പൊന്നാക്കുകയാണെന്നൊരു പുഞ്ചിരി. ഈമന്ത്രം അവരെ പഠിപ്പിച്ചത് ഫിലോമിന ടീച്ചറാണ്. പാഴ്കടലാസ്‌വിറ്റ് ടീച്ചര്‍ കാശാക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കായി തുണിബാഗ് തുന്നി ശുചിത്വ ബോധം നിറച്ച് നല്‍കും. നോട്ട്ബുക്കും പേനയും വാങ്ങും.

ഒരു ഓഫീസിലെ 200 ജോലിക്കാര്‍ വെള്ളക്കടലാസിന്റെ ഇരുപുറവും എഴുതിയാല്‍ 400 മരങ്ങള്‍ക്ക് ആയുസ്സ് കിട്ടും. അഞ്ചാംതരം സാമൂഹ്യപാഠപുസ്തകത്തിലെ 'നല്ല നാളേക്കുവണ്ടി' എന്ന പാഠഭാഗത്തിലെ ഈവരികള്‍ ഫിലോമിന വായിച്ചതില്‍പ്പിന്നെയാണ് പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂളിലെ പാഴ്‌വസ്തുക്കള്‍ പൊന്നായിത്തുടങ്ങിയത്. വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ അലര്‍ജിയുണ്ടാകാറുണ്ട് ടീച്ചര്‍ക്ക്. മനുഷ്യന് ഓസോണ്‍പാളി സംരക്ഷിക്കാനാവാത്തതു കൊണ്ടാണല്ലോ ഇതെന്ന ചിന്തയും പ്രചോദനമായി.

മരുതറോഡ് ചേലങ്ങാട്ട്‌ശ്ശേരി സോമിയുടെ ഭാര്യയായ ഫിലോമിനയെ പ്രവര്‍ത്തനരഹിതമായ പ്രാര്‍ഥന നിര്‍ജീവമാണെന്ന ബൈബിള്‍വചനമാണ് നയിക്കുന്നത് . മോയന്‍ സ്‌കൂളിലെ നാലായിരം വിദ്യാര്‍ഥികള്‍ എണ്ണായിരം മരങ്ങളുടെ ആയുസ് നീട്ടിയിരിക്കയാണെന്ന് ടീച്ചര്‍ അഭിമാനത്തോടെ പറയും. സഹായിക്കാന്‍ കുട്ടിക്കൂട്ടവുമുണ്ട്. വലിച്ചെറിയുന്ന നോട്ട്ബുക്കുകള്‍, കടലാസ്, പുസ്തകച്ചട്ട, മിഠായി, വെള്ളക്കുപ്പികള്‍ എല്ലാം ശേഖരിക്കാന്‍ അവര്‍ മുന്നിലുണ്ട്. ക്രമേണ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് കാരിബാഗുകള്‍ കുറഞ്ഞു. ശുചിത്വ ബോധം ആവേശമായപ്പോള്‍ വിദ്യാര്‍ഥിനികള്‍ വീട്ടില്‍നിന്ന് പാഴ് കടലാസ് എത്തിച്ചുതുടങ്ങി. മഷിപ്പേനയും തുണിബാഗും അവരുടെ ശീലമായി.

ഓരോ ക്ലാസില്‍നിന്നും പ്രവര്‍ത്തനമേല്‍നോട്ടത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. മുതിര്‍ന്ന ക്ലാസിലെ ചേച്ചിമാര്‍ സഹായത്തിനുണ്ടെങ്കിലും ടീച്ചറുടെ ക്ലാസിലെ അഞ്ചാംതരം വിദ്യാര്‍ഥിനികള്‍തന്നെയാണ് സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നത്. മാലിന്യമുക്ത കേരളത്തിനായി വഞ്ചിപ്പാട്ട്‌രീതിയില്‍ ടീച്ചര്‍ എഴുതിയ കവിത ഓരോക്ലാസിലും അവര്‍ നടന്ന് ചൊല്ലി. ക്ലാസ്തല ബോധവത്കരണവും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇടയ്ക്ക് ഗൃഹസന്ദര്‍ശനം, അമ്മമാര്‍ക്ക് ബോധവത്കരണക്ലാസുകളും നല്‍കുന്നു.

ആദ്യം ഒന്ന് മടിച്ചെങ്കിലും മറ്റ് അധ്യാപകരും പിന്നീട് ഫുള്‍മാര്‍ക്കിട്ടു. സ്‌കൂളില്‍ നടപ്പാക്കിയ വിജയകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേസ്റ്റുകള്‍ പൊന്നാക്കാം എന്ന പേരില്‍ ഒരു പ്രോജക്ടും തയ്യാറാക്കിയിട്ടുണ്ട്. നന്രന്ര.്രനമ്രീറുക്ഷമാ്യ്ൃൃമക്ഷക്ഷമൗന്്രില്യിവീീ.ര്ൗ എന്ന ബ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്. സ്‌കൂളില്‍നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ സമൂഹത്തിലേക്കുമെത്തുന്നു.

നിര്‍ധനരായ കുട്ടികള്‍ക്ക് 300രൂപ വിലവരുന്ന 82 തുണിബാഗുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. കട്ടിയുള്ള തുണിവാങ്ങി അരിസഞ്ചികളും തുന്നിനല്‍കാറുണ്ട്. ഓണത്തിന് അരിനല്‍കാനുള്ള സഞ്ചിക്കായി ഉപയോഗ ശൂന്യമായ പാന്റുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീച്ചറിപ്പോള്‍. ശുചിത്വബോധമുണര്‍ത്തുന്ന സന്ദേശമടങ്ങിയ പോസ്റ്ററുകളും ടീച്ചറുടെ കവിതയും ഓരോബ്ലോക്കിലും പതിപ്പിച്ചിട്ടുണ്ട്.വൃത്തിയായിക്കിടക്കുന്ന സ്‌കൂള്‍പരിസരം കാണുമ്പോള്‍ മോയന്‍ സ്‌കൂളിലെ ഒരോ വിദ്യാര്‍ഥിയും അറിയാതെ മൂളും

ദൈവത്തിന്റെ സ്വന്തംനാട്
മാലിന്യ വിമുക്തമാക്കാന്‍
പ്ലാസ്റ്റിക്കിനെ പൂര്‍ണമായിട്ടുപേക്ഷിക്കണം
പ്ലാസ്റ്റിക്കിന്റെ കത്തല്‍മൂലം ക്ലോറോഫൂറോ കാര്‍ബണത്
അന്തരീക്ഷത്തില്‍കലര്‍ന്ന് മേലോട്ടുയരും
ഓസോണ്‍പാളിക്കത്മൂലം സുഷിരങ്ങള്‍
രൂപം കൊള്ളും
സൂര്യാഘാതത്താല്‍ മനുഷ്യന്‍ പൊറുതിമുട്ടും
മിതവ്യശീലത്തിനായ് നിരന്തരം ശ്രമിക്കേണം
കടലാസ്സിന്നിരുപുറോം എഴുതീടേണം
4000ത്തോളം വരും നമ്മുക്കത് ശീലമായാല്‍
8000 മരങ്ങള്‍ക്കതായുസ്സ് നല്‍കും.
(ഓതിത്തിത്താരാ)
mathrubhumi

Sunday, November 13, 2011

ഇത് കവികള്‍ പഠിക്കുന്ന വിദ്യാലയം

കാലത്തിന്റെ കൂട്ടില്‍  നിന്നും
പറന്നെത്തിയ തത്ത
വിധി നിരത്തിയ 
ചീട്ടുകളിലോന്നു കൊത്തിപ്പറിച്ചിട്ടു
പറന്നകലുംപോള്‍
രക്തം പുരണ്ട ഒരു തൂവല്‍
നിലത്തേക്കു വീണു
ആറാം ക്ലാസ് എ   ഡിവിഷനില്‍ പഠിക്കുന്ന കിഷോര്‍ എഴുതിയ ഈ കവിത വെറുതെ വായിച്ചു പോകാനാവുമോ? ഉള്ളു മുറിയ്ക്കുന്ന വാക്കുകള്‍ . ഒതുക്കമുള്ള എഴുത്ത്. ഒരു വാക്ക് പോലും അധികമായിട്ടില്ല.
കാലത്തിന്റെ കൂട്, കൊത്തിപ്പറിച്ചിടുക, നിലത്തേക്കു വീണ രക്തം പുരണ്ട തൂവല്‍ ,വിധി നിരത്തിയ ചീട്ടു ഓരോ വാക്കും തൂക്കം ഏറെയുള്ളത്. 
പാലക്കാട് ജില്ലയിലെ കാവിശേരിയില്‍ ഒരു വിദ്യാലയം  , അല്ല കാവ്യാലയം ഉണ്ട്  .എച് എ യു പി സ്കൂള്‍ അക്കര. അവിടെ ധാരാളം കവികള്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല
ദുഖത്തില്‍ മുങ്ങിയ ഒരു മനസ്സില്‍ നിന്നും
ഞാന്‍ സ്നേഹത്തിന്റെ ഒരു പേജു മറിച്ചു നോക്കി
ആ പേജുകളില്‍ ഞാന്‍ കണ്ടത് 
ചിറകടിച്ചുയരുന്ന പക്ഷിക്കുഞ്ഞുങ്ങളെ ആണ്
അമ്മക്കിളി നോക്കാതെ,
എന്നെപ്പോലെ അനാഥര്‍
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ  
-സ്വാലിഹ ബി -ആറ് എ 
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ച പോലെ ഒരു കവിത ഇല്ലേ.?
പി എസ .ആഷിഫ എഴുതുന്നു:-
കാറ്റത്ത് പറക്കുന്ന 
കരിഞ്ഞുണങ്ങിയ ഇലയെ കാണുമ്പോള്‍  
ക്ഷീണിച്ചു വലഞ്ഞ ഒരു കാക്കക്കുഞ്ഞിനെ പോലെ.
മരത്തില്‍ നിന്നും കൊഴിഞ്ഞു വീഴുമ്പോള്‍ 
അതിനു അടക്കാന്‍ പറ്റാത്ത സങ്കടമുണ്ടാകും.
ആ നിമിഷം
മരത്തിനോട് വിട പറയുകയാണ്‌
കറുത്തത് കൊണ്ടാകാം 
കാറ്റ് അതിനെ മരത്തില്‍ നിന്നും 
കൂട്ടുകാരില്‍ നിന്നും 
അകറ്റിയത്.
മാസത്തില്‍ രണ്ടു ശനിയാഴ്ചകള്‍ അവര്‍ സ്കൂളില്‍ ഒത്തു കൂടും .
ഒരു സ്കൂളില്‍ നൂറു കുഞ്ഞു എഴുത്തുകാര്‍ ..
ശനിയാഴ്ച സാഹിത്യ ശില്പശാലയാണ്  .
അപൂര്‍വ്വം വിദ്യാലയങ്ങളില്‍ മാത്രമുള്ള അനുഭവം. 
എല്ലാ മാസവും മുടങ്ങാതെ ഇത് നടത്താന്‍ കൂട്ടിനു മാഷന്മാരുണ്ട്. വിനോദന്‍ മാഷ്‌ കുട്ടികള്‍ക്കൊപ്പം .
ശനിയാഴ്ചയിലെ കാര്യ പരിപാടി ഏകദേശം ഇങ്ങനെ
ആദ്യം കവിതകള്‍ പരിചയപ്പെടല്‍ . 
മലയാളത്തിലെ പ്രിയ എഴുത്തുകാരുടെ കവിതകളിലൂടെ കുട്ടികളുടെ സഞ്ചാരം. 
പഴയ കാലവും പുതിയ കാലവും കവിതകളുടെ ഹൃദയം  തുറക്കും.വായന.ചൊല്ലല്‍ , ചര്‍ച്ച ,കാവ്യാനുഭവത്തിന്റെ   ആഴം കൂട്ടുന്ന വിശകലനം .
മാഷും അവരില്‍ ഒരാളായി പങ്കാളിയാകും. 
കാവ്യ ഭാഷയുടെ സവിശേഷതലങ്ങള്‍ തേടിയുള്ള അവരുടെ പ്രയാണം . മുങ്ങാം കുഴിയിട്ട് മുത്തുകളുമായി   പൊങ്ങി വരുമ്പോഴുള്ള ആഹ്ലാദം.
കവിതകള്‍ പരിചയപ്പെട്ട അനുഭവം കഴിഞ്ഞാല്‍  രചന തുടങ്ങുകയായി . നിശബ്ദമായ കുഞ്ഞു മനസ്സുകളില്‍ അപ്പോള്‍ വാക്കുകള്‍ ചേക്കേറും .
എഴുതിയത് അവതരിപ്പിക്കണം .അവതരണം ചര്‍ച്ചയിലേക്ക് വഴി തുറക്കും.
കറുത്ത കുട്ടി 
കണ്ണ് നീരണിഞ്ഞു 
ലോകം നനഞ്ഞു
ജോഷ്നയുടെ കവിത -മൂന്നു വരിയെ ഉള്ളൂ. മഴ എന്നാണു പേര് .ചര്‍ച്ചയില്‍ പങ്കെടുത്തു കുട്ടികള്‍ പറയുന്നു ഇത് കറുത്ത എല്ലാ കുട്ടികളുടെയും സങ്കടം ആവാഹിച്ച കവിതയാണെന്ന്  .പിന്നെ കറുപ്പിനെ വിശകലനം ചെയ്യുന്നു. ലോകം നനയുക- പ്രത്യക്ഷാര്‍ഥം വിട്ടു ഉയരത്തില്‍ പറക്കുന്ന കവിത 
അടുത്ത കവിത അവതരിപ്പിക്കാന്‍ മുര്സല്‍ ഷാജഹാന്‍ മുന്നോട്ട് വരുന്നു
അമ്മ എന്ന  കവിത ഇങ്ങനെ .
ഉരുകിത്തീരുന്ന 
ഒരു മെഴുകു തിരി പോലെ 
അണയുവോളം ഉരുകും

ഓരോ ശില്പശാല കഴിയുമ്പോഴും നല്ല കുറെ രചനകള്‍ ഉണ്ടാകും . അവ ഇന്‍ലാന്റ്  മാസികയില് പ്രകാശിപ്പിക്കും.
കവിതാ സമാഹാരവും സ്കൂള്‍പ്രസിദ്ധീകരിക്കുന്നു 
കഴിഞ്ഞ മാസം അവരുടെ രണ്ടാമത്തെ പുസ്തകം -പുതിയ ആകാശങ്ങള്‍ -പുറത്തിറങ്ങി.
ഇനിയും പുസ്തകങ്ങള്‍ മുളച്ചു വരും
ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ . അതില്‍ പത്ത് ശതമാനം പേരാണ് എഴുത്തിന്റെ കൂട്ടുകാര്‍
ഏതു സ്കൂളിലും    പ്രോത്സാഹനം ആവശ്യമുള്ള അവസരം കൂടുതല്‍ നല്‍കേണ്ട പത്ത് ശതമാനം കുട്ടികള്‍ കാണാതിരിക്കില്ല.
വിദ്യാലയ സംസ്കാരം മാറ്റി എടുക്കാന്‍ അധ്യാപകര്‍ ശ്രമിക്കുമ്പോള്‍ ആ സ്കൂളുകള്‍ ശ്രദ്ധിക്കപ്പെടും 
ഈ ശിശുദിനത്തിലെങ്കിലും സ്കൂളിന്റെ സര്‍ഗാത്മക സൌന്ദര്യം കണ്ടെത്താനുള്ള അന്വേഷനത്ത്തിനു തുടക്കം കുറിച്ച് കൂടെ? ഈ കുറിപ്പ് അതിനു നിമിത്തമാകട്ടെ .

പ്രിയപ്പെട്ടവരേ ,
അക്കര സ്കൂളിലെ കുട്ടികള്‍ നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്
അവരുടെ പ്രവര്‍ത്തനത്തെ നിങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നു എഴുതുമല്ലോ..
 
 
  
 


 

Sunday, October 16, 2011

കുണ്ടൂര്‍കുന്ന് സ്കൂളിലെ എല്ലാ കുട്ടികളും "എഴുത്തുകാര്‍ "


മണ്ണാര്‍ക്കാട് കുണ്ടൂര്‍കുന്ന് ടിഎസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇനി പുതിയ ചരിത്രം. സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തമായി പുസ്തകമെഴുതിയാണ് സാഹിത്യരചനയില്‍ തങ്ങള്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിക്കുന്നത്. 
എയ്ഡഡ് സ്കൂളായ കൂണ്ടൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറിയിലെ 980കുട്ടികളാണ് സ്വന്തം കവിതകളും കഥയും നോവലും ലേഖനവും എഴുതി സ്വയം പ്രകാശിപ്പിക്കുന്നത്. എട്ടു മുതല്‍ പ്ലസ്ടുതലംവരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രചന നിര്‍വഹിച്ച് കൈയെഴുത്തുകൃതികള്‍ അതത് ക്ലാസ് ടീച്ചര്‍മാരെ ഏല്‍പ്പിച്ചു. 
കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭത്തിന് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍കൈയെടുക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 

 

ജൂണില്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് കൈയെഴുത്തുമാസിക സംബന്ധിച്ച് നിര്‍ദേശം നല്‍കി. "എന്റെ രചന" എന്ന് പേരിട്ട പദ്ധതിക്ക് തുടക്കംമുതല്‍ നല്ല പിന്തുണ ലഭിച്ചു. വിദ്യാര്‍ഥികള്‍ വായനയിലും എഴുത്തിലും മുഴുകിയതോടെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും അത് മുതല്‍ക്കൂട്ടായി.
ഓരോ കൈയെഴുത്തുപ്രതിയും 20 പേജില്‍ കുറയരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കി. കഥ, കവിത, ലേഖനം തുടങ്ങിയവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി ചിലര്‍ 100മുതല്‍ 150 പേജ് വരുന്ന പുസ്തകവും തയ്യാറാക്കി. സ്വന്തമായി എഴുതിത്തയ്യാറാക്കുന്ന പുസ്തകമായതിനാല്‍ പലരും കൈയെഴുത്ത് നന്നാക്കാനുള്ള പ്രത്യേകപരിശീലനവും നേടി.

 
പദ്ധതിക്ക് "എന്റെ രചന" എന്നാണ് പേരിട്ടിരിക്കുന്നതെങ്കിലും ഓരോ വിദ്യാര്‍ഥിയും ഉള്ളടക്കത്തിനനുസരിച്ച് യോജിക്കുന്ന മലയാളിത്തം തുളുമ്പുന്ന പേരുകളാണ് സ്വന്തം പുസ്തകത്തിന് നല്‍കിയിരിക്കുന്നത്. സ്വന്തമായി രചിച്ച പുസ്തകം സ്വയം പ്രകാശിപ്പിക്കുകയെന്ന നേട്ടമാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചത്. ഓരോ രചനയും അതത് ക്ലാസ്ടീച്ചര്‍മാര്‍ പരിശോധിക്കുകയും കൈയക്ഷരം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ സ്വന്തമായി എഴുതിയതാണെന്ന് ഉറപ്പുവരുത്തിയാണ് പുസ്കം പുറത്തിറക്കുന്നത്. 
തിങ്കളാഴ്ച പകല്‍ 11ന് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ കുട്ടികള്‍ അവരവരുടെ രചനകള്‍ പ്രകാശനം ചെയ്യും. കവി മണമ്പൂര്‍ രാജന്‍ ബാബു, നാടകകൃത്ത് കെ പി എസ് പയ്യനെടം എന്നിവര്‍ പങ്കെടുക്കും.

നല്ല രചനകള്‍ നിര്‍വഹിക്കണമെന്ന വാശിയില്‍ വിദ്യാര്‍ഥികള്‍ വായനയിലും പ്രത്യേകം താല്‍പ്പര്യമെടുത്തു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമായാണ് എല്ലാ കുട്ടികളും പങ്കെടുക്കുന്ന രചനക്ക് രൂപംനല്‍കിയത്.
ഏതു  സ്കൂളിനും  സ്വീകരിക്കാവുന്ന  പാത
എഴുത്തിന്റെ വഴി ..സ്കൂള്‍ എഴുത്ത്  കൂട്ടം.. 
വാക്കിന്റെ പാടം. വിതച്ചാല്‍ മതി ..

Wednesday, July 6, 2011

കളരി നല്ല പാഠങ്ങള്‍ നല്‍കി എനിക്കും ഒന്നാം ക്ലാസിനും

"ഒന്നാം ക്ലാസില്‍ മണല്ത്തടം, വളരുന്ന പഠനോപകരണം എന്നിവയ്ക്കാണ് ഞാന്‍ ഊന്നല്‍ നല്‍കിയത്.
സന്ദര്‍ഭത്തിനു അനുസരിച്ച് രൂപം കൊടുത്ത മണല്ത്തടം ക്ലാസില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ എന്ന വിഭാഗത്തെ ഇല്ലാതാക്കി.
ഒന്നാം
യൂണിറ്റില്‍ കാട്ടിലെ മൃഗങ്ങളും കാടും മണല്ത്തടത്ത്തില്‍ ആവിഷ്കൃതമായപ്പോള്‍ ക്ലാസ് സജീവമായി.
ലളിതം ഏറെ പ്രയോജനപ്രദം.
മണല്ത്തടം
ടീച്ചറും പ്രയോജനപ്പെടുത്തി ക്ലാസ് എടുത്തു.ഫലപ്രദം എന്ന് പറഞ്ഞു.
സ്കൂള്‍ വിട്ടു വരുന്ന അമ്മു മഴ നനയുന്നതും വാഴ ഇലക്കടിയില്‍ കയറുന്നതും ബിഗ്‌ പിക്ച്ചറിലൂടെ ദൃശ്യവത്കരിച്ചു .
ആശയ
രൂപീകരണം,ഭാഷ സന്ദര്‍ഭം സൃഷിക്കല്‍.താല്പര്യം നിലനിരുത്തല്‍,ആഖ്യാനത്തിന്റെ ഒഴുക്കിന് ഭംഗം വരാതെ ക്ലാസ് നയിക്കല്‍..
ഒക്കെ
നല്ല അനുഭവം.
ഓരോ പ്രവര്‍ത്തനവും കഴിയുമ്പോള്‍ കുട്ടികളെ വിലയിരുത്തി രേഖപ്പെടുത്താന്‍ കഴിയും എന്നാണ് ഞങ്ങളുടെ അനുഭവം.
അത് കുട്ടിയുടെ പഠനത്തെ മെച്ചപ്പെടുത്താന്‍ സഹായകം.
ഒന്നാം ക്ലാസില്‍ ഫീല്‍ഡ് ട്രിപ്പും വര്‍ക്ക് ശീട്ടും പ്രയോജനം ചെയ്യുമെന്ന് തെളിയിച്ചു.
സ്കൂളിന്റെ അക്കാദമിക കാര്യങ്ങളില്‍ ഒരു ഉണര്‍വ് ഉണ്ട്ടാക്കാന്‍ പത്ത് ദിവസം കൊണ്ട് സാധിച്ചു എന്നാണു വിശ്വാസം.
പാലക്കാട് പറളി ബി ആര്‍ സി യിലെ സജി തങ്കപ്പന്‍ നല്‍കുന്ന സന്ദേശം അധ്യാപകര്‍ക്ക് പ്രയോജനപ്രദവും പ്രായോഗികവുമായ കാര്യങ്ങളാണ് എസ എസ എ പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുന്നത് എന്നാണു. ആ ആശയങ്ങള്‍ ക്ലാസിനെ കാര്യക്ഷമം ആക്കും എന്ന് കളരി അനുഭവം."

---------
ശീ സജി തങ്കപ്പന് ചൂണ്ടു വിരലിന്റെ നന്ദി -
സ്കൂളില്‍ പോകാനും അദ്ധ്യാപകര്‍ക്കൊപ്പം നിന്ന് അക്കാദമിക പിന്തുണ നല്‍കാനും ഒന്നാം ക്ലാസിലെ സാധ്യതകള്‍ അന്വേഷിക്കാനും ആ ആഹ്ലാദ അനുഭവം പങ്കിടാനും കാണിച്ച സന്മനസ്സിന്.