ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, June 23, 2021

ഓൺ ലൈൻ പ0നം മാർഗരേഖയും ബദലും

 ഭാഗം 1


*ചാനൽ ക്ലാസും മാർഗരേഖയും* 

പൊതു നിരീക്ഷണങ്ങൾ

1.കൊവിഡ് കാലത്ത് പ്രതിസന്ധി മറികടക്കാൻ താൽക്കാലിക സംവിധാനം വേണ്ടി വരും. അത് പൂർണമായും കുറ്റമറ്റതാകണമെന്നില്ല. അതിനാൽ വിമർശനങ്ങൾ ,നിർദ്ദേശങ്ങൾ യാഥാർഥ്യ ബോധം ഉൾക്കൊണ്ടാകണം

2. പ്രതിസന്ധിയുണ്ട് എന്നതുകൊണ്ട് സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതില്ല എന്നത് നിഷേധാത്മക നിലപാടാണ്


3. സാധ്യതകൾ എന്നത് ഞങ്ങൾ തീരുമാനിക്കുന്നത് മാത്രമാണെന്ന നിലപാട് ജനാധിപത്യപരമല്ല

4. മുൻ വർഷത്തെ ചാനൽ ക്ലാസ് ബഹുഭൂരിപക്ഷം കുട്ടികൾക്കും സ്വീകാര്യമായില്ല എന്ന് ഔദ്യോഗിക മാർഗരേഖ പരോക്ഷമായി സമ്മതിക്കുന്നു

5. അതത് അധ്യാപകർ എടുക്കുന്ന ക്ലാസുകളാണ് കുട്ടികൾ ഇഷ്ടപ്പെടുന്നതെന്ന് മാർഗരേഖ പറയുന്നു. എന്നാൽ ഈ മാർഗരേഖ വളരെ സമർഥമായി കേന്ദ്രീകൃത ചാനൽ ക്ലാസ് മുഖ്യ കണ്ണിയായിരിക്കും എന്ന് പ്രഖ്യാപിക്കുന്നു. വിശദാംശങ്ങൾ നോക്കുക


1. *അധ്യാപകരുടെ ചുമതലകൾ* 

അധ്യാപകർക്ക് ചാനൽ ക്ലാസിൻ്റെ തുടർ പ്രവർത്തനങ്ങൾ ചെയ്യിക്കാം.

ചാനൽ ക്ലാസ് നിരീക്ഷിക്കാൻ കുട്ടികളെ സജ്ജമാക്കണം. സംശയങ്ങൾ ദുരീകരിക്കണം.

എസ് എസ് കെ തയ്യാറാക്കിയ വർക് ഷീറ്റുകളുടെ ഡിജിറ്റൽ പതിപ്പ് നൽകണം. 

നിരന്തര വിലയിരുത്തൽ നടത്തണം.

പഠന കൂട്ടായ്മകളുടെ ഓൺലൈൻ യോഗങ്ങൾ നടത്തണം

2 *ഡയറ്റ്* 

ഡിജിറ്റൽ ക്ലാസ് എടുക്കുന്നതിന് അധ്യാപകരെ കണ്ടെത്തണം

ഓൺലൈൻ വിഭവങ്ങൾ തയ്യാറാക്കി മേൽഘടകങ്ങൾക്കു നൽകണം

പരിശീലനം ( അക്കാദമികം, സാങ്കേതികം) നടത്തണം

ഡിജിറ്റൽ ക്ലാസുകളുടെ തുടർ പ്രവർത്തനം നടത്തണം.

ഇതിൽ ഒരിടത്തും അധ്യാപകർക്ക് സ്വന്തമായി മോഡ്യൂൾ തയ്യാറാക്കി ഓൺലൈൻ ക്ലാസ് എടുക്കാം എന്ന് പറയുന്നില്ല.

സാധ്യത ഇല്ലാത്തതു കൊണ്ടാണോ? ഒരു പരിശോധന നടത്തുകയാണ്.


ഭാഗം രണ്ട്

*ഓൺ ലൈൻ ക്ലാസിനൊരു ടീച്ചിംഗ് മാന്വൽ* 


 *ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം* 

ഗൂഗിൾ മീറ്റ്, വാട്സാപ്പ്

 *ക്ലാസ് 5* 

 *വിഷയം* അടിസ്ഥാന ശാസ്ത്രം

 *യൂണിറ്റ് 1 സസ്യ ലോകത്തെ അറിയാം* 


 *പ0ന നേട്ടം / ആശയം:* സസ്യങ്ങളുടെ വിവിധ ഭാഗങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്നു (വേര്, കാണ്ഡം, ഇല, വിത്ത്, ഫലം, പൂവ്)


 *പഠനോപകരണങ്ങൾ* : വീഡിയോ/ചിത്രങ്ങൾ ,അടുക്കള ,ചുറ്റുപാട്


 *പ്രക്രിയാ ശേഷികൾ* : നിരീക്ഷണം, വിവരശേഖരണം, പട്ടികപ്പെടുത്തൽ


 *പഠനത്തെളിവ്* : സചിത്ര ആൽബം, പട്ടിക, കുറിപ്പുകൾ


 *സമയം* : ഒരു മണിക്കൂർ (ഗൂഗിൾ മീറ്റിനിടയിൽ കുട്ടികൾക്ക് പുറത്ത് പോകാനും നിരീക്ഷിക്കാനും രേഖപ്പെടുത്താനും പരസ്പരം സസ്യ ഫോട്ടോകൾ കൈമാറാനും അവസരം കൊടുക്കും)


 *പ്രവർത്തനങ്ങൾ* 

1. *ചർച്ച / സജ്ജീകരണം

ഈ ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നാം ചർച്ച ചെയ്തത്? ഒരാൾ ഒന്നു വീതം പറയാമോ? ( *കുട്ടികളുടെ പ്രതികരണങ്ങൾ - വാചികം, മെസേജ് ബോക്സിൽ* )

കൊച്ചു കരങ്ങൾ മരം നട്ടാൽ 

പച്ച പിടിക്കും മലയാളം

എന്ന വരികളുടെ ആശയം എന്താണ്? *രണ്ടു മൂന്നു പേരുടെ പ്രതികരണങ്ങൾ* 

സസ്യങ്ങൾ ഇല്ലെങ്കിൽ എന്തെല്ലാമാണ് പ്രശ്നങ്ങൾ?

ഒന്നു ലിസ്റ്റ് ചെയ്യാമോ? എഴു കാര്യങ്ങൾ

( *വ്യക്തിഗത രചന* ,5 മിനിറ്റ് )

 *അവതരണം* *(കുട്ടികൾ* )

ടീച്ചർ: ഒരാൾ ഒന്ന് പറഞ്ഞാൽ മതി. പറയുമ്പോൾ അത് എഴുതാൻ വിട്ടു പോയവർക്ക് ബുക്കിൽ എഴുതിച്ചേർക്കാം. ഒരാൾ പറഞ്ഞ കാര്യം ആവർത്തിക്കേണ്ടതില്ല.

 *അവതരണം* (കുട്ടികൾ)

ടീച്ചർ തത്സമയം കുറിച്ചത് ക്രോഡീകരിച്ച് അവതരിപ്പിക്കുന്നു/ കുട്ടിയെ കൊണ്ട് ലിസ്റ്റ് പൂർണമായി വായിപ്പിക്കുന്നു. *പ്രതീക്ഷിത* *പ്രതികരണങ്ങൾ* 

1. ആഹാരം കിട്ടില്ല

2. മഴ കിട്ടില്ല

3. ജലക്ഷാമം

4 .വീടു നിർമാണം പ്രയാസം ( കട്ടിള, വാതിൽ )

5. ഉപകരണങ്ങൾ നിർമിക്കാൻ പ്രയാസം (മേശ, ബഞ്ച്..)

6. ശുദ്ധവായു കുറയും

7. താപനില കൂടും

8. വളർത്തുമൃഗങ്ങൾക്ക് തീറ്റ കിട്ടാതാകും

9. ജീവജാലങ്ങൾ നശിച്ചു പോകും


2 *പ്രശ്നാവതരണം* 

ഇനി ഭക്ഷണ സാധനങ്ങൾ കിട്ടാതാകും എന്നല്ലേ പറഞ്ഞത്?

നാം സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നുണ്ടോ?

 *പ്രതികരണം കുട്ടികൾ* 

സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നു എന്ന നിലപാടുള്ളവർ മെസേജ് ബോക്സിൽ y എന്ന് ടൈപ്പ് ചെയ്യുക

സസ്യങ്ങളുടെ എല്ലാ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിക്കുന്നില്ല എന്നുള്ളവർ N എന്നും

എങ്ങനെ കണ്ടെത്തും? 

പ്രതികരണങ്ങൾ, വിവരശേഖരണ രീതി നിശ്ചയിക്കൽ

 *വിവര ശേഖരണം* 

അടുക്കളയിൽ പോകൂ

നിരീക്ഷിക്കൂ, അമ്മ/ അച്ഛൻ എന്നിവരുമായി സംസാരിക്കൂ

എല്ലാ ഭാഗങ്ങളും എന്നു പറഞ്ഞാൽ ഏതൊക്കെയാണ്?

 *പ്രതികരണങ്ങൾ* 

വേര്

കണ്ഡം

ഇല

പൂവ്

വിത്ത്

ഫലം

( സംശയം എന്തെങ്കിലും? വിത്തും ഫലവും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ചോദിച്ചേക്കാം )

 *രേഖപ്പെടുത്തൽ രീതി* 

ഒരു പട്ടികാ രൂപത്തിൽ എഴുതാം

അല്ലെങ്കിൽ ഓരോ പേജ് വീതം നൽകി പടം വരച്ചും എഴുതാം.

(10 മിനിറ്റ് വിവര ശേഖരണത്തിന്. *കുട്ടികൾ മീറ്റിൽ നിന്നും ലഫ്റ്റാകുന്നു* മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കാം

കുട്ടികൾ തിരിച്ചു വരുമ്പോൾ *അധ്യാപിക പവർ* *പോയൻ്റ് പ്രസൻ്റേഷൻ* നടത്തുന്നു  ( ചില കുട്ടികൾക്ക് വിവരശേഖരണ സമയത്ത് നേരിട്ട പരിമിതി മറികടക്കാൻ )

നിങ്ങളുടെ ലിസ്റ്റിൽ ഇവ ഇല്ലെങ്കിൽ കുട്ടിച്ചേർക്കലുകൾ നടത്തുക

 *പ്രദർശിപ്പിക്കുന്നവ* 

കരിമ്പ്, മുരിങ്ങ, ഗോതമ്പ്, വാഴക്കൂമ്പ്, കോളി ഫ്ലവർ, മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, വാഴപ്പിണ്ടി, മത്തൻ, കാബേജ്, നെല്ല്, പടവലം, കുമ്പളം, ബീൻസ്, ചീര, മരച്ചീനി, കാരറ്റ്

(കുട്ടികൾക്ക് തെറ്റാനിടയുള്ളത് മുരിങ്ങ ഒരിടത്തു മാത്രം പരിഗണിക്കൽ, ഉരുളക്കിഴങ്ങ് എവിടെ ഉൾപ്പെടുത്തുമെന്നതിൽ ,കൊളി ഫ്ലവറും കാബേജും )

കുട്ടികളുടെ അവതരണം

 *ചർച്ച* 

 *സംശയ ദൂരീകരണം* .

 *ക്രോഡീകരണം* 

 *തുടർ പ്രവർത്തനം* 

സസ്യ ഭാഗങ്ങളും ആഹാരവും

വരച്ചതോ ഒട്ടിച്ചതോ ആയ

സചിത്ര പേജുകൾ തയ്യാറാക്കി പരസ്പരം പങ്കിടുക, ഗ്രൂപ്പിലും

വ്യക്തിഗത പിന്തുണ ആവശ്യമുള്ളവർക്ക് ഫോണിൽ സംസാരം, വിശദീകരണം, 

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുമായി മുൻകൂട്ടി സംസാരിച്ച് പിന്തുണാ രീതികൾ സംബന്ധിച്ച ധാരണ നൽകും

അധിക വായനാ സാമഗ്രികൾ ,റഫറൻസ് ലിങ്കുകൾ എന്നിവ ആവശ്യമെങ്കിൽ തുടർന്നു നൽകും

വിലയിരുത്തൽ സൂചകങ്ങൾ

1. സസ്യ ഭാഗങ്ങൾ സംബന്ധിച്ച ധാരണയുണ്ട്

2. സസ്യ ഭാഗങ്ങളും ആഹാരവും ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്

3. പട്ടിക പൂർണതയോടെ തയ്യാറാക്കിയിട്ടുണ്ട്

4. വിവരശേഖരണം പര്യാപ്തമാണ്

5. രേഖപ്പെടുത്തലിന് ആശയ വിനിമയ ക്ഷമതയുണ്ട്


(വാട്സാപ്പ് ,വോയ്സ് മെസേജ്, ഫോൺ വിളി എന്നിവയുടെ രീതികളും പരിശോധിക്കാം. പല കോമ്പിനേഷൻ ഉണ്ടാകും. അതെല്ലാം സാധ്യതയാണ്)

Sunday, June 13, 2021

ഡിജിറ്റൽ ഡിവൈഡില്ലാത്ത മികച്ചവിദ്യാലയം

 വിദ്യാലയങ്ങൾ സ്വയം ശാക്തീകരിക്കണം.പിന്തുണാ സംവിധാനങ്ങൾ അതിന് കരുത്തുപകർന്നാൽ നല്ലത്
 
കുട്ടികളുടെ എണ്ണത്തിലെ കുറവുകൊണ്ടും വിഭവപരിമിതികൊണ്ടും ശ്വാസം കിട്ടാതെ സ്വോഭാവികമരണത്തെ പുൽകുവാൻ തയ്യാറായിനിന്ന, എറണാകുളം ജില്ലയിലെ ഒരു വിദ്യാലയത്തിന്റെ അതിജീവനകഥ പറയാം.
 
2012 ലാണ് കഥയുടെ വഴിത്തിരിവ്.
ഒന്നാം ക്ലാസ്സിൽ കുട്ടികൾ അഞ്ച്.
പ്രവേശനം അവസാനിപ്പിക്കുവാൻ തീരുമാനിച്ച് ആദ്യവെടി പൊട്ടിച്ചത് അന്നാണ്.
അഞ്ച് കുട്ടികളെ 'സ്മാർട്ട് ഫൈവ്' എന്ന് വിളിച്ചു.
അവർക്കായി അന്ന് ലോകത്തിൽത്തന്നെ ലഭ്യമായ ഏറ്റവും പുതുമയുള്ള ക്ലാസ്മുറി തയ്യാറാക്കി.
 
നവംബർ മാസത്തിൽ ശമ്പളം ലഭിച്ചപ്പോൾ അധ്യാപകർ പിരിവിട്ട് നൽകിയ 50000 രൂപകൊണ്ടായിരുന്നു തുടക്കം. വിരമിച്ച് വിശ്രമജീവിതം നയിച്ചിരുന്ന അധ്യാപകർ അനുഗ്രഹവുമായി എത്തി. 25000 രൂപ അവരും നൽകി. യാദൃശ്ചികമായി കണ്ടുമുട്ടിയ അന്നത്തെ ജനപ്രതിനിധിയോട് സ്വപ്നം പങ്കുവച്ചപ്പോൾ അദ്ദേഹം സ്മാർട്ട് ക്ലാസ്‌മുറികൾക്കുള്ള ഉപകരണങ്ങൾ നല്കാമെന്നേറ്റു. ഗ്രാമവാസികൾ പ്രചോദനമായി. കട്ട സപ്പോർട്ടുമായി പൂർവ വിദ്യാർഥികളും കൂടെക്കൂടി. 
20 ലക്ഷം രൂപ സമാഹരിച്ച് വിദ്യാലയം കടുംപുത്തനാക്കി. ടൈൽ വിരിച്ചു. മേൽക്കൂര മാറ്റി. രക്ഷിതാക്കൾക്ക് വീട്ടിലിരുന്ന് കുട്ടികളുടെ പഠനം വീക്ഷിക്കുവാൻ ക്ലാസ് മുറികളിൽ നിന്നും ലൈവ് ടെലിക്കാസ്റ്റ് തുടങ്ങി. 
സ്മാർട്ട് ഫൈവിനെ ഫാബുലസ് ഫൈവ് ആക്കാൻ സമഗ്രമായ പിന്തുണാസംവിധാനങ്ങൾ രൂപകൽപ്പന ചെയ്തു. 
പാട്ടും കഥയും വരയും അഭിനയവും നൃത്തവും കടംകഥയും കാവ്യകേളിയും പഠനത്തിൽ ഉൾച്ചേർത്ത് പുതിയ പാതകളിൽ സഞ്ചരിച്ചു. 

2013ൽ എല്ലാ ക്ലാസ് മുറികളും 'സ്മാർട്ട്' ആയി. 
സ്മാർട്ട് ആകേണ്ടത് സ്‌കൂൾ മാത്രമല്ലല്ലോ; കുട്ടികൾ കൂടി സ്മാർട്ട് ആകണ്ടേ! അതിനായി അധ്യയനവും സ്മാർട്ടാവണം.

 സ്മാർട്ട് അധ്യയനം സാധ്യമാക്കാൻ 2014 ൽ  'ഡിജിറ്റൽ ലേർണിംഗ് മൊഡ്യൂൾസ്' എന്ന അധ്യയനസങ്കേതം രൂപപ്പെടുത്തി.
 
ഫാബുലസ് ഫൈവ് അങ്ങനെ ഫാബുലസ് ടെന്നും ഫാബുലസ് ഫിഫ്റ്റീനും ഫാബുലസ് ഫിഫ്‌റ്റിയും ഫാബുലസ് സെവന്റിയും ഫാബുലസ് സെവെൻറ്റി ഫൈവും ആയി ...
ഒന്നാം ക്ലാസ് പ്രവേശനത്തിന് ശുപാർശയുമായി ഉന്നതരെത്തി.
 
അതിനിടെ 2015 ൽ ഓൺലൈൻ ക്വിസ്‌സിങ് എന്ന പരിപാടി ആസൂത്രണം ചെയ്തു. വീട്ടിലിരുന്ന് കൊച്ചുകൊച്ചു ക്വിസ് പരിപാടികളിൽ ഏർപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ മൂല്യനിർണയം എന്ന ആശയത്തിന് ജീവൻവച്ചു.
 
പഠനം സ്മാർട്ട് ആവുമ്പോൾ പരീക്ഷയും സ്മാർട്ട് ആവണ്ടേ? അതിനായി 2016 ൽ ക്വിസീനോ  എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ച് ഓൺലൈൻ പരീക്ഷാപദ്ധതി രൂപീകരിച്ചു. മാർക്കുകളില്ലാത്ത ഗ്രേഡുകളില്ലാത്ത ക്വിസീനോ കുട്ടികളുടെ പഠനനേട്ടങ്ങളും ശക്തി ദൗർബല്യങ്ങളും ഗുണാത്മകമായി തൽക്ഷണം നൽകുന്ന മൂല്യനിർണ്ണയ പരിപാടിയായി.
 
പഠനവും വിലയിരുത്തലും തോളോടുതോൾചേർന്ന് ശാസ്ത്രീയവും ഗവേഷണാത്മകവുമായി മാറിയത് 2017 ൽ 'നോ മൈ ചൈൽഡ്' എന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വികസിപ്പിച്ചപ്പോഴാണ്. ഓരോ കുട്ടിയുടെയും ദൈനംദിന പഠനനിലവാരം, രക്ഷിതാക്കൾ കൈക്കൊള്ളേണ്ട പിന്തുണാമാർഗങ്ങൾ എന്നിവ ദിവസേന വൈകിട്ട് രക്ഷിതാവിന് കൈമാറുന്ന 'നോ മൈ ചൈൽഡ്' അധ്യയനവിപ്ലവം എന്നാണ് പിന്നീട് കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തിൻറെ സെക്രെട്ടറി ശ്രീമതി റീന റായ് അഭിപ്രായപ്പെട്ടത്.
 
2018 ആയപ്പോൾ 'നോ മൈ ചൈൽഡ്' കൂടുതൽ ശാസ്ത്രീയമായി വിപുലീകരിച്ച് സർഗ്ഗാത്മകതലങ്ങളും വിലയിരുത്തുവാൻ പ്രാപ്തമായി.

2019ൽ ഫേസ് റെക്കഗ്നിഷൻ അറ്റന്റൻസ് സിസ്റ്റം വികസിപ്പിച്ച് പുതുമയാർന്ന മറ്റൊരു പദ്ധതിക്ക് രൂപം നൽകി. 

അങ്ങനെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾക്ക്  ഊടും പാവും നെയ്ത് നിരന്തര പരീക്ഷണങ്ങളിലൂടെ അധ്യയനം നടക്കുന്നതിനിടെ പൊടുന്നനെ കോവിഡ് 19 പുതിയ വെല്ലുവിളിയുമായെത്തി.

ഡിജിറ്റൽ അധ്യയനരംഗത്ത് ഏറെ പരീക്ഷണങ്ങൾ നടത്തിപ്പരിചയിച്ച കാപ്പുസ്‌കൂൾ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 

2020 മെയ് മാസത്തിൽ ഒട്ടേറെ ഗവേഷണങ്ങളിലൂടെ 'ദർപ്പൺ' എന്ന ആൻഡ്രോയിഡ് ആപ്പ് വികസിപ്പിച്ചു. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്ക് ക്രിയാത്മക മറുപടിയുമായി ദർപ്പൺ 2020 ജൂൺ ഒന്നിന് രക്ഷിതാക്കൾക്ക് സമർപ്പിച്ചു.

വിദ്യാലയവാർത്തകൾ ചൂടോടെ എത്തിക്കാൻ നോട്ടീസ് ബോർഡ്, അധ്യാപകരുടെ ക്ലാസ്സുകൾ ഇനി 'മൈ ക്ലാസ്സ്‌റൂമിൽ', ദൈനംദിന അധ്യയനത്തോട് പാടിയും നൃത്തംചെയ്‌തും അഭിനയിച്ചും ചിത്രംവരച്ചുമൊക്കെ സർഗാത്മകമായി പ്രതികരിക്കുവാൻ 'ക്രിയേറ്റ', കുട്ടികൾക്കായുള്ള പഠനവിഭവങ്ങൾ 'റിസോർസ് പൂളിൽ', ഗൃഹപാഠങ്ങൾ ചെയ്യാനും തൽക്ഷണം അധ്യാപികക്ക് നൽകാനും 'കണക്ട് മീ', അധ്യാപകന് ഓരോ കുട്ടിയുമായും ദൈനംദിനം മുഖാമുഖം സംവദിക്കുവാൻ  പ്രത്യേക മൊഡ്യൂൾ, സഹപാഠികൾക്കൊപ്പം ഓൺലൈൻ അടിച്ചുപൊളിക്ക് കളമൊരുക്കി 'കണക്ട് പ്ലസ്', ഓരോ ദിവസവും പഠനനിലവാരം സ്വയം പരിശോധിക്കാൻ 'ക്വിസ് മീ', ആരും തോൽക്കാത്ത മാർക്കും ഗ്രേഡുമില്ലാത്ത, എന്നാൽ എന്തറിയാം എന്തറിയണം എന്നൊക്കെ ബോധ്യപ്പെടുത്തുന്ന പരീക്ഷകൾക്കായി 'ക്വിസീനോ', രക്ഷിതാക്കൾക്ക് ഒത്തുകൂടാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങൾ രൂപീകരിക്കുവാനും 'ചാറ്റ് റൂം', അധ്യാപകരോട് സംവദിക്കുവാൻ 'മീറ്റ് ദി ടീച്ചർ', സ്‌കൂൾ തുറന്നാൽ സ്‌കൂൾ ബസ് എവിടെയെത്തിയെന്ന് അറിയാൻ 'ട്രാക്ക് മൈ ബസ്', ബസ് ഡ്രൈവറെയോ ആയയെയോ വിളിക്കാൻ 'കാൾ മൈ ഡ്രൈവർ', 
കാപ്പുസ്‌കൂളിലേക്ക് വഴികാട്ടിയായി നയിക്കാൻ 'ടേക്ക് മി ദയർ’ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങൾ ഒരു കുഞ്ഞു മാന്ത്രികച്ചെപ്പിലൊളിപ്പിച്ച് ദർപ്പൺ അധ്യയനരംഗത്ത് പുതിയ ചുവടുവയ്പ്പായി.

 കൊറോണക്കാലം സർഗാത്മകമായ പഠനകാലമാക്കി മാറ്റാനും ക്രിയാത്മകമായി ചിന്തിക്കാനും ഒരുമിച്ച് പഠിക്കാനും 'ദർപ്പൺ' എന്ന മൊബൈൽ ആപ്പ് ഉപയുക്തമായി.
സർഗാത്മകമായ പഠനം എന്നാൽ ടെലിവിഷനിലെ വീഡിയോ സംപ്രേഷണമല്ല ....
അത് കാലഘട്ടമൊരുക്കുന്ന സാമൂഹ്യനിർമ്മിതിയും അതിലൂടി വ്യക്തിപരമായി വികസിപ്പിച്ചെടുക്കുന്ന കാഴ്ചപ്പാടുമാണെന്ന് ദർപ്പൺ പ്രഘോഷിച്ചു.

പിന്നീട് നേരിട്ട വെല്ലുവിളി 'ഡിജിറ്റൽ വിടവ്' എന്ന സാമൂഹ്യ പ്രശ്നമായിരുന്നു.
വിദ്യാലയസ്നേഹികളുടെ പിന്തുണയോടെ ജൂൺ ഒന്നിനുമുൻപ് എൺപത്തിയെട്ട് ടാബ്‌ലറ്റുകൾ കുട്ടികളിൽ എത്തിച്ച് കോവിഡും ലോക് ഡൗണും ഉയർത്തിയ സാമൂഹ്യ സാമ്പത്തിക വെല്ലുവിളികളെ പ്രതിരോധിച്ചു.

2021 മെയ് മാസം ഇരുപത്തിയെട്ടാം തീയതി രക്ഷിതാക്കളുടെ ഓൺലൈൻ യോഗം ചേർന്ന് 16 ഓഫ് കാമ്പസ് സെന്ററുകൾ കണ്ടെത്തി. നിലവിലെ ലോക് ഡൌൺ കഴിഞ്ഞാലുടൻ ഈ കേന്ദ്രങ്ങളിൽ മുഖാമുഖ പഠനത്തിന് തുടക്കമാവും.

 ആഴ്ചയിൽ രണ്ടുവട്ടം പരിമിതമായ എണ്ണം കുട്ടികൾ ഒരേസമയം തങ്ങളുടെ മെന്റർ അധ്യാപകരെ നേരിൽ കണ്ട് അധ്യയനം കൂടുതൽ അർത്ഥപൂർണമാക്കും.
നെറ്റ്‌വർക്ക് പ്രതിസന്ധി നേരിടുന്ന ആറ് പ്രദേശങ്ങളിൽ ശക്തിയുള്ള സിഗ്നൽ എത്തിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്നുവെന്ന് കാപ്പുസ്‌കൂൾ സന്തോഷത്തോടെ പറയുന്നു.

കാപ്പുസ്‌കൂളിലെ അധ്യയനമാധ്യമം ഏതുഭാഷയാണെന്ന് ഒരാൾ ചോദിച്ചു. അതിന് ഒരു രക്ഷിതാവ് നൽകിയ മറുപടി ഇവിടെ കുറിക്കട്ടെ.
"മീഡിയം ഓഫ് ഇൻസ്‌ട്രക്‌ഷൻ സ്നേഹമാണ്. പാഠ്യപദ്ധതിയുടെ പ്രത്യയശാസ്ത്രത്തെ  'റ്റുഗെതർനെസ്' എന്ന് വിളിക്കാം. വികസനത്തിന്റെ ഭാഷയോ കരുതലാണ്."

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എസ് എസ് കേ, കൈറ്റ്, SCERT, SIET തുടങ്ങി ഒട്ടേറെ പിന്തുണാസംവിധാനങ്ങൾ നമുക്കുണ്ട്. പക്ഷെ ഓരോ വിദ്യാലയവും ഓരോ യൂണിറ്റ് ആണെന്നിരിക്കെ കേന്ദ്രീകൃതമായ പദ്ധതികളും കാടടച്ചു വെടിവക്കുമ്പോലുള്ള ഇടപെടലുകളും സുസ്ഥിരമായ വികസനത്തിന് ഉതകില്ല. ഓരോ വിദ്യാലയത്തിന്റെയും ഭൂമിശാസ്ത്രവും ഐഡന്റിറ്റിയും വ്യത്യസ്തവും വ്യതിരിക്തവുമാണ്. അതിനാൽത്തന്നെ വിദ്യാലയങ്ങൾ സ്വയം ശാക്തീകരിക്കപ്പെടണം.

 പിന്തുണാസംവിധാനങ്ങൾ അത് പ്രോത്സാഹിപ്പിക്കണം. മോണിറ്ററിങ് ശക്തമാക്കി ഗുണമേന്മ ഉറപ്പിക്കണം. പഠനം അടിസ്ഥാനപരമായി വ്യക്തിപരമാണ്. എന്നാൽ അതിന്റെ ഭൂമിക സാമൂഹ്യ അറിവുനിർമ്മിതിക്കായി ഒരുക്കുന്നിടമാണ് യഥാർത്ഥ വിദ്യാലയം.


Saturday, June 12, 2021

ശാസ്ത്ര പുസ്തകത്തെ ചിത്രകഥാരൂപത്തിലാക്കിയപ്പോൾ

ഭൗതിക ശാസ്ത്ര പാഠപുസ്തകം എല്ലാക്കാലത്തും ലേഖന സമാഹാരം പോലെയാകണമോ? ആശയ വിനിമയത്തിന് ബഹുവിധ സാധ്യതകൾ ഇരിക്കെ വ്യത്യസ്ത നിലവാരക്കാരെ കൂടി കണ്ടുകൊണ്ടുള്ള അനുരൂപീകരണ പാo പുസ്തകവും ആലോചിച്ചു കൂടെ? കൊവിഡ് കാലത്ത് കുട്ടികൾ ചിത്രകഥകൾ വായിച്ച് ശാസ്ത്ര

നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ്  തയ്യാറാക്കിയ ഫിസിക്സ് പാഠപുസ്തകത്തിലെ പേജുകളാണ് ഇവിടെ നൽകിയിരിക്കുന്നത്.

 കാഴ്ചാ വൈകല്യമുള്ള കുട്ടിയുടെ രക്ഷിതാവിന് പുസ്തകം വായിച്ചുനൽകാവുന്ന ചെറുകഥാ രൂപത്തിലുള്ള പാo ങ്ങളും മാഷ് തയ്യാറാക്കിയിട്ടുണ്ട്. അതിന് പ്രയാസമുണ്ടെങ്കിൽ ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ഫോണിൽ സംഭാഷണം ഓഡിയോ ആയി കേൾക്കാം.
കുട്ടിക്കാലംമുതലുള്ള വിവിധ ജീവിതസന്ദർഭങ്ങളുമായി ബന്ധിപ്പിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. പത്താംക്ലാസ് ഫിസിക്സിന്റെ ഒന്നാംടെക്സ്റ്റ് ബുക്കിന്റെ പ്രധാന ആശയങ്ങളെല്ലാം ഈ പുസ്തകത്തിൽ ചിത്രകഥയായി ആവിഷ്കരിച്ചിരിക്കുകയാണ്.
ശസ്ത്രത്തിൻ്റെ പഠന രീതിയിൽ നിരീക്ഷണ പരീക്ഷണങ്ങൾ നടക്കേണ്ടടതുണ്ട്,. അതിനെ ഈ പുസ്തകം നിഷേധിിക്കുന്നില്ല. അവയ്ക്ക് പൂരകമായി ഉപയോഗിക്കാം. പാഠപുസ്തകത്തെ ഒഴിവാക്കണമെന്നും പറയുുന്നില്ല. അതിൻ്റെ 
 

Wednesday, June 9, 2021

ഓൺ ലൈൻ പ0നം തവനൂർ മാതൃക'

ഓൺ ലൈൻ പഠനം മൂന്നു തരം അധ്യാപകരെ സൃഷ്ടിക്കുന്നുണ്ട്. ഒന്നാം ഗ്രൂപ്പ് സർഗാത്മകമായി ഇടപെടും. രണ്ടാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നതു. മറ്റു മാർഗങ്ങളിലൂടെ ലഭിക്കുന്നതും കുട്ടികൾക്ക് നൽകും.മൂന്നാം ഗ്രൂപ്പ് കേന്ദ്രീകൃതമായി നിർദ്ദേശിക്കുന്നവ മാത്രം ചെയ്യും.

ഒന്നാം ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളാണ് പ്രതീക്ഷ. തവനൂർ കെ ജി എം യു പിസ്കൂളിലെ റോബിൻ നടത്തിയ ഇടപെടൽ ചർച്ചയ്ക്കായി അവതരിപ്പിക്കുകയാണ്. 

ലക്ഷ്യമിട്ട കാര്യങ്ങൾ

    • ഓൺലൈൻ ക്‌ളാസ്സിന്റെ പല സാധ്യതകൾ പരിശോധിച്ചു നോക്കുക. 

    • വ്യത്യസ്ത ഓൺലൈൻ രീതികൾ പ്രയോഗിച്ചുകൊണ്ട് എല്ലാ കൂട്ടികളിലേക്കും ക്ലാസ്സ് പ്രവർത്തനങ്ങളെത്തിക്കുക 

    • വാട്സാപ്പിലൂടെ സ്വന്തം അധ്യാപകന്റെ ശബ്ദം മാത്രം കേട്ടുമടുക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകനെ കണ്ടുകൊണ്ടു കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഉണ്ടാക്കുക  

ചെയ്തു നോക്കിയ ക്‌ളാസ്സുകൾ 

    • ക്ലാസ് 5 അടിസ്ഥാന ശാസ്ത്രം മലയാളം മീഡിയം ആകെ കുട്ടികൾ  121 

    • ക്ലാസ് 6 അടിസ്ഥാന ശാസ്ത്രം മലയാളം മീഡിയം ആകെ കുട്ടികൾ   119 

    • ക്ലാസ് 6 അടിസ്ഥാന ശാസ്ത്രം ഇംഗ്ലീഷ് മീഡിയം  ആകെ കുട്ടികൾ   119

ഇത് വരെ നടന്ന ക്‌ളാസ്സുകൾ 

    • അഞ്ചാം ക്ലാസ്‌ മലയാളം മീഡിയം 2 ക്‌ളാസ്സുകൾ (03/06/ 2021 ബുധൻ & 05/ 06/ 2021 ശനി) 121 കുട്ടികൾ 

    • ആറാം ക്ലാസ്സ് മലയാളം മീഡിയം  1 ക്ലാസ്‌        (05/ 06/ 2021 ശനി )  119  കുട്ടികൾ 

    • ആറാം ക്ലാസ്സ് ഇംഗ്ലീഷ്  മീഡിയം  1 ക്ലാസ്‌        (05/ 06/ 2021 ശനി )  52  കുട്ടികൾ 

ഇത്തിരി മുന്നറിവുകൾ കഴിഞ്ഞ വർഷത്തിൽ നിന്നും  

     കഴിഞ്ഞ വർഷം നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ അനുഭവത്തിൽ ഒരു കാര്യം വ്യക്തമായിരുന്നു. വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ ക്‌ളാസ്സുകളെക്കാൾ കുട്ടികൾ ആഗ്രഹിക്കുന്നത് അവരുടെ സ്വന്തം അധ്യാപകരുടെ മുഖം തന്നെയായിരുന്നു. 

കഴിഞ്ഞ വർഷത്തെ വാട്സ് ആപ്പ് ഓഡിയോ ക്‌ളാസ്സുകൾ കുട്ടികളെ വിരസതയുടെ ലോകത്തേക്കാണ് നയിച്ചത്. മാത്രമല്ല കുട്ടിയും ടീച്ചറും  ഒരിക്കൽ പോലും മുഖാമുഖം വന്ന് സംസാരിക്കുന്നില്ല. 

ഇവിടെയാണ് ഗൂഗിൾ മീറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞത്. പക്ഷെ വാട്സ് ആപ്പ് അധ്യാപകർക്ക് നൽകുന്ന ഒരു ഒരു സേഫ് സോൺ ഉണ്ട്. എവിടെനിന്നും ഓഡിയോ സന്ദേശങ്ങൾ അയച്ചു കൊണ്ട് ക്ലാസ്‌ നടത്താൻ സാധിക്കും. അടുക്കളയിലോ, സ്വീകരണമുറിയിലൊ, എന്തിനേറെ പറയുന്നു യാത്രയിൽ പോലും ക്ലാസ്സുകൾ എടുക്കാം. പക്ഷെ കുട്ടിയെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. അയക്കുന്ന ശബ്ദ സന്ദേശത്തിലെ ബാക്ക്ഗ്രൗണ്ടിൽ  കേൾക്കുന്ന പ്രഷർ കുക്കറിലെ ആവി വരുന്ന ശബ്‍ദം കേട്ടിട്ടോ വാഹനങ്ങളുടെ ഹോൺ ശബ്‍ദം കേട്ടിട്ടോ എന്നറിയില്ല ടീച്ചർ എവിടെയാണെന്ന് കുട്ടികളും രക്ഷിതാക്കളും തിരിച്ചറിഞ്ഞു. 

ഇത്തവണ ചെയ്ത രീതികൾ 

    • ഞാനും എന്റെ കുട്ടികളും നേരിൽ കണ്ടു ക്ലാസ്‌ നടത്തണം എന്ന ലക്‌ഷ്യം മനസ്സിലുണ്ടാക്കി 

    • അതിനായി ഞാനെടുക്കുന്ന അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിന് ക്ലാസ്സു തല ഗ്രൂപ്പുകൾ ഉണ്ടാക്കി 

    • സ്കൂൾ ടൈം ടേബിൾ അനുസരിച്ചു ക്‌ളാസ്സിന്റെ അറിയിപ്പുകൾ നൽകി 

    • ക്‌ളാസ്സെടുക്കുന്ന പ്ലാറ്റഫോം ഗൂഗിൾ മീറ്റ് ആക്കി 

    • കൃത്യസമയത്തു ലിങ്കുകൾ ഗ്രൂപ്പിൽ നൽകി 

    • ലിങ്കിലൂടെ ക്‌ളാസ്സിലേക്കു കുട്ടികൾ വരുന്നതിനു മുൻപ് വാട്സാപ്പ് ഗ്രൂപ്പിൽ പ്രസന്റ് പറയിപ്പിച്ചു 

    • കൂടാതെ ഒരു ക്‌ളാസ്സിനു ഉള്ള മൂന്ന് മിനുട്ടിന്റെ പ്രവേശക വീഡിയോ വാട്സ് ആപ്പ് ഗ്രൂപ്പിൽ നൽകുകയും അത് കണ്ടതിനു ശേഷം ഗൂഗിൾ മീറ്റിൽ ലിങ്കിലൂടെ എത്താനും  കുട്ടികളോട് പറഞ്ഞു. ഗൂഗിൾ മീറ്റിലെ സ്ക്രീൻ ഷെയറിങ് എന്ന സാങ്കേതികത്വം കൃത്യമായി നടക്കാത്തത് ഒഴിവാക്കാനാണ് ഇങ്ങനൊരു സമീപനം സ്വീകരിച്ചത് 

ഇത്തരത്തിൽ ക്ലാസ്‌ നടന്നപ്പോൾ ഉണ്ടായ അറ്റന്റൻസ് താഴെ കൊടുക്കുന്നു 

    • അഞ്ചാം ക്ലാസ്‌ മലയാളം മീഡിയം 2 ക്‌ളാസ്സുകൾ 

 03/06/ 2021 ബുധൻ  90/ 121

  05/ 06/ 2021 ശനി   88 / 121 

    • ആറാം ക്ലാസ്സ് മലയാളം മീഡിയം  1 ക്ലാസ്‌        

 05/ 06/ 2021 ശനി    78/ 119 

    • ആറാം ക്ലാസ്സ് ഇംഗ്ലീഷ്  മീഡിയം  1 ക്ലാസ്‌     

   (05/ 06/ 2021 ശനി )   45/ 52 

    • ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ എണ്ണം കൃത്യമായി മനസ്സിലാക്കി 

    • ആ കുട്ടികൾക്കും ഗൂഗിൾ മീറ്റ്‌ ക്‌ളാസിൽ നടന്നത് എന്താണെന്നറിയാൻ ഉള്ള അവകാശം ഉണ്ടെന്നു തിരിച്ചറിഞ്ഞു 

    • അതിന്റെ ഭാഗമായി ആ ഗൂഗിൾ മീറ്റിൽ എടുത്ത കണ്ടെന്റ് പങ്കെടുക്കാത്ത കുട്ടികൾക്കും കൂടി മനസ്സിലാകുന്ന രീതിയിൽ 8 മിനുട്ടിൽ ഒതുങ്ങുന്ന ക്ലാസ്സ് വീഡിയോ സ്വയം ഷൂട്ട്‌ ചെയ്തു എഡിറ്റ് ചെയ്ത് വിഷയതല വാട്സ് ആപ്പ് ഗ്രൂപ്പിൽ നൽകി. 

    • ഈ വിഡിയോയിൽ കൂടിയാണ് തുടർപ്രവർത്തങ്ങളായ വർക്ഷീറ്റുകൾ പരിചയപ്പെടുത്തി നൽകിയത്.

കിട്ടിയ തിരിച്ചറിവ് 

    • ആദ്യ ഗൂഗിൾ മീറ്റ്‌ ക്ലാസ്‌ കഴിഞ്ഞപ്പോൾ അതിൽ പങ്കെടുക്കാൻ കഴിയാതെ പരിഭ്രാന്തരായും നിരാശരായും വിളിച്ച കുട്ടികളെയും രക്ഷിതാക്കളെയും ഇത്തരത്തിൽ ഒരു വീഡിയോ നൽകിയതിലൂടെ ആത്മവിശ്വാസമുള്ളവരാക്കാൻ കഴിഞ്ഞു.

    • അതിന്റെ തെളിവാണ്,  കൊടുത്ത വർക്ഷീറ്റുകൾ 95 ശതമാനം പേരും തിരിച്ചയച്ചപ്പോൾ ഞാൻ മനസ്സിലാക്കിയത് 

    • ബാക്കി അഞ്ചു ശതമാനത്തെ ഫോൺ വിളിച്ചന്വേഷിച്ചപ്പോൾ ഉടൻ അയക്കാമെന്ന മറുപടിയും കിട്ടി 

    • വാട്സാപ്പിലെക്കയക്കാൻ വീഡിയോ എടുത്തതും എഡിറ്റ്‌ ചെയ്തതും എന്റെ മൊബൈലിൽ ഞാൻ ഒറ്റയ്ക്ക് തന്നെയാണ് 

    • ചെറിയ വിഡിയോകൾ ആണ് അയക്കുന്നതെങ്കിലും അത് ഡൌൺ

' ലോഡ് ചെയ്ത് സൂക്ഷിക്കാൻ ഉള്ള സൗകര്യം കുട്ടികൾക്കില്ലാത്തതിനാൽ ഇനി മുതൽ യൂട്യൂബ് അപ്‌ലോഡ് നടത്തി ലിങ്ക് കൊടുക്കുന്ന രീതിയും ആലോചിക്കുന്നു വാൽക്കഷ്ണം 

    • എത്ര നാൾ ഈ രീതിയിൽ കുട്ടികളെ പിടിച്ചുനിർത്താനാകും എന്നറിയില്ല 

    • ക്ലബ് ഹൗസ് പോലുള്ള ചില സാധ്യതകൾ ട്രൈ ഔട്ട് ചെയ്യുന്നു


ഇതൊരു ട്രൈ ഔട്ടാണ്

നിങ്ങളുടെ അനുഭവങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും ആകാം