ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, March 13, 2020

കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത അവധിക്കാലം


കൊറോണ മാര്‍ച്ച് മാസം അവധി പ്രഖ്യാപിച്ചിരിക്കുന്നു.
അങ്കണവാടി മുതല്‍ ഏഴാം ക്ലാസുവരെയുളള കുട്ടികളാണ് വീട്ടില്‍ കഴിയേണ്ടത്.
കേരളസിലബസായാലും ഐ സി എസ് ഇ ആയാലും സി ബി എസ് ഇ ആയാലും കുട്ടികള്‍ വിദ്യാലയത്തില്‍ പോകാന്‍ പാടില്ല
സ്കൂള്‍ വണ്ടികള്‍ വരില്ല.
ഇത് എങ്ങനെ നേരിടും എന്നായിരിക്കും ബഹുഭൂരിപക്ഷം രക്ഷിതാക്കളും ആലോചിക്കുക
മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് ( സ്ഥിരമായാലും താല്കാലികമായാലും) പോകുന്നവരുടെ വീടുകളിലാണ് പ്രശ്നം
പൊതുപരിപാടികളിലോ വ്യക്തിത്വവികസനക്യാമ്പുകളിലോ മതപാഠശാലകളിലോ ഒന്നും അയക്കാനാകില്ല.
ഫലമോ? കുട്ടി ഏകാന്ത തടവിലാക്കപ്പെടും
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഗെയിമുകളിലേക്ക് ഒതുക്കപ്പെടും
നമ്മുക്ക് നാട്ടിലെ കുട്ടികളുടെ അയല്‍പക്കകൂട്ടായ്മ തിരിച്ചു പിടിക്കാനുളള അവസരമാണിത്.
രണ്ടോ മൂന്നോ വീട്ടിലെ നാലഞ്ച് കുട്ടികള്‍ മതി.

ഒരു വീട്ടിലെ ആരെങ്കിലും കുട്ടികളുടെ പ്രവര്‍ത്തനക്കൂട്ടുകാരാകണം
അവര്‍ക്ക് ഒന്നിച്ച് ചെയ്യുനുളള പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കണം
എന്തെല്ലാം ആകാം?
ഒന്ന്) പുസ്തക വായന
നല്ല നല്ല കുഞ്ഞു പുസ്തകങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. അത് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ ബി ടി, ശാസ്ത്രസാഹിത്യപരിഷത്ത്, ഡി സിബി, എന്‍ ബി എസ് തുടങ്ങിയവരുടെയാകാം. മതേതരസംസ്കാരത്തെ വളര്‍ത്താനുതകുന്നത്, ഭാവനപോഷിപ്പിക്കുന്നത്, ശാസ്ത്രബോധം വികസിപ്പിക്കുന്നത്...ഇങ്ങനെ വായനാതാല്പര്യം വര്‍ധിപ്പിക്കാന്‍ സഹായകമായ പുസ്തകങ്ങളാണ് സംഘടിപ്പിക്കേണ്ടത്. പൊതുവിജ്ഞാനം മാത്രം ലക്ഷ്യമിട്ട് പുസ്തകങ്ങള്‍ വാങ്ങി നല്‍കിയാല്‍ എളുപ്പം കുട്ടികള്‍ വായനനിറുത്തും. ആനുപാതിക പ്രാതിനിധ്യം ഉണ്ടാകണം.
തുടക്കത്തില്‍ എല്ലാ പ്രായക്കാരെയും ഒന്നിച്ചിരുത്തി ഉറക്കെ പുസ്തകം വായിച്ചു കേള്‍പ്പിക്കാം. ഇതിന് ചെറിയ പുസ്തകങ്ങളാണ് നല്ലത്. സചിത്ര പുസ്തകങ്ങളും ആകാം.
കൂട്ടത്തിലെ മുതിര്‍ന്ന കുട്ടികള്‍ക്കും വായിച്ചുകേള്‍പ്പിക്കാം. ഇങ്ങനെ പുസ്തകം ആസ്വാദ്യമായി വായിക്കുന്നത് മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് നവമാധ്യമങ്ങളിലൂടെ പങ്കിടാം.
സ്വതന്ത്രവായനയ്കും ഇടം അനുവദിക്കണം. അവര്‍ അതിലേക്ക് പ്രവേശിക്കണമെങ്കില്‍ പുസ്തകത്തെ ആകര്‍ഷകമായി പരിചയപ്പെടുത്തണം. ശ്രീ രാജേഷ് വളളിക്കോട് കുഞ്ഞുവായന എന്ന പേരില്‍ ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. അതില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന വ്യത്യസ്ത രീതികളുണ്ട്. അത്തരം സാധ്യതകള്‍ ഉപയോഗിക്കാം.
രണ്ട്) ആവിഷ്കാരങ്ങള്‍
വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിയോ , കേട്ടവയെ അടിസ്ഥാനമാക്കിയോ സ്വന്തമായി വികസിപ്പിച്ചതോ ആയ പ്രമേയങ്ങളെ പ്രയോജനപ്പെടുത്തിയോ കുട്ടികള്‍ ലഘുനാടകങ്ങള്‍ അരങ്ങേറട്ടെ. ഈ ആവിഷ്കാരങ്ങള്‍ അയല്‍പക്ക സദസ്സുകളില്‍ അവതരിപ്പിക്കാം. അല്ലെങ്കില്‍ കുട്ടികള്‍ തന്നെ അവതരിപ്പിച്ച് ആസ്വദിച്ച് തീര്‍ക്കട്ടെ. അഭിനയവുമായി ബന്ധപ്പെട്ടും പുസ്തകങ്ങളുണ്ട്. ലഘുനാടകങ്ങളുണ്ട്. അവയൊക്കെ പ്രയോജനപ്പെടുത്താം.
മൂന്ന്) ചിത്രങ്ങളുടെ ലോകം
എല്ലാത്തരം ചിത്രരചനാമാധ്യമങ്ങളും കുട്ടികള്‍ക്ക് നല്‍കുക. അവര്‍ക്ക് ചില യുട്യൂബ് ട്യൂട്ടോറിയല്‍
കാണിച്ചും കൊടുക്കാം. അവര്‍ വൈവിധ്യമുളള ചിത്രങ്ങള്‍ വരയ്കട്ടെ. എഫോര്‍ ഷീറ്റ് നല്‍കണം. തോന്നുമ്പോളുളള വരയും ആസൂത്രിത സമയത്തുളള വരയുമാകാം. എന്തായാലും കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ അഭിനന്ദിക്കപ്പെടണം. അതിന്റെ പിന്നിലെ ചിന്ത, തെരഞ്ഞെടുത്ത പ്രമേയം, വീക്ഷണതലം, സൂക്ഷ്മനിരീക്ഷണപാടവം, നിറച്ചേരുവ എന്നിവയെല്ലാം അംഗീകാരത്തിനും പ്രോത്സാഹനത്തിനുമുളള പരിഗണനകളാണ്.
നാല്) കൗതുക വസ്തു നിര്‍മാണം
ഒറിഗാമി, പാഴ് വസ്തുക്കളുപയോഗിച്ചുളള നിര്‍മാണം, നാടന്‍ കളിപ്പാട്ട നിര്‍മാണം ഇവയെല്ലാം കുട്ടികള്‍ ഇഷ്ടപ്പെടും. അതില്‍ അറിവുളള ചേച്ചിക്കും ചേട്ടനും സഹായിക്കാം. കമുകിന്റെ പാളകൊണ്ട് മുഖംമൂടിയുണ്ടാക്കാം. അതിന്റെ വെളള വശത്ത് കോറത്തുണി നല്ല പശവെച്ച് ഒട്ടിക്കുകയാണെങ്കില്‍ ഈര്‍പ്പം വലിഞ്ഞ് ചുളുങ്ങിപ്പോകില്ല. ഇത്തരം മുഖം മൂടികള്‍ വെച്ച് കുട്ടികള്‍ കളികളിലേര്‍പ്പടട്ടെ. അരവിന്ദ്ഗുപ്തയുടെ പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്താം.
അഞ്ച്) താളമേളം
ഓലപ്പീപ്പി , ചിരട്ടച്ചെണ്ട എന്നിവ മുതല്‍ യഥാര്‍ഥ വാദ്യോപകരണങ്ങള്‍ വരെ ഉപയോഗിക്കാം. ചില താളവാദ്യോപകരണങ്ങള്‍ കുട്ടികള്‍ വികസിപ്പിക്കും. ചിലത് ഉപയോഗിക്കാന്‍ ചെറിയ പരിശീലനം ആവശ്യമാണ്. താളമിട്ട് പാടാനുളള ഹൃദ്യമായ അവസരം ഉണ്ടാകണം. കുട്ടികളുടെ സവിശേഷതകളിലൊന്നാണ് വൈവിധ്യം ഇഷ്ടപ്പെടുന്നുവെന്നത്. അതിനാല്‍ പാട്ടും മേളോമെല്ലാം അവര്‍ ആഗ്രഹിക്കുന്നുണ്ടാകും
ആറ് ) ശാസ്ത്രപരീക്ഷണങ്ങള്‍
ലഘുശാസ്ത്രപരീക്ഷണങ്ങള്‍ കുട്ടികള്‍ ഏറെ ഇഷ്ടപ്പെടും. വീട്ടില്‍ കിട്ടാവുന്ന സാധനങ്ങള്‍ ഉപയോഗിച്ചുളള പരീക്ഷണങ്ങള്‍, കൊച്ചുകുട്ടികള്‍ക്ക് അത് കൗതുകമായിരിക്കും. മുതില്‍ന്ന കുട്ടികള്‍ക്ക് അത് ശാസ്ത്രീയാനുഭവവും. ജലപരീക്ഷണങ്ങള്‍ തന്നെ എത്രതരം? ബലൂണ്‍ ഉപയോഗിച്ചോ? ഞാന്‍ കുട്ടികള്‍ക്ക് ബലൂണ്‍, കുപ്പി എന്നിവ നല്‍കി വ്യത്യസ്തമായ അഞ്ച് പരീക്ഷണങ്ങള്‍ രൂപകല്പന ചെയ്ത് അവതരിപ്പിക്കാന്‍ പറഞ്ഞു. അവര്‍ എന്നെ അത്ഭുതപ്പെടുത്തി. നാലു ഗ്രൂപ്പുകളായി ഇരുപതില്‍പ്പരം പരീക്ഷണങ്ങള്‍! ലഘുപരീക്ഷണങ്ങള്‍ ചെയ്യാന്‍ സഹായകമായ പുസ്തകങ്ങള്‍ ലഭ്യമാണ്. അവ ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട സംഗതി തെരഞ്ഞെടുക്കുന്ന വസ്തുക്കള്‍ അപകടസാധ്യതയുളളതാകരുത് എന്നതുമാത്രം.
ഏഴ് ) സര്‍ഗാത്മക രചന
കുട്ടികള്‍ കഥയോ കവിതയോ ഡയറിയോ വിവരണമോ എഴുതട്ടെ. അവരുടെ ചിന്തകള്‍ ,ഭാവന അവര്‍ക്കു തോന്നും വിധം ആവിഷ്കരിക്കട്ടെ. അത് വിലയിരുത്തി താരതമ്യം ചെയ്യാതിരുന്നാല്‍ മതി. ഉപയോഗിക്കുന്ന ഭാഷയുടെ ,ആവിഷ്കരിക്കുന്ന രീതിയുടെ , നിലപാടുകളുടെ ഒക്കെ വ്യത്യസ്തത കാണാനാകും. എല്ലാ രചനകളെയും മാനിക്കുകയും വേണം
എട്ട്) കടങ്കഥാപയറ്റ്
കടങ്കഥകള്‍ ഭാവനയുണര്‍ത്തും. ഭാഷാവികാത്തിനും സഹായകം. കടങ്കഥാപുസ്തകങ്ങള്‍ ലഭ്യമാണ്. അവ സംഘടിപ്പിച്ച് കൊടുത്താല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിച്ച് പങ്കെടുക്കാവുന്നതാണ് കടങ്കഥാ പയറ്റുകള്‍
ഒമ്പത് ) കുട്ടികളുടെ സിനിമകള്‍
കുമ്മാട്ടി പോലെയുളളവ ശേഖരിക്കണം, ഷോര്‍ട്ട് ഫിലിമുകളും ലഭ്യമാണ്. ചലചിത്രാസ്വാദനക്യാമ്പുകള്‍ നടത്തുന്നവരുമായി ബന്ധപ്പെട്ടാല്‍ അവ ശേഖരിക്കാവുന്നതേയുളളൂ. അവ കുട്ടികള്‍ കാണട്ടെ. ലയിക്കട്ടെ. ചെറു പ്രതികരണങ്ങളുമാകാം.
പത്ത്) ശേഖരണ പ്രവര്‍ത്തനങ്ങള്‍
എന്റെ കുട്ടിക്കാലത്ത് തീപ്പെട്ടികളുടെ ആവരണചിത്രം ശേഖരിക്കലായിരുന്നു ഒരുവിനോദം.എത്രതരം പക്ഷികളുടെയും വാഹനങ്ങളുടെയും ചിത്രങ്ങളായിരുന്നു അന്ന് കിട്ടിയത്. അവ തരംതിരിച്ച് ഒട്ടിച്ചു. തരംതിരിക്കലാണ് പഠനം എന്നു പറഞ്ഞ ഒരു വിദ്യാഭ്യാസ വിദഗ്ധനുണ്ട് ബ്രൂണര്‍. അതിനാല്‍ തരംതിരിക്കലിലൂടെ കുട്ടി പഠിക്കുന്നുണ്ട് എന്ന് മനസിലാക്കണം. സ്റ്റാമ്പ്ശേഖരണം, ഇലശേഖരണം, മണ്ണ് ശേഖരണം, വിത്തുശേഖരണം, ചിത്രശേഖരണം , പാട്ടുശേഖരണം ...അതെ എത്രയെത്ര സാധ്യതകള്‍.അങ്കണവാടിക്കുട്ടിക്കും അപ്പര്‍പ്രൈമറി കുട്ടികള്‍ക്കും ഏര്‍പ്പെടാം.
പതിനൊന്ന്) ലഘുപ്രോജക്ടുകള്‍
കുട്ടികള്‍ക്ക് ഒറ്റയ്കോ സംഘമായോ ചെയ്യാവുന്ന ലഘുപ്രോജക്ടുകള്‍ നല്‍കാം. വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ താല്പര്യത്തെയും ജിജ്ഞാസയെയും കണക്കിലെടുക്കണം. എത്രതരം അച്ചാറുകള്‍ നാട്ടിലുണ്ട്? നാരങ്ങ എത്രരീതികളില്‍ അച്ചാറാക്കുന്നുണ്ട്? അന്വേണ പ്രോജക്ടാക്കാം. നിര്‍മാണ പ്രോജക്ടാക്കാം.സഹായം വേണ്ടി വരും. നാട്ടുരുചികളിലേക്കുളള യാത്രകൂടിയാകും. പ്രോജക്ട് എന്ന് കേട്ട് വളരെ സങ്കീര്‍ണമായി ഒന്നായി കാണേണ്ടതില്ല. പലവിധ പ്രോജക്ടുകളെക്കുറിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് മുതിര്‍ന്നവര്‍ വായിക്കുന്നത് നല്ലതാകും.
സര്‍ഗാത്മക ജനാധിപത്യക്കൂട്ടം.
അയല്‍പക്ക സര്‍ഗാത്മക സംഘമായി കുട്ടികള്‍ മാറുമ്പോള്‍ അവരെ ശ്രദ്ധിക്കാതെ പോകരുത്. ഒരു കണ്ണ് എപ്പോഴും വേണം. സ്വാതന്ത്ര്യം അനുവദിക്കണം. കുട്ടികളാകുമ്പോള്‍ ഇണങ്ങിയും പിണങ്ങിയുമാണ് വളരുക. ചെറിയ കാര്യത്തില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടാം. പിണങ്ങാം. അത്തരം സാഹചര്യങ്ങളില്‍ പക്ഷം പിടിക്കാതെ അവര്‍ക്കുതന്നെ ജനാധിപത്യപരമായി ഉചിതമായ തീരുമാനമെടുക്കാന്‍ അവസരം ഒരുക്കുക. മറ്റൊരു നല്ല പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് പിണക്കത്തെ അലിയിച്ചു കളയുക.
  • കുട്ടികളുടെ എണ്ണം വളരെകൂടാതിരിക്കാന് ശ്രദ്ധിക്കുക‍.  
  • പനിയോ ചുമയോ പോലെയുളളവ ബാധിച്ച കുട്ടികളുണ്ടെങ്കില്‍ തത്കാലം അവരെ സജീവപങ്കാളികളാക്കരുത്. ചികിത്സിക്കുക.  
  • വ്യക്തി ശുചിത്വം പാലിക്കാനുളള നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും വേണം
കൂടുതല്‍ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു
പ്രതികരിക്കുമല്ലോ.

2

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്
സര്‍,
വിഷയം- കൊറോണ മുന്‍കരുതല്‍ അവധിയും സ്കൂള്‍ ഉച്ചഭക്ഷണവും
കേരളത്തില്‍ കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത് മാതൃകാപരമാണ്. അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷണം വീട്ടിലെത്തിച്ചു നല്‍കാനുളള നിര്‍ദേശം കാര്യങ്ങളെ കുഞ്ഞുങ്ങളുടെ പക്ഷത്തു നിന്നും ചിന്തിക്കുന്നതിന് ഉദാഹരണമാണ്.
പൊതുവിദ്യാലയങ്ങളില്‍‍ പഠിക്കുന്ന കുട്ടികളുടെ കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മാര്‍ച്ച് മുപ്പത്തിയൊന്നു വരെ അവധിദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പതിനഞ്ച് ദിവസത്തോളം വരും അത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പല കുട്ടികള്‍ക്കും സ്കൂള്‍ ഉച്ചഭക്ഷണം വലിയൊരു ആശ്വാസമാണ്. വിദ്യാലയത്തിന് തുടര്‍ച്ചയായി അവധിയാകുന്നതോടെ അത് അവരെ ബാധിക്കും. പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് നൂറു ഗ്രാം അരിയും അപ്പര്‍ പ്രൈമറിക്കാര്‍ക്ക് നൂറ്റമ്പതു ഗ്രാം അരിയുമായി പ്രതിദിനം ഉച്ചഭക്ഷണത്തിനായി അനുവദിച്ചിട്ടുളളത്. ഈ തോതിലുളള അരി ആ കുട്ടികള്‍ക്ക് ഒന്നിച്ച് നല്‍കുന്നതിന് തീരുമാനമുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
അതിനോടൊപ്പം അവര്‍ക്ക് പയറുവര്‍ഗങ്ങളും മുട്ട , പാല്‍ എന്നിവയും നല്‍കുന്നതും ഉചിതമായിരിക്കും
അങ്കണവാടിക്കാരെ പോലെയാണ് പൊതുവിദ്യാലയങ്ങളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രീസ്കൂളുകളും. ആ വിഭാഗത്തിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം അവകാശമല്ലേ? അതും അവര്‍ക്ക് എത്തിച്ചു നല്‍കുവാന്‍ നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
കുട്ടികള്‍ വീട്ടിലിരിക്കുകയാണ്. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും ക്ലാസ് നിലവാരത്തിനനുസരിച്ച നല്ല പുസ്തകങ്ങളും വീട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാകണം. രക്ഷാകര്‍തൃസമിതിയെ ഇതിന് ചുതലപ്പെടുത്താവുന്നതാണ്.

വിനയപൂര്‍വം
ഡോ. ടി പി കലാധരന്‍
MOB: 960510129

3.
പ്രളയം, കൊറോണ, പഠനവിടവ്....... പ്രളയം വന്ന ആഗസ്റ്റില്‍ പഠിപ്പിക്കാന്‍ ബാക്കിയായ പാഠങ്ങളുണ്ട്. ഒന്നാം ടേമില്‍ ഓരോ യൂണിറ്റ് ഒഴിവാക്കിയാണ് പരീക്ഷയ്ക് ചോദ്യങ്ങളിട്ടത്. രണ്ടാം ടേമിലും ആ പരിഗണന ഉണ്ടായിരുന്നു. ഒന്നാം ടേമില്‍ തീര്‍ക്കാനുളള പാഠങ്ങളെല്ലാം രണ്ടാം ടേമിലെ മേളമാസങ്ങളില്‍ തീര്‍ത്തു എന്നു കരുതാനാവില്ല.അപ്പോഴാണ് മാര്‍ച്ച് ഇരുപത്തിരണ്ട് വരെയുളള അധ്യയനദിനങ്ങള്‍ നഷ്ടമാകുന്നത്.ഇത് ഉണ്ടാക്കുന്ന പ്രശ്നം ചെറുതല്ല. അവധികാരണം ഉണ്ടാകുന്ന പഠനവിടവുമായാണ് കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് പോവുക. ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഇത് പ്രതിസന്ധി സൃഷ്ടിക്കും. അതെങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷവും പ്രളയം കാരണം അധ്യയനനഷ്ടം സംഭവിച്ചു. തുടര്‍ച്ചയായി ഇങ്ങനെ സംഭവിച്ചാല്‍ കുട്ടികള്‍ പല പഠനനേട്ടങ്ങളും നേടാതെ പോകും. ഇത് നിലവാരത്തെ ബാധിക്കും. എന്താണ്ബദല്‍? പഠനനേട്ടങ്ങള്‍ പുനക്രമീകരിക്കുക എന്നത് പെട്ടെന്നു സാധ്യമല്ല. മറിച്ച് നഷ്ടപ്പെട്ട പഠനനേട്ടങ്ങളെ പരിഗണിച്ചുളള പഠനാനുഭവങ്ങള്‍ ജൂണ്‍മാസം നല്‍കാനാകുമോ എന്നു ആലോചിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ അടുത്ത വര്‍ഷത്തെ പഠനനേട്ടങ്ങളെ ബാധിക്കരുത്. മുന്‍ഗണന നിശ്ചയിക്കണം. വളരെ പ്രാധാന്യം കുറഞ്ഞവ ഒഴിവാക്കണം.പഠനപ്രവര്‍ത്തനങ്ങളിലും ഈ മുന്‍ഗണന വേണം. ഇവിടെയാണ് ഹൈടെക്ക് സാധ്യത ശരിക്കും പ്രയോജനപ്പെടുത്തേണ്ടത്.എങ്ങനെ ഫലപ്രദമായി ആശയരൂപീകരണം നടത്താം എന്നതിനുളള ഐ ടി പഠനവിഭവങ്ങള്‍ ഉണ്ടാകണം. എസ് സി ഇ ആര്‍ടി ഡയറ്റ്,ബി ആര്‍സി, കൈറ്റ് , എസ് എസ് കെ എന്നിവ ഇക്കാര്യത്തില്‍ ചിന്തിക്കേണ്ടതുണ്ട്. അവധിക്കാല പരിശീലനത്തിലെ മുന്‍ഗണ നകളിലേക്ക് വരികയും വേണം. ഇപ്പോള്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന ആലോചനകളിലും ഇതൊരു പരിഗണനആകണം. കുട്ടിയും പഠനവുമാണ് പ്രധാനം.

Wednesday, March 4, 2020

ഭാഷാപഠനനിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ആലോചിക്കുന്നവര്‍ക്കായി


യു പി മലയാളം
അടിസ്ഥാന പാഠാവലി
ു പി തലത്തിലെ അടിസ്ഥാനപാഠാവലിയിലെ പഠനനേട്ടങ്ങളാണ് ക്രോഡീകരിച്ചവതരിപ്പിക്കുന്നത്. അഞ്ചിലെയും ആറിലെയും ഏഴിലെയും ശേഷികള്‍ നോക്കൂ.  
  • വളര്‍ച്ചയുണ്ടോ?  
  • അധ്യാപികയ്ക്ക് ഗുണതാഘടകങ്ങളില്‍ വ്യക്തത ലഭിക്കുമോ?  
  • അഞ്ചിലാകട്ടെ എല്ലാ വ്യവഹാരരൂപങ്ങളും ഒറ്റ ശേഷിയില്‍ ചേര്‍ത്തു പറയുകയാണ്. ഏതിനാണ് ഊന്നല്‍?  
  • ഫലത്തില്‍ ആ പഠനനേട്ടം എഴുതിവെച്ച് ഏതെങ്കിലും ഒരു വ്യവഹാരരൂപത്തിന് പ്രാധാന്യം നല്‍കി പോവുകയില്ലേ?  
  • ചര്‍ച്ചകളിലും സംവാദങ്ങളിലും രൂപീകൃതമായ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും പ്രകടിപ്പിക്കുന്നു എന്ന ശേഷിക്ക് എല്ലാ കുട്ടികളെയും പരിഗണിച്ച് എത്ര അവസരങ്ങള്‍ വേണ്ടിവരും. ചര്‍ച്ചകളില്‍ പങ്കെടുക്കല്‍, ക്രോഡീകരിക്കല്‍, വാചികമായി അത് അവതരിപ്പിക്കല്‍, ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവ ഭിന്നങ്ങളായ കഴിവുകളാണ്. അവ ഓരോ കുട്ടിക്കും കിട്ടത്തക്ക വിധമാണോ ആസൂത്രണം?  
  • ഒരോരോ യൂണിറ്റിനെ മാത്രം പരിഗണിച്ചുളള ആസൂത്രണത്തിന് പരിമിതിയുണ്ടോ?
പഠനനനേട്ടങ്ങളെ നിങ്ങളുടെ വിശകലനത്തിനായി അവതരിപ്പിക്കുന്നു. (പഠനനേട്ടങ്ങളെ ഞാന്‍ വിശകലനത്തിനും താരതമ്യത്തിനും അനുയോജ്യമെന്നു ഞാന്‍ കരുതുന്ന ഒരു രീതിയില്‍ തരംതിരിച്ചിട്ടുണ്ട്)
വായന, വാചികാവതരണം
  1. സാമൂഹ്യപരിവര്‍ത്തനത്തിനുവേണ്ടിപ്രവര്‍ത്തിക്കുകയും ത്യാഗമനുഭവിക്കുകയും ചെയ്ത മഹദ് വ്യക്തികളു‍ടെ അനുഭവങ്ങള്‍, ജീവചരിത്രക്കുറിപ്പുകള്,‍ ആത്മകഥാ- ഭാഗങ്ങള്‍ എന്നിവ വായിച്ച്സ്വാംശീകരിക്കുകയും ചര്‍ച്ചകള്‍,പ്രസംഗം , ചര്‍ച്ചകള്‍ എന്നിവയിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു
  2. പ്രകൃതിസ്നേഹം അ‍ടിസ്ഥാനമാക്കിയുള്ള കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിവ തിരഞ്ഞെടുത്ത് വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു
കവിത
ആറാം ക്ലാസ്
  • കവിതകള്‍ ഉചിതമായ ഭാവത്തിലും ഈണത്തിലും ആലപിക്കുന്നു.
  • കവിതയുടെആശയം, ഭാവം ,എന്നിവ ഉള്‍ക്കൊണ്ട് ഹൃദിസ്ഥമാക്കി ഉചിതമായ ഈണത്തില്‍ ചൊല്ലി അവതരിപ്പിക്കുന്നു .
  • സൂചകങ്ങള്‍ വകസിപ്പിച്ച് സ്വന്തം ആലാപനവും മറ്റുള്ളവരുടെ ആലാപനവും വിലയിരുത്തുന്നു.
  • നാടന്‍പാട്ടുകള്‍ താളത്തോടെ ഭാവാതമകമായി പാടി അവതരിപ്പിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു.
  • കവിതകളിലെ ആശയം, ബിംബകല്‍പന, ചമല്‍ക്കാരഭംഗി, പ്രയോഗസവിശേഷതകള്‍ എന്നിവ കണ്ടെത്തി വിശദീകരിക്കുന്നു
ഏഴ്
  • കവിതകള്‍ ഉചിതമായ ഭാവാവിഷ്കാരത്തോടെ യോജിച്ച താളത്തിലുംഈണത്തിലും ചൊല്ലി അവ തരിപ്പിക്കുന്നു.
  • കവിതയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥ കണ്ടെത്തി വിശകലനം ചെയ്യുന്നു
  • കവിതകളിലെ ആശയം, ചമല്‍ക്കാരം, ബിംബകല്പന, വാങ്മയചിത്രം, സവിശേഷപ്രയോഗഭംഗി എന്നിവ കണ്ടെത്തി പറയുന്നു.
  • കവിതകള്‍ ഉചിതമായ ഭാവത്തിലും ഈണത്തിലും അവതരിപ്പിക്കുന്നു.
കഥ, ഗദ്യം
ആറാം ക്ലാസ്
  • ഗദ്യഭാഗങ്ങള്‍ ആശയവ്യക്തതയോടെയും ഉച്ചാരണശുദ്ധിയോടെയും ഒഴുക്കോടെയും വായിച്ചവതരിപ്പിക്കുന്നു.
  • ഗദ്യപാഠങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് ഉച്ചാരണശുദ്ധിയോടുകൂടി വായിക്കുന്നു.
  • കഥകള്‍ ആശയം ഉള്‍ക്കൊണ്ട് ഉചിതമായ ഭാവം, ശബ്ദനിയന്ത്രണം ഒഴുക്ക് , ഉച്ചാരണശുദ്ധി, എ ന്നിവയോടെ വായിക്കുന്നു
ഏഴ്
  • കഥ ഉചിതമായ ഭാവാവിഷ്കാരത്തോടെ വായിച്ച്അവതരിപ്പിക്കുന്നു.
  • കഥകളിലെ സന്ദര്‍ഭങ്ങള്‍ അഭിനയിച്ച് അവതരിപ്പിക്കുന്നു.
  • സംവാദത്തില്‍ പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിസഹമായി അവതരിപ്പിക്കുന്നു.
  • വിവിധ ആശയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിസഹമായി അവതരിപ്പിക്കുന്നു
  • ചര്‍ച്ചകളിലും സംവാദങ്ങളിലും രൂപീകൃതമായ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും പ്രകടിപ്പിക്കുന്നു
സ്വതന്ത്രവായന ( ലൈബ്രറി)
ആറാം ക്ലാസ്
  1. പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രശ്നോത്തരിക്കുള്ള ചോദ്യാവലി, ലഘുകുറിപ്പ് എന്നിവ തയ്യാറാക്കുന്നു.
  2. സ്വന്തം അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ കണ്ടെത്തി വായിച്ച് കുറിപ്പുകള്‍ തയ്യാറാക്കുന്നു.
ഏഴാം ക്ലാസ്
  1. സ്വന്തം അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങള്‍ വായിക്കുകയും വായനാനുഭവങ്ങള്‍ വൈവിധ്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
  2. കഥകളുടെ രചനാരീതി, സാമൂഹികപ്രസക്തി, വൈവിധ്യം തുടങ്ങിയ സവിശേഷതകള്‍ ചര്‍ച്ചചെയ്യുന്നു.
  3. ചര്‍ച്ചകളിലെ ആശയങ്ങള്‍ ക്രോഡീകരിച്ച് വാചികമായും ലിഖിതമായും അവതരിപ്പിക്കുന്നു.
  4. വായനാനുഭവത്തെ ദൃശ്യാനുഭവവുമായി താരതമ്യംചെയ്ത്കുറിപ്പ്തയ്യാറാക്കുന്നു.
  5. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കൃതിയിലെ അവരുടെ സ്ഥാനവും കണ്ടെത്തി വിലയിരുത്തുന്നു.
  6. വായനാനുഭവവും ദൃശ്യാനുഭവവും താരതമ്യം ചെയ്യുന്നു
പ്രയോഗം, വിശേഷണം,
അഞ്ചാം ക്ലാസ്
  1. വിശേഷണങ്ങല്‍ ചേര്‍ക്കുമ്പോള്‍ പദങ്ങള്‍ക്കുണ്ടാവുന്ന ആശയവ്യാപ്തി മനസ്സിലാക്കി സ്വന്തം രചനകളില്‍ പ്രയോഗിക്കുന്നു
  2. ഒരു പ്രത്യേകസന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്ന പ്രയോഗത്തിന്റെ ഔചിത്യം,ശക്തി, സൗന്ദര്യം എന്നിവ മനസ്സിലാക്കി സ്വന്തം രചനകളില്‍ ഉള്‍പ്പെടുത്തുന്നു. ( ഇവ എല്ലാ രചനാശേഷികള്‍ക്കും പൊതുവായി വരുന്നവയാണല്ലോ ? ആ രീതിയില്‍ കാണുന്നുണ്ടോ? പരിഗണിക്കുന്നുണ്ടോ?
ആറാം ക്ലാസ്
  1. പദങ്ങള്‍,പ്രയേഗങ്ങള്‍, ചൊല്ലുകള്‍, ശൈലികള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തി സന്ദര്‍ഭാനുസരണം സംസാരിക്കുകയും സ്വന്തംരചനകളില്‍ അവ ഔചിത്യപൂര്‍വം ഉപയോഗിക്കുകയും ചെയ്യുന്നു.
  2. പദങ്ങള്‍, പ്രയോഗങ്ങള്‍, ചൊല്ലുകള്‍, ശൈലികള്‍ തുടങ്ങിയവ സന്ദര്‍ഭാനുസരണം ഉപയോഗിക്കുന്നു.
ഏഴാം ക്ലാസ്
  1. വിഷയത്തിനും സന്ദര്‍ഭത്തിനും യോജിച്ച ,പദങ്ങള്‍, പ്രയോഗങ്ങള്‍ ശൈലികള്‍ എന്നിവ സംഭാഷണത്തിലും എഴുത്തിലും ഉപയോഗിക്കുന്നു.
രചനാപ്രവര്‍ത്തനങ്ങള്‍.
അഞ്ചാം ക്ലാസ്
  1. കണ്ടും കേട്ടും വായിച്ചും അനുഭവിച്ച കാര്യങ്ങള്‍ ആസ്വദിക്കുകയും യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് ആസ്വാദനക്കുറിപ്പ്, കഥാപാത്രനിരൂപണം, കത്ത്, വര്‍ണന, ഉപന്യാസം, പ്രസംഗം തുടങ്ങിയ വ്യവഹാരരൂപങ്ങളില്‍ ഉചിതമായ ഭാഷയില്‍(പദങ്ങള്‍, പ്രയോഗങ്ങള്‍, ശൈലികള്‍, ഘടന) ആവിഷ്കരിക്കുകയും ചെയ്യുന്നു
  2. സ്വാംശീകരിച്ച ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഉപന്യാസം, വാങ്മയചിത്രം, റോള്‍പ്ലേ, ലഘുകുറിപ്പുകള്‍ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുന്നു.
  3. വിവിധ സാഹിത്യരചനകള്‍വായിച്ച് നമ്മുടെസംസ്കാരം,,ആചാരാനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയുടെ സവിശേഷതകള്‍ മനസ്സിലാക്കുന്നു. അഭിമുഖംനടത്തിയും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടും കൂടുതല്‍വിവരങ്ങള്‍ കണ്ടെത്തി കുറിപ്പുകള്‍തയ്യാറാക്കുന്നു.
  4. പ്രകൃതി സൗഭാഗ്യത്തിനേല്ക്കുന്ന ആഘാതങ്ങള്‍ പ്രതിപാദിക്കുന്ന കഥകള്‍, എന്നിവ വായിച്ച് ഉപന്യാസം, സംവാദം, ചര്‍ച്ചകള്‍, പോസ്റററുകള്‍ എന്നിവയിലൂടെ പ്രതികരിക്കുന്നു.
ആറാം ക്ലാസ്
  1. കഥകളുടെ രചനാരീതി, സാമൂഹികപ്രസക്തി,വൈവിധ്യം തുടങ്ങിയ സവിശേഷതകള്‍ പരിഗണിച്ചും സ്വന്തം കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചും പറഞ്ഞും എഴുതിയും ആസ്വാദനം അവതരിപ്പിക്കുന്നു
  2. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും കഥയിലെ സ്ഥാനവും കണ്ടെത്തി പറഞ്ഞും എഴുതിയും കഥാപാത്രനിരൂപണം തയ്യാറാക്കുന്നു.
  3. വായിച്ച സര്‍ഗ്ഗാത്മകരചനകളെ വ്യത്യസ്തമായ തരത്തില്‍ ആവിഷ്കരിക്കുന്നു
  4. കേട്ടതോ വായിച്ചറിഞ്ഞതോ ആയകാര്യങ്ങള്‍യുക്തിപൂര്‍വ്വം വിശകലനംചെയ്ത് സ്വന്തം അഭിപ്രായങ്ങള്‍പറഞ്ഞും എഴുതിയുംപ്രകടിപ്പിക്കുന്നു
  5. സൂചകങ്ങള്‍ വികസിപ്പിച്ച് സ്വന്തം രചനകളും മറ്റുള്ളവരുടെ രചനകളും വിലയിരുത്തുന്നു.
  6. സന്ദര്‍ത്തിനനുസരിച്ച് ശേഖരണം നടത്തി പതിപ്പുകള്‍,പത്രികകള്‍ തയ്യാറാക്കുന്നു.
  7. ആശയങ്ങള്‍ വിശകലനം ചെയ്ത് സ്വന്തം അഭിപ്രായം യുക്തിയോടെ എഴുതി അവതരിപ്പിക്കുന്നു.
  8. നോവല്‍ഭാഗം വായിച്ച് സംഭവങ്ങളുടെ വൈകാരികത ഉള്‍ക്കൊണ്ട്കുുറിപ്പ് തയ്യാറാക്കുന്നു
സര്‍ഗാത്മകാവിഷ്കാരം
ആറ്
  1. വായിച്ച രചനകളിലെ ആശയം ,സംഭവം എന്നിവ മനസ്സിലാക്കി വ്യത്യസ്ത രൂപങ്ങളില്‍ രചിക്കുകയും അവതരിപ്പിക്കുകയും(നിശ്ചലദൃശ്യം, ലഘുനാടകം)ചെയ്യുന്നു.
ഴ്
  1. പാഠഭാഗങ്ങളില്‍ നിന്നു നേടിയ ഭാഷാപരവും ആശയപരവുമായ ശേഷികള്‍ പ്രയോജനപ്പെടുത്തി സര്‍ഗ്ഗാത്മകരചനകളില്‍ ഏര്‍പ്പെടുന്നു.
  2. വായിച്ചസര്‍ഗ്ഗാത്മകരചനകളെ വ്യത്യസ്തവും ഉചിതവുമായരീതിയില്‍ പുനരാവിഷ്കരിക്കുന്നു 
  3. സൂചകങ്ങള്‍ വികസിപ്പിച്ച് സ്വന്തം പ്രകടനവും മറ്റുള്ളവരുടെ പ്രകടനങ്ങളും വിലയിരുത്തുന്നു. 
  4. വിവിധ ആശയമേഖലകളെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും പങ്കെടുത്ത് ആശയങ്ങളും നിലപാടുകളും യുക്തിയോടെ അവതരിപ്പിക്കുന്നു. 
  5. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കി പ്രബന്ധങ്ങള്‍/ ഉപന്യാസങ്ങള്‍/ നിവേദനങ്ങള്‍ തയ്യാറാക്കുന്നു.

മനോഭാവവുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങള്‍ അഞ്ചാം ക്ലാസില്‍ മാത്രം!
  1. എല്ലാ തരത്തിലുള്ള വിവേചനങ്ങള്‍ക്കുമതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുംതനിക്കും കൂട്ടുകാര്‍ക്കും സാധിക്കുമെന്ന് തെളിയിക്കുന്ന വിവിധപ്രവര്‍ത്തനങ്ങളി‍ല്‍ ഏര്‍പ്പെടുന്നു
  2. തനിക്കു ചുറ്റുമുള്ള സസ്യലതാദികളെയും ജീവജാലങ്ങളെയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു.
  3. വായിച്ചും കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ സ്നേഹം,കരുണ,സഹാനുഭൂതി തുടങ്ങിയ മാനുഷികഭാവങ്ങളുടെ അന്തസ്സത്ത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നു.
പഠനനേട്ടം എന്ന പദം ഉപയോഗിച്ചപ്പോള്‍ അളക്കാവുന്നത്, നേടാവുന്നത്, വ്യക്തതയുളളത്, ദൃശ്യമാകുന്നത് എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു.
നിര്‍ദേശങ്ങള്‍
  1.  ശേഷികളുടെ മുന്‍ഗണന നിശ്ചയിക്കണം
  2. ശേഷികളുടെ വളര്‍ച്ച വ്യക്തമാക്കുന്ന രീതിയില്‍ വേണം അവതരിപ്പിക്കേണ്ടത്
  3. ഓരോ ശേഷിയുടെയും ഗുണതാസൂചകങ്ങള്‍ തയ്യാറാക്കണം ( വ്യവഹാരരൂപങ്ങളുടെ മാത്രം പോര)
  4. ഓരോ കുട്ടിക്കും ഓരോ ശേഷിയെയും അടിസ്ഥാനമാക്കി ലഭ്യമാകേണ്ട കുറഞ്ഞ അവസരം നിശ്ചയിക്കണം
  5. ഓരോ അവസരത്തിലും ഉപയോഗിക്കാനുന്ന പ്രക്രിയും തന്ത്രവും അധ്യാപക സഹായിയില്‍ ഉളളതുമായി തട്ടിച്ചുനോക്കി പര്യാപ്തത തീരുമാനിക്കണം
  6. പുതിയ പാഠനസാമഗ്രികള്‍ വേണ്ടി വരുമോ? എന്തിനെല്ലാം?
  7.  ശേഷിനേടുന്നതില്‍ ഇടര്‍ച്ചയുണ്ടാകുന്ന കുട്ടികള്‍ക്കായി നല്‍കേണ്ട പിന്തുണാതന്ത്രം വികസിപ്പിക്കണം