ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, July 16, 2024

ഒന്നാം ക്ലാസിലെ പുതിയ പുസ്തകം - അധ്യാപകരുടെ ഫീഡ്ബാക്ക്

 



ഒന്നഴക്

ഒന്നാം ക്ലാസിലെ ഒന്നാം യൂണിറ്റിന്റെ വിനിമയാനുഭവങ്ങള്‍ അധ്യാപകർ പങ്കിടുന്നു

1

വായനയിലെ നിലവാരം - ഓണം വരെ കാത്തിരിക്കേണ്ടി വന്നില്ല

മുൻ വർഷങ്ങളിൽ നിന്നുമുള്ള പ്രത്യേകത ആദ്യമായി ഒന്നാം ക്ലാസിലെ എല്ലാവരും ഒന്നാം യൂണിറ്റ് വായിച്ചു 

സാധാരണ ഓണം വരെ ഞങ്ങൾ പറയുമായിരുന്നു "എൻ്റെ ക്ലാസിൽ 25 കുട്ടികൾ 10 കുട്ടികൾ നന്നായി വായിച്ചു 10 കുട്ടികൾ സഹായിച്ചു വായിച്ചു 5 കുട്ടികൾ ഇല്ല എന്ന്."

ഈ വർഷം എൻ്റെ ക്ലാസിൽ 25 കുട്ടികൾ എല്ലാവരും തനിയെ വായിച്ചു എന്ന് എവിടെയും പറയാം.

വായന പാഠങ്ങൾ. 

  • പ്രതിദിന വായന പാഠങ്ങൾ  സ്വതന്ത്ര വായനയെ സഹായിച്ചു. കാരണം കഴിഞ്ഞ വർഷങ്ങളിൽ ഒരു അക്ഷരത്തിന് പുനരനുഭവം വരുന്ന വരികൾ ഇതുപോലെ കൊടുക്കില്ലായിരുന്നു. ആദ്യമായിട്ടാണല്ലോ പ്രതിദിന വായന പാഠവും കൊടുത്തത് അതും അവർക്ക് പരിചയമുള്ള അക്ഷരങ്ങൾ വെച്ച് മാത്രമുള്ള വായന പാഠങ്ങൾ. 

  • അത് വായിക്കാൻ കുട്ടികൾക്ക് താത്പ്പര്യവുമായിരുന്നു.

  • പ്രതിദിന വായന പാഠങ്ങൾ ഇവർ എല്ലാവരും വായിച്ചു അതിനു ശേഷമാണ്. Text Book മൊത്തത്തിൽ വായിക്കാൻ  ഞാൻ പറഞ്ഞത്.

വീണാറാണി

ജി. എൽ.പി.എസ്

പന്മന മനയിൽ

ചവറ സബ്ബ് ജില്ല

കൊല്ലം

2

വളരെ തൃപ്‌തി

ജൂലൈ 8 അനുഭവ വിശകലനം* 

പാഠം പൂർത്തിയായിട്ടില്ല. എങ്കിലും പഠിച്ച ഭാഗം വരെ വളരെ തൃപ്തികരമാണ്.

പ്രതിദിന വായനപാഠങ്ങൾക്ക് വായനയിൽ വളരെ വലിയ പങ്കു വഹിക്കാൻ കഴിയുന്നുണ്ട്. 

പഠിച്ച അക്ഷരവും ചിഹ്നവും കണ്ടാൽ മാത്രം തിരിച്ചറിയുന്നതിൽ നിന്നും,പഠിച്ച അക്ഷരങ്ങൾക്ക് പഠിച്ച ചിഹ്നം ചേർത്ത് പുതിയ അക്ഷരമായി..............പുതിയവാ

എഡിറ്റിങ്  നടത്തുന്നതിനാൽ വാക്കകലം, ഘടന ഇതെല്ലാം ഇപ്പോൾ തന്നെ എല്ലാവരും പിന്തുടരുന്നു.

കൂട്ടെഴുത്ത് വളരെ പ്രയോജനപ്രദമാണ്. എഴുത്തിലെ പ്രശ്നങ്ങൾ  ഒരു മാസമായപ്പോൾ തന്നെ മാറിയത് വളരെ പ്രശംസനീയം. വളരെ തൃപ്‌തി. 

ഘടന പറഞ്ഞു കുട്ടികൾ എഴുതുമ്പോൾ വളരെ സന്തോഷം.

എല്ലാ കുട്ടികളും പഠനലക്ഷ്യം  നേടിയെന്നു അഭിമാനത്തോടെ പറയാൻ കഴിയും. ഓട്ടിസ്റ്റിക് ആയ ഒരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ട്. അവനാണ് എന്നെ കൂടുതൽ follow ചെയുന്നത് എന്ന് പറയുമ്പോൾ സന്തോഷം. അവൻ എപ്പോളും ഘടന പറഞ്ഞു തന്നെ എഴുതും. അതു കേട്ട് മറ്റുള്ളവരും . അവനാണ്  വാക്കകലം പാലിക്കുന്ന കാര്യം ആദ്യം ഓർമിപ്പിക്കുന്നത്. മഞ്ഞക്കിളിക്ക് പറക്കാൻ സ്ഥലം ഇടണേന്ന്. 

സുമി

SNVLPS, ആറന്മുള ഉപജില്ല

പത്തനംതിട്ട

3

പ്രീ പ്രൈമറി അനുഭവമില്ലാത്ത 22 കുട്ടികളുള്ള ഒന്നാം ക്ലാസ്

ഇങ്ങനെയുള്ള ക്ലാസുകളിൽ എന്തായിരിക്കും സംഭവിക്കുക? ബിന്നി ടീച്ചറുടെ അനുഭവം വായിക്കാം

പാഠം മുഴുവൻ സഹായമില്ലാതെ വായിക്കുന്നു

"ജൂലൈ 8-ഒന്നാം യൂണിറ്റ് തീർന്നിട്ടില്ല.

എങ്കിലും പഠിച്ച അക്ഷരങ്ങളും  സ്വരചിഹ്നങ്ങളും  വരുന്ന , പിന്തുണാ ഗ്രൂപ്പിൽ പങ്കിട്ട വായനകാർഡുകൾ വായിക്കാൻ മിക്കവർക്കും കഴിയുന്നു എന്നത് ഏറെ സന്തോഷം തരുന്നു.

എന്നെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന കാര്യം യൂണിറ്റ് കഴിയുമ്പോൾ പാഠം  മുഴുവൻ കുട്ടിക്ക് തനിയെ വായിക്കാൻ കഴിയുന്നു എന്നതാണ്.

രക്ഷിതാക്കളുടെ പരാതിക്ക് പരിഹാരമായി

കഴിഞ്ഞ കുറേ വർഷങ്ങളായി രക്ഷിതാക്കളുടെ പരാതി കുട്ടിക്ക് പാഠം വായിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു. ആ പരാതിക്ക് പൂർണ്ണമായും പരിഹാരം കാണാൻ കഴിഞ്ഞിരിക്കുന്നു. കുട്ടിക്ക് പരിചിതമല്ലാത്ത ഒരു അക്ഷരമോ സ്വരചിഹ്നമോ പാഠത്തിലെവിടെയും ഇല്ല എന്നതാണ് അതിന് കാരണം . 

പ്രീ പ്രൈമറിയിലേ പോകാത്തവരാണ്

പ്രീപ്രൈമറി അനുഭവമോ അംഗൻവാടി അനുഭവമോ പോലും ഇല്ലാത്ത എൻ്റെ 22 കുട്ടികളിൽ മിക്കവരും കുഞ്ഞുവായന പാഠങ്ങൾ വായിക്കാൻ കഴിവുള്ളവരായിരിക്കുന്നു എന്നത് എനിക്ക് തരുന്ന ആശ്വാസവും സന്തോഷവും വളരെയേറെയാണ്.  

പരിചിതാക്ഷരങ്ങൾ ചേർന്ന വാക്കുകളുള്ള വായനക്കാർഡുകൾ വായിക്കും

പരിചിതാക്ഷരങ്ങൾ ചേർന്ന വാക്കുകൾ ഉള്ള വായന പാഠങ്ങൾ  വായിക്കാൻ കഴിയുന്നു. ( പറ പറ ,പല പല ഇത്തരത്തിലുള്ളവ)

വാക്കകലവും ഘടനയും ശ്രദ്ധിക്കുന്ന കുട്ടികൾ

ഘടന പാലിച്ചും വാക്കകലം പാലിച്ചും എഴുതാൻ കുട്ടികൾ പഠിച്ചു കഴിഞ്ഞു. അഥവാ വാക്കകലം പാലിച്ചില്ലെങ്കിൽ മറ്റുള്ളവർ തിരുത്തുന്നു.

രക്ഷിതാക്കളുടെ പിന്തുണ

രക്ഷിതാക്കളും വാട്ട്സ്ആപ്പിൽ ഇടുന്ന വായന പാഠങ്ങൾ കുട്ടികളെക്കൊണ്ട് വായിപ്പിക്കാനും വീഡിയോ ഇടാനുമൊക്കെ താല്പര്യം കാണിക്കുന്നു.

ബിന്നി ടീച്ചർ

ബേള WLPS

കാസറഗോഡ് "

4

കുട്ടിക്ക് അക്ഷരം അറിയില്ല.  അവർക്ക് വായിക്കാൻ പറ്റുമോ എന്നൊക്കെ രക്ഷിതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു

ആശങ്കകൾ മാറിയോ? പത്തനംതിട്ട ജില്ലയിൽ നിന്നും ഒന്നാം ക്ലാസിൽ 27 കുട്ടികളെ പഠിപ്പിക്കുന്ന ജിഷി ടീച്ചർ അനുഭവം പങ്കിടുന്നു

"ഒന്നാം ക്ലാസ്സിൽ കിട്ടിയ പുതിയ പാഠപുസ്തകം ഒന്നാമത്തെ യൂണിറ്റ് നോക്കുമ്പോൾ വളരെ കുറച്ച് മാത്രമേ ഉള്ളൂ എന്ന് അഭിപ്രായം ഉണ്ടായിരുന്നു. എന്നാൽ  17 വർഷമായി ഒന്നാം ക്ലാസിൽ മാത്രം പഠിപ്പിക്കുന്ന ഒരു അധ്യാപിക എന്ന നിലയിൽ എന്റെ അഭിപ്രായം ആ ഒരു യൂണിറ്റ് പഠിച്ചുകഴിയുമ്പോൾ കുട്ടികൾ 

  • നിരീക്ഷണം, 

  • അഭിനയം 

  • പരീക്ഷണം, 

  • പാട്ടരങ്ങ്,

  • നിർമാണം, 

  • വായന, 

  • ലേഖനം

  • ചിത്രം വര തുടങ്ങിയ ഒട്ടേറെ മേഖലകളിലൂടെ കടന്നുപോയി.

പങ്കാളിത്തം

നമ്മുടെ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ കുട്ടികളെ എല്ലാവരെയും പങ്കെടുപ്പിക്കാൻ  സാധിക്കുന്നു.

പ്രതിദിന വായന പാഠങ്ങൾക്ക് നല്ല സ്വീകാര്യത 

പ്രതിദിന സ്വതന്ത്ര  വായനാ പാഠങ്ങൾ രക്ഷകർത്താക്കളും കുട്ടികളും വളരെ നല്ല രീതിയിൽഏറ്റെടുത്തു. 

രക്ഷിതാക്കൾക്ക് അഭിമാനം

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾ ഒന്നാമത്തെ യൂണിറ്റ് കഴിയുമ്പോൾ തന്നെ അവർ പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള വാക്യങ്ങൾ വായിക്കുന്നത് രക്ഷകർത്താക്കൾ വളരെ അഭിമാനപൂർവ്വം ക്ലാസ്  പി. ടി. എ യിൽ പറയുകയുണ്ടായി. പല രക്ഷകർത്താക്കളും ആദ്യമേ ആശങ്ക അറിയിച്ചിരുന്നു. കുട്ടിക്ക് അക്ഷരം അറിയില്ല. അപ്പോൾ അവർക്ക് വായിക്കാൻ പറ്റുമോ എന്നൊക്കെ. എന്നാൽ ഇപ്പോൾ ആ അഭിപ്രായം മാറി. അക്ഷരഘടന പറഞ്ഞു എഴുതുന്നത് കൊണ്ട് എഴുത്തിലും കുട്ടികൾക്ക് മെച്ചപ്പെടാൻ സാധിച്ചിട്ടുണ്ട്.

സവിശേഷ പരിഗണന ആവശ്യമുള്ള കുട്ടിക്കും ഇടം 

ഹൈപ്പർ ആക്ടീവായ കുട്ടിക്ക് പോലും  കൂട്ട ബോർഡ് എഴുത്തു വളരെ പ്രയോജനപ്രദമാണ്. ആ കുട്ടി ബുക്കിൽ എഴുതാൻ ഇഷ്ടമില്ലെങ്കിലും ബോർഡിൽ നന്നായി എഴുതും. 

പ്രക്രിയ പാലിച്ചപ്പോൾ ക്ലാസിൽ നല്ല മാറ്റം

പ്രക്രിയ ഘട്ടങ്ങൾ പാലിച്ചു തന്നെ  എഴുത്തും വായനയും  നടത്തുന്നതിനാൽ കുട്ടികൾക്ക് എല്ലാവർക്കും വളരെ നല്ല മാറ്റമാണ് ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞപ്പോൾ തന്നെ ഉണ്ടായിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും.

നല്ല കഥ പറച്ചിലുകാർ

കഥ പറയാനുള്ള പരിശീലനം ആദ്യമേ   കൊടുക്കുന്നതിനാൽ  കുറെ അധികം കുട്ടികൾ കഥ പറയാനായി മുന്നോട്ടുവരുന്നുണ്ട്. സംസാരിക്കാനും ചെവി കേൾക്കാനും പറ്റാത്ത ഒരു കുട്ടി ഉണ്ട്. ആ കുട്ടിയും അതിന്റേതായ ഭാഷയിൽ കഥ പറയാനായി മുന്നോട്ടു വരുന്നുണ്ട്. 

എനിക്ക് ആത്മവിശ്വാസം

ഇതൊക്കെ ഒരു അധ്യാപിക എന്ന നിലയിൽ വളരെ സന്തോഷത്തോടെ യും  ആത്മവിശ്വാസത്തോ ടെയും  കാണുന്നു. 

പാട്ടരങ്ങ്, മുട്ടത്തോട് പരീക്ഷണം, ദേശാടനക്കിളികൾ ചിത്രീകരണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും  വളരെ ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്. 

വരും യൂണിറ്റുകളും വളരെ നന്നായി ചെയ്യാൻ കഴിയും എന്നു പ്രതീക്ഷിക്കുന്നു

ആകെ കുട്ടികൾ :27

ജിഷി. A

ജി. എൽ. പി എസ് പഴകുളം

അടൂർ,പത്തനംതിട്ട

5

ആശങ്കയിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്* 

ഈ വർഷം ക്ലാസ് തുടങ്ങി ആദ്യ പി ടി എയിൽ തന്നെ 10 ദിവസം സന്നദ്ധത പ്രവർത്തനങ്ങൾ ആണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ഓരോ ദിവസവും സന്നദ്ധത പ്രവർത്തനങ്ങൾ വീട്ടിൽ ചർച്ച ചെയ്യുമ്പോൾ എഴുതാനും വായിക്കാനും ഇല്ലാത്തത് രക്ഷിതാക്കളിൽ ആശങ്ക ചെറുതായെങ്കിലും ഉണ്ടാക്കിയിരുന്നു. നോട്ട് ബുക്കിൽ എഴുതാൻ ഹോം വർക്ക് ഇല്ലാത്തതായിരുന്നു കൂടുതൽ പ്രശ്നം. എന്നാൽ ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ കുട്ടികളും  രക്ഷിതാക്കളും എല്ലാവരും തൃപ്തരും വളരെ സന്തോഷമുള്ളവരും ആണ്.

മക്കൾ തനിയെ വായിക്കുന്നത് സ്റ്റാറ്റസ് ആയി

ഒരു പാഠം കഴിഞ്ഞപ്പോൾ തന്നെ സ്വന്തമായി അവർ വായിക്കുന്നത്  രക്ഷിതാക്കൾ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു. പലരും വായന സാമഗ്രികൾ മക്കൾ വായിക്കുന്നത് സ്റ്റാറ്റസ് വെയ്ക്കുകയും ചെയ്തു.

അക്ഷര ഘടന രക്ഷിതാക്കൾക്കും പുതിയ അറിവ്* 

 14 കുട്ടികളാണ് ക്ലാസിൽ ഒരാൾക്ക് വായിക്കാൻ ചെറിയ പ്രശ്നമുണ്ട് .Tounge tie പ്രശ്നമുള്ള കുട്ടിയാണ് . അത് രക്ഷിതാവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം തോന്നിയ മറ്റൊരു പ്രത്യേകത കുട്ടികൾ അക്ഷരഘടന ഏറെ ശ്രദ്ധിച്ച് ഘടന പാലിച്ച് എഴുതാൻ ശ്രമിക്കുന്നുണ്ടെന്നതാണ്. ക്ലാസ് പി ടി എയിൽ അക്ഷരഘടന പരിചയപ്പെടുത്തിയപ്പോൾ രക്ഷിതാക്കൾ പറഞ്ഞത് അവർക്ക് കൂടി ഒരു ക്ലാസ് വേണമെന്നാണ് . പലർക്കും കൃത്യമായ ഘടന മനസ്സിലായത് അപ്പോഴാണ്.

സംയുക്ത ഡയറി* 

സംയുക്ത ഡയറി പരിചയപ്പെടുത്തിയപ്പോൾ അറിയുന്ന അക്ഷരം വെച്ച് നാളെ തന്നെ മക്കൾ എഴുതി തുടങ്ങട്ടെ എന്ന് രക്ഷിതാക്കൾ പറഞ്ഞു. ജൂലൈ 8 മുതൽ കുട്ടികൾ സംയുക്ത ഡയറി എഴുതി തുടങ്ങി.

കുഞ്ഞുങ്ങൾക്ക് സന്തോഷം* 

രക്ഷിതാക്കൾക്ക് സംതൃപ്തി* 

ഒന്നാം യൂണിറ്റ് കുഞ്ഞുങ്ങൾ ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പൂർത്തിയാക്കി ....

രക്ഷിതാക്കളും തൃപ്തരാണ്.

ഇനിയുള്ള യൂണിറ്റുകളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും സംതൃപ്തിയും ഒന്നാം യൂണിറ്റ് നൽകി.

മൂലാട് എ എം എൽ പി സ്കൂൾ

കോഴിക്കോട് ജില്ല

6

ഒന്നാം പാഠം വളരെ അധികം ആകർഷകം ആയിരുന്നു. 

കുട്ടികൾക്ക് ക്ലാസ്സിനോടും രക്ഷിതാക്കൾക്ക് സ്കൂളിനോടും താല്പര്യം തോന്നിയ ദിവസങ്ങൾ.

ഒന്നാംക്ലാസ്സിലെ ടീച്ചർ കുട്ടികൾക്ക് വേണ്ടി ധാരാളം പഠനാനുഭവങ്ങൾ ഒരുക്കി.

മക്കളെ CBSE സ്കൂളിൽ ചേർത്ത രക്ഷിതാക്കൾ എന്നോട് ഒന്നാംക്ലാസ് പ്രവർത്തനങ്ങൾ അടങ്ങിയ വീഡിയോ പങ്കിടാൻ വരെ ആവശ്യപ്പെട്ടു പ്രവർത്തങ്ങൾ നമ്മുടേത് സൂപ്പർ. കുട്ടികൾ പാഠഭാഗത്ത് എത്തുമ്പോൾ ആശയം പെട്ടെന്ന് ഗ്രഹിക്കുന്നു. അക്ഷരങ്ങൾ പൂർണമായി തിരിച്ചറിയുന്നു. പാഠഭാഗം കുട്ടികൾക്ക് ആദ്യത്തെ രണ്ടു പേജ് പെട്ടെന്ന് വായിക്കാൻ അക്ഷരങ്ങൾ തൊട്ടുവായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ചിഹ്നങ്ങൾ ഒന്നുകൂടെ വ്യക്തത കിട്ടാൻ ഉണ്ട്. അതിനു വേണ്ട പ്രവർത്തനങ്ങളാണ് ഇനി ക്ലാസ് തലത്തിൽ ചെയ്യുന്നത്. വായനകാർഡ് അത് ഒരു പരിധി വരെ പരിഹരിക്കും എന്ന് പ്രതീക്ഷ 

അശ്വനി 

ചേന്ദമംഗലം എൽ പി സ്കൂൾ, വടകര, കോഴിക്കോട്

7

രക്ഷിതാക്കൾക്ക്‌ ഒന്നാം ക്ലാസ് പഠനത്തെക്കുറിച്ച്  നല്ല അഭിപ്രായം

ഒന്നാം യൂണിറ്റ് തുടങ്ങുമ്പോൾവർക്ക് ബുക്ക് ഇല്ലാത്തതിനാൽ ഒട്ടേറെ ആശങ്കകൾ ഉണ്ടായിരുന്നു. എങ്കിലും ഫോട്ടോസ്റ്റാറ്റുകൾ ഉപയോഗിച്ച് ആദ്യഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. തൂവലുകൾ കിട്ടാനായിരുന്നു കുറച്ച് ബുദ്ധിമുട്ടിയത്.  പരീക്ഷണവും മുട്ടയിൽ ചിത്രപ്പണിയും കുട്ടികൾ വളരെ ആവേശത്തോടുകൂടിയാണ് ചെയ്തത്. അക്ഷരങ്ങൾ ഉറപ്പിക്കാൻ വായന കാർഡുകൾ കുട്ടികൾക്ക് വളരെ പ്രയോജനപ്പെടുന്നുണ്ട്. 2 പേർക്ക്‌ ആലേഖനക്രമവും വായനയും പ്രയാസം ഉണ്ട്. എങ്കിലും ഒന്നാം യൂണിറ്റ് പൂർത്തിയാകുമ്പോൾ രക്ഷിതാക്കൾക്ക്‌ ഒന്നാം ക്ലാസ് പഠനത്തെക്കുറിച്ച്  നല്ല അഭിപ്രായമാണ് പറയാനുള്ളത്.

വിജുഷ

GFLPS KURIYADI, VATAKARA, KOZHIKODE

8

ഒന്നാം ക്ലാസ്സ്‌ കാർക്ക് പുതുമ നിറഞ്ഞ വർഷം 

മാറിയ ടെക്സ്റ്റ്‌ പുസ്തകങ്ങൾ, വർക്ക്‌ ബുക്ക്‌..

പ്രവർത്തനങ്ങളിലും പുതുമ നിറച്ചു കൊണ്ടാണ് ഒന്നാം ക്ലാസ് തുടക്കം കുറിച്ചത്..

എന്റെ ക്ലാസ്സിൽ 17കുട്ടികൾ.

ആകാംക്ഷയും തിടുക്കവും കുറച്ച് കൂടുതലുള്ളമക്കൾ..

  • 15 കുട്ടികൾ ഒന്നാം യൂണിറ്റിൽ കൊടുക്കുന്ന പ്രതിദിനവായന സ്വതന്ത്ര വായന പാഠങ്ങൾ സ്വന്തമായി വായിക്കുകയും കഥകൾ പറഞ്ഞുതുടങ്ങുകയും ചെയ്തു..

  • അക്ഷരതിരിച്ചറിഞ്ഞു വായിച്ചു തുടങ്ങിയത് രക്ഷിതാക്കളിൽ പ്രതീക്ഷയും സന്തോഷവും

  • നിറച്ചിരിക്കുന്നു..

  • പരിചിതമായ പാട്ടുകൾ താളത്തോടെ ചൊല്ലി അവതരിപ്പിക്കുന്നു

  • കേട്ടകഥകൾ ആശയം ചോർന്നു പോകാതെ ക്ലാസ്സിൽ അവതരിപ്പിക്കുന്നു.

  • പക്ഷികളുടെ ശബ്ദം അനുകരിക്കുന്നു..

  • നാട്ടുപക്ഷികളെ തിരിച്ചറിഞ്ഞു..

  • പ്രകൃതി നിരീക്ഷണം നടത്തി

  • ദൃശ്യാവിഷ്കരണം 

  • പരിസര പഠനത്തിലെ പ്രക്രിയശേഷികളായ നിരീക്ഷണം, തരംതിരിക്കൽ,താരതമ്യം ചെയ്യൽ,

  • ഇവ കൂടാതെമുട്ട കൊണ്ടുള്ള പരീക്ഷണം നടത്തി നിരീക്ഷണത്തിൽ ഏർപ്പെടുകയും നിഗമനത്തിൽ എത്തിച്ചേർന്നു..

  • കുട്ടികൾ ക്ക് പക്ഷി നിരീക്ഷണ താൽപര്യം വർദ്ധിച്ചു.. പക്ഷികളെ സ്നേഹിക്കുന്നതിനുള്ള മനോഭാവം വളർത്തിയെടുക്കാൻ സാധിച്ചു..

  • അന്വേഷിച്ചു കണ്ടെത്താനുള്ള കഴിവ്

  • പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികൾ ധാരാളം കളികളിൽ ഏർപ്പെട്ടു..

  • ഒന്നാം യൂണിറ്റിൽ കുട്ടി കടന്നുപോയ ഓരോ പ്രവർത്തനത്തിലൂടെയും 

  • സ്വയം പഠനത്തിൽ ഏർപ്പെടുന്നതിനുള്ള അവസരങ്ങൾ ഉണ്ടാവുകയും

  • മാനസികമായും ശാരീരികമായും സന്തോഷിച്ചു കൊണ്ടാണ് കുട്ടികൾ ഓരോ പ്രവർത്തനത്തിലൂgടെയും കടന്നുപോയത്..  

ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോഴേക്കും ഒട്ടേറെ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടായി...   

അശ്വതി കെ എ സ്‌ 

ജി എ ൽ പി എസ് 

ജി എ ച്ച് എ സ്‌ 

കൊടുങ്ങല്ലൂർ

9

പ്രത്യേകപരിഗണനക്കാര്‍ക്കും ഇടമുള്ള പുസ്തകം

ഒന്നാം ക്ലാസിൽ ഒന്നാമത്തെ യൂണിറ്റ് വളരെ ആത്മവിശ്വാസത്തോടെ വിനിമയം ചെയ്യാൻ സാധിച്ചു. എന്റെ ക്ലാസിൽ 23 കുട്ടികളാണ്. അതിൽ മൂന്നുപേർ  പ്രത്യേക പരിഗണന അർഹിക്കുന്നവർ. ക്ലാസ്സിൽ 17 കുട്ടികൾ  ഒന്നാമത്തെ യൂണിറ്റിലെ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് വായിക്കുന്നു. പ്രതിദിന വായന പാഠങ്ങൾ  അതിന് ഏറെ സഹായകമായി.

പാഠപുസ്തകത്തിലെ ഉള്ളടക്കം സംബന്ധിച്ച് രക്ഷിതാക്കൾക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒരു സിമുലേഷൻ ക്ലാസ്സിലൂടെ ആശയാവതരണ രീതിയുടെ സാധ്യതകൾ,  പ്രക്രിയ രക്ഷിതാക്കളിൽ എത്തിക്കാൻ സാധിച്ചു. മികച്ച പിന്തുണയാണ് അവരിൽ നിന്നും ലഭിച്ചത്.  ശില്പശാലയിൽ രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായി. പ്രതിദിന വായനപാഠങ്ങൾ രക്ഷിതാക്കൾ കുഞ്ഞുങ്ങളെ കൊണ്ട് ബുക്കിൽ എഴുതിപ്പിക്കുകയും, താളാത്മകമായും ഭാവാത്മകമായും കുഞ്ഞുങ്ങൾ വായന പങ്കിടുന്നത്  ഒത്തിരി സന്തോഷത്തോടെയാണ് അധ്യാപിക എന്ന നിലയിൽ നോക്കിക്കാണുന്നത്. ലഘുപരീക്ഷണങ്ങളും മക്കൾക്ക് ഏറെ ആസ്വാദ്യകരമായി. കലാ വിദ്യാഭ്യാസത്തിന്  കൂടുതൽ ഊന്നൽ നൽകിയപ്പോൾ എന്റെ ക്ലാസ്സിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഓട്ടിസം ബാധിതയായ മോൾ പോലും കുട്ടികളോടൊപ്പം  പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു. ഇപ്പോൾ രാവിലെ കുഞ്ഞ് സ്കൂളിൽ പോകാനാണ് ബഹളം കൂട്ടുന്നത് എന്ന്  മോളുടെ രക്ഷിതാവ് പറഞ്ഞപ്പോൾ ഏറെ സന്തോഷം. പാട്ടും നൃത്തവും ഒത്തിരി ഇഷ്ടപ്പെടുന്ന അവള്‍ക്ക് ഈ വർഷം ഒന്നാം ക്ലാസ്  പാഠപുസ്തകത്തിൽ നൽകാൻ ഒത്തിരി വിഭവങ്ങൾ ഉണ്ടായി.

കഴിഞ്ഞ എസ് ആർ ജിയിൽ  CWSN കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ തികച്ചും ആശങ്കയുണ്ടായിരുന്നു. പക്ഷേ ഈ വർഷത്തെ പാഠ്യപദ്ധതി ഈ മക്കളെ കൂടി  പഠന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ കൂടുതൽ സാധ്യതകൾ നൽകുന്നു

ഗായത്രി

ഗവൺമെന്റ് ന്യൂ എൽപിഎസ്,പുറക്കാട്.

അമ്പലപ്പുഴ, Alappuzha


10

ക്ലാസ് റൂം പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടപ്പോൾ ഒന്നാം ക്ലാസ് ഒന്നാന്തരം ആണെന്നും രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു.

പാഠപുസ്തകം മാറിയതിൻ്റ ആശങ്കയിൽ ആയിരുന്നു ഈ വർഷം ഒന്നാം ക്ലാസ് തുടങ്ങിയത്.തുടക്കത്തിൽ തന്നെ ക്ലാസ് പിടിഎ വിളിച്ച് ചേർത്ത് സന്നദ്ധത പ്രവർത്തനങ്ങളെ പറ്റിയും അവധിക്കാല പരിശീലനത്തിൽ കിട്ടിയ അറിവുകളും രക്ഷിതാക്കളുമായി പങ്കുവെച്ചിരുന്നു.

സന്നദ്ധത പ്രവർത്തനങ്ങൾ എല്ലാം തന്നെ കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തിട്ടുണ്ട്. 

ചിത്രങ്ങൾ വെട്ടലും ഒട്ടിക്കലും നിറം കൊടുക്കലും കുട്ടികൾവളരെ താല്പര്യത്തോടെ ഏറ്റെടുത്തു. ദൃശ്യാവിഷ്കാരവും പരീക്ഷണങ്ങളുംഒക്കെ വേറിട്ട പ്രവർത്തനങ്ങൾ ആയി മാറി. 

ക്ലാസ് റൂം പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെട്ടപ്പോൾ ഓരോ കുട്ടിയും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ടെന്നും വേറിട്ട പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ നടക്കുന്നുണ്ടെന്നും ഒന്നാം ക്ലാസ് ഒന്നാന്തരം ആണെന്നും രക്ഷിതാക്കൾക്ക് ബോധ്യപ്പെട്ടു.

പാഠഭാഗങ്ങളിലൂടെ കടന്നു പോകുമ്പോൾ എല്ലാ കുട്ടികൾക്കും ആശയ രൂപീകരണം നടന്നിട്ടുണ്ട്.പദങ്ങൾ തിരിച്ചറിയാനും വാക്യങ്ങൾ കണ്ടെത്തി വായിക്കാനും വാക്ക് അകലം പാലിച്ച എഴുതാനും പഠിച്ച അക്ഷരങ്ങൾ ഉപയോഗിച്ച് പരിചയമുള്ള പദങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ചിഹ്നങ്ങൾ പൂർണ്ണമായി ഉറച്ചിട്ടില്ല. വ്യത്യസ്തമായ വായനക്കാർഡുകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തത് ക്ലാസ് മുറികളിൽ വായനക്കായി കൂടുതൽ മെറ്റീരിയലുകൾ പരിചയപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

പാഠഭാഗത്തെപ്പറ്റി മുൻധാരണകൾ ഇല്ലാത്തതു കൊണ്ട് തന്നെ (പുതിയ പുസ്തകം ആയതുകൊണ്ട്) ഒന്നാം ക്ലാസിലെ ടീച്ചറായ ഞാനും കുട്ടികളോടൊപ്പം പുതിയ പ്രവർത്തനങ്ങളെ കൗതുകത്തോടെ സമീപിക്കുകയാണ്

ബിന്ദു.കെ. പി

എസ്.പി.എച്ച്.വിലാസം.ജെ.ബി. സ്കൂൾ വടകര കോഴിക്കോട്

11

പ്രീ പ്രൈമറിയിൽ പോലും മലയാളം പഠിക്കാതെ വന്ന കുട്ടികൾ  എഴുതുകയും വാക്യങ്ങൾ വായിക്കുകയും ചെയ്യുന്നു

പ്രീ പ്രൈമറിയിൽ പോലും മലയാളം പഠിക്കാതെ വന്ന കുട്ടികൾ മലയാള അക്ഷരങ്ങൾ എഴുതുകയും പദങ്ങൾ വാക്യങ്ങൾ വായിക്കുകയും ചെയ്യുന്നുണ്ട് വായനകാർഡുകൾ നന്നായി വായിക്കുന്നുണ്ട് അതിൽ നിന്നു മറ്റു മാധ്യമങ്ങളിൽ നിന്നും അവർ പഠിച്ച അക്ഷരങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നുമുണ്ട്. പക്ഷെ ഒരു കുട്ടി മറ്റു കുട്ടികളെക്കാൾ അക്ഷരവടിവോടെയും വളരെ വേഗത്തിലും എഴുതുന്നുണ്ടെങ്കിലും ആ കുട്ടിക്ക് അക്ഷരം തിരിച്ചറിയാൻ കഴിയുന്നില്ല അവൻ്റെ പേര് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിത്തരും പക്ഷെ മലയാളത്തിലെഴുതുന്ന പേരിലെ അക്ഷരങ്ങൾ പോലും അവന് തിരിച്ചറിയാൻ പ്രയാസമുണ്ട്. ഇങ്ങനെയുള്ള കുട്ടികളെ  മറ്റു കുട്ടികളോടൊപ്പം എത്തിക്കാൻ നമ്മൾ  എന്താണ് ചെയ്യേണ്ടത്  

രശ്മി 

വടകര വെസ്റ്റ് ജെ.ബി സ്കൂൾ 

കോഴിക്കോട്ട്

12

പിന്തുണനടത്തവും പിന്തുണബുക്കും ഏറെ പ്രയോജനം ചെയ്തു 

ഒന്നാം പാഠഭാഗം കഴിഞ്ഞു. തികച്ചും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് ഒന്നാം പാഠഭാഗം കടന്നു പോയത്. ഊന്നൽ നൽകുന്ന അക്ഷരങ്ങൾക്ക് തെളിവെടുത്ത് എഴുതാനും വായിക്കാനും  ഒരുപാട് സാധ്യതകൾ ഉള്ള പ്രവർത്തനങ്ങൾ.... പരീക്ഷണങ്ങളിൽ ഏർപ്പെട്ടും നിർമ്മാണത്തിനും കലാകായിക പ്രവർത്തനത്തിനും  ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠപുസ്തകങ്ങൾ....

ഊന്നൽ നൽകുന്ന അക്ഷരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചുള്ള പാഠപുസ്തകം ആയതുകൊണ്ട് എളുപ്പത്തിൽ വായിക്കാനും എഴുതാനും കുട്ടികൾക്ക് കഴിയുന്നു. പിന്തുണ നടത്തവും പിന്തുണ ബുക്കും  എന്റെ ക്ലാസിലെ കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു. പ്രീ പ്രൈമറി കഴിഞ്ഞു വന്ന കുട്ടികളാണെങ്കിലും  കൃത്യമായ രീതിയിലല്ല അവർ എഴുതുന്നത് എന്നത് പിന്തുണ നടത്തത്തിലൂടെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.  ബോർഡിൽ ഉള്ള കട്ടി എഴുത്ത് കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്തു. ഒന്നാം പാഠത്തിൽ ഉള്ള ചിഹ്നങ്ങൾ മുഴുവൻ കുട്ടികളിലേക്കും പൂർണ്ണമായി എത്തിയിട്ടില്ല. പ്രതിദിന വായനക്കാർഡുകൾ നൽകിവരുന്നു. അത് കുട്ടികൾക്ക് സ്വയം വായിക്കാനും എഴുതാനുംതാല്പര്യമുണ്ട്.  ഈ വായനാകാർഡുകൾ നൽകുന്നതോടുകൂടി ചിഹ്നങ്ങൾക്ക് പ്രയാസം നേരിടുന്ന കുട്ടികൾ ആ പ്രശ്നത്തെ മറികടക്കാൻ കഴിയും എന്ന പൂർണ്ണ വിശ്വാസമുണ്ട്.. എന്തായാലും ഒരു മാസത്തെ റിസൽട്ട് രക്ഷിതാക്കളിൽ നല്ല മതിപ്പ് ഉണ്ടാക്കിയെന്നതിൽ സംശയമില്ല... 

രാഗി

മയ്യന്നൂർ എൽ പി

തോടന്നൂർ സബ് ജില്ല

കോഴിക്കോട്

13

ഒന്നാം ക്ലാസിലെ  120 കുട്ടികളെ വിലയിരുത്തിയപ്പോൾ

ഒന്നാന്തരം......സർഗാത്മക വിലയിരുത്തലിലൂടെ...

ഒന്നാം യൂണിറ്റ് തീർന്നപ്പോൾ ക്ലാസ്സിനെ പൂക്കളുടെയും പറവകളുടെയും സ്വാഭാവിക അന്തരീക്ഷത്തിലൂടെ കൊണ്ടുപോയി.

അവർക്ക് ഇഷ്ടമുള്ള നാലോ അഞ്ചോ പൂക്കൾ വരച്ചു.

പൂക്കൾക്ക് അവർക്ക് ഇഷ്ടമുള്ള നിറമാണ് നൽകിയത്.

പറന്നുപോകുന്ന പറവകൾക്ക് നിറമില്ലാതെയാണ് പോകുന്നതെന്ന് കണ്ടപ്പോൾ പൂക്കൾക്കും കുട്ടികൾക്കും വിഷമമായി.

പല നിറത്തിലുള്ള പൂക്കളെ കണ്ടപ്പോൾ പറവകൾ എന്തായിരിക്കും ചോദിച്ചത് ?

കുട്ടികൾ വളരെ വേഗം ഉറക്കെ വിളിച്ചുപറഞ്ഞു നിറം താ.....നിറം താ ...യെന്ന്.

അത് പറഞ്ഞുകൊണ്ട് തന്നെ പറന്നു പോകുന്ന പറവകളുടെ നേരെതന്നെ യാണ് കുട്ടികൾ എഴുതിയത്

-നിറമില്ലാത്ത പറവകളെ കണ്ട് വിഷമിച്ച പൂക്കൾ എങ്ങനെയാണ് പറവകളെ വിളിച്ചത് ?പൂക്കളെപ്പോലെ വിഷമിച്ചിരുന്ന കുട്ടികളും 

വാ...വാ.... വാ ...വാ

ഉറക്കെ പറയുകയും കൂടുതൽ കുട്ടികളും പൂവിൻറെ അടുത്ത് വാ വാ എന്ന് എഴുതുകയും ചെയ്തു 

  • ലേഖനത്തിലേക്ക് വന്നപ്പോൾഓരോ ക്ലാസിലും സഹായം ആവശ്യമുള്ളവർ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നു

അവർക്ക് തെളിവുകൾ നൽകിയപ്പോൾ പരിഹരിക്കാനും കഴിഞ്ഞു

കുട്ടികൾ വിലയിരുത്തുമോ?

  • സർഗാത്മക വിലയിരുത്തലിന്റെ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾഅവർ എഴുതിയത് ശരിയാണെന്ന് തിരിച്ചറിഞ്ഞ് ടിക്ക് നൽകിയപ്പോൾഞങ്ങൾ എഴുതിയ വാക്കുകളും അക്ഷരങ്ങളും ശരിയാണെന്ന് ഉറപ്പിച്ചു പറയുന്ന ഒന്നാം ക്ലാസിലെ കുട്ടികളുടെ ആത്മവിശ്വാസം നേരിൽ കാണാൻ കഴിഞ്ഞു

നേരനുഭവങ്ങൾ

  • സ്വാഭാവികമായ അന്തരീക്ഷം ഒരു കഥയിലൂടെ കൊണ്ടുപോയപ്പോൾ കുട്ടികളിൽ ആ സന്ദർഭത്തിനനുസരിച്ച് വരയ്ക്കുകയും നിറം നൽകുകയും ചെയ്തത് വളരെ ആവേശത്തോടുകൂടിയായിരുന്നു.

  • നിറമില്ലാത്ത പറവകളെ കണ്ടപ്പോൾ പല നിറത്തിലുള്ള പറവകളെ ഇഷ്ടപ്പെടുന്ന കുഞ്ഞുമക്കൾക്ക് സങ്കടമായി. 'നിറമുള്ള പൂക്കൾ നിങ്ങളാണെങ്കിൽ എന്നു ചോദിച്ചപ്പോൾ തന്നെ വാ......വാ...... എന്നു പറഞ്ഞതും എഴുതിയതും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു.

  • കുട്ടികളുടെ സ്വയം വിലയിരുത്തൽ''- ആത്മവിശ്വാസം വ ളർത്തുന്നതും സ്വയം തിരിച്ചറിഞ്ഞ് എനിക്ക് എവിടെയാണ് തിരുത്തൽ വേണ്ടതെന്ന് തിരിച്ചറിയുന്നു.

  • ഓരോ ക്ലാസിലും ലേഖനത്തിൽ സഹായമാവശ്യമുള്ളവർ - തെളിവ് നൽകേണ്ടി വന്നത് -പനിയും മറ്റു കാരണങ്ങളാൽ കൂടുതൽ ദിവസവും ഹാജരാകാതിരുന്ന കുട്ടികൾക്കാണ്

  • കുട്ടികൾ കൂടുതൽ ഉള്ള ക്ലാസ്സിൽ പ്രവർത്തനം പൂർത്തിയാക്കാൻ നിശ്ചിത സമയത്തിൽ നിന്നും 10 മിനിറ്റ് കൂടി അധികം വേണ്ടി വന്നു

  • സർഗ്ഗാത്മക വിലയിരുത്തൽ സർഗ്ഗാത്മകമാക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ്

ടീം ഒന്നാം തരം

എസ്.ഡി. വി. ഗവ: യു പി സ്കൂൾ 

നീർക്കുന്നം 'അമ്പലപ്പുഴ, 

ആലപ്പുഴ - 

14

കുട്ടികൾ ക്ലാസ്സിൽ വരാൻ മടി കാണിക്കുന്നില്ല

പാഠപ്പുസ്തകം മാറിയ സാഹചര്യത്തിൽ ആശങ്കയോടെയാണ് പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സിൽ പ്രവേശിച്ചത്. ആദ്യ ദിവസങ്ങളിൽ സന്നദ്ധതപ്രവർത്തനങ്ങളിൽ കുട്ടികൾ നന്നായി തന്നെ എല്ലാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒന്നാം ക്ലാസിലെ പാഠഭാഗങ്ങളിൽ കടന്നപ്പോൾ കുട്ടികൾ നല്ല ഉത്സാഹത്തോടെയും താത്പര്യത്തോടെയും എല്ലാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. നിരീക്ഷണം, പരീക്ഷണം, ചിത്രീകരിക്കൽ, കഥാവേള, പട്ടാരങ്ങു, തുടങ്ങിയ പ്രവർത്തങ്ങൾ കുട്ടികളെ അവരറിയാതെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുത്താൻ കഴിയുന്നു. ഒന്നാം ക്ലാസ്സിലെ രക്ഷിതാക്കളും Happy ആണ് CPTA യിൽ അവർ അത് പ്രകടമാക്കി. കുട്ടികൾ ക്ലാസ്സിൽ വരാൻ മടി കാണിക്കുന്നില്ല എന്നും പറയുകയുണ്ടായി. പാഠഭാഗം കുട്ടികൾക്ക് ഇണങ്ങുന്ന തരത്തിൽ ആയതിനാൽ അവർ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു വായിക്കാൻ ശ്രമിക്കുന്നു. ചിഹ്നങ്ങൾ  തിരിച്ചറിഞ്ഞു വരുന്നു.

ബിന്യ. കപ്പ്

മുട്ടുങ്ങൽ. Lp

Kozhikode, vadakara

15

പ്രവർത്തനപുസ്തകങ്ങൾ എത്താൻ വൈകിയത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു

ഈ വർഷം മാറി വന്ന പുതിയ പാഠപുസ്തകത്തിൻ്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും അവധിക്കാല  അധ്യാപക പരിശീലനം അതിൻ്റെ ആക്കം കുറച്ചു. രക്ഷിതാക്കളെ ജൂൺ ആദ്യവാരത്തിലെ മീറ്റിംങ്ങിലൂടെ പുതിയ പാഠ പുസ്തകങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും  ബോധവാൻമാരാക്കി. പറവകൾ പാറി എന്ന ഒന്നാം പാഠം അതിലെ ഓരോ പ്രവർത്തനങ്ങളും കുട്ടികളെയും രക്ഷിതാക്കളയും ഏറെ ആകർഷിച്ചു. ആശയങ്ങൾ മനസ്സിലാക്കാനും അക്ഷരങ്ങൾ പഠിക്കാനും കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രവർത്തന പുസ്തകങ്ങൾ ലളിതവും രസകരവുമാണ്. കുട്ടികൾക്ക് ചെയ്യാൻ നല്ല താൽപര്യമുണ്ട്. പ്രവർത്തനപുസ്തകങ്ങൾ എത്താൻ വൈകിയത് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ആദ്യഘട്ടത്തിൽ പ്രിൻ്റ് എടുത്ത് ചെയ്ത പ്രവർത്തനങ്ങൾ പുസ്തകം കിട്ടിയപ്പോൾ കുട്ടികൾക്ക് തനിയെ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആൽബം (പറവകൾ) തൂവൽ ശേഖരണം, പരീക്ഷണം , ചിത്രീകരണം, മുട്ടയിൽ ചിത്രപ്പണികൾ അങ്ങനെയുള്ള കുറേ പ്രവർത്തനങ്ങൾ ചെയ്യാനും  അവ രക്ഷിതാക്കളിലും സമൂഹത്തിലുമെത്തിക്കാൻ സാധിച്ചിട്ടുണ്ട്. വായന കാർഡുകൾ ഉപയോഗിച്ച് കുട്ടികളെ വായനാ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. 20 കുട്ടികളുള്ള ക്ലാസ് മുറിയിൽ 3 കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ പ്രയാസകരമായിരുന്നു.  ഓരോ പാഠഭാഗവും ഓരോ പ്രവർത്തനവും കുട്ടികളിലും അവരുടെ അദ്ധ്യാപികയായ എന്നിലും ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ സാധിച്ചിട്ടുണ്ട് എന്ന വിശ്വാസവും അതോടൊപ്പം  കുട്ടികളിൽ ഓരോ പ്രവർത്തനങ്ങളും വളരെ മികവാർന്ന രീതിയിൽ എത്തിക്കാൻ സാധിച്ചു എന്ന വിശ്വാസത്തോടെ

ജംഷിദ ടീച്ചർ

വൈക്കിലശ്ശേരി എം എൽ പി സ്കൂൾ -

കോഴിക്കോട് ജില്ല

16

കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം പാഠഭാഗം ഗ്രാഫിക്ക് വായനയിലൂടെയാണ് കുട്ടികൾ ഭൂരിഭാഗം പേരും വായിച്ചിരുന്നത്

പാഠപുസ്തകത്തിൻ്റെ മാറ്റം, പ്രവർത്തന പുസ്തകങ്ങൾ എത്താത്തതിൻ്റെ ഒരു ടെൻഷൻ തുടങ്ങിയ ആശങ്കകളോടെയാണ് പുതിയ അധ്യയനവർഷം തുടങ്ങിയത് .ക്ലാസ് പി.ടിഎവിളിച്ച്, ശില്പശാല നടത്തി പുതിയ പുസ്തകവും ആശയാവതരണ രീതിയുമൊക്കെ രക്ഷിതാക്കളെ പരിചയപ്പെടുത്തിയാണ് അധ്യയനത്തിന് തുടക്കം കുറിച്ചത്. എങ്കിലും പത്ത് പതിമൂന്ന് വർഷത്തോളം പഠിപ്പിച്ച പാഠഭാഗങ്ങൾ മാറുന്നത്  പുതിയ മക്കൾക്ക് സ്വായത്തമാക്കാൻ കഴിയുമോ കൃത്യമായി വിനിമയം ചെയ്യാൻ കഴിയുമോ ഇങ്ങനെ വ്യാകുലതകൾ ഏറെയായിരുന്നു. ഒന്നാം പാഠഭാഗം കഴിഞ്ഞപ്പോഴേക്കും സത്യം പറയാം എൻ്റെ മക്കൾ എല്ലാവരും ഒന്നാം പാഠഭാഗം ലക്ഷ്യം വയ്ക്കുന്ന അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും എഴുതാനും വായിക്കാനും കഴിവുള്ളവരായി മാറി എന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നി. സാധാരണ കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം പാഠഭാഗം ഗ്രാഫിക്ക് വായനയിലൂടെയാണ് കുട്ടികൾ ഭൂരിഭാഗം പേരും വായിച്ചിരുന്നത്. 

  • എന്നാൽ ഈ വർഷം അക്ഷരങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ വായിക്കാൻ കുട്ടികൾക്ക് സാധിച്ചു എന്നതിൽ അഭിമാനം തോന്നി. 

  • കലാ വിദ്യാഭ്യാസത്തിനും സൗന്ദര്യാത്മക സർഗ്ഗാത്മക വികാസത്തിനും ആരോഗ്യ കായിക ചാലകവികാസങ്ങൾക്കും പ്രാധാന്യം നൽകിയുള്ള നമ്മളുടെ മൊഡ്യൂൾ കുട്ടികൾക്ക് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ  വളരെ താൽപര്യവും സന്തോഷവും നൽകുന്നതായിരുന്നു. 

  • 'ചിഹ്നങ്ങൾ' ചെറിയ പ്രയാസമായി ഒന്നുരണ്ട് പേർക്ക് അനുഭവപ്പെട്ടിരുന്നു. എങ്കിലും ഒന്നാം പാഠത്തിൽ  സ്വായത്തമാക്കിയ അക്ഷരങ്ങൾ പുതിയ സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ അവർക്ക് കഴിയുന്നുണ്ട് എന്നുള്ളതും മൊഡ്യൂൾ പ്രവർത്തനങ്ങളുടെ മികവുതന്നെയാണ്. 

  • എഴുത്തിലും വായനയിലും പ്രകിയാഘട്ടങ്ങൾ പാലിച്ചു നമ്മൾ പാഠഭാഗങ്ങൾ കുട്ടികൾക്ക് നൽകിയാൽ പാഠത്തിൽ സ്വായത്തമാക്കേണ്ട എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും പദങ്ങളും വാക്യങ്ങളും കുട്ടികൾക്ക് ലഭിക്കും എന്ന് ഒന്നാം പാഠം കഴിഞ്ഞത്തോടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. 

  • രക്ഷിതാക്കൾക്കും സന്തോഷം തന്നെ. എഴുതാനും വായിക്കാനും അവർക്ക് കഴിയുന്നുണ്ട്,

  • മലയാളം ഇഷ്ടമാണ് ,ചെയ്യുന്ന പ്രവർത്തനങ്ങൾ ഞങ്ങളോട് വന്നു പറയും ,കഥയരങ്ങിൻ്റെ കഥ വായിച്ചു കൊടുക്കാൻ ഇപ്പോൾ ഇങ്ങോട്ട് പറയാന്‍ തുടങ്ങി നല്ല മാറ്റങ്ങൾ കുട്ടികൾക്കുണ്ടെന്ന് രക്ഷിതാക്കളും പങ്കുവെയ്ക്കുന്നു. 

  • ക്ലാസിൽ നടക്കുന്ന വേറിട്ട പ്രവർത്തനളുടെ വീഡിയോകളുടെ ഷെയറിംഗ് ,പ്രതിദിന വായനാ പാഠങ്ങൾ' നൽകൽ ,ഇവയിലൂടെ ക്ലാസിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് രക്ഷിതാക്കൾക്ക് ബോധ്യം വന്നിട്ടുണ്ട്.

ശ്രീഷ. പി

ചീനം വീട് നോർത്ത് ജെ ബി

വടകര

17

പഠിക്കുകയാണ് എന്നറിയാതെ അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്.

'പറവകൾ പാറി' നമ്മുടെ ഒന്നാം പാഠം, ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ പതിവിലും വ്യത്യസ്തമായി പഠനഭാരമില്ലാതേ പറന്നുനടക്കുകയാണ്. അവർ പഠിക്കുകയാണ് എന്നറിയാതെ അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. കേവലം അക്ഷരപഠനത്തിനപ്പുറം പഠനത്തിന്റെ തലങ്ങൾ വിശാലമാണ് എന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കു

ബവിത മീത്തലെവീട്ടിൽ.

GLPS muttungal 

ചോമ്പാല സബ്ജില്ല.

18

പുതുപുത്തൻ ആശയങ്ങളോടുകൂടി  ആരംഭിച്ച അധ്യയന വർഷം. അവധിക്കാല പരിശീലനത്തിൽ ലഭിച്ച ആശയങ്ങൾ വെച്ച്  അവ കുട്ടികളിലും രക്ഷിതാക്കളിലും എങ്ങിനെയെത്തിക്കും എന്ന ആശങ്കയോടെയാണ് പാഠം  തുടങ്ങിയത്. പക്ഷേ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്വാഭാവിക സന്ദർഭങ്ങൾ സൃഷ്ടിച്ചത് കൊണ്ട് എല്ലാ കുട്ടികളും രക്ഷിതാക്കളും പഠന പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ ഏറ്റെടുത്തു. മുഴുവൻ കുട്ടികളിലും പഠന ലക്ഷ്യങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. പ്രവർത്തനങ്ങളിലൂടെ ലഭിച്ച പ്രതീക്ഷിത ഉൽപ്പന്നങ്ങൾ സമൂഹത്തിനുമുന്നിൽ എത്തിക്കാനും കഴിഞ്ഞു. 

  • മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി  ഊന്നൽ നൽകുന്ന അക്ഷരങ്ങൾ വെച്ച് പാഠത്തിന്റെ പേര് നൽകിയത്( പറവകൾ പാറി ) പ്രശംസനീയമാണ്. 

  • പാഠത്തിന്റെ  പേര്  നാലാം ദിവസം പ്രവർത്തനത്തിലൂടെ  വായിക്കാൻ കഴിഞ്ഞു.

  • ചിഹ്നം ചേർത്ത അക്ഷരം വരാത്ത രീതിയിലുള്ള വാക്കുകൾ ആദ്യം കൊടുത്തതും ചിഹ്നങ്ങൾ വരുമ്പോൾ വരുന്ന ശബ്ദ വ്യത്യാസം മനസ്സിലാക്കാൻ പെട്ടെന്ന് കഴിഞ്ഞു. 

  • പട പട പട പാറി കുഞ്ഞ എഴുത്തിൽ എഴുതിയപ്പോൾ സ്വയം തിരിച്ചറിഞ്ഞ് എഴുതാൻ കഴിഞ്ഞു. പ്രതിദിന വായനാ പാഠങ്ങൾ  ഊന്നൽ നൽകുന്ന അക്ഷരങ്ങൾ ഉറപ്പിക്കാൻ സഹായകമായി.

എന്റെ ക്ലാസ്സിൽ  25 കുട്ടികളാണ് ഉള്ളത്. അതിൽ 23 പേർക്ക് തെറ്റ കൂടാതെ വാക്കുകൾ വായിക്കാൻ കഴിയുന്നുണ്ട്. രണ്ടുപേർ അക്ഷരങ്ങൾ തിരിച്ചറിയുന്നുണ്ട്.  അക്ഷരങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും എഴുതാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. കുറച്ച് പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളാണ്.

കുട്ടികൾക്ക് എല്ലാവരും ഒന്നാണെന്നുള്ള സന്ദേശവും  കൊടുക്കാൻ കഴിഞ്ഞു.

പരിമിതികൾ

  • നിർമ്മാണം, അഭിനയം, ചിത്രം വര  തുടങ്ങിയ പ്രവർത്തനങ്ങൾ കുറച്ചധികം ആയതിനാൽ 9 ദിവസം കൊണ്ട്പാഠം ആശയവിനിമം ചെയ്യാൻ കഴിഞ്ഞില്ല.

  • കുഞ്ഞ് എഴുത്തിലെ പക്ഷികൾക്ക് നിറം കൊടുക്കാം എന്ന  പ്രവർത്തനം  കുറച്ച് വിഷമമായി തോന്നി. പക്ഷികളെ തിരിച്ചറിയാൻ  ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

  • അക്ഷരങ്ങളിലൂടെ പ്രവർത്തനങ്ങൾ പോയതെങ്കിലും നിറം താ എന്ന  പ്രവർത്തനത്തിൽ വന്ന (അം) ചിഹ്നം സംശയ മുളവാക്കി. രണ്ടാം യൂണിറ്റ് എന്ന പാഠത്തിലേക്കുള്ള സാധ്യത ആണെന്നാണ് മനസ്സിലാക്കുന്നത്.

  • ഒരു നിർദ്ദേശം വെക്കാനുള്ളത് പാഠ പുസ്തകവും കുഞ്ഞെഴുത്തും അടുത്തവർഷം  ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് പുസ്തകഭാരം കുറക്കാമായിരുന്നു. ഞങ്ങൾക്കും പ്രവർത്തനങ്ങൾ ചെയ്യിക്കാൻ എളുപ്പമാകും.

സ്നേഹത്തോടെ

വിൻസി. വികെ

മേപ്പയൂർ എൽ പി 

കോഴിക്കോട്.

19

ഒന്നാം പാഠം വിലയിരുത്തൽ നടത്തിയപ്പോൾ വലിയ സന്തോഷം തോന്നി. 

ഒന്നാം യൂണിറ്റ് കഴിഞ്ഞപ്പോൾ ജൂലൈ ആദ്യ ആഴ്ച ആയിരുന്നു. WB കൃത്യമായി ലഭിച്ചിരുന്നില്ല എങ്കിലും കുട്ടികളുടെ എണ്ണം 20 ൽ താഴെ ആയതിനാൽ print എടുത്ത് നൽകിയും NB യിൽ ചെയ്യിച്ചും ചെയ്തിരുന്നു. ആദ്യം ചെറിയ ഒരു ആശങ്ക ഉണ്ടായിരുന്നു. HB പ്രവർത്തനങ്ങൾ അധികമായ തോന്നിയിരുന്നു. പക്ഷേ ക്ലാസിൽ കൃത്യമായി ആസൂത്രണം ചെയ്തും കുട്ടികളുടെ നിലവാരം മനസിലാക്കി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപ്പോൾ സമയം ലഭിച്ചു വരുന്നുണ്ട്. സംയുക്ത ഡയറി ജൂലൈ പകുതിയോടെ തുടങ്ങാം എന്നു പ്രതീക്ഷിക്കുന്നു. രക്ഷിതാക്കൾക്ക് കൃത്യമായി നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം പാഠം വിലയിരുത്തൽ നടത്തിയപ്പോൾ വലിയ സന്തോഷം തോന്നി. കുട്ടികൾ എല്ലാവരും അക്ഷരങ്ങൾ ഉദ്ദേശിച്ച രീതിയിൽ തന്നെ സ്വായത്തമാക്കിയിട്ടുണ്ട്. സചിത്ര പ്രവർത്തന ബുക്ക് കിട്ടിയതിനാൽ  ഭിന്നശേഷി കുട്ടികൾക്കു പോലും പ്രയാസമില്ലാതെ സമയം ഒട്ടും പാഴാക്കാതെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നു.

ശ്രീജ ടീച്ചർ 

കുട്ടമ്പേരൂർ യു. പി. എസ് 

മാന്നാർ 

ആലപ്പുഴ

20

പറവകൾ പാറി എന്ന യൂണിറ്റ് കഴിഞ്ഞപ്പോൾ നേടേണ്ട ശേഷികൾ കുട്ടികൾ നേടി

മാറിയ പാഠപുസ്തകം എങ്ങനെ കൈകാര്യം ചെയ്യും പOന ശേഷികൾ എങ്ങനെ കുട്ടികളിലെത്തിക്കും എന്ന ആശങ്ക എന്നെപ്പോലെ എല്ലാവരിലും ഉണ്ടായിരുന്നു. പക്ഷേ അതിന് വിപരീതമായിട്ടാണ് സംഭവിച്ചത്. കാരണം പറവകൾ പാറി എന്ന യൂണിറ്റ് കഴിഞ്ഞപ്പോൾ നേടേണ്ട ശേഷികൾ കുട്ടികൾ നേടിക്കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗ്രാഫിക് റീഡിങ്ങ്, ഗ്രാഫിക് റൈറ്റി oഗ് എന്ന രീതിയിലല്ല ഈ വർഷം നടന്നത്. കാരണം അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടി മനസ്സിലാക്കി തൊട്ടുവായിക്കുകയാണ് ഉണ്ടായത്. അത് കുട്ടികൾ ഒരിക്കലും മറക്കില്ല മാത്രമല്ല പറവകൾ പാറി എന്ന യൂണിറ്റിലെ 8 വരികളും കുട്ടികൾ നോക്കാതെ എഴുതുന്നുണ്ട് എന്നതും വലിയ കാര്യമാണ്.

എൻ്റെ ക്ലാസിൽ ഭിന്നശേഷി നിലവാരത്തിൽ ഉള്ള ഒരു കുട്ടിയുണ്ട്. അവൻ പോലും എഴുതുന്നുണ്ട് എന്നത് നല്ലൊരു കാര്യം തന്നെയാണ് ' കൂടാതെ വായന പാഠമായി കൊടുക്കുന്നതും കുട്ടികൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. നോട്ടുബുക്കിൽ എന്ത് എഴുതിക്കൊടുക്കും എന്ന ഒരു സംശയം ഉണ്ടായിരുന്നു' പക്ഷേ ഒരു പാട് എഴുതി. വായനാ പാഠങ്ങളും ഒൻപത് അക്ഷരങ്ങളും നാല് ചിഹ്നങ്ങളും വച്ച് കുട്ടികൾ ഒരു പാട് എഴുതി.

കൂടാതെ കുട്ടികൾക്ക് വളരെ താലപര്യമുള്ള പ്രവർത്തനങ്ങളായിരുന്നു പക്ഷി നിരീക്ഷണവും  മുട്ടയുടെ പരീക്ഷണവും ഒക്കെ രക്ഷിതാക്കളുടെ അഭിപ്രായവും നല്ലതായിരുന്നു ഓരോരുത്തരും അഭിപ്രായങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. കൂടാതെ പാട്ടരങ്ങും അഭിനയവും പരീക്ഷണവും കഥയും എല്ലാം കൊണ്ടു തന്നെ പറവകൾ പാറി എന്ന യൂണിറ്റ് നല്ല രീതിയിൽ കൈകാര്യം ചെയ്യാനും പഠനശേഷികൾ കുട്ടികളിലെത്തിക്കാനും കഴിഞ്ഞു എന്നതിൽ വളരെ സന്തോഷമുണ്ട്.

ഷിജി വി.എം

ജി.വി സി ജെ ബിസ്കൂൾ

വടകര സബ് ജില്ല

21

സ്വതന്ത്ര വായന പാഠങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു

വളരെ ആശങ്കയോടെയാണ് മാറിയ പാഠപുസ്തകത്തെ സമീപിച്ചിരുന്നത്. പക്ഷേ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ ചെയ്തതോടെ എനിക്ക് ആത്മവിശ്വാസം കൂടി. പ്രവർത്തനപുസ്തകം വൈകിയത് കൊണ്ട് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ട് ഈ പാഠത്തിൽ ഊന്നൽ നൽകിയിട്ടുള്ള എല്ലാ അക്ഷരങ്ങളും കുട്ടികൾ സ്വായത്തമാക്കിയിട്ടുണ്ട്

സ്വതന്ത്രവായന പാഠങ്ങൾ കുട്ടികൾ നന്നായി വായിക്കുന്നുണ്ട് കഴിഞ്ഞ ദിവസം ക്ലാസ് പി. ടി. എ യിൽ ഒരുരക്ഷിതാവ് കുട്ടി വീട്ടിൽ നിന്ന് വേഗത്തിൽ വായിക്കുന്നു By heart ആണോ എന്ന് ചോദിച്ചു. ആ കുട്ടിയെക്കൊണ്ട് C.PTA യിൽ വെച്ചു തന്നെ ചാർട്ടിൽ എഴുതിയ വായന പാഠങ്ങൾ വായിപ്പിച്ചു രക്ഷിതാവിന് വളരെ സന്തോഷം തോന്നി

എല്ലാ രക്ഷിതാക്കളും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് കുട്ടികൾക്ക് സ്കൂൾ വരാൻ ഇഷ്ടമാണ് . പരീക്ഷണങ്ങൾ കുട്ടികളിൽജിജ്ഞാസ ഉണർത്തുന്നുണ്ട്. Techer text ൽ സ്വതന്ത്ര വായന പാഠങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു അടുത്ത ആഴ്ച സംയുകത ഡയറി ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട് ഇതിലൂടെ കുട്ടികളിൽ കൂടുതൽമാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു

നഗീഷ എൻ

എരപുരം SVLP സ്കൂൾ

22

ഹാൻഡ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്ത് പോകുമ്പോൾ കുട്ടികളിലേക്ക് അക്ഷരങ്ങൾ എത്തി

ഒന്നാം ക്ലാസ് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ഒന്നാം പാഠത്തിൽ തന്നെ അക്ഷരങ്ങൾക്കും ചിഹ്നങ്ങൾക്കും പ്രാധാന്യം ഉള്ളതുകൊണ്ട്  എങ്ങനെ അത് കുട്ടികളിലേക്ക് എത്തിക്കും എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഹാൻഡ്ബുക്കിൽ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്ത് പോകുമ്പോൾ കുട്ടികളിലേക്ക് അക്ഷരങ്ങൾ എത്തി. ചിഹ്നങ്ങൾ ചിലർക്കെങ്കിലും ഇപ്പോഴും സംശയമുണ്ട്. പരിചിത അക്ഷരങ്ങൾ മാത്രമുള്ള വിവിധതരത്തിലുള്ള വായന കാർഡുകൾ ലഭ്യമായതിനാൽ വായന എളുപ്പമായി തോന്നി. ഒന്നാം ക്ലാസിൽ ഒരു മാസം പിന്നിടുമ്പോൾ തന്നെ കുട്ടികൾ വലിയ വലിയ വാക്കുകൾ വായിക്കുന്നത് കണ്ട് രക്ഷിതാക്കളും സന്തോഷത്തിലാണ്. 87 കുട്ടികളുള്ള ഒന്നാം ക്ലാസ്സിൽ ഭൂരിഭാഗം പേർക്കും നന്നായി എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. ക്ലാസ്സ് തുടങ്ങുന്ന സമയത്തുള്ള ആശങ്ക ഇപ്പോൾ ഞങ്ങൾക്കില്ല. അതേപോലെ ധാരാളം പ്രവർത്തനങ്ങൾ ചെയ്യാനുള്ളതിനാൽ   വിരസത അനുഭവപ്പെടുന്നില്ല. ഒന്നാം ക്ലാസിലെ ഒന്നാം പാഠം കഴിഞ്ഞപ്പോൾ ഞങ്ങൾ തികച്ചും സംതൃപ്തരാണ്.  ചിഹ്നങ്ങളിൽ കുട്ടികൾക്കുള്ള കൺഫ്യൂഷൻ അടുത്ത പാഠം കൂടിയാവുമ്പോഴേക്കും മാറും എന്ന ശുഭപ്രതീക്ഷയിലാണ്.

  1. ജാസ്മിൻ എസ് എച്ച്,  

  2. ഷംനാസ് ടി കെ,

  3. റസീന കെ പി 

നാദാപുരം നോർത്ത് എംഎൽപി സ്കൂൾ

നാദാപുരം ഉപജില്ല


23

ഒന്നാം ക്ലാസിനെ മികവുറ്റതാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി

ക്ലാസിലെ 35  കുട്ടികളിൽ 33 പേർ നന്നായി എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ക്ലാസ് തുടങ്ങിയ സമയത്ത് കുറേ പേർ പ്രയാസമുള്ളവർ ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞതോടെ ആ പ്രയാസങ്ങൾ മാറി. കുട്ടികൾ വളരെ സന്തോഷത്തിലാണ്. ചിത്രരചനയിൽ എല്ലാവരും മിടുക്കന്മാരായി എന്നതാണ് ഒരു പ്രത്യേകത. പരീക്ഷണ നിരീക്ഷണങ്ങളും ക്രാഫ്റ്റ് വർക്കുകളും അരങ്ങും എല്ലാവർക്കും ഇഷ്ടമായി:മലയാളം മീഡിയത്തിൽ   5 പേർക്ക് വായിക്കാനും എഴുതാനും പ്രയാസങ്ങളുണ്ട്. അവർക്ക് വീട്ടിൽ പഠനത്തിന് സഹായിക്കാൻ രക്ഷിതാക്കൾക്ക് ചില പ്രയാസങ്ങൾ ഉണ്ട്. 

മയിലിന് പീലി വെക്കാൻ പറഞ്ഞപ്പോൾ പല തരത്തിൽ പീലി നിർമ്മിച്ചവരുണ്ടായിരുന്നു.  പെൻസിൽ ഷാർപ്നറിൻ്റെ വെയ്സ്റ്റ് കൊണ്ടാണ് ഞങ്ങൾ മനോഹരമായ ഈ മയിലിനെ ഉണ്ടാക്കിയിട്ടുള്ളത്. തൂവൽ ശേഖരണവും വളരെ ഹൃദ്യമായിരുന്നു.

എന്നാലും ഇത്രയും പ്രവർത്തനങ്ങൾ ചെയ്യാൻ ഈ ഒരു സമയം മതിയാവുന്നില്ല എന്നതാണ് ഞങ്ങളുടെ അഭിപ്രായം. ഒന്നാം യൂണിറ്റ് ഇപ്പോൾ തീർന്നതേയുള്ളൂ. ഏതായാലും ഒന്നാം ക്ലാസിനെ മികവുറ്റതാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

മുഹ്സിന

Gups Belur

Kasargod


24

പാഠഭാഗം തുടങ്ങിയപ്പോഴാണ് ഹാൻഡ് ബുക്കിലെ പ്രവർത്തനാധിക്യം മനസിലായത്

മാറിയ പാഠപുസ്തകങ്ങൾ പരിചയപ്പെട്ടപ്പോൾ സന്തോഷവും ആശ്വാസവും തോന്നി. ഓരോ യൂണിറ്റും വളരെ കുറച്ച് മാത്രം കുഞ്ഞെഴുത്തും കുഴപ്പമില്ല. എന്നാൽ സ്കൂൾ തുറന്ന് പാഠഭാഗം തുടങ്ങിയപ്പോഴാണ് ഹാൻഡ് ബുക്കിലെ പ്രവർത്തനാധിക്യം മനസിലായത്. എത്ര പ്രവർത്തനങ്ങളാണ്. ഇങ്ങനെ പോയാൽ എത്ര യൂണിറ്റ് സമയബന്ധിതമായി തീർക്കാനാകും. അതുപോലെതുടക്കത്തിൽത്തന്നെ ഇത്രയധികം അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തണമായിരുന്നോ എന്ന് തോന്നിപ്പോയി. ഒന്നാം ഭാഗത്തിൽ 9 യൂണിറ്റുകൾ. സന്തോഷമായി. 24 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. ഇതിൽ ഒരു ബംഗാളി അടക്കം 5 പേർ slow learners ആണ്.ഇവർക്ക് support ആവശ്യമാണ്. ക്ലാസിലെ വായനയ്ക്ക് പുറമെ online വായനയും നടത്തുന്നുണ്ട്. 

Biji.T

Gups Kizhur

25

ആദ്യ പാഠഭാഗം കഴിയുമ്പോൾ മികച്ച അനുഭവമാണ് പങ്കുവെക്കാനുള്ളത്

ഒന്നാം ക്ലാസിലെ പാഠപുസ്തകം ഈ അധ്യയന വർഷം മുതൽ മാറിയിരിക്കുകയാണല്ലോ. ആദ്യ പാഠഭാഗം കഴിയുമ്പോൾ മികച്ച അനുഭവമാണ് പങ്കുവെക്കാനുള്ളത്. ഒന്നാമത്തെ കാര്യം മലയാളത്തിന് വർക്ക്‌ ബുക്ക്‌ ഉള്ളതുകൊണ്ട് പ്രവർത്തങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാക്കി ചെയ്യാൻ കഴിയുന്നു എന്നാണ്.ഒ ന്നാമത്തെ യൂണിറ്റിൽ പരിചിതമായ അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകൾ, വാക്യങ്ങൾ കുട്ടികൾ വായിക്കുന്നു. 

അരുൺ

പയ്യോളി എം ൽ പി.            

കോഴിക്കോട്

26

പുതിയ പാഠപുസ്തകം കുട്ടികൾക്ക് വളരെ അനുയോജ്യമാണ്

എൻ്റെ ക്ലാസിൽ 7 കുട്ടികൾ. ജൂലായ് ആദ്യവാരത്തിൽ പറവകൾ പാറി എന്ന യൂണിറ്റ് പൂർത്തിയാക്കി. കുഞ്ഞെഴുത്ത് കിട്ടാൻ വൈകിയതിനാൽ ആദ്യമാദ്യം പ്രയാസമായിരുന്നു. എന്നാൽ കുറഞ്ഞ കുട്ടികൾ മാത്രമായതിനാൽ ഫോട്ടോകോപ്പിയെടുത്ത് വർക്കുകൾ പൂർത്തിയാക്കി. പിന്നീട് കുഞ്ഞെഴുത്ത് കിട്ടിയപ്പോൾ 10, 11 പേജുകൾ യാതൊരു സഹായവും കൂടാതെ എല്ലാവരും പൂർത്തിയാക്കി. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിഞ്ഞ് കുട്ടികൾ എഴുതി. ഇപ്പോൾ ഒന്നാം യൂണിറ്റിൽ പരിചയപ്പെട്ട വാക്കുകളും അക്ഷരങ്ങളും അവർ മറ്റു വായന സാമഗ്രികളിൽ നിന്നും തിരിച്ചറിയാൻ തുടങ്ങി. വായിക്കാൻ തുടങ്ങി. പുതിയ വാക്കുകൾ എഴുതാൻ തുടങ്ങി. കഥാ പുസ്തകങ്ങൾ വായിക്കുന്നതിനിടയിൽ  പാറി , പാടി, കലപില, തുടങ്ങിയ വാക്കുകൾ കണ്ടെത്തി എനിക്ക് കാണിച്ചു തന്നപ്പോൾ വളരെ സന്തോഷം തോന്നി. 

പുതിയ പാഠപുസ്തകം കുട്ടികൾക്ക് വളരെ അനുയോജ്യമാണ്

ഹരിത ടീച്ചർ

ഗവ: എം.എൽ.പി.എസ് കണ്ണങ്കൈ

(നാദാപുരം ഉപജില്ല

കോഴിക്കോട്)


27

ഒന്നാം യൂണിറ്റ് പൂർത്തിയായപ്പോൾ അച്ചടി സമ്പുഷ്ട്ട ക്ലാസ്സ്‌ റൂം ആയി മാറി. 

ഒന്നാം ക്ലാസ്സിൽ ഒന്നാം യൂണിറ്റ് പൂർത്തിയായതോടെ കുട്ടികളും  രക്ഷിതാക്കളും ഞാനും തൃപ്തരും വളരെ സന്തോഷമുള്ളവരും ആണ്. സ്വായതമാക്കിയ അക്ഷരങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു വായിക്കുന്നു. യൂണിറ്റ് ചെറുതാണെങ്കിലും Hand ബുക്കിലെ പ്രോസസ്സ് സമയത്തിനുള്ളിൽ ചെയ്യാവുന്നതിലും അപ്പുറത്താണ്. രൂപീകരണ പാഠങ്ങൾ കുറവാണോ എന്ന് തോന്നുന്നു.  അച്ചടി സമ്പുഷ്ട്ട ക്ലാസ്സ്‌ റൂം ആയി മാറി. 

ഒരു പാഠം കഴിഞ്ഞപ്പോൾ തന്നെ സ്വന്തമായി അവർ വായിക്കുന്നത്  രക്ഷിതാക്കൾ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു. കുഞ്ഞെഴുത്ത് കിട്ടാൻ വൈകിയത് ഏറെ പ്രയാസം സൃഷ്ടിച്ചു. 

27കുട്ടികളാണ് ക്ലാസ്സിലുള്ളത് . അതിൽ നഴ്സറിയിൽ പോലും പോവാത്ത കുട്ടികളും ഉണ്ട്.  3 കുട്ടികൾക്ക് പെൻസിൽ പിടിച്ചെഴുതാൻ പോലും പ്രയാസമാണ്. അവർക്ക് കൈവഴക്കം കിട്ടാനുള്ള (സൂക്ഷ്മ സ്ഥൂല പേശി വികാസത്തിന് )പ്രവർത്തനങ്ങൾ നൽകി വരുന്നു. ഈ വർഷം തോന്നിയ മറ്റൊരു പ്രത്യേകത കുട്ടികൾ അക്ഷരഘടന ഏറെ ശ്രദ്ധിച്ച് ഘടന പാലിച്ച് എഴുതാൻ ശ്രമിക്കുന്നുണ്ടെന്നതാണ്. 

മുട്ടത്തോട് വെച്ചുള്ള പരീക്ഷണം രക്ഷിതാകൾക്കും അധ്യാപകർക്കും കൗതുകം ഉണർത്തി. വീഡിയോ പങ്കിടുന്നത് ഏറെ പ്രയോജനം ചെയ്തു.  പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും കാണാൻ സാധിക്കുന്നു. 

Hand book ഇൽ രൂപീകരണപാഠങ്ങൾ  ചേർക്കുന്നത് നല്ലതായിരിക്കും. 

ഇനിയുള്ള യൂണിറ്റുകളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ. 

ഡി യു എ എൽ പി സ്കൂൾ

മുക്കം 

കോഴിക്കോട് ജില്ല

28

ഹാൻഡ് ബുക്കിൽ ഓരോ പ്രവർത്തനവും വളരെ വിശദമായി തന്നത് പ്രയോജനം നൽകുന്നു.

ഈ വർഷം ഒന്നാം ക്ലാസിൽ പുതിയ പാഠ പുസ്തകം വരുമ്പോൾ അതിൽ എന്തൊക്കെയാ ഉണ്ടാവുക എന്ന ഒരു ആശങ്കയാണ് ഉണ്ടായിരുന്നത്. പാഠപുസ്തകം കണ്ടപ്പോൾ അതിൽ വളരെ ചെറിയ പാം ഭാഗങ്ങൾ.  ഹാൻഡ് ബുക്കിൽ ഓരോ പ്രവർത്തനവും വളരെ വിശദമായി തന്നത് പ്രയോജനം നൽകുന്നു. 14 വർഷമായി ഞാൻ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു എൻ്റെ അഭിപ്രായത്തിൽ ഒന്നാം ക്ലാസിലെ ഒരു കുട്ടി ഒന്നാമത്തെ യൂണിറ്റ് കഴിയുമ്പോൾ തന്നെ അഭിനയം പാട്ട് പരീക്ഷണം നിരീക്ഷണം വായന ലേഖനം തുടങ്ങിയ എല്ലാ മേഖലകളും കടന്ന് പോകുന്നു ഓരേ പ്രവർത്തനവും കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്യുന്നു ക്ലാസ് പി.ടി.എയിൽ രക്ഷിതാക്കൾ നല്ല feedback നൽകി. കുട്ടികൾക്ക് നൽകുന്ന വായനാകാർഡുകൾ കുട്ടികൾ സ്വന്തമായി വായിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എൻ്റെ ക്ലാസിലെ എല്ലാ കുട്ടികളും Ko ക്ലാസിൽ പോയിട്ടില്ല. പോകാത്തവരും അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് വായിക്കുന്നു.

ഷർമിള കെ

വെള്ളൂർ സൗത്ത് എൽ.പി എസ്

നാദാപുരം സബ് ജില്ല

കോഴിക്കോട്


29

ഇതിലെ ഒരുഘട്ടം പോലും വിട്ട് കളയാൻ തോന്നുന്നില്ല..

അവധി കാലത്തു നടന്ന പരിശീലനത്തിന്റെ പ്രത്യേകത ക്ലാസ്സിൽ ചെയ്തു നോക്കുമ്പോഴാണ് കൂടുതൽ അടുത്തറിയുന്നത്, അന്ന് നമ്മൾ എത്ര കൗതുകത്തോടെയാണ് ഓരോ പരീക്ഷണത്തിലൂടെയും കടന്നു പോയത്, അതേ കൗതുകം കുട്ടികളുടെ കണ്ണിലും ഉണ്ടായിരുന്നു, ദേശടകരാം കിളികളായി പറന്നു വന്നപ്പോൾ അവരുടെ ചുണ്ടിലെ ചിരി കാണേണ്ടതായിരുന്നു... അതിന്നിടയിൽ എഴുത്തും വായനയുമായി മുന്നോട്ട് പോകുന്നു, 28 കുട്ടികളാണ് ക്ലാസ്സിൽ ഉള്ളത്, അതിൽ ഒരാൾ മാത്രം സ്ലോ learner ആണ്, അവനും ഓരോ പ്രവർത്തനവും വളരെ യേറെ ആസ്വദിച്ചു ചെയ്യുന്നു,

കുഞ്ഞെഴുത്തു വരാൻ വൈകിയത് കൊണ്ട് ഒന്നാം പാഠം പൂർത്തിയായിട്ടില്ല, പക്ഷേ ഇതിലെ ഒരുഘട്ടം പോലും വിട്ട് കളയാൻ തോന്നുന്നില്ല... അതുകൊണ്ട് തന്നെ കുട്ടികളിൽ നല്ല മാറ്റം ഉണ്ട്,

പ്രതി ദിന വായന പാഠം നല്ല എഫക്റ്റീവ് ആണ് 

ഫൂലൻദേവി 

Gmlps നിലമ്പൂർ

30

മുതിർന്ന മക്കൾ ടീച്ചറേ, നമ്മൾ പഠിച്ചപ്പോൾ ഇതൊന്നും എന്തേ ഇല്ലാത്തത് എന്ന് പറഞ്ഞ് നീരസപ്പെടുന്നുണ്ട്.

വളരെ പ്രതീക്ഷയോടെ തന്നെയാണ് ഇത്തവണത്തെ അധ്യായന വർഷം ആരംഭിച്ചത്. കഴിഞ്ഞവർഷം കിട്ടിയ ആത്മവിശ്വാസം കൂടി ഉള്ളത്കൊണ്ടായിരിക്കാം. ആദ്യം തന്നെ പറയട്ടെ പാഠപുസ്തകം തുടങ്ങി ആദ്യത്തെ ആഴ്ച ഒരുപാട് വിഷമിച്ചു. പല പല കാരണങ്ങൾ ഉണ്ടായിരുന്നു. കുട്ടികളുടേതായ ചുറുചുറുക്കില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത്, അക്ഷരസ്ഫുടത  എന്നിങ്ങനെ പല പല കാരണങ്ങളായിരുന്നു. ബിഹേവിയർ ഇഷ്യൂ ഉള്ള ഒരു മോൾ ഉണ്ട് . ക്ലാസിൽ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തന്നെ അവള്‍ ക്ലാസിൽ ചുറ്റി നടന്നുതുടങ്ങും. വായനപാഠങ്ങൾ കൊടുത്തു കഴിഞ്ഞപ്പോൾ അക്ഷരങ്ങളൊക്കെ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ എല്ലാവരെയും വായിപ്പിക്കുന്ന കൂട്ടത്തിൽ അവളെയും വായിപ്പിച്ചു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഊന്നൽ നൽകിയ എല്ലാ അക്ഷരങ്ങളും അവൾ വായിച്ചു. എന്റെ ക്ലാസ്സിൽ  20 കുട്ടികളാണുള്ളത് . അതിൽ രണ്ടു കുട്ടികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാം എങ്കിലും വായിക്കുന്നതിൽ പ്രശ്നം നേരിടുന്നുണ്ട്. പക്ഷേ കളികളിലൂടെ  വായനപാഠങ്ങൾ വായിച്ചു തുടങ്ങിയതിനു ശേഷം അവർക്കും മാറ്റങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പാഠപുസ്തകത്തിലുള്ളത് എല്ലാം കുട്ടികൾ വായിക്കുന്നു എന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

ഒന്നാം ക്ലാസിലെ രക്ഷകർത്താക്കളും കുട്ടികളും ഇപ്പോൾ വളരെ ഹാപ്പിയാണ്.  സർഗ്ഗ വേളകളിൽ  പാഠഭാഗത്തിലെ കുഞ്ഞുകുഞ്ഞു പാട്ടുകൾ പാടി അവർ എല്ലാവരുടെയും ഇഷ്ടം നേടുന്നുണ്ട്.  എവിടുന്ന് തൂവൽ കിട്ടിയാലും, ഏതെങ്കിലും ഒരു പക്ഷി സ്കൂൾ കോമ്പൗണ്ടിൽ വന്നാലും ഒന്നാം ക്ലാസുകാർ അത് മിസ്സ് ചെയ്യാറില്ല. മുതിർന്ന മക്കൾ ടീച്ചറേ, നമ്മൾ പഠിച്ചപ്പോൾ ഇതൊന്നും എന്തേ ഇല്ലാത്തത് എന്ന് പറഞ്ഞ് നീരസപ്പെടുന്നുണ്ട്.

അൻസി എം സലീം 

ജിഎൽപിഎസ് കിളിമാനൂർ

31

ജി ഡബ്ല്യു എൽ പി എസ് ബേളയിലെ ക്ലാസ് പി ടി എ

അജണ്ട

  • ഒരു മാസത്തെ പ്രവർത്തനവിശകലനം കഥാവതരണം

  • സംയുക്ത ഡയറി

  • രണ്ടാം യൂണിറ്റ് പ്രവർത്തനങ്ങൾ

മൂന്നുനാലു ദിവസം മുമ്പു തന്നെ മീറ്റിംഗിനെക്കുറിച്ച് നോട്ടീസിലൂടെയും പോസ്റ്ററിലൂടെയും ശബ്ദ സന്ദേശത്തിലൂടെയും അറിയിപ്പ് കൊടുത്തിരുന്നു.

ഒരു രക്ഷിതാവ് മാത്രം വരാനുള്ള അസൗകര്യത്തെക്കുറിച്ച് ഫോൺ വിളിച്ച് പറയുകയും പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊള്ളാമെന്ന് ഉറപ്പുതരികയും ചെയ്തു.

ഉച്ചയ്ക്ക് 2.20ന് മീറ്റിംഗ് ആരംഭിച്ചു. 22 രക്ഷിതാക്കളിൽ 18 പേർ പങ്കെടുത്തു. പ്രധാനാധ്യാപികയും സന്നിഹിതയായിരുന്നു.

  1. ക്ലാസ് ടീച്ചർ സ്വാഗതം പറയുകയും അജണ്ട വായിക്കുകയും ചെയ്തു.

  2. പ്രവര്‍ത്തനവിശകലനം-പ്രധാനാധ്യാപിക, ഒരു കുട്ടിയുടെ രക്ഷിതാവും സ്കൂളിലെ അറബി അധ്യാപകനുമായ ഇസ്മയിൽ മാഷ് എന്നിവർ ഒരു മാസത്തെ പ്രവർത്തനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ വിശകലനം ചെയ്തു. മറ്റു രണ്ടു രക്ഷിതാക്കളും പ്രവർത്തനവിശകലനം നടത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. 

  3. തുടർന്ന് രണ്ട് കുട്ടികൾ വായനക്കാർഡ് വായിച്ചു. (കൂടുതൽ പേർ തയാറായിരുന്നെങ്കിലും സമയ പരിമിതിമൂലം എല്ലാവർക്കും അവസരം നൽകാൻ കഴിഞ്ഞില്ല )

  4. കഥാവതരണത്തെക്കുറിച്ച് വിശദീകരിച്ചു. ടീച്ചർ കഥ ഭാവാത്മകമായി അവതരിപ്പിച്ചു.

  5. നഫീസത്ത് റുഷ്ദയുടെ ഉമ്മ സാജിത ടീച്ചർ അവതരിപ്പിച്ച കഥ മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. കുഞ്ഞുങ്ങൾക്ക് എങ്ങനെ കഥ പറഞ്ഞു കൊടുക്കണമെന്ന് ബോധ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു. 

  6. കഥയിലെ മുയൽക്കുട്ടിയെ ഉണ്ടാക്കുന്ന നിർമാണ പ്രവർത്തനമായിരുന്നു പിന്നീട്. രക്ഷിതാക്കൾ വളരെ താല്പര്യത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. 

  7. സംയുക്ത ഡയറി അവതരിപ്പിക്കുന്നതിൻ്റെ മുന്നോടിയായി കഴിഞ്ഞ വർഷം നല്ല രീതിയിൽ സംയുക്തഡയറിയെഴുതിയ നേഹ സുധീഷും അമ്മയും തങ്ങൾ എങ്ങനെയാണ് സംയുക്ത ഡയറി എഴുതിയിരുന്നതെന്നും പിന്നീട് അത് എങ്ങനെയാണ് സർഗാത്മക സ്വതന്ത്ര ഡയറി ആയതെന്നും വിശദീകരിച്ചു. തുടർന്ന് കഴിഞ്ഞ വർഷത്തെ കുട്ടികളുടെ സംയുക്ത ഡയറി രക്ഷിതാക്കൾക്ക് കാണാനായി നൽകി. അനുഭവവിവരണവും ഡയറിയുടെ നേരിട്ടുള്ള പരിചയപ്പെടലും സംയുക്ത ഡയറിയുടെ വളർച്ച എങ്ങനെയെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. 

  8. തുടർന്ന് രക്ഷിതാവും കുട്ടിയും ചേർന്ന് സംയുക്ത ഡയറിയെഴുതി. ( മുയൽക്കുട്ടിയുടെയും സിംഹത്തിൻ്റെയും കഥയും മുയൽ നിർമ്മാണവും മുമ്പേ തന്നെ ക്ലാസിൽ നടത്തിയിരുന്നു. 

  9. രണ്ടാം യൂണിറ്റിനെക്കുറിച്ച് ചെറിയ തോതിൽ വിശദീകരിച്ച് നന്ദി പ്രകടനത്തോടെ മീറ്റിംഗ് അവസാനിച്ചു. 

ഭൂരിഭാഗം രക്ഷിതാക്കളുടെയും സാന്നിധ്യവും പങ്കാളിത്തവും മീറ്റിംഗിനെ പൂർണ വിജയമാക്കി. വരാൻ സാധിക്കാതിരുന്ന രക്ഷിതാക്കളും പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷത്തെ പോലെ തന്നെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയത്തിലെത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തോന്നുന്നു. പ്രതീക്ഷയോടെ മുന്നോട്ട്....... മുന്നോട്ട്.......

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി എസ് ബേള

കാസറഗോഡ്

32

തീരദേശത്തെ വളരെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഞങ്ങളുടേത്

സന്നദ്ധതാ പ്രവർത്തനങ്ങൾ മുതൽ എല്ലാം വളരെ മനോഹരം വളരെ ശാസ്ത്രീയം. കുഞ്ഞൻ തവളയുടെയും കുട്ടൻ തവളയുടെയും ചാട്ടവും ചാടിയത് വരയ്ക്കലും  കൈവഴക്കം, ഭാഷണശേഷി വർദ്ധിപ്പിക്കൽ ഇവയ്ക്കൊക്കെ മികച്ച അവസരം കോഴിമുട്ടയിലൂടെ തവളയെ വരച്ചത്  ടീച്ചറെ, എഴുതാൻ ഒന്നുമില്ലേ  എന്ന രക്ഷിതാവിന്റെ ഫോൺ വിളി 

തീരദേശത്തെ വളരെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഞങ്ങളുടേത്. ക്ലാസ് പിടിഎ യ്ക്ക് ഞാൻ അവർക്ക് കുറെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പഠനലക്ഷ്യങ്ങൾ, പഠന രീതി, ലേഖനത്തിൽ പാലിക്കേണ്ട ആലേഖനക്രമം ഒക്കെ വിശദീകരിച്ചു. കേവലമായ അക്ഷരപഠനം മാത്രമല്ല, അർഥപൂർണ്ണമായ ആശയത്തിലൂടെ, കഥകളിലൂടെ, കുഞ്ഞു വാക്യങ്ങളിലൂടെ, നമ്മുടെ കുട്ടികൾ വാക്കുകളും അക്ഷരങ്ങളും അറിയുന്നു . യാന്ത്രികമായി കാണാപ്പാഠം പഠിക്കാതെ കുട്ടികൾ കവിതകൾ ചൊല്ലുന്നു. ഇതൊക്കെയാണ് നമ്മുടെ രീതി,നമ്മുടെ മക്കൾ ഇങ്ങനെയാ പഠിക്കുന്നത്.ഞാൻ പറയുന്നത് കേട്ട് കഴിഞ്ഞപ്പോൾ ഒരു രക്ഷിതാവ് പറഞ്ഞു' ടീച്ചറെ മിടുക്കന്മാരായ ആൾക്കാരാണ് നമ്മുടെ സ്റ്റേറ്റ് സിലബസ് തയ്യാറാക്കിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയിട്ടാ ഞാനെന്റെ കുട്ടിയെ ഇവിടെ ചേർത്തത്'. ടീച്ചർ പറയുന്നത് കേട്ടപ്പോൾ എനിക്ക് തെറ്റിയില്ല, ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിച്ചത് എന്ന് പറയുകയുണ്ടായി . വളരെ നന്നായി ക്ലാസ്സ്‌ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നു. 

ജയ. S,  

St. Andrew's. Lps, 

Karumkulam, 

Tvpm.

33

ഒന്നാം ടേം പൂർത്തിയാകുന്നതോടെ എല്ലാവരും നല്ല വായനക്കാരും എഴുത്തുകാരും ആകും എന്നതിൽ സംശയമില്ല

കൂട്ടയെഴുത്തും കൂട്ട വായനയും ഒക്കെയായി കുട്ടികൾ വളരെ സന്തോഷത്തിലാണ്. നല്ല ആവേശത്തിലാണ്. അവർക്ക് വായിക്കാനോ എഴുതാനോ തീരെ പേടിയില്ല. പുതിയ ഏത് കാര്യവും വളരെ എളുപ്പത്തിൽ വായിക്കാൻ അവർ തയ്യാറാണ് . അതുപോലെതന്നെ കളികളും പരീക്ഷണങ്ങളും നിർമ്മാണവും ചിത്രം വരയും എല്ലാം വളരെ സന്തോഷത്തോടെ ഏറ്റെടുക്കുന്നു. ക്ലാസിൽ പാടി കൊടുക്കുന്ന എല്ലാ പാട്ടുകളും എല്ലാവരും ഹൃദിസ്ഥമാക്കുന്നു. ഇതര സംസ്ഥാനക്കുട്ടി ഉൾപ്പെടെ . ഒന്നാം ടേം പൂർത്തിയാകുന്നതോടെ എല്ലാവരും നല്ല വായനക്കാരും എഴുത്തുകാരും ആകും എന്നതിൽ സംശയമില്ല. സംയുക്ത ഡയറി എഴുതിത്തുടങ്ങി . നല്ല താല്പര്യം ആണ് കുട്ടികൾക്ക് അതെഴുതാൻ . വായന, ലേഖന പ്രവർത്തനങ്ങളിൽ രണ്ട് കുട്ടികൾ മാത്രമാണ് അല്പം പിന്നോക്കം നിൽക്കുന്നത്. അതിൽ ഒന്ന് ഒരു ഇതര സംസ്ഥാനക്കുട്ടിയാണ്. പക്ഷേ അവൻ മറ്റെല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവ് ആണ്. നല്ല കയ്യക്ഷരമാണ് . തനിയെ എഴുതാൻ അറിയില്ല എന്ന പ്രശ്നമേ ഉള്ളൂ . രണ്ടാമത്തെ കുട്ടിക്ക് സംസാരിക്കുന്നതിൽ വ്യക്തത കുറവുണ്ട്. എന്നാലും മെച്ചപ്പെടും എന്ന് തന്നെ വിശ്വസിക്കുന്നു.

രാജി.എസ്

സെന്റ് പോൾസ്

ജി എൽ പി എസ്

കോലഞ്ചേരി സബ്.

34

കൃത്യമായ പ്ലാനിങ് ഇല്ലാതെ പോയാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ തീർക്കാൻ കഴിയില്ല എന്ന ബോധ്യം

ഈ അധ്യയനവർഷം ഒന്നാം ക്ലാസ് ചോദിച്ചു വാങ്ങി വന്നതാണ്. 29 കുട്ടികളാണ് ക്ലാസിൽ ഉള്ളത്. തുടക്കത്തിൽ എന്റെ തീരുമാനം തെറ്റായോ എന്നൊരു ആശങ്കയുണ്ടാരുന്നു. എന്നാൽ പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനം എടുത്തു. പ്രവർത്തനപുസ്തകം വൈകും എന്ന് ഉറപ്പായപ്പോൾ പ്രിന്റ് എടുത്തു കൊണ്ട് പ്രവർത്തങ്ങളിലേക്ക് കടന്നു. 

  • കൃത്യമായ ആസൂത്രണം നടത്തി  ഓരോ ദിവസവും  മികച്ചതാക്കാൻ ശ്രമിച്ചു. ഒന്നാം ക്ലാസുകാർക്കൊപ്പം അവരുടെ ടീച്ചർ ആയ എനിക്കും മാറ്റങ്ങൾ വന്നു തുടങ്ങി. ഒരു അടുക്കും ചിട്ടയും ഉണ്ടായി. കൃത്യമായ പ്ലാനിങ് ഇല്ലാതെ പോയാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ തീർക്കാൻ കഴിയില്ല എന്ന ബോധ്യം ഉണ്ടായി. അത് എന്റെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ ഉണ്ടാക്കി. ഒരു നിമിഷം പോലും വെറുതെ കളയാതെ ടൈം മാനേജ് ചെയ്യാൻ ഞാൻ പഠിച്ചു.  

  • പരീക്ഷണo, നിരീക്ഷണം എന്നിങ്ങനെ ഹാൻഡ്ബുക്കിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞു. 

  • കൂട്ടയെഴുത്തും പ്രതിദിന വായനപാഠവും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിച്ചു. രക്ഷിതാക്കളുടെ പിന്തുണ എടുത്തു പറയേണ്ടതാണ്. 

  • ദിവസവും കുട്ടികൾ വായിക്കുന്ന വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും നിർദ്ദേശം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ട സഹായം ചെയ്യുകയും ചെയ്യുന്നുണ്ട്. 

  • 29 പേരിൽ 24 പേര് കൃത്യമായി വായിക്കുകയുo എഴുതുകയും ചെയ്യുന്നുണ്ട്. 5 പേർക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും കൂട്ടി വായിക്കാൻ പ്രയാസം നേരിടുന്നുണ്ട്. എങ്കിലും അവരെയും മുന്നോട്ട് കൊണ്ട് വരാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്.

  • എല്ലാ പ്രവർത്തനങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നതിൽ ഉപരി ക്ലാസിലെ മുഴുവൻ കുട്ടികളെയും പരിഗണിച്ചു പ്രവർത്തനങ്ങൾ ആസൂത്രണo ചെയ്ത് നടപ്പിലാക്കാൻ കഴിഞ്ഞു.

  • ഇന്ന് മുതൽ കുഞ്ഞുങ്ങൾ സംയുക്തഡയറി എഴുതി തുടങ്ങി. CPTA വിളിച്ചു കൃത്യമായ നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി. 

  • ഒന്നാം ക്ലാസിലെ അധ്യാപിക എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് കടന്നു പോകുന്നത്. 

  • മുൻപിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെ തരണം ചെയ്തു ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകാനുള്ള ധൈര്യം ഈ ഒന്നാം ക്ലാസ് നൽകി.

  • കുട്ടികൾക്ക് വേണ്ടതെല്ലാം ഇവിടെ ഉണ്ട്. അവരുടെ എല്ലാത്തരം കഴിവുകളെയും പരിഗണിക്കുന്ന തരത്തിലാണ് പുതിയ പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത് എന്നത്  എടുത്തു പറയേണ്ട കാര്യമാണ്.

  • മുട്ടത്തോട് കൊണ്ടുള്ള പ്രവർത്തനങ്ങളും തൂവൽ മയിലുമൊക്കെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. 

  • എന്റെ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പക്ഷികളെ തിരിച്ചറിയാനും ഒന്നോ രണ്ടോ പ്രത്യേകതകൾ പറയാനും സാധിക്കും. 

  • എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. 

  • സവിശേഷ പഠന സമയവും പിന്തുണയുo കൃത്യമായി ഉപയോഗിക്കുന്നുണ്ട്.

  • ഒന്നാം ക്ലാസ് കാണാൻ നല്ല ഭംഗിയാണെന്ന് മറ്റുള്ളവർ പറയുമ്പോൾ അഭിമാനം തോന്നുന്നു 

  • ഒന്നാമത്തെ യൂണിറ്റ് അവസാനിക്കുമ്പോൾ ഒരു അധ്യാപിക എന്ന നിലയിൽ 100% സംതൃപ്തി തോന്നുന്നുണ്ട്. 

പിങ്കി കെ വി 

ഗവ യു പി എസ് പൂഴിക്കാട്,

പന്തളം, പത്തനംതിട്ട


35

കൂടുതൽ എഴുത്ത് അനുഭവം ആവശ്യമായിരുന്നു.

ഞാൻ ഇന്ദുജ 

തൃക്കുറ്റിശ്ശേരി ഗവ : യു പി സ്കൂൾ ഒന്നാം തരം അധ്യാപിക 

എന്റെ ക്ലാസിൽ ആകെ 29 കുട്ടികൾ 

പ്രത്യേക പരിഗണന അർഹിക്കുന്നവർ 3

ഒന്നാം യൂണിറ്റ് പറവകൾ പാറി എന്ന പാഠഭാഗം കഴിഞ്ഞപ്പോൾ 

  • പ, ട, റ, വ, ക, ൾ, ത, ല, ന എന്നീ അക്ഷരങ്ങൾ തിരിച്ചറിയുന്നവർ -23

  • ക, ൾ എന്നീ അക്ഷരങ്ങൾ തിരിച്ചറിയുന്നതിന് പ്രയാസം നേരിട്ടവർ -4

  • ആ, ഇ, ഉ ചിഹ്നങ്ങൾ തിരിച്ചറിയുന്നവർ -22

  • ഊ ചിഹ്നം തിരിച്ചറിയാൻ പ്രയാസം നേരിട്ടവർ -5

കലാകായിക പ്രവൃത്തിപരിചയ പ്രവർത്തനങ്ങൾ തികച്ചും ഫലപ്രദവും ആസ്വാദ്യകരവും ആയിരുന്നു.

കൂട്ട ബോർഡ് എഴുത്ത് ഫലപ്രദമായി നടത്താൻ കഴിഞ്ഞു.( ക്ലാസിൽ സൗകര്യം ഉണ്ട് )

85 ശതമാനം കുട്ടികൾക്കും വായനാ കാർഡുകൾ അക്ഷരങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് വായിക്കാൻ സാധിക്കുന്നുണ്ട്.

ഈ പാഠഭാഗവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് കിട്ടുന്ന എഴുത്ത് അനുഭവം 6 പീരിയഡുകൾ ആണ് ഹാൻഡ് ബുക്കിൽ നൽകിയത്. എന്നാൽ ഇത്രയും അക്ഷരങ്ങളും ചിഹ്നങ്ങളും ബോധ്യപ്പെടുത്താൻ കൂടുതൽ എഴുത്ത് അനുഭവം ആവശ്യമായിരുന്നു.

ഉ, ഊ ചിഹ്നങ്ങൾ കൂടുതൽ സന്ദർഭങ്ങളിൽ പാഠഭാഗത്ത് പ്രയോഗിച്ചതായി കണ്ടില്ല (നു, തൂ )

ലഭിച്ച വായനാ കാർഡുകളിലും ഈ ചിഹ്നങ്ങൾക്ക് പുനരനുഭവ  സാധ്യത ഇല്ലായിരുന്നു.

അതുകൊണ്ട് മറ്റ് അക്ഷരങ്ങളുടെ കൂടെ ഈ ചിഹ്നങ്ങൾ ചേർത്തു വരുമ്പോൾ നിലവിൽ പ്രയാസം നേരിടുന്നുണ്ട്.

തുടർന്നുവരുന്ന പാഠഭാഗങ്ങളിൽ ഈ പ്രയാസങ്ങൾ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു 

36

കഴിഞ്ഞ ക്ലസ്റ്ററിൽ പരിമിതികളേക്കാൾ മേന്മകളായിരുന്നു കൂടുതലും അധ്യാപകർ പങ്കുവെച്ചത്

ഒന്നാം യൂണിറ്റ് പൂർത്തിയായത് വെള്ളിയാഴ്ചയാണ് July - 12 ന്. ഇപ്പോൾ കുട്ടികളും രക്ഷിതാക്കളും കൂടെ ഞാനും ഹാപ്പിയാണ്. നിർദേശിച്ച പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ കഴിഞ്ഞു. പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് വരുന്ന വാക്കുകൾ എല്ലാവരും എഴുതുകയും വായിക്കുകയും ചെയ്യുന്നു. വൈവിധ്യമായ പ്രവർത്തനങ്ങൾ ആയതുകൊണ്ട് കുട്ടികൾക്ക് നല്ല താല്പര്യമാണ്. പനിയായാലും അധിക ദിവസം വീട്ടിലിരിക്കാൻ കുട്ടികൾ തയ്യാറല്ലെന്നും,  സ്കൂളിലേക്ക് വരാൻ ശാഠ്യം പിടിക്കുന്നതായും രക്ഷിതാക്കൾ തന്നെ പറയുന്നു.

എല്ലാവരും നല്ല പ്രകൃതി നിരീക്ഷകരായി. പരീക്ഷണത്തിൽ താല്പര്യമുള്ളവരായി.

പക്ഷി ക്വിസ്, ആൽബ നിർമ്മാണം, രംഗാവിഷ്കാരം എല്ലാം നന്നായി കുട്ടികൾ ആസ്വദിച്ച് ചെയ്യുമ്പോൾ ഞങ്ങളും സംതൃപ്തരാണ്. കഴിഞ്ഞ ക്ലസ്റ്ററിൽ പരിമിതികളേക്കാൾ മേന്മകളായിരുന്നു കൂടുതലും അധ്യാപകർ പങ്കുവെച്ചത്. 

ആവർത്തിച്ചുള്ള വായ്ത്താരികൾ ഏറെ ഗുണം ചെയ്യുന്നതായി അഭിപ്രായപ്പെട്ടു.

സംയുക്ത ഡയറി July 15 ന് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ കടന്നുപോയി, പ്രതീക്ഷിച്ച result കുട്ടികളിൽ നിന്ന്  ലഭിച്ചപ്പോൾ ഏറെ സന്തോഷം, അഭിമാനം'

സി.എം. ഉഷ

ദേശമിത്രം UPS

ചേടിച്ചേരി' ഇരിക്കൂർ ഉപജില്ല ,കണ്ണൂർ

37

HB ഒരു ഉത്തമ സുഹൃത്തായി മാറി.

  • ആസ്വാദനമികവിൽ ഒരു മാസം കടന്നുപോയതറിഞ്ഞില്ല. ആദ്യ ക്ലസ്റ്റർ മുതൽ ?പാഠ പുസ്തകവും കൈയിൽ കിട്ടുന്നതുവരെ യുള്ള അങ്കലാപ്പ് ഇപ്പോൾ ഓർക്കുമ്പോൾ ചിരിവരുന്നു. എങ്ങനെയാണ് ഓരോ ഭാഗവും എടുത്ത് തീർക്കേണ്ടത് എന്ന് ഓർത്ത് വിഷമിച്ചപ്പോൾ HB ഒരു ഉത്തമ സുഹൃത്തായി മാറി.

പിന്നീടുള്ള ചിന്ത കുഞ്ഞെഴുത്തിനെ കുറിച്ചായി. വിചാരിച്ചതിലും വേഗത്തിൽ മക്കൾ അത് നെഞ്ചോട് ചേർത്ത് വച്ചു. പഠനം രസകരമാക്കാൻ വന്ന പരീക്ഷണവും നിരീക്ഷണവും രംഗാവിഷ്കാരവും പഠന തന്ത്രങ്ങളിൽ മറ്റൊരു മുതൽക്കൂട്ടായി.

കുട്ടികളെക്കാൾ ആകാoക്ഷകരായിരുന്നു രക്ഷിതാക്കളും മറ്റ് അധ്യാപകരും. ഓരോ ദിവസവും ക്ലാസിലെ വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾ പറഞ്ഞും വീഡിയോ കണ്ടും രക്ഷിതാക്കളും പഠനപ്രവർത്തനത്തെ കുറിച്ച് വാചാലരായി. 

ഇനി സംയുക്ത ഡയറി കൂടി വന്നാൽ എല്ലാരും Happy.

വായ്ത്താരികളും പാട്ടും കഥയും നിറഞ്ഞ ഒന്നാം യൂണിറ്റ് തീർന്നപ്പോൾ ഇതു പോലെ തന്നെ അടുത്ത ഭാഗവും എടുത്തു തരില്ലേ എന്ന മക്കളുടെ ചോദ്യം എന്നിൽ കൂടുതൽ രസകരമായ പ്രവർത്തനങ്ങൾ കണ്ടെത്താനുള്ള ജിജ്ഞാസ ഉണർത്തിയിരിക്കുന്നു...

സൂര്യ

കാനാട് എൽ.പി സ്കൂൾ

മട്ടന്നൂർ ഉപജില്ല

കണ്ണൂർ

38

അധ്യാപകർക്ക് ഇതിലേറെ എന്ത് പ്രചോദനമാണ് വേണ്ടത്? 

ഉത്സാഹത്തോടെവരികയും പ്രവർത്തനങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുന്ന കുഞ്ഞുങ്ങൾ. അതിലേറെസംതൃപ്തരായ രക്ഷിതാക്കൾ.

ഒരുപ്രവർത്തനം പോലും ഒഴിവാക്കാതെ ചെയ്യാൻ അധ്യാപകർക്ക് ഇതിലേറെ എന്ത് പ്രചോദനമാണ് വേണ്ടത്? പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചുള്ള വായനാസാമഗ്രികൾഎത്രഒഴുക്കോടെയാ

ഭാഷയിൽ മാത്രമല്ല കലാകായികപ്രവൃത്തിപരിചയ വിഷയങ്ങളിലും കുട്ടികളുംരക്ഷിതാക്കളും വളരെയധികം മുന്നേറിയിട്ടുണ്ട്. പരീക്ഷണം നിരീക്ഷണം എന്നിങ്ങനെയുള്ള പരിസരപഠന പ്രക്രിയാശേഷികളും കുട്ടികൾക്ക്താൽപര്യത്തോടെ ഇടപഴകാൻ തുടങ്ങിയിട്ടുണ്ട്.

അറുവ  ടി

എച്ച്.ഐ.എയു.പി.സ്കൂൾ ചിത്താരി

ബേക്കൽ ഉപജില്ല

കാസർഗോഡ്

39

സംതൃപ്തി നിറഞ്ഞ ഒന്നാം പാഠവും ആദ്യ ക്ലാസ്സ്‌ പി ടി എ യും*

ഈ വർഷം 38 കുട്ടികളോടെ 2 ഡിവിഷനുകളായുള്ള പുതിയ സിലിബാസോടുകൂടിയ ഒന്നാം ക്ലാസ്സ്‌. 

2024 മാർച്ച്‌ 12 മുതൽ 16 വരെ തിരുവനന്തപുരത്ത് നിന്ന് നവം‘24 അധ്യാപക പരിശീലനത്തിൽ നിന്നും അവധിക്കാല അധ്യാപക പരിശീലനത്തിൽ നിന്നും ലഭിച്ച പാഠ പുസ്തക വിശകലനവും പഠന പ്രവർത്തനങ്ങളുമൊക്കെയായി ഒന്നാം ക്ലാസ്സിലേക്ക്. 

പാഠപുസ്തകത്തിനു പുറമേ കുട്ടികൾക്ക് അവരോടിണങ്ങിയ രീതിയിലുള്ള കുഞ്ഞെഴുത്ത് പ്രവർത്തനപുസ്തകവുമൊക്കെയായി ക്ലാസ്സിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.

കഥയും പാട്ടും വരയും നിറം നൽകലും കളിയും നിർമ്മാണവും അന്വേഷണാത്മകവും പരീക്ഷണങ്ങളും അഭിനയവും കരകൗശാലങ്ങളുമൊക്ക ഉൾചേർന്നുകൊണ്ടുള്ള മലയാളം ഒന്നാം പാഠം. 

കുട്ടികൾക്ക് പ്രയാസമില്ലാതെ മുകളിൽ നൽകിയ പ്രവർത്തനങ്ങളിലൂടെ ഒന്നാം പാഠം പറവകൾ പാറി കഴിയുമ്പോഴേക്കും അവരിലുള്ള മുന്നറിവുകളും അനുഭവങ്ങളുമൊക്കെയായി പഠന നേട്ടം / ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചു.


ഒന്നാം പാഠം കഴിഞ്ഞപ്പോൾ മക്കൾ ഒന്നാം പാഠത്തിൽ സ്വയാത്തമാക്കേണ്ട അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയ ലഘു വായന സാമഗ്രികളും പാഠഭാഗങ്ങളും വായിക്കുന്നത് ഇന്ന് രക്ഷിതാക്കൾ സ്റ്റാറ്റസ് വെക്കുന്നതാണ് കാണാൻ കഴിയുന്നത്

കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും ഇന്ന് അക്ഷരഘടനയിൽ തിരിച്ചറിവുണ്ടായി. 

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്ലാസ്സ് പി ടി എ യിൽ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു,  അവരിൽ നിന്നും സംതൃപ്തി നിറഞ്ഞ വാക്കുകൾ കേട്ടു 

കഴിഞ്ഞ വർഷം സംയുക്ത ഡയറി കൃത്യമായി എഴുതി മാറ്റം തിരിച്ചറിഞ്ഞ കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകൾ മറ്റു രക്ഷിതാക്കൾക്ക് ആത്മവിശ്വാസവും പകർന്നു 

ഓരോ പ്രവർത്തനങ്ങളിലും സ്കൂൾ പ്രധാനധ്യാപകന്റെയും മറ്റു സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകൾ സജീവമാണ് എന്നത് സന്തോഷമേറിയതാണ് 

ഇനിയുള്ള യൂണിറ്റുകളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസത്തിൽ...

റിഷാദ്. എസ്. എം 

തെരൂർ എം.എൽ.പി സ്കൂൾ 

എടയന്നൂർ 

മട്ടന്നൂർ സബ് ജില്ല

കണ്ണൂർ ജില്ല

40

അവരുടെ കൂടെ ഞാനും ഒരുകുട്ടിയായി മാറി.

ഒന്നാം ക്ലാസ്സിലെ ഈ വർഷം മാറി വന്ന പുസ്തകത്തിലെ ആദ്യത്തെ യൂണിറ്റ് അവസാനിച്ചപ്പോൾ കുട്ടികൾ വളരെ വേഗത്തിൽ പാഠഭാഗത്തെ വാക്കുകൾ വായിക്കുകയും വായനാക്കാർഡ് ഗ്രൂപ്പിൽ അയക്കുമ്പോൾ വളരെ പെട്ടന്ന് തന്നെ അവയെല്ലാം ഉത്സാഹത്തോടെ വായിച്ചയക്കുന്നത് കാണുമ്പോൾ ടീച്ചറെന്ന നിലയിൽ മനസ്സിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.

പറവകൾ പാറി എന്ന പാഠത്തിൽ കിളികളായി പറന്നപ്പോൾ അവർ കാണിച്ച താൽപ്പര്യം വിവരണാതീതം.

മുട്ടത്തോട്  ഭാരം താങ്ങുമോ? ബുക്കുകൾ ഓരോന്നും അടിക്കടിയായി വെക്കുമ്പോൾ ഇപ്പം പൊട്ടും ഇപ്പം പൊട്ടുമെന്ന് പറഞ്ഞ് കുട്ടികൾ തുള്ളിച്ചാടി. അവരുടെ കൂടെ ഞാനും ഒരുകുട്ടിയായി മാറി. മുട്ടത്തോടിൽ വിവിധ തരം ചിത്രങ്ങൾ വരക്കുകയും അവ കുട്ടികൾ ഇടക്കിടെ കൗതുകത്തോടെ നോക്കുന്നതും മനസ്സിന് സന്തോഷം തന്നു. കുഞ്ഞെഴുത്തിലെ വർക്കും മക്കൾ നന്നായിചെയ്തു

12കുട്ടികളിൽ 9 കുട്ടികൾ അക്ഷരങ്ങൾ മനസ്സിലാക്കി നന്നായി വായിക്കുന്നുണ്ട്. 2കുട്ടികൾ ഭാഗികമായി മനസ്സിലാക്കി 1കുട്ടിയാണ് നന്നായി പ്രയാസപ്പെടുന്നത് മോൻ തമിഴ്നാട്ടിൽ നിന്ന് വന്ന കുട്ടിയാണ് .  മോന്  എഴുതാനും വായിക്കാനും പ്രയാസം നേരിടുമ്പോൾ അടുത്തിരുത്തി  എഴുതിപ്പിക്കുയയും വായിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ള അവസരങ്ങളിൽ മറ്റ് കുട്ടികൾക്കൊപ്പം ചേർന്ന് പ്രവർത്തനങ്ങളിൽ ചെയ്യുന്നുമുണ്ട് 

Ralna Raveendran S

Vattoli lps


41

പരിഭവങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്

ഈ വർഷത്തെ ആദ്യ ക്ലാസ് പി ടി എ വിളിച്ചപ്പോൾ എല്ലാവർക്കും പുതിയ പാഠപുസ്തകത്തെ പറ്റിയും പഠന രീതിയെ പറ്റിയും ആശങ്കയും പരിഭവങ്ങളും ആയിരുന്നു. എല്ലാവരുടെയും പൊതുവായ പരാതി ടെക്സ്റ്റ്‌ ബുക്കിൽ ഒന്നും ഇല്ലല്ലോ, ക്ലാസ് മുറിയിൽ എന്നും കളിയും ചിത്രം വരയും നിറം നൽകലുമാണല്ലോ എന്ന്. അതുപോലെ പ്രീ പ്രൈമറിയുമായുള്ള താരതമ്യം. "ഞങ്ങളുടെ കുട്ടികളൊക്കെ യുകെജിയിൽ ഒക്കെ നല്ല പഠിത്തമായിരുന്നു. ഒന്നിൽ എത്തിയപ്പോൾ എഴുത്തും വായനയും ഹോം വർക്ക്‌ ഒന്നും ഇല്ലല്ലോ" എന്ന്...

ചുരുക്കത്തിൽ പറഞ്ഞാൽ ആദ്യത്തെ 10 ദിവസത്തെ സന്നദ്ധതാ പ്രവർത്തനങ്ങൾ ആയിരുന്നു രക്ഷിതാക്കളുടെ പരാതി. സന്നദ്ധതാ പ്രവർത്തനങ്ങളുടെ പ്രാധാന്യം മീറ്റിങ്ങിൽ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചിലർക്കെങ്കിലും ബോധ്യപെട്ടില്ല എന്നതാണ് വസ്തുത...

എന്നാൽ മാറ്റങ്ങൾ പെട്ടന്നായിരുന്നു പാഠപുസ്തകങ്ങൾ എടുത്തു തുടങ്ങിയപ്പോഴേക്കും രക്ഷിതാക്കൾ പറയാതെ തന്നെ പഠനസന്നദ്ധ ഉള്ള കുട്ടികളെയാണ് രക്ഷിതാക്കൾ കണ്ടത്..

തങ്ങളുടെ കുട്ടികൾ സ്വന്തമായി എഴുതുന്നതും വായിക്കുന്നതും രക്ഷിതാക്കള്‍ക്ക് അഭിമാനം. അത് ക്ലാസ് ഗ്രൂപ്പിൽ പങ്കു വച്ചതും അധ്യാപകനായ എന്നെ അഭിനന്ദിച്ചതും ഏറെ സന്തോഷം തോന്നിച്ചു..

ഹാൻഡ് ബുക്കിലെ കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങളും *ആർപ്പോ ഇർറോ* ഗ്രൂപ്പിലെ റിസോഴ്സ് അധ്യാപകരുടെ സജീവ പിന്തുണയുമാണ് രക്ഷിതാക്കളിൽ ഉണ്ടാക്കിയ ഈ മാറ്റത്തിന്റെ പ്രധന കാരണം..

വായനദിനത്തിൽ തുടക്കം കുറിച്ച കഥോത്സവം കുട്ടികളിൽ ഏറെ മാറ്റം ഉണ്ടാക്കി . ഓരോ ദിവസവും ക്ലാസിൽ വരുമ്പോൾ മാഷേ ഇന്ന് ഞാൻ കഥ പറയാം എന്ന് കുട്ടികൾ പറയുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ട്. കഥവായിച്ച ഉടനെ മാഷേ അടുത്ത പുസ്തകം തരാമോ എന്ന ചോദ്യവും ക്ലാസിൽ സജീവമാണ്...

അതുപോലെ ക്ലാസിൽ നടത്തിയ ദൃശ്യാവിഷ്കരം ന്യൂസ്‌ ചാനലിൽ വന്നത് കുട്ടികളിലും രക്ഷിതാക്കളിലും ഏറെ അഭിമാനം ഉണ്ടാക്കി..

ഇത്തരത്തിൽ ഓരോ പ്രവർത്തനവും രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്തത് അധ്യാപകനായ എന്നിലും ഏറെ ആത്മവിശ്വാസമുണ്ടാക്കി . 

ഒന്നാം പാഠഭാഗത്തിന്റെ അവസാനം നടന്ന സർഗാത്മക പരീക്ഷ എന്റെ ക്ലാസിലെ 18 കുട്ടികളും വിജയകരമായി പൂർത്തിയാക്കി. 18 ൽ 16 കുട്ടികളും സ്വതന്ത്രമായി യൂണിറ്റ് ടെസ്റ്റ്‌ പൂർത്തിയാക്കി. 2 കുട്ടികൾക്ക് പിന്തുണ നൽകിയപ്പോൾ അവരും യൂണിറ്റ് ടെസ്റ്റ്‌ പൂർത്തിയാക്കി. യൂണിറ്റ് ടെസ്റ്റ്‌ കഴിഞ്ഞപ്പോൾ രക്ഷിതാക്കൾക്ക് ഇരട്ടി മധുരമായി..

ഒന്നാം യുണിറ്റ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ കുട്ടികളിൽ കണ്ട ഒരു രസകരമായ അനുഭവം കൂടി ഇവിടെ എഴുതാൻ ആഗ്രഹിക്കുന്നു. ക്ലാസിലേക്ക് ഒരു കുഞ്ഞൻ അഥിതി വന്നു. ഒരു പുൽച്ചാടി (തുള്ളൻ ). കുട്ടികൾ ഏറെ സന്തോഷത്തോടെ അതിനു  പേരിട്ടു. അതിനു വീടാക്കുന്നു, അതിനു കാറ്റ് കിട്ടാൻ പേപ്പർ കൊണ്ട് ഫാൻ ആക്കുന്നു, വെള്ളം നൽകുന്നു.. കുഞ്ഞു മനസ്സിൽ അവർക്ക് അതൊരു പറവമാണ്. അവർ അതിനെ pet ആയി കണ്ട് വളർത്തി. പുൽച്ചാടി ആണെങ്കിൽ എന്നും അവിടെ ഉണ്ട്. ഒരു ദിവസം കുട്ടികൾ വരുമ്പോൾ പുൽച്ചാടിക്ക് അനക്കം ഇല്ല. കുട്ടികൾ വെള്ളം നൽകി. ഏറെ സങ്കടത്തോടെ അവർ എന്റെ അടുത്തു വന്നു കാര്യം പറഞ്ഞു. പുൽച്ചാടി മരിച്ച കാര്യം പറഞ്ഞപ്പോൾ കുട്ടികൾക്ക് വിഷമമായി. കുട്ടികളുടെ സങ്കടം മാറാൻ കുട്ടികൾക്കായി ഒരു കുഞ്ഞു ബൗളിൽ മീനിനെ വാങ്ങി കൊടുത്തു. 

കുട്ടികൾ ഇപ്പോൾ ഹാപ്പിയാണ്...പാഠഭാഗത്തൂടെ കുട്ടികൾ നേടേണ്ട മൂല്യങ്ങൾ (സഹജീവി സ്നേഹം )എന്റെ മക്കൾ നേടിയിട്ടുണ്ടെന്ന് ഈ അനുഭവത്തിലൂടെ എനിക്ക് ആത്മവിശ്വാസത്തോടെ പറയാം .

*ക്ലാസ് പി ടി എ മീറ്റിംഗ് -2*

ജൂലൈ 12 നു ഓൺലൈൻ മീറ്റിംഗ് നടത്തിയപ്പോൾ രക്ഷിതാക്കൾ ഒരേ സ്വരത്തിൽ പഠന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

തങ്ങളുടെ കുട്ടികൾ പ്രീ പ്രൈമറിയിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ടെന്നും, വളരെ അധികം താല്പര്യത്തോടെയാണ്  മക്കൾ ഇപ്പോൾ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതെന്നും, ജലദോഷം വന്നപ്പോൾ പോലും എനിക്ക് സ്കൂളിൽ പോകണം എന്ന് കുട്ടികൾ വാശി പിടിച്ചു എന്നൊക്കെ രക്ഷിതാക്കൾ പറഞ്ഞു..

അതുപോലെ ഇപ്പോൾ എന്റെ കുട്ടി അക്ഷരങ്ങൾ കൃത്യമായാണ് എഴുതുന്നതെന്നും UKG യിൽ അവൻ അക്ഷരം എഴുതുന്നരീതിയിൽ നിന്നും മാറി മാഷ് ഗ്രൂപ്പിൽ ഇട്ട അക്ഷര ഘടന പാലിച്ചാണ് എഴുതുന്നത് എന്ന് പറഞ്ഞപ്പോൾ ഏറെ സംതൃപ്തിയും ആത്മവിശ്വാസവും പകർന്നു. സംയുക്ത ഡയറിയെപ്പറ്റി മീറ്റിങ്ങിൽ പറയുകയും ജൂലൈ 15 നു തുടങ്ങാം എന്നും പറഞ്ഞു. അടുത്ത ദിവസം അതാ ഒരു രക്ഷിതാവിന്റെ ഫോൺ കാൾ.. മാഷേ മോൻ ഒരേ വാശി ഇന്ന്  ഡയറി എഴുതണം എന്ന്.. അവൻ ഇന്ന് ഒരു വെള്ളത്തിൽ ഉണ്ടായിരുന്ന പൂമ്പാറ്റയെ രക്ഷിച്ചിരുന്നു. അത് ഡയറിയിൽ എഴുതാൻ വാശി പിടിക്കുന്നുണ്ട്. എഴുതിയാൽ പ്രശ്നമുണ്ടോ എന്നും ചോദിച്ചു. അവന്റെ ആഗ്രഹം പോലെ ഡയറി എഴുതിക്കോളാൻ ഞാൻ നിർദ്ദേശം നൽകി. കുട്ടികളുടെ ഇത്തരം പ്രതികരണം നമുക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും ഞാൻ രക്ഷിതാവിനോടും പറഞ്ഞു.

എല്ലാം കൊണ്ടും ഞാനും എന്റെ ക്ലാസിലെ മക്കളും സന്തോഷത്തിലാണ്. അതുപോലെ രക്ഷിതാക്കൾ സംതൃപ്തരുമാണ്.

ആർപ്പോ ഇർറോ ഗ്രൂപ്പിൽ സജീവമായി വരുന്ന റീഡിങ് കാർഡുകളും മറ്റ് ICT ഉൾപ്പടെയുള്ള വിഭവങ്ങളും, നിർദ്ദേശങ്ങളും പഠനപ്രവർത്തങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.

എങ്കിലും സമയബന്ധിതമായി പാഠഭാഗം പൂർത്തിയാക്കാൻ സാധിക്കുമോ എന്നൊരു ആശങ്ക എന്നിലുണ്ട്. കുഞ്ഞെഴുത്തു പുസ്തകം വൈകിയതും പാഠഭാഗം തുടങ്ങാൻ വൈകിയതും ഒരു പോരായ്മ ആയി കാണുന്നുണ്ട്. എങ്കിലും ഇപ്പോൾ രണ്ടാം പാഠഭാഗം തുടങ്ങി 4 ദിവസത്തോളമായിട്ടുണ്ട്.

ഇനിയുള്ള യൂണിറ്റുകളും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്.  സ്റ്റേറ്റ് റിസോഴ്സ് ടീമിൽ നിന്നും നിലവിൽ ലഭിക്കുന്ന പിന്തുണ തുടർന്നും ലഭിക്കും എന്ന വിശ്വാസത്തോടെ നിർത്തുന്നു..

സഞ്ജയ്‌ കെ

മാച്ചേരി ന്യൂ യു പി സ്കൂൾ

കണ്ണൂർ നോർത്ത് ഉപജില്ല.

42

ക്ലാസ്സിലെ രസകരമായ ഒരു നേർക്കാഴ്ച.

പറവകൾ പാറി എന്ന യൂണിറ്റ് ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു 11 മണിയോടുകൂടി മുറ്റത്ത് ഒരു പക്ഷി പറന്നു വന്നിരുന്നു. കുറെ സമയം അത് മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഏകദേശം 12.30. കുഞ്ഞുമക്കൾ ആഹാരം കഴിക്കുന്നതിനായി ക്ലാസ്സിൽ എത്തി. അതാ ഈ പക്ഷിയും വാതിൽ അടുത്തെത്തി. ശാന്തമായി അവിടെയിരുന്നു. കുഞ്ഞുമക്കൾ അതാ ടീച്ചറെ പുതിയൊരു പക്ഷി എന്നു പറഞ്ഞ് എണീറ്റ് വന്നു. കൊക്കല്ല കുഞ്ഞിമക്കൾ അവർക്ക് അറിയാവുന്ന പക്ഷിയുടെ എല്ലാം പേര് പറഞ്ഞു. നിങ്ങൾക്കും ഇപ്പോഴില്ലേ ഒരു ആകാംക്ഷ അത് ഏതു പക്ഷി ആണെന്ന് അറിയാൻ? അത് മറ്റാരുമല്ല ഒരു പരുന്ത് തന്നെ. അതിന്റെ ഒരു തൂവൽ ആയിട്ട് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു.കുറെ പക്ഷികളുടെ തൂവൽ ഞാൻ ശേഖരിച്ച് ഒരു ആൽബം ഉണ്ടാക്കി. കുഞ്ഞുമക്കൾ ഉണ്ടാക്കിയിരുന്നു. ഞാനെപ്പോഴും പറയുമായിരുന്നു എനിക്ക് ഒരു പരുന്തിന്റെ തൂവൽ കിട്ടിയിരുന്നുവെങ്കിൽ എന്ന്.അപ്പോൾ എന്റെ ഹെഡ്മിസ്ട്രസ് സിബി ടീച്ചർ പറഞ്ഞു ടീച്ചർ എപ്പോഴും പറയുമായിരുന്നല്ലോ ഒരു പരുന്തിന്റെ തൂവൽ കയ്യിൽ ഇല്ലല്ലോ എന്ന്. അതായിരിക്കാം ടീച്ചർ കുറേ ദിവസങ്ങളായി ഇങ്ങനെ പറയുന്നതു കൊണ്ടായിരിക്കാം ആ പരുന്ത് തന്നെ നമ്മുടെ സ്കൂളിലേക്ക് എത്തിയത്. അവൻ ഉച്ചയോടുകൂടി കുഞ്ഞുമക്കളുടെ ആഹാരങ്ങളുടെ വേസ്റ്റ് ഒക്കെ കഴിച്ചു അവൻ നല്ല വെയിലത്ത് സ്കൂളിന്റെ മുകളിൽ ചിറകു വിരിച്ചു തന്നെ കിടന്നു. അന്നത്തെ ദിവസം വലിയൊരു കാഴ്ച തന്നെയായിരുന്നു അത്. ഞാനും എന്റെ മക്കളും പരുന്തിനെ കുറിച്ച് പാടി

 വന്നല്ലോ വന്നല്ലോ പരുന്ത് വന്നല്ലോ ഞങ്ങളുടെ സ്കൂളിലും പരുന്ത് വന്നല്ലോ കുട്ടികൾക്കെല്ലാം കൗതുകമായി ആഹ്ലാദത്തോടെ ഒപ്പം ഏറ്റുപാടി വന്നല്ലോ വന്നല്ലോ പരുന്ത് വന്നല്ലോ പൊൻകുന്നം സ്കൂളിലും പരുന്ത് വന്നല്ലോ. എല്ലാവരും എന്നോടൊപ്പം ഏറ്റുപാടി.  വെയില് കായൽ എല്ലാം കഴിഞ്ഞ് ക്ലാസ്സിന്റെ അകത്തു വന്ന് ഡെസ്ക്കിൽ ഇരുന്നു. അവന് കുഞ്ഞുമക്കൾ ഉബൈസ് എന്ന പേരിട്ടു. സ്കൂൾ വിട്ട സമയത്ത് അത് പറന്ന് മുകളിലെ കൊമ്പിൽ ചെന്നിരുന്നു. ആ കാഴ്ച ഒരു നേർ അനുഭവം തന്നെയായി മാറി. സത്യത്തിൽ നേരിട്ട് പരുന്തിനെ കണ്ട് അതിന്റെ അതിന്റെ തൂവൽ ഒക്കെയും കുഞ്ഞുമക്കൾക്ക് നേരിട്ട് കാണുന്നതിനും ഇടയായി. അങ്ങനെ ഞങ്ങളുടെ ചില കുറുമ്പിക്കാക്കകൾ അതിനെ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു. പക്ഷേ പറ്റിയില്ല. ഞങ്ങൾക്ക് ഒരു ഒറ്റക്കാലൻകാക്ക ഉണ്ട്. പക്ഷേ അവൻ അന്ന് വന്നില്ലായിരുന്നു.

43

മാറിയ പുസ്തകം കുട്ടികളിൽ നല്ലൊരു മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്

ഈ വർഷം ഒന്നാം ക്ലാസിലെ പുസ്തകം മാറിയപ്പോൾ ഒത്തിരി പേടിയുണ്ടായിരുന്നു. ക്ലസ്റ്ററിൽ പങ്കെടുത്തപ്പോൾ  കുറച്ചു കാര്യങ്ങൾ കിട്ടി ഇത് എങ്ങനെ ക്ലാസിൽ പ്രാവർത്തികമാക്കും. രക്ഷിതാക്കളുടെ സഹകരണം ഉണ്ടാകുമോ ഇതെല്ലാം വലിയ ടെൻഷൻ ആയിരുന്നു. എന്നാൽ ക്ലാസ് തുടങ്ങി  കഴിഞ്ഞപ്പോൾ ഒരു പരിധിവരെ ടെൻഷൻ എല്ലാം മാറി. 13 കുട്ടികളുള്ള ക്ലാസ്സിൽ  രണ്ടുപേർ ഒഴികെ  ബാക്കിയെല്ലാവരും തന്നെ പാഠപുസ്തകം നന്നായി വായിക്കും. കൊടുക്കുന്ന വായന കാർഡുകൾ കുട്ടികൾ വായിച്ചു കാണുമ്പോൾ  ഒരു അധ്യാപിക എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നുന്നു. ഓരോ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കുട്ടികളോടൊപ്പം ഒരു കുട്ടിയുടെ കൗതുകത്തോടെയാണ് പൂർത്തിയാക്കിയത്. മുട്ടത്തോടിൽ ചിത്രം വരയ്ക്കാനും, മുട്ടത്തോട് എത്ര ഭാരം താങ്ങും, തൂവൽ നനയുമോ  എന്നിവയെല്ലാം ഒത്തിരി താല്പര്യത്തോടെ കൂടിയാണ് കുട്ടികൾ ചെയ്തത്. രക്ഷിതാക്കളുടെ സഹകരണവും വലുതായിരുന്നു. സംയുക്ത ഡയറിയുടെ കാര്യം പറഞ്ഞപ്പോഴും രക്ഷിതാക്കൾ വളരെ താല്പര്യത്തോടെ കൂടിയാണ്  ഏറ്റെടുത്തിരിക്കുന്നത്. ഒരു യൂണിറ്റ് കഴിഞ്ഞപ്പോൾ അവർ പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാനും ആ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചുള്ള വാക്കുകളും കുട്ടികൾ വായിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. മാറിയ പുസ്തകം കുട്ടികളിൽ നല്ലൊരു മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ശ്രീജ എം എസ് 

Glps malayattoor 

അങ്കമാലി സബ്ജില്ല

എറണാകുളം

44

എഴുത്തും വായനയും പഠിക്കാൻ വികസിപ്പിച്ച ഒന്നാം ക്ലാസിലെ പുതിയ രീതി ഏറെ ഫലപ്രദമായി എന്ന് തെളിഞ്ഞിരിക്കുന്നു 

ഒന്നാമത്തെ യൂണിറ്റ് ഞാൻ നോക്കുമ്പോൾ ഇതിൽ ഇത്രയെ ഉള്ളു എന്ന് കരുതി. എന്നാൽ യൂണിറ്റ് പഠിച്ചുകഴിയുമ്പോൾ എന്റെ മക്കൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനും അവർ ഒരുപാട് കാര്യങ്ങൾ, ഒട്ടേറെ മേഖലകളിലൂടെ കടന്നു പോയതായി തോന്നി.


ചിത്രംവര, നിറം നൽകൽ, അഭിനയം, നിരീക്ഷണം, പരീക്ഷണം തുടങ്ങി ഒരുപാട് മേഖലയിലൂടെ പുതിയ രീതി കടന്നു പോയത്.

പ്രവർത്തന പുസ്തകം എഴുതാനും നിറം നൽകാനും അത്പോലെതന്നെ അവർ പഠിച്ച അക്ഷരങ്ങൾ ഉപയോഗിച്ചു എഴുതാനും, കുട്ടികൾക്ക് വരക്കാനും തുടങ്ങി ഒരുപാട് അവസരങ്ങൾ അതിൽ ഉപയോഗിച്ചിട്ടുണ്ട് 

കുട്ടികളുടെ മനസ്സറിഞ്ഞ് അവർക്കായി വികസിപ്പിച്ച പുതിയ രീതി ഏറെ ഫലപ്രദമാണ് 

BMLPS Veliyambra kannur

45

ഒന്നാം ക്ലാസിലെ എഴുത്തും വായനയും പഠിപ്പിക്കാൻ വികസിപ്പിച്ച ഈ ഗവേഷണ മികവിന് അഭിനന്ദനങ്ങൾ. 

ഒന്നാം ക്ലാസിലെ പാഠഭാഗം ആദ്യമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കാൻ വന്ന സമയം ആശങ്കകൾ സൃഷ്ട്ടിച്ചിരുന്നു. ആശങ്കകൾക്ക് വിരാമം കുറിച്ച് അതിയായ സന്തോഷത്തിലേക്ക് പോവാൻ കുറച്ച് ദിവസം എടുത്തുള്ളു. കുട്ടികളുടെ സർഗാത്മകത തൊട്ടുണർത്തുന്ന പാഠഭാഗം കുട്ടികൾ ഏറെ ഇഷ്ട്ടത്തോടെ പൂർത്തിയാക്കിയത്. പാഠഭാഗങ്ങൾ കഴിഞ്ഞപ്പോൾ പഠിച്ച അക്ഷരങ്ങൾ വെച്ച് കുട്ടികൾ വായിച്ചത് മനസ് നിറയിച്ചു. വിരലുകൾ വെച്ച് വാക്കുകൾക്കിടയിലെ അകലം പാലിച്ചുള്ള എഴുത്തും അക്ഷര ഘടനയോടെ മക്കൾ എഴുതുന്നതും സന്തോഷം തന്നെ. ഒരു പാട് സന്തോഷം ..... ഒന്നാം ക്ലാസിലെ എഴുത്തും വായനയും പഠിപ്പിക്കാൻ വികസിപ്പിച്ച ഈ ഗവേഷണ മികവിന് അഭിനന്ദനങ്ങൾ. ഏറെ ഫലപ്രദം തന്നെയെന്ന് ഒന്നാം പാഠം തന്നെ തെളിയിച്ചിരിക്കുന്നു.

GHS THATHAPILLY

46

കൂട്ടെഴുത്ത്, കട്ടിക്കെഴുത്ത്, ചാർട്ടെഴുത്ത്, പുനരെഴുത്ത്

ഒന്നാം ക്ലാസിലെ *പറവകൾ പാറി* എന്ന യൂണിറ്റ് പൂർത്തീകരിച്ചപ്പോൾ കുട്ടികളും രക്ഷിതാക്കളും അധ്യാപികയായ ഞാനും വളരെ തൃപ്തരും അതിലുപരി സന്തോഷിക്കുന്നുമുണ്ട്. പാഠഭാഗത്തിലൂടെ സ്വായത്തമാക്കിയ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് വായിക്കുന്നു. കൂടാതെ അവർ തന്നെ പദങ്ങൾ കണ്ടെത്തി എഴുതുകയും ചെയ്യുന്നു.

കൂട്ടെഴുത്ത്, കട്ടിക്കെഴുത്ത്, ചാർട്ടെഴുത്ത്, പുനരെഴുത്ത് തുടങ്ങിയ പ്രാകിയാഘട്ടങ്ങളിലൂടെ കടന്നു പോയതുകൊണ്ട് തന്നെ ഉദ്ദേശിച്ച പഠനലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.

ക്ലാസ് പിടിഎ യിൽ കുട്ടികളുടെ പാട്ടരങ്ങും  , ക്ലാസ് പ്രവർത്തനത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങളും കാണാൻ അവസരം ഒരുക്കിയതും രക്ഷിതാക്കളിൽ വളരെ താല്പര്യം ജനിപ്പിച്ചു. പഠിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും വരുന്ന വായനക്കാർഡുകൾ  കുട്ടികൾ വായിക്കുന്നു എന്നതും രക്ഷിതാക്കൾ വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുകയുണ്ടായി.

പരീക്ഷണത്തിനും നിരീക്ഷണത്തിനും കലാ കായിക പ്രവൃത്തിപരിചയത്തിനും പ്രാധാന്യം പാഠഭാഗങ്ങളിൽ തന്നെ നൽകി അത് ക്ലാസ് റൂമിൽ കൃത്യമായി പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയിലാണ് Hand book തയ്യാറാക്കിയിട്ടുള്ളത് .

തുടർന്നുള്ള പാഠഭാഗങ്ങളും മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ, 

ഐശ്വര്യ ഇ കെ

വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ

കൊയിലാണ്ടി ഉപജില്ല

കോഴിക്കോട്

47

ഒന്നാം ക്ലാസ് കുട്ടികൾ പരീക്ഷണം ചെയ്തപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികളും അതിൽ പങ്കുചേർന്നു 

2024 25 വർഷത്തെ ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം ആകാംക്ഷയോടെ കാണുവാനായി കുഞ്ഞുമക്കളെ പോലെ ഞാനും കാത്തിരുന്നു.അതിലേറെ സചിത്ര പുസ്തകം കാണാനുള്ള ആകാംക്ഷയും. പുസ്തകം കിട്ടിക്കഴിഞ്ഞപ്പോൾ ഒന്നാമത്തെ യൂണിറ്റ് ആയ പറവകൾ പാറി എന്ന യൂണിറ്റ് പരിചയപ്പെടുന്നതിനും അതിലൂടെ പറവകൾ എല്ലാവരും ഒന്നാണെന്ന് ആശയം കാണിക്കുന്നതിനും മനസ്സിലാക്കുന്നതിനും കുട്ടികൾക്ക്  സാധിച്ചു. നാട്ടുകിളികളെക്കുറിച്ചും ദേശാടനപ്പക്ഷികളെ കുറിച്ചും മനസ്സിലാക്കുന്നതിനും സാധിച്ചു. അതിലുപരിയായി പരീക്ഷണം ചെയ്ത് കുട്ടികളിൽ കൗതുകമുണർത്തി. അധ്യാപകരായ  ഞങ്ങൾക്കും നാല് മുട്ടത്തോട് ഇത്രയും പുസ്തകങ്ങൾ താങ്ങി നിർത്തുമെന്ന് ഉള്ള ധാരണയും ഉണ്ടായി. ഒന്നാം ക്ലാസ് കുട്ടികൾ പരീക്ഷണം ചെയ്തപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികളും അതിൽ പങ്കുചേർന്നു  അതും ഒരു പുതിയ അനുഭവമായി. ഒന്നാം യൂണിറ്റിലെ ഊന്നൽ നൽകുന്ന അക്ഷരങ്ങൾ കുട്ടികൾക്ക് പല വായനക്കാർഡുകൾ പരിചയപ്പെടുന്നതിനും അത് എഴുതുന്നതിനും സാധിച്ചു. പാട്ടിന്റെ വായ്ത്താരികളും കുഞ്ഞുമക്കൾക്കും മനസ്സിലായി. ഈ വർഷവും പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് പിന്തുണ ബുക്കും ഉള്ളത് വളരെ സന്തോഷമാണ്. എന്നാൽ വർക്ക്‌ ബുക്കുകൾ ജൂലൈ ഒന്നാം ആഴ്ച കഴിഞ്ഞാണ് കിട്ടിയത്. അതിനാൽ അല്പം താമസം നേരിട്ടു. കുഞ്ഞുമക്കൾ ഉറക്കെ അക്ഷരങ്ങൾ പറഞ്ഞും ഘടനപാലിച്ചും  എഴുതുവാൻ കഴിവതും ശ്രമിക്കുന്നു. ജൂലൈ 15ന് തന്നെ ഡയറി എഴുതുവാനും കുഞ്ഞുമക്കൾക്ക് സാധിച്ചു. ജൂലൈ പത്താം തീയതി തന്നെ കുഞ്ഞുമക്കൾക്ക് സംയുക്ത ഡയറി എഴുന്നള്ള പരിശീലനം രക്ഷിതാക്കൾക്ക് നൽകി അതോടൊപ്പം ഒരു ശിൽപ്പശാലയും നടത്തി. പാഠഭാഗങ്ങൾ പുസ്തകത്തിലെ അക്ഷരങ്ങൾ നോക്കി വായിക്കുവാനും അവർ ശ്രമിക്കുന്നു. നൽകുന്ന അക്ഷരങ്ങൾ ചേർത്ത് പത്രത്തിൽ നിന്നും കുഞ്ഞുമക്കൾ വാക്കുകൾ കണ്ടെത്തുന്നു. എല്ലാ രക്ഷിതാക്കൾക്കും വളരെ സന്തോഷമാണ്. പിന്നോക്കം നിൽക്കുന്നവരെ പരിഗണിച്ചുകൊണ്ട് കൂടുതൽ പ്രവർത്തനം ചെയ്യുവാൻ നമുക്ക് സാധിക്കുന്നു. തുടർന്നുള്ള പാഠങ്ങളിലൂടെ കൂടുതൽ  നമ്മുടെ കുഞ്ഞുമക്കൾക്കു വായിക്കുവാനും എഴുതുവാനും മാർച്ച്‌ ആകുമ്പോഴേക്കും കഴിയട്ടെ. അങ്ങനെ ഈ വർഷം ഒന്നാം ക്ലാസ്സ്‌ ഒന്നാം തരം തന്നെ ആകട്ടെ.

ഷേർലി ജെ സി എം എസ് എൽ പി എസ് 

പൊൻകുന്നം 

കോട്ടയം



48

രണ്ടാമത്തെ യൂണിറ്റിലേക്കു കടന്നപ്പോൾ അക്ഷരങ്ങളുടെ പുനരനുഭവം  സഹായകമായി 

ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വിനിമയം ചെയ്തപ്പോൾ കുട്ടികൾ നല്ല താൽപ്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു. ചാർട്ടെഴുത്ത്, ബോർഡെഴുത്ത്, നോട്ടിലെഴുത്ത് ടീച്ചറുടെ പിന്തുണ തുടങ്ങിയവ പാലിച്ചു തന്നെ പ്രവർത്തനങ്ങൾ നൽകിയപ്പോൾ കുട്ടികൾക്ക് വേഗത്തിൽ വാക്യങ്ങൾ വാക്കുകൾ അക്ഷരങ്ങൾ എന്നിവ വായിക്കാനും എഴുതാനും കഴിഞ്ഞു. പ്രതിദിന വായനാപാഠം ഏറെ പ്രയോജനകരമായി 'രക്ഷിതാക്കൾ നല്ല അഭിപ്രായങ്ങൾ  രേഖപ്പെടുത്തി. പരീക്ഷണം, നിരീക്ഷണം, നിർമ്മാണം എന്നിവയ്ക്കുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയപ്പോൾ കുട്ടികൾ വളരെ സജീവമായി ഇടപെട്ടു. പാട്ടരങ്ങുംക്ലാസിനെ ഏറെ രസകരമാക്കാൻ സാധിച്ചു. രണ്ടാമത്തെ യൂണിറ്റിലേക്കു കടന്നപ്പോൾ അക്ഷരങ്ങളുടെ പുനരനുഭവം വന്നത് കുട്ടികളിൽ അക്ഷരങ്ങളും ചിഹനങ്ങളും കൂടുതൽ ഉറപ്പിക്കാൻ സഹായകമായി 'ഓരോ പ്രവർത്തനത്തിനും Handbook ൽ പറയുന്നത്ര സമയം മതിയാവുന്നില്ല എന്ന പോരായ്മയുള്ളതായി അനുഭവപ്പെട്ടു.

ശശികല സി

പുറക്കാട് എം.എൽ പി കോഴിക്കോട് ജില്ല

49

കൂട്ടബോർഡെഴുത്ത് നടത്താൻ വളരെ ആവേശത്തോടെയാണ് കുട്ടികൾ വരുന്നത്

ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം കണ്ടപ്പോൾ ഒന്നാമത്തെ യൂണിറ്റിൽ വളരെ കുറച്ചു മാത്രമേ ഉള്ളല്ലോ എന്ന് തോന്നിയിരുന്നു. എന്നാൽ ഒന്നാമത്തെ യൂണിറ്റ് പഠിപ്പിച്ചു കഴിഞ്ഞപ്പോൾ അവർ സ്വായത്തമാക്കിയ അക്ഷരങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് പുതു വായന പാഠങ്ങൾ വായിക്കുന്നതു കണ്ടപ്പോൾ അധ്യാപിക എന്ന നിലയിൽ വളരെ സന്തോഷം തോന്നി.

ഒന്നാമത്തെ യൂണിറ്റ് കഴിഞ്ഞപ്പോൾ നിരീക്ഷണം, നിർമ്മാണം, ചിത്രീകരണം, ഒട്ടിക്കൽ,നിറം നൽകൽ, പരീക്ഷണം അഭിനയം തുടങ്ങിയ വ്യത്യസ്തമായ പ്രവർത്തങ്ങളിലൂടെ വിവിധ വികാസ മേഖലകളിലൂടെ കടന്നുപോകാൻ സാധിച്ചു.എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടു കൂടി തന്നെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ആദ്യത്തെ ക്ലാസ് പി റ്റിഎയിൽ തന്നെ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ചതിനാൽ രക്ഷിതാക്കളുടെ നല്ല ഒരു കൈത്താങ്ങ് ലഭിക്കുന്നുണ്ട്. ഗ്രൂപ്പിൽ നൽകുന്ന പ്രതിദിന വായന പാഠങ്ങൾ കാർഡുകളാക്കി മാറ്റി കുട്ടികളെ വായിപ്പിക്കുകയും ഗ്രൂപ്പിൽ വായിച്ചിടുകയും ചെയ്യുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. 

പ്രക്രിയാ ഘട്ടങ്ങൾ പാലിച്ചു തന്നെ എഴുത്തും വായനയും നടന്നതിനാൽ ഒന്നാമത്തെ യൂണിറ്റ് എല്ലാവർക്കും വായിക്കാൻ കഴിഞ്ഞു.

ഓരോ ദിവസത്തെയും കൂട്ടബോർഡെഴുത്ത് നടത്താൻ വളരെ ആവേശത്തോടെയാണ് കുട്ടികൾ വരുന്നത്.

വാക്കകലം പാലിച്ചെഴുതാൻ ഇപ്പോൾ എല്ലാവരും തന്നെ ശ്രദ്ധിക്കുന്നുണ്ട്.

ക്ലാസ്‌പിറ്റിഎയിൽ കുട്ടികളുടെ മികളുടെ അവതരണം നടത്തുകയുണ്ടായി.

രക്ഷിതാക്കളും ഇപ്പോൾ വളരെ സന്തോഷത്തിലാണ് .

ബിനി

GLPS അറന്തക്കുളങ്ങര

അടൂർ

പത്തനംതിട്ട

50

അധ്യാപകർ മരങ്ങളായി മാറി, ഞങ്ങളും കുട്ടികളായി 

ഒന്നാമത്തെ യൂണിറ്റായ 'പറവകൾ പാറി പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ഊന്നൽ നൽകിയ അക്ഷരങ്ങൾ കുഞ്ഞുങ്ങളിൽ ഉറച്ചു. വായനകാർഡുകൾ നൽകുമ്പോൾ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നു. ഗ്രൂപ്പിൽ നൽകുന്ന വായനക്കാർഡുകൾ വായിച്ച് വളരെ ഉത്സാഹത്തോടെ വീഡിയോ പങ്കിടുന്നു. ഇവിടെ അഭിനന്ദിക്കേണ്ടത്, രക്ഷിതാക്കളെയാണ്. അവർ നൂറു ശതമാനം കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്നു.

പഠന പ്രവർത്തനങ്ങളെല്ലാം തന്നെ വ്യത്യസ്തവും താല്പര്യം ജനിപ്പിക്കുന്നതുമാണ്. പരീക്ഷണം, നിരീക്ഷണം തൂവൽ മയിൽ, മുട്ടത്തോടിൽ ചിത്രം വരയൽ, ദ്യശ്യാവിഷ്കാരം ഇവയെല്ലാം കുഞ്ഞുങ്ങളുടെ മനസിൽ തങ്ങി നിൽക്കുന്ന പ്രവർത്തനങ്ങളാണ്.

ദൃശ്യാവിഷ്കാരം പ്രവർത്തനത്തെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം പറയാതെ വയ്യ. ഓരോ സ്കൂളിലും ചെയ്ത  ഈ പ്രവർത്തനം ഗ്രൂപ്പിൽ വരുമ്പോ എനിക്ക് വിഷമമായിരുന്നു. കാരണം എന്റെ 5 മക്കളെ വച്ച് പ്രവർത്തനം മികച്ചതാക്കാൻ പറ്റില്ലല്ലോ എന്ന് . അധ്യാപകർ മരങ്ങളായി മാറി, ഞങ്ങളും കുട്ടികളായി ..... മക്കൾക്കൊപ്പം ചേർന്ന് ആ പ്രവർത്തനം പൂർത്തീകരിച്ചു. ക്ലാസിലെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വീഡിയോ ആയി ക്ലാസ് ഗ്രൂപ്പിൽ നൽകുന്നുണ്ട്.

ബോർഡെഴുത്ത് വളരെ താല്പര്യത്തോടെ 5 പേരും വാക്കകലം പാലിച്ച് എഴുതുന്നു. ക്ലാസ് പി ടി എ യിൽ 5 രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾ തൃപ്തരാണ്. കുട്ടികൾ ചെയ്തവർക്കുകൾ എല്ലാം നോക്കിക്കണ്ടു. മുട്ടത്തോടിലെ കലാപഠനം പ്രദർശനം നടത്തി. ക്ലാസ് പി ടി എ യിൽ എത്തിയ കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാരിയും അമ്മയും രക്ഷിതാക്കൾക്ക് പുത്തനുണർവ് പകർന്നു. സംയുക്ത ഡയറി എന്തെന്ന് തെളിവോടെ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം

പഠന ഭാരം തെല്ലുമില്ലാതെ, പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു ഒന്നാം ക്ലാസുകാർ. സുഖമില്ലാത്തപ്പോഴും വീട്ടിൽ നിൽക്കുന്നില്ല.  രക്ഷിതാക്കൾ പറയുന്നു, ടീച്ചറേ.... വീട്ടിൽ നിൽക്കുന്നില്ല കരച്ചിലാ സ്കൂളിൽ വന്നാൽ മതി. ഇതെല്ലാം ഒത്തുച്ചേർത്തു വായിച്ചാൽ  നമുക്കൊന്ന് മനസിലാക്കാം, ഒന്നാം ക്ലാസുകാർ ആടിയും പാടിയും വരച്ചും എഴുതിയും ഒട്ടിച്ചും ആശയങ്ങളുടെയും വാക്കുകളുടെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് അവരറിയാതെതന്നെ കടന്നിരിക്കുന്നു.

വിജില വർഗ്ഗീസ്

Gups ആഞ്ഞിലിപ്ര

മാവേലിക്കര ഉപജില്ല

ആലപ്പുഴ


51

ഒന്നാം ക്ലാസുകാർക്ക് യോജിച്ച പാഠഭാഗമാണ് വായിക്കാനും എഴുതാനും ബുദ്ധിമുട്ടില്ല

എട്ടു വർഷം നാലാം ക്ലാസിൽ പഠിപ്പിച്ച എനിക്ക് ഒന്നാം ക്ലാസ്സിൽ വന്നപ്പോൾ പ്രയാസം തോന്നിയിരുന്നു എന്നാൽ ഒന്നാം പാഠം കഴിഞ്ഞ ഈ വേളയിൽ എനിക്ക് ഒത്തിരി ആത്മവിശ്വാസവും സംതൃപ്തിയും ഉണ്ട് ഒന്നാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കഥാപത്രങ്ങളെ വരച്ച് അലങ്കരിച്ചുകൊണ്ട് ക്ലാസ്സിനു തുടക്കം കുറിച്ചു സഹപ്രവർത്തകരും HM ഉം അഭിനന്ദിച്ചു പിന്നീട് സന്നദ്ധതാ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഉഷാറാക്കി അപ്പോൾ RP Sooraj sir BRC ഗ്രൂപ്പിൽ അഭിനന്ദനങ്ങൾ അറിയിച്ചു പിന്നീട് പാഠഭാഗത്തേക്ക്‌ കടന്നപ്പോൾ കുട്ടികളും രക്ഷിതാക്കളും ഒപ്പം ചേർന്നു choreography ഉഷാറാക്കി മിക്കക്കുട്ടികളും മഞ്ഞഡ്രസ്സ്‌ അണിഞ്ഞു മഞ്ഞക്കിളികൾ ആയി അവരുടെ പെർഫോമൻസ് കണ്ട മറ്റു ക്ലാസ്സിലെ അധ്യാപകരുടെ അഭിനന്ദനപ്രവാഹമായിരുന്നു ഈ അഭിനന്ദനങ്ങൾ പ്രവർത്തങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ എനിക്ക് ഊർജ്ജം നൽകി. ഒന്നാം ക്ലാസുകാർക്ക് യോജിച്ച പാഠഭാഗമാണ് വായിക്കാനും എഴുതാനും ബുദ്ധിമുട്ടില്ല CPTA യിൽ എന്റെ കുഞ്ഞിമക്കളെയും എന്നെയും state RP സൈജ ടീച്ചർ അഭിനന്ദിച്ച വിവരം അറിയിച്ചപ്പോൾ അവരുടെ സന്തോഷത്തിന് അതിരില്ലാ യിരുന്നു.. അമ്മമാരുടെ സഹായത്തോടെ വായനകാർഡ് നിർമിച്ചു കുട്ടികൾ സ്വാതന്ത്ര്യവായനക്കാരായിട്ടുണ്

Usha T

CVNMAMLPS WEST CHATHALLUR

അരീക്കോട് ഉപജില്ല

മലപ്പുറം

52

പിന്തുണയെഴുത്തും ബോര്‍ഡിലെഴുത്തും ചാർട്ടിലെഴുത്തും കട്ടിക്കെഴുത്തും കൂട്ടെഴുത്തുമെല്ലാം കുട്ടികൾക്കു നല്ലരീതിയിൽ ഉപകരിച്ചു.

2016ൽ ആണ് ഞാൻ സ്കൂളിൽ ജോയിൻ ചെയ്തത് അന്നുമുതൽ  കഴിഞ്ഞ അധ്യയന വര്ഷം  വരെ നാലാം ക്ലാസ് ആണ് കൈകാര്യം ചെയ്തിരുന്നത് എന്നാൽ ഈ വര്ഷം ഒന്നാം ക്ലാസ് എടുക്കണം ടെക്സ്റ്റ് മാറുകയാണെന്ന് H.M പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ക്ലാസ്സെടുക്കാൻ തീരുമാനിച്ചത്..  വളരെ പേടിയോടെ തന്നെയാണ് തുടങ്ങിയതും കാരണം ആ ഒന്നാം ക്ലാസ്സിലെ കുഞ്ഞു കുറുമ്പന്മാരുടെ കൂട്ടത്തിൽ എന്റെ മകനും ഉണ്ടായിരുന്നു. എന്നാൽ ക്ലാസ് തുടങ്ങിയപ്പോ എല്ലാ ടെൻഷനും മാറി എല്ലാരും എന്റെ കുഞ്ഞുമക്കളായി ഞങ്ങളിപ്പോ ക്ലാസ്സിൽ ആട്ടവും പാട്ടുമായി തിരക്കിലാണ്..

ഒന്നാം ക്ലാസ്സിലെ ഒന്നാം യൂണിറ്റായ പറവകൾ പാറി  കുട്ടികൾക്കു പക്ഷികളുടെ ലോകത്തേക്ക്‌ പറന്നുചെല്ലാനുള്ള അവസരം നൽകുന്നതായിരുന്നു..  ധാരാളം പക്ഷികളെ പരിചയപ്പെടാനും ശബ്ദം കേൾക്കാനും സാധിച്ചു. ആവർത്തിച്ച് വരുന്ന അക്ഷരങ്ങൾ ഉള്ളതിനാൽ മുഴുവൻ കുട്ടികളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ പ്രയാസമുണ്ടായില്ല.. പിന്തുണയെഴുത്തും ബോര്ഡിലെഴുത്തും ചാർട്ടിലെഴുത്തും കട്ടിക്കെഴുത്തും കൂട്ടെഴുത്തുമെല്ലാം കുട്ടികൾക്കു നല്ലരീതിയിൽ ഉപകരിച്ചു.. 

മുൻ  വർഷങ്ങളിലേതിനേക്കാളും  രക്ഷിതാക്കൾക്കും കൂടുതൽ താല്പര്യം ഉണർത്തുന്ന പല പല പ്രവർത്തനങ്ങളും ശില്പശാലകളും നടത്തിയതുവഴി കൂടുതൽ ബന്ധം ഊട്ടി ഉറപ്പിക്കുവാൻ സാധ്യമായി.. 

പരീക്ഷണങ്ങളിൽ ഏർപ്പെട്ടും നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടും കളിച്ചും ചിരിച്ചും ആടിയും പാടിയും അഭിനയിച്ചും യാതൊരു പഠനഭാരവും നൽകാതെ തന്നെ കുട്ടികളിൽ വേണ്ടുന്ന കാര്യങ്ങൾ എത്തിക്കാൻ സാധിച്ചു...

ഇനി ഒന്നാം ക്ലാസ് വിട്ട് എങ്ങോട്ടുമില്ല..  ഒരുപാട് ഇഷ്ടമായി പാഠപുസ്തകവും അതിലെ രസകരമായ പ്രവർത്തനങ്ങളും..   

ഹാൻഡ്‌ബുക്കിൽ നൽകിയിട്ടുള്ള മുഴുവൻ  പ്രവർത്തനങ്ങളും അതിന്റെ പൂർണതയിൽ തന്നെ കുട്ടികളിൽ എത്തിക്കാനായി എന്നാലാവുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും..  

സിനി. സി 

വെള്ളാച്ചേരി എം. എൽ. പി സ്കൂൾ 

ചൊക്ലി ഉപജില്ല 

കണ്ണൂർ

53

വളരെ നല്ല രീതിയിൽ പാഠഭാഗം പൂർത്തീകരിക്കുവാൻ സാധിച്ചു

34 പ്രവർത്തനങ്ങളുള്ള ഒന്നാമത്തെ യൂണിറ്റിൽ  മുഴുവൻ പ്രവർത്തനങ്ങളും സമയബന്ധിതമായി ചെയ്യുവാൻ കഴിയുമോ എന്ന ഒരു ആശങ്ക തുടക്കത്തിലെ ഉണ്ടായിരുന്നു. ജൂലൈ ആദ്യ ആഴ്ച തന്നെ  വളരെ നല്ല രീതിയിൽ പാഠഭാഗം പൂർത്തീകരിക്കുവാൻ സാധിച്ചു. ചിറകു വിരിച്ച് പറവകൾ പാറിയതും, ദേശാടനക്കിളികളുടെ ദൃശ്യാവിഷ്കാരം, കഥ ഉൾക്കൊണ്ട് അതിനനുസരിച്ച് ഭാവത്തോടെ കുട്ടികൾക്ക് ചെയ്യാൻ സാധിച്ചു. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആദ്യം മുതൽ അവസാനം വരെ വളരെയധികം കൗതുകത്തോടെയും ഉത്സാഹത്തോടെയും ആണ് കുട്ടികൾ ചെയ്തിരുന്നത്. പാട്ടരങ്ങും അവർക്കേറെ പ്രിയപ്പെട്ട ഒന്നായിരുന്നു. പ്രതിദിന വായനാകാർഡുകൾ നൽകുന്നത്  വായിക്കുവാനും അവർ വളരെയധികം താൽപര്യം കാണിച്ചു. പ്രവർത്തന പുസ്തകം വൈകിയെത്തിയത് കുറച്ചൊരു പ്രയാസം നേരിട്ടെങ്കിലും യൂണിറ്റിന്റെ അവസാനത്തോടെ എല്ലാ പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചു. 23 കുട്ടികളുള്ള എന്റെ ക്ലാസിൽ ചിഹ്നങ്ങളും അക്ഷരങ്ങളും തിരിച്ചറിഞ്ഞ് വായിക്കുവാൻ നാല് കുട്ടികൾ ഒഴികെ മറ്റുള്ളവർക്കെല്ലാം സാധിച്ചു എന്നതിൽ അതിയായ സന്തോഷം തോന്നുന്നു. സ്കൂളിൽ വരാനുള്ള കുട്ടികളുടെ താല്പര്യം,  നല്ല രീതിയിലുള്ള കുട്ടിയുടെ പാഠപുസ്തക വായന എന്നിവയിൽ രക്ഷിതാക്കളും സന്തോഷവന്മാരും തൃപ്തരുമാണ്.

രമ്യ. പി

ബി. ഇ. എം. യു. പി. സ്, ചോമ്പാല.

54

അതുപോലെ പഠിക്കാനും, നല്ല ആസൂത്രണം, ടീച്ചിംഗ് നോട്ട് എഴുതാനും മാക്സിമം സമയം നീക്കിവെയ്ക്കുന്നതുകൊണ്ടാണ് ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നത്. 

ഒന്നാം ക്ളാസിലേ പഠിപ്പിക്കൂ എന്ന വാശിയോടെ  നടക്കുന്ന ഞാൻ.

തികച്ചും കുട്ടികൾക്കൊപ്പം കളിച്ചും രസിച്ചും ആടിയും പാടിയും എഴുതിയും വായിച്ചും ഒരു യൂണിറ്റ് കഴിഞ്ഞു പോയത്  അറിഞ്ഞില്ല.  കുട്ടികൾക്കും രക്ഷിതാവിനും ടീച്ചര്‍ക്കും സന്തോഷം

കുട്ടികൾ  absent ആവുന്നത് വളരെ കുറവായി. 

പി.ടി.എ മീറ്റിംഗിന്  ഭൂരിഭാഗം രക്ഷിതാക്കൾ എത്തുന്നു.

കുട്ടികളിലെ മാറ്റം അവരെ അത്ഭുതപ്പെടുത്തുന്നു. സ്ക്കൂൾ ജീവിതം കുട്ടി വല്ലാതെ ആസ്വദിക്കുന്നു  എന്ന് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. ലേഖനം, വായന, കൂട്ട ബോർഡെഴുത്ത് ഇത് എല്ലാം കൂടി 2 periods  കൊണ്ട് തീരുന്നില്ല. കുഞ്ഞെഴുത്ത് എഴുതി പിന്തുണ നടത്തം കഴിഞ്ഞ് star നൽകുമ്പോഴേക്കും  2period.

വീണ്ടും ഒരു period കൂടി ആയാലെ വായന,കൂട്ട ബോർഡെഴുത്ത് നടക്കുന്നുള്ളു. ഇത് എന്റെ തെറ്റാകാം. മുകളിൽ നിന്നുള്ള എല്ലാ നിർദേശവും സഹായവും കൊണ്ടാണ് ഇത്രയും ചെയ്യാൻ കഴിയുന്നത്. അതുപോലെ പഠിക്കാനും, നല്ല ആസൂത്രണം, Teaching note എഴുതാനും maximum സമയം നീക്കിവെയ്ക്കുന്നതുകൊണ്ടാണ് ഇത്രയെങ്കിലും ചെയ്യാൻ കഴിയുന്നത്. 

എല്ലാം  പ്രവർത്തനങ്ങളും നല്ല മികവിൽ ചെയ്യാൻ  കഴിഞ്ഞു എന്ന് സമർത്ഥിക്കുന്നില്ല.ഇനിയും കുറവുകൾ പരിഹരിച്ച് മുന്നേറും എന്ന് വാശിയോടെ   

Lalitha M.S

GMLPS

Palakkad

55

ആത്മവിശ്വാസത്തോടുകൂടി രണ്ടാം പാഠത്തിലേക്ക് കടക്കുന്നു 

പുതു പാഠപുസ്തകത്തിലെ പാഠം1 പറവകൾ പാറി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഉൾച്ചേർന്നതായിരുന്നു. എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് കടക്കുന്ന ഒന്നാം ക്ലാസിലെ കുട്ടിക്ക് എളുപ്പത്തിൽ തന്നെ അക്ഷരങ്ങൾ മനസ്സിലാക്കുന്നതിനും എഴുതുന്നതിനും അതോടൊപ്പം തന്നെ പരിചയപ്പെട്ട അക്ഷരങ്ങൾ ചേർന്നുവരുന്ന വാക്കുകൾ ഉൾപ്പെടുത്തിയ വായനാ പാഠങ്ങളും സചിത്ര പ്രവർത്തന പുസ്തകവും. ഭാഷയോടൊപ്പം പരിസര പഠനത്തിന്റെ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട് നമ്മളൊന്ന് എന്ന ആശയം കൈമാറുന്ന ഈ പാഠഭാഗത്ത് പക്ഷി നിരീക്ഷണം ,അവയുടെ കൂട്, ആഹാരരീതി, സഞ്ചാര രീതി തുടങ്ങിയവ നിരീക്ഷിക്കാനും കാണാനും നേരിട്ടും ഐസിടി സഹായത്തോടെയും അവസരം ഒരുക്കി .

മലയാളം, പരിസര പഠനം, എന്നിവയ്ക്ക് പുറമേ കലാ വിദ്യാഭ്യാസം പ്രവർത്തി പരിചയപഠനം , കായിക വിദ്യാഭ്യാസം എന്നിവയിലൂടെ കുട്ടികൾക്ക് അത്തരം ശേഷികളും നൈപുണികളും കൈവരിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടായിരുന്നു . 

എന്റെ ക്ലാസിൽ 29 കുട്ടികളിൽ 28 പേരും സ്വന്തമായി ആദ്യ പാഠത്തിലെ വായന പാഠങ്ങളും പ്രതിദിന വായന പാഠങ്ങളും സ്വന്തമായി വായിക്കുന്നതിനും എഴുതുന്നതിനും പ്രാപ്തി നേടിയിട്ടുണ്ട് . ആത്മവിശ്വാസത്തോടുകൂടി രണ്ടാം പാഠത്തിലേക്ക് കടക്കുന്നു   

Sruthi

GLPS അരക്കുപറമ്പ്

56

മരമായി അഭിനയിച്ച നൈദിക് മഞ്ഞക്കിളികളെ ക്ഷണിച്ചത് "വന്നോളീ, എല്ലാവരും പഴങ്ങൾ തിന്നോളീ" എന്ന തനി പേരാമ്പ്ര ഭാഷയിൽ ആണ്.

  • പരിചയിച്ച അക്ഷരങ്ങൾ വരുന്ന വാക്യങ്ങൾ വായിക്കുന്നു.

  • മുട്ടത്തോടിന്റെ ഭാരം താങ്ങൽ പരീക്ഷണം അവരെ അത്ഭുതത്തിന്റെ പരകോടിയിൽ എത്തിച്ചു.

  • ഇപ്പോ എവിടെ പക്ഷികളെ കണ്ടാലും ശ്രദ്ധിക്കുന്നു. അവധി ദിവസങ്ങളിലെ പക്ഷി വിശേഷങ്ങൾ അടുത്ത ദിവസം വന്നു പറയുന്നു.

  • കഥോത്സവം തുടരുന്നു.കഥ പറയൽ രീതിയിൽ ഒരു പാട് പുരോഗതി വന്നു.

  • പാട്ടരങ്ങ് രംഗാവിഷ്കാരം കുട്ടികൾ നന്നായി ചെയ്തു.

  • ഡയലോഗ് പറഞ്ഞു കൊണ്ട് ദേശാടനക്കിളികളുടെ കഥ അവതരിപ്പിച്ചപ്പോൾ കുട്ടികൾ സന്ദർഭത്തിന് ചേർന്ന ഡയലോഗ് സ്വയം ഉണ്ടാക്കി പറഞ്ഞു.

  • മരമായി അഭിനയിച്ച നൈദിക് മഞ്ഞക്കിളികളെ ക്ഷണിച്ചത് "വന്നോളീ,എല്ലാവരും പഴങ്ങൾ തിന്നോളീ"എന്ന തനി പേരാമ്പ്ര ഭാഷയിൽ ആണ്.

  • വലിയ ഉത്സാഹത്തിൽ ആണ് കുട്ടികൾ.

  • കളികളിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കിളിക്കൂട്ടിൽ മുട്ട വയ്ക്കുന്നതാണ്.

  • കാഴ്ച പരിമിതിയും സംസാരിച്ചു വൈകല്യവും കൂടെ ആരോഗ്യക്കുറവും ഉള്ള ഒരു മോൾ ഉണ്ട്.അവൾ ജയിക്കാൻ ഉള്ള ഉത്സാഹത്തിൽ അന്നേവരെ ഇല്ലാത്ത ഉത്സാഹത്തിലും വേഗത്തിലും ഓടി.

  • രക്ഷിതാക്കൾക്കും വളരെ സന്തോഷം.

പറഞ്ഞ സമയത്ത് പ്രവർത്തനങ്ങൾ തീരുന്നില്ല.

നിഷ.ടി.

പുറ്റാട് ഗവൺമെന്റ് എൽ.പി.സ്കൂൾ.

57

ദിവസവും രാവിലെ ഞാൻ എത്തുമ്പോഴേക്കും എൻ്റെ മക്കൾ ചാർട്ട് വായനയിൽ ആയിരിക്കും

മാറി വന്ന പാഠപുസ്തകം ആദ്യം അല്പം ആശങ്ക സൃഷ്ട്ടിച്ചെങ്കിലും ഇപ്പോൾ വളരെയേറെ കൗതുകത്തോടെയാണ് നോക്കി കാണുന്നത് ...കുട്ടികൾക്ക് ഏറെ പരിചിതമായ പക്ഷികൾ,അവയുടെ പ്രത്യേകതകൾ, തൂവൽ നിരീക്ഷണം,പരീക്ഷണം എല്ലാം എത്ര നന്നയാണ് കുട്ടികൾ ചെയ്തത്.... ദേശടനകിളികളുടെ വരവും വിശന്നു വലഞ്ഞ ഭാവങ്ങളും മക്കൾ നന്നായി ചെയ്തു. അക്ഷരങ്ങൾ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി. ദിവസവും രാവിലെ ഞാൻ എത്തുമ്പോഴേക്കും എൻ്റെ മക്കൾ ചാർട്ട് വായനയിൽ ആയിരിക്കും. അല്പം പിന്നോക്കം നില്ക്കുന്ന കുട്ടികളെ മറ്റു കുട്ടികൾ സഹായിക്കും. വായനാകാർഡുകളും കുട്ടികൾ നന്നായി വായിക്കും. രക്ഷിതാക്കളുടെ പിന്തുണയും എടുത്തു പറയേണ്ടതുണ്ട്. വായനാക്കാർഡിലെ ഓരോ വാക്യങ്ങളും രക്ഷിതാക്കൾ കുട്ടികളെക്കൊണ്ട് വളരെ കൃത്യതയോടെ വായിപ്പിക്കും. പാട്ടരങ്ങിൽ അവർ പാട്ടുകൾ താളമിട്ട് പാടിത്തുടങ്ങി. ഇപ്പോൾ എൻ്റെ മക്കൾക്ക് ദിവസവും വരുമ്പോൾ പക്ഷികളെ നിരീക്ഷിക്കലും അവയുടെ തുവൽ ശേഖരിക്കലുമാണ് ഇഷ്ട വിനോദം. കുട്ടികളിൽ നല്ലൊരു മാറ്റം ഉണ്ടാക്കാൻ ഒന്നാമത്തെ യൂണിറ്റ് കൊണ്ട് തന്നെ സാധിച്ചിട്ടുണ്ട്. ടെക്സ്റ്റ് ബുക്ക് രൂപീകരണത്തിൽ പങ്കെടുത്ത, മക്കളുടെ മനസ്സറിഞ്ഞ എല്ലാ അധ്യാപകർക്കും ഒരുപാട് നന്ദി

ദിവ്യ.പി. വി

ജി. എച്ച്.എസ്.എസ്. ബേക്കൂർ

കാസറഗോഡ്

58

തീർച്ചയായും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരിചിതമായ ഒരു തീം തന്നെ ആദ്യ പാഠമാക്കിയതിൽ സന്തോഷം

പുതിയ പാഠപുസ്തകങ്ങളുമായി ഒന്നാം ക്ലാസിൽ എത്തിയ കൊച്ചു കൂട്ടുകാർ ഏറെ സന്തോഷത്തിലാണ്. പടപടയും കലപിലയും ഒക്കെയായി അവരുടെ അക്ഷര യാത്ര തുടങ്ങി കഴിഞ്ഞു. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അവരുടെ കൗതുകത്തിന് നിറം നൽകി*

ഈ വർഷം പാഠപുസ്തകം മാറുന്നതുമായി ബന്ധപ്പെട്ട നല്ല ഉത്കണ്ഠയിൽ ആയിരുന്നു. അവധിക്കാല അധ്യാപക പരിശീലത്തിലൂടെ കുറെയൊക്കെ മാറി.

പാഠപുസ്തകം കണ്ടതോടെ ഒരുപാട് സന്തോഷമായി. കുട്ടികൾക്ക് ഉതകുന്ന രീതിയിലുള്ള ചിത്രങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠപുസ്തകം ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരുപാട് താല്പര്യമുളവാക്കുന്നതായിരിക്കും

മലയാളം ഒന്നാം പാഠം പറവകൾ പാറി ഈ യൂണിറ്റുകളുടെ കടന്നുപോകുമ്പോൾ കുട്ടികൾക്ക് ഒരുപാട് പറവകളെയും കൂടാതെ പറവകളുടെ തൂവൽ, മുട്ട ശരീരഭാഗങ്ങൾ നിരീക്ഷിക്കാനും, ശബ്ദം തിരിച്ചറിയാനും അനുകരിക്കാനും അവസരം ലഭിക്കുകയും വളരെ താല്പര്യത്തോടെ കുട്ടികൾ ആ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. തീർച്ചയായും ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരിചിതമായ ഒരു തീം തന്നെ ആദ്യ പാഠമാക്കിയതിൽ സന്തോഷം. ഓരോ പ്രവർത്തനങ്ങളും കുട്ടികൾ വളരെ ആകാംക്ഷയോടെയും താല്പര്യത്തോടെയും ചെയ്തു. പാഠപുസ്തകത്തിലെ എല്ലാ വാക്കുകളും വാക്യങ്ങളും കുട്ടികൾക്ക് വായിക്കാൻ ഉതകുന്നതായിരുന്നു.  കൂടാതെ കുഞ്ഞെഴുത്തിലെ പ്രവർത്തനങ്ങൾ വളരെ ആകർഷമായിരുന്നു ചിത്രം വരച്ചും നിറം നൽകിയും കുട്ടികൾ പ്രവർത്തനങ്ങളിലൂടെ കടന്നുപോയി.

ഒന്നാം ക്ലാസ് അധ്യാപിക എന്ന നിലയിൽ ഒന്നാം യൂണിറ്റ് അവസാനഘട്ടം എത്തുമ്പോഴേക്കും ഒരുപാട് സന്തോഷവും ആത്മവിശ്വാസവും നൽകിയതിന് ഒരുപാട് നന്ദി 

Dhanusree kv 

Meruvambayi m u p school 

Kannur 

Mattannur (sub dist)

59

ചെറിയ ആശങ്ക ഒഴിച്ചു നിർത്തിയാൽ  ഞാനും രക്ഷകർത്താക്കളും പൂർണ്ണ ഹാപ്പി  

ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠമായ പറവകൾ പാറി ഞാനും പൂർത്തിയാക്കി.വർഷങ്ങൾക്കിപ്പു ഓണ പരീക്ഷയ്ക്ക് മുൻപായി  പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ തീരുമോ എന്നുള്ള ചെറിയ ആശങ്ക ഒഴിച്ചു നിർത്തിയാൽ  ഞാനും രക്ഷകർത്താക്കളും പൂർണ്ണ ഹാപ്പി  

മുംതാസ്. എം

G. L. P. S. Kadakkad 

പന്തളം

60

കേവലം അക്ഷരപഠനത്തിനപ്പുറം പഠനത്തിന്റെ തലങ്ങൾ വിശാലമാണ് എന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു

പറവകൾ പാറി' നമ്മുടെ ഒന്നാം പാഠം, ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾ പതിവിലും വ്യത്യസ്തമായി പഠനഭാരമില്ലാതേ പറന്നുനടക്കുകയാണ്. അവർ പഠിക്കുകയാണ് എന്നറിയാതെ അവർ പഠിച്ചുകൊണ്ടിരിക്കുകയാണ്. കേവലം അക്ഷരപഠനത്തിനപ്പുറം പഠനത്തിന്റെ തലങ്ങൾ വിശാലമാണ് എന്ന കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു

ബവിത മീത്തലെവീട്ടിൽ.

GLPS muttungal 

ചോമ്പാല സബ്ജില്ല.

61

കുഞ്ഞു മനസ്സിൽ അനുകമ്പയും സ്നേഹവും നിറയ്ക്കുവാൻ ഉതകുന്ന പാഠഭാഗമാണ് പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പറവകൾ പാറി എന്ന യൂണിറ്റിലൂടെ കുട്ടികൾക്ക് ചെറിയ ചെറിയ അക്ഷരങ്ങളിൽ നിന്നും പുതിയ പുതിയ വാക്കുകൾ കണ്ടെത്തുവാനും പരിചയിച്ച വാക്കുകൾ എഴുതുവാനും വായിക്കുവാനും സാധിച്ചു. പരീക്ഷണങ്ങളിലൂടെയും പാട്ട് അരങ്ങിലൂടെയും അവരുടെ ഓരോരുത്തരുടെയും ഉത്സാഹം വർദ്ധിക്കുകയും കളികളിലൂടെ കാര്യങ്ങൾ പഠിക്കുകയും സഹകരണ മനോഭാവം വളർത്തുവാനും സാധിച്ചു. മുട്ടത്തോടിന്റെ പരീക്ഷണം അവരിൽ വലിയ ഉത്സാഹവും ആവേശവും ഉണർത്തി. അവരുടെ കൂടെ നിന്ന് ഒരു കുട്ടിയുടെ കൗതുകത്തോടെ ആസ്വദിക്കുവാനും എനിക്കും സാധിച്ചു. രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും സഹകരണവും വിവിധ നിറത്തിലും വർണ്ണത്തിലും വായനാകാർഡുകൾ തയ്യാറാക്കുവാനും കുട്ടികളിലേക്ക് അത് എത്തിക്കുവാനും കഴിഞ്ഞു. സിപി ടി യിലൂടെ അവതരിപ്പിച്ച കഥപറയൽ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു. കുട്ടികൾ പരിചയപ്പെട്ട ചിഹ്നങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും പത്രത്താളുകളിലൂടെ കാണുന്ന അക്ഷരങ്ങളിലൂടെ വായിക്കുവാൻ അവർക്ക് സാധിച്ചു. പക്ഷികളുടെ വിവിധ പ്രത്യേകതയും അവയുടെ തൂവലുകളുടെ പ്രത്യേകതയും അവർക്ക് സ്വയം തിരിച്ചറിയാനും വിവിധ വീഡിയോയിലൂടെ അത് കണ്ടെത്തുവാനും സാധിച്ചു. കുഞ്ഞു മനസ്സിലെ കൗതുക ഉണർത്തുന്ന കാഴ്ചകളും അവരുടെ കുഞ്ഞ് അറിവിലൂടെ ലഭിക്കുന്ന വലിയ വാർത്തകളും വളരെ കൗതുകവും ആവേശവും ആയിരുന്നു. പരിചയിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് ചെറിയ വാചകങ്ങൾ എഴുതുവാൻ അവർക്ക് സാധിച്ചു എന്നത് എന്നിൽ വളരെ അഭിമാനം ഉണർത്തുന്ന നിമിഷങ്ങളാണ്. 21 കുട്ടികളുള്ള എന്റെ ക്ലാസ്സിൽ 4 പേർ ഒഴികെ ബാക്കിയുള്ളവർ സ്വന്തമായി പാഠപുസ്തകം വായിക്കുവാനും അക്ഷരങ്ങൾ തിരിച്ചറിയുവാനും കഴിയുന്നുണ്ട്. കുഞ്ഞു മനസ്സിൽ അനുകമ്പയും സ്നേഹവും നിറയ്ക്കുവാൻ ഉതകുന്ന പാഠഭാഗമാണ് പാഠപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ശ്രേയ. പി. ബി.

എ. യു. പി. എസ്. ചെറുമുണ്ടശ്ശേരി 

പാലക്കാട്‌ 

ഒറ്റപ്പാലം (brc)

62

ദേശാടകരാം കിളികളായും നാട്ടു കിളികളായും അവർ ക്ലാസ്സ്‌ മുറിയിലൂടെ പറന്നു നടന്നു.

ഒന്നാം ക്ലാസിലെ പറവകൾ പാറി എന്ന ആദ്യത്തെ പാഠഭാഗം പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി..പാഠഭാഗത്തിലെ വാക്കുകളും കുഞ്ഞെഴുത്തിലെ പ്രവർത്തനങ്ങൾ സന്തോഷത്തോടെ കുട്ടികൾ ഏറ്റെടുത്തു.. വ്യത്യസ്തമാർന്ന പാട്ടുകളും അഭിനയങ്ങളും കഥകളും അവര്ക് വളരെ ഇഷ്ട്ടമായി.... ദേശാടകരാം കിളികളായും നാട്ടു കിളികളായും അവർ ക്ലാസ്സ്‌ മുറിയിലൂടെ പറന്നു നടന്നു.. പാഠഭാഗത്തിൽ പറയുന്ന മുഴുവൻ വാക്കുകളും കുട്ടികൾക്ക് വായിക്കാനും എഴുതാനും സാധിക്കുന്നു..

തസ്‌നി 

എരവന്നൂർ AMLP school

63

വീഡിയോ പങ്കിട്ടത് ഏറെ പ്രയോജനം ചെയ്തു.

ഒന്നാം ക്ലാസ്സിൽ ഒന്നാം യൂണിറ്റ് പൂർത്തിയായതോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപികയായ ഞാനും തൃപ്തരും വളരെ സന്തോഷമുള്ളവരുമാണ്. സ്വായത്തമാക്കിയ അക്ഷരങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു വായിക്കുന്നു. പാഠഭാഗം ചെറുതാണെങ്കിലും  ഹാൻഡ് ബുക്കിലെ പ്രവർത്തനങ്ങൾ സമയത്തിനുള്ളിൽ ചെയ്യാവുന്നതിലും അപ്പുറത്താണ് എന്ന് മനസിലാക്കുന്നു. നിലവിൽ ഹാൻഡ് ബുക്കിൽ രൂപീകരണ പാഠങ്ങൾ കുറവാണോ എന്ന് തോന്നുന്നു. രൂപീകരണ പാഠങ്ങൾ മറ്റൊരു നിറത്തിലോ, ബോക്സിലോ, ബോൾഡായോ നൽകുകയാണെങ്കിൽ കൂടുതൽ നല്ലതാവുമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നു. അച്ചടി സമ്പുഷ്ട ക്ലാസ്സ്‌ റൂം ആയി മാറി. 

ഒരു പാഠം കഴിഞ്ഞപ്പോൾ തന്നെ സ്വന്തമായി കുട്ടികൾ പഠിച്ച അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് തന്നെ ലഘുവാക്യങ്ങൾ വായിക്കുന്നത്  രക്ഷിതാക്കൾ വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും എടുത്ത് പറയുന്നു. കുഞ്ഞെഴുത്ത് പ്രവർത്തന പുസ്തകം കിട്ടാൻ വൈകിയത് ഏറെ പ്രയാസം സൃഷ്ടിച്ചു. 

27കുട്ടികളാണ് എൻ്റെ ക്ലാസ്സിലുള്ളത്. അതിൽ പ്രീ പ്രൈമറി അനുഭവങ്ങളില്ലാത്ത കുട്ടികളും ഉണ്ട്.  3കുട്ടികൾക്ക് പെൻസിൽ പിടിച്ചെഴുതാൻ പോലും പ്രയാസമായിരുന്നു. അവർക്ക് കൈവഴക്കം കിട്ടാനുള്ള (സൂക്ഷ്മ സ്ഥൂല പേശി വികാസത്തിന്) പ്രവർത്തനങ്ങൾ നൽകി വരുന്നു. ഈ വർഷം തോന്നിയ മറ്റൊരു പ്രത്യേകത കുട്ടികൾ അക്ഷരഘടന ഏറെ ശ്രദ്ധിച്ച് ഘടന പാലിച്ച് എഴുതാൻ ശ്രമിക്കുന്നുണ്ടെന്നതാണ്. പറഞ്ഞെഴുത്തിൻ്റെയും കട്ടിക്കെഴുത്തിൻ്റെയും സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിഞ്ഞു. തുടക്കമായതിനാൽ അക്ഷരത്തിൻ്റെ വലുപ്പത്തിലല്ല ഘടനയ്ക്കാണ് പ്രാധാന്യം കൂടുതൽ നൽകി വരുന്നത്.

മുട്ടത്തോട് വെച്ചുള്ള പരീക്ഷണം രക്ഷിതാകൾക്കും മറ്റു അധ്യാപകർക്കും കൗതുകം ഉണർത്തി. വീഡിയോ പങ്കിട്ടത് ഏറെ പ്രയോജനം ചെയ്തു.  പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കും കാണാൻ സാധിച്ചു.

ദേശാടനക്കിളി ദൃശ്യാവിഷ്കാരം നടത്തുക എന്നത് പ്രയാസകരമാവും എന്നായിരുന്നു ആദ്യം കരുതിയത് പക്ഷേ കുട്ടികൾ വളരെ താൽപര്യത്തോടെ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടു. കലാ കായിക പ്രവൃത്തിപരിചയ പഠനത്തിനും കൂടുതൽ സാധ്യതകൾ ഈ വർഷം ഉണ്ടെന്ന് മനസിലാക്കുന്നു.

Hand book ൻ്റെ ലേ ഔട്ട് വളരെ നല്ലതായി തോന്നി.

തുടക്കം നല്ലതായ ശുഭ പ്രതീക്ഷയിൽ ഇനിയുള്ള യൂണിറ്റുകളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ,

ഫസീല കെ

ഡി.യു.എ.എൽ.പി സ്കൂൾ 

താഴെ കൂടരഞ്ഞി

മുക്കം ഉപജില്ല

കോഴിക്കോട്

64

പാട്ടുകളെല്ലാം കുട്ടികൾക്ക് ഇഷ്ടമായി. 

പറവകൾ പാറി യൂണിറ്റിലെ പ്രവർത്തനങ്ങൾ മിക്കവയും കുട്ടികളേറ്റെടുത്തു. പാട്ടുകളെല്ലാം കുട്ടികൾക്ക് ഇഷ്ടമായി. പാഠഭാഗത്തെ അക്ഷരങ്ങൾ കുട്ടികൾ എഴുതുകയും വായിക്കുകയും ചെയ്യുന്നു. അഞ്ച് കുട്ടികൾക്ക് പിന്തുണ നൽകിവരുന്നു. രക്ഷിതാക്കൾ തൃപ്തരാണ്. എല്ലാ ദിവസവും ഹോം വർക്ക് വേണമെന്ന നിർബന്ധം രക്ഷിതാക്കൾക്കിടയിലുണ്ട്. ചില പ്രവർത്തനങ്ങൾ Handbook ലെ സമയത്തേക്കാൾ കൂടുതൽ സമയം എടുത്ത് ചെയ്യേണ്ടി വന്നു. Handbook ലെ വിശദീകരണങ്ങൾ വായിച്ചു തീർത്ത് Plan തയ്യാറാക്കാൻ സമയമെടുക്കുന്നുണ്ട്.

വ്യത്യസ്ത രീതിയിൽ വായിക്കുന്നത് , ചാർട്ട് എഴുത്ത്, ബോർഡെഴുത്ത്, കട്ടിക്കെഴുത്ത് കുഞ്ഞെഴുത്ത് ക്രമമായി ചെയ്യുന്നുണ്ട്. ചിലകുട്ടികൾക്ക് പക്ഷികളെ എളുപ്പം തിരച്ചറിയാൻ കഴിഞ്ഞു പക്ഷേ കാലുകളുടെ വ്യത്യാസം മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായി കോഴി, താറാവ്, കൊക്ക്, പരുന്ത് ഇവയുടെ കാലുകൾ എല്ലാവരും തിരിച്ചറിഞ്ഞു.

അജിന സി.ആർ

GLPS വിളയാട്ടൂർ

മേലടി BRC

65

ഞങ്ങളുടെ ടീച്ചർ സൂപ്പറാ

എന്റെ ക്ലാസ്സിൽ 35 കുട്ടികളാണുള്ളത്. ഒന്നാമത്തെ പാഠഭാഗം എടുത്തപ്പോൾ സമയത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായി. പൊതുവേ എല്ലാ കുട്ടികളും അക്ഷരങ്ങൾ തിരിച്ചറിഞ്ഞു വായിക്കുന്നുണ്ട്. പരീക്ഷണവും നിരീക്ഷണവും ഒക്കെ അവർ നന്നായി ആസ്വദിച്ചു ചെയ്തു. കുട്ടികൾക്ക് വളരെ ആവേശമായിരുന്നു. പ്രീ പ്രൈമറിയിൽ പോയ കുട്ടികളാണ് അധികമെങ്കിലും ഒന്നാം ക്ലാസിൽ അവർ വളരെ ഉഷാറായി എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു..

ഞങ്ങളുടെ ടീച്ചർ സൂപ്പറാ...എന്നാണ് കുട്ടി പറഞ്ഞത് എന്ന് ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് അത്രയും ആവേശമായിരുന്നു ഒന്നാം ക്ലാസ് എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു ചില രക്ഷിതാക്കൾക്ക് ചില ആശങ്കകൾ  ഉണ്ടായിരുന്നു. ഒന്നാം പാഠം കഴിഞ്ഞപ്പോൾ അവരും okയായി. എല്ലാ പ്രവർത്തനവും ക്ലാസ്സ്‌ ഗ്രൂപ്പിൽ share ചെയ്യാറുണ്ട്. എല്ലാ രക്ഷിതാക്കളും നല്ല സപ്പോർട്ട് ആണ്. ഞങ്ങളുടെ ക്ലാസ്സിന്റെ അടുത്ത് ഒരു മരപ്പൊത്തിൽ കുട്ടികൾ നിരീക്ഷിച്ചു ഒരു തത്തയെയും കുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ ജനലരികിൽ നിന്ന് നോക്കുന്നത് കണ്ടപ്പോൾ  എന്താണ് അവിടെ എന്ന് ചോദിച്ചപ്പോഴാണ് അത് അവർ പറഞ്ഞത്. അതുപോലെ എന്നും ഉച്ചയ്ക്ക്  സ്കൂളിന്റെ ബാക്കിൽ ഒരു ചെമ്പോത്തും മൈനയും ഉണ്ടാവും എന്നും അവർ പറഞ്ഞു. പക്ഷികളെ കുറിച്ച് പറയാൻ എല്ലാ കുട്ടികൾക്കും വളരെ താല്പര്യമായിരുന്നു. പല വീടുകളിലും തത്ത, ലവ് ബേർഡ്സ്, പ്രാവ്, താറാവ്, കോഴി എന്നിവ വളർത്തുന്നുണ്ട്.

പാട്ടരങ് കുട്ടികൾക്ക് വളരെ ആവേശം ആയിരുന്നു. സമയം കുറച്ചു കൂടുതലായെങ്കിലും ഒന്നാം പാഠം വളരെ നന്നായി ചെയ്തു.ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനവും ക്ലാസ്സിൽ ചെയ്തു.

Shanitha 

AMLPS PALAKKAD 

മലപ്പുറം ജില്ല

66

ഏത് പക്ഷിയെ കണ്ടാലും അവയെ ഒരു നിമിഷം ശ്രദ്ധയോടെ വീക്ഷിക്കുന്നത് എൻ്റെ കുട്ടികൾക്ക് ശീലമായി കഴിഞ്ഞു

കുറേവർഷങ്ങളായി ഒന്നാം തരത്തിൽ പഠിപ്പിക്കുന്ന അധ്യാപികയാണ് ഞാൻ. പുതിയ പാഠപുസ്തകത്തെ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത് . ആദ്യത്തെ പത്ത് ദിവസം വൈവിധ്യമാർന്ന സന്നദ്ധതാ പ്രവർത്തനങ്ങളിലൂടെ കടന്നു പോയതുകൊണ്ടു തന്നെ കുട്ടികൾക്ക് ഒരു ദിവസം പോലും സ്കൂളിലേക്ക് വരാൻ മടിയുണ്ടായിരുന്നില്ല എന്നതും എന്നെ അതിശയിപ്പിച്ചു. കുഞ്ഞെഴുത്ത് പ്രവർത്തന 'പുസ്തകം ലഭിക്കാൻ വൈകിയെങ്കിലും കിട്ടി കഴിഞ്ഞപ്പോഴും പ്രവർത്തനങ്ങളുടെ ചാകര തന്നെയായിരുന്നു. ഓരോന്നും സമയക്രമം പാലിച്ച് തീർക്കാൻ സാധിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. പുതുമയേകുന്നതും ജിജ്ഞാസ ഉളവാക്കുന്നതുമായ ലഘുപരീക്ഷണങ്ങൾ ഉൾപ്പെടുത്തി പാഠഭാഗങ്ങൾ കടന്നുപോയത് കുട്ടികൾക്ക് പുതിയൊരു അനുഭവം തന്നെയായിരുന്നു. ഏത് പക്ഷിയെ കണ്ടാലും അവയെ ഒരു നിമിഷം ശ്രദ്ധയോടെ വീക്ഷിക്കുന്നത് എൻ്റെ കുട്ടികൾക്ക് ശീലമായി കഴിഞ്ഞു. അവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ പക്ഷി വിശേഷം പറയാനും തൂവലുകൾ കൊണ്ടുവരാനും കുട്ടികൾ ആവേശം കാണിക്കുന്നു.  പക്ഷികളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ മറ്റ് ക്ലാസിലും പഠിക്കുന്നുണ്ടെങ്കിലും മുട്ടത്തോട് വച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കിയത് നമ്മൾ ഒന്നാം ക്ലാസുകാരാണെന്ന് എൻ്റെ കുട്ടികൾ അഭിമാനിക്കുന്നു. കാരണം അവരുടെ മുട്ടത്തോട് രൂപങ്ങൾ കാണാൻ മുതിർന്ന കുട്ടികൾ ക്ലാസിൽ എത്തുന്നതും അവർക്ക് അങ്ങേയറ്റം സന്തോഷം നൽകുന്നു. ഭൂരിഭാഗം പേരിലും അക്ഷരവും ചിഹ്‌നവും ഉറപ്പിക്കാൻ സാധിച്ചെങ്കിലും പല പോരായ്മകളും പരിഹരിച്ച് മുന്നേറാൻ ഇനിയുള്ള പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന ഉറച്ചവിശ്വാസമുണ്ട്. ഓരോപ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകിയ ആർപ്പോ ... ഇർറോ  ഗ്രൂപ്പിന് സ്നേഹവും നന്ദിയും അറിയിക്കുന്നു.

മിനി.ടി

വേശാല എ.എൽ.പി. സ്കൂൾ

കണ്ണൂർ

67

ഒന്നാം പാഠം വളരെ രസകരമായി

എന്റെ ക്ലാസ്സിൽ 26 കുട്ടികൾ ആണ്. ഒന്നാം പാഠം വളരെ രസകരമായി പലതരം പക്ഷികളെയും അവയുടെ പ്രത്യേകതകൾ പരിചയപ്പെടൽ, നിരീക്ഷണം പരീക്ഷണം നിർമ്മാണം എല്ലാവർക്കും താല്പര്യം കൂടുതൽ ആയിരുന്നു. നാട്ടുപക്ഷികളും മറ്റുപക്ഷികളും കുട്ടികൾ പരിചയപെട്ടു. പലരും വീടിനു പരിസരങ്ങളിൽ കാണുന്ന പക്ഷികൾ കണ്ടെത്തി വന്നു. മുട്ടപരീക്ഷണം ഗംഭീരമാക്കി. പൊട്ടുമെന്നു പറഞ്ഞവർക്ക് പൊട്ടാതായപ്പോൾ ആശ്ചര്യമായി. തൂവൽ ശേഖരിക്കലിൽ എല്ലാവരും പങ്കാളികളായി. തൂവൽ ആൽബം തയ്യാറാക്കാൻ കഴിഞ്ഞു. കുഞ്ഞെഴുത്ത് കിട്ടാൻ വൈകി എങ്കിലും ഒന്നാം പാഠത്തിലെ എല്ലാ അക്ഷരങ്ങളും കുട്ടികൾക്ക് മനപാഠമായി. ചിന്നങ്ങളും മിക്കവർക്കും കിട്ടിയിട്ടുണ്ട്.

Girija. K

GLPS പല്ലാവൂർ 

പാലക്കാട്‌

68

എപ്പോഴും പാട്ടും കളിയുമാണോ ടീച്ചറെ എന്നു തുടക്കത്തിൽ ചോദിച്ചവരുടെ അഭിപ്രായം മാറി.

എന്റെ ക്ലാസിൽ 33 കുട്ടികളാണുള്ളത്. July 11നാണ് ഒന്നാം യൂണീറ്റ് തീർന്നത്. ഓരോ പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ ആവേശത്തോടെയാണ്  പങ്കെടുത്തത്. പരീക്ഷണവും കളികളും പാട്ടുകളും അഭിനയവും എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കൂടാതെ വായന പാഠങ്ങൾ കുട്ടികളുടെ വായന മെച്ചപ്പെടുത്തി. CPTA ൽ രക്ഷിതാക്കൾ വളരെ സന്തോഷത്തിലായിരുന്നു. ക്ലാസ് ഗ്രൂപ്പിലൂടെ കുട്ടികളുടെ പ്രവർത്തനങ്ങൾ എല്ലാ മാതാപിതാക്കളിലേക്കും എത്തിയിരുന്നു. എപ്പോഴും പാട്ടും കളിയുമാണോ ടീച്ചറെ എന്നു തുടക്കത്തിൽ ചോദിച്ചവരുടെ അഭിപ്രായം മാറി. കുട്ടികൾ മാതാപിതാക്കൾക്ക് അക്ഷരഘടന പറഞ്ഞു കൊടുത്ത സാഹചര്യം ഉണ്ടായി.  പ്രവർത്തനങ്ങൾ തീർക്കുവാൻ കൂടുതൽ സമയം വേണ്ടി വന്നു.  എന്തായാലും വളരെ രസകരമായ ദിനങ്ങളിലൂടെയാണ് ഞാനും മക്കളും കടന്നുപോയത്.

Jisha Antony

Gmlps Tirurangadi

Malappuram

69

ക്ലാസ്സിൽ പ്രെസന്റ് ആവാതിരിക്കുന്ന ദിവസത്തെ പാഠങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്നു 

ഈ വർഷം ജോലിയിൽ പ്രവേശിച്ച ഞാൻ ഈ അധ്യയന വർഷം ഒന്നാം ക്ലാസ്സ്‌ ഏറ്റെടുത്തത് എച്. എം ഷൈലജ ടീച്ചറിന്റെ ആവശ്യ പ്രകാരം ആയിരുന്നു. തുടക്കക്കാരിയുടെ എല്ലാവിധ ടെൻഷനുകളോടും നിന്ന എന്നെ ടീച്ചർ നേരെ പറഞ്ഞു വിട്ടത് DRG കോഴ്സിനും. പുതിയ പാഠപുസ്തകം, പുതിയ അദ്ധ്യാപന രീതികൾ എല്ലാം തന്നെ വളരെ നല്ല രീതിയിൽ തന്നെ ഞങ്ങളുടെ SRG ടീച്ചേർസിന്റെ ക്ലാസ്സുകളിലൂടെ മനസിലാക്കാൻ സാധിച്ചു, അത് ഒട്ടും ചോർന്നു പോകാതെ തന്നെ മറ്റ് ടീച്ചറുമാരിലേക്കും എത്തിക്കാൻ പറ്റി.

പിന്നെ ഉള്ള വെല്ലുവിളി 35കുട്ടികൾ ഉള്ള UKG ക്ലാസ്സിൽ നിന്ന് പേരന്റ്സിനെ ക്യാൻവാസ് ചെയ്യുക എന്നതായിരുന്നു. പ്രവേശനോത്സവത്തിന് മുൻപേ തന്നെ കൂടിയ ക്ലാസ്സ്‌ പി ടി എ യിൽ DRG കോഴ്സിൽ നിന്നും VACCATION ട്രെയിനിങ് ക്ലാസ്സുകളിൽ സീനിയർ ടീച്ചേഴ്സിൽ നിന്നും കിട്ടിയ അറിവുകൾ വെച്ച് രക്ഷിതാക്കളോട് സംസാരിച്ചു. 35ഇൽ 32കുട്ടികളും നമ്മുടെ സ്കൂളിൽ അഡ്മിഷൻ എടുത്തു. UID യിൽ വന്ന പ്രശ്നം കാരണം 32കുട്ടികളുമായി ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇന്ന് (15/07/2024)അവരുടെ ജൂലൈ മാസത്തെ ക്ലാസ്സ്‌ പി ടി എ ആയിരുന്നു. രക്ഷിതാക്കൾ സംതൃപ്തരാണ്. വർക്കബുക് എത്താൻ വൈകി എങ്കിലും ബദൽ മാർഗങ്ങളിലൂടെയും സന്നദ്ധത പ്രവർത്തനങ്ങളിലൂടെയും പഠനം തുടർന്നു. പറവകൾ പാറി എന്ന പാഠത്തിലെ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പാഠത്തിലെ അക്ഷരങ്ങൾ ക്ലാസ്സിലെ 31പേർക്കും തിരിച്ചറിയാനും വായിക്കാനും സാധിക്കുന്നുണ്ട്. മന്ദപഠിതാവായ ഒരു കുട്ടിക്ക് കൂടുതൽ പിന്തുണസഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. 

  • ക്ലാസ്സിൽ പ്രെസന്റ് ആവാതിരിക്കുന്ന ദിവസത്തെ പാഠങ്ങൾ കൃത്യമായി എത്തിക്കാൻ കഴിയുന്നു എന്നതും 

  • പിന്തുണനടത്തതിന്റെ ഫലമായി ഇത്രയും നോട്ട്ബുക്കുകൾ കൃത്യമായി വിലയിരുത്താൻ സാധിക്കുന്നു എന്നതും ഈ അദ്ധ്യാപന രീതിയുടെ മേന്മകളിൽ ചിലതാണ്. 

  • കൂട്ടെഴുത്തും, കട്ടിക്കെഴുത്തും കുട്ടികളുടെ പ്രിയപെട്ടവയാണ്. 

  • പരസ്പര വിലയിരുത്തലിലൂടെ പരസ്പര സഹായത്തിലൂടെ ആടിയും പാടിയും ഒന്നാം ക്ലാസ്സിൽ ഒന്നാമതായി തുടർന്നും ഒന്നാമതായി തുടരാൻ പര്യാപ്തരാവുകയാണ് എന്റെ കുട്ടികൾ. 

  • പൊതുവെ നാണക്കാരായ അവരെ അരങ്ങിലൂടെയും പാട്ടരങ്ങിലൂടെയും ഒക്കെ അറിവിനൊപ്പം കലയുടെയും ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ സാധിക്കുന്നത് വലിയ കാര്യം തന്നെയാണ്. 

കഴിഞ്ഞ പാഠത്തിൽ നേരിട്ട  സ്റ്റാർട്ടിങ് ട്രബിൾ ഇല്ലാതെ അടുത്ത പാഠം തുടങ്ങി അതിജീവനം എന്ന തീമിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചെയ്യാൻ കാത്തിരിക്കുകയാണ് ഞാനും എന്റെ കുട്ടികളും 

അനുപമ. എം

ഗവ:ജെബിഎസ്,

വെൺമണി, ചെങ്ങന്നൂർ.

70

വളരെ ചിട്ടയോടെ ഈ മൊഡ്യൂൾ തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ

കുറേ വർഷങ്ങളായി നാലാം ക്ലാസിൽ പഠിപ്പിച്ചിരുന്ന എനിക്ക് ഒന്നാം ക്ലാസ് ദുഷ്കരമാകുമോ എന്നൊരു ചിന്തയുണ്ടായിരുന്നു ആദ്യം.പക്ഷെ ഒരു മാസം പിന്നിടുമ്പോൾ ഏറ്റവും മനോഹരമായ ക്ലാസ്സ്‌ ഒന്നാം ക്ലാസ്സ്‌ തന്നെ ഒന്നാമത്തെ യൂണിറ്റ് വളരെ താല്പര്യത്തോടെ തന്നെ കുട്ടികളും രക്ഷിതാക്കളും

പങ്കു ചേർന്നു. പ്രതിദിന വായന പാഠങ്ങൾ, അക്ഷരഘടന പാലിച്ചുള്ള എഴുത്തു രീതിയും പരീക്ഷണങ്ങളും എല്ലാം വളരെ പ്രയോജനകരം തന്നെ  മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്രാവശ്യത്തെ പാട്ടരങ്ങ് എന്നുള്ള പ്രവർത്തനത്തിൽ ഉപയോഗിച്ച ഓരോ പാട്ടിന്റെ രീതിയും വളരെയധികം രസകരമായി തോന്നി. കുട്ടികൾ അത് അതേ രീതിയിൽ തന്നെ പാടി എന്നുള്ളതാണ് ഏറ്റവും അതിശയകരം.. ഒന്നിലെ കുഞ്ഞുങ്ങൾക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാകുമോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ വളരെ താല്പര്യത്തോടെ കൂടി തന്നെ അവരതിൽ പങ്കുചേർന്നു. ഇപ്പോൾ പശയും കത്രികയും എല്ലാം അവർക്ക് പരിചിതമായ വസ്തുക്കളായി. ഒന്നാമത്തെ യൂണിറ്റ് ചെയ്തു തീർക്കാൻ കുറച്ചു സമയം വേണ്ടി വന്നെങ്കിലും അക്ഷരഘടന പാലിച്ച് കുട്ടികൾ വളരെ വൃത്തിയായി തന്നെ എഴുതുന്നതിനാൽ ഇനിയുള്ള പാഠങ്ങളിൽ ആ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല എന്ന് കരുതുന്നു. കൃത്യമായ മൊഡ്യൂൾ ഉള്ളത് കൊണ്ട് തന്നെ ശേഷികൾ ചോർന്നുപോകാതെ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. വളരെ ചിട്ടയോടെ ഈ മൊഡ്യൂൾ തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ

റിനി ടീച്ചർ

ഇ.എസ്. ആലത്തൂർ

കുന്നംകുളം സബ്ജില്ല

71

ചിഹ്നങ്ങൾ ചേർന്നു വരുമ്പോൾ എഴുതാനും വായിക്കാനും ബുദ്ധിമുട്ട് നേരിട്ടു.

എൻ്റെ ക്ലാസിൽ 26 കുട്ടികൾ . ജൂൺ 20 ന് പറവകൾ പാറി തുടങ്ങി. യൂണിറ്റിൽ പഠിച്ച എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികൾക്ക് ലഭിക്കുകയും വാക്കകലം പാലിച്ച് എഴുതാൻ സാധിച്ചതും സംതൃപ്തിയും സന്തോഷവും നല്കി. ദൃശ്യാവിഷ്ക്കാരം, പാട്ടരങ്ങ്, നിരീക്ഷണം,പരീക്ഷണം, നിർമ്മാണ പ്രവർത്തനങ്ങൾ, പഠിച്ച അക്ഷരങ്ങൾ വരുന്ന വായന കാർഡ് മാതാപിതാക്കളുടെ സഹായത്തോടെ തയ്യാറാക്കുവാനും വായിക്കുവാനും 21 കുട്ടികൾക്ക് പൂർണമായും കഴിഞ്ഞു. 5 പേർക്ക് അക്ഷരങ്ങൾ കിട്ടിയിട്ടുണ്ട് . ചിഹ്നങ്ങൾ ചേർന്നു വരുമ്പോൾ എഴുതാനും വായിക്കാനും ബുദ്ധിമുട്ട് നേരിട്ടു. പിന്തുണാ ബുക്കിൻ്റെ സഹായത്തോടെ എഴുതുവാൻ ശ്രമിക്കുന്നുണ്ട്. ജൂലൈ 12 ന് യൂണിറ്റ് പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾക്ക് വളരെ താല്പര്യവും ഉത്സാഹവും ക്ലാസിൽ അനുഭവപ്പെട്ടു. മുൻ വർഷങ്ങളിലെ അധ്യാപനത്തെ വച്ചു നോക്കുമ്പോൾ വളരെ നന്നായി കുട്ടികളുമായി പ്രവർത്തനങ്ങൾ ചെയ്യാൻ എളുപ്പവും സന്തോഷവും തോന്നി. മാതാപിതാക്കൾ നല്ല സപ്പോർട്ടാണ്. കുട്ടികൾ വായനപാഠങ്ങൾ വായിക്കുകയും പ്രവർത്തനങ്ങൾ ചെയ്യാൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്നുവെന്നതിൻ്റെ സന്തോഷം മാതാപിതാക്കൾ അറിയിക്കുകയും ചെയ്തു. 

ബീന എ എ

ഗവ.എൽ പി . എസ് 

കടക്കരപ്പള്ളി

ആലപ്പുഴ

72

ആദ്യമാസത്തിൽ തന്നെ കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് എഴുതുകയും വായിക്കുകയും ചെയ്യുന്നു. 

ഒന്നാംപാഠം കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചു. പതിവിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ എപ്പോഴും സന്തോഷവാന്മാരാണ്. ആദ്യമാസത്തിൽ തന്നെ കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് എഴുതുകയും വായിക്കുകയും ചെയ്യുന്നു. പഠനം പാൽപായസമാകുന്നതിൻ്റെ നേർസാക്ഷ്യം. കളിച്ചും നിരീക്ഷിച്ചും പരീക്ഷിച്ചും കഥ പറഞ്ഞും പാട്ടു പാടിയും നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ ആസ്വദിച്ച് പഠനവരമ്പുകൾ താണ്ടുന്നു. അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും ആത്മവിശ്വാസം വർദ്ധിക്കുന്നു... എല്ലാ സംശയങ്ങൾക്കും ആകുലതകൾക്കും താങ്ങായി ആർപ്പോ ഇർറോ ഗ്രൂപ്പംഗങ്ങളും...

വന്ദനാ ചന്ദ്രൻ

ആന്തൂർ എ.എൽ.പി.സ്കൂൾ

73

സചിത്ര പ്രവർത്തന പുസ്തകങ്ങൾ വേറിട്ട അനുഭവമാണ്.

പ്രീ പ്രൈമറിയിലെ കളിത്തോണി പുസ്തകങ്ങളുടെ തുടർച്ചയും വളർച്ചയും ഉറപ്പാക്കിയ പാഠഭാഗങ്ങളാണ് ഒന്നാം ക്ലാസിൽ ഈ വർഷം കാണാൻ സാധിച്ചത്. കലാകായിക പ്രവൃത്തി പരിചയ വിഷയങ്ങളെ കൂടി പരിഗണിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ സ്വാഗതാർഹമാണ്. പാട്ട് രൂപത്തിൽ പാടി രസിക്കാൻ പറ്റുന്ന ലളിതമായ പാഠഭാഗങ്ങൾ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. വായ്ത്താരികൾ നാവിൻ്റെ വഴക്കം സുഗമമാക്കുന്നു. സചിത്ര പ്രവർത്തന പുസ്തകങ്ങൾ വേറിട്ട അനുഭവമാണ്. എല്ലാ കുട്ടികളും പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത കാണിക്കുന്നതും സന്തോഷകരമായ ഒരു കാര്യമാണ്. 

ജ്യോതി പി കെ ,

ഗവ: യൂ പി സ്കൂൾ ബീമാപള്ളി, 

തിരുവനന്തപുരം

74

ഏറ്റവും പ്രയോജനപ്രദമായി അനുഭവപ്പെട്ടത് സന്നദ്ധതാ എഴുത്താണ്

ഈ വർഷത്തെ ഒന്നാം ക്ലാസ് -പുതിയ പാഠപുസ്തകം വളരെ ആകാംക്ഷയോടെയും താല്പര്യത്തോടെയും ആണ് ഞാൻ trs. training ൽ പങ്കെടുത്തത്. (പുതിയ പാഠപുസ്തകമായതിനാൽ RP ആകാൻ ആത്മാർത്ഥമായും ആഗ്രഹിച്ചു സാധിച്ചു). ഓരോ പ്രവർത്തനങ്ങളും training ൽ കൃത്യമായും ഏറ്റെടുത്ത് നടത്തിയപ്പോൾ പങ്കെടുത്ത എല്ലാവരും നന്നായി സ്വീകരിക്കുകയായിരുന്നു. 

       എൻ്റെ   കുഞ്ഞുങ്ങളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് തന്നെ രക്ഷിതാക്കളുമായി ചേർന്ന് അവർക്കാവശ്യമായ materials ശില്പശാലയിലൂടെ നിർമിക്കാനും , പടപട പട പപ്പടം എന്ന് തുടങ്ങുന്ന തമിഴ് ചാർട്ടിൻ്റെ പ്രവർത്തനം തന്നെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി കൊടുക്കാനും സാധിച്ചു. തുടർന്ന് പാഠഭാഗം പ്രവർത്തനങ്ങൾ, കുഞ്ഞെഴുത്ത് വളരെ രസകരമായും താല്പര്യത്തോടെയും കുഞ്ഞുങ്ങളിൽ പ്രതിഫലിച്ചു തുടങ്ങി. ചാർട്ടെഴുത്ത്, BB എഴുത്ത്, കട്ടിക്കെഴുത്ത്, പിന്തുണാ ബുക്കിലെഴുത്ത്, തെളിവെടുത്തെഴുത്ത് സന്നദ്ധതാ എഴുത്ത് എന്നിവയിലൂടെ കുഞ്ഞുങ്ങളെ നല്ല വായനക്കാരും എഴുത്തുകാരുമാക്കാൻ സാധിച്ചു. അക്ഷരം ഒട്ടും അറിയാതിരുന്ന വിനായകൻ തന്നെ പുതിയ സമീപനത്തിൻ്റെ തെളിവായത് എനിക്ക് വളരെ സന്തോഷം തോന്നി. പുനരനുഭവം നൽകുന്ന വായനാ പാഠങ്ങൾ രക്ഷിതാക്കളിൽ സംതൃപ്തിയുളവാക്കി. പാട്ടരങ്ങ്, ദൃശ്യാവിഷ്ക്കാരം എല്ലാം വളരെ നല്ല അനുഭവം ആയിരുന്നു. മുട്ടത്തോട് പരീക്ഷണം അവരുടെ ആകാംക്ഷ, സംശയം, ഇനിയും ഇനിയും എന്ന ആവശ്യം  ഒന്നാം ക്ളാസുകാർ എത്രത്തോളം വലുതാണ് എന്നുള്ളതിൻ്റെ തെളിവാണ്. തൂവൽ / മുട്ടത്തോട് പരീക്ഷണം ശേഖരണം, കലാപരമായ പ്രവർത്തനങ്ങൾ പക്ഷികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും നിരീക്ഷണത്തിലേക്കും വഴിയൊരുക്കി. ഏറ്റവും പ്രയോജനപ്രദമായി അനുഭവപ്പെട്ടത് സന്നദ്ധതാ എഴുത്താണ്. മലയാളം പോലെ english ലും എനിക്ക് ഫലം കണ്ടെത്താനായി. രക്ഷിതാക്കൾ സംതൃപ്തരാണ്. തുടർന്നും ആസ്വാദ്യകരമായി ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ട്.

ജയമോൾ റ്റി

GSM.V.L.P.S.തേവലക്കര ചവറ സബ്ജില്ല

കൊല്ലം.



75

ആർപ്പോ ഇർറോ ഗ്രൂപ്പിലെ രാജി ടീച്ചർ സഹായിച്ചു.

പ്രിയമുള്ളവരെ, ഈ പ്രാവശ്യത്തെ ഒന്നാം ക്ലാസിന്റെ ടെക്സ്റ്റ് ബുക്ക് കണ്ടപ്പോൾ എനിക്ക് വളരെയധികം ആശങ്കകൾ ഉണ്ടായിരുന്നു. ഇതിൽ വളരെ കുറച്ച് കണ്ടന്റ് മാത്രമേ ഉള്ളൂ എന്നായിരുന്നു എന്റെ ധാരണ. ഞാനാണെങ്കിൽ ഒന്നാം ക്ലാസിന്റെ അവധിക്കാല കോഴ്സിൽ പങ്കെടുത്തിട്ടുണ്ടായിരുന്നില്

Jency K J

St:Xaviers H S Karachira 

Irinjalakuda

76

പാഠം പോലെ തന്നെ കുട്ടികൾക്ക് പറന്നു വളരെ ഉയരത്തിൽ

ഞാൻ സ്മിജ . കെ 

17/08/2019 ൽ സർവീസിൽ കയറി @ ജി.എൽ .പി.എസ്. മാവിച്ചേരി. ഒന്നാം ക്ലാസിൻ്റെ ചാർജ് ആണ് എനിക്ക് ലഭിച്ചത്. ഒന്നാം ക്ലാസ് ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലായിരുന്നു ചെറിയൊരു ഭയത്തോടുകൂടി ഞാൻ ആരംഭിച്ചു. കുട്ടികൾ കുറവായതു കൊണ്ടു തന്നെ എല്ലാകുട്ടികളെയും വൃത്തിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞു.14/06/2023 ന് ജി.എൽ.പി. എസ്. പന്നിയൂരേക്ക് ട്രാൻസ്ഫർ അവിടെയും ഒന്നാം തരം എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു. പാംഭാഗങ്ങൾ കുറച്ചൊരു കട്ടിയാണല്ലോ ഇവിടെയാന്നെങ്കിൽ കുട്ടികളും 27 മൊത്തത്തിൽ ടെൻഷൻ . അങ്ങനെ ആ വർഷവും കടന്നുപോയി. അവധിക്കാല അധ്യാപക പരിശീലനം മെയ് മാസത്തിൽ തന്നെ നടന്നു. പുതിയ പാഠപുസ്കം കാണാനുള്ള ആകാംഷയിലായിരുന്നു  ഞാൻ RP മാർ പുസ്തകം കാണിച്ചു തന്നു. ഒന്നാം ക്ലാസിലെ പുതിയ പുസ്തകം പുറംചട്ട കൊള്ളാം. തുറന്നു നോക്കി. കുട്ടികളെ മനം കൈയടക്കാൻ വന്നിരിക്കുന്ന പറവകൾ.

മനസ്സിൽ കണക്ക് കൂട്ടി . 

ഒന്നാം ക്ലാസിലെ കുട്ടികളെ പറവകൾ ആക്കി പറത്തണം. പറവകൾ പാഠം പോലെ തന്നെ കുട്ടികൾക്ക് പറന്നു വളരെ ഉയരത്തിൽ രക്ഷാതാക്കളും നാട്ടുകാരും കൂടി പറന്നു . വളരെ രസകരമായിരുന്നു ഒന്നാം യൂണിറ്റ്. മുട്ടയ്ക്ക് ഭാരം താങ്ങാൻ കഴിയുമോ?പരീക്ഷണം എല്ലാവരും രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എന്തായാലും പുതുതല മുറയെ കെട്ടുറപ്പോടെ വാർത്തെടുക്കാൻ നമുക്ക് കഴിയും എല്ലാവർക്കും കഴിയുമാറാകട്ടെ എന്ന പ്രതീക്ഷയോടെ

Smija.k

Glps panniyur 

Kannur

77

കാടു പോലെ പരത്തി പറയുന്നതിൽ നിന്നും മാറി  ആവശ്യാനുസരണം മാത്രം കുട്ടികൾക്ക് മുന്നിൽ വിളമ്പുന്ന പാഠഭാഗങ്ങൾ

ഞാൻ മഹിമ .പി  2019 ൽ ജി.എൽ .പി.എസ് അത്യക്കുഴിയിൽ കയറി. ഒന്നാം ക്ലാസ് കൈകാര്യം ചെയ്തു വരുന്നു. അവധിക്കാല അധ്യാപക  പരിശീലനം മെയ് മാസത്തിൽ നടന്നു. പുതിയ പാഠപുസ്തകങ്ങളിലെ വിശേഷങ്ങൾ അറിയാൻ തിടുക്കമായിരുന്നു. പരിശീലനങ്ങളിൽ വ്യത്യസ്തമായി നിന്നത് പരീക്ഷണ ഘട്ടം തന്നെയാണ്. താരയിൽ നിന്ന് പറവയിലേക്കുള്ള മാറ്റം വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു.  ആവർത്തിച്ചുള്ള അക്ഷരങ്ങൾ കുട്ടികളെ കാണാപാഠങ്ങളിൽ നിന്നും അക്ഷരങ്ങളെ വേർതിരിച്ചറിയാൻ സഹായകമായി. 

കാടു പോലെ പറത്തി പറയുന്നതിൽ നിന്നും മാറി  ആവശ്യാനുസരണം മാത്രം കുട്ടികൾക്ക് മുന്നിൽ വിളമ്പുന്ന പാഠഭാഗങ്ങൾ. 

ഊന്നൽ നൽക്കേണ്ടവ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 

വർക്ക് ബുക്കിന് സമയം അധികം വേണ്ടി വരുന്നു, വർക്ക് ബുക്ക് എത്താനുണ്ടായ കാല താമസം എന്നിവയാണ്  ഒരു ന്യൂനത. എങ്കിലും ചിത്രം മാത്രമല്ല ,എഴുത്തും പുസ്തകത്തിൽ ഉൾപ്പെടുത്തിയതിനാൽ കുട്ടികളിൽ അക്ഷരങ്ങളെ മുറുകെ പിടിക്കാനുള്ള അവസരം ഒരുക്കുന്നു. ചിത്രങ്ങളും പരീക്ഷണങ്ങളും  എന്നും കുട്ടികളിൽ വിസമയം തീർക്കാറുള്ളതാണ്.ഇവിടെയും അതു തന്നെ. സ്വരാക്ഷരങ്ങളിലൂടെ ചിഹ്നങ്ങളും വാക്യഘടനയും അകലവും എഴുതി പഠിക്കാൻ ഉതകുന്ന തരത്തിലാണ് പാഠപുസ്തകം. ഒപ്പം ചിത്രം വരയും നിർമ്മാണവും നന്നായിട്ടുണ്ട്. മുൻ പാഠ പുസ്തകങ്ങളിൽ ഇവയെല്ലാം ഉണ്ടായിരുന്നെങ്കിലും അതൊക്കെ ഫോർട്ട് പോളിയോ ആയിട്ടാണ് നടത്തിയിരുന്നത്. എന്നാലിപ്പോ അതൊക്കെ തന്നെ വർക്ക് പുസതകത്തിൽ ഭദ്രം.. പാഠ ഭാഗങ്ങൾ മുന്നോട്ടു കുതിക്കുമ്പോൾ കുട്ടികൾക്ക്  മറിച്ചു നോക്കി സ്വന്തം മാറ്റങ്ങളെ അറിയാനും മുന്നോട്ട് കുതിക്കാനുമുള്ള അവസരമാണ് വർക്ക് പുസ്തകങ്ങൾ. മാറ്റങ്ങൾ കാലത്തിന് അനിവാര്യം. അതിലൂടെ മാത്രമ്മേ തലമുറയെ നമുക്ക് നടത്താനാവൂ. അക്ഷരങ്ങളും ചിഹ്നങ്ങളും വാക്കുകളും ഘടനയും പഠിച്ചു കുട്ടികൾ അവരുടെ മാതൃഭാഷ സ്വന്തമാക്കട്ടെ... അതിനായി നമുക്കവരെ പ്രാപ്തമാക്കാം... പ്രതീക്ഷയോടെ 

Mahima  .P.  

Teacher GLPS Athirkuzhy Kasargod.

78

പറവകള്‍ പാറി- ആശങ്കകളും പാറിയകന്നു

3,4 ക്ലാസ്സുകളിൽ മാത്രം പഠിപ്പിച്ച് പരിചയമുണ്ടായിരുന്ന ഞാൻ ഒരുപാട് ആശങ്കകളോടെയാണ് ഈ വര്‍ഷം ഒന്നാം ക്ലാസ് ഏറ്റെടുക്കാനുള്ള SRG  നിര്‍ദേശത്തെ സ്വീകരിച്ചത്. 

പരിശീലനത്തിലെ സെഷനുകളിലൂടെ  ആശയാവതരണരീതിയുടെ  സാധ്യതകളെ അടുത്തറിഞ്ഞു.

എന്തിനും പിന്തുണയുമായി സംസ്ഥാനതലത്തില്‍ തന്നെ കൂട്ടായ്മയുമുണ്ടല്ലോ.

കൂടെയുള്ള അധ്യാപകന്‍റെ ഒന്നാം ക്ലാസിലെ അധ്യാപനപരിചയം കൂടുതല്‍ ധൈര്യം തന്നു.

സ്കൂൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ നടത്തിയ സിപി ടി എ യിൽ രക്ഷിതാക്കളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നെങ്കിലും ഒന്നാം ക്ലാസ്സിൽ പുതിയതായതുകൊണ്ട് ആശങ്ക വിട്ടിരുന്നില്ല. 

എന്നാൽ ആദ്യ ആഴചകളിലെ സന്നദ്ധതാ പ്രവർത്തനങ്ങൾ ഉഷാറായി പൂർത്തിയാക്കിയതോടെ ഒന്നാം ക്ലാസ്സ്‌ കൈകാര്യം ചെയ്യാം എന്ന ആത്മവിശ്വാസം വന്നു. 

തുടർന്ന് പാഠത്തിലേക്ക് കടന്നപ്പോളും കുട്ടികളെല്ലാവരും ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.രക്ഷിതാക്കളുടെ പിന്തുണയും  നല്ലരീതിയിൽ ഉണ്ടായിരുന്നു. 

ആദ്യ ദിവസങ്ങളിൽ അക്ഷര ഘടന പാലിച്ച് എഴുതുന്നതിൽ കുറച്ച് താമസം നേരിട്ടെങ്കിലും ഇപ്പോൾ ക്ലാസിലെ എല്ലാ കുട്ടികളും അക്ഷരഘടന പാലിച്ച് എഴുതുന്നു.  എല്ലാ കുട്ടികളേയും  ഈ തലത്തിലേക്ക് എത്തിക്കാന്‍ കുറച്ചധികം സമയമെടുത്തത് പാഠവിനിമയ സമയത്തെ ബാധിച്ചു. കളികളിലും മറ്റ് പ്രവർത്തനങ്ങളിലും കുട്ടികൾ ആവേശത്തോടെയും മത്സരബുദ്ധിയോടെയും പങ്കെടുത്തു. 

മുട്ടകൊണ്ടുള്ള പരീക്ഷണം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൂടി  ഏറ്റെടുത്ത് ചെയ്ത് നോക്കിയത് ആവേശമായി.  പരീക്ഷണത്തിലും മക്കള്‍ ആവേശത്തോടെ പങ്കാളികളായി. 

ദൈനംദിന വായനാപാഠങ്ങൾ എല്ലാ കുട്ടികളും വായിക്കുകയും വോയ്‌സ് അയക്കുകയും ചെയ്യുന്നു.

പാഠപുസ്തക രചനാസമിതി അംഗം സചീന്ദ്രന്‍ മാഷാണ് വായനോത്സവത്തിനും പാട്ടരങ്ങിനും തുടക്കം കുറിച്ചത്.  അത് മക്കളില്‍ കൂടുതല്‍ താല്‍പര്യമുണ്ടാക്കി. 

വായനോത്സവത്തിന്റെ ഭാഗമായി നൽകിയിരുന്ന കഥാപുസ്തകങ്ങളിലെ കഥ കേട്ട് അവരുടേതായ രീതിയിൽ കഥ അവതരിപ്പിക്കുകയും അതിന്റെ വീഡിയോ അയക്കുകയും ചെയ്തു. 

ക്ലാസിലെ 34 കുട്ടികളിൽ 30 പേരും അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കുന്നു. നാല് കുട്ടികൾ അക്ഷരങ്ങൾ തിരിച്ചറിയുന്നുണ്ടെങ്കിലും വായനയിൽ ഒരു ആത്മവിശ്വാസക്കുറവ് നേരിടുന്നു. പരിഹരിക്കണം. 

പ്രവർത്തനങ്ങൾ ഹാന്‍റ് ബുക്കില്‍ പറഞ്ഞ  സമയത്തിനുള്ളില്‍   തീർക്കാൻ കഴിയുന്നില്ല.

എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒന്നാം ക്ലാസ്സ്‌ ഒന്നാന്തരമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്.

ക്ലാസ് പിടിഎ യില്‍ രക്ഷിതാക്കള്‍ മികച്ച  അഭിപ്രായം പങ്കുവെച്ചു

ഒന്നാം യൂണിറ്റ് തുടങ്ങിയ

തിയ്യതി: ജൂണ്‍ 19

അവസാനിച്ച തിയ്യതി : ജൂലൈ 12

ആദ്യ ക്ലാസ് പിടിഎ: ജൂണ്‍ 8 ശനി

രണ്ടാം ക്ലാസ് പിടിഎ: ജൂലൈ 12 വെള്ളി

ഷീല വി.

എ എല്‍ പി സ്കൂൾ ഊര്‍ങ്ങാട്ടിരി

അരീക്കോട് ഉപജില്ല

മലപ്പുറം ജില്ല

79

എത്ര വേഗമാണ് കുട്ടികൾ കഥയും കവിതയും സ്വായത്തമാക്കിയത്?

സാർ ഞാൻ 18 വർഷമായി ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്നു ഈ വർഷം പുസ്തകം മാറിയപ്പോൾ വളരെയധികം ആശങ്കയുണ്ടായിരുന്നു എന്നാൽ  അവധിക്കാല പരിശീലനത്തിൽ നിന്നും വ്യക്തമായ ധാരണ ലഭിച്ചപ്പോൾ ആ ബുദ്ധിമുട്ട് ഒഴിവായി സ്കൂൾ തുറന്നതിനു ശേഷം 10 ദിവസത്തെ സന്നദ്ധ പ്രവർത്തനങ്ങൾ വളരെ മികച്ച നിലവാരത്തിൽ ചെയ്യാൻ സാധിച്ചു എന്നുള്ളത് അഭിമാനകരമായി തോന്നുന്നു സാർ എത്ര വേഗമാണ് കുട്ടികൾ കഥയും കവിതയും സ്വായത്തമാക്കിയത് അതുപോലെതന്നെ പാഠഭാഗത്തിലേക്ക് കയറിയപ്പോൾ നിരീക്ഷണ പരീക്ഷണ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ നല്ല രീതിയിൽ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് വ്യക്തമായ ധാരണ ഉറപ്പിക്കുവാൻ കഴിഞ്ഞു അതുപോലെതന്ന ദേശാടരാം എന്നുള്ള കവിത ദൃശ്യാവിഷ്കാരം നടത്തിയപ്പോൾ ഓരോ ഭാഗങ്ങളും കുട്ടികൾ തിരിച്ചറിഞ്ഞ് അതിൽ പങ്കാളികളായി അതുപോലെതന്നെ പാഠഭാഗത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ വേഗം കുട്ടികൾ സ്വായത്തമാക്കി ഒന്നാം പാഠം യൂണിറ്റ് ടെസ്റ്റ് നടത്തി  ആഖ്യാന അവതരണ രീതിയിലൂടെ  കടന്നുപോയതിനാൽ കുട്ടികൾ മികച്ച  നിലവാരം പുലർത്തിയതായി കാണാൻ സാധിച്ചു

Bondhu. S. Sarma. 

St. Thomas. L  P. S. Amayannoor. Kottayam

80

ജൂലൈ 16 അനുഭവ വിശകലനം

ബിന്ദു. ഐ

Glps Kurumpayam

എട്ടുവർഷമായി ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നു. ഇപ്പോൾ എന്റെ ക്ലാസ്സിൽ 15 കുട്ടികൾ ഉണ്ട്. അതിൽ 2കുട്ടികൾ ഒഴികെ ബാക്കി യുള്ളവർ pp യിൽ ഇരുന്നകുട്ടികൾ ആണ്. അതുകൊണ്ട് തന്നെ ഒന്നാം യൂണിറ്റിലെ ഉറക്കേണ്ട അക്ഷരങ്ങൾ അവർക്ക് അറിയാമായിരുന്നു. ഇപ്പോൾ രണ്ടാം യൂണിറ്റ് തുടങ്ങിയപ്പോൾ പറവകൾ പാറി യൂണിറ്റിലെ ചിഹ്നങ്ങളും അക്ഷരങ്ങളും15കുട്ടികൾക്കും ഉറച്ചിട്ടുണ്ട്. പഠിച്ച അക്ഷരങ്ങൾക്ക് പഠിച്ച ചിഹ്നങ്ങൾ ചേർത്ത് പുതിയ വാക്കുകൾ നിർമിക്കാൻ കഴിയുന്നുണ്ട്. ആർജിച്ച അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് വായനക്കാർഡുകൾ തയ്യാറാക്കി class ഗ്രൂപ്പിൽ ഇടുമ്പോൾ വളരെ ഉത്സാഹത്തോടെ എല്ലാകുട്ടികളും വായിക്കുന്നു. വളരെ നല്ല പ്രതികരണമാണ് class പി. ടി. എ. യിൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ലഭിച്ചത്. കൂട്ടെഴുത്ത്, ബോർഡെഴുത്ത് എന്നിവ  പ്രയോജനകരമാണ്. വർക്ക്‌ ബുക്കിലും പിന്തുണാ ബുക്കിലും എല്ലാകുട്ടികൾക്കും വാക്കകലം പാലിച്ചും ഘടന പറഞ്ഞും എഴുതുവാൻ കഴിയുന്നുണ്ട്. ആടിയും പാടിയും അഭിനയിച്ചും പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെട്ടും വളരെ സന്തോഷത്തോടെ ഞാനും എന്റെ മക്കളും

പാലോട് ഉപജില്ല

തിരുവനന്തപുരം

81

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വം, സാഹോദര്യം, ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രബോധം, തുല്യത, ലിംഗപദവി തുടങ്ങിയവ ആർജ്ജിക്കാൻ കഴിയുംവിധമാവട്ടെ നമ്മുടെ പുതുതലമുറ 

ഞാൻ ഷമീന എൻ പി, 12/12/23 ന് ജി എം എൽ പി എസ് എടവണ്ണയിലായിരുന്നു എന്റെ സേവനം ആരംഭിച്ചത്.

രണ്ടാം ക്ലാസ്സിൽ ആയിരുന്നു മൂന്നര മാസം ജോലി ചെയ്തത്. പഠിപ്പിക്കുന്നത് എല്ലാ കുട്ടികളിലേക്കും എത്തുന്നില്ലല്ലോ എന്ന ആശങ്ക മനസ്സിലുണ്ടായിരുന്നു.

ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് അവസരം ലഭിച്ചു. അവധിക്കാല പരിശീലനത്തിൽ പുതിയ പാഠപുസ്തകങ്ങൾ പരിചയപ്പെട്ടപ്പോൾ വളരെ ആവേശത്തിലായിരുന്നു . കുട്ടികളുടെ ബഹുമുഖ  വികാസത്തിനുതകുന്ന പാഠപുസ്തകങ്ങളും അധ്യാപകരുടെ പരിശ്രമത്തിന് തുണയാകുന്ന കൈപുസ്തകങ്ങളും .\അക്കാദമിക് മാസ്റ്റർ പ്ലാൻ, ടീച്ചിങ് മാന്വൽ, ക്ലാസ്സ്‌ കലണ്ടർ, സി പി ടി എ എന്നിവയെകുറിച്ചെല്ലാം വ്യക്തമായ ധാരണ പരിശീലനത്തിൽ നിന്നും ലഭിച്ചു.

മെയ്‌ അവസാനവാരം നടത്തിയ ഗണിതശില്പശാലയിൽ രക്ഷിതാക്കൾ വളരെ ആവേശത്തോടെ പങ്കെടുത്തു . ജൂൺ മൂന്നിന് പ്രവേശനോത്സവവും രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിന്റെ ക്ലാസും വളരെ മനോഹരമായി 

ആറാം പ്രവൃത്തി ദിനത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാനും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളുടെ ആദ്യ യൂണിറ്റിന്റെ ടീച്ചിങ് മാന്വലും തയ്യാറാക്കി (ഹാൻഡ്‌ബുക് കിട്ടിയില്ലെങ്കിലും കരട് pdf ലഭിച്ചിരുന്നു )

ജൂൺ 12ന് GMUPS AREEKODE ലേക്ക് ട്രാൻസ്ഫർ ലഭിച്ചു. ഇവിടെയും ഒന്നാം ക്ലാസ്സ്‌ തന്നെയാണ് എന്നെ കാത്തിരുന്നത്  40 കുട്ടികളുള്ള ക്ലാസ്സിൽ ഈ പ്രവർത്തനങ്ങളൊക്കെ എങ്ങനെ ചെയ്യും എന്ന ആശങ്കയുണ്ടായിരുന്നു . ക്ലാസ് ഗ്രൂപ്പ്‌ സജീവമാക്കി, രക്ഷിതാക്കൾ പ്രതികരിക്കാൻ തുടങ്ങി . സന്നദ്ധത പ്രവർത്തനങ്ങളിലൂടെ കുട്ടികളെ സ്കൂൾ അന്തരീക്ഷത്തിലെത്തിക്കാൻ സാധിച്ചു (കൃത്യമായ മൊഡ്യൂൾ ലഭിച്ചിരുന്നു ).

പാട്ടരങ്ങ്, കഥോത്സവം, സംയുക്ത ഡയറി, രചനോത്സവം തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ടൈംടേബിൾ ക്രമീകരിച്ചു . ആശയവതരണ രീതിയിലൂടെ മലയാളത്തിനും ഇംഗ്ലീഷിനും ഒരേ പ്രാധാന്യം നൽകികൊണ്ട് ക്ലാസ്സ്‌ മുന്നോട്ട് പോകുന്നു . കുട്ടികൾക്ക് ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള (മലയാളത്തിലും ഇംഗ്ലീഷിലും ) അവസരങ്ങൾ നൽകാറുണ്ട് . വിഡിയോ ക്ലാസ്സ്‌ ഗ്രൂപ്പിൽ അയക്കാറുണ്ട് .

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വം, സാഹോദര്യം, ജനാധിപത്യം, മതനിരപേക്ഷത, ശാസ്ത്രബോധം, തുല്യത, ലിംഗപദവി തുടങ്ങിയവ ആർജ്ജിക്കാൻ കഴിയുംവിധമാവട്ടെ നമ്മുടെ പുതുതലമുറ എന്ന ആശംസകളോടെ 

SHAMEENA NP

LPSA

GMUPS AREEKODE*

82

അക്ഷരങ്ങൾ നേരത്തെ പഠിക്കാതെ വന്ന കുട്ടികളുടെ  രക്ഷിതാക്കളും പറഞ്ഞു നല്ല സന്തോഷം

ഞാൻ 22 വർഷമായി ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നുന്നുണ്ട്. എൻ്റെ ക്ലാസ്സിൽ 20 കുട്ടികൾ ഉണ്ട്. രണ്ട് ഡിവിഷൻ ആണ്. 20 കുട്ടികളിൽ 4 കുഞ്ഞുങ്ങൾ ഒരു അക്ഷരങ്ങളും പഠിക്കാതെ വന്നവർ ആണ് , അവർ പ്രീ പ്രൈമറിയിൽ ഒന്നും പോകാതെ വന്നതാണ്, പക്ഷേ ആദ്യത്തെ യൂണിറ്റ് പഠിപ്പിച്ചു കഴിഞ്ഞപ്പോൾ ആ കുഞ്ഞുങ്ങൾ പോലും  ആദ്യത്തെ പാഠത്തിൽ ഊന്നൽ നൽകി അക്ഷരങ്ങളും ചിഹ്നങ്ങളും വായിക്കുന്നുണ്ട്. മറ്റ് കുട്ടികൾ എല്ലാവരും നല്ലതായി വായിക്കുന്നുണ്ട് ,ഈ കുട്ടികളും മനസ്സിലാക്കുന്നുണ്ട്, അതേപോലെ തന്നെ രണ്ടാമത്തെ പാഠത്തിലേക്ക് വന്നപ്പോൾ ഈ ആദ്യത്തെ പാഠത്തിലെ ചിഹ്നങ്ങളും അക്ഷരങ്ങളും പറയുന്നുണ്ട്, കൂടാത വായനാകാർഡ് എഴുതി കൊണ്ട് പോകുമ്പോൾ എല്ലാ കുട്ടികളും അക്ഷരങ്ങൾ പറഞ്ഞ് വായിക്കുന്നുണ്ട്. ഒരു പാട് കാര്യങ്ങൾ ഈ ആദ്യത്തെ പാഠത്തിൻ നിന്ന് പരീക്ഷണം നിരീക്ഷണം കളികൾ എല്ലാം, എന്നും വെച്ചാൻ എവിടെ കുഞ്ഞുങ്ങൾ പോയാലും ഒരു തൂവൽ കൊണ്ടാണ് വരുന്നത്, അങ്ങനെയുള്ള  ഒരു പാട് കാര്യങ്ങൾ കുഞ്ഞുങ്ങൾ മനസ്സിലാക്കി ,കൂടാതെ എല്ലാ കുഞ്ഞുങ്ങളും  ആദ്യത്തെ പാഠം വായിക്കുന്നുണ്ട് പിന്നെ കുറച്ച് നമുക്ക് സമയക്കുറവ് ഉണ്ട് എന്നു വെച്ചാൽ വർക്ക് ബുക്ക് ഒക്കെ വന്നത് ഈ അടുത്താണ്, അതിൻ്റെ ബുദ്ധിമുട്ടുണ്ട്, മഴയായതു കൊണ്ട് കുട്ടികൾ ആഴ്ചകളോളം അവധി എടുക്കുന്നത് കൊണ്ട് എല്ലാ കുട്ടികളെയും ഒരേ രീതിയിൽ വർക്ക് ബുക്ക്  ചെയ്യിപ്പിക്കാൻ പറ്റുന്നില്ല. കുട്ടികൾ  വരുന്നതനുസരിച്ചാണ് വർക്ക് ബുക്ക് ചെയ്യിക്കുന്നത്. എന്നിരുന്നാലും എല്ലാ കാര്യങ്ങളും ചെയ്യിച്ചു പോകുന്നുണ്ട്. നമുക്കൊരു തൃപ്തി ഉണ്ട്, അത്രയും കുട്ടികൾ അക്ഷരങ്ങൾ മനസ്സിലാക്കി വായിക്കുന്നുണ്ട്, അക്ഷരങ്ങൾ അറിയാതെ വന്ന കുട്ടികളുടെ  രക്ഷിതാക്കളും പറഞ്ഞു നല്ല സന്തോഷം ഉണ്ടെന്ന്, നമുക്കും അത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്.

ഇന്ദിരാദേവി സി. കെ

Beach LPS Punnapra

83

"എന്നാൽ ഇന്ന് ഒരു പാട്ട് പാടിക്കേ" എന്ന് ആര് പറഞ്ഞാലും ആദ്യം പാടുക *ദേശാടകരാം കിളികളൊരിക്കൽ വിരുന്നു വന്നു നാട്ടിൽ*  എന്ന പാട്ട് ആണ്.

പാലക്കാട്  പറളി ഉപജില്ലയിലെ മാരാർക്കുളം ജി എൽ പി സ്കൂളിലെ അദ്ധ്യാപിക ആണ് ഞാൻ.

എൻ്റെ പേര് ശാന്തകുമാരി.

സർവീസിൽ കയറിയിട്ട് മൂന്ന് വർഷം ആയതേയുള്ളു. ആദ്യം കുറച്ച് ദിവസം നാലാം ക്ലാസിൽ ആയിരുന്നു. പിന്നീട് ഒന്നിലേക്ക്. ഒന്നാം ക്ലാസ്സിൽ മൂന്നാം വർഷം ആണ്. 

ഇത്തവണത്തെ അവധിക്കാല അദ്ധ്യാപക പരിശീലന വേളയിൽ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. സത്യത്തിൽ മനസ്സ് ശൂന്യമായിരുന്നു പരിശീലനം കഴിഞ്ഞു മടങ്ങി വരുന്ന ദിവസം.

എങ്ങനെയാണ് ഓരോ കാര്യങ്ങളും അതുപോലെ ഉദ്ദേശിക്കുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിലേക്ക് എത്തിക്കുക ?

അതിനു എത്രത്തോളം എനിക്ക് വിജയിക്കാൻ സാധിക്കും ?എന്നെല്ലാം ഓർത്തിട്ട്.

അങ്ങനെ ക്ലാസ്സുകൾ തുടങ്ങി. കഥകളും പാട്ടുകളും കളികളും എല്ലാം ആയി ഞങ്ങൾ പതുക്കെ പാഠത്തിലേക്ക് കടന്നു. 

ആദ്യം എൻ്റെ മക്കൾ ആസ്വദിച്ച് അഭിനയിച്ച ഒരു പാട്ട് ആണ് *ചിറകടിച്ചു ചിറകടിച്ചു വരികയാണ് പറവകൾ* എന്ന് തുടങ്ങുന്ന പാട്ട്.

എന്നാൽ ഇന്ന് ഒരു പാട്ട് പാടിക്കേ എന്ന് ആര് പറഞ്ഞാലും ആദ്യം പാടുക *ദേശാടകരാം കിളികളൊരിക്കൽ വിരുന്നു വന്നു നാട്ടിൽ* ... എന്ന പാട്ട് ആണ്. 

അത് ഒരേ താളത്തോടെ ഒരേ ശബ്ദത്തിൽ പാടാൻ നല്ല ഇഷ്ടമാണ് അവർക്ക്. കേൾക്കാനും നല്ല രസം തന്നെ. 

അതുപോലെ തന്നെ തൂവലുകൾ കൊണ്ടും മുട്ടത്തോട് കൊണ്ടുള്ള പരീക്ഷണവും നിരീക്ഷണവും എല്ലാം ഞങ്ങള് ചെയ്തു. വളരെ താല്പര്യത്തോടെ എല്ലാവരും അതിൽ പങ്കുകൊണ്ടു. പനി വന്നാൽ കൂടി വീട്ടിൽ ഇരിക്കുന്നില്ല ഇപ്പോഴവർ. ഇന്ന് ടീച്ചർ പുതിയ എന്തെങ്കിലും ഞങ്ങൾക്ക് കാണിച്ചു തരും എന്നും പറഞ്ഞ് രക്ഷിതാവിനെയും നിർബന്ധിച്ച് വിളിച്ച് കൊണ്ട് വരിക കുട്ടികൾ ആണ്. ഇത് കാണുമ്പോഴും കേൾക്കുമ്പോഴും അതിയായ സന്തോഷം ഉണ്ട് കേട്ടോ.

പാട്ടും പരീക്ഷണങ്ങളും എല്ലാം ഞങ്ങൾ വിജയിച്ചു.

അപ്പോഴും എനിക്ക് ഉണ്ടായ ആശങ്ക വേറെ ഒന്നാണ്. ഈ പറഞ്ഞ അക്ഷരങ്ങൾ ചിഹ്നങ്ങൾ എല്ലാം അവർക്ക് എത്തുമോ? അതോ വെറും പാട്ടും കളിയും മാത്രം ആയി മാറിയോ എന്ന അങ്കലാപ്പ് ആയി എനിക്ക്. 

അങ്ങനെ ഞങ്ങൾ ഒരു വായനാ മത്സരം വച്ചു . വായനാ കാർഡുകളും നൽകി. കുട്ടികൾ ഒരുവിധമെല്ലാവരും  തന്നെ വായിച്ചു.  അതിൽ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ആ സന്തോഷം എഴുത്തിലൂടെ അറിയിക്കാൻ ആവുന്നുമില്ല.

ഒരുപാട് വ്യത്യാസം ഉണ്ട് കുട്ടികൾക്ക്.

വായനയിൽ ഞങ്ങൾ എത്തുന്നുണ്ട്. എഴുത്തിലേക്ക് അത്രക്ക് ആയിട്ടില്ല വരുന്നേയുള്ളു. എങ്കിലും അതും ആവും എന്ന് തന്നെ പ്രതീക്ഷ ഉണ്ട്. കുഞ്ഞെഴുത്ത് ഞങ്ങളുടെ സ്കൂളിൽ കിട്ടിയിട്ടില്ല പ്രിൻ്റ് എടുത്തിട്ടാണ് മുന്നോട്ട് പോയത്.. പൂവ് ചിരിച്ചു തുടങ്ങിയിട്ടേ ഉള്ളു.  എന്നാലും ഇപ്പോഴും ഏതു തൂവൽ കിട്ടിയാലും ഒന്നാം ക്ലാസിലേക്ക് കൊണ്ടുവരുന്ന കൊച്ചു മിടുക്കരാണ് എല്ലാവരും.

അങ്കണവാടിയിൽ പോലും പോവാത്ത കുട്ടി ഉണ്ട് എൻ്റെ ക്ലാസ്സിൽ. അവനും ഒപ്പം തന്നെ വരുന്നുണ്ട് എന്നത് മറ്റൊരു സന്തോഷം.

പിന്നെ ഒരു കുട്ടി ഉണ്ട്. അവനു പെൻസിൽ പിടിക്കാനോ ഏതെങ്കിലും അക്ഷരം എഴുതാനോ ആവില്ലായിരുന്നു. ചെറിയ ലേഖന പ്രക്രിയ അവനു നൽകുമായിരുന്നു. അതിലൂടെ അവൻ വ പ 1 2 3 4 എന്നിങ്ങനെ ഇപ്പോൾ എഴുതുന്നുണ്ട്. 

അതും ഒരു വിജയം ആണല്ലോ.…

84

വർക്ക് ബുക്കുകൾ എത്തിയതോടെ രക്ഷിതാക്കളുടെ ആശങ്കകൾക്ക് ഏറെക്കുറെ പരിഹാരമായി. 

ഒന്നാം ക്ലാസിൽ എനിക്ക് 30 കുഞ്ഞുങ്ങളാണുള്ളത്. രണ്ടോ മൂന്നോ പേർ ഒഴികെ ബാക്കി എല്ലാവരും ഒന്നാമത്തെ പാഠം ഹൃദ്യമാക്കിക്കഴിഞ്ഞു. പാഠഭാഗം വായിക്കാനും വാക്കകലം പാലിച്ച് എഴുതനും അവർക്ക് കഴിയുന്നുണ്ട്. വർക്ക് ബുക്കുകൾ എത്തിയതോടെ രക്ഷിതാക്കളുടെ ആശങ്കകൾക്ക് ഏറെക്കുറെ പരിഹാരമായി. പാട്ടരങ്ങ് കഥയരങ്ങ് നാടകീകരണം മറ്റ് കായിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ കുഞ്ഞുങ്ങൾക്കൊപ്പം

രക്ഷിതാക്കളും ഏറ്റെടുത്തു കഴിഞ്ഞു. വരുന്ന വഴിയിൽ കണ്ട കിളികളെക്കുറിച്ചും പൂക്കളെക്കുറിച്ചും അവർ ക്ലാസിൽ പറയാൻതുടങ്ങി. ഞാനെത്തുമ്പോഴേക്കും മോശക്ക് ചുറ്റും പൂക്കളുടെ ഇതളുകൾ എണ്ണിക്കളിക്കുന്ന കുഞ്ഞുളെയാണ് ഞാനിപ്പോൾകാണുന്നത്. ഞാനും ഹാപ്പി എൻ്റെ മക്കളും

അനീസ H 

മുരുക്കുമൺ യു.പി.എസ്

ചടയമംഗലം സബ്ജില്ല  കൊല്ലം

85

ലേഖനപ്രശ്നങ്ങളെ കുറിച്ച് അവർ സ്വയം മനസിലാക്കി തുടങ്ങി. 

ഒന്നാം ക്ലാസ്സിലെ പറവകൾ പാറി എന്ന യൂണിറ്റിലേക്ക് പ്രവേശിച്ചപ്പോൾ കുട്ടികൾക്ക് അക്ഷരങ്ങൾ അറിയാമെങ്കിലും വാക്കകലം പാലിച്ചെഴുതുവാൻ അറിയില്ല എന്ന് മനസിലായി. വാക്കുകൾ പരസ്പരം തൊടുവിച്ച് എഴുതുന്നുണ്ടായിരുന്നു. എഴുത്തിനോട് വിമുഖത കാണിക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. എഴുത്തിനെ ഒരു മത്സാരാവേശത്തോടെയാണ് നോക്കികണ്ടിരുന്നത് പെട്ടന്ന് എഴുതി കാണിക്കുക എന്ന മനോഭാവം മാത്രം ചില കുട്ടികളിൽ ഉണ്ടായിരുന്നു. അപ്പോൾ ഘടനയിൽ ശ്രദ്ധ നൽകിയിരുന്നില്ല. എന്നാൽ ഇത്‌ ക്രമേണ അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദർഭങ്ങളിൽ തെളിവെടുത്തു എഴുതിയും ഒറ്റക്കും കൂട്ടായും താരതമ്യം ചെയ്തും മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിഞ്ഞു. ബോർഡിൽ എഴുത്ത് അക്ഷരവലുപ്പത്തെ ബാധിച്ചിരുന്നു. എന്നാൽ ബുക്കിൽ എഴുതുമ്പോൾ അവർ അക്ഷര വലുപ്പവും ഘടനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിർദേശിക്കുന്ന അക്ഷരവും വാക്കും കണ്ടെത്താൻ തുടക്കത്തിൽ പ്രയാസം നേരിട്ടെങ്കിലും ക്രമേണ മാറ്റങ്ങൾ വന്നു തുടങ്ങി. ബോർഡിലും ചാർട്ടിലും ഘടന പറഞ്ഞു എഴുതിയത് പ്രയാസം അനുഭവപ്പെടുന്നവർക്ക് കൂടുതൽ ഉപകാരപ്പെട്ടു. വായനക്ക് അവസരം നൽകിയപ്പോൾ ചിഹ്നം ചേർത്ത് വായിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടായിരുന്നു. ഇതിനു വേണ്ടി പുനർവായന, ചാർട്ടിലെഴുത് എന്നിവ ഉപകാരപെട്ടു. ലേഖനപ്രശ്നങ്ങളെ കുറിച്ച് അവർ സ്വയം മനസിലാക്കി തുടങ്ങി. പരിചിതമായ പാട്ടുകൾക്ക് ഈണം നൽകി ചൊല്ലാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. എന്നാൽ പുതിയതായി പരിചയപ്പെടുന്ന പാട്ടിനോ കവിതക്കോ താളവും ഈണവും കണ്ടെത്താൻ ഭൂരിഭാഗം കുട്ടികൾക്കും  പ്രയാസം ഉണ്ട്‌.  നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് വരുമ്പോൾ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോൾ കുട്ടികൾക്ക് അത്‌ ചെയ്യേണ്ട രീതിയെ കുറിച്ച് പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. എന്നാൽ ചെയ്യുന്ന വേളയിൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്‌. ക്രയോൺസ് ഉപയോഗിച്ച് നിറം നൽകുന്നതിലും അനുയോജ്യമായ നിറം തിരഞ്ഞെടുക്കുന്നതിലും എല്ലാ കുട്ടികളും കഴിവുള്ളവരാണെന്ന്   മനസിലാക്കാൻ കഴിഞ്ഞു. രംഗാവിഷ്കാര വേളയിൽ തത്സമയ സംഭാഷണം അവതരിപ്പിക്കുവാൻ കുട്ടികൾ ചിലരിൽ പിന്തുണ സഹായം വേണ്ടി വരുന്നുണ്ടായിരുന്നു. എന്നാൽ ആശയം പ്രതിഫലിപ്പിക്കുവാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്.

മേഖ 

GLPS പരപ്പിൽ

86

അധ്യാപികയായ ഞാനും അത്ഭുതത്തോടെ വിദ്യാർത്ഥിനിയും നിരീക്ഷകയും ഗവേഷകയും ഒക്കെയായി തീരുകയായിരുന്നു. 

ആശയാവതരണ സമീപന പ്രകാരമുള്ള ക്ലാസ് റൂം പ്രക്രിയകൾ നടപ്പിലാക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ള  പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമായി ഇത്തവണ ഒന്നാം ക്ലാസിലേക്ക് പോകാൻ കഴിയും എന്നുള്ളത് അവധിക്കാല അധ്യാപക പരിശീലനത്തിൽ തിരിച്ചറിഞ്ഞപ്പോൾ വളരെയധികം ആവേശം തോന്നിയിരുന്നു. 

അപ്പോൾ തന്നെ മനസ്സിൽ വന്ന മറ്റൊരു കാര്യം കോപ്പി റൈറ്റിങ്ങിലൂടെയും എഴുതികൂട്ടിയ  നോട്ടുകളിലൂടെയും ഹോംവർക്കുകളിലൂടെയുമൊക്കെ മാത്രം തങ്ങളുടെ കുട്ടിയുടെ വളർച്ച പ്രതീക്ഷിച്ചിരിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട് എന്നുള്ളതാണ്. 

പുതിയ പഠന സമീപനം ക്ലാസ് റൂമിൽ നടപ്പിലാക്കുമ്പോൾ അനുഭവപ്പെടാൻ സാധ്യതയുള്ള ഏകദേശം എല്ലാ പ്രശ്നങ്ങളെയും മുൻകൂട്ടി തിരിച്ചറിഞ്ഞുകൊണ്ട് എങ്ങനെയാണ് അവയെ നേരിടേണ്ടത് എന്ന് കൃത്യമായ ഒരു മാർഗ്ഗബോധം അധ്യാപക ശാക്തീകരണ പരിപാടികളിൽ തന്നെ ലഭിച്ചിരുന്നു. 

എന്നാൽ അത് രക്ഷകർത്താക്കളിലേക്ക് ഫലപ്രദമായി എത്തിക്കുക,  അതിന്റെ ഭാഗമായി അധ്യാപിക ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ,

ആശയവതരണ രീതിയുടെ പ്രക്രിയ കൃത്യമായി പാലിക്കുന്നതിലുള്ള ശ്രദ്ധ തുടങ്ങിയവയൊക്കെ ഞാനെങ്ങനെയാകും ചെയ്യുകയെന്ന് സ്വയം നിരീക്ഷിക്കുക കൂടിയായിരുന്നു. 

  • അപ്പപ്പോൾ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ  ആർപ്പോ ഇർറോ.. കൂട്ടായ്മയിൽ കൃത്യമായ പരിഹരിക്കപ്പെട്ടു.

  • അത് കൊണ്ട് തന്നെ ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ നന്നായി നടപ്പിലാക്കിക്കൊണ്ട് ഇതുവരെയുള്ള  ലക്ഷ്യത്തിലെത്താനും സാധിച്ചു.

ആ വിജയം ഇനിയുള്ള ദിവസങ്ങളിലേക്കുള്ള ഊർജ്ജമായി അനുഭവപ്പെടുകയാണ്. 

ആദ്യം ആരംഭിച്ച ശില്പശാല മുതൽ ഓരോ പ്രവർത്തനങ്ങളുടെയും ലക്ഷ്യങ്ങൾ രക്ഷിതാക്കളെ വിശദമായി ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ മുന്നോട്ടു പോയതിനാൽ ചെറിയൊരു ആശങ്കയോടെ എന്താണ് സംഭവിക്കുന്നത് എന്ന് വീക്ഷിച്ചുകൊണ്ടാണെങ്കിലും രക്ഷിതാക്കൾ ഒപ്പം തന്നെ ഉണ്ടായിരുന്നു. 

10 ദിവസങ്ങളോളം നീണ്ട സന്നദ്ധത പ്രവർത്തനങ്ങൾ മുതൽ കുഞ്ഞുങ്ങൾ ഒന്നാം ക്ലാസിനെ ഇഷ്ടപ്പെടാൻ തുടങ്ങി. പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ മടിച്ചും പങ്കെടുക്കുകയില്ലെന്ന് വാശിപിടിച്ചും ഇരുന്ന കുഞ്ഞുങ്ങൾ മുതൽ അടിപിടി കൂടുന്ന വിരുതൻമാർ,  അതുപോലെ പ്രത്യേക പരിഗണന അർഹിക്കുന്ന മൂന്നു കുഞ്ഞുങ്ങൾ വരെ ക്ലാസിൽ ഉണ്ടായിരുന്നു. എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾ 

  • എന്നാൽ മുൻവർഷങ്ങളിലേത് പോലെ സമയമെടുത്ത് അനുനയിപ്പിച്ച് ഒന്നും പങ്കെടുപ്പിക്കേണ്ടതായി വന്നില്ല വളരെ പെട്ടെന്ന് തന്നെ കുഞ്ഞുങ്ങൾ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ സ്വയം മുന്നോട്ടു വരുന്നതാണ് കാണാൻ സാധിച്ചത്. 

  • ഒട്ടിക്കുമ്പോൾ പശ ചെറിയ തുള്ളികളായി ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതും ,പരസ്പരം പങ്കിടുന്നതും കളികളിൽ സ്വന്തം ഊഴം കാത്തിരിക്കുന്നതുമായ തിരിച്ചറിവുകൾ കുട്ടികൾ അനായാസമായി ആർജിച്ചെടുക്കുന്നതും കാണാനായി.

  • ക്ലാസ് ഗ്രൂപ്പുകളിൽ പങ്കിടുന്നതിനായി എടുത്ത വീഡിയോകളിൾ വീണ്ടും കാണുമ്പോൾ അതൊക്കെ അത്ഭുതത്തോടെയാണ് തിരിച്ചറിയുന്നത്. 

കോപ്പിറൈറ്റിംഗ് ഇല്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങൾ നന്നായി എഴുതുമെന്ന്  ക്ലാസ് തുടങ്ങുന്നതിനു മുന്നേ തന്നെ  ഉറപ്പു നൽകിയിരുന്നു. 

  • ഒന്നാം പാഠത്തിൽ ഉറപ്പിക്കേണ്ട എല്ലാ അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേക പരിഗണന അർഹിക്കുന്നതിലെ രണ്ടു കുട്ടികൾ ഒഴികെ ബാക്കി 31 കുട്ടികളിലും ഉറപ്പിച്ചതിനോടൊപ്പം ഘടന പാലിച്ച് വാക്കകലം പാലിച്ച് മനോഹരമായ എഴുതാൻ കഴിയുന്ന 29 കുട്ടികളുമുണ്ട് . 31 കുട്ടികളും ഒന്നാം പാഠവും ആ അക്ഷരങ്ങൾ മാത്രം ചേർന്ന ഏത് വായനാപാഠങ്ങളും തെറ്റില്ലാതെ ഒഴുക്കോടെ വായിക്കും. 

മുട്ടത്തോട് എത്ര ഭാരം താങ്ങും എല്ലാ തൂവലുകളും നനയുമോ തുടങ്ങിയ പ്രശ്നങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിച്ചപ്പോൾ തന്നെ കുഞ്ഞുങ്ങൾ അവരുടെ അഭിപ്രായങ്ങൾ പറയുകയും പരീക്ഷണം ചെയ്തു നോക്കി കൗതുകത്തോടെ നേരത്തെയുള്ള അഭിപ്രായങ്ങളുമായി തട്ടിച്ചു നോക്കുകയും പുതിയ അറിവ് നിർമ്മിച്ചെടുക്കുകയും ചെയ്തു.  

  • അതിനോടൊപ്പം ശ്രദ്ധിച്ച മറ്റൊരു കാര്യം ആ പരീക്ഷണങ്ങൾ ചെയ്യുമ്പോൾ കുട്ടികൾ എത്രത്തോളം ശ്രദ്ധയോടെയാണ് ആ വസ്തുക്കൾ കൈകാര്യം ചെയ്തത് എന്നുള്ളതാണ്. മുട്ടത്തോട് മറിയാതെ പൊട്ടാതെ വളരെ സൂക്ഷ്മതയോടെ ശ്രദ്ധയോടെ പുസ്തകങ്ങൾ മേൽക്കുമേൽ അടുക്കി വച്ചതും അതുപോലെ തന്നെ  മുട്ട കൂട്ടിലാക്കുക എന്ന പ്രവർത്തനത്തിൽ മുട്ടത്തോട് പൊട്ടാതെ സൂക്ഷിച്ച് എന്നാൽ കളിയുടെ ആവേശവും ചോരാതെ എത്ര കയ്യടക്കത്തോടെയാണ് കുഞ്ഞുങ്ങളാ പ്രവർത്തനം ചെയ്തത്.

സത്യത്തിൽ  ഈ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കുട്ടികൾക്കൊപ്പം അധ്യാപികയായ ഞാനും അത്ഭുതത്തോടെ വിദ്യാർത്ഥിനിയും നിരീക്ഷകയും ഗവേഷകയും ഒക്കെയായി തീരുകയായിരുന്നു. 

  • ജൂൺമാസം ആദ്യം തന്നെ ആരംഭിച്ച വായനോത്സവം എന്റെ കുഞ്ഞുങ്ങളിൽ പലരെയും മികച്ച കഥ പറച്ചിലുകാരാക്കി തീർത്തിട്ടുണ്ട്. കുട്ടിത്തത്തിന്റെ ഭാഷയിൽ ഇത്തിരി കൊഞ്ചലും മനോഹരമായ ഭാവാഭിനയവും  ഒക്കെ ചേർത്ത് കുഞ്ഞുങ്ങൾ കഥ പറയുന്ന ഓരോ വീഡിയോയും എത്ര തവണ കണ്ടാലും മതി വരാറില്ല. 

ഇങ്ങനെയൊക്കെയാണെങ്കിലും ആദ്യത്തെ ക്ലാസ് പിടിഎ യ്ക്ക് തയ്യാറെടുക്കുമ്പോൾ പണ്ട് എക്സാം റിസൾട്ട് കാത്തിരിക്കുന്ന ഒരു പ്രതീതിയായിരുന്നു. 

എന്നാൽ ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ സ്കൂളിലേക്ക് വരാൻ ഒരു മടിയുമില്ല ടീച്ചറേന്ന് എല്ലാ രക്ഷിതാക്കളും ഒറ്റ ശബ്ദത്തിൽ പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു. 

അഞ്ചു പുസ്തകം ഞാൻ വച്ചിട്ടും മുട്ടത്തോട് പൊട്ടിയില്ല അമ്മേന്ന് ആവേശത്തോടെ വീട്ടിൽ വന്നു പറയുന്ന, 

ഗ്രൂപ്പിൽ പങ്കിടുന്ന ദൈനംനംദിന വായന പാഠങ്ങൾ നിമിഷം കൊണ്ട് വായിച്ചുതീർക്കുന്ന, ടീച്ചർ കൊടുത്തു വിടുന്ന  കഥാപുസ്തകത്തിലെ കഥ തന്നെക്കാൾ മനോഹരമായ അഭിനയിച്ചു പറയുന്ന മക്കളെക്കുറിച്ച് രക്ഷിതാക്കൾ സന്തോഷത്തോടെ പറഞ്ഞു. 

  • പുതിയ പാഠ്യപദ്ധതിയെയും പഠന സമീപനത്തെയും പാഠപുസ്തകത്തെയും രക്ഷിതാക്കളും സ്വീകരിച്ചു കഴിഞ്ഞു. 

മഞ്ഞക്കിളികൾ ദേശാടനക്കിളികളാണെന്നും സ്വന്തം നാട്ടിലെ മഞ്ഞു കാലത്താണ് അവർ നമ്മുടെ നാട്ടിലേക്ക് എത്തുന്നതെന്നും ഇവിടെയെത്തിയാണ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നതെന്നും ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ കൃത്യമായ ബോധ്യമുണ്ട്. 

  • മുറ്റത്ത് നിന്ന് ഒരു തൂവൽ കിട്ടിയാൽ അത് എടുത്തു ഓടി കൊണ്ടുവന്നു കൈയിൽ തരും. അത് ഏത് പക്ഷിയുടേതാണെന്ന് നിരീക്ഷിച്ചു കണ്ടെത്തും. എത്ര പെട്ടെന്നാണ് കുഞ്ഞുങ്ങൾ പ്രകൃതി നിരീക്ഷകർ ആയി തീർന്നത്. എത്ര പെട്ടെന്നാണ് അവർ മികച്ച കഥ പറച്ചിലുകാരായി മാറിയത്. 

വർക്ക് ബുക്ക് താമസിച്ചതിനാലും പ്രത്യേക പരിഗണന അർഹിക്കുന്ന ആദ്യമായി സ്കൂളിൽ വരുന്ന കുഞ്ഞിനായി കുറച്ചു കൂടുതൽ സമയം നൽകേണ്ടി വന്നതിനാലും ആദ്യപാഠം പൂർത്തിയാക്കാൻ ഒരല്പം സമയം കൂടുതൽ വേണ്ടിവന്നു. എന്നാലും ഹാൻഡ് ബുക്കിലെ എല്ലാ പ്രവർത്തനങ്ങളും ക്ലാസിൽ ചെയ്യാൻ സാധിച്ചു.

ഒന്നാം ക്ലാസ്സിലെ ഈ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ കൊണ്ട് പോകാൻ ചെറുതല്ലാത്തൊരു സാമ്പത്തിക ബാധ്യത വരുന്നുണ്ട്.

ഉപയോഗിച്ച പേപ്പറിന്റെയും മറു സൈഡിൽ പ്രിന്റ് എടുക്കുക,  സ്കൂളിലുള്ള പഴയ ചാർട്ടിന്റെ മറുസൈഡ് ഉപയോഗിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ കണ്ടെത്തുന്നുണ്ട്. എന്നാലും അതുകൂടി സൂചിപ്പിക്കാതെ വയ്യ. 

എന്തായാലും 

ഒന്നാം ക്ലാസ്സ്‌ ഇപ്പോൾ കുട്ടികളെ മാത്രമല്ല അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

ഞങ്ങളുടെ കുഞ്ഞുങ്ങൾ എഴുതുന്ന ബാലസാഹിത്യ കൃതികൾ എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഞങ്ങൾ . 

ശിവതാര. എസ്

ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്



ഒന്നഴക്

ഒന്നാം ക്ലാസ് അധ്യാപകരുടെ കൂട്ടായ്മ 

ആർപ്പോ ഇർറോ

പ്രസിദ്ധീകരിക്കുന്നത്


No comments: