ചെറിയ ക്ലാസുകളില്‍ മാത്രമേ അധ്യാപകര്‍ കഥകള്‍ പറഞ്ഞു കൊടുക്കാവൂ എന്നുണ്ടോ?മുതിര്‍ന്ന കുട്ടികള്‍ക്കും കഥകള്‍ പറഞ്ഞു കൊടുക്കാം .അത് ഉയര്‍ന്ന ചിന്തയ്ക്കുള്ള അവസരവും ആക്കാം.
ഒരു കഥയ്ക്ക് ഒത്തിരി വ്യാഖ്യാനങ്ങള്‍ ,മാനങ്ങള്‍ , പല വീക്ഷണങ്ങളില്‍ നിന്നും നോക്കി കാണല്‍ .കഥയെ സമൂഹവുമായി ബന്ധിപ്പിക്കല്‍ ..ഒക്കെ ആകാം.ഏതെങ്കിലും കൃത്യമായ ഒരു ഉത്തരമല്ല കഥയിലുള്ള ചിന്തയുടെ പ്രവര്‍ത്തനമാണ് വലുത്.
ഓരോ കൃതിയും ഓരോ ആകാശം തുറന്നിടുന്നു . ഇഷ്ടം പോലെ പറക്കാം .പക്ഷെ ക്ലാസുകളില്‍ കൂടുകള്‍ പണിതിടുന്നു. ചിന്തയുടെ ചിറകടി ഭയക്കുന്ന ക്ലാസുകള്‍ ശാപം തന്നെ .
ഒരു കഥ അവതരിപ്പിച്ചു സാധ്യത നോക്കാം ..
പൌലോ കൊയ്‌ലോയുടെ വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു എന്ന നോവലില്‍ നിന്നും ഒരു കഥ ഇതാ...

'ഒരു ഉഗ്ര മന്ത്രവാദി രാജ്യം മുഴുവന്‍ നശിപ്പിക്കാനായി ഒരു കിണറ്റില്‍ മാന്ത്രിക ഔഷധം കലക്കി.
ആ രാജ്യത്തെ ആളുകളെല്ലാം വെള്ളം കുടിക്കനുപയോഗിച്ചിരുന്ന കിണറായിരുന്നു അത്.
ആരെല്ലാം വെള്ളം കുടിക്കുന്നുവോ അവരെല്ലാം ഭ്രാന്തരായിത്തീരും.
പിറ്റേന്ന് രാവിലെ ആളുകളെല്ലാം ആ വെള്ളം കുടിക്കുകയും എല്ലാവരും ഭ്രാന്തരായിത്തീരുകയും ചെയ്തു. എന്നാല്‍ രാജാവിനും കുടുംബത്തിനും കൊട്ടാരക്കെട്ടിനകത്ത് മറ്റൊരു കിണറാണ് ഉപയോഗിക്കാന്‍ ഉണ്ടായിരുന്നത്.
അതില്‍ മന്ത്രവാദി വിഷം കലക്കിയിരുന്നില്ല.
അതു കൊണ്ട് അവര്‍ക്ക് മാത്രം ഭ്രാന്തു വന്നില്ല .
രാജാവ് ആകെ വിഷമത്തിലായി .
നാട്ടുകാര്‍ക്കെല്ലാം സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്ന പല ശാസനകളും പുറപ്പെടുവിച്ചുകൊണ്ട് അവരെ നിയന്ത്രിക്കാന്‍ രാജാവ് ശ്രമിച്ചു.
പോലീസുകാരും ഇന്‍സ്പെക്ടര്‍മാരും വിഷ വെള്ളം കുടിച്ചിരുന്നതിനാല്‍ രാജാവിന്റെ തീരുമാനങ്ങള്‍ മനസ്സിലാക്കുവാനോ നടപ്പാക്കാനോ അവര്‍ക്ക് കഴിയില്ലല്ലോ.
കല്പനകള്‍ കേട്ട നാട്ടുകാരെല്ലാം രാജാവിന് ഭ്രാന്തായിപ്പോയെന്നും അതിനാലാണ് അത്തരം കല്പനകള്‍ പുറപ്പെടുവിക്കുന്നതെന്നും കരുതി .
അവര്‍ കോട്ടയിലേക്ക് കൂട്ടം ചേര്‍ന്നു വരികയും രാജാവ് സ്ഥാനം ഒഴിയണം എന്നു ആവശ്യപ്പെടുകയും ചെയ്തു. .
മനം മടുത്ത രാജാവ് സിംഹാസനം ഒഴിയാന്‍ തീരുമാനിച്ചു.
എന്നാല്‍ രാജ്ഞി അതു തടഞ്ഞു.
അവര്‍ പറഞ്ഞു -
"നമ്മുക്കെല്ലാം ആ പൊതു കിണറ്റിലെ വെള്ളം കുടിക്കാം അപ്പോള്‍ നമ്മളും അവരെപ്പോലാകും "
അങ്ങനെ അവരും അതു ചെയ്തു.
രാജാവും രാജ്ഞിയും ഭ്രാന്തിന്റെ വെള്ളം കുടിച്ചു.
ഉടന്‍ തന്നെ അസംബന്ധം പറയാന്‍ തുടങ്ങി.
ഒരിക്കല്‍ എതിര്‍ത്തിരുന്ന ജനങ്ങള്‍ "ഇപ്പോള്‍ രാജാവ് അറിവുള്ള ആളുകളെ പ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
അദ്ദേഹം രാജ്യഭാരം തുടരാതിരിക്കെണ്ടാതുണ്ടോ.." എന്നു വിലയിരുത്തി.
നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു.
അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്.
രാജാവിനാകെട്ടെ അദ്ദേഹത്തിന്റെ കാലം മുഴുവന്‍ രാജ്യം ഭരിക്കുവാന്‍ കഴിയുകയും ചെയ്തു.'
സംവാദത്തിനുള്ള ചോദ്യങ്ങള്‍
- ഈ പ്രസ്താവനകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?എന്ത് കൊണ്ട് ?
- അവരവരുടെ ലോകത്ത് മാത്രം ജീവിക്കലാണ് ഭ്രാന്ത്.
- മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായി ജീവിക്കുന്നവരാണ് ഭ്രാന്തര്‍
- ഈ കഥയില്‍ അയല്‍ രാജ്യത്തോടുള്ള സമീപനം സംബന്ധിച്ചുള്ള എന്തെങ്കിലും നിലപാടുകള്‍ തെളിയുന്നുണ്ടോ ?
- രാജാവും ജനവും തമ്മില്‍ ജീവിത ഭൌതിക സൌകര്യങ്ങളില്‍ ഭീമമായ അന്തരം ഉണ്ടായാല്‍ രാജാവ് എന്ത് ചെയ്യണം?
- ഈ കഥ നമ്മുടെ ജനാധിപത്യ സങ്കല്പ്പനങ്ങളുമായി എത്രമാത്രം പൊരുത്തപ്പെടുന്നു.?
- ജനങ്ങളെ എങ്ങനെയും തൃപ്ത്തിപ്പെടുത്തി അധികാരത്തില്‍ തുടരുകയാണോ ഒരു ഭരണാധികാരി ചെയ്യേണ്ടത്?
- മതഭ്രാന്ത് പിടിച്ച ഒരു സമൂഹത്തിലെ ഭരണാധികാരിയാണ് നിങ്ങള്‍ എങ്കില്‍ എന്ത് ചെയ്യും.?
- നിങ്ങള്ക്ക് ഈ കഥ ഇഷ്ടമായോ ? കാരണം വ്യക്തമാക്കാമോ.
- "നാട് ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കാനാരഭിച്ചു." ഈ വാക്യം ഈ കഥയില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്?
- "അയല്‍ രാജ്യങ്ങളിലെ ആളുകളില്‍ നിന്നും വളരെ വ്യത്യസ്തരായാണ് അവര്‍ പെരുമാറിയിരുന്നത്." ഈ വാക്യം രചയിതാവ് ഉപയോഗിക്കുന്നത് എന്ത് കാര്യം സ്ഥാപി ക്കാനാണ് .?
- "രാജാവ് അറിവുള്ള ആളുകളെപ്പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു" ഈ വാക്യം നല്‍കുന്ന സൂചന എന്താണ്.?
കുട്ടികളുടെ വിശകലന ശേഷി അളക്കാനും വികസിപ്പിക്കാനും നിങ്ങള്‍ ഇത്തരം ചോദ്യങ്ങള്‍ ഉപയോഗിക്കാറുണ്ടോ ?
കഥാ സംവാദങ്ങള്‍,ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുണ്ടോ ?