ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, March 15, 2023

ഒന്നാം ക്ലാസും കുഞ്ചൻ നമ്പ്യാരും മുഖ്യമന്ത്രിയും

 



ഒരു പോസ്റ്റാഫീസ് മഹാകവിയെ ആദരിച്ച രീതി . ലക്കിടിയിലെ കുട്ടികൾ അറിയണ്ടേ? പ്രാദേശികമായ പല അറിവുകളും മറച്ചു വെക്കാനാണോ പാഠപുസ്തകം? കുട്ടികൾ അന്വേഷകരാകട്ടെ.

എ.ജെ.ബി സ്ക്കൂൾ ലക്കിടി

ലക്കിടി പോസ്റ്റ്

പാലക്കാട് ജില്ല

ക്ലാസ് 1

പഠന ലക്ഷ്യം :- തപാൽ സംവിധാനം /കത്ത് എന്ന മാധ്യമം

സന്ദർഭം :- മലയാളം അവസാന പാഠഭാഗം - അമ്മയാനക്ക് കത്തെഴുതൽ

സന്ദർശിച്ച സ്ഥലം :- പോസ്റ്റ് ഓഫീസ് ലക്കിടി

അധികമാർക്കും അറിയാത്ത ഒരു കാര്യം കൂടി മനസിലാക്കാൻ സാധിച്ചു. ലക്കിടി പോസ്റ്റോഫിന് മാത്രം സ്വന്തമായുള്ള ഒരു സ്റ്റാമ്പുണ്ട്.... മഹാകവി, തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായതിനാൽ തുള്ളൽ സീൽ സ്‌റ്റാമ്പ് കാണാനിടയായി...... ആ പ്രദേശത്തെ ആളുകൾ തന്നെ അറിയുന്നത് ഞങ്ങളുടെ സന്ദർശനത്തെ തുടർന്നുള്ള പ്രചരണത്തിലാണ്.

അനുഭവക്കുറിപ്പ്

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ എന്ന ഗ്രാമപഞ്ചായത്തിൽ തൃശ്ശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെറിയ ഒരു സ്ഥലമാണ് ലക്കിടി . ഈ ലക്കിടിയിലെ റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്ന എ ജെ ബി സ്കൂളാണ് എന്റെ വിദ്യാലയം. ഈ നാട്ടിലെ പൊതു സ്ഥാപനങ്ങളെ കുറിച് കുട്ടികൾക്ക് നേരിൽ കണ്ട് മനസിലാക്കുവാനായി ഞങ്ങൾ ഒരു കൊച്ചു യാത്ര നടത്തി.

ഒന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ അവസാന പാഠഭാഗമായ "ജഗ്ഗു അമ്മയെ കാണുമോ " എന്നതിനെ അടിസ്ഥാനമാക്കി കത്ത് എന്ന ആശയം പഠിപ്പിക്കുന്ന സന്ദർഭം...

പാഠഭാഗം തുടങ്ങുന്നതിനു മുന്നേ തന്നെ തലേദിവസം അധ്യാപിക ഒരു ഇൻലൻഡ് കത്ത് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് ചെയ്തിരുന്നു ..തുടർന്ന് പോസ്റ്റ് മാനേ നേരിൽകണ്ട് ഈ കത്തിനെ കുറിച്ചും ഇതുമായി സ്കൂളിൽ എത്തുമ്പോൾ കുട്ടികൾക്കായി കത്ത് എന്ന മാധ്യമവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു.....

പാഠഭാഗത്തിൽ കുട്ടിക്കൊമ്പന്റെ അമ്മയ്ക്കായി ഒരു കത്തെഴുതാൻ പറയുന്ന ഭാഗമുണ്ട്...അത് പരിചയപ്പെടുത്തുന്ന സമയത്താണ് നേരത്തെ തയ്യാറാക്കിയ കത്തുമായി പോസ്റ്റുമാൻ ശ്രീ.വിനോദ് സ്ക്കൂളിലേക്ക് വന്നത്... ( മാർച്ച് 1 - 2023 )

അദ്ദേഹത്തെ ഒന്നാം ക്ലാസിലെ കുട്ടികൾ സ്വീകരിച്ചു.


അദ്ദേഹം കത്ത് കുട്ടികൾക്ക് കൈമാറി ....

കുട്ടികളും പോസ്റ്റുമാനുമായി അഭിമുഖ സംഭാഷണം നടന്നു.

ഒന്നാം ക്ലാസുകാരിയായ നാജിയ ക്ലാസിനെ പ്രതിനിധീകരിച്ച് കത്ത് മൈക്കിൽ ഉച്ചത്തിൽ വായിച്ചു .....

കുട്ടികൾക്ക് വിവിധതരം കത്തുകളെ കുറിച്ചും (ഇൻലൻഡ് ലെറ്റർ, പോസ്റ്റ് കാർഡ്, കവർ ലെറ്റർ, സ്പീഡ് പോസ്റ്റ്, പാർസൽ സംവിധാനം) അവ പോസ്റ്റ് ചെയ്താൽ മേൽവിലാസക്കാർക്ക് എത്തിക്കുന്നത് വരെയുള്ള നടപടികളെ കുറിച്ചും ശ്രീ. വിനോദ് വിശദീകരിച്ചു.  

കുട്ടികൾ അദ്ദേഹത്തിന് നന്ദി അറിയിച്ചു. 

ശേഷം വീണ്ടും പാഠഭാഗത്തിലേക്ക് ....

കാണാതായ ആനക്കുട്ടിക്ക് വേണ്ടി ടെലിവിഷൻ വാർത്തകളും , കാൺമാനില്ല എന്ന പരസ്യവും പഠിക്കുന്ന ഘട്ടത്തിൽ 

വാർത്ത പരിചയപ്പെടാനായി ബഹു കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ വാർത്തകളും പത്ര കട്ടിംഗുകളും , കാണാതായ ആളുകളുടെ വാർത്തകളടങ്ങിയവയും കുട്ടികൾക്ക് വായിക്കാനായി നൽകി. 

കൂടാതെ പരസ്യങ്ങളെ കുറിച്ചറിയാൻ ജ്വല്ലറി, വസ്ത്രാലയ പരസ്യങ്ങളും കാണിച്ചു കൊടുത്തിരുന്നു. 

ശേഷം കുട്ടികളോട് നിങ്ങൾക്കറിയാവുന്ന ഒരാൾക്ക് ഒരു കത്തെഴുതണമെന്ന് ആവശ്യപ്പെട്ടു ......



ചർച്ചകളിലൂടെ ആർക്ക് കത്തെഴുതണമെന്നും എന്തൊക്കെയാണ് കത്തിൽ എഴുതേണ്ടതെന്നും കുട്ടികൾ ചർച്ച ചെയ്തു തീരുമാനിച്ചു..... അക്ഷരാർത്ഥത്തിൽ ഒന്നാം ക്ലാസ് അധ്യാപികയായ ഞാൻ ഞെട്ടിപ്പോയി !! ....

കാരണംഅവർ കത്തെഴുതാൻ തീരുമാനിച്ച വ്യക്തി കേരള മുഖ്യമന്ത്രി പിണറായി സാറായിരുന്നു .... !!

!അങ്ങനെ ഒരു പോസ്റ്റ് കാർഡിൽ നാജിയ കുട്ടികളുടെ പ്രതികരണങ്ങൾക്കനുസരിച്ച് കത്തെഴുതി. (ചെറിയ ചില ചെറിയ അക്ഷരത്തെറ്റുകൾ ഞാൻ തിരുത്തി നൽകി )

പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി മാമന് ..... 

 മാമന് സുഖം തന്നെയല്ലേ .... ഞങ്ങൾ ടിവിയിലും പത്രത്തിലുമൊക്കെ കണ്ടിട്ടുണ്ട് ... നേരിൽ കാണാൻ ആഗ്രഹവുമുണ്ട് ..." എന്ന് തുടങ്ങുന്ന കത്തിൽ മെയ് 24ന് മുഖ്യമന്ത്രിയുടെ ജന്മദിനത്തിന് മുൻകൂട്ടി ആശംസകൾ കൂടി അറിയിച്ചാണ് കത്ത് അവസാനിക്കുന്നത്.....

എന്റെ കുട്ടികളുടെ ചിന്താമണ്ഡലത്തെ കുറിച്ച് എനിക്ക് വളരെയധികം അഭിമാനം തോന്നി .... 


തപാൽ സംവിധാനങ്ങളെ കുറിച്ച് പുതിയ തലമുറക്ക് അവഗാഹം കുറവാണ്. സമൂഹ മാധ്യമങ്ങളുടെ ആധിക്യവും മൊബെൽ ഫോൺ മറ്റു സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും മൂലം ഒരു കാലത്ത് ആശയ വിനിമയത്തിനായി ഉപയോഗിച്ചിരുന്ന തപാൽ സംവിധാനം ഇന്ന് ഏറെക്കുറെ ശോചനീയാവസ്ഥയിലാണ് .... 


 ജീവന്റെ തുടിപ്പുള്ള അക്ഷരങ്ങൾക്കായി കാത്തിരുന്നിരുന്ന ഹൃദയങ്ങളെ ഇന്നത്തെ തലമുറക്ക് പരിചയമില്ല തന്നെ .... അതുകൊണ്ട് കൂടി നേരനുഭവം ലഭ്യമാക്കാൻ കത്ത് പോസ്റ്റ് ചെയ്യാൻ 1 മുതൽ 4 വരെയുള്ള ക്ലാസിലെ  കുട്ടികളും പോസ്‌റ്റ്‌ ഓഫീസിലേക്ക് പോകാമെന്നും തീരുമാനിച്ചു.


സ്കൂളിൽ നിന്ന് ഏകദേശം 400 മീറ്റർ മാത്രം അകലെയുള്ള ലക്കിടി പോസ്റ്റോഫീസിലേക്കാണ് ഞങ്ങളുടെ യാത്ര ....തലേ ദിവസം തന്നെ ഞങ്ങളുടെ പ്രധാനധ്യാപിക പോസ്റ്റ് ഓഫീസ് സന്ദർശിച്ച് മേലധികാരികളുടെ അനുവാദം വാങ്ങിയിരുന്നു.

മാർച്ച്  2 ന് ഉച്ചക്ക് ശേഷം 2.30 ന് ഞങ്ങൾ സ്ക്കൂളിൽ നിന്ന് പുറപ്പെട്ടു. എല്ലാ ക്ലാസുകളിലും പഠന പ്രവർത്തനത്തിന്റെ ഭാഗമായി പൊതു സ്ഥപനങ്ങളേ കുറിച്ച് കുട്ടികൾ പഠിക്കേണ്ടതായതിനാൽ 1 മുതൽ 4 വരെയുള്ള എല്ലാ കുട്ടികളും  അധ്യാപകരായ സാജിത, ഇന്ദു , കാർത്തിക, നിഷ, ഷെഹ് മി തസ്നി, കതീജ, ജുനൈദ, മിനി എന്നിവരും ഈ യാത്രയിലുണ്ടായിരുന്നു ... ശ്രദ്ധയോടെ വാഹനങ്ങൾ തടഞ്ഞ് കുട്ടികളെ റോഡ് മുറിച്ചു കടത്തി വരിയായി കാൽനടയായി നാടിനെ അറിഞ്ഞു കൊണ്ടു തന്നെ ഒരു യാത്ര. 2.50 ഓടെ ഞങ്ങൾ പോസ്റ്റോഫീസിലെത്തി. പോസ്റ്റ് ഓഫീസ് ഹെഡായ ഓമന മാഡവും , ജീവനക്കാരായ അനുശ്രീ, സുശീല , വിനോദ് എന്നിവരും ഞങ്ങളെ സ്വീകരിച്ചു. കത്തുകൾ, വിവിധതരം സ്റ്റാമ്പുകൾ എന്നിവ പരിചയപ്പെടുത്തി. സ്പീഡ് പോസ്റ്റുകളെ കുറിച്ചും വിശദീകരിച്ചു.... 3, 4 ക്ലാസിലെ  കുട്ടികൾ ചോദ്യാവലി തയ്യാറാക്കിയിരുന്നു .... അവർക്ക് വ്യക്തതയോടെ കാര്യങ്ങൾ വിശദീകരിച്ചു നൽകി

പത്രമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ഈ സന്ദർശനത്തെ കുറിച്ച് വാർത്തകൾ പ്രാധാന്യത്തോടെ വന്നു.


വളരെ ചെറിയ യാത്രയായിരുന്നെങ്കിലും പങ്കെടുത്ത കുട്ടികൾക്കും


സമൂഹത്തിനും ഇത് നൽകുന്ന സന്ദേശം വലുതാണ്..... പൊതു സ്ഥാപനങ്ങൾ ഓരോരുത്തരുടേയുമാണ് .... അതിന്റെ കാവൽക്കാരും ജനങ്ങളാണ് എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാവണം എന്ന ലക്ഷ്യം മുൻനിർത്തി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്...





7 comments:

Nadeera. K said...

സമൂഹത്തിന് ഇങ്ങനെയുള്ള അധ്യാപകരാണ് ആവശ്യം.. കുട്ടികളെ അനുഭവകളിലൂടെ പഠിപ്പിക്കണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

T T Paulose Pazhamthottam said...

ഇത്തരം പ്രവർത്തനങ്ങൾ അടുത്ത അധ്യയന വർഷത്തെ അക്കാദമിക്ക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും .

Unknown said...

പുതിയ തലമുറയ്ക്ക് ആവശ്യമായ മികച്ച ഒരു പ്രവർത്തനം വിദ്യാലയത്തിനും അധ്യാപകർക്കും അഭിനന്ദനങ്ങൾ

facts said...

അടിപൊളി ടീച്ചർ 🔥❤️

Ami said...

മാതൃകാപരമായ പ്രവർത്തനം. അഭിനന്ദനങ്ങൾ

Unknown said...

ഇങ്ങനെ മണ്മറഞ്ഞു പോയ പലതും നമുക്കുണ്ട്. അത് ഇന്നത്തെ തലമുറക്ക് അറിയില്ല. അത് മക്കളുടെ അറിവിലേക്ക് എത്തിച്ചതിന് എ. ജെ . ബി. എസ് ലെ എല്ലാ ടീച്ചേഴ്സിനും ബിഗ് സല്ലൂട് ✌️. ഞങ്ങളുടെ മക്കൾ എ. ജെ . ബി. എസ്. ലെ വിദ്യാർത്ഥികൾ ആണെന്ന് പറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.🔥🔥

Unknown said...

കേട്ടത് മറക്കുന്നു, കണ്ടത് ഓർമ്മിക്കുന്നു,ചെയ്തത് പഠിക്കുന്നു എന്നതിൽ സർവശിക്ഷാഅഭിയാൻ ലക്ഷ്യമിടുന്ന ചെയ്‌തത് പഠിക്കുന്നു എന്ന ആശയത്തെ അർത്ഥ വതാക്കുന്ന ഒരു പ്രവർത്തനമായി ലക്കിടി AJB സ്‌കൂളിന്റെ ഈ പഠന പ്രവർത്തനം.കുട്ടിക്ക് പ്രായോഗികജീവിതത്തിനാവശ്യമായ അറിവുകൾ അവൻ കണ്ടും,കേട്ടും, പ്രയോഗിച്ചും സ്വായ മാക്കുന്ന കഴിവുകളാണ് അവനെ വീടിനും, നാടിനും,ഗുണമുള്ള ഒരു വ്യക്തിയാക്കി മാറ്റുന്നത്. നാടിന്റെ നാൾ വഴികൾ അറിയാനും പൊതുസ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ, താനും ആ സ്ഥാപനങ്ങളുമായുള്ള ബന്ധം എന്തെന്നറിയാനും കുട്ടികൾ പഠിക്കേണ്ടതുണ്ട്.. ഭാഷയിലെ കത്തെഴുത്ത്
എന്ന പഠനസന്ദർഭത്തെ കുട്ടികൾക്ക് വേണ്ടരീതിയിൽ മനസ്സിലാക്കിക്കൊടുക്കാൻ ഈ അധ്യാപിക എടുത്ത പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നു. ഇത്തരം അധ്യാപകരെയാണ് നാദിനാവശ്യം..സ്വന്തം വീടിനോടും നാടിനോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം അധ്യാപകർക്ക് കഴിയുമെന്നുറപ്പാണ്... പഠനം പാൽപ്പായസമാക്കിയ ഈ സ്‌കൂളിലെ അധ്യാപകർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!!!!!!