ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, November 9, 2012

ഒരു കഞ്ഞിക്കു എത്ര രൂപയാ ടീച്ചര്‍?

കെയിസ് ഒന്ന്.അപ്പു

രാവിലെ കുട്ടികള്‍ എല്ലവരും എത്തി .അപ്പുവും .അവന്റെ വയറു കാലി . ഉച്ചക്കഞ്ഞിസമയം വരെ എങ്ങനെ പിടിച്ചു നില്‍ക്കും? വല്ലാത്ത ക്ഷീണം. അസംബ്ലിക്കു നില്‍ക്കുമ്പോഴും പ്രതിജ്ഷ ചൊല്ലുമ്പോഴും അവന്‍ ആലോചനയിലായിരുന്നു. അമ്മ പട്ടിണി മാറ്റാന്‍ പെടുന്ന  പാട്. കുട്ടികള്‍ പ്രസംഗിക്കുന്നു. അധ്യാപകന്റെ അറിയിപ്പ് കലോത്സവത്തിനു  പണം കൊടുക്കണം. പണം ...!
ക്ലാസ് തുടങ്ങി .വളരെ ശ്രദ്ധയോടെ എല്ലാം പഠിക്കണം. അതവന്റെ ആഗ്രഹം. ചിലപ്പോഴൊക്കെ തളര്‍ച്ച തടസ്സമാകുന്നു. പതിനൊന്നു കഴിഞ്ഞു. ഇനി രണ്ടു പീരിയഡ് കൂടി .. നാലാം പീരീഡു തുടങ്ങിയപ്പോള്‍ പ്യൂണ്‍ അറിയിപ്പുമായി വന്നു . ഇന്നുച്ചവരെയേ ക്ലാസുളളൂ. പാചകക്കാരിക്കു അസൂഖം. ഉച്ചക്കഞ്ഞി ഉണ്ടായിരിക്കുന്നതല്ല.
അപ്പു എന്താണ് അപ്പോള്‍ ആലോചിച്ചിട്ടുണ്ടാവുക?
ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങളുടെ ക്ലാസിലായിരുന്നു ഈ കുട്ടി എങ്കില്‍ എങ്ങനെ പ്രതികരിക്കുമെന്നാ കരുതുന്നത് ?
  1. അപ്പു പ്രഥമാധ്യാപികയെ കണ്ടു പ്രതിഷേധം അറിയിക്കും 
  2. അവന്‍ ക്ലാസധ്യാപികയോടു തന്റെ സ്ഥിതി പങ്കിടും
  3. അവന്‍ വ്യസനത്തോടെ വീട്ടിലേക്കു പോകും 
  4. അപ്പു പാചകക്കാരിയുടെ അസാന്നിധ്യം പരിഹരിച്ചു കഞ്ഞി വെക്കാമായിരുന്നല്ലോ എന്നു പറയുകയും അതനായി കുട്ടികളുുടെ നിവേദകസംഘത്തോടൊപ്പം പ്രഥമാധ്യാപികയെ കാണുകയും ചെയ്യും 
ഇതില്‍ എതാണ് സംഭവിക്കുക?
എന്തു കൊണ്ട് നാലാമത്തെ രീതി ആലോചനയില്‍പ്പോലും വരുന്നില്ല?




കെയിസ് രണ്ട്- രമ



രമ
വീട്ടിലെത്തിയപ്പോള്‍ ആകെ പുകില്
അച്ഛന്‍ കഞ്ഞിക്കലം എടുത്ത് മുറ്റത്തെറിഞ്ഞു.
അമ്മ കരയുന്നു
എത്ര പ്രയാസപ്പെട്ടാ രണ്ടു കിലോ അരി വാങ്ങിയത് ? എന്നിട്ടിപ്പോ കണ്ടില്ലേ.. എല്ലാം നശിപ്പിച്ചു..
ഉച്ചക്കഞ്ഞിയുടെ പിന്ബലത്തില്‍ ഒരു രാവ് തളളി നീക്കണം.അവള്‍ ആലോചിച്ചു .
രമയുടെ പാഠപുസ്തകത്തിലിരുന്നു ആരോ  കരഞ്ഞു 


കെയിസ് മൂന്ന് സുമി
സുമി ആശുപത്രിയില്‍ ചെന്നപ്പോള്‍ അവിടെ രോഗികള്‍ ക്യൂ നില്‍ക്കുന്നു. ഉച്ചക്ക് സൗജന്യമായി കഞ്ഞി കൊടുക്കുന്നു. ആരുടെയോ ഓര്‍മദിനം . ക്യൂവില്‍ നൂറിലേറെ ആളുകള്‍ കാണും. ഒരു നേരത്തെ ആഹാരം ഇവര്‍ക്കു വലിയ കാര്യം .
സുമി അമ്മയോടു ചോദിച്ചു അമ്മേ ഒരു കഞ്ഞിക്കു എത്ര രൂപയാ?

ഒരു കഞ്ഞിക്കു എത്ര രൂപയാ? അവള്‍ ടീച്ചറോട് ചോദിച്ചു .ഉച്ചക്കഞ്ഞിക്കണക്ക് പഠിപ്പിക്കുന്ന നാലാം ക്ലാസിലെ ടീച്ചര്‍ കൈ മലര്‍ത്തി.ടീച്ചര്‍ക്ക് ആ ചോദ്യത്തിനു ഡി പ്ലസ് പോലും കിട്ടിയില്ല.
മുകളില്‍ ബോക്സില്‍ കൊടുത്ത  മൂന്നു സംഭവങ്ങള്‍ക്കു ക്ലാസിലെ ഗണിതപഠനവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
നാലാം ക്ലാസില്‍ ഉച്ചക്കഞ്ഞിക്കണക്ക് പഠിപ്പിക്കാനുണ്ട്.അതു കുട്ടികളുടെ ജീവിതത്തെ തിരിച്ചറിയാന്‍ സഹായകമാണോ? 
 ആദ്യം സൂചിപ്പിച്ച പോലെയയുളള കെയ്സുകള്‍ അറിയാവുന്ന അധ്യാപിക പാര്‍വതിയുടെ ക‌ഥ മാറ്റും .കഞ്ഞിയുടെ മൂല്യം അറിയുന്ന രീതിയില് അവതരിപ്പിക്കും .എന്നിട്ട് സുമി ചോദിച്ച ചോദ്യം ക്ലാസിനു മുമ്പില്‍ വെക്കും.
ഒരു കഞ്ഞിയുടെ വില എത്രയെന്നു നോക്കൂ (2012 ഒക്ടോബര്‍ മാസത്തെ വില )
കുട്ടികളുടെ മുമ്പില്‍ ഭക്ഷണം -അതിന്റെ വില പ്രശ്നം ആകണം .അതിന്റെ ഗണിതം പ്രധാനം ആണ് .ഭക്ഷണം പാഴക്കുംപോള്‍ അവരോര്‍ക്കണം അതിന്റെ മൂല്യം .


  • ഒരു കിലോ അരി കൊണ്ട് എത്ര കഞ്ഞിയുണ്ടാക്കാം ?
  • ഊണാണ് നല്കുന്നതെങ്കില്‍ എത്ര ഊണു്?
  • കഞ്ഞി വെക്കുന്നതിനു എത്ര രൂപ ചെയവു വരും?
  • ഒരു കിലോ അരിക്ക് എത്ര കിലോ പയറു വേണ്ടി വരും?
കുട്ടികള്‍ക്കു അറിയില്ല.
അറിവുളളവരോട് അന്വേഷിക്കണം
ആരാണ് അറിവുളളയാള്‍
പാചകക്കാരി
പാചകക്കാരി അധ്യാപികയാകുന്നു. അവരുടെയടുത്തേക്കു പഠിക്കാന്‍ പോകുന്നു .
തീരുമാനം ക്ലാസില്‍
കൂടെ എന്തെല്ലാം അന്വേഷിക്കണം?
  • നമ്മുടെ വിദ്യാലയത്തില്‍ ഒരു ദിവസം കഞ്ഞി വെക്കുന്നതിനറെ വിവരങ്ങള്‍
  • ഒരു മാസത്തെ ചലവ്
    • വിറക്
    • പാചകക്കൂലി
    • അരിയും മറ്റും കൊണ്ടുവരുന്നതിനുളള വാഹനച്ചെലവ്
    • എണ്ണ, മുളക്, ഉപ്പ്, കടുക്, കറിവേപ്പില തുടങ്ങിലവയ്കുളള ചെലവ്
    • പാത്രം കഴുകുന്നതിനുളള പൊടി
    • അരിയുടെ കമ്പോള വില
    • പയറിന്റെ കമ്പോള വില
എല്ലാം പരിഗണിക്കണം
    • ഒരു ദിവസം എത്ര അരി വെക്കണമെന്നു കണക്കു കൂട്ടുന്ന രീതിയും
അഭിമുഖം കഴിഞ്ഞാല്‍ ക്ലാസില്‍ ചര്‍ച്ച
ഗണിതപരമായ ചിന്തയക്കു പ്രാധാന്യം
അടുത്ത ദിവസത്തെ കഞ്ഞി വെപ്പിനു  നേതൃത്വം കുട്ടികള്‍ക്ക്.അതിന്റെ ആസൂത്രണം.ഗണിത ക്രിയകള്‍ . പ്രഥമാധ്യാപികയ്ക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കല്‍ അളന്നെടുക്കാന്‍ ചുമതല .
പാചകക്കാരിയുടെ മേല് നോട്ടം.
അടുത്ത ചോദ്യം
  • കഞ്ഞിക്കുളള അരിയും പയറും ഒരു മാസത്തെ ഓരോരുത്തര്‍ക്കും വീട്ടില്‍ കൊണ്ടു പോകാന്‍ അനുവദിച്ചാല്‍ ഒരാള്‍ക്ക്‌ എത്ര കാണും?
  • കെയ്സ് ഒന്നിലെ അപ്പുവിന്റെപ്രശ്നം - അവകാശമായി കിട്ടിയ അരി നിഷേധിക്കാമോ?
  • സ്കൂളില്‍ ചിലദിവസങ്ങളില്‍ വരാതിരിക്കുന്ന കുട്ടികളുടെ അരി വിഹിതം എന്ത് ചെയ്യും?
  • എങ്ങനെ ആണ് ഇതിന്റെ കണക്കു സൂക്ഷിക്കുക ?
  • റേഷന്‍ സമ്പ്രദായം വരാന്‍ കാരണം എന്താ?
  • സൌജന്യ വിദ്യാഭ്യാസം സമൂഹത്തിന്റെ കടമ .എന്തെല്ലാം സൌജന്യങ്ങള്‍ ഇനിയും കുട്ടികള്‍ക്ക് കിട്ടണം ?
ഇനി പുസ്തകത്തിലെ പാര്‍വതിയുടെ വിദ്യാലയത്തിലെ ഉച്ചക്ക‍ഞ്ഞിക്കണക്കു ചെയ്താലോ?
ജീവിതം ,വിമര്‍ശനാവബോധം എന്നിവ ഗണിതാധ്യാപിക ലക്ഷ്യമിടണം .പുതിയ സജീവ പാഠങ്ങള്‍ നിര്‍മിക്കണം .

5 comments:

ajith said...

മൂല്യമുള്ള പാഠം

സുജനിക said...

കുട്ടികളുടെ കണക്കെടുത്ത് കഞ്ഞി തയ്യാറാക്കും. ഉച്ചക്ക് കുട്ടി നേരേ ഹോട്ടലില്‍ പോയി പൊറോട്ട കഴിക്കും. ഇങ്ങനെ വേസ്റ്റാവുന്ന കഞ്ഞിയെത്രയാ? വളരെ സങ്ക്കീര്‍ണ്ണമാണ്` ഗണിതം. ഓരോ സ്കൂളിനും വെവ്വേറെ കണക്കുകളാണ് ചര്‍ച്ച ചേയ്യേണ്ടി വരിക. കുട്ടികളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും ഈ കണക്കുകള്‍ വിവരിക്കണം. ഒരു ഗണിതവും പൊതുവായുള്ളതാണെന്ന് തോന്നുന്നില്ല.
കുട്ടിയുടെ റേഷന്‍ കാര്‍ഡില്‍ ഉള്പ്പെടുത്തി ഈ അരിയും പയറും നല്കാവുന്നതല്ലേ.ഓരോ കുട്ടിയുടേയും ഭക്ഷണശീലങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേറേയാണ്`. അതുകൊണ്ടുതന്നെ വിളമ്പിയത് തന്നെ എത്രയാ വേസ്റ്റാവുന്നത്?
കഴിഞ്ഞദിവസം ഒരു യാത്രയില്‍ കണ്ടത്: ഉച്ച. കുട്ടികള്‍ വരാന്തയില്‍ നിരന്നിരിക്കുന്നു. അദ്ധ്യാപിക ഭക്ഷണം വിളമ്പുന്നു. ചൂരലുമായി ഒരാള്‍ നടുക്ക്. വെയില്‍ കുട്ടികളുടെ പുറം പൊളിക്കുന്നു.
എന്തായാലും കഞ്ഞി ഒരു പാഠം തന്നെ.

Manoj മനോജ് said...

ഉച്ച കഞ്ഞി എന്ന് പറയുമ്പോൾ നമ്മളിൽ പലർക്കും പുച്ഛം ആണു. ഇത് പറഞ്ഞാൽ ഇന്ത്യ ദാരിദ്ര്യത്തിൽ മുങ്ങി കിടക്കുകയാണെന്നു ലോകം അറിയുമെന്ന വ്യസനം! രാഷ്ട്രീയ ഭരണകർത്താക്കൾക്കും അത് പിടി കൂടി എന്ന് തോന്നുന്നു! അരിക്ക് മാത്രം സബ്സിഡി വേവിക്കേണ്ടതിനുള്ളത് സ്കൂൾ കണ്ടെത്തുക അല്ലെങ്കിൽ ഉച്ചയ്ക്ക് അരിയായി കുട്ടിയുടെ മുന്നിൽ വിളമ്പുക എന്ന ദു:ഖകരമായ നിലപാടാണു ഈ അടുത്ത സമയത്ത് ഭരണവർഗ്ഗം എടുത്തിരിക്കുന്നത്!

ഇനി എനിക്ക് ചൂണ്ടി കാട്ടുവാനുള്ളത് അമേരിക്കയിൽ നടക്കുന്ന ഉച്ച ഭക്ഷണ വിതരണത്തെ കുറിച്ചാണു. സ്കൂൾ ക്യാന്റീനിൽ നിന്ന് “അർഹരായ” കുട്ടികൾക്ക് സൌജന്യമായി ഭക്ഷണം നൽകുന്നു. ഇനി അല്ല്ലാത്തവർക്ക് പണം നൽകി ആഹാരം വാങ്ങാം. സൌജന്യമായി കിട്ടിയവരും പണം നൽകി വാങ്ങിയവരും വീട്ടിൽ നിന്ന് കൊണ്ടു വരുന്നവരും ഒരുമിച്ചിരുന്ന് ഒരേ ഹോളിൽ ഇരുന്ന് കഴിക്കുന്നു!

സ്കൂളിലെ ഭക്ഷണം ആരോഗ്യപരമായ ഒന്നല്ല എന്ന് കണ്ട് പ്രഥമ വനിത മിച്ചേൽ ഒബാമ (നമ്മുടെ നാട്ടിലെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ-കുട്ടി ആരോഗ്യ ക്ഷേമ മന്ത്രിയാണവർ) നേരിട്ട് ഇടപ്പെട്ട് പോഷകമൂല്യമുള്ള ആഹാരം ലഭ്യമാക്കുവാനുള്ള ശക്തമായ നടപടികൾ എടുത്തു. സ്കൂളുകളിൽ നിന്ന് കോളകൾ പിൻ‌വലിപ്പിച്ച് പകരം വെള്ളം ഏർപ്പെടുത്തി.

വമ്പൻ കമ്പനികൾക്ക് സബ്സിഡി കൊടുക്കുവാൻ മടിയില്ലാത്ത നമ്മുടെ നാട്ടിലെ ഭരണവർഗ്ഗത്തിനു പക്ഷേ സ്കൂൾ കുട്ടികൾക്ക് പോഷകം ഉള്ള ഭക്ഷണത്തിനു സബ്സിഡി നൽകുവാൻ മനസ്സില്ല്ല!!

എന്റെ സ്കൂൾ ഡിസ്ട്രിക്ക്റ്റിലെ “ഉച്ച കഞ്ഞിയെ” പറ്റി അറിയുവാൻ താലപര്യമുണ്ടെങ്കിൽ ഈ ലിങ്ക് നോക്കുക http://www.shaker.org/lunch.aspx

അമേരിക്കൻ ഗവണ്മെന്റ് നടപ്പിലാക്കുന്ന പുതിയ ഉച്ച ഭക്ഷണത്തെ പറ്റി കൂടുതൽ അറിയുവാൻ http://www.fns.usda.gov/cnd/lunch/

സൌജന്യ ഭക്ഷണത്തിനു അർഹരായവരെ തെരഞ്ഞെടുക്കുന്നതിനെ പറ്റിയുള്ള മാനദണ്ഡം അറിയുവാൻ http://www.fns.usda.gov/cnd/Governance/notices/iegs/IEGs.htm

ഇത് പോലെയുള്ള ഭരണകർത്താക്കൾ നമുക്കും ലഭിച്ചിരുന്നുവെങ്കിൽ :(

ഈ പോസ്റ്റിൽ സൂചിപ്പിച്ച കേയ്സ് 1 ലെ അപ്പുമാർ ഹെഡ്മാസ്റ്ററെ കണ്ട് തന്റെ അവകാശം ചോദിച്ച് വാങ്ങണം. അതിനു തടസ്സം നേരിട്ടാൽ അതിനെ ശക്തമായി ചോദ്യം ചെയ്യുവാൻ പഠിപ്പിക്കുന്നവർ തയ്യാറാകണം. അങ്ങിനെ അത് ഭരണവർഗ്ഗതിനുള്ള താക്കീതായി മാറി അവർ വേണ്ടത് ചെയ്യും.

അരി വീട്ടിലേയ്ക്ക് കൊടുത്തു വിടുകയല്ല വേണ്ടത് മറിച്ച് പഠിക്കുവാൻ വന്നിരിക്കുന്ന സ്ഥലത്ത് ലഭ്യക്കി കൊടുത്ത് അവർക്ക് പഠിക്കുവാനുള്ള സൌകര്യമാണു ചെയ്ത് കൊടുക്കേണ്ടത് എന്ന് ഭരണകൂടത്തെ മനസ്സിലാക്കിക്കുവാൻ നമുക്ക് കഴിയണം :( അത് പഠിക്കുവാൻ വരുന്ന ഓരോ കുട്ടിയുടെയും അവകാശമാണു അല്ലാതെ സർക്കാരിന്റെയോ മറ്റുള്ളവരുടെയോ ഔദാര്യമല്ല...

drkaladharantp said...

പ്രിയ അജിത്, രാമനുണ്ണിമാഷ്, മനോജ്
ഉച്ചക്കഞ്ഞി വെറും ഉച്ചക്കഞ്ഞിയല്ല .ഒരു സമൂഹത്തിന്റെ ദര്‍ശനവും കരുതലുമാണ്. അതിന്റെ വിഭവസമൃദ്ധി സമഭാവനയുടെയും കൂട്ടായ്മയുടെയും പങ്കു തരും. സബ്സിഡികളോടുളള ഭരണകൂടമനോഭാവം മാറിയേ പറ്റൂ. വിവിധമാനങ്ങളുളള വിഷയങ്ങള്‍ നിര്‍ജീവതയുളളവയാക്കി പഠിപ്പിക്കുന്ന രീതി തിരുത്തുവാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണം. മനോജിന്റെ കുറിപ്പ് കേരളം പഠിക്കണം.

ഒരു കുഞ്ഞുമയിൽപീലി said...

നല്ല പഠനം അക്ഷരങ്ങളില്‍ നന്മ വിടര്‍ന്നു ആശംസകള്‍