ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 20, 2019

പല്ലാവൂര്‍ ജി എല്‍ പി എസ് വഴികാട്ടിവിദ്യാലയം


1920ലാണ് പല്ലാവൂര്‍ ജി എല്‍ പി എസ് സ്ഥാപിതമായത്. അടുത്തവര്‍ഷമാകുമ്പോള്‍ നൂറു വര്‍ഷം തികയും. ഈ വിദ്യാലയത്തിലേക്ക് 1990ലാണ് ഹാറൂണ്‍ മാസ്ററര്‍ അധ്യാപകനായി
എത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യായത്തിന് സ്വന്തം കെട്ടിടം വേണം. അതിനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. 2000ല്‍ മാനവീയം പരിപാടിയുടെ ഭാഗമായി കെ എസ് ടി എ എന്ന അധ്യാപകസംഘടന ഈ വിദ്യാലയം ദത്തെടുത്തു. ഉറച്ച സംഘടനാപ്രവര്‍ത്തകനായ ഹാറൂണ്‍ മാഷിന് പുതിയ ഉത്തരവാദിത്വമായി. സംഘടന ആഗ്രഹിക്കുന്നതുപോലെ വിദ്യാലയത്തെ മാറ്റിയെടുക്കണം.
സ്വന്തമായി വിദ്യാലയത്തിന് സ്ഥലമില്ല പിന്നെങ്ങനെ സ്വന്തം കെട്ടിടം യാഥാര്‍ത്ഥ്യമാകും? വിദ്യാലയത്തെ അക്കാദമികമായി ശക്തിപ്പെടുത്തും? രണ്ടു ധാരയിലുളള പ്രവര്‍ത്തനം ഒരേ സമയം വേണ്ടിവന്നു, ഭൗതികവികസനത്തിനുളളതും അക്കാദമിക മികവിനുളളതും. പല്ലാവൂര്‍ ശാസ്താ റൈസ് മില്ലിലെ പി യു സ്വാമിനാഥന്‍ സ്ഥലം വിലയ്ക് നല്‍കാമെന്നു പറഞ്ഞു. പഞ്ചായത്തിന്റെ ധനസഹായത്തോടെ ആ സ്ഥലം വാങ്ങി എം എല്‍ എയുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് 2004 ല്‍ പുതിയ സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
1988-92 കാലത്ത് കുട്ടികള്‍ കുറഞ്ഞു കുറഞ്ഞുവന്നു. അറുപതിലേക്ക് അടുത്തു. അടച്ചുപൂട്ടല്‍ ഭീഷണിയിലായി. ഡി പി ഇ പി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പൊതുവിദ്യാലയങ്ങള്‍ക്കെതിരേ നടന്ന ആസൂത്രിതമായ ആക്രമണമാണ് പല്ലാവൂരിനെ തളര്‍ത്തിയ മറ്റൊരു ഘടകം. സമൂഹത്തില്‍ ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളോടുളള ഭ്രമത്തെ പരോക്ഷമായി പിന്തുണയ്കുന്നതിനാണ് ഡി പി ഇ പി ക്കെതിരായ സംഘടിത ശ്രമം സഹായകമായത്. പണമുളളവര്‍ മക്കളെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിട്ടു. പണമില്ലാത്തവര്‍ പണയം വെച്ചും മക്കളെ വിട്ടു. കെ എസ് ടി യ്ക് പ്രവര്‍ത്തനാധിഷ്ടിത പഠനരീതിയുടെ ശാസ്ത്രീയത ബോധ്യപ്പെടുത്തേണ്ടതോടൊപ്പം അതിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും തെളിയിക്കേണ്ടതുമുണ്ടായിരുന്നു. ഹറൂണ്‍ മാസ്ററര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. സ്വന്തം മക്കളെ ഈ പൊതുവിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിച്ച് അക്കാദമിക സമരത്തിന് ഊര്‍ജം പകര്‍ന്നു. 97 ‍ല്‍ മൂത്തമകനെ ( എച് ഹാഷീം) വിദ്യാലയത്തില്‍ ചേര്‍ത്തു.( ഡി പി ഇ പി എന്നു പരിഹസിക്കപ്പെട്ട പാഠ്യപദ്ധതിയിലൂടെ പഠിച്ച ഹാഷിം എം ടെക് കഴിഞ്ഞു. മദിരാശിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.), ഹാഷിമിനെ ചേര്‍ത്തത് സമൂഹത്തില്‍ അനുകൂലമായ പ്രതികരണമുണ്ടാക്കി. വിദ്യാലയ വികസനത്തിന് ആക്കം കൂട്ടി.
പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് . കുട്ടികളുടെ ഹാജര്‍ കുറവായിരുന്നു ഒരു പ്രശ്നം. നിരന്തരം പല്ലാവൂരിലെ അധ്യാപകര്‍ ഗൃഹസന്ദര്‍ശനം നടത്തി അത് പരിഹരിച്ചു. രക്ഷിതാക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനശേഷി പങ്കിടുന്നതിന് 97മുതല്‍ പല്ലാവരുടെ അധ്യാപകര്‍ മടികാണിക്കുന്നില്ല. അതിന്നും തുടരുന്നു.
രക്ഷിതാക്കളുടെ ക്രിയാത്മകപങ്കാളിത്തം

ക്ലാസ് പി ടി എയിലെ ഉയര്‍ന്ന ഹാജര്‍നിലയാണ് പല്ലാവൂരിന്റെ മറ്റൊരു പ്രത്യേകത. ഒരു വര്‍ഷത്തെ വിവരം നോക്കൂ. “299 കുട്ടികളിൽ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥ വലിയ അളവിൽ നേരിടുന്നവരാണ് ഭൂരിഭാഗം പേരും. ഇന്നവർ പൊതുധാരയിൽ എത്തിനിൽക്കുന്നു അധ്യാപകർക്കൊപ്പം നിന്നുകൊണ്ട് മക്കളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാൻ അവർ മുന്നോട്ടു വരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന CPTA കളിലെ പങ്കാളിത്തവും ചർച്ചകളും. 3 ദിവസങ്ങളിലായി മുഴുവൻ CPTAകളും പൂർത്തിയായി ഏകദേശം 278 പേര് പങ്കെടുത്തു. രക്ഷിതാക്കളുടെ ഈ വർഷത്തെ ആറാമത്തെ കൂടിയുരുപ്പാണ് കഴിഞ്ഞത് " മറ്റൊരു പി ടി എ ശില്പശാലയുടെ വിവരം കൂടി പങ്കിടാം.
പല്ലാവൂർ ഗവ.എൽ.പി.സ്കൂളിൽ പണിയും കൂലിയും കളഞ്ഞ് 100 ശതമാനം രക്ഷിതാക്കളും ഒത്തു കൂടി. (ഇവരിൽ 70 ശതമാനം പേർ പട്ടികജാതി വിഭാഗക്കാരാണ് . ബി പി എല്‍ വിഭാഗത്തിലാണ് മിക്കവരും. രക്ഷിതാക്കള്‍ നവംബർ 6 ന് ഒരു ദിവസം പൂര്‍ണമായും വിദ്യാലയത്തില്‍ ചെലവഴിച്ചു. അതിന്റെ സമയക്രമീകരണം ഇങ്ങനെ-
  • ക്ലാസ്സിൽ കുട്ടികളോടും അധ്യാപകരുമോടോപ്പം 90 മിനുട്ട്
    പൊതു സെഷന്‍ (ഡയറ്റ് ഫാക്കൽറ്റി രമേശ്‌ സാർ,പ്രധാനാധ്യാപകൻ ഹാറൂണ്‍ മാസ്റർ, BPO കെ.എസ്.ഷിജി , പി.ടി..പ്രസിഡണ്ട്, കെ.പീതാംബരൻ എന്നിവരോടൊപ്പം 60 മിനുട്ട് ,
  • ഗ്രൂപ്പ് ചർച്ച ,അവതരണം,ക്രോഡീകരണം 60 മിനുട്ട്,
  • ഭക്ഷണം 30 മിനുട്ട് ,
  • അവലോകനം,തീരുമാനം 30 മിനുട്ട് ......
തങ്ങളുടെ മക്കൾക്കും സമൂഹത്തിനും വേണ്ടി ചെലവഴിച്ച നാലര മണിക്കൂർ അന്നേദിവത്തിലെ ജോലിക്ക് പകരമാവില്ലെന്ന തിരിച്ചറിവാണ് പല്ലാവൂർ മാതൃക. രക്ഷിതാക്കൾക്ക് ഒരു പോതുവിദ്യാലയത്തെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താം? തങ്ങളുടെ മക്കൾക്ക്‌ ഇനി എന്തെല്ലാമാണ് ഈ വിദ്യാലയം നൽകേണ്ടത്? സാമൂഹ്യനിർമിതിയിൽ താനും മക്കളും കുടുംബവും എങ്ങനെയെല്ലാം ഇടപെടണം? എന്നിങ്ങനെയായിരുന്നു ചര്‍ച്ച.
പൊതുസമൂഹത്തിന് ഓഡിറ്റിംഗിന് വിദ്യാലയത്തെ വിധേയമാക്കുന്നതിനും പല്ലാവൂര്‍ ശ്രദ്ധിച്ചു. പഠനോത്സവത്തില്‍ തത്സമയ പ്രകടനമാണ് അവര്‍ ആസൂത്രണം ചെയ്തത്.
മക്കളുടെ മികവിൽ മനം നിറഞ്ഞ ഒരു ഗ്രാമം
പ്രീ പ്രൈമറി മുതൽ നാലാം തരം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന തങ്ങളുടെ മക്കളുടെ പഠനമികവിന്റെ തേരിലേറി പല്ലാവൂർ ഗ്രാമവാസികൾ മുഴുവൻആനന്ദത്തിമർപ്പിലായി. പല്ലാവൂർ ഗവ എൽ പി സ്‌കൂളിന്റെ തനത് അക്കാദമിക് പരിപാടികളായ വാക്കാണമ്മ ,സ്‌മൈൽ ,അമ്മക്കൂട്ട്പദ്ധതികളുടെ സാമൂഹിക പരിശോധനക്കായി പല്ലാവൂർ പ്ലാച്ചിക്കാട്‌ ചേർന്ന പഠനോത്സവത്തിലാണ് കുട്ടികൾ തങ്ങളുടെ കഴിവുകൾ പുറത്തെടുത് .രക്ഷിതാക്കളെയും നാട്ടുകാരെയും ജനപ്രതിനിധികളെയും സംഘടനാ നേതാക്കളെയും അത്ഭുതപ്പെടുത്തിയത് . സ്‌മൈൽ പദ്ധതിയുടെഭാഗമായി മുഴുവൻ കുട്ടികളും ഇ൦ഗ്ളീഷിൽ എഴുതാനും വായിക്കാനും പ്രകടിപ്പി ക്കാനുമുള്ള ശേഷിയുടെ തെളിവുൾക്കായി സദസ്സിൽ നിന്നും രക്ഷിതാക്കളെയും ജനപ്രതിനിധികളെയും വേദിയിലേക്ക് ക്ഷണിച്ചു അവരുടെ വിവരങ്ങൾ മലയാളത്തിൽ ചോദിച്ചറിഞ്ഞു അപ്പോൾ തന്നെ ഇ൦ഗ്ളീഷിൽ പറഞ്ഞുകൊണ്ടാണ് ചില കുട്ടികൾ സാമൂഹികപരിശോധനയിൽ മുഴുവൻ മാർക്കും നേടിയത്.കേരളത്തിന്റെയും ഇന്ത്യയുടേയും ഒഴിഞ്ഞ മാപ്പുകളിൽ രക്ഷിതാക്കളും നാട്ടുകാരും പറയുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിസരപഠനം മുന്നേറി. മൂന്നാംക്‌ളാസ്സിലെ മഞ്ഞപ്പാവാടയും രണ്ടാം ക്‌ളാസ്സിലെ പകർച്ചവ്യാധികൾക്കെതിരായ ബോധവൽക്കരണവും നാലാം ക്ലാസിലെ ഞാവൽക്കാടും ഒന്നാം ക്‌ളാസ്സുകാരുടെ ഗണിതപ്രവർത്തനങ്ങളും നാടകങ്ങളായപ്പോൾ എല്ലാവര്ക്കും മനം നിറഞ്ഞു സ്‌കിറ്റുകൾ, സ്വയംപരിചയപ്പെടൽ , ഗണിതകേളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയും ഉണ്ടായി. മാർച്ചുപാസ്ററ് , എയറോബിക്സ് എന്നിവ കായികമികവുകളായി വിളംബരഘോഷയാത്രയുംസംഘടിപ്പിച്ചിരുന്നു
അവധി ദിനങ്ങള്‍ക്ക് അവധിയില്ല
അവധി ദിവസങ്ങള്‍ പാവപ്പെട്ടവന്റെ മക്കളുടെ വിദ്യാഭ്യാസപുരോഗതിക്കായി മാറ്റിവെക്കുന്ന പല്ലാവൂർ സംസ്ക്കാരം പുതിയ കാലഘട്ടത്തിൽ പ്രസക്തമാവുകയാണ് . എല്ലാ കുട്ടികളെയും പ്രതിഭാധനരാക്കാൻ ഇനിയെന്തെല്ലാം ആവാമെന്ന ആലോചനയിലാണ് പ്രധാനാധ്യാപകനും അധ്യാപികമാരും അവർ അവധി ദിവസങ്ങളിൽ പഠനോപകരണനിർമ്മാണത്തിനും LSS പരിശീലനത്തിനും സമയം ഉണ്ടാക്കുന്നു. രണ്ടാം ശനിയാഴ്ചയായിരുന്നു ഗണിതവിജയം പഠനോപകരണ ശില്പശാല. രാവിലെ 9.30 മണിമുതൽ 5 മണിവരെ 25 രക്ഷിതാക്കളും 15 അധ്യാപികമാരും 10 ബി ആർ സി അധ്യാപികമാരും അതില്‍ പങ്കെടുത്തു
കഥവരമ്പത്തൂടെ' പല്ലാവൂർ ഗവ എൽ പി സ്‌കൂളിലെ അമ്മമാർ

ഇനി അമ്മമാരും കഥകൾ പറയണം,വീട്ടിലും സ്‌കൂളിലും. അമ്മൂമ്മക്കഥകളിലൂടെ വളർന്ന ഒരു തലമുറയിൽ നിന്നും മാറി മൊബൈൽ സംസ്ക്കാരത്തിലേക്കു മാത്രമായി ഒതുങ്ങുന്ന ന്യൂജെൻ തലമുറകളിലെ അക്രമവാസനകളും മാനവിക-നവോത്ഥാന മൂല്യത്തകർച്ചകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പല്ലാവൂർ ഗവ എൽ പി സ്‌കൂളിൽ തെരഞ്ഞെടുത്ത അമ്മമാർക്കായി കഥപറച്ചിൽ ശില്പശാല സംഘടിപ്പിച്ചത്. ഇനി എല്ലാ ദിവസവും അമ്മമാർ കുട്ടികൾക്ക് കഥകള്‍ പറഞ്ഞു കൊടുക്കണം വിദ്യാലയത്തിൽ വന്നും ക്ളാസുകളിൽ തീരുമാനിക്കുന്ന സമയത് അവർക്ക് കഥകൾ പറഞ്ഞുകൊടുക്കാം ആവശ്യമുള്ള കഥാപുസ്തകങ്ങൾ ലൈബ്രറിയിൽ നിന്നും എടുക്കുകയും ചെയ്യാം. പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന അമ്മമാരെ സാർവദേശീയ വനിതാദിനത്തിൽ ആദരിച്ചു. വിദ്യാലയത്തിന്റെ തനത് പരിപാടിയായ അമ്മക്കൂട്ട് സമഗ്ര പ്രീ പ്രൈമറി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് കഥവരമ്പത്തൂടെ ശില്പശാല സംഘടിപ്പിച്ചത്
ബാലസാഹിത്യകാരൻ എം കൃഷ്ണദാസ് കാരാക്കുറുശ്ശി ക്ലാസ്സെടുത്തു. എങ്ങനം ഭാവാത്മകമായി കഥവായിച്ചും പറഞ്ഞും കേള്‍പ്പിക്കാം എന്നത് ഉദാഹരണ സഹിതം അദ്ദേഹം പരചിയപ്പെടുത്തുകയും അമ്മമാര്‍ രഥ ആസ്വാദ്യമായി പറയുന്നത് പരിശീലിക്കുകയും ചെയ്തു.
മലയാളമാധ്യമ പ്രീസ്കൂളിലെ ആദ്യ വിദ്യാര്‍ഥിനി എം ബി ബി എസിന്
2003ലാണ് പ്രീപ്രൈമറി ആരംഭിക്കുന്നത്. മലയാള മാധ്യമ പ്രീപ്രൈമറി. ആദ്യ വിദ്യാര്‍ഥിനി എച് ഹസ്ന. ഹാറൂണ്‍ മാഷിന്റെ മകള്‍ ( ഹസ്ന എം ബി ബി എസ് വിദ്യാര്‍ഥിനിയാണ്). ചെറു പ്രായത്തില്‍ മലയാളമാധ്യമത്തില്‍ പഠിച്ചതാണ് തന്റെ പഠനമികവിന് കാരണമെന്ന് ഹസ്ന സാക്ഷ്യപ്പെടുത്തുന്നു.
പുസ്തകത്തണല്‍
ലക്ഷ്യങ്ങള്‍
  • വിദ്യാലയവും വീടും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുക
  • കുട്ടികളുടെ മികവ് ഉയര്‍ത്തുക
  • മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും വായനയുടെ ലോകത്തേക്ക് കൊണ്ടുവരിക
  • ഭാഷാപരമായ പിന്നാക്കാവസ്ഥ ഇല്ലാതാക്കുക
  • എല്ലാ ക്ലാസുകളിലും ലൈബ്രറി യാഥാര്‍ഥ്യമാക്കുക
നടത്തിയ പ്രവര്‍ത്തനങ്ങള്‍
  • എസ് ആര്‍ ജി യോഗത്തില്‍ ആസൂത്രണം
  • പുസ്തക ലിസ്റ്റ് തയ്യാറാക്കല്‍
  • പി ടി എ യോഗത്തില്‍ പരിപാടിയുടെ അവതരണം
  • സ്കൂള്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ച് പുസ്തകസമാഹരണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യല്‍
  • പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഭ്യമാക്കല്‍
  • വായനക്കുറിപ്പ് തയ്യാറാക്കല്‍
വാക്കാണമ്മ
  • കുട്ടികളുടെ നിലവാരമനുസരിച്ച് തയ്യാറാക്കേണ്ട വായനക്കാര്‍ഡുകളുടെ എണ്ണം, ഉളളടക്ക സമീപനം എന്നിവയെക്കുറിച്ചുളള ആശയരൂപീകരണം

  • പി ടി എ യോഗത്തില്‍ ചര്‍ച്ച
  • ഏകദിന രചനാശില്പശാല ( അധ്യാപകര്‍, രക്ഷിതാക്കള്‍, തെര‍ഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, ചിത്രകാരന്മാര്‍, സമീപ വിദ്യാലയങ്ങളിലെ അധ്യാപകര്‍.
    750 കാർഡുകൾ തയ്യാറാക്കി 
  • തയ്യാറാക്കിയ വായനക്കാര്‍ഡുകള്‍ ക്ലാസടിസ്ഥാനത്തില്‍ തിരിച്ച് ലാമിനേറ്റ് ചെയ്യല്‍
  • രക്ഷിതാക്കളെ വിളിച്ച് കാര്‍ഡ് പരിചയപ്പെടുത്തല്‍, കാര്‍ഡുകള്‍ വീട്ടില്‍ ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കല്‍
  • ഒന്നാം ക്ലാസില്‍ നിത്യവും വീട്ടുവായന.
  • പ്രീപ്രൈമറിയിലും വീട്ടുവായന
  • അമ്മമാര്‍ വായി്ച്ചു കേള്‍പ്പിക്കും. കുട്ടികള്‍ ക്ലാസില്‍ വന്ന് പങ്കിടും
      രസകരമായ ഒരു സംഗതി കൂടി പങ്കിടാം. വാക്കാണമ്മ എന്ന പരിപാടിയുടെ വാര്‍ത്ത് എഫ് ബിയില്‍ ഇട്ടപ്പോള്‍ ഒരു അക്ഷരത്തെറ്റ് സംഭവിച്ചു. ചര്‍ച്ച അതിനെപ്പിടിച്ചായി. കേന്ദ്രവിഷയത്തില്‍ നിന്നും മാറി. അപ്പോള്‍ ഹാറൂണ്‍ മാസ്റ്റര്‍ പ്രതികരിച്ചതിങ്ങനെ
    "പൊതു വിദ്യാഭ്യാസ വകുപ്പ് വളരെ താല്പര്യപൂർവ്വം കാണുന്ന ഒരു പരിപാടിയാണ് എന്നെ പോലുള്ള ഒരു സാധാരണക്കാരനായ പ്രൈമറിHM ന്റെ അനുഭവത്തിൽ നിന്നും ഉദിച്ച ഈ ആശയം. ഇതിന് എന്റെ 1986 മുതൽ 2000 വരെയുള്ള പരിഷത്ത് പ്രവർത്തനങ്ങളും സഹായകമായിട്ടുണ്ട്.ഇതിനെ ഒരു അക്ഷരത്തെറ്റിന്റെ പേരിൽ ഞാൻ ബഹുമാനിക്കുന്ന വ്യക്തിത്വങ്ങൾ ചർച്ച ചെയ്തതിൽ ദു:ഖമുണ്ട്"

    "ചിലർക്ക് ഒരു ഹോബിയാണ്, എന്തിനേയും വിമർശിക്കുക എന്നത് .അതുകൊണ്ടാണല്ലോ എന്റെ 30 വർഷത്തെ അദ്ധ്വാനത്തിന്റെയും പ്രിയപ്പെട്ട രക്ഷിതാക്കളുടെയും, പുരോഗമന പ്രസ്ഥാനത്തിന്റെയും നിരന്തര പ്രവർത്തനങ്ങളുടെ റിസൾട്ട് വന്നപ്പോൾ അതിനെ മോശപ്പെടുത്താൻ ചിലർ നടത്തിയ ശ്രമങ്ങൾ. ഇവരുടെ വിവരക്കേടുകൾ അംഗീകരിക്കാൻ കഴിയാത്ത ഇവരുടെ മക്കളുടെ വിദ്യാലയ അധികൃതരും പി ടി എ ഭാരവാഹികളും നമ്മളോട് ദൈന്യതയോടെയാണ് പ്രതികരിക്കുന്നത് അവരും 'വിട്ടു കളയാനാണ് ' പറയുന്നത്.
    അതും കടന്നു വരുമ്പോൾ ഈ പ്രാന്തുകളെ ' മികച്ച പിടിഎക്കാർക്ക് 'കൈമാറേണ്ടി വരും. നമുക്ക് നമ്മുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം" 
    ദോഷം ചികയുന്നവര്‍ എല്ലായിടത്തുമുണ്ട് എല്ലാ കാലത്തുമുണ്ട്. അവഗണിക്കുക .
പുരസ്കാരങ്ങള്‍ പുരസ്കാരങ്ങള്‍
മികച്ച പി ടി എയ്കുളള പുരസ്കാരം തുടര്‍ച്ചയായി ഏഴാം വര്‍ഷവും കൊല്ലങ്കോട് ഉപജില്ലയില്‍ നിന്നും നേടി എന്നു പറഞ്ഞാല്‍ ആ വിദ്യാലയത്തിന്റെ ജനകീയത ബോധ്യപ്പെടും
ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ 2010, 2017-18വല്‍ഷങ്ങളില്‍ അവതരണത്തിനായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിരുന്നു.
2011 ൽ ദേശീയ അദ്ധ്യാപക അവാർഡും 2013 ൽ സംസ്ഥാന അദ്ധ്യാപക അവാർഡും ഹാറൂണ്‍ മാസ്റ്ററെ തേടിയെത്തി. 2017ൽ മികച്ച PTA യ്കുളള സംസ്ഥാനഅവാർഡും സ്കൂളിനു ലഭിച്ചു. വിദ്യാലയത്തിനുളളിലും പുരസ്താരങ്ങളുണ്ട്. ഓരോ അധ്യാപികയ്കും രക്ഷിതാക്കളുടെ ആദരവ്. കുട്ടികള്‍ക്കും സമ്മാനം . പ്രോത്സാഹനവും പ്രചോദനവും വിവിധ ഏജന്‍സികളുടെ വകയായും ലഭിക്കുന്നു. ഏറ്റവും വലിയ പുരസ്കാരം ഇതൊന്നുമല്ല, 124 പ്രീ പ്രൈമറി കുട്ടികൾ ഉൾപ്പെടെ 350 കുട്ടികളെ ഇവിടെ ചേര്‍ത്ത് സമൂഹം നല്‍കിയ അംഗീകാരമാണത്. പ്രീപ്രൈമറിയില്‍ നാലു ഡിവിഷന്‍. അതും മലയാളം മീഡിയം. അതാണ് മികവ്. എല്ലാവര്‍ഷവും എല്‍ എസ് എസിന് നാലും അഞ്ചും കുട്ടികള്‍ ജേതാക്കളാണ്. ഒരു ഡിവിീഷന്‍ മാത്രമുളള നാലാം ക്ലാസില്‍ നിന്നുമാണ് ഈ നേട്ടം എന്നത് അഭിമാനാര്‍ഹമാണ്. കേന്ദ്ര മാനവ വിഭവ മന്ത്രാലയം (MHRD) 2018-19 വർഷത്തെ പ്രീ - പ്രൈമറി പ്രവർത്തനങ്ങൾക്ക് കേരളത്തെ പ്രത്യേകമായി അഭിനന്ദിച്ചത് ഷാഗുണ്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത പല്ലാവൂരിന്റെ വാര്‍ത്തകളും വിശേഷങ്ങളും കൂടി പരിഗണിച്ചാണ്. എസ് സി ഇ ആര്‍ ടി പല്ലവം എന്ന പേരില്‍ നിരന്തര വിലയിരുത്തലിന്റെ ഗവേഷണാത്മക പ്രവര്‍ത്തനം നടത്തുവാന്‍ പല്ലാവൂരിനെ തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തിലെ ടീം വര്‍ക്കും പ്രതിദ്ധതയും കണക്കിലെടുത്താണ്.
എന്തുകൊണ്ട് പല്ലാവൂർ ഗവ.എൽ.എൽ.പി.സ്‌കൂൾ?
1 എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം
2 അക്കാദമികരംഗത്‌ ഉയർന്ന നിലവാരം .മത്സര പരീക്ഷകളിൽ എന്നും മുന്നിൽ LSS ന് എല്ലാ വർഷവും ആറിൽ കുറയാത്ത വിജയികൾ
3 സാമൂഹ്യരംഗത്തു നിറസാന്നിധ്യം സമാനതകളില്ലാത്ത ജീവകാരുണ്യപ്രവർത്തനങ്ങൾ


4 പഠനപിന്നോക്കാവസ്ഥ നിർമ്മാർജ്ജനത്തിനു തനതു പരിപാടികൾ
5 രക്ഷാകർത്തൃ ശാക്തീകരണത്തിന് പ്രതിമാസ CPTA യോഗങ്ങൾ 4 ൽ കുറയാത്ത PTA യോഗങ്ങൾ സ്‌കൂൾ ഗ്രാമസഭകൾ ,CPTA യോഗങ്ങളിൽ പ0നനേട്ടക്കാർഡുകൾ പഠിപ്പിക്കലും തുടർപ്രവർത്തനങ്ങളും
6 സ്‌കൂൾ അസംബ്ലിയെ ക്ലബ് പ്രവത്തനങ്ങളുമായി കൂട്ടിയോജിപ്പിക്കുന്നു
7 ഉച്ചഭക്ഷണം, പ്രഭാതഭക്ഷണം ,പ്രീ പ്രൈമറി ,സ്‌കൂൾ ബസ്സ്‌ എന്നിവ PTA സഹകരണത്തോടെ നടക്കുന്നു
8 സ്‌കൂൾ റിസോർസ് ഗ്രൂപ് (SRG)മാതൃകാപരമായി പ്രവർത്തിക്കുന്നു അക്കാദമികരംഗം കൊഴുക്കുന്നു
9 വിദ്യാലയ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന മാറ്റൊലി സ്‌കൂൾപത്രം മികവുകളുടെ നാവാണ്
10 അധ്യാപകരും PTA അംഗങ്ങളും ഏൽപ്പിക്കുന്ന ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നു
അമ്മക്കൂട്ടിലേക്ക് സംസ്ഥാന ട്വിന്നിംഗ് പ്രോഗ്രാം
ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം പ്രീ പ്രൈമറിയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അമ്മമാരുടെ പൂർണ്ണസഹകരണത്തോടെ അമ്മക്കൂട്ട് പദ്ധതിക്ക് പല്ലാവൂർ ഗവ എൽ പി സ്‌കൂൾ ശിശുദിനത്തിൽ തുടക്കം കുറിച്ചു . കുട്ടികളുടെ ബുദ്ധിമണ്ഡലത്തിൽ സമ്മർദ്ദങ്ങളില്ലാത്ത പഠനരീതിയാണ് അമ്മക്കൂട്ട് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഓരോ തീമായി പഠനപ്രവർത്തനം പുരോഗമിക്കുമ്പോൾ നേരിട്ടുകണ്ട് മനസ്സിലാക്കാൻ ടീച്ചറോടൊപ്പം അമ്മമാരും കൂടും. ക്ലാസ്സ്മുറിയിലേക്ക് വേണ്ട പഠനോപകരണങ്ങൾ ടീച്ചറും രക്ഷിതാക്കളും ചേർന്ന് നിർമ്മിക്കും. ഫീൽഡ് യാത്രകളിൽ രക്ഷിതാവും കൂടും. വർഷാവസാനം വിവിധപ്രദേശങ്ങളിൽ സാമൂഹികപരിശോധനയും മികവുത്സവവും സംഘടിപ്പിച്ചു
പ്രീസ്കൂൾ വിദ്യാഭ്യാസത്തിൽ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പല്ലാവൂർ ഗവൺമെൻറ് എൽ പി സ്കൂൾ നടപ്പിലാക്കിയ അമ്മക്കൂട്ട്‌ പദ്ധതി ദേശീയ ശ്രദ്ധയാകർഷിച്ചു. പല്ലാവൂർ സ്കൂളിലെ കളിമുറ്റത്തിലൂടെ കടന്നു പോകുന്ന കുട്ടികൾക്ക് ചുറ്റുപാടും മനസ്സിലാക്കി മാത്രമേ പ്രൈമറി ക്ലാസ്സുകളിലേക്ക് കടന്നുചെല്ലാൻ കഴിയൂ .പച്ചപ്പുതച്ചു നിൽക്കുന്ന നെൽപ്പാടങ്ങൾ, പച്ചക്കറിത്തോട്ടങ്ങൾ, ഉത്സവപ്പറമ്പുകൾ, പോലീസ് സ്റ്റേഷൻ, മറ്റു പൊതു സ്ഥാപനങ്ങൾ വാദ്യോപകരണ പരിശീലന കേന്ദ്രം തുടങ്ങി എല്ലായിടത്തും ഇവർ അധ്യാപികമാരുടെയും അമ്മമാരുടെയും സഹായത്തോടെ എത്തുന്നുണ്ട്. കുട്ടികള്‍ക്ക് കഥകൾ പറഞ്ഞു കൊടുക്കേണ്ട ചുമതല അമ്മമാർക്കാണ്. അമ്മമാരെ കഥ വരമ്പത്തിലൂടെ നടത്തിച്ചു കഥ പഠിപ്പിക്കേണ്ടത് അമ്മക്കൂട്ട്‌ അധ്യപകരാണ് .കളിപ്പാട്ട നിർമ്മാണ ശില്പശാല ക്ലേ മോഡൽ നിർമ്മാണ ശില്പശാല, എന്നിവയെല്ലാം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് നടത്തിയത്.. ത്രീ പ്ലസ് ,ഫോർ പ്ലസ് വിഭാഗക്കാരായ പ്രീ പ്രൈമറിക്കാർക്ക് കാര്യബോധത്തോടെ ,സർഗാത്മകതയോടെ ഭാഷാ പ്രവർത്തനങ്ങളിലും ,ഗണിതപ്രവർത്തങ്ങളിലും, ഇടപെടാനുള്ള പ്രാപ്തിയും അമ്മക്കൂട്ട് ഒരുക്കുന്നു.ശിശുസൗഹൃദ പഠനാന്തരീക്ഷത്തിൽ നടപ്പിലാക്കിയ അമ്മക്കൂട്ട്‌ പദ്ധതിയുടെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്താനും ,കർമ്മ പദ്ധതി തയ്യാറാക്കുവാനുമായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 13 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രധാനാധ്യാപകർ,പ്രീ പ്രൈമറി അധ്യാപികമാർ , രക്ഷിതാക്കൾ,ഉദ്യോഗസ്ഥർ എന്നിവർ പല്ലാവൂർ സർക്കാർ സ്കൂളിലെത്തി . കഥ വരമ്പത്തിലൂടെ,അമ്മമാർ തയ്യാറാക്കിയ കഥ കാർഡുകൾ പരിചയപ്പെടൽ, അമ്മമാരുടെ കളിപ്പാട്ട നിർമ്മാണ ശില്പശാല, പ്രദേശികപഠനയാത്രകൾ ,ക്ലേ മോഡൽ നിർമ്മാണം , സമൂഹ്യപരിശോധന , പ്രീസ്കൂൾ അന്തരീക്ഷം, പല്ലാവൂർ ഗവണ്മെന്റ സ്കൂളിന്റെ നാൾ വഴികൾ ,അഭിമാന നേട്ടങ്ങൾ എന്നി മേഖലകൾ തിരിച്ചറിഞ്ഞു കർമ്മ പരിപാടി തയ്യാറാക്കാനാണ് SSK സംസ്ഥാന നേതൃത്വം ഇത്തരത്തിൽ ഒരു ട്വിന്നിങ് പദ്ധതി നടപ്പാക്കിയത്.
ഞങ്ങള്‍ ബോധ്യപ്പെടുത്താം.. ഉറപ്പുതരുന്നു
പ്രീസ്കൂള്‍ രക്ഷിതാക്കളുടെ ശില്പശാല നടക്കുകയാണ്. ഞാന്‍ രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കവേ ഒരമ്മ ചോദിച്ചു പ്രീസ്കൂളില്‍ അക്ഷരം പഠിപ്പിക്കണ്ടേ? അക്കം പഠിപ്പിക്കണ്ടേ? ഉടന്‍ പ്രധാനാധ്യാപകന്‍ ശ്രീ ഹാറൂണ്‍ മാസ്റ്റര്‍ നാലാം ക്ലാസ് മുതല്‍ ഒന്നാം ക്ലാസ് വരെയുളള കുട്ടികളുടെ മികവും നിലവാരവും പരിചയപ്പെടുത്തി. ഒന്നാം ക്ലാസിലെ അധ്യാപിക വേദിയിലേക്ക് കടന്നു വന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ഈ കുട്ടികള്‍ ഒന്നാം ക്ലാസ് കഴിയുമ്പോള്‍ നന്നായി എഴുതാനും വായിക്കാനും പഠിച്ചിരിക്കും. ഇത്തവണത്തെ ഒന്നാം ക്ലാസിലെ കുട്ടികളെ നിങ്ങള്‍ക്ക് വര്‍ഷാവസാനം പരിശോധിക്കാം. നിങ്ങള്‍ പറയുന്നത് അവര്‍ എഴുതും നല്‍കുന്നത് വായിക്കും. പോരെ? അങ്ങനെ ഒന്നാം ക്ലാസില്‍ വെച്ച് ഉറപ്പായും നേടുന്ന ശേഷി എന്തിനാണ് പ്രീസ്കൂളില്‍ നിര്‍ബന്ധിക്കുന്നത്?” ആര്‍ജവമുളള ഈ വിശദീകരണം രക്ഷിതാക്കളെ തൃപ്തിപ്പെടുത്തി. എത്ര ഒന്നാം ക്ലാസുകളിലെ അധ്യാപകര്‍ക്ക് ഇങ്ങനെ സധൈര്യം സ്വന്തം അധ്യാപനത്തിന്റെ വിളവ് മോശമാകില്ലെന്ന് പറയാനാകും? അതാണ് പല്ലാവൂര്‍ ടീമിന്റെ ആത്മവിശ്വാസം.
എസ് ആര്‍ ജിയില്‍ പ്രീസ്കൂള്‍ അധ്യാപകരും
പല്ലാവൂരിലെ അധ്യാപകര്‍ പ്രീപ്രൈമറിക്കാര്‍ക്ക് തുല്യ പരിഗണനയാണ് നല്‍കുന്നത്. എസ് ആര്‍ ജി യോഗങ്ങളില്‍ അവരും പങ്കെടുക്കും. പ്രീസ്കൂള്‍ പഠനം അജണ്ടയാണ്. അതിനാല്‍ത്തന്നെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പ്രീപ്രൈമറിയിലെയും തീമുകളുടെ പരസ്പരബന്ധം അവര്‍ക്കറിയാം.
കാഴ്ചയില്‍ത്തെളിയുന്ന പ്രക്രിയ
ഒരു ക്ലാസിലെ കുട്ടികളുടെ ഉല്പന്നങ്ങളും പഠനോപകരണവും മറ്റും നിരീക്ഷിച്ചാല്‍ അറിയാം ക്ലാസിന്റെ പ്രക്രിയാപരമായ ഗുണത.
പല്ലാവൂരിലഎ പ്രീപ്രൈമറി ക്ലാസുകളില്‍ കണ്ടത്. തീമുമയി ബന്ധപ്പെടുത്തി തരം തിരിച്ചാല്‍ ഇങ്ങനെ ക്രോഡീകരിക്കാം
തീം- കുടുംബം
  • കുടുംബഫോട്ടോകള്‍ ( കുട്ടികള്‍ കൊണ്ടുവന്നത്)
  • ഗാര്‍ഹിക തൊഴിലുകള്‍ ചെയ്യുന്ന ചിത്രങ്ങള്‍
തീം - വീടും പരിസരവും
  • വീടിന്റെ മാതൃകകള്‍ കുട്ടികള്‍ നിര്‍മിച്ചത്
  • വീടുകളുടെ ചിത്രങ്ങള്‍
  • ഗാര്‍ഹികോപകരണങ്ങളുടെ ചിത്രങ്ങള്‍
  • മോഡലുകള്‍ (ക്ലേ)
  • സസ്യചിത്രങ്ങള്‍
  • വിത്തുകള്‍
തീം-മഴയും കാലാവസ്ഥയും
  • മഴച്ചിത്രങ്ങള്‍ ( ക്രയോണ്‍സ്, പെന്‍സില്‍, ഈര്‍ക്കില്‍)
  • കടലാസു തോണികള്‍
  • കുടയുടെ ചിത്രങ്ങള്‍
  • കുടയുടെ പലവിധ നിര്‍മിതികള്‍
തീം - ആഹാരം
  • ആഹാര വസ്തുക്കളുടെ ചിത്രങ്ങള്‍, മോഡലുകള്‍
  • അടുക്കളയുപകരണങ്ങള്‍
തീം ആഘോഷങ്ങള്‍
  • പതാകകള്‍ വരച്ചത് കുട്ടികള്‍ നിര്‍മിച്ചത്
  • പൂക്കളുടെ ചിത്രങ്ങള്‍
  • ഉത്സവ ചിത്രങ്ങള്‍
കെ എസ് ടി എ ഏല്പിച്ച അക്കാദമിക ദൗത്യം ഉയര്‍ന്ന സംഘടനാബോധത്തോടെ നിറവേറ്റുകയാണ് . ഹാറൂൺ മാസ്റ്റർ ( 9496351382, haroontlr@gmail.com) കഴിവില്ലാത്ത ഒരു കുട്ടിപോലും ഇല്ല എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എല്ലാ സംഘടനാപ്രവര്‍ത്തകരും ഇതേ പോലെ ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. പാലക്കാട്ടെ സംഘടനാപ്രവര്‍ത്തകരിലേറെയും അക്കാദമിമായ ധാരണയിലും പ്രയോഗത്തിലും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഹാറൂണ്‍ മാസ്റ്റര്‍ സഹാ അധ്യാപകരെ അംഗീകരിക്കുന്നു.അവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കുന്നു. കുറ്റവും കുറവും ചൂണ്ടിക്കാട്ടാനല്ല മറിച്ച് നന്മകളെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുക. അത് കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിന് പ്രേരകമാകുന്നു.  ഡി പി ഇ പി കാലത്ത് ലഭിച്ച തെളിച്ചമാണ് പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്താന്‍ സഹായകമായതെന്ന് അദ്ദേഹം കരുതുന്നു. ഭാര്യ ഷൈമടീച്ചറും ഇതേ വിദ്യാലയത്തിലാണ് പഠിപ്പിക്കുന്നത്. നിലവാരം കൊണ്ട് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് വിദ്യാലയത്തിന്റെ സമീപനം. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ‍ നാലു തവണ ഈ വിദ്യാലയം സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്തമായ അനുഭവം കൊണ്ട് യാത്രകളെ അക്കാദമികധന്യമാക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷാന്ത്യം അതിഗംഭീരമായ ഒരു പ്രവര്‍ത്തനത്തിന്റെ സമാപനച്ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്.പോകാതിരിക്കാനാവില്ല.


No comments: