ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 31, 2019

ശിവമിത്രയും അഭിമാനരേഖയും


പരിശീലനഹാളിന്റെ ഒരു മൂലയില്‍ ഷീറ്റ് വിരിച്ച് പാചകസാധനങ്ങളെല്ലാം ഒരുക്കി ഒരാള്‍! ഞാന്‍ അടുത്തേക്ക് ചെന്നപ്പോള്‍ മിക്സിയില്‍ ജ്യൂസടിച്ച് എനിക്ക് നീട്ടി. രണ്ടാം ക്ലാസുകാരി ശിവമിത്രയുടെ പാചകശാലയില്‍ പഴങ്ങളും പച്ചക്കറികളും പാത്രങ്ങളും കുഞ്ഞുകത്തിയും ചെറിയസ്റ്റൗവുമെല്ലാം ഉണ്ട്. അവളുടെ അമ്മ പരിശീലനത്തിനു വന്നപ്പോള്‍ ശിവമിത്ര കൂടെ കൊണ്ടുവന്നതാണ് അല്ലെങ്കില്‍ അവ അവളോടൊപ്പം പോന്നതാണ്. മുതിര്‍ന്നവരുടെ ഇടയില്‍ അവള്‍ ആദ്യം ഇടം കണ്ടെത്തിയത് പാചകകളിക്കാണ്. അവളുടേതുമാത്രമായ ഒരു ലോകം തീര്‍ക്കുന്നതില്‍ നിന്നും ക്രമേണ മറ്റുളളവരുടെ ലോകത്തെ കൈയടക്കാനും  അവള്‍ ശ്രമിച്ചു. 
കണക്കാണ് പരിശീലന ഉളളടക്കമെന്ന തിരിച്ചറിവ് അവളെ കണക്കിലേക്ക് പിടിച്ചുവലിച്ചു. സര്‍ഗാത്മകമായി ഇടപെടാനും തുടങ്ങി. അവിടെ കിടന്ന ഒരു പെട്ടിയെടുത്ത് എ ടി എം ഉണ്ടാക്കി. ഡെബിറ്റ് കാര്‍ഡും തയ്യാര്‍ . കുറേ ചെറു കടലാസില്‍ പത്ത്, ഇരുപത് , നൂറ് എന്നിങ്ങനെ എഴുതി രൂപയാക്കി പെട്ടിയിലിട്ടു. പെട്ടി എന്നു പറയമോ എടി എമ്മില്‍ എന്നു തിരുത്തുന്നു. എനിക്ക് പണം വേണം. ഞാന്‍ എ ടി എമ്മിനടുത്തു ചെന്നപ്പോള്‍ അവള്‍ എന്നോട് നമ്പരടിക്കാന്‍ പറഞ്ഞു. തുകയും. പണം റെഡി. ശിവമിത്രയുടെ എ ടി എം സംവിധാനത്തിന്റെ ചിത്രം നോക്കൂ. എടി എംലെ അക്കങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പത്ത് എന്ന സംഖ്യയും അവള്‍ ചേര്‍ത്തുവെച്ചു. വശങ്ങളില്‍ ബട്ടണുകള്‍ ഉണ്ട്. ഇത് ഏതുവിഷയവുമായി ബന്ധപ്പെട്ട നിര്‍മിതിയാണ് എന്നായിരിക്കും നമ്മുടെ ആലോചന!
 ശിവമിത്ര ഉണ്ടാക്കിയ ഏണിയും പാമ്പും ബോര്‍ഡ് നോക്കൂ. ചില സംഖ്യകള്‍ അവള്‍ ബോധപൂര്‍വം വിട്ടുകളഞ്ഞിരിക്കുന്നു. കണക്ക് പഠിക്കാനുളള കളിയില്‍ കണക്കുകൂട്ടി കളിക്കട്ടെ എന്നാണ് അവള്‍ ആലോചിച്ചത്. വേറിട്ട ചിന്ത ശിവമിത്രയില്‍ പ്രകടമാണ്
 എപ്പോഴുമെന്തൊരു കണക്കാ? മാറ്റം വേണ്ടേ? അവള്‍ വിരല്‍പ്പാവ നാടകസ്ക്രിപ്റ്റ് തയ്യാറാക്കി. കടലാസുകൊണ്ട് വിരല്‍ പാവകളെയും ആ സ്ക്രിപ്റ്റ് ഇതാ.
 ഇനി ചിത്രം വരയ്കാം. പേരിലുളളത് ശിവനായതിനാലാകാം. ശിവമിത്ര വരച്ചതും ശിവഗംഗയെയാണ്. ചിത്രരചനയിലുളള പാടവം അവള്‍ ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രകടമാക്കി. തീര്‍ന്നില്ല അതാ അടുത്ത സംരംഭം...
 ക്ലാസ് നടക്കുകയാണ്. ഗൗരവമുളള അവതരണങ്ങള്‍. ചര്‍ച്ചകള്‍. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍. അതിനു നടുക്ക് ശിവമിത്ര ചോക്കുമായി ഇറങ്ങി. വലിയൊരു ചിത്രമങ്ങു രൂപപ്പെടുത്തി. ടീച്ചറുമാരുണ്ടോ അത് ശ്രദ്ധിക്കുന്നു. അവര്‍ ചിത്രത്തിനു മുകളിലൂടെ നടന്നു. ശിവമിത്ര ഓരോരുത്തരെയും തടഞ്ഞു. ചിലരെ ചിത്രം കാണിച്ച് ചവിട്ടരുതെന്നു അഭ്യര്‍ഥിച്ചു. അതാ ആ ചിത്രം, എത്ര ഗംഭീരം!  ചിത്രകലാരംഗത്ത് തന്റേതായ ഇടെ ശിവമിത്ര കണ്ടെത്തും എന്നു ആഗ്രഹിക്കുന്നു.


ഒരു രണ്ടാം ക്ലാസുകാരി എങ്ങനെ കാര്യങ്ങളെ നോക്കിക്കാണുന്നു? അവള്‍ സൂക്ഷ്മ നിരീക്ഷകയാണ്. ബാങ്ക് ചെക്കാണ് എഴുതിയിരിക്കുന്നത്. അറിയാം അതിന്റെ ആശയം.അമ്മയായ സുമതിക്കും അച്ഛനായ ബാബുരാജിനും പണം കൊടുക്കാനുളളതാണ് സംഭവം. ഇത്രയൊക്കെ പോരെ? ഇംഗ്ലീഷ് പഠിച്ച് വരുന്നതേയുളളൂ. എല്ലാം പഠിച്ച ശേഷം എഴുതാം എന്നല്ലല്ലോ. ആശയമാണ് പ്രകാശനം ചെയ്യേണ്ടത്. ആ സന്ദര്‍ഭത്തില്‍ വാക്കു ലഭ്യമാണെങ്കില്‍ സ്വീകരിക്കും.അവളുടെ ഒപ്പ്, 200/എഴുതിയ രീതി സ്ഥാനം എല്ലാം നോക്കണം.
 ഇനി ഐടി ആയിക്കോട്ടെ. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താലോ? അതിന്റെ ഒരു പടം തന്നെയാകട്ടെ. 
 ടീച്ചറുമാരെല്ലാം വര്‍ക് ഷീറ്റുണ്ടാക്കുകയാണ്. എന്നാല്‍ എനിക്കും ഒന്നുണ്ടാക്കാം. ശിവമിത്ര കാട്ടില്‍ കൂടി പോകുന്ന ഒരു തീവണ്ടിയാണ് സൃഷ്ടിച്ചത്.അവള്‍ ഉദ്ദേശിച്ച കാര്യം വ്യക്തം. സമഗ്രശിക്ഷയുടെ ക്യാമ്പില്‍ വന്നിട്ട് ഒന്നും അവര്‍ക്ക് നല്‍കിയില്ലെന്നു വേണ്ട.
 എല്ലാ ഗണിത പ്രവര്‍ത്തനത്തിലും അധ്യാപകരുടെ കൂട്ടാളിയായി അവള്‍.ഗ്രൂപ്പംഗം. ചിലപ്പോള്‍ ജോലി മതിയാക്കി അവളുടെ സ്വന്തം സര്‍ഗാത്മക പ്രവര്‍ത്തനത്തിലേക്ക് പോകും
അധ്യാപകര്‍ കുട്ടികളുടെ അഭിമാനരേഖ തയ്യാറാക്കുന്ന തിരക്കിലാണ്. ശിവമിത്രയെക്കുറിച്ചുളള അഭിമാനരേഖയില്‍ എനിക്കിത്രയേ എഴുതാനുളളൂ.  ആ കുട്ടി ആരാണെന്ന് ഈ കുറിപ്പുകളും ചിത്രങ്ങളും വ്യക്തമാക്കില്ലേ?അഭിമാനരേഖ തയ്യാറാക്കുമ്പോള്‍ വഴിവിട്ടൊരു ചാട്ടം സാധ്യമല്ലേ. പോരെങ്കില്‍ ചുവടെയുളള പത്രവാര്‍ത്ത കൂടി ചേര്‍ത്തുവെക്കാം.
ശിവമിത്രയെപ്പോലെ ധാരാളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലുണ്ട്. അവരുടെ ഭാവനയും കഴിവും പ്രയോജനപ്പെടുത്തിയുളള അധ്യാപനം വെല്ലുവിളിയാണ്. നാം തയ്യാറാക്കിയ പാഠങ്ങളും വര്‍ക്ക് ഷീറ്റുകളും കുട്ടികള്‍ പഠിക്കണം. അവര്‍ സ്വന്തമായി ഉണ്ടാക്കുന്നതിനെ ക്ലാസിന്റെ പഠനാനുഭവമാക്കുന്ന പണി നമ്മുക്ക് അറിഞ്ഞുകൂടാ. അവരുടെ ചിന്തകളും ലോകവും മനസിലാക്കാന്‍ തുടങ്ങുന്നതോടെ വേറിട്ടൊരു പാഠ്യപദ്ധതി ക്ലാസില്‍ ജനിക്കുകയായി. വഴക്കമുളള ക്ലാസുകള്‍ എന്നത് സ്വപ്നമായി തുടര്‍ന്നാല്‍ മതിയോ? സര്‍ഗാത്മകമായ ക്ലാസുകള്‍ പ്രതീക്ഷയാണ്. പ്രതീക്ഷയാണ്. പ്രതീക്ഷയാണ്.
( പരിശീലനനാന്തരം അവിടെ കിടന്ന പേപ്പറുകള്‍ ഞാനെടുത്തുകൊണ്ടു പോന്നു. അത് വെച്ചാണ് ഈ അഭിമാനരേഖ തയ്യാറാക്കിയത്. പണ്ട്  ചന്ദ്രന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ച് ആഴ്ചവട്ടം സ്കൂളില്‍ ചെന്നപ്പോള്‍ ഒരു മൂലയില്‍ ധാരാളം കടലാസുകള്‍. അവ ഞാനെടുത്തു. അതില്‍ നിന്നുളള വിഭവങ്ങളാണ് കുട്ടിക്കാനത്ത് നടന്ന പരിശീലനത്തില്‍ പ്രയോജനപ്പെടുത്തിയത്. മേഘത്തിനൊരു കത്തെഴുതാനായിരുന്നു കുട്ടികള്‍ ശ്രമിച്ചത്. ഒരു കുട്ടി എഴുതി "എടാ മേഘമേ, ദേ ഇവിടെ വെളളമില്ലാതെ ആളുകള്‍ ചാകുന്നു. വേഗം പെയ്തേക്കണം." സംബോധന പരുക്കനാണ്. മറ്റുകുട്ടികളുടെ വിനയഭാഷയില്ല. കത്തിന് പൂര്‍ണതയുമില്ല. അക്ഷരത്തെറ്റുകളുമുണ്ട്. എങ്കിലും ആളുകള്‍ മരിക്കുന്നതിലുളള രോഷപ്രകടനം ശക്തമാണ്. അത്തരം സന്ദര്‍ഭത്തെ ഹൃദയനോവായി കണ്ട ഈ കുട്ടിയുടെ കത്തിനെ നിലവിലുളള ഏതു സൂചകം വെച്ചു വിലയിരുത്തും? അതിനാല്‍ ശിവമിത്രയുടെ പാവനാടക സ്ക്രിപ്റ്റിലെ അക്ഷരത്തെറ്റുകളെ ഞാന്‍ അവഗണിക്കുന്നു. അവള്‍ സ്വയം തിരുത്തുന്നവളാണെന്ന് എനിക്കറിയാം. )
ശിവമിത്ര വി പി
വി പി ബാബുരാജിന്റെയും സുമതിയുടെയും മകള്‍
വലിയപുരയില്‍
പഴശ്ശി, പാവന്നൂര്‍ മൊട്ട
കണ്ണൂര്‍
670602
അനുബന്ധങ്ങള്‍
1.ശിവമിത്ര വേദയിലേക്ക് കയറി. ഞാനൊരു പാട്ടു പാടട്ടെ. അവള്‍ എല്ലാവരോടുമായി പറഞ്ഞു. ബഹളത്തിനിടയില്‍ ആ കുഞ്ഞുശബ്ദം മുങ്ങിപ്പോയി. അതു കൂസാതെ അവര്‍ പാടാന്‍ തുടങ്ങി
ക്രമേണ സദസ് പാട്ടിലേക്ക് ലയിച്ചു. നീണ്ടകരഘോഷമാണ് പ്രതികരണം
2. ശിവമിത്ര വീട്ടിലെത്തി ചേച്ചിയോട് ഒരു കഥ പറഞ്ഞു. അത് ഞാന്‍ പറഞ്ഞ കുഞ്ഞുമുയലിന്റെ കഥയാണ്.
കഥയും ഗണിതവും ഉദ്ഗ്രഥനവും എന്ന പോസ്റ്റില്‍ അത് വായിക്കാം. ശിവമിത്ര ആ കഥയോട് പ്രതികരിച്ചതും.
3.ശ്രീ വിനോദ്കൃഷ്ണന്‍ ശിവമിത്രയ്ക് ഒരു സമ്മാനം നല്‍കി. ക്ലേ.
അവള്‍ വീട്ടിലെത്തി അതില്‍ ഒരു അത്ഭുതം സൃഷ്ടിച്ചു.ദേ ..

M

6 comments:

arathijith.p.b said...

സർ ചെയ്ത് നോക്കി ആത്മവിശ്വാസം വന്ന അധ്യാപകർ കൊതിക്കും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ..... പങ്കു വയ്ക്കാൻ .....

ബിന്ദു .വി എസ് said...

ശിവമിത്രമാർ തന്നെയാണ് മുന്നിലിരിക്കുന്ന എല്ലാ കുട്ടികളും എന്നു തോന്നി പോകുന്നു.ഇങ്ങനെ സർഗാത്മകതയുടെ ലോകം അവർക്കു നൽകാനാകുന്നുണ്ടോ എന്നു ചിന്തിച്ചു പോയി.ഇത്റയും പ്രായോഗിക മായി പഠനം നടക്കുന്നുവെങ്കിൽ കുട്ടിക്കും മീതേ എത്ര ഉയർന്ന തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടിവരും.ഇനി ആകെ നോക്കേണ്ടത് പഠന സ്വാഭാവികത എവിടെയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ എന്നു മാത്രമാണ്.ഉദ്ഗ്രഥിതത്തിൽ അതു പ്രധാനമാണല്ലോ.എഡിറ്റിംഗും ക്ളാസ് അനിവാര്യതയാണ്.ശിവമിത്രയ്ക് പ്രത്യേക അഭിനന്ദനങ്ങൾ

MATTANUR BRC said...

സാറിനെയും ശിവമിത്രയുടെ പ്രവർത്തനങ്ങളേയും ഒന്നാം ദിനം മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ സമയത്തൊന്നും ഇത്ര ആഴത്തിലുള്ള ഒരു നിരീക്ഷണം സാറിന്റെ ഭാഗത്തുനിന്നുണ്ടായതായി എനിക്ക് തോന്നിയിരുന്നില്ല. നമ്മൾ ചെയ്യിക്കുന്നത് മാത്രം പഠിക്കേണ്ടി വരുന്ന കുട്ടികൾ വലിയ വിരസതയാണ് ക്ലാസിൽ അനുഭവിക്കുന്നത്. സ്വതന്ത്രമായി കുട്ടികൾ പാoങ്ങൾ തയ്യാറാക്കാൻ കെൽപുള്ളവരാണ് എന്ന വലിയ സന്ദേശവും തിരിച്ചറിവും ഈ എഴുത്തിലുണ്ട്.
രണ്ട് രണ്ടക്ക സംഖ്യകൾക്കിടയിലെ സംഖ്യകണ്ടെത്തുന്നു എന്ന പഠന നേട്ടത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ട്രൈഔട്ടിനു ശേഷമാണ് ഏണിയും പാമ്പും വരച്ചത്. നല്ല ഒരു വർക്ക് ഷീറ്റായി അത് മാറി. ജംഗ്ഷൻ പോയിന്റിലെ സംഖ്യ ഒഴിവാക്കിയും 55 നും 59 നും ഇടയിലെ സംഖ്യ ചേർക്കാൻ സ്ഥലം നൽകിയും അത് മുന്നോക്കക്കാരേയും പരിഗണിച്ചു.
ക്ലാസ് മുറി എങ്ങനെ സർഗാത്മകമാകുമെന്നും അധ്യാപകനും കുട്ടിക്കും ഏറ്റവും ഇഷ്ടപ്പെടുന്ന ഇടമായി അതിനെ എങ്ങനെ മാറ്റാമെന്നും ഈ പോസ്റ്റിലുണ്ട്.
അഭിമാനരേഖ തയ്യാറാവുന്നതെങ്ങനെ എന്നതിന്റെ പടവുകളും ഇതിൽ സുവ്യക്തം.👍👍

BRC Balaramapuram said...

ശിവമിത്ര ഒരു അടയാളപ്പെടുത്തലാണ്.
ഉല്ലാസ ഗണിതം പരിപാടിയുടെ വിജയഗാഥ ഭാവിയിൽ
പങ്കുവെയ്ക്കപ്പെടുമ്പോൾ ശിവ മിത്രയും ഉണ്ടാകും.
ഒപ്പം ചൂണ്ടുവിരലും.
എന്റെ മനസിലെ ഓർമ ചിത്രങ്ങളും
നന്ദി...
ഗുരുനാഥന് .

drkaladharantp said...

അതെ ശിവമിത്രമാര്‍ ക്ലാസുകളിലുണ്ട്. അത് തിരിച്ചറിഞ്ഞിട്ടും നിസഹായരാകുന്നവരും തിരിച്ചറിയാത്തവരും വിദ്യാലയത്തിലുണ്ട്. എങ്ങനെ അധ്യാപനത്തെ വിദ്യാര്‍ഥി പക്ഷം ആക്കാമെന്ന് ആലോചിക്കുമ്പോള്‍ നേരത്തെ ധരിച്ചുവെച്ചതൊന്നും പോരാതെ വരും. പാഠപുസ്തകത്തേക്കാള്‍ പഠനശേഷിക്കും സര്‍ഗാത്മകതയ്കും ഊന്നല്‍ നല്‍കുന്ന രീതികള്‍ കണ്ടെത്തേണ്ടിവരും. പാട്ട്, ശില്പനിര്‍മാണം, കഥ, ചിത്രീകരണം,നിര്‍മാണം എല്ലാം കോര്‍ത്തിണക്കിയ അനുഭവ പരമ്പര എല്ലാ വിഷയങ്ങളിലും കിട്ടിയാലേ ശിവമിത്രമാര്‍ മാനിക്കപ്പെടൂ.

dietsheeja said...

ഉല്ലാസ ഗണിതം രണ്ടാംക്ലാസിലെങ്കിലും ഗണിതവിജയത്തിൽ ഉൾപ്പെടുത്തിയ എ.ടി.എം, ചെക്ക് എഴുതൽ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത് കുട്ടികളുടെ സർഗാത്മകത ഉണർത്തുന്നതിന് സഹായകമായി. ബോർഡ് ഗയിമിന്റ ആവർത്തന വിരസത ഒഴിവാക്കിയതും പുതുമ നിലനിർത്തും. സ്വന്തമായി എ.ടി.എം തയ്യാറാക്കൽ, ഏണിയും പാമ്പും എന്ന പഠനോപകരണം സ്വയം തയ്യാറാക്കൽ, ചെക്ക് സ്വയം രൂപപ്പെടുത്തൽ ഒക്കെ കാണുമ്പോൾ ഈ കുട്ടി ശരാശരി അധ്യാപികയേക്കാൾ എത്രയോ മുന്നിൽ മിടുക്കി! ശിവമിത്രയ്ക്ക് അഭിനന്ദനങ്ങൾ.ശിവമിത്രയെ പഠിപ്പിക്കുന്ന അധ്യാപകർ ഏറെവളരേണ്ടിയിരിക്കുന്നു.