ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പാഠപുസ്തകവിനിമയാനുഭവങ്ങള്‍. Show all posts
Showing posts with label പാഠപുസ്തകവിനിമയാനുഭവങ്ങള്‍. Show all posts

Sunday, April 5, 2026

മാറിയ പാഠപുസ്തക വിനിമയം - രണ്ട് വർഷത്തെ അനുഭവങ്ങൾ -1

കാസറഗോഡ് ബേള വെല്‍ഫെയല്‍ സ്കൂളിലെ ബിന്നി ഐരാറ്റില്‍ വിനിമയാനുഭവങ്ങള്‍ പങ്കിടുന്നു.

"മുൻപുണ്ടായിരുന്ന പാഠപുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ പാഠപുസ്തകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ഉള്ളടക്കവും വിനിമയ രീതിയുമാണ്.

  • മുൻപുണ്ടായിയിരുന്ന പാഠപുസ്തകങ്ങളിൽ ഓരോ യൂണിറ്റിലും കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ട അക്ഷരങ്ങൾ ഒരു കഥയിലൂടെ അവതരിപ്പിക്കുകയും കുട്ടികളിൽ നിന്ന് ഇവോൾവ് ചെയ്യുന്ന ടെസ്റ്റുകളിലൂടെ ആ അക്ഷരങ്ങൾ അവതരിപ്പിക്കുകയും ആണ് ചെയ്തിരുന്നത്. പക്ഷെ ആ ആ ക്ഷരങ്ങളുടെയും ചിഹ്നങ്ങളുടെയും പുനരനുഭവങ്ങൾ അടുത്ത യൂണിറ്റുകളിൽ വേണ്ടത്ര ഉണ്ടായിരുന്നില്ലഎന്നു മാത്രമല്ല ഏതാനും ചില അക്ഷരങ്ങൾ മാത്രം പഠിച്ച കുട്ടിക്ക് പാoഭാഗം അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് വായിക്കാനും കഴിഞ്ഞിരുന്നില്ല.


  • അതിൽ നിന്ന് വ്യത്യസ്തമായി പുതിയ പുസ്തകത്തിൽ പ്രവർത്തന പുസ്തകത്തിലെ എഴുത്തിലൂടെ കുട്ടികൾക്ക് അക്ഷരങ്ങൾ
    / സ്വരചിഹ്നങ്ങൾ പരിചയപ്പെടുത്തുകയും ആ അക്ഷരങ്ങൾ മാത്രമുള്ള വായന പാഠങ്ങൾ പാഠപുസ്തത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതുമൂലം ഒന്നാം യൂണിറ്റ് കഴിയുമ്പോൾത്തന്നെ കുട്ടിക്ക് പരിചിതമായ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് പാഠഭാഗം വായിക്കാൻ കഴിഞ്ഞു.
  • മാത്രമല്ല തുടർ പാoങ്ങളിൽ ആദ്യ യൂണിറ്റിൽ പരിചയപ്പെട്ട അക്ഷരങ്ങൾക്കും ചിഹങ്ങൾക്കും കൃത്യമായി പുനരനുഭവങ്ങൾ ഒരുക്കുകയും ചെയ്തു.
  • ഇതിൻ്റെ ഏറ്റവും വലിയ ഗുണമായി പറയാവുന്നത് യാതൊരു യാന്ത്രികതയുമില്ലാതെ സ്വാഭാവിക പുനരനുഭവത്തിലൂടെ കുട്ടികൾക്ക് അക്ഷരങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞു എന്നതാണ്.

  • വിവിധതരത്തിലുള്ളവായനകളിലൂടെ കുട്ടികൾ മന
    :പാഠമായല്ലാതെ സർഗാത്മകമായി വായിക്കുന്നതും നമ്മൾ കണ്ടു.
  • കൗതുകമുള്ള പരീക്ഷണങ്ങളും ദൃശ്യാവിഷ്ക്കാരങ്ങളും എല്ലാം ക്ലാസ്മുറികളെ കൂടുതൽ ശിശു കേന്ദ്രീകൃതവും സർഗാത്മകവും സ്വാഭാവികവുമാക്കി.
  • വായനോത്സവത്തിലൂടെ കുഞ്ഞുങ്ങൾ സ്വതന്ത്രവായനക്കാരായിമാറി.
  • സംയുക്ത ഡയറിയെഴുത്തിലൂടെ കുട്ടികൾ സർഗാത്മക എഴുത്തിൻ്റെ പടികൾ കയറുകയും രചനോത്സവത്തിലൂടെ അത് പുതിയ മാനങ്ങൾ തേടുകയും ചെയ്തു.
  • ഒന്നാം ടേം മുതൽത്തന്നെ കുട്ടികൾക്ക് പരിചയമില്ലാത്ത ഒരക്ഷരം പോലും ചോദ്യപ്പേപ്പറിൽ ഇല്ല എന്നതും കഴിഞ്ഞ രണ്ടു വർഷത്തെ പാoപുസ്തക വിനിമയാനുഭവത്തിൻ്റെ പ്രത്യേകതയായി പറയാം.
  • രണ്ടാം ടേം മുതൽത്തന്നെ തനിയെ ചോദ്യം വായിച്ച് ഉത്തരമെഴുതുന്ന ഒന്നാം ക്ലാസുകാർ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  • ഒന്നാം ടേം മുതൽ ചെറിയ രീതിയിൽ തുടങ്ങിയ ആശയഗ്രഹണവായന വർഷാവസാനമായപ്പോഴേക്കും ഒരു ക്ലാസിലെ പകുതിയിലേറെ കുട്ടികൾ അപരിചിതമായ ഒരു വായന സാമഗ്രി വായിച്ച് ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തി എഴുതാൻ കഴിയുന്ന നിലയിലെത്തി.
  • കുട്ടികൾ സ്വതന്ത്ര എഴുത്തുകാരായി സ്വന്തമായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നിലയിലെത്തി.  
  • ഒന്നാം ക്ലാസുകൾ എല്ലാ സ്കൂളിലെയും സ്റ്റാർ ക്ലാസ് മുറികളായി.

  • വർഷാവസാനത്തിൽ
    "നിങ്ങൾ എന്തുകൊടുത്താലും നിങ്ങളുടെ കുട്ടികൾ വായിക്കും, എന്തു പറഞ്ഞാലും എഴുതും" എന്ന് ധൈര്യത്തോടെ രക്ഷിതാക്കളോട് പറഞ്ഞ് സോഷ്യൽ ഓഡിറ്റിംഗിലൂടെ പൊതുവിദ്യാലയത്തിൻ്റെ മികവുകൾ സമൂഹത്തിൻ്റെ മുമ്പിൽ അവതരിപ്പിക്കാനും സ്കൂളിൻ്റെ ആഭിമാനമായി മാറാനും ഒന്നാം ക്ലാസിന് കഴിഞ്ഞു എന്നത് ഏറ്റവും മികച്ച നേട്ടമാണ്.


  • നാലാം ക്ലാസിലൊക്കെ പരീക്ഷ നടത്തുന്നതു പോലെയാണ് ഞാൻ രണ്ടാം ടേം മുതൽ പരീക്ഷ നടത്തിയത്. കുട്ടികൾ തനിയെ ചോദ്യം വായിച്ച് എഴുതുന്നു. കൂടുതൽ സഹായം വേണ്ട ചിലർക്ക് മാത്രം ചില്ലറ സഹായങ്ങൾ . അത്രമാത്രം.
  • മുൻവർഷങ്ങളിൽ ഒന്നാം ക്ലാസിലെ പരീക്ഷ നടത്തിപ്പ് ഏറ്റവുമധികം അധ്വാനം വേണ്ട ഒരു വലിയ ജോലിയായിരുന്നുഎന്തിനാണ് ഇങ്ങനെയുള്ള പരീക്ഷകൾ എന്നു പോലും തോന്നിയിരുന്നുഅതിൽ നിന്നെല്ലാം വ്യത്യസ്തമായി കുട്ടികൾ തനിയെ പരീക്ഷ എഴുതുന്ന ഒന്നാം ക്ലാസുകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് പുതിയ പാo പുസ്തകത്തിൻ്റെയും വിനിമയ രീതിയുടെയും മേന്മ തന്നെയാണ്.
  • കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ തന്നെ വായന പാഠങ്ങളായി മാറുന്ന മികച്ച ഒന്നാം ക്ലാസുകൾ സംസ്ഥാനമെമ്പാടും സൃഷ്ടിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.


  • ഒന്നഴക് ഗ്രൂപ്പിലൂടെയുടെ വിഭവ വിതരണവും പിന്തുണയും ഈ മികവിലേക്കെത്താൻ ഒന്നാം ക്ലാസ് അധ്യപകരെ സഹായിച്ചിട്ടുണ്ട്അതിനുള്ള അളവറ്റ സ്നേഹവും കടപ്പാടും അറിയിക്കുകയാണ്.

ബിന്നി ഐരാറ്റിൽ

ജി ഡബ്ല്യു എൽ പി സ്കൂൾ

ബേള, കാസറഗോഡ്

 രക്ഷിതാക്കളുടെ പ്രതികരണങ്ങള്‍

എൻ്റെ മോൻ ശ്രേയസ് ആദ്യം സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ ഒരു അക്ഷരം പോലും ezhudhaano വായിക്കാനോ അറിയില്ലായിരുന്നു. ആദ്യം മീറ്റിംഗിൽ binny ടീച്ചർ പറഞ്ഞിരുന്നു ഈ വർഷം കഴിയുമ്പോൾ നിങ്ങളുടെ കുട്ടി എഴുതാനും വായിക്കാനും അറിഞ്ഞിരിക്കും പക്ഷെ ഒന്നാം ക്ലാസ്സിലെ കുട്ടി വായിക്കുമോ എഴുതുമോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. വർഷം അവസാനം ആയപ്പോൾ ഇതൊക്കെ സത്യം ആയി ഓരോ കുട്ടികൾക്കും ഓരോ ബുക്ക് . അത് കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷം. ഓരോ കുട്ടിയെയു൦ സ്വന്തം മക്കളെ പോലെ കണ്ട് അവരുടെ ഓരോ കഴിവിനെയും മനസിലാക്കി അവരുടെ കൂടെ നിന്ന് എഴുനാനും വായിക്കാനും പഠിപ്പിച്ച ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🥰🥰 അതുപോലെ തന്നെ ഓരോ ദിവസത്തെ ഡയറി . ആദ്യം ഒക്കെ ഒന്നോ രണ്ടോ മാത്രം അക്ഷരം കുട്ടികളുടെത് ബാക്കി മുഴുവനും മാതാപിതാക്കളുടെത് . ഓരോ ദിവസം കഴിയുംന്തോറും കുട്ടിയുടെ അക്ഷരം കൂടി വന്നു അങ്ങനെയങ്ങനെ കുട്ടിയുടെ അക്ഷരം മാത്രമായി. ഇന്ന് സ്വന്തമായി എഴുതാനും വായിക്കാനും പഠിച്ചു. ആദ്യം എൻ്റെ മകൻ വായിക്കുമോ എഴുതുമോ എന്ന സംശയത്തിൽ മീറ്റിഗ് കഴിഞ്ഞ് ഇറങ്ങിയ എനിക്ക് അവസാനത്തെ മീറ്റിഗ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ മനസ്സ് നിറഞ്ഞ് ആണ് അവിടെ നിന്ന് ഇറങ്ങിയത് ഒരുപാട് നന്ദി ടീച്ചർ🌹🌹...

സംഗീത

ശ്രേയസിൻ്റെ അമ്മ

ഒന്ന് ബി

ജി ഡബ്ല്യു എൽ പി സ്കൂൾ ബേള

കാസറഗോഡ്


2

പഠനോത്സവ മിറ്റിംഗിന് അമ്മ വരണം എന്ന് പറഞ്ഞപ്പോൾ ആദ്യം വരുന്നില്ല എന്ന് പറഞ്ഞെങ്കിലും അവൾക്ക് വിഷമമാവു വല്ലോ എന്ന് കരുതിയാണ് ഞാൻ മീറ്റിംഗിനു എത്തിയത്.പക്ഷേ അവിടെ എത്തിയപ്പോൾ ആണ് എനിക്കു മനസ്സിലായത് ഒരിക്കലുo മറക്കാൻ പറ്റാത്ത ഒരു ദിവസമാണ് എന്ന്.എന്താ പറയേണ്ടത് ബിന്നി ടീച്ചർ കുട്ടികൾ സ്വന്തമായി എഴുതിയ കുഞ്ഞെഴുത്ത് എന്ന ബുക്ക് ഓരോ കുട്ടികളുടെയും കയ്യിൽ കൊടുക്കുന്ന കാഴ്ച അതു മാത്രം മതി ഓരോ രക്ഷിതാവിനും അഭിമാനിക്കാൻ, സന്തോഷിക്കാൻ നമ്മുടെ മക്കളുടെ പഠന മികവ് അറിയാൻ.എത്ര സത് പറഞ്ഞാലും മതിയാവില്ല ബിന്നി ടീച്ചറോട്.ഇങ്ങനെ ഒരു ടീച്ചറിനെ കിട്ടിയത് ഓരോ മക്കളുടെയും ഭാഗ്യമാണ്. സ്കൂളിന് തന്നെ അഭിമാനമാണ്.അത്രയ്ക്ക് ടീച്ചർ പ്രയത്നിച്ചിട്ടുണ്ട്. സംയുക്ത ഡയറിയിൽ നിന്ന് സ്വന്തമായി ഡയറി എഴുതാൻ തുങ്ങി . ടീച്ചറുടെ സ്നേഹവും കരുതലും പ്രയത്നവും എല്ലാം ആണ് കുട്ടികളെ ഈ നിലയിൽ എത്തിച്ചത്. സംയുക്ത ഡയറിയാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. സംയുക്ത ഡയറിയുടെ ആദ്യ ഘട്ടത്തിൽ ടീച്ചർ പറഞ്ഞു ഒരു രണ്ട് വരി എഴുതാനും കുട്ടികൾക്ക് അറിയാവുന്ന ചിത്രം വായ്ക്കാനും കുട്ടി കൾക്ക് അറിയാവുന്ന അക്ഷരം പെൻസിലിലും അമ്മ പേനയിലും എഴുതാൻ അന്നുമുതൽ മോളോട് സ്കൂളിൽ നടന്ന കാര്യം ചോദിക്കുകയും രണ്ട് വരി ഡയറി എഴുതാനു തുടങ്ങി.ആദ്യം ഒന്നോ രണ്ടോ അക്ഷരമാണ് പെൻസിലിൽ എഴുതിയത് ഉണ്ടായിരുന്നത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ അക്ഷരവും പെൻസിൽ കൊണ്ടായി. അപ്പോൾ ഒരു പാട് സന്തോഷം തോന്നി. ടീച്ചർ ഒന്നേ പറഞ്ഞുള്ളൂ കുറച്ചു സമയം കുട്ടികളോടൊപ്പം ഇരിക്കണം. അന്നു മു തൽ എത്ര തിർക്കുണ്ടെങ്കിലും കുറച്ചു സമയം കുട്ടിയോടപ്പം ഇരുന്ന് കഥകൾ വായിച്ചു കൊടുക്കാനും തുടങ്ങി. മലയാളത്തിൽ മാത്രമല്ല ബസ്സിൽ ഒക്കെ പോകുമ്പോൾ ഇo ഗ്ലിഷിൽ ഉള്ള ബോർഡ് ഓരോ അക്ഷരവും കൂട്ടി വായിക്കുമ്പോൾ സന്തോഷം തോന്നി ഇപ്പോൾ ഇoഗ്ലിഷ് നന്നായി വായിക്കുന്നു ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാലേ ഇംഗ്ലിഷ് അറിയാവൂ എന്നാണ് മിക്ക മാതാപിതാക്കളുടെയും ധാരണ അത് തെറ്റാണ്.അതിന് ഏറ്റവും നല്ല ഉദാരണമാണ് നമ്മുടെ ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സ്വന്തമായി എഴുതിയ ചെറിയ കവിതകൾ ബിന്നി ടീച്ചർ പുസ്തകമാക്കി പഠനോത്സവത്തിൽപ്രകാശനം ചെയ്തത്. ഒരു വർഷം പോയതേ അറിഞ്ഞില്ല ഒരു പാട് നന്ദി ടീച്ചറേ...🌹🌹🌹

സരസ്വതി

സുഭിക്ഷയുടെ അമ്മ

ഒന്നാം ക്ലാസ്

ജി ഡബ്ല്യു എൽ പി സ്കൂൾ ബേള, കാസറഗോഡ്


3

ഒന്നാം ക്ലാസിലേക്കു ചേർക്കുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു.ഇപ്പോൾ അതെല്ലാം മാറി അഭിമാനത്തോടെയാണ് ഞാൻ നില്കുന്നത്.ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ആദ്യം അക്ഷരങ്ങൾ പഠിപ്പിക്കും പിന്നെ അത് കോപിയിൽ എഴുതി പഠിക്കും പിന്നെയാണ് വായിക്കാൻ പഠിക്കുന്നത്.ഇന്ന് അങ്ങനെയല്ല കുറച്ചു അക്ഷരങ്ങൾ പഠിപ്പിക്കും പിന്നെ അതിന്റെ വായനകാർഡും.എനിക്ക് ആദ്യം പേടി തോന്നി അക്ഷരങ്ങൾ പഠിപ്പിക്കാതെ ഇവൾ എങ്ങനെ വായിക്കും.ആദ്യമൊക്കെ വായനകാർഡ് ഇടുമ്പോൾ അവൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.ഞാൻ പേപ്പറിൽ എഴുതി റൂമിൽ ഒട്ടിച്ചു.എന്നിട്ടും അവൾക് ഒരു മാറ്റവും ഉണ്ടായില്ല .കുറച്ചു ദിവസം ഞാൻ അവളെ ശ്രദിച്ചില്ല .ഒരുദിവസം നോക്കുമ്പോൾ അവൾ അക്ഷരങ്ങൾ കൂട്ടി വായിക്കുന്നു.എനിക്ക് അത്ഭുതം തോന്നി.ടീച്ചറിന്റെ പ്രയത്നം മൂലമാണ് ഇതു സംഭവിച്ചത്.അന്നുമുതൽ ഞാൻ അവളെ ഇരുത്തി പഠിപ്പിക്കാൻ തുടങ്ങി.വായനകാർഡ് കഴിഞ്ഞാൽ അടുത്തത് ഡയറി എഴുത്ത്. എന്റെ മകളെ ഇത് ഒരിപാട് സഹായിച്ചിട്ടുണ്ട്.ഒരുദിവസംപോലും ഡയറി എഴുത്ത് മുടക്കിട്ടില്ല.ഇപ്പോൾ അവൾ സ്വന്തമായി എഴുതുന്നു വായിക്കുന്നു.എന്റെ മകൾ ഇങ്ങനെ ഒരു ലെവലിലിക്ക് എത്തുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.എന്റെ മകൻ ഇതെ സ്കൂളിലാണ് പഠിച്ചത്.കൊറൊണ കാരണം അവൻ ഒന്നിലേക്കും രണ്ടിലെക്കും പോയില്ല.അതിന്റെ പോരായ്മ അവനുണ്ട്.ബിന്നി ടീച്ചറും ഇതെപൊലെയുളള ക്ലാസും കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.ബിന്നി ടീച്ചറോട് എത്ര നന്നി പറഞ്ഞാലും തിരില്ല.അത്രയ്ക്കും ടീച്ചർ ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. കുഞ്ഞെഴുത്ത് ബുക് ഉണ്ടാക്കി.അതൊക്കെ ഞങ്ങൾക്ക് സന്തോഷം തരുന്ന കാര്യമാണ്. ടീച്ചർക് ഒരുപാട് നന്ദി നന്ദി.

ശാലിനി

ആധിഷ എ ആർ ൻ്റെ

അമ്മ

ഒന്നാം ക്ലാസ്

ജി ഡബ്ല്യു എൽ പി എസ് ബേള ,കാസറഗോഡ്


4

വരണ്ട തൂലിക തൂമ്പ് കൊണ്ടല്ല ഹൃദയത്തിൽ വിരിഞ്ഞ പൂ മുട്ട് കൊണ്ട്


കുറിക്കുന്നു ടീച്ചറിന് ഒരായിരം നന്ദി
...

എന്റെ പാശ്ചാത്ത ചിന്തകൾക്ക് വിരാമം കുറിക്കാൻ ടീച്ചറിന്റെ ആത്മവിശ്വാസത്തിനായി എന്നതാണ് യാഥാർത്യം..ഇംഗ്ലീഷ് മീഡിയം പഠിച്ചാൽ മാത്രം കുട്ടികൾ പഠിക്കൂ എന്ന തെറ്റായ ധാരണ എനിക്കും husband നും ഉണ്ടായിരുന്നു. അത് കൊണ്ടാണ് ടീച്ചറും ബിന്ദു ടീച്ചറും അഡ്മിൻ സമയത്ത് വീട്ടിൽ വന്ന നേരം ഈ സ്കൂളിൽ ചേർക്കാൻ ഞങ്ങൾ വിസമ്മതിച്ചത് ഒരുപാട് നേരത്തെ സംസാരത്തിനോടുവിൽ ടീച്ചർ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. ഈ ഒരു വർഷം കുട്ടിയെ എന്നെ ഏൽപ്പിച്ച് നോക്കൂ മാറ്റാമില്ലെങ്കിൽ നിങ്ങൾക്ക് അടുത്ത വർഷം അവിടത്തന്നെ ചേർക്കാം.... കടമ്പള സ്കൂളിലെ ടീച്ചേഴ്സിനോട് എനിക്ക് സ്നേഹവും കടപ്പാടുമുള്ളത് കൊണ്ട് തന്നെ എനിക്ക് അവരുടെ വാക്കുകൾ നിരസിക്കാനായില്ല അത് കൊണ്ടാണ് തീരെ താല്പര്യമില്ലാത്തിരുന്ന husband നെ ഒരു വർഷത്തേക്ക് pls എന്ന് പറഞ്ഞ് ചേർത്തത്... എന്നാൽ എന്നെ അത്ഭുതപ്പെടുത്തികൊണ്ടാണ് ഓരോ ഘട്ടവും കടന്ന് പോയത്. ഡയറി എഴുത്ത് കൊണ്ട് നിങ്ങളുടെ കുട്ടികൾ മാറുമെന്ന ടീച്ചറിന്റെ ആദ്യ കൂടികാഴചയിലെ വാക്കുകൾ എനിക്ക് ചിരിയായി തോന്നി എന്നാൽ മാസങ്ങൾ മാറ്റത്തിലേക്കുള്ളതായിരുന്നു. ബദിയടുക്കയിലേക്കുള്ള ഒരു യാത്രയിൽ എന്റെ കുട്ടി ബസ് നോക്കി പേര് വായിച്ചപ്പോൾ എനിക്ക് ആശ്ചര്യമായിരുന്നു... അന്ന് തന്നെ എന്റെ സന്തോഷം ടീച്ചറുമായി പങ്ക് വെച്ചിരുന്നു. ഇത് തുടക്കം മാത്രമാണ് നിങ്ങൾ കൂടെ നിന്നാൽ മാത്രം മതി എന്ന ടീച്ചറിന്റെ വാക്കുകൾ ഞാൻ മുറുകെ പിടിച്ചു.... ടീച്ചറിന്റെ ചേർത്ത് പിടിക്കലിൽ അവൾ വായിച്ച് വളരുകയായിരുന്നു. അവളുടെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഒരു മാസം ഞാൻ തറവാട്ടിലായിരുന്ന നേരം അവളുടെ വായനയും എഴുത്തും കണ്ട് അവിടെയുള്ളവർ അവളെ പുകഴ്ത്തുമ്പോൾ ടീച്ചറെ ഓർത്ത് ഞാൻ അഭിമാനിക്കുകയായിരുന്നു... എന്റെ മോളിൽ മാത്രമാണോ ആ മാറ്റാമെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ അവസാന

ദിവസങ്ങളിലെ പാഠനോത്സവത്തിൽ നിന്ന് എനിക്ക് വ്യക്തമായി ടീച്ചറിന്റെ ഒരു വിദ്യാർത്ഥി മാത്രമല്ല മുഴുവൻ വിദ്യാർത്ഥികളും ഒന്നിന് ഒന്ന് മെച്ചമാണെന്ന്..... ടീച്ചർ പറയുന്നത് അക്ഷരം പടി അവർ എഴുതിക്കാണിക്കുന്നു. കണക്കുകൾ കൂട്ടിപറയുന്നു, ഇംഗ്ലീഷ് വായിക്കുന്നു... എങ്ങനെയാണ് ടീച്ചറിന്റെ കഴിവുകളെ ഞാൻ തുറന്ന് കാട്ടേണ്ടത്.... പഠനോത്സവം കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ husband നോട്‌ ഒരു കാര്യം പറഞ്ഞു കടമ്പള സ്കൂളിൽ എത്രവരെ പഠിക്കാൻ കഴിയുന്നോ അത്ര വരെ നമ്മുടെ മക്കൾ അവിടെ പഠിക്കട്ടെ...അവിടെ നിന്ന് ലഭിക്കുന്ന വിദ്യായോളം അടിത്തറയായി മറ്റൊരിടത്തുന്നും നൽകാൻ നമുക്ക് കഴിയില്ല.....

ഒത്തിരി സ്നേഹത്തോടെ 🥰🥰......

ആമിന

ആയിഷ നൈസയുടെ ഉമ്മ

ജി ഡബ്ല്യു എൽ പി എസ് ബേള, കാസറഗോഡ്

 

5

എൻ്റെ മകൻ സാലിം വലിയ കുസൃതിക്കാരനും പിടിവാശിക്കാരനുമാണ്. അതിനാൽ തന്നെ അവനെ സ്കൂളിൽ അയക്കുമ്പോൾ പഠിക്കുമോ എന്നതിൽ കവിഞ്ഞ് അവൻ അവിടെ എങ്ങനെയാവും പെരുമാറുക എന്നതായിരിന്നു എൻ്റെ ഭയം.
അതിനാൽ തന്നെ പഠനത്തെ പറ്റി ഞാൻ ഗൗരവമായി ചിന്തിച്ചിരുന്നില്ല. ടീച്ചർ സംഘടിപ്പിച്ച പഠനോത്സവം പരിപാടിയിൽ എൻ്റെ മകൻ അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കുന്നത് കണ്ട് എനിക്ക് അഭിമാനവും മകനോട് വല്ലാത്ത സ്‌നേഹവും ടീച്ചറോടും സ്കൂളിനോടും വല്ലാത്ത ബഹുമാനവും തോന്നി. അവൻ്റെ കുഞ്ഞെഴുത്തുക്കൾ എന്നേക്കും സൂക്ഷിക്കാൻ പാകത്തിന് മനോഹരമാക്കിയതിന്, അവനെ ചേർത്തുപിടിച്ചതിന്, പഠിപ്പിച്ചതിന് അവൻ്റെ മുന്നോട്ടുള്ള ജീവിതത്തിൻ്റെ ആദ്യപടി എന്നേക്കും ഓർക്കാൻ പാകത്തിന് മാധുര്യമുള്ളതാക്കിയതിന്, നന്ദിയിൽ കവിഞ്ഞ് സ്‌നേഹം. ഹൃദയത്തിൽ നിന്ന് ബിന്നി ടീച്ചറോട് സ്‌നേഹം ❤️.

മുഹമ്മദ് ബി ഐ
അഹമ്മദ് സാലിമിൻ്റെ ഉപ്പ
ജി ഡബ്ല്യു എൽ പി എസ് ബേള
കാസറഗോഡ് 

 



Tuesday, November 11, 2025

279. മണ്ണിലും മരത്തിലും അനുഭവക്കുറിപ്പ്

ഉമ്മുല്‍ഖൈര്‍ ടീച്ചര്‍ പാഠം വിനിമയം ചെയ്തതതിന്റെ അനുഭവം പങ്കിടുകയാണ്. പാഠത്തിലെ പ്രവര്‍ത്തനങ്ങളോടുള്ള കുട്ടികളുടെ പ്രതികരണങ്ങളും കുട്ടികളുടെ നിലവാരവുമെല്ലാം കുറിപ്പിലുണ്ട്. മണ്ണിലും മരത്തിലു പാഠം വിനിമയം ചെയ്യുമ്പോള്‍ ടീച്ചര്‍ എന്നോട് ചോദിച്ചു

"മണ്ണിൽ എന്നതിനു പകരം എല്ലാവരും പുഴയിൽ എന്നാണ് എഴുതിയത്.

ശരിക്കും ചിത്രം കണ്ടാൽ ഇവർ പറയുന്നത് ശരി തന്നെ. മക്കൾക്ക് അറിയില്ലല്ലോ

ചിത്രത്തിൽ പുഴ പോലെ തോന്നിക്കും.”

ണ്ണയാണ് പരിചയപ്പെടുത്തേണ്ട അക്ഷരം. ടീച്ചര്‍ അപ്പോള്‍ ചെയ്തത് എന്താണ്?

"ഞാൻ പുഴയിൽ നിന്നെടുത്തു

മണ്ണിൽ വീഴ്ത്തി😂"

എത്ര രസകരമാണ് ഒന്നാം ക്ലാസ്! ടീച്ചറുടെ കുറിപ്പ് വായിക്കൂ.

ബര്‍സയും ഉമ്മയും

  1. ഒന്നാം ദിവസം മരം വെട്ടി ഒട്ടിക്കുന്നതിന് പകരം ചാർട്ടിൽ മരം വരച്ചു താമസക്കാരെ കണ്ടെത്തി ഒട്ടിച്ചു ബർസയാണ് മരത്തിലെ താമസക്കാരുടെ പേരുകൾ കൂടുതൽ പറഞ്ഞത് പുറത്തിറങ്ങി നടക്കുമ്പോൾ ഉമ്മ കൂടുതൽ കൂടുകൾ കാണിച്ചു കൊടുക്കാറുണ്ടെന്ന് പറഞ്ഞു.

കളി രസിച്ചു

  1. കൂട്ടിൽ അകപ്പെട്ട കിളി എന്ന കളി ക്ലാസിന് കളിച്ചു.  കൂട്ടിൽ ആവാതെ രക്ഷപ്പെടാൻ പലരും ശ്രമിച്ചെങ്കിലും പലരും കൂട്ടിലായി .ഇത് കണ്ട് ബാക്കി പേർ കൈ കൊട്ടി ആർത്തു ചിരിച്ചു .

ചീവീട് ശല്യശബ്ദം

  1. പരിസര നിരീക്ഷണം നടന്നില്ല സ്കൂളിൽ അത്തരം ചുറ്റുപാട് ഇല്ലാത്തതിനാൽ അവ വീട്ടിൽ നിന്ന് നിരീക്ഷിക്കാനും എത്ര കളികൾ എത്ര കൂടുകൾ കണ്ടെത്തി വരാനും പറഞ്ഞു

  2. പട്ടികപെടുത്തിയ ജീവികളിൽ ചീവിട് പുതിയ പേരായി തോന്നി. അപ്പോൾ കെൻസ് പറഞ്ഞു രാത്രി ശല്യപ്പെടുത്തുന്ന ശബ്ദത്തിൽ എത്തുന്ന ആളാണ് ചീവിട്.

സംശയക്കുട്ടികള്‍

  1. അന്ന് ക്ലാസ്സിൽ ചില സംശയങ്ങൾ വന്നു 

    • വവ്വാൽ എന്തിനാ എപ്പോഴും തല കീഴായി നിൽക്കുന്നത് ? 
    • വവ്വാൽ എന്താ പകലിൽ പറക്കാത്തത് ?  
    • എൻറെ വീട്ടിലെ പഴം തിന്നാൻ രാത്രി ആണല്ലോ വവ്വാൽ എത്താറ് ?  
    • വവ്വാൽ എപ്പോഴാ നമുക്ക് പനി തരുന്നത് ?തുടങ്ങിയ ചോദ്യങ്ങളും ക്ലാസ്സിൽ ഉയർന്നു.  
    • മരത്തിൽ ആഹാരം കഴിക്കാൻ മാത്രമാണോ കിളികളും മറ്റും വരുന്നത് എന്ന ചോദ്യത്തിന് അല്ല പാർക്കാനും വരും എൻറെ വീടിൻ്റെ മുന്നിലുള്ള മരത്തിൽ പല കിളികളും കൂട് വെച്ചത് ഞാൻ കണ്ടിട്ടുണ്ട് എന്ന് ആസിം പറഞ്ഞു. കാക്ക കൂട്ടിൽ കുയിൽ മുട്ടയിട്ടത് സംയുക്ത ഡയറിയിൽ എഴുതാമെന്ന് പറഞ്ഞു.

വായനക്കാര്‍ഡ് തനിയെ വായന

  1. ഈ പാഠഭാഗത്തെ ആദ്യ വായന കാർഡിൽ അപ്പുറത്തുള്ള പപ്പായ എന്നത് അക്ഷര പുനരനുഭവം വന്നതിനാൽ ശരിയായി വായിച്ചു.

എല്ലാവരുടെയും ഡയറി ഒരുപോലെ പരിഗണിക്കല്‍

  1. ഡയറി കൈമാറി വായന ചിത്രനിരീക്ഷണം ബെഞ്ചടിസ്ഥാനത്തിലുള്ള വായന ,ചങ്ങല വായന എന്നിവ ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു. പുതുമയുള്ള കാര്യം എഴുതിയാൽ ടീച്ചറെ കാണിക്കാൻ ക്ലാസിൽ തിരക്കാണ് എല്ലാവരുടെയും ഡയറി ഒരുപോലെ പരിഗണിക്കുക എന്നത് അധ്യാപകർക്ക് മാത്രമുള്ള കഴിവായി തോന്നുന്നു.

ശിഫയുടെ ഉദാഹരണം

  1. തീറ്റ തേടി പോകുന്നത് അഭിനയിച്ചു കാണിക്കാൻ തിടുക്കം കാട്ടി കുഞ്ഞിക്കിളി തനിച്ചായി എന്ന് പറഞ്ഞപ്പോൾ മുഖം സങ്കടമായി തോന്നി കുഞ്ഞിക്കളി കണ്ണ് തുറന്നു ചുറ്റും നോക്കി എന്ന് പറഞ്ഞപ്പോൾ എൻറെ കുഞ്ഞുവാവ എണീറ്റാൽ ഉമ്മയെ കണ്ടില്ല എങ്കിൽ കാണുന്നത് വരെ കരയും അതുപോലെയാണ് കുഞ്ഞിക്കിളി കരഞ്ഞത് എന്ന് ശിഫ പറഞ്ഞു 4

തനിച്ചെഴുത്തിലേക്ക് വളര്‍ന്നു

  1. പ്രവർത്തന പുസ്തകത്തിൽ എഴുത്ത് വലിയ പ്രയാസമായി തോന്നിയില്ല മുൻപാഠങ്ങളിൽ വന്ന അക്ഷരങ്ങളായതിനാൽ തനിച്ചെഴുതാൻ തുടങ്ങി.

ജിജ്ഞാസ മുറുകി

  1. ഇടിവെട്ടി കാറ്റ് വീശി കുഞ്ഞിക്കിളി കരഞ്ഞു തുടങ്ങിയവ കുട്ടികൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു കഥയുടെ ബാക്കി ഭാഗം അറിയാൻ തിടുക്കം കാണിച്ചു

  2. മറ്റൊരു മരത്തിൽ നിന്നും ഒരാൾ ചാടി വന്നു എന്ന് പറഞ്ഞപ്പോൾ ഭയം വന്നെങ്കിലും ഛിൽ ഛിൽ എന്ന് പറഞ്ഞപ്പോഴേക്ക് ആശ്വാസമായി.

തെളിവുവാക്യങ്ങള്‍

  1. ഇടിവെട്ടി എന്നതിൽ ട യും ട്ട യും വന്നതിനാൽ വ്യത്യാസം തിരിച്ചറിയാൻ ഫർസാനയെ പോലുള്ളവർക്ക് സാധിച്ചു.

  2. ങ പരിചിത അക്ഷരമല്ല ചാർട്ടിൽ കാണിച്ചു ങീ..... ങീ... തനിച്ചെഴുതി.

കൂട്ടെഴുത്ത് പത്രം പുതിയ അനുഭവം

  1. ഈ പാഠഭാഗത്തിൽ എടുത്ത് പറയേണ്ട ഒന്നായിരുന്നു കൂട്ടെഴുത്ത് പത്ര നിർമ്മാണം കുട്ടികൾ ഒരുമിച്ചിരുന്ന് എഴുതിയ ഡയറി പുതിയ അനുഭവമായി അവർക്ക് തോന്നി വീട്ടിൽനിന്ന് ഡയറി എഴുതുന്ന അവർ ക്ലാസ്സിൽ ഒരുമിച്ചിരുന്ന് ഡയറി ഒരു കൗതുകമായി തോന്നി HM ടീച്ചർ പ്രകാശനം ചെയ്തു.

സ്കൂള്‍ വിശേഷം ഡയറി

  1. അവർ തന്നെ പറയുന്നു ഞങ്ങൾ നാളെ ഭക്ഷണം കഴിച്ചശേഷം ഇതുപോലെ ഡയറി എഴുതട്ടെ? ഞാൻ സമ്മതിച്ചു.

  2. അതിനായി രക്ഷിതാക്കൾ പുസ്തകം വാങ്ങി നൽകി സ്കൂൾ വിശേഷം രണ്ടോ മൂന്നോ വരിയിൽ കൂട്ടുകാരോടൊപ്പം ഇരുന്ന് എഴുതാൻ തുടങ്ങി. ആ പുസ്തകം ക്ലാസിൽ സൂക്ഷിക്കാനും തുടങ്ങി. അവ നല്ല ആശയമായി എനിക്കും തോന്നി.

കുട്ടിക്കൂട്ടം സപ്പോര്‍ട്ട് മനോഹരം

  1. ഏതൊക്കെ അക്ഷരങ്ങൾ ഇനിയും കിട്ടാനുണ്ട് എന്നത് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു.വീട്ടിൽ സപ്പോർട്ടില്ലാത്ത കുട്ടികൾക്ക് കുട്ടിക്കൂട്ടം സപ്പോർട്ട് നൽകുന്നതായും മനോഹര കാഴ്ചയായി മാറി

അരി കിട്ടുന്നത് നെല്ലില്‍ നിന്നല്ല കടയില്‍ നിന്നാണ്

  1. പാഠഭാഗത്ത് വന്ന കുരുവികൾ കൂടുണ്ടാക്കുന്നത് പുല്ലും നാരും വൈക്കോലുകളും കൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ എന്താണ് വൈക്കോൽ ? നെല്ല് കാണാത്തവരും പാടം കാണാത്തവരും സങ്കട കാഴ്ച്ചയായി. തൽകാലം ചിത്രം കാണിച്ചു വൈക്കോൽ ഒരു കൃഷിക്കാരനോട് കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. നമുക്ക് അരി കിട്ടുന്നത് നെല്ലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അല്ല കടയിൽ നിന്നാണ് എന്ന് ജന്നയുടെ മറുപടി. പാടങ്ങളും വയലുകളും അപ്രത്യക്ഷമാവുമ്പോൾ ഇത്തരം ചോദ്യങ്ങളും ഉത്തരങ്ങളും പ്രതീക്ഷിക്കേണ്ടി വരും

ജി.എം എൽ പി സ്കൂൾ കൂമണ്ണ