ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.
Showing posts with label പോം പോം വണ്ടി. Show all posts
Showing posts with label പോം പോം വണ്ടി. Show all posts

Saturday, January 24, 2026

312. പോം പോം വണ്ടി അഞ്ചാം ദിവസം

  

പ്രവര്‍ത്തനം -കണ്ടെത്താം എഴുതാം വരയ്കാം, കളിവണ്ടി പ്രദര്‍ശനം

പഠനലക്ഷ്യങ്ങള്‍

  1. നിശ്ചിത വസ്തുവുമായി ബന്ധപ്പെടുത്തി സ്വന്തമായി കടങ്കഥകള്‍ നിര്‍മ്മിക്കുന്നു.

  2. കടങ്കഥകള്‍ ചോദിച്ചും ഉത്തരം കണ്ടെത്തിപ്പറഞ്ഞും കടങ്കഥാകേളികളില്‍ പങ്കാളിയാകുന്നു.

പ്രതീക്ഷിത സമയം 40 മിനിറ്റ്

ഉത്തരം കണ്ടെത്തല്‍

  • പഠനക്കൂട്ടങ്ങളാകുന്നു.

  • ഓരോ വരിയും സാവധാനം വായിച്ച് ഏത് വാഹനത്തെക്കുറിച്ചാണ് എന്ന് കണ്ടെത്തുന്നു

  • പൂരിപ്പിച്ചെഴുതുന്നു.

  • ഓരോ പഠനക്കൂട്ടവും തങ്ങള്‍ കണ്ടെത്തിയ ഉത്തരം ബോര്‍ഡില്‍ എഴുതുന്നു.

  • ചര്‍ച്ച, മെച്ചപ്പെടുത്തിയെഴുതല്‍

വള്ളത്തെക്കുറിച്ച് കടങ്കഥ നിര്‍മ്മിക്കല്‍ ( പഠനക്കൂട്ടത്തില്‍)

  • സവിശേഷത കടങ്കഥാരീതിയില്‍ എഴുതല്‍

  • പഠനക്കുട്ടങ്ങളുടെ അവതരണം

  • ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കല്‍

    • കയ്യില്ല, കാലില്ല ആറ് നീന്തിക്കേറി

    • ചക്രം വേണ്ട പെട്രോൾ വേണ്ട മിണ്ടാതോടും വെള്ളത്തിൽ

    • വെള്ളത്തിലൂടെ പായും ഞാന്‍ മീനല്ല

    • ചിറകില്ലാ വാലില്ല കൈയില്ല കാലില്ല നീന്തിപ്പോകും ഞാന്‍‌

ഞങ്ങള്‍ ആരൊക്കെ?

ഓരോ പഠനക്കൂട്ടവും ഓരോന്ന് വീതം പറയണം

തുടര്‍ന്ന് ടീച്ചറുടെ കൂട്ടിച്ചേര്‍ക്കല്‍

  1. കാളവണ്ടി

  2. ഉന്തുവണ്ടി

  3. സൈക്കിള്‍

  4. കുതിരവണ്ടി

  5. ചങ്ങാടം

  6. തോണി

  7. രഥം

ഓരോന്നായി എഴുതണം. കൂടുതല്‍ പിന്തുണ വേണ്ടവരെ സഹായിക്കണം. ശരിയായി എഴുതുന്നതിന് ശരി അടയാളം നല്‍കണം.

എല്ലാവരും എഴുതിയ ശേഷം വായിപ്പിക്കണം.

വിവരിക്കാം.

  • കളിവണ്ടി ഉണ്ടാക്കിയ രീതി ഓരോരുത്തരും പറയണം. ആശയം ക്രമപ്പെടുത്തിയുള്ള ഭാഷണത്തിന് ഊന്നല്‍

  • തുടര്‍ന്ന് പേജ് 131 ലെ അവസാനപ്രവര്‍ത്തനം പൂരിപ്പിക്കണം ( വ്യക്തിഗതം- വിലയിരുത്തല്‍ പ്രവര്‍ത്തനം)

  • പൂരിപ്പിച്ചവ ടീച്ചര്‍ വിലയിരുത്തണം

  • വ്യക്തിഗതമായി ഫീഡ് ബാക്ക് നല്‍കണം4


പ്രവര്‍ത്തനം ഭൂമിയിലെ കാഴ്ചകള്‍

പഠനലക്ഷ്യങ്ങള്‍

  • ചിത്രസൂചനകളെ അടിസ്ഥാനമാക്കി വിവരണം തയ്യാറാക്കുന്നു

പ്രക്രിയാവിശദാംശങ്ങള്‍

വിമാനത്തിന്റെ അകവശം കുട്ടികള്‍ കണ്ടിട്ടുണ്ടാകില്ല. വീഡിയോ കാണിക്കാം. അതിന് ശേഷമാണ് ഈ പ്രവര്‍ത്തനം നടത്തേണ്ടത്.

വിമാനം അകം  ( വീഡിയോ ലിങ്ക്)

എല്ലാവരും കണ്ണടച്ച് നില്‍ക്കുക. ടീച്ചര്‍ പറയുന്നത് എല്ലാവരും മനസ്സില്‍ കാണണം.

  • നമ്മള്‍ ഒരു വിമാനത്തില്‍ കയറുകയാണ്. കയറി. അകത്ത് രണ്ടു വശത്തുമായി മൂന്നു വീതം സീറ്റുകള്‍. നമ്മള്‍ ഗ്ലാസുജനാലയുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നു. സീറ്റ് ബല്‍റ്റ് ധരിച്ചു.

  • വിമാനം പതിയെ ഉയര്‍ന്നു. ഉയര്‍ന്നുയര്‍ന്ന് മാനത്തെത്തി. ഇപ്പോള്‍ താഴെയുള്ള കാഴ്ചകള്‍ കാണാം. വീടുകള്‍ തീപ്പിട്ടിക്കൂട് പോലെ. ഒരു പുഴ വളഞ്ഞ് ഒഴുകുന്നു. പുഴയില്‍ തോണിയുണ്ട്. ചെറുതായി അത് കാണാം. അതാ മലകള്‍. പാടങ്ങള്‍.

  • വിമാനം താഴുകയാണ് ഇപ്പോള്‍ മരങ്ങള്‍ വലുതായി കാണാം. അതാ മൈതാനത്ത് കുട്ടികള്‍ കളിക്കുന്നത് വ്യക്തമായി കാണാം. അവര്‍ പട്ടം പറത്തുകയാണ്.

  • വിമാനം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ പോവുകയാണ്. ഇറങ്ങിക്കഴിഞ്ഞു. വിമാനം കുറച്ചുദൂരം ഓടി നിന്നു. വാതില്‍ തുറന്നു. പടികളിറങ്ങി നമ്മള്‍ തറയിലെത്തി.

  • വണ്ടിയില്‍ കയറി ഒന്നാം ക്ലാസിലെത്തി. ഇനി കണ്ണ് തുറന്നോ

ആകാശയാത്ര നടത്തിയ മൃഗങ്ങള്‍ കണ്ട കാഴ്ചകള്‍ പുസ്തകത്തില്‍ എഴുതണം. പഠനക്കൂട്ടത്തിലാണ് എഴുതേണ്ടത്. എല്ലാവരും പരസ്പരം സഹായിച്ച് എഴുതണം

എഴുതിയ ശേഷം പരസ്പരം വിലയിരുത്തണം

  • കൂടുതല്‍ സഹായം ആവശ്യമുള്ളവരുടെ പ്രതേയ പഠനക്കൂട്ടത്തില്‍ ടീച്ചറുടെ നേതൃത്വത്തില്‍ എഴുത്ത് നടത്തണം

  • ചിത്രം നോക്കി അവരെക്കൊണ്ട് ആശയം പറയിച്ച ശേഷം എഴുതിച്ചാല്‍ മതി. ചിത്രത്തിലില്ലാത്ത കാഴ്ചകളും പറയാം. എഴുതാം.

ലളിതതലം

മധ്യതലം

ഉര്‍ന്ന തലം

    • പാടം കണ്ടു

    • മലകള്‍ കണ്ടു

    • മരങ്ങള്‍ കണ്ടു.

പുഴയില്‍ തോണി കണ്ടു

കുട്ടികള്‍ പട്ടം പറത്തുന്നു.

മൈതാനത്ത് കുട്ടികള്‍ കളിക്കുകയാണ്. അവര്‍ പട്ടം പറത്തുന്നുണ്ട്.

പുഴയിലൂടെ തോണിക്കാരന്‍ വഞ്ചി തുഴയുന്നു.

ഏത് തലത്തിലുള്ള വാക്യങ്ങളാണ് എഴുതിയത് എന്ന് കണ്ടെത്തണം. മധ്യതലത്തിലും ഉയര്‍ന്ന തലത്തിലും എഴുതിയ വാക്യങ്ങളുണ്ടെങ്കില്‍ അവ പൊതുവായി പങ്കിടണം. അഭിനന്ദിക്കണം. ഇനിയും എഴുതുമ്പോള്‍ മറ്റുള്ളവര്‍ക്കും അങ്ങനെ എഴുതാമല്ലോ എന്ന് പ്രചോദനം നല്‍കണം.

വായന പ്രവര്‍ത്തനം 20 മിനിറ്റ്

കൂട്ടുവായന- ഓരോ പഠനക്കൂട്ടത്തിനും ഓരോ ഇനം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ സചിത്രബാലസാഹിത്യകൃതി ടീച്ചറുടെ സഹായത്തോടെ വായിക്കണം.

  1. ക്ലാസ് ലൈബ്രറിയില്‍ വാഹനവുമായി ബന്ധപ്പെട്ട ബാലസാഹിത്യ കൃതികള്‍

  2. വായനക്കാര്‍ഡുകള്‍

  3. പാഠപ്പുസ്തകത്തിലെ രണ്ട് കഥകള്‍ ( പോം പോം വണ്ടി)

  4. കുട്ടിയും കുതിര വണ്ടിയും

  5. രചനോത്സവ കഥ

  6. കിണി കിണി വണ്ടി

311 പോം പോം വണ്ടി നാലാം ദിവസം

പ്രവര്‍ത്തനം -കട കട കട കട കാളവണ്ടി- പാട്ടരങ്ങ്

പഠനലക്ഷ്യങ്ങള്‍

  1. പാട്ടുകളുടെ വരികളില്‍ നിന്നും വിട്ടുപോയ പദങ്ങള്‍ ശബ്ദഭംഗി വരത്തക്കവിധം തെളിവെടുത്തെഴുതി പൂരിപ്പിക്കുന്നു.

  2. പരിചിതമായ പാട്ടുകള്‍ക്ക് അനുയോജ്യമായ താളം നല്‍കി ഒറ്റയ്കും കൂട്ടായും ചെറുസദസ്സിന് മുമ്പാകെ അവതരിപ്പിക്കുന്നു

പ്രവര്‍ത്തനവിശദാംശങ്ങള്‍

ഘട്ടം ഒന്ന്- പൂരിപ്പിക്കല്‍

  • പഠനക്കൂട്ടമാക്കുന്നു

  • വിട്ടുപോയ വാക്കുകളേതെന്ന് കണ്ടെത്തുന്നു. പൂരിപ്പിക്കുന്നു

  • കൂടുതല്‍ പിന്തുണവേണ്ടവരെ സഹായിക്കുന്നു.

  • സൈക്കിള്‍ വണ്ടി എന്നെഴുതുമ്പോള്‍ സയിക്കിള്‍ എന്ന് എഴുതാന്‍ സാധ്യതയുണ്ട്. ഷൈനിയുടെ പാഠത്തിലെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കണം.

  • പോം പോം പോം പോം സ്കൂട്ടര്‍ വണ്ടി, ജീപ്പ് വണ്ടി. ലോറി വണ്ടി എന്നെല്ലാം എഴുതിയേക്കാം. അത് ശരിയാണ്. അംഗീകരിക്കണം.

  • ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ച വാക്കുകള്‍ ബോര്‍ഡില്‍ വന്ന് എഴുതണം. ടീച്ചര്‍ നിര്‍ദേശിക്കുന്നവരാണ് എഴുതേണ്ടത്( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍)

ഘട്ടം രണ്ട് - വായന

(കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്കുള്ള പിന്തുണപാഠം കൂടിയാണിത്. ചിഹ്നവ്യക്തത വേണ്ടവര്‍ക്കുള്ള പുനരനുഭവം)

  • ഓരോ വരിയായി ഓരോ ആള്‍ വായിക്കുന്നു. മറ്റുള്ളവര്‍ വിരലോടിച്ച് ഏറ്റ് വായിക്കുന്നു.

  • എല്ലാവര്‍‌ക്കും അവസരം ലഭിച്ച് കഴിഞ്ഞാല്‍ ആദ്യം വായിച്ച ആള്‍ തുടരണം

  • അതിന് ശേഷം താളം കണ്ടെത്തണം

  • താളത്തില്‍ അവതരിപ്പിക്കാന്‍ റിഹേഴ്സല്‍ നടത്തണം. റിഹേഴ്സല്‍ നടത്തുമ്പോള്‍ ടീച്ചറുടെ പിന്തുണ നടത്തം.

ഘട്ടം മൂന്ന്-അവതരണം

  • കട കട കട കട കാളവണ്ടി പഠനക്കൂട്ടം ഈണമിട്ട് അവതരിപ്പിക്കണം.

  • ഒരാള്‍ ഒരു വരി ചൊല്ലി മറ്റുള്ളവര്‍ ഏറ്റ് ചൊല്ലുന്ന ചങ്ങലച്ചൊല്ലല്‍ രീതി

  • എല്ലാ പഠനക്കൂട്ടവും അവതരിപ്പിച്ച് കഴിഞ്ഞാല്‍ ടീച്ചറുടെ അവതരണം

  • ഒത്തുപാടുന്നു.

വരച്ചു ചേര്‍ക്കാം (വ്യക്തിഗതം) 10 മിനിറ്റ്

  • പാട്ടിലുള്ള ഏതൊക്കെ വണ്ടികളുടെ ചിത്രം പേജ് 125ല്‍ ഉണ്ട്? വരിയും ചിത്രവും വരച്ച് യോജിപ്പിക്കുക

  • പരസ്പരം പരിശോധന. സ്റ്റാര്‍ നല്‍കല്‍

  • പാട്ടില്‍ സൂചിപ്പിച്ചിട്ടുള്ളതും ചിത്രമില്ലാത്തതുമായ വാഹനങ്ങള്‍ വരച്ചുചേര്‍ക്കുക.


പ്രവര്‍ത്തനം- വാഹനങ്ങളെ തരംതിരിക്കാം.

പഠനലക്ഷ്യങ്ങള്‍

  • വാഹനങ്ങളുടെ ചിത്രങ്ങള്‍ നിരീക്ഷിച്ച് അവയെ സഞ്ചാരരീതക്കനുസരിച്ച് തരം തിരിക്കുന്നു

പ്രതീക്ഷിത സമയം 30 മിനിറ്റ്

പ്രവര്‍ത്തനവിശദാംശങ്ങള്‍

  • പഠനക്കൂട്ടങ്ങള്‍ തമ്മിലുള്ള മത്സരം. ഒരു പഠനക്കൂട്ടം ഒരു വാഹനത്തിന്റെ പേര് പറയും. അടുത്ത പഠനക്കൂട്ടം വൊറൊന്നിന്റെ. ഇങ്ങനെ പറഞ്ഞ് പറഞ്ഞ് മത്സരിക്കുമ്പോള്‍ പറയാന്‍ പറ്റാത്തവര്‍ ഔട്ട്. ഏറ്റവും കൂടുതല്‍ റൗണ്ട് പറഞ്ഞവര്‍ ജേതാക്കള്‍. ടീച്ചര്‍ക്കും കളിയില്‍ പങ്കാളിയാകാം.

  • അടുത്ത മത്സരം ( പേജ് 126)

  • നമ്മള്‍ പറഞ്ഞ വാഹനങ്ങളെ തരം തിരിക്കണം. ആദ്യം പാഠപ്പുസ്തകത്തില്‍ തരംതിരിച്ചെഴുതുന്ന പഠനക്കൂട്ടം ജേതാക്കള്‍. എല്ലാവരുടെയും ബുക്കിലെ പട്ടിക പൂരിപ്പിച്ചിരിക്കണം. സഹായം നല്‍കാം.

  • പിന്തുണ നടത്തം. എല്ലാവരും ശരിയായി പൂരിപ്പിച്ചു എന്ന് ഉറപ്പാക്കല്‍

അവതരണം

  • ഓരോ പഠനക്കൂട്ടവും പൂരിപ്പിച്ചത് അവതരിപ്പിക്കണം

  • ടീച്ചര്‍ ബോര്‍ഡില്‍ ക്രോഡീകരിക്കണം.

  • കണ്ടെത്തല്‍ വായന നടത്തണംയ

വിലയിരുത്തല്‍ പ്രവര്‍ത്തനം 20 മിനിറ്റ്

  • ഞാനും വാഹനവും ( വ്യക്തിഗതമായി പൂരിപ്പിക്കണം

കളിവണ്ടി പ്രദര്‍ശനം

അടുത്ത ദിവസം കളിവണ്ടികളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും.

  • മച്ചിങ്ങ

  • നൂല്

  • പെട്ടികള്‍

  • ഇലകള്‍

  • അടപ്പുകള്‍

  • കുപ്പികള്‍

  • ഡപ്പികള്‍

  • തുടങ്ങിയ എന്തു സാധനവും ഉപയോഗിക്കാം. ഒരാള്‍ ഒന്ന് ഉണ്ടാക്കിയാല്‍ മതി. വീട്ടിലുള്ളവരുടെ സഹായം തേടാം, ഉണ്ടാക്കുന്ന വിധം ക്ലാസില്‍ പറയണേ.


പ്രവര്‍ത്തനം -രചനോത്സവം


പഠനലക്ഷ്യങ്ങള്‍

  1. ചിത്രസൂചനകളില്‍ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു.

  2. വികസിപ്പിച്ച കഥകൾക്ക് ഉചിതമായ തലക്കെട്ട് നൽകുന്നു

കരുതേണ്ട സാമഗ്രികള്‍ - പാഠപുസ്തകം പേജ് 128

പ്രക്രിയാവിശദാംശങ്ങള്‍

നിര്‍ദേശങ്ങള്‍

  • നിങ്ങള്‍ പാഠപുസ്തകം പേജ് 128 എടുക്കൂക

  • നാല് ചിത്രങ്ങള്‍ കാണുന്നില്ലേ?

  • ഓരോ ചിത്രത്തിലും ആരെല്ലാമാണെന്ന് നോക്കുക

  • അവര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കുക

  • എന്തായിരിക്കും സംഭവിച്ചത് എന്ന് ചിന്തിക്കുക

  • അത് ഒരു കഥയായിഎഴുതണം. ( വ്യക്തിഗതം, )

  • എഴുതുമ്പോള്‍ ഏതെങ്കിലും വാക്ക് എഴുതാന്‍ സഹായം വേണമെങ്കില്‍ ചോദിക്കണം

വ്യക്തിഗത രചനയും പിന്തുണനടത്തവും

ചിന്താതടസ്സമുള്ളവരോട് വിശകലന ചോദ്യങ്ങള്‍ ചോദിക്കണം.

  • ആനയും കരടിയുമെല്ലാം വണ്ടിയുമായി എവിടെയാണ് ചെന്നത്?

  • എന്തിനാണ് വര്‍ക് ഷോപ്പില്‍ പോകുന്നത്?

  • എന്നിട്ട് എന്താണ് സംഭവിച്ചത്?

  • അവസാനത്തെ ചിത്രം നോക്കൂ. എങ്കില്‍ എന്തായിരിക്കും ആനയും കരടിയുമെല്ലാം ആവശ്യപ്പെട്ടത്?

രചനോത്സവത്തിന്റെ അവതരണം. 30 മിനിറ്റ്

കുട്ടികള്‍ കഥ പറഞ്ഞ ശേഷം ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കണം

  1. കരടി പറഞ്ഞു- ഈ വണ്ടിക്ക് ചിറക് വെച്ചാല്‍ പറക്കും..

  2. അവര്‍ വര്‍ക്ക് ഷോപ്പിലെത്തി.

  3. ഈ വണ്ടിക്ക് ചിറക് വയ്ക്കാമോ? വിമാനമാക്കാമോ?

  4. ജോലിക്കാര്‍ വണ്ടി പൊളിച്ചു.

  5. പുതിയ യന്ത്രങ്ങള്‍ പിടിപ്പിച്ചു

  6. വണ്ടി വിമാനമായി

  7. അവരെല്ലാം വിമാനത്തില്‍ കയറി പറന്നു

രചനോത്സവ രചന നടത്താത്തവര്‍ക്ക് ഈ ആശയം കൂടി ഉള്‍പ്പെടുത്തി എഴുതാം ( ഇടവേള പ്രവര്‍ത്തനംഃ)

310 പോം പോം വണ്ടി- മൂന്നാം ദിവസം


പ്രവര്‍ത്തനം -കാട്ടിലൊരു വണ്ടി പോം പോം വണ്ടി, തള്ള് വണ്ടി ഐലസ ( രണ്ട് പ്രവര്‍ത്തനങ്ങള്‍)

പഠനലക്ഷ്യങ്ങള്‍-

  1. തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം മറ്റുളളവരുമായി പങ്കുവെക്കുന്നു.

  2. കഥയുടെ തുടര്‍ച്ച നിലനിറുത്തിക്കൊണ്ട് വിട്ടുപോയ ഭാഗം പൂരിപ്പിച്ചെഴുതുന്നു.

പ്രതീക്ഷിത സമയം മൂന്ന് പിരീഡ്

പ്രക്രിയാവിശദാംശങ്ങള്‍

(കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പരിഗണന ലഭിക്കും വിധത്തിലാണ് ഒന്നാമത്തെ പ്രവര്‍ത്തനം.)

HB 303 ലെ കഥാസന്ദര്‍ഭം അവതരിപ്പിക്കുന്നു. തണും ചരിഞ്ഞും നോക്കി എന്നുവരെ.


 
അവരെല്ലാവരും നല്ലപോലെ കണ്ടു. എന്താ കണ്ടത്? പാഠപ്പുസ്തകത്തിലുണ്ട് നോക്കാം കണ്ടെത്താം. ചിത്ര നിരീക്ഷണം.

ടീച്ചര്‍ പാട്ട് പാടും. പാഠപ്പുസ്കത്തിലുള്ളതുമായി എന്ത് വ്യത്യാസമാണെന്ന് കണ്ടെത്തണം. മൗനമായി പാഠം വായിക്കണം.

കാട്ടിലൊരു വണ്ടി പോം പോം വണ്ടി

പോം പോം പോം പോം വണ്ടി

വലിയ വണ്ടി പോം പോം വണ്ടി

വയറുള്ള വണ്ടി പോം പോം വണ്ടി

കറുത്ത വണ്ടി പോം പോം വണ്ടി

കണ്ണുള്ള വണ്ടി പോം പോം വണ്ടി

  • എന്താണ് വ്യത്യാസം? പോം പോം വണ്ടി എന്നത് ടീച്ചര്‍ കൂടുതലായി ഉപയോഗിച്ചു. പാഠത്തിന്റെ പേര് ബോര്‍ഡില്‍ പറഞ്ഞെഴുത്ത് നടത്തുന്നു.

  • എല്ലാവരും പോം എന്നതിന് അടിയില്‍ വരയിടണം.

  • ഇത്രയും കാര്യങ്ങളേ ഈ വണ്ടിയെക്കുറിച്ച് പറയാനുള്ളോ? വേറെ എന്തെല്ലാം ഉണ്ട്? പറയാമോ? താളത്തില്‍ വരികള്‍ ചേര്‍ക്കാമോ?

  • കുട്ടികള്‍ പറയുന്നത് താളത്തിലാക്കി എല്ലാവരും ചൊല്ലണം. ടീച്ചര്‍ക്ക് സഹായിക്കാം.

  • കുട്ടികള്‍ പറയുന്നതെല്ലാം പരിഗണിക്കണം. അവ വണ്ടിക്ക് ബാധമായതാകും. ഉദാഹരണം സീറ്റുള്ള വണ്ടി എന്ന് പറഞ്ഞേക്കാം. അകം കാണില്ലെങ്കിലും അത് സാധ്യതയാണ്. ടീച്ചര്‍ ചോദ്യങ്ങളിലൂടെയും പ്രതികരണങ്ങള്‍ ക്ഷണിക്കാം.

ഡോറുള്ള വണ്ടി പോം പോം വണ്ടി

ഗ്ലാസുള്ള വണ്ടി പോം പോം വണ്ടി

ഹോണുള്ള വണ്ടി പോം പോം വണ്ടി

വണ്ടിയുടെ ഭാവം കണ്ടോ? സന്തോഷമാണോ സങ്കടമാണോ?

പാവം വണ്ടി പോം പോം വണ്ടി

…………………………………….

എഴുത്തിലേക്ക് 10 മിനിറ്റ്

എല്ലാവരും ഏറ്റ് പാടിയ ശേഷം ഓരോ വരിയായി ടീച്ചര്‍ പറയുന്നു. കുട്ടികള്‍ എഴുതുന്നു. അവര്‍ എഴുതിയ ശേഷം ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തല്‍

  • വണ്ടി എന്ന് ശരിയായി എഴുതിയവര്‍?

  • പോം പോം എന്ന് ശരിയായി എഴുതിയവര്‍?

  • ഡോറുള്ള എന്ന് ശരിയായി എഴുതിയവര്‍? ( ഡ മുന്‍ പാഠത്തില്‍ പഠിച്ചിരുന്നത് ഓര്‍മ്മിപ്പിക്കണം)

  • ഗ്ലാസുള്ള എന്ന് ശരിയായി എഴുതിയവര്‍ ( വീടി കെട്ടണം ടിയാ ടിയാ പാഠത്തില്‍ ക്ലാസും ക്ലോക്കും ഫ്ലാസ്കുമെല്ലാം പരിചയപ്പെട്ടതാണ്)

ശരിയാക്കാന്‍ അവസരം. മൊത്തം വരികളും വായിക്കാനും അവസരം. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പരിഗണന.

കണ്ടെത്തല്‍ വായന

  • നിര്‍ദേശിക്കുന്ന വരികളും വാക്കുകളും അക്ഷരങ്ങളും ചിഹ്നച്ചേരുവ ഉള്ള അക്ഷരങ്ങള്‍ ചേര്‍ന്ന പദങ്ങളും (

പ്രവര്‍ത്തനം രണ്ട് -ഐലസ ഐലസ രണ്ടാം പിരീഡ്

TB പേജ് 121

  • വണ്ടിയെ കണ്ട വിവരം കിളികള്‍ കാട്ടിലാകെ അറിയിച്ചു. കേട്ടവര്‍ കേട്ടവര്‍ ഓടി വന്നു.കൊള്ളാം ഈ വണ്ടി. നമ്മള്‍ക്ക് സവാരി ചെയ്യാം. പക്ഷേ ഡ്രൈവര്‍ കയറി ഓടിക്കാന്‍ നോക്കി. വണ്ടി കേടാ. എന്താ ചെയ്യുക? വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോകാം. അവര്‍ തള്ളി. ആരൊക്കെ തള്ളി? ചിത്രം നോക്കി പറഞ്ഞ് തള്ളുന്നതായി അഭിനയിച്ച് ഐലസ പറയുന്നു.

ആന തള്ളി ഐലസ

മുയല് തള്ളി ഐലസ

കുറുക്കന്‍ ഉന്തി ഐലസ

പോം പോം വണ്ടി ഐലസ

ഐ എന്ന അക്ഷരം പരിചയപ്പെടുത്തുകയാണ്. അതിനാല്‍ ചൊല്ലിയ ശേഷം ഈ വരികള്‍ ബോര്‍ഡില്‍ എഴുതി ചൊല്ലണം.

  • എല്ലാവരും തള്ളലോട് തള്ളല്‍. ഗത്തില്‍ നീങ്ങുന്നില്ല. നിരങ്ങുകയാണ്. അത് കണ്ട് കാക്ക എന്താ പറഞ്ഞത്? ആര്‍ക്ക് വായിക്കാം? സന്നദ്ധതയുള്ള ഒരാള്‍ വായിക്കുന്നു. ഹ ഹ ഹ എന്നത് ഉച്ചത്തില്‍ വേണം.

  • അത് കേട്ട ഉറുമ്പെന്താണ് പറഞ്ഞത്?

  • വണ്ടി തള്ളുന്നവരെന്താണ് പറയുന്നത്? അതിന് ചുറ്റും സംഭാഷണക്കുമിള വരയ്കൂ.

  • താഴെ ഒരാള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. എന്താകും പറയുന്നത്? എഴുതാമോ?

സാധ്യത

ഐലസാ ഐലസാ

വണ്ടി ഉന്ത് ഐലസാ

  • തുടര്‍ന്ന് ടീച്ചറെഴുത്ത്. പൊരുത്തപ്പെടുത്തി മെച്ചപ്പെടുത്തി എഴുതല്‍.

ഒരാള്‍ ആന, ഒരാള്‍ മുയല്‍, ഒരാള്‍ കുറുക്കന്‍, ഒരാള്‍ കരടി. എല്ലാവരും സാങ്കല്പികമായ വണ്ടിയെ ഉന്തുകയും വലിക്കുകയും ചെയ്യുന്നതായി അഭിനയിക്കണം

പാടണം

വണ്ടി ഉന്ത് ഐലസ

പോം പോം വണ്ടി ഐലസ

വണ്ടി വലിക്ക് ഐലസ

പോം പോം വണ്ടി ഐലസ

ആരായിരിക്കും വണ്ടി വലിക്ക് എന്ന് പാടിയത്?

  • പേജിലെ വാക്യങ്ങളുടെ വായന, മുമ്പ് അവസരം കിട്ടാത്തവര്‍ക്ക് പരിഗണന

ഝ‍‍‍ഡു ഗുഡു ഝ‍‍‍ഡു ഗുഡു 20 മിനിറ്റ്

പേജ് 124 നെ ആസ്പദമാക്കി ടീച്ചര്‍ പാടുന്നു


ടയറില്ലാ വണ്ടി പോം പോം വണ്ടി

ഉരുളാത്ത വണ്ടി പോം പോം വണ്ടി

ഓടാത്ത വണ്ടി പോം പോം വണ്ടി

കേടായ വണ്ടി പോം പോം വണ്ടി

പോം പോം പോം പോം…..

തള്ളി തള്ളി കുഴഞ്ഞു. ടയര്‍ വേണം. അവര്‍ പോയി ടയര്‍ സംഘടിപ്പിച്ചു. ടയര്‍ ഉരുട്ടിക്കൊണ്ടു വന്നു.

എല്ലാവരും ടയര്‍ ഉരുട്ടുന്നതായി അഭിനയിച്ച് പാടണം.

ടയര്‍ ഉരുട്ട് ഐലസ

ഒത്തു പിടിച്ചോ ഐലസ

ഐലസമാല ഐലസാ

വരികള്‍ പൂരിപ്പിക്കുന്നു. പിന്തുണ നടത്തം.

മെക്കാനിക്ക് വന്നു. വണ്ടി ശരിയാക്കി.

  • അടുത്ത നാല് വരികള്‍ ടീച്ചര്‍ എഴുതണം. ഝയുടെ ഘടനയും ഉച്ചാരണവും പരിചയപ്പെടുത്തണം. രൂപ സാമ്യമുള്ള ത്സയുമായി താരതമ്യം ചെയ്യണം.

വണ്ടി മുരണ്ടു. വണ്ടി ഉരുണ്ടു

ഝ‍‍‍ഡു ഗുഡു ഝ‍‍‍ഡു ഗുഡു

പോം പോം ………...( ഝ‍‍‍ഡു ഗുഡു)

എല്ലാവരും പൂരിപ്പിക്കുന്നു

കൂട്ടുവായന മൂന്നാം പിരീഡ്

  • പഠനക്കൂട്ടത്തില്‍. ഓരോരുത്തരും പേജ് 112 മുതല്‍124 വരെ വായിക്കണം.

  • നാലംഗ പഠനക്കൂട്ടമാണ് നല്ലത്.

വിലയിരുത്തല്‍

  • വായനയില്‍ നില മെച്ചപ്പെടുത്തിയവര്‍

  • ലേഖനത്തില്‍ നില മെച്ചപ്പെടുത്തിയവര്‍

  • ഉച്ചാരണത്തില്‍ സഹായം വേണ്ടി വന്നവര്‍