ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, July 19, 2021

അധ്യാപക വായനയുടെ മനോഹര സാധ്യത

വായനാവാരം എന്നൊരു പരിപാടിയുണ്ട്. കുട്ടികളെ വായിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്. ക്വിസ് പ്രോഗ്രാമിലൂടെ വായന വളർത്തുമെന്ന് വിശ്വസിക്കുന്ന അധ്യാപകരുണ്ട്. ഈ അവസരവും കാണാപാഠം പഠിക്കാൻ നിർബന്ധിക്കും


ആജീവനാന്ത വായന എന്നതാകണം. ലക്ഷ്യം. അപ്പോൾ വായനവാരം നടത്തേണ്ടി വരില്ല. സ്വന്തം വീട് ശുചിത്വമുള്ളതാണെങ്കിൽ ശുചീകരണ വാരം വീട്ടിൽ വേണ്ടല്ലോ. കുമാരനാശാനെക്കാളും വലിയ സ്ഥാനം പിഎൻ പണിക്കർക്ക് നൽകുന്ന രീതിയാണ് ഇപ്പോൾ.
ആദ്യം വായനാ സംസ്കാരം ഉണ്ടാകേണ്ടത് അധ്യാപകരിലാണ്. നല്ല വായനക്കാരായ അധ്യാപകർക്കേ വിദ്യാർഥികളെ നല്ല വായനക്കാരാക്കാൻ പറ്റൂ. ദേ കേരളത്തിൽ അങ്ങനെ ഒരു മഹാ സംഭവം നടന്നിരിക്കുന്നു.
അധ്യാപക കൂട്ടായ്മകളിൽ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയാണ് ഈ നൂതന രീതി വികസിപ്പിച്ചത്.
ഓൺലൈൻ വായനശാല.
എന്താണ് നടന്നത്?
1.അധ്യാപകരുടെ പുസ്തക പരിചയം

2021 ജൂലൈ 11 വരെ 22 പുസ്തകങ്ങൾ ചർച്ച ചെയ്തു . ഒരു അധ്യാപകൽ പുസ്തകം അവതരിപ്പിക്കും .
തുടർന്ന് ഈ  പുസ്തകം വായിച്ച  ചർച്ചയിൽ അഞ്ച്  അധ്യാപകർ ചർച്ചയിൽ പങ്കെടുക്കും .
വിവിധ ജില്ലകളിൽ നിന്നായി 150 ൽ കൂടുതൽ അധ്യാപകർ ,വിദ്യാഭ്യാസ പ്രവർത്തകർ കേൾവിക്കാരായി ഉണ്ടാകും .
22 X I = 22 അധ്യാപകർ  അവതാരകരായി

22 x 5 = 1 10 അധ്യാപകർ ചർച്ചയിൽ മുഖ്യ നേതൃത്വം വഹിച്ചു

കേൾവിക്കാരായി 4000ത്തിൽ കൂടുതൽ അധ്യാപകർ !

എല്ലാ
ശനി ,ഞായർ ദിവസങ്ങളിലും പുസ്തക ചർച്ച നടന്നു വരുന്നു.

 2.ലോക പുസ്തക ദിനാചരണം നടത്തി

🌻 പങ്കെടുത്തവർ 

🌹  ഡോ. സി പി ചിത്രഭാനു
🌹  പായിപ്ര ദമനൻ
🌹  വി ഉണ്ണികൃഷ്ണൻ

3. കുട്ടികൾക്ക് വായനോത്സവം
2021 ഏപ്രിൽ ,മെയ് മാസങ്ങളിൽ കുട്ടികളുടെ അവധിക്കാല  വായനോത്സവം.
അഞ്ച് ദിവസം. 
അഞ്ഞൂറ് കുട്ടികൾ .

4. മണ്ണാങ്കട്ടയും കരീലയും
 കുട്ടികളുടെ ശില്പശാല 
🗓️ 
മെയ് 3 മുതൽ 7 വരെ
🌻 നേതൃത്വം നൽകിയത്
🌹 തസ്മിൻ ഷിഹാബ്

5. ഒരുവട്ടം കൂടി
അധ്യാപക ശില്പശാല
🗓️ മെയ് 10 മുതൽ 14 വരെ

🌻 ഉദ്ഘാടനം

🌹 ഡോ. കെ ജയകുമാർ IAS
ക്ലാസ്: അധ്യാപകരുടെ ഓൺലൈൻ കാലഘട്ടത്തിലെ പഠനവും വായനയും 

🌹 ഡോ. സി പി ചിത്രഭാനു
വിഷയം: ആസ്വാദനം ,വിമർശനം ,നിരൂപണം

🌹 ഡോ. ഇ ബാനർജി
വിഷയം: സമകാലീക കഥകളുടെ ലോകം

🌹 എ പി അഹമ്മദ്
വിഷയം : വായനയുടെ അനിവാര്യത 

🌹 ഡോ. സി സി പൂർണിമ
വിഷയം: സൈബർ ഇടത്തിലെ സ്ത്രീ

🌹  
ഡോ.ബെന്നി ജേക്കബ്
വിഷയം: സാഹിത്യത്തിലെ വിവിധ വ്യവഹാര രൂപങ്ങൾ 

🌹 കെ എൻ യശോധരൻ

 6 എഴുത്തുകാരോടൊപ്പം*

🗓️ മെയ് 17 മുതൽ 21 വരെ

🌹 കെ ആർ മീര
 വിഷയം: രചനയുടെ രസതന്ത്രം

🌹 സന്തോഷ് ഏച്ചിക്കാനം
വിഷയം: തന്റെ രചനകളിലെ അടിസ്ഥാന വർഗത്തിന്റെ ജീവിത പ്രശ്നങ്ങൾ 

🌹 ഡോ. അംബികാസുതൻ മാങ്ങാട്
വിഷയം: പരിസ്ഥിതിയുടെ രാഷ്ട്രീയം

🌹 ടി ഡി രാമകൃഷ്ണൻ
വിഷയം: സാഹിത്യത്തിൽ ചരിത്രത്തിന്റെ പുനർവായന

🌹 ആലങ്കോട് ലീലാകൃഷ്ണൻ 
വിഷയം: കവിതയും സംസ്ക്കാരവും 

തുടങ്ങിയ പ്രമുഖരെ അധ്യാപക സമൂഹത്തിന് 
മുൻപിൽ  അവതരിപ്പിക്കാനും  കഴിഞ്ഞു.

അധ്യാപകരെ നല്ല  വായനക്കാരാക്കി മാറ്റാൻ ശ്രമം  . 

അംബികാസുതൻ സാർ നേതൃത്വം നൽകുന്ന സ്നേഹവീട് പദ്ധതിക്ക് ഒരു ലക്ഷം രൂപ  കൊടുത്തു .

നിരവധി അധ്യാപകർ പുതിയ പുസ്തകം വാങ്ങി
ഓരോ ചർച്ചയുടെയും കുറിപ്പുകൾ അധ്യാപകർ തയ്യാറാക്കി. അവരുടെ നിരീക്ഷണങ്ങൾ വാട്സാപ്പിലൂടെ പങ്കിട്ടു.
വായനക്കായി തെരഞ്ഞെടുത്ത പുസ്തകങ്ങൾ നോക്കൂ. വായനയെ ഗൗരവത്തോടെ സമാപിക്കാനുള്ള മനസ് പ്രകടമാകുന്നു.
അധ്യാപകർ നല്ല വായനക്കാരാകട്ടെ
അധ്യാപകർ വായിച്ചാൽ വളരുമെന്നാണ് കവി ഉദ്ദേശിച്ചത്. ടീം കോലഞ്ചേരിക്ക് അഭിവാദ്യങ്ങൾ.

അനുബന്ധം 1.
അധ്യാപകൻ സിലബസിന്റെ അടിമയാകരുത്
ഡോ കെ ജയകുമാർ IAS

കോലഞ്ചേരി  അധ്യാപകർ പാഠപുസ്തകത്തിനും സിലബസിനും അപ്പുറത്തുള്ള ലോകത്തേയ്ക്ക് ഓരോ കുട്ടിയേയും കൈ പിടിച്ചുയർത്തണമെന്നും  
 കോവിഡ് അടച്ചിടൽ കാലത്ത് അധ്യാപകർ  വീട്ടിൽ ഒതുങ്ങിക്കൂ ടരുതെന്നും ഡോ.കെ ജയകുമാർ ഐ എ എസ്.
  പ്രതിസന്ധികളേയും പരിമിതികളേയും സാധ്യതകളാക്കി മാറ്റി വായനയിലൂടെയും  അന്വേഷണങ്ങളിലൂടെയും ഓരോ അധ്യാപകരും ബൗദ്ധീകമായി ഉണരണം. 

പഠിപ്പിക്കുന്ന പാഠത്തെക്കുറിച്ച് മാത്രം ധാരണയുള്ള അധ്യാപകരായിട്ട് കാര്യമില്ല. അതത് വിഷയങ്ങളിൽ പരന്ന അറിവ് ആർജിക്കാൻ അധ്യാപകർ ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ കുട്ടികളുടെ മുന്നിൽ തോറ്റു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി ഓൺലൈൻ വായന ശാലയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച
 ഒരുവട്ടം കൂടി സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ ഡോ .സി പി ചിത്രഭാനു , 
ഡോ ഇ ബാനർജി ,
എ പി അഹമ്മദ് , ഡോ. സി സി പൂർണിമ,
ഡോ .ബെന്നി ജേക്കബ് എന്നിവർ വിവിധ  സെഷനുകൾക്ക് നേതൃത്വം നൽകും. 

കെ എം നൗഫൽ 
എം എസ് പത്മശ്രീ 
തസ്മിൻ ഷിഹാബ്
ടി ടി പൗലോസ്  എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നു.


അനുബന്ധം 2
: കെ.ആർ.മീര
വിഷയം :
രചനയുടെ രസതന്ത്രം 

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയുടെ വാക്കുകൾ .

🎈രചനയുടെ രസതന്ത്രമെന്നാൽ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടിൽ രചനയുടെ കെമിസ്ട്രി എന്നും സാഹിത്യത്തിൻ്റെ കാഴ്ചപ്പാടിൽ രചനയുടെ രസത്തിൻ്റെ തന്ത്രം എന്നും പറയാം.
അതായത്, ഒരു ശാസ്ത്രീയാർത്ഥവും ഒരു സാഹിത്യാർത്ഥവും ഇതിനുണ്ട്.

🎈എഴുത്തിൻ്റെ ശാസ്ത്രീയതയെക്കുറിച്ച് വിവരിയ്ക്കുക എന്നത് എഴുത്തുകാരെ സംബന്ധിച്ച് പ്രയാസമാണ്.

🎈ഓരോ രചനയും ആസ്വാദകരുടെ കണ്ണിലൂടെ കാണണം.

🎈എഴുതാനുള്ള ആഗ്രഹത്തിൻ്റെ ശക്തിയ്ക്ക് അടിപ്പെടുമ്പോൾ മാത്രമാണ്  രചനകൾ ഉണ്ടാകുന്നത്.
 അപ്പോൾ എഴുത്തിലോ എഴുത്തുകാരുടെ മനസിലോ ഏതുതരം കെമിക്കൽ റിയാക്ഷനാണ് ഉണ്ടാകുന്നത് എന്ന് ആർക്കും നിർവചിക്കാനാവില്ല.

🎈പെട്ടെന്ന് മുളപൊട്ടുന്ന ഒരു ആശയത്തിൽ നിന്നല്ല ഒരിക്കലും ഒരു കഥയുണ്ടാകുന്നത്. 
ഏത് ആശയത്തിൽ നിന്നാണ് ഒരു കഥ മുള പൊട്ടുന്നത് എന്ന്  തിരിച്ചറിയാൻ വളരെ കാലമെടുക്കും.

*ആരാച്ചാർ*

🎈കൊൽക്കത്തയിലെ സ്ത്രീ ജീവിത പരിസരം കേരളത്തിലിരിയ്ക്കുന്ന ഒരെഴുത്തുകാരി എങ്ങനെ എഴുതി എന്ന ചോദ്യങ്ങൾ പലരും ഉന്നയിക്കുന്നു.

🎈 മുതിർന്ന എഴുത്തുകാരനും പത്രാധിപരുമായ  പി.കെ.പാറക്കടവ് ഒരു നോവൽ ആവശ്യപ്പെട്ടതും  2004 ൽ ബംഗാളിൽ നടന്ന ഒരു തൂക്കിക്കൊലയുണ്ടാക്കിയ അസ്വസ്ഥതയും
 *ആരാച്ചാർ*
 എന്ന നോവൽ രചനയ്ക്ക് അവസരമൊരുക്കി.

🎈ആരാച്ചാരിൽ നമ്മെ സ്പർശിച്ച കഥാപാത്രങ്ങളെല്ലാം പല കാലങ്ങളിലായി ജീവിത സാഹചര്യങ്ങളിലായി, അനുഭവതലങ്ങളിൽ ഇവിടെ ജീവിച്ചിരുന്നവരുടെ പ്രതിരൂപങ്ങളാണ്.

🎈എഴുതിക്കഴിഞ്ഞും ഏറെ അസ്വസ്ഥമാക്കുന്ന ഒരു നോവൽ

സ്ത്രീ ജീവിതങ്ങൾ, അവരുടെ അതിജീവനം, പ്രതിഷേധങ്ങൾ, വിദ്വേഷങ്ങൾ സന്തോഷങ്ങൾ എല്ലാം ഇതിൽ ഉരുത്തിരിയുന്നുണ്ട്.

*ഒരു കഥയുണ്ടാകുന്നത്*

🎈എവിടെ നിന്ന് കഥയുണ്ടായി എന്ന് തിരിച്ചറിയാനാവാത്ത വിധം ഭാവനയും സർഗാത്മകതയും അനുഭവവും ജീവിത പരിസരവും എഴുത്തിൽ കൂടിക്കലരും .

 🎈കഥ വായനക്കാരിൽ അവശേഷിപ്പിക്കുന്ന വിചാരങ്ങൾ എന്തായിരിക്കും  എന്ന ചിന്ത മാത്രമേ എഴുതി തുടങ്ങുമ്പോൾ ഉണ്ടാകാറുള്ളൂ.

🎈കാരണം, കാഴ്ചപ്പാടിൻ്റെ വ്യത്യസ്തത കൂടെ കൊണ്ടു നടക്കുന്ന പല വായനക്കാരോടാണ് എഴുത്തുകാരി സംവദിക്കുന്നത്.

🎈സത്യം പറയാനുള്ള പ്രേരണ ഏതൊരു മനുഷ്യൻ്റെയും രക്തത്തിലുണ്ട്.

🎈ആരെങ്കിലുമൊരാൾ സത്യം പറഞ്ഞിട്ടില്ലെങ്കിൽ ഈ ലോകത്തിനു തന്നെ നിലനില്പില്ല.  മറ്റൊരാളിലേക്ക്  എത്തിപ്പെടാനുള്ള സാധ്യതയാണ് ഓരോ എഴുത്തും മുന്നോട്ടുവയ്ക്കുന്നത്.

*കെ.ആർ.മീരയുടെ കഥാപാത്രങ്ങൾ*

🎈കുട്ടിക്കാലത്ത് നാം വായിച്ചും കേട്ടും അറിഞ്ഞ സ്ത്രീ കഥാപാത്രങ്ങളൊന്നും റിയലിസ്റ്റിക്കായിരുന്നില്ല. അതിൻ്റെയൊക്കെ അണിയറ ശില്പികളായ പുരുഷന്മാർ വരച്ചിട്ട വാർപ്പ് മാതൃകകൾ മാത്രമായിരുന്നു അവ. 
ഇവരെല്ല യഥാർത്ഥ സ്ത്രീകൾ എന്ന തിരിച്ചറിവിൽ നിന്നാണ് സ്വന്തം കഥകളിലെ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായത്.
 ഇവരാരും ഭാവനയിൽ നിന്നും സൃഷ്ടിച്ചെടുത്തവരല്ല എന്നതാണ് യാഥാർത്ഥ്യം.

🎈ഈ ലോകത്ത് ജീവിച്ചിരുന്ന സ്ത്രീകളുടെ പ്രതിബിംബങ്ങളോ പ്രതിരൂപങ്ങളോ പ്രതിധ്വനികളോ ആണ് തൻ്റെ സ്ത്രീ കഥാപാത്രങ്ങൾ .

🎈യഥാർത്ഥ ലോകത്തുള്ളവർ യഥാർത്ഥ സ്ത്രീക്കളാണെന്നും അവർ വാർപ്പ് മാതൃകകളിൽ ഒതുങ്ങുന്നില്ല എന്ന തിരിച്ചറിവും എഴുത്തുകാരി പങ്കുവച്ചു.

🎈സ്വന്തം അനുഭവതലത്തിൽ നിന്നു കൊണ്ട് മറ്റു പല എഴുത്തുകാരുടെ രചനകളിലേക്ക് എത്താൻ കഴിയണം.

🎈അടുക്കളയിൽ തുടങ്ങി വരാന്തയിലോ കിടപ്പുമുറിയിലോ അവസാനിയ്ക്കുന്നതാണ് സ്ത്രീകൾ എഴുതുന്ന കഥകൾ എന്ന സമൂഹത്തിൻ്റെ പറച്ചിലുകൾ കെ.ആർ.മീര എന്ന എഴുത്തുകാരിയെ ചൊടിപ്പിച്ചിട്ടുണ്ട്.

🎈സ്ത്രീയ്ക്ക് വരാന്തയ്ക്കപ്പുറം പോകാൻ കഴിഞ്ഞില്ലെങ്കിൽ അതിനപ്പുറമുള്ള അനുഭവ പരിസരം എഴുതാനാവുന്നില്ലെങ്കിൽ അതിൻ്റെ ഉത്തരവാദിയാര്?

🎈തനിയ്ക്ക് മുമ്പുള്ളവരോ സമകാലികരായിട്ടുള്ളവരോ ആയ എഴുത്തുകാർ എഴുതാത്ത അനുഭവ ജീവിത പരിസരങ്ങൾ, ക്രാഫ്റ്റ് എന്നിവ തൻ്റെ കഥകളിൽ കൊണ്ടുവരണമെന്ന നിർബന്ധബുദ്ധിയാണ് കെ.ആർ.മീരയുടെ കഥകളെ വേറിട്ടു നിർത്തുന്നത്.

🎈പ്രിവിലേജുകളുടെ ലോകം കയ്യാളിയിരുന്ന പുരുഷലോകത്തിലേക്ക് ഒരു സ്ത്രീ എഴുത്തുകാരിയ്ക്ക് കടന്നു ചെല്ലാനാകും .പുരുഷൻ്റെ അനുഭവ പരിസരത്തു നിന്നും എഴുതാനുള്ള ശ്രമമാണ് തൻ്റെ കഥകൾ വീട് വിട്ട് പുറത്തു പോകാൻ കാരണം.

🎈ഉടൽ ഒരു മെറ്റഫറാണ്.

🎈ഓരോ എഴുത്തുകാരികളും വാർപ്പു മാതൃകകളുടെ തടവിലാണ്.
ഇത് തകർക്കപ്പെടേണ്ടതാണ്.

🎈സ്വാതന്ത്ര്യബോധം, ഞാൻ പൂർണ്ണ പൗരനാണെന്ന ബോധ്യം, അധികാരങ്ങളെ ചെറുക്കാനുള്ള പ്രവണത ഇത് ചെറുപ്പം മുതലേ കൂടെയുണ്ട്.

🎈രചനയുടെ പ്രക്രിയ നമ്മെ ഒരു കെട്ടുപാടുകളിൽ നിന്ന് മോചിപ്പിച്ച് മറ്റൊരാളിലേയ്ക്ക് പരിവർത്തനം ചെയ്യിക്കുന്നു.

🎈ഒരു പാട് പേർ ഒരുമിച്ച് ഒരു സ്വപ്നം കാണുമ്പോഴാണ് നാളെ എന്നത് സാധ്യമാകുന്നത്.

🎈ഒന്നിച്ച് ഒരു സ്വപ്നം കാണുക
ഒരു സിസ്റ്റത്തിലൂടെ സാധ്യമാക്കുക

🎈രചനാ പ്രക്രിയയ്ക്ക് ശാരീരിക മാസിക ആരോഗ്യവുമായി അഭേദ്യമായ ബന്ധമുണ്ട്.

🎈അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഒരു സ്ത്രീയെക്കുറിച്ചും എഴുതി തീരുന്നില്ല. അത് പല രൂപത്തിലും ഭാവത്തിലും പല കഥകളിലും പ്രത്യക്ഷപ്പെടും.

🎈
*ആരാച്ചാരിലെ ചേതനയുടെ വാക്സ് മാതൃകകളാണ് കെ.ആർ.മീരയുടെ മറ്റു കഥകളിലുള്ളതെന്ന് ജെ. ദേവിക അഭിപ്രായപ്പെടുന്നു.*

🎈തൻ്റെ ആത്മാംശം കൂടുതലുള്ള കഥാപാത്രമാണ് *ചേതന*

🎈ഒരു സ്ത്രീയുടെ ജീവിതം മറ്റു സ്ത്രീകളോട് കണ്ണി ചേർന്നിരിയ്ക്കുന്നു.

🎈എന്താണ് ഒരാളെ എഴുത്തുകാരിയോ എഴുത്തുകാരനോ ആക്കുന്നതെന്ന് കണ്ടെത്താനാവില്ല. അവനവൻ്റെ അറിവും ബോധ്യവും വച്ച് വ്യാഖ്യാനിക്കാമെങ്കിൽ അത് തീർത്തും സബ് കോൺഷ്യസായ പ്രവൃത്തിയാണ്.

🎈എഴുത്തിന് അനുഭവമോ ജീവിത പരിസരമോ ഭാവനയോ മാത്രം പോര അപാരമായ ക്ഷമ കൂടി ആവശ്യമാണ്.

🎈യാത്രയുടെ ഓരോ ഘട്ടങ്ങളിലും ഞാനെടുത്ത സെൽഫികളാണ് എൻ്റെ കഥകൾ.

🎈ഞാൻ കണ്ട കാലത്തിൻ്റെ അറിഞ്ഞ ജീവിതത്തിൻ്റെ സാഹചര്യങ്ങളുടെ എല്ലാം സ്വാധീനം എൻ്റെ കഥകളിലുണ്ട്.

🎈ഒരു സ്ത്രീയും ഫെമിനിസ്റ്റായി ജനിയ്ക്കുകയല്ല ഫെമിനിസ്റ്റായി പുനർജനിയ്ക്കുകയോ മെറ്റമോർഫോസിസിനു വിധേയമാവുകയോ ആണ് ചെയ്യുന്നത്.

🎈എഴുത്ത് എപ്പോഴും ഒരു യാതനയാണ്.

🎈സദാ നമ്മുടെ ഉള്ളിൽ ഒരു കുടുക്ക് വീണിരിയ്ക്കും. ബാഹ്യമായ കാരണങ്ങളാലല്ല ആന്തരികമായ കാരണങ്ങൾ കൊണ്ട്.

🎈ഉള്ളിൽ തട്ടി എഴുതിയാലേ വായനക്കാരുടെ ഉള്ളിൽ തൊടുകയുള്ളു എന്ന് യശ:ശരീരനായ മലയാളത്തിൻ്റെ പ്രിയ കഥാകാരൻ മാടമ്പ് കുഞ്ഞിക്കുട്ടൻ പറയുന്നുണ്ട്.

🎈ഒടിഞ്ഞ അസ്ഥിയുമായി നടക്കുന്നതു പോലുള്ള അനുഭവമാണ് ഒരു വലിയ പുസ്തകം എഴുതിക്കഴിഞ്ഞതിനു ശേഷം താൻ അനുഭവിക്കുന്നത് എന്ന് മലയാളത്തിൻ്റെ പ്രിയ കഥാകാരി പറയുന്നു.

🎈കരിനീല ,മാലാഖയുടെ മറുക് , ആരാച്ചാർ, മീരാസാധു, സൂര്യനെ അണിഞ്ഞ സ്ത്രീ, ഖബർ, ഘാതകൻ തുടങ്ങി കെ.ആർ മീരയുടെ കഥകളിലൂടെ കഥാപാത്രങ്ങളിലൂടെ കഥാപരിസരങ്ങളിലൂടെ ചർച്ച കടന്നു പോയി.

🎈അനുഭവങ്ങളുടെ തീക്ഷ്ണത കൊണ്ടും കരുത്തുറ്റ ഭാഷകൊണ്ടും വേറിട്ട ക്രാഫ്റ്റ് കൊണ്ടും വായനക്കാർ നെഞ്ചേറ്റിയ കെ.ആർ.മീരയുടെ കഥകളിലേയ്ക്ക് വായനക്കാർക്ക് കടന്നു വരാം.എന്നാൽ ഒറ്റ ഇരിപ്പിന് വായിച്ച് മടക്കി വയ്ക്കാമെന്ന് കരുതരുത്. ഓരോ വായനയും നമ്മെ പിടിച്ചുലയ്ക്കും കൂടെ നടക്കും അസ്വസ്ഥമാക്കും അനുഭവിപ്പിക്കും. തീർച്ച


അനുബന്ധം 3


 ✒️ ടി ഡി രാമകൃഷ്ണൻ

വിഷയം: സാഹിത്യത്തിൽ ചരിത്രത്തിന്റെ പുനർവായന

🌺പുസ്തകങ്ങളെ കുറിച്ചും വായനയെ കുറിച്ചും ചർച്ച ചെയ്യാൻ ശ്രമിക്കുന്നത് ഈ ചീത്ത കാലത്തിൽ ഒരു അതിജീവനമാണ്.

🌺 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ ഓൺലൈൻ വായനശാല നടത്തുന്ന ഈ പ്രവർത്തനം വളരെ പ്രശംസനീയമാണ്. ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ

🌺ഞാൻ അക്കാദമിക്  ആയിട്ടുള്ള ഒരാളല്ല

🌺സാഹിത്യം പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത ഒരാളല്ല
 
 വിദ്യാഭ്യാസ കാലത്തിനു ശേഷം റെയിൽവേയിൽ ജോലി ചെയ്തു. അതിൻ്റെ അവസാനഘട്ടത്തിൽ സാഹിത്യവുമായി ബന്ധപ്പെടാൻ സാധിക്കുകയും  ചില പുസ്തകങ്ങൾ  എഴുതുകയും ചെയ്തു എന്ന് മാത്രം .

🌺എന്റെ ജീവിതത്തിൽ 40 വയസ്സ് വരെയുള്ള കാലം സാഹിത്യത്തിന് ആയിരുന്നില്ല പ്രയോരിറ്റി.

🌺ചില വിഷയങ്ങൾ താൽപര്യത്തോടെ വായിക്കാനും പഠിക്കാനും ഒക്കെ ശ്രമിച്ചിരുന്നു.

🌺2003ലാണ് അതിൽ ഒരു മാറ്റമുണ്ടായത്. സാഹിത്യത്തിലേയ്ക്ക് അല്ലെങ്കിൽ എഴുത്തുമേഖലയിലേയ്ക്ക് ഒരു പരിവർത്തനം .

🌺കഥപറച്ചിലുകാരൻ്റെ   അനുഭവത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ മാത്രമാണ് തൻ്റെ രചനകളിലുള്ളത്. അതിന് സൈദ്ധാന്തികമായ പിൻബലമുണ്ടെന്ന് തോന്നുന്നില്ല.

🌺എൻ്റെ  നോവലുകളിലും ചില ചെറുകഥകളിലും ഒക്കെ കഥ പറയാനുള്ള പലവഴികളിൽ ഒരു സാധ്യതയായിട്ടാണ് ചരിത്രത്തെ ഞാൻ ഉപയോഗിക്കുന്നത്.

🌺അതായത്, കഥ വായനക്കാരിലേയ്ക്ക് എത്തിയ്ക്കാനുള്ള പല ടൂളുകളിൽ ഒന്ന്.

കഥയിൽ കഥ പറച്ചിലാണ് പ്രധാനം.

🌺കഥ പറച്ചിൽ വായനക്കാരിലേക്ക് വിനിമയും ചെയ്യാൻ ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം തുടങ്ങിയ പല കാര്യങ്ങളും ഉപയോഗിക്കുന്നതുപോലെ ചരിത്രവും ഉപയോഗിക്കുന്നു.

🌺ചരിത്രത്തിന് മറ്റു ജ്ഞാന മേഖലകൾ അന്യമല്ല .
ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം എന്നീ ശാസ്ത്ര ശാഖകളിൽ നിന്നും ചരിത്രത്തിൽ ഒരു വ്യത്യാസമുള്ളത് ചരിത്രത്തിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ധാരാളം ഇടങ്ങൾ ഉണ്ട് എന്നതാണ്.

🌺കഥപറച്ചിലുകാരന്  തൻ്റെ ഭാവനയെ ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ ഉള്ള സാധ്യതകൾ ആയി പൂരിപ്പിക്കാത്ത ഇടങ്ങൾ മാറുന്നു.

🌺എഴുത്തിൽ ഭാവന തന്നെയാണ് പ്രധാനം.

 🌺നമുക്കുചുറ്റുമുള്ള ജീവിതയാഥാർത്ഥ്യങ്ങളെ ഭാവന കൊണ്ട് പൊലിപ്പിച്ചെടുത്ത് പറയുന്ന കഥ വായനക്കാരിലേക്ക് ശക്തമായി എത്തിക്കാനുള്ള വഴിയാണ് ചരിത്രം.

🌺 ഉമ്പർട്ടോ എക്കോ പറയുന്നു: "Why write novels to rewrite history"

🌺ഞാൻ ഇത് അതേപടി സ്വീകരിക്കുന്നു.

🌺ചരിത്രത്തിൻ്റെ ക്രഡിബിലിറ്റി ചരിത്രം അധികാരത്തോട് ചേർന്ന് രേഖപ്പെടുത്തുന്നതിൻ്റെ പ്രശ്നങ്ങളാണ്.

🌺വ്യത്യസ്തവും സങ്കീർണ്ണവുമായ ചില കാര്യങ്ങൾ ചരിത്രമെന്ന് നമുക്ക് മുമ്പിൽ രേഖപ്പെടുത്തപ്പെടുമ്പോൾ ചരിത്രം അധികാരവുമായി ബന്ധപ്പെട്ടു നിൽക്കുന്നു എന്നു കാണാം.

🌺നിലനില്ക്കുന്ന ചരിത്രത്തെ യുക്തി കൊണ്ട് തിരിച്ചും മറിച്ചും വായിയ്ക്കുമ്പോൾ കഥ പറയാനുള്ള സാധ്യതകൾ അതിൽ തെളിഞ്ഞു വരുന്നു.

🌺ബഹു ഭൂരിപക്ഷം സാധാരണക്കാർ ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നു.

🌺ഇത്തരത്തിൽ ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ ചരിത്രമാണ് സാഹിത്യത്തിലുള്ളത്.

🌺ചരിത്രത്തിൽ എഴുതുന്ന ആളുടെ താല്പര്യങ്ങൾ കൂടെയുണ്ടാകും.

🌺200 കൊല്ലം കഴിഞ്ഞ് എഴുതപ്പെടുന്ന ചരിത്രത്തിൽ നമ്മളാരും ഉണ്ടാവില്ല

🌺അധികാരവുമായി ബന്ധപ്പെടാതെ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് ചരിത്രത്തിൽ ഇടമില്ലാതാകും.

🌺മേൽക്കോയ്മയുമായി ബന്ധപ്പെട്ട താല്പര്യങ്ങൾ ചരിത്ര വായനയിലുണ്ട്.

🌺ചരിത്രത്തെ ജ്ഞാന മേഖലയായി കണക്കാക്കി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നവരുണ്ട്. ആധികാരികമായ അന്വേഷണങ്ങളും ഗവേഷണവും പഠനവും ഇതിനു വേണം
ഉദാ: റൊമില ഥാപ്പർ, 
രാജൻ ഗുരുക്കൾ, എം.ജി.എസ്

🌺ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെ എങ്ങനെ കഥ വഴിയിലേയ്ക്ക് കൊണ്ടുവരാമെന്ന അന്വേഷണം കഥകൾക്ക് പിന്നിലുണ്ട്.

🌺ചരിത്രം തിരിച്ചും മറിച്ചും വായിക്കണം

🌺കഥപറയുക എന്നതാണ് കഥ എഴുത്തിൽ പ്രധാനം.

🌺കഥ പറയാനും കേൾക്കാനുമുള്ള താല്പര്യം എന്നും മനുഷ്യനുണ്ട്.

🌺സിനിമ കാണുമ്പോൾ അത് ടെക്നോളജിയുടെ കലയാണ്. എന്നാൽ ദൃശ്യത്തിൻ്റെയും സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും ഒപ്പം അതിൻ്റെ പ്രധാന ഭാഗമായി കഥ മാറുന്നു.

🌺കഥ പറയാനുള്ള ഒരു സാധ്യത എന്ന നിലയിൽ ചരിത്രത്തിൻ്റെ പല തരത്തിലുള്ള വായനകൾ എഴുത്തിലുണ്ടാകുന്നു .

🌺യുക്തി ഉപയോഗിച്ച് ചോദ്യങൾ ചോദിക്കാൻ സാഹിത്യകാരന് കഴിയും.

🌺പറഞ്ഞു വച്ചതിൻ്റെ മറുവാദത്തെ ഉന്നയിക്കാൻ സാഹിത്യത്തിന് സാധിക്കും.

🌺നിങ്ങൾ പറയുന്നത് ക്രഡിബിളാണോ?
ഈ ചോദ്യം പലപ്പോഴും കേട്ടിട്ടുണ്ട്.

🌺ഒരിക്കലും ക്രഡിബിളാണെന്ന് അവകാശപ്പെടുന്നില്ല

🌺ഞാൻ കഥയിൽ പറയുന്ന കാര്യങ്ങളിൽ അതിൻ്റെ ചരിത്രപരമായ തെളിവുകൾ ഒന്നുമല്ല ഉദ്ദേശിക്കുന്നത്.

📚 സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

🌺സുഗന്ധി എഴുതാനുള്ള തയ്യാറെടുപ്പിൽ അവിചാരിതമായ ചില വായനകൾ എഴുത്തിനെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.

🌺ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിൻ്റെ കൊടുതികൾ അതുമായി ബന്ധപ്പെട്ട ക്രൂരമായ ഹിംസയുടെ വേദനകളുടെ യാതനകളുടെ അവസ്ഥകളെ അടിസ്ഥാനമാക്കി ഒരു നോവൽ ചെയ്യണമെന്ന് കരുതി.

🌺അതിനു വേണ്ടി കൂടുതൽ വായിക്കുമ്പോൾ AD 1000 ന് അടുത്ത കാലത്ത് മഹീന്ദ്രൻ അഞ്ചാമൻ എന്ന സിംഹള രാജാവുണ്ടായിരുന്നു എന്നു വായിക്കാനിടയായി.

🌺കൂടുതൽ അറിയാനായി ഇന്ത്യ ശ്രീലങ്ക, തമിഴക ചരിത്രങ്ങൾ ധാരാളം വായിച്ചു.

🌺അങ്ങനെയാണ് മഹിന്ദ്രൻ അഞ്ചാമൻ എന്ന സിംഹള രാജാവിൻ്റെ കാലത്തേക്ക് കഥ പോകുന്നത്.

🌺ഈ കഥ നടക്കുന്നത് 2009ന് ശേഷമുള്ള പോസ്റ്റ് സിവിൽ വാർ കാലത്താണ്.

🌺ഇവിടെ ചരിത്രത്തെ ഒരു ഡോക്യുമെൻ്റേഷൻ എന്നതിനപ്പുറത്തേക്ക് കഥയായി വായനക്കാരിലേയ്ക്ക് എത്തിക്കുകയാണ്. മഹിന്ദ്രൻ അഞ്ചാമന് രാജ രാജ ചോളനമായും രാജേന്ദ്രചോളനമായും യുദ്ധം ചെയ്യേണ്ടി വരികയും അനുരാധ പുരയിൽ നിന്നും തോറ്റ് പിൻ വാങ്ങി ശ്രീലങ്കയുടെ തെക്കേ അറ്റത്തേക്ക് പോവുകയും ചെയ്തു. അതിനു ശേഷം രാജേന്ദ്രചോളൻ്റെ കാലത്ത് പിടിയ്ക്കപ്പെടുകയും പിന്നീട് വെല്ലൂരിനടുത്തുള്ള തടവറയിൽ കഴിയേണ്ടി വരികയും ചെയ്യുന്നു.

🌺ഈ നോവൽ എഴുതുമ്പോൾ മഹിന്ദ രാജപക്സെ ശ്രീലങ്കയുടെ പ്രസിഡൻ്റായിരുന്നു.

🌺അദ്ദേഹം വളരെ ക്രൂരമായ രീതിയിൽ തമിഴ് വംശീയ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചു. മഹിന്ദ്രൻ അഞ്ചാമനിൽ നിന്നും മഹിന്ദ രാജപക്സെയിലേയ്ക്ക് എത്തുമ്പോൾ ആയിരം കൊല്ലത്തിൻ്റെ വൈരുദ്ധ്യം കാണാനാവും.

 🌺ഒരു സഹസ്രാബ്ദത്തിന് മുമ്പ് എന്താണ് സംഭവിച്ചത് എന്ന അന്വേഷണം.
 
അതിൽ നിന്നും ചില കഥകൾ പറയാനുണ്ടെന്ന കണ്ടെത്തൽ

🌺വിക്രമാദിത്യ വരഗുണനെ കുറിച്ചുള്ള വായന

🌺ശ്രീ വിജയ (ഇന്നത്തെ ഇന്തോനേഷ്യ) കംബോജം (കമ്പോഡിയ,) ഇവിടത്തെ വിചിത്രമായ ആചാരങ്ങളെ കുറിച്ച് ചരിത്രത്തിൻ്റെ ചില സങ്കീർണ്ണതകളെ കുറിച്ച് സ്ത്രീയ്ക്ക് സമൂഹത്തിലുണ്ടായിരുന്ന പ്രധാന്യത്തെ കുറിച്ച് വായിച്ചറിയുന്നു.

🌺ജൈന വർമ്മൻ അഞ്ചാമൻ്റെ ഭരണ സമ്പ്രദായത്തിൽ കമ്പോഡിയയിൽ സ്ത്രീയ്ക്ക് വളരെയധികം പ്രാധാന്യമുണ്ടായിരുന്നു.

🌺ഇതെല്ലാം വായിക്കുകയും അറിയുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഒരു കഥ മെനയാനുള്ള വഴി ഇതിൽ നിന്നും കണ്ടെടുക്കാനാവും.

🌺ചരിത്രത്തിൻ്റെ ഒരു പുനർവായന നടത്തി അതല്ല ചരിത്രം ഇതാണ് ചരിത്രം എന്നു പറയുകയല്ല എഴുത്തുകാരൻ്റെ ഉദ്ദേശം.

🌺ചരിത്രത്തോട് കലഹിച്ച് ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ടവരുടെ ചരിത്രമെന്ന നിലയിൽ മലയാള നോവലിൽ ശക്തമായ രചനകൾ ഉണ്ടായിട്ടുണ്ട്.

🌺മഹിന്ദ് രാജ്പക്സെ 2010 കാലത്ത് ശ്രീലങ്കയിൽ ഒരു പാട് കാസിനോകൾ കൊണ്ടുവരാനും അതിൽ ക്രൗൺ ഗ്രൂപ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകള കാസിനൊ നടത്താൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പത്രവാർത്ത വായിക്കാനിടയായി.

🌺നോവലിൽ പറയുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ബിസിനസ് സെക്ഷനിൽ കീനോട്ട് അഡ്രസ് നടത്തുന്നത് ക്രൗൺ ഗ്രൂപ്പിൻ്റെ തലവനായിട്ടുള്ള ആളാണ്. 25 കാസിനൊകൾ കൊളമ്പോയിൽ കൊണ്ടുവരുവാൻ രാജ്പക്സെ തീരുമാനിക്കുന്നു.

🌺ഇതിൽ നിന്നും മഹിന്ദ്രൻ അഞ്ചാമൻ്റെ കാലത്തേക്ക് പോകുമ്പോൾ സിഗിരിയയുടെ പശ്ചാത്തലത്തിൽ ചെറിയ ചെറിയ ലീഡ്സ് കിട്ടുന്നതിൽ നിന്ന് ഇതിനെ ചേർത്ത് കഥ പറയാനുള്ള വഴി കണ്ടെത്തുന്നു.

🌺ഇത്തരത്തിൽ ചരിത്രത്തിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഇടങ്ങളിൽ ഭാവനയിലൂടെ കഥ പറയുന്നു.

🌺ചരിത്രം തന്നെ ആഖ്യാനത്തെ അനന്ത സാധ്യതകളിലൂടെ കൊണ്ടു പോകും.

🌺സി.വി.രാമൻപിള്ള തിരുവിതാംകൂറിൻ്റെ ചരിത്രം തൻ്റെ രചനകളിൽ എഴുതുമ്പോൾ അത് തീർത്തും ചരിത്രമല്ല. ഭാവന കൂടി അതിൽ ഉണ്ടായിരിക്കും. അതു കൊണ്ട് അത് ആധികാരിക ചരിത്രരചനയായി ആ പുസ്തകങ്ങളെ കണക്കാക്കരുത്.

📚  മാമാ ആഫ്രിക്ക

🌺റെയിൽവേ ലൈൻ പണിയാനായി ആഫ്രിക്കയിലേക്ക് പോയ ചില ആളുകൾ അവരുടെ അനന്തര തലമുറകൾ അവരുടെ ജീവിതങ്ങൾ എന്നിവ ഇതിൽ പ്രതിപാദിക്കുന്നു.

🌺അപ്രതീക്ഷിതമായി കണ്ടെത്തുന്ന കാര്യങ്ങൾ കഥയുടെ ഭാഗമാക്കാൻ ഒരു ശ്രമം

🌺ഇതിൽ കഥ പറയാനുള്ള ഇടങ്ങൾ കണ്ടെത്തുമ്പോൾ ഉഗാണ്ട, ഹോംഗോങ് എന്നീ രാജ്യങ്ങളുടെ ചരിത്രത്തിലേക്ക് പോകുന്നു.

🌺അന്ധർ ബധിരർ മൂകർ വായിക്കുമ്പോൾ ഒറ്റപ്പെട്ടു പോയ കാശ്മീരിൻ്റെ പ്രശ്നങ്ങളും ഫാത്തിമ നിലൂഫറും ഓർമ്മയിൽ വരും.

📚 ഫ്രാൻസിസ് ഇട്ടിക്കോര

🌺വാസ്കോഡ ഗാമ ആഫ്രിക്ക ചുറ്റി കെനിയയിലെ മിലിന്ത് എന്ന ചെറിയൊരു സ്ഥലത്തെത്തുകയും അവിടെ നിന്നും ഒരു ഗുജറാത്തി കച്ചവടക്കാരനെ വഴികാട്ടിയായി കൂടെ കൂട്ടുകയും ചെയ്തു. അവർ പിന്നീട് കേരളത്തിൽ കാപ്പാട് കടപ്പുറത്ത് വന്നിറങ്ങി എന്നു വായിയ്ക്കുമ്പോൾ എന്തുകൊണ്ട് കേരളത്തിൽ നിന്ന് ഒരാൾക്ക് ഇതേ മാർഗത്തിൽ തിരിച്ചൊരു യാത്ര നടത്തിക്കൂട? എന്ന് നമ്മൾ ചിന്തിക്കുന്നു.

🌺ഇവിടെ യുക്തിസഹമായി തെളിവിൻ്റെ അടിസ്ഥാനത്തിൽ നമ്മൾ ഉത്തരം കണ്ടെത്തു.

🌺ഗാമ ഇങ്ങോട്ട് വന്ന വഴിയിലൂടെ അക്കാലത്ത് മലയാളികൾ അങ്ങോട്ടും പോയിട്ടുണ്ടാകുമെന്ന് സമർത്ഥിക്കുന്നു .

🌺കാരണം, 2020ൽ ലോകത്തിൻ്റെ മുക്കിലും മൂലയിലും എത്താൻ മലയാളിക്ക്‌ കഴിയുന്നുണ്ടെങ്കിൽ പത്തോ അഞ്ഞൂറോ വർഷം മുമ്പുള്ള കാലത്തും അവർ ശ്രമിച്ചിട്ടുണ്ടാവില്ലേ? ഇത്തരത്തിലുള്ള ചോദ്യങ്ങളിൽ നിന്നാണ് ഇട്ടിക്കോര എന്ന കഥാപാത്രം ഉടലെടുക്കുന്നത്.ഇതിനൊപ്പം ചരിത്രപരമായ ആഖ്യാനങ്ങളുടെ സാധ്യതയും കൂടി ചേരുന്നു.

🌺ഫ്രാൻസിസ് ഇട്ടിക്കോരയിൽ പറയുന്ന പതിനെട്ടാം കൂറ്റുകാർ യാഥാർത്ഥ്യമല്ല.

🌺കുന്നംകുളവുമായി ബന്ധപ്പെട്ട് കഥയിൽ പറയുന്ന ഭൂഗർഭ അറ ഇന്ന് കുന്നംകുളത്ത് ഇല്ല .എന്നാൽ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യതയാണത്.

🌺ഫ്രാൻസിസ് ഇട്ടിക്കോരയിൽ ഗണിത ശാസ്ത്രം ധാരാളം കടന്നു വരുന്നു.

🌺എനിക്ക് പ്രിയപ്പെട്ട വിഷയം മാത്തമാറ്റിക്സ് ആണ്.

🌺ഗണിത ശാസ്ത്രത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളുണ്ട്.

🌺കേരളത്തിലെ ഗണിത ശാസ്ത്ര ചരിത്രം ഫ്രാൻസിസ് ഇട്ടിക്കോരയിൽ പറയുന്നുണ്ട്. അതിൽ പ്രതിപാദിക്കുന്ന ജോർജ് ഗീവർഗീസ് ജോസഫിൻ്റെ പുസ്തകം - മലയാള വിവർത്തനം -മയൂരശിഖ -

🌺കേരളത്തിൻ്റെ ഗണിത ശാസ്ത്രത്തിൻ്റെ വലിയ അന്വേഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്.

🌺കേരള സ്കൂൾ മാത്തമാറ്റിക്സ് എന്ന പേരിൽ അറിയപ്പെട്ട ഗണിത ശാസ്ത്രകാരന്മാർ നീലകണ്ഠസോമയാജിയർ, ജ്യേഷ്ഠദേവൻ, അച്യുത പിഷാരടി തുടങ്ങിയവർ അവരുടെതായ രീതിയിലാണ് ഗണിത ശാസ്ത്രത്തെ വ്യാഖ്യാനിച്ചത്.

🌺ഗണിതം ജീവിതത്തിൻ്റെ ഭാഗമായി ഉപയോഗിക്കുന്നതായി ഇട്ടിക്കോരയിൽ വായിക്കാം.

🌺ഒരു യാഗം നടത്തുന്ന മുറയ്ക്കല്ല ഗണിതത്തിൻ്റെ ആവശ്യമുണ്ടാവുക. അത് ജീവിതത്തോട് ചേർന്ന് നിൽക്കണം.

🌺കേരളത്തിലെ ആദ്യകാലത്തെ ഗണിത ശാസ്ത്ര ഗ്രന്ഥം -ജ്യേഷ്ഠദേവൻ എഴുതിയ യുക്തി ഭാഷ.

🌺ഗണിത ശാസ്ത്രകാരനായ പോൾ എൽദോസിനെ കുറിച്ച് ഫ്രാൻസിസ്ഇട്ടിക്കോരയിൽ പറയുന്നുണ്ട്.

🌺"ഗണിതം മൂർദ്ധനി സ്ഥിതം "

🌺ഇട്ടിക്കോര, പതിനെട്ടാം കൂറ്റുകാർ എല്ലാം സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളാണ്.അത് വായനക്കാരിൽ യാഥാർത്ഥ്യമാണെന്ന തോന്നലുണ്ടാകുന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

🌺ആർട്ട് ഓഫ് ലൗ എന്നതിനെ കുറിച്ച് ഇട്ടിക്കോരയിൽ പറയുന്നുണ്ട്.

🌺ഇട്ടിക്കോര ലൈംഗികതയുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ട നോവലാണ്.

🌺മറ്റു ജീവികളെ പോലെ തന്നെ അതുമല്ലെങ്കിൽ അതിലേറെ വ്യത്യസ്തമായി ആനന്ദം അനുഭവിക്കാൻ കഴിയുന്ന ജന്തുവിഭാഗമാണ് മനുഷ്യൻ. 

🌺സമൂഹത്തിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന പുസ്തമാണിതെന്ന് ഏറെ വിമർശിക്കപ്പെട്ടു.

🌺സ്ത്രീയെ പുരുഷനെ പോലെ വ്യക്തിയായി കാണുകയും അവളുടെ ശക്തിയും ആവിഷ്കാരങ്ങളും ലൈംഗിക ചോദനകളും മനസിലാക്കുകയും അതിനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ടെന്ന് മനസിലാക്കാനും സമൂഹത്തിന് കഴിയണം.അതിനുള്ള സംവാദങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കപ്പെടണം.

🌺സ്ത്രീയുടെ ലൈംഗിക പ്രശ്നങ്ങളെകൗണ്ടർ ചെയ്യുകയാണ് ഈ നോവലിൻ്റെ ആദ്യ അദ്ധ്യായം മുതൽ

🌺ലൈംഗികതയുടെ സ്വാഭാവിക സാധ്യതകൾ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ നോ‌വലുകളിലുണ്ട്.

🌺യാത്ര തന്നെ തൊഴിലായിരുന്ന നീണ്ട കാലം

🌺എന്നാൽ,ഇട്ടിക്കോരയിൽ എഴുതിയ എല്ലാ രാജ്യങ്ങളിലും ഞാൻ പോയിട്ടില്ല.പലതും ഭാവനയിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും എഴുതിയതാണ്.

🌺വീക്കിലിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ ഫ്രാൻസിസ് ഇട്ടിക്കോര കൊടുത്തപ്പോൾ ഈ പേര് നോവലിനു പറ്റിയതാണോ എന്ന സംശയം ഉയർന്നിരുന്നു.

🌺ലൈംഗികതയെ കുറിച്ചുള്ള സംവാദങ്ങളെ അടഞ്ഞ രീതിയിൽ കാണുന്നവരാണ് കേരളീയർ.

🌺എന്നാൽ പുതിയ തലമുറ കുറേക്കൂടി പോസിറ്റീവായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

🌺ജീവിക്കാൻ വകയില്ലാത്തവർ, ചതിക്കപ്പെട്ടവർ ഇവരാണ് സെക്സ് വർക്കിൽ എത്തിപ്പെടുന്നത് എന്ന ധാരണ ശരിയല്ല. അത് കോർപ്പറേറ്റ് തന്ത്രങ്ങളുടെ ഒരു ഭാഗമാണെന്നു കൂടി തിരിച്ചറിയണം.

🌺സമൂഹം മനുഷ്യനെ നിയന്ത്രിക്കുമ്പോൾ അധികാരം നിയന്ത്രിക്കുമ്പോൾ അത് അവൻ്റെ ലൈംഗികതയെയാണ് നിയന്ത്രിക്കുന്നത്.

🌺ലൈംഗികതയെ കുറിച്ച് സംസാരിക്കുന്നത് സ്ത്രീവിരുദ്ധമാണെന്ന ധാരണ തെറ്റാണ്.

🌺വ്യക്തിയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധങ്ങൾ അതിൻ്റെ സങ്കീർണതകൾ എന്നിവ പ്രശ്നവത്ക്കരിയ്ക്കുന്ന രീതിയിലുള്ള കലാ പ്രവർത്തനങ്ങൾക്കും സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രസക്തിയുണ്ട്.

🌺മനുഷ്യവംശത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല ബോധ്യങ്ങളും നിലനില്ക്കുന്നത് ഒരു സഹസ്രാബ്ദമോ അര സഹസ്രാബ്ദമോ നീണ്ട കാലഘട്ടത്തിൽ മാത്രമാകും.

🌺നമ്മൾ ചില ബോധ്യങ്ങളിൽ ഉറച്ചു നിൽക്കുമ്പോൾ സമൂഹം അതിൻ്റെ ശരികളുമായി മുന്നോട്ടു പോകുന്നു.

📚 *ആൽഫ*

🌺ആന്ത്രപ്പോളജിക്കൽ എക്സ്പിരിമെൻ്റിൻ്റെ പശ്ചാത്തലത്തിലാണ് ആൽഫ എഴുതിയിട്ടുള്ളത്.

🌺ഒരു പൊളിറ്റിക്കൽ വിഷയം അതിൽ വരുന്നു.

🌺ഇവിടെയും ലൈംഗികത പ്രധാനപ്പെട്ട വിഷയമാണ്.

🌺ഏത് വിഷയം കൈകാര്യം ചെയ്താലും ഒരു കഥയായിരിക്കും അതിനെ മുന്നോട്ടു നയിക്കുന്നത്

🌺കഥാപാത്രത്തിൻ്റെ വികാരങ്ങൾ എഴുത്തുകാരൻ്റേതു കൂടിയാണ്.

📚 *പച്ച മഞ്ഞ ചുവപ്പ്*

🌺ഈ നോവലിൽ സ്വന്തം ജീവിതാനുഭവങ്ങൾ കൂടി ഉൾക്കൊള്ളുന്നു.

🌺കാളിദാസൻ എഴുതിയത് തൻ്റെ കാലത്ത് ചുറ്റും കണ്ട കാര്യങ്ങളോട് ഭാവന ചേർത്തുകൊണ്ടാണ്.

🌺ഭാവന സാഹിത്യത്തിലെ ചരിത്രത്തിൻ്റെ ഭാഗമാണ്

🌺കഥ എഴുതിക്കഴിഞ്ഞ് വായിക്കുമ്പോൾ എഴുത്തുകാരന് താനെഴുതിയത് തൃപ്തിയാവില്ല.

🌺വീണ്ടും വീണ്ടും തിരുത്താമെന്ന് തോന്നും.

🌺എന്നാൽ സൃഷ്ടിച്ചു കഴിഞ്ഞതിനെ തിരുത്താനാവില്ല.

🌺സുഗന്ധി എഴുതിക്കഴിഞ്ഞാണ് ശ്രീലങ്കയിൽ മഹിന്ദ രാജപക്സെ തെരഞ്ഞെടുപ്പിൽ പരാജിതനായി പുറത്തു പോകുന്നത്.

🌺അതിനെ തുടർന്നാണ് ഞാൻ മഹിന്ദൻ്റെ രണ്ടാം വരവ് എന്ന ലേഖനം മാതൃഭൂമിയിൽ എഴുതുന്നത്.

🌺2008 ൽ നിന്നും 2021 എത്തുമ്പോൾ കലയെ സാഹിത്യത്തെ വായനയെ സ്വീകരിക്കുന്ന രീതിയിൽ മാറ്റം വന്നു.

🌺ഓരോ കൃതിയും പിന്നീടുള്ള വായനയിൽ പുതിയ തലങ്ങളിലേക്കെത്തുന്നു'

🌺ഓരോ രചനയും വായനക്കാരൻ എങ്ങനെ വായിക്കുന്നു എന്നറിയുന്നത് സന്തോഷമാണ്.

🌺ബി ഡി എസ് എം നെ കുറിച്ച് ചിന്തിക്കാവുന്നതലത്തിലേക്കൊന്നും കേരളീയ സമൂഹം മാറിയിട്ടില്ല.

🌺യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിച്ചാൽ ഒരു ജീവിയുടെ മുന്നിൽ ജീവനോ മരണമോ എന്ന ചോദ്യം വന്നാൽ മരണത്തെ സ്വീകരിച്ച് വളരെ ആദർശാത്മകമായി പ്രസംഗിക്കുന്നവരുണ്ട്. താൻ വിശ്വസിക്കുന്ന മൊറാലിറ്റിയുമായി ബന്ധപ്പെട്ടതോ താൻ വിശ്വസിക്കുന്ന വിശ്വാസ സംഹിതയോട് ബന്ധപ്പെട്ടതോ സമൂഹത്തിൻ്റെ സദാചാര ബോധ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതോ ആണ് ഈ പറച്ചിൽ.

🌺ഒരു ജീവിയും ബോധപൂർവ്വം മരണത്തെ സ്വീകരിക്കില്ല.

🌺ജീവിക്കാനുള്ള സാധ്യത തെളിയുമ്പോൾ മരണത്തെ മാറ്റി വയ്ക്കും.

🌺ഒരു ചെറിയ വിഭാഗം ആളുകൾ മാത്രം ത്യാഗത്തിന് പ്രാധാന്യം നൽകുന്നു.

🌺സുഗന്ധിയായാലും മാമാ ആഫ്രിക്കയിലെ താരാ വിശ്വനാഥായാലും അവരുടെ ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ  ആത്മഹത്യ ചെയ്യാതെ തൻ്റെ ശരീരത്തിൻ്റെ സ്വാഭാവിക സാധ്യതകൾ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു .
അതിൽ തെറ്റില്ല എന്ന തീരുമാനത്തിലാണവർ എത്തുന്നത്.

🌺ഇത് പൂർണമായും ശരിയാണോ തെറ്റാണോ എന്ന് പറയാനാവില്ല.

🌺ശക്തരായ സ്ത്രീകളെ നമ്മൾ കാണുകയും പരിചയപ്പെടുകയും അനുഭവങ്ങൾ കേൾക്കുകയും ചെയ്യാറുണ്ട്.ഇവർ കഥകളിൽ പലവിധത്തിൽ കടന്നു വരാം.

🌺പച്ച മഞ്ഞ ചുവപ്പ് എന്ന നോവലിലെ ജ്വാല, കലൈശെൽവി ഇത്തരത്തിൽ ഉള്ള സ്ത്രീ കഥാപാത്രങ്ങളാണ്.

🌺സ്ത്രീകൾ അവരുടെ ശക്തി തിരിച്ചറിയുകയും തൻ്റെ സ്വാതന്ത്ര്യം സ്ഥാപിക്കുകയും ഇടം കണ്ടെത്തുകയും ചെയ്യുന്ന കാലം ഞാൻ ആഗ്രഹിക്കുന്നു.

🌺ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം എൻ്റെ കൂടെയുണ്ട്.

🌺നോവലാണ് എനിക്ക് കംഫർട്ടബിൾ

🌺വായനക്കാരെക്കൊണ്ട് വായിപ്പിക്കുക എന്നതാണ് എഴുത്തുകാർ നേരിടുന്ന ചലഞ്ച് .

🌺വായനക്കാർക്ക് പുതിയ അനുഭവങ്ങൾ, അറിവുകൾ, അന്വേഷണങ്ങൾ നൽകാൻ എഴുത്തുകാരന് കഴിയണം

🌺എന്നെ വായിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം, ജ്ഞാന മേഖല, ചരിത്രകാര്യങ്ങൾ ഇവ തന്നെയാണ് എൻ്റെ വായനക്കാരിലും താല്പര്യം ജനിപ്പിക്കാനുള്ള വഴികൾ

🌺മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ്റെ നോവലുകൾ ചരിത്രവും ഭാവനയും ജീവിതവും ഇഴചേർന്നവയാണ്. വേറിട്ട വായനയിലേയ്ക്ക് ഇനിയും വായനക്കാർ കടന്നു വരണം. നോവൽ പരിണാമഘട്ടങ്ങളിൽ അദ്ദേഹത്തിൻ്റെ കൃതികൾ  അടയാളപ്പെടുത്തപ്പെടുന്നു.
[7/18, 11:23 PM] Paulose: എംടിയോടൊപ്പം ഒരു വായനാദിനം  ആചരിച്ചു.

കോലഞ്ചേരി: ടീച്ചേഴ്സ് ക്ലബ്ബ് ഓൺലൈൻ വായനശാലയുടെ നേതൃത്വത്തിൽ  ജൂൺ 19 വായനദിനത്തിൽ  
"എം ടിയോടൊപ്പം ഒരു വായനാദിനം"  പരിപാടി സംഘടിപ്പിച്ചു. 

ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ എം ടി വാസുദേവൻ നായർ  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

കുട്ടികളിൽ സർഗാത്മകത വളർത്തിയെടുക്കാൻ അധ്യാപകരും രക്ഷിതാക്കളും ശക്തമായി ഇടപെടേണ്ട ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകന്നത്. 

ഈ സമയം വായനയ്ക്കും സർഗാത്മകതക്കുംകൂടി ഉപയോഗിക്കണം എന്നും എം ടി വാസദേവൻ നായർ അഭിപ്രായപ്പെട്ടു. 

തുടർന്ന് "വായനദിനത്തിൻ്റെ  പ്രാധാന്യവും അധ്യാപകരുടെ പങ്കും"  എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ ഡി പി ഐ യുമായ കെ വി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. 

ടീച്ചേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് 
ടി വി പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിന്  
ടി ടി പൗലോസ് സ്വാഗതം പറഞ്ഞു. 
കെ എം നൗഫൽ മോഡറേറ്ററായി. 

ജെ ഗായത്രി 
ടി എം സജി 
മുഹമ്മദ് സ്വാലിഹ് 
പി അമ്പിളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
എം എസ് പത്മശ്രീ നന്ദി രേഖപ്പെടുത്തി.

അനുബന്ധം 5
*സന്തോഷ് ഏച്ചിക്കാനം
വിഷയം:
*സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥകൾ അടിസ്ഥാന വർഗത്തിനു വേണ്ടിയുള്ളതാകുന്നതെന്തുകൊണ്ട്?*

✳️മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിൻ്റെ വാക്കുകൾ .

🎈ലോകത്തു നിന്നും പല പ്രാദേശിക ഭാഷകളും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ നഷ്ടപ്പെട്ട രാജ്യമാണ് ഇന്ത്യ.

🎈അതുപോലെ തന്നെ ഭാഷ നേരിടുന്ന അപകടങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിച്ചു കൊണ്ടിരിയ്ക്കുന്ന ഭാഷ മലയാളമാണ്.

🎈വൈദേശികാധിപത്യം നമ്മുടെ ഭാഷയെ ഉപയോഗശൂന്യമായ ഭാഷയാക്കി മാറ്റും.

🎈ഭാഷയെ നിരന്തരമായി എടുത്തുപയോഗിക്കുക എന്നതാണ് ഈ പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം.

🎈ഈ സാഹചര്യത്തിലാണ് *ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുടെ ഓൺലൈൻ വായനശാലയുടെ പ്രസക്തി.*

🎈എൻ്റെ കഥകൾ *അടിസ്ഥാന വർഗത്തിനു വേണ്ടിയുള്ളതായി* മാറുന്നതിനു കാരണം ഞാൻ അടിസ്ഥാന വർഗത്തിലുള്ള ആളായതുകൊണ്ടാണ്.

🎈ദാരിദ്യം എന്തെന്ന് നേരനുഭവമുള്ള വ്യക്തിയാണ് .  

🎈സഹപാഠിയായ *കുഞ്ഞിരാമൻ* വിശപ്പടക്കാൻ വേണ്ടി എന്റെ  *ഇഡ്ഡിലി* എല്ലാ ദിവസവും  കട്ടു തിന്നതും ദാരിദ്യം സഹിക്കവയ്യാതെ അയൽപക്കത്തെ വീടുകളിൽ നിന്നും കൊണ്ടുവന്ന  നാറിയ പഴംകഞ്ഞി കുടിച്ച ശേഷം പള്ളിക്കൂടത്തിലേയ്ക്ക് വരുന്ന  സഹപാഠികൾ ക്ലാസിൽ വരുമ്പോൾ അവരുടെ  വയറിളകുകയും  കൂട്ടുകാരെല്ലാം കൂടി  ക്ലാസ്മുറിയും   ഇരിപ്പിടവും  കഴുകി വൃത്തിയാക്കിയതും   ബാല്യകാല അനുഭവളാണ്.

🎈പ്രേതത്തിനു പോലും വിശന്ന കാലം 

🎈പട്ടിണിയും വിശപ്പും ഒരു സാമൂഹ്യ പ്രശ്നമായിരുന്നു. 

 🎈മാക്സിം ഗോർക്കിയുടെ ' അമ്മ', 
വിക്ടർ ഹ്യൂഗോയുടെ 'ലേ മിസറബ്ലെ'
 തുടങ്ങിയ കൃതികൾ 
'വിശപ്പ് '  എന്ന പ്രശ്നത്തെ ഗൗരവപൂർവ്വം അവതരിപ്പിക്കുന്നു.

🎈എൻ്റെ ഫിലോസഫി വിശക്കുന്നവനുള്ളവയല്ല എന്ന് ഓഷോ പറയുന്നു.

🎈വിശപ്പ്‌ പരിഹരിച്ചതിനു ശേഷം മാത്രമാണ് മറ്റു ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നുള്ളു.

🎈ഓരോ എഴുത്തും നിരന്തരമായ അലച്ചിലിൽ നിന്നും ഉണ്ടാകുന്നതാണ്.
ഉദാ: വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകൾ ,എൻ.പ്രഭാകരൻ്റെ കഥകൾ

🎈കോപ്പാളന്മാർ (തെയ്യം കെട്ടുന്ന ഒരു വിഭാഗം) അനുഭവിച്ചിരുന്ന ദാരിദ്ര്യവും ജാതീയമായ വേർതിരിവും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

🎈എസ്. ഹരീഷിൻ്റെ *'മീശ '* യിൽ വിശപ്പ് ഒരു സാമൂ ഹ്യ പ്രശ്നമായി അവതരിപ്പിക്കുന്നു.

🎈കേരളത്തേക്കാൾ പത്ത്മുപ്പത് വർഷം പിറകിലാണ് ചില *വടക്കേ ഇന്ത്യൻ*  സംസ്ഥാനങ്ങൾ 

🎈വടക്കേ ഇന്ത്യയിൽ ഇപ്പോഴും  പൊരി മാത്രം തന്നിട്ട് രാവിലെ 6 മണി മുതൽ വയലിൽ പണിയെടുക്കുന്നവർ നിരവധിയാണ്. 

🎈ആഫ്രിക്കയിൽ പട്ടിണി സഹിക്കവയ്യാതെ മണ്ണ് വറത്ത് തിന്നുന്നു. 

🎈ഒരു ആർഭാട വിവാഹത്തിന്റെ  സൽക്കാരചടങ്ങ് കഴിഞ്ഞ് വഴിയിലൂടെ നടക്കുന്ന സമയത്ത്  തോർത്ത് മാത്രം ധരിച്ച് ഭിക്ഷ യാചിക്കുന്ന ഒരു വൃദ്ധനെ കാണുന്നത്. 
അന്ന് രാത്രി അദ്ദേഹത്തിന്റെ മുഖമായിരുന്നു മനസിൽ. 
ഒരു വശത്ത് ആർഭാടവും മറുവശത്ത് ദാരിദ്ര്യവും .
അവിടെ നിന്നാണ് ബിരിയാണിയുടെ *ത്രെഡ്* ലഭിച്ചത്.

🎈 *ബിരിയാണി*
 എന്ന തൻ്റെ കഥ ഏറെ വിമർശന വിധേയമയി .
*ഇസ്ലാമോഫോബിയയാണ് ആ കഥ എന്ന വർഗീയമായ കാഴ്ചപ്പാട് ആ കഥയെ സംബന്ധിച്ച് അസാധുവാണ്.* 
കാരണം, 
*വിശപ്പ് എന്ന സാമൂഹ്യ പ്രശ്നത്തെയാണ് ആ കഥ വിനിമയം ചെയ്യുന്നത്.*

🎈കേരളത്തിൽ പ്രത്യക്ഷത്തിൽ പട്ടിണിയില്ലെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് പട്ടിണി കയറ്റി അയക്കപ്പെടുന്നു.

🎈 *വൈലോപ്പിളളിയുടെ* 
'ആസാം പണിക്കാർ'
 എന്ന കവിത ഉദാഹരിയ്ക്കുന്നു.

🎈താൻ കണ്ടും അറിഞ്ഞും ജീവിച്ച പരിസരത്തു നിന്നുമാണ് തൻ്റെ കഥകൾ ഉണ്ടായതെന്ന് കഥാകൃത്ത് പറയുന്നു.

🎈സാഹിത്യം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല മറിച്ച് അതൊരു ഓർമ്മപ്പെടുത്തലാണ്.

🎈ഒരു സാമൂഹ്യ പ്രശ്നത്തെ സമൂഹത്തിന് കാണിച്ചു കൊടുക്കുക മാത്രമാണ് ഒരെഴുത്തുകാരൻ ചെയ്യുന്നത്.

🎈 എഴുത്തുകാരൻ പ്രവാചകനാണ്.

🎈മാമൂലുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് കുടുംബ ബന്ധങ്ങൾഛിദ്രമായി പോകുന്ന അവസ്ഥകളെ പോലും മറികടന്ന് സാമൂഹ്യ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച എഴുത്തുകാരികളാണ് *ലളിതാംബിക അന്തർജ്ജനം* ,
*ബി.സരസ്വതിയമ്മ* തുടങ്ങിയവർ .

🎈വിപ്ലവകരമായ സാമൂഹ്യ പരിവർത്തനമായിരുന്നു അവരുടെ ലക്ഷ്യം.

🎈 *വി .ടി ഭട്ടതിരിപ്പാട്,*
 *എം.ആർ.ബി,* 
*ശ്രീനാരായണ ഗുരു,* *കുമാരനാശാൻ* തുടങ്ങിയവർ സാമൂഹിക പരിവർത്തനത്തിനും നവോത്ഥാനത്തിനും വേണ്ടി പ്രവർത്തിച്ചവരാണ് .

🎈എല്ലാ കഥകളും എഴുത്തുകാരനെ സംബന്ധിച്ച് പ്രിയപ്പെട്ടതാണ്. എന്നാൽ അതിൽ ചില കഥകൾ ഏറെ പ്രിയപ്പെട്ടതുമാകുന്നു.

🎈
*'ഉഭയജീവിതം'* എന്ന  കഥയാണ് തനിക്ക് *ഏറ്റവും പ്രിയപ്പെട്ടത്* എന്ന് സന്തോഷ് ഏച്ചിക്കാനം പറയുന്നു.

🎈ഈ കഥയുടെ എക്സ്റ്റൻഷൻ മാത്രമാണ് തൻ്റെ മറ്റു കഥകൾ എന്നും അദ്ദേഹം കൂട്ടുചേർക്കുന്നു.

🎈ഇരയും വേട്ടക്കാരനും തമ്മിലുള്ള പ്രശ്നവും ഫിലോസഫിയും അതിജീവനവും തമ്മിലുള്ള പ്രശ്നവും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള പ്രശ്നവും തൻ്റെ കഥകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ പ്രശ്നങ്ങളുടെ പല പല അടരുകൾ ഓരോ കഥകളിലുമുണ്ട്.

🎈ഇരുളടഞ്ഞ മനുഷ്യ മനസിലേയ്ക്ക് വെളിച്ചം കടക്കുമ്പോഴാണ് സംസ്കാരമുണ്ടാകുന്നത്.

🎈
*സുഖവിരേചനം* എന്ന കഥ *ബിരിയാണി* പോലെ വായിക്കാത്തതിൽ വിഷമമുണ്ട്. 
കാരണം ഒരു തെരുവും അവിടത്തെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും
ആ പ്രശ്നങ്ങളിലൂടെ മാത്രം വളരുന്ന രാഷ്ട്രീയക്കാരനും ഇന്നിന്റെ അവസ്ഥയാണ്. 
എന്നാൽ ഈ കഥ അധികം ചർച്ച ചെയ്യപ്പെട്ടില്ല .

🎈രാഷ്ട്രീയക്കാരും  ഉദ്യോഗസ്ഥരും കൂട്ട് ചേർന്ന് നടത്തുന്ന അഴിമതികളും   
പരിഹരിക്കപ്പെടാത്ത ഫയലുകളും നാടിന്റെ ശാപമാണ്. 

🎈ഇവിടെ പ്രശ്നം പരിഹരിക്കരുതെന്ന് വാശി പിടിക്കുന്ന അധികാരവർഗ്ഗ വും  വിദേശ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഏറ്റവും വേഗം  പരിഹരിച്ചേ മതിയാവു എന്ന് വാശി പിടിക്കുന്നവരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രം .

🎈തൻ്റെ ജീവിതാനുഭവങ്ങളിലൂടെയും എഴുത്ത് വഴികളിലൂടെയും കടന്ന് പോയി തൻ്റെ കഥകളുടെ ഭൂമികയെന്ത് എന്ന സത്ത പകർന്നു തന്ന വർത്തമാനമായിരുന്നു മലയാളത്തിൻ്റെ  പ്രിയ കഥാകാരൻ സന്തോഷ് ഏച്ചിക്കാനത്തിൻ്റേത്. *ബിരിയാണി,*
 *കൊമാല,*
 *ശ്വാസം,*
 *സുഖവിരേചനം,*
 *അടക്കാ പെറുക്കുന്നവർ,*
*ഉഭയജീവിതം*
 തുടങ്ങിയ കഥകൾ ചർച്ചയിൽ കടന്നു വന്നു.
ഏറെ വായിയ്ക്കപ്പെടേണ്ട കാലിക പ്രസക്തിയുള്ള ഈ കഥകൾ പുനർവായനയ്ക്ക് എടുക്കുക. *സന്തോഷ് ഏച്ചിക്കാനത്തിൻ്റെ കഥകളിലൂടെ വീണ്ടും വീണ്ടും യാത്ര ചെയ്യുക.* 

അനുബന്ധം 6


പ്രശസ്ത കവിയും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ്റെ വാക്കുകൾ....

🌺അടച്ചിടൽ കാലത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് മനസുകൾ തുറക്കാൻ സാധിക്കുമെന്ന് ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി വളരെ അർത്ഥ പൂർണമായ വിധത്തിൽ തെളിയിച്ചിരിക്കുകയാണ്.

🌺അടച്ചിടലില്ലാത്ത കാലത്ത് കിട്ടാത്ത തരത്തിൽ അധ്യാപകർക്ക് ഈ അടച്ചിടൽ കാലത്ത് വിഭവ സമൃദ്ധമായ കൂടിച്ചേരലാണ്
 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
 സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്നത്.
ടീച്ചേഴ്സ് ക്ലബ്ബ്
 പോലെയുള്ള  പ്രസ്ഥാനങ്ങൾ കേരളമുടനീളമുണ്ടായാൽ നമ്മുടെ പ്രതിഭാധനരായ അധ്യാപക സമൂഹത്തെ കൂടുതൽ ശക്തമാക്കാനും സംസ്കാര സമ്പന്നരാക്കി മാറ്റാനും ഉപകരിക്കും.

🌺ഞാൻ അധ്യാപകനല്ല .
കൊമേഴ്സ് പഠിച്ച് ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്ന ആളാണ്.
എൻ്റെ താല്പര്യമാണ് മലയാള കവിതയും മലയാള സാഹിത്യവും.

🌺അതു കൊണ്ടു തന്നെ അദ്ധ്യാപക സമൂഹത്തെ സാങ്കേതികമായി പഠിപ്പിക്കാവുന്ന അറിവ് എനിക്കില്ല. എങ്കിലും ഒരു കവി എന്ന നിലയ്ക്ക് ഞാൻ പറയുന്നു.

എൻ്റെ ചെറിയ പ്രായം മുതൽ എഴുതി തുടങ്ങി

🌺ആദ്യ കവിത അച്ചടിച്ചുവന്നത് പതിനൊന്നാം വയസിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്.
ആദ്യത്തെ കവിത അച്ചടിച്ചു വന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടു

🌺പ്രഗത്ഭരായ ഗുരുസ്ഥാനീയരായ പല കവികളുമായി ഇടപഴകാൻ അവസരം കിട്ടി.
ധാരാളം കവിതകൾ വായിക്കാൻ സാധിച്ചു.

കവിത എന്തെന്നറിയാൻ വേണ്ടി കുറേ ആന്തരികമായ പരിശ്രമങ്ങൾ നടത്തി.

🌺അദ്ധ്യാപകനാകണമെന്നാഗ്രഹിച്ച ആളാണ് ഞാൻ.
അതു കൊണ്ട് അദ്ധ്യാപക സമൂഹത്തോട് ആദരവ് കലർന്ന അസൂയയാണ് എനിക്കുള്ളത്.
അദ്ധ്യാപകൻ്റെ ജോലി മഹത്തായ പുണ്യമാണ്.

🌺 'ഗു 'എന്ന ശബ്ദം ഇരുട്ടിനെ സൂചിപ്പിക്കുന്നു.
'രു 'ശബ്ദം തൻ നിരോധിത

ഇരുട്ടു നീക്കി വെളിച്ചം പകരുന്നവരാണ് ഗുരുക്കന്മാർ.

🌺നിങ്ങളിൽ വെളിച്ചമുണ്ടെന്ന് ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ ഗുരുക്കന്മാർക്ക് സാധിക്കണം.
ഗുരു ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികൾക്കുള്ള വെളിച്ചം കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

🌺"വിളക്ക് കൈവശമുള്ളവനെന്നും
വിശ്വം ദീപമയം "  ( ഉള്ളൂർ)

🌺വെളിച്ചം കയ്യിലുണ്ടെങ്കിൽ ഇരുട്ട് താനെ നീങ്ങിക്കൊള്ളും .

അന്ധകാര നിബിഡമായ കോവിഡ് 19 ൻ്റെ അതിമാരകമായ മാനസിക സമ്മർദ്ധങ്ങൾ ലോകം മുഴുവൻ ബാധിച്ചിരിക്കുന്നു.

🌺ആ അന്ധകാരത്തെ നീക്കാൻ നമുക്ക് ഉള്ളിലെ വിളക്ക് കത്തിച്ചു വയ്ക്കുകയേ നിവൃത്തിയുള്ളൂ .

🌺ഈ കാലത്ത് സംഘടിതമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ സാധ്യമല്ലെങ്കിലും

🌺"അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ! "
എന്ന ആശാൻ്റെ വാക്യം സാർത്ഥകമാക്കിക്കൊണ്ട് നിരവധി പേർ പ്രവർത്തിക്കുന്നത് നാം കാണുന്നുണ്ട്.

🌺"മരിക്ക സാധാരണം
ഈ വിശപ്പിൽ ദഹിക്കിലോ
നമ്മുടെ നാട്ടിൽ മാത്രം 
ഐക്യക്ഷയത്താൽ
അടിമ ശവങ്ങൾ അടിഞ്ഞുകൂടും
ചുടുകാട്ടിൽ മാത്രം " എന്ന് 'മാപ്പ്‌' എന്ന കവിതയിൽ 1930ൽ വള്ളത്തോൾ എഴുതി.

*എന്താണ് കവിത?*

🌺നിത്യ നൈമിത്തിമ വ്യവഹാരത്തിനുപയോഗിക്കുന്ന ഭാഷയിൽ തന്നെ അതിനപ്പുറത്തേയ്ക്ക് നിൽക്കുന്ന ഒരു അനശ്വരത സൃഷ്ടിക്കാൻ കഴിയും എന്ന കണ്ടുപിടുത്തമാണ് വാസ്തവത്തിൽ കവിത.

🌺ഭാഷ എന്ന ശക്തിയെ അതിനപ്പുറമുള്ള പല വിനിമയങ്ങൾക്കുമായി ഉപയോഗപ്പെടുത്താൻ സാധിക്കും.

🌺ഇന്ന് ഉച്ചരിക്കുന്ന വാക്ക് അനന്തകാലം കഴിഞ്ഞാലും അന്നത്തെ മനുഷ്യനും സാംസ്കാരിക സമ്പന്നമായി ജീവിക്കാൻ പ്രയോജനപ്പെടുത്തും.

🌺സവിശേഷമായ ഭാഷാ രൂപീകരണം സംസക്കാരത്തിൻ്റെ വികാസത്തിൻ്റെ ഏതോ ഘട്ടത്തിൽ വച്ചുണ്ടായതാണ്.

🌺നോർമലായിട്ടുള്ള ഭാഷയോ പ്രയോഗങ്ങളോ അതിൽ നിന്നും ഡീവിയേറ്റ് ചെയ്ത് ഭാഷയ്ക്കകത്ത് തന്നെ രൂപപ്പെടുന്ന ഒരു സവിശേഷതയാണ് കവിത.

🌺അത് ഗദ്യത്തിലാവാം പദ്യത്തിലാവാം.

🌺എനിക്ക് ചായവേണം എന്ന് പറയുന്നത് ശാശ്വതമായ ഒരു പ്രയോഗമല്ല.

അതേ സമയം കാട്ടാളൻ കവിയാകുന്ന ഒരു നിമിഷമുണ്ട്.

🌺ഇണ പക്ഷികളിലൊന്നിനെ മറ്റൊരു കാട്ടാളൻ അമ്പെയ്തിവീഴ്ത്തിയപ്പോൾ തമസാ തീരത്തു നിന്നിരുന്ന ഒരു കാട്ടാളൻ കവിയായ ഒരു നിമിഷം.

🌺"മാ നിഷാദ, പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീസമാഃ
യത്‌ ക്രൌഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം."

🌺കൊല്ലരുതെന്ന് കാട്ടാളന് മനസിലാവുന്ന ഭാഷയിൽ നേർക്ക് നേർക്ക് പറയാതെ വക്രീകരിച്ച ഭാഷയിൽ സമാക്ഷര പദ നിബദ്ധവും തന്ത്രീ ലയ സമന്വിതവുമായ സാധാരണമല്ലാത്ത ഒരു ഭാഷയിൽ താനെന്തിനാണ് സംസാരിച്ചതെന്ന് വാത്മീകി പിന്നീട് അത്ഭുതപ്പെടുന്നുണ്ട്.

🌺ഒരു കാട്ടാളൻ ഒരു കിളിയെ അമ്പെയ്ത് വീഴ്ന്നത് പാപമാണോ?

🌺ഹിംസകൾ ചെയ്ത ആളാണ്
വേട്ടയാടിയിരുന്ന ആളാണ്
ആളുകളെ പിടിച്ചുപറിച്ചിരുന്ന ആളാണ്
എന്നാൽ കവിയാകുന്ന മുഹൂർത്തത്തിൽ മറ്റൊരു കാട്ടാളൻ ഹിംസചെയ്യുന്ന മുഹൂർത്തത്തിൽ അരുതേ എന്ന് പറയാൻ തോന്നും.

🌺ഇത് കാവ്യ പ്രേരണകളുടെ ആദ്യത്തെ ഒരു ഘട്ടമാണ് അല്ലെങ്കിൽ പ്രധാനപ്പെട്ട ഗുണവിശേഷമാണ്.

🌺ബൈബിൾ പ്രകാരം ആദ്യത്തെ മനുഷ്യൻ ആദ്യത്തെ മനുഷ്യനെ കൊന്നു .അല്ലെങ്കിൽ ആദ്യത്തെ സഹോദരനെ കൊന്നു.

 🌺ആദമിൻ്റെയും ഹവ്വയുടെയും മക്കൾ ആബേലും കായേനും .
 
 🌺കൊല്ലുന്നവർക്ക്  കൊന്നതിന് ഒരു ന്യായീകരണം ഉണ്ടാകും.
 
 🌺ആ കാലം തൊട്ട് മനുഷ്യർ ഹിംസ ചെയ്തിട്ടുണ്ട് .
 
🌺പക്ഷേ അത് അരുത് എന്നു പറയുന്നത് നീതിയാണോ?

 🌺കാട്ടാളൻ കോടതിയിൽ പോയാൽ വാത്മീകി തോറ്റു പോകുന്ന ഒരു കേസാണിത്.
 
 🌺കാരണം, കാട്ടാളൻ അയാളുടെ ഭക്ഷണത്തിനു വേണ്ടിയാണ് വേട്ടയാടിയത് .
ഭക്ഷണം നിരോധിക്കുകയാണ് കവി ചെയ്തത്.

🌺ഇത് ഇക്കാലത്തും പ്രസക്തമാണ്. ഇക്കാലത്ത് നടക്കുന്ന ഇത്തരമൊരു ഹിംസയിൽ ഇടപെട്ട് സംസാരിച്ചാൽ, കൊന്നവർക്ക് പ്രത്യയശാസ്ത്രപരമായോ രാഷ്ട്രീയപരമായോ മതപരമായോ വർഗ്ഗപരമായോ എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ ഉണ്ടാകും.

 🌺ജാതിയിൽ നിന്നു നോക്കുമ്പോൾ അയാൾ വധ്യനാണെന്ന് തോന്നും. പാർട്ടിയിൽ നിന്ന് നോക്കുമ്പോൾ അയാൾ വധ്യനാണെന്ന് തോന്നും . ഗോത്രത്തിൽ നിന്നു നോക്കുമ്പോൾ അയാൾ വധിക്കപ്പെടേണ്ടവനാണെന്ന്  തോന്നും. അതിനുള്ള ന്യായീകരണങ്ങൾ മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും ഗോത്രത്തിൻ്റെയുമൊക്കെ ഭാഷയിൽ ഉണ്ടാകും. പക്ഷെ ,എന്തിൻ്റെ പേരിലാണെങ്കിലും മനുഷ്യ ഹിംസ മാത്രമല്ല പ്രാണി ഹിംസ പോലും പാടില്ല എന്ന പറയാനുള്ള വലിയ ധർമ്മം കവിത ആദ്യ കാലം തൊട്ടേ നിലനിർത്തിയിട്ടുണ്ട് .

🌺അതുകൊണ്ട് ഒരുപക്ഷേ നേർക്കുനേർ പറയുന്ന ഭാഷ കൊണ്ട് പറഞ്ഞാൽ കവി തന്നെ വധിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ നേർക്കുനേർ പറയാത്ത ഒരു വക്രീകൃത ഭാഷയിൽ, ചമത്ക്കാര ഭാഷയിൽ, അലങ്കാര ഭാഷയിൽ സത്യം പറയുന്ന ഒരു രീതിയിയെ കവിത എന്നു പറയാം .എന്താണ് കവിത എന്നതിന് ഇതെൻ്റെ മനസ്സിൻ്റെ തൃപ്തിയ്ക്ക് വേണ്ടി കണ്ടെത്തിയ ഉത്തരമാണ്.

🌺പലപ്പോഴും പല ഹിംസക്കെതിരെ കവിത എഴുതിയപ്പോൾ ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ഹിംസ അരുതേ എന്ന് നിലവിളിക്കാൻ ഉള്ള പ്രേരണയും പ്രചോദനവും കവിത തന്നിട്ടുണ്ട്.

🌺അരുതേ എന്ന നിലവിളിയാണ് കവിത

🌺കാട്ടാളന്മാർ ഇനിയുമുണ്ടാകും
ഹിംസ ഇനിയും തുടരും 
മനുഷ്യൻ ഉള്ളിടത്തോളം കാലം ഹിംസ ഉണ്ടാകും.
ഒരു പ്രാണിയെ കൊല്ലാതെ മറ്റൊരു ജീവിയ്ക്ക് ജീവിക്കാൻ  പറ്റില്ല .

🌺അത് പ്രകൃതിയുടെ നിയമമാണ് എന്നൊരു പക്ഷേ നമുക്ക് വാദിക്കാനും അത് ശരിയാണെന്ന് സ്ഥാപിക്കാനും ശാസ്ത്രീയമായ അടിത്തറ ഉണ്ടാകും.

 പക്ഷെ പ്രകൃതി നിയമം അല്ല കവിത.
പ്രകൃതി നിയമത്തിന് വിരുദ്ധമാണത്.

🌺സംസ്കാര നിയമമാണത്.

പ്രകൃതിയിലുള്ളതല്ല സംസ്ക്കാരം. പ്രകൃതിയിലുള്ളതിനെ സംസ്കരിച്ചെടുക്കുന്നതാണ് സംസ്കാരം .

🌺നെല്ല് പറിച്ച് തിന്നുന്നത് പ്രകൃതിയിലെ ഭക്ഷണം അങ്ങനെ തന്നെ തിന്നുന്നതാണ്. എന്നാൽ അത് വേവിച്ച് ഉണക്കി കുത്തി അരിയാക്കി വീണ്ടും വേവിച്ച് മറ്റു ഉപദംശങ്ങൾ കൂട്ടിക്കഴിക്കുന്നത് ഒരു സംസ്ക്കാരത്തിൻ്റെ രീതിയാണ്.ഇതിലേതാണ് ശരി ഏതാണ് തെറ്റ് എന്നതിനെ കുറിച്ചുള്ള ചർച്ചയും തർക്കവും ഉത്തരവും ഉത്തരമില്ലായ്മയും ലോകമുള്ള കാലത്തോളം തുടരും.

🌺എങ്കിലും പ്രകൃതിയിൽ ബലമുള്ള ജീവി ബലമില്ലാത്ത ജീവിയെ പിടിച്ച് ഭക്ഷിക്കും. ബലമുള്ള ജീവി ബലമില്ലാത്ത ജീവിയെ ആക്രമിക്കും. സംസ്കാരത്തിൽ ബലമുള്ള ജീവി ബലമില്ലാത്ത ജീവിക്ക് സംരക്ഷണം കൊടുക്കണം.
അതാണ് പ്രാകൃതവും സംസ്‌കൃതവും തമ്മിലുള്ള വ്യത്യാസം .

🌺മനുഷ്യൻ ഈ സംസ്കാരം ആർജിച്ച തിലുള്ള പല വഴികളിൽ ഒരു വഴി കവിതയാണ്. ഏറ്റവും ആദിമമായ വഴി.

 വേദഗ്രന്ഥങ്ങളായി അവതരിച്ച എല്ലാ കൃതികളും കാവ്യ ഭാഷയിലാണ് സംസാരിച്ചത്.

🌺നേർക്കുനേർ കേൾക്കുമ്പോൾ ഒരർത്ഥം തോന്നും. വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ പല അർത്ഥങ്ങൾ തോന്നും .

🌺"ഈശാവാസ്യമിദം സര്‍വ്വം
യത്കിഞ്ച ജഗത്യാം ജഗത്
തേന ത്യക്തേന ഭുഞ്ജീഥാഃ
മാ ഗൃധഃ കസ്യസ്വിദ്ധനം"

🌺ഇത് ഈശാവാസ്യോപനിഷത്തിലെ ഒരു കാവ്യമാണ്‌. മന്ത്രമുഗ്ദ്ധമായ ഒരു കാവ്യം.

 🌺മന്ത്രത്തെക്കുറിച്ച് ഭാരതീയ സാഹിത്യ മീമാംസകർ പറയുന്നത് ഋഷിയും ഛന്ദസും ദേവതയും ചേർന്നാൽ മന്ത്രമാകുമെന്നാണ്.

🌺ഋഷി - കടന്നു കാണുന്നവൻ

🌺"ന: ഋഷി കവി"
(ഋഷിയല്ലാത്തവൻ കവിയല്ല )

🌺ഛന്ദസ് - പുറത്തു കാണുന്ന താളം മാത്രമല്ല ഗദ്യത്തിനകത്തും ഛന്ദസുണ്ടാകും

🌺ദേവത ദൈവമാകണമെന്നില്ല. അത് ഒരു മരമാകാം.

🌺കാട്ടാളൻ 'ആമരമീമര'മെന്ന് ജപിച്ചിട്ടാണ് കവിയായത്.

🌺കാട്ടാളന് ഒരു ദേവതയുണ്ടായിരുന്നു.അത് മരമായിരുന്നു.

🌺ഒരു കവിയ്ക്ക് ദേവത ഇത്തരത്തിൽ മരമോ പുല്ലോ പുൽച്ചാടിയോ പുഴയോ എന്തുമാകാം.

🌺ദേവതയും ഛന്ദസും കവിഞ്ഞു കാണാനുള്ള ദർശന ദീപ്തിയും ചേർന്നാൽ കവിതയുണ്ടാകും.

വിശുദ്ധ ഖുറാനിൽ അടിമുടി കവിതയാണുള്ളത്.

🌺ഒരു പ്രധാനപ്പെട്ട സൂക്തം ഇതാണ്:
"ഒരേ മഴയും മഞ്ഞും വെയിലും കൊണ്ട് പല വൃക്ഷങ്ങൾ വളരുന്നു. ഒരു വൃക്ഷത്തിൻ്റെ ഫലം മധുരിക്കുന്നു. മറ്റൊര്യ വൃക്ഷത്തിൻ്റെ ഫലം കയ്ക്കുന്നു. ഇതാരുടെ നിയമം"

🌺ഇതിന് ഉത്തരമായിട്ടു പറയുന്നത് " ഇതിൽ നിനക്ക് ദൃഷ്ടാന്തമുണ്ട് "എന്നാണ്.

🌺ഉത്തരം ഖുറാൻ നേർക്കുനേർ പറയുന്നില്ല. ഈ ദൃഷ്ടാന്തം കണ്ടെത്തലാണ് കാവ്യാസ്വാദകൻ്റെ ധർമ്മം.

🌺ഖുറാൻ എന്ന കാവ്യം ആസ്വദിക്കുന്ന സത്യവിശ്വാസിയ്ക്ക് ആ ദൃഷ്ടാന്തം കണ്ടെത്താനുള്ള കാവ്യപരിശീലനം കൂടി ആവശ്യമാണ്. അല്ലെങ്കിൽ പലർക്കും പലതായിട്ടും തെറ്റായിട്ടും അത് വ്യാഖ്യാനിക്കാൻ പറ്റും.

🌺ഉപനിഷത്തിലാണെങ്കിലും അങ്ങനെ തന്നെ.

🌺എല്ലാത്തിലും സ്നേഹമാണ് ഈശ്വരൻ.

🌺"ഈശാവാസമിദം സർവ്വം" എന്ന് പഠിച്ച ഒരാൾക്ക് ഒരാളെ കൊല്ലാൻ സാധിക്കുകയില്ല. കൊല്ലാൻ ശ്രമിക്കുന്നയായിലും കൊല്ലപ്പെടുന്നയാളിലും ഈശ്വരനുണ്ട്.ഇവിടെയാണ് വേദഗ്രന്ഥങ്ങൾ കവിതയായി പ്രവർത്തിച്ചത്.

🌺വിശുദ്ധ ബൈബിളിൽ യോഹന്നാൻ്റെ അതി മനോഹരമായ ഒരു വചനമാണ് ദൈവത്തെക്കുറിച്ച് ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ കവിത.

🌹 *"ദൈവം സ്നേഹമാകുന്നു"*

🌺ബൈബിളിൽ ഇത്തരം ധാരാളം കാവ്യ ഭാഷകളുണ്ട്.

🌺"അന്വേഷിപ്പിൻ കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും''

🌺"ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല. നാളേയ്ക്ക് കൂട്ടി വയ്ക്കുന്നില്ല."

🌺"നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ "

മഗ്ദ്ധലനക്കാരിയായ ,പാപിനിയായ മറിയത്തെ ശീമോൻ്റെ മേടയിൽ വച്ച് " ഇവൾ പാപിനിയാണ്. പിഴച്ച പെണ്ണാണ് ഇവളെ കല്ലെറിയണം'' എന്ന് പഴയ വേദക്കാർ പറഞ്ഞു.

🌺പഴയ നിയമമനുസരിച്ച് കല്ലെറിഞ്ഞു കൊല്ലണം.എന്നാൽ പഴയ നിയമം പറയാൻ പുതിയ പ്രവാചകൻ വേണ്ട.

🌺പുതിയ പ്രവാചകൻ അവളെ വെറുതെ വിടണമെന്നു പറഞ്ഞാൽ സദാചാരക്കാർ അയാളെ തല്ലിക്കൊല്ലും. അപ്പോൾ ഒരു പുതിയ ഉത്തരം ആവശ്യമാണ്. അതുകൊണ്ടാണ് "നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറയട്ടെ " എന്നു പറഞ്ഞത്.

🌺"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ " എന്നു പറഞ്ഞതും ഒരു കവിതയാണ്.

🌺മത ഗ്രന്ഥങ്ങളെ കുറിച്ചു പറയാൻ കാരണം, കവിതയില്ലാത്ത മനസുകളാണ് പലപ്പോഴും മതഗ്രന്ഥത്തെ വായിക്കുന്നത് എന്നതുകൊണ്ടാണ്ട്. 

കവിതയില്ലാത്ത മനസുകൾ വായിക്കുന്നതുകൊണ്ടാണ് മതഗ്രന്ഥങ്ങളിൽ നിന്ന് ആയുധങ്ങൾ പുറത്തേയ്ക്ക് വരുന്നത്.

🌺വിശിഷ്ട ഗ്രന്ഥങ്ങളിലെല്ലാം സ്നേഹമേയുള്ളൂ. ആയുധങ്ങളില്ല.

🌺ഞാൻ കുട്ടിക്കാലത്ത് കേൾക്കാനിടവന്ന ഒരു മനോഹരമായ നാട്ടുകവിത എൻ്റെ നാട്ടിൽ പുഞ്ചയ്ക്ക് തേവുന്ന ആളുകൾ ചക്രം ചവിട്ടുമ്പോൾ പാടിയതാണ്.ഒരു മാപ്പിളപ്പാട്ടാണത്.

🌺"പുഞ്ചപ്പാടം തേകി നനയ്ക്കാൻ പാടെന്താണ് 
പക്ഷേ, പുഞ്ചിരി കൊണ്ടൊരു ഖൽബ് നനയ്ക്കാൻ സെക്കൻ്റാണ് "

🌺ഇതിൽ സെക്കൻ്റ് എന്ന ഇംഗ്ലീഷ് വാക്കുണ്ട് ,പുഞ്ചപ്പാടം എന്ന മലയാളം വാക്കുണ്ട് ,ഖൽബ് എന്ന അറബി വാക്കുണ്ട് ,പുഞ്ചിരി എന്ന സംസ്കൃതം വാക്കുണ്ട്.

🌺ഈ രണ്ടുവരിയിൽ നാല് ഭാഷയുണ്ട്. എന്നാൽ ഭാഷകളുടെ സാങ്കേതികത്വമല്ല, മറിച്ച് ഭാഷയ്ക്കുള്ളിലുള്ള സ്നേഹത്തിൽ നിന്നും വിനിമയം ചെയ്യപ്പെടുന്ന സംസ്ക്കാരമാണിവിടെ യഥാർത്ഥ കവിത .

🌺പിൽക്കാലത്ത് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച നമ്മുടെ മഹാകവി അക്കിത്തം ഇങ്ങനെ എഴുതി:

"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം,ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിർമ്മലപൗർണ്ണമി "

🌺പേരറിയാത്തതേക്കുപാട്ടുകാരൻ കവിയും ജ്ഞാനപീഠം നേടിയ അക്കിത്തവും ഒരേ ആശയത്തിൻ്റെ പങ്കാളികളാണ്.

"നിരുപാധികമാം സ്‌നേഹം ബലമായിവരും ക്രമാൽ! അതാണഴ, കതേ സത്യം അതു ശീലിക്കൽ ധർമവും... "അക്കിത്തം

" വിശ്വസംസ്കാര പാലകരാകും
വിജ്ഞരേ യുഗം വെല്ലുവിളിപ്പൂ :
ആകുമോ ഭവാന്മാർക്കു നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ,
സ്നേഹസുന്ദരപാതയിലൂടെ?
വേഗമാവട്ടെ, വേഗമാവട്ടെ ! " (വൈലോപ്പിളളി, കുടിയൊഴിക്കൽ)

🌺വൈലോപ്പിള്ളിയ്ക്കും  സാമൂഹിക ദുർനിയമങ്ങൾ തിരുത്തണമെന്ന് തന്നെയാണ് ആഗ്രഹം.

സമത്വമുണ്ടാകണം.

🌺ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസത്തിൽ മനുഷ്യരെ വേറെയാക്കരുത്. ആണും പെണ്ണും വേറെ എന്ന് തിരിയ്ക്കരുത്. പണവും സമ്പത്തും അധികാരവും പദവിയും പാണ്ഡിത്യവും വേർതിരിക്കലുകൾക്ക് കാരണമാകരുത്.

🌺'ഏകം സത് വിപ്രാ ബഹുധാ വദന്തി: '

'സത്' ഏകമാണ്. പലതായി കാണുന്നു, പറയുന്നു എന്നേയുള്ളൂ

🌺ഈ ഏക സത്യത്തിലേക്ക് എത്താൻ ബഹുസ്വരത വേണം. ഓരോന്നും വ്യത്യസ്ഥമാണ്.ഒരു പൂവ് മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാകുന്നതുപോലെ ഓരോ മനുഷ്യനും മറ്റൊരു മനുഷ്യനിൽ നിന്ന് വ്യത്യസ്തനാണ്.

🌺പ്രതി ജന ഭിന്ന വിചിത്രമാർഗമാണ് കുമാരനാശാൻ ആശാൻ പറയുന്നത്.

🌺"ക്ഷിതിയിലഹഹ! മർത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം
പ്രതിനവരസമാ,മതോർക്കുകിൽ
കൃതികൾ മനുഷ്യ കഥാനു ഗായികൾ! "

🌺ഈ കവികളൊക്കെ പറയുന്നത് കൃതികൾ മനുഷ്യ കഥാനു ഗായികളാണെന്നാണ്.

🌺ഒരുമയ്ക്ക് വേണ്ടിയാണ് ബഹുസ്വരതയെ അംഗീകരിക്കുന്നത്.

🌺മനുഷ്യനു മാത്രമല്ല പ്രകൃതിയിൽ കാണുന്ന സമസ്ത ജീവ ജാലങ്ങളും ജീവിക്കാൻ അവകാശമുള്ള ജീവ വംശങ്ങളാണ്.ജീവനില്ലാത്തവയ്ക്കും ഇവിടെ നിലനിൽക്കാൻ അവകാശമുണ്ട്.

🌺അതു കൊണ്ട് സവിശേഷമായ സംസ്കാരമുള്ള മനുഷ്യൻ സംസ്കാരത്തിൻ്റെ വാഹനമായിട്ട് കാവ്യസംസ്കാരത്തെ കൂടെ കൂട്ടി. അല്ലെങ്കിൽ സംസ്ക്കാരത്തിലേയ്ക്ക് പ്രവേശിക്കാനുള്ള വാതിലുകളായി കവിതയെ ഉപയോഗിച്ചു.

🌺നാടൻ പാട്ടുകളിൽ നല്ല കവിതയുണ്ട്

🌺ഞാൻ പാക്കനാർ പാട്ട് ആദ്യം കേട്ടത് 'നിളയുടെ തീരങ്ങളിലൂടെ ' എന്ന പുസ്തക രചനയുടെ ഭാഗമായി തൃത്താലയുടെ ഭാഗങ്ങളിൽ സഞ്ചരിച്ചപ്പോഴാണ്.

🌺അവിടെ പനമ്പ് നെയ്യുന്ന സ്ത്രീകളാണ് അത് പാടിയത്.

🌺ഇപ്പോൾ കലാഭവൻ മണിയും, കുട്ടപ്പൻ ചേട്ടനുമൊക്കെ അത് പാടി പ്രശസ്തമാക്കിയിട്ടുണ്ട്.

🌺അത് ഭൂമിയുടെ ഉല്പത്തിയെ കുറിച്ചുള്ള പാട്ടാണ്.

🌺"തന്താനേ താനാ തന തന്താനേ താനാ
തന്താനേ താനാ തന തന്താനേ താനാ
തന്താനേ താനാ തന തന്താനേ താനാ
തന്താനേ താനാ തന തന്താനേ താനാ

🌺ആദിയില്ലല്ലോ അന്തമില്ലല്ലോ
ലക്കാലമ്പോയായുഗത്തിൽ
വെട്ടമില്ലല്ലോ വെളിച്ചമില്ലല്ലോ
ലക്കാലമ്പോയായുഗത്തിൽ
എണ്ണമില്ലല്ലോ എഴുത്തുമില്ലല്ലോ
ലക്കാലമ്പോയായുഗത്തിൽ
ഊണുമില്ലല്ലോ ഉറക്കമില്ലല്ലോ
ലക്കാലമ്പോയായുഗത്തിൽ

🌺പച്ചയില്ലല്ലോ ഓശയില്ലല്ലോ
ലക്കാലമ്പോയായുഗത്തിൽ
ആണിയോളം നൂലു വന്നയ്യോ
നൂലു താണയ്യോ താണരുണ്ട്

🌺പാതിമൊട്ട വിണ്ടു പൊട്ടി
മേലു ലോകം പൂകിയല്ലോ
പാതിമൊട്ട വിണ്ടു പൊട്ടി
കീഴു ലോകം പൂകിയല്ലോ "

🌺നിരക്ഷരരായ സ്ത്രീകൾ പാടിപ്പറഞ്ഞത് പാതി മുട്ട വിണ്ടു പൊട്ടിയിട്ടാണ് മേലുലോകവും പതിമുട്ട വിണ്ടു പൊട്ടിയിട്ടാണ് കീഴു ലോകവും ഉണ്ടായതെന്നാണ്. ഭൂമിയുടെ ഉല്പത്തിയെ കുറിച്ചുള്ള സങ്കല്പമാണ്.

🌺ഭൂമി ഗോളാകൃതിയിലാണെന്ന് ശാസ്ത്രലോകം കണ്ടു പിടിയ്ക്കുന്നതിനെ ത്രയോ മുമ്പ് ഒരു നാടോടിക്കവി അവൻ്റെ കല്പന കൊണ്ട്, ഭാവന കൊണ്ട് മുട്ട പാതിയായി രണ്ടു ഭാഗത്തേക്ക് നീങ്ങിയതു പോലെയാണ് മേലുലോകവും കീഴു ലോകവുമെന്ന് പറഞ്ഞു വച്ചു.

🌺ഉത്തരധ്രുവവും ഭക്ഷിണ ധ്രുവവും എന്ന രണ്ട് അർദ്ധഗോളങ്ങൾ.

🌺കവിത ശാസ്ത്രം പറയുന്നു.

🌺കവി ശാസ്ത്രജ്ഞൻ കൂടിയാകണം.

🌺നാട്ടറിവുകളിൽ നിന്ന് നിരീക്ഷണങ്ങളിൽ നിന്ന് കവി ശാസ്ത്രജ്ഞനാകും, നിരീക്ഷകനാകും, സംസ്കാരത്തിൻ്റെ പ്രവാചകനാകും. കവി ക്രാന്തദർശിയാകും.

🌺"ഇനിയും നിളേ നീയിരച്ചുപൊന്തും
ഇനിയും തടം തല്ലി പാഞ്ഞണയും
ചിരി വരുന്നുണ്ടത് ചിന്തിക്കുമ്പോൾ
ഇനി നീയീപാലത്തിൻ നാട്ടനുഴും "
(കുറ്റിപ്പുറം പാലം - ഇടശേരി )
മർത്യ പുരോയാനത്തിൻ്റെ വരും കാലങ്ങളിൽ ഈ അമ്മയായ നദി ഒരു അഴുക്കുചാലായി മാറും.

🌺''കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബപേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ് ''

🌺വരും കാലത്ത് ഈ നദി ഒരു അഴുക്കുചാലായ് മാറുന്നത് എത്രയോ കാലം മുമ്പ് ക്രാന്തദർശിത്തത്തോടെ ഇടശ്ശേരി പറയുകയാണ്.

🌺"മല്ലൂർ കയമിനി ചൊല്ലു മാത്രം 
മല്ലൂരെ തേവർ തെരുവു ദൈവം
ശാന്ത ഗംഭീരമായ് പൊന്തി നിൽക്കും
അന്തിമഹാകാളൻ കുന്നു പോലും
ജൃംഭിത യന്ത്രക്കിടാ വെറിയും
പമ്പരം പോലെ കറങ്ങി നിൽക്കും"

🌺ജെ.സി.ബി കണ്ടു പിടിക്കുന്നതിന് മുമ്പ് അന്തിമഹാകാളൻകുന്ന് ഒരു യന്ത്രക്കിടാവ് പമ്പരം പോലെ കറക്കി എറിയുന്നതിതിനെ കുറിച്ചു പറയാൻ ഒരു കവിയ്ക്ക് എങ്ങനെ കഴിയുന്നു?

🌺കവി സത്യബോധത്തെ ഉപാസിക്കുന്നു.

🌺കവി സ്നേഹത്തെ ഉപാസിക്കുന്നു.

🌺കവി സർവ്വഭൂത ഹൃദയത്വത്തെ സ്വീകരിക്കുന്നു.
ഇതാണാ ചോദ്യത്തിനുള്ള ഉത്തരം.

🌺ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും താൻ തന്നെയാണെന്ന തിരിച്ചറിവ്.

🌺"ആനന്ദ ചിന്മയ ഹരേ ഗോപികാരമണ!
ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ;
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി
തോന്നേണമേ വരദ! നാരായണായ നമഃ "
( എഴുത്തച്ഛൻ - ഭാഗവത കീർത്തനം)

🌺"സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം "

🌺"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു"
(കുമാരനാശാൻ )
   
🌺സ്നേഹമില്ലെങ്കിൽ നമ്മൾ വെറും ശവങ്ങൾ മാത്രമാണ്.

🌺ഈ കോവിഡ് 19 ൻ്റെ കാലത്ത് നിശ്ചേഷ്ടരായി പലയിടങ്ങളിൽ ഇരിക്കുമ്പോൾ നമുക്ക് സ്നേഹത്തിൻ്റെ വിലയറിയാം.

🌺സ്നേഹിക്കാൻ നമുക്കാരും അടുത്ത് വേണമെന്നില്ല. ഒരു പുഴുവിനെയൊ പുൽച്ചാടിയെയോ അകലെ ഇരിക്കുന്ന സുഹൃത്തിനെയോ സ്നേഹിക്കാം. അതിന് കവിത നമുക്ക് ബലം തരും.

🌺ഏത് കവിതയുടെയും ആത്യന്തിക സന്ദേശം സ്നേഹമാണ്.

"രുദിതാനുസാരി കവി"

🌺കരച്ചിലിന് സ്നേഹം തന്നെയാണ് സമാധാനം.

🌺പ്രകൃതിയിൽ നിന്ന് മനുഷ്യൻ അകന്നപ്പോഴാണ് വൈറസുകൾ നമ്മെ ആക്രമിക്കാൻ തുടങ്ങിയത്.

🌺"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ '' (ഇഞ്ചക്കാട് ബാലചന്ദ്രൻ)

🌺ഇത് കവി പാടിയപ്പോൾ വ്യവഹാരിയായ മനുഷ്യൻ വിചാരിച്ചത് ഇതൊന്നും നമ്മെ ബാധിക്കുകയില്ല എന്നാണ്.

🌺എന്നാൽ സൂക്ഷ്മാൽ സൂക്ഷ്മജീവി മനുഷ്യനെ ഭയപ്പെടുത്തിക്കൊണ്ട് കടന്നു വരുന്നു.

🌺ഇതാണ് കാവ്യനീതി.

🌺നാം ഒന്നിനെയും അതിജീവിച്ചത് മസിൽ പവർ കൊണ്ടല്ല.
അധികാരശക്തി കൊണ്ടല്ല.
ആയുധം കൊണ്ടോ അണ്വായുധം കൊണ്ടോ അല്ല.
സ്നേഹം കൊണ്ടും കരുതൽ കൊണ്ടുമാണ്.

🌺ഇന്ന് കോവിഡ് രോഗി കുറ്റവാളിയല്ല. ഒരു കാലത്ത് കുഷ്ഠരോഗിയെ കുറ്റവാളിയായിക്കണ്ട് സമൂഹത്തിൽ മാറ്റി നിർത്തിയിരുന്നു.

🌺"ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ .." എന്ന് കുഷ്ഠരോഗിയുടെ മനസിലെ ദു:ഖഭാരം തിരിമറിഞ്ഞ് വയലാർപാടി.

🌺ആ അവസ്ഥയിൽ നിന്നും രോഗിയെ കാരുണ്യ പൂർവ്വം പരിഗണിക്കാവുന്ന മാനസികാവസ്ഥയിലേക്ക് നമ്മൾ മാറിയതിനു പിന്നിലും കവിതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

🌺"മനുഷ്യാണാം മനുഷ്യത്വം ജാതി'' എന്ന് ശ്രീനാരായണ ഗുരു പറഞ്ഞു.

🌺ഞാനെന്ന ഭാവം ഇല്ലാതാകണമെന്ന് എഴുത്തച്ഛൻ പറഞ്ഞു.

🌺''ഞാൻ പോയാലേ ജ്ഞാനം വരൂ
ജ്ഞാനം വന്നാലേ ഞാൻ പോകൂ"
എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞു. - ഇതൊരു വൈരുദ്ധ്യാധിഷ്ഠിതമായ പ്രശ്നമാണ്. പ്രഹേളികയാണ്.

🌺ഞാനെന്ന അഹങ്കാരം പോയാലേ യഥാർത്ഥ ജ്ഞാനം വരൂ.യഥാർത്ഥ ജ്ഞാനം വന്നാലേ ഞാൻ എന്ന അഹങ്കാരം പോകൂ.

🌺ഈ പ്രതിസന്ധിയാണ് കവി നേരിടുന്നത്.

🌺കവി ഇത് ഒരു സവിശേഷമായ സമനിലയിൽ അനുഭവിക്കുന്നു.

🌺അതെങ്ങനെയെന്ന് ഒരു കവിയ്ക്ക് മറ്റൊരു കവിയ്ക്ക് പറഞ്ഞു കൊടുക്കാനോ ആസ്വാദകരെ പഠിപ്പിക്കാനോ ആവില്ല.

🌺കാവ്യാസ്വാദകൻ അത് സ്വയം ആസ്വദിക്കണം.

🌺"പിതാവ് മാതാവുടപ്പിറന്നോർ
ബാന്ധവരിഷ്ടന്മാർ പ്രേയസി
മക്കൾ ഭുജിഷ്യർ തുടങ്ങി
പ്രേമ പരാധീനർ ........
.............. ( ഉള്ളൂർ)

🌺ഉള്ളൂരിൻ്റെ ഈ കവിത ഉള്ളിൽ തട്ടി പഠിച്ചാൽ ആരും ആത്മഹത്യ ചെയ്യില്ല.

🌺പ്രരോദനത്തിലെ വരികൾ ഉദാഹരിക്കുന്നു.

🌺ഏ.ആർ.രാജരാജവർമ്മയുടെ വിയോഗത്തിൽ ആശാൻ എഴുതിയ വിലാപകാവ്യമാണ് പ്രരോദനം.

🌺"കഷ്ടം!സ്ഥാന വലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി -
ങ്ങോരില്ല ഘോരാനിലൻ
സ്പഷ്ടം മനുഷ ഗർവ്വമൊക്കെയിവിടെ -
പ്പുക്കസ്തമിക്കുന്നിതിങ്ങിഷ്ടന്മാർ പിരിയുന്നു ! ഹാ!
- ഇവിടമാ- ണദ്ധ്യാത്മവിദ്യാലയം"

🌺ശ്മശാനമാണ് അദ്ധ്യാത്മ വിദ്യാലയമെന്ന് കവിയാണ് കണ്ടു പിടിച്ചത്.

🌺"ഏകാന്താദ്വയ ശാന്തിഭൂവിന്
നമസ്കാരം, നമസ്കാരമേ" എന്നും കവി പറയുന്നു.

🌻 *മരണം സത്യമാണ്.*

🌺എന്നാൽ ക്ഷണിക ജീവിതകാലം സൗന്ദര്യപൂർണവും സ്നേഹപൂർണവുമാക്കാനുള്ള സംസ്ക്കാരം ആർജ്ജിക്കലാണ് കവിത.

🌺കവിത പോലെ ജീവിക്കുക.

🌺"അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ " (ആശാൻ, നളിനി )

🌺"അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളശില്ലാത്തോ- ര്‍ക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം (പ്രേമസംഗീതം, ഉള്ളൂർ)

🌺ജാതി നാമാദികൾക്കല്ല ഗുണമെന്ന് എഴുത്തച്ഛൻ പറഞ്ഞു.

🌺മനുഷ്യഗുണമാകുന്ന സംസ്കാരം ആർജ്ജിക്കുക .

🌺കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ...(പൂന്താനം)

🌺അർത്ഥശൂന്യമായ മത്സരങ്ങളിൽ നശിപ്പിക്കാനുള്ളതല്ല മനുഷ്യജീവിതം.

🌺"ദാരിദ്യമെന്നതറിഞ്ഞവർക്കേ
പരിൽ പര ക്ലേശ വിവേകമുള്ളൂ"
 (കുഞ്ചൻ നമ്പ്യാർ )
"ഇല്ലങ്ങളിൽ ചെന്നിരന്നിരുന്നാൽ
ഇല്ലെന്നു ചൊല്ലുന്ന ഇനങ്ങളോടും
അല്ലെങ്കിലാഴക്കരി നൽകുമപ്പോൾ
നെല്ലെങ്കിൽ മുഴക്കതും ......."
കുചേലൻ്റെ ദാരിദ്രത്തെ നമ്പ്യാർ വിവരിക്കുന്ന വരികൾ.

🌺ദാരിദ്ര്യം തന്നെയാണ് പാഠ ശാല

🌺വൈലോപ്പിള്ളിയുടെ 'അരിയില്ലാഞ്ഞിട്ട് ' എന്ന കവിതയിൽ

🌺"കരയുന്നതിനിടയ്‌ക്കോതിനാള്‍ കുടുംബിനി
‘അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ”

🌺ഇവിടെ ഇതു പറയാനുള്ള ധീരതയാണ് കവിത. ഇത് ഒരു വിപ്ലവമാണ്.

🌺രാജാവ് പഞ്ചസാരയ്ക്ക് കയ്പ്പാണെന്നു പറഞ്ഞാൽ ആ കയ്പ് അടിയന് ഇഷ്ടമാണെന്നു പറയാനുള്ള ധീരത കവികൾ എന്നും കൊണ്ടു നടന്നിട്ടുണ്ട്.

🌺ഹിംസക്കെതിരെ ശബ്ദമുയർത്താൻ കവികൾക്ക് കഴിയും.

🌺ആത്മഹത്യ ചെയ്യാതിരിക്കാനും ക്രിമിനലാകാതിരിക്കാനും മാനസിക തകർച്ച വരാതിരിക്കാനും നല്ല കവിതകൾ പ്രയോജനപ്പെടും.

🌺"ഉയിരിൻ കൊലക്കുടുക്കാവും കയറിനെ
ഉഴിഞ്ഞാലാക്കി തീർക്കാൻ കഴിഞ്ഞതല്ലോ ജയം" ഊഞ്ഞാൽ എന്ന കവിതയിൽ വൈലോപ്പിള്ളി പറയുന്നു.
"ഒരു വെറ്റില നൂറുതേച്ചു തന്നാലും നീ
ഈ തിരുവാതിര രാവ് താമ്പൂല പ്രിയയല്ലോ " (വൈലോപ്പിള്ളി )

🌺"അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു
സുഖത്തിനായു് വരേണം"
(ആത്മോപദേശ ശതകം - ശ്രീ നാരായണ ഗുരു)

🌺"പിതാവ് മാതാവുടപ്പിറന്നോർ ... എന്ന ഉള്ളൂർ കവിതയോട് ചേർത്ത് വയ്ക്കാവുന്ന വയലാറിൻ്റെ സിനിമാ ഗാനം" ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ...."

🌺ഒരാൾ മറ്റൊരാൾക്ക് കാവലാകുന്ന സംസ്കൃതി.

🌺"ഇനി നീ ഉറങ്ങുക.ഞാനുണർന്നിരിക്കാം " (ഒ.എൻ.വി)

🌺എവിടെയും എനിക്കൊരു വീടുണ്ട്. അപരൻ്റെ ദാഹത്തിന് എൻ്റേതിനേക്കാൾ കരുതലും കരുണയുമായി ...

🌺ആ വീടിൻ്റെ ഉമ്മറത്തിരുന്ന് "വിഹ്വല നിമിഷണളെ നിങ്ങളീ വീടൊഴിയുക നിറവാർന്ന കേവലാഹ്ലാദമേ പോരിക" എന്ന് ഒ.എൻ വി.

🌺വിഹ്വല നിമിഷങ്ങൾ നമ്മളിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ.

🌺നിത്യ വിശുദ്ധമായ സ്നേഹത്തിൻ്റെ വീട്ടിൽ നാം ഇരിക്കുക.

🌺കവിതയുടെ സംസ്കാരം നിങ്ങൾക്ക് പ്രയോജനപ്പെടട്ടെ.

🌺പ്രസാദാത്മകമായ കവിതകളിലൂടെ, താളവഴക്കമുള്ള കവിതകളിലൂടെ കാവ്യലോകത്ത് തൻ്റെ ഇടം അടയാളപ്പെടുത്തിയ കവിയാണ് ശ്രീ. ആലങ്കോട് ലീലാകൃഷണൻ. അദ്ദേഹത്തിൻ്റെ എഴുത്തുകളിലൂടെ നമുക്കും ദേശത്തെ അറിയാം. മാനവികതയുടെ മിടിപ്പറിയാം. വായിക്കുക. കവിത പോലെ ജീവിക്കുക.

✒️  *കുറിപ്പ് തയ്യാറാക്കിയത്:*

തസ്മിൻ ഷിഹാബ്
ജി.എച്ച്.എസ്.എസ്
പേഴയ്ക്കാപ്പിള്ളി
എറണാകുളം 


No comments: