ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, May 13, 2013

ക്ലാസിലെ വൈവിധ്യത്തെ ആഘോഷിക്കാം


ചോദ്യം 1: പഠിപ്പിക്കുന്നതിനായി ഏറ്റവും സമര്‍ഥരായ കുട്ടികളുടെ ക്ലാസാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? (ഉളളിന്റയുളളില്‍ ഈ ചിന്ത കിടപ്പുണ്ടോ എന്നു പരിശോധിക്കുക) 
നമ്മുടെ സമൂഹം വിവധ സാംസ്കാരിക സാമൂഹിക മാനമുളളതാണ്
  • വിവിധ മതക്കാര്‍. ജാതികള്‍, ഉപജാതികള്‍
  • വിവിധ തൊഴില്‍മേഖലയില്‍പ്പെട്ടവര്‍
  • വിവിധ സാമ്പത്തിക നിലയിലുളളവര്‍
  • വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുളളവര്‍
  • പാര്‍ശ്വവത്കരിക്കപ്പെട്ടവരും അല്ലാത്തവരും
ഇങ്ങനെയുളള വൈവിധ്യത്തില്‍ നിന്നും മധ്യവര്‍ഗത്തെയും അതിനുപരിയുളളവരേയും എന്റെ മതക്കാരേയും മാത്രമേ പരിഗണിക്കൂ എന്നു ചിന്തിക്കുന്നവര്‍ നടത്തുന്ന വിദ്യാലയങ്ങള്‍ വ്യാപകമാകുന്നുണ്ട്.
പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ അതിനെ പ്രതിരോധിക്കുന്നത് വൈവിധ്യത്തെ ആഘോഷിച്ചു കൊണ്ടാകണം.
സാംസ്കാരിക വൈവിധ്യത്തോടു പ്രതികരിക്കുന്ന വിദ്യാഭ്യാസം
  • സെപ്തംബര്‍ പതിനൊന്നിനു ശേഷം അമേരിക്കയിലും മറ്റും അന്യമതസ്ഥരോടു വിദ്വേഷം രൂപപ്പെടാത്തതിനുളള മുന്‍കരുതലുകള്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നുണ്ട്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ ഇടപടെല്‍ ശക്തമാകുന്ന സാഹചര്യത്തില്‌ ലോകമെമ്പാടും സാംസ്കാരിക വൈവിധ്യത്തോടു പ്രതികരിക്കുന്ന വിദ്യാഭ്യാസം അനിവാര്യമായി വരുന്നു.
  • ദുര്‍ബലജനവിഭാഗങ്ങളുടെ വിദ്യാഭ്യാസം അവരെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ സഹായിക്കുന്നതാകണം. നല്ല അറിവും കഴിവും നേതൃത്വനൈപുണിയും സംഘാടകശേഷിയും ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്കു പിടിച്ചു നില്‍ക്കാനും ഇടം കണ്ടെത്താനും കഴിയൂ. പുരോഗമനവിദ്യാഭ്യാസ പ്രവര്‍ത്തരായ അധ്യാപകരുടെ കടമായണ് ഇവരെ ശാക്തീകരിക്കുക എന്നത്. അതു ക്ലാസിലും വിദ്യാലയത്തിലും ജീവിക്കുന്ന പത്തു വര്‍ഷം കൊണ്ട് സാധ്യമാക്കാനാകുന്നതേയുളളൂ. അതൊന്നും ചെയ്യാതെ അവധിക്കാലത്ത് ക്യാമ്പും മറ്റും നടത്തുന്നത് സാധ്യായദിനശാക്തീകരണത്തിന്റെ സാധ്യതകളെ പാഴാക്കിയിട്ടാണ് എന്നത് നമ്മെ പരിഹസിക്കുന്നു.
ത്രീ ഡി സമീപനം
വ്യക്തിപരം, സ്ഥാപനപരം, ബോധനപരം എന്നിവയാണ് ത്രീമാനങ്ങള്‍. ഇവയിലെല്ലാം ഇടപെടാതെ വൈവിധ്യത്തെ ആഘോഷിക്കാനാകില്ല. അധ്യയനത്തെ പോരാട്ടമാക്കാനും കഴിയില്ല.
  1. വ്യക്തിപരം
  • അധ്യാപകബോധവുമായി ബന്ധപ്പെട്ടതാണിത്. ചില കുട്ടികള്‍ നന്നാകില്ല എന്ന് അധ്യാപകര്‍ക്കു മുന്‍വിധിയുണ്ട് അധസ്ഥിതരുടെ മക്കളോടുളള സമീപനം പ്രതിഫലിക്കുന്ന സംഭാഷണങ്ങള്‍ സ്റ്റാഫ് റൂമില്‍ കേള്‍ക്കാം. ചിന്തേരിട്ടു മിനുക്കിയാകും പറയുക. "വീട്ടില്‍ ശ്രദ്ധിക്കില്ല. അല്ലേലും ഇന്നയാളുടെ കുട്ടിയല്ലേ? ഇന്ന വീട്ടിലെ കുട്ടിയല്ലേ? വീട്ടീന്നു ഒഴിവാക്കി വിട്ട പോലെയാ..വീട്ടിലെ സംസ്കാരമല്ലേ കാട്ടൂ..അവനച്ഛനില്ലാതെയല്ലേ വളരുന്നത്, ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാ,”
  • പഠനത്തില്‍ വീഴ്ചവന്നാല്‍ ഉത്തരവാദി കുട്ടി. "മാര്‍ക്ക് കൂടുതല്‍ കിട്ടിയാല്‍ ഞാന്‍ പഠിപ്പിച്ച കുട്ടി!". കൈയൊഴിയാനും കൈയേല്‍ക്കാനും വഴങ്ങുന്ന മനസ് എപ്പോഴും, വിജയിക്കുന്നവര്‍ക്കും ശക്തര്‍ക്കുമൊപ്പം.
  • സ്വയം തിരിച്ചറിയാന്‍ ശ്രമിക്കാത്ത അധ്യാപകര്‍. എപ്പോഴും അവരവരെ ന്യായീകരിക്കും. ശരി സ്വന്തം പക്ഷത്താണത്രേ. സ്വന്തം മൂല്യബോധം, കാഴ്ചപ്പാട്, വിശ്വാസം,മനോഭാവം ഇവ വിവേചനരഹിതമാണോ എന്നു പരിശോധിക്കാറുണ്ടോ.?
  • ആദ്യം വേണ്ടത് തന്റെ ഉളളിലേക്കു നോക്കുകയാണ്. പിന്നാക്കം നില്‍ക്കുന്നകുട്ടികള്‍, വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലമുളളകുട്ടികള്‍ എല്ലാവരും "എന്റെ ആശ്ര‌യമാണ് ഈ ടീച്ചര്‍ "എന്നു വിശ്വസിക്കുന്നുണ്ടോ?
  • സ്വന്തം മനോഭാവവും കാഴ്ചപ്പാടും രൂപപ്പെട്ടതെങ്ങനെ? ഒരു ചരിത്രപരമായ വിശകലനം നടത്താം.
  • എത്ര കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിച്ചു? ഇത്രയും അടുത്തിടപഴകുന്നവര്‍ തമ്മില്‍ ആത്മബന്ധം വളരാത്തതെന്തു കൊണ്ട്? എത്ര കുട്ടികള്‍ വീട്ടിലേക്ക് ക്ഷണിച്ചു? അധ്യാപരും വിദ്യാര്‍ഥികളും തമ്മിലുളള ബന്ധം ഔപചാരികം ആകുന്നുണ്ടോ? അടുത്ത വര്‍ഷം സമീപനത്തില്‍ മാറ്റം വരുമോ? എന്താണ് പിന്നോട്ടു വലിക്കുന്ന ഘടകം. സ്വാര്‍ഥത എന്നതിന്റെ വകഭേദമല്ലേ അത്?
  • വൈവിധ്യത്തോടുളള സ്വന്തം സമീപനവും ഇടപെടല്‍ രീതിയും വ്യക്തമായി തീരുമാനിക്കാനിതു വരെ കഴിഞ്ഞിട്ടില്ലെങ്കില്‍ അതുടനേ പരിഹരിക്കുക
  1. സ്ഥാപനപരം
  • ഭരണപരമായതലം.വൈവിധ്യത്തെ അംഗീകരിക്കാനും എല്ലാവരുടേയും പ്രത്യേകിച്ച് പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ കാര്യത്തില്‍ അറിവിന്റേയും കഴിവിന്റേയും കാര്യത്തിലല്‍ വിട്ടു വീഴ്ചയില്ലാത്ത സമീപനം ആദ്യമാസം മുതല്‍ പ്രകടമാണോ? വിദ്യാലയത്തില്‍ പരിഗണനകൂട്ടാനൊരു പ്രവര്‍ത്തന പദ്ധതിയുണ്ടോ? നേട്ടത്തെ അപ്പപ്പോള്‍ കണ്ടെത്താനും ഇടപെടാനും കഴിയുന്നുണ്ടോ? അതോ എല്ലാം മുറ പോലെ എന്ന സമീപനമാണോ?
  • ഇത്തരം കാര്യത്തില്‍ സമൂഹത്തിന്റെ പിന്തുണ നേടാനാഗ്രഹിക്കാതെ പോകുന്നുണ്ടോ?
  • സ്റ്റാഫ് സെക്രട്ടറി, എസ് ആര്‍ ജി കണ്‍വീനര്‍, എസ് എം സി ഭാരവാഹികള്‍, പിടി എ പ്രസിഡന്റ് ,പ്രഥമാധ്യാപകന്‍ എന്നവര്‍ ഇക്കാര്യത്തിനു വേണ്ടി മാത്രം ആലോചനായോഗം നടത്തിയോ? അജണ്ടകളില്‍ സ്ഥാനമുണ്ടോ?
  • ക്ലാസില്‍ ചെന്നാല്‍ എല്ലാ കുട്ടികളെയും അംഗീകരിക്കുന്നതായി കാണാറുണ്ടോ? കുട്ടികളുടെ ആത്മവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിധം അവരുടെ നേട്ടങ്ങള്‍ ബുളളറ്റിന്‍ ബോര്‍ഡില്‍ പ്രജര്‍ശിപ്പിക്കാറുണ്ടോ? തഴയപ്പെടുന്നവരുണ്ടോ?
  • പങ്കാളിത്തത്തെക്കുറിച്ച് വിദ്യാലയനേതൃത്വത്തിന്റെ കാഴ്ചപ്പാട് എന്താണ്?
  1. ബോധനപരം
  • ബോധനത്തിനുളള ഉപകരണങ്ങളായ പാഠം, പഠനരീതി,പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണക്കിലെടുത്താകണം.കഴിഞ്ഞ വര്‍ഷത്തെ ടീച്ചിംഗ് മാന്വല്‍ നോക്കൂ .അത് അത്തരം സൂക്ഷ്മത പ്രതിഫലിപ്പിക്കുന്നുണ്ടോ?
  • വൈവിധ്യത്തെ മാനിക്കണമെന്ന പാഠം കുട്ടികള്‍ക്കെങ്ങനെയാണ് നല്‍കിയത്. ക്ലാസിലെ കുട്ടികളുടെ സാംസ്കാരികാനുഭവത്തെ പാഠമാക്കി മാറ്റാനൊരിക്കലെങ്കിലും കഴിഞ്ഞുവോ?
  • കുട്ടികളെ റിസോഴ്സ് പേഴ്സണായി എപ്പോഴെങ്കിലും പ്രയോജനപ്പെടുത്തിയോ?
  • പരസ്പരബഹുമാനം കുട്ടികല്‍ തമ്മിലും അധ്യാപികയും കുട്ടികളും തമ്മിലുമുണ്ടോ? അതോ കുട്ടികളെ ബഹുമാനിക്കുക ചീത്തക്കാര്യമായി കരുതുന്നുവോ? എങ്ങനെയാണ് ഈ പരസ്പരബഹുമാനം വളര്‍ത്തുക. ആശയങ്ങളെ മാനിച്ച്, കഴിവിനെ അംഗീകരിച്ച്, മാതൃകകളെ പ്രോത്സാഹിപ്പിച്ച്, അനുഭവങ്ങളെ പ്രയോജനപ്പെടുത്തി, നന്മകളുടെ ചെറുകണകകളെപ്പോലും ഉയര്‍ത്തിക്കാട്ടി...
  • ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ? എത്ര കുട്ടികള്‍ ഇണക്കത്തോടെ കഴിയുന്നു? കുട്ടികള്‍ തമ്മിലുളള പിണക്കം തീര്‍ക്കാന്‍ മീഡിയേറ്ററായി പ്രവര്‍ത്തിച്ച അനുഭവം? (പോലീസായി പ്രവര്‍ത്തിച്ചിതല്ല) അവര്‍ പരസ്പരം മനസിലാക്കാനായി ചെയ്ത പ്രവര്‍ത്തനം ( ഇന്നു നമ്മള്‍ക്ക് പരസ്പരം അറിയാം. അഭിമുഖജോഡികള്‍ ) ഒരാഴ്തത്തെ സ്ഥിരം ഗ്രൂപ്പ്...
  • സജീവപഠനപങ്കാളി എന്നാലെന്തെന്ന് കുട്ടികള്‍ക്കറിയുമോ? അവരുമായി ചേര്‍ന്ന് മാനദണ്ഡം വികസിപ്പിച്ചോ? ലക്ഷ്യം തീരുമാനിക്കുന്നതിലെ പങ്കാളിത്തം മുതല്‍ വിലയിരുത്തുന്നതിലെ പങ്കാളിത്തം വരെ? ഗ്രൂപ്പിലെ പാര്‍ശ്വവത്കരണത്തെ എങ്ങനെ മറികടക്കുമെന്ന് അവര്‍ക്കിപ്പോഴറിയാമോ?
  • തങ്ങള്‍ സ്വതന്ത്ര ചിന്തകരാണെന്ന ബോധം കുട്ടികള്‍ക്കുണ്ടോ? എങ്കിലല്ലേ അവരുടെ ആശയങ്ങള്‍ ക്ലാസില്‍ വിലമതിക്കൂ.
  • വ്യത്യസ്ത കാഴ്ചപ്പാടുകളോടുളള സമീപനം എന്നാണ് ക്ലാസില്‍ അനുഭവമായത്? അത്തരം കെയ്സുകള്‍ അവതരിപ്പിച്ച് എന്തു നിലപാടെടുക്കുമെന്നു ചോദിച്ചുവോ?ക്ലാസനുഭവങ്ങളെത്തന്നെ വിശകലനം ചെയ്യാറുണ്ടോ? ഒരാളുടെ വാദം പൂര്‍ത്തീകരിക്കുന്നതിനു മുമ്പേ ചാടിവീണ് ന്യായീകരിക്കുന്ന ശീലം കുട്ടികള്‍ അവസാനിപ്പിച്ചുവോ? വ്യത്യസ്ത നിലപാടുകളുടെ ശരിതെറ്റുകള്‍ പരിശോധിച്ച് കൂടുതല്‍ ശരി തെരഞ്ഞെടുക്കാനെത്ര സന്ദര്‍ഭങ്ങള്‍ കിട്ടുന്നു?
  • തനിക്ക് പ്രസക്തമെന്നു തോന്നുന്ന സാമൂഹിക പ്രശ്നങ്ങള്‍ വാര്‍ത്തകളായി വരുന്ന ദിവസം അതു ചര്‍ച്ച ചെയ്യണമെന്നു കുട്ടികള്‍ ആവശ്യപ്പെടാറുണ്ടോ? അവരെ പുസ്തക്ത്തില്‍ മാത്രം തളച്ചിട്ടാല്‍ സമൂഹത്തെ മറന്ന വിദ്യാഭ്യായമല്ലേ കിട്ടുക. സമൂഹത്തെ അറിയുക വിദ്യാഭ്യാസമല്ലെന്ന് ആരാണ് തീരുമാനിച്ചത്?
കുറേ ചോദ്യങ്ങള്‍
ചോദ്യങ്ങളുന്നയിക്കുക
അവരോട് ആദ്യം
പിന്നെ മറ്റുളളവരോട് 
ഉത്തരം കിട്ടാതിരിക്കില്ല.

Thursday, May 9, 2013

ഏറ്റവും പ്രിയപ്പെട്ട അധ്യാപകരാകാം ഈ പുതുവര്‍ഷത്തില്‍ (2)


വിദ്യാലയം വിളിക്കുന്നു
വരൂ കുട്ടികളേ... ഉല്ലാസത്തുമ്പികളേ.. വരൂ..
അവര്‍ പലവര്‍ണങ്ങളിലാണ് വരവ്.
ആദ്യദിനം ആഹ്ലാദിക്കട്ടെ.
രണ്ടാം ദിനം അധ്യാപകരെ വിലയിരുത്താന്‍ കുട്ടികള്‍ക്കവസരം കൊടുത്താലോ
കുട്ടികള്‍ തന്നെ അവരിഷ്ടപ്പെടുന്ന അധ്യാപകരുടെയും ഇഷ്ടപ്പെടാത്ത അധ്യാപകരുടേയും പ്രത്യേകതകള്‍ വ്യക്തിഗതമായി എഴുതാന്‍ പറയാം. അതു ഗ്രൂപ്പില്‍ ക്രോഡീകരിക്കണം.
ഒരു ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ലിസ്റ്റാണ് ചുവടേ..
അതിനു ശേഷം വിദ്യാലയത്തിലെ എല്ലാ അധ്യാപകരെയും ഈ ചെക് ലിസ്റ്റ് ഉപയോഗിച്ച് വിലയിരുത്താം. അധ്യാപകരുടെ പേരു വ്യക്തമാക്കാതെ.
ഓരോ സൂചകത്തിനു നേരെയും എത്ര അധ്യാപകര്‍ എന്നു കോഡുപയോഗിച്ചെഴുതണം ,ഇതും വ്യക്തഗിതമായി ചെയ്യണം. അതിനു ശേഷം ക്രോഡീകരണം അധ്യാപകന്‍ നടത്തണം. സ്റ്റാഫ് മീറ്റിംഗില്‍ അവതരിപ്പിച്ച് പരിവര്‍ത്തനത്തിനുളള തീരുമാനം എടുക്കണം

ഇഷ്ടമുളള അധ്യാപകരുടെ പ്രത്യേകതകള്‍
ഇഷ്ടമില്ലാത്ത അധ്യാപകരുടെ പ്രത്യേകതകള്‍
കുട്ടികളെ ഇഷ്ടപ്പെടുന്നു
എന്തു പറഞ്ഞാലും കളിയാക്കുന്നു
സ്നേഹത്തോടെ വാത്സല്യത്തോടെ പെരുമാറുന്നു
സംശയം ചോദിച്ചാല്‍ ദേഷ്യത്തോടെ പെരുമാറുന്നു
സൂഹൃത്തിനെ പോലെ ഇടപെടുന്നു
നല്ലവണ്ണം അടിക്കും,( തെറ്റു ചെയ്താലും ഇല്ലെങ്കിലും)
അറിയാത്ത കാര്യങ്ങള്‍ ക്ഷമയോടെ വിശദമായി പറഞ്ഞു തരുന്നു
പഠിപ്പിക്കുന്നകാര്യത്തില്‍ താല്പര്യമില്ല
കുട്ടികള്‍ക്കു മനസിലാകുന്ന വിധത്തില്‍ സംസാരിക്കുന്നു
പാഠങ്ങള്‍ മുഴുവന്‍ പഠിപ്പിക്കില്ല
ഇഷ്ടമുളള കാര്യങ്ങളില്‍ സ്വതന്ത്രമായി പങ്കെടുക്കാന്‍ സഹായിക്കുന്നു
ചില കുട്ടികളോടു മാത്രം ഇഷ്ടം കാണിക്കുന്നു, ഇടപെടുന്നു
അധികം ദേഷ്യപ്പെടാതെ പെരുമാറുന്നു
ഒന്നും മനസിലാക്കാന്‍ കഴിയാതെ പഠിപ്പിക്കുന്ന ആള്‍
പ്രശ്നങ്ങളും പ്രയോസങ്ങളും തുറന്നു പറയാം
കളിക്കാനുളള പിരീഡും ക്ലാസെടുക്കും
എല്ലാപേരേയും ഒരു പോലെ കാണുന്നു
കുട്ടികളോടു വെറുപ്പായേ പെരുമാറൂ
തെറ്റു ചെയ്താലും ദേഷ്യപ്പെടാതെ പറഞ്ഞു മനസിലാക്കുന്നു
വെറുതേ ചൂടാകുന്നു, കാര്യമറിയാതെ തല്ലുന്നു
പാട്ടും തമാശകളുമൊക്കെപ്പറഞ്ഞ് ചിരിച്ച് ക്ലാസെടുക്കുന്നു
എല്ലാപേരേയും നിരത്തി അടിക്കുന്നു
വടിയില്ലാതെ പേടിപ്പിക്കാതെ ക്ലാസെടുക്കുന്നു
ക്ഷമയില്ലാതെ, ക്ഷമിക്കാതെ പെരുമാറുന്നു
രസമായി ആസ്വദിക്കാന്‍ കഴിയും വിധം ക്ലാസെടുക്കുന്നു
സ്നേഹത്തോടെ ഒറു നല്ല വാക്കു പോലും പറയില്ല
ചിരിച്ചുകൊണ്ട് ക്ലാസിലേക്ക വരുന്നു
ക്ലാസില്‍ വന്ന് വെറുതേയിരിക്കും ചിലപ്പോള്‍ ഉറങ്ങും
കുട്ടികളോടൊപ്പം എന്തിനും കൂട്ടുകൂടുന്നു
കുറച്ചു മോഡേണ്‍ ആയി കുട്ടികള്‍ വന്നാല്‍ കളിയാക്കും, ചീത്ത പറയും
വെറുതേയിരിക്കുമ്പോള്‍ കഥ പറയുന്നു
ഇഷ്ടമില്ലാത്തവരോടേ വെറുതേ കാരണമുണ്ടാക്കി തല്ലും
എന്തു കാര്യവും ( ടീച്ചറുടെ വിഷമങ്ങള്‍ പോലും) കുട്ടികളുമായി പങ്കുവെക്കുന്നു
കുട്ടികളെ ഉപദ്രവിക്കുന്നു


കൃത്യമായി ക്ലാസില്‍ വരില്ല


സ്റ്റൈലായി ക്ലാസിലെത്തുന്നു


കുട്ടികളുടെ പഠിപ്പിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല


നല്ലവണ്ണം പഠിക്കുന്നവരോടു മാത്രം സ്നേഹത്തോടെ പെരുമാറും.അല്ലാത്തവരോട് ദേഷ്യം


കുട്ടികളുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ തയ്യാറാകുന്നില്ല
(എന്റെ സുഹൃത്ത് ശ്രീ രാജന്‍ പാലക്കാട് ജില്ലയിലെ ഹൈസ്കൂള്‍ അധ്യാപകനാണ്
അദ്ദേഹം തന്റെ വിദ്യാലയത്തില്‍ ചെയ്ത പ്രവര്‍ത്തനമാണിത്.)
അധ്യാപകരെ വിലയിരുത്തുന്നതു പോലെ കുട്ടികളെ വിലയിരുത്താനും ചെക്ക് ലിസ്റ്റ് ഉണ്ടാക്കണം
അത് ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലും കുട്ടികള്‍ ക്രോഡീകരിച്ച് അവരുടെ പെരുമാറ്റ മാര്‍ഗരേഖ തയ്യാറാക്കമം. സ്കൂള്‍ പാര്‍ലമെന്റ് മോണിറ്ററ്‍ ചെയ്യണം.
എല്ലാവരും ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥിയുടെ സവിശേഷതകള്‍
ഇഷ്ടപ്പെടാത്ത വിദ്യാര്‍ഥിയുടെ സവിശേഷതകള്‍









Friday, May 3, 2013

പുതുവര്ഷം നമ്മുടെതാണ് -1(വിദ്യാലയവിലയിരുത്തല്‍ നയരേഖ)

പുതിയ അക്കാദമിക വര്‍ഷം നമ്മുടേതാണ്. ഇതു വരെ നമ്മെ പലരും പരിശീലിപ്പിച്ചു. ഇനി എല്ലാവര്‍ക്കും പരിശീലിക്കാനുളള മാതൃകകള്‍ സ്വയം വികസിപ്പിക്കാം.
ചില തീരുമാനങ്ങള്‍ എടുക്കണം.
  1. കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമല്ല വരും വര്‍ഷം
അതെ, അങ്ങനെ ഫോട്ടോക്കോപ്പിയാകാന്‍ പുതുവര്‍‌‍ത്തെ വിട്ടു കൊടുക്കില്ല എന്നു കരുതണം. എല്ലാ കാര്യങ്ങളിലും നൂതനത്വം വരുത്തുക. ഓരോ വര്‍ഷവും നാം ലോകത്തെ പുതുക്കുകയാണ്.
  1. ഞാന്‍ നിര്‍ണായകമാണ്.
ഞാന്‍ എന്നത് നിര്‍വചിക്കപ്പെടണം. മറ്റുളളവരെ അനുകരിക്കുന്ന വ്യക്തിയാണോ, അനുസരിച്ച് ചട്ടപ്പടി ചെയ്യുന്ന ആളാണോ? അതോ മറ്റുളളവര്‍ക്ക് അനുകരണീയ മാതൃകകള്‍ സൃഷ്ടിക്കുന്ന നിരന്തരം പ്രചോദിപ്പിക്കുന്നയാളോ? ( കഴിഞ്ഞ വര്‍ഷം ഇങ്ങനെയായിരുന്നോ? അതോ ഉഴപ്പിനു ചൂട്ടു പിടിച്ചുവോ? അധ്യാപനക്കുറിപ്പെഴുതുന്നതില്‍, ആസൂത്രണം നടത്തുന്നതില്‍, കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതില്‍...)
  1. ദിശാബോധം രൂപപ്പെടുത്തല്‍
ഇത് വളരെ പ്രധാനമാണ്. പ്രഥമാധ്യാപികയുടെ കടമയാണിതെന്ന ചിന്ത വേണ്ട. നമ്മള്‍ക്ക് ചെറിയ ചെറിയ ഇടപെടലുകളിലൂടെ ഇതു സാധ്യമാക്കാം. ഒറ്റ വര്‍ഷം ഒത്തിരി നേട്ടം എന്നിങ്ങനെ പ്രചോദിപ്പിക്കുന്ന ഒരു മുദ്രാവാക്യം ഈ വര്‍ഷം വിദ്യാലയത്തിനു വേണമെന്നു പറയാം. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും തൃപ്തി നല്‍കുന്നതാകണം ആ മുദ്രാവാക്യം. അങ്ങനെയൊന്ന് അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍ തയ്യാറാക്കാനായി ഒരു ചെറുസംഘത്തെ കൂടി കൂട്ടൂ..
എന്തു പ്രവര്‍ത്തനത്തിനും ഒരു സമീപനം വേണം.
അത് അപ്പപ്പോള്‍ തീരുമാനിക്കുന്നതാകരുത്.
  • കായിക പരിശീലനത്തിനുളള നയരേഖ
  • സാംസ്കാരിക സാഹിത്യ പ്രവര്‍ത്തനരേഖ
  • ജന്‍ഡര്‍ നയരേഖ
  • രക്ഷാകര്‍തൃസഹകരണത്തിനുളള പ്രവര്‍ത്തനരേഖ
  • വിദ്യാലയ വിലയിരുത്തല്‍ രേഖ
  • അധ്യാപനശേഷീ വികസനത്തിനുളള സമീപന രേഖ
  • വിദ്യാര്‍ഥി അവകാശ സംരക്ഷണത്തിനുളള സമീപന രേഖ
  • വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനുളള വിദ്യാലയ സമീപനം
ഇങ്ങനെ ചെറിയ രേഖകള്‍ തയ്യാറാക്കണം. വിദ്യാലയ വികസനരേഖ പോര. ഇവയാണ് വിദ്യാലയ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനായി അടിസ്ഥാനമാക്കേണ്ടത്.
ഈ പോസ്റ്റ് വിദ്യാലയ വിലയിരുത്തലിനുളള നയരേഖയെക്കുറിച്ചുളളതാണ്
കുട്ടിയെ മാത്രമാണ് ഇപ്പോള്‍ ചിട്ടയോടെ വിലയിരുത്തുന്നത്. വിദ്യാഭ്യാസത്തിലെ ഒരു കണ്ണി മാത്രം നന്നായാല്‍ മതി എന്ന കാഴ്ചപ്പാടാവും ഇതിന്റെ പിന്നില്‍. അല്ലെങ്കില്‍ അധികാരികള്‍ വിലയിരുത്തപ്പെടേണ്ടതില്ല എന്ന അഹങ്കാരമാകാം. വിലയിരുത്തിയാല്‍ മെച്ചപ്പെടും എന്നു വിശ്വസിക്കുക. പഠനമികവും അധ്യയനമികവും ഉത്തരവാദിത്വമികവും ഭരണമികവും പ്രധാനമല്ലേ? (അല്ലെന്നുണ്ടെങ്കില്‍ വേണ്ട.ഇനിയുളള ഭാഗം വായിക്കേണ്ട. മൗസ് ചലിപ്പിച്ചോളൂ. ക്ലോസ് ചെയ്യൂ.)
ഉയര്‍ന്ന പ്രതീക്ഷയുളളവര്‍ക്കായ്.
അഞ്ചു കാര്യങ്ങളാണ് വിദ്യാലയ വിലയിരുത്തലില്‍ പരിഗണിക്കുന്നത് ( കൂടുതല്‍ ആവാം)
  1. പഠനബോധനപ്രക്രിയ
  2. പഠനനേട്ടം
  3. പഠനാന്തരീക്ഷം
  4. അധ്യാപകരുടെ സജ്ജമാകല്‍
  5. പിന്തുണാന്തരീക്ഷം
ഇവയുടെ വിശദാംശമിങ്ങനെ

വിലയിരുത്തല്‍ മേഖലകള്‍
വിശദാംശങ്ങള്‍
1


പഠനബോധനപ്രക്രിയ
  1. പഠനാനുഭവങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാട് വിദ്യാലയത്തിലെഎല്ലാവര്‍ക്കും ഒരേ ധാരണയോണെന്നെങ്ങനെയറിയാം?
  2. കുട്ടികളില്‍ വളരേണ്ട പഠനനൈപുണികള്‍ കൃത്യതപ്പെടുത്തിയോ?
  3. ഒരേ കാര്യം പല രീതിയില്‍ പഠിപ്പിക്കേണ്ടതിന്റെ പ്രസക്തി ചര്‍ച്ച ചെയ്യുകയും ഫലം അനുഭവിക്കുകയും പഠനപിന്നാക്കാവസ്ഥ പരിഹരിക്കുകയും.
  4. എല്ലാവരേയും പരിഗണിക്കല്‍ എന്നതിനേടുളള സമീപനം പ്രായോഗികമാക്കാനുളള നടപടി.വെല്ലുവിളി.
  5. പ്രക്രിയാപരമായ ജാഗ്രതയും സമയവുമായി പൊരുത്തപ്പെടുത്തലും ഈ വര്‍ഷത്തെ ലക്ഷ്യമാക്കാമോ?



പഠനനേട്ടം
  1. ഓരോ ക്ലാസിലും ഓരോ മാസവും നേടേണ്ട കഴിവുകള്‍?
  2. ഓരോ കുട്ടിയും ഇപ്പോഴെവിടെ നില്‍ക്കുന്നു ?
  3. എവിടെ വരെ എത്തിച്ചേരാന്‍ സാധ്യതയുണ്ട് എന്ന പ്രവചനം.
  4. നേട്ടവിടവുളളവര്‍ക്കായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഇതൊക്കെ ആലോചിക്കാറുണ്ടോ?

    കുട്ടികള്‍ക്ക് സ്വയം നിലനിര്‍ണ്ണയം ചെയ്യാനുള്ള ഒരുക്കങ്ങള്‍(സുജനിക ബ്ലോഗ്)












പഠനാന്തരീക്ഷം
  1. കുട്ടികളുടെ ആത്മവിശ്വാസം നിലനിര്‍ത്തല്‍ എങ്ങനെ സാധിക്കും?
  2. സൗഹൃദവും സ്വാതന്ത്ര്യവും ഉപാധിയാക്കി പഠനക്കൂട്ടാളിയാകുന്ന അധ്യാപകരാകുമോ?
  3. ഒരോ കുട്ടിയും മാനിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ക്ലാസാണിതെന്ന് അനുഭവിച്ചറിയല്‍ 
  4. കുട്ടികളുെട കഴിവുകളെ പ്രതിഫലിപ്പിക്കുന്ന പ്രദര്‍ശന ബോര്‍ഡുകള്‍
  5. അധ്യാപികയുടെ പ്രതിബദ്ധതയെയും സന്നദ്ധതയെയും തയ്യാറെടുപ്പിനെയും പ്രതിഫലിപ്പിക്കുന്ന റിസോഴ്സ് ബോര്‍ഡുകള്‍
  6. എല്ലാവര്‍ക്കും അധ്യാപികയുടെ സാന്നിദ്ധ്യം ലഭിക്കത്തക്കവിധമുളള ക്ലാസ് ക്രമീകരണം
  7. സുരക്ഷ, ശുചിത്വം, തുല്യത
  8. നമ്മുടെ ലക്ഷ്യം നാം തീരുമാനിച്ചത് . നാമത് നേടിയെടുക്കുക തന്നെ ചെയ്യുമ്മെന്ന മുദ്രാവാക്യം. (സഹവര്‍ത്തിതസംസ്കാരം)





അധ്യാപകരുടെ സജ്ജമാകല്‍
  1. സാധ്യായമണിക്കൂറുകളില്‍ വിട്ടു വീഴ്ചയില്ല.( കുട്ടികളുടെ പഠനമണിക്കൂറുകള്‍ ഉറപ്പാക്കല്‍) പലകാരണങ്ങളാല്‍ പഠനസമയനഷ്ടം എങ്ങനെ നികത്തും?
  2. പഠനപ്രക്രിയാപരമായ മികവ്. ( എറ്റവും മികച്ച നിലയിലേക്കുയരാനിനി എന്തു വേണം? കഴിഞ്ഞ വര്‍ഷം നിരാശയുണ്ടായ മേഖല? പഠനതന്ത്രങ്ങളില്‍ വരുത്തേണ്ട മാറ്റം. ഏറ്റവും ഫലപ്രദമായവ ഏതെന്നു കണ്ടെത്തിയോ?
  3. എന്റെ അധ്യയന മികവിന്റെ തെളിവുകള്‍ എന്തെല്ലാമാണ്.
  4. എസ് ആര്‍ജിയില്‍ എന്നെങ്കിലും എന്റെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടുവോ?
  5. എങ്ങനെ അധ്യയന മികവ് വിലയിരുത്തമെന്ന് സ്കൂള്‍ അലോചിക്കുകയോ രിതി വികസിപ്പിക്കുകയോ പ്രയോഗിച്ചു മെച്ചപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?
  6. അക്കാദമികാസുത്രണത്തിന്റെ എത്ര തട്ടുകള്‍ ഞങ്ങള്‍ പിന്തുടരുന്നു?
  7. ആസൂത്രണം-നിര്‍വഹണം-വിലയിരുത്തല്‍- തുടര്‌പ്രവര്‍ത്തനം എന്ന ചാക്രികരീതിയാണോ പിന്തുടരുന്നത് ഏതു കാര്യത്തിലും?
  8. സുതാര്യത, ജനാധിപത്യസംസ്കാരം, പഠനസന്നദ്ധത, സ്വയംപഠനം, ഗവേഷണാത്മകത എന്നിവയുടെ പ്രതിഫലനം
  9. വിദ്യാലയം അധ്യാപകശേഷീവികസനത്തിനായി ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുന്നവയും



പിന്തുണാന്തരീക്ഷം
  1. എസ് ആര്‍ജിയുടെ പ്രവര്‍ത്തനം ,അജണ്ടകള്‍, തീരുമാനം നടപ്പിലാക്കുന്നതിനു നല്‍കുന്ന സഹായം, അക്കാദമിക മികവ് രൂപപ്പെടുത്തിയതിന്റെ അഭിമാനാര്‍ഹമായ തെളിവുകള്‍ ഓരോ ക്ലാസിനും ഉണ്ടെന്നുറപ്പു വവരുത്തല്‍
  2. ഗവേഷപരമായ അധ്യാപനം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്താന്‍ കഴിഞ്ഞുവോ?
  3. ഓരോ എസ് ആര്‍ ജിയിലും ഓരോ മികവ് എന്ന രീതിയില്‍ എല്ലാ അധ്യാപകരേയും നിര്‍ബന്ധിക്കുന്ന തന്ത്രം പോലെയുളളവ സ്വീകരിക്കപ്പെടുന്നുണ്ടോ?
  4. ദിനാചരണങ്ങളുടെ ലക്ഷ്യം, തരംതിരിക്കല്‍ , ചുമതലാവിഭജനം, പങ്കാളിത്തം എന്നിവ എങ്ങനെ ചിട്ടപ്പെടുത്തി.
  5. ക്ലാസ് പിടി എ ഭാരമായി തോന്നുന്ന അധ്യാപകരെ എങ്ങനെ സഹായിച്ചു
  6. പഠനോപകരണങ്ങള്‍ എല്ലാ ക്ലാസിനും എല്ലാ വിഷയത്തിനും ഉണ്ടെന്നുറപ്പാക്കിയതെന്നാണ്? അവ തയ്യാറാക്കുന്നതിന് വേണ്ട് എന്തു ശ്രമമാണ് നടത്തിയത്?
  7. സാമ്പത്തികസുതാര്യതയ്ക്കായി ചെയ്ത പ്രവര്‍ത്തനങ്ങള്‍
  8. ഭരണനേതൃത്വത്തെ വിജയബോധത്തിന്റെ പ്രകാശത്തില്‍ പ്രചോദിപ്പിക്കാനായോ?


എനിക്കറിയാം നിങ്ങളുടെ വിദ്യാലയത്തിനുഇത്തരം ചോദ്യങ്ങളൊന്നുമായിരിക്കില്ല വേണ്ടതെന്ന്. ചോദ്യങ്ങള്‍ ഉന്നയിക്കാനുളള മേഖലകള്‍ ധാരാളമുണ്ടെന്നു മനസ്സിലാക്കാനെങ്കിലും മേല്‍കൊടുത്ത വിശകലനം സഹായിച്ചിട്ടുണ്ടാകും.
  1. എന്തു പ്രവര്‍ത്തനത്തിനും ആലോചിച്ചുറച്ച സ്വീകാര്യമായ ലക്ഷ്യമുണ്ടാവുക
  2. ലക്ഷ്യം നേടാനൊരു പദ്ധതിയുണ്ടാവുക
  3. പദ്ധതിയുടെ നേട്ടം വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക
  4. മോണിറ്ററിംഗിനുളള തന്ത്രം വികസിപ്പിക്കുക
  5. നിര്‍വഹണകാലവും ചുമതലയും തീരുമാനിക്കുക
  6. ആരുടെയും പങ്കാളിത്തം വിലകുറച്ചു കാണാതിരിക്കുക
  7. നിര്‍വഹണവേളയില്‍ ഇടക്കാല വിലയിരുത്തല്‍ നടത്തുക
  8. ബോധ്യപ്പെടുന്ന വിശ്വസനീയമായ തെളിവുകളെ ആധാരമാക്കി നേട്ടം വിലയിരുത്തുക
  9. ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുളള തുടരാലോചന നടത്തുക
ഇത്രയും മനസില്‍ വെച്ച് വിദ്യാലയപ്രവര്‍ത്തനങ്ങളെ സമീപിക്കുക
വിദ്യാലയവിലയിരുത്തലിനും അധ്യാപക വിലയിരുത്തലിനും ആലോചനകള്‍ ലോകത്ത് നടക്കുന്നുണ്ട് . ചിലത് ആവശ്യമെങ്കില്‍ നോക്കാം.




Sunday, April 28, 2013

അധ്യാപകര്‍ക്കുളള അവധിക്കാല പാഠം


വിദ്യാലയത്തില്‍ പെട്ടെന്നാണ് കുട്ടികള്‍ ലേബല്‍ ചെയ്യപ്പെടുന്നത്.
മണ്ടന്‍,പഠിക്കാത്തവന്‍, ചീത്തക്കുട്ടി, തല്ലിപ്പൊളി, അനുസരണം കെട്ടവന്‍, തെമ്മാടി... ചില ആണ്‍ കുട്ടികള്‍ ഇങ്ങനെ വിളിക്കപ്പെടുയും കളിയാക്കപ്പെടുകയും ചെയ്യുന്നു.
അവരെ ക്കുറിച്ച് കുട്ടികള്‍ക്കു പരാതി , സാര്‍ ഇവന്‍ ചീത്ത വിളിച്ചു. വഴക്കു കെട്ടി, ശല്യം ചെയതു. പിന്നെ വിചാരണ. ശിക്ഷ.എന്നിട്ടും ഈ കുട്ടികള്‍ അധ്യാപകരുടെ ഇഷ്ടമനുസരിച്ച് പ്രിയവിദ്യാര്‍ഥികളായി മാറുന്നില്ല. മാറ്റിയെടുക്കാനായിരുന്നല്ലോ ഈ മുറകളൊക്കെ.അങ്ങനെ വിദ്യാലയത്തിലെ അധികപ്പറ്റായി മാറുന്ന കുട്ടികള്‍. വിദ്യാഭ്യാസപ്രക്രിയയില്‍ ഇവരുടെ സ്ഥാനം എവിടെയാണ്?
വീട്ടുകാര്‍ പറയും "അവനോടുകൂട്ടുകൂടി ചീത്തയാകരുത്."
കുട്ടികള്‍ ഒഴിഞ്ഞുമാറി അകലം പാലിച്ച് നടക്കും
"അവനോടു കൂട്ടുകൂടി അവനെക്കൂടി നമ്മള്‍ക്കൊപ്പം ആക്കണമെന്ന്" ഒരു അധ്യാപികയും തിരുത്തിപ്പറയരുതെന്നു നിയമമുളളതു പോലെ.
ഇവിടെ ഒരു അധ്യാപകന്റെ അനുഭവം പങ്കിടുകയാണ്. മനുഷ്യനാക്കിയെടുക്കാനുളള വിദ്യാഭ്യാസമാണ് ഞാന്‍ നല്‍കുന്നതെന്നു കരുതുന്ന അധ്യാപകന്‍. ഒരു കുട്ടിപോലും നഷ്ടപ്പെട്ടുകൂടാ എന്നു കരുതലുളള അധ്യാപകന്‍.. എന്റെ സുഹൃത്ത്  സ്നേഹത്താല്‍ ജയിച്ചവനെന്ന അര്‍ഥമുളള സ്വന്തം പേര് അന്വര്‍ഥമാക്കി. കുട്ടികളുെട പക്ഷത്തു നിന്നും ചിന്തിക്കുന്ന തിരുവനന്തപുരംകാരനായ മുന്‍ ബി ആര്‍ സി പരിശീലകന്റെ സുഹൃത്താകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. കൂട്ടുകാരാ എന്നു പ്രൈമറിസ്കൂള്‍ വിദ്യാര്‍ഥിയെ അഭിസംബോധന ചെയ്യാന്‍ സന്മനസുളള ഈ അധ്യാപകനാകട്ടെ നമ്മുടെ അവധിക്കാല പാഠം. അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പ് വായിക്കൂ.

എന്റെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സില്‍ പുതുതായി അഡ്മിഷന്‍ നേടിയ കൂട്ടുകാരനാണ്. അവന് .....
 അച്ഛനില്ല .
 അമ്മ മനോരോഗി- . തെരുവില്‍ അലഞ്ഞു നടക്കും .
 അവന്റെ വലിയച്ചനും വലിയമ്മയും ചേര്‍ന്നാണ്  വളര്‍ത്തുന്നത് .
എതിര്‍പ്പുകള്‍
 അവന് അഡ്മിഷന്‍ നല്‍കുന്നതില്‍ പി റ്റി എ പ്രസിഡന്റിനും മറ്റു രക്ഷിതാക്കള്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു .
കാരണം അവന്‍ കൂട്ടുകാരെ ചീത്ത വിളിക്കും 
മാത്രമല്ല കുട്ടികളോട് ചീത്തകാര്യങ്ങള്‍ സംസാരിക്കും
അവന്‍ വന്നാല്‍ മറ്റുള്ള കൂട്ടുകാര്‍ ചീത്തയാകും . ഇതായിരുന്നു മറ്റു രക്ഷിതാക്കള്‍ ഭയപ്പെട്ടിരുന്നത് .....
 സ്കൂളില്‍ ഒറ്റയ്ക്ക്
 ഞാന്‍ അവന് അഡ്മിഷന്‍ നല്‍കി . സ്കൂളില്‍ ഒറ്റയ്ക്ക് ഒരിടത്ത് മാറിയിരിക്കും .
 ഭക്ഷണം കഴിക്കുമ്പോഴും ഇതു പോലെ തന്നെ ....
 യഥാര്‍ഥ ചിത്രം 
 ഞാന്‍ അവന്റെ ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചു .അപ്പോഴാണ്‌ യഥാര്‍ഥ ചിത്രം വ്യക്തമാകുന്നത് ....
 അവന്റെ വലിയച്ചന്‍ രാത്രി കുടിക്കാന്‍ തുടങ്ങുമ്പോള്‍ അവനെയും ഒപ്പം കൂട്ടും 
അവന്‍ വലിയച്ചനെ ചീത്ത വിളിക്കും ...
ചെറിയ വായിലെ വലിയ ചീത്തവിളിയില്‍ രസം പിടിച്ച് അയാള്‍ അറഞ്ഞു ചിരിക്കും 
.ഇതാണ് അവന് ലഭിച്ചിട്ടുള്ള പരിശീലനം .
 ഈ കൂട്ടുകാരന്‍ അവന്‍റെ വലിയച്ചന് ഒരു കളിപ്പാട്ടമാണ് .... പക്ഷെ അവന് വലിയച്ചനെന്നാല്‍ ജീവനാണ് . അവന്‍ അംഗീകരിച്ച അച്ഛനുമമ്മയും അവന്‍റെ വലിയച്ചനും വലിയമ്മയും ആണ് . ആ സ്വാധീനത്ത്തില്‍ നിന്നും രക്ഷപ്പെടുത്തുക ദുഷ്കരം തന്നെ ....
സ്വാധീനിക്കുന്ന ഒരു ഘടകമാകാനുള്ള ശ്രമം
.അല്‍പ ദിവസം കൊണ്ട് അവന് എന്നോട് അടുത്തു
ഞാന്‍ അവനെ സ്വാധീനിക്കുന്ന ഒരു ഘടകമാകാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു
സമൂഹം വേട്ടയാടുന്നു 
              സമൂഹവും അവനെ വെറുതെ വിട്ടില്ല ......അവനെ "    ----മ്മയുടെ"( അമ്മയുടെ പേര് ചേര്ത്ത്‍ വിളിക്കും  മോനേ എന്നും കിറുക്കിയുടെ മോനേയെന്നും വിളിച് അവരില്‍ പലരും പ്രകോപിപ്പിച്ചിരുന്നു ...അവന്റെ പിതാവിനെക്കുറിച്ചുളള ദുസൂചന..
 ഇങ്ങനെ വിളിക്കുമ്പോള്‍ അവന്‍ വിളിക്കുന്ന മുട്ടന്‍ തെറികള്‍ കേട്ട് ചിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത് .....
ഒരിക്കല്‍ അവസരം കിട്ടിയപ്പോള്‍ അവനോടു ഞാന്‍ ചോദിച്ചു "  നീ എന്തിനാ മറ്റുള്ളവരെ ചീത്ത വിളിക്കുന്നത് " എന്ന്‍ അത് കേട്ടപ്പോള്‍ അവന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്‌ " ആരെങ്കിലും എന്നെ അങ്ങനെ വിളിച്ചാല്‍ എനിക്ക് ദേഷ്യം വരും .... ഞാന്‍ അപ്പോള്‍ അവരെ ചീത്ത വിളിക്കും
 " സാര്‍ വിളിച്ചാലോ ഞാന്‍ തിരിച്ചു ചോദിച്ചു ...അവന്‍ മറുപടി പറഞ്ഞില്ല . എനിക്ക് ആത്മവിശ്വാസമായി........അവനു ഞാന്‍ ഒരു സൂത്രം പറഞ്ഞു കൊടുത്തു" ഇനി ആര്---- മോനേയെന്നു വിളിച്ചാലും അവരുടെ മുഖത്ത് നോക്കി ചിരിക്കണം , നന്ദി എന്ന് പറയണം ....." 
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു " സാര്‍ അത് ഏറ്റു കേട്ടോ ...."
 ലീഡര്‍ 
 അവനിപ്പോള്‍ സ്കൂളിലെ ലീഡര്‍ ആണ്
നന്നായി പഠിക്കും ....എന്തും പെട്ടെന്ന് അവനു മനസ്സിലാകും......
 കൂട്ടുകാരോട് കളിക്കും . പക്ഷെ ..... ഈ മാറ്റം നില നില്‍ക്കുമോ എന്ന് എനിക്ക് ഉറപ്പില്ല .... 
എനിക്ക് സ്ഥലമാറ്റ ഉത്തരവ്‌ ആയി .... അവനെ നന്നായി അറിയാന്‍ ശ്രമിക്കുന്ന ഒരാളെത്തിയാല്‍ ഭാഗ്യം ....അല്ലെങ്കില്‍ .......എനിക്കറിയില്ല എന്ത് സംഭവിക്കുമെന്ന് ...
ഒരു അപേക്ഷ കൂടി ....
 ഈ കൂട്ടുകാരെന്റെ പേരും സ്കൂളും സാര്‍ പ്രസിദ്ധീകരിക്കുന്നുവെങ്കില്‍ ഒഴിവാക്കണം ... അതുകൊണ്ട് തന്നെ അവന്റെ ചിത്രവും ഞാന്‍ അയക്കുന്നില്ല ......പണ്ട് വര്‍ഷയുടെ വാര്‍ത്ത് ബ്ലൊഗില്‍  പ്രസിദ്ധീകരിച്ചത്‌ അവള്‍ക്കു തുണയായി .... അവളെ സമൂഹം ഏറ്റെടുത്തു . ലക്ഷങ്ങള്‍ മുടക്കി ചികില്‍സിച്ചു .... ഇപ്പോള്‍ അവള്‍ നടക്കും .....പഠനത്തിലും വളരെയേറെ മുന്നേറി .....
 ഇവന്റെ ന്‍റെ കാര്യം മറ്റുള്ളവരോട് പറയുന്നത് പോലും അവനു ഇഷ്ട്ടമല്ല .
"എനിക്ക് സ്ഥലമാറ്റ ഉത്തരവ്‌ ആയി .... അവനെ നന്നായി അറിയാന്‍ ശ്രമിക്കുന്ന ഒരാളെത്തിയാല്‍ ഭാഗ്യം ....അല്ലെങ്കില്‍.?......എനിക്കറിയില്ല എന്ത് സംഭവിക്കുമെന്ന് ..."
പ്രേം ജിത്തിന്റെ ഈ പരാമര്‍ശം എല്ലാ അധ്യാപകര്‍ക്കും ബാധകമാണ്. വരും വര്‍ഷം നമ്മുടെ വിദ്യാലയത്തില്‍ സ്നേഹപരിഗണനലഭിച്ച് കൂടുതല്‍ തിളങ്ങുന്ന കുട്ടികളേ ഉണ്ടാകൂകയുളളൂ എന്നു നമ്മള്‍ക്കു പറയാന്‍ കഴിയണം.
അതിന് എന്താ വഴി?
ഉത്തരം കിട്ടാത്ത ചോദ്യമായി ഒറു കുട്ടിയുടെ ജീവിതം നമ്മുടെ വിദ്യാലയത്തിലുണ്ടാകാതിരിക്കാനുളള വഴി തന്നെ. അതു നമ്മുടെ ഇടപെടലല്ലാതെ മറ്റൊന്നല്ല.


Saturday, April 20, 2013

വിദ്യാബ്ലോഗിന്റെ സവിശേഷതകള്‍ (വിദ്യാഭ്യാസ ഗുണനിലവാരവും വിദ്യാബ്ലോഗുകളും-2)


വിദ്യാബ്ലോഗുകളുടെ പ്രധാനപ്പെട്ട പത്തു സവിശേഷതകളും ആറു തരം വിദ്യാബ്ലോഗുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.ആദ്യം സവിശേഷതകള്‍ പരിശോധിക്കാം
1.വിശ്വസനീയത
വിശ്വസനീയവും ആധികാരകവും അനുഭവത്തിന്റെയും പുരോഗമന ചിന്തയുടെയും പ്രതിഫലനമുളളതും പ്രയോജനപ്രദവുമായ വിദ്യാ ബ്ലോഗുകളെ മാത്രമേ വായനക്കാര്‍ സ്വീകരിക്കുകയുളളൂ. സത്യസന്ധമായ സമീപനം പാലിക്കുവാന്‍ ഓരോ വിദ്യാബ്ലോഗും ശ്രമിച്ചില്ലെങ്കില്‍ അവ വേഗം തിരസ്കരിക്കപ്പെടും. വായനക്കാരില്ലാത്ത ബ്ലോഗുകള്‍ക്കു ചവറുകുട്ടയുടെ പ്രാധാന്യമേ ലഭിക്കൂ. അതു കൊണ്ടു തന്നെ വായനക്കാരുടെ വിശ്വാസം ആര്‍ജിക്കുവാന്‍ ഓരോ ബ്ലോഗറും നിര്‍ബന്ധിക്കപ്പെടും.
ഒരു വിദ്യാലയം അവരെയാണ് പരിചയപ്പെടുത്തുന്നതെന്നു കരുതൂ. വിദ്യാലയത്തിന്റെ ദൈനംദിന പ്രവര്‍ത്തന മികവുകള്‍, സമൂഹബന്ധങ്ങള്‍, നിലവാരത്തിന്റെ തെളിവുകള്‍, വിദ്യാര്‍ഥകള്‍ക്കു നല്‍കുന്ന അവസരങ്ങളും പരിഗണനകളും ഒക്കെ ബ്ലോഗിലൂടെ സമൂഹവുമായി പങ്കിടുമ്പോള്‍ അവയുടെ നിജസ്ഥിതി ആര്‍ക്കും ചോദ്യം ചെയ്യാം. പരസ്യചര്‍ച്ചകള്‍ക്കും അതു വഴിവെക്കും. വിദ്യാലയത്തക്കുറിച്ചറിയാവുന്ന പ്രാദേശികസമൂഹത്തിനും പ്രതികരിക്കാന്‍ കഴിയും.
ഇവിടെ സ്കൂള്‍ബ്ലോഗിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വിദ്യാലയത്തിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കരുതല്‍ സ്വാഭാവികമായും ആവശ്യപ്പെടും.
2.പൊതുസമൂഹത്തിനുളള പ്രാപ്യത
വിദ്യാഭ്യാസസംവിധാനത്തിനുളളില്‍/ വിദ്യാലയത്തിനകത്ത് നടക്കുന്ന ശ്രദ്ധേയമായകാര്യങ്ങള്‍ പുറം ലോകം യഥാസമയം മനസ്സിലാക്കുന്നില്ല. വിദ്യാലയവുമായി നിരന്തരം ബന്ധപ്പെടുന്ന രക്ഷിതാക്കള്‍ക്കു പോലും വിവിധക്ലാസുകളില്‍ അല്ലെങ്കില്‍ വിവിധ ദിനങ്ങളില്‍ വിദ്യാലയത്തില്‍ നടന്ന പ്രധാനകാര്യങ്ങളെ സംബന്ധിച്ച ധാരണയുണ്ടാവില്ല. ഓരോ വിദ്യാലയത്തിന്റെയും അഭ്യുദയകാംക്ഷികളായി വലിയൊരു വിഭാഗം പുറത്തുണ്ട്. അത് പൂര്‍വ്വ വിദ്യാര്‍ഥികളാകാം, വിദ്യാഭ്യാസ പ്രവര്‍ത്തകരാകാം, ജനകീയ സംവിധാനങ്ങളാകാം, പുരോഗമനസാമൂഹിക പ്രവര്‍ത്തകാരാകാം. പൊതു സംവിധാനങ്ങളുടെ കാര്യക്ഷമതയും മികവും പൊതു സമൂഹത്തിന് അറിയാന്‍ അവസരമൊരുക്കുന്ന ലളിതവും ഫലപ്രദവുമായ സംവിധാനമാണ് വിദ്യാബ്ലോഗുകള്‍.
രക്ഷാകര്‍ത്തൃവിദ്യാഭ്യാസ ദൗത്യവും വിദ്യാബ്ലോഗുകള്‍ക്കുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കു ദിശാബോധം നല്‍കുന്ന തെളിവിടങ്ങളായും വിദ്യാബ്ലോഗുകള്‍ മാറും. വിദ്യാഭ്യാസ നയരൂപീകരണക്കാര്‍ക്ക് പ്രായോഗികത സംബന്ധിച്ച് വ്യക്തതയും ആത്മവിശ്വാസവും പ്രദാനം ചെയ്യാനും പുതിയ പ്രശ്നങ്ങളും പരിമിതികളും തിരിച്ചറിയാനും നയങ്ങള്‍ പുനപ്പരിശേധന നടത്താനും വിദ്യാബ്ലോഗുകള്‍ സഹായിക്കുന്നു.
3.സംവാദാത്മകത
വിദ്യാഭ്യാസ കാര്യങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതു അച്ചടിമാധ്യമങ്ങളില്‍ പ്രകാശിപ്പിക്കുന്നതു പോലെ ഏകപക്ഷീയ വിനിമയമല്ല. വായനക്കാരുടെ സംശയങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകള്‍, വിശദീകരണാഭ്യര്‍ഥനകള്‍, വ്യക്തതവരുത്താനുളള അന്വേഷണങ്ങള്‍, പ്രോത്സാഹനങ്ങള്‍,വിമര്‍ശനങ്ങള്‍, വിയോജിപ്പുകള്‍ എന്നിങ്ങനെ പ്രതികരണങ്ങള്‍ വരികയായി. ഒരു പ്രതികരണം മറ്റൊരു പ്രതികരണത്തിനു വഴിവെക്കും. അതൊരു സജീവ ചര്‍ച്ചയായി വികസിക്കും. ചര്‍ച്ചകളില്‍ ബ്ലോഗറിനു ഇടപെടാതിരിക്കാനാകില്ല. പല തരക്കാരാകും ചര്‍ച്ചകളില്‍ പങ്കെടുക്കുക. അതിനു നേരവും കാലവുമൊന്നുമില്ല. ആളും തരവും നോക്കിയാകുകയുമില്ല.അതനോടൊക്കെ ഔചിത്യപൂര്‍വ്വം പ്രതികരിക്കാന്‍ കഴിയുമ്പോള്‍ ബ്ലോഗു കൊണ്ടുദ്ദേശിച്ച ലക്ഷ്യം നേടുകയാണ്. അതെ, വിദ്യാഭ്യാസസംവാദത്തിന്റെ വേദിയാണ് വിദ്യാബ്ലോഗുകള്‍.
4.സാങ്കേതിക സൗഹൃദപരം
വളരെ ലളിതമാണ് ബ്ലോഗിംഗ്. പ്രവര്‍ത്തന മൂലധനം ടൈപ്പ് ചെയ്യാനുളള അറിവാണ്. പ്രക്രിയ ഇങ്ങനെ → create a blog→ create an account→ sign in→ name your blog→give blog title → blog address→ choose a template → start blogging ) ഇ മെയില്‍ ബോക്സില്‍ ടൈപ്പ് ചെയ്യുന്നതു പോലെ പ്രകാശിപ്പിക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ബ്ലാഗിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ടൈപ്പ് ചെയ്യുക .പബ്ലിഷ് എന്നു കാണുന്നിടത്ത് ക്ലിക് ചെയ്താല്‍ ശുഭം. പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ പിന്‍വലിക്കാം. ഇല്ലാതാക്കാം.എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാം. എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോള്‍ പോസ്റ്റിട്ടാല്‍ മതി. അതവരവരവര്‍ തീരുമാനിക്കും. ഓരോ ദിവസവും വേണോ അതോ ഒരു ദിവസം ഒന്നിലധികം പോസ്റ്റുകള്‍ വേണോ പ്രതിവാരം മതിയോ അല്ല തോന്നുമ്പോഴൊക്കെയാണോ എന്നൊക്കെ.
5.അവതരണ വൈവിധ്യം
ഏതു നിറത്തില്‍ ഏതു വലിപ്പത്തില്‍ ഏതു പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും ബ്ലോഗില്‍ സൗകര്യമുണ്ട്. കെട്ടും മട്ടും ആകര്‍ഷകമാക്കാം, ഫോട്ടോകള്‍, വീഡിയോദൃശ്യങ്ങള്‍, പി ഡി എഫ് ഫയലുകള്‍, പവര്‍പോയന്റ് പ്രസന്റേഷനുകള്‍ എന്നിവയൊക്കെ ചേര്‍ക്കാം.ആവശ്യമുളള സന്ദര്‍ഭങ്ങളില്‍ മറ്റു സ്രോതസ്സുകളിലേക്കു ലിങ്ക് കൊടുക്കാം. പേജ് ഡിസൈന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരു വിദ്യാഭ്യാസ ബ്ലോഗാണെന്ന കാര്യം മറക്കരുത്.
6.ഗവേഷണ സ്വഭാവം
വിദ്യാലയങ്ങളെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും പഠനരീതികളുടെ പ്രായോഗികതയെക്കുറിച്ചുമൊക്കെ അന്വേഷിക്കുന്നവര്‍ക്ക് സമൃദ്ധമായ വിവരസ്രോതസ്സാണ് വിദ്യാബ്ലോഗുകള്‍. വിദ്യാലയങ്ങളില്‍ നേരിട്ടു സന്ദര്‍ശിക്കുന്നതിനു പകരം ബ്ലോഗുകളിലൂടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. അതേ പോലെ ബ്ലോഗറും നിത്യവും പുതിയ കാര്യങ്ങളുടെ അന്വേഷണത്തിലായിരിക്കും. അധ്യാപകബ്ലോഗുകള്‍ ക്ലാസ്റൂം പ്രക്രിയയുടെ നൂതനമായ തലങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്നവയാണ്. അതേ ക്ലാസ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് അത് റഫര്‍ ചെയ്യാന്‍ കഴിയും.
7.ആശയ വ്യാപനം
ബ്ലോഗില്‍ ഓരു പോസ്റ്റിട്ടാല്‍ അതു കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പലവഴികളുണ്ട്. ഫേസ്ബുക്കില്‍ സ്വന്തം വിലാസവും കൂട്ടായ്മകളും ഉണ്ടെങ്കില്‍ ഓരോ ബ്ലോഗിന്റെയും ചുവട്ടിലുളള ലിങ്ക് ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി. ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലും ഇതേ പോലെ അറിയിപ്പു കൊടുക്കാം. ജാലകം പോലെയുളള അഗ്രിഗേറ്ററുകളും ആശയവ്യാപനത്തിനു സഹായിക്കും. കൂടാതെ ഇ മെയില്‍ വഴി എല്ലാ സൂഹൃത്തുക്കള്‍ക്കും ലിങ്ക് അയച്ചു കൊടുക്കുയും ചെയ്യാം. അന്യ നാടുകളില്‍ ഉളള രക്ഷിതാക്കള്‍ക്കും നാട്ടിലെ പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിയുടെ ക്ലാസ് വിശേഷങ്ങള്‍ ലൈവായി അറിയാന്‍ കഴിയും.
8.ഓര്‍മ്മപ്പുസ്തകം
വിദ്യാഭ്യാസ സംവിധാനത്തിന്റെ /വിദ്യാലയത്തിന്റെ ഓര്‍മപുസ്തകമാണ് വിദ്യാബ്ലോഗുകള്‍. ഓരോ പോസ്റ്റും ചരിത്രത്തിന്റെ ഭാഗമാവുകയാണ്. സാധാരണ സ്കൂള്‍ വാര്‍ഷികറിപ്പോര്‍ട്ടുകളായി ക്രോഡീകരിക്കുന്നവയേക്കാള്‍ വിശദവും വൈവിധ്യമുളളതുമാണ് ബ്ലോഗില്‍ നിരന്തരം പ്രകാശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും പുതിയ ആശയങ്ങളും. അതാതു കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ സ്വീകരിച്ച നയങ്ങളും രീതികളും അവ വരുത്തിയ മാറ്റങ്ങളും വിദ്യാബ്ലോഗുകളില്‍ നിന്നും മനസ്സിലാക്കാം.
9.സ്വാതന്ത്ര്യം
വിദ്യാബ്ലോഗിലെ വിഭവങ്ങള്‍ എന്തായിരിക്കണമെന്നു തീരുമാനിക്കുന്നതിനുളള പൂര്‍ണസ്വാതന്ത്ര്യം ബ്ലോഗുടമയ്കുണ്ട്. വിദ്യാര്‍ഥികളുടെ രചനകളാണോ അധ്യാപകരുടെ അനുഭവങ്ങളാണോ രക്ഷിതാക്കളുടെ പിന്തുണസംബന്ധിച്ച കാര്യങ്ങളാണോ വിദ്യാഭ്യാസ നേട്ടങ്ങളാണോ പോസ്റ്റ് ചെയ്യേണ്ടത് എന്നത് ആവശ്യാധിഷ്ടിതമായി തീരുമാനിക്കാന്‍ ബ്ലോഗര്‍ക്കു സ്വാതന്ത്ര്യമുണ്ട്.
10.സജീവത
ബ്ലോഗുകളുടെ സജീവത അതിലെ ചര്‍ച്ചകളും പ്രതികരണങ്ങളും മാത്രമല്ല. പോസ്റ്റുകളുടെ നൈരന്തര്യം പ്രധാനമാണ്. രണ്ടു പോസ്റ്റുകള്‍ക്കിയിലുളള കാലദൈര്‍ഘ്യം വളരെ കൂടുതലാണെങ്കില്‍ അത്തരം ബ്ലോഗുകള്‍ക്ക് സന്ദര്‍ശകര്‍ കുറയും . ക്രമേണ ആരും തിരിഞ്ഞു നോക്കാതെയാകും. വിദ്യാബ്ലാഗുകള്‍ ആരംഭിക്കുമ്പോള്‍ അതിനു വ്യക്തമായ ലക്ഷ്യവും സജീവത നിലനിറുത്താനുളള ക്രമീകരണവും ഉണ്ടാകണം. കാലികമാക്കുക എന്നത് പ്രയാസമുളള പണിയല്ല. പങ്കിടാനുളള വിഭവങ്ങള്‍ ഉണ്ടാവുന്നത് സജീവവും സര്‍ഗാത്മകവുമായ പ്രവര്‍ത്തന സംസ്കാരം വളര്‍ത്തിയെടുക്കമ്പോഴാണ്.
വിദ്യാബ്ലോഗുകള്‍ പലതരം
ഉളളടക്കം , ബ്ലോഗുടമയുടെ താല്പര്യം, പദവി, ലക്ഷ്യം ഇവയാണ് വിദ്യാബ്ലോഗുകളുടെ സ്വഭാവത്തെ നിര്‍ണയിക്കുന്നത്. വിവിധതരം വിദ്യാബ്ലോഗുകളെ പരിചയപ്പെടാം.
1.വിദ്യാര്‍ഥി ബ്ലോഗുകള്‍
ഓരോ കുട്ടിക്കും ഓരോ ബ്ലോഗ് .നവമാധ്യമത്തില്‍ തന്റെ ഇടം കണ്ടത്താന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം. കുട്ടിക്കാലം മുതല്‍ ഇങ്ങനെ ബ്ലോഗിലൂടെ സമൂഹവുമായി സ്വന്തം ഭാഷയില്‍ സംവദിച്ചു വളരുന്ന കുട്ടി മികവുറ്റ ഭാഷയുടെയും ഉയര്‍ന്ന ചിന്തയുടെയും ഉടമായായിത്തീരും ആവിഷ്കാരത്തില്‍ സൂക്ഷ്മതയും വൈദഗ്ധ്യവും നേടുകയും ചെയ്യും.
  • വായനക്കുറിപ്പുകള്‍,
  • സര്‍ഗാത്മകരചനകള്‍,
  • പരീക്ഷണാനുഭവങ്ങള്‍,
  • ചിത്രങ്ങള്‍,
  • യാത്രാനുഭവങ്ങള്‍,
  • സ്കൂള്‍ദിനവിശേഷങ്ങള്‍,
  • പങ്കുവെക്കാനാഗ്രഹിക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍,
  • കണ്ടെത്തലുകള്‍,
  • ആനുകാലിക പ്രശ്നങ്ങളോടുളള പ്രതികരണങ്ങള്‍, നിലപാടുകള്‍,
  • സിനിമാവിശകലനം,
  • ചിന്തകള്‍ ഒക്കെയാകാം.
കുട്ടിയാണ് തീരുമാനിക്കേണ്ടത്. സാധ്യതകള്‍ ചര്‍ച്ച ചെയ്യണം. കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തണം. ഇപ്പോള്‍ത്തന്നെ വിദ്യാര്‍ഥികള്‍ ഈ രംഗത്തു ഇടപെടല്‍ നടത്തുന്നുണ്ട്.
നവമാധ്യമശില്പശാല വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ആലോചിക്കാം. മാധ്യമങ്ങളുടെ സ്വാധീനം, പുതിലേകസാഹചര്യത്തില്‍ പ്രതിരോധിക്കാനും പ്രതികരിക്കാനും ഇടം കണ്ടെത്തേണ്ടതിന്റെ പ്രസക്തി, ഫേസ് ബുക്ക്,ബ്ലോഗ് എന്നിവയുടെ സാധ്യതകള്‍, വിമര്‍ശനാത്മക വിദ്യാര്‍ഥി രാഷ്ട്രീയക്കൂട്ടായ്മകള്‍ , അവകാശവും കുട്ടികളുടെ ശബ്ദവും ...ഇങ്ങനെ പല വിഷയങ്ങളിലുളള സംവാദങ്ങളും ഒപ്പം സാങ്കേതികവിദ്യാനൈപുണി വികസിപ്പിക്കലും ആകാം. തീര്‍ച്ചയായും ഔദ്യോഗികസംവിധാനങ്ങള്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മകളെ നിരുത്സാഹപ്പെടുത്തുന്ന അവസരത്തില്‍ വേറിട്ട ഇടപെടല്‍ അനിവാര്യമാണ്.
2.അധ്യാപക ബ്ലോഗുകള്‍
അധ്യാപക ബ്ലോഗുകള്‍ക്ക് അധ്യാപകബോധമനുസരിച്ച് വൗവിധ്യം വരാം. നല്ല് പഠനപരിപോഷകരെന്ന നിലയില്‍ ഓരോ അധ്യയനദിനവും എങ്ങനെ ധന്യമായി എന്നതിന്റെ നാള്‍വഴിരേഖയാണ് അധ്യാപകബ്ലോഗുകള്‍. അധ്യാപകര്‍ക്ക് എന്തെല്ലാമാണ് പങ്കിടാനുളളത്?
  • ആസൂത്രണവും പ്രയോഗവും തമ്മിലുളള പൊരുത്തം ,
  • കുട്ടികളുടെ പ്രതികരണങ്ങള്‍, ഉല്പന്നങ്ങള്‍,
  • മികവുകളുടെ തെളിവുകള്‍,
  • ക്ലാസില്‍ നേരിട്ട പ്രശ്നങ്ങളും അവ മറികടന്ന രീതിയും,
  • വികസിപ്പിച്ച പഠനോപകരണങ്ങളും അവയുടെ ഫലപ്രാപ്തിയും,
  • പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും അതിന്റെ തിരിച്ചറിവുകളും,
  • കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍ സ്വീകരിച്ച വ്യത്യസ്തമായ തന്ത്രങ്ങള്‍,
  • പരിശീലനത്തില്‍ നിന്നും ലഭിച്ച /സ്വയം പഠിച്ച കാര്യങ്ങള്‍ പ്രയോഗിച്ചു നോക്കിയപ്പോഴുളള അനുഭവം,
  • പുതിയ ബദല്‍ പാഠങ്ങള്‍ തയ്യാറാക്കിയത്,
  • ക്ലാസ് മുറിക്കു പുറത്തേക്കു പഠനം വ്യാപിപ്പിച്ചത്,
  • ആധികാരിക പഠനത്തിന്റെ അനുഭവങ്ങള്‍
  • ഗവേഷണാത്മകമായ ഇടപെടലുകള്‍,
  • ക്ലാസ് പി ടി എ നടത്തിപ്പു മെച്ചപ്പെടുത്താന്‍ ചെയ്ത കാര്യങ്ങള്‍,
  • പാഠപുസ്തകവിമര്‍ശനം,
  • ബദലുകള്‍ രൂപപ്പെടുത്തുന്നതിനുളള ആലോചനകള്‍,
  • ക്ലാസ് റൂം ജനാധിപത്യാനുഭവങ്ങള്‍ ,
  • ലിംഗനിരപേക്ഷത, മതനിരപേക്ഷത, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുളള സമീപനം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച കാര്യങ്ങള്‍
  • വിദ്യാഭ്യാസ സംബന്ധിയായ പുസ്തകങ്ങള്‍ വായിച്ചതിന്റെ അനുഭവം...
  • വിമര്‍ശനങ്ങളും വിയോജിപ്പുകളും
ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍ ? ഇവയുടെ മൂല്യം വളരെ വലുതാണ്. അക്കാദമിക കാര്യങ്ങളിലുളള സജീവത നിലനിറുത്തുന്ന കൂട്ടായ്മകള്‍ വളര്‍ന്നു വരും.അനുഭവങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അധ്യാപനശേഷി ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.
കേവലം വ്യവസ്ഥയുടെ അടിമയെന്ന നിലയിലല്ല മറിച്ച് വ്യവസ്ഥയെ പൊളിച്ചു പണിയുന്നവരാണ് കാലത്തില്‍ ഇടപെടുന്നവരാണ് അധ്യാപകര്‍ എന്ന ചിന്തയുണ്ടെങ്കിലേ ഇത്തരം അന്വേഷണങ്ങളുണ്ടാകൂ. .അല്ലാത്തവര്‍ അധ്യാപകസഹായിയുടെയും പാഠപുസ്തകത്തിന്റെയും പരിമിതികളില്‍ വട്ടം ചുറ്റിക്കഴിയും. അവരുടെ വിദ്യാര്‍ഥികള്‍ക്കും ലോകത്തെക്കുറിച്ചു ശരിയായ കാഴ്ചപ്പാടില്ലാതെ പോകും. സാധ്യമായ ദിനങ്ങളും സാധ്യായ ദിനങ്ങളും ഒന്നല്ലെന്നു തിരിച്ചറിയുന്ന അധ്യാപക സമൂഹത്തിന് സോഷ്യല്‍ നെറ്റ് വര്‍ക്ക് കുശലം പറച്ചിലിനുളള വേദികളല്ല. എപ്പോഴും അധ്യാപകരായിരിക്കുക സജീവഅക്കാദമിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നതിനുളള ഒരു വഴിയാണ് അധ്യാപക ബ്ലോഗുകള്‍.
3.ക്ലാസ് ബ്ലോഗുകള്‍
ക്ലാസ് ബ്ലോഗ് ഒരു കൂട്ടായസംരംഭമാണ്. ഒരു ക്ലാസിലെ അധ്യാപകരും വിദ്യാര്‍ഥികളും ആണ് നടത്തിപ്പുകാര്‍. ഇനങ്ങള്‍ പൊതു സമ്മതപ്രകാരം തീരുമാനിക്കും. ആര്‍ക്കും എഴുതാം. പക്ഷെ അതു ക്ലാസിലെ വിശേഷങ്ങള്‍‌ ആകണം. ക്ലാസിലെ വിവിധ ഗ്രൂപ്പുകള്‍ക്കു ഊഴമിട്ടും പ്രകാശനം നിര്‍വഹിക്കാം.
ജനാധിപത്യപരമായി കാര്യങ്ങളെ കാണുന്ന അധ്യാപകര്‍ വിദ്യാര്‍ഥികളുമായി സുതാര്യമായ ബന്ധം സ്ഥാപിക്കും. ഈ വര്‍ഷത്തെ പൊതു ലക്ഷ്യമെന്തായിരിക്കണം? ഒരോ ടേമിലും നാം എന്തെല്ലാം നേടണം? ഈ മാസത്തെ പ്രവര്‍ത്തന ലക്ഷ്യം, എങ്ങനെയുളള അധ്യാപകഗുണതയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ രൂപപ്പെടുത്താവുന്ന പഠനനിയമങ്ങള്‍, സഹവര്‍ത്തിക സംസ്കാരത്തിന്റെ പ്രതീക്ഷിത രീതികള്‍, എല്ലാവരും നേട്ടം ഉറപ്പാക്കി എന്നതിന്റെ തെളിവു പങ്കിടലുകള്‍, ഒരോ കുട്ടിയുടെയും അഭിപ്രായങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മൂല്യം നല്‍കല്‍, വിമര്‍ശിക്കാനുളള സ്വാതന്ത്ര്യം അനുവദിക്കല്‍, ക്ലാസിന്റെ ഈ മാസത്തെ അഭിമാനപ്രവര്‍ത്തനം. ആസ്വാദ്യകരമായവ... ആലോചിച്ചു നോക്കിയാല്‍ ഒത്തിരി യുണ്ട് ആകാശം. കുട്ടികള്‍ക്കു സ്വയം പഠനസഹായകമായ വിഭവങ്ങളും ലിങ്കുകളും നല്‍കുന്നതിനുളള ശ്രമം പഠനബ്ലോഗുകൂടിയാക്കി ക്ലാസ് ബ്ലോഗുകളെ മാറ്റും. അധ്യാപകപരിശീലകര്‍ ബ്ലാഗ് വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ പരിശീലകബ്ലോഗിന്റെ ദൗത്യം കൂടി അറിയാതെ നിക്ഷിപ്തമാകും.
4.സ്കൂള്‍ ബ്ലോഗുകള്‍
"ഈ മഹാവിദ്യാലയത്തെ സ്നേഹിക്കുന്ന മുഴുമവന്‍ ആളുകള്‍ക്കും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഒത്തു ചേരാനും ആശയപ്രകാശനം നടത്താനും വിശേഷങ്ങള്‍ പങ്കു വെക്കാനുമുളള ഒരു ഇലക്ട്രോണിക് പ്ലാറ്റ് ഫോം " എന്നാണ് കാസര്‍ഗോഡു ജില്ലയിലെ മലയോരപ്രദേശത്തുളള അഡൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്വന്തം ബ്ലോഗായ 'മലയോരവിശേഷത്തെ 'പരിചയപ്പെടുത്തുന്നത്. വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍, കുട്ടികളുടെ രചനകള്‍, വിദ്യാലയത്തിനു കിട്ടിയ അംഗീകാരങ്ങള്‍, വിദ്യാലയവിശേഷങ്ങള്‍, പഠനപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ വിഭവസമൃദ്ധമാണ് അവരുടെ ബ്ലോഗ്. എട്ടാം തരം വിദ്യാര്‍ഥിനികളായ സുചിത്രയും അഹല്യയും നേതൃത്വം കൊടുത്തു തയ്യാറാക്കിയ പ്രാദേശികഭാഷാ നിഘണ്ടു അധ്യാപന മികവിന്റെ സാക്ഷ്യം കൂടിയാണ്. പൊതുവിദ്യാലയത്തിന്റെ കരുത്തു ബോധ്യപ്പെടാന്‍ ഈ ബ്ലോഗ് സഹായിക്കും.
'വോയ്സ് ഓഫ് ചേരാപുരം' ചേരാപുരം യു പി സ്കൂളിന്റെ ബ്ലോഗാണ്. കുട്ടികളുടെ സര്‍ഗാത്മക രചനകള്‍ ഇതില്‍ നിരന്തരം പ്രസിദ്ധീകരിക്കുന്നു. കേരളത്തിലെ ബ്ലോഗര്‍മാര്‍ ആ രചനകള്‍ വിലയിരുത്തി പ്രതികരിക്കുന്നു. നവമാധ്യമലോകത്തിലെ എഴുത്തുകാരാക്കി കുട്ടികളെ മാറ്റിയെടുക്കുവാന്‍ അധ്യാപകര്‍‌ സവിശേഷ താല്പര്യമാണ് പ്രകടിപ്പിക്കുന്നത്. വിദ്യാലയബ്ലോഗുകളുടെ നല്ല ഒരു സാധ്യതയാണ് വോയ്സ് ഓഫ് ചേരാപുരം സൃഷ്ടിച്ചത്. മോഡല്‍ യു പി സ്കൂള്‍ കാളികാവ് , കാഞ്ഞിരപ്പൊയില്‍ യു പി സ്കൂള്‍, പൂമാല ട്രൈബല്‍ ഹൈസ്കൂള്‍, ബേക്കല്‍ ഫിഷറീസ് എല്‍ പി സ്കൂള്‍ തുടങ്ങിയ എടുത്തു പറയാവുന്ന വിദ്യാലയബ്ലോഗുകള്‍ കേരളത്തിലുണ്ട്.
വിദ്യാലയത്തിനെ സംബന്ധിക്കുന്ന എന്തും പ്രകാശിപ്പിക്കാം. അതു സമൂഹം അറിയുന്നതു കൊണ്ടു എന്തു പ്രയോജനം എന്ന ചേദ്യത്തിനു തൃപ്തികരമായ ഉത്തരമുണ്ടായാല്‍ മതി. എഡിറ്റോറിയല്‍ ബോര്‍ഡു വേണം .കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രാതിനിധ്യം ആകാം. എന്തെല്ലാം ഉളളടക്കം എന്നു തീകുമാനിച്ചാല്‍ അവ തയ്യാറാക്കുന്നതിനു ചുമതലക്കാരെ നിശ്ചയിക്കണം. ടൈപ്പ് ചെയ്യാനറിയാവുന്നവരുടെ എണ്ണം കൂട്ടിക്കൊണ്ടു വരണം. വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ആയതിനാല്‍ സമയം കിട്ടുമ്പോള്‍ ഉബണ്ടുവില്‍ ടൈപ്പ് ചെയ്തു സൗകര്യമനുസരിച്ചു പകര്‍പ്പെടുത്തു ബ്ലോഗില്‍ പോസ്റ്റ് ചെയ്യാവുന്നതേയുളളൂ.
സര്‍ഗാത്മകവിദ്യാലയങ്ങള്‍ മാതൃകാനുഭവങ്ങള്‍ പ്രകാശിപ്പിച്ച് സമൂഹത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. ദിനാചരണവാര്‍ത്തകളിലും ചടങ്ങുകളുടെ പൊലിമയിലും ആയിരിക്കില്ല അതു് നിറവു തേടുന്നത്. അധ്യാപകരുടെ സവിശേഷമായ അന്വേഷണങ്ങളെയും കുട്ടികളില്‍ വളര്‍ത്തിയെടുത്ത ബഹുമുഖമായ കഴിവുകളേയും ആഘോഷിക്കുന്നതലൂടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ സ്വന്തം വികാസത്തെ അഭിമാനപുരസരം പരിചയപ്പെടുത്താനാകുന്ന കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കര്‍ത്തക്കള്‍ക്കു ദിശാബോധം നല്‍കാന്‍ കഴിയുന്ന മാനം കൈവരിക്കും. വിദ്യാലയാസൂത്രണച്ചിട്ട ,അക്കാദമിക ജാഗ്രത, സൗഹൃദഭരണനേതൃത്വം, സമൂഹസാന്നിധ്യസജീവത, ഗുണതയിലൂന്നിയുളള പ്രവര്‍ത്തനസംസ്കാരം ,രക്ഷാകര്‍തൃശാക്തീകരണത്തിന്റെ സ്വാധീനം ഇവയൊക്കെ പ്രതീക്ഷിക്കാവുന്ന വിദ്യാലയബ്ലോഗുകള്‍ പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് സമൂഹവുമായി സംവദിക്കുന്നത് വരൂ ഈ വിദ്യാലയത്തെ അറിയൂ ഇതുപോലെ വിദ്യാലയങ്ങളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കൂ എന്നുളള സന്ദേശം നല്‍കിക്കൊണ്ടായിരിക്കും.
5.വിഷയബ്ലോഗുകള്‍
വിഷയാടിസ്ഥാനത്തലുളള വിദ്യാബ്ലോഗുകള്‍ വലിയൊരു അനിവാര്യതയാണ്. പക്ഷെ അത് ഫലപ്രദമായി ഉപയോഗിക്കുന്നതിന് പലര്‍ക്കും കഴിയുന്നില്ല. ഗൈഡുകമ്പനിക്കാരു ചെയ്യുന്നതു പോലെ പരീക്ഷാസഹായിയും വിഷയസമീപനവുമായി പൊരുത്തപ്പെടാത്ത വിഭവങ്ങളും പ്രസിദ്ധീകരിക്കുന്നതിനു ശ്രമിക്കുന്നവ തത്ക്കാലം ശ്രദ്ധപിടിച്ചുപറ്റുമെങ്കിലും വലിയ അക്കാദമിക ഇടപെടലായി മാറില്ല.
തുടക്കത്തില്‍ പ്രകടിപ്പിച്ച സജീവത നിലനിറുത്താന്‍ പല വിഷയ ബ്ലോഗുകള്‍ക്കും കഴിയുന്നില്ല. നെറ്റില്‍ നിന്നും കുറെ വിഭവങ്ങള്‍ ശേഖരിച്ചു പ്രകാശിപ്പിച്ചാല്‍ അതു അധ്യാപകരുടെ സജിവസന്ദര്‍ശനം നിര്‍ബന്ധിക്കില്ല. അക്കാദമിക ഉള്‍ക്കാഴ്ചയുടെ അഭാവം ഒരു കാരണമാണ്.
  • ടാര്‍ജറ്റ് ഗ്രൂപ്പ് ഫിക്സ് ചെയ്യണം ( എല്‍ പി /യുപി/ഹൈസ്കൂള്‍ /ഹയര്‍സെക്കണ്ടറി)
  • അവര്‍ക്ക് ഏറ്റവും ആവശ്യമുളളതിനു പ്രാധാന്യം നല്‍കണം ( പാഠക്കുറിപ്പ്,ആശയവ്യക്തത, നൂതനബോധനതന്ത്രങ്ങള്‍,വിലയിരുത്തല്‍, പഠനപ്രക്രിയയിലെ സൂക്ഷ്മവിശകലനം, പ്രയോജനപ്രദമായ പഠനസാമഗ്രികള്‍,)
  • ഉടന്‍ പ്രയോഗിച്ചു നോക്കാന്‍ കഴിയുന്നതിനു പരിഗണന നല്‍കിയാല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങള്‍ ലഭിക്കും
  • കൂടുതല്‍ പഠിക്കാന്‍ സന്നദ്ധതയുളളവര്‍ക്കായി വിഭവവഴിചൂണ്ടികള്‍ കൊടുക്കണം
  • വിഷയബ്ലോഗുകുകളുടെ ആസൂത്രകര്‍ പ്രതിവര്‍ഷ ലക്ഷ്യം തീരുമാനിക്കണം.
  • ഊന്നല്‍ മേഖലകള്‍ നിര്‍ണയിക്കാതെ അപ്പപ്പോഴുളള വെളിപാടിനനുസൃതമായി പോസ്ററിടുന്നത് വേണ്ടത്ര ഗുണം ചെയ്യില്ല.
  • ഉളളടക്കവിഭാഗങ്ങള്‍ മുന്‍കൂട്ടിക്കാണുന്നത് നല്ലത്.
  • ഔദ്യോഗികസംവിധാനത്തിനു വിധേയമായ ആലോചനകള്‍ക്കപ്പുറത്തേക്കു പോകാന്‍ കഴിയണം
  • ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നു ആത്മപരിശോധന നടത്തണം
ബോധനശാസ്ത്രപരിഗണനകളുടെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കു കൂടുതല്‍ തെളിച്ചം നല്കാന്‍ കഴിയുന്നവര്‍ക്കോ ടീമിനോ മാത്രമേ വിഷയബ്ലോഗുകള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.
6.വിദ്യാഭ്യാസ വിഭവ ബ്ലോഗുകള്‍
അധ്യാപകര്‍ക്കും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും വിഭവപിന്തുണ നല്‍കാന്‍ പര്യാപ്തവും വിദ്യാസഗുണനിലവാരം ഉയര്‍ത്തുന്നതിനു സഹായകമായ ആശയങ്ങളും അനുഭവങ്ങളും പങ്കിടുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും വേദിയായി പ്രവര്‍ത്തിക്കുന്നവയാണ് വിദ്യാഭ്യാസ റിസോഴ്സ് ബ്ലോഗുകള്‍. മാത്സ് ബ്ലോഗ്, സുജനിക, ചൂണ്ടു വിരല്‍ , തൂവല്‍ തുടങ്ങിയ ബ്ലോഗുകള്‍ ഈ വിഭാഗത്തില്‍ പെടും. വിഭവവൈവിധ്യം കൊണ്ടു സംമ്പന്നമാണ് ഇത്തരം ബ്ലോഗുകള്‍ ക്ലാസടിസ്ഥാനത്തില്‍ അധ്യാപനക്കുറിപ്പുകള്‍ പങ്കിടുന്ന വര്‍ക്കല ബി ആര്‍ സിയുടെ ബ്ലോഗ് മറ്റൊരു മാതൃകയാണ്. പ്രൈമറിക്കുട്ടികള്‍ക്കാവശ്യമായ ബാലസാഹിത്യ കൃതികള്‍ പരിചയപ്പെടുത്തുന്ന 'കുഞ്ഞു വായന'യും ശ്രദ്ധേയമാണ് . മാത്സ് ബ്ലോഗിനെപ്പോലെ ഹൈസ്കൂള്‍ഘട്ടത്തിന് പ്രാധാന്യം നല്‍കുന്ന 'സൂജനിക' മലയാളപഠനവുവുമായി ബന്ധപ്പെട്ട മൗലിക ചിന്തകളും പ്രായോഗികാന്വേഷണങ്ങളും പങ്കു വെക്കുന്നു. പാഠപുസ്തക വിശകലനം, എഴത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തല്‍, പാഠാസൂത്രണനിര്‍ദ്ദേശങ്ങള്‍, പരീക്ഷ, പഠനഭാരം, ടൈം മാനേജ്മെന്റ്, ഭിന്നനിലവാരം, വിവേചനം, ഗൃഹപാഠം, വിദ്യാലയത്തിലെ ഡ്രസ് കോഡ്, ക്ലാസ് റൂം, സാങ്കേതികവിദ്യ, ഹെല്‍പ് ഡസ്ക്, വായന, ലേഖനം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടി, പത്താം ക്ലാസിലെ പഠനം ഫലപ്രദമാക്കുന്നതിനുളള തന്ത്രങ്ങള്‍, ദിനാചരണങ്ങള്‍ എന്നിങ്ങനെ പ്രസക്തമായ ഒട്ടേറെ കാര്യങ്ങള്‍ സൂജനികയിലുണ്ട്. ഈ ഉദാഹരണത്തില്‍ നിന്നും വിദ്യാഭ്യാസ വിഭവ ബ്ലോഗുകളുടെ സാധ്യത ബോധ്യപ്പെട്ടിട്ടുണ്ടാകും. സര്‍ക്കാരുത്തരവുകളറിയുന്നതിനും ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം ക്ഷാമബത്ത, ആദായനികുതി എന്നിവ കണക്കു കൂട്ടുന്നതിനുമുളള സഹായസംവിധാനമെന്ന രീതിയില്‍ വിദ്യാബ്ലോഗുകളെ കാണുന്ന അധ്യാപകരുടെ താല്പര്യം സ്വാര്‍ഥപരമാണ്. ഇത്തരം ആവശ്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെങ്കിലും അതിനു മാത്രം പരിഗണന നല്‍കുന്ന വിഭാഗത്തെ അക്കാദമിക ചര്‍ച്ചകളിലേക്കു കൊണ്ടുവരേണ്ടതുണ്ട്.
ഐ ടി എങ്ങനെ അധ്യാപക ശാക്തീകരണത്തിനായി , സ്വയം പഠനത്തിനായി, വിദ്യാലയ മികവിനായി, പൊതുവിദ്യാഭ്യാസത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിനായി, കുട്ടികളുടെ നാനാവിധമായ കഴിവുകളുടെ തെളിവിടങ്ങള്‍ ഒരുക്കുന്നതിനായി ഉപയോഗിക്കാന്‍ കഴിയുമെന്ന ആലോചന ഓരോ സ്കൂളും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഏറ്റെടുക്കാന്‍ വൈകിക്കൂടാ. അങ്ങനെ അതി വിപുലമായ അക്കാദമിക കൂട്ടായ്മ വളര്‍ത്തിക്കൊണ്ടു വരാന്‍ കേരളത്തിനു കഴിയും. മുഖാമുഖപരിശീലനത്തിനു സമാന്തരമായ ഒരു ധാര വികസിപ്പിക്കപ്പെടുകയും ഫെസിലിറ്റേഷന്റെ അടിത്തട്ടു മാതൃക രൂപപ്പെടുത്തുകയും വേണം.
വിദ്യാഭ്യാസ ഗുണനിലവാരമുയര്‍ത്തുന്നതിനായി പ്രാദേശികമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുക,. അധ്യാപനത്തെ ക്ലാസിന്റെ ചുമരുകള്‍ക്കുളളില്‍ നിന്നും നാടിന്റെ സംവാദാത്മക മനസ്സിലേക്കു വ്യാപിപ്പിക്കുക അതു വഴിയുണ്ടാകുന്ന അക്കാദമിക ഉണര്‍വിനെ കരുത്താക്കുക ഇവ വിദ്യാഭ്യരംഗത്തെ പുതുവഴിവെട്ടുന്നവരുടെ അജണ്ടയാകട്ടെ എന്നു പ്രത്യാശിക്കുന്നു.