ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 29, 2017

അസറും പ്രഥമും ലോകബാങ്കും രാ‍ജനും നിലവാരവും


ഇരയ്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്ന ഒരളാണോ രാജന്‍ ചെറുക്കാട്?
അദ്ദഹം എന്‍ ജി ഒ കള്‍ വിദ്യാഭ്യാസത്തില്‍ ഇടപെടുന്നത് ലോകബാങ്ക് അജണ്ട പ്രകാരവും ലോകബാങ്ക് ഇന്ത്യന്‍ ഭരണകൂടവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരവുമാണെന്നു സമര്‍ഥിക്കുന്നു. അതേ മാന്യന്‍ ഇന്ത്യയിലെ ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും യുനെസ്കോയുടെ കാര്‍മികത്വത്തില്‍ അരംഭിച്ചതും ലോകബാങ്ക് പുരസ്താരം നല്‍കി ആദരിച്ചതുമായ പ്രഥം (In 2000, Pratham was awarded the Global Development Network Award, sponsored by the World Bank and Government of Japan.) എന്ന എന്‍ ജിഒയുടെ പഠനത്തെ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്നതിനായി അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു.
1996 ല്‍ ആണ് പ്രഥം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതേ സമയമാണ് ഡി പി ഇ പി പ്രോഗ്രാം ഇന്ത്യയില്‍ വ്യാപകമാകുന്നതും. 2004 ല്‍ യു പി എ സര്‍ക്കാര്‍ അസര്‍ ( Annual Status of Education Report -ASER) തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു. എന്‍ സി ഇ ആര്‍ ടി പോലെ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിരിക്കേ എന്തിനാണ് ഒരു എന്‍ ജി ഒയെ പഠനത്തിനു ചുമതലപ്പെടുത്തിയതെന്ന് ചോദിക്കേണ്ടതുണ്ട്. എന്‍ സി ഇ ആര്‍ ടിയുടെ പഠനറിപ്പോര്‍ട്ടിനേക്കാള്‍ ആധികാരികത രാജന്‍ ഇവരുടെ പഠനത്തിന് നല്‍കുന്നതെന്തിനെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.  

യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തേണ്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വന്‍ മൂലധനം മുടക്കി ഏറ്റെടുക്കുന്ന പ്രഥമിനെ വിമര്‍ശനാത്മകമായി പോലും വിലയിരുത്താന്‍ രാജന്‍ തയ്യാറായിട്ടില്ല

 

രാജന് പ്രഥം ആരാണെന്നറിയാം. ലോകബാങ്ക് പ്രഥമിന്റെ റിപ്പോര്‍ട്ടാണ് പരിഗണിക്കുക എന്നും അറിയാം. ( മുകളിലത്തെ ഫേസ് ബുക്ക് പോസ്റ്റ് നോക്കുക. ലോകബാങ്ക് ഫാസ്ററ് ഇന്‍ഷ്യേറ്റീവിന് പരിഗണിക്കുക ഈ റിപ്പോര്‍ട്ടാണ്. അതിനാല്‍ രാജനും അതേ റിപ്പോര്‍ട്ടാണ് പഥ്യം. എന്തൊരു ചേര്‍ച്ച? അസറിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടാണെന്നതിലും രാജന് സംശയമില്ല.( ഈ സത്യസന്ധത പിന്നീട് പരിശോധിക്കുന്നതാണ്)
.അസര്‍ പറയുന്നു ( aser സൈററില്‍ നിന്നും സ്ക്രീന്‍ഷോട്ട്. അവസാനത്തെ ഖണ്ഡിക നോക്കുക)
" ASER Centre conducts a range of research, assessment and capacity building projects that are funded by Indian and international institutions. In India, these include collaborations with state governments. International collaborators and funders include UNICEF, UNESCO, the World Bank, and the Abdul Latif Jameel Poverty Action Lab (JPAL) at the Massachusetts Institute of Technology, among others."
രാജന്‍ ലോകബാങ്ക് ലോകബാങ്ക് എന്നു പറയുന്നതിനെന്താ ആത്മാര്‍ഥത? അവരുടെ ഫണ്ട് വാങ്ങി എന്നതിന് എല്ലാ രേഖകളും ഉളള പ്രഥമം രാജന് പ്രഥമപ്രിയം! അതിനാല്‍ 
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രഥമിനോ അസറിനോ ഒരു കുഴപ്പവുമില്ല. നേരിട്ട് ലോകബാങ്ക് ധനകാര്യ ബന്ധമുളളവര്‍ പുണ്യാത്മാക്കള്‍
പ്രഥമിന്റെ സാരഥികളാരെന്നു പരിശോധിക്കാം . അംബാനിഗ്രൂപ്പിനും വിദേശത്തുളള ഇന്ത്യന്‍കുത്തകള്‍ക്കും എന്തു സ്നേഹമായിരിക്കും രാജനോടുണ്ടാവുക. അവരുടെ പഠനത്തിന്റെ ശാസ്ത്രീയതയെ അക്കാദമിക ലോകം ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ ഒരാളുണ്ടായല്ലോ  ന്യായീകരിക്കാന്‍!


ചെറിയ മൂലധനമൊന്നുമല്ല പ്രഥമിനുളളത്. വിദ്യാഭ്യാസത്തില്‍ ഭീമമായ മുതല്‍ മുടക്കാണ് നടത്തുന്നത്. ഭരണകൂടച്ചുമതലകള്‍ സ്വകാര്യ ഏജന്‍സികളെ എല്‍പ്പിച്ചാല്‍ മതിയെന്ന് തെളിയിക്കുകയാണിവര്‍

എന്തുകൊണ്ടാണ് അക്കാദമിക ലോകം അസര്‍ പഠനം ശാസ്ത്രീയമല്ലെന്നു പറയുന്നത്?
 1. ഗ്രാമപ്രദേശത്തെ മാത്രമാണ് പഠനവിധേയമാക്കുന്നത്. അത് സംസ്ഥാനത്തിന്റെ നിലവാരമായി തെററിദ്ധരിപ്പിക്കുന്നു
 2. ഓരോ ക്ലാസിലും നേടേണ്ട ശേഷികളല്ല പരിശോധിക്കുന്നത്. ഒന്നു മുതല്‍ എട്ടാം ക്ലാസ് വരെ ഒരൊറ്റ ടൂളാണ് ഉപയോഗിക്കുന്നത്
 3. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഹരിക്കാനറിയാം എന്നാണ് അസറിന്റെ കണ്ടെത്തല്‍. കേരളത്തിലെ 2016 അസര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന 1.2 % രണ്ടാം ക്ലാസില്‍ പഠിക്കുന്ന 3.2%  മൂന്നാം ക്ലാസില്‍ പഠിക്കുന്ന 8.7% കുട്ടികള്‍ക്കും മൂന്നക്ക സംഖ്യയെ ഒരക്ക സംഖ്യകൊണ്ടു ഹരിക്കാനറിയാം. ഈ നിലവാരത്തിലുളള ഹരണം നാലാം ക്ലാസിലാണ് ആരംഭിക്കുന്നത്. അതായത് ക്ലാസില്‍ പഠിപ്പിക്കാത്ത ശേഷിയും കുട്ടികള്‍ നേടുന്നു എന്നതാണ് അസറിന്റെ കണ്ടെത്തല്‍. ഇതാണ് പഠനം അശാസ്ത്രീയമാണെന്നുളളതിന്റെ തെളിവ്
4. ഇംഗ്ലീഷ് മാധ്യമത്തിലാണോ മലയാളമാധ്യമത്തിലാണോ കുട്ടി പഠിക്കുന്നതെന്ന് പരിഗണിക്കാതെ മാതൃഭാഷാ പരീക്ഷയും ഇംഗ്ലീഷ് പരീക്ഷയും നടത്തുന്നു. ഇംഗ്ലീഷ് മാധ്യമ വിദ്യാര്‍ഥികള്‍ മാതൃഭാഷ പഠിക്കണമെന്നില്ല. അക്കാരണത്താല്‍ അത് പഠനത്തെ ബാധിക്കുകയും തെറ്റായ നിഗമനത്തിലേക്കെത്തിച്ചേരുകയും ചെയ്യും  
5. സര്‍വേ കേരളത്തില്‍ നടത്തുന്നത് കുടുംബശ്രീക്കാരാണ്. അവര്‍ അക്കാദമിക പഠന നടത്തുന്നതിന് പ്രാപ്തരാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. 
6. വീട്ടില്‍ അനൗപചാരിക സന്ദര്‍ഭത്തില്‍ നടത്തുന്ന പഠനമാണിത്. വീട്ടുകാരും കൂട്ടുകാരും വീടന്തരീക്ഷവും സ്വാധീനിക്കും
7. പരിചയമുളള കുടംബശ്രീ പ്രവര്‍ത്തക ചെന്നാല്‍ കുട്ടികള്‍ അത ഗൗരവത്തോടെ എടുക്കണമെന്നില്ല.
8. അസറിന്റെ പഠനവും എന്‍ സി ഇ ആര്‍ ടിയുടെ പഠനവും മറ്റ് പഠനങ്ങളും തമ്മില്‍ അജഗജാന്തരം ഉണ്ട്. തമിഴ് നാട് അസര്‍ പഠനത്തില്‍ പിന്നാക്കമാകുമ്പോള്‍ എന്‍ സി ഇ ആര്‍ ടി പഠനത്തില്‍ ഇന്ത്യയിലെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. പ്രത്യേകിച്ചും ഗണിതത്തില്‍.  
9. അസര്‍ പഠന പ്രാകരം ഒരു ക്ലാസിലെ കുട്ടികളുടെ നിലവാരം ഒരു വര്‍ഷം കണ്ടെത്തുന്നു.ഒന്നാം ക്ലാസിലെ കുട്ടികളോട് ഭാഷയില്‍ രണ്ടാം ക്ലാസ് നിലവാരത്തിലുളള ചോദ്യവും  ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകാരോട് ഗണിതത്തില്‍ നാലാം ക്ലാസ് നിലവാരത്തിലുളള ഹരണവുമായി ബന്ധപ്പെട്ട ചോദ്യവും ചോദിക്കുകയും അതിന്റെ  പ്രതികരണം കൂടി മൊത്തം നിലവാരത്തിലേക്ക് അന്വയിക്കുകയും ചെയ്യുന്നു. ഇത് അശാസ്ത്രീയമായ വിശകലനമാണ്.
അസറിനെ വെച്ച് കേരളത്തിലെ നിലവാരത്തെ വിലയിരുത്തുന്നത്   രണ്ടു രീതിയില്‍ സ്വീകാര്യമല്ല. ഒന്ന് അതിന്റെ ശാസ്ത്രീയത, രണ്ട് ഔദ്യോഗിക ഗവേഷണസ്ഥാപനങ്ങളും അംഗീകൃതസംവിധാനങ്ങളുമുണ്ടായിരിക്കെ ലോകബാങ്ക് ഫണ്ടോടുകൂടി സര്‍ക്കാര്‍ ഏജന്‍സികളല്ലാത്ത ഒരു സ്ഥാപനം നടത്തുന്ന പഠനമെന്ന നിലയില്‍ .
ഭാഗം രണ്ട് 
ഇനി വാദത്തിനു വേണ്ടി അസറിന്റെ പഠനറിപ്പോര്‍ട്ടിലേക്ക് വരാം.
രാജന്‍ മാതൃഭൂമിയില്‍ നല്‍കിയ പൈ ഡയഗ്രമാണ് രണ്ടാം ക്ലാസ് പാഠം വായിക്കാന്‍ അറിയാത്തവരുടെ ചാര്‍ട്ടില്‍ അഞ്ചാം ക്ലാസില്‍  ഗണിതം- ഹരണം കയറ്റി ഇട്ടു. എട്ടാം ക്ലാസിന്റെ കാര്യത്തില്‍ രണ്ടു വര്‍ഷങ്ങള്‍ കയറ്റി. ഇങ്ങനെയാണോ ചാര്‍ട്ട് തയ്യാറാക്കുക?

രാജന്റെ നിരീക്ഷണങ്ങള്‍ നോക്കാം
എന്താണ് രാജന്‍ പറഞ്ഞത്? അഞ്ച് എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ടാം ക്ലാസ് പാഠപുസ്തകം പോലും വായിക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ട് ! ആരുടെ റിപ്പോര്‍ട്ട്? അസറിന്റെയും അച്ചിവ്മെന്റ് സര്‍വേയും( എന്‍ സി ഇ ആര്‍ ടിയുടെ) അച്ചീവ്മെന്റ് സര്‍വേയില്‍ ഇത്തരമൊരു ടൂള്‍ ഇല്ലല്ലോ എന്നു രാജനോട് ചോദിക്കരുത്. നല്‍കിയ ഗ്രാഫിക്സിലും അത് കൊടുത്തിട്ടില്ല. രണ്ടാം ക്ലാസിലെ പാഠപുസ്തകം അസര്‍ വായിപ്പിച്ചിട്ടില്ല. text എന്നു കണ്ടപ്പോള്‍ പാഠപുസ്തകം എന്നങ്ങു കാച്ചി. രാജാ അവര്‍ ചെയ്തത് ദീര്‍ഘവാക്യങ്ങളടങ്ങിയ ഒരു കഥ വായിക്കാന്‍ നല്‍കി . അത്രയേ ചെയ്തിട്ടുളളൂ. അതാകട്ടെ പാഠപുസ്തകത്തിലേതുമല്ല. പാഠം എന്നു കേട്ടാല്‍ പാഠപുസ്തകമാക്കുന്ന അത്ര ധാരണയേ രാജന് ഉളളൂ എന്നത് സബ് എഡിറ്റര്‍ പദവിക്കു കൂടി നാണക്കേടായിപ്പോയല്ലോ. വിവരക്കേടിന്റെ ചീഫ് എഡിറ്റര്‍ക്ക് അത് കുറച്ചിലാകില്ലെന്നറിയാം.


അദ്യം അതിലെ കണ്ടെത്തലുകള്‍ രാജന്‍ അംഗീകരിക്കുന്നു എന്ന പരികല്പയുടെ അടിസ്ഥാനത്തിലാണ് വിശകലനം എന്നു പറയട്ടെ. അസര്‍ പഠനത്തിന്റെ രീതീ ശാസ്ത്രം പിന്നീട് ഞാന്‍ പരിശോധിക്കും
ASER 2005
എന്താണ് ഈ വര്‍ഷത്തിന്റെ പ്രത്യേകത? പുതിയപാഠ്യപദ്ധതി നടപ്പിലാക്കി പത്തുവര്‍ഷം പൂര്‍ത്തിയാകുന്നു.
ഇതാണ് ഭാഷയില്‍ അവര്‍ പരിശോധിച്ചത്
Level - 1: Ability to read a small paragraph with short sentences of std 1 level difficulty.
Level - 2: Ability to read a 'story' text with some long sentences of std 2 level difficulty.

  എന്താണ് കണ്ടെത്തല്‍ ?
 • ഒന്നാം ക്ലാസില്‍ പഠിക്കുന്ന 23%കുട്ടികള്‍ക്ക് രണ്ടാം ക്ലാസ് നിലവാരത്തിലുളള പാഠം വായിക്കാന്‍ കഴിയും! അതെ നീണ്ട വാക്യങ്ങളുളള കഥ വായിക്കാന്‍ കഴിയും. മാതൃഭൂമി സബ് എഡിറ്റര്‍ രാജനും കൂട്ടരും പറഞ്ഞു പരത്തിയത് ഒന്നാം ക്ലാസില്‍ അക്ഷരം പഠിപ്പിക്കുന്നില്ല. അതിനാല്‍ നിരക്ഷരരാണ് സൃഷ്ടിക്കപ്പെടുന്നതെന്നാണ്
 •  ചെറിയ വാക്യങ്ങളിലുളള ഖണ്ഡിക വായിക്കാനറിയാവുന്ന എട്ടു ശതമാനം പേരും ഒന്നാം ക്ലാസിലുണ്ട്.  
 • നാല്പതു ശതമാനം പേര്‍ വാക്കുകള്‍ വായിക്കും.  
 • ഈ മൂന്നു വിഭാഗം കൂടുമ്പോള്‍ എത്ര ശതമാനമായി എഴുപത്തിയൊന്ന്!  
 • ഒന്നാം ക്ലാസില്‍ ഇതു പോരെ നിലവാരം? പുതിയ രീതിക്കു മുമ്പ് ഇതിനേക്കാള്‍ മികച്ച നിലവാരമെന്നായിരുന്നു എന്നു സ്ഥാപിച്ചാല്‍ ഈ നേട്ടം തെറ്റാണെന്നു സമ്മതിക്കാം.  
 • നാലാം ക്ലാസിലെ 73.8% കുട്ടികള്‍ ദീര്‍ഘ വാക്യങ്ങളുളള കഥകള്‍ വായിക്കും (15.9% ഖണ്ഡിക വായിക്കും. ഞാന്‍ തല്‍ക്കാലം ഖണ്ഡിക വായിക്കാന്‍ കഴിവുളള നാലാം ക്ലാസുകാരെ ഒഴിവാക്കുന്നു. ) 
 • രണ്ടാം ക്ലാസില്‍ ഏതാണ്ട് അഞ്ച് ശതമാനം കുട്ടികള്ക്ക് മാത്രമാണ് അക്ഷരം തിരിച്ചറിയാനാകാത്തത്. അത് ഏതു വിദ്യാഭ്യാസ സംവിധാനത്തിലും ഉളള പ്രവണതയാണ്. പഠനപിന്നാക്കാവസ്ഥ, ഐ ഇ ഡി വിഭാഗം കുട്ടികള്‍ തുടങ്ങിയ ഈ കൂട്ടരുടെ പ്രശ്നങ്ങള്‍ പഠനഫലത്തില്‍ പ്രതിഫലിക്കുന്നത് പര്‍വതീകരിക്കേണ്ട കാര്യമില്ല. കൂടുതല്‍ അനുഭവം ലഭിക്കുമ്പോള്‍ ക്രമേണ ഇവരും നില മെച്ചപ്പെടുത്തും. 
 • നാലാം ക്ലാസിലെ എഴുപത്തി മൂന്നു ശതമാനത്തിനും ദീര്‍ഘ വാക്യങ്ങളുളള കഥ വായിക്കാനാകും. ഇരുപത്തിയേഴ് ശതമാനം നിരക്ഷരരാണെന്നല്ല ഇതിനര്‍ഥം. അക്ഷരം തിരിച്ചറിയാനാകാത്തവര്‍ കേവലം രണ്ടു ശതമാനം മാത്രം. അക്ഷരമറിയാത്തവര്‍ എന്ന വാദമാണ് രാജന്‍തന്നെ ആധാരമാക്കുന്ന അസര്‍ പൊളിച്ചുകളയുന്നത്. 
 • അഞ്ച് ആറ് ഏഴ് എട്ട് ക്ലാസുകളില്‍ ദീര്‍ഘ വാക്യങ്ങളുളള കഥ വായിക്കാന്‍ കഴിയാവുന്നവരുടെ ഈ ശതമാനം കൂടികൂടിവരികയാണ്. വായിക്കാനറിയാത്ത കുട്ടികളാണോ  ഇവിടെ രൂപപ്പെട്ടത്? 
 • എട്ടാം ക്ലാസിലെത്തുമ്പോള്‍ തൊണ്ണൂറ് ശതമാനവും നിര്‍ദിഷ്ട വായനാസാമഗ്രി വായിക്കാന്‍ കഴിവുളളവരാണ്. അസര്‍ ഉപയോഗിച്ച ടൂള്‍ വെച്ച് പറയുകയാണെങ്കില്‍ അത് നിരാശയുണ്ടാക്കേണ്ട കണ്ടെത്തലല്ല. പിന്നെ രാജന് അത് കണ്ണില്‍ കരടാണ് .
  അദ്ദേഹം പറയും എട്ടാം ക്ലാസിലെ ഒന്നര ശതമാനം കുട്ടികള്‍ക്ക് അക്ഷരമേ അറിയില്ലെന്ന്!  
  രണ്ടു വര്‍ഷം കഴിഞ്ഞ് അസര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവാരത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. രണ്ടാം ക്ലാസ് നിലവാരത്തിലുളള പാഠം വായിക്കാന്‍ കഴിയുന്നവര്‍ ഓരോ ക്ലാസുകളിലും വിവിധ വര്‍ഷങ്ങളിലെങ്ങനെയെന്നു നോ്ക്കാം.
  ക്ലാസ് 1 ( 23, 10.4), ക്ലാസ് 2 (48, 33.4) ,ക്ലാസ് 3 (60.9, 48.6), ക്ലാസ് 4 (73.8, 66.5), ക്ലാസ് 5( 81.5, 77.1), ക്ലാസ് 6 (86.8, 81.1),ക്ലാസ് 7 ( 85.1, 88.9) ,ക്ലാസ് 8 ( 91.7, 88.7). ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം അക്ഷരമറിയാത്തവരുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനവ് കാണുന്നില്ല എന്നതാണ്. ആകെ 2007 ല്‍ 1.9% മാത്രം
ഇതിനേക്കാള്‍ രസകരമായ സംഗതി ഈ നിലവാരം കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ബാധകമല്ലെന്നുളളതാണ് .അതായത് എല്ലായിടത്തും ഒരേ പ്രവണതയായിരുന്നെങ്കില്‍ നമ്മുക്ക് സാമാന്യവത്കരിക്കാനാകും ചില ജില്ലകളില്‍ മികച്ച പ്രകടം ഉണ്ടെങ്കില്‍ അത്  പാഠ്യപദ്ധതിയുടെ മാത്രം സ്വാധീനമെന്നു പറയുന്നില്ല. പക്ഷേ അതിന്റെ സ്വാധീനവും ഉണ്ട്. കൊല്ലം ,ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലകളില്‍ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസു വരെയുളളവരില്‍  ഇരുപത് ശതമാനത്തില്‍ താഴെ കുട്ടികളാണ് ദീര്‍ഘ വാക്യങ്ങളുളള കഥ വായിക്കാന്‍ കഴിയാത്തവര്‍. എന്നാല്‍ മലപ്പുറം, എറണാകുളം, തൃശൂര്‍, ഇടുക്കി, കാസറ്‍കോട് ജില്ലകളില്‍ ഇത് മുപ്പത്തിരണ്ടു മുതല് അമ്പത്തിയൊന്നു ശതമാനം വരെയാണ്.ഇടുക്കി , കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകള്‍ അവിടുത്തെ സാമൂഹികവും വിദ്യാഭ്യാസ പരവുമായ ഘടകങ്ങളാല്‍ മിക്ക പഠനങ്ങളിലും താരതമ്യേന പിന്നിലാണ്. പട്ടികയില്‍ സൂചിപ്പിക്കാത്ത മറ്റു നാലു ജില്ലകള്‍ ഈ നിലവാരത്തിനിടയ്ക് നില്‍ക്കുന്നു. പുതിയപാഠ്യപദ്ധതി അമ്പേ പരാജയമായിരുന്നെങ്കില്‍ എല്ലാ ജില്ലകളിലും സമാന പ്രവണ കാണണം. അതുണ്ടായിട്ടില്ല. വ്യത്യസ്ത ജില്ലകളിലെ നിലവാരം സംസ്ഥാനത്തെ അടിസ്ഥാനമാക്കി രേഖപ്പെടുത്തിയതാണ് ആദ്യം നാം കണ്ട പട്ടിക, കേരളത്തിന്റെ നിലവാരം അഖിലേന്ത്യാതലത്തില്‍ എന്താണെന്നു നോക്കാം

 • ഇരുണ്ട നീല നിറമുളള ജില്ലകളില്‍ പതിനഞ്ചു ശതമാനം വരെ കുട്ടികള്‍ ദീര്‍ഘവാക്യമുളള കഥ ( ലവല്‍ രണ്ട്) വായിക്കാന്‍ കഴിയാത്തവരാണ്.  
 • ഇളം മഞ്ഞകലര്‍ന്ന പച്ച ജില്ലകളില്‍ ഈ വിഭാഗം മുപ്പത് ശതമാനം വരെ വരും. 
 • മഞ്ഞ നാല്പത്തിയഞ്ചുവരെയും 
 • കാവി അറുപതു ശതമാനം വരെയും സൂചിപ്പിക്കുന്നു. 
 • കേരളത്തില്‍ കാവി ചുവപ്പ് എന്നീ ഗ്രൂപ്പുകളില്ല മലപ്പുറമാണ് നാല്പത്തിയഞ്ച് ശതമാന ഗ്രൂപ്പില്‍ പെട്ട ഏകജില്ല.  
 • മറ്റ് ജില്ലകളിലെ  എഴുപത്എണ്‍പത് ശതമാനം കുട്ടികള്‍ക്ക് ഒഴുക്കോടെ വായിക്കാനുളള കഴിവുണ്ട്.  
 • അന്ന് ഈ റിപ്പോര്‍ട്ട് രാജന്‍ കണ്ടതാണ്. രാജന്റെ ഏതു ലേഖനത്തിലാണ് ഇതിനെക്കുറിച്ച് സത്യസന്ധമായ വിവരണമുളളത്.? ഇതു വായിച്ചിട്ടും ( കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ രംഗത്ത് ഗവേഷണം നടത്തുന്നു എന്ന് ഫേസ് ബുക്കില്‍ ആത്മപ്രശംസ നടത്തിയ ആളാണ് അദ്ദേഹം ) എന്തേ അക്ഷരമറിയാത്തവരെ സൃഷ്ടിക്കുന്നുവെന്ന തെറ്റായ ആരോപണം തിരുത്തിയില്ല? തെറ്റു കണ്ടെത്തിയാല്‍ തിരുത്തണം. ബോധ്യപ്പെടുത്തി തിരുത്തിക്കണം. അതാണ് പുതിയസമീപനം. രാജന്‍ പഴയസമീപനത്തിന്റെ ആളാണല്ലോ. ശിക്ഷ കിട്ടിയാലേ തിരുത്തൂ.ഇല്ലേ?

ഗണിതത്തില്‍ എന്താണ് നിലവാരംനേരത്തെ  വായനയില്‍ നല്‍കിയത് വായിക്കാന്‍ കഴിയാത്തകുട്ടികളുടെ ടെ ഭൂപടം. ഇവിടെ എത്ര പേര്‍ക്ക് ഗണിതം കഴിയുമെന്ന ഭൂപടമാണ്. രണ്ടും തമ്മില്‍ അവതരണത്തില്‍ വ്യത്യാസമുണ്ട്. ഇത് തിരിച്ചറിയാത്തതാണോ രാജനെ തെററായ നിഗമനത്തിലെത്തിച്ചത്? അസറിന്റെ റിപ്പോര്‍ട്ടുകളെല്ലാം അവര്‍ ക്രോഡീകരിച്ച് ആദിമുതലുളള വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍ മനസിലാകും വിധം പരസ്യപ്പെടുത്തിയിട്ടുണ്ട്
അത് നോക്കാം (Kerala ക്ലിക് ചെയ്യുക)
ഇംഗ്ലീഷ്

 ഏഴാം ക്ലാസ് .  
 • വാക്യങ്ങള്‍ വായിക്കാന്‍  കഴിവുളളവരെയാണ് പരിശോധിച്ചത്
 • 2007 ല്‍ 75.6% 2014 ല്‍ 80% (അഖിലേന്ത്യാ നിലവാരം  38.8%)    
 • സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എഴുപത് ശതമാനം. അണ്‍ എയിഡഡുകൂടി ചേര്‍ത്ത് സ്വകാര്യ വിദ്യാലയങ്ങളില്‍ എണ്‍പത്തിയേഴ് ശതമാനം. ഇംഗ്ലീഷ്മീഡിയമാണ് അവിടുത്തെ ബോധനമാധ്യമമെന്നതിനാല്‍ ആ ശതമാനത്തിന് തിളക്കം കുറയും

 അഞ്ചാം ക്ലാസില്‍ വാക്കുകള്‍ വായിക്കാനുളള കഴിവ് പരിഗണിച്ചു
 • 2007 ല്‍ 83.9 % . 2014ല്‍ 87.9%. 
 • സര്‍ക്കാര്‍ സ്കൂളുകളില്‍ 2014 ല്‍ 77.8% സ്വകാര്യ വിദ്യാലയങ്ങളില്‍  95.5%
 • 2007 വര്‍ഷം 59%  കുട്ടികളാണ് വാക്യങ്ങള്‍ വായിക്കാനുളള കഴിവ്  നേടിയവരായിട്ടുണ്ടായിരുന്നത്.
 • 2014 68.5% ആയി ഉയര്‍ന്നു (അഖിലേന്ത്യാതലത്തില്‍ 28 %ല്‍  24%  ആയിക്കുറഞ്ഞു )
 • സര്‍ക്കാര്‍ വിദ്യാലയങ്ങലില്‍ 51% പേര്‍ ഈ കഴിവുളളവരാണെങ്കില്‍ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം കുട്ടികളും എയ്ഡഡ് സ്കൂള്‍ കുട്ടികളും ചേര്‍ന്ന ഗ്രൂപ്പില്‍ 81% പേര്‍ ഈ കഴിവുളളവരാണ്.
 ഗണിതത്തില്‍ വ്യവകലനമറിയാവുന്ന മൂന്നാം ക്ലാസിലെ കുട്ടികള്‍  
 • 2007ല്‍ 57% പേരും  
 •  2008 ല്‍ 61% വും 
 • 2010 ല്‍ 66% പേരും ഉണ്ടായിരുന്നു.  
 • പിന്നീട് നിലവാരത്തില്‍ കുറവ് സംഭവിച്ചു. 2014 ല്‍ 46.1% ആയി.
ഈ കാലയളവില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 55.5% ല്‍ നിന്നും 57% ലേക്ക് കൂടുകയും പിന്നീട്  36%  ആയി കുറയുകയും ചെയ്തു. സ്വകാര്യ വിദ്യാലയങ്ങളില്‍ 59% ല്‍ നിന്ന് 72% വരെ ഉയര്‍ന്നെങ്കിലും പിന്നീട് കുുറഞ്ഞ് 51% ലായി. ഇന്ത്യയുടെ പൊതു അവസ്ഥയുമായി തട്ടിച്ചുനോക്കുകയാണെങ്കില്‍ മെച്ചപ്പെട്ട നിലയാണ്. 2010 മുതല്‍ കുറയുന്ന പ്രവണത. പുതിയപാഠ്യപദ്ധതി നടപ്പിലാക്കി ആദ്യവര്‍ഷങ്ങളിലുണ്ടായ പുരോഗതിയുടെ പ്രവണത നിലനിറുത്താനായില്ല എന്നാണ് കാണേണ്ടത്.

ഹരണമാണ് അടിസ്ഥാന ക്രിയകളില്‍ ഉയര്‍ന്നത്.
 • 2014 39.35% കുട്ടികളാണ് ഈ ശേഷിയുളളവര്‍. അതായത് ബഹുഭൂരിപക്ഷവും ഗണിത്തില്‍ പിന്നാക്കം,
 • 2010 ല്‍ 48% വരെയുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം 33.3% ആയിക്കുറഞ്ഞു  
 • 2007 ല്‍ 44.3% ആയിരുന്നു. പുതിയപാഠ്യപദ്ധതി നടപ്പിലാക്കിയതിനു ശേഷമുണ്ടായ പുരോഗതി നിലനിറുത്താനായിട്ടില്ല. സമീപകാലത്താണ് കുറവ്  പ്രവണത
സര്‍ക്കാര്‍ വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും തമ്മില്‍ പത്ത് ശതമാനത്തിന്റെ അന്തരമുണ്ട്.(39.3% ,49.7% ) അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ കൂടി ഉളള സാമ്പിളാണ്. എന്നിട്ടും അമ്പതുശതമാനം കുട്ടികളും സ്വകാര്യമേഖലയില്‍ ഹരണക്രിയാശേഷി ഇല്ലാത്തവരാണ് എന്നത് കേരളസിലബസിനു പുറത്തുളള പഠനവും അത്ര വലിയ നിലവാരം സംഭാവന ചെയ്യുന്നില്ല എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്..
.
 2005ലെ ഗണിതത്തിന്റെ അവസ്ഥ നോക്കുക
 • ഹരണം ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ കുട്ടികളെ കൂടി പരിഗണിച്ചാണ് കണക്കാക്കിയത്. നാലാം ക്ലാസിലെ ഹരണക്രിയ ആണ് പരീക്ഷിച്ചത്. അകിനാല്‍ പൊതുവായി നാല്പത്തിയാറെന്നു പറയാമെങ്കിലും മേല്‍ സൂചിപ്പിച്ച ക്ലാസുകാരെ ഒഴിവാക്കിയാല്‍ അറുപത് ശതമാനത്തോളം വരും. ഇത് നേട്ടം തന്നെയാണ്. ഗുണനപ്പട്ടിക അറിയാത്തവര്‍ക്ക് ഹരണക്രിയ ചെയ്യാനാകില്ല. ഗുണപ്പട്ടിക യാന്ത്രികമായി പഠിപ്പിക്കുന്നില്ല എന്നതായിരുന്നു രാജന്റെയും മറ്റും കോലാഹലം. എന്താ രാജന്‍ കുട്ടികള്‍ ഹരണക്രിയയില്‍ ,അതും പുതിയ സന്ദര്‍ഭത്തില്‍ ഗുണനം നിര്‍വഹിച്ചതിന്റെ കാരണം നിങ്ങള്‍ക്ക് വ്യാഖ്യാനിച്ചതാണോ? നിങ്ങളുടെ തത്വപ്രകാരം കേരളത്തിലെ കുട്ടികള്‍ ഗുണനമറിയാതെ വട്ടം തിരിയണമല്ലോ?
 • എന്നാല്‍ വ്യവകനത്തിലെ പിന്നാക്കാവസ്ഥ കാണാതിരുന്നു കൂടാ. ഹരണത്തിലെ ഉര്‍ന്ന നിലയും വ്യവകലനത്തിലെ താഴ്നനിലയും വൈരുദ്ധ്യമാണ്. അഞ്ചാം ക്ലാസില്‍ 2007 ല്‍ വ്യവകലനത്തില്‍  57% പേരും  , 2008 ല്‍ 61% വും 2010 ല്‍ 66% പേരും ഉണ്ടായിരുന്നു എന്ന കാര്യം നാം മുകളിലത്തെ പട്ടികയില്‍ കണ്ടു. ഇവര്‍ പിന്നീടുളള വര്‍ഷങ്ങളില്‍ ആ ശേഷി നഷ്ടപ്പെടുത്താനിടയില്ല.

ഏറ്റവും കൂടുതല്‍ വിവാദം നടന്ന വിഷയം മാതൃഭാഷയുമായി ബന്ധപ്പെട്ടാണ്. കുട്ടികള്‍എഴുതാനും വായിക്കാനും കഴിവില്ലാത്തവരാകും എന്ന മുന്‍വിധിയോടെ സമീപിച്ചവര്‍ ഏറെയാണ്.  2005 മുതലുളള  വിവിരങ്ങള്‍ ലഭ്യമാണ്. 
 • സ്റ്റാന്‍ഡേര്‍ഡ് ഒന്ന് നിലവാരമുളള പാഠം മുതല്‍ ( ചെറു വാക്യങ്ങളുളള ഖണ്ഡിക ) വായിക്കാന്‍ കഴിയുന്ന മൂന്നാം ക്ലാസിലെ കുട്ടികളുടെ ശതമാനം2005 ല്‍ 78%വും  2006ല്‍ 74%വും  2011ല്‍ 69.4%  വും 2014 ല്‍ 65.1%  വും
 • പുതിയപാഠ്യപദ്ധതി നടപ്പിലാക്കി പത്തു വര്‍ഷം കഴി‍ഞ്ഞപ്പോള്‍ എഴുപത്തിഎട്ട് ശതമാനം കുട്ടികളും ഖണ്ഡിക വായിക്കാന്‍ കഴിയുന്നവരാണ് എന്നാണ് കണ്ടെത്തല്‍.  ഇംഗ്ലീഷിലും ഗണിതത്തിലും മുന്നില്‍ നിന്ന സ്വകാര്യസ്കൂള്‍ ഗ്രൂപ്പ് പിന്നാക്കം പോയത് നോക്കുക. 2014 ല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ 66.8% കുട്ടികള്‍ ഈ കഴിവുളളവരാണെങ്കി്‍ അണ്‍ എയ്ഡഡ് കൂടി ചേര്‍ന്ന സ്വകാര്യമേഖലയില്‍ ഇത്  64.2% ആണ്. ഇംഗ്ലീഷ് മാധ്യമവിദ്യാര്‍ഥികളില്‍ മലയാളം പരീക്ഷ നടത്തി അതിന്റെ നിലവാരം കേരളത്തിന്റെ പൊതുനിലവാരമായി വ്യാഖ്യാനിക്കുന്ന രീതിയുടെ പൊളളത്തരം ഈ പട്ടിക വെളിവാക്കുന്നുണ്ട്.

 •  അഞ്ചാം ക്ലാസില്‍ ദീര്‍ഘവാക്യങ്ങളുളള കഥയാണ് നല്‍കിയത്.
 • 2005ല്‍  81%വും  2006 ല്‍ 74.9%വും  2007ല്‍ 77.% വും 2010ല്‍ 76.1%വും  2013 ല്‍ 75%വും  2014ല്‍  66.6% വും എന്നിങ്ങനെയാണ് നിലവാരം. ഇവിടെയും ശ്രദ്ധിക്കേണ്ടത് പാഠ്യപദ്ധതി നടപ്പിലാക്കി ഒമ്പത് വര്‍ഷം കഴിയുമ്പോള്‍ കുട്ടികള്‍, അതും ഗ്രാമപ്രദേശത്തെ കുട്ടികള്‍ മെച്ചപ്പെട്ട നിലവാരത്തിയിരുന്നു എന്നാണ്. ക്രമേണ ഇത് കുറഞ്ഞു വരുന്നതും കാണണം. പാഠ്യപദ്ധതിക്കിതിരേ നിരന്തരം ഉന്നയിക്കപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും എല്ലാം സ്വാധീനിച്ചിരിക്കാം.
 • അക്ഷരം വായിക്കാന്‍ കഴിവു നല്‍കില്ല എന്ന വാദത്തെ ഖണ്ഡിക്കന്നതാണ് ഈ പട്ടികയിലെ വിവരങ്ങള്‍ . കുറേ വര്‍ഷങ്ങളായി എഴുപത് എഴുപത്തഞ്ച് ശതമാനം കുട്ടികള്‍ ഈ ശേഷി ഉളളവരാണ്. അത് തീര്‍ച്ചയായും പുതിയപാഠ്യപദ്ധതിയുടെ ഫലമാണ്. രസകരമായ സംഗതി അസര്‍ ഗ്രാമപ്രദേശങ്ങളിലെ കുട്ടികളിലാണ് സര്‍വേ നടത്തിയിട്ടുളളത് എന്നതാണ്. ആറു കോര്‍പ്പറേഷനുകളും 87 മുന്‍സിപ്പാലിറ്റികളും ഇരുന്നൂറോളം ചെറുപട്ടണങ്ങളുമൊന്നും ഈ പഠനത്തില്‍ വന്നിട്ടില്ല. കൂടുതല്‍ വിദ്യാലയങ്ങളും കുട്ടികളും അധിവസിക്കുന്ന പ്രദേശത്തെ ഒഴിവാക്കി പിന്നാക്ക ഗ്രാമപ്രദേശങ്ങളെ മാത്രം സാമ്പിളായി എടുത്ത പഠനം വെച്ച് കേരളത്തെ സാമാന്യവത്കരിക്കാന്‍ കഴിയില്ല. അതിനാല്‍ ആ സാമ്പിള്‍ കിട്ടിയാല്‍ നില കൂടുമെ കുറയുമോ എന്നു പറയാന്‍ കഴിയുന്ന ഗവേഷണങ്ങള്‍ ഇപ്പോള്‍ മുമ്പിലില്ല ( ആരുടയെങ്കിലും വശമുണ്ടെങ്കില്‍ പങ്കിടാം) സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസസ്ഥിതി താരതമ്യേന നഗരപ്രദേശങ്ങളില്‍ മെച്ചമാണ്. അതിനാല്‍ ഈ സര്‍വേയിലെ കണ്ടെത്തലിനേക്കാള്‍ മികച്ച നിലവാരമാകാനാണ് സാധ്യത .


"കലാധരന്‍ ചില ഭൂപടങ്ങളുമായി വരുന്നു!"
അഖിലേന്ത്യാതലത്തില്‍ കേരളം എവിടെ നില്‍ക്കുന്നു എന്നു കാണിക്കുന്ന അക്കാദമിക ഭൂപടങ്ങളാണ് ചുവടെ. കേരളത്തിന്റെ നിലവാരം വ്യക്തമാക്കുന്ന കുറേ ഭൂപടങ്ങ്ള്‍ ഞാന്‍ രാജന് കൊടുത്തു. എന്‍ സി ഇ ആര്‍ ടി പഠനങ്ങള്‍. അത് രാജന് തിരിഞ്ഞി്ട്ടില്ല എന്നു മാത്രമല്ല . അല്ലെങ്കില്‍ വായിച്ചുമനസിലാക്കാന്‍ കഴിവില്ല. അല്ലെങ്കില്‍ മുന്‍വിധികാരണം വായിക്കുന്നില്ല. ബ്ലോഗിലെഴുതുന്നിടത്ത് വിപലുമായ സംവാദസാധ്യതയാണുളളത്. ആള്‍ക്കൂട്ടത്തിനു മുമ്പാകെയുളള വാചികപ്രകാശനങ്ങളേക്കാള്‍ തെളിവുവെച്ചും എല്ലാവര്‍ക്കും വായിച്ചും പ്രതികരിച്ചും പോകാനാകും. ബ്ലോഗിലേക്ക് രാജന് വരേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അഭിമാനിക്കത്തക്ക  ഒന്നുമില്ലെന്നാണ് രാജന്‍ പറയുന്നത്.ചുവടെയുളള ഭൂപടങ്ങളും അതിനു മറുപടിതരും. എന്താണ് ഞാന്‍ പ്രചരിപ്പിച്ച നുണ? ഇത്തരം പഠനറിപ്പോര്‍ട്ടുകള്‍ വിശകലനത്തിനു വെച്ചു. അത്രമാത്രം.
കേരളം ഇതരസംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നത് അഭിമാനകരമല്ലെന്നു പറയുന്ന രാജന്‍ കുട്ടികളില്‍ ബഹുഭൂരിപക്ഷവും തേല്‍ക്കുന്ന പരമ്പരാഗത രീതിയാണ് മെച്ചം എന്ന് തെളിവുകളില്ലാതെ വാദിക്കുന്നു.ഇതു കാണുമ്പോഴും രാജന്‍ പറയും ഞാന്‍ പറഞ്ഞത് ശരിയല്ലേന്ന്? പത്തു വര്‍ഷം പഠനം നടത്തിയ ഗ്രൂപ്പിന്റെ എല്ലാ വര്‍ഷങ്ങളേയും എല്ലാ വിഷയങ്ങളേയും എല്ലാ ക്ലാസുകളേയും രാജന്‍ പരിഗണിച്ചില്ല. തനിക്ക് വഴങ്ങുന്നതു മാത്രം തെരഞ്ഞെടുത്തു. വ്യാഖ്യാനിച്ച് പരുവപ്പെടുത്തി. ഇതാണോ സത്യസന്ധത? ഇവിടെ ഞാന്‍ ഒന്നും ഒളിച്ചിട്ടില്ല
 1. അസര്‍ റിപ്പോര്‍ട്ടിന് ശാസ്ത്രീയതയില്ലാത്തതിനാല്‍ ഞാന്‍ സ്വീകരിക്കുന്നില്ല
 2. അസര്‍ റിപ്പോര്‍ട്ട് ആധാരമാക്കുന്നവര്‍ക്ക് പുതിയരീതി കേരളത്തിലെ നിലവാരം കുറച്ചു എന്നു സ്ഥാപിക്കുന്നതിന് തെളിവാകില്ല.
 3. അസര്‍ ലോകബാങ്ക് ധനസഹായത്തോടെയുളള സര്‍വേയാണ്. അതിനെ രാജ്നും കൂട്ടരും അമിതമായി ആശ്രയിക്കുന്നതെന്തിന് എന്നു പരിശോധിക്കപ്പെടണം
 4. പുതിയരീതിയില്‍ പഠിച്ചാല്‍ എഴുത്തും വായനയുമില്ലാത്ത നിരക്ഷര സമൂഹം സൃഷ്ടിക്കപ്പെടും എന്ന വാദത്തിനുളള മറുപടി രാജനും കൂട്ടരും ഉയര്‍ത്തിക്കാട്ടുന്ന അസറിലുണ്ട് 
ഗണിതം
ഗണിതത്തില്‍ ചില വര്‍ഷങ്ങളില്‍ പിന്നാക്കം പോയിട്ടുളളത് ശ്രദ്ധിക്കണം. അതിനര്‍ഥം പുതിയപഠനരീതി വന്നതിനു ശേഷം എക്കാലവും പിന്നിലായിരുന്നു എന്നല്ല.
അടുത്ത ലക്കത്തില്‍
QEPR പഠനത്തെയും  രാജന്‍ വളച്ചൊടിച്ചത് വ്യക്തമാക്കുന്നു.
( ശ്രീദേവിയുടെ പഠനം, അസറിന്റെ പഠനം, qepr ഒന്നും തന്നെ രാജന്റെ വാദങ്ങളെ തുണയ്കുന്നില്ല. ഇത്രയധികം പഠനറിപ്പോര്‍ട്ടുകളെ ദുര്‍വ്യാഖ്യാനം നടത്താനുളള പാടവം തന്നെയാണ് രാജന്റെ യഥാര്‍ഥമുഖം...)
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക


5 comments:

R said...

കലാധരൻ, എത്രബാലിശമാണ് താങ്കളുടെ വാദങ്ങൾ? ലോകബാങ്കിന്റെ പണം വാങ്ങി അവർ പറഞ്ഞപ്രകാരം വിദ്യാഭ്യാസം പൊളിച്ചടുക്കിയ നിങ്ങൾ അസർ ലോകബാങ്കിന്റെതാണെന്ന് പറഞ്ഞ് പ്രശ്‌നത്തെ ലളിതവൽക്കരിക്കുകയും സ്വയം ജേതാവാകാൻ ശ്രമിക്കുകയുമാണ്.നിലവാരത്തകർച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ അസർ പുറത്തുവിട്ടപ്പോൾ അസറിന് ഇല്ലാത്തകുറ്റങ്ങളില്ല. ലോകബാങ്കിന്റെ പണം സ്വീകരിച്ച് വിദ്യാഭ്യാസം പരിഷ്‌ക്കരിച്ചാൽ നമ്മുടെ വിദ്യാഭ്യാസം തകർന്നുപോകും എന്ന് താങ്കളുടെ പ്രസ്ഥാനമായ പരിഷത്ത് പറഞ്ഞിരുന്നല്ലോ? പിന്നീട് എങ്ങനെ പരിഷത്ത് ഡി പി ഇപിയുടെ വക്താക്കളായി എന്നതിന് ഇതുവരെ നിങ്ങൾ മറുപടിപറഞ്ഞിട്ടില്ല.
അസർ മാത്രമാണോ ഞാൻ ഉപയോഗിച്ചത്?
കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവ്വെയെക്കുറിച്ച് (നാസ്)താങ്കളെന്താണ് മിണ്ടാത്തത്? രണ്ടിലും കാണുന്നത് കേരളത്തിന്റെ പഠനനിലവാരം താഴ്ന്നു എന്നുതന്നെയല്ലേ?2014ലെ നാസ് പറയുന്നത് മൂന്നാം ക്ലാസിലെ ഗുണനത്തിന്റെ കാര്യത്തിൽ കേരളം ദേശീയശരാശരിയിലും താഴേപ്പോയി എന്നല്ലേ? കേരളം 25-ാം സ്ഥാനത്തായത് താങ്കൾ എന്താണ് കണ്ടില്ലെന്ന് നടിക്കുന്നത്? വ്യവകലനത്തിൽ കേരളം 17-ാം സ്ഥാനത്താണ്. സങ്കലനം,ഭാഷ എന്നിവയുടെകാര്യത്തിലെല്ലാം കേരളം വളരെ പുറകിലാണ്.
ഏറ്റവും പുതിയ നാസ് (2016)എന്താണ് പറയുന്നത്?
മൂന്നാം ക്ലാസിലെ കുട്ടികളുടെ ഭാഷാശേഷിയിൽ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ പുതുച്ചേരിക്കും തമിഴ്‌നാടിനും താഴേയാണ്‌കേരളത്തിന്റെ സ്ഥാനം. പുതുച്ചേരിക്ക് 280സേ്കാറും തമിഴ്‌നാടിന് 274സേ്കാറും കിട്ടിയപ്പോൾ കേരളത്തിന് 273 സേ്കാറാണ് ലഭിച്ചത്. ഗണിതത്തിൽ പുതുച്ചേരിക്കും തമിഴനാടിനും 271സേ്കാർ കിട്ടിയപ്പോൾ കേരളത്തിന് ലഭിച്ചത് 264 മാത്രം.കർണാടകയും കേരളത്തിനുമുകളിലാണ് 265.ഇന്ത്യയിൽ മൂന്നാം ക്ലാസിലെ ഗണിതനിലവാരത്തിന്റെ കാര്യത്തിൽ കേരളം ഒൻപതാം സ്ഥാനത്തും ഭാഷയിൽ പത്താം സ്ഥാനത്തുമാണ്.
റിപ്പോർട്ടുകൾ ഇനിയുമുണ്ട്. കേന്ദ്രമാനവശേഷി വികസനവകുപ്പിന്റെ വാർഷികവിദ്യാഭ്യാസ വികസനസൂചിക (2013) പരിശോധിക്കു. കേരളം ഏഴാം സ്ഥാനത്ത് നിന്ന് 14-ാം സ്ഥനത്തെത്തി എന്നാണ് പറയുന്നത്.
അസറിനെക്കുറിച്ച് ഞാൻ വിശദമായിപിന്നീട് പറയാം.2005മുതലുള്ള അസർ നമുക്ക് പരിശോധിക്കാം.(സമയക്കുറവുകൊണ്ടാണ്)
അസർലോകബാങ്കിന്റെതാണ് എന്നൊക്കെ താങ്കൾ വാദിക്കുന്നത് നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യസ രീതി മികച്ചതാണെന്ന് കാണിക്കാനാണ്. പക്ഷെ ഗ്രൗണ്ട് റിയാലിറ്റി അങ്ങനെയല്ല. ഡിപിഇപി രീതി നടപ്പാക്കിയതിനുശേഷം കേരളത്തിലെ വിദ്യാഭ്യാസ നിലവാരംതകർന്നിരിക്കുന്നു എന്ന ബോധമുള്ള എല്ലാ അധ്യാപകരും സമ്മതിക്കുന്നതാണ്. ഇതിന്റെ ഗുണഭോക്താക്കൾ മാത്രമാണ് നിങ്ങളുടെ വാദങ്ങൾ പിന്തുണയക്കുന്നത്.
താങ്കൾ പിടിച്ച മുയലിന് മൂന്നുകൊമ്പുണ്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാം. പിന്നെ നിങ്ങൾ അസത്യങ്ങളും അർധസത്യങ്ങളും എഴുതിക്കൂട്ടി രാജൻ ചെറുക്കാടിനെ തേൽപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. നിങ്ങൾ തോൽപ്പിക്കുന്നത് കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിന് കുട്ടികളെയാണ് എന്ന് ഓർക്കുക.
കുട്ടികൾ തോൽക്കുന്നത് ഒരു കുറ്റമായി താങ്കൾ അവതരിപ്പിക്കുന്നതെന്താണ്.അങ്ങനെയാണെങ്കിൽ എന്തിനാണ് പരീക്ഷ? കുട്ടി കാര്യങ്ങൾ ഗ്രഹിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാനാണ് പരീക്ഷ.അത് നേടിയവർ ജയിക്കും.അല്ലാത്തവർ തോൽക്കും. തോറ്റവർ വീണ്ടും അതുനേടി ജയിക്കും. എങ്കിൽ മാത്രമെ നിലവാരമുണ്ടാകു. പത്താം ക്ലാസിലെ 99ശതമാനം കുട്ടികളും ജയിക്കുകയാണ്. ഇവിടെ നിങ്ങൾ എല്ലാവരേയും ജയിപ്പിച്ച് പരീക്ഷയെത്തന്നെ തോൽപ്പിക്കുകയുമാണ്. കുട്ടികൾ സ്‌കൂളിൽവരുന്നത് പഠിക്കാനാണ് കലാധരാ..വിജ്ഞാനം കുട്ടികളുടെ ദീർഘകാലമെമ്മറിയിൽ എത്തുമ്പോഴേ ലക്ഷ്യം കൈവരുന്നുള്ളു. (വർക്കിങ് മെമ്മറിയൽ േപാര)ഡി പി ഇപിരീതിയൽ അതിനുള്ള സങ്കേതങ്ങളില്ല.അതുതന്നെയാണ് അതിന്റെ പരാജയവും.

drkaladharantp said...

ഒരു പ്തത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു. സാധാരണ ജേര്‍ണലിസ്റ്റുകള്‍ സത്യമാണ് അന്വേഷിക്കുക. നല്ല വിശകലനപാടവും അവര്‍ പ്രകടിപ്പിക്കും. നിങ്ങള്‍ ഒരു കാര്യം വായിച്ചു മനസിലാക്കാന്‍ പോലും കഴിവില്ലാത്ത ആളായിപ്പോയല്ലോ രാജന്‍.
ഇവിടെ ഉന്നയിച്ചത് രാജന്‍ ലകബോങ്കിനും എന്‍ ജി ഒകള്‍ക്കുമെതിരേ പടവാളുയര്‍ത്തുന്ന ആളെന്നു നടിക്കുകയും എന്‍ സി ഇ ആറ്‍ ടിയിലെ ഉദ്യോഗസ്ഥ ലോകബാങ്കിലേക്ക് പോയതിനാല്‍ ആ സ്ഥാപനം തന്നെ ലോകബാങ്കിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തികുന്നതാണെന്ന് രത്നാകരനോട് ആരോപണരീതിയില്‍ പറയുകയും ചെയ്ത രാജന്‍ ലോകബ്ങ്ക് പ്രത്യക്ഷത്തില്‍ ധനസഹായം നല്‍കുന്നതും വിദ്യാഭ്യാസത്തിനറെ വാണിജ്യവത്കരണത്തിനായി റിപ്പോര്‍ട്ട് നല്‍കിയ അംബാനിയാല്‍ നയിക്കപ്പെടുന്നതും വിപുലമായ വിദേശമൂലധനം മുടക്കി പ്രവര്‍ത്തിക്കുന്നതും എന്‍ ജി ഒ ആയതുമായ പ്രഥമിനെ പുകഴ്ത്തി സംസാരിച്ചതിന്റെ വൈരുദ്ധ്യമാണ് . അതിന് രാജന്റെ ഈ മറുപടി പര്യാപ്തമല്ല.
രണ്ടാമതായി ഗ്രാംപ്രദേശങ്ങളെ മാത്രം ആധാരമാ്ക്കി നടത്തുന്ന അസറിന്റെ പഠനം വെച്ച് കേരളത്തിലെ മൊത്തം നിലവാരം അതാണെന്ന് സമര്‍ഥിക്കുന്നതിലെയും അസറിന്റെ വിശകലനരീതിയുടയുെ പഠനരീതിയുടെയും അശാസ്ത്രീയതയാണ്. അതും സംബന്ധിച്ചും രാജന്റെ മറുപടി ദയനീയമാണ്
മൂന്നാമതായി വാദത്തിനു വേണ്ടി അസര് റിപ്പോര്‍ട്ടെടുത്താലും പുതിയപഠനരീതി പ്രകാരം കേരളം പിന്നാക്കം പോയി എന്നു സ്ഥാപിക്കാന്‍ പല വര്‍ഷങ്ങളിലെ ഫലങ്ങള്‍ വേണ്ടത്ര പര്യാപ്തമല്ലെന്നു മാത്രമല്ല അസറിന്റെ ആദ്യ വര്‍ഷങ്ങളില്‍ അതായത് പാഠ്യപദ്ധതി നിലവില്‍ വന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം നിലവാരം അത്ര മോശമല്ലായിരുന്നു എന്നതാണ്. അതിനെന്തു വിശദീകരണമാണ് രാജന്‍ ഇവിടെ നല്‍കിയത്?
താങ്കള്‍ക്കിപ്പോള്‍ അസറിനെക്കുറിച്ച് വിശദമായി പറയണം. പക്ഷേ താങ്കളുടെ പരികല്പനകളുമായി ചേര്‍ത്തുവെക്കണം.
1) പുതിയ രീതി പ്രകാരം കുട്ടികള്‍ നിരക്ഷരരാകും.
രണ്ട്) നിലവാരം നേരത്തെയുളളതിനേക്കാള്‍ കുറയും
മൂന്ന്) ഗണിതശേഷി ഇല്ലാതെയാകും
താങ്കള്‍ക്ക് ഒരു കാര്യത്തില്‍ കേന്ദ്രീകരിച്ച് ചര്‍ച്ച ചെയ്യാന്‍ ജന്മനാപരിമിതിയുണ്ടെന്നു മനസിലാക്കുന്നു. ഇവിടെ അസറാണ് വിഷയം. താങ്കളുടെ വളച്ചൊടിക്കലാണ് വിഷയം. അതിനു മറുപടി പറയാതെ നാസിലേക്ക് പോയി
നാസിനെ വെച്ചും ചര്‍ച്ച ചെയ്യാം.
ഓരോന്നോരോന്നായി എടുക്കാം
ഓരോഏജന്‍സിയെയും പരിഗണിക്കാം
അതാണ് ഞാന്‍ ആഗ്രഹിക്കുന്നതും . കൂട്ടിക്കുഴച്ച് പറയുന്ന ചെറുക്കാടിയന്‍ രീതി വേണ്ട. അത് താങ്കളെ കൂടുതല്‍ പരിഹാസ്യനാക്കുും
കുട്ടികള്‍ കഴിവെത്രമാത്രം നേടി എന്ന് വിലയിരുത്താനുളളതാണ് പരീക്ഷ. അത് നേടുന്നതിന് എല്ലാവര്‍ക്കും അവസരമൊരുക്കാനാണ് ബോധനരീതി. രാജന്‍ തോല്പിക്കുന്നതാണ് നിലവാരമെന്ന പക്ഷക്കാരനാണ്. എല്ലാവര്‍ക്കും പഠനശേഷിയുണ്ടെ്ന്ന് ആദ്യം നിശ്ചയിക്കണം. എങ്കില്‍ എല്ലാവര്‍ക്കും അവരവരുടെ പഠനശൈലിയും പഠനവേഗതയും പരിഗണിച്ച് അനുയോജ്യപഠനാനുഭവങ്ങള്‍ നല്‍കണം. അപ്പോള്‍ ആരും പരാജയപ്പെടില്ല.
സി ബി എസ് ഇയില്‍ എത്രയാ വിജയശതമാനം. അവിടെ എല്ലാവരേയും വിജയിപ്പിക്കുന്നത് രാജനെന്താ കാണാത്തത്? അവിടെ എത്രയാ നിരന്തരത്തിന്റെ മാര്‍ക്ക്? അവിടെ സ്കൂള്‍ ബേസ്ഡ് എക്സാമും ബോര്‍ഡ് പരീക്ഷയും നടത്തിയത് രാജന്‍ അറിഞ്ഞില്ലേ? നിങ്ങള്‍ അവരെ പൊതിഞ്ഞു സംസാരിക്കുമെന്നറിയാം. എന്തേ നിങ്ങളുടെ വാക്കുകളില്‍ രണ്ടു നീതി? പാവപ്പെട്ട ലക്ഷക്കണക്കിനു കുട്ടികളുടെ പക്ഷത്തായിരുന്നവെങ്കില്‍ സിബിഎസ് ഇ വിജയശതമാനം, നിരന്തരവിലയിരുത്തല്‍, ഗ്രേഡിംഗ് എന്നിവയെക്കുറിച്ച് നിങ്ങള്‍ പ്രതികരിച്ചേനേ? ചെയ്യില്ല ഒഴുക്കന്‍മട്ടില്‍ പറയാന്‍ ആര്‍ക്കും കഴിയും ഉറപ്പിച്ചു പറയാനാ തന്റേടം വേണ്ടത്.
അതിരിക്കട്ടെ
ഇപ്പോ അസറിനെക്കുറിച്ച് പറയുക. ഓരോന്നുമെടുത്ത് പറയണേ കുട്ടാ

jayasree.k said...

“ഡിപിഇപി രീതി നടപ്പാക്കിയതിനുശേഷം കേരളത്തിലെ വിദ്യാഭ്യാസ നിലവാരംതകർന്നിരിക്കുന്നു എന്ന് ബോധമുള്ള എല്ലാ അധ്യാപകരും സമ്മതിക്കുന്നതാണ്. “ ശ്രീ രാജന്‍ ചെറുക്കാട് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യസ നിലവാരം തകര്‍ന്നിരിക്കുന്നു എന്ന് പറയുന്നത് ?ഞാന്‍ 1997 മുതല്‍ പ്രൈമറിയില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപികയാണ് .ബോധന രീതിയിലും വിലയിരുത്തല്‍ തന്ത്രങ്ങളിലും വന്ന മാറ്റങ്ങള്‍ ക്ലാസ്സില്‍ സര്‍ഗാത്മക അധ്യാപനത്തിന് വഴിയൊരുക്കിയ അനുഭവമാണ്‌ എനിക്കുള്ളത് .കുട്ടികളുടെയും സര്‍ഗാത്മകത വര്‍ധിച്ചു വരുവാന്‍ തുടങ്ങിയത് ഇക്കാലയളവിലാണ് എന്നുള്ളതിനു എത്ര തെളിവുകള്‍ വേണമെങ്കിലും നല്കാന്‍ കഴിയും ,ക്ലാസ് മുറിയിലെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്നൊന്നും അവകാശപ്പെടുന്നില്ല .പരിഹരിക്കപെടെണ്ടതായ പഠന പ്രശ്നങ്ങള്‍ ഗവേഷണ അടിസ്ഥാനത്തില്‍ കണ്ടെത്തി പരിഹരിച്ചുകൊണ്ട് പൊതുവിദ്യാലയങ്ങള്‍ മുന്നേറുകയാണ് .പക്ഷെ ബോധനരീതിയിലും വിലയിരുത്തല്‍ രീതിയിലും വന്ന മാറ്റങ്ങള്‍ പുരോഗമനപരം തന്നെയാണ് എന്ന് ഒരു അധ്യാപികയുടെ പക്ഷത്ത് നിന്ന് പറയാന്‍ കഴിയും .
പിന്നെ പറയുന്നു “ഡി പി ഇപിരീതിയൽ അതിനുള്ള സങ്കേതങ്ങളില്ല.അതുതന്നെയാണ് അതിന്റെ പരാജയവും.” ഡി പി ഇ പി എന്നത് ഒരു പ്രൊജക്റ്റ്‌ ആണോ അതോ പഠന രീതി ആണോ ? കാര്യങ്ങള്‍ കൂട്ടിക്കുഴച്ച് ആരൊക്കെയോ ആണ് എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നല്ലാതെ താങ്കള്‍ പറയുന്ന വാദങ്ങള്‍ സ്ഥാപിക്കാന്‍ നില്‍ക്കാതെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ചാടി പോകുന്ന അവസ്ഥ പരിതാപകരം തന്നെ .
“കുട്ടികൾ സ്‌കൂളിൽവരുന്നത് പഠിക്കാനാണ് .വിജ്ഞാനം കുട്ടികളുടെ ദീർഘകാലമെമ്മറിയിൽ എത്തുമ്പോഴേ ലക്ഷ്യം കൈവരുന്നുള്ളു. (വർക്കിങ് മെമ്മറിയൽ േപാര)ഡി പി ഇപിരീതിയൽ അതിനുള്ള സങ്കേതങ്ങളില്ല.അതുതന്നെയാണ് അതിന്റെ പരാജയവും.” ബഹുമുഖബുദ്ധിയെ കുറിച്ച് പ്രൈമറി അധ്യാപകര്‍ പോലും സംസാരിക്കുകയും അതിന്‍റെ വികാസ സാദ്ധ്യതകള്‍ ക്ലാസ്സില്‍ ചെയ്ത് നോക്കുകയും ചെയ്യുമ്പോള്‍ ആണ് താങ്കള്‍ ഓര്മ പരിശോധനയെക്കുറിച്ച് സംസാരിക്കുന്നത് ? ലോകത്ത് നടക്കുന്ന പുരോഗമനപരമായ പരീക്ഷകളില്‍ ഓര്മ ശക്തിയാണോ വിശകലന ശേഷിയാണോ പരിശോധിക്കപെടുന്നത് ? വിദ്യാഭ്യസം കുട്ടികളുടെ അവകാശമായിരിക്കെ, വ്യത്യസതതയുള്ള കുട്ടികളെ പഠിപ്പിക്കാന്‍ വ്യത്യസ്തമായ തന്ത്രങ്ങള്‍ പ്രയോഗിച്ചു വിജയിക്കുന്ന അധ്യാപകരെ ഇപ്പോള്‍ കേരളത്തില്‍ കാണാന്‍ കഴിയും .ഗവേഷണ അധ്യാപന സാദ്ധ്യതകള്‍ അന്വേഷിക്കുന്ന സംസ്ക്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അദ്ധ്യാപക സമൂഹത്തെ നശിപ്പിക്കാന്‍ , കേരളത്തിലെ സാധാരണക്കാരായ രക്ഷിതാക്കളെയും ഒരുകൂട്ടം അധ്യാപകരെയും പറ്റിക്കാന്‍ നടക്കാതെ ,ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അക്കമിട്ട് പറയാന്‍ സാധിക്കുമോ സാറെ ???

minimathew said...

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല .. പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ അപഹസിക്കുക കൂടിയാണ് ശ്രീ രാജൻ ചെറുകാട് ചെയ്യുന്നത്. സത്യങ്ങളെ വളച്ചൊടിച്ച് വികലമാക്കി നമ്മുടെ കുഞ്ഞുങ്ങളെ അപമാനിക്കുന്ന ഇത്തരക്കാർക്കെതിരെ ബാലവകാശ കമ്മീഷനെ സമീപിക്കാനാവില്ലേ കലാധരൻ മാഷേ. തെളിവുകൾകൾ നൽകാനായി ഞങ്ങൾ കൂടെ ഉണ്ടാകും

minimathew said...

സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല .. പൊതു വിദ്യാലയങ്ങളിലെ കുട്ടികളെ അപഹസിക്കുക കൂടിയാണ് ശ്രീ രാജൻ ചെറുകാട് ചെയ്യുന്നത്. സത്യങ്ങളെ വളച്ചൊടിച്ച് വികലമാക്കി നമ്മുടെ കുഞ്ഞുങ്ങളെ അപമാനിക്കുന്ന ഇത്തരക്കാർക്കെതിരെ ബാലവകാശ കമ്മീഷനെ സമീപിക്കാനാവില്ലേ കലാധരൻ മാഷേ. തെളിവുകൾകൾ നൽകാനായി ഞങ്ങൾ കൂടെ ഉണ്ടാകും