ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 23, 2021

കെ ആർ മീരയും ടീച്ചേഴ്സ് ക്ലബ്ബും ഗായത്രിയും

 ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി നടത്തിയ ഓൺലൈൻ അധ്യാപക വായനാ പരിപാടിയെക്കുറിച്ച് ഈ ബ്ലോഗിൽ നേരത്തെ കുറിച്ചിരുന്നു. (അധ്യാപക വായനയുടെ..)

ആ പരിപാടിയുടെ ഉജ്ജ്വലത ബോധ്യപ്പെടാൻ പ്രശസ്ത എഴുത്തുകാരി കെ ആർ മീര FB യിൽ എഴുതിയ കുറിപ്പ് പങ്കിടുന്നു

'ഘാതകൻ' വായനാനുഭവം - 100

നൂറാമത്തെ   ഈ വായനാനുഭവം 'ഘാതക'ന്റെ ആദ്യ വായനാനുഭവമാണ്. 

'ഘാതകൻ' പുസ്തകമായി അച്ചടിക്കുന്ന സമയത്ത് 'ആരാച്ചാർ' നോവലിനെപ്പറ്റി ഒരു ഓൺലൈൻ ചർച്ചയിൽ പങ്കെടുക്കാൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് എന്നെ ക്ഷണിച്ചു.  'ആരാച്ചാർ' ഒരുപാടു ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞെന്നും 'ആരാച്ചാർ പഠനങ്ങൾ' എന്ന പേരിൽ പ്രമുഖരായ നിരൂപകർ എഴുതിയ ലേഖനങ്ങൾ ചേർത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 'ഘാതകൻ' വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നറിയാനാണ് ആകാംക്ഷയെന്നും ഞാൻ അറിയിച്ചു. പുതിയ പുസ്തകത്തിന്റെ ആദ്യ ചർച്ച നടത്താൻ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലേക്ക് എന്നെ ക്ഷണിച്ച കോലഞ്ചേരി പുറ്റുമാനൂര്‍ ഗവ. സ്കൂള്‍ അധ്യാപകനായ ശ്രീ ടി.ടി. പൗലോസ് താൽപര്യം പ്രകടിപ്പിച്ചു. അച്ചടി കഴിഞ്ഞു പുസ്തകശാലകളിൽ എത്തുന്നതിനു മുമ്പു തന്നെ പ്രസാധകരിൽ നിന്നു നേരിട്ട് 'ഘാതകൻ' കോപ്പികൾ വാങ്ങി പരസ്പരം കൈമാറി വായിച്ച് കേരളത്തിലുടനീളമുള്ള ഇരുനൂറ്റിയമ്പതോളം അധ്യാപകർ പങ്കെടുത്ത ഗംഭീരമായ ഓൺലൈൻ ചർച്ച തന്നെ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തി. അതെനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. അതായിരുന്നു 'ഘാതക'നെ കുറിച്ചുള്ള ആദ്യ ചർച്ച. കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യത്തിലാണ് ഈ സംഭവം.  ഈ ചർച്ച എനിക്കു നൽകിയ  മാനസികമായ ഊർജ്ജം അളവറ്റതായിരുന്നു.  

അന്നു ടീച്ചേഴ്സ് ക്ലബ് ചര്‍ച്ചയില്‍ സംസാരിച്ച എഴുത്തുകാരി കൂടിയായ  മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി ഗവ. എച്ച്.എസ്.എസ്. അധ്യാപിക തസ്മിന്‍ താസി എഫ്.ബിയില്‍ കുറിച്ച വായനാനുഭവം ഞാൻ ഈ പേജിൽ നേരത്തേ പങ്കുവച്ചിട്ടുണ്ട്. 'ഘാതക'ന്റെ വിവിധ വശങ്ങള്‍ വിശദമായി അവതരിപ്പിച്ച എറണാകുളം പുത്തന്‍കുരിശ് എം.ജി.എം.എച്ച്.എസ്. അധ്യാപകന്‍ അജി നാരായണന്‍, എറണാകുളം ഉദ്യോഗമണ്ഡല്‍ ഫാക്ട് ഈസ്റ്റേണ്‍ യു. പി. സ്കൂള്‍ അധ്യാപിക എം. വിദ്യ, കാഞ്ഞിരപ്പള്ളി ചേനപ്പാടി ഗവ.എല്‍.പി.എസ്. അധ്യാപിക ജെ. എ. അനീഷ,  കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് അധ്യാപിക ഡോ. ജിനി തോമസ്,  ടാക്സ് കണ്‍സള്‍ട്ടന്‍റ് ആയ ടി.ഡി. ഷാജു എന്നിവരെ ഒരിക്കൽക്കൂടി നന്ദിയോടെ സ്മരിക്കുന്നു. 

ആ ചർച്ചയിൽ വിഷയം അവതരിപ്പിച്ചു മനോഹരമായി സംസാരിച്ചത് ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപിക ഗായത്രി ജെ ആയിരുന്നു.  ഈ പേജിൽ വായനാനുഭവങ്ങൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ച സമയത്തുതന്നെ ഗായത്രിയുടെ വായനാനുഭവം പ്രസിദ്ധീകരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതൊന്ന് എഴുതിത്തരാമോ എന്നു ഗായത്രിയോടു ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയത് ഇക്കഴിഞ്ഞ ദിവസമാണ്.  അതുകൊണ്ട്, നൂറാമത്തെ വായനാനുഭവമായി ഗായത്രി ജെ അന്ന് അവതരിപ്പിച്ച  ദീർഘവും ആഴമേറിയതുമായ പഠനത്തിന്റെ സംക്ഷിപ്തരൂപം ഞാൻ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. 

 കായംകുളം എം.എസ്.എം. കോളജിൽനിന്നു മലയാളത്തിൽ ബിരുദവും കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദാനന്തരബിരുദവും നേടിയ ഗായത്രി എസ്.സി.ഇ.ആർ.ടി. റിസോഴ്സ് പേഴ്സൺ ആണ്. താമസം കൊല്ലം ജില്ലയിലെ ഓച്ചിറയിൽ. 

   ഗായത്രി ജെയ്ക്കും കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിനും ഒരിക്കൽക്കൂടി നന്ദി. 


ഗായത്രി ജെ എഴുതിയ ' ഘാതകൻ' വായനാനുഭവം വായിക്കുക :

പെണ്മയുടെ പെരുക്കങ്ങള്‍ ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നൊരു നാവ് - കെ.ആര്‍ മീരയുടെ കഥാലോകത്തെ എന്നും കാണുന്നതിങ്ങനെ. ധിക്കാരവും സദാചാര വിരുദ്ധവും അശ്ലീലവുമായ വഴക്കങ്ങളുടെ ഇണക്കം ഈ ലോകത്തിന്റെ പ്രത്യേകതയാണ്. ഈ ചങ്കൂറ്റം കണ്ട് ഭ്രമിച്ച പെണ്‍പിറപ്പുകള്‍ക്കത് ഒഴുക്ക് നിലച്ചുപോയ കിനാക്കളുടേയും അവഹേളിക്കപ്പെട്ട ആത്മബോധങ്ങളുടെയും  പ്രതിച്ഛായകളാണ്. നിവര്‍ന്ന് നിന്ന് പറയാന്‍ ധൈര്യമില്ലാതെ പോയവ, തിരിയും വിധം പറയാന്‍ ഭാഷ ഇല്ലാതെ പോയവ... ഒതുക്കി വെച്ചതത്രയും കണ്ടെടുത്ത് പറയുന്നതിനാലാണ് അത് പെണ്ണിന്റെ ഒറ്റ നാവായി മാറുന്നത്. അഭിമാനബോധത്തിന്റെയും അതിജീവനത്തിന്റേയും പ്രതിരോധമാകുന്നത്.

'ഘാതകന്‍' എന്ന വലിപ്പമേറിയ നോവല്‍ ഇറങ്ങിയിട്ട് അധികനാളായില്ല. ഇന്ത്യയില്‍ നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ ബംഗളുരുവിലെ കമ്പനിയിലെ ജോലി കഴിഞ്ഞ് ക്ഷീണിതയായി വീട്ടിലേക്ക് എത്തവെ അവര്‍ക്ക് നേരെ ആരോ വെടിയുതിര്‍ക്കുന്നു. അത്ഭുതകരമായി ആ ശ്രമത്തെ അതിജീവിച്ച അവരെ തേടി ഒഡിയ ഭാഷയില്‍ ഒരു ഫോണ്‍ കോള്‍ എത്തുന്നു. ''സന്തോഷമായിരിക്കൂ സത്യപ്രീയാ, എന്നെ മറക്കരുത്, മൂന്നാമത് ഒരവസരം കൂടി എല്ലായിപ്പോഴും ഉണ്ടായിരിക്കും.'' സ്വത്തോ അധികാരമോ ഇല്ലാത്ത തന്നെ എന്തിനു കൊല്ലണം എന്ന് അതിശയിക്കുമ്പോള്‍ തന്നെ താനാല്‍ മുറിവേല്‍ക്കപ്പെട്ടവര്‍ ഏറെയുണ്ടെന്ന ചിന്തയില്‍ ഘാതകന്റെ സാധ്യത സത്യപ്രിയ കാണുന്നു. ആശ്വാസവും രക്ഷയും തേടി ബംഗലൂരുവില്‍ നിന്നും വീട്ടിലേക്ക് എത്തുന്ന സത്യപ്രയയോട് ' അവന് ആളു മാറിയിട്ടില്ല, ഏതു നിമിഷവും നീയും വധിക്കപ്പെടും' എന്ന ഭയം കൈമാറി, അച്ഛന്‍ മരിക്കുന്നു.

തന്റെ ഘാതകന്‍ ആരെന്നും എന്തെന്നും എന്തിനെന്നും കണ്ടെത്തേണ്ട വലിയ ഉത്തരങ്ങളിലേക്കാണ് സത്യപ്രിയയ്ക്ക് എത്തേണ്ടിയിരുന്നത്. വര്‍ത്തമാനത്തിന്റെ ഈ നിസ്സഹായതയില്‍ നിന്നുകൊണ്ട് ഭൂതകാലത്തേക്കുള്ള അന്വേഷണം ഒരേ സമയം സത്യപ്രിയയുടെ ആത്മകഥാന്വേഷണവും അച്ഛന്റെ ജീവചരിത്രാന്വേഷണവും കൂടിയായി മാറുന്നു.

ഒരു കുറ്റാന്വേഷണ നോവല്‍ എന്നതിനപ്പുറം, കാലത്തിനും കാലത്തിന്റെ രാഷ്ട്രീയത്തിനും അനുസരിച്ച് മാറാനുളള സാധ്യത കൂടി നിലനിര്‍ത്തുന്നുണ്ട് ഘാതകന്‍. നോവല്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങള്‍ കുറ്റാന്വേഷണ കൗതുകത്തില്‍ മുങ്ങി പോകാനുളള സാധ്യത കൂടി തിരിച്ചറിഞ്ഞുളള എഴുത്തുകള്‍ പലയിടങ്ങളിലും കാണാം. ക്‌ളൈമാക്‌സ് കണ്ടെത്താനുളള ത്വരയ്ക്ക് അപ്പുറം ആശയങ്ങളുടെ വായനാതീവ്രത ഒളിപ്പിച്ചിരിക്കുന്ന നോവിലാണിത്. സത്യാനന്തര കാലത്തെ രാഷ്ട്രീയ അധികാര ഘടനയില്‍ പൗരനെ ചുറ്റിവരിയുന്ന ഒരു കൊലക്കയറുണ്ട്. ആ കയര്‍ സ്പര്‍ശം ഈ നോവിലില്‍ പലയിടങ്ങളിലും വായനക്കാര്‍ അറിയുന്നുണ്ട്.

ഇരയാക്കപ്പെടുന്ന സ്ത്രീ

നോവിലിലെ കുറ്റാന്വേഷണ കഥയില്‍ ഘാതകന്‍ ഒരു വ്യക്തിയാണ്. എന്നാല്‍ നോവിലിനെ ആകെ വായിക്കുമ്പോള്‍ ഘാതകന്‍ ഒരു വ്യക്തിയല്ല, ചരിത്രത്തിലൂടെ നമ്മുടെ സമൂഹ ഘടനയില്‍ രൂപപ്പെട്ടു വന്ന വേട്ടക്കാര്‍ ഓരോരുത്തരുമാണ് ആ ഘാതകന്‍. സമൂഹവും അധികാര വ്യവസ്ഥയും കുടുംബ ബന്ധങ്ങളുടെ സുരക്ഷിത ചട്ടക്കൂടുകളും എല്ലാം ഈ വേട്ടക്കാരുടെ പട്ടികയില്‍ പെടും.അവിടെയെല്ലാം ഇരകളാക്കപ്പെടുന്നവരില്‍ പ്രധാനികള്‍ സ്ത്രീകളാണ്.

അടിമയും ഉടമയും ആകുന്ന ഇരയും വേട്ടക്കാരനും ആകുന്ന ജീവിതത്തിന്റെ ലിംഗപരമായ രാഷ്ട്രീയം കൂടിയാണ് ഈ നോവില്‍ വരച്ചിടുന്നത്. അധികാരവും സമ്പത്തുംരാഷ്ട്രീയവുംകാലങ്ങളായി സ്ത്രീയെ വേട്ടയാടിയതിന്റെ, വിധേയപ്പെ?ടുത്തിയതിന്റെ, പാര്‍ശ്വവത്ക്കരിച്ചതിന്റെ അടയാളപ്പെടുത്തലുകള്‍ ഘാതകനില്‍ കാണാം. ആണധികാര രാഷ്ട്ര ഘടനയ്ക്കുളളില്‍ സദാ ജാഗരൂകനായൊരു ഘാതകനാല്‍ പിന്തുടരപ്പെടുന്നുണ്ട്. ഓരോ സ്ത്രീയുടെയും സ്വത്വം എന്ന തിരിച്ചറിവിലേക്ക് ഘാതകന്റെ വായന വിപുലപ്പെടുന്നുണ്ട്.

സത്യപ്രിയയും വസന്ത ലക്ഷ്മിയും

അതിശയകരമായ ജീവിതാനുഭങ്ങളും ആദരവുണര്‍ത്തുന്ന ചങ്കൂറ്റവും ചേര്‍ന്ന സ്ത്രീയാണ് സത്യപ്രിയ. വകവയ്ക്കാത്ത പെണ്ണ് പുരുഷനില്‍ ഉണ്ടാക്കുന്ന പകയുടെ ഇരയാണ് സത്യപ്രിയ. പുറമേയ്ക്ക് ഫ്രീക്കനായ അയൽക്കാരൻ ജോയോ എന്ന ചെറുപ്പക്കാരന്‍ 'ലോകത്തിലെ ഏറ്റവും ധീരയായ സ്ത്രീ ' എന്നാണ് സത്യപ്രിയയെ വിശേഷിപ്പിക്കുന്നത്. അടിസ്ഥാന വായനയില്‍ സത്യപ്രിയ തന്നെയാണ് അച്ചുതണ്ട് എങ്കിലും സത്യപ്രിയയെ അതിശയിച്ച് വളരുന്ന വസന്തലക്ഷമി എന്ന അമ്മയെയും നോവിലിന്റെ അച്ചുതണ്ടായി വ്യാഖ്യാനിക്കാം.

രണ്ട് തരത്തില്‍ അസമാന്യ ധീരതയുളള സ്ത്രീകളായിട്ടും ഇരുവര്‍ക്കും സമൂഹ ഘടന എന്ന വേട്ടക്കാരനാല്‍ ഇരകളായി മാറേണ്ടി വരുന്നുണ്ട്. പ്രതിരോധത്തിന്റെ ആത്മബോധം ഉളളില്‍ പേറുമ്പോഴും ഇരകളായി മാറ്റപ്പെടുകയാണ് എന്ന ബോധ്യം ഉണ്ടായിട്ടും പലപ്പോഴും ഇരുവര്‍ക്കും അതിന് വഴങ്ങേണ്ടി വരുന്നു. സ്ത്രീയുടെ സ്വത്വ ഗുണവും ബോധവും ധീരതയും എത്ര ഉയരെയായിരുന്നാലും അവരെ ഇരകളാക്കി മാറ്റാന്‍ കഴിയുന്ന സാമൂഹിക കുടുംബ വ്യവസ്ഥയെ കൂടിയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.

സമൂഹത്തിലെ സാമ്പത്തിക ബന്ധങ്ങള്‍ എങ്ങനെയാണ് സ്ത്രീയെ ഇരയാക്കുന്നതെന്ന് സത്യപ്രിയയുടെ ജീവിതം കാണിക്കുന്നു. എത്ര വലിയ സാമ്പത്തിക പ്രയാസം വന്നാലും കാമുകനോട് കടം വാങ്ങരുതെന്ന് സത്യപ്രിയക്ക് പറയേണ്ടി വരുന്നതും അതുകൊണ്ടാണ്. സാമ്പത്തിക ബന്ധങ്ങള്‍ എങ്ങനെയാണ് സമൂഹ സ്വത്വത്തില്‍ നിന്നും സ്ത്രീ ശരീരത്തെ വേര്‍തിരിച്ച് ഇരയാക്കപ്പെടുന്നത് എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു സത്യപ്രിയ. തന്റെ വര്‍ഗത്തിലെ മറ്റൊരാളെ അയാളുടെ പണവും പദവിയും നോക്കി മാത്രം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യന് മറ്റ് മൃഗങ്ങളുമായുളള വ്യത്യാസം എന്ന നോവലിലെ കണ്ടെത്തല്‍ പ്രധാനമാണ്.

അധികാരത്തിന്റെ നിര്‍വചനം

അധികാരത്തിന് ലിംഗ വ്യത്യാസം ഇല്ല എന്നും ഈ നോവല്‍ പറഞ്ഞു വയ്ക്കുന്നു. 'നമ്മളീ ആണത്തം ആണത്തം എന്ന് വിളിക്കുന്ന സംഗതിയു?ടെ സാരാംശം എന്തെന്നാല്‍ വസ്തവത്തില്‍ അത് ആണുമായി ബന്ധപ്പെട്ടത് ആയിരുന്നില്ല. അധികാരവുമായി ബന്ധപ്പെട്ടതായിരുന്നു. അതിനാല്‍ തന്നെ അധികാരത്തം എന്നാണ് അതിനെ വിളിക്കേണ്ടത്.' ഇതൊരു രാഷ്ട്രീയ നിര്‍വചനം കൂടിയാണ്. ആണത്തം എന്ന് വാക്ക് പുരുഷന്റേത് എന്ന അര്‍ത്ഥത്തിലാണ് സമൂഹം മനസിലാക്കിയിട്ടുളളത്. എന്നാല്‍ ആണത്തം എന്നത് അങ്ങനെ ലിംഗഭേദം കല്‍പ്പിക്കാവുന്ന ഒരു വാക്കല്ല. അധികാരത്തിന്റെ ഉടയോനായി പുരുഷന്‍ വരുമ്പോള്‍ മാത്രമല്ല അത് പ്രതിലോമകരമാകുന്നത്. അധികാരത്തിന്റെ ഉടയോനോ ഉടയോളോ ആര് എന്നതല്ല അധികാരത്തെ പ്രതിലോമകരമാക്കുന്നത്, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.

സ്ത്രീയെ എങ്ങനെയാണ് സമൂഹം രൂപപ്പെടുത്തുന്നത് എന്നു കൂടി നോവല്‍ പറഞ്ഞു വയ്ക്കുന്നു. അച്ഛന്റെ മരണ ശേഷം അമ്മയും മകളും തമ്മിലുളള സംഭാഷണം ശ്രദ്ധിക്കുക, 

മകള്‍: യാത്ര ചെയ്യാന്‍ ഇഷ്ടമായിരുന്ന അമ്മയ്ക്ക് ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ സത്യേ നീ കുറച്ചു നാള്‍ അച്ഛനെ നോക്കൂ ഞാനൊന്ന് വിശ്രമിക്കട്ടേയെന്ന്. അമ്മ: അങ്ങനെയൊരു വിശ്രമത്തിന് അവകാശം ഉണ്ടെന്ന് എനിക്ക് അറിയുമായിരുന്നില്ലല്ലോ.

മകള്‍: ഇത്രയും മിടുക്കിയായ അമ്മയ്ക്ക് ഇതൊക്കെ ആരെങ്കിലും പഠിപ്പിച്ച് തരണോ ?

അമ്മ: മിടുക്കിന്റെ പ്രശ്‌നമല്ല കണ്ടീഷനിംഗിന്റെ പ്രശ്‌നമാണ്. വായിച്ചത് തന്നെ വായിച്ചു കൊണ്ടിരിക്കുകയും കേട്ടത് തന്നെ കേട്ടു കൊണ്ടിരിക്കുകയും കാണുന്നവരെ തന്നെ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന കണ്ടീഷനിംഗ്. 

സ്ത്രീയുടെ അതിതീവ്രമായ സ്വാതന്ത്രാഭിവാഞ്ഛയെ പോലും മോഹന വികാരങ്ങളില്‍ തളയ്ക്കുന്ന കുടുംബ ഘടന കൂടിയാണ് ഇതില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്നത്.

നോവല്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം

വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന ഏത് ഇന്ത്യന്‍ സ്ത്രീയും കരുതിയിരിക്കേണ്ട പുതിയ തരം ഹിംസയെ കുറിച്ച് മരണത്തിലൂടെ പഠിപ്പിച്ചു തന്നെ ഗൗരി ലങ്കേഷിന് സമര്‍പ്പിക്കപ്പെടുന്ന ഈ പുസ്തകം അടിമുടി രാഷ്ട്രീയ കൃതി കൂടിയാണ്.

നോട്ട് നിരോധിക്കപ്പെട്ടതിന്റെ എട്ടാം ദിവസമാണ് കഥ തുടങ്ങുന്നത്. ഗാന്ധി ചിത്രം നീക്കം ചെയ്യപ്പെട്ട, രണ്ടായി മുറിക്കപ്പെട്ട ഒരു നോട്ട്, ഘാതകനാല്‍ നോവലില്‍ വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഗാന്ധിക്ക് പകരം ഗോഡ്‌സെയെ പ്രതിഷ്ഠിക്കുന്ന അധികാര ബല തന്ത്ര കൗശലത്തിന് എതിരായ പ്രതിരോധം കൂടിയാണ് ഈ നോവലിന്റെ രാഷ്ട്രീയം. ഗാന്ധി എന്നത് ഒരു വ്യക്തിയല്ല ഒരു ആശയമാണ്. ഇന്ത്യന്‍ രാഷ്ട്ര ഘടനയുടെ പിതൃരൂപം. ഇന്ത്യയെ മുന്നോട്ടു നയിക്കുന്നത്. ആത്മധൈര്യമായി മുന്നില്‍ നില്‍ക്കുന്ന ഈ പിതൃരൂപത്തെ ഉടച്ച് ബദല്‍ രൂപങ്ങള്‍ സൃഷ്ടിക്കാനുളള ശ്രമം ഇന്ന് ശക്തമാണ്. ഇതിനെ നോവലിന്റെ കഥയുമായി ഇഴചേര്‍ത്ത് അവതരിപ്പിക്കാനുളള ശ്രമവും കാണാം.

നോട്ട് എന്നത് അധികാരത്തിന്റെ ഏറ്റവും അടിസ്ഥാനമായ അടയാളമാണ്. രാഷ്ട്രം അതിന്റെ അധികാരത്തെ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് വരെ വിനിമയം ചെയ്യുന്നത് നോട്ടിലൂടെയാണ്. സൈന്യമോ മന്ത്രിമാരോ നിയമങ്ങളോ ഒന്നുമല്ല സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സദാ സമയം അധികാരത്തിന്റെ അടയാളം ഓര്‍മ്മപ്പെടുത്തുന്നത്. അത് നോട്ടാണ്. ആ നോട്ട് നിരോധിക്കുക വഴി ഇതുവരെയുളള രാജ്യത്തിന്റെ അധികാര ഘടനയെ പൊളിച്ചടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഗാന്ധിയുടെ പടമുളള നോട്ട് ഇന്ത്യക്കാരന്റെ വിശ്വാസം ആണെങ്കില്‍ ആ നോട്ട് കടലാസു കഷ്ണമായി മാറുമ്പോള്‍ സാധാരണക്കാരനുളള വിശ്വാസം ആണ് ഉടയ്ക്കപ്പെടുന്നത്.

രാഷ്ട്രത്തിന് ബോധപൂര്‍വ്വം ഒരു പിതൃ പ്രതിസന്ധി സൃഷ്ടിക്കുക, പിതൃത്വാശയത്തില്‍ ജനതയില്‍ സന്ദേഹം ജനിപ്പിക്കുക, ഗാന്ധിയേക്കാള്‍ ശരി ഗോഡ്‌സെ ആയിരുന്നില്ലേ എന്ന ഒരു വിഭാഗത്തിനെങ്കിലും തോന്നല്‍ ഉണര്‍ത്തുക, ഇന്ത്യയിലെ ഭൂരിപക്ഷം ജനതയും ഉള്‍പ്പെട്ടെതെന്ന് കരുതുന്ന ഹിന്ദു മതത്തിന് എതിരായിരുന്നു ഗാന്ധി എന്ന തോന്നല്‍ ഉണ്ടാക്കുക, അവിടെ ആ മതത്തിന്റെ രക്ഷനായി നിന്നത് ഗോഡ്‌സെ ആണെന്ന് വിശ്വസിപ്പിക്കുക, ഗാന്ധിക്ക് പകരം ഗോഡ്‌സെ എന്ന പിതൃരൂപത്തെ ഉറപ്പിക്കുക. അതിലൂടെ ഭക്ഷണമോ, വീടോ, വിദ്യാഭ്യാസമോ, ആരോഗ്യമോ മുഖ്യ വിഷയമല്ലാതെ ആകുകയും പകരം മതപരമായ അസ്തിത്വം പ്രധാനമാകുകയും ചെയ്യുന്നു. ആത്യന്തികമായി നോട്ട് നിരോധനത്തിലൂടെയും മുന്നോട്ടു വയ്ക്കുന്ന അധികാര ബലതന്ത്ര കൗശലം ഇതാണ്. കഥയിലും സന്ദര്‍ഭങ്ങളിലും വ്യക്തി ബന്ധങ്ങളിലും പ്രണയത്തില്‍ പോലും നോവലില്‍ നോട്ട് ഒരു രൂപകമായി വരുന്നുണ്ട്. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയം അടര്‍ത്തി മാറ്റാന്‍ കഴിയാത്ത അടരുകളായി നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

4 comments:

T T Paulose Pazhamthottam said...

നന്ദി സാർ ...

സേതു മാഷ് said...

നല്ല വായനാനുഭവം ഒരുക്കിയ ടീച്ചേർസ് ക്ലബ്ബിന്നും സാരഥി പൗലോസ് മാഷിനും നന്ദി. ഇനിയും പ്രയാണം തുടരുക.കലാധരൻ മാഷ് ഇത് ഷെയർ ചെയ്തതിനും 👍👍

Nincy N P said...

കോവിഡ് കാലത്ത് ജില്ലകൾ തമ്മിൽ അകലമില്ലാതെ ഓൺലൈൻ വായനശാല മുന്നേറി.. എത്രയെത്ര പുസ്തകവാതരണങ്ങൾ, ചർച്ചകൾ, എഴുത്തുകരോടൊപ്പം പരിപാടി, വെർച്വൽടൂർ... പൗലോസ് മാഷിനും നൗഫൽ മാഷിനും പദ്മശ്രീ ടീച്ചർക്കും മറ്റു സംഘാടകർക്കും നന്ദി

Nincy N P said...

കോവിഡ് കാലത്ത് ജില്ലകൾ തമ്മിലുള്ള അകലമില്ലാതെ ഓൺലൈൻ വായനശാല മുന്നേറി.. എത്രയെത്ര പുസ്തകവാതരണങ്ങൾ, ചർച്ചകൾ, എഴുത്തുകരോടൊപ്പം പരിപാടി, വെർച്വൽടൂർ... പൗലോസ് മാഷിനും നൗഫൽ മാഷിനും പദ്മശ്രീ ടീച്ചർക്കും മറ്റു സംഘാടകർക്കും നന്ദി