ക്ലാസ് : ഒന്ന്
യൂണിറ്റ് : 9. വീട് കെട്ടണം ടിയാ ടിയാ
ടീച്ചറിൻ്റെ പേര് : ടിൻ്റുമോൾ, ചെങ്ങന്നൂർ
കുട്ടികളുടെ എണ്ണം:
ഹാജരായവർ
തീയതി :
പശ്ചാത്തലമൊരുക്കൽ
വീട് എന്ന ആശയവുമായി ബന്ധപ്പെട്ട കട്ടൗട്ടുകളും ചിത്രങ്ങളും കൊണ്ട് ക്ലാസ് മുറി അലങ്കരിക്കാം. ക്ലാസ്സിൻ്റെ ഒരു മൂലയിൽ ഒരു കളിവീട് ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. അടുക്കളയിലെ പാത്രങ്ങളുടേയും ഉപകരണങ്ങളുടെയും മോഡലുകളും ചിത്രങ്ങളും പ്രദർശിപ്പിക്കാം. കുടുംബാംഗങ്ങൾ എന്ന ആശയത്തെ മുൻനിർത്തിയുള്ള ചിത്രങ്ങളും കട്ടൗട്ടുകളും പ്രദർശിപ്പിക്കുന്നതും കുട്ടികളെ ഈ പാഠത്തിൻ്റെ ആശയരൂപീകരണത്തിലേക്ക് എത്തിക്കാൻ ഏറെ പ്രയോജനപ്പെടും .
പിരീഡ് 1 |
പ്രവർത്തനം 1- ഡയറി വായന
സമയം 15 മിനിറ്റ്
കുട്ടികളുടെ ഡയറി വായന:
അൽമ , ഇസ്ര, ആദിത്യ, ധ്യാൻ.
സവിശേഷ സ്വഭാവമുള്ള ഡയറിക്കുറിപ്പ് ചാർട്ടിൽ എഴുതി പ്രദർശിപ്പിക്കുന്നു.
എനിക്ക് പേര് ഇടുന്നതിന് മുന്നെ എന്നെ ചക്കര എന്നാണ് സകലരും വിളിച്ചിരുന്നത്. ഇന്ന് അമ്മ ശർക്കര തിന്നാൻ തന്നു. ഞാൻ തിന്നു. അപ്പോൾ അമ്മ പറയുവാ ചക്കര ശർക്കര തിന്നു എന്ന്.
എനിക്ക് അത് കേട്ടപ്പോൾ സന്തോഷമായി.
സ എന്ന അക്ഷരം വരുന്ന വാക്കുകൾ കണ്ടത്തി വായിക്കുക.(എബിൻ, ആര്യൻ )
ശ എന്ന അക്ഷരം വരുന്ന വാക്ക് ഏതാണ് ? വട്ടത്തിലാക്കാമോ?(ആര്യൻ, എബിൻ, ആദിത്യ)
ഷ എന്ന അക്ഷരം എത്ര തവണ വന്നിട്ടുണ്ട്? (ആര്യൻ, ഇസ്ര, ധ്യാൻ )
തത്സമയം ചിത്രകഥ
പ്രതീക്ഷിത സമയം: 25 മിനിറ്റ്
കുഞ്ഞിക്കിളി മരക്കൊമ്പിലെ കൂട്ടിൽ.
ഒരു പരുന്ത് വന്നു. 'നിന്നെ തിന്നും."
കുഞ്ഞിക്കിളി കരഞ്ഞു: രക്ഷിക്കണേ, രക്ഷിക്കണേ.
കുരുവി കേട്ടു. കാക്ക കേട്ടു. അവർ പരുന്തിനെ ഓടിച്ചു. പോ പരുന്തേ
.
ഈ വാക്യങ്ങൾ സാവധാനം പറയുന്നു. കുട്ടികൾ അതേ ആശയം വരുന്ന ചിത്രം വരയ്ക്കട്ടെ. വാക്യം ചേർത്ത് ചിത്രകഥയാക്കട്ടെ.
പിരീഡ്: രണ്ട്, മൂന്ന്, നാല്
പ്രവർത്തനത്തിൻ്റെ പേര് : പൂങ്കിളി പാടുന്നു.
പഠന ലക്ഷ്യങ്ങൾ
പാട്ടുകൾക്ക് അനുയോജ്യമായ താളം നൽകി ഒറ്റയ്ക്കും കൂട്ടായും സദസ്സിന് മുൻപാകെ അവതരിപ്പിക്കുന്നു .
പ്രതീക്ഷിത സമയം: 40 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ: പാഠപുസ്തകം
പ്രകൃതിവിശദാംശങ്ങൾ
ടീച്ചർ പൂങ്കിളി എന്ന് ബോർഡിൽ എഴുതുന്നു.
ടീച്ചറുടെ ചോദ്യം.
എന്താണ് എഴുതിയത്?
കുട്ടികൾ വായിക്കുന്നു.
പൂങ്കിളി എന്ന് കേൾക്കുമ്പോൾ ഏത് കിളിയാണ് ഓർമ്മ വരുന്നത് ?
എന്തൊക്കെയായിരിക്കും അതിൻ്റെ പ്രത്യേകതകൾ?
കുട്ടികളുടെ പ്രതികരണങ്ങൾ.
ഇനി നിങ്ങളുടെ മനസ്സിലുള്ള പൂങ്കിളിയെ വരയ്ക്കാമോ ?
കുട്ടികൾ നോട്ട് പുസ്തകത്തിൽ പൂങ്കിളിയുടെ ചിത്രം വരയ്ക്കുന്നു. നിറം പറയുന്നു. ചിത്രങ്ങൾ കാണിക്കുന്നു. ഓരോരുത്തരും തങ്ങളുടെ പൂങ്കിളിയെക്കുറിച്ച് സംസാരിക്കുന്നു. ചിത്രങ്ങൾ പരസ്പരം വിലയിരുത്തുന്നു.
നമ്മുടെ പാഠത്തിലെ പൂങ്കിളി എങ്ങനെയാണെന്ന് കാണണ്ടേ?
പാഠപുസ്തകം പേജ് 102 ലെ പൂങ്കിളിയുടെ ചിത്രം നിരീക്ഷിക്കുന്നു.
നിങ്ങൾ വരച്ചത് പോലെയാണോ പുസ്തകത്തിലെ പൂങ്കിളി ?
കുട്ടികളുടെ പ്രതികരണങ്ങൾ.
പൂങ്കിളിക്ക് പാട്ട് വളരെ ഇഷ്ടമാണ്. അവൾ മനോഹരമായി പാടും. അവൾ പാടുന്ന പാട്ടാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്.
കുട്ടികൾ വ്യക്തിഗതമായി പാട്ട് ഒന്നോ രണ്ടോ തവണ വായിക്കുന്നു.
* പാട്ടിൽ എന്തിനെക്കുറിച്ചാണ് പറയുന്നത് ?
കുട്ടികളുടെ പ്രതികരണങ്ങൾ
തറ ഒരുക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന് വരി ഏതൊക്കെയാണ്? പാട്ടിൽ നിന്നും വരികൾ കണ്ടെത്തി അടിവരയിടുന്നു.
രണ്ടോ മൂന്നോ കുട്ടികൾ അവതരിപ്പിക്കുന്നു.
എല്ലാവരും ഇങ്ങനെ തന്നെയാണോ കണ്ടെത്തിയത്?
ഗ്രൂപ്പിൽ പരസ്പരം ഒത്തുനോക്കി ശരിയായി അടയാളപ്പെടുത്തുന്നു.
തുടർന്ന് പാട്ടിലെ വരികൾ ഗ്രൂപ്പിൽ പരസ്പരം സഹായിച്ചു കൊണ്ട് വായിക്കുന്നു.
ടീച്ചറും കുട്ടികളും ചേർന്നുള്ള സയുക്ത വായന.
വായനയിൽ പ്രയാസമുള്ള കുട്ടികൾക്ക് പിന്തുണ നൽകൽ.
ശേഷം ഓരോ ഗ്രൂപ്പും പാട്ട് താളം നൽകി അവതരിപ്പിക്കൽ.
ഇങ്ങനെയൊക്കെ ചെയ്തത് കൊണ്ട് മാത്രം വീടാകുമോ?
ഇനിയെന്തൊക്കെ ജോലികൾ ബാക്കിയുണ്ട്?
പുല്ല് വെട്ടിയതിനുശേഷം എന്ത് ചെയണം?
ചുവര് കെട്ടിയാൽ മാത്രം മതിയോ ?
കുട്ടികളുടെ പ്രതികരണങ്ങൾ
പാഠപുസ്തകത്തിൽ വ്യക്തിഗതമായി എഴുതി പാട്ടിലെ വരികൾ പൂരിപ്പിക്കുന്നു.
രണ്ടു പേരുടെ ഗ്രൂപ്പിൽ പരസ്പരം പരിശോധിക്കുന്നു.
പ്രതീക്ഷിക്കുന്ന വരികൾ
പുല്ല് പുതയ്ക്കണം ടിയാ ടിയാ
ചുമര് തേക്കണം ടിയാ ടിയാ
വെളള പൂശണം ടിയാ ടിയാ
( വ്യത്യസ്തമായ വരികൾ കുട്ടികൾ എഴുതിയാൽ അത് പരിഗണിക്കണം.)
ഓരോരുത്തരും എഴുതിയത് ഒരു ചാർട്ട് പേപ്പറിൽ സ്കെച്ച് പേന കൊണ്ട് കുട്ടികൾ തന്നെ എഴുതി പ്രദർശിപ്പിക്കുന്നു.
വിലയിരുത്തൽ
കുട്ടികളുടെ പരസ്പര വിലയിരുത്തൽ.
• വരച്ച ചിത്രത്തിലെ പൂങ്കിളി
• ചിത്രത്തിന്റെ ഭംഗി
ടീച്ചറുടെ വിലയിരുത്തൽ
• കൂട്ടിച്ചേർത്ത വരികളുടെ അനുയോജ്യത.
പ്രതീക്ഷിത ഉല്പന്നം
കുട്ടികൾ വരച്ച പൂങ്കിളിയുടെ ചിത്രം.
കുട്ടികൾ പാട്ട് പാടുന്നതിന്റെ വീഡിയോ
പാഠപുസ്തകത്തിൽ കൂട്ടിച്ചേർത്ത വരികൾ.
പ്രവർത്തനത്തിന്റെ പേര് : വീട് നിർമിക്കുമ്പോൾ.....
പഠനലക്ഷ്യങ്ങൾ
പ്രദേശത്തെ വീടുകളുടെ നിർമ്മാണം നേരിട്ട് കണ്ടും ചിത്രങ്ങളും വീഡിയോയും നിരീക്ഷിച്ച് മനസ്സിലാക്കിയും വീട് നിർമ്മാണത്തിന് വിവിധ ഘട്ടങ്ങളുണ്ടെന്ന് തിരിച്ചറിയുന്നു.
പ്രതീക്ഷിത സമയം:
ആവശ്യമായ സാമഗ്രികൾ: വീട് നിർമാണത്തിന്റെ വീഡിയോ, ചിത്രങ്ങൾ, പേപ്പർ സ്ട്രിപ്പുകൾ.
പ്രക്രിയാ വിശദാംശങ്ങൾ
വീട് കെട്ടണം ടിയാ .ടിയാ എന്ന പാട്ട് വീണ്ടും പാടിക്കൊണ്ട് ക്ലാസ് തുടങ്ങാം.
പാട്ടിലെ വരികൾ എല്ലാവരും വ്യക്തിഗതമായി ഒരിക്കൽ കൂടി വായിച്ചു നോക്കട്ടെ.
തുടർന്ന് ചോദ്യം
• എല്ലാവരും വീട് പണിയുന്നത് ഇങ്ങനെയാണോ?
• നമ്മുടെ നാട്ടിൽ വീട് പണിയുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? വീട് പണിയുമ്പോൾ ആദ്യം തൂണ് നാട്ടുകയാണോ ചെയ്യുന്നത്?
• ഏത് പണിയാണ് ആദ്യം ചെയ്യുന്നത്?
കുട്ടികളുമായി ചർച്ച ചെയ്യുന്നു. കുട്ടികൾ അവരുടെ അനുഭവത്തിൽ നിന്നും പറയട്ടെ. തുടർന്ന് വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് ഒരു ഫീൽഡ് ട്രിപ്പാകാം.
വീട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾ നേരിട്ട് നിരീക്ഷിച്ചും ചോദിച്ചറിഞ്ഞും മനസ്സിലാക്കട്ടെ. ഫീൽഡ് ട്രിപ്പിനുള്ള സാഹചര്യമില്ലെങ്കിൽ ICT സാധ്യതകൾ ഉപയോഗപ്പെടുത്തി വീട് നിർമാണ ഘട്ടങ്ങൾ വിശദമാക്കുന്ന വീഡിയോ കാണിച്ചു കൊടുക്കാം.
തുടർന്ന് ചോദ്യം
• പാട്ടിൽ പറയുന്ന വീട് കെട്ടലിനെ നമ്മുടെ നാട്ടിലെ രീതിക്കനുസരിച്ച് ക്രമത്തിലാക്കാമോ?
പാട്ടിലെ വരികൾ എഴുതിയ പേപ്പർ സ്ട്രിപ്പുകൾ ( കുട്ടികൾ കൂട്ടിച്ചേർത്ത വരികളും ഉപയോഗിക്കണം. കുട്ടികൾ എഴുതിയതിൽ നിന്നും ക്ലാസിന് പൊതുവായി സ്വീകരിക്കാവുന്ന രണ്ടോ മൂന്നോ വരികൾ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.) ഓരോ ഗ്രൂപ്പിനും നൽകുന്നു.
ഗ്രൂപ്പുകൾ പരസ്പരം ചർച്ച ചെയ്ത് വരികൾ ക്രമത്തിലാക്കുന്നു. ആ ക്രമത്തിൽ
പാഠപുസ്തകത്തിലെ വരികൾക്ക് നമ്പർ ഇടുന്നു.
തുടർന്ന് വീടിന്റെ ചിത്രം വരച്ച് നിർമാണ ഘട്ടങ്ങൾ നോട്ട് പുസ്തകത്തിൽ എഴുതുന്നു.
വിലയിരുത്തൽ:
ടീച്ചറുടെ വിലയിരുത്തൽ
• വീട് നിർമാണത്തിന്റെ ഘട്ടങ്ങൾ തിരിച്ചറിയൽ
• വരികൾ ക്രമത്തിലാക്കൽ
പ്രതീക്ഷിത ഉല്പന്നം
വീട് നിർമ്മാണത്തിന്റെ വരികൾ - എഴുത്ത്
ക്രമത്തിലാക്കിയ വരികൾ
പ്രവർത്തനത്തിന്റെ പേര് : കടലാസ് കൊണ്ടൊരു വീട്
പഠനലക്ഷ്യങ്ങൾ
കടലാസുകൊണ്ട് വിവിധ ഒറിഗാമി രൂപങ്ങൾ നിർമ്മിക്കുന്നു.
പ്രതീക്ഷിത സമയം : 35 മിനിറ്റ്
കരുതേണ്ട സാമഗ്രികൾ : കളർ A4 പേപ്പർ, ക്രയോൺസ്
പ്രക്രിയാവിശദാംശങ്ങൾ
• കടലാസുകൊണ്ട് ഒറിഗാമി വീട് നിർമ്മാണമാണ് ഈ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യം അധ്യാപിക കുട്ടികളുടെ മുന്നിൽ വെച്ച് എല്ലാവർക്കും വ്യക്തമായി കാണത്തക്ക വിധം കടലാസ് ഘട്ടംഘട്ടമായി മടക്കി വീട് നിർമ്മിക്കുന്നു.
തുടർന്ന് കുട്ടികൾക്ക് വ്യത്യസ്ത നിറങ്ങളിലുള്ള A4 പേപ്പർ നൽകുന്നു.
പേപ്പർ രണ്ടായി മടക്കാൻ ആവശ്യപ്പെടുന്നു. മടക്കിയ ഭാഗത്തിൻ്റെ രണ്ടു ഭാഗം ഉള്ളിലേക്ക് മടക്കിവെച്ച് മേൽക്കൂര ഉണ്ടാക്കുന്നു. അതിനുശേഷം ചുമരിൻ്റെ ഭാഗമുള്ള രണ്ട് ഭാഗവും മടക്കി വെക്കുന്നു.
വീട് നിർമ്മിച്ചു കഴിഞ്ഞാൽ വാതിലും ജനലും കുട്ടികൾ വരയ്ക്കട്ടെ. എല്ലാവരും നിർമ്മിച്ച വീട് ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കുന്നു.
വിലയിരുത്തൽ:
ടീച്ചറുടെ വിലയിരുത്തൽ
നിർമ്മാണത്തി
പ്രതീക്ഷിത ഉൽപ്പന്നം:
കടലാസു വീട്
കുട്ടികൾ വീടുണ്ടാക്കുന്നതിൻ്റെ വീഡിയോ
പ്രവർത്തനത്തിന്റെ പേര് : കേക്ക് കൊണ്ടൊരു വീട് (TB 103 മുതൽ 107 വരെ)
പഠനലക്ഷ്യങ്ങൾ
തന്നിരിക്കുന്ന കഥ സ്വന്തമായി വായിച്ച് ആശയം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു.
പ്രതീക്ഷിത സമയം: 40+ 40 മിനുട്ട്
ആവശ്യമായ സാമഗ്രികൾ: പാഠപുസ്തകം
പ്രക്രിയാവിശദാംശങ്ങൾ
കേക്ക് കൊണ്ടൊരു വീട് എന്ന കഥയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി ചിത്രവായന നടത്താം.
പാട്ടുംപാടി അങ്ങനെ പൂങ്കിളി ആകാശത്തിലൂടെ പറക്കുകയാണ്.
അപ്പോഴാണ് പൂങ്കിളി ആ കാഴ്ച കണ്ടത്. എന്താണ് ആ കാഴ്ച ?
പാഠപുസ്തകം പേജ് 103 ലെ ചിത്രം നിരീക്ഷിക്കുന്നു.
* എന്താണ് ചിത്രത്തിൽ?
* എങ്ങനെയുള്ള വീടാണത്?
കുട്ടികൾ പ്രതികരിക്കുന്നു.
നിങ്ങൾ പറഞ്ഞത് ശരിയാണോ? നമുക്ക് കഥ വായിച്ചു നോക്കാം.
കഥയുടെ ആദ്യ ഭാഗം (പേജ് 103) കുട്ടികൾ വ്യക്തിഗതമായി ഒന്നോ രണ്ടോ തവണ വായിക്കുന്നു.
തുടർന്ന് ചോദ്യങ്ങൾ
* പൂങ്കിളി കണ്ട കാഴ്ച എന്താണ്?
* എങ്ങനെയുള്ള വീടാണത്?
* വീട് കണ്ട പൂങ്കിളി വീടിനോട് എന്താണ്ചോദിച്ചത്?
* വീട്ടിലെ വിശേഷംഎന്താണ്?
ഓരോ ചോദ്യത്തിന് ശേഷവും ഉത്തരം കണ്ടെത്തി അടിവരയിടാൻ കുട്ടികൾക്ക് സമയം നൽകണം.
കണ്ടെത്തിയ ഉത്തരം രണ്ടോ മൂന്നോ കുട്ടികൾ വായിക്കുന്നു.
എല്ലാവരും ഇങ്ങനെ തന്നെയാണോ കണ്ടെത്തിയത്?
ഗ്രൂപ്പിൽ പരസ്പരം ഒത്തുനോക്കി ശരിയായി അടയാളപ്പെടുത്തുന്നു.
ശേഷം രണ്ടു പേരുടെ ഗ്രൂപ്പിൽ പാഠഭാഗം പരസ്പരം സഹായിച്ചു കൊണ്ട് വായിക്കുന്നു.
(ഗ്രൂപ്പ് തിരിക്കുമ്പോൾ പ്രയാസമുള്ള കുട്ടിക്ക് മറ്റേ കുട്ടിയിൽ നിന്നും സഹായം ലഭിക്കുമെന്ന് ഉറപ്പ് വരുത്തി വേണം ചെയ്യാൻ.)
ടീച്ചറും കുട്ടികളും ചേർന്നുള്ള സംയുക്ത വായന.
* പാടിപ്പറക്കുമ്പോൾ പൂങ്കിളി ആ കാഴ്ച കണ്ടു. ഈ വാക്യം കണ്ടെത്താമോ?
അതിൽ കാഴ്ച എന്ന വാക്കിന് വട്ടം വരയ്ക്കാമോ?
കാഴ്ച എന്ന വാക്കിന്റെ സന്നദ്ധതായെഴുത്ത്. കുട്ടികൾ ബോർഡിൽ എഴുതുന്നു. ഴ്‌ച എന്ന കൂട്ടക്ഷരം തിരിച്ചറിയുന്നു, എഴുതുന്നു.
ശേഷം പേജ് 104, 105 ലെ ചിത്രം നിരീക്ഷിക്കുന്നു.
ചോദ്യം: പിറന്നാൾ ആഘോഷിക്കാൻ ആരൊക്കെയാണ് വീട്ടിലേക്ക് വന്നത്?
കുട്ടികളുടെ പ്രതികരണങ്ങൾ.
നമുക്ക് കഥ വായിച്ചു നോക്കാം.
വ്യക്തിഗതമായി കഥ ഒന്നോ രണ്ടോ തവണ വായിക്കുന്നു.
ശേഷം ടീച്ചറുടെ ചോദ്യങ്ങൾ
* വീടിന്റെ പിറന്നാളിന് ആദ്യം വന്നത് ആരാണ്? അവർ എങ്ങനെയാണ് വന്നത്?
* ഉറുമ്പുകളെ എന്ത് പറഞ്ഞാണ് വീട് വരവേറ്റത് ?
* വീട്ടിലെത്തിയ അവർ എന്തെല്ലാമാണ് ചെയ്തത്?
* ചോണനുറുമ്പ് സോഫ നുണഞ്ഞ് പറഞ്ഞതെന്താണ്?
* നെയ്യുറുമ്പ് എന്താണ് പറഞ്ഞത്? ഉറുമ്പുകൾ എല്ലാം ചേർന്ന് വിളിച്ചു പറഞ്ഞതെന്താണ്?
ഓരോ ചോദ്യത്തിനു ശേഷവും ഉത്തരം കണ്ടെത്തി അടിവരയിടാൻ കുട്ടികൾക്ക് സമയം നൽകണം. തുടർന്ന് അടുത്ത ചോദ്യം എന്ന ക്രമത്തിലായിരിക്കണം അവതരണം.
കണ്ടെത്തിയ ഉത്തരം രണ്ടോ മൂന്നോ കുട്ടികൾ വായിക്കുന്നു.
എല്ലാവരും ഇങ്ങനെ തന്നെയാണോ കണ്ടെത്തിയത്?
ഗ്രൂപ്പിൽ പരസ്പരം ഒത്തുനോക്കി ശരിയായി അടയാളപ്പെടുത്തുന്നു.
ശേഷം രണ്ട് പേരുടെ ഗ്രൂപ്പിൽ
പാഠഭാഗം പരസ്പരം സഹായിച്ചു കൊണ്ട് വായിക്കുന്നു.
ടീച്ചറും കുട്ടികളും ചേർന്നുള്ള സംയുക്ത വായന.
തുടർന്നുള്ള ഭാഗങ്ങളുടെ വ്യക്തിഗത വായന .
ചോദ്യങ്ങൾ
* മൈന അടുക്കള കൊത്തി രുചിച്ച് നോക്കി പറഞ്ഞതെന്താണ്?
* തലയിണ മിഠായി വായിലാക്കി മയിൽ പറഞ്ഞതെന്താണ് ?
വരികൾ കണ്ടെത്തി വട്ടം വരയ്ക്കുന്നു.
സൂപ്പർ ഭക്ഷണം
സൂപ്പർ സ്വാദ്
നല്ല മിഠായി
നല്ല സ്വാദ്
ഈ വരികൾ ടീച്ചർ ബോർഡിൽ എഴുതുന്നു.
എല്ലാവരും ചേർന്ന് ഉറക്കെ വായിക്കുന്നു.
സ്വാദ്, മിഠായി തുടങ്ങിയ പദങ്ങൾ കണ്ടെത്തൽ .
ഠഅക്ഷരം എഴുതൽ .
മിഠായി എന്ന വാക്ക് കഥയിൽ എത്ര തവണ ആവർത്തിക്കുന്നുണ്ട്?
കണ്ടെത്തി വട്ടം വരയ്ക്കുന്നു.
മയിലിൻ്റെ നൃത്തം കണ്ടവർക്കെല്ലാം എന്ത് തോന്നി ?
കുട്ടികൾ ബ്രാക്കറ്റിൽ കൊടുത്ത പദങ്ങളിൽ നിന്നും ഉചിതമായത് കണ്ടെത്തി പാംപുസ്തക പാഠത്തിൽ എഴുതുന്നു. ഏത് പദം വേണമെങ്കിലും കുട്ടിക്ക് തെരഞ്ഞെടുക്കാം. അത് വിശദീകരിച്ചാൽ മതിയാകും.
വിലയിരുത്തൽ
ടീച്ചറുടെ വിലയിരുത്തൽ
* കഥ സ്വന്തമായി വായിച്ച് ആശയം കണ്ടെത്തിയവർ
* പിന്തുണയോടെ വായിച്ച് ആശയം കണ്ടെത്തിയവർ
പ്രതീക്ഷിത ഉൽപന്നം
കുട്ടികൾ കണ്ടെത്തിയ ഉത്തരങ്ങൾ പാഠപുസ്തകത്തിൽ എഴുതിയത്.

No comments:
Post a Comment