ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, November 22, 2023

32. ഒന്നാം ക്ലാസിൽ കുട്ടികൾ പത്രം നിർമ്മിക്കുന്നു.


സഹവർത്തിതരചന ക്ലാസിൽ നടക്കേണ്ടതുണ്ട്. ഒന്നാം ക്ലാസിൽ. പരസ്പരം ചുമതലകൾ വീതിച്ചും സഹായിച്ചും മറ്റുള്ളവരുടെ കഴിവുയർത്തിയും ലക്ഷ്യത്തിലെത്തിച്ചേരുന്ന പ്രവർത്തനമാണ്. ആശയാവതരണ രീതിയിൽ സഹവർത്തിത രചനക്ക് നിർണ്ണായകസ്ഥാനമാണ് ഉള്ളത്.

ഒന്നാം ക്ലാസിലെ കുട്ടികൾ കൂട്ടെഴുത്തിലൂടെ പത്രം തയ്യാറാക്കുമോ?

ഈ ഒരു ആശയം ട്രൈ ചെയ്തു നോക്കാൻ കുറെ അധ്യാപകർ സന്നദ്ധമായി.

അറിയിപ്പ് മാത്രം അവർക്ക് കൈമാറി.

തിങ്കളാഴ്‌ച ( 20/11/23) ട്രൈ പരിശോധിച്ചു.

അതിന്റെ അനുഭവക്കുറിപ്പുകളാണ്. പപത്ര മാതൃകകൾ അനുബന്ധമായി നൽകി.

1

സഹവർത്തിത പഠനം സാധ്യമാണ്.

പ്രവർത്തനം തുടങ്ങിയ സമയം - 11.15

അവസാനിച്ച സമയം : 12.45

ആകെ കുട്ടികൾ : 11

രൂപീകരിച്ച ഗ്രൂപ്പുകൾ : 3

രൂപകരിച്ച ഉൽപ്പന്നങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട്.

 കുട്ടികളുമായി വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു.ഗ്രൂപ്പുകൾ വിഷയങ്ങൾ തിരഞ്ഞെടുത്തു എഴുതിത്തുടങ്ങി.

നേട്ടങ്ങൾ :

  •  കുട്ടികൾക്ക് കൂട്ടായി എഴുതാനുള്ള അവസരം..
  • സഹവർത്തിത പഠനം സാധ്യമാണ്.
  •  ഗ്രൂപ്പിലുള്ള മറ്റു കുട്ടികളുടെ ലേഖനത്തിൽ തെറ്റുകൾ വരുത്തുമ്പോൾ ധാരണയുള്ള കുട്ടികൾ അത് തിരുത്തി പറഞ്ഞു കൊടുക്കുന്നതായി കാണുന്നു.
  •  വ്യക്തിഗതമായി എഴുതാൻ പ്രയാസമുള്ള /മടി കാണിക്കുന്ന കുട്ടികൾ കൂട്ടെഴുതുന്നതിൽ താൽപ്പര്യം കാണിക്കുന്നുണ്ട്.

  •  ഒരേ പേപ്പറിൽ പല കുട്ടികൾ വ്യത്യസ്തമായി എഴുതുമ്പോൾ ലേഖനത്തിൽ പാലിക്കേണ്ട വാക്ക് അകലം /അക്ഷര വലിപ്പം / അക്ഷരങ്ങളുടെ സ്ട്രോക്ക് ഇവയെല്ലാം കുട്ടികൾ ശ്രദ്ധിക്കുകയും ഇവ കൃത്യമായി പാലിക്കാത്ത കുട്ടികളെ തിരുത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
  •  ഓരോ വാക്യം എഴുതി കഴിയുമ്പോഴും മറ്റു കുട്ടികൾ അത് വായിച്ചു നോക്കുന്നുണ്ട്.
  •  ഓരോ കുട്ടിയുടെയും സ്വന്തം ആശയത്തെ എഴുതാൻ സാധിക്കുന്ന സന്തോഷം കണ്ടു.

പോരായ്മകൾ...

  •  നന്നായി എഴുത്തിലും വായനയിലും ധാരണയുള്ള കുട്ടികൾ മറ്റ് കുട്ടികളുടെ എഴുതാനുള്ള അവസരം ഏറ്റെടുക്കുന്ന പ്രവണത കാണിക്കുന്നുണ്ട്.
നിർദ്ദേശങ്ങൾ

  •   ഓരോ ഗ്രൂപ്പിനും ഉള്ള ചാർട്ട് ഒട്ടിക്കുകയും അതിലേക്ക് കുട്ടികൾ നേരിട്ട് എഴുതുകയും തിരുത്തൽ നടത്തുകയും ചെയ്യുന്നു ചെയ്യാം.
  • ഓരോ ഗ്രൂപ്പിന്റെയും കോഴ്സുകൾ എഡിറ്റിംഗ് നടത്തുന്ന സമയത്ത് എല്ലാ കുട്ടികൾക്കും അത് മനസ്സിലാക്കാനും കാണാനുമുള്ള അവസരം ഉണ്ടാക്കാം.

എസ്എൻഡിപി എൽപി സ്കൂൾ തിരുമേനി

പയ്യന്നൂർ സബ് ജില്ല

കണ്ണൂർ 


2


വളരെ താത്പര്യത്തോടെ, ആവേശത്തോടെ ഏറ്റെടുത്തു

35 കുട്ടികളിൽ 32 പേർ ഇന്ന് ക്ലാസിൽ വന്നു. 6 ഗ്രൂപ്പുകൾ. ആദ്യം ക്ലാസിൽ പൊതുവായി കുട്ടികളുടെ അനുഭവ വിവരണം . വീട്ടിലും സ്കൂളിലും ക്ലാസിലും നടന്ന വിവിധ അനുഭവങ്ങൾ പങ്കുവെച്ചു. അതിൽ നിന്നും അവർക്കിഷ്ടപ്പെട്ട 6 വിഷയങ്ങൾ തിരഞ്ഞെടുത്തു. എല്ലാ ഗ്രൂപ്പുകളിലും ,മികച്ചവർ ശരാശരി, പിന്നോക്കമുള്ളവർ എന്നിങ്ങനെ ഉൾപ്പെടുത്തുക. പത്രം തയ്യാറാക്കാൻ എല്ലാവരും പങ്കാളികളായിരുന്നു.

കുട്ടികൾക്ക് വളരെ ആവേശമായിരുന്നു . ചില അക്ഷരങ്ങൾ മാത്രമേ എനിക്ക് സഹായിക്കേണ്ടി വന്നുള്ളൂ.

അതാതു ഗ്രൂപ്പുകളിൽ തന്നെ ലീഡർമാരുടെ നേതൃത്വത്തിൽ എഡിറ്റിംഗ് നടന്നു. ഗ്രൂപ്പിംഗിനും പൊതു ചർച്ചയ്ക്കും ശേഷം 10.15 ന് ഞങ്ങൾ തുടങ്ങി. 11.40 ന് എല്ലാ ഗ്രൂപ്പും പൂർത്തിയാക്കി. ചില ഗ്രൂപ്പുകൾ അതിനു മുമ്പേ തന്നെ ചെയ്തു. ഓരോ വാർത്തയുടെയും തലക്കെട്ടുകൾ കുട്ടികൾ തന്നെയാണ് പറഞ്ഞത്. പത്രത്തിന്റെ വായനയും നടന്നു. ഉച്ചയ്ക്ക് 1.40 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സഹ അധ്യാപകരുടെ സാന്നിധ്യത്തിൽ പത്രം പ്രകാശനം ചെയ്തു


  * നേട്ടങ്ങൾ *: 

  • കുട്ടികളിൽ ആത്മവിശ്വാസം വർധിച്ചു. കാരണം ഇന്ന് ഉണ്ടായ ഉൽപന്നം അവരുടെ സ്വന്തം ആണ്.
  • രചനയിലെ തെറ്റുകൾ കണ്ടെത്താനും അത് തിരുത്താനും മിക്കവർക്കും കഴിയുന്നുണ്ട്.
  • കുട്ടികൾ വളരെ താത്പര്യത്തോടെ, ആവേശത്തോടെ ഏറ്റെടുത്തു.

* പ്രയാസങ്ങൾ *: 

  • കുട്ടികളുടെ എണ്ണക്കൂടുതൽ - - എല്ലാ ഗ്രൂപ്പുകളിലും ഇടപെടാൻ സമയക്കൂടുതൽ വേണ്ടി വന്നു.
  • വിഷയമുണ്ടായിട്ടും ചില കുട്ടികൾക്ക് ആശയ ദാരിദ്ര്യം അനുഭവപ്പെട്ടു.

(ടീച്ചറുടെ ഇടപെടൽ )

ജിഎൽ പി സ്കൂൾ, ചാത്തമംഗലം

കുന്ദമംഗലം സബ് ജില്ല

കോഴിക്കോട്


3
ചർച്ചയിലും എഴുത്തിലും എല്ലാവരുടെയും പങ്കാളിത്തം

എരമം നോർത്ത് എൽപി സ്കൂൾ

 ഇന്ന് ഹാജരായ 9 കുട്ടികളെ 3 പേരടങ്ങുന്ന സംഘങ്ങളായി സ്കൂളിലും ക്ലാസിലും നാട്ടിലും ഉള്ള വിശേഷങ്ങളെ കുറിച്ച് പൊതുവായി ചർച്ച നടത്തുകയും തുടർന്ന് രചനയിലേക്ക് കടക്കുകയും ചെയ്തു.11.45 മുതൽ 3 മണി വരെ യൂണിയൻ ചർച്ചയ്ക്കും എഴുത്തുമായി ഉപയോഗിച്ചു. ചർച്ചയിലും എഴുത്തിലും എല്ലാവരുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഗ്രൂപ്പിൽ തന്നെ വായനയും പരസ്പരം തിരുത്തലുകളും നടത്തുകയുണ്ടായി. പരിചിതമല്ലാത്ത അക്ഷരങ്ങൾ (ഞ്ച, ഡ,ണ്ട ) ബോർഡിൽ എഴുതി കാണിക്കേണ്ടി വന്നു. കുട്ടികൾ ഇത്തരത്തിൽ വാർത്തകൾ എഴുതി തയ്യാറാക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടക്ഷരങ്ങൾ എഴുതുമ്പോഴും ചിഹ്നങ്ങൾ ചേർക്കുമ്പോഴും അൽപ്പം പ്രയാസങ്ങൾ നേരിട്ടുവെങ്കിലും മക്കൾ വളരെ നല്ല രീതിയിൽ തന്നെ ആ പ്രവർത്തനം നടത്തി കാണിച്ചു. മറ്റ് ക്ലാസുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ 5-ാം ക്ലാസിലെ കുട്ടികൾക്ക് നൽകികൊണ്ട് പത്രത്തിന്റെ പ്രകാശനം നടത്തി. എന്റെ കുഞ്ഞുമക്കളുടെ ചിരിക്കുന്ന കാണുമ്പോൾ എനിക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഒന്നാം ക്ലാസിലെ മക്കൾക്ക് കഴിയും എന്ന കാര്യം ഈ ഒരു പ്രവർത്തനത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു...

4

ക്ലാസ് പത്രം കൂട്ടെഴുത്തിലൂടെ


 മലപ്പുറം പരപ്പനങ്ങാടി ജി എം എൽ പി ടൗൺ സ്കൂളിലെ ഒന്നാം ക്ലാസിൽ പങ്കാളിത്ത എഴുത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി നടന്ന പ്രവർത്തന ക്ലാസ് ആയിരുന്നു പത്രം നിർമ്മാണം . കൂട്ടത്തിലൂടെ സ്വതന്ത്ര രചനകൾ ആവിഷ്കരിക്കാനുള്ള അവസരം ക്ലാസുകളിൽ ഉണ്ടായി. 44 കുട്ടികളുള്ള ക്ലാസ് മുറിയിൽ 36 കുട്ടികളായിരുന്നു ഇന്ന് വന്നിട്ടുള്ളത്. മുഴുവൻ കുട്ടികളെയും എട്ട് ഗ്രൂപ്പുകളും ആക്കി കുട്ടികളുടെ താൽപ്പര്യം പരിഗണിച്ച് വിഷയം തിരഞ്ഞെടുത്തു.ക്ലാസ് പത്ര രൂപീകരണം നടന്നു.അസംബ്ലി, സ്കൂളിലെ പച്ചക്കറിത്തോട്ടം, കരാട്ടെ ക്ലാസ് , കാഴ്ചകൾ ,എന്റെ ഉമ്മമാർ , കളികൾ,തുടങ്ങിയ വിഷയങ്ങൾ നൽകി കൊണ്ടാണ് പത്രം രൂപീകരിച്ചത് കൂട്ടെഴുത്തിലൂടെയും കൂട്ടപ്പറച്ചിലിലൂടെയും സഹായകമായി. ഒരാൾ എഴുതിയതിന് തുടർച്ചയായി മറ്റെയാൾ എഴുതുകയും കൂടി ചെയ്തപ്പോൾ സ്വന്തമായി ഒരു രൂപ രൂപപ്പെട്ട സന്തോഷത്തിലായിരുന്നു കുട്ടികൾ കൂട്ടെഴുത്തിൻറെ ഏറ്റവും നല്ല കോഴ്സുകൾ ക്ലാസ് പത്രം ......


5

ക്ലാസിലെ പത്രം എന്ന ആശയം ഒന്നാം ക്ലാസുകാർക്ക് പുതുമയുണർത്തുന്നതായിരുന്നു .

മക്കളോട് പത്രം തയ്യാറാക്കാമെന്ന് പറഞ്ഞപ്പോൾ കുട്ടികൾ ആകാംക്ഷയിലായി. കുറിപ്പുകൾ വേഗത്തിൽ എഴുതാൻ തുടങ്ങി.3.15നാണ് ഞങ്ങൾ തുടങ്ങിയത് ഓട്ടോ വന്നപ്പോൾ കുറച്ചുപേർ പോയിരുന്നു. എങ്കിലുംയുള്ള ബാക്കിവർ വളരെ ഉത്സാഹത്തോടെ എഴുതി. ചാർട്ട് എടുത്ത് വരക്കുമ്പോഴേക്കും അവർ തന്നെ പശ കുപ്പി കൊണ്ടുവന്ന് പശയെടുത്ത് ഒട്ടിക്കാൻ സഹായിച്ചു. ബെല്ലടിച്ചിട്ടും കുട്ടികൾ ചിത്രം വരയ്ക്കുകയും ചെയ്തു. നാളെ നമുക്ക് നമ്മുടെ പത്രം ഭംഗിയാക്കാം ടീച്ചറേ എന്ന് പറഞ്ഞാണ് കുട്ടികൾ വീട്ടിലേക്ക് പോയത്.

ജിഎംഎൽപിഎസ് പെരിങ്ങോട്ടുകര തൃശൂർ

6

ഞാൻ മലപ്പുറം ജില്ലയിലെ താനൂർ സബ്ജില്ലയിലെ എ എം യു പി എസ് പാറക്കല്ലിലെ 1 ബി ക്ലാസ്സിലെ ടീച്ചറാണ്. എന്റെ ക്ലാസ്സിൽ 22 കുട്ടികളാണ് ഉള്ളത്. അവർക്ക് ക്ലാസ് പത്രം എന്നപ്രവർത്തനം 20/11/23 തിങ്കളാഴ്ച ആണ് ഞാൻ നൽകിയത്. ആദ്യമായി അവരോട് നിങ്ങളുടെ നാട്ടിലോ സ്കൂളിലോ ക്ലാസ്സിലോ നടന്ന സംഭവങ്ങൾ പറയാൻ പറഞ്ഞു കുട്ടികൾ കുറെ കാര്യങ്ങൾ പങ്കു വെച്ചു. അതിൽ നിന്നും 5 എണ്ണം തിരഞ്ഞെടുത്ത് അവരെ 5 ഗ്രൂപ്പുകളാക്കി തിരിച്ചു... എന്നിട്ട് അവരുടെ ഗ്രൂപ്പിന് കിട്ടിയ സംഭവങ്ങൾ ഓരോരുത്തരും അവരുടെ വാക്ക്യത്തിൽ ഒരേ ഫയൽ പേപ്പറിൽ എഴുതാൻ പറഞ്ഞു. കുട്ടികൾ അവരുടേതായ രീതിയിൽ എഴുതാൻ ശ്രമിച്ചു. ഗ്രൂപ്പിലെ എല്ലാ കുട്ടികളുടെയും വരികൾ അവരുടെ കൈയ്യക്ഷരത്തിൽ അവർ തനിയെ എഴുതിയിരുന്നു. ശേഷം വേണ്ട തിരുത്തലുകൾ അധ്യാപികയായ എന്റെ സഹായത്തോടെ നടത്തി.. (ചില വാക്കുകൾ എഴുതുമ്പോൾ അവരുടെ ഭാഷയിൽ അവർ എഴുതിയിരുന്നു.അത് തിരുത്തി പറഞ്ഞു കൊടുക്കും അവർ തന്നെ എഴുതാൻ ശ്രമിക്കാറുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ മയിലിന്റെ കൂടെ മണ്ടി.. അത് അവരുടെ സംസാര രീതിയാണ് കുറച്ചു കൂടി മെച്ചപ്പെടുത്തി എഴുതുമ്പോൾ ഓടി എന്ന് മാറുന്നു.. കുട്ടികൾ തന്നെ സ്വയം തിരുത്തിയതാണ്. വേണ്ട പിന്തുണ നൽകി)

. വാർത്തകൾക്ക് പേരുകളും നൽകി. നാട്ടു വാർത്ത, സ്കൂൾ വാർത്ത എന്ന രീതിയിൽ വാർത്തകളെ പത്രത്തിൽ ഉൾപ്പെടുത്തി... കുട്ടികൾ അവരെക്കൊണ്ട് കഴിയുന്ന രീതിയിൽ എഴുതാൻ ശ്രമിച്ചിരുന്നു.. ചിത്രങ്ങളും കുട്ടികളിൽ ഒരാൾ തന്നെയാണ് വരച്ചത്... കുട്ടികളുടെ താല്പര്യവും ഉത്സാഹവും കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി... പത്രത്തിന്റെ പേര് 'കുട്ടിപ്പത്രം ' എന്നാണ് നൽകിയത്..സ്കൂളിലെ ഹെഡ് മാസ്റ്ററെ കൊണ്ട് പ്രകാശനം ചെയ്യിച്ചു...

7

സ്വതന്ത്രരചനകൾ കൂട്ട എഴുത്തിലൂടെ   മികച്ചൊരു പ്രവർത്തനമായി. 33 പേരിൽ ഇന്ന് 8 പേർ ലീവായിരുന്നു. ബാക്കിയുള്ളവരെ 8 ഗ്രൂപ്പുകളാക്കി. സംയുക്ത എഴുത്തിനും അവസരം നൽകുന്നതിനാൽ എല്ലാവരുടേയും പൂർണ പങ്കാളിത്തം. കുട്ടികൾ പറഞ്ഞു കൊണ്ടാണെഴുതിയത്. 1 മണിക്കൂർ സമയമാണ് വേണ്ടി വന്നത്. എല്ലാവർക്കും സന്തോഷം. കൂടുതൽ അവസരങ്ങൾ നൽകുന്ന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനാകുമെന്ന് കരുതുന്നു . എ.എൽ.പി.എസ്.അമ്മന്നൂർ, പട്ടാമ്പി സബ് ജില്ല, പാലക്കാട്

8

ക്ലാസ് പത്രം കൂട്ടെഴുത്തിലൂടെ

................................

 ജി യു പി എസ് മൂളിയാർ മാപ്പിളയിലെ 1 ക്ലാസിൽ നടന്ന വേറിട്ട ഒരു പ്രവർത്തനമായിരുന്നു ക്ലാസ് പത്ര നിർമ്മാണം.

 കൂട്ടെഴുത്തിലൂടെ സ്വതന്ത്ര രചനകൾ ആയിരുന്നു ക്ലാസ് പത്രത്തിൽ നിറഞ്ഞുനിന്നത്. 27 കുട്ടികളുള്ള ക്ലാസ് മുറിയിൽ ഇന്ന് ഹാജരായ 24 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ പ്രവർത്തനം ചെയ്തത്. ഒരു മണിക്കൂർ ആയിരുന്നു ഈ പ്രവർത്തനത്തിന് വേണ്ടി വന്നത്. നാലു പേരടങ്ങുന്ന 6 ഗ്രൂപ്പുകളിൽ ആയാണ് പ്രവർത്തനം നടന്നത്

 ക്ലാസ് പത്ര രൂപീകരണത്തിന് തിരഞ്ഞെടുത്തത്.ക്ലാസ് മുറി,എന്റെ ഇഷ്ടപ്പെട്ട ആഹാരം, കലോത്സവവിശേഷം, എന്റെ നാട്, നബിദിനാഘോഷം ഇഷ്ടപ്പെട്ട വ്യത്യസ്ത കളികൾ എന്നിവയായിരുന്നു വിഷയങ്ങൾ. വളരെ ഉത്സാഹത്തോടെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്തു 6 വിഷയത്തെപ്പറ്റിയും ക്ലാസ് മുറിയിൽ ചർച്ച നടത്തി വ്യത്യസ്തമായ അഭിപ്രായങ്ങൾ കുട്ടികൾ പറഞ്ഞു.അനുസരിച്ച് 6 ഗ്രൂപ്പുകൾ ആക്കി ഓരോ ഗ്രൂപ്പിനും ഓരോ വിഷയങ്ങൾ കൊടുത്തു. വീണ്ടും അവരുടെ വിഷയത്തെപ്പറ്റി ഗ്രൂപ്പുകളിൽ ചർച്ച നടത്തുകയും ഓരോരുത്തർക്കും പറയുവാൻ അവസരം നൽകുകയും ചെയ്തു. എഴുതാൻ നൽകിയ പേപ്പറിൽ ഗ്രൂപ്പിലെ ഓരോരുത്തരും,ഒരാൾ എഴുതിയതിനുശേഷം തുടർച്ചയായി എഴുതുകയും ഗ്രൂപ്പിലെ ഒരാൾ എഴുതുകയും ചെയ്യുന്നത് എല്ലാവരും വായിച്ചു നോക്കുകയും അതിലെ തെറ്റുകൾ അവർ തന്നെ കണ്ടെത്തുകയും അവർ തന്നെ പരസ്പരം തെറ്റുകൾ തിരുത്തുകയും എഴുതുകയും ചെയ്തു. പൂർണ്ണമാക്കാതെ ഒറ്റവാക്കിൽ എഴുതിയ കൂട്ടുകാർക്ക് പരസ്പരം പിൻതാങ്ങലുകൾ നൽകി വാക്യങ്ങൾ ആക്കി എഴുതിപ്പിക്കുകയും ഓരോ ഗ്രൂപ്പുകാർക്കും ഏറ്റവും മികച്ച എഴുത്തുപന്നങ്ങൾ നൽകുകയും ചെയ്തു. കൂട്ടായി,ഒരാൾ എഴുതിയതിന്റെ തുടർച്ചയായി അവർക്ക് കിട്ടിയ വിഷയത്തെപ്പറ്റി സ്വതന്ത്രചന നടത്തുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി.അവർ എഴുതിയ സ്വന്തം രചനകൾ കൂട്ടുകാർ കൂടി വായിച്ചപ്പോൾ ക്ലാസ് പത്രം എന്ന പ്രവർത്തനം ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി.

 കൂട്ടെഴുത്തിന്റെ ഏറ്റവും നല്ല മഴകൾ ആയിരുന്നു ക്ലാസ് പത്രത്തിൽ ഉണ്ടായത്..

                1. എ

                ഗുപ്സ്. മുളിയാർ മാപ്പിള.










Sunday, November 19, 2023

31. എന്തായാലും എനിക്ക് നല്ല അഭിമാനമാണ് ഒന്നാം ക്ലാസിലെ എൻ്റെ മക്കളുടെ മികവ് കാണുമ്പോൾ.

 


10 വർഷമായി ഞാൻ ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നു .
  • ഈ വർഷത്തെ സചിത്ര ബുക്ക്‌, സംയുക്ത ഡയറി എന്നിവ കുട്ടികൾക്ക് വളരെ താൽപര്യമുളവാക്കുന്നവയായിരുന്നു. 
  • ജൂലൈ മാസം ആദ്യ ആഴ്ചയിൽ തുടങ്ങി സംയുക്ത ഡയറി എഴുതൽ.
  • സംയുക്ത ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ തിരിച്ചറിയാനും തെറ്റില്ലാതെ എഴുതുവാനും സാധിച്ചു. 
  • സ്വന്തമായി ഡയറി എഴുതാൻ തുടങ്ങി. ദിവസേന ഡയറി എഴുതുമ്പോൾ അക്ഷരങ്ങൾ ഉറയ്ക്കാനും ചിത്രങ്ങൾ വരയ്ക്കാനുമുള്ള കഴിവ് കുട്ടികൾക്ക് കിട്ടുമെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. 
  • രചനോത്സവം - കഥകൾ പറയാനും എഴുതാനും കുട്ടികൾക്ക് കഴിയുന്നുണ്ട്. നന്നായി എഴുതുന്നവരാണ് പകുതി പേരും.
  • പിന്നെ ഒരു l EDC കുട്ടിയും ഒരു നേപ്പാളി കുട്ടിയുമുണ്ട്. അവർ ഡയറി എഴുതി തുടങ്ങിയിട്ടില്ല. 
  • എന്തായാലും എനിക്ക് നല്ല അഭിമാനമാണ് ഒന്നാം ക്ലാസിലെ എൻ്റെ മക്കളുടെ മികവ് കാണുമ്പോൾ. രക്ഷിതാക്കളും എന്നോടൊപ്പമുണ്ട്.

രേഖ .എ .എസ് .

ജി.എൽ.പി.എസ്.പൈങ്ങോട്

തൃശൂർ


Saturday, November 18, 2023

30. കുട്ടികൾക്ക് നല്ല മാറ്റമാണ് കാണാൻ കഴിയുന്നത്.

 


കണ്ണൂർ ജില്ലയിലെ മുക്കോത്തടം എൽ പി സ്കൂളിലെ അധ്യാപികയാണ് ഞാൻ . എൻറെ ക്ലാസിൽ 26 കുട്ടികളുണ്ട്.

  • അതിൽ ഒരു കുട്ടി ഒട്ടിസം (70 %) ബാധിച്ച കുട്ടിയാണ്.
  • ബാക്കി 25 കുട്ടികളിൽ 23 കുട്ടികളും മലയാളം നന്നായി വായിക്കുന്നുണ്ട്.
  • ലേഖനത്തിൽ ചെറിയ ചെറിയ  തെറ്റ് സംഭവിക്കുന്നുണ്ട്. 
  • സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസം ഒന്നാം ക്ലാസിലെ അസംബ്ലി ആണ് .
  • അന്നേദിവസം കുട്ടികൾ ഡയറി, പത്രവാർത്ത ,വായന കാർഡ് എന്നിവ വായിക്കുന്നു. ,
  • എല്ലാ കുട്ടികളെയും അസംബ്ലിയിൽ പങ്കാളികളാക്കാൻ സാധിച്ചിട്ടുണ്ട്.
  • കൂടാതെ ഭൂരിഭാഗം കുട്ടികളും സംയുക്ത ഡയറി നൂറെണ്ണം എഴുതി തീർത്തു. 
  • 130 ഡയറി എഴുതിയ കുട്ടികളും ഉണ്ട് . 
  • ദിവസവും ഡയറി എഴുതുന്നുണ്ട്. 
  • മിക്ക കുട്ടികളുടെയും ഡയറിയിൽ പേനയെഴുത്ത് ഇല്ല .
  • 26നാണ് ഡയറി എഴുതാൻ തുടങ്ങിയത്.
  • കുട്ടികൾക്ക് നല്ല മാറ്റമാണ് കാണാൻ കഴിയുന്നത്. 
  • ഏറെ സന്തോഷം🥰
പ്രീത

Friday, November 17, 2023

147. ഒന്നാം ക്ലാസ്സ് ഒന്നാന്തരമായി മുന്നോട്ട്.

ഏറെ പുതുമകൾ

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഒന്നാം ക്ലാസ്സുകളിൽ ഏറെ പുതുമകളുണ്ട്. 
  • സചിത്ര നോട്ട് ബുക്ക്, 
  • സംയുക്ത ഡയറി, 
  • രചനോത്സവം, 
  • വായനാസാമഗ്രികളിൽ നിന്ന് തയാറാക്കുന്ന ചിത്രകഥകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 
ആശയാവതരണ രീതി ഫലപ്രദം
ആശയാവതരണ രീതിയിലൂടെ അക്ഷരത്തിലെത്തിച്ചേരുകയും അവിടെ നിന്ന്പുതിയ പദം,  വാക്യം, ആശയം എന്നിവ കണ്ടെത്തി കുട്ടിയുടെ അക്ഷര ബോധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്. പുനരനുഭവ സാധ്യതകൾ ലഭ്യമാകത്തക്ക രീതിയിലാണ് പാഠഭാഗങ്ങളുടെ ക്രമീകരണം. 
പരിമിതികൾ മറികടക്കുന്നു
  • ടെക്സ്റ്റ്‌ ബുക്കിലെ പരിമിതികളെ മറികടക്കാൻ സഹായകമായിട്ടുള്ളതാണ് അധ്യാപക പിന്തുണാ സാമഗ്രികൾ. 
കുട്ടികൾക്ക് വ്യക്തത
  • ബോർഡെഴുത്തിന്റെ വിവിധ ഘട്ടങ്ങൾ, വായനയുടെ ഘട്ടങ്ങൾ, സ്വതന്ത്ര വായനാസാമഗ്രി ഇവയെല്ലാം തന്നെ കുട്ടികളുടെ ധാരണ കൂടുതൽ ഉറപ്പിക്കുന്നതിന് സഹായിക്കുന്നു. 

പഠനതാല്പര്യം കൂടി

  • പ്രക്രിയാ ബന്ധിതമായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനത്തോടുള്ള ആഭിമുഖ്യം കൂട്ടുന്നു. എല്ലാ കുട്ടികളേയും പഠന പക്രിയകളിൽ പങ്കാളികളാക്കാനുള്ള അവസരങ്ങൾ സചിത്ര നോട്ട് ബുക്ക് ഒരുക്കുന്നു. 

മികവുകൾക്ക് പ്രോത്സാഹനം

  • കല, പ്രവൃത്തിപരിചയം, സർഗാത്മകത എന്നിവയിലുള്ള കുട്ടികളുടെ മികവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ ഈ പഠനരീതി ഉറപ്പാക്കുന്നു. 
  • രചനോത്സവം, സചിത്ര സംയുക്ത സാങ്കല്പിക ഡയറി ഇവയെല്ലാം കുട്ടിയുടെ ഭാഷാപരമായ മികവുകളെ പരിപോഷിപ്പിക്കാൻ പര്യാപ്തമാണ്.
ക്ലസ്റ്റർ ഗുണപ്രദം

  • ക്ലസ്റ്റർ ക്ലാസ്സിൽ ലഭ്യമായ ധാരണകൾ ക്ലാസ് മുറികളിൽ പ്രയോഗിച്ചു നോക്കി അതിന്റെ ഫലപ്രാപ്തി ബോധ്യപ്പെട്ടിട്ടുണ്ട്. ഗണിത പ്രവർത്തനങ്ങളിൽ ELPS ന്റെ സാധ്യത കണ്ടെത്തി അനുയോജ്യമായ രീതിയിൽ പ്രവർത്തനങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്. 
  • ഇതിലൂടെ കുറച്ചു കുട്ടികൾക്ക് ഗണിതത്തോടുണ്ടായിരുന്ന താൽപര്യക്കുറവ് മറികടക്കാൻ കഴിഞ്ഞു. 
  • ഒരു discourse കുട്ടികളിൽ ഫലപ്രദമായി എത്തിക്കുന്നതിനു വേണ്ടി അധ്യാപകൻ കടന്നുപോകേണ്ട micro level process നെപ്പറ്റി കൂടുതൽ ധാരണ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എല്ലാം കുട്ടികൾക്ക് ഇഷ്ടമായി.

പ്രശ്നങ്ങൾ ഇനിയുമുണ്ട്

ഈ പ്രവർത്തനങ്ങളിലൂടെയെല്ലാം ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് വെല്ലുവിളിയായി നിൽക്കുന്ന ചിലഘടകങ്ങളാണ് 

  • ചെറിയൊരു വിഭാഗം രക്ഷിതാക്കളുടെ നിസ്സംഗത , 
  • കുട്ടികൾ തുടർച്ചയായി ക്ലാസ്സിൽ ഹാജരാകാതിരിക്കൽ, 
  • സമയം, 
  • ഉള്ളടക്കത്തിന്റെ ബാഹുല്യം എന്നിവ. 
ഇവയൊക്കെ നിലനിൽക്കുമ്പോഴും നല്ലൊരു വിഭാഗം രക്ഷിതാക്കൾ ആശയാവതരണ രീതിയുടെ മികവുകൾ സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ട് പിന്തുണയുമായി കൂടെയുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. പരിമിതികൾ മറികടക്കാനുള്ള പ്രചോദനവും ഇതു തന്നെയാണ്. വരുന്ന ക്ലസ്റ്ററുകളിൽ ക്ലാസ് റൂം പ്രക്രിയകൾ കൂടുതൽ മികവുറ്റതാക്കുന്നതിന് പര്യാപ്തമായ പിന്തുണ പ്രതീക്ഷിക്കുന്നു.

ബീനാ വാസുദേവൻ

തൊടിയൂർ എസ്.എൻ.വി എൽ.പി.എസ്.

കല്ലേലിഭാഗം

കരുനാഗപ്പള്ളി

കൊല്ലം.

Thursday, November 16, 2023

29. സംയുക്ത ഡയറി- രക്ഷിതാക്കൾ പ്രതികരിക്കുന്നു

ഞാൻ GUPS തത്തമംഗലം സ്കൂളിലെ 1 c യിലെ അഭിരൂപിന്റെ അമ്മയാണ്.സംയുക്ത ഡയറി എഴുതുന്നതിനു മുമ്പ് മോന് അക്ഷരങ്ങൾ അറിയാമായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അതുപോലെ തന്നെ ചിഹ്നങ്ങൾക്കും നല്ല കൺഫ്യൂഷൻ ഉണ്ടായിരുന്നു പക്ഷേ സംയുക്ത ഡയറി എഴുതിത്തുടങ്ങി  കഴിഞ്ഞതിന് ശേഷം മാറ്റം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. കാരണം ചിഹ്നങ്ങളും അക്ഷരങ്ങളും അവൻ നന്നായി ഉറച്ചു അതുപോലെ അക്ഷരങ്ങൾ കൂട്ടി വായിക്കാനും വാക്കുകൾ ഉണ്ടാക്കാനും പഠിച്ചു അതുപോലെ അവൻ പ്രകൃതിയെ നിരീക്ഷിക്കുകയും ഒരു ദിവസം എന്തെല്ലാം കാര്യങ്ങൾ നടന്നു എന്ന് ഓർത്ത് പറയുവാനും സാധിക്കുന്നുണ്ട്. ഡയറി എഴുതുന്നതിനു മുമ്പ് മോൻ കാര്യങ്ങളൊന്നും അധികം പങ്കുവെക്കാറില്ല ഇപ്പോൾ ഡയറി എഴുതി തുടങ്ങിയതിനു ശേഷം സ്കൂളിൽ എന്തെല്ലാം നടന്നു വീട്ടിൽ വന്നിട്ടായാലും ഓരോ കാര്യങ്ങളും അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട് അവന്റെ പ്രായത്തിൽ ഉപരി അവൻ സ്വന്തമായി ഭാഷ കൈകാര്യം ചെയ്യാൻ ഈ സംയുക്ത ഡയറിയിലൂടെ പഠിച്ചു. ഇപ്പോൾ അവൻ തനിയെ ഡയറി എഴുതാൻ തുടങ്ങി. അതുപോലെതന്നെ നമ്മൾ പുറത്ത് എവിടെയെങ്കിലും പോയാൽ അത് എവിടെ പോയി എന്ന് ചോദിക്കും സ്ഥലത്തിന്റെ പേരുകളും അവന് മനസ്സിലാക്കാൻ ഈ സംയുക്ത ഡയറി സഹായിക്കുന്നുണ്ട്. അവൻ എന്ത് കാണുന്നുണ്ടോ അതിന്റെ പേരെല്ലാം അറിയാനുള്ള ആഗ്രഹം അവന് ഉണ്ടാകുന്നുണ്ട് പക്ഷികൾ ആയാലും മൃഗങ്ങളുടെ ആയാലും മരത്തിന്റെ ആയാലും  വാഹനങ്ങൾ ആയാലും  എല്ലാ പേരുകളും അറിയാൻ അവൻ ശ്രമിക്കുന്നു. സംയുക്ത ഡയറി എഴുതുന്നതുകൊണ്ട് അവന് ചിത്രം വരയ്ക്കാൻ നല്ല താല്പര്യം ഉണ്ടാവുകയും നന്നായി വരയ്ക്കാനും കഴിയുന്നുണ്ട്. അതിലുപരി ടീച്ചർക്കാണ് ഞാൻ നന്ദി പറയുന്നത്. കാരണം കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.

എന്ന്

 സുകന്യ. ആർ

തത്തമംഗലം G. U. P. S ലെ 1-C ലെ തനുശ്രീയുടെ അമ്മയാണ്. അദ്ധ്യായന വർഷത്തിലെ ആദ്യ മാസങ്ങളിൽ എന്റെ മോൾ പഠനത്തിൽ വളരെ പിറകിലായിരുന്നു. കൊറോണ സമയമായതുകൊണ്ട് LKG യിൽ വിടാതെ നേരിട്ട് UKG യിൽ വന്നതായിരുന്നു. മറ്റുകുട്ടികളെ അപേക്ഷിച്ച് മോൾക്ക് അക്ഷരങ്ങളുടെ അടിസ്ഥാനം കുറവായിരുന്നു. ടീച്ചർ എന്തു പഠിപ്പിച്ചെന്നു ചോദിച്ചാലും ക്ലാസ്സിലെന്തു നടന്നു എന്ന് ചോദിച്ചാലും അവൾ ഒന്നും പറയാറില്ല. ടീച്ചറോട് ചോദിച്ചപ്പോൾ ക്ലാസ്സിൽ അവൾ അത്ര ആക്റ്റീവ് അല്ല എന്നറിഞ്ഞു. പക്ഷെ സംയുക്ത ഡയറിയിലൂടെ അവളുടെ സ്വഭാവത്തിലും പഠിത്തത്തിലും നല്ലൊരു മാറ്റം കാണാൻ സാധിച്ചു. ടീച്ചർ പറഞ്ഞതനുസരിച്ചു അവൾക്കറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതി കൊടുത്തു. ദിവസങ്ങൾ   കഴിയുന്തോറും അവൾക്കറിയാത്ത അക്ഷരം ഞാൻ പേനയിൽ എഴുതാൻ തുടങ്ങുമ്പോൾ അവൾ എന്നെ തടഞ്ഞ് അവൾ ഓർത്തു എഴുതാൻ ശ്രമിച്ചു. അതുപോലെ ക്ലാസ്സിൽ നടക്കുന്ന കാര്യങ്ങളൊക്കെ വീട്ടിൽ പറയും. വാക്കുകളെ യഥാർത്ഥ ക്രമത്തിൽ എഴുതാനും പറയാനും സംയുക്ത ഡയറിയിലൂടെ മോൾക്ക് കഴിഞ്ഞു. ഇതിലൂടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങി.സംയുക്ത ഡയറി എഴുതുന്നതിനൊപ്പം ചിത്രം കൂടി വരയ്ക്കാൻ പറയുമ്പോൾ കുട്ടികൾക്ക് ഡയറി എഴുതാനുള്ള ആവേശം കൂടുന്നു.കുട്ടിയുടെ നല്ലൊരു മാറ്റത്തിനു നിമിത്തമായ സംയുക്ത ഡയറി എന്നൊരു ആശയം കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ച ടീച്ചർക്ക്‌ ഒരായിരം നന്ദി അറിയിക്കുന്നു.

              എന്ന്
            കീർത്തന. ജെ
പ്രിയ ടീച്ചർ ഞാൻ 1. C യിൽ പഠിക്കുന്ന ശ്രീഹരിയുടെ അമ്മയാണ്. സംയുക്ത ഡയറി എന്റെ മക്കളിൽ വരുത്തിയ മാറ്റം വളരെ വലുതാണ്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നത് കൊണ്ട് മലയാളം എന്നത് വളരെ പ്രയാസമുള്ള ഒരു വിഷയമായി മാറുകയാണ്. ഇതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം എന്റെ മൂത്ത മകളാണ്. അവൾക്ക് ഇംഗ്ലീഷും ഹിന്ദിയും വായിക്കാനും എഴുതാനും പറ്റും. പക്ഷേ മലയാളം കുറച്ച് പ്രയാസമാണ്. എന്നാൽ എന്റെ മകന്റെ കാര്യത്തിൽ ആ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അതിന് കാരണം സംയുക്ത ഡയറി എഴുത്താണ്. ആദ്യമൊക്കെ അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുകയും ചിലത് എഴുതി കൊടുത്തുകയു ചെയ്യുമായിരുന്നു. എന്നാൽ അവൻ ഇപ്പോൾ കുറച്ച് ദിവസമായി തനിച്ചാണ് ഡയറി എഴുതുന്നത്. എപ്പോഴെങ്കിലും ഒരു അക്ഷരം ചോദിക്കും. അത്രമാത്രം
         ഇപ്പോൾ ഡയറി എഴുതുന്നത് എന്റെ മകളും ശീലമാക്കി. അവൾക്കും ഒന്നാം ക്ലാസ് മുതൽ ഡയറി എഴുത്ത് ശീലമായിരുന്നെങ്കിൽ മലയാളത്തിലുള്ള അവളുടെ പ്രയാസം അന്നേ മാറുമായിരുന്നു. സംയുക്ത ഡയറിയ്ക്കും അതിന് സഹായിച്ച ടീച്ചർക്കും ഒരുപാട് നന്ദി.
Thank you teacher

       Manju. N
പ്രിയ ടീച്ചർ
ഞാൻ 1C യിലെ ആദികേശിന്റെ അമ്മയാണ്. സംയുക്ത ഡയറി എഴുതുന്നത് കൊണ്ടുള്ള ഗുണം ഞാൻ  മനസ്സിലാക്കുന്നു.ആദ്യത്തെ കുറച്ചു ദിവസം ഞാൻ പേന കൊണ്ട് ചില അക്ഷരങ്ങൾ എഴുതി. പിന്നെ പിന്നെ എന്നോട് എഴുതിക്കാതിരിക്കാൻ അവൻ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. അതിനായി അവൻ യു. കെ. ജി യിൽ പഠിച്ച വാക്കുകളിൽ നിന്ന് അക്ഷരങ്ങൾ ഓർത്തെടുത്തെഴുതി. ടീച്ചർ പറഞ്ഞതനുസരിച്ച് ചിഹ്നങ്ങൾ മാത്രം ഞാൻ പറഞ്ഞു കൊടുത്തു. ഇപ്പോൾ അവൻ തന്നെ വാചകങ്ങൾ പറയാനും ചിഹ്നങ്ങൾ ഉൾപ്പെടെ തനിയെ എഴുതാനും തുടങ്ങി. അടുകൂടാതെ എഴുതുന്ന ആശയങ്ങൾക്ക് യോചിച്ച ചിത്രം വരയ്ക്കുന്നതിലൂടെ വരയ്ക്കാനുള്ള അവന്റെ താത്പര്യവും വർദ്ധിച്ചു.മാത്രമല്ല ഓരോ സന്ദർഭത്തിലും കാണുന്ന കാര്യങ്ങളെ ചിത്രരൂപത്തിൽ വിശദീകരിക്കാൻ അവനിപ്പോൾ കഴിയുന്നുണ്ട്.കുട്ടികൾ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുകയും അത് മാതാപിതാക്കളോട് പങ്കുവെക്കുകയും ചെയ്യുന്നു. ഒന്നാംതരത്തിൽ തന്നെ അവർ മാതൃഭാഷയിൽ ഈ സംയുക്ത ഡയറിയിലൂടെ സ്വയം പര്യാപ്തരാവുന്നു.

Thank you teacher


        എന്ന്
              അർച്ചന. എ




Wednesday, November 15, 2023

28. സിബിഎസ്ഇ സ്കൂളിൽ ചേർക്കാം എന്ന് അഭിപ്രായപ്പെട്ട രക്ഷിതാക്കൾക്ക് ഇപ്പോൾ സംതൃപ്തി

ഞാൻ ആശ. പാലക്കാട്, കൊല്ലംകോട് ഉപജില്ലയിലെ അച്ഛനാകോട് സെൻമേരിസ് എൽപി സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപികയാണ്. 

15 വർഷത്തെ ഒന്നാം ക്ലാസ് അനുഭവവുമായി തട്ടിച്ചു നോക്കുമ്പോൾ

  • ഞാൻ 15 വർഷം ഒന്നാം ക്ലാസിൽ പഠിപ്പിച്ച ശേഷം രണ്ടാം ക്ലാസിലേക്ക് മാറി. ഇപ്പോൾ ഈ വർഷം വീണ്ടും ഒന്നാം ക്ലാസ് ഏറ്റെടുത്തു.
  • മറ്റു വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ മാറ്റമാണ് കുറഞ്ഞ സമയംകൊണ്ട് ഈ വർഷം കുട്ടികളിൽ ഉണ്ടായത്.
കാരണം മറ്റൊന്നുമല്ല
  • സചിത്ര പുസ്തകവും സംയുക്ത ഡയറി എഴുത്തും രചനോത്സവവും ആണ് ഈ മാറ്റത്തിന് പ്രധാനകാരണം.
  • കുട്ടികൾ എഴുത്തിലും വായനയിലും ചിത്രം വരയിലും ഒരുപാട് മെച്ചപ്പെട്ടിരിക്കുന്നു.
സംയുക്തഡയറി ഒരു വലിയ സാധ്യത
  • എൻറെ ക്ലാസിൽ ഡയറിയെഴുത്ത് തുടങ്ങിയിട്ട് മൂന്നുമാസമേ ആയുള്ളൂ.
  • ഓരോ ദിവസവും കുട്ടികളുടെ ഡയറി കാണുവാനും അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾക്ക് എന്നപോലെ എനിക്കും ആവേശമാണ്.
  •   രക്ഷിതാക്കളും വളരെ സംതൃപ്തരാണ്.
സി ബി എസ് ഇ യിൽ പോകാൻ ആഗ്രഹിച്ചവർ
  • യുകെജി പഠനം കഴിഞ്ഞ് സ്റ്റേറ്റ് സിലബസിൽ വിടാതെ സിബിഎസ്ഇ സ്കൂളിൽ ചേർക്കാം എന്ന് അഭിപ്രായപ്പെട്ട രക്ഷിതാക്കളും എൻറെ ക്ലാസിൽ ഉണ്ട് .എന്നാൽ അവരുടെ അഭിപ്രായങ്ങളും ആശങ്കകളും എല്ലാം വളരെ പെട്ടെന്ന് തന്നെ മാറിക്കഴിഞ്ഞു.
  • ഇംഗ്ലീഷ് വായനയിലും -ശബ്ദ വ്യത്യാസത്തോടെയും ഭാവത്തോടെയും വായിക്കാൻ കുറെ കുട്ടികൾക്ക് സാധിക്കുന്നുണ്ട്. ഓരോ letters ന്റെയും sound ഉപയോഗിച്ച് ( Phonetics  )വായിക്കാൻ ശീലിപ്പിക്കുന്നതു കൊണ്ട് ,എൻറെക്ലാസിലെ 32 കുട്ടികളിൽ പകുതിയിൽ അധികം കുട്ടികളും ഇംഗ്ലീഷും നന്നായി വായിക്കുന്നുണ്ട്.
  • മലയാളത്തിൽ നമ്മൾ ഇപ്പോൾ ചെയ്യുന്ന പോലെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനും എന്തെങ്കിലും രസകരമായ പ്രവർത്തനങ്ങൾ സാർക്ക് സജസ്റ്റ് ചെയ്തു തരാൻ കഴിയുമെങ്കിൽ അത് ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാകും.

             ആശ എം.എ

       സെന്റ് മേരീസ് LPS അച്ചനാങ്കോട്. കൊല്ലങ്കോട്.


 രക്ഷിതാക്കളുടെ അഭിപ്രായം കൂടി താഴെ ചേർക്കുന്നു.

1

സെന്റ്മേരിസ് അച്ഛനാങ്കോട് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അദൃശിഖ ഹരിയുടെ അമ്മയാണ് ഞാൻ....... മോളുടെ ക്ലാസ്സിൽ സചിത്ര നോട്ട്, സംയുക്ത ഡയറി, കൂടാതെ ആഴ്ചയിൽ മാത്രം ചെയ്യാൻ കൊടുക്കുന്ന ഒരു ചിത്രരചനോത്സവവും ഉണ്ട്... ഇതെല്ലാം തുടങ്ങിയപ്പോൾ എത്ര ദിവസം ഇത് മുന്നോട്ട് പോവും എന്ന് ചിന്തിച്ചു....ഇന്ന് അത് കൊണ്ട് ഉണ്ടായ എന്റെ മോളുടെ മാറ്റങ്ങൾ പറയാതെ ഇരിക്കാൻ പറ്റുന്നില്ല... എന്റെ മോൾ കുഴപ്പമില്ലാതെ പഠിക്കുന്ന ഒരു കുട്ടിയാണ്. ജൂൺ മാസത്തിൽ സ്കൂൾ തുറന്ന് ഒന്നാം ക്ലാസ്സിലേക്ക് വരുമ്പോൾ കുറേ അക്ഷരങ്ങൾ അവൾക്കറിയാമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ വായിച്ചു വന്ന എന്റെ മോൾ ഇന്ന് സചിത്ര പുസ്തകം, സംയുക്ത ഡയറി, ചിത്രരചനോത്സവം എന്നിവ ഉണ്ടാക്കിയ മാറ്റം ചെറുത് അല്ല... സചിത്ര പുസ്തകം :പഠിക്കാൻ കൂടുതൽ എളുപ്പമായി എന്ന് വേണം പറയാൻ.. സ്വന്തമായി ചിത്രങ്ങൾ വരക്കാൻ അവൾ തുടങ്ങി .എഴുതി പഠിക്കുന്നതിനേക്കാൾ കുറച്ചു കൂടെ ആ ചിത്രങ്ങൾ അക്ഷരങ്ങൾ വാക്കുകൾ എല്ലാം സചിത്ര പുസ്തകം കൊണ്ട് ഓർമ്മയിൽ നിൽക്കുന്നു . നല്ല ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്....


ഇനി എനിക്ക് എടുത്തു പറയാൻ ഉള്ളത് സംയുക്ത ഡയറിയെ കുറിച്ചാണ്...ആദ്യമായി ഡയറി എഴുതുമ്പോൾ കുറച്ചു ദിവസം ഞാൻ മോളുടെ കൂടെ തന്നെ ഇരുന്നു.എന്നും എഴുതുന്ന കുറച്ചു കാര്യം മാത്രമായിരുന്നു ആദ്യം  .ടീച്ചർ വന്നു ക്ലാസ്സ്‌ എടുത്തു ഏട്ടന്റെ കൂടെ കളിച്ചു അമ്മ വഴക്ക് പറഞ്ഞു എന്ന് തുടങ്ങുന്ന ഡയറി ആയിരുന്നു അത് . ദിവസങ്ങൾ കഴിയും തോറും ആ ഡയറിൽ വന്ന മാറ്റങ്ങൾ ചെറുതല്ല .യാത്ര ചെയ്യുബോൾ ഞാൻ പോലും ശ്രദ്ധിക്കാതെ പോയ പല കാഴ്ചകളും,ആ യാത്രയിൽ രസമായ പല പല കാര്യങ്ങൾ മോളുടെ ഡയറിയിൽ നിന്നും ഞാൻ കാണാൻ തുടങ്ങി.... പിന്നെ ഞാൻ ഓരോ ദിവസത്തെ ഡയറിയും എടുത്തു വായിച്ചു നോക്കി തുടങ്ങി...വീട്ടിലെ കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങളും അവളുടെ കൊച്ചു സങ്കടവും ആ ഡയറിൽ നിന്ന് അറിഞ്ഞു തുടങ്ങി... സ്വന്തമായി തന്നെ എന്റെ ഡയറി എഴുതണം എന്നുള്ള ചിന്തയും അവളിൽ ഉണ്ടായി... ആദ്യം എഴുതുമ്പോൾ ഇന്ന് എന്ന വാക്കിൽ ആയിരുന്നു ഡയറി എഴുതി തുടങ്ങുന്നത്.... പിന്നെ പിന്നെ സ്വയം മനസ്സിൽ ആയി ഒരു പ്രാവശ്യം വരുന്ന വാക്കുകൾ പിന്നെ വരാത്ത രീതിയിൽ എഴുതണം എന്ന് അവൾ പഠിച്ചു.....എത്ര രസമായി ഇന്നത്തെ ഡയറി എഴുതാം എന്നുള്ള ചിന്തയും അവളിൽ ഈ കുറച്ചു നാൾ കൊണ്ട് തന്നെ വളർന്നു.... ആദ്യം ഡയറിയിൽ കുറച്ചു തെറ്റുകൾ ഉണ്ടായി പിന്നെ എഴുതിയ വാക്കുകൾ കഴിഞ്ഞ പേജിൽ നിന്ന് എടുത്തു സ്വയം എഴുതി കൊണ്ട് പോവാൻ തുടങ്ങി...ഒരു യാത്ര പോവാൻ തീരുമാനിക്കുബോൾ, ഇതിന് മുൻപ് ഇടുന്ന dress നെ കുറിച്ച്, അവിടെ പോയിട്ട് ഉള്ള കാര്യം ആയിരുന്നു അവൾ പറയുന്നത്.... ഇന്ന് ഇപ്പോൾ ഡയറിയും കൂടെ കൊണ്ട് പോണം അമ്മ എന്ന് പറയാനും ചിന്തിക്കാനും അവൾ തുടങ്ങി...അവളുടെ ഒരു കൂട്ടുകാരിയെ പോലെയാണ് ഇന്ന് ആ ഡയറി എന്ന് വേണം പറയാൻ.... എവിടെ എങ്കിലും പോയിട്ട് വരുബോൾ എഴുതിയ ബോർഡ് എല്ലാം വായിച്ചു നോക്കും ഞാൻ എന്തിനാ ഇങ്ങനെ വായിച്ചു വരുന്നത് എന്ന് ചോദിക്കുബോൾ പറയും എന്റെ ഡയറിൽ എഴുതാൻ ആണ് എന്ന് . കാണുന്നതും കേൾക്കുന്നതും എല്ലാം ഈ കുഞ്ഞ് മനസ്സിൽ നിറച്ച് അതിനെ അവളുടെ ഡയറിയിൽ പകർത്തിയത് കൂടാതെ അത് ഒരു ചിത്രമായി താഴെ പകർത്തുന്നു...അവൾ വലുതാവുബോൾ ഈ ഡയറി എനിക്ക് കാണിച്ചു കൊടുക്കണം. അത്രയും കുഞ്ഞ് മനസ്സിലെ ഡയറി ഒരു വലിയ ഓർമ്മയാണ് എനിക്ക് ഉണ്ടാക്കിയത്....

ചിത്രരചനോത്സവം : ഇത് കൊണ്ട് ഉണ്ടായ മാറ്റവും എടുത്തു പറയണം... ആദ്യം ഒരു കഥ തന്നപ്പോൾ എങ്ങനെ ഞാൻ എഴുതുന്നത് പറഞ്ഞു താ അമ്മ എന്ന് പറഞ്ഞു പുറകിൽ നടന്നു കൊണ്ട് ഇരുന്നു....ഞാൻ അങ്ങനെ കുറെ ഉദാഹരണം പറഞ്ഞു കൊടുത്തപ്പോൾ കുറച്ചു എന്തോ മനസ്സിൽ ആയ പോലെ എങ്ങനെയോ അത് വലിച്ചു നീട്ടി എഴുതി കൊണ്ട് പോയി.... ക്ലാസ്സിൽ വായിച്ചു അവളുടെ കൂട്ടുകാരും വായിച്ചത് ശ്രദ്ധിച്ചു കാണും.. പിന്നെ ഒരു കഥ കൊടുത്തു അധികം ഒന്നും നീട്ടി എഴുതിയില്ല അതിലെ കഥപത്രങ്ങൾക്ക് പേരും അവരുടെ കുസൃതിയും എല്ലാം അതിൽ കൊണ്ട് വന്നു...അതിനേക്കാൾ എനിക്ക് എടുത്തു പറയാൻ ഉള്ളത്...ഞാൻ അപ്പോ അവളോട് ഈ കഥ വായിച്ചു താ എന്ന് പറഞ്ഞു... വായിച്ചു തുടങ്ങി എന്ത് രസമായിട്ടാണ് എന്റെ മോൾ ആ കഥ എനിക്ക് വായിച്ചു തന്നത്... ഒരു വാക്ക് കഴിയുബോൾ നിർത്താനും... ശബ്ദം മാറ്റി വായിക്കാനും... പേടിച്ചു നിൽക്കുന്ന ഭാഗത്ത് അവളുടെ മുഖത്തു ഉണ്ടായ മാറ്റവും ഞാൻ ആ നേരം ശ്രദ്ധിച്ചു.. എനിക്ക് തന്നെ സ്വയം തോന്നി തുടങ്ങി.. ഈ കഴിഞ്ഞ ജൂൺ മാസത്തിൽ ഒന്നാം ക്ലാസ്സിൽ വന്ന എന്റെ മോൾ തന്നെ ആണോ ഇത് എന്ന്.... തപ്പി തടഞ്ഞു പതുക്കെ പതുക്കെ വായിച്ചു കൊണ്ട് ഇരുന്ന എന്റെ മോൾ ഇന്ന് ഇത്രയും ഭാവത്തോടെ എങ്ങനെ വായിക്കാൻ കഴിയുന്നു എന്ന് ഞാൻ സ്വയം ചിന്തിച്ചു...സചിത്ര പുസ്തകം, സംയുക്ത ഡയറി, ചിത്രരചനോത്സവം എന്നിവ തുടങ്ങുബോൾ ടീച്ചർ മനസ്സിൽ എന്ത് കണ്ടു കൊണ്ട് ആണോ തുടങ്ങിയത് അത് എന്റെ മോളുടെ കാര്യത്തിൽ 100% വിജയം ഉണ്ടായി എന്ന് വേണം പറയാൻ... ഇതിന് എല്ലാം മോളുടെ ക്ലാസ്സ്‌ ടീച്ചർ(ആശ) ഒരു വലിയ നന്ദി പറയുന്നു...

 🙏    ഷൈനി ഹരിദാസ്.

2

1Std ല്‍ പഠിക്കുന്ന അൻസികയുടെ അമ്മയാണ് മോളെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്  അതിന് ഞാൻ ആദ്യം നന്ദി പറയുന്നത് ആശ ടീച്ചറിനോടാണ്. ടീച്ചർ ഡയറി എഴുതാൻ പറഞ്ഞിട്ടുണ്ടായിരുന്നു ആദ്യം എഴുതുമ്പോൾ അൻസിക ക്ക് എഴുതാൻ അറിയില്ലായിരുന്നു എന്റെ പേന എഴുത്തായിരുന്നു കൂടുതൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പേനയെഴുത്ത് കുറഞ്ഞുവന്നു അക്ഷരങ്ങൾ കുറച്ച് മനസ്സിലാക്കാൻ തുടങ്ങി
  •  അപ്പോൾ അവൾ വീട്ടിൽ വന്ന് പറഞ്ഞു അമ്മ ആശ ടീച്ചർ എന്നോട് ഒറ്റയ്ക്ക് ഡയറി എഴുതാൻ പറഞ്ഞു എന്ന് 
  • അന്നുമുതൽ ഞാൻ മോള് ഡയറി എഴുതുമ്പോൾ കൂടെ ഇരിക്കുന്നില്ല അവൾ എന്നോട് ഡൗട്ട് ചോദിച്ചാലും ഞാൻ പറയും കുറച്ചു വാക്കല്ലേ തെറ്റുന്നത് അത് ടീച്ചർ തെറ്റ് തിരുത്തി തരുമെന്ന്. ഇപ്പോൾ വളരെ വ്യത്യാസമുണ്ട്   
  • അതുപോലെ തന്നെയാണ് കഥയെഴുത്ത് ടീച്ചർ ചിത്രം തന്നിട്ട് കുട്ടികളുടെ ആശയം എഴുതാൻ പറഞ്ഞു 
  • മോള് അവളുടെ ആശയം കുറച്ച് എഴുതി പിന്നെ ബാക്കിയുള്ളത് എന്റെ ആശയത്തിലാണ് എഴുതിയത് അത് തെറ്റാണെന്ന് ഞാൻ മനസ്സിലാക്കി  
  • അവരുടെ ആശയമാണ് എഴുതേണ്ടത് ശരിക്കും പറഞ്ഞാൽ ഈ കഥയെഴുത്ത് ബുദ്ധി വളർത്തുന്നു എന്നപോലെയാണ് തോന്നിയത്. 
  • പിന്നെ കഥ എഴുതാൻ തന്നപ്പോൾ മോള്    സ്വയം എഴുതാൻ തുടങ്ങി അക്ഷരത്തെറ്റ് മാത്രം   തിരുത്തി കൊടുത്തു ഒരുപാട് വ്യത്യാസങ്ങൾ മോൾക്ക് ഉണ്ടായിട്ടുണ്ട് അതിന് ഞാൻ ആശ ടീച്ചറിനോട് ഒരിക്കൽ കൂടി നന്ദി പറയുന്നു. എന്ന് മിനി. k


Tuesday, November 14, 2023

27. ഒന്നാം ക്ലാസ് അധ്യാപിക ആകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷം, അഭിമാനം

ഞാൻ അധ്യാപിക ആയിട്ട് രണ്ടു വർഷമാകുന്നു.

ആദ്യം തന്നെ പറയട്ടെ ഒരു ഒന്നാം ക്ലാസ് അധ്യാപിക ആകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു,അഭിമാനിക്കുന്നു .

  • ഈ അധ്യായന വർഷം ആരംഭിച്ച സചിത്ര ബുക്കും സംയുക്ത ഡയറിയും രചനോത്സവവും വളരെ ഉത്സാഹത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും ഏറ്റെടുത്തത്.
  •  ഡയറി എഴുതുന്നതിലൂടെ കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും ഉറയ്ക്കാൻ സാധിക്കുന്നുണ്ട്.

ഒന്നാം ക്ലാസിൽ 27 കുട്ടികളാണ്.

  •   സംയുക്ത ഡയറി എഴുതുന്നവരുടെ എണ്ണം കുറവായിരുന്നു.
  •  നന്നായി എഴുതുന്ന കുട്ടികൾക്ക് കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയപ്പോൾ എഴുതുന്നവരുടെ എണ്ണം കൂടി.
  • ഇപ്പോൾ 27 ൽ 20 പേരും ഡയറി എഴുതി വരുന്നു. ബാക്കി ഏഴുപേരിൽ രണ്ടു കുട്ടികൾ അതിഥി തൊഴിലാളികളുടെ മക്കളാണ്. പിന്നെയുള്ളവർ പതിവായി ആബ്സന്റ് ആവുന്നവർ ആണ്.
  • അവരെ വേണ്ട വിധത്തിൽ ലേഖനത്തിലും വായനയിലും എത്തിക്കാൻ കഴിയുന്നില്ല 
  • ആദ്യം ദിനചര്യകൾ മാത്രം എഴുതുന്ന ഒരു രീതിയായിരുന്നു ഡയറിയിൽ കണ്ടുവന്നിരുന്നത്.
  • എന്നാൽ രക്ഷിതാക്കളും

    കുട്ടികളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ ഡയറി പുതിയ ആശയ തലത്തിൽ എത്തിക്കാൻ സാധിച്ചു. "ടീച്ചറെ ഈ വാക്ക് ഞാൻ സംയുക്ത ഡയറിയിൽ എഴുതിയതാണ്. എനിക്കത് എഴുതാൻ അറിയാം "എന്ന് കുട്ടികൾ വിളിച്ചു പറയുമ്പോൾ മനസ്സിന് നല്ല തൃപ്തിയും സന്തോഷവും തോന്നുന്നു. അതിഥി തൊഴിലാളികളുടെ മക്കൾക്ക് ചില അക്ഷരങ്ങളുടെ ലേഖനത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. രക്ഷിതാക്കൾ ഒന്നടങ്കം സംയുക്ത ഡയറിയെ സ്വീകരിച്ചിട്ടുണ്ട് എല്ലാവർക്കും തങ്ങളുടെ മക്കളുടെ പുരോഗതി സ്വയം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു അധ്യാപികയ്ക്കും കുട്ടികൾക്കും വേണ്ട എല്ലാ അംഗീകാരവും ലഭിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് .

 "ആശയങ്ങൾ വളരട്ടെ 

രചനകൾ വികസിക്കട്ടെ ഒന്നാം ക്ലാസ് ഒന്നാം തരം "

അഭിമാനത്തോടെ ഏറെ സന്തോഷത്തോടെ

 സൗമ്യ മോൾ കെ എസ്

  ഗവൺമെന്റ് എൽ പി എസ്, ചമ്പക്കര, കോട്ടയം

Monday, November 13, 2023

26. പേജ് മുഴുവൻ എഴുതി നിറയ്ക്കുന്ന ഒന്നാം ക്ലാസുകാർ

പ്രിയ അധ്യാപകരേ, ഞാൻ (ബോയ്സ് എൽ പി സ്കൂൾ കൊടുങ്ങല്ലൂർ) ഒന്നാം ക്ലാസ്സ് അധ്യാപികയാണ്. എട്ടാം വർഷമാണ് ഒന്നാം ക്ലാസിൽ ക്ലാസ് എടുക്കുന്നത്. എന്നാൽ കഴിഞ്ഞ ഏഴുവർഷത്തിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന സചിത്ര പുസ്തകം കുട്ടികൾക്ക് ഏറെ പ്രിയമുള്ളതാണ്. അതിലെ ലേഖനത്തിലും വായനയിലും കാണിക്കുന്ന താത്പര്യം മറ്റു വിഷയങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഒന്നാം പാദവാർഷിക മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ഏത് രീതിയിലായിരിക്കും എന്ന ആശങ്കയെ മറികടക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രതികരണങ്ങൾ. മൂന്നോ നാലോ വാചകം എഴുതേണ്ട ഒരു മൂല്യനിർണ്ണയ പ്രവർത്തനത്തിന് ആ പേജ് മുഴുവൻ വാക്യങ്ങൾ കൊണ്ട് നിറയ്ക്കുന്ന ഉത്സാഹഭരിതരായ കുട്ടികളെയാണ് കാണാൻ കഴിഞ്ഞത്. മണവും മധുരവും എന്ന യൂണിറ്റിലൂടെ കടന്നുപോയപ്പോൾ പൂമ്പാറ്റ, പൂക്കൾ, പൂന്തോട്ടം ഇവയെ ആസ്പദമാക്കി കുട്ടികൾ വരികൾ ചേർത്ത് കുട്ടിക്കവിതകൾ എഴുതുകയും അതിന് അനുയോജ്യമായ ഈണം കണ്ടെത്തുകയും ചെയ്തപ്പോൾ എനിക്ക് അഭിമാനം തോന്നി.                

ഞങ്ങളുടെ തനത് പ്രവർത്തനങ്ങളിൽ ഒന്നായ "കുഞ്ഞോളങ്ങൾ" എന്ന കുട്ടികളുടെ മാസികയിലും ഒന്നാം ക്ലാസിലെ കുട്ടികളുടെ വലിയ പങ്കാളിത്തം ഉണ്ട്.

സചിത്ര പുസ്തകം, സംയുക്ത ഡയറി ഇവയിലൂടെ കുട്ടികൾക്ക് ലേഖനത്തിലും വായനയിലും ചിത്രരചന വൈഭവത്തിലും മികവ് പുലർത്തുന്ന തരത്തിൽ കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം വർധിച്ചതായും, അവരുടെ ഭാവനയിലും, സർഗാത്മക ശേഷിയിലും ഉണ്ടായ മാറ്റങ്ങളും ശ്രദ്ധേയമാണ്. കുട്ടികളിൽ നിന്നും കൂടുതൽ മികച്ച പ്രതികരണങ്ങൾ ലഭിക്കും എന്ന പ്രത്യാശ ഒരു അധ്യാപിക എന്ന നിലയിൽ എന്നിൽ സന്തോഷം നിറയ്ക്കുന്നു.

റിനി ടീച്ചർ

ജി എ ൽ പി എസ് ബിഎച്ച് എ എസ് കൊടുങ്ങല്ലൂർ