ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, May 14, 2020

നാട്ടുപുസ്തകപ്പൂന്തോട്ടത്തില്‍ വാര്‍ത്തയെന്തുണ്ട്ൽ ( രണ്ടാം ഭാഗം)

(നാട്ടുപുസ്തകപ്പൂന്തോട്ടത്തില്‍ വാര്‍ത്തയെന്തുണ്ട് എന്ന പഠനവിഭവത്തെക്കുറിച്ചുളള മുന്‍ പോസ്റ്റിന്റെ  ( https://learningpointnew.blogspot.com/2020/05/blog-post_13.html)തുടര്‍ച്ചയാണിത്)
ട്രൈ ഔട്ടില്‍ ആദ്യം കിട്ടാന്‍ തുടങ്ങിയത് വരികള്‍ കൂട്ടിച്ചേര്‍ത്ത ഉല്പന്നമാണ്.
അത് ധാരാളമായി കിട്ടി.
അത് തീരും മുമ്പേ താളമിട്ട് പാടിയതിന്റെ ഓഡിയോക്ലിപ്പുകള്‍. അതിലെ വൈവിധ്യമാണ് ശ്രദ്ധേയം.
    • അമ്മ ചോദ്യ ഭാഗം പാടുന്നു കുട്ടി ഉത്തരഭാഗം പാടുന്നു
    • വീട്ടുകാരെല്ലാം കിട്ടിയ വസ്തുക്കളാല്‍ താളമിടുന്നു. കുട്ടി പാടുന്നു
    • കുട്ടി പാടുന്നു മറ്റുളളവര്‍ ഏറ്റു പാടുന്നു.
    • കുട്ടി ഒറ്റയ്ക് പാടുന്നു.
ഈ പാട്ട് താളബോധമുണര്‍ത്തുന്ന വിധം ശ്രാവ്യാനുഭവം ഒരുക്കിയതിന്റെ സ്വാധീനമാണ് ഈ ഏറ്റെടുക്കല്‍. താളം പാലിച്ചെഴുതാന്‍ കൂടുതല്‍ കുട്ടികളും ശ്രമിച്ചു എന്നതും നേട്ടം തന്നെയാണ്. രണ്ടോ നാലോ വരി കൊടുത്ത് ബാക്കി പൂരിപ്പിക്കാന്‍ പറയുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണിത്. പരമാവധി വരികള്‍ കൂട്ടിച്ചേര്‍ത്തു ചൊല്ലി അവതരിപ്പിക്കാനുളള വെല്ലുവിളി ആസ്വാദ്യമായ ശ്രാവ്യാനുഭവത്തിനു ശേഷമാണിവിടെ. ( ആ പാഠം കേള്‍ക്കാനായി https://adhyapakakoottam20.blogspot.com/2020/05/blog-post_14.html അധ്യാപകക്കൂട്ടത്തിന്റെ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക)
നാട്ടുപുസ്തകപ്പൂന്തോട്ടം എന്ന വീഡിയോ പാഠം ട്രൈ ഔട്ട് ചെയ്തതത് പന്ത്രണ്ട് പേരാണ്. സിന്ധുടീച്ചറുടെ അനുഭവക്കുറിപ്പ് വായിക്കാം.
നാട്ടുപുസ്തകപ്പൂന്തോട്ടം എന്ന ശ്രാവ്യ പാഠത്തെ ആസ്പദമാക്കി ഒന്നിലേറെ വ്യവഹാര രൂപങ്ങളിൽ ആവിഷ്കാരം നടത്താനുള്ള അവസരം കുട്ടികൾ ആഘോഷിക്കുകയാണ്.
    • ഇങ്ങനെയൊരു പുസ്തകം കുട്ടികൾ തയ്യാറാക്കിയത് അവരുടെ പഠനമികവിന്റെ തെളിവായി പൊതുവേദികളിൽ കാണിക്കാൻ സാധിക്കും
    • കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ പുസ്തക രൂപീകരണത്തിലൂടെ സാധിക്കും
    • ഈയൊരൊറ്റ പാഠത്തിലൂടെ വിവിധഭാഷാശേഷികൾ കുട്ടികൾ കൈവരിക്കുന്നു
    • രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നതു കൊണ്ട് കുട്ടികൾക്ക് കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കുന്നു
    • ഓൺലൈൻ വഴി കുട്ടികളുടെ ഗ്രൂപ്പിൽ പ്രവർത്തനം ചെയ്യുന്നതുകൊണ്ട് ധാരാളം വ്യവഹാര രൂപങ്ങൾ ഒരേസമയം പരിചയപ്പെടാൻ കുട്ടിക്ക് കഴിയുന്നു.
    • ഓരോ കുട്ടിക്കും ടീച്ചർ നൽകുന്ന ഫീഡ്ബാക്ക് എല്ലാവർക്കും പ്രയോജനപ്പെടുന്നു
എന്റെ ട്രൈഔട്ട് ക്ലാസിലൂടെ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവയെല്ലാമാണ്
രക്ഷിതാക്കളോടൊപ്പം താളമടിച്ച് പാടാനുള്ള അവസരം കൊടുത്തത് ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരു താല്പര്യം അവരിൽ ഉണ്ടാക്കി.
തുടർന്ന് വരികൾ കൂട്ടിച്ചേർക്കാനുള്ള രണ്ടാമത്തെ നിർദേശം നൽകിയപ്പോൾ  തന്നിട്ടുള്ള വരികൾ ചൊല്ലിക്കേൾപ്പിച്ച് അക്ഷരങ്ങളുടേയും വാക്കുകളുടേയും ആവർത്തനം,താളം തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്തി.
മറ്റു ചില കവിതകളും ഉദാഹരണത്തിനായി ചൊല്ലിക്കേൾപ്പിച്ചു.
മൂന്നാമത്തെ നിർദേശം അനുസരിച്ച് കുട്ടികൾ തയ്യാറാക്കിയ ഉല്പന്നങ്ങൾക്ക് ആവശ്യമായ ഫീഡ്ബാക്കുകൾ അപ്പപ്പോൾത്തന്നെ ഗ്രൂപ്പിൽ നൽകിക്കൊണ്ടിരുന്നു.
പേജുകൾ ഇനിയും കുട്ടികൾക്ക് ചെയ്തു തീർക്കാനുണ്ട്.
എങ്കിലും ലഭിച്ച ഉല്പന്നങ്ങളിൽ നിന്നും ഇതൊരു മികച്ച പ്രവർത്തനമാണ് എന്ന നിഗമനത്തിലാണ് ഞാൻ എത്തിച്ചേർന്നത്

    • ചാഞ്ഞു നിൽക്കുന്ന പൂമരം, കൊയ്യുന്ന നേരത്ത് കൊയ്ത്തു പാട്ട്, തത്തപ്പൊത്തിൽ തത്തക്കുഞ്ഞ്  ഓരോ വ്യവഹാര രൂപത്തിനും അനുയോജ്യമായ ഭാഷാ ശൈലി കണ്ടെത്തുമ്പോൾ കുട്ടികളുടെ ഭാഷാശേഷി വികസിക്കുന്നു.
    • അക്ഷരത്തെറ്റുകൾ പരിഹരിക്കാനും വാക്യഘടനകൾ പാലിച്ച് എഴുതാനും കുട്ടി ശ്രമിക്കുന്നു.
    • അധ്യാപകർക്കൊപ്പം രക്ഷകർത്താക്കൾക്കും കുട്ടിയെ സഹായിക്കാൻ സാധിക്കുന്നു.
    • കുട്ടികളുടെ മനസ്സിൽ ധാരാളം ആശയങ്ങൾ ഉണ്ട്. അവയെ വ്യത്യസ്ത വ്യവഹാര രൂപത്തിലേക്ക് മാറ്റാൻ കുട്ടിക്ക് സാധിക്കുന്നു.
    • ചിഹ്നങ്ങൾ,വാക്  മികച്ച നിലവാരത്തിലേക്ക്ഇനിയും ഉയരും
    • ഒരു രചനയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നപ്പോൾ അവരുടെ ഭാഷാശേഷി , ചിന്താശേഷി തുടങ്ങിയവ കൂടുന്നുണ്ടെന്ന് മനസ്സിലാക്കാം.
    • സർഗാത്മക രചനകളിലേക്ക് കടക്കുമ്പോൾ അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതാൻ ഇപ്പോഴും കുട്ടികൾക്ക് സാധിക്കുന്നില്ല. കുട്ടികൾ അക്ഷരങ്ങളേക്കാൾ പ്രാധാന്യം മനസ്സിലുള്ള ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് നൽകുന്നതുകൊണ്ടാണെന്ന് തോന്നുന്നു
    • ഇപ്പോഴാണ്  ഫീഡ്ബാക്ക് നൽകേണ്ട രീതി എങ്ങിനെ ആയിരിക്കണം എന്ന് മനസ്സിലായത്.ഒരുപാടു നന്ദിയുണ്ട് ബിന്ദു ടീച്ചർ.ഞാനിത് എന്റെ കുട്ടികൾക്ക് അയച്ചുകൊടുക്കുമ്പോൾ എത്ര സന്തോഷം ആകുമെന്നോ അവർക്ക്.പുറത്തുനിന്നു കിട്ടുന്ന അംഗീകാരം അവർക്ക് ഒരു വലിയ പ്രോത്സാഹനം ആയിരിക്കും പ്രത്യേകിച്ച് ഈ വീഡിയോ തയ്യാറാക്കിയ ടീച്ചറിന് നിന്ന്
സിന്ധുടീച്ചര്‍
(സെന്റ് മാര്‍ട്ടിന്‍ യു പി സ്കൂള്‍)
കുട്ടിക്ക് ഫീഡ് ബാക്ക് നല്‍കല്‍ പ്രധാനമാണ്. രചനകള്‍ക്ക് നല്‍കിയ ഫീഡ്ബാക്കുകള്‍ നോക്കുക
ബിന്ദുടീച്ചര്‍ നല്‍കിയത് ആദ്യം വായിക്കാം

1.
അലക്സാണ്ടർ എന്നെ നാട്ടുതത്തയുടെ പട്ടിണിയിലേക്ക് കൊണ്ടു പോയി കണ്ണു നനയിച്ചു.  എന്നും കേൾക്കുന്ന വാക്കുകളിൽ നിന്നും തനിക്കാവശ്യമുള്ളവ എടുത്ത് കവിതയെഴുതാൻ കഴിയുന്നു.   ചക്കപ്പഴത്തിന്ടെ മണമുള്ള നാട്ടു പുസ്തകം. ഇങ്ങനെ നിറവും മണവും രുചിയുമുള്ള കാഴ്ചകൾ കിട്ടണമെങ്കിൽ നമ്മൾ കരുതലോടെ നാടിനെ കാണണം.അല്ലേ..സ്വന്തം കവിത ചൊല്ലി നോക്കിയ? താളം തടയുന്നുവെങ്കിൽ പകരം മറ്റൊരു വാക്ക് വച്ചു നോക്കൂ..
2.
അനശ്വര യുടെ ഒറ്റ നിറക്കിളി നന്നായി .കാഴ്ചകളും . അനശ്വര പറന്നു നടന്നു
കണ്ടത് പോലെ കാഴ്ചകള്‍ വിവരിച്ചിട്ടുണ്ട് . നീണ്ടകര യിലെ മീന്‍ മണം എവിടെ
? നമുക്ക് മീന്‍ മുത്തുകള്‍ വാരി ത്തരുന്നവരെ കണ്ടില്ലേ ?പ്രകൃതിക്കൊപ്പം
 അതുമൊക്കെ എഴുതാം അല്ലെ ? അഭിനന്ദനങ്ങള്‍ .
3
ഇതാ ഒരു പുതിയ  കടങ്കഥ .നാട്ടുപുസ്തകത്തില്‍   കൈത ച്ചക്ക യുടെ പടം
വരച്ചു  അതിനു ചേരുന്ന  കടംകഥ .ഇതൊന്നു നോക്കാം അല്ലെ ?നമ്മള്‍
വരയ്ക്കുന്ന വസ്തുവിന്റെ ചില സ്വഭാവങ്ങള്‍ ,ഗുണങ്ങള്‍ ഒക്കെ
സൂചിപ്പിചിട്ടാണ് കടംകഥ യുണ്ടാക്കുക .കേട്ട കടങ്ക ഥ കളെക്കാള്‍
കേള്‍ക്കാത്തവ നമുക്ക് സ്വന്തമായുണ്ടാക്കാന്‍ പറ്റും
 ഇവിടെ കൊച്ചു വാക്കുകളില്‍ താളത്തോടെ  ആകൃതിയെ അടിസ്ഥാനമാക്കി യാണ്
കൈതച്ചക്ക കടംകഥ .താള ത്തില്‍ പറയാനും പറ്റി.
4
നാട്ടു പുസ്തക പ്പൂന്തോട്ട ത്തില്‍ നിന്ന് വീട്ടു തോട്ട പ്പുസ്തകം
നിര്‍മ്മിച്ചിരിക്കുന്നു .എന്നിട്ട് നല്ല കുറിപ്പും എഴുതിയിരിക്കുന്നു
,കുറിപ്പിനൊടുവില്‍  അവിയലിന്റെയും തോരന്റെയും രുചിയുയുള്ള എഴുത്ത്
.അടുക്കളെ തോട്ടത്തിലേക്ക് കുറെ വിരുന്നുകാരെയും കൂടി വിളിക്കാമായിരുന്നു
അല്ലെ ? എങ്കില്‍ എഴുതാന്‍ കുറെക്കാര്യങ്ങള്‍ കൂടി ഉണ്ടാകുമായിരുന്നു
.പിന്നെ നിലം ഒരുക്കിയപ്പോള്‍ വിയ്ര്ത്തില്ലേ ? ക്ഷീണം വന്നില്ലേ ? അപ്പോള്‍ എന്ത് ചെയ്തു ? ആദ്യമായിട്ടാണോ കൃഷിത്തോട്ടം ഉണ്ടാക്കുന്നത്‌? അപ്പോള്‍ ആ അനുഭവം മനസ്സിനെ നന്നായി സന്തോഷിപ്പിക്കുമല്ലോ ?ആ സന്തോഷം ഞങ്ങളോട് പങ്കു വയ്ക്കണേ
5.
സാവരിയാ
എന്ത് ഭംഗിയില്‍ മോള്‍ എഴുതിയിരിക്കുന്നു .നാട്ടു കാഴ്ചകള്‍
.അഭിനന്ദനങ്ങള്‍ .മിന്നലിന്റെ വെളിച്ചത്തെ ഇന്നാണ് ഞാനും ആസ്വദിക്കാന്‍
ശ്രമിച്ചത്‌ കേട്ടോ .ഇങ്ങനെയുള്ള എഴുത്ത് തുടരണം .പുതിയ വാക്കുകള്‍
കാഴ്ചകള്‍ എല്ലാട്ടിനായും ഒത്തിരി വായിക്കണം .അഭിനന്ദനങ്ങള്‍

6
നാട്ടു വിശേഷങ്ങള്‍ കഥകള്‍ കവിതകള്‍ കുറിപ്പുകള്‍ വിവരണങ്ങള്‍
ചിത്രങ്ങള്‍ ...കൌതുകം വിടര്‍ത്തുന്ന ഈ നാട്ടു പുസ്തക ക്കാഴ്ചകള്‍  എന്നെ
വല്ലാതെ ആകര്‍ഷിച്ചു . കുട്ടികള്‍  അവരുടെ സ്വന്തമാക്കിയ അനുഭവങ്ങള്‍
.ഇനി നാടെന്നാല്‍ നഗരവുമാകാം .ആരും ഒഴിഞ്ഞു നില്‍ക്കല്ലേ .നഗരത്തില്‍
എന്തെല്ലാം കാഴ്ചകള്‍ ? അതുമെഴുതാം  ഗ്രാമാനുഭവങ്ങള്‍ ക്കൊപ്പം .അപ്പോഴും
നിങ്ങള്‍ക്കായി ഒരു പൂന്തോട്ടം വിരിയും
-ബിന്ദുടീച്ചര്‍
ഫീഡ് ബാക്ക് രണ്ട്
സനയുടെ രചന താളം പാലിച്ചണ്. ഒത്തിരിക്കാഴ്ചകൾ. അതിൻ്റെ ഉള്ളിൽ തൊട്ടാണെഴുത്ത്. ചിത്രീകരണം പൊലിമ കൂട്ടി. എനിക്കു തോന്നുന്നു നമ്മുടെ ഗ്രൂപ്പിലെ അധ്യാപകർ എഴുതിയാൽ ഇത്ര ഭംഗിയും വൈവിധ്യവും വരില്ലെന്ന് തോന്നുന്നു.
നാട്ടുപുസ്തകപ്പൂന്തോട്ടം ഏറ്റെടുത്ത സനയുടെ അടുത്ത  കുറിപ്പുകൾക്കായി കാത്തിരിക്കുന്നു
1. താളം
 താളമൊപ്പിച്ച് എഴുതിയല്ലോ.മാത്രമല്ല ശബ്ദംഗിയില്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. പൂമരക്കൊമ്പില്‍ പൂവണിത്തത്ത കാത്തു നില്‍പ്പാണ് എത്ര നല്ല വരിയാണ്. കറുത്തിരുണ്ട മേഘങ്ങള്‍ നോക്കി നില്‍പ്പാണ് എന്ന വരിയില്‍ താളം ഒന്നു കൂടി മെച്ചപ്പെടുത്താമായിരുന്നു. ശ്രമിച്ചാല്‍ നടക്കുന്നതേയുളളൂ.
 ദേ ടീച്ചറെഴുതിയത് കണ്ടോ ( പൂമാനക്കൊമ്പിലെ കരിമേഘം നോക്കി നില്‍പ്പാണ്) മലയണ്ണാന് മാങ്ങയോട് കൊതി. തേനൂറും മാങ്ങയല്ലേ. ചാടിനില്‍പ്പാണ് എന്നതിനേക്കാല്‍ നല്ലത് കൊതിച്ചു നില്‍പ്പാണ് എന്നെഴുതുന്നതാണോ? കിയോം കിയോം പറഞ്ഞ് കോഴിക്കുഞ്ഞുണ്ട്.. ഈ വരിയും മെച്ചപ്പെടുത്താം.വാക്കുകളുടെ സ്ഥാനം മാറ്റി നോക്കിയാലോ. കോഴിക്കുഞ്ഞുങ്ങള്‍ കീയോ കീയോ പാടി നില്‍പ്പാണ്.
ടീച്ചറു പറഞ്ഞത് പോലെ മാറ്റി എഴുതണ്ട. ഇനി രണ്ടുവരി എഴുതുമ്പോള്‍ ശ്രദ്ധിക്കാനാ

2 ആശയ ഭംഗിയുമുണ്ട് .
തത്ത കാര്‍മേഘം നോക്കി നില്‍ക്കുന്നത് അതും പൂമരത്തിലിരുന്ന്. മെയ് മാസത്തിലിരുന്നു ഇടവപ്പാതിയെ നോക്കുന്ന പ്രതീതി എനിക്കുണ്ടായി. ആ  പൂമരത്തിലേക്ക് മഴ പെയ്താല്‍ പൂമഴയാകും പെയ്യുക എന്ന് തത്ത ഓര്‍ക്കുന്നുണ്ടാവാം. ആലോചനയ്ക് വക നല്‍കുന്ന എഴുത്താണ്.

3..ഭാവനയുണ്ട്.
നാട്ടു കാഴ്ചകള്‍ ഒപ്പിയെടുത്തിട്ടുമുണ്ട്. ഞാന്‍ പലതവണ  ചൊല്ലി ആസ്വദിച്ചു. എന്തു രസമാ! ഒന്നുകൂടി ചൊല്ലി നോക്കാം
പൂമരക്കൊമ്പില്‍ പൂവണിത്തത്ത കാത്തു നില്‍പ്പാണ്
കറുത്തിരുണ്ട മേഘങ്ങള്‍ നോക്കി നില്‍പാണ്
( പൂമാനക്കൊമ്പില്‍ കരിമേഘം നോക്കി/ പാത്തു നില്‍പ്പാണ്)
മാങ്ങ നോക്കി മലയണ്ണാന്‍ കൊതിച്ചു നില്‍പ്പാണ്
കിയോം കിയോം പറഞ്ഞ് കോഴിക്കുഞ്ഞുണ്ട്
( കോഴിക്കുഞ്ഞുങ്ങള്‍ കീയോ കീയോ പാടി നില്‍പ്പാണ്)

 . 4ചിത്രം നന്നായിട്ടുണ്ട്.

5. ആ വീടു കാണാന്‍ എന്തു ഭംഗിയാണെന്നോ! പ്രയോഗം കൊളളാം
വീടിന്റെയും മരങ്ങളുടെയും പൂവിന്റെയും ഒക്കെ ഭംഗി ചെറു വാക്യങ്ങളിലോ വിശേഷണം ചേര്‍ത്തോ പറഞ്ഞിരുന്നെങ്കില്‍ എന്റെ നാട് എന്തു ഭംഗിയാണെന്നോ എന്ന പ്രയോഗം കൂടുതല്‍ ചേരുമായിരുന്നില്ലേ? ആലോചിക്കൂ.
മേഘാവൃതമായ ഒരു ദിവസം എന്ന് അടുത്തതില്‍ ദിവസത്തെ വിശേഷിപ്പിച്ച് എഴുതിയിട്ടുമുണ്ട്. അതുപോലെ പൂക്കളെയും മരങ്ങളെയും വിശേഷിപ്പിക്കാമായിരുന്നു
6.. ആ പക്ഷിക്കൂട്ടിലെ കുഞ്ഞുങ്ങളെ നോക്കിയിരിക്കുകയാണ് അമ്മക്കിളി. നേരില്‍ കാണുന്നതു പോലെ തോന്നുന്നു. ആളു കൊളളാമല്ലോ. ചെറിയ കുളത്തിലതാ എന്നു ചൂണ്ടിപ്പറഞ്ഞതോടെ ശരിക്കും കാഴ്ചക്കാരാക്കി. തന്നെ നോക്കി ( എന്നെ നോക്കി ) ചിരിക്കുന്നു  എന്നതും ഇഷ്ടമായി.
7. നാട്ടു പുസ്തകം ഗംഭീരമാക്കും. ഓരോ പേജും വ്യത്യസ്തമാകട്ടെ. കൂടുതല്‍ പേജുകള്‍ക്കായി ടീച്ചര്‍ കാത്തിരിക്കുന്നു.

ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ അധ്യാപകപരുടെ പ്രതികരണങ്ങളില്‍ നിന്നും ഞാന്‍ മനസിലാക്കിയത്
  • ഗുണാത്മകമായ ഫീഡ് ബാക്ക് നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ രചനയില്‍ മിഴിവ് വരുത്താനുളള ഇടപെടല്‍ നടത്തൂ.
  • ഗുണാത്മകമായ ഫീഡ് ബാക്ക് നല്‍കാന്‍ അധ്യാപകര്‍ സ്വയം പരിശീലിക്കേണ്ടതുണ്ട്.
  • സര്‍ഗാത്മക രചനയില്‍ മനസില്‍ നിന്നും വരുന്നത് ആദ്യം എഴുതുന്ന കുട്ടി അത് ഡ്രാഫ്റ്റായി പരിഗണിച്ച് മെച്ചപ്പെടുത്തിയെഴുതാന്‍ നിര്‍ദേശിച്ചാല്‍ ഭാഷാപരമായ പ്രശ്നങ്ങളും ആശയപരമായ പ്രശ്നങ്ങളും ആവിഷ്കാരത്തിലെ ദൗര്‍ബല്യങ്ങളും ( ഉണ്ടെങ്കില്‍) പരിഹരിക്കാനാകും.
  • നല്ല ശ്രാവ്യാനുഭവം കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.
  • ചെറിയക്ലാസുകളില്‍ മനസിലിട്ട് ചൊല്ലി നടക്കാവുന്നതരം പാട്ടുകളും കവിതകളും കൂടുതലായി ഉള്‍പ്പെടുത്തണം
  • ഒരു രചനയില്‍ നിന്നും കൂടുതല്‍ വ്യവഹാരരൂപങ്ങള്‍ പ്രതീക്ഷിക്കുന്നുവെങ്കില്‍ രചന അതിനുളള സാധ്യത തുറന്നിടുന്നതും കുട്ടിയുടെ മനസില്‍ വെല്ലുവിളി ഉണര്‍ത്തുന്നതുമാകണം. എല്ലാം നിര്‍ബന്ധമായും കുട്ടി ചെയ്യണമെന്നും ശഠിക്കരുത്. വഴങ്ങുന്നത് കുട്ടി ചെയ്യട്ടെ. 
  • പരസ്പരം പങ്കിടലിലൂടെ സഹപാഠികളുടെ രചനകള്‍ കാണാനും വിലയിരുത്താനും അധ്യാപികയുടെ ഫീഡ്ബാക്കുമായി ചേര്‍ത്തുവെച്ചു വായിക്കാനും കഴിയുന്നത് കുട്ടികള്‍ക്ക് നല്ല തിരിച്ചറിവ് നല്‍കും. അവരവരുടെ രചനകള്‍ അധ്യാപികയെ കാണിച്ച് ഗ്രേഡ് വാങ്ങുന്നതിലേക്ക് ക്ലാസുകള്‍ ചെറുതായിക്കൂടാ.

ഇനി ഈ പോസ്റ്റന്റെ ആദ്യം കൊടുത്ത് ബഹുമാനിക്കേണ്ട കുട്ടികളുടെ രചനകള്‍ വായിക്കാം

സവാരിയയ്ക് കവിതയേക്കാള്‍ വഴങ്ങുന്നത് നാടിനെ വിവരിക്കലാണ്. മഴയനുഭവം അവളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അത് ഭംഗിയോടെ അവതരിപ്പിച്ചിട്ടുമുണ്ട്.

 ദേ പൂക്കള്‍ക്കിടയിലൂടെ പച്ചക്കുതിരകള്‍ ചാടുന്നത് നോക്കി നിന്നുപോകുന്ന ഒരു കുട്ടി.

എന്റെ നാട്ടുപുസ്തകത്തെക്കുറിച്ച് പറയുമ്പോള്‍ വീട്ടുപുസ്തകം കൂടിയാണത്. ഹായ് എന്തു രുചി. ആ രുചി  സ്വന്തം അധ്വാനവും അമ്മ ഉണ്ടായിക്കയതും കൊണ്ടല്ലേ?


 അനശ്വര മരക്കൊമ്പിലിരുന്ന് സ്വന്തം നാടിനെ വീക്ഷിക്കുകയാണ്. ഒരു മഞ്ഞപ്പക്ഷിയിലേക്ക് പരകായപ്രവേശം നടത്തി. മുകളില്‍ നിന്നുളള കാഴ്ചയാണ് ചിത്രീകരിക്കാനും ശ്രമിച്ചത്..
 

 നന്മണികിട്ടാതെ നാട്ടു തത്ത പട്ടിണിയായല്ലോ.
തേന്‍ കുരുവിക്കും മണ്ണാത്തിപ്പുളളിനും കുഞ്ഞു വിരിഞ്ഞന്നേ
എന്നിവയാണ്  അലക്സാണ്ടറുടെ നാട്ടപുസ്തകപ്പൂന്തോട്ടത്തിലെ വാര്‍ത്തകള്‍. പട്ടിണിയുടെയും സന്തോഷത്തിന്റെയും മുഖങ്ങള്‍ എന്റെ നാട്ടിലുണ്ടെന്ന്. പട്ടിണിയുടെ ലോകത്തേക്കാണോ പുതിയ പിറവികള്‍? ആലോചിക്കാം.
 എനിക്കാവുന്ന രീതിയില്‍ വരയ്കും. അതിനും ഒരു ചേലുണ്ടല്ലോ.
മാവിലുളള മാമ്പൂവെല്ലാം മാഞ്ഞുപോയല്ലോ
മൈലാഞ്ചിയിട്ട് മൊഞ്ചത്തിയാവാന്‍ നം നിറഞ്ഞല്ലോ
ണ്ടന്‍ പൂച്ച രിംപൂച്ച രയുന്നുണ്ടല്ലോ
ശബ്ദഭംഗിയില്‍ മാത്രമല്ല ശ്രദ്ധ. മാമ്പൂവ് മാഞ്ഞുപോയി എന്ന പ്രയോഗം എനിക്കേറെ ഇഷ്ടമായി.
 പുരപ്പുറത്തൊരു ചെടിച്ചട്ടി വെച്ചതിന്റെ കുസൃതി ആസ്വദിച്ചു.
കറുത്തകാക്ക കരിങ്കാക്ക വിരുന്നു വന്നല്ലോ
പാടി വരും പുഴയെല്ലാം ആര്‍ത്തു ചിരിച്ചല്ലോ
തിളങ്ങി നില്‍ക്കും താരമെല്ലാം താഴത്തിറങ്ങിയല്ലോ
അവസാനത്തെ വരി എന്തു ഭാവനാത്മകമാണ്!  താരകള്‍ ഭൂമിയിലേക്കിറങ്ങിനിറയുന്ന കാഴ്ച. അതാകട്ടെ സ്വന്തം നാട്ടിലും. അസാധാരണമായ അനുഭവത്തെയാണ് കുട്ടി വരികളിലാക്കിയിരിക്കുന്നത്.
 ഈ കുട്ടി വരികള്‍ തിരുത്തിയിരിക്കുന്നതാണ് പരിശോധിക്കേണ്ടത്. മാങ്ങ പറിക്കണോ പെറുക്കണോ എന്ന ആലോചന. മാങ്ങാക്കാലത്തില്‍ നിന്നും ഓണക്കാലത്തേക്കാണ് ഫോക്കസ് മാററിയത്. കുട്ടിക്ക് കൂടുതല്‍ ഈഷ്ടപ്പെടുന്ന മാസങ്ങളാണ് അവ. തുടര്‍ന്നുളള വരികള്‍ താളം പാലിച്ച് അവസാനവരിമാത്രമായി ചൊല്ലുകയാണ്. മാവേലി മന്നന്‍ വന്നല്ലോ. ഓണമില്ലാതെന്തു നാട്ടുപുസ്തകം?
 മേലോ പറമ്പിലെ പൂനിലാവ് പൂത്തു നിന്നല്ലോ
കുന്നിന്‍ ചരുവിലെ നെല്‍പ്പാടങ്ങള്‍ കൊയ്യാറായല്ലോ
പാട്ടുപാടും പൂമ്പാറ്റകളോ പാറി നടക്കുന്നു
മേലേ പറമ്പിലെ പൂനിലാവ്. അതൊരു വല്ലാത്ത പ്രയോഗം തന്നെ. ആകാശമാണോ ആ പറമ്പ്. ഏതായാലും നിലാവ് പൂത്തു നില്‍ക്കയാണ്. നിലാവു പൂത്തനുഗ്രഹിച്ച നാടാണ് അത്. സന്തോഷത്തിന്റെ കാഴ്ചയാണ് നാട്ടില്‍. നെല്ലു കൊയ്യാറായി. പൂമ്പാറ്റകളായി മനസും പാടുന്നുണ്ട്. പാറുന്നുണ്ട്.
 സൈക്കിള്‍ കിട്ടിയാല്‍ അത് രാത്രിയാണെങ്കിലും ചവിട്ടണം. അത് കു‍ഞ്ഞ് മനസ്. അക്കാര്യം നിങ്ങള്‍ക്ക് വലുതല്ലെങ്കിലും എനിക്ക് വലുതാ.

 തത്തപ്പൊത്തില്‍ തത്തക്കു‍ഞ്ഞിനെ കാണാന്‍ പോകാല്ലോ.
കൊയ്യുന്ന നേരത്ത് കൊയ്തുപാട്ടിന്‍ ഈണം കേള്‍ക്കാലോ
പാടവരമ്പത്ത് മൂപ്പനെ കാണാന്‍ പോകാല്ലോ
എഴുതുമ്പോ ചില വാക്ക് വിട്ടുപോകുന്നുണ്ട്. അതൊക്കെ തിരുത്തുകയും ചെയ്യും. പാടവും അനുബന്ധ അനുഭവങ്ങളും കുട്ടികളുടെ ജീവിതത്തിനെയും ഭാവനയെയും പച്ചപ്പിലാക്കുന്നുണ്ട്
 കെവിന്‍ തന്റെ കൊച്ചുഗ്രാമത്തിനെ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. രാവിലെ സൂര്യന്‍ വന്ന് വെളളത്തില്‍ മുഖം നോക്കുന്നതു മുതല്‍ എല്ലാമുണ്ട്. ചിത്രവും ഗംഭീരം. കെവിന് ഒത്തിരി ഇഷ്ടമാണ് എന്നു പറയുന്നത് ഇതുകൊണ്ടാ.

 കെവിന്‍  കവിതയിലും ഒന്നു കൈ വെച്ചു. അതിനു വരച്ച ചിത്രം ആകാശത്തു നിന്നുളള വീക്ഷണമാണ്.



 അടുത്ത രചനയെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചിട്ടുളളതിനാല്‍ ആവര്‍ത്തിക്കുന്നില്ല.


 ന്റെ വീട് എന്തുഭംഗിയുളളതാ, അതിനു കാരണം അറിയണ്ടേ?
 ഒരാമ്പല്‍പ്പൂവ് തന്നെ നോക്കി ചിരിക്കുന്നുണ്ട്. അമ്മക്കിളിയാകട്ടെ കുഞ്ഞുങ്ങളെ നോക്കിയിരുപ്പാണ്. അമ്മയുടഎ ആമ്പല്‍പ്പൂക്കളല്ലേ കുഞ്ഞുങ്ങള്‍.
ഞാന്‍ കുട്ടികളെഴുതിയതെല്ലാം വായിക്കും. കാരണം അവരുടെ ചിന്ത എങ്ങനെയാണ് എന്നറിയണമല്ലോ. ആ ചിന്തയെ സാക്ഷാത്കരിക്കുന്ന ഭാഷയും. നാട്ടപുസ്തകപ്പൂന്തോട്ടത്തില്‍ വാര്‍ത്ത എന്തുണ്ട് എന്ന ഈ പ്രവര്‍ത്തനം കുട്ടികളുടെ സര്‍ഗാത്മകാവിഷ്കാരശ്രമത്തെ വല്ലാതെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നാണ് ഈ ഉല്പന്നങ്ങള്‍ വിളിച്ചോതുന്നത്. അനുഭവമൊരുക്കല്‍- ഏറ്റെടുക്കല്‍- ആവിഷ്കരിക്കല്‍ - മെച്ചപ്പെടുത്തല്‍ എന്നീ പ്രക്രിയാഘട്ടങ്ങള്‍ പ്രധാനമാണ്. അതിന് അനുയോജ്യമായ ഒന്നാണ് ഈ പ്രവര്‍ത്തനം എന്ന് ട്രൈ ഔട്ടിലൂടെ വ്യക്തമായി.
കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ അധ്യാപനത്തിന്റെ സാധ്യതകളാണ് പരീക്ഷിച്ചു നോക്കുന്നത്.
ഭാവിയില്‍ ആവശ്യം വരും
അപ്പോള്‍ നിങ്ങള്‍ക്കും ഇത് ഏതെങ്കിലും വിധത്തില്‍ ഉപകരിച്ചേക്കാം.

1 comment:

ബിന്ദു .വി എസ് said...

അധ്യാപന ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള സന്ദര്‍ഭം . ഒരു വര്ഷം മുന്‍പ് എഴുതി കുട്ടികള്‍ക്ക് വേണ്ടി പാടിയ പാട്ടാണ് .ഇപ്പോള്‍ അത് കുറെയേറെ അധ്യാപകരും കുട്ടികളും ഏറ്റെടുത്തു അവരുടെ വിലപ്പെട്ട സമയത്തില്‍ അന്വേഷണ ത്തിനായി നാട്ടു പുസ്തകം കൂടി ചേര്‍ത്ത് വച്ചിരിക്കുന്നു.സൈജ ടീച്ചറിന്റെ സ്കൂളില്‍ ഇത് അവതരിപ്പിക്കുമ്പോള്‍ സബ് ജില്ലയിലെ ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനം എന്ന് അന്ന് അവിടെ ഡയറ്റിലെ ചാര്‍ജുള്ള അധ്യാപിക ഇത് പങ്കിട്ടിരുന്നു .അത് സ്നേഹ പൂര്‍വ്വം ഓര്‍ക്കുന്നു .ഇന്ന് പുതിയ മാനങ്ങളി ലേക്കാണ് ഈ കുറച്ചു വരികള്‍ വളര്‍ന്നിരിക്കുന്നത് .ഭിന്ന നിലവാരക്കാരായ കുട്ടികള്‍ക്കുല്‍പ്പെടെയുള്ള പ്രവര്‍ത്തനമായി മാറുന്നു .മനോഹരങ്ങളും മാതൃകകളുമായ നാട്ടു പുസ്തകങ്ങള്‍ തയാറാക്കിയ കുഞ്ഞുങ്ങള്‍ക്കും അവര്‍ക്ക് വേണ്ട നിര്‍ ദേശ ങ്ങള്‍ നല്‍കിയ വഴി വിളക്കിനും സ്നേഹം .ഈ പ്രത്യേക സാഹചര്യത്തില്‍ കേരളം മുഴുവന്‍ ധാരാളം വിദ്യാഭ്യസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.അതില്‍ പങ്കാളി യാകാന്‍ കഴിഞ്ഞതിലും ചൂണ്ടു വിരലില്‍ എത്താനും കഴിഞ്ഞതില്‍ സന്തോഷം .വിലയിരുത്തല്‍ ഉള്‍പ്പെടെ ഇനിയും പഠനം നടത്തനുള്ളവ ധാരാളം .ഈ രേഖപ്പെടുത്തല്‍ അതിനുള്ള പ്രോത്സാഹനവുമാണ് .നമ്മള്‍ മുതിര്‍ന്നവരെക്കാള്‍ കുട്ടികളുടെ കാഴ്ച എത്ര വ്യത്യസ്തമാണെന്ന് ഞാന്‍ പഠിച്ചു .അവര്‍ ഒന്നും തള്ളിക്കളയുന്നില്ല . എല്ലാറ്റിലും സ്വന്തം വീക്ഷണം അവതരിപ്പിക്കുന്നുണ്ട് താനും .അവര്‍ക്ക് മുന്നില്‍ കുറച്ചു വരികള്‍ അവതരിപ്പിക്കുക എന്നത് മാത്രമല്ല വിവിധ ലക്ഷ്യ ബോധത്തോടെ അവതരിപ്പിക്കുകയാണ് ചെയ്തത് . അത് വിജയിക്കുമെന്ന് ഈ അനുഭവം പഠിപ്പിക്കുന്നു