ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, May 17, 2020

അമ്മത്തണലിൽ മധുര പഠനം


എന്താണ് പരിപാടി എന്ന് ചുവടെയുളള കുറിപ്പുകള്‍ പറഞ്ഞു തരും.
  • തിങ്കൾ മുതൽ വ്യാഴം വരെയാണ് ഓൺ ലൈൻ ക്ലാസ്.
  • സമയം രാവിലെ 11 മുതൽ 12 വരെ .
  • ഓരോ റിസോഴ്സ് ടീച്ചറിനും 5 കുട്ടികൾ വീതം ഉണ്ട്.
  • ഓൺലൈൻ പഠനത്തിന് പൊതുവായ ഒരു ഗ്രൂപ്പ് ഉണ്ട്.
  • പഠന സാമഗ്രികൾ ,നിർദ്ദേശം എന്നിവ ആ ഗ്രൂപ്പിൽ പോസ്റ്റു ചെയ്യും.
  • ഓരോ ടീച്ചറിനും 5 കുട്ടികൾ മാത്രമായി ഒരു ഗ്രൂപ്പ് ഉണ്ട്.
  • അതിൽ കുട്ടികൾ പ്രതികരിക്കുകയും ടീച്ചർ വിലയിരുത്തുകയും ചെയ്യും. ആവശ്യമായ ഫീഡ്ബാക്ക് നൽകുന്നതും ഇവിടെത്തന്നെയാണ്.
  • കുട്ടികൾക്ക് പ്രതികരിക്കാൻ രാത്രി 8 മണി വരെ സമയം ഉണ്ട്.
  • 8 മണി മുതൽ 9 വരെ അതത് അധ്യാപകർ, കുട്ടികളുടെ രചനകളും പ്രതികരണങ്ങളുമടങ്ങുന്ന പൊതു ഫീഡ്ബാക്ക് റിപ്പോർട്ടു രൂപത്തിൽ പൊതു ഗ്രൂപ്പിൽ അവതരിപ്പിക്കും.
  • കുട്ടികളുടെ പഠന വിലയിരുത്തൽ നടക്കുക മൈക്രോ ഗ്രൂപ്പിലാണ്. അത് അതത് ആർ ടി മാരാണ് ചെയ്യുക.
  • ഫോൺ രക്ഷിതാവിന്റേതാണ് എന്നതിനാൽ ഏതു ഫീഡ്ബാക്കുകളും രക്ഷിതാവുകൂടി അറിയും. അത് കുട്ടിയെ കൂടുതൽ സഹായിക്കാൻ രക്ഷിതാവിനെ പ്രേരിപ്പിക്കും.
ആദ്യ ക്ലാസ് 12/5/20 ന്. അടുത്ത ആഴ്ച മുതൽ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ .

രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ


1.  രാവിലെ 11 മണി     മുതൽ 12 മണി   വരെയാണ് ഓൺ ലൈൻ ക്ലാസുകൾ ലഭ്യമാകുക
2.  എല്ലാവരും കൃത്യ സമയത്ത് തന്നെ ഓൺലൈനിൽ ഉണ്ടാകുവാൻ ശ്രദ്ധിക്കണം
3. മുഴുവൻ കുട്ടികളും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു എന്ന് രക്ഷിതാക്കൾ ഉറപ്പ് വരുത്തേണ്ടതാണ്.
4. പ്രവർത്തനങ്ങളിൽ  പിന്തുണ  ആവശ്യമുള്ള  സന്ദർഭങ്ങളിൽ രക്ഷിതാക്കൾ കുട്ടികളെ സഹായിക്കേണ്ടതാണ്
5 . രണ്ട് ഗ്രൂപ്പുകളിലായാണ് ക്ലാസ്സുകൾ നടക്കുക, പ്രധാന ഗ്രൂപ്പിൽൽ ക്ലാസ്സും അനുബന്ധ പ്രവർത്തനങ്ങളും നൽകും.
6.   കുട്ടികളുടെ പ്രതികരണങ്ങൾ,രചനകൾ എന്നിവ കുട്ടിയുടെ സ്വന്തം ടീച്ചറുടെ ഗ്രൂപ്പിലാണ് പോസ്റ്റ് ചെയ്യേണ്ടത്. ഈ ഗ്രൂപ്പിൽ നിന്നും കുട്ടികളുടെ ഉത്പന്നങ്ങൾ അതാത് അധ്യാപകർ ക്രോഡീകരിച്ച് പ്രധാന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
7.   കുട്ടികൾക്ക്‌ നൽകുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രാത്രി 8 മണിക്ക് മുമ്പായി ടീച്ചറുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യേണ്ടതാണ്
ഈ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ. സംശയങ്ങളുണ്ടെങ്കിൽ ടീച്ചറോട് ചോദിക്കാം. വാട്സാപ്പിൽ എഴുതി ചോദിക്കുന്നതാണ് ഉത്തമം.
എന്നാൽ മറക്കണ്ട, എന്നും രാവിലെ 11 മണി
അമ്മത്തണലിൽ മധുര പഠനം

കഥ അവതരിപ്പിച്ച സുരേന്ദ്രൻ മാഷ് എഴുതിയ കുറിപ്പ്
തികച്ചും വ്യത്യസ്ഥം, അനുകരണീയം ഈമാതൃക
പേരാമ്പ്ര BRCയിൽ നാം ഇന്ന്ഭിന്നശേഷികുട്ടികൾക്കായി നടത്തിയ അമ്മതണലിൽ മധുരപഠനം തികച്ചും ഒരു നവ്യാനുഭവവും അനുഭൂതിയുമായി ഭിന്നശേഷിക്കാർക്കുവേണ്ടി ഒരുകൊച്ചുകഥ പറഞ്ഞപ്പോൾ അതിന് അമ്മിഞ്ഞപ്പാലിന്റെ മാധുര്യമുണ്ടാവുമെന്ന്നിനച്ചുതേ 
സന്തേഷവും ഉത്സാഹവും അനുഭവിച്ചറിഞ്ഞപ്പോൾ വല്ലാത്ത ആനന്ദവും
നിർവൃതിയുമാണ്ഉണ്ടായത്! ആകുരുന്നുകളുടെ സ്നേഹം അനുഭവിക്കാൻ ഞാൻ എന്തു സുകൃതമാണാവോ മുൻപ്ചെയ്തത്.....ഓരോകുട്ടികളും
അതിന് വഴിയൊരുക്കിയ രവിമാഷിനും ടീമിനും ഹൃദയംനിറഞ്ഞനന്ദി....
സസ്നേഹം
സുരേന്ദ്രൻപുത്തഞ്ചേരി

അമ്മത്തണലില്‍ മധുരപഠനം
  • പേരാമ്പ്ര ബി ആർ സി പരിധിയിലെ ഭിന്നശേഷി ക്കാരായ കുട്ടികൾക്കായി നടപ്പിലാക്കിയ ഓൺലൈൻ പഠന പരിപാടി
  • സ്ഥിരമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം കിട്ടുന്ന 26കുട്ടികളും , ശനിയാഴ്ചകളിൽ പരിഹാര ബോധന ക്ലാസുകളിൽ പങ്കെടുക്കുന്ന 150 ൽ പരം കുട്ടികളുമാണ് പരിപാടിയിൽ സംബന്ധിക്കുന്നത്.
  • കോവിഡ്, ലോക്ഡൗൺ പശ്ചാത്തലത്തിൽ ഇവ രണ്ടും മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ഈ കുട്ടികൾക്കും പഠന സഹായമെത്തിക്കേണ്ടത് അത്യാവശ്യമായതിനാലാണ് അമ്മത്തണലിൽ മധുര പഠനം എന്ന ഓൺലൈൻ പഠന പദ്ധതി തുടങ്ങിയത്
  • ഐ ഇ ഡി സി കോഡിനേറ്റർ ജി രവി ആണ് സംഘാടകന്‍
  • പദ്ധതി എസ് എസ് കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.വൈ ഷൂജ ഉദ്ഘാടനം ചെയ്തത്..
  •  കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഓൺലൈനിൽ ഒന്നിച്ചിരുന്നു കൊണ്ടാണ് പരിപാടി നടത്തിയത്.ഒരു ടീച്ചർക്ക് 6 മുതൽ 10  കുട്ടികളുടെ വരെ ചുമതലയാണുള്ളത്. ഇങ്ങനെ 15 അധ്യാപകർ കുട്ടികൾക്കാവശ്യമായ പിന്തുണ ഓൺലൈനായി നൽകും. രാത്രി 8 മുതൽ 9 വരെ പൊതു ഗ്രൂപ്പിൽ മികച്ച രചനകളും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായങ്ങളും പങ്കു വെക്കും.
തിങ്കൾ മുതൽ വ്യാഴം വരെ ആഴ്ചയിൽ നാലു ദിവസം ക്ലാസുകൾ ഉണ്ടാവും. കുട്ടികൾക്ക് ഈ ക്ലാസ് വലിയ സഹായമാണെന്നും വീടുകളിലെ ഒറ്റപ്പെടലിൽ നിന്നും മറ്റു കുട്ടികളോടൊപ്പം ചിലവഴിക്കാൻ കഴിയുന്ന നല്ല അവസരമാണിതെന്നുമാണ് രഷിതാക്കൾ അഭിപ്രായപ്പെട്ടത്
രവിമാഷിന്റെ നേതൃത്വം
രവിമാഷ് പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കു വേണ്ടി ജനിച്ച മനുഷ്യനാണ്.
നിശബ്ദമായി പ്ര വര്‍ത്തിച്ചുകൊണ്ടേയിരിക്കും
അന്ധര്‍ക്കു വേണ്ടി എന്നും രാവിലെ പത്രം വായിച്ചു നല്‍കുന്ന ഓണ്‍ലൈന്‍ രീതി രവി മാഷ് വികസിപ്പിച്ചിട്ടുണ്ട്.ഒരു സംഘം കൂട്ടിനുമുണ്ട്.
ഇപ്പോള്‍ അമ്മത്തണലില്‍ മധുരപഠനത്തിലൂടെ അദ്ദേഹം കൊവിഡ് കാലത്ത് ഭിന്നശേഷിക്കുട്ടികള്‍ക്കായി സവിശേഷ ഇടപെടല്‍ നടത്തിയിരിക്കുകയാണ്
പേരാമ്പ്രപ്രദേശത്തെ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി അസംഖ്യം പ്രവര്‍ത്തനങ്ങളാണ് രവിമാഷ് ഏറ്റെടുത്തത്

വാത്സല്യ .വലിയൊരു സ്വപ്ന സാക്ഷാത്ക്കാരം.

ഏർണ്ണമായും കിടപ്പിലായ കുട്ടികളെക്കുറിച്ചുള്ള പഠനം "നിശബ്ദരായിരിക്കാൻ നമുക്കെന്തവകാശം " പുറത്തിറങ്ങിയപ്പോൾ അതിനു വലിയ സ്വീകാര്യത ലഭിച്ചു. അതിലെ വിവരങ്ങൾ അത്രമേൽ വിലയേറിയതായിരുന്നു. അതൊരു സമഗ്ര പഠനവുമായിരുന്നു.
എന്നാൽ ആ വിവരങ്ങൾ എപ്പോഴും എവിടെ വെച്ചും ലഭ്യമാവുക എന്നത് പേരാമ്പ്ര ബി ആര്‍ സിയുടെ സ്വപ്നമായിരുന്നു. ഒരു വിരൽത്തുമ്പിൽ വിവരങ്ങളുടെ ശേഖരം !
അതാണിപ്പോൾ സാധ്യമായിരിക്കുന്നത്. വാത്സല്യ എന്ന വെബ് സൈറ്റ്. കിടപ്പിലായ കുട്ടികളുടെ മാത്രമല്ല മുഴുവൻ ഭിന്നശേഷിക്കാരായ കുട്ടികളുടേയും വിവരങ്ങൾ സൈറ്റിൽ ചേർക്കാൻ കഴിയും.
വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള മുൻകരുതലുകളുമുണ്ട്.
സൈറ്റ് നിർമ്മാണം പൂർത്തിയായി. ചങ്ങരോത്ത് ഹോളി ഫാമിലി യു പി സ്കൂൾ അധ്യാപകനായ വിനോദൻ മാഷിന്റെ മകൾ ,അശ്വതി വിനോദാണ് (MCA ) പഠന പദ്ധതിയുടെ ഭാഗമായി ഈ സൈറ്റ് രൂപകല്പന ചെയ്തത്.
പേരാമ്പ്രയ്ക്കു മാത്രമല്ല, ഏതു ബി ആർ സി ക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് വാത്സല്യ .

വാര്‍ത്താഗ്രൂപ്പ്
കാഴ്ചാ പരിമിതർക്കായി ആരംഭിച്ച വാർത്താ ഗ്രൂപ്പ് രണ്ടായിരത്തി പത്തൊമ്പത് ഡിസംബറ്‍ ഇരുപത്തിമൂന്നിന് ‍ രവി എഴുതി.

100
ദിവസം തികഞ്ഞപ്പോൾ ഫോസ് ബുക്കിൽ സന്തോഷം പങ്കു വെച്ചിരുന്നു. പിന്നെപ്പിന്നെ,ഇതൊരു ദൈനംദിനകർമ്മമായി. എല്ലാ ദിവസവും ഉണരുമ്പോൾ ആദ്യം ചെയ്യുന്ന പ്രവൃത്തിയായി. ഉണരാൻ വൈകിയാൽ " വാർത്ത വായിക്കേണ്ടേ ?" എന്ന് കുടുംബം ഉണർത്തുകയായി.
അതുകൊണ്ടു തന്നെ 200 ദിവസം തികഞ്ഞത് (ഡിസംബർ 19 ) ആഘോഷമാക്കിയില്ല. പോസ്റ്റൊന്നും ഇടുകയുമുണ്ടായില്ല.
എന്നാൽ എല്ലാം നിശബ്ദം ശ്രദ്ധിക്കുന്ന ചിലരുണ്ടെന്ന് ബോധ്യപ്പെടുന്നു. എളിയതെങ്കിലും നൻമയാർന്ന പ്രവർത്തനങ്ങളെ തിരിച്ചറിയുന്നവരുണ്ടെന്ന് മനസ്സിലാകുന്നു.അത് നിറഞ്ഞ സന്തോഷം പകരുന്നു. തുടർന്നുള്ള യാത്രയ്ക്ക് പ്രേരണയും പ്രചോദനവും നൽകുന്നു.
ഇന്നത്തെ ഹിന്ദു ദിനപ്പത്രത്തിൽ ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെയാണ് വാർത്ത വന്നത്. ദേശീയ വാർത്തയായി എല്ലാ എഡിഷനിലും വരുമെന്നും അവർ അറിയിച്ചിട്ടുണ്ട് . എസ് എസ് കെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ സിന്ധു അനിലിനും ഹിന്ദു പത്രത്തിനും , സീനിയർ കറസ്പോണ്ടൻറ് അനിൽ രാധാകൃഷ്ണൻ സാറിനും നന്ദി. വാർത്തയെ മുന്നോട്ടു നയിക്കുന്ന ആയിരക്കണക്കിനു ശ്രോതാക്കൾക്കും !

വാർത്ത ഒരു ഗ്രൂപ്പ് ആണ്. പിന്നീട് അത് മൂന്നു ഗ്രൂപ്പുകളായി വളർന്നു ( ഒരു ഗ്രൂപ്പിൽ 256 പേർ). ദിനപ്പത്രങ്ങൾവായിക്കാൻ കഴിയാത്തവർക്കായി ( Blind)പത്രവാർത്തകൾ വായിച്ചു കൊടുക്കുകയാണ് ഉദ്ദേശ്യം.കൂടാതെ ദിവസവും ഒരു പുസ്തകവും പരിചയപ്പെടുത്തും. പത്രം വായിക്കാൻ സൗകര്യം ലഭിക്കാത്തവർക്കും, പ്രായമേറെ ആയവർക്കും പ്രയോജനപ്പെടുത്താം . ഏതൊക്കെ പത്രങ്ങള്‍ ആരൊക്കെ വായിക്കണമെന്നു ധാരണയുണ്ട്.
മലയാള മനോരമ - ജി രവി
മാതൃഭൂമി- സി കെ വിനോദൻ
ദി ഹിന്ദു -ദിവ്യ ദാമോദരൻ(ഡയറ്റ് വടകര)
പുസ്തക പരിചയം -സുരേന്ദ്രൻ പുത്തഞ്ചേരി
മലയാള പത്രങ്ങൾക്കു പുറമേ ഒരു ഇംഗ്ലീഷ് പത്രവും ഉണ്ടാവും. കാഴ്ച പരിമിതിക്കാർക്ക് മാത്രമല്ല മററുള്ളവർക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പരിചയത്തിൽപെട്ട ,കാഴ്ചാ പരിമിതിയുള്ളവരെ ഗ്രൂപ്പിൽ ചേർക്കുമല്ലോ. താത്പര്യമുള്ള ആർക്കും ചേരാവുന്നതാണ്. നമ്പരും പേരും എന്റെ വാട്സപ്പ് നമ്പരിൽ (9946049650 )അയച്ചാൽ മതി.
ഗ്രൂപ്പിൽ പോസ്റ്റിംഗ് അഡ്മിന് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്‌. അനാവശ്യമായ പോസ്റ്റുകളും ഫോട്ടോകളും ഈ ഗ്രൂപ്പിന്റെ ഭാഗമായി വരില്ല.
മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് രവി

ഗോത്രവിഭാഗം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ ഗോത്രകഥകള്‍ ശേഖരിച്ചത്. അതിലൊന്ന് പാഠമാക്കിയാലെന്താ എന്ന് ആലോചിച്ചു. രാവിലെ പുലര്‍ന്നപ്പോഴേക്കും കഥ തയ്യാര്‍. അതാണ് ബോളളി. വായിക്കാം.
ബൊള്ളി
.............
ബൊള്ളി വയലിലൂടെ നടന്നു. കത്തിക്കാളുന്ന വെയിൽ . കൊയ്ത്തു കഴിഞ്ഞ പാടമാണ് . വയൽക്കരയിൽ വലിയ കളം . കളത്തിൽ നിറയെ കൊയ്തു കൂട്ടിയ കറ്റകൾ. കുന്നു പോലെ. വിശക്കുന്നു. കുടിയിൽ നിന്നിറങ്ങുമ്പോൾ കുടിച്ച കഞ്ഞി വെള്ളം മാത്രമാണ് വയറ്റിൽ .
ബൊള്ളി കളത്തിൽ കയറി. കറ്റകൾ കൂട്ടിക്കെട്ടിയ വലിയ ചുമടുകൾ. രണ്ടു പേർ ചേർന്ന് അത് അവന്റെ തലയിലേറ്റി. കുനിഞ്ഞു നിവർന്നപ്പോൾ വല്ലാത്ത ഭാരം. എങ്കിലും നടക്കണം. നടന്നേ പറ്റു . ഉടയോരുടെ വീട്ടിലെത്തണം . ബെള്ളി ചുമടുമായി വെളിയിലേക്കിറങ്ങി.

നടന്നു. ചെളിവെള്ളത്തിൽ തവളകൾ ബൊള്ളിയെ നോക്കി ചിരിച്ചു. വരാലുകൾ എത്തി നോക്കി. ഒറ്റയ്ക്കു തപസു ചെയ്യുന്ന കൊക്ക് മനസ്സിൽ പറഞ്ഞു.

"
പാവം ബൊള്ളി ! "

ബൊള്ളി നടന്നു. വയലുകൾ കടന്നു. കാടിന്നരികിലെ തോട് ഇറങ്ങിക്കടന്നു. അപ്പോളതാ തോട്ടിൻ കരയിൽ ഒരു ഒച്ച് !
ചുമലിൽ കനത്ത തോട് .സാവധാനം ഇഴഞ്ഞുനീങ്ങുകയാണ്.

ഒച്ചിനെക്കണ്ടപ്പോൾ ബൊള്ളിക്ക് വിശന്നു. അവനു സങ്കടം വന്നു.
"
പാവം ഒച്ച് "

ഇങ്ങനെ എത്ര നേരം നടക്കണം ?
ഇങ്ങനെ എത്ര കാലം നടക്കണം ?

വിശക്കുന്നു.
വിശന്നുപൊരിയുന്നു.
തലയിലെ ചുമട് താഴ്ത്തി വെക്കാൻ വയ്യ.
ഒരു മണി നെല്ലു പോലും കൊഴിഞ്ഞു പോയ്ക്കൂട.

കഴുത്തു കുഴയുന്നു
തല പെരുക്കുന്നു.
തളർന്നു വീഴുമോ?

"
ഏയ് ബൊള്ളീ "
ആരോ വിളിക്കുന്നു.
ബൊള്ളി കണ്ണുകൾ ഉയർത്തി നോക്കി. ഒരു മരം. മരമാണ് വിളിക്കുന്നത്!

മരം അതിന്റെ ചില്ലകൾ താഴ്ത്തി. ബൊള്ളിയുടെ ശിരസിൽ തണലായി നിറഞ്ഞു
അതു പറഞ്ഞു

"
നിനക്കു വിശക്കുന്നില്ലേ ?
എത്ര കാലം നീയൊരു ഒച്ചായി ഇഴയും?
പക്ഷിയായി പറക്കു
കുന്നിനും വയലുകൾക്കും മീതെ.
കാടിനും പുഴകൾക്കും മീതെ .
കൊയ്തു കൂട്ടിയ കളങ്ങൾക്കു മീതെ."

ബൊള്ളി ആലോചിച്ചു.
'
പക്ഷിയായി പറക്കാം. '
ഈ ഭാരം ഇറക്കി വെച്ചില്ലെങ്കിൽ അത് ചുമലിൽത്തന്നെയിരിക്കും. പറ്റില്ല..

ബൊള്ളിക്ക് ചിറകുകൾ മുളച്ചു
വിശപ്പിന്റെ കൂരമ്പുകൾ കുടഞ്ഞെറിഞ്ഞു.
ആവേശത്തിന്റെ ജ്വാലകൾ പിടഞ്ഞുണർന്നു.

ചിറകുകൾ നിവർത്തി
പാടങ്ങൾക്കു മുകളിലൂടെ , ബൊള്ളി
കതിരുകൾക്കു മേൽ പറന്നിറങ്ങി.

(
ഒരു ഗോത്ര കഥയുടെ സ്വതന്ത്രാഖ്യാനം )
ജി രവി
ഗോത്രവിഭാഗം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് എത്രമാത്രം കഷ്ടപ്പെട്ടാണ് ആ പിന്തുണാസാമഗ്രികള് രവിമാഷ് തയ്യാറാക്കിയതെന്ന് എനിക്കറിയാം.
വലിയൊരു ലക്ഷ്യത്തിനു വേണ്ടിയാണല്ലോ എന്ന സന്തോഷമാണ് ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്


പേരാമ്പ്ര റിസോഴ്സ് സെൻറർ പരിധിയിലെ ഏഴു പഞ്ചായത്തുകളിൽ പൂർണമായും പരസഹായം ആവശ്യമായ 86 കുട്ടികളുണ്ട്.
പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ അവരുടെ ഗൃഹസന്ദർശന പരിപാടി നടത്തിയത് രവിയുടെ കൂടെ ഇടപെടല്‍കൊണ്ടാണ്
 മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് പഞ്ചായത്ത് അധികാരികൾ ഒപ്പം വന്നു.  
സാംസ്ക്കാരിക പ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും കൂട്ടുചേർന്നു.  
ചെന്ന വീടുകളിലൊക്കെയും കുട്ടികളുടെ കളി ചിരികളുണർന്നു
 സന്തോഷക്കതിരുകൾ ഉദിച്ചുയർന്നു.
ഇനി എല്ലാ വീടുകളിലും പോയി.  
ഇങ്ങനേയും ചിലർ ജീവിക്കുന്നുവെന്ന് ലോകമറിയട്ടെ. നിങ്ങൾ തനിച്ചല്ല, ഒപ്പമുണ്ടെന്നു പ്രഖ്യാപിക്കാൻ കഴിയുന്നത് തന്നെവലിയ സംതൃപ്തി പകരുന്ന പ്രവര്‍ത്തനമാണ് രവിക്ക്.


എന്റെ പ്രിയസ്നേഹിതന്‍ ഈ മാസാവസാനം സര്‍വീസില്‍ നിന്നും പിരിയും
ഞാനും രവിയും തമ്മില്‍ ഏറെ നാളത്തെ സ്നേഹസൗഹൃദമാണ്. അത് പിരിയാനാവത്തത്.
സ്നേഹത്തണലില്‍ മധുരമായ അക്കാദമിക പ്രവര്‍ത്തനം തുടരും
ഒപ്പമുണ്ടാകും 
 

3 comments:

dietsheeja said...

രവി മാഷേ .... സ്നേഹം

Nisha Panthavoor said...

വാക്കുകളില്ല,,, നന്മ മരങ്ങൾ, 'പ്രിയ രവി മാഷ്,,,,സ്നേഹം,,
വെള്ളാരം കല്ലുകൾ പെറുക്കി കൂട്ടുന്ന പോലെ കുട്ടികൾക്കൊപ്പമുള്ള നന്മകൾകണ്ടെത്തി കൂടെ കൂട്ടുന്നുവല്ലോ??? കലാധരൻ മാഷേ,,,, തികഞ്ഞ ആദരം,,,/

jayasree.k said...

രവി മാഷെ ഒരിക്കല്‍ ചോദ്യ പേപ്പര്‍ വര്‍ക്ക്‌ഷോപ്പില്‍ കണ്ടിട്ടുണ്ട് .ഫോണില്‍ മലയാളത്തിളക്കവുമായി ബന്ധപ്പെട്ടു അക്കാദമിക ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള സൌഹൃദം .മാഷുടെ പാട്ടുകളും കവിതകളും അയച്ചു തന്നിട്ടുണ്ട് .പുഴയെ കുറിച്ചുള്ള കവിത എഴാം ക്ലാസില്‍ ശാസ്ത്ര പഠനത്തിന് ഉപയോഗിക്കുകയും അനുഭവം പങ്കിടുകയും ചെയ്തിട്ടുണ്ട് . .ഒരു കവിത അനുമതിയോടെ എസ് സി ഇ ആര്‍ ടി യുടെ വ്യക്തിഗതഗവേഷണത്തില്‍ അനിമേഷന്‍ ചെയ്യുകയും റിപ്പോര്‍ട്ടില്‍ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തിയിട്ടുള്ള ഇടപെടല്‍ പ്രശംസനീയം തന്നെ .ജോണ്‍സണ്‍ ഒരു പ്രചോദനം ആവുന്നത് രവി മാഷുടെ പുസ്തകം വായിച്ചാണ് . ഇനിയും ഈ മേഖലയില്‍ പുതിയ കാല്‍ വയ്പ്പുകള്‍ നടത്താന്‍ കഴിയട്ടെ ..ആശംസകള്‍ !