ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 14, 2026

രചനോത്സവ ചിത്രം ഒക്ടോബര്‍ രണ്ടാം വാരം. 2026

 

  • ആറ് ചിത്രങ്ങളുണ്ട്. എല്ലാം നോക്കൂ.എന്താണ് സംഭവിച്ചത് എന്ന് പറയൂ.
  • നാലാമത്തെ ചിത്രത്തില്‍ എന്താണ് കാണുന്നത്?
  • അപ്പോള്‍ എന്താണ് സംഭവിച്ചത്?
  • ഒടുവിലത്തെ രംഗം നോക്കൂ. പിന്നെ എന്ത് സംഭവിച്ച് കാണും?

 കഥ എഴുതുമ്പോള്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദവും പഴം വീഴുന്ന ശബ്ദവും കരടി വീഴുന്ന ശബ്ദവുമെല്ലാം ചേര്‍ത്താല്‍ രസമായിരിക്കും. 

കഥയ്ക്ക് പേരിടണേ.


 അധ്യാപകര്‍ക്ക്.............................................രക്ഷിതാവിനും

കഥാചിത്രം നൽകി കഥ എഴുതിക്കുമ്പോൾ കുട്ടിയുടെ ചിന്തയിൽ വരുന്ന വാക്കുകൾ പരിചയിച്ച അക്ഷരങ്ങളിലോ പഠിച്ച പദങ്ങളിലോ മാത്രം ഒതുങ്ങണമെന്നില്ല.

ഇവിടെ രക്ഷിതാവിന്റെ സഹായം കുട്ടിയുടെ രചന എഴുതിക്കൊടുക്കൽ ആകരുത്. മറിച്ച് കുട്ടിയുടെ ആശയം എഴുത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന കൈത്താങ്ങ്നല്‍കല്‍ (Scaffolding) ആയിരിക്കണം.

രക്ഷിതാവിന്റെ സഹായം എങ്ങനെയാകണം?

1. ആദ്യം കുട്ടിയോട് സംസാരിക്കുക. ചിത്രം നോക്കി കുട്ടി പറയുന്നതു കേൾക്കുക.

“ചിത്രത്തിൽ എന്താണ് സംഭവിക്കുന്നത്?”
“
അതിനുശേഷം എന്തായിരിക്കും സംഭവിച്ചത്?”
“
ആ കരടി എന്തായിരിക്കും ചിന്തിച്ചത്?”

കുട്ടി പറയുമ്പോള്‍ ഇടയ്ക് കയറി തിരുത്താതെ കേൾക്കണം.

2. കുട്ടിയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുക. കുട്ടി പറയുന്ന വാക്യം രക്ഷിതാവ് സ്വന്തം ഭാഷയിൽ മാറ്റരുത്.

ഉദാഹരണം:

കുട്ടി:“കരടി മരത്തിൽ കേറി പഴം എടുക്കാൻ നോക്കി.”

ഇത് കൂടുതൽ “ശരിയായ” ഭാഷയാക്കി മാറ്റേണ്ടതില്ല. കേറി എന്നല്ല കയറി എന്ന് പറയണം. എന്ന് തിരുത്തരുത്. സംഭാഷണഭാഷ കഥയില്‍ അനുവദിക്കണം.

3. കുട്ടിക്ക് അറിയാത്ത അക്ഷരം/വാക്ക് വന്നാൽ രക്ഷിതാവിന്റെ പങ്ക് വഴികാട്ടുക എന്നതായിരിക്കണം. ഒരു പ്രായോഗിക ഉദാഹരണം

കഥാചിത്രത്തിൽ കരടി മരത്തിനടിയിൽ കിടക്കുന്നു. കുട്ടി പറയുന്നത്:

“കരടി ഉറങ്ങി.  

മരത്തില്‍ നിന്ന് പഴം വീണു.  

കരടിക്ക് ദേഷ്യം വന്നു.  

പിന്നെ കരടി പഴം തിന്നു. നല്ല രുചി...”

കുട്ടി: “ദേഷ്യം” എഴുതാൻ അറിയില്ല.

രക്ഷിതാവ്: “നിനക്ക് അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യം ശ്രമിച്ചുനോക്കൂ.”

കുട്ടി ശ്രമിക്കുന്നു. കഴിയുന്നില്ലെങ്കിൽ

“ദേഷ്യം എന്ന വാക്ക് ഞാൻ എഴുതിക്കാണിക്കാം. നിനക്ക് നോക്കി എഴുതാം.”

ഇവിടെ ആശയം കുട്ടിയുടേതുതന്നെയാണ്. രക്ഷിതാവ് ഒരു പുതിയ വാക്കിന്റെ എഴുത്തുരൂപം ലഭ്യമാക്കുക മാത്രമാണ് ചെയ്തത്.

4. കുട്ടിയുടെ എഴുത്തിലെ തെറ്റുകൾ ഉടൻ തിരുത്തരുത്. ഉദാഹരണത്തിന് കുട്ടി:

“മരതിൽ നിന്ന് പഴം വീണു”

എന്ന് എഴുതിയാൽ, ഉടൻ ചുവന്ന പേനകൊണ്ട് “മരത്തിൽ” എന്ന് തിരുത്തുന്നത് സ്വതന്ത്രരചനയുടെ ലക്ഷ്യത്തെ ബാധിക്കും.

  • മരത്തില്‍ എന്ന്  എഴുതുന്നത് എല്ലായിടത്തും തെറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. എല്ലാം എഴുതി കഴിയുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക.  
  • എഴുതിയത് കുട്ടിയെക്കൊണ്ട് വായിപ്പിക്കുക.  
  • അപ്പോള്‍ മരതില്‍ എന്നാണോ ഉച്ചാരണം ? അതോ മരത്തില്‍ എന്നാണോ എന്ന് ശ്രദ്ധിക്കുക.  
  • മരത്തിലെ പൊത്തില്‍ തത്ത ഉണ്ടായിരുന്നു. തത്ത എന്ന് എങ്ങനെ എഴുതും? ത്തയുടെ ഇരട്ടിപ്പിലേക്ക് ശ്രദ്ധ ക്ഷണിക്കാം.  
  • മരതില്‍ എന്നാണോ മരത്തില്‍ എന്നാണോ എഴുതിയത് എന്നു നോക്കൂ.  
  • സ്വയം തെറ്റുകണ്ടെത്തി തിരുത്തുന്നതിനുള്ള പരിശീലനമാണ് നല്‍കേണ്ടത്. ശരിയിലേക്കുള്ള ശരിയായ വഴിയാണ് വഴികാട്ടി കാണിച്ചുകൊടുക്കേണ്ടത്. അതിനാൽ തെറ്റുകൾ പഠനത്തിന്റെ സ്വാഭാവിക ഭാഗമാണ്. അതിന്റെ പേരില്‍ കുട്ടിയെ വഴക്ക് പറയരുത്.

5. രക്ഷിതാവ് “ സഹായി” ആയിരിക്കണം; “രചയിതാവ്” ആകരുത്

ഇത് വളരെ ലളിതമായി പറയാം:

  • കുട്ടിയുടെ ആശയം — കുട്ടിയുടേത്.
  • വാക്കുകളുടെ തിരഞ്ഞെടുപ്പ് — കുട്ടിയുടേത്.
  • എഴുത്തിനുള്ള ശ്രമം — കുട്ടിയുടേത്.


❌ തെറ്റായ സഹായം ✅ ഉചിതമായ സഹായം

  1. “ഇങ്ങനെ എഴുതണം... ഞാൻ പറയുന്നതുപോലെ എഴുതൂ.” ❌

  2. കുട്ടി പറഞ്ഞ കഥ രക്ഷിതാവ് മുഴുവൻ എഴുതി, കുട്ടിയെ അത് പകർത്തിക്കുക.❌

✅ ഉചിതമായ സഹായം

“നീ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?”
“
ആ വാക്ക് നിനക്ക് എങ്ങനെ എഴുതാൻ തോന്നുന്നു?”
“
നിനക്ക് അറിയാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് ആദ്യം ശ്രമിക്കൂ.”
“
വേണമെങ്കിൽ ആ വാക്ക് ഞാൻ കാണിച്ചുതരാം.”

അധ്യാപകര്‍ക്ക്....................................................... 

സമഗ്രഭാഷാപഠനരീതിയില്‍ സ്വതന്ത്ര എഴുത്തിന് വലിയ പ്രാധാന്യം ഉണ്ട്.

സമഗ്രഭാഷാപഠനരീതിയിൽ സ്വതന്ത്രരചന എന്നത് കുട്ടിക്ക് ഇതിനകം പഠിപ്പിച്ച വാക്കുകളും വാക്യങ്ങളും പകർത്തിയെഴുതുന്ന പ്രവർത്തനമല്ല. പുതിയൊരു സന്ദർഭത്തിൽ സ്വന്തം ആശയം പ്രകടിപ്പിക്കേണ്ടിവരുമ്പോൾ കുട്ടി തനിക്ക് അറിയാവുന്ന ഭാഷ ഉപയോഗിക്കുകയും, അറിയാത്ത വാക്കുകളോ അക്ഷരങ്ങളോ ഭാഷാരൂപങ്ങളോ കണ്ടെത്താനും പഠിക്കാനും ശ്രമിക്കുകയും ചെയ്യുന്ന സജീവമായ ഭാഷാപഠന പ്രക്രിയയാണ്.

ഉദാഹരണത്തിന്, ഒരു കഥാചിത്രം കണ്ട കുട്ടിക്ക് തന്റെ ആശയം പറയണമെന്നുണ്ട്. ആശയം കുട്ടിയുടെ മനസ്സിലുണ്ട്. എന്നാൽ അത് എഴുതാൻ ആവശ്യമായ എല്ലാ അക്ഷരങ്ങളും വാക്കുകളും കുട്ടിക്ക് പരിചിതമായിരിക്കണമെന്നില്ല. അവിടെയാണ് യഥാർത്ഥ ഭാഷാപഠനം ആരംഭിക്കുന്നത്.

“എനിക്ക് പറയാനുള്ളത് എന്താണ്?”
→ “
അത് എങ്ങനെ എഴുതാം?”
→ “
എനിക്ക് അറിയാവുന്ന അക്ഷരങ്ങൾ ഏതൊക്കെയാണ്?”
→ “
അറിയാത്തത് എങ്ങനെ കണ്ടെത്താം?”
→ “
എഴുതി നോക്കാം.”

ഇത്തരത്തിലുള്ള ശ്രമങ്ങളിലൂടെയാണ് കുട്ടി ഭാഷയെ ഉപയോഗിച്ചുകൊണ്ട് ഭാഷ പഠിക്കുന്നത്.

പാഠപുസ്തകത്തിലെ പരിചിതമായ വാക്യം കുട്ടിക്ക് കൃത്യമായി എഴുതാനാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് പ്രധാനമായും ഓർമ്മ, പകർത്തെഴുത്ത്, അക്ഷരപരിചയം എന്നിവയെക്കുറിച്ചുള്ള വിവരമാണ് നൽകുന്നത്.

എന്നാൽ സ്വതന്ത്രരചനയിൽ ചോദ്യം മറ്റൊന്നാണ്: “പരിചയമില്ലാത്ത ഒരു സന്ദർഭത്തിൽ കുട്ടിക്ക് തന്റെ ആശയം ഭാഷയിൽ ആവിഷ്കരിക്കാൻ കഴിയുന്നുണ്ടോ?”കുട്ടി എന്താണ് ചിന്തിച്ചത്, അത് എങ്ങനെ പ്രകടിപ്പിച്ചു, അറിയാത്ത ഭാഷാരൂപങ്ങളെ നേരിടുമ്പോൾ എന്ത് തന്ത്രമാണ് ഉപയോഗിച്ചത്, സഹായം സ്വീകരിച്ച് എങ്ങനെ മുന്നേറി തുടങ്ങിയവയും പരിഗണിക്കേണ്ടതുണ്ട്.

വിലയിരുത്തലിലും മാറ്റം

  • പഴയ രീതിയിലുള്ള ചോദ്യം: “പാഠപുസ്തകത്തിലെ വാക്യം ശരിയായി എഴുതാനറിയാമോ?”
  • എന്നതിൽ നിന്ന്, “പുതിയൊരു സന്ദർഭത്തിൽ സ്വന്തം ആശയം എഴുത്തിലൂടെ പ്രകടിപ്പിക്കാനാകുമോ?” എന്നതിലേക്ക് വിലയിരുത്തൽ മാറുന്നു.

താല്പര്യമുണര്‍ത്തുന്ന രചനാപ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അത് ക്ലാസില്‍ വിലമതിക്കുമ്പോള്‍ കുട്ടിയുടെ താല്പര്യം കൂടും. എങ്ങനെ വ്യത്യസ്തമായി ചിന്തിച്ചു എന്നതിലാണ് പ്രോത്സാഹനം വേണ്ടത്

  • തുടക്കം
  • കഥയുടെ വികാസം
  • കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി
  • മറ്റാരും ചിന്തിക്കാത്ത ആലോചന
  • കഥപാത്രങ്ങളുടെ പക്ഷത്ത് നിന്നുള്ള ചിന്ത
  • കഥാന്ത്യം
  • കഥയുടെ ഘടന
  • ഭാഷാസവിശേഷതകള്‍ ഇവയല്ലാം ടീച്ചര്‍ കണ്ടെത്താന്‍ ശ്രമിക്കണം, ഓരോ കുട്ടിക്കും ഭാവനയും തനിമയും ഉണ്ട്. അത് അംഗീകരിക്കപ്പെടണം. 



 

 

No comments: