ഒന്നാം ക്ലാസുകാരിയുടെ കഥയ്ക്ക് ആസ്വാദനക്കുറിപ്പ്
ഫാത്തിമ ജെസ, കാക്ക പായസം വച്ച കഥ മനോഹരമായി എഴുതി. കഥ വായിച്ച എനിക്ക് കഥയെക്കുറിച്ച് പറയാതിരിക്കാനാകുന്നില്ല. ഒന്നാം ക്ലാസുകാരിയുടെ രചനയ്ക് ആസ്വാദനക്കുറിപ്പ് എഴുതുക എന്നതിനോളം ത്രില്ല് വേറെ എന്തുണ്ട്.
അയ്യോ പ്രഥമന്‍ ആവുന്നില്ല എന്നിടം മുതല്‍ കഥയില്‍ പിരിമുറുക്കം ആരംഭിക്കുന്നു.
സമയം ആയി.
ഇപ്പോള്‍ ആവും.
ഇനി എപ്പോള്‍ ആകും എന്ന് എഴുതുമ്പോള്‍ ആകാംക്ഷ നിറയുകയാണ്.
ഒത്തിരിപേരെ ക്ഷണിക്കുകയും ചെയ്തു.
അയ്യോ തീയ് കെട്ടു
എന്നാകുമ്പോള്‍ കഥയില്‍ സംഘര്‍ഷം കൂടുകയാണ്.
വേഗം കത്തിക്കാം. ഷൈനീ വരൂ എന്ന് കഥ അവസാനിപ്പിക്കുന്നു.
വളരെ മനോഹരമായ രചന.
ആശയക്രമീകരണം കൃത്യമാണ്.
കഥയുടെ ഒഴുക്ക് ശ്രദ്ധേയം.
വാക്യഘടനയില്‍ ഒരു പ്രശനവും കാണാനില്ല. കാക്ക പായസം വച്ചുതുടങ്ങി എന്നത് മുതല്‍ ഭാഷയില്‍ ഒരു മാറ്റം കാണാം. കഥാപാത്രത്തിന്റെ മനസ്സില്‍ കയറി. അയ്യോ പ്രഥമന്‍ ആകുന്നില്ല എന്നത് കാക്കയുടെ ഉത്കണ്ഠയാണ്. കഥാഗതിയില്‍ ട്വിസ്റ്റ് വരുത്താനുള്ള എഴുത്തുകാരിയുടെ വൈഭവം അതിശയിപ്പിക്കുന്നു.
പായസത്തിന്റെ ഒട്ടുമിക്ക ചേരുവകളും രചനയില്‍ വന്നിട്ടുണ്ട്. ക്ലാസില്‍ ചര്‍ച്ച നടന്നിട്ടുണ്ടാകാം. ഷൈനി, ബീബൈ, പൂച്ച, കാക്ക, ഉറുമ്പ്, കോഴി എന്നിവര്‍ പാഠത്തിലെ കഥാപാത്രങ്ങളാണ്. അണ്ണാനും ആനയും ആടും കുരങ്ങും സ്വന്തം കഥാപാത്രസൃഷ്ടിയാണ്. ആട് പാല് കൊടുത്തു, ആന വിറക് കൊടുത്തു, കുരങ്ങന്‍ മുന്തിരി കൊടുത്തു. അവിടെയാണ് മറ്റൊരു കഥാനുഭവസ്വാധീനം. മുന്തിരങ്ങ പുളിക്കും എന്ന് പറഞ്ഞ കുരങ്ങ് മുന്തിരി നല്‍കുന്നതായി എഴുത്തുകാരി പറയുമ്പോള്‍ അതിനൊരു മാധുര്യം കൂടും. (ചെറിയ ഭാഷാപ്രശ്നങ്ങളുണ്ട്. അത് തിരുത്താനാകും .കൊ എന്ന് ചിലയിടത്ത് എഴുതിയത് മാറിപ്പോയി. ത്ത വേണ്ടിടത്ത് ന്ന വന്നു. ചില അക്ഷരങ്ങള്‍ വിട്ടുപോയി. എഴുത്തില്‍ മുഴുകുമ്പോള്‍ സംഭവിക്കുന്നതാണ്. ഇരട്ടിപ്പുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. രണ്ടാമത് ശ്രദ്ധാപൂര്‍വം വായിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. പ്രഥമന്‍, ക്ഷണിച്ചു എന്നീ വാക്കുകള്‍ തെറ്റില്ലാതെ എഴുതിയത് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.)
ജി. എൽ. പി എസ്. കരേക്കാട് സ്കൂളിലെ കുഞ്ഞുകഥാകാരിക്ക് എഴുത്തില്‍ മുന്നേറാന്‍ എല്ലാ ആശംസകളും.
ഡോ. ടി പി കലാധരന്‍
ടീച്ചര്‍ ക്ലാസില്‍ ചെയ്ത പ്രക്രിയ
ഞാന്‍ സെലീനടീച്ചറോട് പ്രക്രിയ ചോദിച്ചു. കിട്ടിയ മറുപടി ഇതാണ്. പഠന ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഇരുത്തി.... ചിത്രം നോക്കി ആശയങ്ങൾ പറയിപ്പിച്ചു.. ശേഷം കഥാസന്ദർഭം പൊതുവായി പറഞ്ഞു.. പായസത്തിന് എന്തെല്ലാം സാധനങ്ങൾ വേണ്ടിവരും.. ചർച്ച നടത്തി... കാക്ക പറന്നു പോയി ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടാവും... ബി ബൈ നടന്നു പോയി ആരെയൊക്കെ ക്ഷണിച്ചിട്ടുണ്ടാവും... ഇനി പായസം വെക്കാൻ വേറെ എന്തൊക്കെ സാധനങ്ങൾ കൂടി ആവശ്യമുണ്ട്?.... കുട്ടികളുടെ അടുത്തുനിന്ന് പ്രതികരണം ലഭിച്ചു.. കലം,വിറക്, പാല്, അണ്ടിപ്പരിപ്പ്,മുന്തിരി, നെയ്യ്, ശർക്കര,........
കാക്കയുടെയും ബീബയ് യുടെയും ക്ഷണം കേട്ട് ആരെല്ലാം എത്തിയിട്ടുണ്ടാവും...
ആന, കുരങ്ങൻ, തത്തമ്മ, മരം കൊത്തി.... ഇങ്ങനെ കുട്ടികളുടെ അടുത്തുനിന്ന് പ്രതികരണം വന്നു...
ഇനി ഇതെല്ലാം വെച്ച് നിങ്ങൾ എഴുതി നോക്കു..... ഗ്രൂപ്പിൽ വ്യക്തിഗതമായി എഴുതി... രചനകൾ പരിശോധിച്ചപ്പോൾ വൈവിധ്യം തോന്നിയ ഈ കുട്ടിയുടെ രചന പങ്കു വെച്ചു
അധ്യാപകസഹായിയില്‍ നിര്‌ദേശിച്ച പ്രക്രിയ
പ്രവര്‍ത്തന 29 : ചിത്രം നോക്കൂ കഥ എഴുതൂ ( പാഠപുസ്തകം പേജ് 48) |
പഠനലക്ഷ്യങ്ങള്‍ : ചിത്രസൂചനകളിൽ നിന്നും കഥ വികസിപ്പിച്ചെഴുതി പങ്കിടുന്നു. സ്വന്തം കഥകൾക്ക് ചിത്രീകരണം നടത്തുന്നു |
പ്രതീക്ഷിതസമയം : 30 മിനിട്ട് |
പ്രക്രിയാവിശദാംശങ്ങള്‍
കോഴിയാണത് ആദ്യംഅറിഞ്ഞത്. കോഴി കാക്കയോട് രഹസ്യം പറഞ്ഞു. കാക്ക ബീബൈയോട് പറഞ്ഞു.
" ആഹാ..നമുക്ക് എല്ലാവരെയും അറിയിക്കണം. ഞാൻ നടന്നുപോയി പറയാം നീ പറന്നുപോയി പറയൂ. ബീബൈ പറഞ്ഞു. അങ്ങനെ അവര്‍ നടന്നും പറന്നും പറയാന്‍ തുടങ്ങി . എന്തായിരുന്നു രഹസ്യമെന്നോ?!
നാളെ ഷൈനിയുടെ പിറന്നാളാണ്
അങ്ങനെ എല്ലാവരും ഒത്തുകൂടി.
ഷൈനി നമുക്കെല്ലാവർക്കും പാലപ്പം തന്നതല്ലേ, നമ്മളെന്താ ഷൈനിക്ക് ഉണ്ടാക്കി കൊടുക്കുക ? ബീബൈ ചോദിച്ചു.
എന്തായാലും നല്ല മധുരമുള്ള ഒരു സാധനം വേണം. നെയ്യുറുമ്പ് പറഞ്ഞു.
ഓരോരുത്തരും എന്തൊക്കെയായിരിക്കും പറഞ്ഞത്. സ്വതന്ത്ര പ്രതികരണം.
"പായസമാണേൽ
പ്രഥമൻ മതി "
പൂച്ച പറഞ്ഞു. ശരി പ്രഥമൻ ഞാൻ ഉണ്ടാക്കാം കാക്ക തയ്യാറായി.
പ്രഥമന് എന്തൊക്കെ സാധനങ്ങൾ വേണം ?
കോഴി ചോദിച്ചു.
എഴുതാം. അട. ശർക്കര, തേങ്ങാപ്പാൽ,
പ്രവർത്തനത്തിൻ്റെ തുടക്കം മുതൽ ഓരോരുത്തരും പറയുന്ന പ്രധാന പദങ്ങൾ ബോർഡിൽ പദസൂര്യനിൽ സന്നദ്ധയെഴുത്ത് . ടീച്ചര്‍ ചാര്‍ട്ടില്‍ എഴുതുന്നു .
ഉദാ: പായസം - ഏത് പായസം - പ്രഥമൻ - മധുരം വേണം - ബോളി ഉണ്ടോ?- ദേ ആ പാത്രം എടുക്കൂ - ശർക്കരയിൽ ഉറുമ്പ് -
.........
ഥ എന്ന അക്ഷരം ആദ്യമായി വരുന്ന പ്രഥമന്‍ എന്ന പദം ടീച്ചര്‍ ആദ്യം ചാര്‍ട്ടിലും പിന്നെ ബോര്‍ഡിലും ഘടന പറഞ്ഞു എഴുതേണ്ടതുണ്ട് . തുടര്‍ന്ന് കുട്ടികള്‍ പാഠപുസ്തകത്തില്‍ അടുപ്പിലെ പാത്രത്തിന്റെ ചിത്രത്തിനടുത്തായി പ്രഥമന്‍ എന്ന് എഴുതണം .
പിന്തുണനടത്തവും ആവശ്യമെങ്കില്‍ കട്ടിക്കെഴുത്തും നടത്തണം .
ഈ പാഠത്തിൽ പരിചയപ്പെടുത്തിയ ദ, ധ, ഥ, ബ , ഉ , ഏ എന്നീ അക്ഷരങ്ങൾക്ക് പുനരനുഭവം വരുന്ന വിധത്തിൽ കഥാ സംഭവങ്ങളെ കുട്ടിയുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത് ഗുണകരമാണ്.
രചനോത്സവത്തിലേക്ക്
ഭാവന ഉണർത്തുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സര്‍ഗാത്മകരചനാപ്രവര്‍ത്തനമാണ് രചനോത്സവം.2023-24 അക്കാദമിക വര്‍ഷം സചിത്രനോട്ട് ബുക്കിന്റെ ഭാഗമായി രചനോത്സവം ഒന്നാം ക്ലാസുകളില്‍ നടക്കുകയും പല വിദ്യാലയങ്ങളും കുട്ടികളുടെ രചനകള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. രചനോത്സവത്തിനായി സംഭവ ചിത്രങ്ങളാണ് വേണ്ടത്.
ആ ചിത്ര സന്ദർഭത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ഉന്നയിക്കണം.
- ചിത്രത്തിൽ എന്താണ് സംഭവിക്കുന്നത്/ ആരാണിവർ?
- ഇതിനു മുമ്പ് എന്തായിരിക്കാം സംഭവിച്ചത്?
- എവിടെ എപ്പോഴാണ് സംഭവം നടക്കുന്നത്?
- ഇതിനു ശേഷം എന്താകാം സംഭവിക്കുക?
കുട്ടികളുടെ പ്രതികരണങ്ങൾ പദസൂര്യനായി രേഖപ്പെടുത്തിയ ശേഷം വ്യക്തിഗത രചനയിലേക്ക് കടക്കാവുന്നതാണ്.
ചോദ്യങ്ങൾ കുട്ടിയുടെ സർഗാത്മക ചിന്തയെ തടസപ്പെടുത്തുന്ന തരത്തിലാവരുത്. പലവിധസാധ്യതകള്‍ കുട്ടികള്‍ ചിന്തിക്കണം. ഗുണപാഠമൊന്നും എഴുതാന്‍ പറയരുത്. ഇവിടെ കഥയുടെ പശ്ചാത്തലം ക്ലാസില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു, ഇനി എന്തായിരിക്കും സംഭവിക്കുക. ഇടതുപേജിലെ ചിത്രവും പരിഗണിച്ച് ചിന്തിക്കാം. ഉറുമ്പിനെയും കഥാപാത്രമാക്കാം.
കാക്ക പ്രഥമന്‍ വെച്ചു. പിന്നെന്താണ് സംഭവിച്ചത്?
കുട്ടികൾ വ്യക്തിഗതമായി കഥ എഴുതുന്നു. പാഠപുസ്തകം പേജ് 51 .
- സന്നദ്ധയെഴുത്ത്.
- പിന്തുണ നടത്തം.
- എഴുതാന്‍ സഹായ സൂചനകള്‍ നല്‍കാം പ്രശ്നം നേരിടുന്നവര്‍ ഉണ്ടെങ്കില്‍ പങ്കാളിത്തയെഴുത്ത് നടത്താവുന്നതാണ് .
- അംഗീകാരം നൽകൽ.
- അവതരണം.
എല്ലാകുട്ടികളുടെയും കഥകള്‍ അവതരിപ്പിക്കാന്‍ സമയപരിമിതി ഉണ്ടാകും. ഗ്രൂപ്പില്‍ അവതരിപ്പിക്കാം. അതിനു ശേഷം വെള്ളക്കടലാസ് നല്‍കി അത് മെച്ചപ്പെടുത്തി എഴുതിക്കണം. വീട്ടില്‍ വെച്ച് എഴുതിയാല്‍ മതി. അടുത്ത ദിവസം ശേഖരിച്ച് ഡിജിറ്റല്‍ പതിപ്പാക്കി പ്രകാശിപ്പിക്കണം. ഒന്നാം ക്ലാസില്‍ നിന്നുള്ള ആദ്യ സര്‍ഗാത്മകരചനാസമാഹാരം. വിശിഷ്ടവ്യക്തികളെ ക്ഷണിക്കാം.
പ്രതിദിന വായനപാഠം
- കുട്ടികളെഴുതിയ ഒരു കഥ ടൈപ്പ് ചെയ്ത് വായനസാമഗ്രിയാക്കി നല്‍കാം. അനുബന്ധമായി നല്‍കിയതും ഉപയോഗിക്കാം.
പ്രതീക്ഷിത ഉല്‍പ്പന്നം :
- കുട്ടികള്‍ കഥ അവതരിപ്പിക്കുന്ന വീഡിയോ
വിലയിരുത്തല്‍ :
- കുട്ടികള്‍ക്ക് പദസൂര്യന്‍ ഉപയോഗപ്പെടുത്തി വാക്യങ്ങള്‍ എഴുതാന്‍ കഴിയുന്നുണ്ടോ? കുട്ടികള്‍ എഴുത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?
- ഥ തിരിച്ചറിഞ്ഞു വായിക്കാനും ഘടന പറഞ്ഞെഴുതാനും കുട്ടികൾക്ക് കഴിയുന്നുണ്ടോ?

No comments:
Post a Comment