ക്ലാസില്‍ ഭിന്നനിലവാരക്കാരായ കുട്ടികളുണ്ട്. സ്ഥിരമായി ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് പലദിവസങ്ങളിലെയും പഠനലക്ഷ്യങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് പരിഹരിക്കാന്‍ ചെറുപഠനക്കൂട്ടം രൂപീകരിക്കാവുന്നതാണ്. രണ്ടുപേരുടെ ടീം . അത് സഹായം കൂടുതല്‍ വേണ്ട കുട്ടിയും സഹായിക്കാന്‍ കഴിവുള്ള കുട്ടിയും ചേര്‍ന്നതാകണം. ഒരു യൂണിറ്റിന്റെ വിനിമയത്തില്‍ ഈ ടീം സ്ഥിരമായിരിക്കും. അടുത്ത യൂണിറ്റില്‍ ചേരുവ മാറ്റാം. ഓരോ പഠനക്കൂട്ടത്തിനും പേര് നല്‍കണം. ഏതെങ്കിലും ദിവസം പഠനക്കൂട്ടത്തിലെ ഒരാള്‍ ഹാജരായില്ലയെങ്കില്‍ ടീമംഗത്തെ അന്നേ ദിവസത്തേക്ക് മറ്റൊരു ടീമിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
ചുവടെയുള്ള ചിത്രം നോക്കൂ. ചെറുപഠനക്കൂട്ടത്തിലെ എഴുത്ത് സന്ദര്‍ഭമാണ്. സംയുക്ത ഡയറി എഴുതാത്ത കുട്ടിയെ സഹായിക്കുകയാണ്.
എങ്ങനെയാണ് സഹായം? നേരിട്ട് എഴുതിക്കൊടുക്കുകയാണോ? അല്ല കുട്ടി ആദ്യം തനിച്ച് അറിയാവുന്ന അക്ഷരം ഉപയോഗിച്ച് എഴുതും. ചില വാക്ക് തന്നെ അപൂര്‍ണമായിരിക്കും.
സഹായിക്കുന്ന പഠനപങ്കാളി ഓരോ വാക്കും വായിച്ച് പ്രശ്നമുള്ള അക്ഷരത്തിന് അടിയില്‍ വരയിടും. അടിവരയിട്ട ശേഷം ആദ്യം എഴുതിയ കുട്ടിക്ക് അശ്രദ്ധകൊണ്ട് സംഭവിച്ച പിശകാണെങ്കില്‍ സ്വയം തിരുത്തും. അതല്ല അവ്യക്തതയാണെങ്കില്‍ ആ അക്ഷരമോ അക്ഷരം ചേര്‍ന്ന വാക്കോ സഹായി മറ്റൊരു പേപ്പറില്‍ എഴുതിക്കാണിക്കും. ചിലപ്പോള്‍ പാഠപുസ്തകത്തിലെയും ക്ലാസിലെ ചാര്‍ട്ടിലെയും വായനസാമഗ്രിയിലെയും തെളിവുവാക്യങ്ങള്‍ ഉദാഹരിക്കും
ഓരോ വാക്കും ശരിയാക്കിയ ശേഷം വായിച്ചു കേള്‍പ്പിക്കും. ഒന്നോ രണ്ടോ ചെറു വാക്യങ്ങളാകും എഴുതുക. ടീച്ചര്‍ വിലയിരുത്തി കുട്ടിയെ അഭിനന്ദിക്കും. ടീമിനെയും.
- ഒഴിവുവേളകളിലും പ്രശ്നപരിഹരണത്തിനായുള്ള ചെറുപഠനക്കൂട്ടം പ്രവര്‍ത്തിക്കാം
- ക്ലാസിലെ എഴുത്ത്, വായനസന്ദര്‍ഭങ്ങളില്‍ ചെറുപഠനക്കൂട്ടത്തിന് കൂട്ടായി ആലോചിക്കാം
- വ്യക്തിഗതശ്രമത്തിന് ശേഷമാകണം പരസ്പരസഹായം.
- കുട്ടിക്ക് കൈത്താങ്ങ് സഹപഠിതാക്കളില്‍ നിന്നും ലഭിക്കുന്നത് സഹവര്‍ത്തിത പഠനരീതിയില്‍ അനുവദനീയമാണ്. അത് യാന്ത്രികമായ കണ്ടെഴുത്തിലേക്ക് മാറാതെ നോക്കണം.
No comments:
Post a Comment