ഒന്നാം ക്ലാസിലെ രക്ഷിതാക്കള്‍ക്ക് അവരുടെ മക്കളുടെ പഠനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഗുണഭോക്താക്കളാണ് പഠന രീതിയെ വിലയിരുത്തുന്നത്.
1
കുട്ടികളുടെ പഠന മികവിനെ കുറിച്ച് :
- ക്ലാസ് ടീച്ചർ എന്ന നിലയിൽ പഠന മികവിന് മാസത്തിലും ആഴ്ചയിലും നൽകുന്ന സമ്മാനങ്ങൾ കുട്ടികളെ വാശിയോടെ പഠിക്കുവാൻ വളരെയേറെ സഹായിക്കുന്നുണ്ട്.
സംയുക്ത ഡയറിയെ കുറിച്ച് :
- എഴുത്തും വായനയും പരിശീലിപ്പിക്കുന്നതിനും സംയുക്ത ഡയറി എഴുത്ത് സഹായിക്കുന്നുണ്ട്
- കുഞ്ഞു മനസ്സിൽ അന്നേദിവസം ഉണ്ടായ കാര്യങ്ങൾ ഡയറിയിലേക്ക് എഴുതുവാൻ ഉത്സാഹിക്കുന്നത് വളരെ നല്ല അനുഭവമായി തോന്നിയിട്ടുണ്ട്. കൂടാതെ ചിത്രം വരയ്ക്കാനും നിറം നൽകാനുമുള്ള അവന്റെ കഴിവ് സംയുക്ത ഡയറി എഴുത്തിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
രചനോത്സവത്തെക്കുറിച്ച്
- രചനോത്സവത്തിൽ അവൻ ആദ്യമായി എഴുതിയത് കാക്ക പ്രഥമൻ വച്ച കഥയാണ്. അധികം തെറ്റുകൾ ഇല്ലാതെ അവൻ എഴുതിയിരുന്നു.
ഇഷ്ടപ്പെട്ട പാഠങ്ങളെക്കുറിച്ച്:
- വീട്ടിലെ ചുമരിൽ വളരെ ഭംഗിയായി എഴുതി വയ്ക്കുന്നുണ്ട്. അവൻ അങ്ങനെ എഴുതുന്നതിന് മാതാപിതാക്കൾ എന്ന നിലയിൽ പിന്തുണ നൽകിവരുന്നു.
- പറവകൾ പാറി എന്ന് പഠിച്ചതാണ്.അവൻ ആദ്യമായി എഴുതി വാക്യം.
- യാത്രകളിൽ കാണുന്ന പരസ്യ ബോർഡുകളിലും മറ്റും അവൻ പഠിച്ച വാക്യങ്ങൾ/ അക്ഷരങ്ങൾ ഉണ്ടെങ്കിൽ ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കും.
- കിട്ടുന്ന ചെറിയ ബുക്കുകൾ അതിലെ അക്ഷരങ്ങളും വാക്കുകളും കൂട്ടി വായിക്കാനും ടീച്ചർ നൽകുന്ന വായനാ പാഠം നന്നായി വായിക്കാനും കഴിയുന്നുണ്ട്.
- മണ്ണിലും മരത്തിലും യൂണിറ്റ് പഠിച്ചതിനുശേഷം ഓരോ പക്ഷികളെ കാണുമ്പോഴും അതിനെ ശ്രദ്ധിക്കാറുണ്ട്.
- അണ്ണാൻ നാരു കൊണ്ടുപോയപ്പോൾ പറഞ്ഞു അണ്ണാന് കൂടുണ്ടാക്കാനാണ് കൊണ്ടുപോകുന്നതെന്ന്. പലതരം ജീവികളുടെ കൂടുകൾ ടീച്ചർ കാണിച്ചുതന്നപ്പോൾ അണ്ണാന്റെ കൂടും കണ്ടിരുന്നു എന്ന്.
കുട്ടിയിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് :
- എന്റെ കുട്ടിക്ക് പനി മൂലം കുറച്ചുനാളത്തെ ക്ലാസ് നഷ്ടപ്പെട്ടു പോവുകയും അതിനുശേഷം ക്ലാസ്സിൽ എത്തിയപ്പോൾകുറച്ച് പിന്നോക്കം പോയി. പഠന മികവിൽ ടീച്ചർ നൽകുന്ന സ്റ്റാർ ലഭിക്കാതിരുന്നപ്പോൾ വിഷമം വന്നു. കൂട്ടുകാർക്ക് സ്റ്റാർ ലഭിക്കുകയും ചെയ്തു വീട്ടിലെത്തിയ അവൻ പറഞ്ഞു മിടുക്കനായി ഞാൻ ഇനി എന്നും സ്റ്റാർ വാങ്ങിക്കും. സ്റ്റാർ വാങ്ങിക്കുവാനുള്ള ഉത്സാഹത്തോടെ പഠിക്കുവാൻ ആരംഭിച്ചു അത് അവനിൽ വലിയ മാറ്റം ഉണ്ടാക്കിയ സംഭവമായി തോന്നിയിട്ടുണ്ട്.
- അധ്യാപിക നല്ല രീതിയിലുള്ള പ്രോത്സാഹനമാണ് നൽകുന്നത്.
- കുട്ടികളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും ക്ലാസ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കുന്നു.
- കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് സ്റ്റാർ, മിഠായി, പെൻസിൽ തുടങ്ങിയ ചെറിയ സമ്മാനങ്ങൾ നൽകുമ്പോൾ കുട്ടികൾക്കും ഒത്തിരി സന്തോഷം ആകുന്നു.
- അത് വാങ്ങിക്കുന്നതിന് വേണ്ടി അവൻ പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്.
ഷൈൻ, എഡ്വവേഡ് ഷൈൻ, G. L. P. S. മലയാറ്റൂർ, അങ്കമാലി സബ്ജില്ല, എറണാകുളം
2
പുല്‍ച്ചാടിയും മീന്‍കുഞ്ഞും
- ഒരു വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോൾ ക്ലാസിൽ കണ്ട ഒരു പുൽച്ചാടിയെ കുറിച്ചായിരുന്നു ഇഷാന്റെ സംസാരം മുഴുവനും, അപ്രതീക്ഷിതമായി ക്ലാസ്സിലേക്ക് കടന്നുവന്ന ആ അതിഥിക്ക് അവർ പല പേരുകൾ വിളിച്ചെങ്കിലും ഇഷാൻ അതിനെ വിളിച്ചത് കിറ്റി എന്നായിരുന്നു. പിറ്റേന്ന് അത് മരിച്ചു കിടക്കുന്ന കാഴ്ചയാണ് അവനും കൂട്ടുകാരും കണ്ടത് അത് ആ കുഞ്ഞു മനസ്സുകളെ വല്ലാതെ വേദനിപ്പിച്ചു.ആ വേദന കണ്ടിട്ടായിരിക്കണം അധ്യാപകൻ അവർക്ക് ഒരു മീൻകുഞ്ഞിനെ സമ്മാനമായി കൊടുത്തത്. അത് വളരെ സന്തോഷത്തോടെയാണ് അവൻ വീട്ടിൽ വന്ന് പറഞ്ഞത്
മടിയില്ലാത്ത പഠനം
- സ്കൂൾ ഒരു പഠനശാല എന്നതിലുപരി അവന് സ്വാതന്ത്ര്യത്തോടെ കളിക്കാനും വീട്ടിൽ എന്നപോലെ അധ്യാപകരോട് പെരുമാറാനും കഴിയും എന്നതുകൊണ്ട് ആയിരിക്കണം സ്കൂളിൽ പോകാൻ ഇതുവരെയും അവന് ഒരു മടിയും തോന്നാതിരുന്നത്.
പാഠങ്ങളുടെ സ്വാധീനം
- ഒരു ദിവസം ഒരു പൂമ്പാറ്റ പറക്കാൻ കഴിയാതെ മഴയത്ത് കിടന്നു നനയുന്നത് കണ്ടപ്പോൾ ഓടിവന്നു അവൻ എന്നോട് പറഞ്ഞു അമ്മേ അതിനെ രക്ഷിക്കൂ എന്ന്.. ഒരുപക്ഷേ സഹജീവിസ്നേഹം അവന് ഉടലെടുത്തതും പറവകൾ എന്ന പാഠഭാഗത്തിലൂടെ ആയിരിക്കാം.
അഭിമാനം
- മലയാളം ആണെങ്കിലും ഇംഗ്ലീഷ് ആണെങ്കിലും ഓരോ അക്ഷരങ്ങളും കൂട്ടിവച്ച് അവൻ വായിക്കുന്നത് കാണുമ്പോഴും മടിയില്ലാതെ പഠിത്തത്തിലുള്ള ഉത്സാഹം( ഡയറി എഴുത്ത് ഉൾപ്പെടെ) കാണുമ്പോഴും വളരെ അഭിമാനം തോന്നാറുണ്ട്.പഠന പ്രവർത്തനങ്ങൾ ഓരോന്നും ചെയ്യുമ്പോഴും കുട്ടികളാണ് ചെയ്യേണ്ടതെന്ന് അവൻ എന്നോട് പറയുമ്പോൾ ഒരേസമയം അത്ഭുതവും തോന്നാറുണ്ട്.
ഒന്നാംതരത്തെ' ഒന്നാന്തരം ആക്കി' മാറ്റാൻ ശ്രമിക്കുന്ന എല്ലാ അധ്യാപകർക്കും പൂർണ്ണ പിന്തുണ
- മറ്റൊരു ദിവസം ഒരു കുട്ടി ഉണ്ടാക്കിവന്ന കുഞ്ഞു പുസ്തകം കാണാതായി അവൾ കരഞ്ഞപ്പോൾ അവളോളം തന്നെ സങ്കടം അവനും ഉണ്ടായിരുന്നു അന്ന് തന്നെ അവൻ എന്നോട് വന്നു പറയുകയും കളർ പേപ്പർ ഉപയോഗിച്ച് അവൾക്ക് ഒരു കുഞ്ഞുപുസ്തകം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു❤️. പരസ്പര സ്നേഹം അന്യം നിന്ന് പോകുന്ന നമ്മുടെ സമൂഹത്തിൽ കുഞ്ഞുങ്ങളിൽ നിന്നുതന്നെ ഉണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങൾ മുതിർന്നവർ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.അവന്റെ ആ പ്രവൃത്തി തീർച്ചയായും ഒരു അമ്മ എന്ന നിലയിൽ എനിക്കേറെ അഭിമാനം കൊള്ളുന്ന ഒന്നായിരുന്നു. ഇതിന് അവനെ പ്രാപ്തനാക്കിയ അധ്യാപകനോടുള്ള നന്ദി ഈ അവസരത്തിൽ അറിയിച്ചുകൊള്ളുന്നു.. ഒന്നാംതരത്തെ' ഒന്നാന്തരം ആക്കി' മാറ്റാൻ ശ്രമിക്കുന്ന എല്ലാ അധ്യാപകർക്കും പൂർണ്ണ പിന്തുണയും സഹകരണവും ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ നൽകുന്നതായിരിക്കും
എന്ന് സ്നേഹത്തോടെ ഇഷാന്റെ അമ്മ..
പ്രഷിന ,മാച്ചേരി ന്യൂ യു പി സ്കൂൾ , കണ്ണൂർ നോർത്ത്.
3
ആശങ്കയുടെ കൊട്ടാരം തവിടുപൊടിയായ കഥ
- സംയുക്ത ഡയറി എന്ന ആശയം മോളുടെ അദ്ധ്യാപകൻ ആദ്യം തന്നെ മുന്നോട്ട് വെച്ചപ്പോൾ ഇതൊക്കെ ഈ കുഞ്ഞു മക്കളിൽ എങ്ങനെ പ്രാബല്യത്തിൽ വരുത്തും എത്രത്തോളം അവരെകൊണ്ട് ഇത് ചെയ്യിക്കാൻ പറ്റും എന്നൊരു ആശയകുഴപ്പം ആദ്യം മുതലേ എല്ലാ അമ്മമാരെ പോലെയും എന്റെയുള്ളിലും ഉടലെടുത്തിരുന്നു കാരണം 'അക്ഷരലോകത്തേക്ക് കടന്നു വെച്ച കുഞ്ഞുകുട്ടികൾ എങ്ങനെ ഡയറി എഴുതും?'
- വാക്കുകൾ പഠിച്ചു വരുന്നല്ലേയുള്ളു 🥺 എന്നായിരുന്നു മനസ്സിലെ അങ്കലാപ്പ്.. പക്ഷെ അദ്ധ്യാപകൻ പറഞ്ഞു തന്ന വിവരണത്തിൽ നിന്നും മനസ്സിലാക്കിയത് സാധാരണ കാണുന്ന അല്ലെങ്കിൽ പണ്ട് തൊട്ടേ എഴുതി ശീലിച്ച ഒരു ഡയറി അല്ല സംയുക്ത ഡയറി എന്നും മക്കളിൽ എഴുത്തും വായനയും എളുപ്പമാക്കാൻ അമ്മമാരുടെ സഹായത്തോടെ അറിയാത്ത വാക്കുകൾ പെൻ കൊണ്ട് അമ്മമാർ കൂട്ടിച്ചേർത്തു അവർക്കറിയുന്ന അക്ഷരങ്ങളുടെ കൂടെ വ്യത്യസ്ത അക്ഷരങ്ങൾ ചേർത്താൽ പുതിയ വാക്ക് ലഭിക്കുമെന്നും കുട്ടികൾക്കു മനസിലാക്കി കൊടുക്കാൻ സാധിച്ചു...
- പക്ഷെ തികച്ചും വ്യത്യസ്തമായൊരു ഉത്സാഹം തന്നെയാണു ആദ്യദിവസം തൊട്ട് ഇന്ന് വരെ ഞാൻ മകളിൽ കണ്ടത്, എന്ത് കണ്ടെന്നും എന്ത് നടന്നെന്നും ചിത്രം വരച്ചുചേർത്ത് നിറം പകർന്നു എഴുതാൻ വലിയ കമ്പം ആയി തുടങ്ങി...
- ഇപ്പോൾ ഓരോ ദിവസം പുലരുമ്പോൾ തന്നെ എന്താണ് ഡയറിയിൽ എഴുതേണ്ടത് എന്നും എന്തൊക്കെ കാര്യങ്ങൾ അവർ അതിനു വേണ്ടി നിരീക്ഷിക്കുന്നത് എന്നും ഈ അക്ഷരമല്ലേ ഈ വാക്കിന് എഴുതുക എന്നൊക്കെയുള്ള കാര്യങ്ങൾ കാണുമ്പോൾ ഒരമ്മ എന്ന നിലയിൽ ആദ്യം ഞാൻ മുന്നോട്ട് വെച്ച ആശങ്കയുടെ കൊട്ടാരം തവിടുപൊടിയായെന്നു പറയാം..
- സംയുക്ത ഡയറി കുട്ടികളിൽ വായനെയും എഴുത്തിനെയും മാത്രമല്ല സ്വാധീനിച്ചത്, മറിച്ചു അവരിൽ ദീർഘവീക്ഷണവും, ചിന്താശേഷിയും, ഭാവനാശേഷിയെയും വരെ ഉടലെടുക്കാൻ സഹായിച്ചിട്ടുണ്ട് എന്നത് വളരെ നല്ലൊരു കാര്യമാണ്...ഒരു പ്രധാന കാര്യമെന്തെന്നാൽ ഞാൻ അടക്കമുള്ള എല്ലാ രക്ഷിതാക്കളും വലിയ ക്ലാസ്സുകളിൽ എത്തിയിരുന്ന കാലത്തും മലയാളം എഴുതിയിരുന്നത് വാമൊഴിയിൽ തന്നെയാണ് എന്നാൽ സംയുക്ത ഡയറി എഴുത്തു വരമൊഴിയിൽ എഴുതിപഠിക്കാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ പ്രാപ്തരാക്കാൻ സഹായിക്കുമെന്നതിൽ ഒരു സംശയവും വേണ്ട, അതുപോലെ എന്റെ കെജി ക്ലാസ്സിൽ പഠിക്കുന്ന രണ്ടാമത്തെ മകളും ഡയറിക്കു വേണ്ടി ഒരു പുസ്തകം മാറ്റി വെച്ച് ചേച്ചിയെ പോലെ അന്നേ ദിവസം ഉണ്ടായ കാര്യങ്ങൾ വരച്ചു ചേർക്കുന്നതും അമ്മേ എനിക്കും എഴുതി തരുമോ എന്ന് ചോദിക്കുന്നതും കാണുമ്പോൾ എത്ര മാറ്റമാണ് ഓരോ പഠനരീതികളും വ്യത്യസ്ത പ്രായമുള്ള കുട്ടികളിൽപോലും മാറ്റം ഉളവാക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും ....
- ടീവിയിലും മൊബൈൽ ഫോണിലും കുട്ടികൾ അടിമപെടുന്ന കാലഘട്ടത്തിൽ അവർക്ക് ചുറ്റുപാടുമുള്ള വസ്തുക്കളെയോ, ചുറ്റും നടക്കുന്ന കാര്യങ്ങളെയോ നീരീക്ഷിക്കാനോ അതിനെ കുറിച്ച് ചിന്തിക്കാനോ പഠിക്കാനോ താല്പര്യമില്ലാത്തവരായി മാറിക്കൊണ്ടിരിക്കുമ്പോൾ സംയുക്ത ഡയറി എന്ന ആശയം വലിയൊരു മാറ്റം കുട്ടികളിൽ സൃഷ്ടിക്കും എന്നതിന് വലിയൊരു ഉദാഹരണം ആണ്,
- കുട്ടികൾക്ക് പഠനത്തോട് അലസത ഇല്ലാതെ തന്നെ അക്ഷരങ്ങളെ പെട്ടന്ന് തന്നെ സ്വായക്തമാക്കാൻ സംയുക്ത ഡയറി സഹായകരമാകും....
- എന്റെ മകളിൽ ഡയറിയെഴുത്തു ഇപ്പോൾ ഒരാഴ്ച കൊണ്ട് പുതിയ വാക്കുകൾ പഠിക്കാനും അറിയാനും വായിക്കാനും സഹായിച്ചിട്ടുണ്ട്...
- അതുപോലെ അവരുടെ ചിന്തകൾക്കും പ്രവർത്തികൾക്കും അക്ഷരലോകത്തേക്ക് പറന്നുയരാൻ പുതുചിറക് കൈവരിച്ചതിന് ഹൃദയത്തിൽ നിന്നും നന്ദി ഞാൻ അറിയിക്കുന്നു..
എഴുത്തു മുഷിപ്പിച്ചില്ലെന്ന് വിചാരിക്കുന്നു, ഇവിടെ നിർത്തുന്നു...
എന്നു ശിവയുടെ അമ്മ 🥰
സുകന്യ (രക്ഷിതാവ് ), ശിവദ, മാച്ചേരി ന്യൂ യു പി സ്കൂൾ.കണ്ണൂർ നോർത്ത്.
4
ഞാൻ വിചാരിച്ചതിലും എത്രയോ ഭംഗിയായി അവന്റെ എഴുത്തും വായനയും മുന്നോട്ടു പോകുന്നു.
- എന്റെ മകൻ ഈ വർഷം ഒന്നാം തരത്തിൽ എത്തിയിരിക്കുന്നു. ഒന്നാം തരത്തിനു വളരെ പ്രാധാന്യം ഉണ്ടല്ലോ. കാരണം പ്രീ പ്രൈമറിയേക്കാളും കൂടുതൽ എഴുത്തും വായനയും കാര്യമായി ഇത്തിരി ഗൗരവത്തോടെ ആരംഭിക്കുന്നത് ഒന്നാംതരം മുതൽ ആണല്ലോ. അതിനാൽ എനിക്ക് വലിയ ആശങ്ക ഉണ്ടായിരുന്നു. എങ്ങനെയാകും അവന്റെ പഠന നിലവാരമെന്നതിനെക്കുറിച്ച്. എന്നാൽ ഞാൻ വിചാരിച്ചതിലും എത്രയോ ഭംഗിയായി അവന്റെ എഴുത്തും വായനയും മുന്നോട്ടു പോകുന്നു. അക്ഷരങ്ങൾ എഴുത്തിന്റെ ഘടനക്കനുസരിച് എഴുതുന്നു. തെറ്റായി എഴുതി ശീലിച്ച പല അക്ഷരങ്ങളും അതിന്റെ ഘടനക്കനുസരിച് എഴുതാൻ തുടങ്ങിയിരിക്കുന്നു. ഒരു കഥ കേട്ടാൽ പുസ്തകത്തിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി അവന്റെ ഭാഷയിൽ പറയുന്നു.
ആ കുണുങ്ങലിൽ എന്റെ മനസ്സ് വേദനിക്കും
- പുറത്തേക്കു എവിടെ പോയാലും വണ്ടികളുടെയും കടകളുടെയും ഒക്കെ പേരുകൾ ശ്രദ്ധിക്കുന്നു. അക്ഷരങ്ങൾ ശ്രദ്ധിച്ചു എന്നോട് ചോദിക്കും അമ്മേ അത് ഇന്ന അക്ഷരം അല്ലെ. ഈ ചിഹ്നം അല്ലെ, ഊ ചിഹ്നം അല്ലെ, വള്ളി അല്ലെ പുള്ളി അല്ലെ എന്നൊക്കെ. ചിലപ്പോൾ എനിക്ക് ദേഷ്യം വരും. ഒന്ന് മിണ്ടാതിരിക്കൂ എന്നു പറഞ്ഞു പോകും. അപ്പോൾ കുണുങ്ങിക്കൊണ്ട് അവൻ എന്നോട് പറയും അമ്മേ എനിക്ക് അറിയാഞ്ഞിട്ടല്ലേ ചോദിക്കുന്നത് എന്നു. ആ കുണുങ്ങലിൽ എന്റെ മനസ്സ് വേദനിക്കും. പാവം എന്തിനാ വെറുതെ അവനോട് ദേഷ്യപ്പെട്ടതു എന്നു തോന്നിപ്പോകും. അറിയാനുള്ള ആഗ്രഹത്തെ ഞാൻ നിരുത്സഹാപ്പെടുത്തിയോ എന്നു തോന്നിപ്പോകും.
പക്ഷികളുടെ പാഠങ്ങള്‍ ജീവിതത്തിലേക്ക്
- പറവകളെക്കുറിച്ചുള്ള പാഠഭാഗത്തു കലപില എന്നാ വാക്ക് പഠിച്ചതോടെ ഇവിടെ പക്ഷികൾ ശബ്ദം ഉണ്ടാക്കുമ്പോഴും ഓടി വന്നു എന്നോട് പറയും അമ്മേ പക്ഷികൾ കലപില ആക്കുന്നത് കണ്ടോ എന്ന്. പക്ഷികളെ പറ്റിയുള്ള ഒന്നാമത്തെ പാഠത്തെ അന്വർത്ഥ മാക്കിക്കൊണ്ട് വീടിന്റെ കോണിലുള്ള അയലിൽ ഒരു തേൻ കുരുവി കൂടു വെക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ ഞങ്ങളെ കാണുന്ന മാത്രയിൽ അവ പറന്നു പോകും. ഞങ്ങൾ ഉപദ്രവകാരികൾ അല്ലെന്നു മനസിലായതുകൊണ്ടവാം ഇപ്പോൾ പെട്ടെന്നൊന്നും അവ ഞങ്ങളെ കാണുമ്പോൾ പറന്നു പോവാറില്ല. അവർ കരിയിലകളും നാരുകളും കൊണ്ടുവരുന്നതും കൂടു നിർമ്മിക്കുന്നതും മകൻ ശ്രദ്ധിക്കാറുണ്ട്. ഇനി അവ മുട്ട ഇടുന്നതും കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും ഒക്കെ കണ്ടും അനുഭവിച്ചും അവൻ പഠിക്കട്ടെ.
ഇത്രയും ചുരുങ്ങിയ കാലയളവിൽ മകൻ എഴുത്തിലും വായനയിലും മറ്റുവിഷയങ്ങളിലും മികവുറ്റതാക്കാൻ സഹായിച്ച പ്രിയപ്പെട്ട അധ്യാപകനോടും ഉള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. തുടർന്നും ഒന്നാം തരത്തിലെ മക്കൾക്ക് വേണ്ടി എല്ലാ വിധ പ്രോത്സാഹനവും പിന്തുണയും നൽകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
നന്ദി.
ശ്രീഷ്മ.(രക്ഷിതാവ് ), ശ്രീവേദ്., മാച്ചേരി ന്യൂ യു പി സ്കൂൾ , കണ്ണൂർ നോർത്ത്
5
വളരെ അധികം ആത്മസംതൃപ്തി
ഞാൻ നെയ്യാറ്റിൻകര ഗവ.ജെ ബി. എസിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മാനവിന്റെ അമ്മയാണ്.
സംയുക്ത ഡയറിയിലും, പുതിയ പഠന രീതിയിലും, സ്വതന്ത്ര വായനാ പാഠങ്ങൾ വായിക്കാനുള്ള ഉത്സാഹത്തിലും രചനോത്സവത്തിലും താല്പര്യത്തോടെ കഥ എഴുതാനും വായിക്കാനും മാനവിന് കഴിയുന്നു.
ഒന്നാം ക്ലാസിലെ മാനവിനുണ്ടാക്കിയ മാറ്റമാണ് എനിക്ക് വളരെ അധികം ആത്മസംതൃപ്തി നൽകുന്നത്.
"ഇന്നത്തെ പ്രത്യേകതയെന്താ അച്ഛാ...അല്ലെങ്കിൽ അമ്മാ...... "
എന്നാണ് സ്കൂളിൽ നിന്നും വരുമ്പോഴുള്ള മാനവിൻ്റെ ആദ്യത്തെ ചോദ്യം. ആദ്യമൊന്നും ഞങ്ങൾക്ക് മനസ്സിലായില്ല എന്തിനാണ് ഇവൻ ഇങ്ങനെ ചോദിക്കുന്നതെന്ന് .....
പിന്നെ പിന്നെ മനസ്സിലായി അവന് ഡയറി എഴുതാൻ വേണ്ടിയാണ്. അച്ഛനുമ്മയും അടുത്ത് കിട്ടിയില്ലെങ്കിൽ പിന്നെ ഈ ചോദ്യം കാണുന്നവരോടെല്ലാമായി. അതിനു ശേഷം അവൻ ആലോചിക്കും "ഇന്നെന്തെഴുതണം ഡയറിയിൽ ? "എന്ന് ചിന്തിക്കാൻ തുടങ്ങും. സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ ഓരോ സ്ഥലവും സംഭവങ്ങളും നിരീക്ഷിക്കാൻ തുടങ്ങും .....
അങ്ങനെ ഡയറി എഴുത്തിലൂടെ അവന്റെ നിരീക്ഷണ പാടവത്തിന് മാറ്റം വരാൻ തുടങ്ങി.
നാല് മാസം കഴിഞ്ഞപ്പോൾ
ഒരു ഒന്നാം ക്ലാസുകാരന്റെ ചോദ്യങ്ങൾക്കുള്ള മറുപടി അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകാൻ ഞങ്ങൾ ശ്രദ്ധിക്കാനും തുടങ്ങി. ഡയറി എഴുത്തിൽ ആദ്യമാദ്യം തെറ്റുകളൊക്കെ സംഭവിക്കുമായിരുന്നു...നാല് മാസം കഴിഞ്ഞപ്പോൾ ക്രമേണ അക്ഷരത്തെറ്റുകൾ കുറയാനും തുടങ്ങിയിട്ടുണ്ട്. ഭാഷാശുദ്ധി വരുത്താനും ശ്രദ്ധിക്കുന്നുണ്ട്. എന്തായാലും ഞങ്ങൾക്കുറപ്പുണ്ട് അവന് ഉയർന്ന ക്ലാസ്സുകളിലെത്തുമ്പോൾ അക്ഷരത്തെറ്റുകൾ കാരണം ബുദ്ധിമുട്ടില്ലെന്ന്..
ഉറപ്പാണ് പ്രതീക്ഷയാണ്
അതുപോലെ തന്നെയാണ് പടം വരക്കുന്നതിനുള്ള താത്പര്യം. ക്ലാസ് മുറിയിൽ നൽകുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ഒരു സന്ദർഭത്തിന് അനുസരിച്ച് ചിത്രം വരക്കാനുള്ള കഴിവ് കൂടുകയും ചെയ്യുന്നുണ്ട്. ഏതു സന്ദർഭത്തിന് ഏതു പടം അനുയോജ്യമാവും എന്ന ചിന്തയും അവനിൽ വളരുന്നു... ഇങ്ങനെ നോക്കുമ്പോൾ ഒന്നാം ക്ലാസ്സ് മുതൽ ഡയറിയെഴുതുന്ന മാനവിനെ സംബന്ധിച്ചിടത്തോളം ഉറപ്പാണ് അവൻ മുതിരുമ്പോൾ അക്ഷരത്തെറ്റില്ലാതെയും, പദശുദ്ധിയോടെയും ചിത്രീകരണ പാടവത്തോടെയും മികച്ച ഡയറി എഴുത്തുകാരനായി മാറുമെന്ന് ... ഇത് ഞങ്ങളുടെ വിശ്വാസമാണ് ......
കുഞ്ഞുനാൾ മുതൽ ഡയറിയെഴുതുന്ന കാരണം നമ്മുടെ ചുറ്റുപാടിലെ ഓരോ ചെറിയ കാര്യങ്ങളും നിരീക്ഷിക്കാനുള്ള പാടവം കൂടുകയും ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്...
അക്ഷരങ്ങൾ കൂട്ടിവായിക്കാനുമുള്ള കഴിവും കൂടും. കൈയെഴുത്ത് കൂടുതൽ മെച്ചപ്പെടാനും ഇത് വളരെ ഉപകാരപ്രദമാണ്. യഥാർത്ഥത്തിൽ വളരെയധികം സംതൃപ്തിയുള്ള ഒരു പ്രവർത്തനമാണ് സംയുക്തഡയറി എഴുത്ത്......
എല്ലാ ദിവസവും ക്ലാസ്സ് ടീച്ചർ ശ്യാമ ടീച്ചർ ഡയറി വായിപ്പിക്കുന്നതു കാരണം ഉച്ചാരണശുദ്ധി കൂട്ടാനും അക്ഷരം കൂട്ടി പത്രം വായിക്കാനും, കഥാപുസ്തകങ്ങൾ വായിക്കാനും കഴിയുന്നുണ്ട്. ഇപ്പോൾ പുസ്തകക്കുറിപ്പും വളരെ വ്യക്തതയോടെ എഴുതാൻ കഴിയുന്നു . പി. എം. ആതിര , മാനവിന്റെ അമ്മ. ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര
6
എട്ട് കാര്യങ്ങള്‍
1.കുട്ടികളിൽ വളരെയധികം പുരോഗതിയുണ്ട്.
2.സംയുക്ത ഡയറി എഴുതുന്നതിലൂടെ മലയാള അക്ഷരങ്ങൾ വേഗത്തിൽ പഠിക്കാൻ സാധിച്ചു. സ്വന്തമായി കവിതകൾ, കഥകൾ എഴുതാനുള്ള ഒരു പരിശീലനം കൂടിയാണിത്.
3.വായന വിപുലപ്പെടുത്താൻ കുഞ്ഞു കഥകൾ ഓരോ ദിവസവും ഒരു കുട്ടി വായിക്കുക എന്ന രീതി നടപ്പാക്കാവുന്നതാണ്.
4.കുഞ്ഞഴുത്തിലെ വർക്കുകൾ കുട്ടികളിൽ ചിത്രങ്ങൾ വരയ്ക്കാനും രൂപങ്ങൾ ഉണ്ടാക്കാനും ഉള്ള കഴിവു കൂട്ടുന്നു.
5. കുട്ടികളിൽ അമിതഭാരം ഉണ്ടാക്കുന്നുണ്ട് അവരുടെ പ്രായം കൂടി കണക്കാക്കേണ്ടതായിരുന്നു
6. പാഠവുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനങ്ങളും ചാർട്ട് നിർമ്മാണം, കൊളാഷ് നിർമ്മാണം, രൂപങ്ങൾ ഉണ്ടാക്കൽ ഇവയെല്ലാം കുട്ടികൾ സ്വന്തമായി ഉണ്ടാക്കാൻ പഠിച്ചു.
7..എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനുള്ള കഴിവ് ഈ പഠന രീതിയിലൂടെ സാധ്യമാകുന്നുണ്ട്.
8.പഠനത്തെ കൂടുതൽ രസകരമാക്കാൻ സാധിക്കുന്നുണ്ട്.
Shibitha, M/O Anvika&Ashvika, G L. P S karad
No comments:
Post a Comment