തത്സമയ കഥാരചന
“ഇന്നലെ രചനോത്സവ ചിത്രം ക്ലാസ്സിൽ നൽകി കുട്ടികളോട് കഥ എഴുതാൻ പറഞ്ഞു. കുറെ കുട്ടികൾ അക്ഷരതെറ്റില്ലാതെ വളരെ നന്നായി എഴുതി. തത്സമയ രചന നടത്തുമ്പോൾ ഓരോ കുട്ടികളും ഏത് നിലവാരത്തിൽ നിൽക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. അക്ഷരതെറ്റുകൾ വരുത്തിയ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകാനും കഴിയും. കുട്ടികളുടെ രചനകൾ വായിച്ചപ്പോൾ ഏറെ സന്തോഷം തോന്നി.”
ടീച്ചർ ഈ കുറിപ്പ് സഹിതം ജസ റമദാൻ, (എ. എം. എൽ. പി എസ് തിരുനാരായണപുരം) എഴുതിയ കഥ എനിക്ക് അയച്ചുതന്നു.
ഞാൻ ചില *വിലയിരുത്തൽ സൂചകങ്ങൾ ഉണ്ടാക്കി* രചന പരിശോധിച്ചു.
1. വിവിധ ചിത്രങ്ങളിലെ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുണ്ടോ? — ഉണ്ട്.
2. ചിത്രസൂചനകളെ ക്രമപ്പെടുത്തി കഥയ്ക്ക് തുടർച്ച നൽകുന്നുണ്ടോ? — ഉണ്ട്.
3. കണ്ടെത്തിയ ആശയങ്ങൾ വാക്കുകളിലൂടെയും വാക്യങ്ങളിലൂടെയും പ്രകടിപ്പിക്കുന്നുണ്ടോ? — ഉണ്ട്.
4. ചിത്രങ്ങളിൽ നേരിട്ട് കാണാത്ത ആശയങ്ങളോ സംഭവങ്ങളോ ഭാവനയിലൂടെ കൂട്ടിച്ചേർക്കുന്നുണ്ടോ? — ഉണ്ട്.
*വിലയിരുത്തൽ സൂചകങ്ങൾ* രചനയെ വായിക്കാൻ സഹായിക്കണം; എന്നാൽ *രചനയിലെ മികവുകൾ കണ്ടെത്തുന്നതിന് തടസ്സമാകരുത്.*
ഇങ്ങനെ വിലയിരുത്തിയപ്പോൾ *രചനയോട് നീതി കാണിച്ചില്ല എന്ന തോന്നൽ* എനിക്കുണ്ടായി. ഞാൻ *വീണ്ടും രചന വായിച്ചു* .
സന്ദർഭാനുസൃത പദപ്രയോഗം: 'പുറത്ത്' എന്ന ആശയം വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.
അർത്ഥവ്യത്യാസം തിരിച്ചറിയൽ: മുട്ടയിൽനിന്നുള്ള പുറത്തുവരലും മറ്റൊരു ഇടത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങലും ഭാഷയിൽ വേർതിരിച്ചത് രചനയെ മിന്നിച്ചു എന്നു പറയാം.
ക്രിയാപ്രയോഗത്തിലെ സൂക്ഷ്മത: 'വന്നു', 'ഇറങ്ങി' എന്നീ ക്രിയകൾ സന്ദർഭത്തിനനുസരിച്ച് തിരഞ്ഞെടുത്തിരിക്കുന്നു. ഒന്നാം ക്ലാസിലെ കുട്ടിയുടെ തത്സമയ രചനയാണിത് എന്നോർക്കണം.
ഭാഷാബോധം: അനുഭവങ്ങളെയും സംഭവങ്ങളെയും വ്യത്യസ്ത ഭാഷാപ്രയോഗങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ബോധം പ്രകടമാണ്.
“കുഞ്ഞിന് ഭക്ഷണം കൊടുക്കണ്ടേ?” — കഥാസന്ദർഭത്തിൽ നിന്ന് കുട്ടി സ്വയം ഉന്നയിക്കുന്ന ചോദ്യമാണ്. കഥാപാത്രത്തിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചിന്തയും സംഭാഷണാത്മക ഭാഷയും ഇതിൽ കാണാം.
“അതിന് കുറച്ചു നേരമാണ് അടയിരുന്നത്.” — ഒരു സംഭവത്തെ കുട്ടി സ്വന്തം ഭാഷയിൽ വിശദീകരിക്കുന്ന രീതിയാണിത്. മുതിർന്നവർ തിരുത്തി എഴുതുന്ന ഔപചാരിക ഭാഷയല്ല; കുട്ടിയുടെ സ്വാഭാവിക ഭാഷയും ആശയബന്ധവും നിലനിൽക്കുന്നുണ്ട്.
കുട്ടികളുടെ രചനകളെ അക്ഷരത്തെറ്റുകൾ നോക്കി തിരുത്തേണ്ട വാക്യങ്ങളായി മാത്രം കാണാതെ, കുട്ടിയുടെ ഭാഷയുടെ തനിമ, കഥാസന്ദർഭം സൃഷ്ടിക്കൽ, സ്വാഭാവിക ആഖ്യാനശൈലി എന്നിവയുടെ തെളിവുകളായി കാണണം. കുട്ടികളുടെ രചനകൾ വായിച്ച് തനിമ കണ്ടെത്താനുള്ള സാക്ഷരത അധ്യാപകർ ആർജിക്കേണ്ടതുണ്ട്.
ഇത്തരം രചനകൾ ശേഖരിച്ച് കാലക്രമത്തിൽ താരതമ്യം ചെയ്താൽ, കുട്ടിയുടെ ആഖ്യാനശേഷി, വാക്യവികാസം, എഴുത്തിലെ സ്വാതന്ത്ര്യം, ഭാവന എന്നിവയുടെ വളർച്ച വ്യക്തമായി നിരീക്ഷിക്കാനാകും.
ഈ രചന വായിക്കാൻ കിട്ടിയത് മനസ്സിന് കുളിർമ നൽകി.
Dr. Kaladharan T. P.

No comments:
Post a Comment