ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, April 20, 2020

കൊവിഡും ലോകരാഷ്ട്രങ്ങളിലെ പഠനപ്രതിസന്ധിയും

കൊവിഡ്, ലോകത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ സ്വാധീനമാണ് ചെലുത്തുക
എന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. അതിലൊന്ന് സാധ്യായദിനനഷ്ടമാണ്. എല്ലാ രാജ്യങ്ങളിലും കുട്ടികള്‍ക്കുളള നീണ്ട അവധിക്കാലം സമാനമാസങ്ങളിലല്ല. പക്ഷേ എല്ലാ രാഷ്ട്രങ്ങളെയും കൊവിഡ് ആക്രമിച്ചിരിക്കുന്നത് ജനുവരി മുതലുളള മാസങ്ങളിലാണ്. ഇന്ത്യില്‍ എപ്രില്-‍ മെയ് വേനലവധിയാണ്. അതിനാല്‍ കൊവിഡ് സ്കൂള്‍ ദിനങ്ങളെ കാര്യമായി ബാധിക്കില്ല എന്നു കരുതാം. പരീക്ഷകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളെ അത് ബാധിക്കും. സാധ്യായദിനങ്ങളുടെ പുനക്രമീകരണം അവര്‍ക്ക് പ്രശ്നമായിത്തീരുകയാണ്. രാജ്യങ്ങളുടെ അവധിദിനങ്ങളെങ്ങനെയെന്നു നോക്കാം.
  • സിംഗപ്പൂരില്‍ നാലു ടേമുകളിലാട്ടാണ് പഠനം നടക്കുക. അത് രണ്ടു സെമസ്റ്ററുകളായി പരിഗണിക്കും. ഓരോ ടേമിലും പത്താഴ്ചയുണ്ടാകും. ഒന്നാം ടേം കഴിയുമ്പോള്‍ ( മാര്‍ച്ചില്‍) ഓരാഴ്ച അവധിയുണ്ടാകും.. രണ്ടാം ടേം കഴിയുമ്പോള്‍ നാലാഴ്ചത്തെ അവധി ( ജൂണില്‍) മൂന്നാം ടേം കഴിഞ്ഞാല്‍ ഒരാഴ്ചത്തെ അവധി ( സെപ്തംബര്‍) നാലാം ടേം കഴിയുമ്പോള്‍ നാലോ അഞ്ചോ ആഴ്ചത്തെ അവധി.(ഡിസംബറിലെ കാലാവസ്ഥയനുസരിച്ച്)
  • ഫ്രാന്‍സില്‍ അതത് വര്‍ഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയാണ് ചെയ്യുക. വിനോദസഞ്ചാരികളുടെ അമിതപ്രവാഹം നിയന്ത്രിക്കുന്നതിനു കൂടിയുളള ക്രമീകരണമാണത്. അവധിയാകുമ്പോള്‍ കുടുംബസമേതമുളള വിനോദയാത്ര നടക്കുന്നതാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ തിരക്കിന് കാരണം രാജ്യത്തെ മൂന്നു മേഖലകളായി തിരിക്കും. ഓരോ മേഖലയ്കും ഓരോ കാലമായിരിക്കും അവധി.ജൂലൈ മുതല്‍ ആഗസ്റ്റ് വരെ കാലയളവിലാണ് അവധി വരിക.
  • ജര്‍മനയിലെ പതിനാറ് സംസ്ഥാനങ്ങള്‍ക്കും അവരവരുടെ തീരുമാനപ്രകാരം അവധി നിശ്ചയിക്കാം. പുതുവത്സരത്തിന് രണ്ടാഴ്ച, ഈസ്റ്ററിന് രണ്ടാഴ്ച, വേനല്‍ക്കാലത്ത് ആറാഴ്ച, ശരത്കാലത്ത് രണ്ടാഴ്ച എന്നിങ്ങനെ പൊതുവായി പറയാം.
  • ഇറ്റലിയില്‍ ജൂണ് പകുതി മുതല്‍‍ മുതല്‍ സെപ്തംബര് രണ്ടാം വാരം ‍ വരെയാണ് സാധാരണഗതിയില്‍ അവധി വരിക. പന്ത്രണ്ടാഴ്ചത്തെ അവധിയുണ്ടാകാം.അതായത് അവര്‍ക്കിപ്പോള്‍ത്തന്നെ ഏറെ സാധ്യായദിനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ജൂണിലേക്ക് എങ്ങനെ പ്രവേശിക്കുമെന്നതാണ് ആശങ്ക
  • ഇന്ത്യയില്‍ രണ്ടു മാസമാണ് അവധിക്കാലമെങ്കില്‍ അയര്‍ലാന്‍ഡ്, ലുത്വാനിയ, റഷ്യ എന്നീ രാജ്യങ്ങളില്‍ മൂന്നു മാസമാണ് കുട്ടികള്‍ക്കുളള വേനല്‍ക്കാല അവധി. 
    കാനഡയില്‍ ജൂലൈ ,‍ ആഗസ്റ്റ് മാസങ്ങളാണ്.
  • അമേരിക്കയില്‍ രണ്ടു മുതല്‍ മൂന്നു മാസം വരെയാണ്. മെയ് മാസാവസാനം ആരംഭിച്ച് ജൂണിലവസാനിക്കുന്ന പന്ത്രണ്ടാഴ്ച. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ജൂലൈയിലാണ് അവസാനിക്കുക.
  • ചൈനയിലും തെയ്വാനിലും ജൂലൈ മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ്.
  • ഹോങ്കോംഗി്ല്‍ ജൂലൈ മധ്യം മുതല്‍ ആരംഭിക്കും.
  • ജപ്പാനില്‍ മാര്‍ച്ച് അവസാനം മുതല്‍ എപ്രില്‍ ആദ്യം വരെയും ജൂലൈ അവസാനം മുതല്‍ സെപ്തംബര്‍ ആദ്യം വരെയും അവധിയുണ്ട്.
  • കൊറിയയില്‍ ഓരോ മാസം വീതമുളള രണ്ട് അവധിക്കാലമാണുളളത്.
മുകളില്‍ സൂചിപ്പിച്ച വിവരങ്ങള്‍ പ്രകാരം ഒട്ടുമിക്ക രാജ്യങ്ങളിലും കൊവിഡ് കാലസ്കൂള്‍ അടച്ചിടല്‍ പ്രശ്നം തന്നെയാണ്. അതിനാല്‍ അവര്‍ ബദല്‍ മാര്‍ഗം തേടുവാന്‍ നിര്‍ണബന്ധിതരാവുകയാണ്. ഓണ്‍ലൈന്‍ രീതി സ്വീകരിക്കുന്നു. കൊവിഡിന്റെ ഇപ്പോഴത്തെ പ്രവണത വെച്ച് സ്കൂളുകളില്‍ കുട്ടികളെ കൂട്ടിയിരുത്തിയുളള പഠനം ഉടനെയെങ്ങും പലരാജ്യങ്ങളിലും നടക്കുമെന്നു തോന്നുന്നില്ല. ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഓണ്‍ലൈന്‍ ബോധനരീതിയും പഠനവിഭവങ്ങളും അനുയോജ്യമായ സംവിധാനങ്ങളും നടത്തിപ്പ് രീതിയും പ്രധാനമാണ്. ഇത് വിവിധ രാജ്യങ്ങളില്‍ എപ്രകാരമാണെന്നു പരിശോധിക്കാം.
പെറുവില്‍ സംഭവിക്കുന്നത്.
188 രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതായി യുനെസ്കോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്തെ 90% കുട്ടികളെ ബാധിച്ചതായി കണക്കാക്കുന്നു.
പലരും ഓണ്‍ലൈന്‍ സാധ്യത പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. പക്ഷേ നെറ്റ് പോലും ലഭ്യമല്ലാത്ത പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കുട്ടികള്‍ അവിടെയും പ്രതിസന്ധിയിലാണ്. 
  • ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ മാര്‍ച്ച് അവസാനം സ്കൂള്‍ തുറക്കേണ്ടതാണ്. അവര്‍ സ്കൂളധിഷ്ഠിത ഹാജര്‍ നിര്‍ബന്ധമല്ലാത്ത വിദൂരപഠനരീതിയിലേക്ക് മാറുകയാണ്.
  •  9.9 ദശലക്ഷം കുട്ടികളാണ് പെറുവിലുളളത്
  • May 4 ന് സാങ്കേതികമായി സ്കൂള്‍ ഈ രീതിയില്‍ തുറക്കും!  
  • പ്രീ സ്കൂള്‍ മുതല്‍ ,സെക്കണ്ടറി തലത്തില്‍ വരെ വിദൂരപഠനരീതിയാകും നിലവില്‍ വരിക.  
  • സ്വകാര്യ ഏജന്‍സികളുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക.  
  • ദേശീയ റേഡീയോയും ടെലിവിഷനും ഇന്റര്‍നെറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.  
  • മൊബൈല്‍ ഡാറ്റാ ഉപയോഗത്തില്‍ അതിനനുസൃതമായ ക്രമീകരണങ്ങള്‍ വരുത്തും.  
  • പത്ത് പ്രാദേശികഭാഷയിലേക്കു് ഉളളടക്കം മാറ്റേണ്ടതുണ്ട്. ശ്രവണ പരിമിതിയുളളവരെ പരിഗണിച്ച് സൈന്‍ ലാഗ്വേജിലും ഉളളടക്കം വേണം.  
  • വലിയ ഒരുക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.  
  • പക്ഷേ 39% നിവാസികള്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് പ്രാപ്യതയുളളൂ. ഗ്രാമീണ പ്രദേശങ്ങളിലാകട്ടെ അഞ്ചു ശതമാനത്തിനും.  
  • കൊവിഡ് വിദ്യാലയ ബഞ്ചുകളെ ശൂന്യമാക്കി . വിദ്യാലയങ്ങളില്‍ പഠനം തുടരുകയും. പക്ഷേ ബഹുഭൂരിപക്ഷവും അതിനു പുറത്തും.!
ഇറ്റലിയില്‍
കൊവിഡിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി മാറിയ ഇറ്റലിയില്‍ സ്കൂളുകളും കോളേജുകളും ഫെബ്രുവരിയില്‍ അടച്ചതാണ്. പന്ത്രണ്ട് ദശലക്ഷം വിദ്യാര്‍ഥികള്‍ വീട്ടിലായി. എല്ലാവരര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദൂരപഠനരീതിയല്ലാതെ മറ്റു മാര്‍ഗമില്ലാതെ വന്നിരിക്കുന്നു.
  • ലൊംബാര്‍ഡ് മേഖലയില്‍ ഫെബ്രുവരി ഇരുപത്തഞ്ചിന് തന്നെ ഓണ്‍ലൈന്‍ അധ്യാപനം ആരംഭിച്ചിരുന്നു. ക്രമേണ മറ്റിടങ്ങളിലും ഇത് നടപ്പിലാക്കാന്‍ തുടങ്ങി.  
  • പുതിയ രീതിയിലേക്ക് പെട്ടെന്നു മാറുകയാണ്. ഓണ്‍ലൈന്‍ ടീച്ചിംഗിന്റെ പരിചിതമല്ലാത്ത പരിമിതികള്‍ അധ്യാപകര്‍ നേരിടുന്നു.  
  • ചെറിയ പ്രായത്തിലുളള കുട്ടികളെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഏറെ നേരം പിടിച്ചിരുത്തുക എന്നത് വെല്ലുവിളിയായി.  
  • ആവശ്യമായ തയ്യാറെടുപ്പില്ലാതെ നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായവരാണ് ഇറ്റലിക്കാര്‍.  
  • മിലാനോയിലെ മുപ്പത്തീരായിരം പ്രീപ്രൈമറി കുട്ടികള്‍ ഓണ്‍ലൈന്‍ രീതിയില്‍ പഠിക്കുന്നതിന് അവസരമൊരുക്കുകയാണ്. കഥകളും പാട്ടുകളും കളികളുമെല്ലാം കുട്ടികളിലേക്കെത്തും.  
  • രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളും സജീവമാക്കിയിട്ടുണ്ട്. Google Suite, Facebook, Weschool തുടങ്ങിയ ഇ ലേണിംഗ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിനാണ് ഇറ്റലിയിലെ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.  
  • ഫ്ലിപ്പ്ഡ് ക്ലാസ് റൂം (Flipped classroom) സാധ്യതയാണ് മറ്റൊരു സാധ്യതയായി കണ്ടെത്തിയിട്ടുളളത്.  
  • പാഠങ്ങളും വിഭവങ്ങളും വീഡിയോകളും ഡിജിറ്റല്‍ രൂപത്തില്‍ വീട്ടിലെത്തും. അധ്യാപകരും സ്വയം പരിശീലനത്തിലാണ്.  
  • വിദ്യാലയങ്ങളുടെ വിദ്യാലയം എന്ന ഗ്രൂപ്പ് 90വെബിനാറുകള്‍ സംഘടിപ്പിച്ചു 18,000 അധ്യാപകര്‍ അവരുടെ മികച്ച മാതൃകകള്‍ പങ്കിട്ടു.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ രണ്ടായിരമാണ്ടില്‍ത്തന്നെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയ രാജ്യമാണ് ഇറ്റലി. ഇന്ററാക്ടീവ് വൈറ്റ് ബോര്‍ർഡും ഡിജിറ്റല്‍ ക്ലാസുകളുമെല്ലാം നിലവില്‍ വന്നു. പക്ഷേ കൊവിഡ് വരുന്നതിനു മുമ്പിലത്തെ അവസ്ഥ പ്രകാരം പിതിനെട്ട് ശതമാനം വിദ്യാലയങ്ങളിലെ അധ്യാപകര്‍ മാത്രമാണ് ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്.
  •  0.5%വിദ്യാലയങ്ങളിലെ ഒരു ടീച്ചര്‍ പോലും ഇത് ഉപയോഗിക്കുന്നില്ല. 2019 ലെ റിപ്പോര്‍ട്ട് പ്രകാരം പത്തുശതമാനം വിദ്യാലയങ്ങളില്‍ പര്യാപ്തമായ ഡിജിറ്റല്‍ സൗകര്യങ്ങളില്ല. 47% അധ്യാപകര്‍ മാത്രമാണ് ദൈനംദിനം ഡിജിറ്റല്‍‍ സാധ്യത പ്രയോജനപ്പെടുത്തുന്നവര്‍.27% ആഴ്ചയില്‍ കുറച്ചു തവണയും 14% മാസത്തിലെപ്പോഴെങ്കിലും 7% വര്‍ഷത്തില്‍ കുറച്ചു തവണയും 5% ഒരിക്കലും ഉപയോഗിക്കാത്തവരുമാണ്.  
  • കൊവിഡുയര്‍ത്തിയ വെല്ലുവിളിയെ എങ്ങനെ ഇത്തരമൊരു സാഹചര്യത്തില്‍ നേരിടുമെന്നതാണ് ഇറ്റലിയുടെ പ്രതിസന്ധി.  
  • ഇനിയും വീടുകളിലേക്ക് പഠനവിഭവങ്ങളെത്തിച്ചാലോ വീടുകള്‍ക്കുളളിലെ സ്ഥിതി എന്താണ്? ചുറ്റും മരണവാര്‍ത്തകള്‍ മാത്രം! ഭീതിയുടെ ലോകത്ത് കുട്ടികളെങ്ങനെ പഠിക്കും?
ഗ്രീസ്
കൊവിഡ് കാലത്ത് ഡിജിറ്റല്‍ നൈപുണി ആര്‍ജിക്കുന്നതിനാണ് വിദ്യാഭ്യാസമേഖല ശ്രമിച്ചുകൊണ്ടിരിക്കുന്നത്
  •  മാര്‍ച്ച് ഇരുപത്തിമൂന്നു മുതല്‍ത്തന്നെ എല്ലാ സെക്കണ്ടറി സ്കൂളുകളും വിദൂരപഠനരീതിയിലേക്ക് മാറുകയുണ്ടായി.
  •  വലിയ സാമ്പത്തികബാധ്യതയുളള പ്രവര്‍ത്തനത്തിലൂടെയല്ലാതെ ഈ മാറ്റം പ്രായോഗികമാക്കാന്‍ കഴിയില്ല.  
  • ഐ ടി റ്റി ഉപകരണങ്ങളാവശ്യത്തിനില്ല എന്നതാണ് ഒരു വെല്ലുവിളി. പ്രത്യേക നിയമത്തിലൂടെ അത് വാങ്ങുന്നതിനുളള അനുമതി നല്‍കി
  •  2018 ലെ PISA പരീക്ഷയുടെ ഭാഗമായ ദത്തങ്ങള്‍ വിശകലനം ചെയ്താല്‍ അഞ്ചിലൊന്ന് കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രാപ്യമല്ല. പത്തിലൊന്നു പേര്‍ക്ക് നെറ്റ് ലഭ്യമല്ല. മൂന്നിലൊന്നു വിഭാഗം കുട്ടികളുടെ അധ്യാപകര്‍ക്ക് ശരിയായ രീതിയില്‍ ബോധനം നിര്‍വഹിക്കനന്നതിന് പര്യാപത്മായ കമ്പ്യൂട്ടര്‍ നൈപുണിയില്ല. പത്തില്‍ നാലു പേര്‍ക്കും ഫലപ്രദമായ ഓണ്‍ലൈന്‍ പിന്തുണ ലഭിക്കുന്നുമില്ല
  • 2011 മുതല്‍ ഐ സി റ്റി ഉപയോഗിച്ചുളള പഠനത്തിനായി സാമ്പത്തിക സഹായവും മറ്റും പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ എല്ലാം തൃപ്തനിലയിലല്ലെന്നതാണ് ഗ്രീസിനെ അലട്ടുന്ന പ്രശ്നം.പുതിയ സാഹചര്യം നേരിടുന്നതിനായി ഇന്ററാക്ടീവ് ടെക്സറ്റ് ബുക്കടക്കമുളള വിഭവങ്ങള്‍ , ഡിജിറ്റല്‍ പാഠക്കുറിപ്പുകള്‍ എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. e-me , e-class എന്നിവ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി രൂപകല്പന ചെയ്തു. പക്ഷേ നെറ്റ് വേഗതയും മറ്റും പ്രശ്നങ്ങളായി. സൗജന്യനിരക്കിലുളള മൊബൈല്‍ ഫോണുകളിലൂടെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സാമഗ്രികള്‍ എത്തിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
  • സ്മാര്‍ട്ട് ഫോണിലും ടാബിലും ഉപയോഗിക്കാവുന്ന Big Blue Button പോലെയുളള സ്വതന്ത്ര സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
  • പുതിയ പുതിയ പ്രശ്നങ്ങളാണ് നെറ്റ് വര്‍ക്ക് ഓവര്‍ലോഡാകുന്നതിനാല്‍ ടെലിവിഷനെ പ്രയോജനപ്പെടുത്താനും നടപടി സ്വീകരിച്ചു. 100,000 കുട്ടികള്‍ക്ക് ഇത് ഗുണം ചെയ്തു എന്നു കണക്കാക്കപ്പെടുന്നു.
  • അധ്യാപകര്‍ക്ക് ഇത് പുതിയ കാര്യമാണ് . ആസൂത്രണ പരിചയമില്ല, അതേ പോലെ അവര്‍ തയ്യാറാക്കുന്ന പാഠക്കുറിപ്പുകള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ സ്വകാര്യതയും കോപ്പിറൈറ്റുമൊക്കെ സസംരക്ഷിക്കപ്പെടുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.  
    • കേന്ദ്രീകൃതമായി ഒരു പ്ലാറ്റ് ഫോണില്‍ നിന്നും എല്ലാം നല്‍കുന്ന രീതിയെ അവിടുത്തെ പ്രൈമറി സ്കൂളുകളെ അധ്യാപകസംഘടനകള്‍ ചോദ്യം ചെയ്യുന്നു.  
    • കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഹോട്ടലുകളും ലോഡ്ജുകളും അടച്ചത് പുറത്തുനിന്നുളള താല്കാലിക അധ്യാപകരുടെ താമസവുമായി ബന്ധപ്പേെട്ട പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു..  
    • കുട്ടികള്‍ക്ക് അച്ചടിച്ച പാഠപുസ്തകങ്ങള്‍ എത്തിക്കാനുളള സംവിധാനമില്ല. ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. കുട്ടികളുടെ വീടുകളില്‍ എങ്ങനെ പുസ്തകം എത്തിക്കാനാകും എന്ന് പ്രസാധകരോട് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നു.  
    • ഓണ്‍ലൈന്‍ ടെക്സ്റ്റ് ബുക്ക് ലഭ്യമാക്കി പരിഹരിക്കാനുളള നടപടികളും പുരോഗമിക്കുന്നു.  
    • മറ്റൊരു പ്രധാന പ്രശ്ന ഫീസുമായി ബന്ധപ്പെട്ടാണ്. സ്വകാര/ നിഴല്‍ വിദ്യാലയങ്ങള്‍ ഫീസ് ആവശ്യപ്പെടുന്നുണ്ട്. അത് കൊടുക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഉച്ചഭക്ഷണത്തിനും സ്കൂള്‍ബസിനും പോലും ഇത്തരം വിദ്യാലയങ്ങള്‍ കൊവിഡ് കാലത്ത് ഫീസ് ഈടാക്കിക്കൂടാ.
അഫ്ഗാനിസ്ഥാന്‍
  • താലിബാന്‍ ഭരണകാലയളവില്‍ (1996-2001) അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഇരുളാണ്ടു പോയി. പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ല , സ്ത്രീകള്‍ വീടിനു പുറത്ത് ജോലിക്ക് പോകേണ്ടതില്ല എന്നായിരുന്നല്ലോ നയം. 2001 നവംബര്‍ മാസത്തിനു ശേഷമാണ് കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത്. എങ്കിലും പകുതിയോളം പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിച്ചവരോ വിദ്യാലയങ്ങളില്‍ പ്രവേശിക്കപ്പെടാത്തവരോ ആണ്.  
  • വിദ്യാലയങ്ങളുടെ നിലവാരവും പരിതാപകരമാണ്. ഒമ്പതാം ക്ലാസിലെത്തിയാലും അടിസ്ഥാന ശേഷികളാര്‍ജീക്കാത്തവരാണ് ഏറെ.  
  • ഇത്തരം സങ്കീര്‍ണമായ പ്രതിസന്ധിയില്‍ പെട്ട് ഉഴറുമ്പോഴാണ് കൂനിന്മേല്‍ കുരുവെന്ന പോലെ കൊവിഡ് വരുന്നത്. കൊവിഡിന്റെ ഭാഗമായ നടപടികളുംസാമ്പത്തിക പ്രതിസന്ധിയും വിദ്യാഭ്യാസ മേഖലയെ ബാധിക്കും. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയും.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ നിന്നും എത്തിച്ചേരാവുന്ന നിഗമനങ്ങള്‍
  • ഓണ്‍ലൈന്‍ പഠനരീതി ഭാവിയില്‍ പല രീതിയില്‍ പ്രയോജനപ്പെടുത്തും. ( ചിലത് ഗുണകരമാകുമ്പോള്‍ ചിലത് സര്‍ക്കാരുകള്‍ക്ക് ചുമതലയും സാമ്പത്തികഭാരവും ഒഴിവാക്കാനുളള സാധ്യതയായി ഉപയോഗിക്കാം)
  • ഓണ്‍ലൈന്‍ ബോധനശാസ്ത്രത്തില്‍ വ്യാപകമായ അന്വേഷണങ്ങള്‍ നടക്കും
  • നെറ്റും സ്മാര്‍ട്ട് ഫോണും പ്രാപ്യമല്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടാകും.
  • വികേന്ദ്രീകൃതമായ അന്വേഷണങ്ങളെ അറിയാതെ തന്നെ പ്രചോദിപ്പിക്കും
  • രക്ഷിതാക്കളുമായി സജീവസമ്പര്‍ക്കം പുലര്‍ത്തുന്ന വിധമായിരിക്കും ഓണ്‍ലൈന്‍ പരിപാടികള്‍
  • സാങ്കേതിക സൗകര്യങ്ങളും മിനിമം പരിശീലനങ്ങളും നടത്തിയതുകൊണ്ടു മാത്രം അധ്യാപകര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്നില്ല. അത്തരം അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രശ്നങ്ങളാകും. പലയിടത്തും പിരിച്ചുവിടലടക്കം നടപടികള്‍ വന്നേക്കാം.
  • കൊവിഡ് കാലത്തെ പഠനനഷ്ടം ( ഉളളടക്കപരമായി ) നികത്താന്‍ സംവിധാനം ഉണ്ടാകേണ്ടതുണ്ട്.
  • വന്‍തോതില്‍ ഫീസീടാക്കുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്താനോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ പുതിയ സാധ്യതയിലേക്ക് അവര്‍ പ്രവേശിക്കാനോ ശ്രമമുണ്ടാകാം
  • സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ സാമ്പത്തികത്തകര്‍ച്ചയുടെയും വളര്‍ച്ചാമുരടിപ്പിന്റെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ മുതല്‍ മുടക്ക് വെട്ടിച്ചുരുക്കിയേക്കാം
  • കൊവിഡ് കരിക്കുലത്തില്‍ പുതിയ ഉളളടക്കം സന്നിവേശിപ്പിക്കാന്‍ നിര്‍ബന്ധിക്കും. അസാധാരണ പ്രതിസന്ധികളെ നേരിടാന്‍ കഴിയുന്ന അതിജീവനത്തിന്റെ പാഠ്യപദ്ധതി നിലവില്‍ വരാം.
  • വിദ്യാലയത്തിനുളളിലെ ശീലങ്ങള്‍ മാറാം ( കൈ കഴുകല്‍, മാസ്ക് ധരിക്കല്‍, പഠനവും ഓണ്‍ലൈന്‍ ഹോം വര്‍ക്കും എന്നിങ്ങനെ )
  • ഇതെല്ലാം അധ്യാപകവിദ്യാഭ്യാസത്തിലും ഭരണനിര്‍വഹണത്തിലും മോണിറ്ററിംഗിലും പ്രതിഫലിക്കും.
  • കുട്ടികള്‍ വീടുകളിലേക്ക് ലോക്ക് ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ,കൂട്ടുകൂടിയുളള പ്രവര്‍ത്തനങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ പാര്‍ശഫലങ്ങളും നിസാരമല്ല.



2.


അവലംബം


) വിക്കി പീഡിയ
) Learning crisis and girls’ education in Afghanistan, M Niaz Asadullah, Professor of Development Economics at the University of Malaya, Malaysia)
) The Peruvian education system: seeking quality and equity during COVID-19 times, Milagros Lechleiter and Rosa Vidarte, GEM Report
) Covid-19: How is Italy coping with school closure?,Anna Cristina D’Addio and Francesca Endrizzi, GEM Report

No comments: