ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, June 19, 2025

167. പറവ പാറി അനുഭവക്കുറിപ്പുകളും പാഠാസൂത്രണക്കുറിപ്പും

 ഒന്നാം ക്ലാസിലെ ആദ്യപാഠം വിനിമയം ചെയ്ത അധ്യാപകര്‍ ആദ്യദിവസത്തെ അനുഭവങ്ങള്‍ പങ്കിടുന്നു. അനുബന്ധമായി ആസൂത്രണക്കുറിപ്പും

കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ

ഇന്ന് പാഠപുസ്തകം എടുത്തു തുടങ്ങുമെന്ന് പറഞ്ഞിരുന്നതിനാൽ കുട്ടികളെല്ലാം വളരെ ഉത്സാഹത്തിൽ ആയിരുന്നു. പുതിയ പുസ്തകം എടുക്കുന്നതിന്റെ ഒരു സന്തോഷവും അവർക്കായി ഒരു പുസ്തകം ഉള്ളതിന്റെ സന്തോഷവും ആയിരുന്നു. പേര് വിളിക്കുന്നതിന് മുന്നേ തന്നെ നമുക്ക് പഠിക്കാം ടീച്ചറെ എന്നായിരുന്നു കുട്ടികളുടെ ബഹളം. 
  • കുട്ടികളെ കാണാൻ എത്തിയ പറവയെ രഹസ്യമായി കഴിഞ്ഞവർഷം ഉണ്ടാക്കിയ കിളിക്കൂടിലാണ് വച്ചിരുന്നത്. മുട്ട കൊണ്ടുണ്ടാക്കിയ കിളി ആയിരുന്നു കുട്ടികളെ കാത്തിരുന്ന അതിഥി. അത് കണ്ടപ്പോൾ കുട്ടികൾ വളരെ അത്ഭുതത്തോടെയാണ് നോക്കിയത്. തൊട്ടു നോക്കാനും കൈയിലെടുക്കാനും തിരക്കായി.  
ഒത്തിരിയുണ്ട് പറവ വിശേഷം
  • പറവകളെയും അവയെ വളർത്തിയതിന്റെയും കഥകൾ ധാരാളം വന്നുകൊണ്ടിരുന്നു . 
  • എല്ലാവർക്കും കേൾക്കാനും പറയാനും ഉള്ള അവസരങ്ങൾ നൽകി. 
മൂങ്ങയും പ്രേതവും
  • പക്ഷികളെ അവയുടെ ശബ്ദം കേട്ട് തിരിച്ചറിയുന്നതിനുള്ള പ്രവർത്തനം നന്നായി ചെയ്യാൻ കഴിഞ്ഞു പരുന്തിന്റെയും കുരുവിയുടെയും സൗണ്ട് മാത്രം അല്പം ആലോചിക്കേണ്ടി വന്നു. അധ്യാപികയുടെ ഇടപെടലിലൂടെയും ക്ലൂ നൽകുകയും കുട്ടികൾ അവയെയും തിരിച്ചറിഞ്ഞു. മൂങ്ങയുടെ ശബ്ദം കേട്ടപ്പോൾ പ്രേതം വരുന്ന ശബ്ദം എന്നുപറഞ്ഞ് മിടുക്കിയും ഉണ്ട്.
  •  അധ്യാപിക കിളിയുടെ ശബ്ദം ഉണ്ടാക്കുമ്പോൾ കുട്ടികൾ അവയെ തിരിച്ചറിയാനും തുടങ്ങി തുടർന്ന് കുട്ടികൾ ശബ്ദം ഉണ്ടാക്കാനും അധ്യാപിക പറയുവാനുമുള്ള തക്കത്തിലായി.
  •  പക്ഷികളെ പരിചയപ്പെട്ടപ്പോൾ നമുക്കും ആയാലോ പക്ഷി എന്ന ചോദ്യത്തിൽ കുട്ടികൾ ഡബിൾ ഓക്കേ.  കരുതിയ റിബണും ആയി അധ്യാപികയും കുട്ടികളും രംഗത്തെത്തി. 
ആവേശം നിറയുന്നു
  • പറക്കാനും പാടാനും ഉള്ള കുട്ടികളുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു. 
  • പറവയുടെ നിർമ്മാണം വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നതിനാൽ കുട്ടികളും അത് ആസ്വദിച്ച് തന്നെ ചെയ്തു. 
കുഞ്ഞെഴുത്ത് വർണ്ണഭംഗിയിൽ
  • കുഞ്ഞെഴുത്ത് കണ്ടപ്പോൾ നിറം  നൽകാനും പറവയെ ഒട്ടിക്കാനും തിടുക്കം ഏറി വന്നു.
  •  മരത്തിനും ആകാശത്തിനും കൂടി നിറം വന്നപ്പോൾ കുഞ്ഞെഴുത്ത് പുസ്തകം കാണേണ്ട ഒരു കാഴ്ചയായി. നിറങ്ങൾ കൊണ്ട് നിറഞ്ഞ അവരുടെ പുസ്തകത്തെ നോക്കി പരസ്പരം വിലയിരുത്തലായി. 
ഉച്ചക്കും ചിറയടിച്ചവർ
  • ഉച്ചനേരത്തെ ആഹാരം കഴിഞ്ഞ് ക്ലാസിൽ വന്നപ്പോൾ ചിറകടിച്ച് ചിറകടിച്ചു പറവകൾ എന്ന പാട്ട് കേട്ടപ്പോൾ അധ്യാപികയും സന്തോഷത്തിലായി.

ഗവൺമെൻറ് എൽപിഎസ് പാണയം 

തിരുവനന്തപുരം, ആറ്റിങ്ങൽ സബ് ജില്ല 

അൻസി എൻ ആർ 

2

ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ് 

പത്ത് ദിവസത്തെ ഒന്നൊരുക്കത്തിനു ശേഷം ഇന്ന്  പാഠഭാഗത്തിലേക്ക് കടന്നു. 

സായന്തിൻ്റെ സ്വന്തം കഥ

കൂടില്ലാത്ത കിളിയുടെ കഥ പറഞ്ഞാണ് ഞങ്ങളുടെ ക്ലാസ് ആരംഭിച്ചത്. ആനയുടെ കൈയിൽ നിന്നും തൊഴി വാങ്ങിയ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കഥയാണ് സായന്ത് ഇന്ന് പറഞ്ഞു തന്നത്. അവന്റെ ഭാവനയിൽ പറഞ്ഞ കഥ... കഥ പറയുന്നതിനിടയിൽ എന്നെ കള്ള കണ്ണിട്ട് നോക്കി ചിരിക്കും. അവന്റെ കഥ ഞങ്ങൾ ആസ്വദിക്കുന്നോ എന്ന നോട്ടമാണ്. 

ഒറ്റമൈനയെ കണ്ടാൽ അടി കിട്ടും!

കിളികളുടെ ശബ്ദങ്ങൾ കേട്ട് കിളിയെ തിരിച്ചറിയാൻ നാല് പേർക്കും കഴിഞ്ഞു. ഒരോ കിളിയുടെ ചിത്രം കാണുമ്പോഴും അവർക്ക് ഒരോ കഥകൾ ഉണ്ടായിരുന്നു. മൈനയുടെ ചിത്രം കണ്ടപ്പോൾ ഒറ്റ മൈനയെ കാണിച്ചു തന്നതിന് എന്നോട് പിണങ്ങി. ഒറ്റ മൈന കണ്ടാൽ അടികിട്ടും പോലും😄. . 

കാക്കയുടെ കണ്ണ് ഇതുപോലെയല്ല

കുയിലിന്റെ ചിത്രം കണ്ടപ്പോൾ കാശി കാക്കയെന്ന് പറഞ്ഞു പെട്ടന്ന് സായന്ത് അവനെ തിരുത്തി അത് കാക്കയല്ല കാക്കയുടെ കണ്ണ്  ഇത് പോലെ അല്ല.ശരിക്കും കുഞ്ഞുങ്ങളുടെ നിരീക്ഷണപാടവം എനിക്ക് അദ്ഭുതമായിരുന്നു.. 

കിളികളുടെ പേരുകൾ പരസ്പരം പറഞ്ഞും ശബ്ദം അനുകരിച്ചും വളരെ രസകരമായിരുന്നു ഇന്നത്തെ ക്ലാസ്സ് . ആകെ നാല് കുട്ടികൾ ആണ് ഒന്നിൽ ഉള്ളത്. നാലുപേരും പിന്നെ ഞാനും ഞങ്ങളുടെ രസകരമായ പഠനം തുടരുകയാണ്...

അഞ്ജലി രാജൻ 

G. T. H. S കട്ടച്ചിറ,    

പത്തനംതിട്ട

3

എങ്ങിനെ സാധിക്കുന്നു ബ്രോ? 

ടീച്ചർ പറഞ്ഞ കഥ

  • ടീച്ചറെ പോലെ പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ലല്ലോ? എന്താ അങ്ങിനെ കഴിയാത്തത് .
  • നീ ഒന്ന് പറഞ്ഞേ ഞാൻ കേൾക്കട്ടെ!പക്ഷേ വീഡിയോ പിടിക്കേണ്ട🙏🏼
  • കൊച്ചു മിടുക്കി പറയാൻ തുടങ്ങി ഭാവം ഉൾകൊണ്ടു തന്നെ പറഞ്ഞു. ചില ആശയങ്ങൾ ചോർന്നു പോയി
  • എങ്കിലും 10 പേർക്ക് മാത്രമേ സമയക്കുറവ് കാരണം അവസരം ലഭിച്ചൊള്ളു

പക്ഷി ശബ്ദം

  • പേപ്പർ പക്ഷി ഉണ്ടാക്കാൻ പനി കാരണം സാധിച്ചില്ല .വീട്ടിൽ ഉള്ള കളി തത്തയെ കൊണ്ടുപോയി . കാക്ക പ്രാവ്, കോഴി, താറാവ്, കുയിൽ etc എല്ലാ പക്ഷി ശബ്ദവും തിരിച്ചറിഞ്ഞ ആൾ കെൻസ് അമാനി . എങ്ങിനെ സാധിക്കുന്നു ബ്രോ എന്ന ചോദ്യത്തിന് അവൻ്റെ വീട്ടിൽ ഒട്ടുമിക്ക പക്ഷികളേയും വളർത്തുന്നു
  • ചിലതിനെ ഉപ്പപ്പ പാടത്ത് പോകുമ്പോൾ കാണിച്ചിട്ടും ഉണ്ട്.
  • ഓഡിയോ ചിലതിന് ശബ്ദം കുറവായതിനാൽ യൂടൂബിൽ നിന്നും കേൾപ്പിച്ചു. 
  • 85 ശതമാനം കുട്ടികളും ശബ്ദം തിരിച്ചറിഞ്ഞു
  •  എല്ലാവർക്കും ശബ്ദത്തിൻ്റെ കൂടെ വീഡിയോയും കാണണം
  • അവ കാണിച്ചു. 2 പക്ഷികളെ തിരിച്ചറിഞ്ഞില്ല ബാക്കി എല്ലാം ok

 പക്ഷിയെ തിരിച്ചറിയല്‍

  • പരിസരത്ത് കണ്ട പക്ഷിയെ പേര് പറഞ്ഞു തന്നു. പരുന്ത് കാക്ക
  • ചിത്രത്തിലെ വെള്ളിമൂങ്ങയെ തിരിച്ചറിഞ്ഞത് ഇസ ഫാത്തിമ.

 ക്ലാസിലാകെ പറവകള്‍ പാറി

  • പക്ഷികളായി ചിറക് വെച്ചു പറന്നു . വലത് ഇടത് തിരിയാൻ പ്രയാസം വന്നില്ല . ഷിഫ തെറ്റിച്ചപ്പോൾ ഭക്ഷണം കഴിക്കുന്ന കൈയിൻ്റെ ഭാഗത്തേക്ക് പോയാൽ മതിയെന്ന് ഗ്രൂപ്പിൽ നിന്നും സംസാരം ഉയർന്നു.

കിളിയെ ഉണ്ടാക്കി മുഴുവൻ കുട്ടികൾക്കും ഒട്ടിക്കാൻ കഴിഞ്ഞില്ല. ബാക്കി നാളെ ചെയ്യാമെന്ന് പറഞ്ഞു. കഥ പറയാനും ഒട്ടിക്കാനും ശേഷി സന്നദ്ധത പ്രവർത്തനം തന്നതിനാൽ ക്ലാസിൽ പ്രയാസം വന്നില്ല

ബാക്കി Subject വർക്കും ചെയ്തു

GMLPS KOOMANNA

 3

വാക്കകലം ശ്രദ്ധിക്കേണ്ടതുണ്ട്  

  • പറവ പറക്കുന്ന അനുഭവത്തിലൂടെ പാഠഭാഗത്തിലേക്ക് കടന്നു. 
  • പാഠഭാഗം എല്ലാവരും ശ്രദ്ധിച്ചു.
  •  പ്രധാന ആശയഠ കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചു. 
  • പക്ഷികളുടെ ശബ്ദം Audio ഇട്ടു കേൾപ്പിച്ചു. 
  • പലരും കൗതുകത്തോടെ കേട്ടിരുന്നു. പരിചിതമായ ശബ്ദങ്ങൾ തിരിച്ചറിഞ്ഞു പറഞ്ഞു. തന....തന.....തന എന്ന് പറഞ്ഞപ്പോൾ അത് ഞാൻ ബോർഡിലെഴുതാം എന്ന് പറഞ്ഞു ശിവന്യ, എയ്ഡൻ, ശബരിഷ് എന്നീ വർ കടന്നുവന്നു... 
  • ചാർട്ടിൽ എഴുതിയ ശേഷം ഘടന പറഞ്ഞു ബോർഡിലും എഴുതി. 
  • മിക്ക കുട്ടികളും വാക്കകലം പാലിക്കാതെ എഴുതിയതായി അനുഭവപ്പെട്ടു....

Jessy Dominic

SNVLPS, Thumpoly

Alappuzha

4

TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല 

  • ഒന്നാം ദിവസം ഞാൻ കഥ പറയലോടെ ആരംഭിച്ചു.
  •  കുട്ടികൾ നല്ല ശ്രദ്ധയോടെ കഥ ആസ്വദിച്ചു
  • കഥയിലെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. 
  • ഞാൻ പറഞ്ഞ കഥ പറയാൻ വിളിച്ചപ്പോൾ 5 പേര് ഒരുമിച്ചാണ് വന്നത്.  ഒറ്റക്ക് പറയാൻ മടി. അവർ കൂട്ടത്തോടെ കഥ പറഞ്ഞു. ഒരാൾ മറന്നത് മറ്റൊരാൾ ഓർത്തു രസമായിരുന്നു,
  •  കഥ പറയൽ. അവർക്കറിയുന്ന കഥ പറയാൻ 3ആള് റെഡി ആയി..
  •  വീണ്ടും വാ വാ വാവേ വായിക്കാം കുഞ്ഞാവ കഥകളിലെ ഒരു കഥ ഞാൻ പറഞ്ഞു. വീട്ടിൽ പോയി അവർ അമ്മക്ക് പറഞ്ഞു കൊടുത്ത് വോയിസ്‌ ഇട്ടത് ആദ്യത്തെ കഥയാണ്. 
  • ആദ്യ ദിവസത്തിൽ കുട്ടികളെ ഹരം കൊള്ളിച്ച 3പ്രവർത്തനം ആയിരുന്നു പക്ഷികളുടെ ചിത്രങ്ങൾ കണ്ട് പേര് പറയൽ ശബ്ദം കേട്ട് തിരിച്ചറിയൽ കവറിൽ ഒളിപ്പിച്ച കിളിയെ കണ്ടപ്പോളുള്ള സന്തോഷം... 
  • ഈ മൂന്ന് പ്രവർത്തനം TM എഴുതിയപ്പോൾ ഇത്രയും എഫക്റ്റീവ് ആവുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തു രസായിരിന്നു ക്ലാസ്സ്‌ എടുക്കാൻ. കുട്ടികൾക്കും സന്തോഷം യ്ക്കും സന്തോഷം 
  • പിന്നീട് ചുറ്റുപാടുള്ള പക്ഷികളെ നിരീക്ഷണംനടന്നു. 
  • ഞാൻ പറഞ്ഞ പക്ഷികളുടെ ശബ്ദം അവർ അനുകരിക്കാൻ മത്സരം ആയിരുന്നു. ശേഷം അവർ കണ്ട പക്ഷികളെ വരക്കാൻ അവസരം നൽകി.... 
  • പറവ പാറി യൂണിററിലേക്ക് ഞങ്ങൾ ഒത്തിരി ആവേശത്തോടെ പറന്നു കയറി

ഉഷ

CVNMAMLPS വെസ്റ്റ് ചാത്തല്ലൂർ

5

കഥാവേളയെക്കുറിച്ച്

  • ആദ്യ പ്രവർത്തനം കഥാവേളയുടെ ഒന്നാംഘട്ടത്തിൽ സചിത്ര ബാലസാഹിത്യ കൃതിയിലെ ചിത്രങ്ങൾ കാട്ടിയും ഭാവാത്മകമായും ടീച്ചർ  അവതരിപ്പിച്ച" കുടയെന്തിനാ "കഥ അവർ നന്നായി ആസ്വദിച്ചു. 
  • സന്നദ്ധരായ മൂന്ന് പേർക്ക് പറയുവാൻ അവസരവും നൽകി .
  • രണ്ടാംഘട്ടത്തിൽ അവർക്കറിയാവുന്ന കഥ പറയാൻ അവസരം നൽകിയപ്പോൾ ഈ കൊച്ചു മിടുക്കി പറഞ്ഞത് കേട്ട കഥയോ ...അതോ തത്സമയം നിർമ്മിച്ച കഥയോ...എന്തായാലും എല്ലാവരും നന്നായി ആസ്വദിച്ചു ...കണ്ണുകളിൽ മിന്നിമറഞ്ഞ ഭാവവും ശബ്ദ വ്യതിയാനവും ഒക്കെ

സിബി സലാം

 6 

ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ? 

  • കഥാവേളയുടെ ആദ്യഘട്ടത്തിൽ അധ്യാപിക സചിത്ര ബാലസാഹിത്യകൃതിയായ  " ഓടിവായോ കിയോ കിയോ' ചിത്രങ്ങൾ കാട്ടി ഭവാത്മകമായി അവതരിപ്പിച്ചു. 
  • തുടർന്ന് നാല് കുട്ടികൾക്ക് പറയാൻ അവസരം നൽകി. 
  • അതിൽ കനി ശരത്ത് എന്ന കൊച്ചു മിടുക്കി  "ടീച്ചറെ... ഞാൻ പുസ്തകം കാണിച്ചു പറഞ്ഞോട്ടെ കഥ? എന്ന് ചോദിച്ചു. പിന്നെ അവളുടെ കഥ പറച്ചിലായി.. ഓരോ പേജും കാണിച്ച് കഥ പറഞ്ഞിട്ട് അവൾക്ക് മതിയാകുന്നില്ല. ശരിക്കും സംഭാഷണങ്ങളും ഭാവാഭിനയവും ശാരീരിക ചലനവും എല്ലാം ഒന്നിനൊന്നു മെച്ചം... ശരിക്കും പറഞ്ഞാൽ അധ്യാപികയെക്കാൾ ഒരു പണി മുന്നിൽ തന്നെ എന്ന കാര്യത്തിൽ സംശയമില്ല  😀😍
  • 😍... തുടർന്ന് കഥയിലെ വ്യത്യസ്ത സന്ദർഭങ്ങൾ  കുട്ടികളെല്ലാവരും കാണിക്കുന്നതും ഓരോ സംഭാഷണങ്ങളും അവരുടെ തായ രീതിയിൽ പറയുന്നതും ഒക്കെ കുട്ടികൾ നന്നായി ആസ്വദിച്ചു...
  • കുട്ടികൾ ഏറെ ആസ്വദിച്ച കുട്ടികൾക്ക് ഏറെ താല്പര്യമുണർത്തിയ ഈ കഥ നമ്മുടെ കലാധരൻ മാഷിന്റെതാണെന്ന് അഭിമാനത്തോടെ കുറിക്കട്ടെ 👏🏻👏🏻💐.

ഷൈലു 

91 94969 19969: 

അനുബന്ധം

ക്ലാസ് : ഒന്ന്

കുട്ടികളുടെ എണ്ണം : ……...

ഹാജരായവര്‍ : ……...

തീയതി : …./06/2025

യൂണിറ്റ് : 1

പാഠത്തിന്റെ പേര് : പറവ പാറി

പ്രവര്‍ത്തന1 : കഥാവേള

പഠനലക്ഷ്യങ്ങള്‍:

  1. കഥാവേളകളിൽ ചെറുസദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

  2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയ ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം‍:  40 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍: സചിത്രകഥാപുസ്തകങ്ങള്‍ (ക്ലാസ് ലൈബ്രറി), രക്ഷിതാക്കള്‍ക്ക് നല്‍കേണ്ട വീഡിയോ.

മുന്നൊരുക്കം: രക്ഷിതാക്കൾക്ക് കഥാവായനയില്‍ പരിശീലനം. (മാതൃകാവീഡിയോ അയച്ചു കൊടുക്കാം, നേരിട്ടും പരിശീലനം)

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന് (15 മിനുട്ട്)

  • സചിത്രബാലസാഹിത്യകൃതിയിലെ ചിത്രങ്ങള്‍ കാട്ടിയും ഭാവാത്മകമായും ടീച്ചർ കഥ വായിച്ച് അവതരിപ്പിക്കുന്നു.

  • കഥാവതരണത്തിന് ശേഷം പ്രധാന സംഭവങ്ങളെ കേന്ദ്രീകരിച്ച് ആശയഗ്രഹണ ചോദ്യങ്ങള്‍ ചോദിക്കുന്നു

  • ഉത്തരം അറിയാവുന്നവര്‍ കൈ ഉയര്‍ത്തണം. അതില്‍ ഒരാള്‍ പറയുന്നു മറ്റുള്ളവര്‍ പ്രതികരിക്കുന്നു

  • ഞാന്‍ അവതരിപ്പിച്ച കഥ നിങ്ങള്‍ക്ക് പറയാമോ? സന്നദ്ധരാകുന്നവര്‍ക്ക് അവസരം. വിട്ടുപോകുന്നത് മറ്റുള്ളവര്‍ക്ക് കൂട്ടിച്ചേര്‍ക്കാം

(പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള അനുരൂപീകരണം-കഥയുടെ ഘട്ടങ്ങൾ ചിത്രങ്ങളായി  ഒട്ടിയ്ക്കാൻ സഹായിക്കാം

ഇതരസംസ്ഥാനക്കാരായ കുട്ടികള്‍/ ഗോത്രവിഭാഗം കുട്ടികള്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ കഥാപാത്രങ്ങളുടെ പേരുകള്‍ അവരുടെ ഭാഷയില്‍ പറയുന്നത് നല്ലത്. അഭിനയസാധ്യത കൂടുതലായി ഉപയോഗിക്കണം. )

ഘട്ടം രണ്ട് (15 മിനുട്ട്)

  • അറിയാവുന്ന കഥകള്‍ നിങ്ങള്‍ക്ക് പറയാമോ?

  • ഗ്രൂപ്പില്‍ ആലോചിച്ച് ആരാണ് ഇന്ന് അവതരിപ്പിക്കുക എന്ന് തീരുമാനിക്കണം. ഓരോ ഗ്രൂപ്പില്‍ നിന്നും ഒരാള്‍ക്ക് വീതം അവസരം. എല്ലാവര്‍ക്കും കേള്‍ക്കാവുന്നത്ര ഉച്ചത്തില്‍ കഥ പറയണം. കഥ പറയുമ്പോള്‍ ഭാവവും ആംഗ്യവുമൊക്കെയാകാം.

(എല്ലാവര്‍ക്കും അവസരം ലഭിക്കണം. 30 പേരുള്ള ക്ളാസിൽ 6 പേരുള്ള 5 ഗ്രൂപ്പാക്കി  5 കുട്ടികൾക്ക് ഒന്നാം ദിവസം അവസരം നൽകാം. 5 ദിവസം കൊണ്ട് എല്ലാവർക്കും അവസരം )

ഘട്ടം മൂന്ന് (10 മിനുട്ട്)

  • ടീച്ചര്‍ മറ്റൊരു കഥ വായിച്ച് കേള്‍പ്പിക്കുന്നു. കേട്ട കഥ കുട്ടികള്‍ വീട്ടില്‍ ചെന്ന് പറയണം.

  • വായിച്ചുകേട്ട കഥ കുട്ടി പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ പങ്കിടണം. രക്ഷിതാക്കളുടെ വിലയിരുത്തൽ പ്രതികരണങ്ങള്‍)

ഘട്ടം നാല് (വായനോത്സവ ദിനത്തില്‍ ചെയ്യേണ്ടത്

ക്ലാസ് ലൈബ്രറിയില്‍ നിന്നും പുസ്തകം കൊടുത്തയച്ച് വീട്ടില്‍ കഥ വായിച്ച് കേള്‍പ്പിക്കുന്നു. കേട്ട കഥ ആശയച്ചോര്‍ച്ചയില്ലാതെ ക്ലാസില്‍ വന്ന് പറയുന്നു

വിലയിരുത്തൽ കുറിപ്പുകള്‍

  1. കഥ ഭാവാത്മകമായി അവതരിപ്പിക്കുന്നതിന് എല്ലാവര്‍ക്കും കഴിഞ്ഞുവോ?

  2. കേട്ട കഥ ആശയച്ചോർച്ചയില്ലാതെ അവതരിപ്പിച്ചുവോ?

  3. അവതരണത്തില്‍ മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?

  4. കൂടുതല്‍ പിന്തുണ ആവശ്യമുള്ളവരാരെല്ലാം?







പ്രവര്‍ത്തനx 2 - കിളിനാദം ( പരിസരപഠനം, കലാവിദ്യാഭ്യാസം,)

പഠനലക്ഷ്യങ്ങള്‍.

  • പക്ഷികളുടെ ശബ്ദം അനുകരിച്ച് അവതരിപ്പിക്കുന്നു

  • ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് പ്രത്യേകതകള്‍ കണ്ടെത്തുന്നു. (പരിസരപഠനം)

പ്രതീക്ഷിത സമയം - 35 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍- ഒറിഗാമിക്കിളി, പേപ്പര്‍കൂട്, പശ, എ ഫോര്‍ പേപ്പര്‍. പക്ഷിച്ചിത്രങ്ങള്‍, പക്ഷികളുടെ ശബ്ദം

പ്രക്രിയാവിശദാംശങ്ങള്‍-

ഘട്ടം ഒന്ന് (10 മിനുട്ട്)

  • നിങ്ങളെയൊക്കെ കാണാനായി ഇന്ന് എന്നോടൊപ്പം ഒരാൾ കൂടി എത്തിയിട്ടുണ്ട്. ഈ കവറിനുള്ളിലാണ് ആൾ. ആരാണെന്ന് ഊഹിക്കാമോ

  • (സ്വതന്ത്ര പ്രതികരണം).

  • അതാരാണെന്ന് നോക്കിയാലോ? ടീച്ചര്‍ കവറിനുള്ളിലേക്ക് കൈ കടത്തി ഉള്ളിലേക്ക് നോക്കി കവറിനുളളിലുളള പറവയോടായി പറയുന്നു. "വരൂ വരൂ ദേ ഇവരെല്ലാം കാത്തിരിക്കുകയാണ്.”

  • പതിയെ കിളിയെ കവറിനുള്ളിൽ നിന്ന് ഇറക്കുന്നു. എല്ലാവരും കിളിക്ക് ഹായ് പറയൂ. ഓരോരുത്തരുടെയും അരികെ ചെന്ന് ഹായ് പറയിക്കുന്നു.

  • ഈ കിളിയുടെ കൂട്ടുകാരായ മറ്റു പക്ഷികളും നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. അവർ ടീച്ചറിന്റെ മൊബൈലിൽ നിങ്ങൾക്കായി ഒരു മെസ്സേജ് അയച്ചിട്ടുണ്ട്. എന്താണെന്നോ നിങ്ങൾക്ക് കേൾക്കണോ?

ഘട്ടം രണ്ട് (10 മിനുട്ട്)

കിളിനാദം കേട്ട് കിളിയെത്തിരിച്ചറിയല്‍

  • ഐസിടി സാധ്യതയോടെ വിവിധപക്ഷികളുടെ ശബ്ദം ഓഡിയോ കേൾപ്പിക്കുന്നു. ഇത് ഏതൊക്കെ കിളികൾ ആണെന്ന് മനസ്സിലായോ? ചില കിളികളെ അറിയാം, അല്ലേ?( ടീച്ചർ കുയിലിന്റെ ശബ്ദം ഓഡിയോ കേൾപ്പിക്കുന്നു. കുയിലിന്റെ ശബ്ദം തിരിച്ചറിഞ്ഞ കുട്ടികൾ എഴുന്നേറ്റ് നിന്ന് കുയിലിനെ പോലെ ശബ്ദം കേൾപ്പിക്കണം. എന്നിട്ട് പേരു പറയണം. ഇങ്ങനെ മറ്റു കിളികളുടെയും).

ഘട്ടം മൂന്ന് (10 മിനുട്ട്)

കിളിയുടെ പേരു പറഞ്ഞാല്‍ ശബ്ദം ഉണ്ടാക്കല്‍

  • എല്ലാവരും കണ്ണടയ്ക്കുക. ഞാന്‍ കിളിയുടെ പേരു പറയുമ്പോള്‍ അതിന്റെ ശബ്ദം ഉണ്ടാക്കണം

  • കാക്ക, പ്രാവ്, കോഴി, താറാവ്, കുയില്‍ എന്നിവയുടെ ശബ്ദം അനുകരിക്കാന്‍ അവസരം ഒരുക്കുന്നു.

  • തുടർന്ന് സ്ക്രീനിൽ കിളികളെ കാണിക്കണം. എല്ലാവരും ശബ്ദം അനുകരിക്കണം.

ഘട്ടം നാല് (5 മിനുട്ട്)

നാട്ടു പക്ഷികളുടെ ചിത്രം പ്രദർശിപ്പിച്ച് പേരു അറിയാവുന്നവർക്ക് പറയാൻ അവസരം നൽകാം.

  • മൈന, മയിൽ, കുയിൽ, തത്ത, മഞ്ഞക്കിളി, മണ്ണാത്തിപ്പുള്ള്, കുട്ടുറുവന്‍, മരംകൊത്തി, ഉപ്പൻ

  • വേഴാമ്പൽ, കാക്കത്തമ്പുരാട്ടി, മൂങ്ങ, പ്രാവ്, പരുന്ത്, ചങ്ങാലി പ്രാവ്,

  • കുളക്കോഴി, കൊക്ക്, കുരുവി, ഇരട്ടത്തലച്ചി, തേൻകിളി. വാലുകുലുക്കി

  • നാകമോഹൻ, ആറ്റക്കറുപ്പൻ. ഓലേഞാലി.....

(എന്നിവയില്‍ നിന്നും എട്ടോപത്തോ പക്ഷികളെ തെരഞ്ഞെടുക്കാം. പക്ഷിച്ചിത്രങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടാം)

  • ഇടവേളകളില്‍ സ്കൂള്‍ പരസരത്ത്  എത്ര പക്ഷികളെ കാണാനാകുംഅവയുടെ ശബ്ദം ശ്രദ്ധിച്ചുകേട്ട് ക്ലാസില്‍ മിമിക്രി രൂപത്തില്‍ അവതരിപ്പിക്കണം. കണ്ട പക്ഷികളുടെ പടവും വരയ്കാം.

(അനുരൂപീകരണം-കിളിയുടെ ചിത്രം ഓരോരുത്തര്‍ക്കും നല്‍കല്‍. ശബ്ദം കേള്‍ക്കുമ്പോള്‍ ബാധകമായ കിളിച്ചിത്രം ഉയര്‍ത്തിക്കാട്ടല്‍)

വിലയിരുത്തല്‍ക്കുറിപ്പുകള്‍

  • നാട്ടുപക്ഷികളുടെ ശബ്ദം എത്രപേര്‍ക്ക് തിരിച്ചറിയാനായി?

  • നാട്ടുപക്ഷികളുടെ ചിത്രം കണ്ട് പേരുകള്‍ പറയാനെത്ര പേര്‍ക്ക് കഴിഞ്ഞു

  • പക്ഷിയെ നിരീക്ഷിച്ച് ശബ്ദാനുകരണം നടത്തിയവരാരെല്ലാം?







പ്രവര്‍ത്തന3 - താളവും ചുവടും ( കലാവിദ്യാഭ്യാസം- അഭിനയം, താളം)

പഠനലക്ഷ്യം

  • പാട്ടിനും ആശയത്തിനും താളാത്മകമായ ശബ്ദത്തിനും അനുസൃതമായി താളത്തിൽ ചുവടുവെക്കുന്നു

പ്രതീക്ഷിത സമയം - 30 മിനുട്ട്

കരുതേണ്ട സാമഗ്രികള്‍- കുട്ടികളുടെ ഇരുകൈകളിലും പക്ഷിച്ചിറകുകളായി പാറാന്‍ പറ്റുന്ന വിധം രണ്ടോ മൂന്നോ കളറിലുളള റിബ്ബണ്‍കഷണങ്ങള്‍, ടീച്ചര്‍ക്ക് ചിറകായി ചലിപ്പിക്കാന്‍ ഷാള്‍ കരുതണം. സാധ്യമെങ്കില്‍ പക്ഷിത്തൊപ്പി വയ്കാം.

ക്ലാസ് ക്രമീകരണം

നടുത്തളത്തില്‍ ചുവട് വെച്ച് ആവിഷ്കരിക്കാന്‍ സ്ഥലം ഒരുക്കണം. ക്ലാസിന്റെ ഇരിപ്പിട ക്രമീകരണം U ആകൃതിയില്‍.

പ്രക്രിയാവിശദാംശങ്ങള്‍-

കുയിലിനെപ്പോലെ നമ്മൾ പാടി. ഇനി നമുക്ക് പാട്ടുപാടി പറന്നാലോ? നമ്മളെല്ലാം പക്ഷികളായി മാറുകയാണ്. അതിന് ചിറക് വേണം. റിബ്ബണ്‍ ചുറ്റിയ കൈകൾ ചിറകുകളാക്കി നമുക്ക് പറക്കാം. വെറുതെ പറന്നാൽ പോര, പാട്ടുപാടി പറക്കണം

ഘട്ടം ഒന്ന് (10 മിനുട്ട്)

  • ടീച്ചർ പാട്ടിന്റെ വരികൾ മൊത്തം ചൊല്ലുന്നു. തുടര്‍ന്ന് ഓരോ വരിയായി ചൊല്ലുന്നു.

  • കുട്ടികൾക്ക് ഏറ്റു ചൊല്ലാൻ അവസരം നൽകുന്നു

ഘട്ടം രണ്ട് (10 മിനുട്ട്)

  • തുടര്‍ന്ന് വരികളിലെ ആശയം അനുസരിച്ച് വലത്തോട്ടും ഇടത്തോട്ടും ഉയര്‍ന്നും താഴ്ന്നും പറക്കുന്നതായി അഭിനയിച്ച് പാടണം. കുട്ടികളും അതുപോലെ ചെയ്യണം

  • കുട്ടികളുടെ വലത്ത് ഭാഗവും കുട്ടികള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന ടീച്ചറുടെ വലത്ത് ഭാഗവും ഒന്നല്ല. അതിനാല്‍ കുട്ടികളുടെ പക്ഷത്തുനിന്ന് ടീച്ചര്‍ അവതരിപ്പിക്കണം.

ഘട്ടം മൂന്ന് (10 മിനുട്ട്)

  • ഗ്രൂപ്പുകളായി ഏറ്റുചൊല്ലി അഭിനയിച്ച് പാടാന്‍ അവസരം ( ആവശ്യമെങ്കില്‍ ടീച്ചര്‍ക്ക് പാടിക്കൊടുക്കാം. വരികളുടെ ക്രമം മാറ്റാം. വലത്ത്, ഇടത്ത് ധാരണകള്‍ കൃത്യതപ്പെടുത്താം.

ചിറകടിച്ച് ചിറകടിച്ച് വരികയാണ് പറവകൾ.

ഇടത്തേക്ക് വരികയാണ് ചിറകടിച്ച് പറവകൾ

വലത്തേക്ക് വരികയാണ് ചിറകടിച്ച്  പറവകൾ

ഉയർന്നുപാറി  വരികയാണ് ചിറകടിച്ച് പറവകൾ

താഴ്ന്നു പാറി വരികയാണ് ചിറകടിച്ച്  പറവകൾ

മലകടന്ന് പുഴകടന്ന് വരികയാണ് പറവകൾ.

എല്ലാവരും ചേർന്ന് പാടി ചലിച്ച് പറവകളായി അഭിനയിക്കുന്നു. മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കണം

(അനുരൂപീകരണം- പാട്ടിനനുസരിച്ച് ടീച്ചര്‍ക്കൊപ്പം ചുവടുവയ്ക്കാനവസരം, താളം പിടിക്കാം)

പ്രതീക്ഷിത ഉല്പന്നം- 

  • ഡിജിറ്റല്‍ പോര്‍ട്ട് ഫോളിയോ. പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ഓരോ ഗ്രൂപ്പിന്റെയും ഫോട്ടോ, വീഡിയോ എടുത്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടാം

വിലയിരുത്തല്‍ക്കുറിപ്പുകള്‍

  • പാട്ടിലെ ആശയത്തിനനുസരിച്ച് ചലിക്കാന്‍ കഴിഞ്ഞവരെത്ര?

  • ഇടത്, വലത് എന്നിവ സംബന്ധിച്ച് ആശയക്കുഴപ്പമുളള കുട്ടികളുണ്ടോ? അവര്‍ക്ക് നല്‍കിയ പിന്തുണ

  • താളാത്മകമായ ചലനത്തില്‍ മികച്ച രീതി സ്വീകരിച്ചവരേത് ഗ്രൂപ്പ്?

  • എല്ലാവരും നിര്‍ദേശങ്ങള്‍ കേട്ടു മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്നുവോ? പ്രയാസം നേരിട്ടവരാരെല്ലാം?










പ്രവര്‍ത്തനം 4 - കിളിയെ ഉണ്ടാക്കാം- മഞ്ഞക്കിളികള്‍ ( കലാവിദ്യാഭ്യാസം- വര)

പഠനലക്ഷ്യങ്ങള്‍

1- വിവിധ പ്രതലങ്ങളിൽ വരച്ച് നിറം നൽകുന്നു

2. കത്രിക പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു

3. പഠനോപകരണങ്ങൾ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിന്

പ്രതീക്ഷിത സമയം - 35 മിനുട്ട് ( സമയം കൂടുതല്‍ വേണ്ടി വന്നേക്കാം)

കരുതേണ്ട സാമഗ്രികള്‍- ക്രയോൺസ്, സ്കെച്ച് പേന, പെന്‍സില്‍, പശ, പശ തേയ്കാനുള്ള ഈര്‍ക്കില്‍/ബഡ്, മഞ്ഞക്കടലാസില്‍ വെട്ടിയ ചെറിയ വൃത്തങ്ങള്‍ (ഒരാള്‍ക്ക് നാലെണ്ണം വീതം)

മുന്നൊരുക്കം/ ക്രമീകരണം

  • ഓരോ ഗ്രൂപ്പിനും ആവശ്യമായ സാധനങ്ങളുടെ കിറ്റ് കുട്ടികള്‍ ഇരിക്കുന്നിടത്ത് ക്രമീകരിക്കണം 

പ്രക്രിയാവിശദാംശങ്ങള്‍

  • നമ്മള്‍ ചിറകടിച്ച് പറന്നില്ലേ? അതുപോലെ  ദൂരെ ഒരു നാട്ടിൽ നിന്നും മലകടന്ന് പുഴകടന്ന്  കുറേ മഞ്ഞക്കിളികൾ കൂട്ടമായി പറന്നു വന്നു. വിശന്നു വരികയാണ് അവർ. മരമായ മരമെല്ലാം നോക്കി വരികയാണ് കിളികൾ. ആ കിളികളെ കാണണ്ടേ. അവരെ കാണാൻ എന്തൊരു ഭംഗിയാണെന്നോ.. നമുക്ക് അവരെ ക്ലാസിലേക്ക് വരുത്തിയാലോ? ഉണ്ടാക്കി നോക്കിയാലോ?

 ടീച്ചറും കുട്ടികളും ഒപ്പം ചെയ്യുന്ന രീതി. ടീച്ചര്‍ ചാര്‍ട്ടിലും കുട്ടികള്‍ സചിത്രപുസ്തകത്തിലും.

ഘട്ടം ഒന്ന് (10 മിനുട്ട്)

  1. ടീച്ചര്‍ കടലാസില്‍ വെട്ടിയ മഞ്ഞ വൃത്തം ഓരോന്നു വീതം കിറ്റില്‍ നിന്നും എല്ലാവരും എടുക്കുക

  2. ദേ ഇതുപോലെ മുകൾഭാഗം അല്പം മടക്കുക ( ഒരു വലിയ വൃത്തമെടുത്ത് കാണിക്കുന്നത് നന്നായിരിക്കും)

  3. ഇനി കടലാസില്‍ മുകളിലായി (സചിത്രബുക്കില്‍ തന തന എഴുതുന്ന പേജില്‍ ) ഒട്ടിക്കണം 

  4. കിളിയെ ഒട്ടിക്കേണ്ട സ്ഥാനത്ത് പെന്‍സില്‍ വെച്ച് ദേ ഇതുപോലെ ഓരോ കുത്തിടണം ( ടീച്ചര്‍ ചാര്‍ട്ടില്‍ കാണിക്കുന്നു)

  5. കിറ്റില്‍ നിന്നും പെന്‍സില്‍ എടുത്ത് കടലാസില്‍ എല്ലാവരും കുത്തിട്ടോ?

  6. അവിടെ ഒരു തുള്ളി പശ തൊടുവിക്കണം. ( കുട്ടികള്‍ മാതൃകകാട്ടിയപോലെ ചെയ്തുവെന്നുറപ്പാക്കുന്നു)

  7. അതിന്മേല്‍ മഞ്ഞക്കടലാസ് വൃത്തത്തിന്റെ മധ്യഭാഗം വരത്തക്കവിധം ഇതുപോലെ വെയ്കണം(മടക്കിയഭാഗം അകത്താകരുതേ.)

  8. എന്നിട്ട് പതിയെ അമര്‍ത്തുക. കുറച്ചു സമയം അങ്ങനെ ഇരുന്നാല്‍ ശരിക്കും ഒട്ടും

  9. എല്ലാവരും ശരിയായി ഒട്ടിച്ചോ? ഇനി വ‍ൃത്തത്തിന്റെ മുകള്‍ ഭാഗത്തു നിന്നുള്ള മടക്ക് ഒന്നുകൂടി അമര്‍ത്തി മടങ്ങിയിരിക്കും വിധമാക്കുക. മാതൃക ടീച്ചര്‍ കാണിച്ചുകൊടുക്കണം.

ഘട്ടം രണ്ട് (10 മിനുട്ട്)

  1. കിളിക്ക് ചിറകുമാത്രം മതിയോ? മറ്റെന്തെല്ലാം വേണം

  2. അതിനു ചുണ്ടും  വരയ്ക്കണം. ഏതു നിറമുളള ചുണ്ടാണ് വേണ്ടത്? കുട്ടികള്‍ക്ക് ഇഷ്ടമുളള നിറം തെരഞ്ഞെടുക്കാം. പക്ഷേ എല്ലാ മഞ്ഞക്കിളികള്‍ക്കും ഒരേ നിറമുളള ചുണ്ടാണ് നല്ലത്. ചുണ്ടിന്റെ ആകൃതി എങ്ങനെയാ? എവിടെയാണ് ചുണ്ട് വരയ്കേണ്ടത്? ( ടീച്ചറും കുട്ടികളും ചുണ്ട് വരയ്കണം)

  3. എവിടെയാണ് കാല് വരയ്കേണ്ടത്? കാലിന് എന്തു നിറമാകാം?

  4. കിളിക്ക് കണ്ണ് വേണ്ടേ? എവിടെ വരയ്കും?
    ഇനി ചിറക് വരയ്കണോ? എങ്ങനെ? ചര്‍ച്ച.

ഘട്ടം മൂന്ന് (10 മിനുട്ട്)

  1. ഒരു കിളിയെ ഒട്ടിച്ച് വരച്ചില്ലേ? ഇനി മൂന്ന് മഞ്ഞക്കടലാസ് വൃത്തങ്ങളെടുത്ത് ഇതുപോലെ മടക്കി ഓരോന്നും ഒട്ടിച്ച് ചുണ്ടും കണ്ണും കാലും ചിറകും വരച്ച് മൂന്ന് കിളികളെക്കൂടി ഉണ്ടാക്കു. എല്ലാ കിളികളും ഒരേ ഭാഗത്തേക്കാണ് പറക്കുന്നത്. അതിനാല്‍ ചുണ്ടുകളെല്ലാം ഒരേ ദിശയില്‍ വരണേ. ( പിന്തുണ ആവശ്യമുള്ളവരെ സഹായിക്കണം. ഓരോ കിളിയെ ഒട്ടിക്കുമ്പോഴും വരയ്കുമ്പോഴും നേരിട്ട പ്രശ്നങ്ങള്‍ അടുത്തതില്‍ പരിഹരിക്കാനാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം.)

ഘട്ടം നാല് ( 5 മിനുട്ട്)

  1. സചിത്രപ്രവര്‍ത്തനപുസ്തകത്തിലെ മേഘത്തിനും മരത്തിനും നിറം നൽകണം. എന്തു നിറമാണ് മേഘത്തിന് നല്‍കേണ്ടത്? മരത്തിനോ? ( സചിത്രപ്പുസ്തകം ലഭ്യമായിട്ടില്ലെങ്കില്‍ കടലാസിന്റെ താഴെ മരം വരയ്കുകയോ ടീച്ചര്‍ നല്‍കുന്ന മരത്തിന്റെ കട്ടൗട്ട് ഒട്ടിക്കുകയോ ചെയ്യണം. മേഘങ്ങള്‍ കുട്ടികള്‍ വരച്ച് നിറം നല്‍കണം)

  • ക്രയോണ്‍സ് ഉപയോഗിച്ച് നിറം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • ആദ്യം അതിരിലുള്ള വരയില്‍കൂടി ക്രയോണ്‍സ് ഉപയോഗിച്ച് പുറത്തുചാടാത്ത വിധം വരച്ച അകത്ത് നിന്നും നിറച്ചു പോകുന്നതാണ് നല്ലത്. (സൂക്ഷ്മപേശീചലനം)

സചിത്രപുസ്തകത്തില്‍ മഞ്ഞക്കിളികളെ ഒട്ടിച്ച് മരത്തിനും മേഘത്തിനും നിറം നല്‍കിക്കഴിഞ്ഞാല്‍  കുട്ടികൾ ചിത്രങ്ങൾ ഉയർത്തി പരസ്പരം കാണിക്കുന്നു.

  • ടീച്ചര്‍ എല്ലാവരുടെയും ബുക്കില്‍  സ്റ്റാര്‍ നല്‍കുന്നു.

  • ബുക്ക് ഉയര്‍ത്തിപ്പിടിച്ച് സാവധാനം ചലിപ്പിച്ച് നേരത്തെ പാടിയ പാട്ട് വീണ്ടും പാടുന്നു.  (ചിറകടിച്ച് ചിറകടിച്ച് വരികയാണ് പറവകൾ.)

പ്രതീക്ഷിത ഉല്പന്നം

  • സചിത്ര പ്രവര്‍ത്തനപുസ്തകത്തില്‍ ഒരേ ദിശയിലേക്ക് പറക്കുന്ന മഞ്ഞക്കിളികളെ ആകര്‍ഷകമായി ഒട്ടിച്ച പേജ്

  • മേഘങ്ങള്‍ക്കും മരത്തിനും അനുയോജ്യമായ നിറം ക്രയോണ്‍സ് വെച്ച് നല്‍കിയ പേജ്

വിലയിരുത്തല്‍ക്കുറിപ്പുകള്‍

  • എല്ലാ കുട്ടികളും ക്രയോണ്‍സ് ഉപയോഗിച്ച് വിവിധ പ്രതലങ്ങളിൽ നിറം നല്‍കുന്നതില്‍ സൂക്ഷ്മപേശീനിയന്ത്രണശേഷി നേടിയിട്ടുണ്ടോ? ഇല്ലാത്തവര്‍ക്ക് എന്ത് തുടരനുഭവം നല്‍കി

  • അനുയോജ്യമായ നിറം തെരഞ്ഞെടുക്കുന്നതില്‍, നിറം തിരിച്ചറിയുന്നതില്‍ എല്ലാ കുട്ടികള്‍ക്കും കഴിയുന്നുണ്ടോ? ആര്‍ക്കാണ് കൂടുതല്‍ പിന്തുണ വേണ്ടി വന്നത്?

  • ചുണ്ട്, കണ്ണ്, കാല് എന്നിവ വരയ്കുന്നതില്‍ എല്ലാവരും സൂക്ഷ്മപേശീനിയന്ത്രണശേഷി നേടിയിട്ടുണ്ടോ?

  • ഒട്ടിക്കുന്നതില്‍ കൂടുതല്‍ സഹായം വേണ്ടിവന്നവരാരാണ്? എന്തായിരുന്നു അവര്‍ നേരിട്ട പ്രശ്നം? എന്താണ് അവര്‍ക്കുവേണ്ടി ചെയ്തത്?

  • പരസ്പരം വിലയിരുത്തി ചിത്രത്തെക്കുറിച്ച് എന്തെല്ലാമാണ് കുട്ടികള്‍ പറഞ്ഞത്?











കുട്ടിയെ അറിയല്‍

ഒന്നാം ദിവസത്തെ പൊതുവിലയിരുത്തല്‍






ക്രമനമ്പര്‍






കുട്ടിയുടെ പേര്

താളാത്മകമായി പാട്ട് അവതരിപ്പിക്കുന്നതില്‍ താല്പര്യപൂര്‍വം പങ്കെടുക്കുന്നു (സൗന്ദര്യാത്മക സര്‍ഗാത്മക വികാസം

മറ്റു കുട്ടികളുമായി ഇടപഴകുന്നു

(സാമൂഹിക, വൈകാരിക വികാസം)

കഥകള്‍ പറയുന്നു, ആശയങ്ങള്‍ പങ്കുവെക്കുന്നു

(ഭാഷാ വികാസം)

ഒട്ടിക്കല്‍, വരയ്കല്‍, നിറം നല്‍കല്‍ എന്നിവ സഹായമില്ലാതെ ചെയ്തു

(ശാരീരിക ചാലക വികാസം)

കൂടുതല്‍ പരിഗണന വേണ്ടവര്‍

(ചുവടെയുള്ള കോഡുകളില്‍ ബാധകമായവ നല്‍കുക)




































കൂടുതല്‍ പരിഗണന വേണ്ടവര്‍

A പ്രീസ്കൂള്‍/ അങ്കണവാടി അനുഭവമില്ല

B വീട്ടില്‍ പിന്തുണ ലഭിക്കുന്നതിന് പരിമിതിയുണ്ട്

C. ഇതരസംസ്ഥാനക്കാരായ കുട്ടി

D ഗോത്രവിഭാഗത്തില്‍പ്പെട്ട കുട്ടിക

E. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നു


 

1 comment:

Aswathy R Prasad said...

ഒന്നാം ദിവസത്തെ കഥ പറയൽ വളരെ രസകരമായിരുന്നു. ഞാൻ അണ്ണാന്റെയും ആനയുടെയും കഥ അവർക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങി . കഥ തുടങ്ങുംപോഴേ അർജുൻ എനിക്ക് ഈ കഥ അറിയാം.ഞാൻ പറയാം എന്ന് പറഞ്ഞു വന്നു. ആദ്യം ഞാൻ പിന്നെ അർജുൻ എന്ന് പറഞ്ഞു ഞാൻ അവനെ അവിടെ ഒരുവിധത്തിൽ ഇരുത്തി. കഥ തുടങ്ങി അർജുൻ പിണങ്ങി.അച്ചോടാ.... പാവം എന്നാ പറഞ്ഞോളൂ എനിക്ക് സങ്കടം. അങ്ങനെ അർജുനാണ് ഞങ്ങളുടെ കഥാവേള തുടങ്ങി വച്ചതു. വളരെ സന്തോഷം തോന്നി.പിന്നെ അങ്ങോട്ട് കഥകളുടെ ഒരു പ്രളയമായിരുന്നു 🤣. എന്താ കഥകൾ പുസ്തകത്തിൽ ഇല്ലാത്ത നല്ല സുന്ദരമായ കഥകൾ....
Aswathy R Prasad
GLPS urukunnu
Punalur (sub)kollam