ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, June 23, 2025

171. പറവ പാറി മൂന്നാംദിവസം അനുഭവക്കുറിപ്പുകളും ആസൂത്രണക്കുറിപ്പും

 മലയാളത്തിലേക്ക് പതിയെ

 റോഷിദുൽ (ആസാം )പ്രീസ്കൂൾ അനുഭവങ്ങളില്ല. ക്ലാസ്സിൽ തത്സമയം വായിക്കുന്നു. പുതിയ പഠന പ്രക്രിയ ശരിയായ രീതിയിൽ തന്നെ 💪

ജി എൽ പി എസ് ഇരിമ്പിളിയം

 ബോര്‍ഡെഴുത്ത്

ധ്യാൻദേവിന് മനസിലായി ബോർഡിലെഴുതുമ്പോൾ കൈമുട്ടിച്ചെഴുതിയാല് ചെറുതാവുമെന്നും കൈമുട്ടിക്കാതെ എഴുതിയാൽ വലുതായി എഴുതാമെന്നും അടുത്ത് നിന്ന ആർദ്രക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.😊

ഇന്ന് മലയാളം മൂന്നാം ദിനത്തിലെ പ്രവർത്തനങ്ങളാണ് ചെയ്തത്. സഹാധ്യാപകൻ നിലമ്പൂർ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയതിനാൽ 3 ദിവസമായി രണ്ട് ഡിവിഷനിലെ 44 കുട്ടികൾ ക്ലാസിലുണ്ട്. പ്രീ പ്രൈമറി അനുഭവമില്ലാത്ത 3 പേരാണ് ഉള്ളത് അവർക്ക് പ്രത്യേക പിന്തുണ നൽകി കൂടെ കൂട്ടി പിന്തുണ പുസ്തകം ഉപയോഗിച്ച് എഴുതിച്ചു.

ജി എൽ പി സ്കൂൾ

അരക്കുപറമ്പ്

................

ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ 

ഇത് ഇസ്രായേൽ അൻസാരി ❤️ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നും നമ്മുടെ വന്നതാണ് 🥰 പ്രീപ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞാണ് ❤️പക്ഷേ അവൻ നന്നായി ശ്രമിക്കുന്നുണ്ട്.

 എല്ലാവരും എഴുതുമ്പോൾ അവരെ പോലെ എഴുതാൻ ശ്രമിക്കും. അവൻ ഇന്ന് എഴുതിയത് 🥰🥰

സായന്തിന്റെ മടി മാറി

എല്ലാ ദിവസവും കഥകൾ പറഞ്ഞു കൊണ്ടാണ് ക്ലാസുകൾ ആരംഭിക്കുന്നത്. കഥ പറയാൻ ഇപ്പൊ മത്സരം ആണ് ക്ലാസ്സിൽ. പ്രീ പ്രൈമറി അനുഭവം ഇല്ലാത്ത കുഞ്ഞുങ്ങൾ ആണ് എല്ലാവരും. പട പട പട പറവ എന്ന ഒരു കളി ഞങ്ങൾ ഇന്ന് ക്ലാസ്സിൽ കളിച്ചു... പട എന്ന വാക്ക് ഉറപ്പിക്കാൻ ഈ കളി ഒരു പാട് സഹായിച്ചു.

 എല്ലാവരും പറവക്കുഞ്ഞുങ്ങളാണ്. പറവ കുഞ്ഞുങ്ങൾക്ക് അവരുടെ പറവക്കൂട്ടിൽ ചെല്ലണമെങ്കിൽ പട എന്നെഴുതിയ കളങ്ങളിൽ കൂടി പോകണം.

പട    തന     തന 

തന   പട   തന 

പട      പട    തന 

തന   പട     പട 

തന   പട    പട 

 പറവ 

ആദ്യം കൂട്ടിൽ വരുന്ന പറവക്കുഞ്ഞ് ബോർഡിൽ പട എന്ന് എഴുതും.

 കുഞ്ഞുങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട കളി ആയിരുന്നു.  ടീച്ചറെ ഇനി ഏത് വാക്കിൽ കൂടി ഞങ്ങൾ പറക്കണം.. എന്നായിരുന്നു കാശിക്കുട്ടന്റെ ചോദ്യം.

     പറക്കുന്ന പറവയെ ഉണ്ടാക്കിയപ്പോ എന്തൊരു അത്ഭുതം ആയിരുന്നു കുഞ്ഞുങ്ങൾക്ക്. ടീച്ചറെ ഇതൊക്കെ അമ്മയെ കൂടി പഠിപ്പിക്കണേ എന്ന് ഒരു കൊച്ചുമിടുക്കി. ടീച്ചറെ ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്ന് 😄😄

ക്ലാസ്സിൽ വായനക്കൂടാരം ഒരുക്കി... എല്ലാരും പുസ്തകം ആയിട്ടാണ് വീട്ടിൽ പോയത് 🥰🥰

ഏറ്റവും സന്തോഷിച്ചത് വൈകുന്നേരം സായന്തിന്റെ അമ്മ അയച്ച മെസ്സേജ് കണ്ടാണ്.

"ഞാൻ ബിന്ദു എന്റെ മോൻ സായന്തിന് ആദ്യം സ്കൂളിൽ വരാൻ പേടിയായിരുന്നു. ഇപ്പൊ അതൊക്കെ മാറി ടീച്ചറുടെ പാട്ടുകളും കളികളും എല്ലാം അവനു ഒത്തിരി ഇഷ്ടം ആണ്. അവനു സ്കൂളിൽ പോകാൻ നല്ല ഇഷ്ടമാണ്.""

ഞാനും എന്റെ കുഞ്ഞുങ്ങളും ഞങ്ങളുടെ സന്തോഷങ്ങളും... എന്റെ കൂടെ നിൽക്കുന്ന രക്ഷിതാക്കളും... ഞങ്ങൾ എല്ലാരും ചേർന്ന് ഒന്ന് ഒന്നാന്തരം ആക്കുകയാണ്...

   അഞ്ജലി രാജൻ 

    G. T. H. S. Kattachira


ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും

ഇന്ന് 13 ൽ 12 കുട്ടികൾ വന്നു.

പട പട പട പട 

പട പട പറവ

ഈ ഭാഗം ഘട്ടങ്ങളിലൂടെ പോയതുകൊണ്ട്  10 കുട്ടികളും ആലേഖനക്രമം  തിരിച്ചറിഞ്ഞു അക്ഷയ 'ട'  എഴുതിയത് തിരിഞ്ഞുപോയി.

പിന്തുണാപുസ്തകം ഉപയോഗിച്ചു, കട്ടിക്കെഴുത്തും ഉപയോഗപ്പെടുത്തി. പ,വ ഇവ തിരിച്ചറിഞ്ഞത് എഡിറ്റിംഗിൽ കാണാൻ കഴിഞ്ഞു. ഹിസ (ഭിന്നശേഷി)ഇന്ന് പിന്തുണാപുസ്തകത്തിൽ എഴുതാൻ സഹകരിച്ചു. വല്ലാതെ ബലം പ്രയോഗിക്കുന്നു.

ഹൈപ്പർ ഭിന്നശേഷി ഉള്ളതുകൊണ്ട് പ്രവർത്തനം ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് പക്ഷികളുടെ ചിത്ര ആൽബം  ചെയ്യാൻ കഴിഞ്ഞില്ല. അടുത്ത ദിവസം ചെയ്യാം. കുട്ടികൾ ഇടയ്ക്കിടെ ടീച്ചർ ഇങ്ങനെയാണോ പഠിപ്പിക്കാ എല്ലാരേയും എന്ന് ചോദിച്ചു.  ഇത് രണ്ട് ദിവസമായി ഞാനും കേൾക്കുന്നു.  അപ്പോ എന്താ അങ്ങനെ ചോദിക്കുന്നത് എന്നു ഞാനും. അതിന് സാവൻ സനാവ് : ഇതല്ലെ സുഖം. നിറം നൽകി ചിത്രം ഒട്ടിച്ച് പാട്ടു പാടി കളിച്ച് ചിരിച്ച് വേഗം പഠിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾഅല്ലേ ഇത്?

വീണ്ടും ചോദിച്ച കുട്ടിയോട് ഞാൻ-

എന്താ മോളു ഇഷ്ടമായില്ലേ?  

'നല്ല ഇഷ്ടമായി.

എത്രവേഗമാണ് എഴുതാനും വായിക്കാനും പഠിച്ചത്' . യു.കെ.ജി യിൽ കുറെ തവണ എഴുതി പഠിച്ചതല്ലേ എന്നിട്ടും അക്ഷരം കിട്ടിയില്ല. ഇപ്പോ വേഗം പഠിച്ചപ്പോ കുട്ടിയ്ക്ക് തോന്നി.

അതുപോലെ ക്ളാസിൽ ഒന്നും സംസാരിക്കാത്ത എഴുതാൻ അറിയാത്ത മുഹമ്മദ് അദിൻ  ഇപ്പോൾ നന്നായി കാര്യങ്ങൾ പറയും എഴുതും. കൂട്ട ബോർഡെഴുത്തിൽ ആദ്യം എഴുതിയത് അവനാ.  പാട്ടുപാടും. വർക്ക് കഠിനമാണെങ്കിലും  വിജയം സുനിശ്ചിതം  എന്ന് ഉറപ്പാണ്.

ലളിത

പാലക്കാട്  

അനുബന്ധം

ക്ലാസ് : ഒന്ന്

കുട്ടികളുടെ എണ്ണം : ……...

ഹാജരായവര്‍ : ……...

തീയതി : …./06/2025

യൂണിറ്റ് : 1

പാഠത്തിന്റെ പേര് : പറവ പാറി

പ്രവര്‍ത്തനം 10 : ചിറകടിയൊച്ച (എഴുത്ത് തുടര്‍ച്ച)

പഠനലക്ഷ്യങ്ങള്‍:

1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) മലയാളം അക്ഷരങ്ങള്‍ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു. (, , , )

പ്രതീക്ഷിത സമയം: 40+40 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍:  മാർക്കർ, ചാർട്ട്, പിന്തുണബുക്ക്ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ. , , , എന്നിവയുടെ അക്ഷരഘടന വ്യക്തമാക്കുന്ന പ്രിന്റ് പ്രത്യേകപരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ക്കായി കരുതണം

ഊന്നൽ നല്‍കുന്ന അക്ഷരങ്ങൾ: , , ,

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന് (10 മിനുട്ട്)

മുന്‍ദിവസം നല്‍കിയ വായനക്കാര്‍ഡ് താളാത്മകമായി വായിക്കാന്‍ അവസരം നല്‍കുന്നു. ( വീട്ടില്‍ വാട്സാപ്പ് സൗകര്യം ഇല്ലാത്തവര്‍ക്ക് ആദ്യ പരിഗണന)

  • പക്ഷികള്‍ ചിറകടിക്കുന്ന ശബ്ദം ഉണ്ടാക്കാനറിയാമോ? ഉള്ളം കൈയില്‍ മറ്റേ കൈത്തലം അധികം ഉയരത്തിലല്ലാതെ വെച്ച് വേഗത്തില്‍ അടിച്ച് ചിറകടിയുടെ ശബ്ദം ഉണ്ടാക്കുന്നു. പട പട പട

  • പക്ഷികള്‍ ചിറകടിക്കുന്ന ഓഡിയോ കേള്‍പ്പിക്കാം

  • പട പട പട എന്ന് ചിറകടിക്കുന്നതാരാ?

  • കുട്ടികള്‍ പക്ഷികളുടെ പേരുകള്‍ പറഞ്ഞേക്കാം. കിളി, പക്ഷി എന്നെല്ലാം പറയാം. മറ്റൊരു പേരുണ്ട് പറവ

  • പട പട പട പടപട പട പട പറവ എന്ന് ചിറകടിച്ച് പറഞ്ഞാലോ

  • ചിറകടിക്കുന്ന ഒറിഗാമിക്കിളിയെ കൊടുത്ത് ( അവധിക്കാല പരിശീലനത്തില്‍ നിര്‍മ്മിച്ചത്) ചിറകുകള്‍ ചലിപ്പിച്ച് പട പട പട പടപട പട പട പറവ എന്ന് പറയിക്കുന്നു.

  പട പട പട പട 

പട പട പറവ

ഘട്ടം രണ്ട്

ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും ( 5 മിനുട്ട്)

എഴുതി നോക്കിയാലോ?

  1. പട പട പട പട എന്നു പറഞ്ഞ് ചാർട്ടിൽ എഴുതുന്നു. ( വാക്കകലം പാലിച്ച് വടിവോടെ)

  2. പട  എന്ന് എഴുതേണ്ട വിധം ബോര്‍ഡില്‍ കാണിക്കുന്നു. (അക്ഷരഘടന പറഞ്ഞ് -ചുവട്ടില്‍ നിന്നും തുടങ്ങി ചെറിയൊരു തല വരച്ച് ഇതുപോലെ ഉടല്‍ നീട്ടി കുത്തനെ മേലേക്ക് ഉയര്‍ന്നാല്‍ പ ആയി.)

  3. , ട എന്നിവ വേറിട്ടും എഴുതിക്കാണിക്കുന്നുവലുതായി രണ്ടു തവണകൂടി എഴുതുന്നു.

ഘട്ടം മൂന്ന്

പ്രവര്‍ത്തനപുസ്തകത്തിലെഴുത്ത് ( 10 മിനുട്ട്)

  • പ്രവര്‍ത്തനപുസ്തകത്തില്‍  എത്ര തവണ പട എന്ന് എഴുതിയിട്ടുണ്ട്

  • ആ വരിയില്‍ ആണ് എഴുതേണ്ടത്

  • എല്ലാവരും പട എന്ന് രണ്ടു  തവണ എഴുതിക്കേ(കുഞ്ഞെഴുത്തുകള്‍ ലഭ്യമല്ലാത്തയിടത്ത് ഒന്നാം വരി മുഴുവന്‍ എഴുതിക്കണം) 

പിന്തുണാനടത്തവും കട്ടിക്കെഴുത്തും ( 10 മിനുട്ട്)

  • പിന്തുണാപുസ്തകം ഉപയോഗിക്കുന്നു.

  • ട എഴുതുമ്പോള്‍ വളവ് പൂര്‍ണമായി വഴങ്ങാത്ത കുട്ടികള്‍ക്ക് കട്ടിക്കെഴുത്ത് നടത്തിയ ശേഷം ബോര്‍ഡിലും പിന്തുണബുക്കിലും അവര്‍ എഴുതണം. പ എഴുതുമ്പോള്‍ വലതുവശത്തെ കോണ്‍ ആകൃതി പ്രശ്നമാകും. ഒരു ബിന്ദുവില്‍ നിന്നും കുത്തനെ നേര്‍വര വരയ്കാനുള്ള പരിശീലനം വേണ്ടിവരാം.

  • മുന്‍ ദിവസം ഹാജരാകാത്ത കുട്ടികള്‍ തന തന തന തന തന തന താന എന്ന് എഴുതാനുണ്ട്. അവര്‍ക്ക് സവിശേഷ സഹായസമയം കണ്ടെത്തി എഴുത്തനുഭവം ഒരുക്കണം.

അംഗീകാരം നല്‍കല്‍

  • പട പട പട പട എന്ന വരി പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം ശരി അടയാളം നല്‍കുന്നു. സഹായത്തോടെ ശരിയാക്കിയവര്‍ക്കും

തെളിവെടുത്തെഴുത്ത് ( 5 മിനുട്ട്)

  • പട പട എന്ന ഒന്നാം വരി പൂര്‍ത്തിയാക്കി ഇനി അടുത്തതായി എന്താണ് എഴുതേണ്ടത്?

  • ട പട പറവ

  • പട പട എന്നത് മാത്രം തെളിവെടുത്തെഴുതു ( ഒന്നാം വരിയിലെ തെളിവ് കാട്ടിക്കൊടുക്കണം)

ടീച്ചറുടെ പിന്തുണാനടത്തം പിന്തുണാപുസ്തകത്തിലെഴുത്ത്

പിരീഡ് രണ്ട്

ഘട്ടം നാല് (20 മിനുട്ട്)

പറവ എങ്ങനെയെഴുതും?

  • ടീച്ചർ പറവ എന്നു പറഞ്ഞ് ചാർട്ടിൽ എഴുതുന്നു.

  • തുടർന്ന് പ റ വ ഓരോന്നും അക്ഷരങ്ങൾ ഘടന പറഞ്ഞ് ബോർഡിൽ പറവ  എന്ന് എഴുതുന്നു.

  • കുട്ടികൾ സചിത്രപുസ്തകത്തിൽ എഴുതുന്നു

  • ടീച്ചറുടെ പിന്തുണാനടത്തം

  • പിന്തുണാപുസ്തകത്തിലെഴുത്ത്

  • , പ അക്ഷരങ്ങളുടെ ഘടന വിലയിരുത്തൽ.

  • കട്ടിക്കെഴുത്ത്

  • ഓരോ അക്ഷരവും ഓരോ വാക്കും ശരിയടയാളം നൽകി അംഗീകാരമുദ്ര നൽകണം 

അനുരൂപീകരണം

ചുവടെ നല്‍കിയതില്‍ ക്ലാസിലെ കുട്ടികളുടെ പ്രത്യേകത പരിഗണിച്ച് അനുയോജ്യമായത് തെരഞ്ഞെടുക്കുന്നു

  1. അമ്പടയാളത്തിലൂടെ വിരലോടിക്കല്‍ (കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നവർക്ക്

  2. അക്ഷരത്തിന്റെ എഴുത്തുരീതി ബോധ്യപ്പെടുന്നതിനായി അമ്പടയാളം ഇട്ട അക്ഷരത്തിലൂടെ എഴുതൽ

  3. കുത്തുകളിലൂടെ അക്ഷരഘടന യോജിപ്പിച്ച് എഴുതൽ

  4. അക്ഷരത്തിന്റെ ഉള്ളിലൂടെ, രണ്ട് ലെയർ ഉള്ള അക്ഷര ഫ്രെയിമിലൂടെ പല നിറങ്ങളിലുള്ള സ്കെച്ച് പേന ഉപയോഗിച്ചെഴുതിക്കല്‍

  5. ഒത്തെഴുത്ത്  (കൂടുതല്‍ പ്രയാസം അനുഭവപ്പെടുന്നവർക്ക് ടീച്ചർ കുട്ടിയുടെ കൈ പിടിച്ച് എഴുതൽ)

  6. ടീച്ചർ കുട്ടിയുടെ നോട്ടുബുക്കിൽ എഴുതിക്കൊടുക്കൽ 

ഇവ കുട്ടിയുടെ ആവശ്യത്തിന്റെ തോത് അനുസരിച്ച് ഉപയോഗപ്പെടുത്തന്നതാണ്

സ്റ്റാര്‍ നല്‍കല്‍ (5 മിനുട്ട്)

തന തന തന തന

തന തന താന

പട പട പട പട 

പട പട പറവ

എന്ന വരികള്‍ എഴുതി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും സ്റ്റാര്‍ നല്‍കുന്നു. അഭിനന്ദിക്കുന്നു. വീട്ടില്‍കൊണ്ടുപോയി കാണിക്കണം എന്നും നിര്‍ദ്ദേശിക്കുന്നു.

പ്രവര്‍ത്തനം 11 : ചിറകടിയൊച്ച (വായന)

പഠനലക്ഷ്യങ്ങള്‍:

  • പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു (, , , , , ന എന്നീ അക്ഷരങ്ങളും ആ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളുമുള്ള പദങ്ങൾ, വാക്യങ്ങൾ, പാട്ടുകൾ എന്നിവ)

  • താളബോധത്തോടെ വരികൾ ചൊല്ലുന്നു.

പ്രതീക്ഷിത സമയം : 15 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: ചാര്‍ട്ട്, കടലാസ് വടി

ഊന്നൽ നല്‍കുന്ന അക്ഷരങ്ങൾ: , , ,, ,

ഊന്നൽ നല്‍കുന്ന ചിഹ്നങ്ങള്‍: ആ സ്വരത്തിന്റെ ചിഹ്നം

പ്രക്രിയാവിശദാംശങ്ങള്‍‍

കണ്ടെത്തല്‍ വായന (വാക്യം)

  • പറവയുടെ ചിറകടിശബ്ദം സൂചിപ്പിക്കുന്ന വരി എത്രാമതാണ്? (3.4)

  • എത്രാമതാണ് എന്ന് കൈവിരല്‍കൊണ്ട് വ്യക്തമാക്കുക,

  • രണ്ടോ മൂന്നോ പേര്‍ക്ക് ചാര്‍ട്ടില്‍ നിന്നും തൊട്ടുകാണിക്കാന്‍ അവസരം

കണ്ടെത്തല്‍ വായന (വാക്ക്)

  • പറവ എന്ന് ഏത് വരിയിലാണ് എഴുതിയിട്ടുള്ളത്?

  • പട എന്ന് എത്രതവണ എഴുതിയിട്ടുണ്ട്

ഓരോ കണ്ടെത്തലിനും ചാര്‍ട്ടില്‍ തൊട്ട് കാണിക്കേണ്ടവര്‍ പലരാകണം. ഒരേ കൂട്ടി തന്നെ വീണ്ടും വരരുത്. വാക്കുകള്‍ തൊട്ടുവായിക്കാന്‍ അവസരം. അതു പോലെ ടീച്ചര്‍ തൊട്ടുകാണിക്കുന്നതും വായിക്കണം. തൊട്ടുവായിക്കാൻ കടലാസ് വടി ഉപയോഗിക്കണം

കണ്ടെത്തല്‍ വായന (അക്ഷരം)

  • പ എന്ന അക്ഷരമുളള എത്ര വാക്കുകളുണ്ട്?

  • പ ആണോ ട ആണോ കൂടുതല്‍?

  • റ എവിടെയാണ്?

  • വ ഏത് വാക്കിലാണ്?

മുന്‍ദിവസം വരാത്തവര്‍ക്ക് ത, താ , ന കണ്ടെത്താന്‍ അവസരം നല്‍കണം. ടീച്ചര്‍ സഹായിക്കേണ്ടിവരും

  • ത ഏത് വാക്കിലാണ്?

  • താ എന്ന് എവിടെയാണ് എഴുതിയിട്ടുള്ളത്?

  • ന എവിടെല്ലാം?

കണ്ടെത്തല്‍ വായനയില്‍ ഏതെങ്കിലും ഘട്ടങ്ങളിലായി എല്ലാവര്‍ക്കും പങ്കാളിത്തം കിട്ടി എന്ന് ഉറപ്പാക്കുന്നു.

ക്രമത്തില്‍ വായിക്കല്‍ ( സന്നദ്ധതയുള്ളവര്‍)

  • നാല് വരികളും വായിക്കാന്‍ സന്നദ്ധതയുളളവര്‍ വരിക. നിര്‍ദേശിക്കുന്ന ക്രമത്തില്‍ വായിക്കല്‍ ( സന്നദ്ധതയുള്ളവരും ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നവരും)

  • രണ്ടാമത്തെ വരി ആദ്യം വായിക്കുക. എന്നിട്ട് ഒന്നാമത്തെ വരി

  • മൂന്നാമത്തെ വരി മാത്രം വായിക്കുക

  • രണ്ടും നാലും വരികള്‍ വായിക്കുക

താളാത്മക വായന (വാക്കില്‍ തൊട്ട്) ( ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നവര്‍)

  • പട പട പട പട പട പട പറവ

  • തന തന തന തന തന തന താന

വാക്കുകള്‍ ചൂണ്ടുന്നതനുസരിച്ച് താളമിട്ട് ചൊല്ലല്‍. ( വേഗത്തിലും സാവധാനവും)

പ്രതീക്ഷിത ഉല്പന്നം

  • തന തന തന തന തന തന താന

പട പട പട പട പട പട പറവ എന്നെഴുതിയ ചാര്‍ട്ട്,

  • കുട്ടികളുടെ സചിത്രപ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍.

വിലയിരുത്തല്‍

  • പുതിയ സന്ദര്‍ഭത്തില്‍ നിന്ന് പരിചിതാക്ഷരങ്ങള്‍ കണ്ടെത്താന്‍ എത്രപേര്‍ക്ക് ?

  • , , , , , ന എന്നിവ വേർതിരിച്ച് ചൂണ്ടിക്കാണിക്കാൻ എത്രപേർക്ക് കഴിഞ്ഞു?

പിരീഡ് മൂന്ന്

പ്രവര്‍ത്തനം 12 : ക്ലാസ് എഡിറ്റിംഗ്

പഠനലക്ഷ്യങ്ങള്‍:

അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.

പ്രതീക്ഷിത സമയം : 15 മിനിറ്റ്

പ്രക്രിയാവിശദാംശങ്ങള്‍

  1. പക്ഷിയുടെ പടം വരച്ച് അതിന്റെ താഴെ പട പട പറവ എന്ന് എഴുതാമോ?

  2. എല്ലാവര്‍ക്കും മുറിച്ചോക്കുകള്‍ നല്‍കുന്നു.

കൈ ബോര്‍ഡില്‍ തൊടാതെ ചോക്കു മാത്രം മുട്ടിച്ച് വലുപ്പത്തില്‍ എഴുതാനുളള പരിശീലനം കൂടിയാണ്. ഒരേ സമയം നാലോ അഞ്ചോ കുട്ടികള്‍ക്കെഴുതാം. ചുവടെ സൂചിപ്പിച്ച ഓരോ കാര്യവും പരിഗണിച്ച് ഘട്ടം ഘട്ടമായി മെച്ചപ്പെടുത്തുന്നു. ഓരോ സൂചകവും ചര്‍ച്ച ചെയ്യുമ്പോള്‍ സന്നദ്ധരായവരെക്കൊണ്ടാണ് മെച്ചപ്പെടുത്തി എഴുതിക്കേണ്ടത്. മുന്‍ ദിവസം ഹാജരാകാത്തവര്‍ തന തന താന എന്നുകൂടി എഴുതണം. അതിന് ടീച്ചര്‍ സഹായിക്കണം.

  1. വരച്ച ചിത്രങ്ങള്‍ പക്ഷിയെപ്പോലെ തോന്നുന്നുണ്ടോ?

  2. വാക്കകലം പാലിച്ചിട്ടുണ്ടോ? ( പട പട പറവ എന്നെഴുതിയപ്പോള്‍ അകലമിട്ടാണോ എഴുതിയത്?)

  3. എല്ലാവരും എഴുതിയ അക്ഷരങ്ങള്‍ വായിക്കാനാകുന്നത്ര വലുപ്പത്തിലാണോ?

  4. ഏതെങ്കിലും വാക്കില്‍ അക്ഷരം വിട്ടുപോയിട്ടുണ്ടോ? ( പറവ)

  5. എല്ലാവരും എഴുതിയപ്പോള്‍ പ യ്ക്ക് ചെറിയ തലയാണോ? ഉടല്‍ നീണ്ടിട്ടുണ്ടോ? കുത്തനെ ഉയര്‍ന്നാണോ അവസാനഭാഗം എന്നിങ്ങനെ? എന്നിങ്ങനെ ഘടന ആസ്പദമാക്കി ചോദിക്കുന്നു.

  6. വ എഴുതിയത് പ പോലെയോ പ എഴുതിയത് വ പോലെയോ തോന്നുന്നുണ്ടോ?

പ്രതീക്ഷിത ഉല്പന്നം

  • ബോര്‍ഡില്‍ കുട്ടികള്‍ എഴുതിയതും മെച്ചപ്പെടുത്തിയതും

  • ബുക്കില്‍ ഓരോ വാക്കിനും വാക്യത്തിനും ശരിയടയാളം ലഭിക്കും വിധം മെച്ചപ്പെടുത്തിയെഴുതിയത്.

വിലയിരുത്തല്‍ക്കുറിപ്പുകള്‍ (5 മിനുട്ട്)

  • ഹാജരാകാത്ത കുട്ടികളെ പരിഗണിച്ച രീതി ഫലപ്രദമായോ? അവരുടെ പ്രവര്‍ത്തനപുസ്തകത്തില്‍ രേഖപ്പെടുത്തല്‍ പൂര്‍ണമാക്കി ശരിഅടയാളം നല്‍കിയോ?

  • അനുരൂപീകരണപ്രവര്‍ത്തനങ്ങള്‍ എത്രപേര്‍ക്ക് വേണ്ടി വന്നു?

  • എത്ര പേര്‍ക്ക് കട്ടിക്കെഴുത്ത് പ്രയോജനപ്പെട്ടു?

  • കണ്ടെത്തിയ പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്?





പ്രവര്‍ത്തനം 13 : നിറം നല്‍കാം വരയ്ക്കാം പാടാം (കലാവിദ്യാഭ്യാസം പരിസരപഠനം)

പഠനലക്ഷ്യങ്ങള്‍:

സ്വയം വരച്ചതോ ലഭിച്ചതോ ആയ ചിത്രങ്ങൾക്ക് നിറം നൽകുന്നു.

തീമുമായി ബന്ധപ്പെട്ട് സ്വയം രൂപപ്പെടുത്തിയതോ നിര്‍ദേശിക്കുന്നതോ ആയ സന്ദര്‍ഭങ്ങള്‍, ആശയങ്ങള്‍ എന്നിവ സ്വതന്ത്രമായി ചിത്രീകരിക്കുന്നു.

പ്രതീക്ഷിത സമയം: - 15 മിനിറ്റ്

കരുതേണ്ട സാമഗ്രികള്‍: ക്രയോൺസ്, 4 പേപ്പർ, പ്രവര്‍ത്തനപുസ്തകം പേജ് 10,11 ( പ്രവര്‍ത്തന പുസ്തകം ലഭ്യമല്ലെങ്കില്‍ കിളികളുടെ കട്ടൗട്ട് നല്‍കി ഔട്ട് ലൈനിലൂടെ വരപ്പിച്ച് നിറം നല്‍കേണ്ടിവരും)

പ്രക്രിയാവിശദാംശങ്ങള്‍

പറവകളെപ്പറ്റിയുളള പാട്ടുകള്‍ അറിയാമോ? അറിയാവുന്ന പാട്ടുകള്‍ രണ്ട് കുട്ടികള്‍ പങ്കിടുന്നു. അതിനെ അംഗീകരിക്കുകയും ആവശ്യമെങ്കില്‍ വീണ്ടും പാടിച്ച് കൂട്ടപ്പാട്ടായി മാറ്റുകയും ചെയ്യാം.

കാക്കയ്ക്കുണ്ടൊരു കുപ്പായം 

കറുത്ത കുപ്പായം എന്ന പാട്ട് അറിയാമോ?

അറിയാവുന്നവര്‍ ചൊല്ലട്ടെ. അറിയില്ലെങ്കില്‍ ടീച്ചര്‍ ചൊല്ലിക്കേള്‍പ്പിക്കണം. ചോദ്യോത്തരപ്പാട്ടുപോലെയാകാം.

തത്തയ്കുണ്ടൊരു കുപ്പായം? .............കുപ്പായം.

കിളികള്‍ക്കെല്ലാം പല നിറമാണ്.

കിളികളുടെ ചിത്രം കണ്ടാല്‍ കിളികളേതെന്നു പറയാന്‍ കഴിയുന്നവര്‍ കൈ ഉയര്‍ത്തൂ. സചിത്രപുസ്തകത്തിലെ കിളികള്‍ പാറുന്ന ചിത്രപേജുകള്‍ എല്ലാവരും എടുക്കുക (പേജ് 10,11) കാണിച്ചുകൊടുക്കണം)

നിങ്ങള്‍ക്ക് പരിചയമുളള ഏതെല്ലാം കിളികളുണ്ട്? കുട്ടികള്‍ പറയുന്നു.ചൂണ്ടിക്കാട്ടുന്നു.

ഈ കിളികള്‍ക്ക് നിറമില്ലല്ലോ? എന്തു ചെയ്യും? കുട്ടികളുടെ പ്രതികരണങ്ങള്‍.

പാടാം നിറം നല്‍കാം.

ആദ്യം പച്ചക്കുപ്പായക്കാര്‍ക്ക് (തത്തയ്ക്ക് നിറം നല്‍കുന്നു. പച്ച വേണ്ടാത്ത അവയവങ്ങളേതെല്ലാമാണ്ചര്‍ച്ചഃ

നിറം നല്‍കിയശേഷം പാടുന്നു 

തത്തയ്കുണ്ടൊരു കുപ്പായം 

പച്ചക്കുപ്പായം

ഇനി ഏതു നിറമാണ് നല്‍കേണ്ടത്? ഏതു കിളിക്ക്?

പൊന്മാനുണ്ടൊരു കുപ്പായം 

.........ക്കുപ്പായം

  • പൊന്മാനെവിടെയാണ് ചിത്രത്തില്‍? ആരാണ് കണ്ടു പിടിച്ചത്പൊന്മാനെ കണ്ടിട്ടുളളവരുണ്ടോ? വിശേഷങ്ങള്‍ പറയിക്കുന്നു.മരക്കുറ്റിയില്‍ ഇരിക്കുന്ന പൊന്മാന്  നിറം നല്‍കുന്നു.

  • മൈനയെ കണ്ടിട്ടുണ്ടോ? മഞ്ഞനിറം വെച്ച് കണ്ണെഴുതിയ പോലുളള കിളി? മൈനയുടെ നിറമെന്താ? ചിത്രം കാണിക്കണം.

മൈനയ്കുണ്ടൊരു കുപ്പായം 

........ക്കുപ്പായം.

മൂങ്ങയ്കുണ്ടൊരു കുപ്പായം ? ചര്‍ച്ച, ചിത്രം കാണിക്കല്‍

മൂങ്ങയ്കുണ്ടൊരു കുപ്പായം

പുള്ളിക്കുപ്പായം

മൂങ്ങയെ കണ്ടുപിടിച്ചവരാരെല്ലാം?

  • പൂവില്‍ നിന്നും തേന്‍ കുടിക്കുന്ന കിളിയെക്കണ്ടോ? കേരളപാഠാവലി പൂവ് ചിരിച്ചു എന്ന പാഠത്തിലെ ചിത്രം കാണിക്കുന്നു. അത് നോക്കി നിറം നല്‍കുന്നു.

  • തലയില്‍ ചുവന്ന തൊപ്പിവെച്ച ഒരു കിളിയുണ്ട്. കണ്ടിട്ടുണ്ടോ?

  • സൂചനകള്‍ നല്‍കുന്നു.

  • മരംകൊത്തിക്ക് മഞ്ഞ നിറം നല്‍കുന്നു

  • ബാക്കി പക്ഷികള്‍ മഞ്ഞക്കിളികളാണ്. നിറം നല്‍കാം

  • പേജിലുളള ബാക്കി എല്ലാത്തിനും നിറം നല്‍കണം. ചുവപ്പ് നിറം കൊടുക്കേണ്ട എന്തെങ്കിലും ഉണ്ടോ

  • തവിട്ട് നിറം നല്‍കേണ്ടത്? എന്നിങ്ങനെ ചോദിച്ച് ഓരോന്നിനും നിറം നല്‍കിക്കുകടീച്ചറും ഈ സമയം നിറം നല്‍കണം

പിരീഡ് നാല്

പ്രവര്‍ത്തനം 14. പക്ഷിച്ചിത്രയാല്‍ബം

പഠനലക്ഷ്യങ്ങള്‍

  1. ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ച് പ്രത്യേകതകള്‍ കണ്ടെത്തുന്നു.

  2. നിഗമനങ്ങളില്‍ എത്തിച്ചേരുന്നു.

  3. തൂവലുകള്‍ കണ്ടാല്‍ ( നിറം) പക്ഷി ഏതാണെന്ന് ഊഹിക്കാന്‍ കഴിയുന്നു.

  4. പ്രത്യകതകളുടെ അടിസ്ഥാനത്തില്‍ പക്ഷികളെ താരതമ്യം ചെയ്യുന്നു.

പ്രതീക്ഷിത സമയം: - (20 മിനുട്ട്)

കരുതേണ്ട സാമഗ്രികള്‍: ഗ്രൂപ്പിന് ഒരു ചാര്‍ട്ട് വീതം, പശ, ടീച്ചറും കുട്ടികളും ശേഖരിച്ച പക്ഷികളുടെ ചിത്രങ്ങള്‍

പ്രക്രിയാവിശദാംശങ്ങള്‍

  • ക്ലാസിനൊരു പങ്കാളിത്ത പക്ഷിച്ചിത്രയാൽബം നിര്‍മ്മിക്കാം.

  • ഇന്നലെ കിളികളുടെ ചിത്രങ്ങള്‍ കൊണ്ടുവരാന്‍ പറഞ്ഞിരുന്നു. ആരെല്ലാം കൊണ്ടുവന്നു?

  • കുട്ടികളെ ഗ്രൂപ്പുകളാക്കുന്നു

  • ഓരോ ഗ്രൂപ്പിനും ചാര്‍ട്ട്, പശ, ടീച്ചര്‍ കരുതിയ പക്ഷിച്ചിത്രങ്ങള്‍ എന്നിവ നല്‍കുന്നു

  • ഗ്രൂപ്പംഗങ്ങള്‍ കൊണ്ടുവന്നവയും ടീച്ചര്‍ നല്‍കിയതും ചാര്‍ട്ടില്‍ ഒട്ടിക്കുന്നു. ( തൂക്കിയിടുന്നതെങ്ങനെ എന്ന് ആലോചിച്ച് വേണം ഒട്ടിക്കാന്‍. തലതിരിഞ്ഞുപോകരുത്)

  • പ്രദര്‍ശിപ്പിക്കുന്നു.

പ്രവര്‍ത്തനം 15: നിറം നല്‍കാം വരയ്ക്കാം പാടാം (കലാവിദ്യാഭ്യാസം പരിസരപഠനം)

പഠനലക്ഷ്യങ്ങള്‍:

  • പാട്ടരങ്ങുകളില്‍ താളത്തിനനുസരിച്ച് ശരീരം ചലിപ്പിച്ച് പാട്ടുകള്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം: - (10 മിനുട്ട്)

പ്രക്രിയാവിശദാംശങ്ങള്‍

നിറം നല്‍കിയ ശേഷം ആദ്യം പാടിയ പാട്ട് എല്ലാവരും ചേര്‍ന്ന് പാടണം. ടീച്ചര്‍ കിളിയുടെ പേര് പറയും കുട്ടികള്‍ അനുയോജ്യ വരികള്‍ പാടണം.

കാക്കയ്ക്കുണ്ടൊരു കുപ്പായം 

കറുത്ത കുപ്പായം

തത്തയ്കുണ്ടൊരു കുപ്പായം 

പച്ചക്കുപ്പായം

പൊന്മാനുണ്ടൊരു കുപ്പായം 

.........ക്കുപ്പായം

മൈനയ്കുണ്ടൊരു കുപ്പായം 

........ക്കുപ്പായം.

മൂങ്ങയ്കുണ്ടൊരു കുപ്പായം

പുള്ളിക്കുപ്പായം

…………………………………………..

………………………………………

പക്ഷിച്ചിത്ര ആല്‍ബത്തിലെ ചിത്രം ഉയര്‍ത്തിക്കാട്ടി പക്ഷികളുടെ നിറവുമായി ബന്ധപ്പെടുത്തി കുട്ടികള്‍ക്ക് പാടാം

വിലയിരുത്തൽ പ്രവർത്തനം

  • കൂട്ടബോർഡെഴുത്ത് ( ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കുന്ന വരികള്‍ വന്ന് ബോര്‍ഡില്‍ എഴുതല്‍)

തുടർപ്രവർത്തനം- പ്രതിദിനവായനാപാഠം

1

വാ വാ പറവ വാ

താ താ പാവ താ


2

വാ വാ വട താ

വാ വാ വാ

താ താ വട താ

താ താ താ

വിലയിരുത്തല്‍ക്കുറിപ്പുകള്‍

  • പക്ഷിച്ചിത്രശേഖരണം, പക്ഷിച്ചിത്ര ആല്‍ബനിര്‍മ്മാണം, പാട്ടരങ്ങ് എന്നിവയിലൂടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ പക്ഷികളെത്തിരിച്ചറിയാനുള്ള കഴിവ് എല്ലാവരും നേടിയോ?

  • പക്ഷിച്ചിത്ര നിര്‍മ്മാണത്തിലെ കൂട്ടുപ്രവര്‍ത്തനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം കിട്ടിയോ?

  • പക്ഷികളം നിറവും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ എത്രപേര്‍ക്ക് പ്രയാസം നേരിട്ട?

  • വായനയുടെ എല്ലാഘട്ടങ്ങളും കഴിഞ്ഞപ്പോള്‍ എത്രപേര്‍ക്ക് പരിചയപ്പെടുത്തിയ അക്ഷരങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ട്?

    • -

    • -

    • -

    • -

    • -

    • ആ സ്വരത്തിന്റെ ചിഹ്നം-





കുട്ടിയെ അറിയല്‍

കൂടുതല്‍ പിന്തുണ വേണ്ടവരും പിന്തുണവേണ്ട മേഖലകളും

കൂടുതല്‍ പിന്തുണ വേണ്ടവര്‍

പിന്തുണവേണ്ട മേഖലകള്‍










 




No comments: