അതൊന്നും ചെയ്ത് പറ്റിക്കേണ്ട സ്റ്റിക്കർ സ്റ്റാർ തരണം
പട പട പട പട വാക്കകലം പറയാതെ തന്നെ പാലിച്ചു
ഞാനവർക്ക് കൈയടി നൽകി അഭിനന്ദിച്ചു
"അതൊന്നും ചെയ്ത് പറ്റിക്കേണ്ട സ്റ്റിക്കർ സ്റ്റാർ തരണം"
"തരാലോ."
"എന്ത് വേണേലും തരാം പക്ഷേ അതിന്, മുകളിൽ എഴുതിയ വരി വായിച്ചു കേൾപ്പിക്കണം"
ഇന്നലെ ക്ലാസിൽ വന്നവർ എല്ലാവരും ഓരോരുത്തരായി വന്ന് വായിച്ചു . സ്റ്റിക്കർ നൽകി
ഇന്നത്തെ പ്രവർത്തനങ്ങൾ പൂർണ്ണമായും ചെയ്തില്ല . എങ്കിലും പറവ, പട സ്വായത്തമാക്കി
Eng work ചെയ്തു
കഥാവതരണം ഗംഭീരം
- വായന ദിന പരിപാടിയിൽ മിൽസ ചിത്രകഥ പറഞ്ഞു
- എന്തെരു ഭാവം! എന്തൊരു കഥ! എല്ലാവർക്കും ഇഷ്ട്ടപെട്ടു.
- അടുത്ത അസംബ്ലിയിലും ഒന്നാം ക്ലാസിൻ്റെ കഥ വേണമെന്ന് HM പറഞ്ഞു
- പറഞ്ഞ കഥ വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ Share ചെയ്തു
- ചിത്ര കഥ എങ്ങിനെ അവതരിപ്പിക്കാം
- കുട്ടികളെ കഥയിൽ എത്തിക്കുന്ന ഒരോ ഘട്ടങ്ങളും എനിക്ക് പറഞ്ഞ് പഠിപ്പിച്ച് തന്നത് ചങ്ക് സൈജ ടീച്ചർ ആണേ🙏🏼
പനിബഞ്ചിലെ കിടന്നു പഠനം
- എൻ്റെ മുത്ത് നസ്റിന് ഇന്ന് പനി പിടിച്ചു. വീട്ടിലേക്ക് പോവാമെന്ന് പറഞ്ഞു
- എനിക്ക് വീട്ടിൽ പോവേണ്ട ഞാൻ ക്ലാസിൽ ഇരുന്നോട്ടെ ടീച്ചർ
- കേട്ടപ്പോൾ എനിക്ക് സന്തോഷം അവളെ മീറ്റൊരു ബെഞ്ചിൽ കിടത്തി
- Iam ..... and you game അവൾ കിടന്നു കണ്ടാസ്വദിച്ചു
ഉമ്മുൽ ഖൈർ
ജി.എം എൽ പി എസ് കുമണ്ണ
2
സചിത്രപുസ്തകത്തിൽ എല്ലാവരും നന്നായി എഴുതി.
ഇന്ന് രണ്ടാം ദിവസം പ്രവർത്തനങ്ങൾ നല്ല ആസൂത്രണത്തോടെ പോയി. പ്രതിദിനവായനപാഠം പ്രിന്റ് എടുത്തിരുന്നു. ത,ന ആലേഖനരീതിയും പ്രിന്റ് എടുത്തു.
ആകെയുള്ള 13 പേരിൽ 2 ഭിന്നശേഷികുട്ടികൾ ലീവായിരുന്നു.
പിന്തുണപ്പുസ്തകം
- 11 കുട്ടികളിൽ 2 പേർക്ക് ത,ന എഴുത്തുരീതിയ്ക്ക് പിന്തുണാപുസ്തകം വേണ്ടി വന്നു.
- അടുത്തഘട്ടത്തിൽ 'താന' എഴുത്ത് ബ്രിന്തയ്ക്ക് പിന്തുണ വേണ്ടിവന്നു.
- സചിത്രപുസ്തകത്തിൽ എല്ലാവരും നന്നായി എഴുതി.
- റിയാൻ വാക്കകലം പാലിച്ചില്ല.
ആയിഷ എഡിറ്റ് ചെയ്തു
- എഡിറ്റിംഗിൽ കൂട്ട ബോർഡെഴുത്ത് നല്ലതായിരുന്നു.
- പരസ്പരം വിലയിരുത്തി.
- ആദ്യം നന്നായി എഴുതിയ ആയിഷ 'ആ' സ്വരചിഹ്നം എഴുതിയത് തിരിഞ്ഞുപോയി. അവൾ തന്നെ പരസ്പരം വിലയിരുത്തലിൽ എഡിറ്റു ചെയ്തു.
- എല്ലാ ശരിയായപ്പോൾ പാവം കുഞ്ഞുങ്ങൾ സന്തോഷത്താൽ തുള്ളിച്ചാടി ബഞ്ചിൽപോയിരുന്നു.
പ്രതിദിനവായനാപാഠം ഒട്ടിച്ചുകൊടുത്തു.
അതുപോലെ ത,ന എഴുത്തു രീതിയും നോട്ടിൽ ഒട്ടിച്ചു കൊടുത്തു.
ലളിത, പാലക്കാട്
3
TM എഴുതിയപ്പോൾ വേഗം തീരും എന്നാണ് കരുതിയത്. പക്ഷെ
ഇന്ന് 19/06/2025 വായന ദിനത്തിലാണ് യൂണിറ്റ് 1പാഠം ആരംഭിച്ചത്..
വായനക്കൂട് ഒരുക്കി. അതിൽ നിന്ന് ഒരു പുസ്തകം എടുത്തു വായിച്ചു...ഇനി ഈ കഥ ആരാ നന്നായി പറഞ്ഞു കൊടുക്കു.ക.. എന്ന് ചോദിച്ചപ്പോ ആദ്യം ഒരു മടി ഒക്കെ കാണിച്ചു പിന്നീട് റയാൻ കഥയും പറഞ്ഞു ചിത്രവും ബോർഡിൽ വരച്ചു... പിന്നെ എല്ലാർക്കും പറയണം.
പല കിളിയുടെയും ശബ്ദം തിരിച്ചറിഞ്ഞു.. പ്രത്യേക പരിഗണന ആവശ്യം ഉള്ള കുട്ടികളും കേട്ടിരുന്നു. ചിത്രം കാണിച്ചപ്പോഴും ശ്രദ്ധയോടെ നോക്കിരുന്നു.. കോഴി, കാക്ക ശബ്ദം തിരിച്ചറിഞ്ഞു..
അറിയുന്നവൻ കൈ പൊക്കാനും എണീറ്റു നിൽക്കാനും ഒന്നും ക്ഷമയില്ല.. 😞.വേഗം വിളിച്ചു പറയണം..
ചിറകടിച്ചു ചിറകടിച്ചു.. പാട്ട് പലവട്ടം തെറ്റി പോയി.. ശരിയാക്കും.
സച്ചിത്ര പുസ്തകത്തിൽ കിളിയെ ഒട്ടിക്കാൻ നല്ല ആവേശം ആയിരുന്നു..
രണ്ട് പേരിൽ ഒരാൾക്ക് അടുത്തിരിക്കുന്ന ആൾ ഒട്ടിക്കാൻ സഹായിച്ചു. 🙂
Tm എഴുതിയപ്പോൾ വേഗം തീരും എന്നാണ് കരുതിയത്. പക്ഷെ ഒരുപാട് സമയമെടുത്തു 3 പ്രവർത്തനങ്ങൾ ചെയ്തു തീർക്കാൻ.
എന്നാലും കുട്ടികൾ ഉത്സാഹത്തോടെ എല്ലാം ചെയ്യുന്നു..
ശ്രീജ എസ്
GLPS Kunnamkulam.
(ക്ലാസിലെ രണ്ട് കുട്ടികള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. അവരെക്കൂടി ഒപ്പം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു)
4
എല്ലാ മക്കളും വളരെ ആവേശത്തോടെയാണ് പാട്ടുകളും അഭിനയ ഗാനങ്ങളും ഏറ്റെടുക്കുന്നത്.
എൻറെ ക്ലാസ്സിൽ 39 കുട്ടികളാണ് ഉള്ളത്. 18 ന് ഒന്നാം പാഠം പറവകൾ പാറി പഠിപ്പിച്ചു തുടങ്ങി.
- സന്നദ്ധത പ്രവർത്തനങ്ങളിലൂടെ കടന്നുവന്നതിനാൽ കുട്ടികൾ കഥാ വേളകളിൽ കഥ പറയുന്നതിനും എല്ലാ പ്രവർത്തനങ്ങളിലും വളരെ ആക്റ്റീവ് ആയി പങ്കെടുത്തു.
- കിളിനാദം കേട്ട് കിളിയെ തിരിച്ചറിയാനുള്ള പ്രവർത്തനത്തിൽ കുട്ടികൾ ഏറെ ആകാംക്ഷയോടെയാണ് പക്ഷികളുടെ ശബ്ദം കേട്ടിരുന്നത്. വളരെ കൃത്യമായി പക്ഷിയെ തിരിച്ചറിഞ്ഞ കുട്ടികൾക്ക് സ്റ്റാർ നൽകിയപ്പോൾ അടുത്തത് എനിക്കും പറയണം എന്ന വാശിയോടെ ഓരോ കുട്ടികളും ശബ്ദം കേട്ടിരിക്കുകയും തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്തു.
- കാക്ക, താറാവ്, മൂങ്ങ, കുയിൽ, തത്ത, കോഴി തുടങ്ങിയ പരിചിതമായ പക്ഷികളുടെ പേരുകൾ പറഞ്ഞപ്പോൾ കുട്ടികൾ ശബ്ദം കേൾപ്പിക്കുകയും ചിത്രം കണ്ട് മൈന, മയിൽ ,കുയിൽ , തത്ത ,മഞ്ഞക്കിളി, മരംകൊത്തി, വേഴാമ്പൽ ,പരുന്ത്, കൊക്ക് ,താറാവ് തുടങ്ങിയവയെ തിരിച്ചറിയുകയും ചെയ്തു.
- ഇതിനുശേഷം കുട്ടികൾ തങ്ങളുടെ സ്കൂളിലും വീടിന്റെയും പരിസരത്ത് കാണുന്ന പക്ഷികളെ നിരീക്ഷിക്കുവാനും അവയെക്കുറിച്ച് ക്ലാസിൽ വന്ന് പറയനൂം തുടങ്ങി. ഞാനിന്ന് വരുന്ന വഴിക്ക് ഒരു മരംകൊത്തിയെ കണ്ടു എന്ന് ആൻവിയ ക്ലാസ്സിൽ വന്നു പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കുട്ടികൾ പക്ഷികളെ നിരീക്ഷിക്കാൻ തുടങ്ങിയെന്ന് മനസ്സിലായി.
- ചിറകടിച്ച ചിറകടിച്ച് വരികയാണ് പറവകൾ എന്ന് പാട്ടിൻറെ താളത്തിനൊത്ത് എല്ലാവരും ചുവടുവെയ്ക്കുകയും അഭിനയിക്കുകയും ചെയ്തു. ഓരോ പാട്ടുകളും അഭിനയ ഗാനങ്ങളും ക്ലാസ്സിൽ കൊടുക്കുമ്പോൾ എല്ലാ മക്കളും വളരെ ആവേശത്തോടെയാണ് അവ ഏറ്റെടുക്കുന്നത്.
- മഞ്ഞക്കിളിയെ ഉണ്ടാക്കാനുള്ള പ്രവർത്തനവും കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു.
- എഴുത്തിലേക്ക് കടന്നപ്പോൾ വാക്കകലം പാലിച്ച് എഴുതിയ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. ബാക്കി കുട്ടികൾക്കായി ബോർഡ് എഴുത്തിലൂടെയും ചാർട്ട് എഴുത്തിലൂടെയും പിന്തുണ ബുക്കിന്റെ സഹായത്തോടെയൂം അക്ഷരങ്ങൾ ഘടന പറഞ്ഞു എഴുതിയും ഒക്കെ ശരിയാക്കി എടുക്കുവാൻ സാധിച്ചു.
- പിന്നീട് തെളിവെടുത്തെഴുതിലൂടെ കുട്ടികൾ വരികൾ പൂർത്തിയാക്കി.
- ഐറാ ഫാത്തിമ, ശിവലയ ബിബിൻ എന്നീ കുട്ടികൾക്കാണ് കൂടുതൽ പിന്തുണ ആവശ്യമായി വന്നത്.
- ആ എന്ന സ്വരചിഹ്നം പരിചയപ്പെടുത്തിയപ്പോഴും ഇവർക്ക് കൂടുതൽ സഹായം വേണ്ടിവന്നു.
- എന്തായാലും രണ്ടുദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് ത, ന ആ യുടെ സ്വര ചിഹ്നം എന്നിവ ഉറപ്പിക്കുവാൻ സാധിച്ചു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി നവീകരണത്തിനും വീടൊരു പുസ്തക കൂട് എന്ന് പ്രോഗ്രാമിനും തുടക്കം കുറിച്ചു.
- കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ പോസ്റ്ററുകൾ തയ്യാറാക്കുകയും കഥാപുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിക്കുകയും ചെയ്തു.
- രക്ഷിതാക്കൾ പറഞ്ഞുകൊടുക്കുന്ന കഥ പറയാൻ കുട്ടികൾക്ക് ഏറെ താല്പര്യമായിരുന്നു. ജിയോനാ, സാമനാഥ, ആദിത്യൻ, ആദിത്യ സുധിൻ, ശ്രീയാൻ, ക്ഷേത്ര, ദിയാമനോ, നിധി, ആൻവിയ എന്നീ കുട്ടികളാണ് ഇതുവരെ കഥ പറഞ്ഞ് കേൾപ്പിച്ചത്.
- അവരുടെ കഥ കേട്ടപ്പോൾ ഞങ്ങളും പറഞ്ഞിടാം ടീച്ചറെ എന്ന് മറ്റുള്ളവർ അഭിപ്രായം പറഞ്ഞു.
- വായനാദിനമായ ജൂൺ 19 മുതൽ ലൈബ്രറിയിൽ നിന്നും അഞ്ചു കുട്ടികൾക്ക് വീതം പുസ്തകങ്ങൾ കൊടുത്തുവിടുകയും രക്ഷിതാക്കൾ കഥ വായിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
- വായിച്ചുകേട്ട കഥ ഒരു ദിവസം രണ്ടുപേർ എന്ന നിലയിൽ ക്ലാസ്സിൽ വന്ന അവതരിപ്പിക്കാനും തീരുമാനിച്ചു.
ബിന്ദു എം ബി
RPMLPS CHOTTUPARA
ഇടുക്കി
5
അംഗണവാടി അനുഭവമില്ലാത്ത കുട്ടികള്‍
ഞാൻ ഇന്നലെയാണ് പാഠം തുടങ്ങിയത്. 17 കുട്ടികളിൽ 15 പേർ വന്നിരുന്നു. അംഗൻവാടി അനുഭവം പോലുമില്ലാത്ത ഒരു കുട്ടിയും വലിയ രീതിയിൽ കാഴ്ചപരിമിതിയുള്ള ഒരു കുട്ടിയും ഇന്നലെ വന്നിരുന്നില്ല.
കഥകളും ചിത്രം ഒട്ടിക്കലും പാട്ടിൻ്റെ ദൃശ്യാവിഷക്കാരവും എല്ലാം ചെയ്തുവെങ്കിലും സമയം വളരെയധികം വേണ്ടി വന്നു.
ഇന്നാണ് എഴുത്ത് തുടങ്ങിയത്. കാഴ്ചപരിമിതിയുള്ള കുട്ടിക്കടക്കം 4 പേർക്ക് അംഗൻവാടി അനുഭവം പോലുമില്ല അല്പം പോലും കൈ വഴങ്ങുന്നുമില്ല.
ഇന്നും ഘട്ടങ്ങൾ എല്ലാം പൂർത്തിയാക്കിയെങ്കിലും സമയം കുറെയധികം എടുത്തു. കുട്ടികൾക്ക് ശ്രദ്ധ കൈവരുന്നതേയുള്ളൂ. അതിൻ്റെ വിഷമം നന്നായുണ്ട്. വാക്കകലം പാലിക്കലൊക്കെ ആയി വരുന്നേ ഉള്ളു. കാഴ്ചപരിമിതിയുള്ള കുട്ടിക്ക് ക്ലാസിൽ ശ്രദ്ധിക്കാനോ പ്രവർത്തനങ്ങൾ ചെയ്യാനോ ഒട്ടും തന്നെ കഴിയുന്നില്ല. ആ മോൾക്ക് വേണ്ടി പ്രത്യേക സമയം വളരെയധികം കണ്ടെത്തേണ്ടിവരും. അടുത്തിരുന്ന് വളരെയേറെ സമയമെടുത്തു മാത്രമേ ആ കുഞ്ഞിനെ സഹായിക്കാൻ കഴിയൂ.
ക്ലാസ് സാധാരണതാളത്തിലാകാൻ ഒരു മാസമെങ്കിലും വേണ്ടി വരും.
ഇന്ന് കുട്ടികൾക്ക് വീട്ടിൽ നിന്ന് വായിച്ചു കൊടുക്കാനായി പുസ്തകങ്ങൾ കൊടുക്കുകയും ചെയ്തു.
ഇന്നും ഇന്നലെയും മറ്റു വിഷയങ്ങൾ പഠിപ്പിക്കാൻ കാര്യമായി സമയം കിട്ടിയുമില്ല.
ഇതേ അവസ്ഥ തന്നെയാണ് എല്ലാ വർഷവും ഉണ്ടാകുന്നത് എന്നതിനാൽ ആശങ്കയില്ല.
ബിന്നി ഐരാറ്റില്‍
ബേള, കാസറഗോഡ്
അനുബന്ധം
ക്ലാസ് : ഒന്ന്
കുട്ടികളുടെ എണ്ണം : ……...
ഹാജരായവര്‍ : ……...
തീയതി : …./06/2025
യൂണിറ്റ് : 1
പാഠത്തിന്റെ പേര് : പറവ പാറി
പ്രവര്‍ത്തനം 5 : ചിറകടിയൊച്ച (എഴുത്ത്) |
പഠനലക്ഷ്യങ്ങള്‍:
1. അംഗീകൃത രീതിയിൽ (അക്ഷരങ്ങളുടെ വലുപ്പം, ഘടന, ആലേഖന ക്രമം) മലയാളം അക്ഷരങ്ങള്‍ സഹായത്തോടെ എഴുതി വാക്കുകളും ചെറു വാക്യങ്ങളും പൂര്‍ത്തിയാക്കുന്നു. (ത, ന എന്നീ അക്ഷരങ്ങളും ആ സ്വരത്തിന്റെ ചിഹ്നവും)
പ്രതീക്ഷിത സമയം: 40+40 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: മാർക്കർ, ചാർട്ട്, പിന്തുണബുക്ക്, ഹൈലൈറ്റർ, സ്റ്റാർ സ്റ്റിക്കർ. ത, ന, എന്നിവയുടെ അക്ഷരഘടന വ്യക്തമാക്കുന്ന പ്രിന്റ് പ്രത്യേകപരിഗണനഅര്‍ഹിക്കുന്ന കുട്ടികള്‍ക്കായി കരുതണം
ഊന്നൽ നല്‍കുന്ന അക്ഷരങ്ങൾ: ത, ന
ഊന്നല്‍ നല്‍കുന്ന ചിഹ്നം- ആ സ്വരത്തിന്റെ ചിഹ്നം
ക്ലാസ് ക്രമീകരണം.
ബോര്‍ഡിലും ചാര്‍ട്ടിലും ടീച്ചര്‍ എഴുതുന്നത് ബോര്‍ഡിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ഒരു വശത്തിരിക്കുന്ന കുട്ടികള്‍ക്ക് മറവ് ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ബോര്‍ഡിന്റെയും ഇരിപ്പിടത്തിന്റെയും സ്ഥാനം അനുയോജ്യവത്കരിക്കുന്നു
പ്രക്രിയാവിശദാംശങ്ങള്‍-
ഘട്ടം ഒന്ന് ( 5 മിനുട്ട്)
പാടാം പറക്കാം
മുൻ ദിവസം പാടിയ പാട്ട് (ചിറകടിച്ച്….) ആവർത്തിക്കുന്നു. (മുന്‍ ദിവസം ഈ പാട്ട് അവതരിപ്പിച്ചപ്പോള്‍ പ്രശ്നം നേരിട്ടവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം )
കിളികൾ പറക്കുന്നത് പോലെ നമുക്കൊന്നു പറന്നു നോക്കിയാലോ?
കുട്ടികൾ പറക്കുന്നതായി കാണിക്കുന്നു. കിളികള്‍ ചിറകടിക്കുമ്പോൾ എങ്ങനെയുള്ള ശബ്ദമാണ് കേൾക്കുന്നത്? പട പട പട പട.
ടീച്ചര്‍ വായ്താരി ചേര്‍ത്ത് നാല് വരി ചൊല്ലി പക്ഷിയെപ്പോലെ ചിറകടിച്ച് ചലിക്കുന്നു. കുട്ടികളും അപ്രകാരം ചെയ്യുന്നു
തന തന തന തന
തന തന താന
പട പട പട പട
പട പട പറവ
ഘട്ടം രണ്ട്
ചാര്‍ട്ടില്‍ ടീച്ചറെഴുത്ത് ( 5 മിനുട്ട്)
നമുക്ക് ഇതൊന്ന് എഴുതി നോക്കിയാലോ? ടീച്ചറെഴുതാം. എങ്ങനെയാണ് എഴുതുന്നതെന്ന് ശ്രദ്ധിക്കണേ.
നിറം നല്‍കിയ മരവും മേഘവും മഞ്ഞക്കിളികളെ ഒട്ടിച്ചതുമായ ചാര്‍ട്ടില്‍ ടീച്ചര്‍ ഉച്ചത്തില്‍ ഓരോ വാക്കും സാവധാനം പറഞ്ഞ് എഴുതുന്നു. (ഇപ്പോള്‍ ഘടന പറയേണ്ടതില്ല)
തന തന തന തന
വടിവും വാക്കകലവും പാലിച്ച് എല്ലാവരും കാണും വിധത്തിൽ എഴുതുന്നു.
ബോര്‍ഡില്‍ പുനരെഴുത്ത് ( 5 മിനുട്ട്)
ചാര്‍ട്ടില്‍ എഴുതിയതെന്താ?
തന തന തന തന
നിങ്ങളുടെ സചിത്രബുക്കില്‍ നിറം നല്‍കി മഞ്ഞക്കിളികളെ ഒട്ടിച്ചില്ലേ? അവിടെ എഴുതണം. എന്താ എഴുതേണ്ടത്? തന തന
തന തന എന്നെഴുതണ്ടേ? ടീച്ചര്‍ ഒന്നു കൂടി എഴുതിക്കാണിക്കാം.
ബോർഡിന്റെ വലതു ഭാഗത്ത് ഓരോ അക്ഷരവും ഘടന പറഞ്ഞ് ത, ന എന്നിവയുടെ വ്യത്യാസം ബോധ്യപ്പെടത്തക്ക വിധത്തില്‍ പറഞ്ഞ് എഴുതുന്നു
തന തന തന തന
. (തുടക്കബിന്ദുവിനു ശേഷമുള്ള ഉയര്‍ച്ചയും അകത്തേക്ക് കയറി വട്ടം ചുറ്റി മുകളിലേക്ക് പോയി പുറത്തിറങ്ങുന്ന ത , അതേ വരയിലൂടെതന്നെ മുകളിലേക്ക് കയറുന്ന ഘടനയുള്ള ന എന്നിവ ബോധ്യപ്പെടണം.)
പ്രവര്‍ത്തനപുസ്തകത്തിലെഴുത്ത് ( 10 മിനുട്ട്)
കുട്ടികള്‍ പ്രവര്‍ത്തനപുസ്തകത്തില്‍ എഴുതുന്നു. (പ്രവര്‍ത്തനപുസ്തകം ലഭ്യമല്ലാത്ത സാഹചര്യമുണ്ടെങ്കില്‍ മഞ്ഞക്കിളിയുടെ ചിത്രം ഒട്ടിച്ച സചിത്രബുക്കില്‍ എഴുതണം. എഫോര്‍ വലുപ്പത്തിലുള്ള ബുക്ക് ഉപയോഗിക്കാം)
ഒന്നാം വരിയിലെ തന തന എന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്തുണ നടത്തം.
(പ്രവര്‍ത്തനപുസ്തകം ലഭ്യമല്ലാത്തയിടങ്ങളില്‍ തന തന തന തന എന്ന് നാല് തവണ എഴുതണം)
പിന്തുണബുക്കിലെഴുത്ത് ( 5 മിനുട്ട്)
ത,ന ഇവയുടെ ഘടന അറിയാത്തവർക്ക് പിന്തുണാപുസ്തകത്തിൽ ഹൈലൈറ്റർ ഉപയോഗിച്ച് എഴുതി അതിനുമുകളിൽക്കൂടി എഴുതിപ്പിക്കുന്നു. കൂടുതല്‍ കുട്ടികള്‍ പിന്തുണ ആവശ്യമുള്ളവരുണ്ടെങ്കില്‍ കട്ടിക്കെഴുത്തിലേക്ക് കടക്കുന്നു
കട്ടിക്കെഴുത്ത് ( 5 മിനുട്ട്)
ത എഴുതിയപ്പോള്‍ ന ആയിപ്പോയവരും ന എഴുതിയപ്പോള്‍ ത ആയിപ്പോയവരും ഉണ്ടെങ്കില്‍ അവര്‍ ബോര്‍ഡില്‍ കട്ടിക്കെഴുത്ത് നടത്തണം
ടീച്ചര്‍ ചോക്ക് ചരിച്ചു പിടിച്ച് കട്ടിയ്ക്ക് എഴുതുന്നു ( തന)
കുട്ടി അതിനുമുകളിലൂടെ എഴുതുന്നു. എഴുതുന്ന ഓരോ അക്ഷരവും പറയണം. കൂട്ടിച്ചേര്‍ത്തും പറയണം
എല്ലാവരും ഘടന പാലിച്ച് എഴുതി എന്ന് ഉറപ്പാക്കണം
അംഗീകാരം നല്‍കല്‍ ( 5 മിനുട്ട്)
ഓരോ കുട്ടിക്കും ത, ന എന്നിവ ശരിയായി എഴുതിയതിന് ശരി അടയാളം നല്‍കുന്നു.
പിരീഡ് രണ്ട് |
ഘട്ടം മൂന്ന്
തെളിവ് കണ്ടെത്തല്‍ ( 5 മിനുട്ട്)
എല്ലാവരും എഴുന്നേറ്റ് ചിറകടിക്കുന്നതായി അഭിനയിച്ച് വരികള്‍ ഒത്തു പാടുന്നു
തന തന തന തന
തന തന താന
പട പട പട പട
പട പട പറവ
നമ്മള്‍ പാട്ടിലെ തന തന തന തന എന്നു മാത്രമല്ലേ എഴുതിയുള്ളൂ. അടുത്ത വരിയിൽ എന്താണ് എഴുതേണ്ടത്?
സ്വതന്ത്ര പ്രതികരണം
തന തന താന
തന തന എന്ന് നേരത്തെ എഴുതി. ആര്‍ക്കൊക്കെ അത് തനിയെ എഴുതാനാകും? ആദ്യം എഴുതിയത് നോക്കി എഴുതിയാലും മതി. ആദ്യം എഴുതിയതാണ് തെളിവ്. എവിടെയാണ് തന തന എന്ന് എഴുതിരിക്കുന്നത്?
കുട്ടികൾ പേപ്പര്‍ പോയിന്റര്‍ ഉപയോഗിച്ച് ചൂണ്ടി കാണിക്കുന്നു. അവരെ അഭിനന്ദിക്കുന്നു.
തെളിവെടുത്തെഴുതല്‍ ( 5 മിനുട്ട്)
തന തന എന്നെഴുതിയത് തെളിവായി എടുത്തെഴുതണേ. തെളിവെടുത്തെഴുതാനുള്ള സ്ഥലം വ്യക്തമാക്കുന്നു.
പിന്തുണാനടത്തം (ആവശ്യമെങ്കിൽ പിന്തുണാപുസ്തകത്തിലെഴുത്ത്, കട്ടിയ്ക്കെഴുത്ത് എന്നിവ നടത്തണം)
അംഗീകാരം നല്‍കല്‍ ( 5 മിനുട്ട്)
തെളിവെടുത്ത് തന തന എന്ന് എഴുതിയ എല്ലാവര്‍ക്കും ശരിയടയാളം നല്‍കുന്നു. സഹായത്തെടെ ശരിയായി എഴുതിയവര്‍ക്കും. ( ചില കുട്ടികള്‍ക്ക് കൈ വഴങ്ങിവരില്ല. അവര്‍ക്ക് ടീച്ചര്‍ എഴുതിക്കൊടുക്കണം.)
ഘട്ടം നാല്
താളമിട്ട് ചൊല്ലല്‍ ( 5 മിനുട്ട്)
തന തന തന തന
തന തന താന
എന്ന് താളമിട്ട് ചൊല്ലി രസിക്കുന്നു. ഒരു ഗ്രൂപ്പ് ആദ്യ വരി ചൊല്ലുന്നു. അടുത്ത ഗ്രൂപ്പ് രണ്ടാം വരി ചൊല്ലുന്നു.
ചാര്‍ട്ടെഴുത്തും ബോര്‍ഡെഴുത്തും ( 5 മിനുട്ട്)
എന്നതിലെ തന തന തന തന തന തന വരെ എഴുതി ഇനി എന്താണ് എഴുതേണ്ടത് ?
ചൊല്ലി നോക്കി പറയൂ
താന
തന എന്ന് എഴുതാൻ എല്ലാവർക്കും അറിയാം. ഇനി താന എങ്ങനെ എഴുതും?
ടീച്ചർ ചാർട്ടിൽ താന എന്ന് താ നീട്ടി പറഞ്ഞ് എഴുതുന്നു. ( താ എന്നത് ഒറ്റ യൂണിറ്റായി അവതരിപ്പിക്കല്‍. ത താ ഇങ്ങനെ എഴുതണം എന്ന് പറഞ്ഞ് അവതരിപ്പിക്കണം ത, താ എന്നിവ തമ്മിലുള്ള ഉച്ചാരണ വ്യത്യാസം കുട്ടികള്‍ തിരിച്ചറിയണം. )
തുടർന്ന് ബോർഡിലും താ എന്ന് നീട്ടി പറഞ്ഞ് എഴുതുന്നു. തുടര്‍ന്ന് ന അക്ഷരം പറഞ്ഞ് എഴുതുന്നു.
താന എന്ന് ചേർത്തു പറയുന്നു.
പ്രവര്‍ത്തനബുക്കിലെഴുത്ത് ( 10 മിനുട്ട്)
കുട്ടികൾ താ-ന എന്ന് പറഞ്ഞു കൊണ്ട് താന എന്ന് എഴുതുന്നു.
പിന്തുണനടത്തവും കട്ടിക്കെഴുത്തും ( 5 മിനുട്ട്)
താ എന്ന് എഴുതുമ്പോള്‍ ചില കുട്ടികള്‍ ത എഴുതിയ ശേഷം വളയാത്ത വിധം വരമാത്രം ഇടും. മുകള്‍ ഭാഗത്തെ തുടക്കവും വളഞ്ഞ് വന്ന് താഴെയുള്ള ഒടുക്കവും ശ്രദ്ധിപ്പിക്കണം.
കട്ടിക്കെഴുത്തില്‍ താ എന്ന അക്ഷരം മാത്രമാണ് പരിഗണിക്കുക
ഓരോ അക്ഷരത്തിനും വാക്കിനും ശരിയിടണം
അംഗീകാരം നൽകല്‍ ( 5 മിനുട്ട്)
തന തന തന തന
തന തന താന എന്ന് എഴുതിയ എല്ലാവര്‍ക്കും ഓരോ വാക്കിനും ശരി നല്‍കണം.
വിലയിരുത്തല്‍ക്കുറിപ്പുകള്‍
|
പിരീഡ് മൂന്ന് |
പ്രവര്‍ത്തനം 6 : കഥാവേള ( ഭാഷ, കലവിദ്യാഭ്യാസം) |
പഠനലക്ഷ്യങ്ങള്‍:
കഥാവേളകളിൽ ചെറുസദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.
കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയ ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു.
പ്രതീക്ഷിത സമയം: 30 മിനുട്ട്
കരുതേണ്ട സാമഗ്രികള്‍: സചിത്രകഥാപുസ്തകങ്ങള്‍ (ക്ലാസ് ലൈബ്രറി), രക്ഷിതാക്കള്‍ക്ക് നല്‍കേണ്ട വീഡിയോ.
പ്രക്രിയാവിശദാംശങ്ങള്‍
ഘട്ടം ഒന്ന് (15 മിനുട്ട്)
രക്ഷിതാക്കള്‍ വായിച്ചുകേള്‍പ്പിച്ച സചിത്രബാലസാഹിത്യകൃതിയിലെ കഥ ഓരോ ഗ്രൂപ്പിലെയും ഓരോ ആള്‍ അവതരിപ്പിക്കുന്നു.
കഥാവതരണത്തിന് ശേഷം പ്രധാന സംഭവങ്ങളെ കേന്ദ്രീകരിച്ച് ആശയഗ്രഹണ ചോദ്യങ്ങള്‍ ചോദിക്കുന്നു
ഉത്തരം അറിയാവുന്നവര്‍ കൈ ഉയര്‍ത്തണം. അതില്‍ ഒരാള്‍ പറയുന്നു മറ്റുള്ളവര്‍ പ്രതികരിക്കുന്നു
കഥാവതരണം നടത്തിയതിനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് വിലയിരുത്തിപറയാം.
ഘട്ടം രണ്ട് (15 മിനുട്ട്)
ഒരു കഥാപുസ്തകം അഭിനയസാധ്യത പ്രയോജനപ്പെടുത്തി ടീച്ചര്‍ വായിക്കുന്നു. വായനയ്കിടയിലാണ് കുട്ടികള്‍ അഭിനയിക്കേണ്ടത്. ഉദാഹരണം പൂച്ച പതുങ്ങിപ്പതുങ്ങിപ്പോയി എന്ന് ടീച്ചര്‍ ശബ്ദവ്യതിയാനം വരുത്തി വായിക്കുന്നു. എങ്ങനെയാ പോയത്? എല്ലാവരും പൂച്ചയായി നടക്കുന്നു. ഇതിന് പറ്റിയ പുസ്തകം തെരഞ്ഞെടുക്കണം. ഓരോ ദിവസവും പുതുമയുള്ള രീതിയിലാണ് ടീച്ചര്‍ കഥാവതരണം നടത്തേണ്ടത്
ഘട്ടം മൂന്ന്
വായനക്കൂടാരത്തില്‍ നിന്നും (ക്ലാസ് ലൈബ്രറി) അവരവര്‍ തെരഞ്ഞെടുത്ത പുസ്തകം വീട്ടില്‍ കൊണ്ടുപോയി രക്ഷിതാക്കളെക്കൊണ്ട് വായിപ്പിച്ച് കേട്ട ശേഷം ആ കഥ ക്ലാസില്‍ വന്ന് പറയുന്നത്തിന് നിര്‍ദേശിക്കുന്നു.
വിലയിരുത്തല്‍ക്കുറിപ്പുകള്‍
|
പിരീഡ് നാല് |
പ്രവര്‍ത്തനം 7 : ചിറകടിയൊച്ച (വായന) |
പഠനലക്ഷ്യങ്ങള്‍:
പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങള്‍, പദങ്ങള്‍ എന്നിവ ഒറ്റയ്ക്കും സഹായത്തോടെയും വായിക്കുന്നു (ത, ന എന്നീ അക്ഷരങ്ങളും ആ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങളുമുള്ള പദങ്ങൾ, വാക്യങ്ങൾ, പാട്ടുകൾ എന്നിവ)
താളബോധത്തോടെ വരികൾ ചൊല്ലുന്നു.
പ്രതീക്ഷിത സമയം : 20 മിനിറ്റ്
കരുതേണ്ട സാമഗ്രികള്‍: ചാര്‍ട്ട്, കടലാസ് വടി
ഊന്നൽ നല്‍കുന്ന അക്ഷരങ്ങൾ: ത, ന
ഊന്നൽ നല്‍കുന്ന ചിഹ്നങ്ങള്‍: ആ സ്വരത്തിന്റെ ചിഹ്നം
പ്രക്രിയാവിശദാംശങ്ങള്‍
1. കണ്ടെത്തല്‍ വായന (വാക്യം)
താന എന്ന വാക്കുള്ള വരി എത്രാമതാണ്?
എത്രാമതാണ് എന്ന് കൈവിരല്‍കൊണ്ട് വ്യക്തമാക്കുക,
രണ്ടോ മൂന്നോ പേര്‍ക്ക് ചാര്‍ട്ടില്‍ നിന്നും തൊട്ടുകാണിക്കാന്‍ അവസരം
2. കണ്ടെത്തല്‍ വായന (വാക്ക്)
തന എന്ന് എത്ര തവണ എഴുതിയിട്ടുണ്ട്?
സന്നദ്ധതയുള്ളവര്‍ വന്ന് ചൂണ്ടിക്കാട്ടുന്നു.
ഓരോ കണ്ടെത്തലിനും ചാര്‍ട്ടില്‍ തൊട്ട് കാണിക്കേണ്ടവര്‍ പലരാകണം. ഒരേ കൂട്ടി തന്നെ വീണ്ടും വരരുത്. വാക്കുകള്‍ തൊട്ടുവായിക്കാന്‍ അവസരം. അതു പോലെ ടീച്ചര്‍ തൊട്ടുകാണിക്കുന്നതും വായിക്കണം. തൊട്ടുവായിക്കാൻ കടലാസ് വടി ഉപയോഗിക്കണം
3. കണ്ടെത്തല്‍ വായന (അക്ഷരം)
ത എവിടെല്ലാം ഉണ്ട്?
താ എന്ന് എവിടെയാണ് എഴുതിയിട്ടുള്ളത്?
ന എവിടെയാണ്?
കണ്ടെത്തല്‍ വായനയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം കിട്ടി എന്ന് ഉറപ്പാക്കുന്നു.
4. ക്രമത്തില്‍ വായിക്കല്‍ ( സന്നദ്ധതയുള്ളവര്‍)
രണ്ട് വരികളും വായിക്കാന്‍ സന്നദ്ധതയുളളവര്‍ വരിക. നിര്‍ദേശിക്കുന്ന ക്രമത്തില്‍ വായിക്കല്‍ ( സന്നദ്ധതയുള്ളവരും ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നവരും)
രണ്ടാമത്തെ വരി ആദ്യം വായിക്കുക. എന്നിട്ട് ഒന്നാമത്തെ വരി
ഓരോ വാക്കിലും പോയിന്റര്‍ അക്ഷരത്തിന് നേരെ ചൂണ്ടി സാവധാനം വായിക്കണം.
5. താളാത്മക വായന (വാക്കില്‍ തൊട്ട്) ( ടീച്ചര്‍ നിര്‍ദ്ദേശിക്കുന്നവര്‍)
തന തന തന തന തന തന താന
വാക്കുകള്‍ വേഗത്തിലും സാവധാനവും ചൂണ്ടുന്നതനുസരിച്ച് താളത്തില്‍ ചൊല്ലല്‍.
പ്രതീക്ഷിത ഉല്പന്നം
തന തന തന തന തന തന താന എന്നെഴുതിയ ചാര്‍ട്ട്,
കുട്ടികളുടെ സചിത്രപ്രവർത്തനപുസ്തകത്തിലെ രേഖപ്പെടുത്തല്‍.
വിലയിരുത്തല്‍ക്കുറിപ്പുകള്‍
|
പ്രവര്‍ത്തനം 8 : ക്ലാസ് എഡിറ്റിംഗ് |
പഠനലക്ഷ്യങ്ങള്‍:
അക്ഷരങ്ങളുടെയും വാക്കുകളുടെയും പുനരനുഭവ സന്ദര്‍ഭങ്ങളില്‍ തെളിവെടുത്ത് എഴുതുന്നതിനും ഒറ്റയ്കും കൂട്ടായും മുതിര്‍ന്നവരുടെ സഹായത്തോടെയും താരതമ്യം ചെയ്ത് തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുന്നതിനും കഴിയുന്നു.
പ്രതീക്ഷിത സമയം : 20 മിനിറ്റ്
പ്രക്രിയാവിശദാംശങ്ങള്‍
ഇന്ന് നാം തന തന തന തന തന താന എന്ന് പഠിച്ചു. ആര്‍ക്കെല്ലാം വന്ന് തന തന താന എന്നും എഴുതാനാകും. ദേ ടീച്ചര്‍ മുറിച്ചോക്കുകള്‍ തരാം. ആദ്യം ഈ ഗ്രൂപ്പുകാര്‍ വരൂ. അവര്‍ ബോര്‍ഡിന്റെ ഏറ്റവും അടിയിലായി എഴുതണം. അടുത്ത ഗ്രൂപ്പുകാര്‍ അതിലും ഉയരത്തില്‍ എഴുതണം. ആദ്യം എഴുതിയത് മായരുത്. എഴുതുമ്പോള്‍ ദേ ഇതുപോലെ ചോക്ക് പിടിക്കണം. കൈ ബോര്‍ഡില്‍ തൊടുവിക്കാതെ ചോക്ക് മാത്രം മുട്ടിച്ച് വലുതായി എഴുതണം ( കൈ മുട്ടിച്ചെഴുതിയാല്‍ അക്ഷരം ചെറുതാകും. മുട്ടിക്കാതെ എഴുതിയാല്‍ വലുപ്പത്തിലാകും. വ്യത്യാസം കാണിച്ചുകൊടുക്കുന്നു )
എല്ലാവരും എഴുതിക്കഴിഞ്ഞാല്‍ എഡിറ്റിംഗ് ചോദ്യങ്ങള്‍
തീരെ ചെറുതായി എഴുതിയിട്ടുണ്ടോ? എല്ലാവരും എഴുതിയത് വായിക്കാന്‍ പറ്റുന്നുണ്ടോ?
തന തന താന എന്ന് അകലം പാലിച്ച് എഴുതിയതേതെല്ലാം? ആര് വന്ന് അതിന് ശരിയിടും?
തന എന്ന് എഴുതിയപ്പോള്‍ അക്ഷരം മാറിപ്പോയിട്ടുണ്ടോ? ത ന പോലെ തോന്നുന്നുണ്ടോ?
താന എന്ന് എഴുതിയപ്പോള്‍ താ എന്ന് ആണോ ത ആണോ എഴുതിയത്? താ എന്ന് എഴുതാത്തത് ഏതെല്ലാം? ചിഹ്നം വിട്ടുപോയോ?
കുട്ടികളില്‍ സന്നദ്ധരായി വരുന്നവരെക്കൊണ്ട് മെച്ചപ്പെടുത്തി എഴുതിക്കണം.
പ്രതീക്ഷിത ഉല്പന്നം
ബോര്‍ഡില്‍ കുട്ടികള്‍ എഴുതിയതും മെച്ചപ്പെടുത്തിയതും
ബുക്കില്‍ ഓരോ വാക്കിനും വാക്യത്തിനും ശരിയടയാളം ലഭിക്കും വിധം മെച്ചപ്പെടുത്തിയെഴുതിയത്.
വിലയിരുത്തല്‍
ബോര്‍ഡ് എഴുത്തിലേക്ക് എല്ലാ കുട്ടികളും വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവോ?
എല്ലാവര്‍ക്കും എഴുതാന്‍ സഹായകമായ വിധം എന്തു ക്രമീകരണമാണ് ഒരുക്കിയത് (ബോര്‍ഡിന്റെ ഉയരം, കുട്ടികളുടെ ഉയരം ഇവ പരിഗണിച്ച്)
കുട്ടികള്‍ ബോര്‍ഡില്‍ കൈമുട്ടിച്ചെഴുതിയത് അക്ഷരവലുപ്പത്തെയും വായനയെയും ബാധിച്ചുവോ? എങ്ങനെ പരിഹരിച്ചു?
എത്ര കുട്ടികള്‍ എഴുതിയതാണ് മെച്ചപ്പെടുത്തേണ്ടി വന്നത്?
പക്ഷികളുടെ ചിത്രം ശേഖരിക്കാം
അടുത്ത ദിവസം വരുമ്പോള്‍ പക്ഷികളുടെ ചിത്രങ്ങള്‍ വീട്ടിലുള്ളവര്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നു
പിരീഡ് അഞ്ച് |
കലാകായികാരോഗ്യ വിദ്യാഭ്യാസം
പ്രവര്‍ത്തനം 9: സ്വതന്ത്രകളികള്‍ (ഒന്നൊരുക്കത്തില്‍ നിര്‍ദ്ദേശിച്ചതില്‍ ഒന്ന്)
കുട്ടിയെ അറിയല്‍
പൊതുവിലയിരുത്തല്‍
താളാത്മകമായി പാട്ട് അവതരിപ്പിക്കുന്നതില്‍ പിന്തുണ വേണ്ടവര്‍ (സൗന്ദര്യാത്മക സര്‍ഗാത്മക വികാസം) |
|
മറ്റു കുട്ടികളുമായി ഇടപഴകുന്നതില്‍ കൂടുതല്‍ അവസരം വേണ്ടവര്‍ (സാമൂഹിക, വൈകാരിക വികാസം) |
|
വായിച്ചുകേട്ടകഥകള്‍ പറയുന്നതിന് അവസരം ലഭിച്ചവര്‍ (ഭാഷാ വികാസം) |
|
കഥാവതരണത്തില്‍ മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളവര്‍ |
|
അക്ഷരം എഴുതുമ്പോള്‍ സൂക്ഷ്മപേശീനിയന്ത്രണത്തില്‍ പ്രയാസം നേരിടുന്നവര്‍ (ശാരീരിക ചാലക വികാസം) |
|
കണ്ടെത്തല്‍ വായനയില്‍ കൂടുതല്‍ പിന്തുണവേണ്ടവര്‍ |
|
സവിശേഷമായ കഴിവുകള്‍ പ്രകടിപ്പിച്ചവര്‍
|
|
ഹാജരാകാത്തവര്‍ |
|
ഹാജരാകാത്തവര്‍ക്ക് പഠനവിടവ് ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കുന്ന പിന്തുണപ്രവര്‍ത്തനം |
|
നിരന്തരവിലയിരുത്തല്‍ നടത്തി തുടര്‍പിന്തുണ നല്‍കുന്നതിനൊപ്പം വ്യക്തിഗത അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള വിവരശേഖരണം എന്ന നിലയിലുമാണ് കുട്ടിയെ അറിയല്‍ എന്ന പ്രവര്‍ത്തനം ഒന്നാം മാസത്തില്‍ ചെയ്യുന്നത്.
No comments:
Post a Comment