ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, March 31, 2013

തൃത്താലയില്‍ ഞാന്‍ ഇങ്ങനെ ഇടപെടാന്‍ കാരണമുണ്ട്


MARCH 27 ന് ഒരു വിദ്യാഭ്യാസസെമിനാറിലേക്കു ക്ഷണിക്കപ്പെട്ടു.
 മുഖ്യവിഷയാവതാകരന്‍ എന്ന റോളില്‍.കുറെ നാളായി ഏകപക്ഷീയമായ പ്രസംഗങ്ങളോട് എനിക്ക് താല്പ്യര്യമില്ല. അതിനു കാരണമിവയാണ്.
1.
പുറത്തു നിന്നും എത്തുന്ന ഒരു വിദഗ്ധന്‍ /നേതാവ് /ബുദ്ധിജീവി ജനങ്ങളെ ബോധവത്കരിച്ചിട്ടു മടങ്ങുന്ന പ്രക്രിയ.
2.
അകത്തു വൈദഗ്ധ്യമില്ലെന്ന തോന്നല്‍ നിരന്തരമുണ്ടാക്കിയെടുക്കുന്നതിനു സഹായകമായാണ് പുറത്തുനിന്നോ സംഘടനകളുടെ മേലേത്തട്ടില്‍ നിന്നോ ഉളള ഇത്തരം ഇറക്കുമതി. കൂടുതല്‍ വൈദഗ്ധ്യത്തെ പ്രദേശികവൈദഗ്ധ്യത്തിനെ പിന്തുണയ്ക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന സ്ഥാനവും വിന്യാസവും അതു വഴി പ്രദേശികാത്മവിശ്വാസവര്‍ദ്ധനവും പലപ്പോഴും അജണ്ടയാകുന്നില്ല.
3.
ഈ ബോധവത്കരണപ്രക്രിയയാകട്ടെ വിവരങ്ങളുടെ ദാനമാണ്. അറിവിന്റെ ഉല്പാദനമല്ല.
4.
നിശ്ചിതസമയം തുടര്‍ച്ചയായി നല്‍കുന്ന വാചികപാഠങ്ങള്‍ക്കു ശേഷം ചര്‍ച്ച എന്ന പേരിലുളള നാമമാത്രമായ ചിലരുടെ പ്രതികരണങ്ങളും അവതാരകരുടെ ക്രോഡീകരണവുമെന്ന ചടങ്ങ് പങ്കാളിത്തത്തിന്റെ വ്യാജമായ അന്തരീക്ഷം സൃഷ്ടിക്കും.അത്തരം പ്രക്രിയയ്ക്കു കൂട്ടുനില്‍ക്കുന്നത് ഇടതുപക്ഷാവബോധത്തോടുളള ആത്മവഞ്ചനയാണ്.അപ്പോള്‍ എനിക്ക്, എന്നെ തന്നെ പുതുക്കിക്കൊണ്ടും സദസിനു എന്നെ കീഴ്പ്പെടുത്തിയുമുളള ഒരു റോള്‍ രൂപപ്പെടുത്തേണ്ട ഉത്തരവാദിത്വം സ്വയം എല്‍പ്പിക്കേണ്ടതായി വന്നു. അതത്ര ലളിതവമല്ലന്നെറിയാം.
ലക്ഷ്യ നിര്‍മിതി
ഞാന്‍ തുടക്കത്തില്‍ ,പങ്കെടുത്തവരോട് അവരുടെ സാന്നിദ്ധ്യത്തിന്റെ ലക്ഷ്യം നിര്‍ണയിക്കാനാവശ്യപ്പെട്ടു. എന്തിനാണ് ഈ അവധിദിവസം നിങ്ങളിവിടെ വന്നത്?അല്പനേരത്തെ ചിന്തയ്ക്കുളള ഇടം.അതിനു ശേഷം അവരുടെ സാന്നിദ്ധ്യലക്ഷ്യം രൂപപ്പെടുത്തുന്നതിനു കൃത്യതപ്പെടുത്തുന്നതിനു സഹായകമായി അവരുടെ പക്ഷത്തു നിന്നുളള ചില ചോദ്യങ്ങള്‍ അവതരിപ്പിച്ചു.
1.
ഇവിടുന്നു പിരിയുന്നത് വന്ന അവസ്ഥയിലാണെങ്കില്‍ ഇന്നത്തെ ദിനം പാഴായി എന്നു കരുതണം. അതിനാല്‍ രൂപപ്പെടുന്ന ചിന്തയെ ആശയങ്ങളെ പ്രവൃത്തിയാക്കി പരിവര്‍ത്തിപ്പിക്കുന്നതിനുളള അവസരം സൃഷ്ടിച്ചെടുക്കാന് ശ്രമിക്കും എന്നു ലക്ഷ്യമിടാമോ?
2.
വെറും കേള്‍വിക്കാരെന്ന നിലയില്‍ സജീവമല്ലാത്ത പ്രാതിനിധ്യം കൊണ്ടല്ല മറിച്ച് വിയോജിച്ചും വിമര്‍ശിച്ചും കൂട്ടിച്ചേര്‍ത്തും ക്രിയാത്മകമായി ഇടപെട്ടും സ്വന്തം സാന്നിധ്യത്തെ മറ്റുളളവര്‍ക്ക കൂടി മൂല്യമുളളതാക്കി മാറ്റുമെന്നത് ഒരു ലക്ഷ്യമായി കരുതാമോ?
3.
പൊതുവിദ്യാഭ്യാസത്തെ കൂടുതല്‍ മികവുളളതാക്കാന്‍ കരുത്തുറ്റതാക്കാന്‍ വേണ്ടി അവരവര്ക്കു സ്വന്തമായും മറ്റുളളവരുടെ ഒപ്പം ചേര്‍ന്നും ആവുന്നത്ര പ്രവര്‍ത്തിക്കാനുളള ആലോചനയ്ക്കാണീ കൂടിച്ചേരല്‍ എന്നു കരുതാമോ?
4.
സ്വന്തം സന്നദ്ധത കൂടി പ്രയോജനപ്പെടുത്തി തുടര്‍പ്രവര്‍ത്തനങ്ങളിലേക്കു ഈ കൂട്ടായ്മയെ വളര്‍ത്തിക്കൊണ്ടു വരുന്നതിനു ലക്ഷ്യമിടാമോ?
പങ്കാളിത്ത നിര്‍മിതി
അടുത്തത് പങ്കാളിത്തത്തിന്റെ സമീപനം തീരുമാനിക്കലായിരുന്നു.ഞാന്‍ അവരോടു പറഞ്ഞു.വലിയകാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. എന്നാല്‍ വേറിട്ട ചിന്തയിലേക്കുളള വാതില്‍ തുറന്നിടും.എന്റെ അവതരണത്തെ ക്ഷമയോടെ കേട്ടിരിക്കുക എന്നത് ഞാനാഗ്രഹിക്കുന്നില്ല. എല്ലാം തീര്‍ന്ന ശേഷം ചര്‍ച്ച എന്നതും നിങ്ങളെ മാനിക്കലായി ഞാന്‍ കരുതുന്നില്ല.ഔപചാരികതയുടെ പേരില്‍ യോഗത്തെ യാന്ത്രികമാക്കാതെ നിങ്ങള്‍ നോക്കണം
എപ്പോള്‍ വേണമെങ്കിലും എന്റെ അവതരണത്തെ തടസ്സപ്പെടുത്താം. അത് ഇടപെടലാണ് നിഷേധാത്മകമല്ല. ഈ തടസ്സപ്പെടുത്തലാണ് സംവാദം. വിമര്‍ശനങ്ങള്‍ ഉന്നയിച്ച്, വിയോജിച്ച്, വിശദീകരിച്ച്, കൂട്ടിച്ചേര്‍ത്ത്, ഉദാഹരണങ്ങള്‍ ലനല്‍കി, സാധ്യതകള്‍ ചൂണ്ടിക്കാട്ടി, അവതരണത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് ഒക്കെ തടസ്സപ്പെടുത്താം. (തടസ്സം എന്നവാക്കിനേക്കാള്‍ നല്ല വാക്കുണ്ടെങ്കിലും ഞാനതാണുപയോഗിച്ചത്. അതിനൊരു കാരണം അവരുടെ മേല്‍ക്കോയ്മയെ അംഗീകരിക്കാനാ വാക്കിനു കഴിയുമെന്ന ചിന്തയാണ്)എന്റെ സമയമല്ല നിങ്ങളുടെ സമയമാണ് വിലപ്പെട്ടത്. ഭൂരിപക്ഷത്തിന്റെ ചിന്തയെയും പ്രതികരണങ്ങളെയും മാനിക്കാത്ത ഏകപക്ഷീയത അനുവദിക്കരുത്.ഇക്കാര്യങ്ങളില്‍ നിലപാട് എടുക്കാന്‍ അവര്‍ പ്രയാസപ്പെടുന്നതു പോലെ തോന്നി. കാരണം ഇങ്ങനെ പലതും പറഞ്ഞതിനു ശേഷം തന്ത്രപരമായ നീക്കത്തിലൂടെ ഞാന്‍ തന്നെ അതു ലംഘിച്ചാല്‍ എങ്ങനെ ചോദ്യം ചെയ്യും ? ഞാന്‍ ക്ഷണിക്കപ്പെട്ട അതിഥിയല്ലേ? വിളിച്ചു വരുത്തി...?എനിക്കാകട്ടെ ഞാന്‍ തന്ന പാകിയ ഈ വെല്ലുവിളി പ്രചോദനം നല്‍കി
ഇതിനുശേഷമാണ് ഞാന്‍ തുടങ്ങിയത്. ആദ്യത്തെ ആശയം അവതരിപ്പിച്ചപ്പോള്‍ തന്നെ പിറകില്‍ നിന്നൊരാള്‍ എഴുന്നേറ്റു പ്രതികരിച്ചു. അതിനു മൂല്യം ലഭിച്ചതോടെ സെമിനാറെന്ന ചടങ്ങ് വിശകലനാത്മകവും ക്രിയാത്മകവുമായ സംഘാലോചനയായി മാറി. ചിന്തയുടെ പരിപോഷകന്‍ ( ഫെസിലിറ്റേറ്റര്‍ ) ആയി മാറുക എന്നതില്‍ എനിക്കു വിജയിക്കാനാകുമോ എന്ന ആശങ്ക ക്രമേണ മാറി.
പഴിപറയാനും വിമര്‍ശിക്കാനുമെളുപ്പമാണ്. എന്നാല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന സംസ്കാരത്തിന്റെ വിത്തു പാകുക അത്ര എളുപ്പമല്ലെങ്കിലും അസാധ്യവുമല്ല എന്നതിലേക്ക് ദിശമാറി.
പ്രവര്‍ത്തനനിര്‍മിതി
ഇന്നത്തേടം കൊണ്ടവസാനിക്കരുത് ഈ കൂടിച്ചേരല്‍ എന്ന നിലപാട് എല്ലാവരിലും ഉണ്ടായി. പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ അവതരിപ്പിക്കപ്പെട്ടു. വിശദാംശങ്ങള്‍ വേണ്ടവ.അപ്പോള്‍ അതുത്ത പ്രശ്നം ആരു സംഘടിപ്പിക്കും. സെമിനാര്‍ സംഘടിപ്പിച്ച ശാസ്ത്രസാഹിത്യപരിഷത്ത് ആ ഉത്തരവീദിത്വം ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം വന്നു.
ഞാന്‍ ചോദിച്ചു -
  • ഇപ്പോള്‍ ആലോചനയില്‍ വന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇവിടുളളവര്‍ പോരേ ?
  • നാം നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറുകയാണോ?
  • വികേന്ദ്രീകരണജനാധിപത്യം ആശ്രിതജനാധിപത്യമാണോ? സംഘടനയെ പ്രയോജനപ്പെടുത്താം. സമൂഹത്തെ പ്രയോജനപ്പെടുത്താം. സംഘടനയുടെ പരിപാടിയായി സംഘടന കണ്ടോട്ടെ. പക്ഷ ഇതു നമ്മുടെ പരിപാടിയാണ് എന്നു കരുതാനെന്താ പ്രയാസം?ആരൊക്കെയാണ് നാം? സമൂഹത്തെ പരിവര്‍ത്തിപ്പിക്കേണ്ട സാമൂഹികവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നമ്മുടെ സൃഷ്ടിപരതയില്‍ വിശ്വസിക്കുന്നവര്‍
അങ്ങനെ പത്തംഗക്കൂട്ടം അടുത്ത ചൊവ്വാഴ്ച്ച വീണ്ടും കൂടും.അടുത്ത വര്ഷത്തേക്കുളള കര്‍മപരിപാടി രൂപപ്പെടുത്തും. സര്‍ക്കാര്‍വിലാസം പദ്ധതിയാകില്ല.സദസ്സിനെ സംഘമാക്കുന്ന പ്രക്രിയ പ്രധാനമാണ്. അത് സംഘാടകരുടെ സംഘടനയിലെ അഗത്വമെടുപ്പിക്കലല്ല. മറിച്ച് സാമൂഹികമാറ്റത്തിനു വേണ്ടിയുളള പ്രവര്‍ത്തകസംഘമാക്കലാണ്.എന്നെങ്കിലും സ്വമേധയാ സംഭവിക്കുമെന്ന ധാരണയില്‍ നീട്ടിവെക്കാവുന്നതാകരുത് സംഘപ്രവര്‍ത്തന സാധ്യത. ഇത്തരം അജണ്ടയില്ലാതെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ സജീവമാണെന്നു വരുത്തിത്തീര്‍ക്കാന്‍ സഹായകമാണെങ്കിലും മനുഷ്യരുടെ സൃഷ്ടിപരതയെ അംഗീകരിക്കാത്തതാണ്.നമ്മള്‍ക്ക് അമ്പതു പേരെ ഒരു യോഗത്തിനു കിട്ടീയാല്‍ അവരെ അഞ്ഞൂറാക്കി മാറ്റാന്‍ കഴിയുമോ എന്നാണാലോചിക്കേണ്ടത്. എടുക്കുമ്പോഴൊന്ന് തൊടുക്കമ്പോള്‍ പത്ത് എന്നു പറയുന്ന പോലെ വര്‍ദ്ധിക്കുന്ന തന്ത്രം.
  • തൃത്താലയില്‍ കൂടിയവര്‍ ആ പ്രദേശത്തെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട കൂടുതലാളുകളെ ഉള്‍പ്പെടുത്തി ശില്പശാല സംഘടിപ്പിച്ചേക്കാം.
  • പിന്നീടത് വിദ്യാലയ ശില്പശാലകളായി മാറിയേക്കാം.
  • അതിനു ശേഷം സ്കൂള്‍ ലീഡര്‍മാരായ വിദ്യാര്‍ഥികള്‍, പ്രത്യേകപരിഗണന അര‍ഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ , വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന വനിതകള്‍ ,എസ് എം സി ചുമതലയുളള അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കുളള സവിശേഷ ശില്പശാലകളിലേക്കു വളരാം.
  • സാങ്കേതിക വിദ്യാപരമായ ശേഷീവികസന ക്ലാസുകളും പരിശീലങ്ങളും സുതാര്യതയും ഗുണനിലവാരവുമുയര്‍ത്തുന്നതിനുമുളള പ്രവര്‍ത്തനങ്ങളും സംഭവിച്ചേക്കാം.
  • ഇത്തരം ഇടപെടല്‍ നല്‍കുന്ന ആവേശം മറ്റിടങ്ങളിലെ വിദ്യാഭ്യാസപ്രവര്ത്തകര്‍ക്കുളള പഠനകേന്ദ്രമായി ഇവരുടെ അനുഭവങ്ങളെ മാറ്റിയേക്കാം.
  • ഇതെല്ലാം സാധ്യതകളാണ്. കൃത്യമായ സര്‍ഗാത്മക,പങ്കാളിത്ത,ഇടതുപക്ഷാവബോധമുണ്ടെങ്കില്‍ മാത്രമേ ചെടി മരമാവുകയുളളു. വിത്തു നടുമ്പോള്‍ മരത്തെക്കുറിച്ചാലോചിക്കണം. അത്തരം ഒരു ആലോചന നടത്താന്‍ ഞാന്‍ അവര്‍ക്കസവരം നല്‍കി. പരിമിതികളേ സാധ്യതകളാക്കി മാറ്റാനും അസാധ്യമെന്നു കരുതുന്നവയെപ്പോലും സാധ്യമാക്കുന്നതിനുമുളള ആത്മവിശ്വാസം രൂപപ്പെടണം.പ്രസ്ഥാനത്തെ നിരാകരിക്കലാണോ ഇത്?
അല്ല /ജനതയെ ശാക്തീകരിക്കുന്ന പ്രസ്ഥാനങ്ങളുടെ ദൗത്യത്തെ പരിപോഷിപ്പിക്കലാണ്. സബ്കമ്മറ്റി /പോഷകസംഘടനാ പ്രവര്‍ത്തന ശൈലികളില്‍ മാത്രം ഒതുങ്ങന്നതില്‍ നിന്നും മാറി സമൂഹശക്തിയിലധിഷ്ഠിതമായ മുന്നിറക്കങ്ങളെ വളര്‍ത്തുകയും
സന്നദ്ധതയുടെയും ത്യാഗത്തിന്റെയും പ്രതിബദ്ധതിയുടെയും പ്രതിഫലനരൂപമാക്കി മാറ്റുകയും വേണം.
 അവകാശാധിഷ്ടിക വിദ്യാലയങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുളള അക്കാദമിക സമരസംഘമായി അവര്‍ മാറുമായിരിക്കും.ജനകീയപ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഗൃഹപാഠം ചെയ്യാതെ നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനാലാണ് ജനങ്ങള്‍ കാഴ്ചക്കാരും കേള്‍വിക്കാരുമായി മാറിനില്ക്കേണ്ടി വരുന്നത്.
ഊര്‍ജോല്പാദനപ്രക്രിയ
യോഗങ്ങളിലെ ഊര്‍ജോല്പാദനപ്രക്രിയ പ്രധാനമാണ്.ഊര്‍ജം പ്രവൃത്തിയിലേക്കു നയിക്കും.ഊര്‍ജോല്പാദനപ്രക്രിയയുടെ രീതീശാസ്ത്രം വികസിപ്പിച്ചില്ലെങ്കില്‍ പവര്‍കട്ട് വരും. ഇരുട്ടത്തിരിക്കാന്‍ സ്വയം അവസരമൊരുക്കുന്ന സാംസ്കാരികപ്രവര്‍ത്തനരീതിയോട് പൊരുത്തപ്പെട്ടു കൂടാ.എന്തായാലും ഞാന്‍ സംതൃപ്തിയോടയാണ് തൃത്താലയില്‍ നിന്നും മടങ്ങിയത്. അടുത്ത ചൊവ്വാഴ്ച്ച അവര്‍ കൂടുമല്ലോ‍
ഫേസ് ബുക്കില്‍ വന്ന പ്രതികരണങ്ങള്‍ ചുവടെ 





  • ഫേസ് ബുക്കില്‍ വന്ന പ്രതികരണങ്ങള്‍ ചുവടെ

    • Sabu Paul എപ്പോള്‍ വേണമെങ്കിലും എന്റെ അവതരണത്തെ തടസ്സപ്പെടുത്താം. അത് ഇടപെടലാണ് നിഷേധാത്മകമല്ല. ഈ തടസ്സപ്പെടുത്തലാണ് സംവാദം...ഇതാണ് സർ പ്രധാനം....പാർട്ടികമ്മറ്റികളാവട്ടെ ഔദ്യോഗികയോഗങ്ങളാകട്ടെ അവിടെ നടക്കാത്തത് ഇതാണ് ..ഈ ക്രമമാകട്ടെ അവതാരകൻറെ സൗകര്യത്തിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതുമാണ്....നേരിട്ടുള്ള സംവാദത്തിൽ നേരിടുന്ന പല ബുദ്ധിമുട്ടുകളും ഒടുവിൽ ചർച്ചയും അതിനു മറുപടിയും എന്ന സംവിധാനത്തിൽ ഉണ്ടാകില്ല......സത്യത്തിൽ വിഷയത്തിൽ വേണ്ടത്ര അവഗാഹവും ആത്മവിശ്വാസവും ഉള്ളവർക്ക് മാത്രമേ ഉടൻ സംവാദത്തിന് ധൈര്യം വരികയുള്ളു......നമുക്കെപ്പോഴും അടിച്ചേൽപ്പിച്ചാണല്ലോ ശീലം...അതാണ് സൗകര്യവും
    • Rajeesh CL അടിച്ചേല്‍പ്പിക്കലിലൂടെ അടിമകളാകുന്നു നമ്മള്‍....See Translation
    • Sabu Paul ബ്യൂറോക്രാറ്റിക്ക് സംവിധാനത്തിൻറെ ജന്മനാ ഉള്ള കുഴപ്പമാണത് ഇങ്ങോട്ടൊന്നും പറയണ്ട അങ്ങോട് പറയുന്നത് കേട്ടാൽമതി എന്നാണ് നിലപാട്....
    • Radhakrishnan Puthiyottil ഈ ഇടപെടൽ...ചില യോഗങ്ങളിൽ സംബന്ധിക്കുമ്പൊൾ ഒരു ദിവസം പാഴായി എന്നു തോന്നാറുണ്ട്.അവതാരൺത്തിനു് ശേഷം. അവതാരകന് സമയമില്ലെന്നും അതിനാൽ വിശദമായ ചർച്ച്യില്ലെന്നും സംശയങ്ങൾ എഴുതികൊടുത്താൽ മതിയെന്നുംഡയസ്സിൽ നിന്നും അറിയിപ്പ് പതിവായി കേൾക്കുന്ന സമയത്താണ് ഈ വേറീട്ടശബ്ദം...നന്നയി
    • Rajan Nagalassery വേറെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാല്‍ ഈ സംവാദത്തില്‍ എത്താനായില്ല .പാര്‍ട്ടികമ്മിറ്റികളും ഔദ്യോഗിക കമ്മിറ്റികളും ചില അജണ്ടകള്‍ നടപ്പാക്കാന്‍ വേണ്ടിയാണ്.അതിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല.മൂന്നാറില്‍ ബസ്‌ മറിഞ്ഞത് ഡ്രൈവറുടെ ഡ്രൈവറുടെ മാത്രം അശ്രദ്ദ കൊണ്ടാണ്.
    • Kaladharan Tp ഢാന്‍ നിരിടുന്ന ആത്മസംഘര്‍ഷം വളരെയാണ്. വിമര്‍ശനാത്മകപാഠ്യപദ്ധതിയെക്കുറിച്ചു പറയുക എന്നാല്‍ മറ്റു വ്യവഹാരങ്ങളില്‍ എല്ലായിടത്തും വിപരീതമായി പ്രവര്‍ത്തിക്കുക.. കുറ്റബോധം വേട്ടയാടുന്നുണ്ട്..അതിനാല്‌ സുഹൃത്തുക്കളേ സഖാക്കളേ നമ്മുടെ ഇടപെടലുകളില്‍ നമ്മെത്തന്നെ മാറ്റുന്ന ഒരു പ്രക്രിയ കണ്ടെത്താന്‍ ശ്രമിക്കാം.. കൂടുതല്‍ ശ്രമങ്ങള്‍ ആഗ്രഹിക്കാം..
    • Ramachandran Kizhuveettil മുഴുവന്‍ സമയം ഇരിക്കാനായില്ല.രീതി നന്നായി.വെല്ലുവിളി ഈ സംഘം ഏറ്റെടുക്കുമായിരിക്കും.മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിക്കുക എന്നത് മുഖ്യംതന്നെ,പക്ഷെ അത് വേണ്ടത്ര നടന്നോ? ഈ രീതിയോടു പൊരുത്തപ്പെടാന്‍ സദസ്സും അവതാരകരും ഇനിയും സ്വയം മാറണമെന്നു തോന്നുന്നു.See Translation
    • Sujanika Ramanunni കഴിഞ്ഞ ദിവസം ഒരു വിദ്യാഭ്യാസസെമിനാറിലേക്കു ക്ഷണിക്കപ്പെട്ടു. മുഖ്യവിഷയാവതാകരന്‍ എന്ന റോളില്‍. .... ക്ഷണിക്കപ്പെടാതെ എത്താന്‍ കഴിയുമായിരുന്നോ എന്നു തൊട്ട് തുടങ്ങണം. അവിടെച്ചെന്ന് ഇടപെടാന്‍ ശേഷിയുള്ളവരെ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ച് നടപ്പാക്കാന്‍ ആരംഭിക്കണം... പഴയകാല സംഘടനാപ്രവര്‍ത്തനങ്ങള്‍ [ രാഷ്ട്രീയം, സന്നദ്ധം,..... ] ഓര്‍മ്മയില്‍ വന്നതാണ്`... മാറ്റാന്‍ ശ്രമിച്ചത് നന്നായി.See Translation
    • Kaladharan Tp രാമനുണ്ണിമാഷ് പറഞ്ഞതിലേക്കെത്തപ്പെടണം. അതാണ് വേണ്ടതും. രാമചന്ദ്രന്‍മാഷ് സൂചിപ്പിച്ച അഭിപ്രായം മാനിക്കല് പ്രക്രിയയുടെ മുന്നൊരുക്കമെന്ന നിലയില്‍ അവയ്ക്കു മൂല്യം നല്‍കുന്ന അവയെ അഭിപ്രായമെന്നതിനപ്പുറം ചര്‍ച്ചചെയ്യേണ്ട വിഷയമായി ഉലര്‍ത്തുന്ന ഒരു പ്രക്രിയയുടെ വിടവ് ഉണ്ട്. അതാലോചിക്കും. പ്രായോഗികമാക്കും.
    • Ramachandran Kizhuveettil ഞങ്ങള്‍ ഈ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നു.5 സ്കൂള്‍ ഏതൊക്കെവേണമെന്ന് എം.വി രാജന്‍ മാഷും,ഗംഗാധരനുമായി പ്രാധമിക ആലോചന നടത്തി.വട്ടേനാട് ജി.എല്‍.പി സ്വയം സന്നദ്ധമായി..ഇനി ഈ ടീം പിന്തുണ നല്‍കിയീല്‍ 5 സ്കൂളില്‍ ഇത് പ്രവര്‍ത്തികമാക്കും. വേറിട്ടൊരു രീതി പരീക്ഷിച്ചു നോക്കാം...See Translation
      19 hours ago · Unlike · 1
    • Kaladharan Tp പ്രിയ രാമചദ്രന്‍മാഷ് ഇവിടെ ഔദ്യോഗികമായ ഒരു ഫണ്ടും ഉപയോഗിക്കരുത്. നാടിന്റെ സമരമുഖമാണ്. ശില്പശാലകളേ നടത്താവൂ.. രൂപപ്പെടേണ്ട ശില്പത്തിനെക്കുറിച്ചുളള സ്വപ്നങ്ങള്‍ വേണം. മൊബൈല്‍ ഫോണ്‍ നല്ല രീതിയില്‍ ഉപയോഗിക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പരസ്പരം ആശ്യവിനിമയത്തിന് ഈ സംവിധാനം പ്രയോജനപ്പെചുത്തണം.എല്ലാം രൂപപ്പെട്ടു വരണം .നമ്മുടെ മനസിലെ ആശയങ്ങളിലേക്ക് അവരെ എടുത്തു പ്രതിഷ്ടിക്കരുത്. ലക്ഷ്യ നിര്‍മിതി, പങ്കാളിത്ത നിര്‍മിതി, ആശയനിര്‍മിതി, പ്രവര്‍ത്തനനിര്‍മിതി , പ്രചോദനനിര്‍മിതി എന്നിവയുടെ പ്രായോഗികതയാണ് അന്വേഷിക്കുന്നത്.
    • Vs Bindu തൃത്താല യിലെ ശ്രമം സ്വാഗതാര്‍ഹം തന്നെ .കുട്ടി ആരാണെന്ന് ഇനിയും മനസ്സിലാക്കാത്ത രീതിയില്‍ വിദ്യ അഭ്യാസം തുടര്‍ന്നാല്‍ വലിയ അപകടങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും .വിജയ ശതമാനം വര്‍ദ്ധിപ്പിക്കല്‍ മാത്രം ലക്‌ഷ്യം ആകും . ഓരോ വിഷയത്തിലും നമ്മള്‍ ജനകീയ ഇടപെടലുകള്‍ വേണം എന്ന് പറയാറുണ്ട്‌ എന്താണ് ഈ ഇടപെടലിന്‍ വ്യാപ്തി എന്ന് ആരും പറഞ്ഞിട്ടില്ല . .ഒരു ഫയലും പേനയും ലഘു ഭക്ഷണവും അടങ്ങുന്ന ബോധ വല്‍ക്ക രണ ക്ലാസുകളെ എത്ര പരിഹാസ്യമായാണ് ആളുകള്‍ സമീപിക്കുന്നത് എന്നത് അവരുടെ അനുഭവം മറിച്ചല്ലാത്തതിനാല്‍ . അതില്‍ നിന്നൊരു മോചനം ഉണ്ടാകുന്നു വെന്നു കരുതാവുന്നത് സ്വപ്ന പ്രോജെക്ട് കളില്‍ നിന്ന് ഒന്നെങ്കിലും പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പിലായിവരുംപോഴാനു .ആശയ സംവാദങ്ങള്‍ വളരുന്നത് ഊര്‍ജ്ജ ദായകമാണ് .ഇവിടെ വീണ്ടും കൂടി ചേരുന്ന വര്‍ നടപ്പില്‍ വരുത്തുന്ന ഒരു രീതി കേരളം ഒട്ടുക്കു വ്യത്യസ്ത രീതിയില്‍ നടപ്പില്‍ വരുമ്പോള്‍ തൃത്താല മോഡല്‍ എന്നത് എല്ലാവരും ഓര്‍ക്കുന്ന ഒന്നാകും .
      16 hours ago · Unlike · 1
    • Kaladharan Tp ബിന്ദു, തൃത്താല ഒരു മോഡലല്ല.സാധ്യതയാണ്. അതു എവിടെയും ഇടതുപക്ഷപ്രവര്‍ത്തകര്‍ കാണിക്കേണ്ട രീതിയാണ്. ഓരോ പരിപാടിയേയും ജനാധിപത്യവത്കരിക്കല്‍,യോഗത്തിനപ്പുറത്തേക്കു നയിക്കല് സദസിനെ സംഘമാക്കല്‍......ഞാന്‍ സൂചിപ്പിച്ച പോലെ ലക്ഷ്യ നിര്‍മിതി, പങ്കാളിത്ത നിര്‍മിതി, ആശയനിര്‍മിതി, പ്രവര്‍ത്തനനിര്‍മിതി , പ്രചോദനനിര്‍മിതി എന്നിവയുടെ പ്രായോഗികത തേടല്‍..ഇതു താഹ്കള്‍ക്കുമാകാം. ചടങ്ങില്‍ കുടുങ്ങരുതെന്നു കവി പറഞ്ഞതിനെ വിപുലപ്പെടുത്താനാര്‍ക്കും കഴിയും.കര്‍മോത്സുകമായ പങ്കാളിത്താനുഭവങ്ങള്‍ നിര്‍മിച്ചെടുക്കുക .താങ്കളുടെ വ്യവഹാരമേഖലകളില്‍ അതിനുളള സാധ്യത ഇല്ലേ?

    1
  • Friday, March 29, 2013

    കുട്ടികളുടെ അറിവും പാഠവും


    ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത നോക്കുക.
    സാദിഖ്അലി എന്ന രണ്ടാം ക്ലാസുകാരനെ വിദ്യാലയം കൃഷിയറിവിന്റെ പേരില്‍ ആദരിക്കുകയാണ് .

    പഠനം രണ്ടാംക്ലാസില്‍; കൃഷിയില്‍ "ബിരുദം"
    ബഷീര്‍ അമ്പാട്ട്
    കൊണ്ടോട്ടി: വിദ്യാലയം വിട്ടാല്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കാനോ വഴിയോരക്കാഴ്ച കാണാനോ സാദിഖ്അലിക്ക് നേരമില്ല. പച്ചക്കറിത്തോട്ടം നനയ്ക്കണം, തടമെടുക്കണം, വളംചേര്‍ക്കണം... ഇങ്ങനെ നാനാവിധം പണിത്തിരക്കുണ്ട് ഈ ഏഴുവയസുകാരന്. സ്വപ്രയത്നത്തിലൂടെ തന്റെ കൊച്ചുപുരയിടത്തില്‍നിന്ന് കൃഷിപാഠം പകര്‍ന്നുനല്‍കുകയാണ് രണ്ടാംക്ലാസുകാരനായ സാദിഖ് അലി. അധ്യാപകര്‍ കഴിഞ്ഞവര്‍ഷം കൊടുത്ത പയര്‍വിത്ത് കൊളത്തൂര്‍ മുല്ലപ്പള്ളി എഎല്‍പി സ്കൂളിലെ കരുമ്പുലാക്കല്‍ സാദിഖ്അലി വെറുതെ കളഞ്ഞില്ല. വീട്ടുപറമ്പില്‍ നട്ടു. കിട്ടാവുന്ന പച്ചക്കറി വിത്തുകളെല്ലാം ശേഖരിച്ച് കൃഷിയിറക്കി. പയര്‍, തക്കാളി, വെണ്ട, ചീര, പച്ചമുളക് തുടങ്ങിയവ സാദിഖിന്റെ അടുക്കളത്തോട്ടത്തില്‍ സമൃദ്ധമായി വളരുന്നു. ഒരുവര്‍ഷത്തോളമായി സാദിഖ് പച്ചക്കറികൃഷി തുടങ്ങിയിട്ട്. പഠനം കഴിഞ്ഞാലുള്ള സമയം പാഴാക്കാറില്ല. വീടിനോടുചേര്‍ന്ന കൊച്ചുതോട്ടത്തിലെ ചെടികളും വള്ളികളുമാണ് അവന്റെ അടുത്ത കൂട്ടുകാര്‍. കുത്തനെ കിടക്കുന്ന പറമ്പിന്റെ മുകള്‍ഭാഗത്താണ് കൃഷി. വെളുപ്പിനേ സാദിഖ് തോട്ടത്തിലിറങ്ങും. നനയും പന്തലൊരുക്കലും എല്ലാമായി ഒരുമണിക്കൂര്‍. വൈകിട്ട് സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍ വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. പറമ്പിന്റെ താഴെ ഭാഗത്തുള്ള കിണറിലെ വെള്ളം മോട്ടോര്‍ പമ്പുവഴി ടാങ്കില്‍ ശേഖരിച്ചാണ് നനയ്ക്കല്‍. ജ്യേഷ്ഠത്തി ഹന്ന ഫയിസാണ് മുഖ്യ സഹായി. ഉപ്പ കരുമ്പുലാക്കല്‍ ഫൈസല്‍, ഉമ്മ ഷഹര്‍ബാന്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കന്നിവിള സ്കൂളിലെ ഉച്ചഭക്ഷണത്തിന് സംഭാവനയായി നല്‍കിയും സാദിഖ് മാതൃക കാട്ടി. വില്‍പ്പനക്ക് പാകമായ പയര്‍ കഴിഞ്ഞദിവസം വിളവെടുത്തപ്പോഴും സഹപാഠികള്‍ക്ക് വീതിച്ചുനല്‍കാനായിരുന്നു സാദിഖിന് താല്‍പ്പര്യം. മണ്ണില്‍ പുതിയ പാഠം രചിക്കുന്ന സാദിഖിനെ അടുത്ത ശനിയാഴ്ച സ്കൂളിലൊരുക്കുന്ന പ്രത്യേക ചടങ്ങില്‍ അധ്യാപകരും സഹപാഠികളും അനുമോദിക്കും. ( 29-Mar-2013-ദേശാഭിമാനി)
    ഇവിടെ സാദിഖ്അലിയില്‍ നിന്നും മറ്റു ക്ലാസിനെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. കുട്ടികളുടെ അനുഭവങ്ങളെ അവര്‍ക്കുളള പാഠങ്ങളാക്കി മാറ്റാന്‍ കഴിയും. ഞാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ചെന്നപ്പോള്‍ സതിടീച്ചറിനെ പരിചയപ്പെട്ടു. ടീച്ചര്‍ എന്നും കുട്ടികളെ കേള്‍ക്കും വീട്ടിനെ വിശേഷങ്ങള്‍ ഓരോരുത്തരേയും അടുത്തു വിളിച്ചാരായും മീന്‍ വാങ്ങിയതും പൂച്ച കൊണ്ടു പോയതും ഒക്കെയാവും അവരുടെ വലിയ വിശേഷങ്ങള്‍. അതെല്ലാം കുറിച്ചെടുക്കുന്ന ടീച്ചര്‍ രണ്ടു പീരീഡ് കഴിയുമ്പേഴേക്കും അത്ഭുതം കാട്ടും. കുട്ടികള്‍ പറഞ്ഞ വിശേഷങ്ങള്‍ പാഠങ്ങളായി അവരുടെ മുമ്പാകെ അവതരിപ്പിക്കും. ഒരിടത്തൊരിടത്തൊരു മീനുണ്ടായിരുന്നു. ഒത്തിരി മിനുക്കമുളള മീന്‍.  ഒരു ദിവസം ഒരു മുക്കുവന്റെ വലയില്‍ മീന്‍ പെട്ടു പോയി. ....
    .......മീന് ചട്ടിയില്‍ കിടക്കുകയാ .അപ്പോഴൊരു പൂച്ച മണം പിടിച്ചെത്തി.. തഞ്ചത്തിനു മീനും കൊണ്ടോടി. ഒരിടത്ത് ചെന്ന് സമാധാനത്തോടെ തിന്നാന്‍ നോക്കുമ്പോഴാ...
    അപ്പോള്‍ ഒരു കുരുന്ന് വിളിച്ചു പറയും അതു ഞങ്ങടെ വീട്ടിലെ പൂച്ചയാ.. മീന്‍ തിന്നത്.
    കുട്ടികളുടെ അനുഭവങ്ങള്‍ പ്രധാനമാണെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് പറയുന്നുണ്ടെങ്കിലും ബോധപൂര്‍വമായ ഇടപടെല്‍ ഇക്കാര്യത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്നു സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണം
    ഇന്നലെ ആനന്ദന്‍മാഷ് ആന്ത്രപ്രദേശത്തെ കുട്ടികള്‍ അവരുടെ പാഠങ്ങള്‍ നിര്‍മിക്കുന്ന അനുഭവം പങ്കിട്ടു. പാഠപുസ്തകത്തെ മാറ്റി വെച്ച് കുട്ടികളുടെ പാഠങ്ങള്‍ക്കു പരിഗണന നല്‍കാന്‍ അധ്യാപകര്‍ സന്നദ്ധമാകുന്നു.
    അധ്യാപകരും പാഠങ്ങള്‍ നിര്‍മിക്കണം.
    അങ്ങനെ വരുമ്പോള്‍ ആര്‍ക്കും പാഠ്യപദ്ധതി അട്ടിമറിക്കാനാകില്ല.



    Sunday, March 24, 2013

    അക്ഷരങ്ങള്‍ അടയാളമാക്കി അഞ്ഞൂറ് കൈയെഴുത്തുമാസികകള്‍


    ഒരു വര്‍ഷം പിന്നിടുന്നു .ഹാജര്‍ബുക്കില്‍  ഇനി അവധിയുടെ പേജുകള്‍ .
     ഒരു വിലയിരുത്തലാകാം.ഈ വര്‍ഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ 
    .ഇതാ ഒരു വിദ്യാലയം മുടങാങാലതെ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.നല്ലതെന്നു തിരിച്ചറിഞ്ഞവ നിറുത്തിക്കളയരുത് എന്ന് ഈ സ്കൂള്‍ ഓര്‍മിപ്പിക്കുന്നു
    .വര്‍ഷാവസാനം കുട്ടികള്‍ക്കു അവരുടെ കഴിവുകളുടെ സമാഹാരം നലാ‍കാന്‍ കഴിയുക വലിയൊരു കാര്യം തന്നെ.
     16 Mar 2013


    കൂത്താട്ടുകുളം: 'എനിക്കും ഒരു കൈയെഴുത്തുമാസിക...' എല്‍കെജി മുതല്‍ ഏഴാംക്ലാസുവരെയുള്ള കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ മനസ്സുനിറയെ അക്ഷരങ്ങളുടെ അടയാളങ്ങളാണ്. 


    • കഥ, കവിത, നാടകം, യാത്രാവിവരണം, ഉപന്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന രചനകളാണ് ഓരോ കൈയെഴുത്തുമാസികയുടേയും പേജുകളെ ആകര്‍ഷകമാക്കുന്നത്.
    • കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ എഴുത്തുപുസ്തകങ്ങള്‍ക്ക് ഓരോന്നിനും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനോ, ജനപ്രതിനിധിയോ, മറ്റ് മുതിര്‍ന്നവരോ അവതാരികയും ആശംസയും എഴുതിയിട്ടുണ്ട്. 
    • തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൈയെഴുത്തുമാസിക എന്ന പദ്ധതി നടപ്പാക്കുന്നത്.
    • കുട്ടികളെ എഴുത്തിലേക്കും വായനയിലേക്കും കൂട്ടിക്കൊണ്ടുപോയി അവരെ സാഹിത്യപരമായും കലാപരമായും ഉയര്‍ച്ചയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജേഷ് സ്വാതി, സി.പി. രാജശേഖരന്‍, ഡി. ശുഭലന്‍ എന്നിവര്‍ പറഞ്ഞു. 
    • 540 കുട്ടികളും 25 ജീവനക്കാരും പദ്ധതിപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എല്ലാ കുട്ടികളുടേയും മാസികകള്‍ ഒരേസമയം പ്രകാശനം ചെയ്തു. 
    • ബ്ലോക്ക് പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. രാജേഷ് അധ്യക്ഷനായി. കുമാര്‍ കെ. മുടവൂര്‍, ജോസ് കരിമ്പന, സി.പി. രാജശേഖരന്‍, വത്സമ്മ തോമസ്, ആലീസ്, വി.പി. ആലീസ്, കെ.വി. ബാലചന്ദ്രന്‍, എ.കെ. ദേവദാസ്, മിനി രതീഷ്, ഡി. ശുഭലന്‍, ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു

    Sunday, March 17, 2013

    തുല്യതാപഠിതാക്കളും സെക്കണ്ടറിവിദ്യാഭ്യാസവും.


    Study report
    സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട മലയാളമണ്ണില്‍ അറിവിന്റെ സാര്‍വ്വത്രീകരണം എന്നും ഒരു ലക്ഷ്യം തന്നെയായിരുന്നു . അധസ്ഥിത സമൂഹത്തിന്റെ അജണ്ടയില്‍ നേടിയെടുക്കേണ്ട അവകാശമായി അറിവ് മാറി. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം വഴി എഴുതാനും വായിക്കാനും പഠിച്ചവര്‍ ആ പാതയില്‍ കൂടുതല്‍ മുന്നേറണമെന്ന് ആഗ്രഹിക്കുകയും അതിനനുസൃതമായി സര്‍ക്കാരിന്റെയും സാക്ഷരതാ മിഷന്റെയും ഭാഗത്തു നിന്നും സവിശേഷ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ അത് ആവശ്യാധിഷ്ഠിത പഠനത്തിന്റെ സമാന്തരധാര സൃഷ്ടിച്ചു. നവസാക്ഷരര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ആയിരുന്നു ആദ്യ ലക്ഷ്യം. നാലാം ക്ലാസ് തുല്യതാ പരിപാടിയോടുളള പ്രതികരണം ആശാവഹമായിരുന്നു. നാലാം ക്ലാസ് തുല്യതാപരീക്ഷയില്‍ വിജയിച്ചവര്‍ക്കു കുടുതല്‍ പഠിക്കാനുളള അവസരം ഒരുക്കേണ്ടത് അനിവാര്യമായി. അങ്ങനെ ഏഴാം ക്ലാസ് തുല്യതാപരിപാടിയും തുടര്‍ന്ന് പത്താം ക്ലാസ് തുല്യതാ പരിപാടിയും കേരളത്തില്‍ ആവിഷ്കരിച്ചു നടപ്പിലാക്കി.

    ഏഴു വര്‍‌ഷം മുമ്പാണ് കേരളസാക്ഷരതാമിഷന്‍ പത്താം ക്ലാസ് തുല്യതാപരിപാടി ആരംഭിച്ചത്. തുല്യതാപരിപാടിപ്രകാരം ഏഴാം ക്ലാസ് വിജയിച്ചവരും ഔപചാരിക വിദ്യാഭ്യാസത്തിലൂടെ സെക്കണ്ടറി തലത്തിലെത്തി വിജയകരമായി പൂര്‍ത്തീകരിക്കാത്തവര്‍ക്കും പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരാവുന്നതാണ്. ഓരോ വര്‍ഷവും തുല്യതാപഠിതാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവാണ് കാണുന്നത്. ഈ പ്രവണത പ്രത്യേക പഠനം ആവശ്യപ്പെടുന്നു. എന്തെന്തു കാരണങ്ങളാലാണ് ഇവര്‍ ഔപചാരിക വിദ്യാഭ്യാസ ധാരയില്‍ നിന്നും പുറന്തളളപ്പെട്ടത്? അല്ലെങ്കില്‍ അവര്‍ക്കു പൊതുവിദ്യാഭ്യാസം അപ്രാപ്യമായത്? ഇപ്പോള്‍ അവരില്‍ പഠനതൃഷ്ണയുണ്ടാകുവാന്‍ കാരണമെന്താണ്.? തുല്യതാ പഠനത്തോട് അവര്‍ക്കുളള സമീപനം എന്താണ്? എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നത് പ്രസക്തമാണ്.
    പഠനലക്ഷ്യങ്ങള്‍
    1. തുല്യതാപഠിതാക്കള്‍ ഔപചാരിക സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തീരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
    2. ഒരിക്കല്‍ പഠനം നിറുത്തിയവര്‍ ഇപ്പോള്‍ പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേരുവാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തുക
    3. സെക്കണ്ടറി വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞു പോക്ക് പരിഹരിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ രൂപ്പെടുത്തുക.
    പഠനരീതി
    വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇടുക്കി ജില്ലയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.
    ജില്ലയില്‍ പീരുമേട് ,തൊടുപുഴ,വണ്ടിപ്പെരിയാര്‍,കട്ടപ്പന ,വാഴത്തോപ്പ് എന്നീ അഞ്ച് പഠനകേന്ദ്രങ്ങളാണുളളത് . എല്ലാ പഠനകേന്ദ്രങ്ങള്‍ക്കും പ്രാതിനിധ്യം വരത്തക്ക വിധം 119 പഠിതാക്കളെ സാമ്പിളായെടുത്തു. ചോദ്യാവലി ഉപയോഗിച്ചു സര്‍വെ രീതിയിലൂടെ വിവരം ശേഖരിച്ചു.
    പഠിതാക്കളിലെ സ്തീ -പുരുഷ പ്രാതിനിധ്യം
    പഠനവിധേയമായ തുല്യതാ പഠിതാക്കളില്‍ 67ശതമാനം പേരും വനിതകളാണ്. 33 ശതമാനം മാത്രമാണ് പുരുഷന്മാര്‍. തുല്യതാ പഠിതാക്കളില്‍ കൂടുതല്‍ സ്തീകള്‍ അണെന്നതിന്റെ അര്‍ഥം സ്തീകള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിനു വേണ്ട സാമൂഹിക പിന്തുണ കിട്ടിയില്ല എന്നാണ്. ഇത് കുടുംബത്തിലെ വിദ്യാഭ്യാസപരഗണനകളില്‍ സ്ത്രീകള്‍ക്കു രണ്ടാം സ്ഥാനം മാത്രം കല്പിക്കപ്പെടുന്നതില്‍ മാറ്റം വരാത്ത കൊണ്ടാകണം .കുടുംബങ്ങളുടെ സാമ്പത്തികസാംസ്കാരിക സ്ഥിതിയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.
    പ്രായം
    തുല്യതാ പഠിതാക്കളുടെ പ്രായം പരിശോധിച്ചാല്‍ നാല്പത് വയസ്സില്‍ താഴെയുളളവര്‍ 76ശതമാനം വരും. അവരില്‍ത്തന്നെ 21-30 പ്രായപരിധിയിലുളളവര്‍ മുപ്പത്തി രണ്ടു ശതമാനവും ഇതുപത്തിയെന്നു വയസ്സില്‍ താഴെയുളളവര്‍ എട്ടു ശതമാനവുമുണ്ട്. നാല്പത് വയസ്സിനു മുകളിലുളള 24ശതമാനം പേരുണ്ട് അവരില്‍ 7 ശതമാനം അമ്പതു കഴിഞ്ഞവരാണ്. 93 % പേരും അമ്പതില്‍ താഴേ പ്രായമുളളവരാണ്. അതായത് കേരളപ്പിറവിക്കു ശേഷം ജനിച്ചവര്‍.ആയിരത്തിത്തൊളളായിരത്തി എഴുപതുകള്‍ മുതല്‍ ജനിച്ചവരാണ് നാല്പത് വയസ്സില്‍ താഴെയുളള 76ശതമാനത്തില്‍ പെടുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വ്യാപനഘട്ടത്തിലും വിദ്യാഭ്യാസത്തില്‍ നിന്നും പുറന്തളളപ്പെടുന്നവരുണ്ട് എന്നാണിതു സൂചിപ്പിക്കുന്നത്.
    ഇനിയുളള ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുകിട്ടിയ വാദ്യാഭ്യാസ അവസരം പ്രയോജനപ്പെടുത്താന്‍ അമ്പതു വയസ്സു കഴി‍ഞ്ഞവരുള്‍പ്പടെ മുന്നോട്ടു വന്നു എന്നതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
    വിദ്യാഭ്യാസയോഗ്യത
    പത്താം ക്ലാസ് തുല്യതാപരിപാടിയില്‍ ചേര്‍ന്നവരില്‍ എട്ടു ശതമാനം പേര്‍ ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുളളവരാണ്. അതായത് ഏഴാം ക്ലാസ് തുല്യതാ പരിപാടിയില്‍ പങ്കെടുത്തു വിജയിച്ചവരേക്കാള്‍ പലകാരണങ്ങളാല്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ വെച്ചു പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ് പത്താം ക്ലാസ് തുല്യതാപരിപാടിയുടെ ഗുണഭോക്താക്കളില്‍ 92% പേരും. ആകെയുളളവരില്‍ 17% പേര്‍ ഒമ്പതാം ക്ലാസില്‍ വെച്ചു പഠനം നിറുത്തിയവരാണ്. 33% പേര്‍ എട്ടാം ക്ലാസ് വരെ പഠിച്ചു. അതായത് തുല്യതാ പഠിതാക്കളില്‍ 50%പത്താം ക്ലാസിലെത്താതെ പഠനം നിറുത്തിയവരാണ്. പത്താംക്ലാസ് വരെ പഠിച്ചവര്‍ 52 % ഉണ്ട്.

    കേരളത്തില്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊഴിഞ്ഞുപോക്ക് ഉണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്. പഠിതാക്കളുടെ പ്രായം പരിഗണിച്ചാല്‍ കുറെയേറെ വര്‍ഷമായി കൊഴിഞ്ഞു പോക്കിന്റെ പ്രവണത തുടരുന്നതായി മനസിലാക്കാം. കൊഴിഞ്ഞു പോക്കിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ തുല്യതാപരിപാടി ഒരു കാലത്തും അവസാനിപ്പിക്കാനാകാത്ത ഒന്നായി മാറും. ഇതു പൊതു വിദ്യാഭ്യാസത്തിന്റെ ശോഭ കെടുത്തും. പഠനം ഇടയ്ക്കു വെച്ചു നിറുത്തുവാനുളള കാരണങ്ങള്‍ ആരാഞ്ഞപ്പോള്‍ കിട്ടിയ വിവരങ്ങള്‍ പരിശോധിക്കാം.
    എന്തു കൊണ്ടാണ് പഠനം നിറുത്തിയത്?
    പഠനം ഇടയ്കു വെച്ചുപേക്ഷിക്കപ്പെടാനുളള ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാനിടയുളളതിനാല്‍ അവയെല്ലാം ശേഖരിക്കുന്നതിനു ശ്രമിക്കുകയുണ്ടായി. തുല്യാതാപഠിതാക്കള്‍ വ്യക്തമാക്കിയ കാരണങ്ങള്‍ ചുവടെ നല്‍കുന്നു.
    ക്രമനമ്പര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാഞ്ഞതിന്റെ കാരണം
    %
    1
    തോറ്റു പോയതിനാല്‍
    52
    2
    വീട്ടിലെ സാമ്പത്തിക പ്രയാസം
    42
    3
    ചില വിഷയങ്ങള്‍ പ്രയാസമായതിനാല്‍
    33
    4
    പഠിക്കാന്‍ താല്പര്യം തോന്നിയില്ല
    24
    5
    ജോലിക്കു പോകേണ്ടി വന്നതിനാല്‍
    22
    6
    പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല
    22
    7
    കുടുംബ പ്രശ്നങ്ങള്‍
    20
    8
    സ്കൂളിലേക്കുളള ദൂരക്കൂടുതല്‍
    16
    9
    ആരോഗ്യപരമായ കാരണങ്ങള്‍
    15
    10
    കൂട്ടുകാര്‍ കളിയാക്കുന്നതിനാല്‍
    2
    11
    അധ്യാപകരുടെ പെരുമാറ്റം
    0
    12
    മറ്റു കാരണങ്ങള്‍
    3

    അമ്പത്തിരണ്ട് ശതമാനം പേര്‍ തോല്‍വി കാരണമാണ് പഠനം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നത് എന്നു സൂചിപ്പിച്ചു. പഠനത്തില്‍ പിന്നാക്കമായിപോകുന്നവരെ പ്രത്യേകം പരിഗണിച്ചുളള ബോധനരീതിയുടെ അഭാവം, തോല്‍വിയെ വ്യക്തഗതപ്രശ്നമായി മാത്രം കാണുന്ന രീതി, ആത്മവിശ്വാസവും പിന്തുണയും വേണ്ടപ്പോള്‍ നല്‍കാത്തത് തുടങ്ങിയ ഘടകങ്ങള്‍ തോല്‍വിയിലേക്കു നയിച്ചിട്ടുണ്ടാകാം. 33 ശതമാനം പേര്‍ 'ചില വിഷയങ്ങള്‍ പഠിക്കാന്‍ പ്രയാസമായിരുന്നുവെന്നു' വ്യക്തമാക്കിയിട്ടുണ്ട്. പാഠ്യപദ്ധതിയും ബോധനരീതിയും ഇവിടെ പ്രതിക്കൂട്ടിലാകുന്നു. അഭിരുചിക്കിണങ്ങുന്ന വിദ്യാഭ്യാസം സാധ്യാമാക്കാത്തിടത്തോളം ഇത്തരം പ്രവണതകള്‍ തുടരാം.

    വീട്ടിലെ സാമ്പത്തിക പ്രയാസം കാരണം പഠനം നിറുത്തേണ്ടി വന്നവരാണ് 42 ശതമാനം. ജോലിക്കു പോകേണ്ടി വന്നത് കാരണമായി സൂചിപ്പിച്ച ഇരുപത്തിരണ്ടു ശതമാനമുണ്ട് .പഠിക്കേണ്ട കാലത്ത് പണിക്കു പോകേണ്ടി വരുന്ന ദയനീയമായ സ്ഥിതി കേരളത്തില്‍ നിലവിലുണ്ട് .ഇതു വേണ്ടത്ര പ്രാധാന്യത്തോടെ പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നില്ല . ദരിദ്രജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയെകുറിച്ചു സമൂഹം കൂടുതല്‍ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്.

    കുടുംബപ്രശ്നം, ദൂരം എന്നിവയടക്കം പഠനം നിറുത്തുവാനുളള മറ്റു കാരണങ്ങളും പ്രസക്തമാണ്. വിദ്യാലയത്തിനെ മാത്രം കേന്ദ്രീകരിച്ചുളള ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നാണിതു സൂചിപ്പിക്കുന്നത്. നിര്‍ദ്ദിഷ്ട പ്രായത്തിലുളള എല്ലാവരും ഗുണതയോടെ പഠനം പൂര്‍ത്തിക്കുന്നുണ്ടെന്നുറപ്പാക്കല്‍ പ്രാദേശിക സമൂഹത്തിന്റെ അജണ്ടയാകണം. അതിനുളള സാമൂഹിക മോണിറ്ററിംഗ് സംവിധാനം വികസിപ്പിക്കേണ്ടതാണ്.പഞ്ചായത്ത് വിദ്യാഭ്യാസ സമതികളുടെ പ്രവര്‍ത്തനരീതി പുനര്‍നിര്‍ണയിക്കപ്പെടുകയും വേണം.
    രക്ഷിതാക്കളുടെ വിദ്യാഭ്യാസ യോഗ്യത
    തുല്യതാപഠിതാക്കളുടെ രക്ഷിതാക്കള്‍ എത്രത്തോളം വിദ്യാഭ്യാസം ചെയ്തവരാണ്?. മുപ്പത്തഞ്ച് ശതമാനം പഠിതാക്കളുടെ രക്ഷിതാക്കള്‍ മാത്രമാണ് സെക്കണ്ടറി വിദ്യാഭ്യാസയോഗ്യത നെടിയത്.ഹയര്‍സെക്കണ്ടറി തലത്തിലെത്തിയവര്‍ കേവലം മൂന്നു ശതമാനം മാത്രം. അമ്മമാരില്‍ പന്ത്രണ്ട് ശതമാനം നിരക്ഷരരും ഇരുപത്തിയാറ് ശതമാനം ലോവര്‍ പ്രൈമറിവിദ്യാഭ്യാസമുളളവരുമാണ്.പഠിതാക്കളുടെ അച്ഛന്മാരുടെ കാര്യം പരിഗണിച്ചാല്‍ നിരക്ഷരരും ലോവര്‍ പ്രൈമറി വിദ്യാഭ്യാസമുളളവരുമാണ് യഥാക്രമം 7, 21 ശതമാനം പേര്‍. മാതാപിതാക്കളുടെ താഴ്നവിദ്യാഭ്യാസനിലവാരം മക്കളുടെ പഠനത്തെ സ്വാധീനിച്ചിട്ടുണ്ടാകണം. ഇതു വീട്ടില്‍ നിന്നും ലഭിക്കേണ്ട പ്രചോദനത്തിന്റെ തോത് കുറയുന്നതിനിടയാക്കിയിട്ടുണ്ട് എന്നനുമാനിക്കാവുന്നതാണ്. 22 ശതമാനം പഠിതാക്കള്‍ പഠനം നിറുത്തുവാനുളള കാരണങ്ങളിലൊന്നായി 'വീട്ടില്‍ പ്രോത്സാഹിപ്പിക്കുവാനാരുമില്ലായിരുന്നു'വെന്ന് ചുണ്ടിക്കാട്ടിയത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. തുല്യത പോലുളള പ്രപാടികള്‍ ഫലപ്രദമായി നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാലയത്തില്‍ നിന്നും കൊഴിഞ്ഞു പോയവരുടെ മക്കളും ഭാവിയില്‍ വീടുകളില്‍ നിന്നും പിന്തുണയും പ്രചോദനവും കിട്ടാത്തതുമൂലമുളള പ്രശ്നങ്ങള്‍ അനുഭവിക്കാനിടയുമുണ്ട്.
    എന്തുകൊണ്ടു തുല്യതാപഠനത്തിനെത്തി?
    പത്താം ക്ലാസ് തുല്യതയ്ക്കു ചേരുന്നതിനു കാരണങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
    ക്രമനമ്പര്‍
    കാരണങ്ങള്‍
    %
    1
    തൊഴില്‍പരം
    50
    2
    ഉദ്യോഗകക്കയറ്റം
    8
    3
    ഉപരിപഠനം
    7
    4
    പത്താംക്ലാസ് ജയിക്കണമെന്ന മോഹം
    3
    5
    കാരണം വ്യക്തമാക്കാത്തവര്‍
    32
    കൂടുതല്‍ പഠിക്കണമെന്നു ആഗ്രഹം മൂലം എത്തിയവര്‍ ഏഴു ശതമാനം മാത്രമാണ്. മൂന്നു ശതമാനം പേര്‍ക്കു പത്താം ക്ലാസ് ജയിക്കുകയെന്ന അതിയായ മോഹമാണ് പ്രചോദകഘടകം.ഫലത്തില്‍ അമ്പത്തിയെട്ടു ശതമാനം തൊഴില്‍പരമായ കാരണങ്ങളാലാണ് തുല്യതാപഠനത്തിനെത്തിയത്. പഠിതാക്കളുടെ തൊഴില്‍ നില സംബന്ധിച്ച വിവരങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തെളിച്ചം നല്‍കും.
    തൊഴില്‍
    ഏതെങ്കിലും തൊഴിലുളളവരാണ് 70% പേരും. പഠിതാക്കളുടെ തൊഴില്‍ സംന്ധിച്ച വിശദാംശങ്ങള്‍ നോക്കാം. അങ്കണവാടി ഹെല്പര്‍ ( 33.7% ) ,ഡ്രൈവര്‍ ( 13.3 %) ,പ്യൂണ്‍ (4.8% ), തയ്യല്‍ (4.8% ), ഹോട്ടല്‍ വേല ( 3.6% ) കെട്ടിടനിര്‍മാണത്തൊഴില്‍ ( 2.4%), കൃഷി ( 8.4% ) മറ്റ് അസംഘടിത തൊഴിലുകളായ മരപ്പണി, വാഹനത്തൊഴില്‍, പാചകത്തൊഴില്‍, വീട്ടുവേല, കൂലിപ്പണി എന്നിവയിലേര്‍പ്പെട്ടിരിക്കുന്നവര്‍ 29% വും വരും. ഇവരുടെ തൊഴിലുകള്‍ പരിശോധിച്ചാല്‍ മിക്കതും താഴ്ന്നവരുമാനം ലഭിക്കുന്നതും സ്ഥിരതയില്ലാത്തവയുമാണ്. വിദ്യാഭ്യാസ യോഗ്യത തൊഴിലിനെയും വരുമാനത്തെയും സാമൂഹിക പദവിയെയും വലിയതോതില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് തുല്യതാവിദ്യാഭ്യാസപരിപാടിയില്‍ ചേരുന്നതിനു കാരണമായിട്ടുണ്ട്.കൂടുതല്‍ വരുമാനമുളള തൊഴില്‍ ലക്ഷ്യമിട്ടാണ് തുല്യതാപഠനത്തിനെത്തയതെന്ന അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ വിവരങ്ങള്‍. തൊഴില്‍രഹിതരായ മുപ്പതുശതമാനം പേര്‍ തുല്യതാപഠിതാക്കളായുണ്ട്.
    തുല്യതപഠനത്തെക്കുറിച്ചുളള വിലയിരുത്തല്‍
    തുല്യത ക്ലാസിലെ പഠനം തൃപ്തികരമാണെന്നു നൂറുശതമാനം പേരും അഭിപ്രായപ്പെട്ടു. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹായവും നല്‍കുന്നവെന്നും മനസ്സിലാകുന്ന രീതിയില്‍ പഠിപ്പിക്കുന്നുവെന്നുംഎല്ലാ കേന്ദ്രങ്ങളിലെയും പഠിതാക്കള്‍ അഭിപ്രായപ്പെട്ടു. അധ്യാപകരുടെ പോരുമാറ്റവും അവരില്‍ മതിപ്പുളവാക്കിയിട്ടുണ്ട്.
    പഠനവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രധാന പ്രയാസങ്ങളിലൊന്നായി ചൂണ്ടിക്കാട്ടിയത് പഠനകേന്ദ്രത്തിലേക്കുളള ദൂരക്കൂടുതലാണ്. രാവിലെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം തയ്യാറാക്കി വരുന്നതിനു പ്രയാസമുണ്ട്.ജോലി,മതപരമായ ചടങ്ങുകള്‍ എന്നിവ കാരണം എല്ലാ ക്ലാസുകളിലും മുടങ്ങാതെ പങ്കെടുക്കാന്‍ പറ്റാത്തതെ വരുന്നതും പഠനത്തില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
    തുല്യതാപരിപാടി മെച്ചപ്പെടുത്തുന്നതിനായി സൗജന്യ ഉച്ചഭക്ഷണ പരിപാടി തുല്യതാക്ലാസുകള്‍ക്കും ബാധകമാക്കുക, ദൂരം പരിഗണിച്ച് കേന്ദ്രങ്ങള്‍ പുനക്രമീകരിക്കുക എന്നിവയാണ് പഠിതാക്കള്‍മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ .
    കണ്ടെത്തലുകള്‍
    1. ഹൈസ്കൂള്‍ ക്ലാസുകളില്‍ നിന്നും കൊഴിഞ്ഞു പോയവരാണ് ബഹുഭൂരിപക്ഷം തുല്യതാപഠിതാക്കളും.
    2. തോല്‍വികാരണം പഠനം നിറുത്തിയവര്‍ അമ്പത്തിരണ്ടു ശതമാനംപേരുണ്ട്. ചിലവിഷയങ്ങള്‍ പ്രയാസമായതും പഠിക്കാന്‍ താല്പര്യം തോന്നാത്തതും കാരണം പഠനം ഉപേക്ഷിച്ചവരുമുണ്ട്. അതായത് സെക്കണ്ടറി തലത്തിലെ പാഠ്യപദ്ധതി , ബോധനരീതി എന്നിവ കൊഴിഞ്ഞു പോക്കിനു കാരണമായിട്ടുണ്ട്.
    3. ശിശുകേന്ദ്രിത ബോധനരീതി ഓരോ കുട്ടിയുടെയും ആവശ്യത്തെ പരിഗണിക്കുന്നതും കുട്ടിയുടെ പ്രശ്നങ്ങള്‍ കണ്ടെത്തി യഥാസമയം അനുയോജ്യമായ സഹായവും പ്രോത്സാഹനവും നല്കുന്നതുമാണെങ്കിലും സെക്കണ്ടറി തലത്തിലെ ഒരു വിഭാഗം കുട്ടികള്‍ക്ക് അത്തരം പിന്തുണ ലഭിക്കാത്തത് ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നു,.
    4. പഠിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കൊഴിഞ്ഞു പോക്കിലേക്കു നയിച്ചിട്ടുണ്ട്. കുടുംബത്തിലെ സാമ്പത്തിക പ്രയാസം, ജോലിക്കു പോകേണ്ടി വന്നത് എന്നിവ പഠനം നിറുത്തുവാനുളള കാരണമായി നല്ലൊരു ശതമാനം പേര്‍ ചൂണ്ടിക്കാട്ടി.
    5. പ്രോത്സാഹനം കിട്ടാത്തത് ,കുടുംബപ്രശ്നങ്ങള്‍ , വിദ്യാലയത്തിലേക്കുളള ദൂരക്കൂടുതല്‍ എന്നിവയും കൊഴിഞ്ഞു പോക്കലേക്കു നയിച്ചിട്ടുണ്ട്.
    6. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന ആവശ്യബോധമാണ് ഇപ്പോള്‍ തുല്യതാപരിപായില്‍ ചേരുന്നതിനു പ്രേരിപ്പിച്ചത്.
    7. അധ്യാപകര്‍ നല്ല പ്രോത്സാഹനവും സഹയാവും നല്‍കുന്നതിനാല്‍ തുല്യതാപഠനം തൃപ്തി നല്‍കുന്നു.
    നിര്‍ദ്ദേശങ്ങള്‍
    1. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ദൗര്‍ബല്യങ്ങള്‍ കാരണം കൊഴിഞ്ഞുപോയവരെ തുല്യതാപരിപിടിയിലൂടെ പഠിപ്പിക്കുക എന്നതിനു പകരം എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പാക്കുന്ന വിധം സെക്കണ്ടറി വിദ്യാഭ്യാസം കൂടുതല്‍ കാരക്ഷമമാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.
    2. പാഠ്യപദ്ധതി പുനരാലോചനയ്കു വിധേയമാക്കണം.എല്ലാവര്‍ക്കും ഒരേ തരം പാഠ്യപദ്ധതി നിര്‍ബന്ധിക്കേണ്ടതുണ്ടതില്ല സാമാന്യ നിലവാരം ( ഒ ലവല്‍ ), സവിശേഷ നിലവാരം (എ ലവല്‍) പാഠ്യപദ്ധിതികളെക്കുറിച്ചുളള ആലോചനകള്‍ പ്രാവര്‍ത്തികമാക്കുന്നതിനു നടപടി സ്വീകരിക്കണം. ഇതു വഴി ചില വിഷയങ്ങളില്‍ പ്രയാസമുളളതു കാരണം പഠനം ഉപേക്ഷിക്കുന്ന അവസ്ഥയ്ക്കു പരിഹാരം കാണുവാനും താല്പര്യമുളള വിഷയത്തില്‍ ഉയര്‍ന്ന പഠനത്തിനു വഴിയൊരുക്കുന്നതിനും കഴിയും.
    3. ബോധനരീതിയില്‍ വ്യക്തിഗത പരിഗണനയുണ്ടാകണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി വഴങ്ങും വിധം collaborative learning groups രൂപീകരിക്കണം. പഠനപ്രക്രിയയുടെ ഓരോ ഘട്ടത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്‍കുന്ന രീതി പ്രാവര്‍ത്തികമാക്കണം..
    4. വിദ്യാഭ്യാസ അവകാശനിയമം എട്ടാം ക്ലാസ് വരെയുളള കുട്ടികളെയാണ് അതിന്റെ പരിധിയില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം അവകാശമായി പ്രഖ്യാപിക്കണം.
    5. കുട്ടികളുടെ സാമൂഹിക സാമ്പത്തിക കുടുംബ പ്രശ്നങ്ങള്‍ മനസ്സിലാക്കി പ്രദേശികമായ പിന്തുണാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും ഓരോ വിദ്യാര്‍ഥിയുടെയും പഠനത്തെ ട്രാക്ക് ചെയ്യുന്നതിനു സംവിധാനമൊരുക്കുന്നതിനും പഞ്ചായത്തുകളെ ചുമതലപ്പെടുത്തണം. ഇപ്പോള്‍ ഹൈസ്കൂള്‍ വിദ്യാലയങ്ങളുടെ ചുമതല ജില്ലാ പഞ്ചായത്തിനാണ്. കുട്ടികളുടെ പഠനം ഇടമുറിയാതെ നടക്കുന്നവെന്നു മോണിറ്റര്‍ ചെയ്യുന്നതിനുളള ചുമതല ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കാവുന്നതാണ്.
    6. ഒരു കുട്ടി പഠനം ഉപേക്ഷിക്കുന്നത് വലിയൊരു സാമൂഹിക ,അക്കാദമിക പ്രശ്നമായി കാണുന്നതിനു പകരം ആ കുട്ടിയുടെ വ്യക്തിപരമായ പ്രശ്നമായി കാണുന്ന സമീപനം മാറണം. ഔദ്യോഗിക സംവിധാനം പഠനപ്രയാസങ്ങളനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. അധികകോച്ചിംഗ് എന്ന ഒറ്റമൂലി മാത്രം പ്രയോഗിക്കുകയല്ല വേണ്ടത്.
    7. കുട്ടികള്‍ പരാജയപ്പെടുന്നതിനുളള കാരണം വിദ്യാലയത്തിലും അധ്യാപകരിലും മാത്രമല്ല .കരിക്കുലം നിര്‍മാതാക്കളടക്കമുളളവര്‍ ഇതിനു കാരണക്കാരാണ്. ഇത്തരം സമിതികള്‍ക്ക് ഗവേഷണസംസ്കാരം ഉണ്ടാകണം.
    8. പൊതുവിദ്യാഭ്യാസത്തിനറെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുക, സമൂഹത്തിന്റെ പഠനോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നതിനു സഹായകമായ പ്രദേശിക പഠനക്കൂട്ടായ്മകള്‍ വളര്‍ത്തിക്കൊണ്ടു വരിക, വിദ്യാഭ്യാസം അവകാശമാണെന്ന നിലപാട് സമൂഹബോധത്തില്‍ ശക്തമാക്കുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താലേ മിക്കച്ച സാംസ്കാരിക വിദ്യാഭ്യാസ അവബോധമുളള കേരളം രൂപപ്പെടൂ.
    T.P.Kaladharan