WORK SHOP ON STORY BASED PEDAGOGY
8.11.25
IRA, THALAKKASSERY
THRIYHALA, PALAKKAD
CONDUCTED BY READEA Kids Lit
ഇംഗ്ലീഷ് ബാലസാഹിത്യകൃതികള്‍ സര്‍ഗാത്മക സൃഷ്ടികളാണ്. അക്കാദമിക സൃഷ്ടികള്‍ കൂടിയാകണം എന്ന ലക്ഷ്യത്തോടെയാണ് റീഡിയ ബുക്സ് എട്ട് WONDER BOOKS പ്രകാശിപ്പിക്കുവാന്‍ തീരുമാനിച്ചത്. അതിനാല്‍ത്തന്നെ പുസ്തക പ്രകാശനം ശില്പശാലാരീതിയിലാണ് സംഘടിപ്പിച്ചത്. പുസ്തകപ്രകാശനപ്രംസഗങ്ങളില്ല. ആശംസംകളില്ല. STORY BASED PEDAGOGYയുടെ സാധ്യതകള്‍ ആശയരൂപീകരണവും ട്രൈ ഔട്ടും മാത്രം. അതിനായി റീഡിയയുടെ എട്ട് പുസ്തകങ്ങള്‍ പ്രയോജനപ്പെടുത്തി. അതായിരുന്നു പ്രകാശനം. ഗവേഷണാത്മക ക്ലാസ് മുറിയിൽ സ്റ്റോറി ബെയ്സ്ഡ് പെഡഗോജിയുടെ സാധ്യതകൾ ചെയ്തു നോക്കി മെച്ചപ്പെടുത്തി ഫലപ്രദമായത് നിർമ്മിക്കാനുള്ള പ്രവർത്തനത്തിനാണ് ഇറ ശില്പശാലയിൽ പങ്കെടുത്ത ഒരു കൂട്ടം സർഗ്ഗാത്മക അധ്യാപകർ തുടക്കമിട്ടിരിക്കുന്നത്. തുടര്‍ ശില്പശാലകള്‍ ഉണ്ടാകും.
STORY BASED PEDAGOGY പ്രധാന ആശയങ്ങള്‍- കഥ പഠിപ്പിക്കാനുള്ളതല്ല. അനുഭവിക്കാനുള്ളതാണ്. കഥാനുഭവത്തിനാണ് ഊന്നല്‍.
- ചിത്രകഥകളാണ് STORY BASED PEDAGOGYയില്‍ ഭാഷാസാധ്യത കൂടുതല്‍ തുറന്നിടുന്നത്.
- വരിയും വരകളും വായിക്കേണ്ടവയാണ്.
- അങ്ങനെ വായിക്കണമെങ്കില്‍ ചിത്രങ്ങളും ഭാഷയാണെന്നും ആ ചിത്രങ്ങള്‍ക്ക് കഥ പറയാനുണ്ടെന്നും തിരിച്ചറിയണം. എഴുത്തുകാരും ചിത്രകാരും തമ്മിലുള്ള ധാരണ പ്രധാനം. വരിയിലുള്ള അതേ ആശയം വരച്ച് വെക്കുന്ന ചിത്രകഥകള്‍ ദുര്‍ബലമാണ്.
- കഥ പറയുന്നതിലൂടെ ഭാഷ ഒളിച്ച് കടത്തണം. നേരിട്ട് അര്‍ഥവും ആശയവും ചോദിച്ച് വാക്കിലേക്കും ഉത്തരത്തിലേക്കും പോകുന്ന രീതി കഥ പഠിപ്പിക്കലാണ് . STORY BASED PEDAGOGY യിലേക്ക് വളരില്ല.
- കഥയുടെ ജീവന്‍ ജിജ്ഞാസയാണ് അത് നശിപ്പിക്കരുത്.
- ടീച്ചര്‍ എന്ന ആളുടെ സ്വയം ഇല്ലാതാകലും കഥപറയുന്ന ആളായി പ്രത്യക്ഷപ്പെടലും നിര്‍ണായകമാണ്
- കുട്ടികള്‍ പ്രവചനം നടത്തുമ്പോള്‍ ശരിയായ ഉത്തരം തന്നെ പ്രതീക്ഷിക്കരുത്.
- കുട്ടികള്‍ കഥയില്‍ മുഴുകണം. കഥപറയുന്നയാളും അനുഭവിക്കുന്ന ആളുകളും കഥയുടെ പുഴയില്‍ സ്നാനം നടത്തുകയാണ്. പുറമേയും അകമേയും കഥയുടെ പ്രവാഹം.
- അവതരണത്തില്‍ വൈകാരികത ശക്തമായിരിക്കണം. അത് അനുഭവപ്പെടണമെങ്കിലും കഥ പറയുന്ന ആള്‍ ആ കഥാസന്ദര്‍ഭത്തില്‍ ജീവിക്കുന്ന ആളായി മാറണം. ചിലപ്പോള്‍ കഥാപാത്രമായി താദാത്മ്യം പ്രാപിച്ചാകും കഥ പറയല്‍. കൂട് വിട്ട് കൂടുമാറുന്ന തന്ത്രം. ചിലപ്പോള്‍ ആ രംഗത്തിന്റെ സാക്ഷിയാണ്. കാഴ്ച അതുപോലെ ഒപ്പിയെടുക്കും. കേള്‍വിക്കാരുടെ മുഖത്ത് അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമാകും
- ചിത്രകഥാപുസ്തകങ്ങള്‍ അതുപോലെ വായിക്കുന്നത് ഭാഷ ഉല്പാദിപ്പിക്കുന്നില്ല. അതിനാല്‍ STORY BASED PEDAGOGYയില്‍ ചിത്രങ്ങളെയും എഴുത്തിനെയും ഭൂമികയാക്കി കഥ മെനയുകയാണ് ചെയ്യുക. ഈ പടുത്തുയര്‍ത്ത്ല്‍ നടക്കണമെങ്കില്‍ അവതരിപ്പിക്കുന്ന ആള്‍ കഥ സ്വാംശീകരിക്കണം. ചിത്രങ്ങള്‍ മനോയന്ത്രത്തില്‍ സ്കാന്‍ ചെയ്യണം. അവതരണസ്ക്രിപ്റ്റ് രൂപപ്പെടുത്തണം. എന്തൊക്കെ വിശദാംശങ്ങള്‍ അനുഭവിപ്പിച്ചാല്‍ ചിത്രകഥയില്‍ നിന്നും പരമാവധി ഭാഷോല്പാദനം നടത്താനാകുമെന്ന് ചിന്തിക്കണം. അതും അധികമായാല്‍ താല്പര്യത്തെ തടസ്സപ്പെടുത്തും.
- കഥാപാത്രത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും കഥയെ കാണാനാകണം.
- ഒരേ കഥ ഓരോ തവണ കഥ പറയുമ്പോഴും ഒരേ രീതിയിലല്ല എന്ന ധാരണ വേണം
- കഥാവതാരക ഒരു പേജിലെ വരയും വരിയും പ്രയോജനപ്പെടുത്തി പ്രസക്തമായ ഒത്തിരികാര്യങ്ങള്‍ പറയുന്ന രീതി കുട്ടികളെ സ്വാധീനിക്കും. ക്രമേണ അവരും ചിത്രകഥാപുസ്തകങ്ങളുടെ വിപുലീകൃത ഭാഷ്യം അവതരിപ്പിക്കണം. അവരുടെ ഭാഷോല്പാദനമാണ് അപ്പോള്‍ സംഭവിക്കുക.
- കഥ ആസ്വദിച്ചോ എന്നറിയാനായി എഴുതി പ്രകടിപ്പിക്കേണ്ടി വരുന്ന രീതിയാണ് പലരും സ്വീകരിക്കുക. വരയും അഭിനയവും പറച്ചിലും തുറന്നിടുന്ന സാധ്യതള്‍ പ്രയോജനപ്പെടുത്തണം.
- അച്ചടിച്ചു വക്കുന്ന വാക്യങ്ങള്‍ക്ക് പരിമിതിയുണ്ട്. പേപ്പറിലെ സ്ഥലലഭ്യത മാത്രമല്ല ഒത്തിരി കാര്യങ്ങളുടെ ഭാരം ദൃശ്യമാകുന്നത് കുട്ടിയെ വായനയില്‍ നിന്നും അകറ്റും. അതറിയാവുന്ന എഴുത്തുകാര്‍ പരമാവധി കുറുക്കി കാര്യങ്ങള്‍ പറയും. കുട്ടിയുടെ പക്ഷത്ത് നിന്ന് സുഗ്രാഹ്യാനുഭവം ഉണ്ടാകണമെങ്കില്‍ കൂടുതല്‍ ലാളിത്യത്തോടെ സന്ദര്‍ഭവും സംഭവവും സംഭാഷണവുമെല്ലാം അവതരിപ്പിക്കണം. അത് ക്രമേണ ആര്‍ജിച്ചെടുക്കാവുന്ന നൈപുണിയാണ്.
- STORY BASED PEDAGOGY യില്‍ കോഡ് സ്വിച്ചിംഗ് അനുവദനീയമാണ്. കോഡ് മിക്സിംഗ് പാടില്ല.
- ഇടയ്ക്കിടെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം വരുത്തലും വ്യവഹാരരൂപ നിര്‍മിതിയും ചിത്രകഥകളെ ആസ്വദമാക്കിയുള്ള STORY BASED PEDAGOGY യില്‍ വേണ്ടതില്ല.
- എല്ലാവര്‍ക്കും കഥാപുസ്തകത്തിലെ ചിത്രങ്ങള്‍ ശരിയായി കാണാനാകണം. കുട്ടികള്‍ കൂടുതലുള്ള ക്ലാസുകളില്‍ എല്‍ സി ഡി പ്രൊജക്ടര്‍ വേണ്ടിവരും.
- STORY BASED PEDAGOGY യിലെ മറ്റൊരു ഇടപെടലാണ് പുതിയ കഥയെ ചിത്രകഥയാക്കല്‍. ഇവിടെ ചെറുബാലസാഹിത്യകൃതിയിലേക്ക് ആവശ്യമായ പത്തോ പ്ന്തണ്ടോ വാക്യങ്ങള്‍ നല്‍കും. അത് വായിച്ച് കുട്ടികള്‍ ഓരോ ഫ്രെയിമും ചിത്രീകരിക്കണം. അപ്പോഴും കഥാനുഭവത്തിന്റെ ഒരു ഘട്ടം തുടക്കത്തില്‍ വേണ്ടിവരും. അതാകട്ടെ നല്‍കുന്ന കഥയുടെ വാക്യം വാക്യമായുള്ള വായനയാകരുത്. ആശയതലം മാത്രമേ പരിഗണിക്കാവൂ. ( ഇറയില്‍ നടന്ന ശില്പശാലയില്‍ കുട്ടികള്‍ ഓരോ രംഗത്തിനും വ്യത്യസ്തമായ ചിത്രം വരച്ചതും കഥ തനിയെ വായിച്ച് ചിത്രീകരിച്ചതും രക്ഷിതാക്കളെ അതിശയിപ്പിച്ചു.)
ഇറയില്‍ നടന്ന ശില്പശാലയില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങള്‍
ഇംഗ്ലീഷിൻ്റെ കാര്യത്തിൽ ഇതുവരെ പോയതല്ല ശരിയായ വഴി |
ഇന്നലെ *ഇറ* യിൽ വെച്ച് നടന്ന work Shop തികച്ചും വ്യത്യസ്തമായ
ഒന്നായിരുന്നു. പങ്കെടുക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും എങ്ങനെ എത്തിപ്പെടുമെന്നുള്ള സംശയം കൊണ്ട് ആദ്യം Register ചെയ്യാതെയിരുന്നു എന്നാൽ സുഹൃത്തായ മറ്റൊരു ടീച്ചർ ഉണ്ടാകുമെന്നുള്ള ഉറപ്പിലാണ് Register ചെയ്തത്
English ലുള്ള പുസ്തകങ്ങളുടെ പ്രകാശനം അതുമായി ബന്ധപ്പെട്ട ഒരു class ഉം പ്രതീക്ഷിച്ചാണ് വന്നത്. എന്നാൽ ആ പുസ്തകങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മടുപ്പില്ലാതെ എങ്ങനെ കടക്കാമെന്ന് വ്യക്തമായി.
സുരേഷ് സാറിൻ്റെയും സന്തോഷ് സാറിൻ്റെയും class കൾ വളരെ Special ആയിരുന്നു.
കുട്ടികളിൽ കഥകൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് കഥ പറയേണ്ട രീതിയിൽ പറഞ്ഞാൽ മാത്രമേ അത് സാധിക്കൂ .
കഥ പറയാനും പഠിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ classകൾ .
ഇംഗ്ലീഷിൻ്റെ കാര്യത്തിൽ ഇതുവരെ പോയതല്ല ശരിയായ വഴിയെന്ന് ഇപ്പോഴെനിക്ക് ബോധ്യമുണ്ട്.
ധാരാളം മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു ഇത്തരത്തിൽ ചിന്തിക്കാൻ എനിക്ക് തോന്നിയത് ഇന്നലെ നടന്ന Work Shop ൽ പങ്കെടുത്തതുകൊണ്ടാണ്.
ഇനിയും ഇത്തരം Classകൾ ഒരുക്കാനും പങ്കെടുക്കാനും കഴിയട്ടെ എന്നു മാത്രം വിശ്വസിച്ചു കൊണ്ട്
സുബിത
GLPS തച്ചണ്ണ, മലപ്പുറം
Nb: സുരേഷ് സാറിൻ്റെ class ൽ ഇരുന്ന് മതിയായില്ല
ഇംഗ്ലീഷ് കഥാപുസ്തകങ്ങൾ ഞാൻ വിചാരിച്ചപോലെ അല്ല കുട്ടികൾക്ക് വേണ്ടി പ്രെസെന്റ് ചെയ്യേണ്ടത് |
വർക്ക് ഷോപ്പിൽ ഞാനും പങ്കെടുത്തു... സന്തോഷം…
വളരെ പ്രായോജനപ്രദം ആയിരുന്നു
കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കാൻ പറ്റിയ പുസ്തകങ്ങൾ ആയിരുന്നു വാ വാവേ വായിക്കാം കുഞ്ഞാവ പുസ്തകങ്ങൾ അത് ഞാൻ എന്റെ കഴിഞ്ഞ വർഷത്തെ കുട്ടികൾക്കും ഈ വർഷത്തെ കുട്ടികൾക്കും ഓരോ സെറ്റ് സ്വന്തമാക്കി അമ്മാവായനയും കുട്ടി വായനയും നടക്കുന്നു.... വളരെ അധികം സന്തോഷം..
ഇംഗ്ലീഷിലും ഇതുപോലെ ബുക്ക് ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ അതും ഓർഡർ ചെയ്തു അത് കിട്ടുമ്പോൾ വായിക്കാൻ സഹായിച്ചാൽ പോരേ ന്ന് ചിന്തിച്ചു കാരണം പട്ടാമ്പിയിൽ എത്താൻ ഒരുപാട് ദൂരം പോവണം 6 മണിക്ക് പുറപ്പെട്ട ഞങ്ങൾ എത്തിയത് 10-30നാണ്.
പോയത് വളരെ നന്നായി ഇംഗ്ലീഷ് കഥാപുസ്തകങ്ങൾ ഞാൻ വിചാരിച്ചപോലെ അല്ല കുട്ടികൾക്ക് വേണ്ടി പ്രെസെന്റ് ചെയ്യേണ്ടത് എന്ന് മനസ്സിലായി..
കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാവികസനത്തിന് ഏത് തരത്തിലൊക്കെ നമുക്ക് ഇത്
ഉപയോഗിക്കാം എന്ന് മനസ്സിലായി എന്തൊക്കെ ചെയ്യണം എന്നും എന്തൊക്കെ ചെയ്യരുത് എന്നും കൃത്യമായ ക്ലാസുകൾ ലഭിച്ചുഇറയിൽ നടത്തിയ ഈ ക്ലാസ്സിൽ പോയില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ...
ഇനി അവിടെ ക്ലാസ്സിൽ നിന്നും ലഭിച്ചവ... എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് നേരനുഭവം നൽകണം എന്ന് ഞാൻ ഉറപ്പിച്ചു..
റീഡിയ ബുക്സ് ന് കട്ട വെയ്റ്റിംഗ് ആണ് ഞാനും എന്റെ മക്കളും.…
ഇന്നലത്തെ ഫുൾ ഭക്ഷണം അടിപൊളി ആയിരുന്നു. ഇറ അടിപൊളി സ്ഥലം ശരിക്കും ഒരു ടൂർ പോയ എഫക്ട് ആയിരുന്നു കിട്ടിയത്.
റീഡിയ ഗ്രൂപ്പിൽ അംഗമായതോടെ ഞാനും റീഡിയയുടെഭാഗമായി കാരണം റീഡിയ ബുക്കിന്റെ വോയിസ് പരസ്യത്തിൽ ഞാനും അംഗമായി എന്റെ വോയിസ് വളരെ നന്നായിട്ടുണ്ട് എന്ന് team റീഡിയ അറിയിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി അഭിമാനവും.
മക്കൾക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണം അവരെ ഒരുപാട് ഉയങ്ങളിൽ എത്തിക്കാൻ അവസരം ഒരുക്കണം.. എന്നൊക്കെ വിചാരിക്കുന്ന ഡെഡിക്കേറ്റഡ് അധ്യാപകർ ഇതിന്റെ വരും വർക്ക് ഷോപ്പുകളിൽ പങ്കെടുത്തോളൂ ഒരിക്കലും നഷ്ടമാവില്ല എന്നത് ഞാൻ എന്റെ അനുഭവത്തിൽ നിന്നും അറിയിക്കുന്നു.
ഈ ക്ലാസ്സിന്റെ പിന്നണിപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു.. As a teacher ഒരുപാട് തിരിച്ചറിവ് എനിക്ക് ക്ലാസ്സിൽ നിന്നും ലഭിച്ചു ഒത്തിരി നന്ദി അറിയിക്കുന്നു.. ഒത്തിരി ഇഷ്ടത്തോടെ
ഉഷ ടി
CVNMAMLPS WEST CHATHALLUR, AREEKODE SUB , MALAPPURAM
ഇനിയുമിനിയും മെച്ചപ്പെട്ടുകൊണ്ട് പുതുമകളോടെ മുന്നേറൂ എന്ന് പറയാതെ പറയുന്ന ക്ലാസ്സുകൾ |
പഴമകളുടെ നിറവുള്ള പുതിയൊരിടത്തിൽ വെച്ചു നടത്തിയ പുതു പഠനം. യാതൊരു നിബന്ധനകളുമില്ലാതെ സൗഹൃദപ്പുഞ്ചിരികൾ മാത്രമുള്ള വേദിയും സദസ്സും. ഒരാളെപ്പോലും നേരിൽ പരിചയമില്ലാതിരുന്നിട്ടു കൂടി, ഇതുവരെ കാണാത്ത പുതിയ സ്ഥലത്ത് എതിരേൽക്കാൻ കാത്തു നിന്ന്സൈജ ടീച്ചറും പ്രസന്നടീച്ചറും ബാക്കി എല്ലാവരും.
ഇനിയുമിനിയും മെച്ചപ്പെട്ടുകൊണ്ട് പുതുമകളോടെ മുന്നേറൂ എന്ന് പറയാതെ പറയുന്ന ക്ലാസ്സുകൾ, വ്യത്യസ്തമായ കഥ പറച്ചിലുകൾ.
കഥയിലെ ഗുണപാഠവിരസതയും കുട്ടികളുടെ പച്ചയാനവരയുടെ കൗതുകവും ഒരു പാടിഷ്ടമായി. ഇതൊന്നും കൂടാതെ ഒരു പാട് തൊട്ടാവാടിക്കൂട്ടത്തെയും കൈതച്ചെടികളെയും തോട്ടിറമ്പിലെ വയലിനെയും കാണാൻ കഴിഞ്ഞ കണ്ണിന്റെ സന്തോഷം,
വരാനും പങ്കെടുക്കാനും കഴിഞ്ഞതിൽ ഒരു പാട് സ്നേഹം❤️ സന്തോഷം🥰 !
സജിനി. വി.ആർ
എം വി എം എൽ പി എസ് നെടുമ്പുര, ചെറുതുരുത്തി, തൃശ്ശൂർ.
ഒരു ക്ലസ്റ്റർനെക്കാളും ആത്മവിശ്വാസം തരുന്ന തരത്തിലായിരുന്നു ഈ ശില്പശാല |
8/11/2025 ശനിയാഴ്ച തലക്കശ്ശേരി ഇറയിൽ വച്ച് നടന്ന അധ്യാപകശില്പശാലയിലും പുസ്തകപ്രകാശന ചടങ്ങിലും പങ്കെടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. കാരണം ഒന്നഴക് ഗ്രൂപ്പിലൂടെ പരിചയമുള്ള കലാധരൻ മാഷും മറ്റു പ്രഗത്ഭരായ അധ്യാപകരെയും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി വളരെ വത്യസ്തതയാർന്ന പ്രോഗ്രാം ആയിരിക്കുമെന്ന്. കഴിഞ്ഞ വർഷത്തെ ഒന്നഴക് അനുഭവങ്ങൾ അധ്യാപകർ പങ്കുവെച്ചത് നല്ലൊരു അനുഭവമായി.
ക്ലാസ്സ് നയിച്ച സുരേഷ് സാറും സന്തോഷ് സാറും story based on pedagogy എന്ന വിഷയത്തിൽ ക്ലാസുകൾ വളരെ ചിന്തിപ്പിക്കുന്ന തരത്തിലായിരുന്നു. ന
മ്മൾ തിരിഞ്ഞുനോക്കുമ്പോൾ എങ്ങനെയായിരുന്നു english ഭാഷ പഠനം കൈകാര്യം ചെയ്തിരുന്നത് എന്ന് മനസിലാക്കികൊണ്ട് കുട്ടികൾ നേടിയിട്ടുള്ള ഇംഗ്ലീഷ് ഭാഷ ശേഷിക്ക് പുറത്ത് കഥയിലൂടെ കുട്ടികൾക്ക് കൂടുതൽ ഭാവനയിൽ എത്തിച്ചേരാം എന്ന് ഇന്നലെ നടന്ന ശില്പശാലയിലൂടെ മനസിലാക്കാൻ സാധിച്ചു.
ഒരു ക്ലസ്റ്റർനെക്കാളും ആത്മവിശ്വാസം തരുന്ന തരത്തിലായിരുന്നു ഈ ശില്പശാല .
ഒരു കഥയിലൂടെ ചിത്രരചന എങ്ങനെ മികവുറ്റത് ആക്കാമെന്നും കുട്ടികളുടെ പ്രവർത്തനത്തിലൂടെയും ഗോപു സാറിന്റെ ക്ലാസ്സിലൂടെയും വളരെയേറെ മനസ്സിലാക്കാൻ കഴിഞ്ഞു.
കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു കൊണ്ടുള്ള ഈ പ്രകാശന ചടങ്ങ് വേറിട്ടതായി.
കേരളത്തിന്റെ തെക്കെയറ്റത്തു പാറശാലയിൽ നിന്നും ഞാനും husband ഉം എത്തുന്നതിനിടക്ക് ചില ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇറയിൽ എത്തിയപ്പോൾ അതെല്ലാം മാറുന്ന അനുഭവമായിരുന്നു. മനസ്സ് കുളിർമയണിയിച്ച പ്രകൃതി രാമണീയമായ വയലേലയും പുൽപരപ്പും ഗോപു സാറിന്റെ സൃഷ്ടികളും പ്രഗത്ഭരായ അധ്യാപകരെയും കണ്ടപ്പോൾ വരാതിരുന്നെങ്കിലുള്ള നഷ്ടം വലുതായെനെ എന്ന് ചിന്തിച്ചു. ഈ ശില്പശാല സംഘടിപ്പിച്ച സംഘാടകർ രുചിയുള്ള ഭക്ഷണം വിളമ്പി ഞങ്ങളെ സംതൃപ്തരാക്കിയ സംഘടകർക്കും നന്ദി. തുടർന്നുള്ള ശില്പ ശാലകളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു.
Sherly po Parassala TVM
9496253419
ഇംഗ്ലീഷ് കഥകൾ ക്ലാസ്സ് റൂമിൽ അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് നന്നായി ക്ലാസെടുത്തു |
ശില്പശാലയും പുസ്തക പ്രകാശന ചടങ്ങും വ്യത്യസ്ത നിലവാരം പുലർത്തുന്ന
ഒന്നായിരുന്നു.
ഇംഗ്ലീഷിന് ഒരുപാട് പരിശീലനം കിട്ടാത്തതുകൊണ്ടാവാം സ്റ്റോറി based pedagogy എല്ലാർക്കും ഒരു confusion ആയിരുന്നു. അതെല്ലാം പരിഹരിക്കുന്ന രീതിയിലുള്ളതായിരുന്നു ഇന്നലത്തെ ക്ലാസുകൾ.
ഇംഗ്ലീഷ് കഥകൾ ക്ലാസ്സ് റൂമിൽ അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് സുരേഷ് സാറും സന്തോഷ് സാറും നന്നായി ക്ലാസെടുത്തു.
സുരേഷ് സാറിൻ്റെ തമാശ നിറഞ്ഞ ക്ലാസ്സ് മനോഹരമായ ഒരു സിനിമ കണ്ട പ്രതീതി ആയിരുന്നു. സാറിൻ്റെ ഓരോ കഥകളും മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്.
ഒരു കഥ പറയുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് വളരെ വിശദമായി സന്തോഷ് സാർ ക്ലാസെടുത്തു.
ചിത്രരചനയും കഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ചിത്രരചനയിൽ കുട്ടികളെ എങ്ങനെ മുന്നോട്ടു കൊണ്ടുവരാം എന്നതിനെക്കുറിച്ചും വളരെ വിശദമായി ഗോപുസർ ക്ലാസെടുത്തു.
entry activity എല്ലാവർക്കും ചെയ്യാൻ പറ്റുന്നതും രസകരവും ആയിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ മനോഹരമായി tryout ക്ലാസ്സ് നടത്തിയ അധ്യാപകരും ഏറേ പ്രശംസ അർഹിക്കുന്നു.
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് ഫുഡ്. സമയാസമയങ്ങളിൽ ചായ ഉഴുന്നു വട,പഴംപൊരി, ഊണ് ഇവയൊക്കെ തന്ന സംഘാടകർക്കും വളരെ നന്ദി. pinne ഒന്നഴകിൻ്റെ ക്യാപ്റ്റൻ ആയ, എല്ലാ കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചു വ്യക്തമായ നിർദേശങ്ങൾ നൽകി ഒന്നഴകിനെ മികച്ചതാക്കിയ കലാധരൻ മാഷും നിഷ്കളങ്കതയോടെ എപ്പോളും ചിരിച്ച മുഖത്തോടെ ആക്ടീവ് ആയി എല്ലാം ചെയ്യുന്ന saija ടീച്ചറും ഉള്ളപ്പോൾ ഈ പരിപാടി എത്ര മാത്രം വിജയകരമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തിരഞ്ഞെടുത്ത സ്ഥലം അതി ഗംഭീരമായിരുന്നു. പച്ച വിരിച്ച പാടങ്ങളും താമരക്കുളങ്ങളും ഏറുമാടവും നാലുകെട്ടും എല്ലാം ഒന്നിനൊന്ന് മിന്നുന്ന അനുഭവമായിരുന്നു. ഒന്നഴക് ടീം ഇത്തവണയും ഒന്നിനൊന്ന് മികവോടെ...
Remyamol O
Caups Mampad, Palakkad
ഇംഗ്ലീഷ് വർക് ഷോപ്പ് അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും തികച്ചും വേറിട്ടൊരനുഭവx |
ഒഴിവു ദിനത്തിലെ വേറിട്ടൊരു ദിനം
നവംബർ 8 ന് നടന്ന ഇംഗ്ലീഷ് വർക് ഷോപ്പ് അതിന്റെ ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും തികച്ചും വേറിട്ടൊരനുഭവമായിരുന്നു
അക്കാദമികമായും സുഹൃദ് ബന്ധങ്ങളെ കൊണ്ടും മനസ്സു നിറഞ്ഞ ഒരു ദിവസം വേറെയുണ്ടായിട്ടില്ലെനിക്ക്. Workshopil പങ്കെടുക്കാൻ രണ്ടു മനസ്സായി നിന്ന എനിക്ക് പ്രസന്നടീച്ചറുടെ ഒരൊറ്റ മെസേജ് പോരുന്നില്ലേ രജിതാ.. എന്ന് സെക്കന്റ് കൊണ്ട് ഞാൻ പേര് രജിസ്റ്റർ ചെയ്തു.
സെഷനുകളെല്ലാം സമ്പന്നമായിരുന്നു
സുരേഷ് സാറിന്റെ ക്ലാസിൽ ഞാൻ ഒരു T. T.C വിദ്യാർത്ഥിയായി മാറി
കഥ അവതരിപ്പിക്കുമ്പോൾ അതിലെ ചിത്രങ്ങൾക്ക് ചിത്രവായന എന്നതിലുപരി എന്ത് പ്രസക്തി. എന്ന എന്റെ അറിവിനെ നിശേഷം തകിടം മറിച്ച് ചിത്രങ്ങൾക്കും കഥ പറയാനുണ്ട് എന്ന പുതിയ അനുഭവത്തിലേക്ക് ക്ലാസുകൾ എത്തിച്ചു
നല്ലൊരു ദിവസം സമ്മാനിച്ച കലാധരൻ മാഷിനും സൈജ ടീച്ചർക്കും ഹൃദയാ ഭിവാദ്യങ്ങൾ
Rajitha MP
𝘝𝘙𝘜𝘗𝘚 𝘔𝘶𝘵𝘩𝘶𝘬𝘶𝘳𝘶𝘴𝘴𝘪
ആ പ്രോസസ്സ് മനസ്സിലായപ്പോൾ ഒരു സ്വയം വിലയിരുത്തൽ നടത്തി |
ഞാൻ ജോലിയിൽ പ്രവേശിച്ച് 10 വർഷം ആകുന്നു. ഇതുവരെ ഇംഗ്ലീഷിന് പ്രാധാന്യമുള്ള ഒരു പരിശീലനം എനിക്ക് ലഭിച്ചിട്ടില്ല.
പക്ഷേ ഇന്നലെ ഇറയിൽ നടന്ന വർക്ക്ഷോപ് ഒരുപാട് പ്രയോജനകരമാണ്.
ഒരു ഇഗ്ലീഷ് കഥ ക്ലാസ്സിൽ അവതരിപ്പിക്കുന്നതെങ്ങനെയെന്നും കുട്ടികൾ എങ്ങനെയാണ് വാക്കുകൾ സ്വായത്തമാക്കുന്നതെന്നും വളരെ ലളിതമായി സുരേഷ് സാറും സന്തോഷ് സാറും അവതരിപ്പിച്ചു. 🙏🏻
ആ പ്രോസസ്സ് മനസ്സിലായപ്പോൾ ഒരു സ്വയം വിലയിരുത്തൽ നടത്തി. ഇംഗ്ലീഷിന്റെ കാര്യത്തിൽ ഇതുവരെ നടന്ന രീതിയിൽ കുറേ മാറ്റങ്ങൾ വരുത്തണമെന്ന് മനസ്സിലായി. തീർച്ചയായും ആ മാറ്റം ഉൾക്കൊണ്ട് കൊണ്ടാണ് നാളെ മുതൽ ക്ലാസ്സിൽ പോകുന്നത്. ഗോപു സാറിന്റെ ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല. അതൊരു കുറവ് തന്നെയാണെന്ന് മനസ്സിലായി. ഇതിന് പിന്നിൽ പ്രവർത്തിച്ച കലാധരൻ സാർ, സൈജ ടീച്ചർ, ഷിനോജ് സാർ, പ്രസന്ന ടീച്ചർ, മറ്റദ്ധ്യാപകർ എല്ലാവരോടും ഹാർദ്ദമായ നന്ദി അറിയിക്കുന്നു.
വെളുപ്പിന് 3 മണിക്കോ അതിന് മുൻപോ ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എത്തിച്ചേരും എന്നതിനാൽ ഈ പരിപാടിയിൽ പങ്കെടുക്കണോ എന്ന് കുറേ ആലോചിച്ചിട്ടാണ് ഞാൻ പോകാം എന്ന് തന്നെ തീരുമാനിച്ചത്. അത് എന്നെ സംബന്ധിച്ച് ഏറ്റവും ഉചിതമായിരുന്നു. ഒരൊറ്റ ദിവസം എനിക്ക് തന്ന നേട്ടങ്ങൾ ഒരുപാടാണ്.....
എല്ലാവരോടും നന്ദിയും സ്നേഹവും.....
തുടർന്നുള്ള പരിപാടികളിലും പങ്കെടുക്കാൻ തന്നെയാണ് താത്പര്യം: അത് കേരളത്തിൽ എവിടെയായാലും .
റ്റിന്റു
ആലപ്പുഴ
അതീവ വിശാലമായ സാധ്യതകളെ തുറന്നു കാണിച്ചു |
നവംബർ എട്ടിനു നടന്ന ഇംഗ്ലീഷ് വർക്ക്ഷോപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു. ഇതിന് മുൻപ് അത്തരം പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും വീട്ടിലെ മാറി നിൽക്കാൻ കഴിയാത്ത സാഹചര്യങ്ങൾ എന്നെ അത്തരം പ്രോഗ്രാമുകളിൽ നിന്ന് മാറ്റി നിർത്തി. ഇംഗ്ലീഷ് ഭാഷ എന്തുകൊണ്ടോ ചെറുപ്പം മുതൽ തന്നെ ഇഷ്ടമാണ് എനിക്ക്. എന്നെക്കൊണ്ട് പറ്റുന്ന പോലെ അത് പഠിക്കാൻ ഞാനെന്നും ശ്രമിച്ചിരുന്നു. വിവിധ മേഖലകളിൽ ജോലി ചെയ്തത് കൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷ തീരെ ഇഷ്ടമില്ലാത്ത അല്ലെങ്കിൽ സംസാരിക്കാൻ ആത്മവിശ്വാസം ഇല്ലാത്ത ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അധ്യാപികയായപ്പോൾ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ഒരു അടുപ്പം വളർത്തണമെന്നും ഭാവിയിൽ അവർക്ക് അതൊരു ഭയമുള്ള വിഷയം ആക്കാതിരിക്കാനുള്ള ഒരു ആത്മവിശ്വാസം പകർന്നു നൽകണമെന്നും ആഗ്രഹിച്ച് അതിന് വേണ്ടി മാക്സിമം കാര്യങ്ങൾ ചെയ്യണമെന്നും തീരുമാനിക്കുകയും ചെയ്തു. എന്റെ ഐഡിയയിൽ തോന്നുന്നതും മറ്റുള്ളവർ ഷെയർ ചെയ്തു തരുന്നതുമായ തന്ത്രങ്ങൾ ഇക്കാര്യത്തിനായി പരീക്ഷിക്കുകയും ചെയ്യുന്നുമുണ്ട്.
അതിനൊക്കെ വലിയ ഒരു സഹായമായി ഈ വർക്ക് ഷോപ്പ്. വന്ന പലരും ഇതുപോലുള്ള വർക്ക് ഷോപ്പുകളിലെ സ്ഥിര സാന്നിധ്യമാണെന്ന് അവരുടെ സംസാരങ്ങളും വിളിച്ചോതുന്നുണ്ടായിരുന്നു. ഞാൻ ആയിരിക്കും ഒരുപക്ഷെ പുതുമുഖം.
അധ്യാപക പരിശീലനം പൂർത്തിയാക്കിയ ഇംഗ്ലീഷ് ഭാഷയോട് എന്നെപ്പോലെ തന്നെ ഇഷ്ടമുള്ള മകനെയും ഇതിൽ കൂടെ കൂട്ടാനായി എന്നത് സന്തോഷം ഇരട്ടിയാക്കുന്നു. അവന് കൂടി അവസരം നൽകിയതിന് സംഘാടകർക്ക് നന്ദി.
സുരേഷ് സർ, കലാധരൻ സർ തുടങ്ങിയ പ്രമുഖരും മുതിർന്നവരും അനുഭവസ്ഥരുമായവരുടെ മുന്നിൽ story based pedagogy എന്നത് മുൻനിർത്തി ചുരുങ്ങിയ സമയത്തിൽ ഒരു പ്രസന്റേഷൻ നടത്താനായതും അവരിൽ നിന്നുമുള്ള അഭിപ്രായങ്ങൾ കേൾക്കാനായതും അധ്യാപിക എന്ന നിലയിൽ ഇനിയുമിനിയും മെച്ചപ്പെടുത്തലുകൾ വരേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാക്കിത്തന്നു.
കഥകളുടെ മായിക ലോകത്തിലൂടെ ചിറക് വിരിച്ചു പറക്കാൻ ഇഷ്ടമുള്ള മക്കളെ ഇംഗ്ലീഷ് ഭാഷയുടെ ലോകത്തേക്ക് കൂടി എങ്ങനെ എത്തിക്കാം എന്നതിന്റെ അതീവ വിശാലമായ സാധ്യതകളെ തുറന്നു കാണിച്ചു തരുന്നതായിരുന്നു ഇന്നലെ നടന്ന എല്ലാ സെഷനുകളും.
ചില കഥപുസ്തകങ്ങൾ സിമ്പിൾ ആയി ക്ലാസ്സ് മുറികളിലേക്ക് ഉതകുന്നതായി തോന്നി എങ്കിലും ചിലത് അൽപ്പം കട്ടി കൂടുതലാണ് എന്നും തോന്നി.
എങ്കിലും ആധുനിക സമൂഹത്തിൽ വളരുന്ന കുട്ടികളുടെ മാറിയ ചിന്താ രീതികളോട് നീതി പുലർത്തുന്നവയും റിലേറ്റബിൾ ആക്കുന്നവയുമാണ് എല്ലാ പുസ്തകങ്ങളും എന്നും പറയാതെ വയ്യ.
റീൽ എടുക്കാൻ കടലിൽ വരുന്നവരും പോസ് ചെയ്യാൻ വരുന്ന മീനുകളുമെല്ലാം കുട്ടികളുടെ മനസ്സിൽ ഇപ്പോൾ തെളിയുന്ന ചിത്രങ്ങൾ തന്നെയാകും എന്നതിൽ സംശയമേയില്ല.
എന്തായാലും എനിക്ക് ഇതൊരു നല്ല തുടക്കമായി തോന്നുന്നു.
ഇറ എന്ന ഇതിനായി തെരഞ്ഞെടുത്ത വേദി എന്നത് മറ്റൊരു ഹൈലൈറ്റ് തന്നെയാണ്. അതീവ മനോഹരമായ ഹരിതാഭയുടെ കുളിർമയിൽ, നനുത്ത ഒരോർമയായി പങ്കെടുത്ത എല്ലാവരുടെയും മനസ്സിൽ ഈ വർക്ക് ഷോപ്പ് നിലനിൽക്കും. ഇതുപോലുള്ള വർക്ക് ഷോപ്പുകളിൽ തുടർന്നും പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സംഘാടകർക്ക് ഒത്തിരി സ്നേഹം.. നന്ദി.. 🙏🏻🙏🏻🙏🏻🙏🏻
Priya Shaji Menon
ALPS Thekkummala ,Pattambi.
എന്നിലെ അധ്യാപികയെ തിരുത്താനും ചിന്തിപ്പിക്കാനും ഏറെ സഹായിച്ചു |
നവംബർ 8 ന് തലക്കശ്ശേരിയിൽ വെച്ച് നടന്ന അധ്യാപക ശില്പ ശാലയിലും പുസ്തക
പ്രകാശനച്ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു
പ്രമുഖ വ്യക്തികളായ സന്തോഷ് സാറും സുരേഷ് സാറും Story based on Pedagogy എന്ന വിഷയത്തിൽ നടത്തിയ ക്ലാസുകൾ എന്നിലെ അധ്യാപികയെ തിരുത്താനും ചിന്തിപ്പിക്കാനും ഏറെ സഹായിച്ചു.
ഒരു English story book കുട്ടികൾക്ക് വായിച്ചു കൊടുക്കുകയോ അവർ തനിയെ വായിക്കാൻ അവസരം നൽകിയോ ആയിരുന്നു ഞാനിതുവരെ ഉപയോഗിച്ചിരുന്നത്.
കുട്ടികൾ നേടുന്ന ഭാഷാശേഷികൾക്കപ്പുറത്തേക്ക് കുട്ടികളെ എത്തിക്കാൻ കഴിയുമെന്നും നമ്മുടെ ഇംഗ്ലീഷ് ഭാഷാ പഠന രീതിശാസ്ത്രത്തിൽ ഒരു story യിലൂടെത്തന്നെ ഒരു പാട് മാറ്റങ്ങൾവരുത്താനാകുമെന്ന തിരിച്ചറിവുമാണ് ഇന്നലെ നടന്ന ക്ലാസിലൂടെയും ട്രൈഔട്ട് ക്ലാസുകളിലൂടെയും മനസ്സിലാക്കാൻ സാധിച്ചത്.
കൂടാതെ ചിത്രരചനയിൽ കുട്ടികളെ എങ്ങനെ മുന്നോട്ട് കൊണ്ടുവരാനാകുമെന്ന ഗോപു സാറിൻ്റെ ക്ലാസും നമ്മെ മാറ്റി ചിന്തിപ്പിക്കുന്നതായിരുന്നു.
കുട്ടികൾക്ക് തന്നെ പുസ്തകം നൽകി കൊണ്ട് നടന്ന പുസ്തക പ്രകാശനച്ചടങ്ങും ഈ ശില്പശാലയ്ക്ക് തിരഞ്ഞെടുത്ത സ്ഥലവും പുതുമയുള്ളതായിരുന്നു.
തനിച്ച് പോകണമെന്നതിനാൽ പല തവണ പോകുന്നില്ലെന്ന് തീരുമാനിച്ചിട്ടും ഈ ചടങ്ങിൽ പങ്കെടുക്കാനുള്ള ആഗ്രഹത്താൽ ഞാൻ പങ്കെടുക്കുക തന്നെ ചെയ്തു. എൻ്റെ തീരുമാനം മറിച്ചാകുമായിരുന്നെങ്കിൽ എനിക്കത് വലിയ നഷ്ടം തന്നെ ആകുമായിരുന്നു.
ഈ ചടങ്ങിൽപങ്കെടുക്കാൻ അവസരം തന്നതിലും വിഭവസമൃദ്ധമായ ഭക്ഷണം നൽകി സൽക്കരിച്ചതിലും വളരെയധികം നന്ദി അറിയിക്കുന്നു.
ലൈല. എം
എ.എം.യു.പി. സ്കൂൾ, പാറക്കൽ, താനൂർ സബ്ജില്ല, മലപ്പുറം
ക്ലാസ് മുറിയും അതിനപ്പുറവും തമ്മിൽ ബന്ധിപ്പിക്കാൻ കഥകൾക്ക് കഴിയും. |
തലക്കശേരിയിൽ ഒരു അക്കാദമിക ശില്പശാല
World of Wonder Words
കാലത്ത് 5 മണിക്ക് ട്രെയിനിൽ കണ്ണൂരിൽ നിന്ന് പട്ടാമ്പിയിലേക്ക്... 9.30 ന് വണ്ടിയിറങ്ങി ബസിൽ തലക്കശേരിയിൽ. അവിടെയുള്ള സ്റ്റാർ ഹോട്ടൽ എന്ന നാടൻ ചായക്കടയിൽ നിന്നും ഇഡ്ഡലിയും ചായയും കഴിച്ച് ഓട്ടോയിൽ ശില്പശാല നടക്കുന്ന ഇറ ക്രാഫ്‌റ്റ് വില്ലേജിലേക്ക്. . . നാട്ടുകാരനായ ഓട്ടോ ഡ്രൈവർക്കും സ്ഥലം അത്ര നിശ്ചയമില്ല. ഒടുവിൽ തൊഴുക്കര ശിവക്ഷേത്രത്തിനടുത്തുള്ള ഇറ യിലെത്തുമ്പോൾ വഴി കാട്ടിയായത് സാക്ഷാൽ ഗോപു മാഷ്.. പാടവും തോടും പച്ചപ്പും നിറഞ്ഞ ശാന്തസുന്ദരമായ ഒരിടം. ചായയും വടയുമായി ഷാനിദ് മാഷ് കാത്തു നിൽപുണ്ട്.വേഗം സുരേഷ് മാഷിൻറെ ക്ലാസിലൊരാളായി ഹാളിലേക്ക്…
ഇറ,
തലക്കശേരിയിലാണ്. ചിത്രകാരനായ ഗോപു പട്ടിത്തറയും കൂട്ടുകാരും രണ്ടേക്കർ സ്ഥലത്ത് സർഗാത്മക നിർമ്മിതികൾ തീർത്തിരിക്കുകയാണ്. പണികൾ ഇനിയും ബാക്കിയുണ്ട്. World of wonder words ൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഇറയിൽ എത്തിയത്. ശാന്തതയുടെ ഹരിതാന്തരീക്ഷത്തിൽ ശില്പ ശാല സംഘടിപ്പിച്ച റീഡിയയോട് നന്ദി പറയുന്നു.
അക്കാദമിക ശില്പശാലയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി മുപ്പത് അധ്യാപകര്‍ പങ്കെടുത്തു. ശില്പശാലയുടെ വിഷയം Story based pedagogy. രാവിലെ പത്ത് മണി മുതല്‍ നാല് വരെ പട്ടാമ്പിക്കടുത്ത ഇറ, തലക്കശേരിയിലാണ് പരിപാടി നടന്നത്. എസ് ഇ ആര്‍ ടി മുന്‍ റിസേര്‍ച്ച് ഓഫീസര്‍ ഡോ. എന്‍ സുരേഷ്കുമാര്‍, അക്കാദമിക വിദഗ്ധന്‍ എ. വി സന്തോഷ് കുമാര്‍ എന്നിവരാണ് ശില്പശാല നയിച്ചത്. പ്രശസ്തചിത്രകാരന്‍ ഗോപു പട്ടിത്തറ ബാലസാഹിത്യത്തിലെ ചിത്രഭാഷ പരിചയപ്പെടുത്തി.
SCERT റിസർച്ച് ഓഫീസറായിരുന്ന ഡോ.എൻ.സുരേഷ് കുമാർ നയിച്ച ക്ലാസ് പരമ്പരാഗത ഇംഗ്ലീഷ് പഠനരീതിയെ കീഴ്മേൽ മറിക്കുന്ന ഒന്നായിരുന്നു. code switching, cord mixing എന്നിവ ചർച്ച ചെയ്യപ്പെട്ട സെഷൻ മികച്ചതായിരുന്നു. റീഡിയയുടെ കഥാപുസ്തകങ്ങളെ അടിസ്ഥാനമാക്കി എ.വി.സന്തോഷ് കുമാർ നയിച്ച സെഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു.
ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് അധ്യാപകർ കുട്ടികളെ മുന്നിലിരുത്തി കഥാപുസ്തകങ്ങളെ അടിസ്ഥാനമാക്കി മാതൃക ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസുകളുടെ ഗുണദോഷങ്ങൾ വിമർശനാത്മകമായി വിലയിരുത്തപ്പെട്ടു.
ഇറ ക്രാഫ്റ്റ് വില്ലേജ്, സർഗസൃഷ്ടികളുടെ മായാലോകമാണത്.
കല ജീവിതത്തിനു വേണ്ടിയോ കലയ്ക്കുവേണ്ടിത്തന്നെയോ എന്നുള്ളതിൻ്റെ ശരിയായ ഉത്തരം ഇന്നും ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല. അതെ, കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ കലാകാരൻമാർ...അവർ, മുളയിൽ, ഈറയിൽ, മരത്തിൽ, കല്ലിൽ, കളിമണ്ണിൽ, വൈക്കോലിൽ, കടലാസിൽ, ചിരട്ടയിൽ, ചിപ്പിയിൽ, കുപ്പിയിൽ, ഇലയിൽ, തുണിയിൽ, ചണത്തിൽ,.. തീർക്കുന്ന മനോഹരോല്പന്നങ്ങൾ....!കുറെ പഴയ സൈക്കിളുകൾ കൊണ്ടുള്ള ഇൻസ്റ്റാലേഷൻ
യൂറീക്കയിലെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളിലൂടെ ഗോപു പട്ടിത്തറ എന്ന പേര് ചിരപരിചിതമാണ്. അദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇറ ക്രാഫ്റ്റ് വില്ലേജ് ഇന്നൊരു പാഠപുസ്തകമായി മാറിയിരിക്കുന്നു. കലയെ എങ്ങനെ ജീവിതമാക്കാമെന്നും സംസ്കാരമാക്കാമെന്നും പ്രതിരോധമാക്കാമെന്നും ഇവിടെ പഠിപ്പിക്കുന്നു.
കാലത്തിനനുസരിച്ചുള്ള കരിക്കുലം പരിഷ്കരണമാണ് അക്കാദമിക മികവിന്റെ ഭൂമിക.
കുട്ടികൾക്ക് ഏറെ ഇഷ്ടമായ കഥകളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ worlds of wonder words ഏറെ മികച്ച ഒരു പ്ലാറ്റ്ഫോം ആണ്. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പകർന്നു നൽകുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഒരു അധ്യാപകന്റെ സുപ്രധാന പങ്കിനെ സെഷൻ ഊന്നിപ്പറഞ്ഞു. വിവിധ ഫലപ്രദമായ ഉപകരണങ്ങളും പ്രവർത്തനപരമായ ഭാഷയും ഉൾപ്പെടുത്തുന്നതിലൂടെ, ഒരു അധ്യാപികയ്ക്ക് തന്റെ ക്ലാസ് മുറിയിൽ മാന്ത്രികത സൃഷ്ടിക്കാൻ കഴിയും. നമ്മുടെ സംസാരം ചിന്തയെക്കാൾ സാവധാനത്തിലായിരിക്കണമെന്നും നമ്മുടെ ചിന്തകൾ വാക്കുകളുമായി ബന്ധിപ്പിക്കപ്പെടണമെന്നും റിസോഴ്‌സ് പേഴ്‌സൺ അഭിപ്രായപ്പെട്ടു.
“ എന്നോട് പറയൂ, ഞാൻ മറക്കും, കാണിക്കൂ, ഞാൻ ഓർമ്മിച്ചേക്കാം; എന്നെ ഉൾപ്പെടുത്തൂ, ഞാൻ മനസ്സിലാക്കും." കൺഫ്യൂഷ്യസ്.
ഈ ഉദ്ധരണിയെ അടിസ്ഥാനമാക്കിയാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. അധ്യാപക ശില്പശാലയിലെ ഒരിനമായിരുന്നു ബാലസാഹിത്യത്തിലെ ചിത്രഭാഷ. പ്രശസ്ത ചിത്രകാരൻ ഗോപു പട്ടിത്തറ വരഭാഷയുടെ കൗതുകങ്ങളെക്കുറിച്ച് അധ്യാപകരോട് സംവദിച്ചു. പറയാൻ ഏറെ പിശുക്ക് കാണിച്ചുവെങ്കിലും പുൽ ത്തകിടിയിൽ ഇരുന്നുള്ള സെഷൻ എന്തുകൊണ്ടും വ്യത്യസ്തത പകർന്നു.
പലരും കരുതുന്നത് വരിയിലുള്ള അതേ ആശയം തന്നെ വരച്ചു വച്ചാൽ മതി എന്നാണ്. വരിയിൽ പറയാത്തതും വരയിൽ വരും. വര മറ്റൊരു ആകാശം തുറക്കലാണ്. വരിയിൽ പറയാത്തത് വരയിലുണ്ടാകണം. വരിയിൽ പറഞ്ഞതിനപ്പുറം വരയിൽ പറയണം ! അതിനാണല്ലോ , വര .! വരഭാഷ കുട്ടി വായിക്കണം. ചിത്രവായന എന്ന് പറഞ്ഞതുകൊണ്ടായില്ല.
ക്ലാസ് മുറിയുടെയും വീടിന്റെയും ലോകം മാത്രമല്ല, ക്ലാസ് മുറിയും അതിനപ്പുറവും തമ്മിൽ ബന്ധിപ്പിക്കാൻ കഥകൾക്ക് കഴിയും.
കുട്ടികൾക്ക് കഥകളോട് സഹജമായ ഒരു സ്നേഹമുണ്ട്. കഥകൾ ലോകത്തെക്കുറിച്ചുള്ള മാന്ത്രികതയും അത്ഭുതബോധവും സൃഷ്ടിക്കുന്നു. ജീവിതത്തെക്കുറിച്ചും, നമ്മളെക്കുറിച്ചും, മറ്റുള്ളവരെക്കുറിച്ചും കഥകൾ നമ്മെ പഠിപ്പിക്കുന്നു. മറ്റ് സംസ്കാരങ്ങളെക്കുറിച്ചുള്ള ധാരണ, ബഹുമാനം, വിലമതിപ്പ് എന്നിവ വികസിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗമാണ് കഥപറച്ചിൽ …ആശയങ്ങൾ വിശദീകരിക്കുന്നതിനുപകരം, അനുഭവപരമായ പഠന സാങ്കേതികതയിലൂടെ വിദ്യാർത്ഥികളുടെ മനസ്സിനെ ജ്വലിപ്പിക്കുന്നതിലായിരുന്നു അത് ശ്രദ്ധ കേന്ദ്രീകരിച്ചത്.
റിസോഴ്‌സ് പേഴ്‌സൺ നിരവധി പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും തുറന്ന ചർച്ചകൾക്ക് ഒരു വേദി ഒരുക്കുകയും ചെയ്തു.
മനഃപാഠ പഠനത്തേക്കാൾ കഥകളിലൂടെ.. ഇടപെടലിലൂടെയുള്ള പഠനത്തിന്റെ പ്രാധാന്യത്തിലാണ് വർക്ക്ഷോപ്പ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഏകദിന ഇംഗ്ലിഷ് അധ്യാപക ശില്പശാലയും ട്രൈ ഔട്ടും പുസ്തക പ്രകാശനവും വേറിട്ട പരിപാടിയായി..
പ്രസംഗങ്ങളും ആശംസകളും ഇല്ലാത്ത ഒരു പുസ്തകപ്രകാശനം.
1. The Pappad Ship
2. The Naughty Ant
3. Who Scored the Goal?'
4. The Magic Discus
5. Our Feathered Friends
6. One ... two... three Camera rolling
7. The Crow's Fishing Adventure
8. The Round Face
മനോഹര ചിത്രങ്ങളാൽ മിനുങ്ങുന്ന 8 പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറി പ്രകാശനം ചെയ്തു. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ ഒരു കൂടിയിരിപ്പ്... സമയം 5 മണി കഴിഞ്ഞു.ഒരു ദിവസം സാർത്ഥകമായ സന്തോഷത്തോടെ ശില്പശാലയിൽ നിന്ന് ലഭിച്ച ഊർജവുമായി ഒരു യാത്ര പറച്ചിൽ…
വിജയകുമാരി
വേശാല ഈസ്റ്റ് എല്‍ പി എസ്
ഇംഗ്ലീഷിനോടുള്ള താൽപ്പര്യം വർധിപ്പിക്കാനുതകുന്ന മനോഹരമായ ചിത്രങ്ങളടങ്ങിയ കഥകൾ |
ഇംഗ്ലീഷ് വർക്ക്‌ഷോപ്പ് ഏറെ പ്രയോജനകരമായിരുന്നു. അതിനായി തിരഞ്ഞെടുത്ത സ്ഥലമോ അത്രയ്ക്കും മനോഹരം.
വർക്ക്‌ഷോപ്പിലെ പരിശീലകരായ സുരേഷ് സാറും സന്തോഷ് സാറും മികച്ച രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.സുരേഷ് സാറിൻ്റെ ക്ലാസ്സിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല .... അത്രയ്ക്കും ഗംഭീരം . യാത്ര കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സുകളിൽ നമുക്ക് ഇനിയും കൂടുതൽ ചെയ്യാനുണ്ടെന്ന് മനസ്സിലാക്കാനായി.
പുസ്തപ്രകാശനവും വ്യത്യസ്തമായിരുന്നു .
ഇംഗ്ലീഷിനോടുള്ള താൽപ്പര്യം വർധിപ്പിക്കാനുതകുന്ന മനോഹരമായ ചിത്രങ്ങളടങ്ങിയ കഥകൾ ...
തീർച്ചയായും ഈ പുസ്തകങ്ങൾ കുഞ്ഞുങ്ങൾക്ക് ഒരു മുതൽക്കൂട്ടാവും .പിന്നെ ഈയൊരു പരിപാടി സംഘടിപ്പിച്ചവർക്കും എൻ്റെ നന്ദി അറിയിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള പരിപാടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് .....
സിനിജ എൻ വി
ജി എൽ പി എസ് തച്ചണ്ണ, മലപ്പുറം
ഇംഗ്ലീഷ് പെഡഗോഗിയിൽ ആദ്യമായി ആത്മവിശ്വാസം വർധിച്ച ദിവസം. |
പ്രസന്ന എ പി
ജി എൽ പി എസ് പലകപ്പറമ്പിൽ
മങ്കട, മലപ്പുറം
*****************
മനോഹരമായ ഇറയുടെ ഹൃദയത്തിൽ ഈ പരിപാടി സംഘടിപ്പിച്ചതിൽ വളരെ സന്തോഷം. അന്ന് രാവിലെ അവിടെ ആദ്യം എത്തിയത് ഞാനാണ്. എത്തിപ്പെടാൻ പ്രയാസപ്പെട്ടു. 😂😂 ഒരു സംസ്ഥാന ശില്പശാല കൊണ്ടു വച്ചൊരു സ്ഥലം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.🤣🤣 ലൊക്കേഷൻ stop ആകുന്നിടത്ത് ഇറ കാണുന്നില്ല.😂😂 അങ്ങനെ ഞാൻ സൈജ ടീച്ചറെ വിളിച്ചു. ടീച്ചർ ഫോണിൽ വഴിയും ആളുകളോട് ചോദിക്കേണ്ട അടയാളവും പറഞ്ഞു തന്നു. ആളുകളോട് ചോദിച്ചപ്പോൾ ഞാൻ ഇവിടെ ജനിച്ചു വളർന്ന ആളാണ്, അങ്ങനെ ഒരു സ്ഥലം ഇവിടെ ഇല്ല എന്ന് മറുപടി. 😂😂 ഇറ കണ്ടില്ല. കണ്ട വഴിയിലൂടെ ഒക്കെ മുന്നോട്ടു പോയി, പിന്നെ പിന്നോട്ടു തന്നെ തിരിച്ചു പോയി, വീണ്ടും മുന്നോട്ടു പോയി. പിന്നെ ടീച്ചർ പറഞ്ഞതുപോലെ മുദ്ര മണിയുടെ outdoor studio ചോദിച്ചു. അവസാനം ഇറ കണ്ടു. പക്ഷെ ഈറയൊന്നും വന്നില്ല ട്ടോ 🤣🤣. വളരെ സുന്ദരമായ ഒരു സ്ഥലം. പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ സൈജ ടീച്ചർ വിളിക്കുന്നു, പ്രസന്ന ടീച്ചറേ എവിടെ ഇറ എന്ന്. 😂😂😂 അങ്ങനെ പരിപാടി ആസൂത്രണം ചെയ്ത് വഴി പറഞ്ഞു തന്ന സൈജ ടീച്ചറെയും കലാധരൻ സാറിനെയും വരെ ഞാൻ വഴിയിൽ പോയി കൂട്ടിക്കൊണ്ടു വരേണ്ടി വന്നു. 🤣🤣🤣
പക്ഷെ ഇറയുടെ അന്തരീക്ഷവും വർക്ക്‌ഷോപ്പും പുസ്തകപ്രകാശനവും തന്ന അനുഭവം, ആ സന്തോഷം ബാക്കി എല്ലാം കഷ്ടപ്പാടുകളെയും മായ്ച്ചു കളഞ്ഞു.
ചിലതൊന്നും ഒരിയ്ക്കലും തിരിച്ചു കിട്ടാത്തതും പകരം വയ്ക്കാൻ ഇല്ലാത്തതുമാണ്. ജീവിതത്തിൽ അതുപോലെയുള്ള വിരളമായ ദിവസങ്ങളിൽ ഒരു ദിവസം ആയിരുന്നു ഇന്ന് (2025 നവംബർ 8).
💥ജീവിച്ച ദിവസം.
💥സ്വയം മറന്ന ദിവസം.
💥ഞാൻ ഇല്ലാതായ ദിവസം.
💥സന്തോഷത്തോടെയും സംതൃപ്തിയുടെയും അവസാനിച്ച ഒരു ദിവസം.
💥നിരാശ ഒട്ടുമില്ലാത്ത ഒരു ദിവസം.
💥പ്രതീക്ഷ പുനർജനിച്ച ദിവസം.
💥ഇംഗ്ലീഷ് പെഡഗോഗിയിൽ ആദ്യമായി ആത്മവിശ്വാസം വർധിച്ച ദിവസം.
💥സ്വന്തം ഇംഗ്ലീഷ് ക്ലാസ്സ് പൊളിച്ചു പണിയാൻ സാധ്യതകൾ കണ്ടെത്തിയ ദിവസം.
ഇനിയും ഇനിയും പറയാൻ ഉണ്ട്... നിറഞ്ഞ മനസ്സിനെ വാക്കുകളിലേക്ക് പകർത്തുമ്പോൾ വാക്കുകൾക്ക് ഈ മനസ്സിന്റെ അത്രയും പ്രകാശം കിട്ടുന്നില്ല. പിന്നെന്തു ചെയ്യും?
കുട്ടിയുടെ മനസ്സ് ആശയം കൊണ്ടു നിറയണം. അത് അവന് (അവള്‍ക്ക്) പ്രകടിപ്പിക്കാതിരിക്കാൻ കഴിയില്ല. അതിന് നല്ല അനുഭവങ്ങൾ കിട്ടണം. നമുക്കും അങ്ങനെ തന്നെ. നല്ല അനുഭവം കിട്ടിയതുകൊണ്ട് ധാരാളം പറയാൻ ഉണ്ട്.
രാവിലെ 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി 7.30 ന് തലക്കശ്ശേരി കുമ്മാറമ്പ് വിഷ്ണു ക്ഷേത്രത്തിന്റെ ബോർഡിനടുത്ത് ലൊക്കേഷൻ stop ആയി. പിന്നെ ഇറ കണ്ടുപിടിച്ച കാര്യം നേരത്തെ പറഞ്ഞല്ലോ.. നേരാം വണ്ണം ഒരു റോഡ് അങ്ങോട്ടില്ല. ചവിട്ടുപാത പോലെ ഒരു വഴി. വഴി കണ്ടാൽ ഇത്രയും മനോഹരമായ ഒരു സ്ഥലത്തേക്കാണ് നമ്മൾ പോകുന്നത് എന്ന് തോന്നില്ല. ഇറയിൽ എത്തിയപ്പോൾ അതിന്റെ മനോഹാരിതയിൽ വന്ന വഴിയെല്ലാം മറന്നു. സന്തോഷ് സാറും പ്രിയേഷ് സാറും അവിടെ ഉണ്ടായിരുന്നു. ഇന്നലെ തന്നെ എത്തിയിട്ടുണ്ട്. പിന്നെ സൈജ ടീച്ചറും കലാധരൻസാറും രഞ്ജിത ടീച്ചറും ഒക്കെ എത്തി. ഇനി വരുന്നവർക്ക് വഴി അറിയാൻ ലൊക്കേഷൻ നിന്ന സ്ഥലത്തു നിന്ന് ഇറ വരെ എല്ലാ തിരിവിലും ഇറയിലേക്കുള്ള ചൂണ്ടുപലക വച്ചു. പിന്നെ കുറേ ഫോട്ടോ എടുക്കലും ഊഞ്ഞാലാട്ടവും ഒക്കെ 😍😍 ആഹാ... തല്ക്കാലം വർക്ക് ഷോപ്പും പുസ്തകപ്രകാശനവും മറന്നു പോയി. പിന്നെ പ്രൊജക്റ്റർ എല്ലാം set ചെയ്തു പ്രോഗ്രാമിന് ഒരുങ്ങി.
കുറേ പേര് എത്തി. വൈകുന്നവരെ വിളിച്ച് അന്വേഷിച്ചു. ചിലരെല്ലാം വന്നുകൊണ്ടിരിക്കുകയാണ്. ഒരു ലഘു ഭക്ഷണം. പിന്നെ ഔപചാരികതകൾ ഒന്നുമില്ലാതെ പരിപാടിയ്ക്ക് ഷിനോജ് സാർ ലളിതമായി ഒരു തുടക്കമിട്ടു.
- പുസ്തകപ്രകാശനം പല തരത്തിലും നടത്താം. പലതും നമ്മൾ കണ്ടിട്ടുണ്ട്. പ്രകാശനത്തെക്കാൾ പ്രധാനമായത് ശില്പശാല ആയി എന്ന് തോന്നുന്നു. അഥവാ ശില്പശാലയിൽ വെച്ച് പുസ്തകം പ്രകാശനം ചെയ്തു എന്നാണ് തോന്നുന്നത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ ശില്പശാലയായിരുന്നു യഥാർഥത്തിൽ പുസ്തകപ്രകാശനം. അതിലാണ് പുസ്തകപ്രകാശനം നടന്നത്. അതിലൂടെ എല്ലാവരുടെയും മനസ്സിലും.
- ഒരു ടീച്ചറുടെ നൈപുണികളുടെ ഉള്ളറകളിലേക്ക് സ്വയം എത്തിനോക്കാൻ പ്രചോദിപ്പിക്കുന്നതായിരുന്നു സുരേഷ് സാറിന്റെയും സന്തോഷ് സാറിന്റെയും ക്ലാസുകൾ. ഈ തിരിച്ചറിവുകൾ കിട്ടാൻ കുറേ വൈകിയല്ലോ എന്ന് വേദനയോടെ ചിന്തിച്ചു. ഇനി കുറച്ചു വർഷങ്ങളേ ഉള്ളുവല്ലോ എന്ന് ഞാൻ ചിന്തിച്ചപ്പോൾ വർഷങ്ങൾ എന്നെക്കാൾ കുറവുള്ള ലൈലടീച്ചറും അത് പറഞ്ഞു സങ്കടപ്പെടുന്നു.
- കുട്ടിയിൽ ഭാഷ ഭാഷ അടിച്ചേല്പിക്കുകയല്ല, പകരം അത് generate ചെയ്തെടുക്കുകയാണ് വേണ്ടത്. മഹത്തായ ഒരു തിരിച്ചറിവാണ് സുരേഷ് സാർ തന്നത്.
- ടീച്ചർ as a story teller...വരികൾക്കിടയിലെ മൗനം..സത്യം.. സുരേഷ് സാറിന്റെ ക്ലാസ്സിൽ ഇരുന്ന് മതിയായില്ല. സാറ് പിന്നെയും പിന്നെയും മനസ്സിൽ വന്ന് ക്ലാസ്സ് എടുക്കുന്നു.
- സുരേഷ് സാർ പറഞ്ഞതുപോലെ റിട്ടയർ ചെയ്യുമ്പോൾ നമ്മൾ ഏറ്റവും മികച്ച അധ്യാപകർ ആയിട്ടുണ്ടാവും. അങ്ങനെ ഏറ്റവും മികച്ച അധ്യാപകരായി റിട്ടയർ ചെയ്ത സുരേഷ് സാറിന്റെയും സന്തോഷ് സാറിന്റെയും ഓരോ വാക്കുകളും നമ്മിലെ അധ്യാപകരെ മികവുറ്റവരാക്കുന്നതാണ്. ഇത്തരം അനുഭവസാമ്പത്ത് ആണ് ഞങ്ങൾക്ക് പകർന്നു കിട്ടേണ്ടത്.
- ട്രൈഔട്ട് ക്ലാസ്സ് എടുക്കാൻ ഉള്ള അവസരം ഞാൻ നഷ്ടപ്പെടുത്തി എന്ന് തോന്നി. എടുത്താൽ മതിയായിരുന്നു. അവസരം നഷ്ടപ്പെടുത്തിയതിന്റെ കുറ്റബോധം ഉണ്ട്. ഞാൻ Perfect അല്ല എന്ന ചിന്തയാണ് പിന്തിരിപ്പിച്ചത്. പക്ഷെ ഇങ്ങനെ അവസരങ്ങൾ കളഞ്ഞാൽ ഞാൻ അവിടെ തന്നെ നിൽക്കുകയേ ഉള്ളൂ.. അത് മറികടക്കണം.
- എന്തൊരു ഭംഗിയുള്ള 8 പുസ്തകങ്ങൾ! ചിത്രങ്ങൾ വളരെ മനോഹരം. കുട്ടികളെ ആകർഷിക്കുന്നത്. ഓരോ ചിത്രവും കഥ പറയുന്ന പുസ്തകം. ചിത്രവായന നടത്താൻ ചിത്രഭാഷ പഠിക്കേണ്ടതുണ്ട്. വർക്ക് ഷോപ്പിൽ നിന്ന് പഠിച്ച പുതിയ പാഠം. വരികൾക്കപ്പുറം ചിത്രകാരൻ വരച്ചിട്ടുണ്ടാവും. അതെല്ലാം ഭാവനയെ ഉണർത്തി ഭാഷയെ ഉത്പാദിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻ വിജയിക്കുന്നത്. ചിത്രത്തിന്റെ പ്രപഞ്ചത്തെ തുറന്നു കാട്ടുകയായിരുന്നു ഗോപു സാർ. അതേ.. കുട്ടിയ്ക്കുള്ള പുസ്തകം രൂപപ്പെടുത്തുമ്പോൾ അവന് അവനായിത്തീരാൻ ഉള്ള സാധ്യതകൾ എല്ലാം അതിൽ ഉണ്ടാവണം.
- പലരും ചേർന്ന് ആവശ്യമുള്ളതെല്ലാം ചെയ്ത് ഒരു കുറവുകളും ഇല്ലാതെ ഈ വർക്ക്‌ഷോപ്പ് perfect ആക്കി. അതാണ് എല്ലാവരുടെയും മനസ്സിനെ നിറച്ചത്. യാത്ര,food, താമസം, കുട്ടികൾ, പ്രൊജക്ടര്‍, തുടങ്ങി എല്ലാം സേവനസന്നദ്ധരായ ടീച്ചർമാർ അവരെക്കൊണ്ട് ആവുന്നത് ചെയ്ത് ഈ ശില്പശാലയെ സമ്പൂർണമാക്കി.
- ദിവസങ്ങൾ, ആരോഗ്യം, കുടുംബം, കാശ് ഒക്കെ ത്യാഗം ചെയ്താണ് ടീച്ചർമാർ ഈ ശില്പശാല സ്വന്തമാക്കിയത്. അത് അവരുടെ അധ്യാപനത്തോടുള്ള ലക്ഷ്യബോധവും സമർപ്പണവും കാണിക്കുന്നു. അധ്യാപനത്തെ അത്ര മേൽ പ്രണയിക്കുന്നുണ്ടാവണം ഈ ത്യാഗത്തിന്.
- ലക്ഷ്യബോധം നമ്മെ ശുദ്ധീകരിക്കുന്നു. മറ്റൊന്നും നോക്കാതെ ഞങ്ങളിലെ അധ്യാപകരെ മാത്രം കണ്ടുകൊണ്ട് അതിനെ സ്ഫുടം ചെയ്തെടുത്ത് ആനന്ദം പ്രദാനം ചെയ്യാൻ അവസരങ്ങൾ ഒരുക്കിക്കൊണ്ട് ഞങ്ങളെ ചേർത്തുപിടിച്ച് പ്രിയ കലാധരൻ സാറും സൈജ ടീച്ചറും നമ്മെ എല്ലാവരെയും ഒരുപോലെ നയിക്കുന്നു.
രജിസ്റ്റർ ചെയ്തവർക്കെല്ലാം അവിടെ കസേരകൾ ഉണ്ടായിരുന്നു. വൈകുന്നേരം വരെ അവ അവരെയും കാത്ത് ഒഴിഞ്ഞു തന്നെ കിടന്നു. പകുതി ഭക്ഷണവും ബാക്കിയായി.
DRG, ക്ലസ്റ്റർ തുടങ്ങിയവയൊന്നും കഴിഞ്ഞു പോകുമ്പോൾ ഇങ്ങനെ ഒരു സന്തോഷവും പ്രചോദനവും ആവേശവും ഉണ്ടാകാറില്ല. അത് ഒന്നഴക് മാത്രം പകരുന്ന ഒന്നാണ്. ടിന്റു പറഞ്ഞതു പോലെ,
ഒന്നഴക് എവിടെ ഒന്നിച്ചാലും ഈ ഒന്നും അവിടെ ഉണ്ടാവും. റീഡിയക്കും ഒന്നഴകിനും ഒരുപാട് നന്ദി.




.jpg)





No comments:
Post a Comment