ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, February 19, 2020

പറമ്പില്‍ സ്കൂള്‍ അഥവാ സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷം

'പനന്തത്ത'(.എം.അഖില്‍ രാജ്), 'ഫര്സാനയുടെ ഡയറിക്കുറിപ്പുകള്‍ '(.എം.ഫര്‍സാന), 'ഉജ്വലിന്റെ രേഖാചിത്രങ്ങള്‍ '(ടി.കെ.ഉജ്വല്‍),
'അഞ്ജനയുടെ കത്തുകള്‍'(പി.അഞ്ജന),'വാങ്ങ്മയചിത്രങ്ങള്‍'(തേജ്ന എസ് സുരേഷ്)
എന്നീ പുസ്തകങ്ങള്‍ക്ക് ശേഷം പറമ്പില്‍ എല്‍ പി സ്കൂള്‍ അഞ്ചാം തരം വിദ്യാര്‍ഥിനി
ആര്‍ ജീവനിയുടെ 'മുടിക്കുത്തി' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം
ജനുവരി 26 വ്യാഴാഴ്ച ഉച്ച 2 മണിക്ക് നടക്കുകയാണ്.
പരിപാടിയിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
2012 ജനുവരിയിലെ അറിയിപ്പാണിത്. എത്ര അഭിമാനത്തോടെയാകും ആ ചടങ്ങ് വിദ്യാലയം സംഘടിപ്പിച്ചത് ! സംസ്ഥാനത്തെ വേറൊരു വിദ്യാലയത്തിനും ഇത്തരമൊരു നേട്ടം പങ്കുവെക്കാനുണ്ടാകില്ല. പ്രിന്റഡ് മാഗസിനുകളും വാർഷികപ്പതിപ്പുകളും സ്മരണികകളും ആയിരുന്നു തുടക്കം. ക്രമേണ പറമ്പില്‍ സ്കൂളിലെ അധ്യാപകര്‍ കുട്ടികളുടെ രചനകളിലെ തിളക്കങ്ങള്‍ തേടാനാരംഭിച്ചു. അത് അക്കാദമികവും സര്‍ഗാത്മകവുമായ തീര്‍ഥയാത്രയാകുമെന്ന് അവരാദ്യം കരുതിക്കാണില്ല. ഭാഷാധ്യാപനത്തിന് സര്‍ഗാത്മകമുദ്ര. കണ്ടെത്തലിന്റെ ആനന്ദം. കുട്ടികളില്‍ നിന്നും മുറുക്കമുളള രചനകള്‍ പ്രതീക്ഷിക്കുന്ന ‍ അധ്യാപകര്‍. കുട്ടികളുടെ സ്വതന്ത്ര രചനകൾ പുസ്തകങ്ങളായി മാറിയതാണ് പറമ്പിൽ എൽ പി സ്‌കൂളിന്റെ വേറിട്ട നേട്ടം. സ്‌കൂൾ പി ടി എ പ്രസാധകരായി മാറി. തുടർച്ചയായി മികച്ച ആറു പുസ്തകങ്ങൾ ...
  • 2004 ൽ ഒ എം അഖിൽരാജിൻറെ പനന്തത്ത എന്ന കവിതാസമാഹാരം,
  • 2005 ൽ ഫർസാനയുടെ ഡയറിക്കുറിപ്പുകൾ,
  • 2006 ൽ ഉജ്വലിന്റെ രേഖാചിത്രങ്ങൾ,
  • 2007 ൽ അഞ്ജനയുടെ കത്തുകൾ,
  • 2008 ൽ തേജ്നാ സുരേഷിന്റെ വാങ്മയചിത്രങ്ങൾ ,
  • 2012 ൽ ആര്‍ ജീവനിയുടെ മുടിക്കുത്തി
പതിമൂന്നു വര്‍ഷം മുമ്പാണ് ഞാന്‍ പറമ്പില്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നത്. കുഞ്ഞെഴുത്തുകാരുടെ തുഞ്ചന്‍ പറമ്പാണ് പറമ്പില്‍ സ്കൂള്‍. ആ വര്‍ഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ ഫര്‍സാനയുടെ ഡയറിക്കുറിപ്പുകളും അഞ്ജനയുടെ കത്തുകളും ഡി വിനയചന്ദ്രന്‍ എഴുതിയ ആമുഖക്കുറിപ്പും ചര്‍ച്ചാവിഷയമായി. എങ്ങനെയാണ് രചനകളെ വിലയിരുത്തേണ്ടത് എന്നതിന് മികച്ച സാധ്യതയായി വിനയചന്ദ്രന്റെ കുറിപ്പ്. ഗുണാത്മകരീതിയിലുളള വിലയിരുത്തല്‍ രീതിയാണ് അതിലൂടെ ബോധ്യപ്പെട്ടത്.
  • ഫർസാനയുടെ ഡയറിക്കുറിപ്പുകൾ കോഴിക്കോട് ഡയറ്റ് പുറത്തിറക്കിയ അധ്യാപകരുടെ കൈപ്പുസ്തകത്തിലൂടെ ആദരിക്കപ്പെട്ടു. മാത്രമല്ല മാതൃഭൂമി തങ്ങളുടെ ഡയറികളുടെ പരസ്യത്തിനു വേണ്ടി ഈ പുസ്തകത്തിലെ ഒരധ്യായം തന്നെ ഉപയോഗിച്ചു.
  •   ഉജ്വലിന്റെ രേഖാചിത്രങ്ങൾ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. പത്രത്തില്‍ വാര്‍ത്തയായി. മാതൃഭൂമി ഉജ്വലിനെ ആലപ്പുഴയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ആ വർഷം കേരളം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങൾ വി എസ അച്യുതാനന്ദന്റെ മണ്ഡലത്തിൽ പര്യടനം നടത്തി ഉജ്വലിനെ കൊണ്ട് വരപ്പിച്ചു. ഈ ഡ്രോയിങ്ങുകൾ മാതൃഭൂമിയുടെ സ്റ്റേറ്റ് പേജിൽ വലിയ ഫീച്ചറായി ഒരാഴ്ചയോളം പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം സർഗാത്മകമായി മാറിയതിന്റെ പ്രതിഫലനങ്ങളായിരുന്നു ഇത്. പറമ്പില്‍ സ്കൂളുകാര്‍ പറയുന്നത് എല്ലാ വിദ്യാലയങ്ങളിലും എഴുത്ത് സഹജസര്‍ഗാത്മകവൈഭവമായുളള കുട്ടികളുണ്ട് . അവരെ സിലബസിനു പുറത്താക്കി നിറുത്തിയിരിക്കുകയാണ് വിദ്യാലയങ്ങള്‍.അവര്‍ ഈ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍...
  • ആർ ജീവനി ഇന്ന് കേരളത്തിലെ പുതിയ എഴുത്തുകാരിൽ അറിയപ്പെടുന്ന ഒരു കവിയാണ്. ജീവനിയുടെ രണ്ടു കവിതാസമാഹാരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി.
  • അഫറ എന്ന അഞ്ചാം ക്ലാസുകാരി വരച്ച അപൂർവമായ കാർട്ടൂൺ ചിത്രങ്ങളുടെ പ്രദർശനം 2002ൽ നടക്കുമ്പോൾ കാർട്ടൂൺ എന്നത് പാഠപുസ്തകങ്ങളുടെ ഭാഗമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇന്നലെ പറമ്പില്‍ സ്കൂള്‍ എന്നെ വിളിച്ചു. അഭയ് ശങ്കറിന്റെ ഡയറിക്കുറിപ്പ് വായിച്ച് പ്രതികരണം അറിയിക്കണമെന്ന് .അവരുടെ വിളി ഓര്‍മയുടെ സുഗന്ധമായി നിറഞ്ഞു. എന്റെ പുസ്തകശേഖരത്തില്‍ പറമ്പിലന്റെ കുഞ്ഞുപുസ്തകങ്ങള്‍ മയില്‍പ്പീലിപോലെ സൂക്ഷിക്കുന്നതിനാലാകണം ആഹ്ലാദത്തില്‍ മനസ് തുടിച്ചത്. വാട്സാപ്പിലൂടെ അഭയ്ശങ്കറിന്റെ ഡയറിത്താളുകള്‍ ഓരോന്നായിവന്നുകൊണ്ടിരുന്നു. നല്ല തിരക്കുണ്ടായിരുന്ന ദിവസമാണ്. പക്ഷേ അതിനെയെല്ലാം മറികടന്ന് ഡയറിക്കുറിപ്പുകള്‍ എന്നെ വശീകരിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഭയ് ശങ്കറിന്റെ ഡയറിയിലൂടെ പറമ്പില്‍ സ്കൂളിനെയും വായിച്ചെടുക്കാം. ഉടന്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന ആ ഡയറിയിലെ കുറേ ഭാഗങ്ങള്‍ ഇവിടെ പങ്കിടാം

.
 

ഡയറിയോട് ഞാന്‍ ഇങ്ങനെ പ്രതികരിച്ചു.

ഈ ഡയറിയിലെ ഓരോ പേജും കൗതുകത്തിന്റെ ഒരു "യമണ്ടൻ" ലോകമാണ്. വരികളും വാക്കുകളും ചിറകുകൾ വീശി അക്കരെ ഇക്കരെ പറന്നണയുന്ന അനുഭവം.ഇത്രയും സൂക്ഷ്മ മായി , തന്നിലൂടെ കടന്നു പോകുന്നതിനെയെല്ലാം നിരീക്ഷിക്കുകയും അതിനൊത്ത ഭാഷയിൽ
ആവിഷ്കരിക്കുകയും ചെയ്യുമ്പോൾ  അഭയ് ശങ്കർ പുതിയ ലോകം കണ്ടെത്തുന്നു. എത്ര വൈവിധ്യമുള്ള കാഴ്ചകൾ!പഞ്ചേന്ദ്രിയങ്ങളെല്ലാം ചിന്തകളുടെ  നവീനതയിൽ  പ്രധാന പങ്കു വഹിക്കുന്നുണ്ട്.. ജീവജാലങ്ങൾക്ക് പ്രകൃതി നൽകുന്ന ജീവനകലയെ കിളികളിലും  പൂച്ചകളിലും  തിരിച്ചറിയുന്ന മനസ്. മരടിലെ ഫ്ളാറ്റുകൾക്കും
സജീവതയുടെ ഒരു ജീവിതമുണ്ടെന്ന് ആ ദിനം ചരിത്രത്തിൽ രേഖപ്പെടുത്തുന്ന  താളും നാളും പറയുന്നു. ഡയറി എങ്ങനെയാണ് ജീവിതപുസ്തകമാകുന്നതെന്ന് ഈ എഴുത്ത് പറഞ്ഞു തരുംസിനിമയും സംഗീതവും ചേർന്നൊഴുകിയ പുഴ ഭാഷാസൗന്ദര്യത്തിന്റെ കടൽ സൃഷ്ടിക്കുന്നു. കുട്ടികൾക്ക് അസുഖം വരുന്നുവെന്ന കേവലാനുഭവത്തെ   ശരീരവും മനസ്സും ചേർന്നൊരുക്കുന്ന പ്രതിരോധത്തിന്റെ  കനത്ത വാതിലിനു മുന്നിൽ തടഞ്ഞു നിർത്തുന്നത് നമുക്ക് വായിക്കാം. വസ്തുതാപരമാണ് കുറിപ്പുകൾപ്രതീക്ഷയുടെ  കിളിമുട്ടകളെ ചിലേടങ്ങളിൽ സൂക്ഷിച്ചിട്ടുമുണ്ട് . നിരീക്ഷണങ്ങളും നിലപാടുകളും സ്വയം വിശദീകരണ സ്വഭാവമുള്ളവയാണ്.വായനക്കാരുടെ "ഹൃദയത്തിന്റെ തുടുപ്പ്" കൂടുന്നതും  ആത്മാംശം കലരുന്ന ഈ എഴുത്ത് നൽകുന്ന അനുഭൂതി കൊണ്ടുതന്നെ. മറവിയും മനുഷ്യത്വമില്ലായ്മയും കൂടിവരുന്ന ലോകത്തിൽ ഇപ്രകാരം നൻമ വിളയുന്ന രചനകൾ കുട്ടികൾക്കു രൂപപ്പെടുത്താൻ കഴിയുന്നത് നിരന്തരം അവരെ പുതുക്കുന്ന സർഗാത്മകക്ളാസ് മുറികൾ



പാoപുസ്തകത്താളുകളിൽ മാത്രമായി പരിമിതപ്പെടാത്തതുകൊണ്ടാണ്. പറമ്പിൽ സ്കൂൾ എഴുത്തുകാരുടെ വിദ്യാലയമാണ്. ഓരോ ക്ലാസും ഇവിടെ ജീവിതത്തിന്റെ വായനശാലകളാകുന്നു .അധ്യാപനകല  ഓരോ കുട്ടിയെയും ഉത്കൃഷ്ടമാക്കുന്ന രാസപ്രവർത്തനമാണ് എന്ന് ഈ ഡയറി സാക്ഷ്യപ്പെടുത്തുന്നു. അധ്യാപകരുടെ നിർണായകമായ ഇടപെടലുകൾ അവിടെ തുറന്ന ചർച്ചാവേദി ഒരുക്കുന്നു.   അവധി ദിനങ്ങൾ അധ്യാപകർക്ക് നല്ല ദിവസങ്ങളല്ലെന്ന് അഭയ് നിരീക്ഷിക്കുന്നത് അതിനാലാണ്അകിരോ കുറസോവയുടെ സിനിമ കാണുമ്പോൾ ജാപ്പനീസ് സംസ്കാരത്തിന്റെ  നേർചിത്രം തെളിച്ചെടുക്കുന്നതുപോലെ അതിർവരമ്പുകളില്ലാത്ത ഭൂമിയെക്കുറിച്ചു സ്വപ്നങ്ങൾ വിടർത്താൻ അഭയ് ശങ്കറിന് കഴിയുന്നു. തന്നെ സ്വാധീനിച്ച  ദൈനംദിന അനുഭവങ്ങൾ അങ്ങനെ ഭാവിയുടെ അക്ഷര വരവേൽപ്പിന്റെ ആമുഖമാകുന്നു. അതിങ്ങനെ എഴുതി നിറഞ്ഞുള്ള തുടർയാത്രയാകുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവരുടെ എണ്ണം കൂടും. അങ്ങനെ വായിച്ചും പറഞ്ഞുമാണ്  ഈ ലോകത്തിന്റെ പുസ്തകം ഇത് റയും വലുതായത്. ദേഅതിലുണ്ട് ഈ ഡയറിക്കുറിപ്പുകളെല്ലാംവായിച്ച് ഓരോരുത്തർക്കുള്ളതുമെടുക്കാം. മഴത്തുള്ളിയുടെ ഉള്ളിലെ മഴവില്ലാണ് ഈ ഡയറി. വേറിട്ട ചിന്തയുടെ പരിശുദ്ധമായ ജലാഭിഷേകത്തിൽ നമ്മെ വിസ്മയിപ്പിക്കുന്ന എഴുത്ത്.

മറ്റെന്തെല്ലാമാണ് പറമ്പില്‍പെരുമകളില്‍ ഉളളത്?
  • വയോജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊജക്ട് . കുട്ടികൾ സ്‌കൂളിന് ചുറ്റുമുള്ള വൃദ്ധജനങ്ങളെ സന്ദർശിക്കുകയും ശനിയാഴ്ചകളിൽ അവരോടൊത്ത് ഏറെ സമയം ചെലവഴിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമായിരുന്നു അത്. കുട്ടികൾ ആ വയോജനങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കു ചേരുകയും അവരിൽ നിന്നും, കാലഹരണപ്പെടുന്ന ഒരു സംസ്കാരത്തിന്റെ അന്തർ വിനിമയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു
    വൃദ്ധസദനസംസ്കാരത്തിനെതിരെ ഒരു വിദ്യാഭ്യാസസ്ഥാപനം നടത്തുന്ന പ്രതിരോധപ്രവർത്തനം
  • വിദ്യാലയനാടകസംഘം- ഈ നാട്യസംഘം ഒരു നാടകം രൂപപ്പെടുത്തി. നാടിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ചു. ലഭിച്ച വരുമാനം നാട്ടിലെ ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും നല്കി. ആവിഷ്കാരത്തിന്റെ ലക്ഷ്യം ആശ്വാസം പകരലായി. കുട്ടികളുടെ വലിയ സാമൂഹ്യപാഠമാണത്.
  • പൊതുകൃഷി. കെ എം അനന്തേട്ടന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പി ടി എ യും എസ് എസ് ജി യും മാതൃസമിതിയും ഒത്തുചേർന്നു കൃഷി ആരംഭിച്ചു. അതിന്റെ വിളവ് പൊതുസമൂഹം ഉപയോഗിക്കുകയും ചെയ്ത ഒരു മാതൃകാ പ്രവർത്തനമായിരുന്നു ഇത്. ആർക്കു വേണമെങ്കിലും വിളവെടുക്കാം എന്നതായിരുന്നു ഇതിന്റെ സന്ദേശം. എന്റേത്, നിന്റേത് എന്ന മനോഭാവത്തിൽ നിന്നും നമ്മുടേത് എന്ന മാനസികാവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുക എന്നതായിരുന്നു ഈ പ്രോജക്ടിന്റെ ലക്‌ഷ്യം. താൻ സമൂഹത്തിനു വേണ്ടിയും സമൂഹം തനിക്കു വേണ്ടിയും എന്ന അടിസ്ഥാനവീക്ഷണം കുട്ടികളിൽ രൂപപ്പെടാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു ഇത്. ഉദാത്തമായി ചിന്തിക്കുന്ന അധ്യാപകരുളള വിദ്യാലയത്തിലേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കൂ.
  • ഈ വിദ്യാലയത്തിൽ നടന്ന ഇത്തരം സവിശേഷ പ്രവർത്തനങ്ങളാണ് എട്ടാം ക്ലാസ് മലയാളം കേരളപാഠാവലിയിലെ ഒന്നാമത്തെ പാഠത്തിന്റെ പ്രവേശകമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിദ്യാലയവും സമൂഹവും ഒന്നായി മാറിയ ഒരപൂർവതക്കുള്ള ഒരു അംഗീകാരമായി ഇതിനെ കാണാം

  • മനോരമ ചാനല്‍ പറമ്പില്‍ സ്കൂളിനെ ഇങ്ങനെ പരിചയപ്പെടുത്തി "വിദ്യാര്‍ഥികളെ രാവിലെ ശാസ്ത്രീയ സംഗീതം കേള്‍പ്പിച്ച് പഠനം തുടങ്ങുന്ന ഒരു സ്കൂളുണ്ട് കോഴിക്കോട് വടകരയില്‍. വില്യാപ്പള്ളി പറമ്പില്‍ എല്‍.പി സ്കൂളിലാണ് ഈ വേറിട്ട പഠന രീതി. ഇങ്ങനെയാണ് പറമ്പില്‍ എല്‍.പി സ്കൂളിലെ കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത്.ക്ലാസിനു മുന്‍പ് 10 മിനുട്ട് പാട്ടു കേള്‍ക്കും.അഞ്ചു വര്‍ഷമായി ഈ രീതി തുടരുന്നു. ഇതു മാത്രമല്ല സ്ഥിരമായി യോഗ പരിശീലനവും ഉണ്ട്. ശാസ്ത്രീയ സംഗീതത്തിലെ പ്രഗല്‍ഭന്‍മാരുടെ പാട്ടുകളാണിവര്‍ കേള്‍ക്കുന്നത്.ഒാര്‍മശക്തിയും ഏകാഗ്രതയും വര്‍ധിക്കാന്‍ കുട്ടികള്‍ക്ക് ഇത് സഹായകരമാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍. സംഗീത ലോകത്തെ പ്രമുഖരെ കുറിച്ചുള്ള വിവരണവും ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്.”
  • അതെ , 2004 മുതൽ ഈ വിദ്യാലയത്തിൽ രാവിലെ പഠനം തുടങ്ങുന്നതിനു മുമ്പ് സഹജയോഗ ചെയ്തു വരുന്നു. പ്രഭാതത്തിലെ പ്രാർഥനാ വേളയിൽ ലോകസംഗീതമാണ് കുട്ടികളെ കേൾപ്പിക്കുന്നത്. ബഡാ ഗുലാംഅലിഖാനും ഫരീദ ഖനുമും പണ്ഡിറ്റ് ജസ്‌രാജൂം ചെമ്പൈ വൈദ്യനാഥ അയ്യരും ടി എം കൃഷ്ണയും ബിഥോവന്റെ സിംഫണികളും ഇവിടുത്തെ കുട്ടികൾക്ക് പരിചിതമാണ്.കേൾവിയുടെയും കാഴ്ചയുടെയും സംവേദനതലം കലാത്മകമാകുന്ന ഒരു പാരമ്പര്യം വർഷങ്ങളായി ഈ വിദ്യാലയത്തിനുണ്ട്.
    • പുതിയ പാഠ്യപദ്ധതിയോടുളള സമീപനത്തെക്കുറിച്ച് വിദ്യാലയം പറയുന്നതിങ്ങനെ-1990 കളിൽ പഠന രീതിയിലും പഠന പ്രക്രിയയിലും കാതലായതും സമഗ്രവുമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേരള സംസ്ഥാനത്ത് ഒരു പുതിയ പാഠ്യപദ്ധതി പ്രൈമറി തലത്തിൽ നിലവിൽ .വന്നു. അതിന്റെ ചുവടുറപ്പിച്ച് അധ്യയനത്തിലും അധ്യാപനത്തിലും പ്രക്രിയാബന്ധിതവും പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം പറമ്പിൽ എൽ പി സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പാഠ്യപദ്ധതിയുടെ ഘടനയിലുണ്ടാകുന്ന മാറ്റത്തോടൊപ്പം പഠനാന്തരീക്ഷവും മാറേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലൂന്നിക്കൊണ്ട് 1995ൽ സ്കൂൾ ചുവരിൽ ലോകപ്രസിദ്ധ ചിത്രകാരനായ പാബ്ലോ പിക്കാസോയുടെ ഗോർണിക്ക എന്ന ചിത്രം വരച്ചുവക്കുകയുണ്ടായി. ജഡമായ സ്കൂൾ ചുവരുകൾ ക്യാൻവാസുകളാക്കി മാറ്റിക്കൊണ്ട് കാഴ്ചയുടെ സംവേദനതലം വൈവിധ്യമാർന്നതാക്കുന്ന ഒരു വ്യത്യസ്ത പ്രവർത്തനമായിരുന്നു ഇത്. ഇന്ന് പറമ്പിൽ എൽ പി സ്കൂളിന്റെ ചുവരുകൾ ഒരു ഗ്യാലറിയാണ്. ആൾട്ടാമിറയിൽ നിന്ന് തുടങ്ങുന്ന ലോക ചിത്രകലയുടെ വികാസ പരിണാമങ്ങളുടെ രേഖപ്പെടുത്തലുകൾ സ്കൂൾ ചുവരിൽ കാണാം.  
  • സമൂഹത്തിന്റെ വിളഭൂമികളിൽ നിന്നാണ് ഏതൊരു വിദ്യാലയവും അതിന്റെ വിഭവങ്ങൾ കണ്ടെത്തുന്നത്. സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഈ കൊടുക്കൽ വാങ്ങലുകൾ പറമ്പിൽ എൽ പി സ്‌കൂളിൽ ഫലപ്രദമായി നടന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാനാവും
ചൂണ്ടുവിരല്‍ ബ്ലോഗ് പറമ്പില്‍ സ്കൂളിനെ അഭിമാനത്തോടെയാണ് പരിചയപ്പെടുത്തുന്നത്. പൊതുവിദ്യാലയം എന്നത് മാനവികതയുടെ മാനത്തിലേക്ക് സാമൂഹിക വീക്ഷണത്തിന്റെ ശാഖകള്‍ പടര്‍ത്തി സര്‍ഗാത്മകവഴിയില്‍ നിറഞ്ഞു പൂക്കുന്ന നന്മവൃക്ഷമാണ്. ഹൃദയത്തില്‍ വേരുളള പഠനം അവിടെ നടക്കുന്നു

അനുബന്ധം
ആര്‍ ജിവനിയുടെ കവിത
 

1 comment:

റോഷ്നി എറണാകുളം said...

ഡയറി എഴുതുന്ന പ്രക്രിയയുടെ ഭാഗമായി ജീവിക്കുന്ന ഡയറി കുറിപ്പുകൾ പരിചയപ്പെടുത്താറുണ്ട്. അഭയ്ശങ്കറിൻടെ വിസ്മയം തീർക്കുന്ന കുറിപ്പുകൾ ഉപയോഗിക്കുന്നു ഇത്തവണ. അഭിനന്ദനങ്ങൾ.. ആശംസകൾ.. പറമ്പിൽ സ്കൂൾ ടീം.