ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, September 12, 2025

അപ്പാണ്യവും പലഹാരപ്പാട്ടും- ആസൂത്രണക്കുറിപ്പ് മൂന്ന്

 ( പലഹാരപ്പാട്ടടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും വായനയിലും എഴുത്തിലും പിന്നാക്കം നില്‍ക്കുന്നവര്‍ എങ്ങനെ പങ്കാളികളാകും എന്നതിന്റെ വിശദാംശങ്ങളില്ല. പൊതുവായി നടത്താവുന്ന രീതിയാണുള്ളത്.അതിനാല്‍ ഓരോ പ്രവര്‍ത്തനവും അവര്‍ക്ക് നിരാശ സമ്മാനിക്കുന്നു. വ്യക്തിഗത പരിഗണനയും സഹപാഠികളുടെ പിന്തുണയുമില്ലെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് മുന്നേറാനാകില്ല. ഓരോ ക്ലാസിലും അവരുടെ ആത്മവിശ്വാസം കൂട്ടാനുള്ള കൈത്താങ്ങുതലം ഉണ്ടോ എന്ന് പരിശോധിക്കുകയും അത് ഉറപ്പാക്കുകയും വേണ്ടതുണ്ട്. അങ്ങനെയുള്ള ഭിന്നതല ആസൂത്രണക്കുറിപ്പ് വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്)

ക്ലാസ്: മൂന്ന്

വിഷയം മലയാളം

യൂണിറ്റ്: മൂന്ന്

പാഠത്തിൻ്റെ പേര്: പലഹാരക്കൊതി

ടീച്ചറുടെ പേര്സൈജ എസ്

ഗവ എൽ പി എസ് കൊല്ലൂർവിള , കൊല്ലം

കുട്ടികളുടെ എണ്ണം :.......

ഹാജരായവർ: .......

തീയതി : ..…../ 2025

പ്രവർത്തനം അപ്പാണ്യവും പലഹാരപ്പാട്ടും

പഠനലക്ഷ്യങ്ങള്‍

കവിതയില്‍ അടങ്ങിയ വിവിധ താളങ്ങള്‍ തിരിച്ചറിഞ്ഞ് താളം പിടിച്ച് ചൊല്ലി രസിക്കുക

കരുതേണ്ട സാമഗ്രികള്‍: പലഹാരപ്പാട്ടുകള്‍ എഴുതിയ ചാര്‍ട്ട്

സമയം മുപ്പത് മിനിറ്റ്

ഘട്ടം ഒന്ന് അപ്പാണ്യം ആസൂത്രണം തുടര്‍ച്ച

അപ്പാണ്യത്തിന് പലഹാരപ്രദര്‍ശനം മാത്രം മതിയോ?

  • പലഹാരപ്പാട്ട് മത്സരം

  • ചിത്ര പ്രദര്‍ശനം വേണം

  • പാചകക്കുറിപ്പെഴുത്ത് മത്സരം

  • പലഹാരച്ചൊല്ലുകള്‍ മത്സരം

  • ആഹാരവുമായി ബന്ധപ്പെട്ട കടങ്കഥപ്പയറ്റ്

  • പലഹാരവിവരണം

  • പരസ്യം വേണം ( പോസ്റ്റര്‍)

എല്ലാം ഒരു ദിവസം നടത്താന്‍ സമയം തികയുമോ? ഉത്സവത്തിനൊക്കെ പലദിവസങ്ങളായി പരിപാടികള്‍ നടത്തുന്നത് കണ്ടിട്ടില്ലേ? നമ്മള്‍ക്ക് അതുപോലെ ആലോചിച്ചാലോ?

ദിവസം

പരിപാടികള്‍

സംഘാടന ചുമതല

ഒന്ന്

പലഹാരപ്പാട്ട് മത്സരം, പോസ്റ്റര്‍ രചനാമത്സരം

പഠനക്കൂട്ടം ഒന്ന്

രണ്ട്

പാചകക്കുറിപ്പെഴുത്ത് മത്സരം, കടങ്കഥപ്പയറ്റ്

പഠനക്കൂട്ടം രണ്ട്

മൂന്ന്

പലഹാരച്ചൊല്ലുമത്സരം പലഹാരവിവരണം-മത്സരം

പഠനക്കൂട്ടം മൂന്ന്

നാല്

അപ്പാണ്യം പ്രദര്‍ശനം ( പലഹാരങ്ങള്‍, ചിത്രം)

പഠനക്കൂട്ടം നാല്

സംഘാടനച്ചമുതലയുള്ളവര്‍ ചെയ്യേണ്ടത്

  1. അതത് ദിവസത്തെ പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കുക

  2. സ്വാഗതം, ഉദ്ഘാടനം എന്നിവയുടെ ചമുതല ( പഠനക്കൂട്ടത്തിലെ അംഗങ്ങള്‍ തന്നെയാണ് പ്രസംഗിക്കേണ്ടത്)

  3. സമ്മാനവിതരണം

ഘട്ടം രണ്ട് പലഹാരപ്പാട്ട് മത്സരം തയ്യാറെടുപ്പ്

കുട്ടികള്‍ പഠനക്കൂട്ടമായി ഇരിക്കുന്നു. ചുവടെയുള്ള രണ്ട് പലഹാരപ്പാട്ടുകള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു.

പലഹാരപ്പാട്ടുകള്‍ വടിവില്‍ വ്യക്തതയോടെ എഴുതിയ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു

1

അപ്പം അപ്പം അച്ചപ്പം

കറുമുറെ തിന്നാം അച്ചപ്പം

അപ്പം അപ്പം ……...

………. തിന്നാം …………

2

അപ്പം അപ്പം ഇടിയപ്പം

കൂട്ടിന് മുട്ടക്കറിയുണ്ടോ?

അപ്പം അപ്പം പാലപ്പം

കൂട്ടിന് ……………….?

  • അവ പൂരിപ്പിക്കണം.

  • വ്യക്തിഗതമായാണ് പൂരിപ്പിക്കേണ്ടത്.

  • പഠനക്കൂട്ടത്തിലെ എല്ലാവരും വരികള്‍ എഴുതിയെടുക്കണം.

  • അതിന് ശേഷം ഒരാള്‍ സാവധാനം വായിക്കണം. തുടര്‍ന്ന് എഴുതണം.

  • എഴുതാന്‍ സഹായം വേണ്ടവര്‍ക്ക് അത് നല്‍കണം.

  • പല വാക്കുകള്‍ ചേര്‍ത്ത് പൂരിപ്പിക്കാം.

  • പൂരിപ്പിച്ച ഓരോ വാക്കിനും ഓരോ സ്കോര്‍, കൂടുതല്‍ സാധ്യത കണ്ടെത്തിയവര്‍ക്ക് കൂടുതല്‍ സ്കോര്‍, പഠനക്കൂട്ടത്തിനാണ് സ്കോര്‍.

  • എല്ലാവരുടെയും ബുക്കില്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനും സ്കോര്‍

പഠനക്കൂട്ടങ്ങളില്‍ വരികള്‍ പൂരിപ്പിച്ച ശേഷം റിഹേഴ്സല്‍ നടത്തണം.

ഘട്ടം മൂന്ന് പലഹാരപ്പാട്ട് മത്സരം

  • പഠനക്കൂട്ടങ്ങളുടെ അവതരണം. വിലയിരുത്തല്‍. ഓരോ പഠനക്കൂട്ടത്തിനും കിട്ടിയ സ്കോര്‍ രേഖപ്പെടുത്തുന്നു. ആ സ്കോര്‍ പഠനക്കൂട്ടത്തിലെ എല്ലാവരും അവരവരുടെ ബുക്കില്‍ രേഖപ്പെടുത്തണം

ആംഗ്യം, ഭാവം, താളം ഇവ പാലിച്ചും വാക്കുകള്‍ കൂട്ടിച്ചേര്‍ത്തും പലഹാരപ്പാട്ട് ചൊല്ലല്‍ മത്സരം

  • എല്ലാ പഠനക്കൂട്ടത്തിനും മാനത്തമ്പിളി വട്ടത്തില്‍ എന്ന പാട്ട് നല്‍കുന്നു. അത് ഓരോ വരി വീതം പഠനക്കൂട്ടത്തില്‍ കൈമാറി വായിക്കണം. വായനയില്‍ പ്രയാസം നേരിടുന്നവരെ സഹായിക്കണം. തുടര്‍ന്ന് ഏതെല്ലാം വാക്കുകള്‍ മാറ്റിച്ചൊല്ലാം എന്ന് ആലോചിക്കണം. ഉദാഹരണത്തിന് പത്തിരി ദോശ ചപ്പാത്തി എന്നത് പത്തിരി പൂരി ചപ്പാത്തി എന്നാക്കാം. താളം പാലിക്കണം.അതേ വരി പുതിയ വാക്ക് ചേര്‍ത്ത് വീണ്ടും ചൊല്ലാം.

മാനത്തമ്പിളി വട്ടത്തിൽ 

പത്തിരി, ദോശ, ചപ്പാത്തി 

പന്തു കണക്കെ കൊഴുക്കട്ട

പച്ചയുടുപ്പിട്ടിലയടയും 

ഇഡ്ഡലി, പുട്ട്, നൂലപ്പം

മധുരം കിനിയും നെയ്യപ്പം 

പല രൂപത്തിൽ പല വേഷത്തിൽ

പലഹാരങ്ങൾ നിരനിരയായ്

റിഹേഴ്സലിന് അവസരം. ഒരാള്‍ ഒരുവരി ചൊല്ലി മറ്റുള്ളവര്‍ ഏറ്റ് ചൊല്ലുന്ന രീതിയാണ് സ്വീകരിക്കേണ്ടത്. എല്ലാവര്‍ക്കും ചൊല്ലിക്കൊടുക്കാന്‍ അവസരം കിട്ടണം. സഹായിക്കാം.

പഠനക്കൂട്ടങ്ങളുടെ അവതരണം

സ്കോര്‍

  1. താളം പാലിച്ചതിന്

  2. അനുയോജ്യമായ ആംഗ്യവും ഭാവവും ഉപയോഗിച്ചതിന്

  3. പുതിയ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതിന്

  4. എല്ലാവര്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയതിന്

  5. വ്യക്തതയോടെ അവതരിപ്പിച്ചതിന്

രണ്ട് പ്രവര്‍ത്തനങ്ങള്‍ക്കും കൂടി കൂടുതല്‍ സ്കോര്‍ കിട്ടിയ ഗ്രൂപ്പിന് സമ്മാനം. ( എന്താണ് സമ്മാനം നല്‍കുക?)

ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പലഹാരപ്പാട്ടുകള്‍ വായനസാമഗ്രിയായി ഇടുന്നു. അത് വീട്ടിലുള്ളവരുടെ സഹായത്തോടെ വായിച്ച് ചൊല്ലിയിടണം.

1

ഹായി ഠായി മിഠായി

തിന്നുമ്പോളെന്തിഷ്ടായി 

തിന്നു കഴിഞ്ഞൂ കഷ്ടായി.

2

ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്

കൈതപ്പൊത്തിൽ വച്ചിട്ടുണ്ട്

അപ്പം തന്നാലിപ്പം പാടാം

ചക്കര തന്നാപ്പിന്നേം പാടാം

3

അരിയെടുത്തു പൊടിപൊടിച്ചു
പീര ചേർത്തു നനനനച്ചു
മുളയിലിട്ടു പുട്ടുചുട്ടു

കോലെടുത്തു കുത്തിയിട്ടു

പഴമെടുത്തു തൊലിതൊലിച്ചു

കുഴ കുഴച്ചു പരുവമാക്കി 

ഗുളിക പോലെയുരുളയാക്കി

അത് കഴിച്ചു വയർ നിറച്ചു.

4

പരത്തിപ്പറഞ്ഞാൽ പർപ്പടകം

ഒതുക്കിപ്പറഞ്ഞാൽ പപ്പടം

വേഗത്തിൽ പറഞ്ഞാൽ പപ്പ‌ടം

അത് ചുട്ടെടുത്തൊന്നമർത്തിയാൽ പ്ടം.

ഇതും കേൾപ്പിക്കാം

പലഹാരപ്പാട്ട്


അനുബന്ധം നോക്കുക

പ്രവര്‍ത്തനത്തിന്റെ പേര് പോസ്റ്റര്‍ രചനാമത്സരം

പഠനലക്ഷ്യങ്ങള്‍

  • സ്വന്തം അഭിപ്രായം പോസ്ററര്‍ രൂപത്തില്‍ ആവിഷ്കരിക്കുക ( ചിത്രങ്ങളും ആശയവിനിമയക്ഷമതയുള്ള വാക്യങ്ങളും നിറങ്ങളും ചേര്‍ത്ത് ആകര്‍ഷകമായി തയ്യാറാക്കുക)

കരുതേണ്ട സാമഗ്രികള്‍: പലഹാരപ്പാട്ടുകള്‍ എഴുതിയ ചാര്‍ട്ട്

സമയം പത്ത് മിനിറ്റ്

അപ്പാണ്യത്തിന്റെ പോസ്റ്റര്‍ തയ്യാറാക്കണം.

ഓരോ ദിവസത്തെയും പരിപാടികള്‍ സൂചിപ്പിച്ച്.

എന്തെല്ലാം കാര്യങ്ങള്‍ പോസ്റ്ററില്‍ വേണം ചര്‍ച്ച

  1. മുഖ്യപരിപാടിയുടെ പേര് ( അപ്പാണ്യം)

  2. എന്ന് നടക്കുന്നു? ( തീയതി)

  3. എപ്പോള്‍ നടക്കുന്നു ( സമയം)

  4. ഓരോ ദിവസത്തെയും പരിപാടികള്‍?

  5. ആരാണ് സംഘാടകര്‍ ( ക്ലാാസ്, പഠനക്കൂട്ടത്തിന്റെ പേര്)

  6. ചിത്രങ്ങള്‍ വേണമോ? ( വരച്ചത്, ഒട്ടിച്ചത്)

ഉള്ളടക്കം സംബന്ധിച്ച് ഓരോ പഠനക്കൂട്ടവും ധാരണയാക്കണം

തുടര്‍ന്ന് പേപ്പറിന്റെ എവിടെയെല്ലാം വിന്യസിക്കണം എന്ന് തീരുമാനിക്കുന്നു

പോസ്റ്റര്‍ മാതൃക

ടീച്ചര്‍ മാതൃകകള്‍ പരിചയപ്പെടുത്തുന്നു

  • പ്രാധാന്യം അനുസരിച്ച് ആയിരിക്കണം അക്ഷര വലുപ്പം, നിറം എന്നിവയും പ്രധാനം 

    • ആകര്‍ഷകമായിരിക്കണം വിന്യാസം
    • ശ്രദ്ധ പിടിച്ചുപറ്റുന്ന വാക്യങ്ങള്‍
    • ഒത്തിരി എഴുതി നിറയ്കരുത്
  • ഡമ്മി തയ്യാറാക്കല്‍. എ ഫോര്‍ പേപ്പറില്‍ പെന്‍സില്‍ വച്ച് പോസ്റ്ററിന്റെ ചെറുരൂപം തയ്യാറാക്കല്‍. എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം. സഹായം വേണ്ടവര്‍ക്ക് സഹായം നല്‍കണം.

ഓരോ ഗ്രൂപ്പിനും വലിയ ചാര്‍ട്ട് പേപ്പര്‍, സ്കെച്ച് പെന്‍ എന്നിവ നല്‍കുന്നു. ഒഴിവ് സമയം പോസ്റ്റര്‍ തയ്യാറാക്കണം. എല്ലാവരുടെയും കൈയക്ഷരം നിര്‍ബന്ധം. വടിവില്‍ എഴുതാനായി ആദ്യം പെന്‍സില്‍ വെച്ച് എഴുതിയ ശേഷം സ്കെച്ച് പേന വച്ച് എഴുതിയാല്‍ മതിയാകും.

 

അനുബന്ധം

ഇവ ക്ലാസ് വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിടുക 


എഴുത്തഴക് ഏറ്റെടുത്ത അധ്യാപകരുടെ പ്രതികരണങ്ങൾ ചുവടെ

1
പഠനക്കൂട്ടം രൂപീകരിച്ചു. പാഠത്തിലെ കുറച്ചു വാക്കുകൾ ഓരോ ഗ്രൂപ്പിനോടും എഴുതാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പിൽ ചർച്ച ചെയ്ത് ആ വാക്കുകൾ ഗ്രൂപ്പായി അവതരിപ്പിച്ചു.ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ടൈം ഗ്രൂപ്പ്‌ ലീഡർമാർ ആ വാക്കുകൾ ഗ്രൂപ്പിലെ മറ്റു കുട്ടികളെ വായിപ്പിക്കുക യും എഴുതിക്കുകയും ചെയ്തു. പ്രയോജനകരമായിരുന്നു. വരും ദിവസങ്ങളിലും തുടരും.
2
 ഇന്ന് ക്ലാസ്സിൽ പഠനക്കൂട്ടങ്ങൾ ഉണ്ടാക്കി. പാഠ ഭാഗത്തിലെ ഇഷ്ടപ്പെട്ട പദങ്ങൾ അടിവരയിട്ട് നോട്ട്ബുക്കിൽ എഴുതിച്ചു. തുടർന്ന് ബോർഡിൽ എഴുതാനുള്ള അവസരം നൽകി. എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് പ്രവർത്തനം ചെയ്തത്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വരെ ഇഷ്ടപ്പെട്ട പദങ്ങൾ എഴുതാൻ സാധിച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വളരെ താല്പര്യമുണ്ടാക്കി. ഇനി തിങ്കളാഴ്ചയും ഈ പ്രവർത്തനം ചെയ്യണമെന്ന് കുട്ടികൾ പറഞ്ഞു.
3
 ഇന്നലെ ക്ലാസ്സിൽ റീഡേഴ്‌സ് തീയേറ്റർ നടത്തി.
തിങ്കൾ മുതൽ പലഹാരക്കൊതിയന്മാർ വ്യക്തിഗത വായന തുടങ്ങിയിരുന്നു.
രസകരമായ അനുഭവം ആയിരുന്നു.
പൊന്നാനിചന്തയിൽ എന്താണിത്ര വിശേഷങ്ങൾ എന്ന വാക്യം ആണ് എടുത്തത്. വായനയെ വ്യത്യസ്ത അനുഭവമാക്കി.
പിന്നാക്കകാർക്ക് ആ വാക്യം വേഗത്തിൽ പഠിക്കാൻ ഒരു ആവേശം ഉണ്ടായി ☺️
മീര 
Glps kakkattupara
4
 ഇന്ന് ക്ലാസിൽ പഠനക്കൂട്ടങ്ങൾ ഉണ്ടാക്കി. പാഠഭാഗം വായിച്ച് ഇഷ്ടപദങ്ങൾ കണ്ടെത്തി വട്ടം വരയ്ക്കാൻ ആദ്യം നിർദ്ദേശ്ശം നൽകി. തുടർന്ന് നോട്ടു പുസ്തകത്തിൽ എഴുതിച്ചു. ഓരോ ഗ്രൂപ്പുകാർക്കും ബോർഡിൽ എഴുതാൻ അവസരം നൽകി. പിന്നോക്കം നിൽക്കുന്ന കുട്ടി എഴുതിയപ്പോൾ മറ്റു കുട്ടികൾ അക്ഷരങ്ങളും അടയാളങ്ങളും തിരിച്ചു പറഞ്ഞു കൊടുത്തു സഹായിച്ചു.
5
 ഇന്ന് ക്ലാസിൽ നടത്തിയ പ്രവർത്തനം 
 ചാർട്ട് പേപ്പറുകൾ വെട്ടി പദക്കാർഡുകൾ ഉണ്ടാക്കി - പലതരം പലഹാരങ്ങളുടെ പേര് എഴുതി.
 ശേഷം വരികൾ ബോർഡിൽ എഴുതി കുട്ടികളോട് വിട്ട ഭാഗത്ത് കാർഡുകളിലെ പലഹാരത്തിന്റെ പേര് എഴുതാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മറ്റു കുട്ടികൾ സഹായിച്ചുകൊണ്ട്  നല്ല രീതിയിൽ മക്കൾ  പ്രവർത്തനം പൂർത്തിയാക്കി
അമൃത
വിദ്യാസദനം മോഡൽ സ്കൂൾ പുറക്കാട്, കോഴിക്കോട്
6
 ഓരോരുത്തരും അവരവരുടെ ക്ലാസുകളിൽ ചെയ്യുന്ന പ്രവർത്തനം ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത് ഒരുപാട് ഗുണകരമായി അനുഭവപ്പെട്ടു നമുക്ക് ചേരുന്ന പ്രവർത്തനം അതിൽ നിന്നും തെരഞ്ഞെടുത്തു നമ്മുടെ ക്ലാസുകളിലും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട് ഈ ഒരു ഗ്രൂപ്പ് തുടങ്ങിയ ടീച്ചറിനു ഒരുപാട് നന്ദി🙏
7
 ഇന്ന് ക്ലാസ്സിൽ നടത്തിയ പ്രവർത്തനം
കുട്ടികൾ ഇഷ്ടമുള്ള പലഹാരങ്ങളുടെ  പേരുകൾ പാഠഭാഗത്ത് നിന്നും കണ്ടെത്തി. കണ്ടെത്തിയവ നോട്ട്ബുക്കിൽ എഴുതി.
പലഹാരങ്ങൾ ആയതുകൊണ്ട്തന്നെ എഴുതാനും വലിയ ഉത്സാഹമായിരുന്നു.
തുടർന്ന് നേരത്തെ തയ്യാറാക്കിയ അക്ഷരമാല ചാർട്ട് പ്രയോജനപ്പെടുത്തി പഠനകൂട്ടങ്ങളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും 
പലഹാരങ്ങൾ അക്ഷരമാല ക്രമത്തിൽ എഴുതി ക്ലാസിൽ അവതരിപ്പിച്ചു. 
ഈ പ്രവർത്തനം മലയാള അക്ഷരങ്ങൾ പിന്നോക്കം നിൽക്കുന്ന കുട്ടികളെ  ഓർമ്മപെടുത്താനും
അക്ഷരങ്ങൾ ഉറപ്പിക്കാനും സാധിച്ചു.
( പിന്നോക്കം നിൽകുന്ന കുട്ടികളിൽ മറവി കൂടുതലായീ കണ്ടുവരുന്നു. ഇതിനു പരിഹാരമായി എന്നും അക്ഷരങ്ങൾ മലയാളം ഡയറിയിൽ എഴുതിക്കാൻ തുടങ്ങി.)
Jismi
GUPS Vellanchery 
Malappuram
 8 
 ഞാനിന്ന് 
അപ്പം അപ്പം ഇടിയപ്പം 
എനിക്കിഷ്ടം നൂലപ്പം 
എന്ന് തുടർന്ന് എഴുതാൻ പറഞ്ഞപ്പോൾ ക്ലാസ്സിലെ എല്ലാ കുട്ടികളും എഴുതി.
വളരെയധികം സന്തോഷം തോന്നി. പഠനക്കൂട്ടങ്ങൾ നിലവിലുണ്ടെങ്കിലും ഒരു മത്സര രൂപത്തിൽ പ്രവർത്തനങ്ങൾ നൽകിയത്  ഒന്നുകൂടി ഫലവത്തായി അനുഭവപ്പെട്ടു.
9
 പിന്നോക്കകാർ വീണ്ടും ബോർഡിൽ എഴുതാൻ താൽപര്യം കാണിച്ചു. ഈ പ്രവർത്തനം നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
 Aswathy. GLPS Kuruthamcode. Trivandrum
10
ഇന്ന് ക്ലാസ്സിൽ പഠനക്കൂട്ടങ്ങൾ ഉണ്ടാക്കി. പാഠ ഭാഗത്തിലെ ഇഷ്ടപ്പെട്ട പദങ്ങൾ അടിവരയിട്ട് നോട്ട്ബുക്കിൽ എഴുതിച്ചു. തുടർന്ന് ബോർഡിൽ എഴുതാനുള്ള അവസരം നൽകി. എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് പ്രവർത്തനം ചെയ്തത്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വരെ ഇഷ്ടപ്പെട്ട പദങ്ങൾ എഴുതാൻ സാധിച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വളരെ താല്പര്യമുണ്ടാക്കി. ഇനി തിങ്കളാഴ്ചയും ഈ പ്രവർത്തനം ചെയ്യണമെന്ന് കുട്ടികൾ പറഞ്ഞു.
11
 ഇന്ന് ക്ലാസിൽ പലഹാരമേള നടത്തി. ഓരോരുത്തരും ഓരോ പലഹാരങ്ങൾ കൊണ്ടുവന്നു. പലഹാര നിർമാണത്തിൽ കുട്ടികളുടെ പങ്കാളിത്തം വേണമെന്ന് PTA യിൽ തീരുമാനിച്ചിരുന്നു. ക്ലാസിൽ വെച്ച് അവർ കൊണ്ടുവന്ന പലഹാരത്തിന്റെ പാചക കുറിപ്പ് എഴുതി. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പലഹാര നിർമാണത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തു അപ്പോൾ അവർ ഘട്ടങ്ങൾ എഴുതാൻ വളരെയധികം താത്പര്യം കാണിച്ചു
റഷീദ  പി
ആവടുക്ക എൽ പി എസ്
കോഴിക്കോട്
12
പാഠഭാഗങ്ങളിലെ ഇഷ്ടപ്പെട്ട പദം പിന്നോക്കം നിൽക്കുന്നവരെക്കൊണ്ട് ഉറക്കെ പറയിക്കുകയും ബോർഡിൽ എഴുതിക്കുകയും ചെയ്തു. മറ്റ് കുട്ടികൾ തെറ്റ് തിരുത്തി എഴുതാൻ അവരെ സഹായിച്ചു. ബോർഡിൽ എഴുതാൻ  പിന്നോക്കം നിൽക്കുന്ന എല്ലാ കുട്ടികളും മുന്നോട്ട് വന്നു. 
മേഘ
വേശാല ഈസ്റ്റ് എ എൽ. പി സ്കൂൾ
കണ്ണൂർ
13
 മുന്തിരിങ്ങ എന്ന പാഠഭാഗത്തിലേക്ക് എത്തിയതേയുള്ളൂ. വാന്യയുടെ അമ്മ മുന്തിരിങ്ങ ആണല്ലോ പുറത്തുപോയി വരുമ്പോൾ കൊണ്ടുവന്നത്. നിങ്ങളുടെ അമ്മമാർ പുറത്തുപോയി വരുമ്പോൾ നിങ്ങൾക്ക് എന്തെല്ലാം കൊണ്ടുവരാറുണ്ട്..?
 ഓരോരുത്തരും വ്യക്തിഗതമായി നോട്ട്ബുക്കിൽ എഴുതി. തുടർന്ന് അഞ്ച് അംഗ ഗ്രൂപ്പിൽ ആവർത്തിച്ചു വരാത്ത രീതിയിൽ എ ഫോർ പേപ്പറിൽ ക്രോഡീകരിച്ചു. ( എല്ലാ കുട്ടികളുടെയും എഴു ത്ത് എ ഫോറിൽ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. അക്ഷരത്തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്ക് സഹപഠിതാക്കളുടെ സഹായം ഉറപ്പുവരുത്തി)
 ഗ്രൂപ്പുകളുടെ രേഖപ്പെടുത്തൽ ചാർട്ടിൽ ഒട്ടിച്ച് പ്രദർശിപ്പിച്ചു. ഗ്രൂപ്പിൽ  അക്ഷരമാല ക്രമത്തിലാക്കൽ.
ബോർഡിൽ എഴുതിക്കുന്നതിനുള്ള സമയം കിട്ടിയില്ല
14
 പഠനക്കൂട്ടം രൂപീകരിച്ചു. പാഠത്തിലെ കുറച്ചു വാക്കുകൾ ഓരോ ഗ്രൂപ്പിനോടും എഴുതാൻ ആവശ്യപ്പെട്ടു. ഗ്രൂപ്പിൽ ചർച്ച ചെയ്ത് ആ വാക്കുകൾ ഗ്രൂപ്പായി അവതരിപ്പിച്ചു.ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ടൈം ഗ്രൂപ്പ്‌ ലീഡർമാർ ആ വാക്കുകൾ ഗ്രൂപ്പിലെ മറ്റു കുട്ടികളെ വായിപ്പിക്കുക യും എഴുതിക്കുകയും ചെയ്തു. പ്രയോജനകരമായിരുന്നു. വരും ദിവസങ്ങളിലും തുടരും.
15
ഞാനും ഇന്ന് അപ്പം അപ്പം നെയ്യപ്പം പോലെ നാലു പലഹാരങ്ങൾ വെച്ച് അവരുടെ ഇഷ്ടത്തിന് വരികൾ കൂട്ടിച്ചേർക്കാൻ പറഞ്ഞു അത് അവരെല്ലാരും ചെയ്തു.. പിന്നെ ഇഷ്ടമുള്ള വാക്കുകൾ കണ്ടെത്തി എഴുതാൻ പറഞ്ഞു. അതിൽ പുറകോട്ട് നിൽക്കുന്നവർ വാക്കുകൾ എഴുതിയപ്പോൾ അപ്പാണ്യോ? മണിയനും, പൊന്നാനിച്ചന്തവരെ എന്നൊക്കെ എഴുതി.. തുടർന്ന് ഞാൻ വാക്കുകൾ മാത്രം എഴുതുന്നതിന്റേം അത് വാചകം ആക്കുമ്പോഴത്തെയും വ്യത്യാസം പറഞ്ഞു കൊടുത്തു... പിന്നെ വാക്കുകൾ കുറച്ചു കൊടുത്തിട്ട് അതിനെ വാചകം ആക്കുമ്പോൾ എങ്ങനെ മാറ്റം വരുന്നു എന്ന് അവരെക്കൊണ്ട് തന്നെ പറയിച്ചു. ഉദാഹരണം : മണിയൻ, ചോണൻ, പോയി, പൊന്നാനിച്ചന്ത എന്നിങ്ങനെ നാലു വാക്കുകൾ.. അവ ചേർത്ത് വെച്ച് വാചകം ആക്കുമ്പോൾ മണിയനും ചോണനും പൊന്നാനിച്ചന്തയിലേക്ക് അല്ലെങ്കിൽ പൊന്നാനിച്ചന്തയിൽ പോയി എന്നാണ് ആകുക.. അപ്പൊ ആ വാക്കുകളിൽ എങ്ങനെ, എന്തുകൊണ്ട് മാറ്റം വരുത്തി എന്നൊക്കെ വിശദീകരിച്ചു.. പിന്നെ അതുപോലെ തന്നെ കുറേ വാക്കുകൾ കൊടുത്തിട്ട് വാചകങ്ങൾ അവരെക്കൊണ്ട് പറയിച്ചു.. ഇനി അടുത്ത ക്ലാസിൽ വാക്കുകൾ കൊടുത്ത് വേണ്ട മാറ്റങ്ങൾ വരുത്തി അവരെക്കൊണ്ട് വാചകങ്ങൾ എഴുതിക്കാം എന്ന് കരുതുന്നു.. അങ്ങനെ ആവുമ്പോഴും എഴുത്തിൽ ഒരു ഫോക്കസ് വരുമല്ലോ.
പ്രിയ
എ എൽ പി സ്കൂൾ, തെക്കുമ്മല, പട്ടാമ്പി

No comments: