മനുഷ്യന്റെ കൈകള്‍
ലേഖനത്തിനും വായനയ്ക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ ( കൈപ്പുസ്തകം) ഇവയാണ്.
സമാനതാളത്തില്‍ വരികള്‍ നിര്‍മ്മിക്കുക
വിവരണം തയ്യാറാക്കുക ( ഖണ്ഡിക തിരിച്ച് )
തൊഴിലുമായി ബന്ധപ്പെട്ട വാക്കുകള്‍ കണ്ടെത്തുക
വാക്കുകള്‍ അക്ഷരമാലാ ക്രമത്തിലാക്കുക
ചിത്രം വായിച്ച് അഭിപ്രായം പറയുക
സമസ്തപദം പിരിച്ചെഴുത്ത് , ചേര്‍ത്തെഴുത്ത്
ചിഹ്നനം
വ്യാകരണ നിയമങ്ങള്‍ -കര്‍ത്താവ് കര്‍മം ക്രിയ
തൊഴിലുമായി ബന്ധപ്പെട്ട വിവരണം വായിക്കല്‍, പണിപ്പാട്ടുകള്‍ വായിക്കല്‍
ഭാവാത്മകമായ വായന
ഒരു പ്രവര്‍ത്തനത്തെ വിമര്‍ശാനാത്മകമായി പരിശോധിക്കുകയാണ്
പേജ് 146 ( സമാനതാളത്തില്‍ വരികള്‍ നിര്‍മ്മിക്കുക) നിലവില്‍ കൈപ്പുസ്തകത്തില്‍ നല്‍കിയിട്ടുള്ളത്.
കാക്കയിരിക്കുന്നു കാഞ്ഞിരക്കൊമ്പിന്മേല്‍
കാ കാ കാ കാ കാ കാ പാടിടുന്നു
കോഴിയിരിക്കുന്നു കോലായത്തിണ്ണയില്‍
……………………………………………..
തത്തയിരിക്കുന്നു താണമരത്തിന്മേല്‍
………………………………………….
നിര്‍ദേശിച്ചിരിക്കുന്ന പ്രക്രിയ
വ്യക്തിഗതമായി കൂട്ടിച്ചേര്‍ക്കല്‍
ഒരാളുടെ അവതരണം
പൊതുചര്‍ച്ച
ഭേദഗതി ( വാക്ക് മാറ്റല്‍)
കൂട്ടായി സൂചകങ്ങള്‍ വികസിപ്പിക്കല്‍
ഗ്രൂപ്പില്‍ ഓരോരുത്തരും എഴുതിയത് വായിച്ച് അവതരിപ്പിക്കട്ടെ
സൂചകങ്ങള്‍ വച്ച് ചര്‍ച്ച
മികച്ചത് ഗ്രൂപ്പ് അവതരിപ്പിക്കുന്നു ( എന്താണ് മികവ്? മറ്റുള്ളത് എന്തുകൊണ്ട് പരിഗണിച്ചില്ല?)
ടീച്ചര്‍വേര്‍ഷന്‍ അവതരിപ്പിക്കല്‍
സ്വന്തം രചനയെ മെച്ചപ്പെടുത്തല്‍
സൂചകങ്ങള്‍ വച്ച് മെച്ചപ്പെടുത്തല്‍ ( തുടര്‍പ്രവര്‍ത്തനം)
സൂചകങ്ങള്‍
നല്‍കിയ വരികളിലെ ആശത്തോട് യോജിക്കുന്ന വരി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്
താളം പാലിച്ചാണ് വരി ചേര്‍ത്തത്
അക്ഷരം ആവര്‍ത്തിച്ച് വരുന്ന രീതിയിലാണ് എഴുത്ത് ( ശബ്ദഭംഗി)
വിശകലനം |
വ്യക്തിഗതരചന നടത്തുമ്പോള്‍ എഴുതാന്‍ കഴിയാത്ത കുട്ടികളെ എങ്ങനെ തുടര്‍ഘട്ടങ്ങളിലേക്ക് നയിക്കും?
വ്യക്തിഗത രചന നടത്തുമ്പോള്‍ സൂചകങ്ങളെക്കുറിച്ച് ധാരണരൂപപ്പെട്ടിട്ടില്ല. നല്‍കിയ മാതൃക കൂട്ടായി വിശകലനം ചെയ്തിരുന്നുവെങ്കില്‍ വ്യക്തത ലഭിക്കുമായിരുന്നില്ലേ? (ഉദാഹരണം കാക്ക, കാഞ്ഞിരം, പുളിമരം എന്ന് പറഞ്ഞാലും ആശയം ശരിയാകും കാഞ്ഞിരം എന്ന മരം തെരഞ്ഞെടുത്തത് എന്ത് കൊണ്ടായിരിക്കും. കോഴി, തത്ത എന്നിവയുടെ കാര്യത്തിലും ശബ്ദഭംഗി ഘടകമാണോ?)
മൂന്നാമതായി നല്‍കിയ പ്രക്രിയ ഒരാളുടെ അവതരണമാണ്. അത് എല്ലാ കുട്ടികളുടെയും കാഴ്ചയുടെ തലത്തിലേക്ക് കൊണ്ടുവന്നാല്‍ ( ബോര്‍ഡില്‍ രേഖപ്പെടുത്തിയാല്‍) വിശകലനം സാധ്യമാകില്ലേ? സൂചകധാരണയില്ലാതെ വാക്ക് മാറ്റല്‍ പ്രക്രിയയാണ് നടക്കുന്നത്. ആ കുട്ടി അവതരിപ്പിച്ചതിനോടുള്ള പൊതു ചര്‍ച്ചയുടെ പ്രക്രിയ എന്താണ്?
ആറാമത്തെ പ്രക്രിയ ഓരോരുത്തരും വായിച്ച് അവതരിപ്പിക്കട്ടെ എന്നതാണ്. എന്താണ് ഓരോ അവതരണത്തോടുമുളള മറ്റുള്ളവരുടെ പ്രതികരണരീതി? ഓരോ അവതരണവും സൂചകങ്ങള്‍ വെച്ച് ചര്‍ച്ച ചെയ്യണം എന്നാണ്. ആശയത്തുടര്‍ച്ച ഉണ്ടോ? എന്താണ് തുടര്‍ച്ചയ്ക് വേണ്ടി നിര്‍ദേശിക്കാവുന്നത്? എന്ന് കുട്ടികള്‍ പറയുമ്പോഴല്ലേ അവതരണം നടത്തിയ കുട്ടിക്ക് നേട്ടം ഉണ്ടാകൂ.
ഒരു ഗ്രൂപ്പ് ചര്‍ച്ച നടന്നതിന് ശേഷം ഒരാളുടെ മാത്രം പൊതു അവതരണത്തിലേക്ക് തെരഞ്ഞെടുത്തത് ശരിയാണോ? സൂചകങ്ങള്‍ വച്ച് ഗ്രൂപ്പിന് വിലയിരുത്തി റിപ്പോര്‍ട്ട് ചെയ്താല്‍ പോരെ? ഉദാഹരണം ശബ്ദഭംഗി പാലിച്ച് മൂന്ന് പേര്‍ എഴുതി. അത് വായിക്കാം. എല്ലാ സൂചകങ്ങളും പാലിച്ച് രണ്ട് പേരാണ് എഴുതിയത്. ഗ്രൂപ്പിനെ പ്രതിനിധീകരിക്കാത്ത തെരഞ്ഞെടുപ്പ് അവഗണനയുടെ സംസ്കാരം വളര്‍ത്തും
ടീച്ചര്‍ വേര്‍ഷനെ ആരാണ് വിശകലനം ചെയ്യേണ്ടത്? ഓരോ ഗ്രൂപ്പിനും അവസരം കൊടുക്കണ്ടേ? മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം വയ്കാനുണ്ടെങ്കിലോ? ചോദ്യം ചെയ്യപ്പെടാത്ത തികഞ്ഞവ എന്ന രീതിയിലാണ് അധികാരഭാവത്തില്‍ ടീച്ചര്‍ വേര്‍ഷന്‍
ക്ലാസില്‍ പിന്നാക്കം നില്‍ക്കുന്നരുണ്ടാകും എന്ന ധാരണയില്ലാതെയാണ് പ്രക്രിയ. അവരുടെ ബുക്കില്‍ എന്താണ് ഉണ്ടാകുക? എപ്പോഴാണ് ടീച്ചര്‍ കൈത്താങ്ങ് നല്‍കുക?
പ്രക്രിയ ഇങ്ങനെയായാലോ?
ഭേദഗതി വരുത്തിയ പ്രക്രിയ
ടീച്ചര്‍ ചാര്‍ട്ടില്‍ പൂരിപ്പിക്കാനുള്ള വരികള്‍ പ്രദര്‍ശിപ്പിക്കുന്നു. സന്നദ്ധരായ കുട്ടികളെക്കൊണ്ട് സാവധാനം വായിപ്പിക്കുന്നു.
ഘട്ടം ഒന്ന്
പഠനപ്രശ്നാവതരണം. .ഈ വരികള്‍ ശ്രദ്ധിക്കുക. എന്തെല്ലാം സവിശേഷതകളാണ് ഈ വരികള്‍ക്കുള്ളത്? കണ്ടെത്താമോ? മൂന്ന് മിനിറ്റ് ആലോചനയ്ക്. നിര്‍ദ്ദേശിക്കുന്നവര്‍ സവിശേഷതകള്‍ പങ്കിടുന്നു
പക്ഷികളെക്കുറിച്ചാണ്
പക്ഷികള്‍ പല സ്ഥലങ്ങളില്‍ ഇരിക്കുന്ന കാര്യമാണ് പറയുന്നത്
പക്ഷികള്‍ എന്തോ ചെയ്യുന്ന കാര്യം പറയുന്നുണ്ട്
…………………………...
വിശകലന ചോദ്യങ്ങള്‍ ( കുട്ടികള്‍ പറയാത്തവ കേന്ദ്രീകരിച്ച്) ഉന്നയിക്കുന്നു
കാക്ക, കാഞ്ഞിരക്കൊമ്പിന്മേല്‍ എന്നാണ് പറയുന്നത്, പുളിമരക്കൊമ്പിന്മേല്‍ എന്ന് പറഞ്ഞാലും ആശയം ശരിയാകില്ലേ? കാഞ്ഞിരക്കൊമ്പ് തെരഞ്ഞെടുത്തത് എന്ത് കൊണ്ടായിരിക്കും? കോഴിയുടെയും തത്തയുടെയും കാര്യം നോക്കൂ. അക്ഷരാവര്‍ത്തനം കൊണ്ട് ശബ്ദഭംഗി വന്ന കാര്യത്തിലേക്ക് എത്തിച്ചേരുന്നു.
കാക്കയിരിക്കുന്നു കാഞ്ഞിരക്കൊമ്പിന്മേല്‍ കാ കാ കാ കാ കാ കാ പാടിടുന്നു എന്നതിലെ രണ്ടാം വരിയില്‍ കാ കാ പാടിടുന്നു എന്നെഴുതിയാലും ആശയം കൃത്യം. ശബ്ദഭംഗിയും ഉണ്ട്. എന്തുകൊണ്ടായിരിക്കും ആറ് കാ ചേര്‍ത്തത്. കാ കാ എന്നതിന്റെ എണ്ണം കുറച്ചും കൂട്ടിയും ചൊല്ലി നോക്കി താളത്തിന്റെ കാര്യത്തിലേക്ക് എത്തിച്ചേരുന്നു.
ഒന്നാമത്തെ വരിയുമായി ബന്ധപ്പെട്ടാണോ രണ്ടാം വരി? ഓരോ രണ്ട് വരികള്‍ക്കും തമ്മില്‍ ബന്ധമുണ്ടാകും
ഘട്ടം രണ്ട്
പഠനപ്രശ്നാവതരണം -ആറ് വരികളുള്ള ഈ പാട്ടില്‍ നാല് വരികളല്ലേ ഉള്ളൂ. ബാക്കിയുള്ള വരികള്‍ കൂട്ടിച്ചേര്‍ക്കാമോ? മറ്റൊരു പക്ഷിയെക്കുറിച്ച് രണ്ട് വരികളും ആകാം. അങ്ങനെ കൂട്ടിച്ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ പരിഗണിക്കണം?
സവിശേഷതകള്‍ പറയാമോ? നേരത്തെ നാം ചര്‍ച്ച ചെയ്തത് ഓര്‍ക്കണേ.
നല്‍കിയ വരികളിലെ ആശത്തോട് യോജിക്കുന്ന വരിയാകണം കൂട്ടിച്ചേര്‍ക്കേണ്ടത്യ
താളം പാലിച്ചാണ് വരി ചേര്‍ക്കേണ്ടത്
അക്ഷരം ആവര്‍ത്തിച്ച് വരുന്ന രീതിയിലെഴുതണം ( ശബ്ദഭംഗി)
പിന്നാക്ക പരിഗണന. ഈ പാട്ട് പൂരിപ്പിക്കാന്‍, കൂടുതല്‍ വരികള്‍ ചേര്‍ക്കാന്‍ പക്ഷികളുടെയും മരങ്ങളുടെയും പക്ഷികളിരിക്കുന്ന സ്ഥലങ്ങളുടെയും പേരുകള്‍ വേണം. പറയാമോ?
പക്ഷികളുടെ പേരുകള്‍ |
മരങ്ങളുടെ പേരുകള്‍ |
പക്ഷികളിരിക്കാവുന്ന മറ്റ് സ്ഥലങ്ങള്‍ |
പക്ഷികള്‍ ചെയ്യാവുന്ന കാര്യങ്ങള്‍ |
മൈന മയില്‍ കുയില്‍ മൂങ്ങ താറാവ് പൊന്മാന്‍ കുരുവി പരുന്ത് പ്രാവ് വേഴാമ്പല്‍ …………….. ……………….. |
പന പേഴ് തേക്ക് പൂവരശ് പാഴ് മരം പൂമരം വാക നെല്ലി പേര കാപ്പി ……………... |
കുറ്റിക്കാട്/പൊന്തക്കാട് മരപ്പൊത്ത് കുളക്കര മരച്ചില്ല കിളിക്കൂട് പുഴയോരം
………………………... |
പാടുന്നു ചികയുന്നു കൊത്തിപ്പെറുക്കുന്നു നീന്തുന്നു ആടുന്നു മഴ നനയുന്നു പഴം തിന്നുന്നു അടയിരിക്കുന്നു മുട്ടയിടുന്നു തീറ്റ തേടുന്നു
………………..
|
ഘട്ടം മൂന്ന്
കോഴിയിരിക്കുന്നു കോലായത്തിണ്ണയില്‍ എന്നതിന്റെ തുടര്‍ച്ച എഴുതാമോ? ( വ്യക്തിഗത രചന)
പഠനക്കൂട്ടമാകല്‍- എഴുതിയ/ എഴുതാനുദ്ദേശിച്ച കാര്യം പങ്കിടുന്നു. എഴുതാന്‍ കഴിയാതെ പോയവരും ആശയം പങ്കിടണം. ടീച്ചറുടെ കൈത്താങ്ങ് എഴുതാന്‍ നല്‍കണം. പഠനക്കൂട്ടങ്ങള്‍ക്കും എഴുതാന്‍ സഹായിക്കാം. എല്ലാവരുടെയും ബുക്കില്‍ രണ്ട് വരികളുണ്ട് എന്ന് ഉറപ്പാക്കണം. എഴുതിയത് വായിക്കണം.
ആശയപരമായ തുടര്‍ച്ചയുള്ളവ ഏതെല്ലാം? ( ശരി നല്‍കുക)
ശബ്ദഭംഗി വരുത്താനായി കഴിഞ്ഞവ ഏതെല്ലാം? മറ്റുള്ളവയില്‍ ഏത് വാക്ക് പകരം ചേര്‍ത്താല്‍ ശബ്ദഭംഗി വരും?
താളം വരുത്താന്‍ വാക്ക് മാറ്റണോ ചേര്‍ക്കണോ?
പഠനക്കൂട്ടങ്ങളുടെ അവതരണം. പഠനക്കൂട്ടങ്ങള്‍ പങ്കിടേണ്ടത്.
ആശയത്തുടര്‍ച്ചയോടെ എഴുതിയവരാരെല്ലാം?
ശബ്ദഭംഗി പാലിച്ചെഴുതിയവരാരെല്ലാം? ( ഉദാഹരണം)
താളം പാലിച്ചവരാരെല്ലാം? ( ഉദാഹരണം)
കൂട്ടായ ചര്‍ച്ചയിലൂടെ മെച്ചപ്പെടുത്തിയതേതെല്ലാം? ( ഉദാഹരണം)
കുട്ടികള്‍ പറയുന്ന വരികള്‍ ബോര്‍ഡില്‍ എഴുതണം.വ്യത്യസ്തമായ ചിന്ത പ്രോത്സാഹിപ്പിക്കണം. ശരി, സ്റ്റാര്‍ നല്‍കണം.
എഴുതിയ വരികളുടെ ചൊല്ലി താളം ക്രമപ്പെടുത്തുന്നു.
രചനാപരമായ പ്രശ്നവിശകലനം ( രചന നടക്കുമ്പോള്‍ ചുറ്റി നടന്ന് പ്രശ്നം കണ്ടെത്തി പേര് പറയാതെ പൊതുചര്‍ച്ചയ്ക് വിധേയമാക്കണം.
കോഴി ഇരിക്കുന്നു എന്ന് പിരിച്ചെഴുതിയവരുണ്ടോ?
കോലായ തിണ്ണയില്‍ എന്ന് എഴുതിയത് ചേര്‍ത്താണോ? ത ഇരട്ടിച്ചതെന്തുകൊണ്ട്?
കോ എഴുതിയപ്പോള്‍ ചിഹ്നം മാറിപ്പോയിട്ടുണ്ടോ?
ഈ എഴുതിയ വരികളില്‍ ഇഷ്ടപ്പെട്ടവ നിങ്ങള്‍ക്കും ബുക്കില്‍ എഴുതാം. ( കൂടുതല്‍ പിന്തുണ ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പിന്തുണ നല്‍കണം.)
കുട്ടികളുടെ അവതരണത്തിന് ശേഷം ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നു
കോഴിയിരിക്കുന്നു കോലായത്തിണ്ണയില്‍
കൊ കൊ കൊ കൊക്കകോ കൂവുന്നു. ( ടീച്ചര്‍ വേര്‍ഷന്‍)
ഘട്ടം നാല്
തത്തയിരിക്കുന്നു താണമരത്തിന്മേല്‍
തത്തയിരിക്കുന്നു അത്തിമരത്തിന്മേല്‍ എന്നെഴുതിയാല്‍ ശബ്ദഭംഗി ഉണ്ടാകുമോ?
അടുത്ത വരി പൂരിപ്പിക്കാമോ? ത്തയുടെ ആവര്‍ത്തനം വരാവുന്ന സാധ്യതകള്‍ ആലോചിക്കൂ.
ഘട്ടം മൂന്നിന്റെ പ്രക്രിയ.
കുട്ടികളുടെ അവതരണത്തിന് ശേഷം ടീച്ചര്‍ വേര്‍ഷന്‍ അവതരിപ്പിക്കുന്നു
വിത്തുകള്‍ കൊത്തിക്കൊറിക്കുന്നു.( ടീച്ചര്‍ വേര്‍ഷന്‍)
ഘട്ടം അഞ്ച്
പുതിയ പക്ഷികളെക്കുറിച്ച് വരികള്‍ എഴുതല്‍. നേരത്തെ രൂപീകരിച്ച ചാര്‍ട്ടിന്റെ സഹായത്തോടെ ഒന്നോ രണ്ടോ സാധ്യതകള്‍ ചര്‍ച്ച ചെയ്യാം. വ്യക്തിഗതമായി എഴുതല്‍. പുതിയ സാധതകള്‍ പ്രയോജനപ്പെടുത്താം.
ചാഞ്ഞ മരത്തിന്മേല്‍ മഞ്ഞക്കിളിയതാ
………………………………
( സാധ്യതാ വാക്കുകള്‍? കുഞ്ഞുങ്ങള്‍, മഞ്ഞപ്പഴങ്ങള്‍, മഞ്ഞ്, ………?)
മൈനയിരിക്കുന്നു മാമരച്ചില്ലയില്‍ എന്നാകാമോ? എങ്കില്‍ എന്താകാം തുടര്‍ച്ച.
…………………………………………
തുടര്‍ച്ച എഴുതി അനുയോജ്യമായ ചിത്രവും വരയ്കാമോ?
ഘട്ടം ആറ്
പൂര്‍ത്തീകരിച്ച വരികള്‍ പഠനക്കൂട്ടങ്ങളില്‍ ക്രോഡീകരിച്ച് താളത്തോടെ ചൊല്ലി അവതരിപ്പിക്കുന്നു.
പ്രതീക്ഷിത ഉല്പന്നം
എല്ലാവരുടെയും നോട്ട് ബുക്കില്‍ ഏട്ട് വരികളും ഉണ്ട്
വാക്കുകള്‍ ചേര്‍ത്തെഴുതേണ്ടിടത്ത് ചേര്‍ത്ത് എഴുതിയിട്ടുണ്ട്.
താളം, ശബ്ദഭംഗി, ആശയത്തുടര്‍ച്ച എന്നിവ പാലിച്ച് വരികള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
എഴുതിയ വരികള്‍ക്ക് അംഗീകാരമുദ്ര ലഭിച്ചിട്ടുണ്ട്. ( ശരി അടയാളം, സ്റ്റാര്‍)
ക്ലാസില്‍ ടീച്ചര്‍വേര്‍ഷനും കുട്ടികള്‍ എഴുതിയ വരികളും ചേര്‍ത്ത ചാര്‍ട്ട് ഉണ്ട്.
No comments:
Post a Comment