ആസൂത്രണക്കുറിപ്പ്:1
ക്ലാസ്:1
യൂണിറ്റ്: 5
പാഠത്തിൻ്റെ പേര്: മണ്ണിലും മരത്തിലും
ടീച്ചറുടെ പേര്: സിബി സലാം, ഗവ. ന്യൂ എൽ പി എസ്സ് ഇരവിപുരം, ചാത്തന്നൂർ ഉപജില്ല, കൊല്ലം
കുട്ടികളുടെ എണ്ണം: .......
ഹാജരായവർ: .....
തീയതി : ....../2025
ക്ലാസ് സജ്ജീകരണം
പാഠഭാഗം തുടങ്ങുന്നതിനു മുമ്പ് ക്ലാസിൽ ഒരു മരം സജ്ജീകരിക്കണം. ഇതിനായി കട്ടിയുള്ള മൂന്ന് ചാർട്ട് എടുത്ത് അതിൽ ഒരു മരം വരച്ച് വെട്ടിയെടുക്കുക. ചില്ലകളും ഇലകളും വരച്ച് നിറം നൽകി മനോഹരമാക്കുക. ഇതുപോലെ വെട്ടിയെടുത്ത മൂന്നു മരവും തുല്യ രണ്ടു ഭാഗമാകുന്ന രീതിയിൽ നടുവിലൂടെ മടക്കുക. ഒന്നാമത്തെ മരത്തിൻ്റെ ഒരു ഭാഗത്ത് മുഴുവനായി പശ തേച്ച് ആ ഭാഗം രണ്ടാമത്തെ മരത്തിൻ്റെ ഒരു ഭാഗത്തായി ഒട്ടിച്ചു ചേർക്കുക. അങ്ങനെ മൂന്നു മരത്തിന്റെയും ഓരോ ഭാഗങ്ങൾ തമ്മിൽ ഒട്ടിച്ച് ചേർത്ത് മരത്തെ സ്വതന്ത്രമായി നിൽക്കുന്ന രൂപത്തിൽ ആക്കുക. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കാൻ കഴിയുന്ന രീതിയിലാണ് ഈ മരം. പാഠഭാഗത്തെ കഥയുടെ പുരോഗതിക്ക് അനുസരിച്ച് ഈ മരത്തെ പ്രയോജനപ്പെടുത്തണം.
|
പ്രവർത്തനം - സംയുക്ത ഡയറി, കഥാവേള, വായനക്കൂടാരം. വായനപാഠം
പഠനലക്ഷ്യങ്ങൾ:
1. കഥാവേളകളിൽ ചെറു സദസ്സിനു മുമ്പാകെ കഥ ഭാവാത്മകമായി പറയുന്നു .
2. കേട്ടതോ വായിച്ചതോ ആയ കഥകൾ ആശയച്ചോർച്ചയില്ലാതെയും ഭാവം ഉൾക്കൊണ്ടും സ്വന്തം ഭാഷയിൽ അവതരിപ്പിക്കുന്നു .
3. കൂട്ടുകാർ വരച്ച ചിത്രങ്ങളിലെ സവിശേഷതകൾ കണ്ടെത്തി വിലയിരുത്തലുകൾ പങ്കിടുന്നു .
4. തൻ്റെ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും പരിചിത അക്ഷരങ്ങൾ ഉപയോഗിച്ച് ലളിതമായ വാക്യങ്ങളിൽ എഴുതി പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് നേടുന്നു.
5. പരിചിതാക്ഷരങ്ങളുളള ലഘുവാക്യങ്ങൾ,പദങ്ങൾ എന്നിവ ഒറ്റയ്കും സഹായത്തോടെയും വായിക്കുന്നു
പ്രതീക്ഷിത സമയം - 40 മിനുട്ട്
കരുതേണ്ട സാമഗ്രികൾ - കഥാപുസ്തകങ്ങൾ , വായനപാഠങ്ങൾ ,
പ്രക്രിയാവിശദാംശങ്ങൾ
സംയുക്ത ഡയറി പങ്കിടൽ 15 മിനുട്ട്
തെരഞ്ഞെടുത്ത ഒരു ഡയറി A3 പേപ്പറിൽ പ്രിൻ്റ് എടുത്തത് പരിചയപ്പെടുത്തുന്നു.
ഇന്ന് വീടിന് അപ്പുറത്ത് നിന്ന പപ്പായ കാക്ക കൊത്തി താഴെ ഇട്ടു.
കിളികളെല്ലാം കൊത്തിത്തിന്നു
*അക്ഷരബോധ്യച്ചാർട്ടിലെ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ വിളിക്കുന്നു
പ്പ, ത്ത എന്നീ അക്ഷരമുള്ള വാക്കുകള്‍ വായിക്കുക (പിന്തുണ വേണ്ട സ്വാതി, ശ്രീരാഖ്)
എ, ഒ എന്നീ സ്വരങ്ങളുടെ ചിഹ്നങ്ങൾ വരുന്ന വാക്കുകള്‍ (പിന്തുണ വേണ്ട ഫാത്തിമ, റിഷാൻ)
തുടർന്ന് വാക്യം മുഴുവൻ വായിക്കണം..
- ഡയറിയിലെ സവിശേഷതകൾ ചൂണ്ടിക്കാട്ടി അഭിനന്ദിക്കുന്നു. ( നോക്കൂ പപ്പായയില്‍ നിറയെ പഴുത്തതും പഴുക്കാത്തതുമായ കായകള്‍. ഇലയൊക്കെ പപ്പായയുടേത് തന്നെ. നല്ല പോലെ മനസ്സില്‍ പതിപ്പിച്ചിട്ടുണ്ട്. ഒരു കാര്യമാണ് എഴുതിയത്. കാക്ക കൊത്തിയിട്ടത് കിളികള്‍ക്ക് സദ്യപോലെയായി. കാക്ക പപ്പായ തിന്നാന്‍ വന്നതാണ്. പക്ഷേ കിളികള്‍ക്കാ കിട്ടിയത്. നന്നായി എഴുതി. വാക്കകലം പാലിച്ചിട്ടുണ്ട്)
ആ സവിശേഷതകൾ ഗുണാത്മകമായി ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കിടുന്നു
- ഹാജരായ എല്ലാ കുട്ടികളും ഡയറി എഴുതി എന്ന് ഉറപ്പാക്കൽ .
- മറ്റുള്ളവരുടെ ഡയറിക്കുറിപ്പുകൾ ഉച്ചനേരം വായിച്ച് അംഗീകാരമുദ്ര നൽകൽ. ശ്രദ്ധേയമായ ഡയറികൾ വായനപാഠമാക്കൽ
വായനക്കൂടാരത്തിലെ പുസ്തകവായന 15 മിനുട്ട്
- വായനച്ചാർട്ടിൽ രേഖപ്പെടുത്തലുകൾ നടത്തുന്നു
- കഥാവേളയിൽ ഇതുവരെ കഥ അവതരിപ്പിക്കാത്തവർക്ക് അവസരം
- കഥാവേള പങ്കാളിത്ത ചാർട്ടിൽ അവരുടെ പേര് ചേർക്കുന്നു
- പാഠത്തിന്റെ തീമുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കഥാവേളയിൽ നൽകുന്നു
- അസംബ്ലിയിൽ ആ പുസ്തകം അവതരിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു
|
പ്രവർത്തനം :കൂട്ടിൽ കയറാൻ കളി - (കായിക വിദ്യാഭ്യാസം)
പഠന ലക്ഷ്യങ്ങൾ:
വ്യത്യസ്തങ്ങളായ കളികളിൽ ഏർപ്പെടുന്നതിലൂടെ ശാരീരികശേഷികൾ വികസിക്കുന്നതിന്.
സമയം : 20 മിനിറ്റ്
പ്രക്രിയാ വിശദാംശങ്ങൾ
രണ്ട് കുട്ടികൾ മുഖാമുഖം ഇരു കൈകൾ ചേർത്ത് പിടിച്ച് കണ്ണുകളടച്ച് നിൽക്കുന്നു. ഇതൊരു കൂടായി കുട്ടികൾ സങ്കല്പിക്കുന്നു.
ക്ലാസിലെ മറ്റു കുട്ടികൾ വരിവരിയായി വരുന്നു. കണ്ണടച്ച് നില്‍ക്കുന്നവര്‍ കൈകൾ ചേർത്ത് കൂട് അടയ്ക്കുമ്പോൾ കൂട്ടിൽ കുടുങ്ങിയ കുട്ടി (കുട്ടിൽ കയറിയ കുട്ടിയായി കരുതി) കളിയിൽ നിന്ന് പുറത്താകുന്നു. കളി തുടരുന്നു. കൂട്ടിൽ അകപ്പെടാതെ അവസാനമെത്തുന്ന കുട്ടിയെ വിജയി ആയി പ്രഖ്യാപിക്കുന്നു. കൈകൾ കൂട്ടിപ്പിടിച്ച് നിൽക്കുന്ന കുട്ടികൾക്കും കളിക്കാൻ അവസരം നൽകണം. പുറത്തായ രണ്ട് പേർ അപ്പോൾ കൂടായി മാറുന്നു.
ഉല്പന്നം: വീഡിയോ
വിലയിരുത്തൽ:
എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ ഈ കളിക്ക് സാധിച്ചിട്ടുണ്ടോ ?
കളിയിൽ പങ്കെടുക്കാതെ വിട്ടു നിന്ന ഏതെങ്കിലും കുട്ടികളുണ്ടോ ഉണ്ടെങ്കിൽ അവരെ എങ്ങനെ പരിഗണിക്കും?
കുട്ടികളുടെ ശാരീരികക്ഷമതാ വികാസത്തിന് പര്യാപ്തമായിരുന്നോ കളി ?
പിരീഡ് രണ്ട് |
പ്രവർത്തനം: എത്രയെത്ര ജീവികൾ : പരിസരപഠനം, ഭാഷ
പഠനലക്ഷ്യങ്ങൾ:
ചുറ്റുപാടും ഉള്ള ജീവികളുടെ വാസസ്ഥലങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നു. ചിത്രങ്ങൾ വീഡിയോകൾ എന്നിവ കണ്ടും നിരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ വാചികമായി അവതരിപ്പിക്കുന്നു.
സമയം: 30 മിനിറ്റ്
സാമഗ്രികൾ: മരത്തിൽ വസിക്കുന്ന ജീവികളുടെയും പക്ഷികകളുടെയും ചിത്രങ്ങൾ.
പ്രക്രിയാ വിശദാംശങ്ങൾ
ക്ലാസിൽ നേരത്തെ ഒരുക്കിയ പേപ്പർ മരത്തിൽ ആരൊക്കെയാകും താമസക്കാർ ? കുട്ടികളുടെ പ്രതികരണങ്ങൾ.
നമുക്ക് ചുറ്റുമുള്ള മരങ്ങൾ നിരീക്ഷിച്ചാലോ ? ഗ്രൂപ്പുകളാക്കുന്നു. ഓരോ ഗ്രൂപ്പും സ്കൂളും പരിസരവും നിരീക്ഷിച്ച് കൂടുതൽ ജീവികളെയും അവരുടെ വാസസ്ഥലവും കണ്ടെത്തി വരാൻ പറയുന്നു.
ഓരോ ഗ്രൂപ്പും കണ്ടെത്തിയ കാര്യങ്ങൾ പറഞ്ഞവതരിപ്പിക്കുന്നു.
ഗ്രൂപ്പുകൾ പേര് പറയുമ്പോൾ ടീച്ചർ അവർക്ക് അതിൻ്റെ ചിത്രങ്ങൾ നൽകുന്നു.
എല്ലാ ഗ്രൂപ്പുകളും അവതരിപ്പിച്ച് കഴിഞ്ഞാൽ ഗ്രൂപ്പുകൾ അവർക്ക് കിട്ടിയ ചിത്രങ്ങൾ ക്ലാസ്സിൽ ഒരുക്കിയ മരത്തിൽ ഒട്ടിച്ചു വെക്കണം.
ഓരോ കുട്ടിയും മരം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മരത്തിലെ ജീവികളുടെ പേരുകൾ തരംതിരിച്ച് പറയുന്നു.
സംയുക്തയെഴുത്ത്
കൂടുതല്‍ പിന്തുണ വേണ്ടവരെ വിളിക്കുന്നു. ഉദാഹരണം
ഈ സ്വരത്തിന്റെ ചിഹ്നത്തില്‍ വ്യക്തത വേണ്ടവരാണ് ചീവീട് എന്ന് എഴുതാന്‍ വരേണ്ടത്. അവര്‍ സഹായത്തോടെ ബോര്‍ഡില്‍ എഴുതണം.
ഏ സ്പരചിഹ്നം- തേനീച്ച
ഉ സ്വരചിഹ്നം - പുഴു
ടീച്ചർ അത് ചാർട്ടിൽ രേഖപ്പെടുത്തുന്നു. കുട്ടികളുടെ പങ്കാളിത്തത്തോടെ ചിത്രവും ഒട്ടിക്കാം. വാക്ക് വായിച്ച് ചിത്രം ഒട്ടിക്കണം. ( വായനപ്രവര്‍ത്തനം കൂടിയാക്കി മാറ്റുന്നു)
പറക്കുന്നവ |
പറക്കാത്തവ |
||
പേര് |
ചിത്രം |
പേര് |
ചിത്രം |
ചീവീട് |
|
ചിതൽ |
|
തേനീച്ച |
|
പുഴു |
|
വണ്ട് |
|
അട്ട |
|
കാക്ക |
|
തേൾ |
|
|
|
ചിലന്തി |
|
|
|
നീറ് |
|
|
|
|
|
|
|
|
|
|
|
|
|
അണ്ണാൻ, ഉറുമ്പ്, വവ്വാൽ തുടങ്ങിയ പേരുകൾ കുട്ടികൾക്ക് പറയാം ടീച്ചർ അത് പട്ടികയിൽ എഴുതണം. വ്വ, ണ്ണ, ഉ എന്നീ അക്ഷരങ്ങൾ അവർ ഇതിനോടകം പഠിച്ചിട്ടില്ല. എങ്കിലും പേരിന് നേരെ ചിത്രം ഒട്ടിക്കുന്നതിനാൽ ഗ്രാഫിക് വായന നടക്കും.
പട്ടിക അപഗ്രഥനവും നിഗമന രൂപീകരണവും
ഈ പട്ടികയിൽ നിന്ന് എന്തെല്ലാം കാര്യങ്ങൾ മനസ്സിലായി? കുട്ടികളുടെ പ്രതികരണങ്ങൾ. വിശകലന ചോദ്യങ്ങൾ ആവശ്യമെങ്കിൽ ചോദിക്കണം. കുട്ടികളുടെ ചിന്തയ്കാണ് പരിഗണന നൽകേണ്ടത്.
മരത്തിൽ ചെറുതും വലുതുമായ ഒത്തിരി ജീവികളുണ്ട്.
വിശകലന ചോദ്യം: എന്തിനായിരിക്കും അവ മരത്തിൽ വരുന്നത്?
ആഹാരം തിന്നാനായി വരുന്നവരുണ്ട്
വിശകലന ചോദ്യം: എന്താഹാരമാണ് മരത്തിലുള്ളത്?
ഇല പഴം എന്നിവ തിന്നാനാണ് ചിലർ വരുന്നത്
ചില ജീവികൾ മരത്തിലെ ചെറു ജീവികളെ തിന്നാനാണ് വരുന്നത്.
വിശകലന ചോദ്യം: ആഹാരത്തിന് മാത്രമാണോ മരത്തിൽ എത്തുന്നത്?
കൂട് കൂട്ടാനും
……………..
വിശകലന ചോദ്യം: എന്തിനാണ് മരത്തിൽ കൂടുകൂട്ടുന്നത്? തറയിൽ കൂട് വെച്ചാൽ പോരെ?
...................................................................
വിലയിരുത്തൽ
ചിത്രത്തിൽ നിന്ന് ഏതെല്ലാം ജീവികളുടെ പേരുകൾ കണ്ടെത്താൻ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
സ്കൂളും പരിസരവും നിരീക്ഷിച്ചതിലൂടെ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ കുട്ടികൾക്ക് കഴിഞ്ഞോ ?
നിരീക്ഷിച്ച കാര്യങ്ങൾ പറഞ്ഞ് അവതരിപ്പിക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ടോ?
ഈ പ്രവർത്തനത്തിലൂടെ എത്ര കിളികളുടെയും മറ്റു ജീവികളുടെയും പേരുകൾ കണ്ടെത്തി പറയാൻ കുട്ടികൾക്ക് സാധിച്ചു?
പിരീഡ് മൂന്ന്. |
പ്രവർത്തനം : അമ്മക്കിളിയെ ഉണ്ടാക്കാം( ഒറിഗാമി - നിർമ്മാണാനുഭവം )
പഠന ലക്ഷ്യങ്ങൾ:
നിർദ്ദേശങ്ങൾക്കനുസരിച്ച് സൂഷ്മപേശീ വികാസത്തിന് അനുയോജ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
സമയം: 30 മിനിറ്റ്
സാമഗ്രികൾ : 5 സെൻറീമീറ്റർ വശമുള്ള സമചതുര കടലാസ്, ക്രയോൺ, സ്കെച്ച് പേന, പശ.
പ്രക്രിയാ വിശദാംശങ്ങൾ
ഇതാ ഈ മരം കണ്ടോ? ( ക്ലാസില്‍ ഒരുക്കിയ മരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.) ഈ മരത്തില്‍ ഒരു അമ്മക്കിളിയുണ്ട്. ആരെങ്കിലും കണ്ടോ? എന്നാല്‍ നമ്മള്‍ക്ക് അമ്മക്കിളിയെ ഉണ്ടാക്കാം
പേപ്പർ കൊണ്ടുള്ള കിളി ടീച്ചർക്ക് അറിയാവുന്ന ലളിതമായ രീതി പരിചയപ്പെടുത്താം.
കുട്ടികൾക്ക് ടീച്ചറോടൊപ്പം മടക്കാൻ കഴിയുന്ന രീതിയേ പരിചയപ്പെടുത്താവൂ. *കിളിയെ ഉണ്ടാക്കാൻ അറിയാത്തവർ ചുവടെയുള്ള രീതി പ്രയോജനപ്പെടുത്താം.
ഓരോ കുട്ടിക്കും ഒരു വശം 5 cm ഉള്ള സമചതുര കടലാസ് നൽകുന്നു.
നിർദേശങ്ങള്‍ നൽകുമ്പോൾ ഓരോ ഘട്ടവും ചെയ്തു കാണിക്കണം.
- കോണോട് കോണ്‍ മടക്കുക.
- പേപ്പർ നിവർത്തുക.
- മറ്റു രണ്ടു കോണുകളിലും കോണോടു കോണ്‍ മടക്കുക
ത്രികോണാകൃതിയിലാണ് ഇപ്പോള്‍ കിട്ടുക. അതിന്റെ പാദം അടിയില്‍ വരത്തക്കവിധം വയ്കുക
നമ്മൾക്ക് അഭിമുഖമായ തുമ്പ് താഴേക്ക് മടക്കുക. പാദഭാഗത്തിനും അല്പം താഴെവരെ പോകുവിധം വേണം മടക്കാന്‍.
എന്നിട്ട് പാദത്തിന്റെ ഇരുഭാഗത്തുനിന്നും മധ്യത്തിലേക്ക് മടക്കുക
ഇപ്പോള്‍ ഒരു ത്രികോണവും മട്ടക്കോണിന്റെ ഭാഗത്തു നിന്നും പുറത്തേക്ക് അല്പം തള്ളി നിൽക്കുന്ന തല ഭാഗവും കിട്ടും
- തല ഭാഗം അല്പം ഉള്ളിലേക്ക് മടക്കി ചുണ്ട് ഉണ്ടാക്കുക
- കിളിക്ക് കണ്ണ് വരയ്കുക
- താഴേക്കുള്ള രണ്ടു ഭാഗങ്ങൾ ചരിച്ചുമുകളിലേക്ക് മടക്കി ചിറകുകളാക്കുക
കിളിക്ക് നിറം നൽകാം. അമ്മക്കിളിയെ മരത്തിൽ വെക്കാം.
പ്രതീക്ഷിത ഉല്പന്നം: ഒറിഗാമിക്കിളി. അടുത്ത ദിവസം ഈ കിളിയെ ആവശ്യമുണ്ട്. സൂക്ഷിച്ച് വെക്കണം.
വിലയിരുത്തൽ
- ടീച്ചറുടെ നിർദ്ദേശപ്രകാരം എല്ലാവർക്കും നിർമ്മാണ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയുന്നുണ്ടോ?
- സൂക്ഷമ പേശീ നിയന്ത്രണം എല്ലാ കുട്ടികളും നേടിയിട്ടുണ്ടോ?
- അനുയോജ്യമായ രീതിയിൽ മടക്കാനും ഒട്ടിക്കാനും എത്രപേർക്ക് കഴിഞ്ഞു?
- പ്രയാസം അനുഭവിക്കുന്നവർക്ക് എന്ത് പിന്തുണ നൽകാൻ കഴിയും?
No comments:
Post a Comment